Sunday, January 13, 2013

തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും

വിവര വിനിമയ സാങ്കേതികവിദ്യ കൈകാര്യംചെയ്യാന്‍ തൊഴിലാളിപ്രവര്‍ത്തകരും തൊഴിലാളികളും കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേവലമായി വിവര സാങ്കേതികവിദ്യ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗിക്കുക എന്നതുമാത്രമല്ല, തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ വിവര സാങ്കേതിക വിദ്യയുടെ കൂടുതല്‍ പ്രയോഗസാധ്യതകള്‍ കണ്ടെത്തുകയും ഫലദായകമാക്കുകയും ചെയ്യുന്നതിനുള്ള പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

തൊഴില്‍മേഖലകളില്‍ കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തി തൊഴില്‍ നശിപ്പിക്കുന്നതിനെതിരായ സമരത്തില്‍ തൊഴിലാളി സംഘടനകള്‍ ഏര്‍പ്പെട്ടിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാകും. തൊഴിലാളികളെ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുതിരുന്നതിനെ ഒട്ടൊരു സംശയത്തോടെ ചോദ്യംചെയ്യുന്നവരുമുണ്ടാകും. വിവര സാങ്കേതികവിദ്യയ്ക്ക് തൊഴില്‍ നശിപ്പിക്കാനുള്ള കഴിവ് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊഴിലാളികളുടെ അടിയന്തര താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നയപരിപാടികളെ എതിര്‍ത്തത്. അത്് കംപ്യൂട്ടറിനോടോ സാങ്കേതികവിദ്യയോടോ ഉള്ള എതിര്‍പ്പായിരുന്നില്ലെന്നും മറിച്ച്, തൊഴില്‍ നശിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനോടുള്ള എതിര്‍പ്പാണെന്നും അന്നേ വ്യക്തമാക്കപ്പെട്ടതാണ്. എത്രയോ നാളായി കംപ്യൂട്ടറോ വിവര സാങ്കേതിക വിദ്യയോ വിന്യസിക്കുന്നതിനെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും തങ്ങള്‍ പണിയെടുക്കുന്ന വ്യവസായങ്ങളുടെ നവീകരണത്തിന് അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പോരുകയാണ്. പക്ഷേ, ഇന്നും മുതലാളിത്തം വിവരസാങ്കേതിക വിദ്യ സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ലാഭേച്ഛമാത്രമാണ് അവരുടെ പരിഗണനാ വിഷയം.

വിവര സാങ്കേതികവിദ്യയുടെ ഇന്നത്തെ പ്രത്യേകത അത് കടലാസ് ഉപയോഗിച്ചുള്ള എഴുത്തും അച്ചടിയും നേരിട്ട പരിമിതികള്‍ മറികടക്കാന്‍ പര്യാപ്തമാണെന്നതാണ്. കടലാസിനുപകരം കാന്തിക ഇലക്ട്രോണിക് ഓര്‍മയും, എഴുത്തിനും അച്ചുനിരത്തുന്നതിനും പകരം കീബോര്‍ഡുപയോഗിച്ചുള്ള വിവര സന്നിവേശനവും സാധ്യമായിരിക്കുന്നു. മുന്‍കാലത്ത് ഒരേകാര്യം ആവര്‍ത്തിക്കാന്‍ വീണ്ടും എഴുതുകയോ ടൈപ്പ്ചെയ്യുകയോ ടൈപ്പ് സെറ്റു ചെയ്യുകയോ വേണ്ടിയിരുന്നു. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ സന്നിവേശിപ്പിക്കപ്പെട്ടത് വീണ്ടും ചെയ്യേണ്ടതില്ല. അവ എത്രകാലം കഴിഞ്ഞും എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് പകര്‍പ്പെടുക്കാവുന്നതാണ്. മാത്രമല്ല, പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവര വിശകലനവും പുതിയ വിവരവിജ്ഞാന സൃഷ്ടിയും സാധ്യമാക്കുന്നു. ചുരുക്കത്തില്‍ വിവര സാങ്കേതിക വിദ്യ തത്സമയ വിവരശേഖരണം, സംഭരണം, കൈമാറ്റം, അവയുടെ സമ്മിശ്ര പ്രയോഗത്തിലൂടെ വിവര വിശകലനം, പുതിയ വിവര സൃഷ്ടി, വിവര ഉപഭോഗം എന്നിവയ്ക്കെല്ലാമുള്ള സങ്കേതമാണ്.

സമൂഹത്തിന്റെ വിവരലഭ്യത വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പൊതുഭരണം, സ്ഥാപന ഭരണം, പണം കൈമാറ്റം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, അരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കമ്പോളപ്രവേശം, വിപണനം, ഗതാഗതം, വിതരണം, സംസ്കാരം, പ്രാദേശിക ഭാഷാവികസനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരം വിനിയോഗ ഘടകങ്ങള്‍ ദൂരസമയ പരിമിതികളില്ലാതെ തത്സമയം നടത്താം. ചരക്കുകളുടെ കടത്ത് മാത്രമാണ് സമയമെടുക്കുന്ന ഘടകം. മേല്‍പ്പറഞ്ഞ സാധ്യതകളുപയോഗിച്ച് ആസൂത്രണം എല്ലാ തലത്തിലും കൊണ്ടുവരാം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും ആസൂത്രണം സാധ്യമായിരിക്കുന്നു. ഒരു പ്രദേശത്ത് എത്ര ആളുകള്‍, അവരുടെ ആഹാരരീതിക്കനുസരിച്ച് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ അളവ്, അവയുടെ ഉപഭോഗ സമയക്രമം, അവയുടെ ലഭ്യത, ഉല്‍പ്പാദനം, ഇറക്കുമതി എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ വിവരം ശേഖരിച്ച് സംഭരിച്ച് അതുപയോഗിച്ച് ആവശ്യവും ലഭ്യതയും പൊരുത്തപ്പെടുത്തി കമ്പോളം ക്രമീകരിക്കാന്‍ സൂക്ഷ്മവിവരങ്ങളില്‍ നിന്ന് സ്ഥൂലതലാസൂത്രണം സാധ്യമായിരിക്കുന്നു. പ്രാദേശിക വിവരങ്ങള്‍ ഉല്‍ഗ്രഥിച്ച് സംസ്ഥാനതലത്തിലും രാജ്യതലത്തിലും സാര്‍വദേശീയതലത്തിലും കമ്പോളാസൂത്രണം സാധ്യമാണ്. അതോടെ കമ്പോളം സമൂഹത്തിന് വിധേയമാക്കാനുള്ള ഉപാധി തയ്യാറാകും. പിന്നീട് ആവശ്യമായത് അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ഇടപെടലുമാണ്. തത്സമയം എത്ര വിവരവും എത്ര ദൂരേക്കും എത്തിക്കാനും കൈകാര്യംചെയ്യാനും കഴിയുന്നു എന്നത്, മറ്റ് ഒട്ടേറെ പ്രയോഗസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. കണ്ടെത്തപ്പെട്ടവയെല്ലാം പ്രയോഗിക്കപ്പെടുന്നുമില്ല.

വിവര സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യതകള്‍ വളരെ പരിമിതമായ രീതിയില്‍മാത്രമാണ് നിലവിലുള്ള മൂലധനാധിഷ്ഠിത വ്യവസ്ഥ ഉപയോഗപ്പെടുത്തുന്നത്. മുതലാളി ആസൂത്രണ സാധ്യത ഉപയോഗിക്കുന്നത് ഉല്‍പ്പാദനാസൂത്രണത്തിന് മാത്രമാണ്. വിപണനാസൂത്രണം മുതലാളിക്ക് വഴങ്ങുന്നതല്ല. കാരണം, കമ്പോളത്തില്‍ മറ്റ് മുതലാളിമാരും വരും. അവിടെ അരാജകത്വം നിലനില്‍ക്കുന്നു. കമ്പോളത്തിലെ അരാജകത്വം മാറ്റാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍, ഉല്‍പ്പാദനംമുതല്‍ വിനിമയവും വിതരണവും ഉപഭോഗവുംവരെ മൊത്തം കമ്പോളവും സമഗ്രമായ ആസൂത്രണത്തിന് വിധേയമാക്കാന്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പക്ഷേ, ഒറ്റപ്പെട്ട മുതലാളിക്ക് കഴിയില്ല. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് സമഗ്രമായ കമ്പോളാസൂത്രണത്തില്‍ താല്‍പ്പര്യവുമുണ്ടാവില്ല. കാരണം, ആവശ്യവും ലഭ്യതയും കൃത്യമായി ആസൂത്രണംചെയ്താല്‍, ആവശ്യമായത്ര ഉല്‍പ്പാദിപ്പിച്ച് വിതരണം ക്രമീകരിച്ചാല്‍, കമ്പോളത്തിലെ അരാജകത്വം ഇല്ലാതായാല്‍, മുതലാളിത്ത വ്യവസ്ഥ അപകടത്തിലാകും. അതിനാല്‍ മുതലാളിത്തം ഈ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കില്ല. ശാസ്ത്രസാങ്കേതിക സിദ്ധികളുടെ സാമൂഹ്യോന്മുഖ ഉപയോഗത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടു. വിവര സാങ്കേതിക വിദ്യ മാത്രമല്ല, ജൈവ സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും പാരമ്പര്യേതര ഊര്‍ജവുമടക്കം ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ലാഭേച്ഛയാല്‍ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കഴിയാതായിരിക്കുന്നു.

അതേസമയം സോഷ്യലിസത്തിന്റെ മുഖമുദ്ര കമ്പോളത്തിന്റെ ഈ സമഗ്രാസൂത്രണമാണ്. തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് വിവര സാങ്കേതിക വിദ്യ. അതുപയോഗിച്ച് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഓരോ വര്‍ഷവും ആവശ്യവും ലഭ്യതയും കണക്കാക്കി അവ തമ്മില്‍ പൊരുത്തപ്പെടുത്തിയും പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ വിതരണം സുതാര്യമായി ജനേച്ഛയോടെയും ജനസമ്മതിയോടെയും ക്രമീകരിച്ചും ഭാവിയില്‍ ഉല്‍പ്പാദനവും ലഭ്യതയും ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടും സമൂഹത്തെ മുന്നോട്ടുനയിക്കുകയാണ് സോഷ്യലിസം. ആവശ്യമായിടത്തെല്ലാം കമ്മി നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അമിതോപഭോഗവും നാശനഷ്ടങ്ങളും നിയന്ത്രിച്ചും ജനങ്ങളുടെ ആവശ്യം നിറവേറ്റാനും അതേസമയം പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കാനും സമഗ്രമായ ആസൂത്രണത്തിലൂടെ സോഷ്യലിസത്തില്‍ കഴിയും.

മറ്റൊരു ചോദ്യം ഉയരുന്നത് തൊഴിലാളിവര്‍ഗത്തിന് ഈ ശാസ്ത്രവും സാങ്കേതികവിദ്യയും വഴങ്ങുമോ എന്നതാണ്. എഴുതാനും വായിക്കാനും സംസാരിക്കാനും കേള്‍ക്കാനും ചിത്രം വരയ്ക്കാനും പാട്ട് പാടാനും നിര്‍മാണപ്രവര്‍ത്തനത്തിനും ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനും പണമിടപാട് നടത്താനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സംഘാടനത്തിനും സമരത്തിനും ഭരണത്തിനും ആസൂത്രണത്തിനും മറ്റുമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. അതെല്ലാം നിലവില്‍ നടത്തുന്നത് തൊഴിലാളികള്‍തന്നെയാണ്. മാത്രമല്ല, വിവര സാങ്കേതിക വിദ്യതന്നെ തൊഴിലാളികളുടെ സൃഷ്ടിയാണ്. മുതലാളിത്തം അത് ക്രോഡീകരിച്ച് സ്വന്തമാക്കാന്‍ പേറ്റന്റ് നിയമം ഏര്‍പ്പെടുത്തി തൊഴിലാളികളില്‍നിന്ന്് ഉടമസ്ഥാവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് അവരെ സഹായിച്ചത് ഭരണകൂടത്തില്‍ അവര്‍ക്കുള്ള വര്‍ഗാധിപത്യമാണ്്. പക്ഷേ, വിവര സങ്കേതിക വിദ്യയുടെ യഥാര്‍ഥ ഉടമസ്ഥരായ വിവര സാങ്കേതിക തൊഴിലാളികള്‍ സ്വന്തമായി സങ്കേതങ്ങളും ഉപകരണങ്ങളും അവയ്ക്ക് പൊതു ഉടമസ്ഥതാ സമ്പ്രദായവും സൃഷ്ടിച്ച് മുതലാളിത്തത്തെ വിജയകരമായി വെല്ലുവിളിച്ചതിന്റെ ചരിത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പൊതു ഉടമസ്ഥതയുടെ ശക്തിയും ശരിയും സാധ്യതകളും വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. മാത്രമല്ല, ഉടമസ്ഥാവകാശത്തിന്മേല്‍ കെട്ടിപ്പടുത്ത സ്വകാര്യ സ്വത്തുടമസ്ഥതയുടെയും മുതലാളിത്തത്തിന്റെയും യുക്തിരാഹിത്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെളിപ്പെടുത്തുന്നു.

ഉടമസ്ഥതയല്ല, മറിച്ച് ഉടമസ്ഥാവകാശംമാത്രമാണ് മൂലധന ഉടമകളുടേത്. യഥാര്‍ഥ ഉടമസ്ഥത ആ ഉപാധികള്‍ ഉപയോഗിക്കുന്നവരില്‍ നിക്ഷിപ്തമാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ തെളിയിച്ചു. ഭൗതിക സ്വത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം ഭൗതിക സ്വത്തിനും ബൗദ്ധിക സ്വത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വത്തവകാശത്തിനാണ് നല്‍കുന്നത്. അതുതന്നെ ആ വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. സ്വത്തവകാശംകൊണ്ട് ഒന്നും ഉല്‍പ്പാദനക്ഷമമാകില്ല. അതിന് അവ ആരെങ്കിലും ഉപയോഗിക്കണം. അത് പണിയെടുക്കുന്ന തൊഴിലാളികളോ കര്‍ഷകരോ ആണ് ചെയ്യുക. സമ്പത്തുല്‍പ്പാദിപ്പിക്കാന്‍ തൊഴിലാളിയോ കര്‍ഷകനോ പണിയെടുക്കുകതന്നെ വേണം. എങ്കിലേ ഭൗതിക സ്വത്തായാലും ബൗദ്ധിക സ്വത്തായാലും ഉല്‍പ്പാദനക്ഷമമാകൂ. അതായത് സ്വത്തവകാശം കൃത്രിമവും അടിച്ചേല്‍പ്പിച്ചതുമാണ്. യഥാര്‍ഥ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഉപയോഗിക്കുന്നതാകട്ടെ പണിയെടുക്കുന്നവരുമാണ്. പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്ത് സ്വന്തമാണ്. ആര്‍ക്കും അത് തട്ടിപ്പറിക്കാനോ ഉടമാവകാശം സ്ഥാപിക്കാനോ കഴിയില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം ഉല്‍പ്പാദനോപാധികള്‍ ആരെങ്കിലും കൈയടക്കിവച്ചാലും അവ ഉപയാഗിക്കാനാവില്ല.

സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളേക്കാള്‍ വേഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഗുണമേന്മയിലും സ്വീകാര്യതയിലും മുന്നേറുകയാണ്. അങ്ങനെ സ്വകാര്യ സ്വത്തുടമസ്ഥതയുടെ യുക്തിരാഹിത്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വിജയം. ആ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയിരിക്കണം തൊഴിലാളികളുടെ വിവര സാങ്കേതിക പഠനത്തിന്റെ ഉപാധി. അതോടൊപ്പം വിവിധ മാനേജ്മെന്റ് രീതികളും ആസൂത്രണ സങ്കേതങ്ങളും തൊഴിലാളികള്‍ സ്വായത്തമാക്കണം.
(അവസാനിക്കുന്നില്ല)

*
കെ ചന്ദ്രന്‍പിള്ള ദേശാഭിമാനി 14 ജനുവരി 2013

1 comment:

raheem meehar said...

പങ്കാളിത്ത പെൻഷന്റെ പേരിലുള്ള ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ സമരം കേരളത്തിൽ സമീപകാലത്ത് പൊതുജനങ്ങളിൽനിന്ന് ഏറ്റവുമധികം വിമർശനങ്ങളേറ്റുവാങ്ങിയ സമരങ്ങളുടെ പട്ടികയിലാണു സ്ഥാനം പിടിക്കുക. സമരക്കാരുടെ ആവശ്യങ്ങൾ നീതീകരിക്കാനാകാത്തതാണെന്നും അധാർമ്മികമാണെന്നുമുള്ള വിലയിരുത്തലുകളും വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെട്ട സമരം ഏതായാലും പുതിയ ഉറപ്പുകളൊന്നും നേടാനാകാതെതന്നെ പിൻ വലിക്കപ്പെട്ടത്‌ ആശ്വാസകരമാണു.

യഥാർത്ഥത്തിൽ ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ സമൂഹത്തിലെ എല്ലാവരേയും, പ്രത്യേകിച്ച് സ്ഥിരവരുമാനമില്ലാത്തവരേയും വികലാംഗരടക്കമുള്ള വരുമാന സാധ്യത കുറഞ്ഞവരേയും വിധവകളും വയോജനങ്ങളുമടക്കമുള്ള മറ്റ് ദുർബല ജനവിഭാഗങ്ങളേയുമുൾക്കൊള്ളുന്ന വിപുലമായ ഒരു സാമൂഹിക സുരക്ഷാവലയത്തിനായാണ് നാം മുൻഗണന നൽകേണ്ടത്. പോഷകാഹാരലഭ്യത, ചുരുങ്ങിയ ചെലവിലുള്ള ആരോഗ്യസംരക്ഷണം, സാർവ്വത്രികമായ വിദ്യാഭ്യാസം എന്നിവയെല്ലാം എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തരത്തിൽ ഏറ്റവും മിതമായ ജീവിതസാഹചര്യങ്ങളെങ്കിലുമുറപ്പുവരുത്താൻ കഴിയുന്ന സഹായമെന്ന നിലയിലാണ് സർക്കാരിന്റെ പെൻഷൻ ഓരോരുത്തർക്കും അനുഭവപ്പെടേണ്ടത്. സ്വന്തം നിലയ്ക്ക് അത്തരം സാഹചര്യങ്ങളൊരുക്കാൻ കഴിയാത്തവർക്കായിരിക്കണം ഇക്കാര്യത്തിൽ മുൻഗണന. കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി ഉത്പാദനപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ആത്മവിശ്വാസം പകരുന്ന ഒരു നടപടിയായും പെൻഷനുകൾ മാറേണ്ടതുണ്ട്.