Wednesday, January 23, 2013

നിയമവാഴ്ച യുഡിഎഫ് വാഴ്ചയോ

നിയമവും നീതിയും ഇന്ത്യയിലെ ഓരോ പൗരനും തുല്യമാണെങ്കിലും സമീപകാലത്ത് ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും നിയമവാഴ്ചാരംഗത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ പൊതുസമൂഹത്തെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു. നിയമവാഴ്ചാരംഗത്തെ അടിസ്ഥാനതത്വങ്ങളുടെ ലംഘനം അഭിഭാഷകസമൂഹത്തെ ആകുലപ്പെടുത്തുകയാണ്. സിബിഐ ഉള്‍പ്പെടെയുള്ള പൊലീസ് സംവിധാനം ഭരണവര്‍ഗത്തിന്റെ ദുഷ്താല്‍പ്പര്യത്തിനായി ഉപയോഗിക്കുന്നതിന്റെ ആപത്ത് സുപ്രീംകോടതിയിലെ ചില ന്യായാധിപന്മാര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ നിരപരാധികളായ പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ബോധപൂര്‍വം വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണത തടയേണ്ടതാണ്.

നിസ്സാരമായ സാങ്കേതിക ന്യൂനതകളുടെ പേരില്‍ കോടതികളില്‍ ഫയല്‍ചെയ്യുന്ന നിരവധി ഹര്‍ജികളും മറ്റും മടക്കി നല്‍കുമ്പോള്‍ ഭരണകക്ഷിക്ക് താല്‍പ്പര്യമുള്ള കേസുകളില്‍ നടപടിക്രമം മാറ്റിവച്ച് ഉയര്‍ന്ന കോടതികള്‍ തിടുക്കത്തില്‍ ഇടപെട്ട് ഉണ്ടാക്കുന്ന തീര്‍പ്പുകള്‍ ജനങ്ങളുടെ മനസ്സില്‍ സംശയമുണര്‍ത്തും. പൊതുമുതല്‍ നശീകരണം തടയുന്ന നിയമപ്രകാരം ജയിലിലടയ്ക്കുന്ന പ്രതികള്‍ നഷ്ടമുതല്‍ തുക കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിടുകയും പൊലീസ് ഭരണകക്ഷിയുടെ ഇംഗിതത്തിന് നഷ്ടമുതല്‍ തുക പെരുപ്പിച്ച് കാണിക്കുകയും ചെയ്യുമ്പോള്‍ ഫലത്തില്‍ ജാമ്യം ബോധപൂര്‍വം നിഷേധിക്കുകയാണ്.

കുറ്റവിചാരണ അന്ത്യമില്ലാത്ത നടപടിയാകരുതെന്ന് മേല്‍ക്കോടതികള്‍ പറയാറുണ്ട്. എന്നാല്‍, ദശാബ്ദങ്ങള്‍ക്കുമുമ്പ് വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതികളെ വെറുതെവിട്ട കേസുകളില്‍ നിരവധി തവണ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ഒരു കൂട്ടുപ്രതിയുടെ ദുരുപദിഷ്ടമായ വെളിപ്പെടുത്തലിന്റെ പേരില്‍ പൊതുപ്രവത്തകര്‍ക്കെതിരെ വീണ്ടും കേസുകള്‍ ചമച്ച് അവരെ തുറുങ്കിലടയ്ക്കുന്ന നടപടി നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ്. പൊതുയോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ എതിര്‍വിഭാഗത്തില്‍പ്പെട്ട പൊതുപ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ വാശിപിടിക്കുന്ന ആഭ്യന്തരവകുപ്പിന്റെ തലവന്‍ സ്വന്തം രാഷ്ട്രീയചേരിയില്‍പ്പെട്ട സമാനമായ പ്രവൃത്തി നടത്തിയവര്‍ക്കുനേരെ കണ്ണടയ്ക്കുന്നത് നീതീകരിക്കത്തക്കതല്ല. നിരവധി കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട സാമൂഹ്യവിരുദ്ധരും മാഫിയാക്വട്ടേഷന്‍ സംഘാംഗങ്ങളും നിര്‍ഭയം വിഹരിക്കുമ്പോള്‍ രാഷ്ട്രീയ വിവേചനത്തോടെ പൊതുപ്രവര്‍ത്തകരെ ഗുണ്ടാനിയമത്തില്‍ കല്‍ത്തുറുങ്കിലടയ്ക്കുമ്പോള്‍ നീതിനിഷേധം ഏത് അറ്റംവരെ പോകുന്നു!

ഭരണകക്ഷി എംഎല്‍എ ഇരട്ടക്കൊലക്കേസില്‍ എഫ്ഐആറില്‍ പ്രതിയായിട്ടും ആഭ്യന്തരവകുപ്പ് തലവന്‍ കണ്ണടയ്ക്കുമ്പോള്‍ കത്തിവയ്ക്കുന്നത് നിയമവാഴ്ചയുടെ കടയ്ക്കലാണ്. ഭരണവര്‍ഗത്തിന്റെ തുടര്‍ച്ചയായ ജനവിരുദ്ധ നടപടികളില്‍ ദുരിതംപേറുന്ന പൊതുജനം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോടതിമുറിയില്‍ പരസ്യമായി ന്യായാധിപന്‍ പറയുന്നു. അതേ കോടതിയില്‍ത്തന്നെ പാതയോരങ്ങളില്‍ നിസ്വരായ ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ച് ഉത്തരവുണ്ടാക്കുമ്പോള്‍ പരിഹസിക്കപ്പെടുന്നത് പൊതുസമൂഹമാണ്. സുപ്രീംകോടതി ന്യായാധിപരെപ്പോലും പൊതുസമൂഹത്തില്‍ താറടിച്ച് പരസ്യപ്രസംഗം നടത്തുന്ന സ്വന്തക്കാരനായ പാര്‍ടിനേതാവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്തുമ്പോള്‍ത്തന്നെ, ജനങ്ങള്‍ക്കുവേണ്ടി പരസ്യമായി പ്രതികരണം നടത്തി കോടതിയലക്ഷ്യക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകനായ പ്രതിക്ക് അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കുന്നത് കേവലനീതിയുടെ നിഷേധമാണ്.

അമിത ലാഭക്കണ്ണുള്ള സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് ഗുണകരമായ വിധികള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നത് സാമൂഹ്യനീതി നിഷേധത്തിന് ഇടയാകും. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ലഭിക്കാത്ത പാവങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കുന്ന നിരീക്ഷണങ്ങള്‍ പലപ്പോഴും കോടതികള്‍ നടത്താറുണ്ട്. എന്നാല്‍, വിധി പ്രസ്താവിക്കുമ്പോള്‍ വോഡാഫോണ്‍, യൂണിയന്‍ കാര്‍ബൈഡ് പോലെയുള്ള കോര്‍പറേറ്റുകള്‍ക്കാണ് ഗുണം ഉണ്ടാകുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാക്രമണത്തില്‍ നാലിലൊന്നുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ പകുതിയില്‍ താഴെമാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെങ്കില്‍ ശിക്ഷിക്കപ്പെടുന്നത് ഇതിന്റെ ആറില്‍ ഒന്നുമാത്രമാണ്. ഇത്തരം കുറ്റവാളികളെ വേഗത്തില്‍ വിചാരണചെയ്ത് നീതി നടപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്നു പറയുന്ന സുപ്രീംകോടതിതന്നെയാണ് 1500 ഫാസ്റ്റ് ട്രാക്ക് കോടതി അടച്ചുപൂട്ടുന്നതിന് ഉത്തരവിട്ടത്. നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍മാത്രം അധികാരമുള്ള ന്യായാധിപന്മാര്‍ നിയമനിര്‍മാണത്തിന്റെ അതിര്‍ത്തികള്‍ കടന്നുകയറി ഉത്തരവിടുന്നത് സര്‍വസാധാരണമായിരിക്കുന്നു. ജഡ്ജിമാര്‍ സ്വയം നിയമിക്കപ്പെടുന്ന ആപല്‍ക്കരമായ അവസ്ഥ ഇന്ത്യയില്‍മാത്രമാണ് നിലനില്‍ക്കുന്നത്. ഫുള്‍ബെഞ്ചില്‍ ഒരു ന്യായാധിപന്റെ ഭൂരിപക്ഷത്തിലാണ് ജഡ്ജിമാരുടെ നിയമാധികാരം കൊളീജിയത്തിന്റെ രൂപത്തില്‍ സുപ്രീംകോടതി നേടിയെടുത്തത്.

ന്യായാധിപര്‍ സമൂഹത്തോട് കണക്ക് പറയേണ്ടതില്ല എന്ന അവസ്ഥ ഇന്ത്യയില്‍ മാത്രമാണുള്ളത്. ജഡ്ജിമാരുടെ നിയമനത്തിന് നാഷണല്‍ ജുഡീഷണല്‍ കമീഷനും അച്ചടക്കലംഘനത്തിനും പെരുമാറ്റദൂഷ്യത്തിനും നടപടിയെടുക്കാനും ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്ന് ലോയേഴ്സ് യൂണിയന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. നിയമത്തിന്റെയും നീതിയുടെയും സംരക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി നിയമവാഴ്ചാരംഗത്ത് ഫലപ്രദമായി പരിഷ്കരണം ഉണ്ടാകണം. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പണം കണ്ടെത്തണം. അല്ലാതെ ഉന്നതന്യായാധിപരുടെ സൗകര്യങ്ങള്‍ അമിതമായി വര്‍ധിപ്പിക്കുകയല്ല വേണ്ടത്. പത്തുലക്ഷം ജനങ്ങള്‍ക്ക് ഇന്ത്യയില്‍ 11 ന്യായാധിപന്മാര്‍ ഉള്ളപ്പോള്‍ കനഡയില്‍ 40, ഓസ്ട്രേലിയയില്‍ 60, ബ്രിട്ടനില്‍ 90, അമേരിക്കയില്‍ 110 വീതവും ആണ്. ഇത് ഇന്ത്യന്‍ പൗരന്റെ ദുരവസ്ഥ പ്രകടമാകുന്നു.

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും എളുപ്പത്തിലും ചെലവുകുറഞ്ഞും നിയമത്തിന്റെയും നീതിയുടെയും സംരക്ഷണം ലഭിക്കേണ്ടതുണ്ട്. നീതിന്യായമേഖല സമ്പന്നവര്‍ഗത്തിന്റെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യം സംരക്ഷിക്കാനുള്ള ഉപകരണംമാത്രമായി മാറാന്‍ പാടില്ല. ഇന്ത്യന്‍ ജുഡീഷ്യറിയുടെ നഷ്ടപ്പെട്ട മൂല്യം വീണ്ടെടുക്കുന്നതിനായി വിപുലമായ ചര്‍ച്ച ഉയര്‍ന്നുവരണം. പരമാധികാരം ജനങ്ങള്‍ക്കാണ്. ന്യായാധിപര്‍ ജനങ്ങളുടെ സേവകരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലോയേഴ്സ് യൂണിയന്‍ ജനുവരി 23 നിയമവാഴ്ചാ സംരക്ഷണദിനമായി ആചരിക്കുകയാണ്.

*
അഡ്വ. ബി രാജേന്ദ്രന്‍ (ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) ദേശാഭിമാനി 23 ജനുവരി 2013

No comments: