Friday, January 25, 2013

സ്ത്രീസുരക്ഷ നിയമം സമഗ്രമാക്കണം


കേരളത്തിലെ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച നിയമത്തിന്റെ കരട് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ബില്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, "കേരള പ്രൊട്ടക്ഷന്‍ ഓഫ് പ്രൈവസി ആന്‍ഡ് ഡിഗ്നിറ്റി ഓഫ് വിമന്‍ ബില്‍ 2013" എന്ന കരടുബില്‍ കേരളത്തിലെ സ്ത്രീപ്രശ്നത്തിന്റെ ഗൗരവമോ സങ്കീര്‍ണതയോ ഉള്‍ക്കൊള്ളുന്നില്ല. കരടു തയ്യാറാക്കുന്നതിനുമുമ്പ് വനിതാസംഘടനകളുമായി ചര്‍ച്ച നടന്നിരുന്നു. പിന്നീടും പല വനിതാ സംഘടനകളും നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ കരടില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. പ്രശ്നത്തെ ഉപരിപ്ലവമായി കണ്ട് ആരോ തട്ടിക്കൂട്ടിയ ബില്ലാണിപ്പോള്‍ മന്ത്രിസഭ അംഗീകരിച്ചത്.

പൗര എന്ന തരത്തില്‍ സ്ത്രീയ്ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയാണല്ലോ നിയമത്തിന്റെ ആത്യന്തികലക്ഷ്യം. ഐപിസിയിലും സിആര്‍പിസിയിലും നിരവധി സ്ത്രീസംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. അപ്പോള്‍, അവയുടെ പരിധിക്കുപുറത്തുവരുന്ന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുക എന്നതായിരിക്കണം പുതിയ നിയമത്തിന്റെ ഉദ്ദേശം. അങ്ങനെ നോക്കുമ്പോള്‍ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുവാന്‍ പര്യാപ്തമായ സമഗ്രമായ ഒരു പുതിയ നിയമമാണ് കേരളത്തിന് ആവശ്യം. എന്നാല്‍, പുതിയ ബില്ലിന് ഇത്തരത്തില്‍ ഒരു കാഴ്ചപ്പാടുള്ളതായി കാണാന്‍കഴിയില്ല. ലിംഗനീതിയെക്കുറിച്ച് ശാസ്ത്രീയമായ വീക്ഷണത്തോടെ തയ്യാറാക്കിയ കരടല്ല ഇതെന്ന് വ്യക്തം. അതുകൊണ്ടാണ് ബില്ലിന്റെ പേര് "സ്ത്രീകളുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമം" എന്നായത്. "സ്വകാര്യത", "മാന്യത" എന്നൊക്കെയുള്ള പദപ്രയോഗങ്ങള്‍ വിവാദപരമാണ്. "പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുവാനുള്ള നിയമം" എന്ന് വ്യക്തമായി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുകയാണ് വേണ്ടത്. കേരളത്തിന്റെ ആവശ്യവും ഇത്തരമൊരു നിയമമാണ്.

കരടുബില്ലിന്റെ തുടക്കത്തില്‍ "പീഡനങ്ങളും സ്ത്രീയുടെ മാന്യതയ്ക്കും സ്വകാര്യതയ്ക്കും ഭംഗംവരുന്ന ഏതുതരം പ്രവൃത്തിയും തടയുകയാണ് ലക്ഷ്യം" എന്ന് പറയുന്നുണ്ട്. ഏഴോളം ഇനങ്ങളിലുള്ള പീഡനങ്ങള്‍ പട്ടികയായി കൊടുത്തിട്ടുണ്ടെങ്കിലും മാന്യതയും സ്വകാര്യതയും എന്താണെന്ന് ബില്ലില്‍ നിര്‍വചിച്ചിട്ടില്ല. തികഞ്ഞ ലാഘവബുദ്ധിയോടെയാണ് കരടുനിയമം തയ്യാറാക്കിയതെന്ന് ഇതു വ്യക്തമാക്കുന്നു. ഗൗരവമുള്ള ഒരു ബില്ലിന്റെ ഘടനയും ഈ ഒന്‍പതുപേജുള്ള കരടുബില്ലിനില്ല. വകുപ്പുകളും ഉപവകുപ്പുകളും വിശദമാക്കുകയോ ആവശ്യമായിടങ്ങളില്‍ കൃത്യമായ നിര്‍വചനങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. സ്ത്രീപ്രശ്നത്തോടുള്ള അലംഭാവപൂര്‍ണമായ സമീപനം കരടുബില്ലിലെ ഓരോ വാചകത്തിലും കാണാം. "പൊതുഇടം" എന്ന പദം ഉപയോഗിച്ചിട്ടില്ലെങ്കിലും സൈബര്‍ സ്പേസ് ഉള്‍പ്പെടെ എവിടെയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടരുതെന്ന് പറയുമ്പോള്‍തന്നെ ചില പേരുകള്‍ ബില്ലില്‍ കൊടുത്തിരിക്കുന്നു. അവ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയറ്റര്‍ തുടങ്ങിയവ എന്നാണ്. എത്ര അശ്രദ്ധമായാണ് ഇത് തയ്യാറാക്കിയതെന്ന് നോക്കുക. കേരളത്തില്‍ സ്ത്രീകള്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ക്കു വിധേയരാകുന്നത് തെരുവുകളിലാണ്. കൂടാതെ ചന്തകള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കാനിടയുള്ള അതിക്രമങ്ങളെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമേയില്ല. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തുന്നുണ്ടെങ്കില്‍ സ്ഥാപനമേധാവിക്ക് നിയന്ത്രിക്കാം എന്നുമാത്രമാണ് ബില്ലിലെ വ്യവസ്ഥ. ഇതു ലംഘിച്ചാല്‍ ഒരുമാസത്തെ തടവുശിക്ഷയും പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ പലതരത്തിലാണ് അതിക്രമങ്ങള്‍ക്കിരയാകുന്നത്. അധ്യാപകരും ജീവനക്കാരും സഹപാഠികളും പലരൂപങ്ങളില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം നടക്കുന്നു. സ്കൂളിലേക്കുവരുന്ന വഴിയില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒന്നുംതന്നെ കരടുബില്ലില്‍ കൈകാര്യം ചെയ്യുന്നില്ല.

കേരളത്തിലെ "യാത്രാപീഡനം" കുപ്രസിദ്ധമാണ്. സൗമ്യയ്ക്കുണ്ടായ ദുരന്തത്തിന് ഫെബ്രുവരി ആറിന് രണ്ടുവര്‍ഷം തികയുകയാണ്. യാത്രകളില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അപമാനങ്ങള്‍ വേണ്ടത്ര ഇനിയും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല എന്നുവേണം കരുതാന്‍. സൗമ്യയും പി ഇ ഉഷയും മറ്റും മഞ്ഞുമലയുടെ മുകളില്‍നില്‍ക്കുന്ന ചില രൂപങ്ങള്‍ മാത്രം. അതീവരൂക്ഷമായ യാത്രാ പീഡനത്തെക്കുറിച്ച് ബില്ലില്‍ മൗനം മാത്രമേയുള്ളൂ. വാഹനത്തിലെ ജീവനക്കാര്‍ക്ക് പരാതി നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടെന്നു പറയുന്നതുകൊണ്ട് പ്രശ്നപരിഹാരം ആകുന്നില്ല. പരാതി നല്‍കുന്നതിന് നിലവിലുള്ള രീതി മാറ്റേണ്ടതാണെന്ന് വനിതാസംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. ബസില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ ബസ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുക എന്നത് പ്രായോഗികമല്ല. ബസിലുള്ള അമ്പതോളം പേരുമായി സ്റ്റേഷനിലേക്കു പോകുമ്പോള്‍ സ്വാഭാവികമായും മറ്റ് യാത്രക്കാരുടെ പിന്തുണ പരാതിക്കാരിക്ക് കിട്ടിയെന്നുവരില്ല. ഹെല്‍പ്പ്ലൈനില്‍ വിവരം അറിയിക്കുകയും അടുത്ത സ്റ്റോപ്പെത്തുമ്പോള്‍ പൊലീസ് ബസിലേക്കുവന്ന് മൊഴിയെടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്.

ഇക്കാലത്ത് അതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. കരടുബില്ലിലെ ശിക്ഷയെക്കുറിച്ചുള്ള ഭാഗമാണ് ഏറ്റവും വിചിത്രം. പീഡനം എന്നാല്‍ എന്തൊക്കെയാണെന്ന് ഇതില്‍ വിശദീകരിക്കുന്നുണ്ട്. തെറ്റായ ഉദ്ദേശത്തോടെയുള്ള തലോടലും സ്പര്‍ശവും മുതല്‍ ഏതുതരം ലൈംഗികാതിക്രമവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ശിക്ഷ തുടങ്ങുന്നത് കുറഞ്ഞത് ഏഴുവര്‍ഷത്തെ തടവിലാണ്. അതായത് തലോടലിനും ഏഴുവര്‍ഷത്തെ തടവ്. ശിക്ഷ കഠിനമാക്കുന്നത് നല്ലതാണ്. പക്ഷേ, ബലാത്സംഗകേസുകളില്‍ 26 ശതമാനംമാത്രം ശിക്ഷിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഏതു ജഡ്ജിയാണ് തോണ്ടലിനും തലോടലിനും ഏഴുവര്‍ഷം ഒരു കുറ്റവാളിയെ ശിക്ഷിക്കുക? അക്രമികളെ രക്ഷപ്പെടുത്തുവാന്‍ മാത്രമേ ഇത്തരം ശിക്ഷാവ്യവസ്ഥകള്‍ സഹായിക്കൂ. മറ്റൊരു പ്രധാനപ്രശ്നം തീവണ്ടിയാത്രയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ കരടുബില്ലിന്റെ പരിധിയില്‍ വരുന്നില്ല എന്നതാണ്. റയില്‍വേ ആക്ടിന്റെ ഭേദഗതിയിലൂടെ മാത്രമേ പൂര്‍ണസുരക്ഷിതത്വം സാധ്യമാകൂ എന്ന വാസ്തവം നിലനില്‍ക്കുമ്പോള്‍തന്നെ സംസ്ഥാനസര്‍ക്കാരിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വം ഉണ്ടല്ലോ. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ കൂടുതല്‍ പൊലീസിനെ റയില്‍വേയ്ക്കായി നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി അപൂര്‍ണതകളും പരിമിതികളും കരടുബില്ലിനെ ദുര്‍ബലമാക്കിയിരിക്കുന്നു. മറ്റു നിയമങ്ങളില്‍ ഉള്ള കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് കരടുബില്ലില്‍ ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ബലാത്സംഗത്തെ തുടര്‍ന്ന് കൊല നടന്നാല്‍ വധശിക്ഷ നല്‍കണമെന്ന് പറയുന്നതില്‍ ഒരു പുതുമയുമില്ല. കാരണം കൊലപാതകത്തിന് വധശിഷ ഇന്ത്യയിലെ ക്രിമിനല്‍ നിയമത്തില്‍ പറഞ്ഞുകഴിഞ്ഞതാണ്. അതുപോലെ സൈബര്‍ നിയമത്തിലെ വ്യവസ്ഥപ്രകാരം സ്ത്രീകളുടെ ചിത്രങ്ങള്‍ അവര്‍ക്ക് മാനഹാനി വരുത്തുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുയോ ചിത്രീകരിക്കുകയോ ചെയ്യുന്നത് കുറ്റകാരമാണെന്ന് വ്യക്തമായിട്ടുള്ളതാണ്. അപ്പോള്‍ ഈ ബില്ലില്‍ ചെയ്യേണ്ടത് അത്തരം കുറ്റകൃത്യങ്ങള്‍ തടയേണ്ടവര്‍ അത് ചെയ്യാതിരിക്കുന്നുണ്ടെങ്കില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുക എന്നതാണ്. ചുരുക്കത്തില്‍, വിശദമായ ചര്‍ച്ചയും പഠനവും നടത്തിയിട്ടില്ലെങ്കില്‍ ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീതഫലം ഉണ്ടാകാനും ഇടയുണ്ട്. ജാതീയവും വര്‍ഗപരവുമായ കടുത്ത അസമത്വം നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയില്‍ പ്രാന്തവല്‍കൃതരായ സ്ത്രീവിഭാഗങ്ങള്‍ അതീവരൂക്ഷമായ അതിക്രമങ്ങളാണ് നേരിടുന്നത്. അട്ടപ്പാടിയില്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി ബാലിക തിലകമണിയെ നമുക്ക് മറക്കാറായിട്ടില്ല. ഈ ഗുരുതരമായ സ്ഥിതി വിശേഷത്തെ നിസ്സാരവല്‍ക്കരിക്കുവാന്‍ ഒരു നിയമംകൊണ്ട് ഇടവരുത്തരുത്. അതുകൊണ്ടു തന്നെ തിരക്കുപിടിച്ച് നിയമം പാസാക്കി പ്രതിബദ്ധത തെളിയിക്കുകയല്ല, ആ നിയമം സമഗ്രമാക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് വേണ്ടത്.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി 25 ജനുവരി 2013

No comments: