Tuesday, January 15, 2013

മനസ്സിന്റെ കുടമാറ്റങ്ങള്‍

ഒന്നാം ലോക മഹായുദ്ധത്തിനുശേഷം 1915നും 1926നും ഇടയില്‍ യൂറോപ്പില്‍ എങ്ങും പടര്‍ന്ന ഒരു മാരകമായ പകര്‍ച്ചവ്യാധിയായിരുന്നു എന്‍സെഫലൈറ്റിസ് ലെതാര്‍ജികാ. രോഗബാധിതരില്‍ മൂന്നില്‍ ഒന്നു പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ബാക്കിയുള്ളവര്‍ മൃതതുല്യരായി ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് പാര്‍ക്കിന്‍സന്‍സ് രോഗലക്ഷണങ്ങളുമായി സുഷുപ്തിയിലാണ്ടു. ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ യൗവനത്തിലെത്തിയ ഫാക്ടറി തൊഴിലാളിയായ നായിക ഓഡ്രി, സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെയും സ്വതന്ത്രരതിയുടെയും വക്താവായി തിളങ്ങിനില്‍ക്കുമ്പോഴാണ് രോഗാതുരയായി മാറുന്നത്.

1922ല്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ അങ്ങനെ സമയത്തിനതീതമായി അഥവാ കാലം കളങ്കപ്പെടുത്താത്ത മനസ്സുമായി നിശബ്ദം ഉറങ്ങുന്നു. 1971ല്‍ സാക് ബസ്നര്‍ എന്ന ചെറുപ്പക്കാരന്‍ ഡോക്ടറുടെ മരുന്നില്‍ ഇവര്‍ അര നൂറ്റാണ്ടിന്റെ ഉറക്കം വെടിഞ്ഞ് എഴുന്നേല്‍ക്കുന്നു. എന്നാല്‍, 2010 ല്‍ ഈ ഡോക്ടറുടെ ഓര്‍മകളില്‍ തെളിയുന്ന ഓഡ്രിയുടെ ഗതകാലസ്മരണകളുടെ തടവറയില്‍നിന്നുമുള്ള നാടകീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ് കഥ തുടങ്ങുന്നത്. അങ്ങനെ പലരുടെ മനസ്സുകളിലൂടെമാത്രമുള്ള ഒരു നൂറ്റാണ്ടിന്റെ സഞ്ചാരപഥമാണ് ബ്രിട്ടീഷ് എഴുത്തുകാരനായ വില്‍ സെല്‍ഫിന്റെ അംബ്രെല എ നോവല്‍. ആധുനികതയുടെ ബൈബിള്‍ എന്ന് ഉദ്ഘോഷിക്കുന്ന ജെയിംസ് ജോയിസിന്റെ യുലീസിസ് എന്ന നോവലിനെ ഭാഷയിലും ശൈലിയിലും ആദ്യാവസാനംവരെ ഓര്‍മിപ്പിക്കുന്നു അംബ്രെല. നോവല്‍ തുടങ്ങുന്നതു തന്നെ എളുപ്പത്തില്‍ മറന്നുപോയേക്കാവുന്ന കുടപോലെയാണ് ഒരു സഹോദരന്‍ എന്ന യുലീസിസില്‍ നിന്ന് കടമെടുത്ത ഒരു വരിയിലാണ്. അടുക്കും ചിട്ടയും ഇല്ലാത്ത ആഖ്യാനവും ബോധധാരാസങ്കേതവും മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണമായ പാതകളില്‍ക്കൂടിയുള്ള യാത്രകളും ഈ നോവലിനെ എളുപ്പവായനയ്ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്ത ഒന്നാക്കി മാറ്റുന്നു.

മനുഷ്യന്റെ മാനസികാരോഗ്യത്തിനു വേണ്ടി എന്ന് കരുതി ശാരീരിക ക്രൂരതകളില്‍നിന്ന് മരുന്നുകളുടെ പീഡനത്തിലേക്ക് വഴുതിവീണ ആധുനിക നാഗരികതയുടെ രക്തസാക്ഷിയായി മാറുന്നു ഓഡ്രി. ആധുനികതയെ കൊണ്ടാടുമ്പോള്‍പോലും ഓരോ പുതിയ ശാസ്ത്ര സാങ്കേതിക ആവിഷ്കാരങ്ങളും മനുഷ്യന്റെ മനസ്സിനും ശരീരത്തിനും പുതിയ തടവറകള്‍ സൃഷ്ടിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു. ആധുനിക യുദ്ധങ്ങളിലെ ആയുധങ്ങളുടെ രതിവല്‍ക്കരണവും നോവലില്‍ പ്രമേയമാവുന്നു. മേഘങ്ങള്‍ അലുക്കിട്ട മുത്തുക്കുടപോലെയാണ് പകലെങ്കില്‍ രാത്രി നക്ഷത്രത്തുളകള്‍ വീണ കാലന്‍കുടയാണ് എന്ന് വായിക്കുമ്പോള്‍ കവിതാത്മകമായ ഒരു ചിന്ത എന്ന് തോന്നിയേക്കാം. എന്നാല്‍, ഒരു കഥാപാത്രത്തിന്റെ മനസ്സിലെ യുദ്ധത്തിന്റെ ഓര്‍മകളാണിത്. ലണ്ടന്‍ എന്ന മഹാനഗരത്തില്‍ കാലപ്രവാഹവും യുദ്ധവും പുത്തന്‍ മുതലാളിത്ത വ്യവസ്ഥകളും കോറിയിട്ട മാറ്റങ്ങള്‍ ഒന്നും അറിയാതെ സ്വന്തം മനസ്സിന്റെ കരിങ്കല്‍ത്തുറുങ്കുകളില്‍ അടയ്ക്കപ്പെട്ട്, അവയുടെ അടഞ്ഞ വാതിലുകളുടെ താക്കോല്‍ നഷ്ടമായ ഒരു സ്ത്രീയുടെ കഥയാണിത്.

ഭാഷയിലും, പ്രമേയത്തിലും, ശൈലിയിലും സെല്‍ഫ് അനുകരിക്കുന്നത് 1920 കളില്‍ മുതല്‍ ഇംഗ്ലീഷ് നോവല്‍ ചരിത്രത്തില്‍ നിലനിന്നിരുന്ന ആധുനികതയാണ്. അല്‍പ്പം പഴഞ്ചന്‍ എന്ന് തോന്നാവുന്ന ഒരു ശൈലിയാണിതെങ്കിലും രസകരമായ പല മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും താളാത്മകമായ ഒരു ഗദ്യവും നമുക്കീ പുസ്തകത്തില്‍ കാണാം. രൂപകങ്ങളും ഭാവുകത്വവുംകൊണ്ട് ഊടും പാവും നെയ്യുന്ന രീതിയും ആധുനിക സംസ്കാരത്തെ വിമര്‍ശനാത്മകമായി ആക്ഷേപഹാസ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനവും ഈ നോവലിന്റെ സവിശേഷതകളാണ്. 2012 ലെ ബുക്കര്‍ സമ്മാനത്തിനായി അവസാനംവരെ ഇഞ്ചോടിഞ്ച് പോരാടിയ ഈ നോവലിന്റെ പ്രസാധകര്‍ ബ്ലൂംസ്ബെറിയാണ്.

ഡോ. മീന ടി പിള്ള

ലോപയ്ക്ക്...

2001 ല്‍ പ്രശസ്ത കവയിത്രി വിജയലക്ഷ്മി "ലോപയ്ക്ക്" എന്ന പേരില്‍ ഒരു കവിത എഴുതി. ലോപയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ കാലമായിരുന്നു അത്. പ്രമുഖ ആനുകാലികത്തില്‍ വന്ന ഈ കവിത ഒരു തുടക്കക്കാരിക്ക് അപൂര്‍വമായൊരു പുരസ്കാരമായിരുന്നു. "ജീവിച്ചിരിക്കുന്നുവെന്ന് എന്നെത്തന്നെ ഓര്‍മിപ്പിക്കാനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്". ആദ്യകവിതാസമാഹാരമായ "പരസ്പര"ത്തിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവഎഴുത്തുകാര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹയായ ആര്‍ ലോപയുടെ വാക്കുകള്‍ക്ക് കടലിരമ്പങ്ങളുടെ തീക്ഷ്ണതയും ഒറ്റമരത്തണലുകളുടെ കുളിര്‍മയുമുണ്ട്. "ഇരന്നുവാങ്ങിയ കവചകുണ്ഡല പ്പെരുമയാണിന്നിന്‍ കവിതയെന്ന്" ലോപ വായനക്കാരനെ ഓര്‍മിപ്പിക്കുന്നു.

പലരും പറയാറുണ്ട് ഞാന്‍ പഴയ മട്ടില്‍ കവിതയെഴുതുന്ന ഒരാളാണെന്ന്. വൃത്തവും താളവും നോക്കി ഒരു സ്കൂളിന്റെ പിന്തുടര്‍ച്ചാവകാശിയായി മാറുന്നുവെന്നും. പക്ഷേ, എനിക്കതില്‍ നിരാശയില്ല. വായിക്കാനിഷ്ടം വൃത്തബന്ധിതമായ കവിതകളാണ്. മനസ്സ് ശാന്തിയുടെ തീരങ്ങളിലേക്ക് ചേര്‍ന്നൊഴുകുന്നതും അത്തരം കവിതകള്‍ വായിക്കുമ്പോഴാണ്. ആധുനികതയെ കൈയെത്തിപ്പിടിക്കാന്‍ എനിക്കെന്റെ കാലുകളെ മുറിച്ചുമാറ്റാനാവില്ല" കഴിഞ്ഞ തലമുറയിലെ ശ്രദ്ധേയനായ കാഥികന്‍ ആര്‍ കെ കൊട്ടാരം ലോപയുടെ മുത്തച്ഛനാണ്. "മുത്തച്ഛന്‍ കഥാപ്രസംഗവേദിയില്‍ ആലപിച്ചുപോന്ന ഈണങ്ങളും ഈരടികളുമാണ് കവിതയിലേക്ക് എന്നെ നടന്നെത്തിച്ചത്." "ആദ്യമൊക്കെ എഴുതുന്നത് കവിതകളാണെന്ന് എനിക്കുതന്നെ തിരിച്ചറിയാനായിരുന്നില്ല. പിന്നീട് ഒരു ആനുകാലികം യുവഎഴുത്തുകാര്‍ക്കായി നടത്തിയ കവിതാമത്സരത്തില്‍ "മനസ്" എന്ന കവിതയ്ക്ക് ഒന്നാംസ്ഥാനം ലഭിക്കുകയും വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് എഴുത്തിന്റെ കൈവഴികളിലേക്കുള്ള പുതിയ സഞ്ചാരം ആരംഭിച്ചത്." പിന്നീടങ്ങോട്ട് എഴുതുകയും എഴുതാതിരിക്കുകയും ചെയ്യുന്നതിന്റെ ഇടവേളകളില്‍ ലോപയിലെ കവി ഉണര്‍ന്നും ഉറങ്ങാതെയുമിരുന്നു. സത്യവും സൗന്ദര്യവും ഏകതാളത്തില്‍ ത്രസിക്കുമ്പോള്‍ നല്ല രചനകള്‍ പിറവിയെടുക്കുന്നു. അതാണ് ലോപയുടെ പ്രണയപര്‍വമെന്ന കവിതയില്‍ കണ്ടെത്താനാകുന്നതും.

"ഇനിയെന്റെ വിറപൂണ്ട വിരലില്‍
പിടിച്ചു നീ ജന്മാന്തരങ്ങള്‍
തന്‍ വഴികള്‍ താണ്ടീടുക"

(പ്രണയപര്‍വം) "എന്തിനോടെങ്കിലുമൊക്കെയോ പ്രണയം തോന്നുന്നത് സ്വാഭാവികം. പ്രണയം വറ്റിപ്പോകുമ്പോള്‍ അയാള്‍ മരിച്ചു എന്നര്‍ഥം. അതാണ് "പ്രണയപര്‍വം". "എഴുതാതിരിക്കാന്‍ എനിക്കാവില്ല, കവിതയല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെയും. പണ്ട് ഡയറി എഴുതിയപോലെ. അല്ലെങ്കില്‍ സ്റ്റെഫി ഗ്രാഫിന്റെ ചിത്രങ്ങള്‍ ഡയറിത്താളില്‍ ഒട്ടിച്ചുവയ്ക്കുന്ന, പി ടി ഉഷയുടെ ആത്മകഥയായ ശരവേഗത്തിന്റെ സുവര്‍ണപഥങ്ങള്‍ ഫയല്‍ചെയ്ത് സൂക്ഷിച്ച... മനോഹരമായ ആ കുട്ടിക്കാലത്തെ രസികന്‍ ഭ്രാന്തുകളില്‍ ഏതെങ്കിലും തുടരുമായിരിക്കാം." ഉദ്യോഗസ്ഥ... കുടുംബിനി... എഴുത്തുകാരി... ഇതിന്റെ സമതുലനമാണ് "ഉദ്യോഗസ്ഥ" എന്ന കവിതയില്‍ ദൃശ്യമാകുന്നത്. "നിന്നുകൊണ്ട് കഴിച്ചെന്നു വരുത്തുന്ന കല ശീലിച്ചെടുക്കുന്നോള്‍..." "അത് ഞാന്‍ എന്നെക്കുറിച്ചെഴുതിയതാണ്. ജോലി, കുടുംബം. ഈ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് എന്റെ എഴുത്തിനോടാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് എഴുതാന്‍ ഇരിക്കുമ്പോഴേക്കും രാത്രി ഏറെ വൈകും. 24 മണിക്കൂര്‍ പോരെന്ന കണ്ടെത്തലില്‍ അപ്പോഴേക്കും ആ ദിവസവും കഴിയുന്നു. ഇത് എല്ലാ എഴുത്തുകാരികളുടെയും പ്രശ്നമാണ്. ഇവിടെയാണ് പുരുഷന്‍ തികച്ചും വ്യത്യസ്തനാകുന്നത്. ജീവിതത്തിലായാലും സമൂഹത്തിലായാലും സ്നേഹത്തിന്റെ ആവരണം നല്‍കി സ്ത്രീകള്‍ എല്ലാത്തിനോടും സമരസപ്പെടാന്‍ ശ്രമിക്കുന്നു. അപ്പോഴും തന്റെ ചിട്ടവട്ടങ്ങളില്‍നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നില്ല. എഴുത്തുകാരി സ്വന്തം മുറി കണ്ടെത്തേണ്ടതും ഈ ചിന്തകളില്‍നിന്നാണ്."

ഹരിപ്പാട് സ്വദേശിയായ ലോപ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഭര്‍ത്താവ് മനോജ്, മകന്‍: ഹരിശങ്കര്‍. കുഞ്ചുപിള്ള അവാര്‍ഡ്, വി ടി കുമാരന്‍മാസ്റ്റര്‍ പുരസ്കാരം, തുടങ്ങിയവയും ലോപയ്ക്ക് ലഭിച്ചിട്ടുണ്ട്.

ജിഷ

കെ ജി ജോര്‍ജ്: ഒരു ഫ്ളാഷ് ബാക്ക്

"ഫ് ളാഷ് ബാക്ക്... എന്റെയും സിനിമയുടെയും" എന്ന കെ ജി ജോര്‍ജിന്റെ ഓര്‍മപ്പുസ്തകത്തിന് ഒരുപാട് അപൂര്‍വതകളുണ്ട്. അഭ്രപാളികളില്‍ കോറിയിട്ട വര്‍ണചിത്രങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. മലയാളസിനിമയുടെ വികാസത്തോടൊപ്പം നടന്ന കെ ജി ജോര്‍ജ് പോയ കാലം ഓര്‍ത്തെടുക്കുന്നത് മലയാളിക്ക് മറ്റൊരു സ്വപ്നാടനമാകും. കൗതുകവും അത്ഭുതവും വിവര്‍ത്തനംചെയ്യുന്ന അവധൂതസഞ്ചാരം. എഴുപതിലാരംഭിച്ച നവപ്രവണതയുടെ പിന്നരങ്ങുകളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ പുസ്തകം.

1976 ലെ ആദ്യസിനിമയായ സ്വപ്നാടനം മുതല്‍ ഇലവങ്കോട് ദേശം വരെയുള്ള സിനിമകളുടെ പിറവിക്കുപിന്നിലെ അനുഭവങ്ങള്‍. താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള ബന്ധം. സിനിമ തനിക്ക് സമ്മാനിച്ച ജീവിതം ഒക്കെ ജോര്‍ജ് ഈ പുസ്തകത്തില്‍ വിലയിരുത്തുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ കണ്ട ആദ്യസിനിമ മുതല്‍ സിനിമയെന്ന കലാരൂപത്തിന്റെ ഭ്രമാത്മക സൗന്ദര്യത്തില്‍ ആകൃഷ്ടനായതും ചലച്ചിത്രങ്ങളില്‍ നടത്തിയ പുതുപരീക്ഷണങ്ങളുമെല്ലാം ജോര്‍ജ് ഓര്‍മിച്ചെടുക്കുന്നു. മമ്മൂട്ടിയെപ്പോലുള്ള മഹാനടന്മാരുടെ പിറവിക്കും വളര്‍ച്ചയ്ക്കും പിന്നില്‍ ജോര്‍ജെന്ന സംവിധായകന്റെ കരസ്പര്‍ശമുണ്ട്. സിനിമാപ്രവര്‍ത്തകരുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്. സാധാരണക്കാരനായ തിരുവല്ലക്കാരന്‍ മലയാളസിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ സംവിധായകനായത് വരികള്‍ക്കിടയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ഗുരുവായ രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തിലൂടെയാണ് ജോര്‍ജ് ആദ്യചുവട് വയ്ക്കുന്നത്. സ്വപ്നാടനം കലാപരമായ മികവു നിലനിര്‍ത്തിയെന്നു മാത്രമല്ല സാമ്പത്തികവിജയവും നേടി. ദാമ്പത്യമായിരുന്നു പ്രമേയം. എന്നാല്‍, വയലന്‍സിന് പ്രാധാന്യം കൊടുത്തുവെന്ന വിമര്‍ശം ജോര്‍ജിനു കേള്‍ക്കേണ്ടിവന്നു. അതിനുള്ള വിശദീകരണവും പുസ്തകത്തില്‍ അദ്ദേഹം നല്‍കുന്നു. സ്വപ്നത്തിനും ജാഗ്രത്തിനുമിടയിലുള്ള നിതാന്തസഞ്ചാരമായിരുന്നു ആ സിനിമ.

പ്രമേയത്തിലും ആവിഷ്കാരത്തിലുമുള്ള പുതുമകള്‍ പിന്നീട് പല ചിത്രങ്ങള്‍ക്കും പ്രേരണയായി. രാപ്പാടികളുടെ ഗാഥ, യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ഇലവങ്കോടുദേശം തുടങ്ങി തന്റെ ചിത്രങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന് ഈ പുസ്തകം. സ്വപ്നാടനം എന്ന ആദ്യചിത്രത്തിന്റെ സ്വീകാര്യത തന്നെ അല്‍പ്പം അഹങ്കാരിയാക്കിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം നേരിട്ടുപറയാതെ പറയുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ പ്രത്യേകിച്ച് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കും മറ്റും പിറവിയെടുത്ത സാഹചര്യവും വ്യക്തമാക്കുന്നു. അസുഖബാധിതനായി വിശ്രമിക്കുന്ന സമയത്താണ് പുസ്തകം എഴുതിയ ദേശാഭിമാനി കൊച്ചി യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം എസ് അശോകന്‍ കെ ജി ജോര്‍ജിനെ സമീപിക്കുന്നത്. മലയാള സിനിമയെ പുതുഭാവുകത്വത്തിലേക്ക് നയിച്ച ചലച്ചിത്രകാരന്റെ ഓര്‍മകള്‍ ആസ്വാദ്യമാംവിധം വായനക്കാര്‍ക്ക് പകരാന്‍ അശോകന് കഴിഞ്ഞു.

ജിജോ ജോര്‍ജ്

"ആശാന്റെ സീതാകാവ്യം" സ്ത്രീപക്ഷ വിമര്‍ശത്തിന്റെ ആദ്യപാഠം

മലയാള സാഹിത്യവിമര്‍ശന ശാഖയില്‍ സത്രീപക്ഷവിമര്‍ശനം അതിശക്തമായി അവതരിപ്പിച്ചു എന്നതാണ് സുകുമാര്‍ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യം എന്ന വിമര്‍ശനഗ്രന്ഥത്തിന്റെ പ്രസക്തി. ഇപ്പോള്‍ ഈ പുസ്തകം വീണ്ടും വായിക്കുന്നതില്‍ രണ്ടര്‍ഥത്തില്‍ സാംഗത്യമുണ്ട്. ഒന്ന് അഴീക്കോടിന്റെ ധൈഷണിക ജീവിതത്തിന്റെ അഭാവം സാംസ്കാരിക ലോകത്തിന് നഷ്ടമാണെന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ നാം കൂടുതല്‍ മനസ്സിലാക്കുന്ന സന്ദര്‍ഭം. രണ്ട്, ഡല്‍ഹിയിലും രാജ്യത്തിന്റെ പലയിടങ്ങളിലും സ്ത്രീകള്‍ക്കെതിരെ ആണധികാരത്തിന്റെ പ്രയോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സവിശേഷസാഹചര്യം. എം എയ്ക്ക് പഠിക്കുമ്പോള്‍ മനസ്സിരുത്തി വായിച്ചുപഠിച്ച ഈ പുസ്തകം ഇപ്പോള്‍ വീണ്ടും വായിക്കുമ്പോള്‍ ഈ കാലയളവില്‍ വിമര്‍ശന സാഹിത്യത്തിലുണ്ടായ മാറ്റങ്ങള്‍കൂടി ഒരു വായനക്കാരനെന്ന നിലയില്‍ അനുഭവവേദ്യമാവുന്നുണ്ട്.

മലയാളത്തില്‍ സ്ത്രീപക്ഷ നിരൂപണത്തിന്റെ തുടക്കമിട്ട അഴീക്കോടിന്റെ ഈ വിമര്‍ശന ഗ്രന്ഥത്തിന് മുമ്പ് സ്ത്രീപക്ഷ ചിന്താധാരയുടെ സാന്നിധ്യം ഇത്രയും ശക്തമായി ഒരു വിമര്‍ശന ഗ്രന്ഥത്തിലും കണ്ടിട്ടില്ല. കുട്ടിക്കൃഷ്ണ മാരാരുടെ രചനകളില്‍ അങ്ങിങ്ങ് അത് തല പൊക്കുന്നതൊഴിച്ചാല്‍. 1919ലാണ് കുമാരനാശാന്‍ ചിന്താവിഷ്ടയായ സീത എഴുതുന്നത്. ഈ ഖണ്ഡകാവ്യത്തെ അധികരിച്ചുള്ള ആശാന്റെ സീതാകാവ്യം അഴീക്കോട് പൂര്‍ത്തിയാക്കുന്നത് 1954ല്‍. ഒമ്പതുവര്‍ഷം കൊണ്ടാണ് അഴീക്കോട് ഈ പുസ്തകം പൂര്‍ത്തിയാക്കിയത്. ലോകസാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചു വരുന്ന കാലമായിരുന്നു 1950കളുടെ മധ്യവര്‍ഷങ്ങളെങ്കിലും മലയാള സാഹിത്യത്തില്‍ ഈ ധാര അതുവരെ സാന്നിധ്യമറിയിച്ചിരുന്നില്ല.

സിമോണ്‍ ദ ബുവ്വെയുടെയും മറ്റും ഫെമിനിസ്റ്റ് ചിന്താപദ്ധതികള്‍ ഇവിടെ സജീവമായി തുടങ്ങിയിട്ടേയുള്ളൂ അക്കാലത്ത്. ഫെമിനിസത്തെ സൈദ്ധാന്തികവല്‍ക്കരിക്കുന്ന പഠനങ്ങളൊന്നും അക്കാലത്ത് ഇറങ്ങിയിരുന്നുമില്ല. ഈ പുസ്തകമെഴുതുമ്പോള്‍ അഴീക്കോടിന് പ്രായം ഇരുപത്തെട്ടു വയസ്സുമാത്രം. ആ ചെറുപ്രായത്തില്‍ തന്നെ കുട്ടിക്കൃഷ്ണ മാരാര്‍ക്കൊപ്പം നില്‍ക്കുന്ന യുക്തിവിചാരകൗശലമാണ് അഴീക്കോട് പ്രയോഗിച്ചത്. ആശാന്റെ സ്ത്രീപക്ഷ വീക്ഷണത്തെ വിമര്‍ശനബോധം കൊണ്ടും യുക്തിഭദ്രമായ ചിന്താപദ്ധതികള്‍കൊണ്ടും ഉറപ്പിച്ചുനിര്‍ത്തുകയാണ് ഈ പുസ്തകത്തിലൂടെ അഴീക്കോട് ചെയ്യുന്നത്. ഒരു കൃതി വിലയിരുത്തുമ്പോള്‍ വായനക്കാരന്‍ സ്ത്രീപക്ഷത്ത് എങ്ങനെ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞുതരുന്നു. ആശാന്‍ ചിന്താവിഷ്ടയായ സീത തുടങ്ങുന്നത് സീതയുടെ ഇരിപ്പ് വര്‍ണിച്ചുകൊണ്ടാണ്. പാര്‍വതിയുടെ ഇരിപ്പുമായാണ് ഇവിടെ താരതമ്യം. പാര്‍വതി മഞ്ഞുമലയിലാണ് ഇരിക്കുന്നതെങ്കില്‍ ഫ്യൂജിയാമ പോലുള്ള ഒരു സജീവാഗ്നി പര്‍വതത്തിനുമുകളിലാണ് സീത.

കാട്ടിലെറിയപ്പെട്ട സീത ഉയര്‍ത്തുന്ന തീപ്പൊരി ചിതറുന്ന ചോദ്യങ്ങള്‍ മനഃസാക്ഷിയെ നടുക്കുന്നവയാണ്. ആ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ജ്യോതിര്‍ഗോളത്തെ ദൂരദര്‍ശിനി ഉപയോഗിച്ച് കാണുകയാണ് വാത്മീകി ചെയ്യുന്നതെങ്കില്‍ സീതാകാവ്യത്തില്‍ ആശാന്‍, അണുതലത്തിലുള്ള സൂക്ഷ്മതയെ സൂക്ഷ്മദര്‍ശിനി കൊണ്ട് കാണുകയാണെന്ന് വാത്മീകി രാമായണത്തെയും ആശാന്റെ സീതാകാവ്യത്തെയും അഴീക്കോട് താരതമ്യപ്പെടുത്തുന്നുണ്ട്. ശ്രീരാമസന്നിധിയില്‍ തിരിച്ചെത്തുമ്പോള്‍ വിചാരണ ചെയ്യപ്പെടുന്ന സീത തന്റെ പാതിവ്രത്യം തെളിയിക്കുന്നതോടൊപ്പം ശ്രീരാമന്റെ ആണധികാരത്തെയും ക്രൂരതകളെയും അനീതികളെയും ചോദ്യം ചെയ്യുന്നുമുണ്ട്. ശ്രീരാമന്റെ മുന്നില്‍ വച്ചുതന്നെ സീത അന്തര്‍ധാനം ചെയ്യുന്നത് പ്രതീകാത്മകമായ ആത്മഹത്യയായാണ് അഴീക്കോട് വായിച്ചെടുക്കുന്നത്. ആശാന്റെ ചിന്തകളെ തന്റേതായ രീതിയില്‍ ആഖ്യാനം ചെയ്യുകയാണ് അഴീക്കോട് ഈ പുസ്തകത്തില്‍.

അംബികാസുതന്‍ മാങ്ങാട്

*
ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: