Friday, January 11, 2013

ജനവിരുദ്ധതയുടെ കറുത്തദിനം

ഇന്ത്യയ്ക്ക് കരിദിനമായിരുന്നു ബുധനാഴ്ച. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനതയ്ക്കുമേല്‍ ദുസ്സഹമായ ആഘാതങ്ങളുടെ ഒരു നിരതന്നെ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച കറുത്തദിനം. റെയില്‍വേ യാത്രക്കൂലി ഒറ്റയടിക്ക് മുപ്പതുശതമാനം വര്‍ധിപ്പിച്ചു. പാചകവാതകത്തിന് 130 രൂപ കൂട്ടി. ഡീസലിന് നാലരരൂപ കൂട്ടാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷംകൊണ്ട് ഡീസല്‍ സബ്സിഡി ഇല്ലായ്മചെയ്യാന്‍ നിശ്ചയിച്ചു. "ജനാധിപത്യ സര്‍ക്കാര്‍" ഒറ്റദിവസംകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ഇതില്‍പ്പരം എന്തുചെയ്യണം?

കേന്ദ്രം ഇതൊക്കെചെയ്ത അതേദിവസംതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പഠനവുമായി ബന്ധപ്പെട്ട ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചതും കേരളജനതയ്ക്ക് മാസം നാലുനാള്‍ പകല്‍ വൈദ്യുതി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചതും. വൈദ്യുതി സബ്സ്റ്റേഷനുകള്‍ മാസത്തിലൊരുദിവസം പൂര്‍ണമായി അടച്ചിടാനും മാസത്തില്‍ രണ്ടോ മൂന്നോ തവണ നിലവിലുള്ള ലോഡ്ഷെഡ്ഡിങ്ങിനു പുറമെ 11 കെവി ലൈനുകള്‍ ഓഫാക്കിവയ്ക്കാനുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി പഠനരംഗത്ത് പ്രവേശന ഫീസ് ഇരട്ടിയാക്കി. ലൈബ്രറി, കലണ്ടര്‍, മെഡിക്കല്‍ ഇന്‍സ്പെക്ഷന്‍, ലബോറട്ടറി, ഓഡിയോ വിഷന്‍, സ്റ്റേഷനറി, മാഗസിന്‍, യൂത്ത് ഫെസ്റ്റിവല്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങി എല്ലാ രംഗങ്ങളിലും വെവ്വേറെ ഈടാക്കിക്കൊണ്ടിരുന്ന ഫീസ് കുത്തനെ കൂട്ടുകയാണ്. ചില മേഖലകളില്‍ ഇരട്ടിയിലധികമാണ് വര്‍ധന. കേന്ദ്രത്തിന് ചേരുന്ന സംസ്ഥാനസര്‍ക്കാര്‍!

ജനങ്ങളെക്കുറിച്ച്, അവരുടെ ജീവിത വിഷമതകളെക്കുറിച്ച് തെല്ലെങ്കിലും കരുതലുള്ള ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഒറ്റദിവസംകൊണ്ട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ചെയ്തത്. ജനങ്ങളോടുള്ള അവജ്ഞയ്ക്കും അവഗണനയ്ക്കും ഇതേക്കാള്‍ വലിയ തെളിവുവേണ്ട. റെയില്‍വേ സാമ്പത്തിക വൈഷമ്യത്തിലാണെന്നും പ്രശ്നപരിഹാരത്തിന് യാത്രക്കൂലി കൂട്ടലല്ലാതെ മറ്റൊരു പരിഹാരം ഇല്ലെന്നുമാണ് യുപിഎ ഭരണം പറയുന്നത്. റെയില്‍വേ 20,000 കോടിയില്‍പരം രൂപയുടെ പ്രതിവര്‍ഷ ലാഭത്തിലായി എന്ന് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് മറക്കാറായിട്ടില്ല. അന്ന് അതിഗംഭീര ലാഭത്തിലായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് എങ്ങനെ കരകയറാത്ത പ്രതിസന്ധിയിലായി? ഈ ചോദ്യത്തിന് ഭരണാധികാരികള്‍ ഒരു ഉത്തരവും നല്‍കുന്നില്ല. ചില വര്‍ഷങ്ങള്‍ക്കുമുമ്പ് 20,000 കോടിയുടെ ലാഭത്തിലായിരുന്ന റെയില്‍വേ ഇപ്പോള്‍ ഒറ്റ ദിവസംകൊണ്ട് 12,000 കോടി രൂപയുടെ അമിതഭാരം ജനങ്ങളുടെ തലയിലേറ്റിവച്ചിരിക്കയാണ്. തിരുവനന്തപുരത്തുനിന്ന് സ്ലീപ്പര്‍ ക്ലാസില്‍ ഡല്‍ഹിക്ക് യാത്ര ചെയ്യുന്നയാള്‍ അധികം നല്‍കേണ്ടത് 140 രൂപയാണ്. യാത്ര തേര്‍ഡ് എസിയിലാണെങ്കില്‍ അധികം നല്‍കേണ്ടത് മുന്നൂറില്‍പരം രൂപയാണ്. മന്ത്രി പറയുന്ന തുച്ഛമായ പൈസാക്കണക്കുകൊണ്ട് മൂടിവയ്ക്കാവുന്നതല്ല ഈ വര്‍ധന. സ്ലീപ്പര്‍ ക്ലാസിന് കിലോമീറ്ററിന് ആറുപൈസയേയുളളൂ വര്‍ധന എന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറയുമ്പോള്‍ അത് തുച്ഛമാണല്ലോ എന്നുതോന്നാം. എന്നാല്‍, ഒരു കിലോമീറ്റര്‍ ദൂരത്തേക്കല്ലല്ലോ ആളുകള്‍ യാത്രചെയ്യുന്നത്. കേരളത്തില്‍നിന്ന് ഡല്‍ഹിയിലും ഫരീദാബാദിലുമൊക്കെ പോയി ചെറിയവരുമാനത്തിന് ജോലിചെയ്യുന്നവര്‍ക്ക് വര്‍ധന തുച്ഛമല്ല; ഭാരിച്ചതുതന്നെയാണ്. ജനത്തിന്റെ കൈയില്‍ രൂപയുണ്ട്, അവര്‍ തന്നോളും എന്ന് റെയില്‍വേമന്ത്രി പറയുന്നു. ഏത് ജനതയെക്കുറിച്ചാണ് മന്ത്രി പറയുന്നത്?

അനേകവര്‍ഷങ്ങളായി റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ചിട്ടില്ല എന്ന് മന്ത്രി പറയുന്നത് സത്യമല്ല. ബജറ്റിലൂടെ വര്‍ധിപ്പിച്ചിട്ടില്ല എന്നത് നേരായിരിക്കാം. എന്നാല്‍ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ വര്‍ധിപ്പിച്ചിട്ടുണ്ട്. എസി ത്രീടയര്‍, എസി സെക്കന്‍ഡ്, ഫസ്റ്റ് ക്ലാസുകള്‍, എസി ചെയര്‍കാര്‍, എസി ഇക്കോണമി ക്ലാസ്, ഫസ്റ്റ്ക്ലാസ് എന്നിവയിലെ യാത്രയ്ക്കുള്ള നിരക്ക് കഴിഞ്ഞ ഒക്ടോബറില്‍ 3.7 ശതമാനം കണ്ട് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വര്‍ധിപ്പിച്ചു. എസി ടൂടയറിന് കിലോമീറ്ററിന് 15 പൈസ വര്‍ധിപ്പിച്ചപ്പോള്‍ എസി ഫസ്റ്റ്ക്ലാസിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ആ വര്‍ധന റെയില്‍വേയുടെ വരുമാനം കാര്യമായ തോതില്‍ ഉയര്‍ത്തുകയുംചെയ്തിരുന്നു. അതുകഴിഞ്ഞ് മൂന്നുമാസമായപ്പോഴാണ് സ്ലീപ്പര്‍ ക്ലാസടക്കം എല്ലാത്തിലും വര്‍ധന ഏര്‍പ്പെടുത്തുന്നത്. എന്നുമാത്രമല്ല, 2000 ത്തില്‍ എന്‍ഡിഎയുടെ റെയില്‍വേ മന്ത്രിയായിരുന്ന നിധീഷ്കുമാര്‍ ഏര്‍പ്പെടുത്തിയ സ്ലാബ് തിരിച്ചുള്ള വര്‍ധന തുടര്‍ന്നുള്ള പല വര്‍ഷങ്ങളിലുണ്ടാകേണ്ടിയിരുന്ന വര്‍ധനയെക്കൂടി ഉള്‍ക്കൊള്ളുന്നവിധം കനത്ത തോതിലായിരുന്നുതാനും. ഇപ്പോള്‍, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കുന്ന ഘട്ടത്തിലാണ് ബജറ്റിനെ മറികടക്കുംവിധം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്. ഇത് പരമാധികാര ജനപ്രതിനിധിസഭയെ നോക്കുകുത്തിയാക്കലാണ്; അവഹേളിക്കലാണ്; അതിലെ ജനാധിപത്യ പ്രക്രിയയെ അധിക്ഷേപിക്കലാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഔചിത്യബോധമുള്ള ഒരു സര്‍ക്കാരും ചെയ്തുകൂടാത്തതാണ്. ഒരു മാസം കഴിഞ്ഞുവരുന്ന റെയില്‍വേ ബജറ്റ് ചരക്കുകടത്തുകൂലി കൂട്ടുമെന്നത് ഉറപ്പാണ്. യാത്രക്കൂലിയും ചരക്കുകൂലിയും ഒരുമിച്ച് വര്‍ധിപ്പിച്ച ബജറ്റ് എന്ന ആക്ഷേപം ഒഴിവാക്കാനുള്ള തട്ടിപ്പാണ് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഉത്തരവ്. സാധാരണക്കാര്‍ക്ക് യാത്ര അസാധ്യമാക്കുന്ന വിധത്തിലുള്ള വര്‍ധന പിന്‍വലിച്ചേ പറ്റൂ.

ഇതേദിവസംതന്നെയാണ് വിജയ് കേല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ മറവിലുള്ള ഡീസല്‍ വില വര്‍ധനാ തീരുമാനവുമുണ്ടായത്. ഡീസല്‍വില നാലരരൂപ വര്‍ധിപ്പിക്കാനുള്ള ക്യാബിനറ്റ് നോട്ട് തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാമമാത്രമായി വര്‍ധിപ്പിക്കുമ്പോള്‍തന്നെ, സബ്സിഡി സിലിണ്ടറുകളുടെ വില 130 രൂപ വര്‍ധിപ്പിച്ച് കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നു. രണ്ടുവര്‍ഷംകൊണ്ട് ഡീസല്‍ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകയാണ്. ഡീസല്‍ വില ഉയര്‍ന്നാല്‍ ചരക്ക് കടത്തുകൂലി മുതല്‍ കാര്‍ഷികോല്‍പ്പാദനച്ചെലവുവരെ ഉയരും. ഇപ്പോള്‍തന്നെ പൊറുതിമുട്ടിയ ജനതയെ വ്യാപകമായ വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊടുത്ത് കൂടുതല്‍ ദുസ്സഹാവസ്ഥയിലാഴ്ത്തുകയാവും ചെയ്യുന്നത്. ഓരോ മാസവും ഡീസലിന് ഒന്നരരൂപ വീതം വര്‍ധിപ്പിക്കുക. മാര്‍ച്ചിനുശേഷമുള്ള മാസങ്ങളില്‍ ഓരോ രൂപ വീതം വര്‍ധിപ്പിക്കുക. ആ നില ഡീസല്‍ സബ്സിഡി പൂര്‍ണമായും ഇല്ലാതാവുന്ന അവസ്ഥവരെ തുടരുക. ഈ പദ്ധതിയാണ് നടപ്പാക്കുന്നത്. ജനദ്രോഹത്തിന്റെ അങ്ങേയറ്റമാണിത്. അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില കുറയുമ്പോഴാണ് എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്നുപറഞ്ഞ് ഡീസല്‍ വില ഇവിടെ ഉയര്‍ത്തുന്നത്. എണ്ണക്കമ്പനികള്‍ ഓരോ വര്‍ഷവും ലാഭം കൊയ്യുകയാണെന്നതിന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍തന്നെ വച്ചിട്ടുള്ള വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തെളിവുതരുന്നു എന്നത് മറ്റൊരു കാര്യം.

ഇതിനെല്ലാമിടയിലാണ് എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പ്ലസ് ടു ഫീസ് ക്രമാതീതമായി ഉയര്‍ത്തുന്നതടക്കമുള്ള ജനദ്രോഹ നടപടികളുമായി മുമ്പോട്ടുപോവുന്നത്. തങ്ങളെ തെരഞ്ഞെടുത്തതിന് ""പ്രത്യുപകാര""മായി ഇനി എന്തൊക്കെയാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ചെയ്യാന്‍പോകുന്നത് എന്നേ അറിയേണ്ടൂ. ജനജീവിതത്തെ ശ്വാസംമുട്ടിച്ചുകൊല്ലുകയാണ് ആഗോളവല്‍ക്കരണത്തിന്റെ ഏജന്‍സിയായി തരംതാണ മന്‍മോഹന്‍സിങ് സര്‍ക്കാര്‍. അതിന് വേഗമേറ്റുകയാണ് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍. ജനം ഇത് എത്രനാള്‍ സഹിക്കും?

*
ദേശാഭിമാനി മുഖപ്രസംഗം 11 ജനുവരി 2013

No comments: