Showing posts with label എൻഡോസൾഫാൻ. Show all posts
Showing posts with label എൻഡോസൾഫാൻ. Show all posts

Sunday, April 15, 2012

എന്‍ഡോസള്‍ഫാന്‍ ഭീതിയിലാക്കിയ ജൈവവൈവിധ്യങ്ങള്‍

കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയിലെ കശുഅണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കൊണ്ട് സ്പ്രേ നടത്തിയതിലൂടെ സംഭവിച്ച മനുഷ്യദുരന്തങ്ങള്‍ക്കു പുറമെ ആ പ്രദേശത്തെ ജൈവവൈവിധ്യവും അപകടകരമാം വിധം ബാധിക്കപ്പെട്ടിരിക്കുന്നു.

ഈ കീടനാശിനി അവിടുത്തെ സസ്യജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. സസ്യവൈവിധ്യത്തിന്റെ കാര്യത്തില്‍ പ്രാദേശികമായി കാണപ്പെടുന്നവയില്‍ 40 നും 70 നും മധ്യേ ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടത്രെ. ജന്തു വിഭാഗത്തില്‍ മല്‍സ്യങ്ങളാണ് ഏറ്റവുമധികം അപകടാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ പ്രദേശത്ത് പ്രത്യേകിച്ചും വനമേഖലയോടു ചേര്‍ന്നിരിക്കുന്നിടത്ത് പക്ഷികളും ചിത്രശലഭങ്ങളും എല്ലാം ചേര്‍ന്ന് സമ്പുഷ്ടമായ വന്യജീവാവസ്ഥ ആരോഗ്യകരമായി തന്നെ മുമ്പ് നിലനിന്നിരുന്നുവെന്ന് അവിടുത്തെ പ്രാദേശിക സമൂഹങ്ങള്‍ പറയുന്നു. കല്ലാര്‍ മേഖലയില്‍ ആനകള്‍ പോലും കാണപ്പെടാറുണ്ട്. കാടിനോട് വളരെ അടുത്തിരിക്കുന്ന രാജാപുരം എസ്റേറ്റിനടുത്ത് ഇപ്പോഴും ആനകളുടെ വരവും പോക്കും സജീവമാണ്.

ഒരു പരമ്പരാഗത കര്‍ഷകന്റെ അഭിപ്രായമനുസരിച്ച് എന്‍മകജെ പഞ്ചായത്ത് കടുവ, കാട്ടുപൂച്ച, അണ്ണാന്‍, പറക്കും കുറുക്കന്‍, കുരുവി, കാക്ക, തവള, തേനീച്ചകള്‍, ഒച്ചുകള്‍, കരിങ്കുരങ്ങ്, കാട്ടുപോത്ത്, കീരി, മുയല്‍, വര്‍ണ്ണതത്ത, കുറുനരി തുടങ്ങിയ ജീവികളാല്‍ സമ്പന്നമായിരുന്നു. പക്ഷേ ഈ കീടനാശിനി സ്പ്രേ ആരംഭിച്ചശേഷം മനുഷ്യനൊഴികെ മറ്റൊന്നിന്റെയും തരിമ്പുപോലും അവിടെ കാണാന്‍ കഴിയാത്ത അവസ്ഥയായി.

മല്‍സ്യങ്ങളുടെയും തവളകളുടെയും പാമ്പുകളുടെയും മരണം ജനശ്രദ്ധയില്‍പ്പെട്ടിരുന്നു. പശുക്കളില്‍ അസ്വാരസ്യങ്ങളും മാറ്റങ്ങളും കണ്ടുതുടങ്ങി, മുള്ളന്‍പന്നി, വെരുക് തുടങ്ങിയവ ഒരിക്കല്‍ ഈ മേഖലയില്‍ സര്‍വ്വസാധാരണമായിരുന്നെങ്കില്‍ സ്പ്രേ നടക്കുന്ന കാലയളവില്‍ അവ പൂര്‍ണ്ണമായും അപ്രത്യ ക്ഷമായി തുടങ്ങി.

ചത്തുമലര്‍ന്ന പാമ്പുകളും അണ്ണാനും മയിലുകളും കാക്കകളും കശുഅണ്ടി പ്ളാന്റേഷനുകളില്‍ ഈ സമയത്ത് പതിവായി. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി സ്ഥിതിഗതിയില്‍ അല്‍പ്പം പുരോഗതിയുണ്ടായിട്ടുണ്ട്. അതും ആകാശ മാര്‍ഗ്ഗേനയുള്ള എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നിര്‍ത്തലാക്കി അഞ്ചാറു വര്‍ഷത്തിനു ശേഷം.
നിരവധി കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗമായിരുന്ന തേന്‍ സംഭരണം, കീടനാശിനി സ്പ്രേ മൂലം അപകടത്തിലായിരിക്കുന്നു. ഈ കാലയളവില്‍ തേനീച്ചകളെ പൂര്‍ണ്ണമായും കാണാതാവുന്നതാണ് കാരണം. ഇതേ ഗതികേട് ചുമക്കുന്ന ചിത്രശലഭങ്ങളും അല്‍പാല്‍പം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ പ്രദേശത്തെ നീരൊഴുക്കുകളില്‍ സര്‍വ്വസാധാരണമായിരുന്ന പലതരം മല്‍സ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ വ്യാപകമായതോടെ എങ്ങോ പോയിമറഞ്ഞു. മല നീരൊഴുക്കിന്റെ ലക്ഷണം വിളിച്ചോതുന്ന ജീവിയായ ബാലിറ്റോറിന്‍ ഒച്ചുകള്‍ പല അരുവികളിലും കുറഞ്ഞുപോവുകയും ഉള്ളതു തന്നെ മുമ്പത്തേതിനേക്കാള്‍ വളരെ തുച്ഛമായിത്തീരുകയും ചെയ്തു.
മുമ്പിവിടെയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മെസെനെമകിലാസ് ട്രൈയാംഗുലരിസ്, എം ഗുന്തേരി തുടങ്ങിയ മല്‍സ്യ സ്പീഷിസുകളെ പുതിയ സര്‍വ്വേകളില്‍ കണ്ടുപിടിക്കാനേ സാധിച്ചിട്ടില്ല.

ഈ വിഷസ്പര്‍ശമേറ്റ പല പഞ്ചായത്തുകളിലായുള്ള 12 അരുവികളിലായി തിരിച്ചറിയപ്പെട്ട 18 സ്പീഷിസുകളില്‍ രണ്ടെണ്ണം മാത്രമേ വ്യാപകമായി ഇപ്പോള്‍ കാണപ്പെടുന്നുള്ളൂ.
എന്‍ഡോസള്‍ഫാന്റെ ആകാശത്തളിക്കലിനു മുമ്പ് മല്‍സ്യം പിടിച്ചു വിറ്റ് ഉപജീവനം നടത്തുന്നവരുടെ മുഖ്യ സ്രോതസ്സുകളായിരുന്ന 20 സ്പീഷിസുകളില്‍ പത്തെണ്ണം മാത്രമേ ഇപ്പോള്‍ അവിടെയുള്ളൂ. മാത്രമല്ല മല്‍സ്യങ്ങള്‍ സ്പ്രേ സമയത്ത് ചത്തുപൊന്തുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട് പുറമെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍ഗോട്ടെ ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച അതേ മല്‍സ്യസ്പീഷിസുകളുടെ വലിപ്പക്കുറവാണത്.

റാണാവെറുക്കോസ, നിക്ട്രിബാ ട്രാക്കസ് എന്നീ രണ്ടു തവള സ്പീഷിസുകളെ ഈ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇവിടെയുള്ള അരുവികള്‍ക്ക് അനുരൂപിയായി തീര്‍ന്നിട്ടുള്ള മൈക്രിക്സാലസ്, റാണ ടെംപറലിസ് തുടങ്ങിയ സ്പീഷിസുകളെ കാണാനായില്ല.

കാക്ക, മൈന, വര്‍ണ്ണതത്ത തുടങ്ങിയ പക്ഷികളും സ്പ്രേ നടക്കുന്ന സമയത്ത് എങ്ങോ പോയി മറയുന്നു. ചില സമൂഹങ്ങള്‍ക്ക് അവയുടെ മത വിശ്വാസപ്രകാരമുള്ള ആചാരങ്ങള്‍ നിറവേറ്റാന്‍ കാക്കകള്‍ അപ്രത്യക്ഷമായതുമൂലം സാധിക്കാതെ വരുന്ന സാഹചര്യവും അവിടെ നിലനില്‍ക്കുന്നുണ്ട്.

*
മനോജ് എം സ്വാമി ജനയുഗം 13 ഏപ്രില്‍ 2012

Tuesday, November 15, 2011

ഈ ഗ്രാമങ്ങളുടെ കണ്ണീരൊപ്പാം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇന്ന് കേവലം ഒരു ജില്ലയ്ക്കകത്തുമാത്രം ഒതുങ്ങുന്നതല്ല. ഭൂഖണ്ഡങ്ങളും താണ്ടി ലോകമനഃസാക്ഷിയുടെ കോടതിയില്‍വരെ അതെത്തിയിരിക്കുന്നു. അതിനുദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പഠനത്തിനും റിപ്പോര്‍ട്ടിങ്ങിനുമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങിനിന്ന സമരം ഇന്ന് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. കാസര്‍കോട്ടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് വാദിച്ചിരുന്ന ഭരണകൂടംപോലും ഇന്ന് സ്വരംമാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി 1977 മുതല്‍ 2000 ഡിസംബര്‍ 27 വരെയാണ് കാസര്‍കോട്ടെ 11 പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തളിച്ചത്. തുടര്‍ച്ചയായി 23 വര്‍ഷമായി ഒരു ജനത മാരകമായ ഈ കീടനാശിനിയുടെ ഇരകളാവുകയായിരുന്നു. പാമ്പുകളും തേനീച്ചകളും പൂമ്പാറ്റകളും മീനുകളും ചത്തടിഞ്ഞപ്പോഴും പരിസ്ഥിതിക്ക് പ്രാധാന്യമുള്ള നിരവധി സസ്യജാലങ്ങള്‍ മുളയ്ക്കാതെ വന്നപ്പോഴും വികൃതരൂപികളായ പശുക്കുട്ടികള്‍ ജന്മമെടുത്തപ്പോഴും ആരും അത്ര ഗൗരവമായെടുത്തില്ല. കാസര്‍കോട്ടെ ഉള്‍നാടന്‍ ചെങ്കല്‍കുന്നുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികളും നീരുറവകളും വിഷംപേറി ഒഴുകിത്തുടങ്ങി. വികൃതരൂപികളായ കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ കാസര്‍കോട്ടെ വടക്കന്‍ പഞ്ചായത്തുകളില്‍ അധിവസിക്കുന്നവര്‍ വിശ്വസിച്ചിരുന്നത് ഇത് ജടധാരിയുടെ കോപമാണെന്നാണ്. തുളുവരുടെ ഒരു തെയ്യമാണ് ജടധാരി. ശീവൊള്ളി ബ്രാഹ്മണന്‍ ജടധാരിയെ കൊന്ന് കുഴിച്ചുമൂടിയെന്നും അതിന്റെ പ്രതികാരമാണ് വികൃതരൂപത്തിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്നുള്ള ഒരു മിത്ത് പ്രചാരത്തിലുണ്ട്. ആണ്ടുതോറും എന്‍മകജെ സ്വര്‍ഗയിലെ ജടധാരിക്കാവില്‍ ജടധാരി തെയ്യം കെട്ടിയാടുന്ന പതിവ് ഇന്നുമുണ്ട്.

സംഭവം പുറംലോകമറിഞ്ഞതോടെയാണ് ഭീകരത ജനങ്ങള്‍ തിരിച്ചറിഞ്ഞത്. നീരുറവകളും കിണറുകളും മൂടാതെ എന്‍ഡോസള്‍ഫാന്‍ തളിച്ചത് മണ്ണിനെയും ജലത്തെയും വിഷലിപ്തമാക്കി. സസ്തനികള്‍ക്കും ഉരഗങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ന്യൂറോടോക്സിക് എന്ന രാസവസ്തു എന്‍ഡോസള്‍ഫാനില്‍ അടങ്ങിയതായി കമ്പനിയുടെ മാന്വലില്‍ത്തന്നെ പറയുന്നുണ്ട്. കമ്പനിതന്നെ ഇക്കാര്യം സമ്മതിക്കെ ഒരു ദാക്ഷിണ്യവും കൂടാതെ വര്‍ഷങ്ങളായി മാരകവിഷം തളിച്ചതിന്റെ പിന്നിലെ ഗൂഢാലോചന ഇനിയും വെളിച്ചത്തു വന്നിട്ടില്ല. സിപിസിആര്‍ഐയിലെയും കൃഷിവകുപ്പിലെയും ശാസ്ത്രജ്ഞന്‍മാരാണ് തേയില കൊതുകിനെ കൊല്ലാനായി ഈ കീടനാശിനി ശുപാര്‍ശചെയ്തത്. 1.745/ രാ3 സാന്ദ്രതയിലുള്ള .33 മില്ലിഗ്രാം എന്‍ഡോസള്‍ഫാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഹെലികോപ്റ്റര്‍ വഴി ആകാശമാര്‍ഗം തളിക്കാന്‍ ശുപാര്‍ശചെയ്തതിന്റെ എല്ലാ പാപഭാരവും ഈ ശാസ്ത്രജ്ഞന്‍മാര്‍ക്കാണ്. അവരാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്റെ ഔദ്യോഗിക രക്ഷകര്‍ . അവര്‍ ചാനലുകള്‍ക്ക് മുന്നിലിരുന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതരെ നോക്കി പറയുന്നു, നിങ്ങളുടെ രോഗത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന്. കാലം അവര്‍ക്കു മാപ്പു കൊടുക്കില്ല. ആറാം വയസ്സു മുതല്‍ ശരീരം തളര്‍ന്നുകിടക്കേണ്ടിവന്ന വണിനഗറിലെ ശീലാവതിയെയും അന്യഗ്രഹ ജീവികളെപ്പോലെ ഇന്നും ഇഴഞ്ഞുനടക്കുന്ന ബെള്ളൂരിലെ സൗമ്യയെയും അരുണ്‍കുമാറിനെയും ഐത്തനടുക്കയിലെ റിഷാനയെയും മുളിയാറിലെ ഷാഹിനെയും നോക്കി ഇതുപറയാന്‍ എങ്ങനെ ഇവര്‍ക്ക് മനസ്സുവരുന്നു! ജീവിതകാലം മുഴുവന്‍ നാക്ക് പുറത്തേക്കിട്ട് ജീവിക്കേണ്ടിവന്ന കവിതയുടെയും തല ഭീമാകാരമായി വലുതായി വലുതായിവന്ന് മരിച്ച സൈനബയുടെയും രക്തക്കട്ടകള്‍ ഛര്‍ദിച്ച് മരിച്ച ബെള്ളൂര്‍ ഗോളിക്കട്ടയിലെ പ്രജിതയുടെയും, പിറവിയിലോ പിറക്കാതെ തന്നെയോ മരിച്ചുപോയ ആയിരക്കണക്കിന് കുരുന്നുകളുടെയും നിലവിളി എന്‍ഡോസള്‍ഫാന്‍ സ്തുതിപാഠകരെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഹിരോഷിമയിലും നാഗസാക്കിയിലും ഒറ്റയടിക്കാണ് ആറ്റംബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കിയതെങ്കില്‍ കാല്‍നൂറ്റാണ്ടുകാലം പതിനൊന്നു പഞ്ചായത്തുകളും അനുബന്ധഗ്രാമങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. ഈ അക്രമത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് നാളെയുടെ പ്രതീക്ഷയായ കുഞ്ഞുങ്ങള്‍ക്കാണ്. ഇനിയും ജനിക്കാനിരിക്കുന്ന തലമുറകള്‍ക്കാണ്. ഈ വിഷലോബിയെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ നാണംകെട്ടത്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇത് തങ്ങളുടെ തലമുറകള്‍ക്ക് ആപത്താണ് എന്ന് സാക്ഷ്യം പറഞ്ഞിട്ടും ഇന്ത്യയ്ക്ക് മാത്രം അത് സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ 2011 ഒക്ടോബറില്‍ ഡിവൈഎഫ്ഐ കൊടുത്ത കേസില്‍ സുപ്രീംകോടതി ഈ മാരക കീടനാശിനിയെ നിരോധിച്ചു.

ഡിവൈഎഫ്ഐ കൊടുത്ത അന്യായത്തെ എതിര്‍ക്കാനായി എത്തിയത് കോണ്‍ഗ്രസ് വക്താക്കളായ അഭിഭാഷകരാണ്. കോണ്‍ഗ്രസ് വക്താക്കള്‍ എന്‍ഡോസള്‍ഫാന്റെയും വക്താക്കളാകുന്നു. ഈ വിഷയത്തിലെ അവരുടെ നിലപാടുകള്‍ കീടനാശിനിലോബികള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ബാധിത മേഖലയില്‍ കൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. പെന്‍ഷനും ചികില്‍സാ ആനുകൂല്യങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ 100-ാം ദിനാഘോഷത്തില്‍ത്തന്നെ നാമമാത്രമായി. എന്‍ഡോസള്‍ഫാന്‍ സെല്ലിനെ നിര്‍ജീവമാക്കി പുനരധിവാസ പദ്ധതികള്‍തന്നെ അട്ടിമറിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഭൂമിയുടെ 60 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് പ്ലാന്റേഷന്‍ കോര്‍പറേഷനാണ്. ഇപ്പോള്‍ അവര്‍ പ്ലാന്റേഷന്‍ തൊഴിലാളികളെ ഉപയോഗിച്ച് പുതിയ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു. പ്ലാന്റേഷന്‍ സംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് അധികാരികള്‍ . ഒരുകാലത്ത് എന്‍ഡോസള്‍ഫാന്‍ സമരത്തെ പ്രതിരോധിച്ചതും ഇതേ തൊഴിലാളികളെക്കൊണ്ടായിരുന്നു. അന്ന് ശരീരത്തില്‍ എന്‍ഡോസള്‍ഫാന്‍ വാരിത്തേച്ച് "കണ്ടോ ഒരു കുഴപ്പവുമില്ല" എന്നുപറഞ്ഞവര്‍ക്ക് പിന്നീട് ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. തുച്ഛമായ കൂലിയാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ഇന്നും നല്‍കുന്നത്. പ്ലാന്റേഷന്റെ കുതന്ത്രങ്ങള്‍ തൊഴിലാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കഷ്ടപ്പാടുകള്‍ അതിദാരുണമാണ്. രോഗവും രോഗപീഡയും പാര്‍പ്പിടവും ശുദ്ധജലമില്ലായ്മയും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതുകൊണ്ട് തീരുന്നതല്ല ഇവിടത്തെ പ്രശ്നം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ പുതിയ കര്‍മപദ്ധതിക്കുകൂടി തുടക്കം കുറിക്കുകയാണ്. പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച 87.26 ലക്ഷം രൂപ ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയാണ്.

15 രോഗബാധിത കുടുംബങ്ങള്‍ക്ക് വീട് നല്‍കും. വര്‍ഷങ്ങളായി കിടപ്പായ മാധ്യമങ്ങളിലൂടെ ജനലക്ഷങ്ങളുടെ നൊമ്പരമായ വാണിനഗറിലെ ശീലാവതിയുടേതുള്‍പ്പെടെ നിരാലംബരായ കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ മിടുക്കന്‍മാരായ 50 വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപ വീതം വിദ്യാഭ്യാസ സ്കോളര്‍ഷിപ്, രോഗികളുടെ ആവശ്യാര്‍ഥം യാത്രയ്ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസ്, ദുരിതാശ്വാസ സഹായനിധി എന്നിവയാണ് പ്രധാനമായും പുനരധിവാസ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരു യുവജനപ്രസ്ഥാനം നടത്തുന്ന പ്രധാന ജീവകാരുണ്യ ഇടപെടലായി എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസപദ്ധതി മാറുകയാണ്. നവംബര്‍ 16ന് രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കും. ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യം ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്തവും കടമയുമാണ്. ഒരു സന്ധ്യയ്ക്ക് പെറുവിലെ ആമസോണ്‍ നദിക്ക് കുറുകെ നീന്തി സാന്‍ പാബ്ലോയിലെ കുഷ്ഠരോഗികളുടെ കോളനിയിലെ രോഗബാധിതരോടൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച ഏണസ്റ്റോ ചെഗുവേരയുടെ "നിസ്സഹായരോടും നിരാലംബരോടും കാട്ടുന്ന കരുണ മറ്റൊരു വിപ്ലവംതന്നെ"ആണെന്ന വാക്കുകള്‍ ഞങ്ങളുടെ കര്‍ണപുടങ്ങളില്‍ ഇന്നും അലയടിക്കുന്നു.

*
സിജി മാത്യു (ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 15 നവംബര്‍ 2011

Friday, September 30, 2011

ഇനിയില്ല ആ വിഷമഴക്കാലം

അവസാനം എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു. വന്‍കിടകുത്തകകമ്പനിയുടെയും അവരുടെ പിണിയാളുകളുടെയും ഇടപെടലുകള്‍ മറികടന്നാണ് പരമോന്നതനീതിപീഠം രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.ഭോപാല്‍ ദുരന്തബാധിതരെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായി മരിച്ചു ജീവിക്കുന്ന കാസര്‍കോടന്‍ ഗ്രാമങ്ങളായ എന്‍മകജെയും പഡ്രെയും സ്വര്‍ഗയും വാണിനഗറുമെല്ലാം ഇപ്പോള്‍ നെടുവീര്‍പ്പിടുകയാവും. ഒരു തലമുറയുടെ സ്വപ്നങ്ങളെല്ലാം തേയിലക്കൂമ്പുപോലെ കരിഞ്ഞുപോയതോര്‍ത്ത്.. വികൃതരൂപികളായും വികലാംഗരായും ജനിച്ച് ഇഴഞ്ഞും വിലപിച്ചും കണ്‍മുന്നില്‍തന്നെയൊടുങ്ങിയ നിരവധി മനുഷ്യജന്‍മങ്ങളുടെ ശബ്ദമില്ലാത്ത നിലവിളികള്‍ അമര്‍ത്തിയൊടുങ്ങുന്നു. വര്‍ഷങ്ങളായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഇവിടുത്തെ മനുഷ്യ ജീവിതങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തി.

മാരകരോഗങ്ങള്‍ ബാധിച്ച് കൈാലുകള്‍ തളര്‍ന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാതെ ഒരു ജനത അനുഭവിക്കുന്ന തീരാദുരിതങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു. പഠനങ്ങളും ഗവേഷണങ്ങളുമെല്ലാമായി ഒരു പാടു കാലം കടന്നുപോയി. ഇന്നും മാരകകീടനാശിനിയുടെ ഇരകളായി കഴിയുകയാണ് കുറേ സാധുമനുഷ്യര്‍ .മണ്ണും ജലവും വായുവുമെല്ലാം വിഷമയമാക്കുന്ന കീടനാശിനി പ്രയോഗത്തിന്റെ കെടുതിയനുഭവിക്കേണ്ടത് ഒരു തലമുറ മാത്രമല്ല.അനേകം തലമുറകളോളം രോഗബാധിതരായി ഇവര്‍ നാടിന്റെ നൊമ്പരക്കാഴ്ചയായി. ചികില്‍സാക്യാമ്പുകളും ആശുപത്രികളുമായി വര്‍ഷങ്ങള്‍ .കാന്‍സറും മറ്റ് മാരകരോഗങ്ങളും തേര്‍വാഴ്ച നടത്തുകയാണ് ഇന്നും ഈ ഗ്രാമങ്ങളില്‍ . കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതു തന്നെ വികലാംഗരായാണ്. വികൃതമായ ശിരസും ശരീരാവയവങ്ങളുമായി ചികില്‍സകളൊന്നും ഫലിക്കാതെ.... പേരുപോലും അറിയാത്ത രോഗങ്ങളുമായി മല്ലടിച്ച് തീരുന്നവരുടെ കഷ്ടപ്പാടുകള്‍ പുറം ലോകം അറിഞ്ഞത് വളരെക്കാലത്തിനു ശേഷം. കശുമാവിന്‍പൂക്കളുടെ നീരു കുടിച്ചുവറ്റിക്കുന്ന തേയിലക്കൊതുകുകളെ നശിപ്പിക്കാന്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ വിലയിരുത്തുന്നതിനായി നിയമിക്കപ്പെട്ട കമ്മറ്റികളെയെല്ലാം കീടനാശിനിക്കമ്പനി വിലക്കെടുത്തു.

അവരുടെ ചെലവില്‍ പഠനം നടത്താനെത്തുന്നവര്‍ ആര്‍ക്കനുകൂലമായി റിപ്പോര്‍ട്ടെഴുതുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. തളിക്കാവുന്നതിന്റെ എത്രയോ ഇരട്ടിയാണ് വര്‍ഷങ്ങളായി തോട്ടങ്ങളില്‍ തളിച്ചിരുന്നത്. ഹെലികോപ്ടറില്‍ നിന്നും ഹാന്റ്പമ്പ് വഴിയും പ്രയോഗിച്ചതിനാല്‍ പരിസ്ഥിതി മലിനമായതിനൊപ്പം തൊഴിലാളികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. തുടര്‍ച്ചയായ പ്രയോഗം കൊണ്ട് കീടങ്ങള്‍ പ്രതിരോധശേഷി കൈവരിക്കുന്നു. ഇതിനു പ്രതിവിധിയായി കീടനാശിനിയുടെ അളവ് വര്‍ധിപ്പിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച കമ്പനി ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പ്രാമുഖ്യം കൊടുത്തില്ല. മനുഷ്യാവകാശങ്ങള്‍ പോലും ഹനിച്ചുകൊണ്ട് ഒരു ജനതക്കുമേല്‍ നടത്തിയ അതിക്രമത്തിനെതിരായി ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ദുര്‍ബലപ്പെടുത്തുവാനോ വഴിതിരിച്ചു വിടാനോ സമര്‍ത്ഥമായ നീക്കങ്ങളുണ്ടായി. കൃഷിയിടങ്ങളില്‍ നടത്തുന്ന കീടനാശിനിപ്രയോഗം ഉപരിതലജലത്തെ മാത്രമല്ല ഭൂഗര്‍ഭജലത്തെയും മലിനപ്പെടുത്തി.ആഹാരസാധനങ്ങളില്‍ പടരുന്ന വിഷാംശം ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഈ ആവാസവ്യവസ്ഥയില്‍ നിന്നും ആഹാരം സ്വീകരിക്കുന്ന എല്ലാജീവജാലങ്ങളും കെടുതികള്‍ക്കിരയാക്കി.

ശരീരത്തിനുള്ളിലെത്തുന്ന രാസവസ്തുക്കള്‍ പിന്നീട് ജീവികള്‍ക്ക് പുറന്തള്ളാനാവാതെ വരുന്നു. ഇത് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗങ്ങളാവട്ടെ മാരകവും. ലോകത്തിലൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത നീതികേടും മനുഷ്യാവകാശലംഘനവുമാണ് കാസര്‍ഗോട്ടെ ജനങ്ങളോട് അധികൃതര്‍ കാട്ടിയത്. പ്രതികരിക്കാന്‍പോലും അശക്തരായ മനുഷ്യരുടെ മേല്‍ വീണ്ടും വീണ്ടും വിഷമഴ. ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ഈ ഗ്രാമങ്ങള്‍ സമൂഹമനസാക്ഷിയോട് ചോദിച്ചു കൊണ്ടിരുന്നത്.എത്രയോ കാലം നീണ്ട പേരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്റെ നിരോധനത്തിലെത്തി. ഇനിയൊരിക്കലും തിരിച്ചെത്താനാവാത്ത വിധമാണ് നിരോധനം. സമരവുമായി രംഗത്തിറങ്ങിയ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാം. ഇനി ദുരിതമനുഭവിക്കുന്നവരെ പുരധിവസിപ്പിക്കണം. അവര്‍ക്കും തിരികെയെത്തണം സാധാരണജീവിതത്തിലേക്ക്.. പൂവും പൂമ്പാറ്റയും കിളികളുമെല്ലാം നിറഞ്ഞ പഴയകാലത്തേക്ക് സ്വര്‍ഗ്ഗയും പഡ്രെയും വാണിനഗറും.

*
ദേശാഭിമാനി

Thursday, August 18, 2011

ജീവനാശിനിയുടെ സ്തുതിപാഠകര്‍

എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അമ്പരപ്പിക്കുന്നതാണ്. മനുഷ്യനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കുള്ള എതിര്‍സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.

എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച ആരോഗ്യ- പാരിസ്ഥിതികപ്രശ്നത്തിന്റെ ബീഭത്സതയില്‍ പകച്ചുപോയവരാണ് നാം. കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി അഞ്ഞൂറിലധികംപേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരങ്ങള്‍ ജനിതകവൈകല്യമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് നരകയാതന അനുഭവിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ദിനംപ്രതി മുന്നോ നാലോ പേര്‍ മരിച്ചുവീഴുംവിധം എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ഗ്രാഫ് ഉയരുകയാണ്.

ഭോപാല്‍ ദുരന്തത്തിന് സമാനമാണ് കാസര്‍കോടന്‍ ഗ്രാമങ്ങളുടെ സ്ഥിതി. അംഗവൈകല്യത്തോടെയാണ് കുട്ടികള്‍ പിറന്നുവീഴുന്നത്. പലതവണ ഗര്‍ഭിണിയായിട്ടും നിര്‍ബന്ധപൂര്‍വം ഗര്‍ഭം അലസിപ്പിക്കലിന് വിധേയരായ സ്ത്രീകള്‍ കണ്ണീരുമായി കഴിയുന്നു. അന്ധതയും വളര്‍ച്ചയില്ലായ്മയും ഒരുതലമുറയെ ആകെ വേട്ടയാടുന്നു. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവിധം ജീവിതം തള്ളിനീക്കുന്നു. മനഃസാക്ഷിയുള്ളവരെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണെങ്ങും. ഈ ഭീകരതയെ മടിയില്ലാതെ ന്യായീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അത്യന്തം അപലപനീയമാണ്.

സ്റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി ലോബിയിങ് നടത്തി നാണംകെട്ട് പിന്തിരിയാന്‍ നിര്‍ബന്ധിതരായവര്‍ തങ്ങളുടെ നിലപാട് അവര്‍ക്കൊപ്പം തന്നെയാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുകയാണ് കോടതിയിലെ പരാമര്‍ശത്തിലൂടെ. 11 വര്‍ഷമായി കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നില്ലെങ്കിലും ഇപ്പോഴും കുഞ്ഞുങ്ങള്‍ വൈകല്യമുള്ളവരായി ജനിക്കുന്നുണ്ട്. ഇത് കണ്ടെത്തിയിട്ടും എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇത് ഒരു ജനതയുടെ ഉന്മൂലനാശത്തിനാണ് വഴിവയ്ക്കുക. അതുകൊണ്ടാണ് അടിയന്തരനിരോധനം ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങളില്‍ കൃഷി കുറവാണെന്നും നിരോധനം ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സംശയത്തിന്റെ പിന്‍ബലത്തിലാണെന്നും എതിര്‍സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കൃഷി വ്യാപകമായ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിന് പിന്നില്‍ കീടനാശിനി ലോബിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിശുദ്ധബന്ധമാണ് മറനീക്കുന്നത്. സര്‍ക്കാരിനുവേണ്ടി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര അഗ്രികള്‍ചറല്‍ ആന്‍ഡ് കോര്‍പറേഷന്‍ ഡയറക്ടര്‍ വന്ദനാ ജെയ്ന്‍ സ്റ്റോക്ക്ഹോമില്‍ കീടനാശിനി കമ്പനിക്കുവേണ്ടി വിവിധരാജ്യങ്ങളുമായി വിലപേശല്‍ നടത്തിയ ആളാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകത കോടതി തിരിച്ചറിഞ്ഞിട്ടും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം അത് തിരിച്ചറിയാതെപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിരാലംബരായ മനുഷ്യരെക്കാള്‍ പ്രധാനം കോടികള്‍ ഒഴുക്കുന്ന കോര്‍പറേറ്റുകളാണെന്ന കേന്ദ്രനിലപാട് തിരുത്തിയേ മതിയാകൂ. കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണെന്നത് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം കീടനാശിനി കമ്പനിയുടെ തിണ്ണനിരങ്ങുകയാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി അഭിഷേക് സിങ്വി കോടതിയില്‍ ഹാജരായ സംഭവം. എന്‍ഡോസള്‍ഫാനുവേണ്ടി കോടതിയില്‍ ഹാജരായ ഈ "മാന്യന്‍" മോണ്‍സാന്റോ, ഡൗ കെമിക്കല്‍സ്, ലോട്ടറിമാഫിയ എന്നിവയുടെ കേസുകള്‍ വാദിക്കാനും രംഗത്തെത്തി.

കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും നിയമോപദേശകനായ സിങ്വിയാണ് കോണ്‍ഗ്രസിന്റെ വക്താവായും രംഗത്തെത്തുന്നത്. ആദ്യം സിങ്വി വാദിക്കും, പീന്നീട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. നയങ്ങള്‍ തീരുമാനിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇരകള്‍ക്ക് അനുകൂലമായി നിലപാടെടുത്തതിന്റെപേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണനും കാര്‍ഷിക സര്‍വകലാശാലയിലെ കൃഷിശാസ്ത്രജ്ഞര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും എന്‍ഡോസള്‍ഫാന്‍ കമ്പനി തയ്യാറായി.

സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുത്ത കാസര്‍കോട് എന്‍ആര്‍എച്ച്എം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് അഷീലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും ഇടപെട്ടിരിക്കുന്നു. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചതിന്റെപേരില്‍ മികച്ചസേവനം നടത്തിയ ഡോക്ടറെ ബലിയാടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശിരസാവഹിക്കുകയാണ് സംസ്ഥാനസര്‍ക്കാരും. വേട്ടക്കാരെ പുണരുകയും ഇരകള്‍ക്കൊപ്പമാണെന്ന് നടിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊയ്മുഖം തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്. കരളലിയിപ്പിക്കുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ലോകത്തൊരിടത്തും ആവര്‍ത്തിക്കരുത്. ഒരു നാടിന്റെ ചൈതന്യത്തെ കവര്‍ന്നെടുത്ത മരണവ്യാപാരത്തിനെതിരെ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. "ഒരു ജീവനെങ്കിലും അപകടത്തിലാകുന്നെങ്കില്‍ അത്തരം കീടനാശിനി നിരോധിക്കാന്‍ എന്താണ് കാലതാമസ"മെന്ന പരമോന്നത നീതിപീഠത്തിന്റെ പരാമര്‍ശത്തില്‍ നമുക്ക് പ്രത്യാശിക്കാം.


*****


ടി വി രാജേഷ്

Sunday, August 14, 2011

ദേര്‍ മാസ്റ്റേഴ്‌സ്‌ വോയിസ്‌

നസറേത്തില്‍ നിന്നും നന്‍മവരുമോ?(യോഹന്നാന്റെ സുവിശേഷം 1.46) എന്ന്‌ സംശയിച്ച നഥാനയേലിന്‌ താമസിയാതെ ബോധ്യപ്പെട്ടു, നന്‍മവരുമെന്ന്‌. എന്നാല്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിലപാടില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിക്ക്‌ അങ്ങനെയൊരു സംശയം തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ സുപ്രിംകോടതിയില്‍ ഡോ വന്ദനാജയിന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.

കാസര്‍കോട്‌ ജില്ലയില്‍ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടു കാലമായി വ്യാപകമായി കാണുന്ന അപൂര്‍വ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാനല്ലത്രേ! എന്‍ഡോസള്‍ഫാന്‍ മനുഷ്യന്റെ ആരോഗ്യത്തിന്‌ ഹാനികരമാകുമെന്ന്‌ ശാസ്‌ത്രീയമായ തെളിവൊന്നുമില്ലെന്ന്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഡി വൈ എഫ്‌ ഐ ഫയല്‍ ചെയ്‌ത റിട്ട്‌ ഹര്‍ജിക്കെതിരെ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയായിരുന്നു കൃഷിവകുപ്പ്‌ ഡയറക്‌ടര്‍ വന്ദനാജയിന്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച പതിനാലോളം കമ്മിഷനുകളില്‍ രണ്ടെണ്ണമൊഴിച്ച്‌ മറ്റെല്ലാം എന്‍ഡോസള്‍ഫാന്‍ തന്നെയാണ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവയില്‍, എടുത്തുപറയേണ്ട രണ്ട്‌ പഠന റിപ്പോര്‍ട്ടുകളുണ്ട്‌: ഡോ ശിവരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ റിപ്പോര്‍ട്ടും. അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വീസസ്‌, ഡോ പി കെ ശിവരാമനോടൊപ്പം പഠനസംഘത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിലെ റാപിഡ്‌ റെണ്‍സ്‌പേണ്‍സ്‌ ടീം എപ്പിഡെമോളജിസ്റ്റ്‌ ഡോ ആയിഷാബീഗം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രഫ ഡോ വല്‍സല, ആര്‍ സി സി യിലെ ഡോ കലാവതി, സംസ്ഥാന മാലിന്യനിയന്ത്രണ ബോര്‍ഡ്‌ മേധാവി ഇന്ദുലാല്‍, കൃഷിവകുപ്പ്‌ അഡീഷണല്‍ ഡയറക്‌ടര്‍ കെ കെ ഗംഗാധരന്‍ എന്നിവരുമുണ്ടായിരുന്നു. പതിനൊന്ന്‌ പഞ്ചായത്തുകളിലെ 4696 ഹെക്‌ടര്‍ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടത്തിനടുത്തുള്ള വീടുകള്‍തോറും കയറിയിറങ്ങി ശേഖരിച്ച വിവരങ്ങള്‍, കീടനാശിനി തളിക്കാത്ത രണ്ടു വിദൂര ഗ്രാമങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളുമായി താരതമ്യപ്പെടുത്തി പഠിച്ചശേഷമാണ്‌ 2003 ല്‍ മുഖ്യമന്ത്രി എ കെ ആന്റണിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

ഇതിന്‌ തൊട്ടുമുമ്പായിരുന്നു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്തിന്റെ പഠനം. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ എന്‍ ഐ ഒ എച്ച്‌ പഠനം നടത്തിയത്‌. ഡോ ഹബീബുള്ള സയിദിന്റെ നേതൃത്വത്തില്‍ എന്‍ ഐ ഒ എച്ചിനോടൊപ്പം മണിപ്പാല്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളജിലെ ഇരുപത്തെട്ടോളം ഡോക്‌ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ച്‌ അപഗ്രധിച്ചു. അന്താരാഷ്‌ട്ര നിലവാരമുള്ള ലാബുകളിലാണ്‌ സാമ്പിള്‍ പരിശോധന നടത്തിയത്‌. ബംഗളൂരിലെ റീജിയണല്‍ റിമോട്ട്‌ സെന്‍സിംഗ്‌ സര്‍വീസ്‌ സെന്ററിന്റെ സഹായത്തോടെ ഈ പ്രദേശത്തിന്റെ പാരിസ്ഥിതികമായ ഘടന സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. തോട്ടംമേഖലയില്‍ നിന്നും അകലെയുള്ള പഞ്ചായത്തില്‍ സമാനമായ സാമൂഹ്യസാമ്പത്തിക സാഹചര്യത്തില്‍ ജീവിക്കുന്നവരില്‍ നിന്നും സാമ്പിളുകളെടുത്ത്‌ താരതമ്യപ്പെടുത്തി.

പരാമാവധി സമഗ്രവും ശാസ്‌ത്രീയവുമായ ഈ റിപ്പോര്‍ട്ട്‌ കാരണം പറയാതെ മാറ്റിവെച്ചിട്ടാണ്‌ 2002 ല്‍ ശരത്‌പവാര്‍ ഒ പി ദുബെയുടെ നേതൃത്വത്തില്‍ ഒരു പഠനസംഘത്തെ നിയോഗിച്ചത്‌. കാസര്‍കോട്ടെ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ കശുമാവു കൃഷിക്ക്‌ അത്യുത്തമം എന്ന്‌ ശുപാര്‍ശ ചെയ്‌തത്‌ ഇതേ ദുബെ ആയിരുന്നു എന്നറിയുന്നു. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ലാബില്‍ നടത്തിയ സാമ്പിള്‍ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ (അതുപോലും പിന്നീട്‌ തിരുത്തിയെഴുതിയതായിരുന്നു) ആധാരമാക്കി ദുബെ വിധി പറഞ്ഞു. എന്‍ഡോസള്‍ഫാനല്ല ദുരിത കാരണം. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എട്ട്‌ കമ്മിഷനംഗങ്ങളില്‍ രണ്ടു പേരെ അന്തിമ റിപ്പോര്‍ട്ടില്‍ ഒപ്പ്‌ വെച്ചിട്ടുള്ളു-കീടനാശിനി കമ്പനികളുടെ മേധാവികളായ അശ്വിന്‍ ഷ്‌റോഫും സാഗര്‍ കൗശിക്കും.

എന്‍ ഐ ഒ എച്ചിന്റെ കണ്ടെത്തല്‍ ദുബെയുടേതില്‍ നിന്നും വ്യത്യസ്‌തമാണല്ലോ എന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ ശരത്‌പവാര്‍ മറ്റൊരു പഠനസംഘത്തെ അയച്ചു. ഡോ സി ഡി മായിയുടെ നേതൃത്വത്തില്‍ ദുബെയുടെ റിപ്പോര്‍ട്ടിന്‌ കീഴൊപ്പ്‌ ചാര്‍ത്തി മായി കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടാണ്‌ ഇന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്‌ വേദം. മായിയുടെ സംഘം ദുബെയുടെയും റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നു. കമ്മിഷന്റെ രണ്ടാമത്ത യോഗത്തില്‍ (2004 നവംബര്‍ അഞ്ച്‌) രണ്ടും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന്‌ കണ്ടെത്തിയ അംഗങ്ങള്‍ ഒരു കാര്യത്തില്‍ യോജിച്ചു. ``എന്‍ഡോസള്‍ഫാന്‍ കാന്‍സറിന്‌ കാരണമാകും; ജനിതക വൈകല്യങ്ങള്‍ക്കും. (കാര്‍സിനോ ജെനിക്‌, ജെനോ ടോക്‌സിക്‌). പക്ഷേ, അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിവെച്ചു: എന്‍ഡോസള്‍ഫാന്‍ ആകാശത്തുനിന്നുപോലും തളിക്കാന്‍ വിരോധമില്ല; പഡ്രെയിലും മറ്റും കാണുന്ന അപൂര്‍വ രോഗങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാനല്ല!

`ഹൈലി ഹസാര്‍ഡസ്‌' (അങ്ങേയറ്റം ആപല്‍ക്കരമായത്‌) എന്നാണ്‌ അമേരിക്കന്‍ എന്‍വയണ്‍മെന്റല്‍ ഏജന്‍സി എന്‍ഡോസള്‍ഫാനെ വിശേഷിപ്പിക്കുന്നത്‌. യൂറോപ്യന്‍ യൂണിയനും അത്‌ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ്‌ ആദ്യം അത്‌ ഉല്‍പാദിപ്പിച്ച അമേരിക്ക തന്നെ താമസിയാതെ നിരോധിച്ചതും കമ്പനി അടച്ചൂപൂട്ടിയതും. ഏപ്രില്‍ മാസത്തില്‍ സമാപിച്ച ജനീവ കണ്‍വെന്‍ഷന്‌ മുമ്പേ തന്നെ എണ്‍പതില്‍പ്പരം രാജ്യങ്ങള്‍ നിരോധന മേര്‍പ്പെടുത്തിയതും കണ്‍വെന്‍ഷനില്‍ ഒറ്റക്കെട്ടായി നിരോധനം ആവശ്യപ്പെട്ടതും വെറുതെയാവില്ലല്ലോ. ഒട്ടും ആപല്‍ക്കാരിയല്ലാത്തതും കാര്‍ഷികമേഖലയ്‌ക്ക്‌ അനുഗ്രഹം ചൊരിയുന്നതുമായ ഒരു `സിദ്ധൗഷധ' ത്തെ ആരാണ്‌ നിരോധിക്കുക?

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച്‌ വിപണനം നടത്തുന്ന കമ്പനികളുടെ `ബ്രാന്‍ഡ്‌ അംബാസിഡറുടെ റോളാണ്‌ ഒ പി ദുബെയ്‌ക്കുള്ളത്‌. അതേ റോളാണ്‌ ശരത്‌പവാറും കെ വി തോമസും വഹിക്കുന്നത്‌. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടിയാണ്‌ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ വാദിച്ചത്‌. ഏപ്രില്‍ 29 ന്‌ സമാപിച്ച ജനീവ കണ്‍വെന്‍ഷനില്‍ കൃഷിവകുപ്പ്‌ ഡപ്യൂട്ടി സെക്രട്ടറി വന്ദനാജയിന്‍ ഇന്ത്യയുടെ നിലപാടെന്ന നിലയില്‍ അവതരിപ്പിച്ചത്‌ അവര്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ടുകളായിരുന്നു. അതിന്റെ നേര്‍ പകര്‍പ്പാണ്‌ ഇപ്പോള്‍ സുപ്രിംകോടതിയില്‍ സത്യവാങ്‌മൂലമായി സമര്‍പ്പിച്ചത്‌.

എല്ലാം അവരുടെ യജമാനന്റെ മൊഴി! (Their master?s voice!)


*****


നാരായണന്‍ പേരിയ , കടപ്പാട് : ജനയുഗം


(ലേഖകന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ആണ്‌ )

Friday, April 22, 2011

ഒപ്പുമരത്തിന്റെ ചുവട്ടിലേയ്ക്ക് വരിക

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ വിഷമായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ജനതയൊന്നാകെ നടത്തുന്ന പോരാട്ടങ്ങളെ അനുഭാവപൂര്‍വ്വം കാണുന്നവരാണ് നമ്മളെല്ലാം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരുമായി പക്ഷം ചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടാതെ, സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാരിനെ നാം എന്തുപേരിട്ടാണ് വിളിക്കേണ്ടത്? അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 80-ലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും കാസര്‍ഗോഡ് ഉള്‍പ്പെടുന്ന ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്രവേദികളില്‍ നിലയുറപ്പിക്കുന്നത് ഇന്ത്യക്കാരെ മുഴുവന്‍ ലജ്ജിപ്പിക്കുന്നു.

ഏപ്രില്‍ 25 മുതല്‍ 27 വരെ ജനീവയില്‍ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതിയോഗം ചേരുന്നത് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെപ്പറ്റി ആലോചിക്കാനാണ്. ഈ സമിതി കഴിഞ്ഞ ഒക്ടോബറില്‍തന്നെ ഇന്ത്യയുള്‍പ്പെടയുളള രാജ്യങ്ങളോട് ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യെപ്പട്ടിരുന്നതുമാണ്. എന്നാല്‍ നമ്മുടെ ഭാരതം കുറ്റകരമായ മൗനം പാലിക്കുകയാണ്.

സ്വന്തം ജനത നരകയാതനയുംപേറി മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷം ചേര്‍ന്നു 'കൊലവിളി' മുഴക്കുന്ന അപമാനകരമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും, ജനതയേയും പ്രകൃതിയേയും കേന്ദ്രബിന്ദുവായി കാണുന്ന ശാസ്ത്രലോകത്തിന്റെ നിരീക്ഷണങ്ങളും ഈ മാരകവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഏവരേയും പ്രേരിപ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതങ്ങള്‍ പേറേണ്ടിവന്നവരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമുണ്ടായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധിതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കാനാണ് ഇപ്പോഴും ഉത്സാഹിക്കുന്നത്.

1956-ല്‍ ബോംബെയില്‍ നിന്നും ഒരു കപ്പലില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്ന ഫോളിഡോള്‍ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളുമായി കലരുകയും നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഞെട്ടലോടെ രാജ്യം കണ്ട ഈ ദാരുണസംഭവം അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അദ്ദേഹം മന്‍മോഹന്‍സിംഗിനെപ്പോലെ മൗനത്തിന്റെ വാത്മീകങ്ങളില്‍ അഭയം തേടുകയായിരുന്നില്ല ചെയ്തത്. ജസ്റ്റീസ് ഷായെ അന്വേഷണ കമ്മിഷനായി നെഹ്‌റു നിയോഗിച്ചു. 1958-ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷം സംഭവിക്കാന്‍ പാടില്ലെന്ന വിശാല കാഴ്ചപ്പാടോടെ കീടനാശിനികളുടെ ഉല്‍പാദനം, ഉപയോഗം, വിതരണം എന്നിവയിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താനുളള നിയമത്തിന്റെ ആവശ്യകത പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിച്ചതും നെഹ്‌റുതന്നെയായിരുന്നു. ഇതില്‍ നിന്നാണ് 1968-ലെ ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ടിന്റെ പിറവിയുണ്ടായത്. നൂറിലധികംപേരുടെ മരണം നെഹ്‌റുവിന്റെ മനസ്സിനെ ഇളക്കി, ഉളളുപൊളിച്ചു ഉറക്കം കെടുത്തി. അദ്ദേഹത്തിന്റെ അടിയന്തിര ഇടപെടലുകളിലൂടെ രാജ്യത്തിന് അത്യാവശ്യമായിരുന്ന ഒരു നിയമം തന്നെ ഉണ്ടായി.
വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ കീടനാശിനി മൂലം പതിനായിരങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ ഭാര്യ യു പി എ അധ്യക്ഷ പദവിയുംപേറി ഇന്ത്യന്‍ ഭരണത്തെ നിയന്ത്രിക്കുമ്പോള്‍, കേന്ദ്ര ഭരണകൂടം കീടനാശിനിക്കു സ്തുതിഗീതം പാടുകയാണ്. നെഹ്‌റുവിനെക്കുറിച്ചും, ഇന്ദിരാഗാന്ധിയെക്കുറിച്ചും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രകൃതിപക്ഷപാതിത്വത്തെക്കുറിച്ചും വാതോരാതെ പറയുന്നവര്‍ കേന്ദ്ര ക്യാബിനറ്റില്‍ വാണരുളുമ്പോള്‍ കാസര്‍ഗോഡ് ഒരു ദുരന്ത ഭൂമിയായി മാറിത്തീരുന്നു. ഇതിനു കാരണമായ കീടനാശിനി നിേരാധിക്കണമെന്ന മുറവിളികള്‍ക്ക് ഭരണാധികാരികള്‍ കാതുകൊടുക്കാതിരിക്കുന്നത് മിതമായി പറഞ്ഞാല്‍ മനുഷ്യത്വഹീനമാണ്.

കണ്ണീര്‍ പോലും വറ്റിവരണ്ടുപോകുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നുണ്ട്. ചിന്നപ്പഷെട്ടി, സുജിത്, ഷാഹിന...... എന്റെ ഉളളിലെ ചിത്രങ്ങള്‍ ഏറെയാണ്. 20 വയസ്സിനപ്പുറമെത്തിയിട്ടും 'അമ്മേ' എന്നൊന്നുച്ചരിക്കാത്ത മകനേയും ചേര്‍ത്തുനിര്‍ത്തി കണ്ണിലേക്ക് നോക്കിനിന്ന ആ സഹോദരിയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിക്കാലുകാണാന്‍ നിരവധിപേര്‍ കൊതിക്കുന്ന ഈ ലോകത്ത്, തങ്ങള്‍ക്ക് അംഗവൈകല്യമുളള മക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭഛിദ്രത്തിന് തയ്യാറാകുന്നവരെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളെത്തുന്നത്! ഇെതത്ര ദയനീയവും ഭീകരവുമാണ്.!!

മനുഷ്യത്വത്തെ പിടിച്ചുലയ്ക്കുന്ന ഈ ദൃശ്യങ്ങളും വാര്‍ത്തകളും ശരത് പവാറിനും കെ വി തോമസിനും ബാധകമാകുന്നതേയില്ല. 'മായിയായ നമഃ' (അവരുടെ ഇഷ്ട ശാസ്ത്രജ്ഞനായ ഡോഃ മായിയെ ഓര്‍ക്കുക) എന്ന മന്ത്രം ചൊല്ലി കീടനാശിനി കമ്പനികളുടെ ദാസ്യവേലയില്‍ അഭിരമിക്കുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക ?

ഏപ്രില്‍ 25-ന് ജനീവയില്‍ യോഗം ചേരുമ്പോള്‍ ഇന്ത്യ എന്താണ് പറയുക? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും പറയുമ്പോള്‍ ഇന്ത്യ വേട്ടക്കാരുടെ പക്ഷത്തായിരുന്ന നാളിതുവരെ. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്നുണ്ട്. ജനീവയില്‍ പറയാന്‍ പോകുന്നതും ഇതായിരിക്കാം. പ്രധാനമന്ത്രിയോടും കൃഷിമന്ത്രാലയത്തിലെ പ്രമുഖരോടും ഇക്കാര്യത്തിലെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്കു പുറപ്പെടുകയാണ്. അവസാനമായി ഒന്നുകൂടി പറയാന്‍. ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25-ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി കേരളം ആചരിക്കുകയാണ്. കേരളമൊന്നാകെ ഈ പ്രതിഷേധത്തില്‍ പങ്കാളികളാവേണ്ടതുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വേട്ടനായ്ക്കളാല്‍ കടിച്ചുകീറപ്പെടുമ്പോള്‍ ജനപ്രതിനിധികള്‍ ആരുടെ പക്ഷത്തായിരിക്കണം? എന്‍ഡോസള്‍ഫാന്‍ വിഷയം നമുക്കു നല്‍കുന്ന കാഴ്ച ജനസേവകര്‍ ജനവിരുദ്ധരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടേമതിയാകൂ.

നമ്മുടെ രോഷങ്ങള്‍ അണപൊട്ടി ഒഴുകേണ്ടത് ഇപ്പോഴാണ്. ജനങ്ങള്‍ക്ക് മരണം സമ്മാനിക്കുന്ന അഭിനവ നീറോമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ വായിക്കുമ്പോള്‍ നാം നിസംഗത പാലിക്കുന്നത് അപകടകരമാണ്.

ഗാന്ധിയന്‍ സമരങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ കേന്ദ്രഭരണക്കാരുടെ കണ്ണുതുറപ്പിക്കാനുളള പരിശ്രമത്തിലാണ് ഒരു ജനതയിപ്പോള്‍. പലപേരുകളില്‍ പല സംഘങ്ങളായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണ്. അവര്‍ പാതയോരങ്ങളില്‍ യോഗങ്ങള്‍ ചേരുന്നു, പ്രതിഷേധത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നു. മരങ്ങളെ ആദരവോടെ കണ്ട പഴയ തലമുറയുടെ രീതികളെ ഉളളില്‍ കുടിയിരുത്തി മരച്ചുവട്ടില്‍ ഒപ്പു ശേഖരിക്കുന്നു. ഒപ്പുമരങ്ങളെന്നാണ് ഈ നല്ല മനുഷ്യര്‍ അവയ്ക്കിട്ടിരിക്കുന്ന പേര്.

കാസര്‍ഗോഡും, തിരുവനന്തപുരത്തും കേരളത്തില്‍ നിരവധിയായ ഇടങ്ങളിലും ഒപ്പുമരങ്ങളുണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആണ് തിരുവനന്തപുരത്തെ ഒപ്പുമരത്തില്‍ ആദ്യത്തെ ഒപ്പ് രേഖപ്പെടുത്തിയത്. ഇനി നമ്മുടെയെല്ലാം ഊഴമാണ്. കേരളമൊന്നാകെ ഈ കൊടിയ അനീതിയില്‍ പ്രതിഷേധിച്ചേ മതിയാകൂ. ഒപ്പുമരങ്ങളുടെ ചുവട്ടിലേക്ക് നമ്മളെല്ലാം കൂട്ടം കൂട്ടമായി എത്തുക. പ്രതികരിക്കുക, പ്രതിഷേധിക്കുക. ഇതാണ് അതിനുളള സമയം.


*****


ബിനോയ് വിശ്വം

Wednesday, January 5, 2011

എന്‍ഡോസള്‍ഫാന്‍ - മൂലധന താല്‍പ്പര്യവും ആധുനിക കൃഷിരീതിയും

കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്നുവന്നിട്ടുള്ള എന്‍ഡോസള്‍ഫാന്‍ വിവാദത്തിന്റെ ഫലമായി ഇന്ത്യാ ഗവണ്‍മെന്റിന് അത് നിരോധിക്കാതെ അധികകാലം പിടിച്ചുനില്ക്കാനാകില്ല. വിടാതെ പിടിച്ചുനില്‍ക്കുന്ന അകാര്‍ബണിക മാലിന്യകാരകങ്ങളെ (persistent organic pollutants POP) സംബന്ധിച്ചുള്ള അന്താരാഷ്ട്ര അവലോകന സമിതിയുടെ 2010 ഒക്ടോബറില്‍ ജനീവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത 29 രാഷ്ട്രങ്ങളുടെ പ്രതിനിധികളില്‍ 24 പേരും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ ഇന്ത്യയുടെ പ്രതിനിധി മാത്രമാണ് അതിനെ എതിര്‍ത്തത്. അവലോകന സമിതിയുടെ ശുപാര്‍ശ 2011 മേയില്‍ ചേരുന്ന 166 അംഗരാജ്യങ്ങളടങ്ങിയ സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ചര്‍ച്ചക്ക് വരും. അവലോകന സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്രതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം വേണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ തീരുമാനം അംഗീകരിച്ച് നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിത്തീരും.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലും രാസകീടനാശിനികളെയും രാസവളങ്ങളെയും മാത്രമല്ല മൂലധന താല്പര്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിച്ച ആധുനിക കൃഷിശാസ്ത്രത്തെയും പറ്റിയുള്ള പുനരവലോകനം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരണം. അടിസ്ഥാനപരമായി കൃഷി പ്രകൃതിവിരുദ്ധമാണ്. ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസൃതമായി എല്ലാതരം സസ്യങ്ങളും കീടങ്ങളടക്കമുള്ള മറ്റു ജീവജാതികളും പരസ്പരം സഹകരിച്ച് ഒരുമിച്ച് വളരുക എന്നതാണ് പ്രകൃതിതത്വം. മനുഷ്യന്റെ ബുദ്ധിയുടെ വികാസത്തോടെ സസ്യങ്ങളുടെ വിവിധ സ്വഭാവങ്ങള്‍ തിരിച്ചറിയാനും തങ്ങള്‍ക്കിഷ്ടപ്പെട്ടവയെ തെരഞ്ഞുപിടിച്ച് 'വിള'യായി പ്രത്യേകം വളര്‍ത്തുവാനും, ഇഷ്ടമല്ലാത്തവയെയും വിളകള്‍ക്ക് വിഘാതമായവയെയും 'കള'കളും 'കീട'ങ്ങളും ആക്കി നശിപ്പിക്കാനും തുടങ്ങിയതോടെയാണ് കൃഷി വ്യാപകമാകുന്നത്. ഇതിന്റെ ഫലമായാണ് വിശ്രമവേളകളുണ്ടാകുന്നതും ജനസംഖ്യ വര്‍ധിക്കുന്നതും വൈജ്ഞാനികവും സാംസ്കാരികവുമായ വന്‍ കുതിപ്പ് തുടങ്ങുന്നതും. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടങ്ങി 1930 കളിലെ മാന്ദ്യത്തിനും രണ്ടാം ലോക മഹായുദ്ധത്തിനുംശേഷം പൂര്‍വാധികം ശക്തിയാര്‍ജിച്ച മുതലാളിത്ത വ്യവസ്ഥയില്‍ കൃഷി മൂലധന പ്രചോദിതമായ 'കൃഷി വ്യവസായ'മായി. സ്വാഭാവികമായും ലാഭം മാത്രമായി പ്രധാന ലക്ഷ്യം. അധികോത്പാദന ശേഷിയുള്ളവയും ജനിതകമാറ്റം വരുത്തിയവയുമായ വിത്തുകളും രാസകീടനാശിനികളും, രാസവളങ്ങളും എല്ലാം കൃഷിവ്യവസായത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കാനും അവയെല്ലാം കുത്തകവ്യവസായികളുടെ നിയന്ത്രണത്തിലാക്കാനും മൂലധന താല്പര്യങ്ങള്‍ക്കു കഴിഞ്ഞു. ഊര്‍ജിത ഏകവിളകൃഷിക്ക് പ്രാധാന്യമേകുന്നത് കീടങ്ങള്‍ക്കു വളരാനുള്ള സാഹചര്യമൊരുക്കി. ഇത്തരം കൃഷിക്ക് കീടനിയന്ത്രണം അനിവാര്യമായി. 1950 കളിലെ രൂക്ഷമായ ഭക്ഷ്യക്കമ്മിയില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച ഹരിതവിപ്ളവമാണല്ലൊ ഇവിടെ രാസകീടനാശിനി പ്രയോഗത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഉത്തേജകമായത്. മൂലധന താല്പര്യങ്ങളുടെയും, രാസകീടനാശിനി കൂടാതെ കൃഷിതന്നെ സുസാധ്യമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നിരവധി ശാസ്ത്രജ്ഞന്മാരുടെയും പ്രേരണയില്‍ മൂന്നാംലോക രാജ്യങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകര്‍ ഉപയോഗ ക്രമങ്ങളും, അപകടങ്ങളും അറിയാതെ രാസകീടനി പ്രയോഗം തുടര്‍ന്നുകൊണ്ടേയിരിക്കും. അനാവശ്യവും അനവസരത്തിലുള്ളതും, അമിതമായതുമായ കീടനാശിനി പ്രയോഗം പ്രോത്സാഹിപ്പിച്ച് വന്‍ ലാഭമുണ്ടാക്കുവാന്‍വേണ്ടി ഉത്പാദനം വര്‍ധിപ്പിച്ച് വിതരണം ചെയ്യുക എന്ന നിലയിലേക്ക് കീടനാശിനി വ്യവസായം എത്തിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം നിലനില്ക്കുന്ന കേരളത്തില്‍പോലും ഇന്നാട്ടിലെ പ്രധാന കൃഷികളായ നെല്ലിനും തെങ്ങിനും എന്‍ഡോസള്‍ഫാന്‍ പ്രയോഗം നല്ല കാര്‍ഷിക പ്രവര്‍ത്തനത്തിന്റെ (good agricultural practice) ഭാഗമായി കൃഷിവകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിര്‍ദ്ദേശിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. അതിനാല്‍ അമിതമായ രാസകീടനാശിനികളും രാസവളങ്ങളും മറ്റും അനിവാര്യമാക്കുന്ന ആധുനിക കൃഷിവ്യവസായത്തെക്കുറിച്ചുള്ള സമഗ്രമായ പുനരവലോകനം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ ഇപ്പോഴത്തെ സംവാദം അതിലേക്ക് നയിക്കണം.

എന്‍ഡോസള്‍ഫാന്‍

ഓര്‍ഗാനോക്ളോറൈഡ് വിഭാഗത്തില്‍പ്പെട്ട മാരകമായ ഒരു കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഈ വിഭാഗത്തില്‍പ്പെട്ട ആള്‍ഡ്രിന്‍, ഡയല്‍ഡ്രിന്‍, ക്ളോര്‍ഡെയ്ന്‍, ഹെപ്റ്റാക്ളോര്‍, എന്‍ഡ്രീന്‍ എന്നിവ 2001ല്‍തന്നെ സ്റ്റോക്ഹോം കണ്‍വന്‍ഷന്റെ തീരുമാനപ്രകാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചു. ഇവയെല്ലാം വിഘടിക്കാതെ വളരെക്കാലം അന്തരീക്ഷത്തിലും വെള്ളത്തിലും മണ്ണിലും ജൈവവസ്തുക്കളിലും പിടിച്ചുനില്ക്കുന്ന 'പോപ്സ്' ലിസ്റ്റില്‍പ്പെട്ടവയാണ്. എന്നാല്‍ എന്‍ഡോസള്‍ഫാന്റെ തന്മാത്രഘടനയില്‍ ഉള്ള ഹെക്സാക്ളോറോ ശൃംഖലയിലെ സള്‍ഫ്യൂറസ് കണ്ണിമൂലം ഇതില്‍ അപചയസാധ്യത ഉണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് 2001ല്‍ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടാതെപോയത്. വിവിധ രാജ്യങ്ങളില്‍ പിന്നീടു നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ജീവികളിലും പരിസരത്തിലും വരുത്തുന്ന ദോഷങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ ഇതിന്റെ അര്‍ധായുസ്സ് മൂന്നു മുതല്‍ ഏഴുദിവസം വരെയാണ്; മണ്ണില്‍ അഞ്ചു മുതല്‍ 80 ദിവസം വരെയാണ്. പി എച്ച് മൂല്യം കുറഞ്ഞാല്‍ അര്‍ധായുസ്സ് കൂടും. മണ്ണില്‍ ഇത് എന്‍ഡോസള്‍ഫാന്‍ ഡയോളും എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും ആയി പരിണമിക്കുന്നതിനാല്‍ അര്‍ധായുസ്സ് 800 ദിവസം വരെ ആകാം. ജൈവസാന്ദ്രീകരണംവഴി ഇത് ജീവികളില്‍ ദീര്‍ഘകാലം അടിഞ്ഞുകൂടി ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

ലോകത്തില്‍ ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ്, സ്വകാര്യ മേഖലയിലുള്ള എക്സല്‍ ഇന്‍ഡസ്ട്രീസ്, കോറമാന്റല്‍ ഗ്രൂപ്പ് എന്നിവയാണ് ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനം നടത്തുന്നത്. ഉത്പാദിപ്പിക്കുന്നതില്‍ നല്ലൊരുപങ്ക് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു.

എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന പ്രധാന ദോഷഫലങ്ങള്‍

വെള്ളം, വായു, മണ്ണ് എന്നീ മൂന്നു മാധ്യമങ്ങളില്‍ക്കൂടെയും ഈ കീടനാശിനി ജൈവവ്യൂഹത്തില്‍ പരക്കുന്നു. ഇത് വെള്ളത്തില്‍ ലിറ്ററിന് 0. 3 ഗ്രാമിനു താഴെ മാത്രമെ അലിയുകയുള്ളൂ. അതിനാല്‍ എമള്‍ഷന്‍ രൂപത്തിലാണ് ഇത് തളിക്കുന്നത്. വളരെ സൂക്ഷ്മകണികകളായാണ് ഇത് അന്തരീക്ഷത്തില്‍ പരക്കുന്നത്. മൂടല്‍മഞ്ഞുപോലെ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് ഇത് പതുക്കെ ചെടികളിലും വെള്ളത്തിലും മണ്ണിലും എത്തുന്നു. ഇതിനിടെ കാറ്റുമൂലം ഇത് ഉദ്ദിഷ്ടസ്ഥലത്തിനു (target area) പുറത്തേക്ക് വളരെ അകലങ്ങളിലേക്ക് പകരും. കൃഷിയോ കീടനാശിനി പ്രയോഗമോ ഇല്ലാത്ത ഉത്തരധ്രുവ പ്രദേശങ്ങളില്‍ ഇതിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനടക്കമുള്ള ജന്തുക്കളില്‍ ഇത് തൊലി, ശ്വസനം, ദഹനം എന്നീ മാര്‍ഗങ്ങളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു.

അന്തഃസ്രാവി ഗ്രന്ഥികളെ ബാധിക്കുന്നതുമൂലം എന്‍ഡോസള്‍ഫാന്‍ സ്ത്രീകളുടെ ആര്‍ത്തവചക്രം, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു. കരള്‍, തൈറോയ്ഡ് എന്നിവയെ സംബന്ധിച്ച രോഗങ്ങളും വ്യാപകമായി കാണുന്നു. കേന്ദ്രനാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുകവഴി സിരാക്ഷോഭം (convulsion), വിറയല്‍ (tremor), മോട്ടോര്‍ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, ഓര്‍മക്കുറവ്, പഠനവൈകല്യങ്ങള്‍, അപസ്മാരം എന്നിവ സംഭവിക്കുന്നു. കൂടാതെ ഛര്‍ദി, വയറിളക്കം, രക്തക്കുറവ്, ശ്വാസതടസ്സം, ചര്‍മരോഗങ്ങള്‍ എന്നിവയും വ്യാപകമായി കണ്ടുവരുന്നു. മ്യൂട്ടേഷനും ജനിതകവൈകല്യങ്ങളുംമൂലം ദോഷഫലങ്ങള്‍ തലമുറകളിലേക്ക് എത്തുന്നു.

തേനീച്ചകള്‍, തവളകള്‍, മത്സ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയെയും എന്‍ഡോസര്‍ഫാന്‍ ദോഷകരമായി ബാധിക്കുന്നു. തേനീച്ചകള്‍ ഇല്ലാതാകുന്നതുമൂലം കാസര്‍കോട്ടെ തോട്ടങ്ങളില്‍ ലാഭകരമായി നടത്തിയിരുന്ന തേനീച്ചവളര്‍ത്തല്‍ നശിച്ചുപോയതായി കാണുന്നു.

വെള്ളം, മണ്ണ് എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടങ്ങള്‍ തങ്ങിനില്ക്കുന്നതുമൂലം പരിസ്ഥിതിയെ ഈ കീടനാശിനി വിപരീതമായി ബാധിക്കുന്നു.

എന്‍ഡോസള്‍ഫാന്റെ ചരിത്രം

1950കളില്‍ യുഎസ്എയിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടങ്ങിയത്. പരുത്തി, പച്ചക്കറി എന്നിവയിലാണ് തുടക്കത്തില്‍ ഇതുപയോഗിച്ചത്. വിലക്കുറവ്, വേഗത്തിലുള്ള ഫലസിദ്ധി എന്നിവമൂലം ഇത് മറ്റു രാജ്യങ്ങളിലും പ്രചരിച്ചു (പ്രചരിപ്പിച്ചു?). ഇന്ത്യയില്‍ 1965ല്‍ മഹാരാഷ്ട്രയിലെ പരുത്തിത്തോട്ടങ്ങളിലാണ് ഇത് ആദ്യം ഉപയോഗിച്ചത്. മേല്‍പ്പറഞ്ഞ പ്രദേശങ്ങളെല്ലാം നിരപ്പായതും, പ്രായേണ വരള്‍ച്ചയുള്ളതും, ജനവാസം കുറഞ്ഞതും ആയിരുന്നു. കുന്നുകള്‍ നിറഞ്ഞതും ആര്‍ദ്രമായതും, ജനവാസം കൂടിയതുമായ കാസര്‍കോട് ജില്ലയിലെ പദ്രെ എന്ന ഗ്രാമത്തിലെ കശുമാവിന്‍തോട്ടങ്ങളില്‍ 1976ല്‍ പരീക്ഷണം എന്ന നിലക്ക് എന്‍ഡോസള്‍ഫാന്‍ ഹെലിക്കോപ്ടര്‍ വഴി തളിച്ചുതുടങ്ങി. 1980 മുതല്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1982ഓടുകൂടി കേരള പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട് ജില്ലയിലുള്ള 4696 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന ആറ് ഡിവിഷനുകളിലും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിലവില്‍ വന്നു. കശുമാവ് പുഷ്പിക്കുന്ന സമയത്ത് കാണുന്ന തേയിലക്കൊതുകിനെ നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 1979 മുതല്‍തന്നെ പശുക്കുട്ടികളില്‍ ജനിക്കുമ്പോള്‍തന്നെ അംഗവൈകല്യം കണ്ടുവന്നതായി പദ്രെ, പെരിയ എന്നീ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അറിയിച്ചതനുസരിച്ച്, അതിനെപ്പറ്റി നേരിട്ട് അന്വേഷിച്ച ശ്രീപദ്രെ എന്ന പത്രപ്രവര്‍ത്തകന്‍ 'സുധ' (1979 സെപ്തംബര്‍ 19), 'ഉദയവാണി' (1981 നവംബര്‍ 24) എന്നീ കന്നട പത്രങ്ങളിലും പിന്നീട് 'എവിഡെന്‍സ്' എന്ന ഇംഗ്ളീഷ് പത്രത്തിലും (1981 ഡിസംബര്‍ 25-31), കേരളകൌമുദിയിലും ഈ അസാധാരണ പ്രതിഭാസത്തെപ്പറ്റി റിപ്പോര്‍ട് ചെയ്തു. ഇതിനെ തുടര്‍ന്ന് എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ എന്ന ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും അപസ്മാരം, മാനസിക രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, പഠനവൈകല്യം, ശ്രദ്ധക്കുറവ്, ചര്‍മരോഗങ്ങള്‍, ആസ്ത്മ, ക്രമരഹിതമായ ആര്‍ത്തവം, ഗര്‍ഭമലസല്‍ എന്നീ രോഗങ്ങള്‍ അസാധാരണമാംവിധം കാണുന്നതായി വാണീനഗറിലെ ഡോ. വൈ മോഹന്‍കുമാര്‍ റിപ്പോര്‍ടുചെയ്തു. ഈ വിഷയത്തില്‍ ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ശ്രദ്ധ പതിയണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം 1997 ഫെബ്രുവരിയിലെ കേരള മെഡിക്കല്‍ ജേര്‍ണലില്‍ ഒരു കത്ത് പ്രസിദ്ധപ്പെടുത്തി. പെര്‍ലെ ഗ്രാമത്തിലെ ഡോ. ശ്രീപതി കാഞ്ചന്‍പാടിയും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് കാണുന്നതായി റിപ്പോര്‍ട്ചെയ്തു. 1997ല്‍ പെരിയ കൃഷിഭവനിലെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ലീലാകുമാരി അമ്മ തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും ശബ്ദവൈകല്യം, ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍, മാന്ദ്യം എന്നിവ അനുഭവപ്പെടുന്നു എന്നും, ഇത് പെര്‍ലെയില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ മൂലമാകാമെന്നും, അതിന് പരിഹാരമുണ്ടാക്കണമെന്നും കാണിച്ച് പി സി കെക്കും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കി. തുടര്‍ന്ന് കാസര്‍കോട്ടും ഹോസ്ദുര്‍ഗിലും കോടതികളില്‍ കേസ് കൊടുക്കുകയും 1998ല്‍ കാസര്‍കോട് താലൂക്കില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് താല്‍ക്കാലികമായി നിരോധിക്കുന്ന വിധി സമ്പാദിക്കുകയുംചെയ്തു. പി സി കെ ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചു. 1999ല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ വീണ്ടും തുടര്‍ന്നപ്പോള്‍ ജനങ്ങള്‍ അതിനെതിരായി ശക്തമായ പ്രതിരോധം ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, പരിസ്ഥിതി സംഘടനയായ 'തണല്‍', കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ നേതൃത്വത്തില്‍ പഠനങ്ങള്‍ നടന്നു. 2001 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ അഞ്ച് അംഗങ്ങളുള്ള ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. 2001ല്‍ തന്നെ കാസര്‍കോട് ജില്ലയിലെ പി സി കെയുടെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മുകളില്‍നിന്നു തളിക്കുന്നത് കേരള ഗവണ്‍മെന്റ് നിരോധിച്ചു. 2002 ആഗസ്ത് 12ന് കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയും ജ. ജി ശിവരാജനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേരളത്തില്‍ മുഴുവനായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം തടഞ്ഞു. 2010 നവംബറില്‍ ചുവപ്പ്, മഞ്ഞ എന്നീ കളര്‍കോഡുകളിലുള്ള മാരക കീടനാശിനികളുടെ ഉപയോഗം കേരളത്തില്‍ നിരോധിച്ചുകൊണ്ട് കേരള ഗവണ്‍മെന്റ് ഉത്തരവിറക്കി.

അന്വേഷണങ്ങള്‍, പഠനങ്ങള്‍

ഒരു പ്രദേശത്ത് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണോ എന്നറിയാന്‍ പ്രധാനമായി നാലു മാര്‍ഗങ്ങള്‍ അവലംബിക്കാം.

1. എപിഡമയോളജിക്കല്‍ സര്‍വേ

ഒരു പ്രത്യേക ജനവിഭാഗത്തിന്നിടയില്‍ പൊതുവായി ഏകകാലത്തില്‍ വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളെപ്പറ്റി പഠിക്കുവാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പഠനരീതിയാണ് ഇത്. പഠനവിധേയമാക്കുന്ന ജനവാസസ്ഥലത്തെ ജനങ്ങളില്‍ പൊതുവായി കാണുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍, രോഗം ബാധിച്ചവരുടെ എണ്ണം, അവരുടെ ലിംഗം, വരുമാനം, പൊതു ആരോഗ്യസ്ഥിതി എന്നിവ ഭൂമിശാസ്ത്രപരമായും സാമൂഹ്യപരമായും സമാനസ്വഭാവമുള്ള മറ്റൊരു പ്രദേശത്തെ സ്ഥിതിയുമായി താരതമ്യം ചെയ്ത് വിലയിരുത്തുന്ന സമ്പ്രദായമാണ് ഇത്. ഇതില്‍ രണ്ടു പ്രദേശങ്ങളിലും എടുക്കുന്ന 'സാംപിളു'കളുടെ എണ്ണം എത്രയും കൂടുന്നുവോ, ഫലത്തിന്റെ വിശ്വാസ്യത അത്രയ്ക്ക് കൂടും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓക്യുപ്പേഷണല്‍ ഹെല്‍ത്ത് (NIOH), കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഇത്തരം പഠനം ചുരുങ്ങിയതോതില്‍ കാസര്‍കോട്ട് നടത്തിയിട്ടുണ്ട്. അവിടെ പഠനം നടത്തിയ മറ്റു പല കമീഷനുകളും സംഘങ്ങളും യഥാര്‍ഥ രോഗകാരണമറിയാന്‍ വിശദമായ എപിഡമയോളജിക്കല്‍ സര്‍വെ നടത്തണമെന്ന് ശുപാര്‍ശ ചെയ്തു എങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ അതു നടത്തിയിട്ടില്ല.

II. അവശിഷ്ട സര്‍വെ

വെള്ളം, മണ്ണ്, ചെടികള്‍, മനുഷ്യരടക്കമുള്ള ജന്തുക്കള്‍ എന്നിവയില്‍ എന്‍ഡോസള്‍ഫാന്റേയോ അതിന്റെ പരിണിത സംയുക്തങ്ങളായ ഡയോള്‍, സള്‍ഫേറ്റ് എന്നിവയുടെയോ അവശിഷ്ടം എത്രമാത്രം, എത്രകാലം നിലനില്‍ക്കുന്നു എന്ന് പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ രോഗകാരണമാകത്തക്ക അളവില്‍ അവശിഷ്ടമുണ്ടോ എന്നു വിലയിരുത്തുകയാണ് ഇതില്‍ ചെയ്യുന്നത്. കാലം കഴിയുന്തോറും അവശിഷ്ടങ്ങള്‍ കുറയുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിര്‍ത്തി വളരെക്കാലം കഴിഞ്ഞ് ഇതു നടത്തിയിട്ട് പ്രയോജനമില്ല. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് (CES), ഫ്രെഡ്രിക് ഇന്‍സ്റ്റിറ്റ്യൂട്ട് , കാര്‍ഷിക സര്‍വകലാശാല എന്നിവ ഇത്തരം പഠനങ്ങള്‍ നടത്തി പരസ്പരവിരുദ്ധമായ റിപ്പോര്‍ടുകള്‍ നല്‍കി. ദേഹത്തില്‍നിന്ന് രക്തമെടുക്കുവാനോ, ബയോപ്സി ചെയ്യുവാനോ ഭൂരിഭാഗം ആളുകള്‍ വിസമ്മതിക്കും എന്ന പരിമിതി മനുഷ്യരിലെ അവശിഷ്ടപഠനം അപ്രായോഗികമാക്കുന്നു.

III. ഓട്ടോപ്സി

മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ കീറി പരിശോധിച്ച് രോഗകാരണം തീര്‍ച്ചയാക്കുന്ന ഈ രീതിക്കും പരിമിതികളുണ്ട്. മൃതശരീരം കീറിമുറിക്കാന്‍ ബന്ധുക്കളുടെ സമ്മതം നേടുക എന്നത് എളുപ്പമല്ല.

IV. 'നേതി, നേതി'

പ്രദേശത്തു കാണുന്ന രോഗങ്ങള്‍ക്ക് സാധാരണയായി ഏതെല്ലാം കാരണങ്ങളാണ് ഉള്ളതെന്ന് പഠിച്ച്, ആ കാരണങ്ങളില്‍ ഓരോന്നായി ആ പ്രദേശത്തുണ്ടോ എന്ന് പരിശോധിച്ച്, ഇല്ലാത്തവയെ 'ഇതല്ല, ഇതല്ല' ('നേതി, നേതി') എന്ന് മാറ്റിനിര്‍ത്തി അവസാനം ഏതാണ് കാരണം എന്ന നിഗമനത്തിലെത്തുന്ന തര്‍ക്കശാസ്ത്ര രീതിയാണ് ഇത്. അച്യുതന്‍ കമ്മിറ്റി സ്വീകരിച്ച രീതി ഇതാണ്.


പ്രധാന പഠനങ്ങളുടെ ലഘുവിവരണങ്ങള്‍

1980 മുതല്‍ കാസര്‍കോട്ടെ പ്രശ്നബാധിത പ്രദേശത്തു നടത്തിയ പഠനങ്ങള്‍

I. ശ്രീപദ്രെയുടെ പഠനങ്ങള്‍ (1978-81)

അംഗവൈകല്യമുള്ള പശുക്കുട്ടികള്‍ പിറക്കുന്നതിനെ അടിസ്ഥാനമാക്കി പത്രപ്രവര്‍ത്തകനായ ശ്രീപദ്രെ നടത്തിയ ഇടപെടലുകളാണിവ. മനുഷ്യരിലെ രോഗങ്ങളെപ്പറ്റി ആദ്യമായി വിവരങ്ങള്‍ ലഭിച്ചതും ഈ പഠനത്തില്‍ക്കൂടെയാണ്. പ്രശ്നപ്രദേശത്തെ അനാരോഗ്യസ്ഥിതിയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞത് ഈ പഠനങ്ങളില്‍ക്കൂടെയാണ്.

II. ബാനര്‍ജി കമ്മിറ്റി (1991)

കേന്ദ്ര കീടനാശിനി ബ്യൂറോവിന്റെ ആഭിമുഖ്യത്തില്‍ വന്ന ഈ കമ്മിറ്റി ജലസ്രോതസ്സുകള്‍ക്കു മുകളിലോ അടുത്തുള്ള പ്രദേശങ്ങളിലൊ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് വിലക്കി. ബ്യൂറോ പിന്നീട് നിയമിച്ച ആര്‍ ബി സിങ് കമ്മിറ്റി ഈ നിര്‍ദേശം ശരിവെച്ചു.

III.ഡോ. മോഹന്‍കുമാറിന്റെ പഠനം (1996-97)

വാണീനഗറിലെ ഡോ. വൈ. മോഹന്‍കുമാര്‍ എന്‍കമജെ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേകതരം രോഗങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നതിനെപ്പറ്റി അന്വേഷണം നടത്തി. ആദ്യമാദ്യം കര്‍ണാടക സ്റ്റേറ്റില്‍ ഘനലോഹ മാലിന്യംമൂലം കണ്ടുവന്നിരുന്ന 'ഹണ്‍ഡിഗൊഡു' രോഗമാണെന്ന് സംശയിച്ചെങ്കിലും, ഇവിടെ ഘനലോഹ മാലിന്യസാധ്യത ഇല്ലാത്തതുകൊണ്ട്, 1980 മുതല്‍ തോട്ടങ്ങളില്‍ തളിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിമൂലമുള്ള രോഗങ്ങളാകാം എന്ന് സംശയിച്ചു. ഈ സംശയം 1997 ഫെബ്രുവരിയിലെ കേരള മെഡിക്കല്‍ ജേര്‍ണല്‍വഴി വൈദ്യലോകത്തിനെ അറിയിക്കുകയും, ഇതില്‍ ഇടപെടാന്‍ ഡോക്ടര്‍മാരോടപേക്ഷിക്കുകയും ചെയ്തു. ഡോ. മോഹന്‍കുമാറിന്റെ സംശയം പെര്‍ലെ ഗ്രാമത്തില്‍ പ്രാക്റ്റീസ് ചെയ്തിരുന്ന ഡോ. ശ്രീപതി കഞ്ചന്‍പാടിയും ഉന്നയിച്ചു.

IV.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (1997-2000)

മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ചോദ്യാവലിയുടെ സഹായത്തോടെ കശുമാവിന്‍ തോട്ടങ്ങളുടെ ചുറ്റും 500 മീറ്ററിനുള്ളിലുള്ള 747 വീടുകളിലെ 4012 പേരെ ഉള്‍പ്പെടുത്തി നടത്തിയ ലഘു എപിഡമയോളജിക്കല്‍ പഠനമാണ് ഇത്. ഇതിന്റെ ഫലം 'ശാസ്ത്രഗതി' മാസികയുടെ 2001 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. പദ്രെഗ്രാമത്തില്‍ പല രോഗങ്ങളും കേരള ശരാശരിയേക്കാള്‍ കൂടുതലാണ് എന്ന് ഈ പഠനത്തില്‍ കണ്ടു. ഉദാഹരണത്തിന് എന്‍മകജെ പഞ്ചായത്തില്‍ കേരള ശരാശരിയെ അപേക്ഷിച്ച് അംഗങ്ങളുടെ ചലനക്ഷമതയിലെ കുറവ് 1.84 ഇരട്ടിയും, കാഴ്ചക്കുറവ് 2.23 ഇരട്ടിയും, ബുദ്ധിമാന്ദ്യം 2.43 ഇരട്ടിയും, രോഗാതുരത 1.69 ഇരട്ടിയുമാണ് എന്ന് സര്‍വെയില്‍ കണ്ടു. കന്നുകുട്ടികളിലെ അംഗവൈകല്യം 2.34 ഇരട്ടിയാണെന്നും കണ്ടു. ഇതേ പഞ്ചായത്തില്‍ കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം കേരള ശരാശരിയേക്കാള്‍ രണ്ടിരട്ടിയാണെന്നാണ് കണ്ടത്.

V. നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ കാഷ്യു-(1997) (NRCC)

കാസര്‍കോട് തളിക്കുന്ന കീടനാശിനിയുടെ അളവ് കൂടുതലാണെന്നുകണ്ട് അത് 1%ല്‍ കൂടരുതെന്ന് നിര്‍ദേശിച്ചു. കീടനാശിനി പ്രയോഗിക്കുമ്പോള്‍ ജലസ്രോതസ്സുകള്‍ ശരിയായി മൂടുന്നില്ലെന്നും, മറ്റ് മുന്‍കരുതലുകള്‍ ആത്മാര്‍ഥതയോടെ എടുക്കുന്നില്ലെന്നും 2001ല്‍ നടത്തിയ നിരീക്ഷണത്തില്‍ പറയുന്നു. കൂടാതെ കാസര്‍കോട് തോട്ടങ്ങള്‍ ആകാശത്തുനിന്ന് കീടനാശിനി തളിക്കുന്നതിന് യോഗ്യമല്ല എന്നും അഭിപ്രായപ്പെട്ടു. (letter no. F. PA (Aerial SprayPck)/2001 dated 8th March 2001 from Director NRCC).

VI. സി എസ് ഇ (2001)

സി എസ് ഇ രക്തത്തിലും, വെള്ളത്തിലും, ഇലകളിലും, മണ്ണിലും അവശിഷ്ട സര്‍വെ നടത്തി. ഫലം 'ഡൌണ്‍ ടു എര്‍ത്ത്' എന്ന ജേര്‍ണലില്‍ 2001ല്‍ പ്രസിദ്ധപ്പെടുത്തി. കാണ്‍പൂര്‍ ഐഐടിയിലാണ് അവശിഷ്ടങ്ങളുടെ പരിശോധന നടത്തിയത്. ആറുപേരുടെ രക്ത സാംപിളുകളില്‍ 108 പി പി യമ്മിനും 196 പി പി യമ്മിനും ഇടയില്‍ എന്‍ഡോസള്‍ഫാന്‍ അവശിഷ്ടം കണ്ടതായി റിപ്പോര്‍ടില്‍ പറയുന്നു. ഇത് അവിശ്വസനീയമാംവിധം അധികമാണെന്നും, ആ അളവില്‍ അവശിഷ്ടം രക്തത്തിലുള്ളവര്‍ ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നും അച്യുതന്‍കമ്മിറ്റി അടക്കമുള്ള അന്വേഷണസംഘങ്ങള്‍ അഭിപ്രായപ്പെട്ടു. എങ്കിലും സി എസ് ഇയുടെ റിപ്പോര്‍ട് എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ദുരന്തത്തെപ്പറ്റി ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കി.

VII. കേരള കാര്‍ഷിക സര്‍വകലാശാല (2001)

2001 ഫെബ്രുവരിയിലും ജൂലൈയിലും കേരള കാര്‍ഷിക സര്‍വകലാശാലയുടെ രണ്ടു സംഘങ്ങള്‍ മണ്ണ്, വെള്ളം, വിളകള്‍ എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച് അവശിഷ്ടപഠനത്തിന് വിധേയമാക്കി. വായുമാര്‍ഗം കീടനാശിനി തളിക്കുന്നത് നിര്‍ത്തിവെക്കണമെന്നും എപിഡമയോളജിക്കല്‍ സര്‍വെ നടത്തണമെന്നുമായിരുന്നു ശുപാര്‍ശകള്‍.

VIII. കേരള ഗവണ്‍മെന്റ് കമ്മിറ്റി

കേരള ഗവണ്‍മെന്റ് 2001ല്‍ ഡോ. എ അച്യുതന്‍ (ഈ ലേഖകന്‍) ചെയര്‍മാനായി വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ ഒരു സംഘത്തെ പ്രശ്നം പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചു. കാസര്‍കോട്ടെ തോട്ടങ്ങള്‍ വായുമാര്‍ഗം കീടനാശിനികള്‍ തളിക്കുന്നതിന് അനുയോജ്യമല്ല എന്നും കീടനാശിനി തളിക്കുന്നതിനെ സംബന്ധിച്ചുള്ള മര്യാദകളും (protocols) മുന്‍കരുതലുകളും പാലിച്ചില്ല എന്നും കമ്മിറ്റി കണ്ടു. തുടര്‍ച്ചയായി ഇവിടെ 20 കൊല്ലക്കാലം ഒരേ കീടനാശിനിതന്നെ തളിച്ചതിലെ ശരികേടും ചൂണ്ടിക്കാട്ടി. രോഗാതുരതയെപ്പറ്റി ഡോ. മോഹന്‍കുമാറും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പുറത്തുവിട്ട വിവരങ്ങള്‍ ശരിയാണെന്നും റിപ്പോര്‍ടില്‍ ചൂണ്ടിക്കാണിച്ചു. ഇവിടെ കാണുന്ന വര്‍ധിച്ച രോഗാതുരതക്ക് എന്‍ഡോസള്‍ഫാനാണ് കാരണമെന്നു തീര്‍ത്തുപറയുവാന്‍ വിശദമായ എപിഡമയോളജിക്കല്‍ സര്‍വെ ആവശ്യമാണെന്നും, എന്നാല്‍ രോഗാതുരതക്കു കാരണമായി മറ്റൊന്നും കാണാത്തതിനാലും എന്‍ഡോസള്‍ഫാന്‍മൂലം ഇതുണ്ടാകുമെന്നതിനാലും ഇതു മൂലമാണ് രോഗാതുരത വര്‍ധിച്ചതോതില്‍ ഉണ്ടാകുന്നത് എന്നു പറയാമെന്നും റിപ്പോര്‍ടില്‍ പരാമര്‍ശിച്ചു. അതുകൊണ്ട് അഞ്ചു വര്‍ഷത്തേക്ക് വായുമാര്‍ഗം കീടനാശിനി തളിക്കുന്നത് നിരോധിക്കണമെന്നും പദ്രെഗ്രാമത്തില്‍ ഒരു കീടനാശിനിയും ഉപയോഗിക്കരുതെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു. പി സി കെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി വിശദമായ ആരോഗ്യസര്‍വെ നടത്തി ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

IX. ബംഗളൂരു കാര്‍ഷിക സര്‍വകലാശാല (2000)

സര്‍വകലാശാലയിലെ ശാസ്ത്രസംഘം പി സി കെ തോട്ടങ്ങള്‍ക്ക് തൊട്ടടുത്തുള്ള കര്‍ണാടക സ്റ്റേറ്റിലെ തോട്ടങ്ങളില്‍ പഠനം നടത്തി. വായുമാര്‍ഗമുള്ള കീടനാശിനി പ്രയോഗം നിര്‍ത്തിവെക്കാന്‍ ശുപാര്‍ശചെയ്തു.

X.തണല്‍ (2001)

'തണല്‍' എന്ന സന്നദ്ധ സംഘടന എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കാസര്‍കോട്ട് കാണുന്ന ആരോഗ്യപ്രശ്നങ്ങളും താരതമ്യംചെയ്ത് ഇവിടുത്തെ പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാകണമെന്ന നിഗമനത്തിലെത്തി.

XI. എന്‍ ഐ ഒ എച്ച് (2001)

കേന്ദ്ര മനുഷ്യാവകാശ സമിതിയുടെ നിര്‍ദേശമനുസരിച്ച് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ റിസര്‍ച്ച് (NIOH) ഡയരക്ടര്‍ ഡോ. സയ്ഫിന്റെ നേതൃത്വത്തില്‍ ഒരു ശാസ്ത്രസംഘം 262 കുട്ടികളില്‍നിന്ന് രക്തവും, കിണറുകളിലെയും കുളങ്ങളിലെയും വെള്ളവും ശേഖരിച്ച് പരിശോധിച്ചു. പ്രദേശത്തെ രോഗങ്ങളെക്കുറിച്ച് (പ്രത്യേകിച്ചും വിദ്യാര്‍ഥികളുടെ പഠനവൈകല്യങ്ങളും സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിലെ വ്യതിയാനങ്ങളും) പഠിച്ചു. രക്തത്തില്‍ 78.74 പി പി ബി വരെ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടം കണ്ടു. കീടനാശിനി തളിച്ച് പത്തുമാസത്തിനു ശേഷവും ഇത്രയും അളവില്‍ കീടനാശിനി കാണുന്നത് ഗൌരവമായി കാണണമെന്ന് സംഘം അഭിപ്രായപ്പെട്ടു. മരുന്നുതളിക്കാത്ത മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്ത് ജനിതകവൈകല്യങ്ങള്‍ അഞ്ച് ഇരട്ടിവരെ കാണുന്നതായി പഠനറിപ്പോര്‍ടില്‍ പറയുന്നു. കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭം ചെറുപ്രായത്തില്‍തന്നെ കാണുന്നതായും സംഘം കണ്ടു. രാസകീടനാശിനികള്‍ തളിക്കുന്നത് ഒഴിവാക്കാനും എപ്പിഡമയോളജിക്കല്‍ സര്‍വെ നടത്തുവാനും സംഘം ശുപാര്‍ശചെയ്തു.

XII.ഫിപ്പാറ്റ് റിപ്പോര്‍ട് (2001)

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കാഞ്ചീപുരത്തെ ഫ്രഡറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ടോക്സിക്കോളജി (FIPPAT) എന്ന സ്ഥാപനം 2001 ജൂണില്‍ ഏഴ് ലക്ഷം രൂപ പ്രതിഫലം വാങ്ങി പ്രശ്നപ്രദേശങ്ങളില്‍ അവശിഷ്ടപഠനം നടത്തി അവിടെ എന്‍ഡോസള്‍ഫാന്റെ അളവ് നാമമാത്രമാണെന്ന് റിപ്പോര്‍ട്ടു നല്‍കി. മണ്ണില്‍ 0.001 -0.0012 പി പി എം, ഇലകളില്‍ 0.04 -2.863 പി പി എം എന്നീ നേരിയ അളവില്‍ മാത്രമാണ് അവശിഷ്ടമുള്ളതെന്നാണ് അവര്‍ കണ്ടത്. എന്നാല്‍ റിപ്പോര്‍ടിന്റെ പ്രസക്തഭാഗങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് കീടനാശിനി നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റാണ്. അതുമല്ല അച്യുതന്‍ കമ്മിറ്റിക്ക് ഫിപ്പാറ്റ് റിപ്പോര്‍ടിന്റെ കോപ്പി നല്‍കിയത്, ഗവേഷണത്തിന് ഫീസുകൊടുത്ത് ഫിപ്പാറ്റിനെ കമീഷന്‍ ചെയ്ത പി സി കെ അല്ല, നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധിയാണ്. കൂടാതെ, അച്യുതന്‍കമ്മിറ്റി മുമ്പാകെ തെളിവു നല്‍കാന്‍ ഫിപ്പാറ്റ് പ്രതിനിധി ഡോ. രമേഷ് ഹാജരായത് നിര്‍മാതാക്കളുടെ പ്രതിനിധികളുടെ കൂടെയാണ്. "നിങ്ങള്‍ എന്തുകൊണ്ട് ഇവരുടെ കൂടെ വന്നു'' എന്ന ചോദ്യത്തിന് "ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തത്, അതുകൊണ്ട് ഒന്നിച്ചു ഹാജരായി'' എന്നായിരുന്നു ഡോ. രമേഷ് പറഞ്ഞത്. ഇതെല്ലാം ഫിപ്പാറ്റും നിര്‍മാതാക്കളുടെ അസോസിയേഷനും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

XIII. കേരള ഐഎംഎ (2002)

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകത്തിലെ നാലംഗസംഘം സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ടില്‍ അച്യുതന്‍ കമ്മിറ്റിയുടെയും എന്‍ ഐ ഒ എച്ചിന്റെയും കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുകയും നിഗമനങ്ങളെ ശരിവെക്കുകയുംചെയ്തു. 1997ല്‍ ഡോ. മോഹന്‍കുമാര്‍ മെഡിക്കല്‍ ജേര്‍ണല്‍വഴി പ്രശ്നം ചൂണ്ടിക്കാണിച്ച് ഇടപെടണമെന്നഭ്യര്‍ഥിച്ചിട്ടും പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കണ്ട് വിശദമായ എപ്പിഡമയോളജിക്കല്‍ പഠനം നടത്തിയില്ലെന്നു മാത്രമല്ല, ചുരുങ്ങിയത് രോഗവിവരങ്ങള്‍ പഠിച്ച് കേരള ശരാശരിയുമായി താരതമ്യംചെയ്ത് വിശകലനങ്ങളിലെത്തുകയെങ്കിലും ചെയ്യാത്തത് ദൌര്‍ഭാഗ്യകരമായിപ്പോയി.

XIV. ഫിലിപ്പൈന്‍സ് സര്‍വകലാശാല (2002)

'തണലി'ന്റെ അഭ്യര്‍ഥന മാനിച്ച് 2002 ജനുവരിയില്‍ ഫിലിപ്പൈന്‍സ് സര്‍വകലാശാലയിലെ പ്രൊഫ. റോമിയോ എഫ് ക്വിജാനോയുടെ നേതൃത്വത്തില്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ കാസര്‍കോട്ടെ രോഗബാധിതഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തി. കശുമാവിന്‍തോട്ടങ്ങളുടെ പരിസരങ്ങളിലുള്ള ഗ്രാമങ്ങളില്‍ ചില രോഗങ്ങള്‍ അസാധാരണമായ അളവില്‍ കാണപ്പെടുന്നു എന്നും ഇത് എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നും സംഘം കണ്ടെത്തി. പ്രദേശത്ത് വിശദമായ ആരോഗ്യ സര്‍വെ നടത്തണമെന്നും ഗ്രാമീണര്‍ക്ക് ചികിത്സാ സൌകര്യങ്ങളും മറ്റു ദുരിതനിവാരണ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തണമെന്നും സംഘം നിര്‍ദേശിച്ചു. തുടര്‍ന്നും ഉണ്ടായേക്കാവുന്ന ആരോഗ്യപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാന്‍ പത്തുവര്‍ഷക്കാലമെങ്കിലും ചിട്ടയായ ആരോഗ്യ-പാരിസ്ഥിതിക മോണിട്ടറിങ് നടത്തണമെന്നും സംഘം അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പോപ്സ് ഇനത്തില്‍പ്പെടുത്തി ലോകവ്യാപകമായി നിരോധിക്കാന്‍ സത്വരനടപടികള്‍ എടുക്കണമെന്നും സംഘം നിര്‍ദേശിച്ചു.

XV. ഡോ. പി കെ ശിവരാമന്‍ കമ്മിറ്റി (2003)

2003ല്‍ കേരള ഹെല്‍ത്ത് സര്‍വീസസ് വകുപ്പ്, ഡോ. പി കെ ശിവരാമന്റെ നേതൃത്വത്തില്‍ ഒരുസംഘം ഡോക്ടര്‍മാരെ പ്രദേശത്ത് വിപുലമായ ഹെല്‍ത്ത് സര്‍വെ നടത്തുവാന്‍ നിയോഗിച്ചു. ഈ സംഘം രോഗാതുരതയെപ്പറ്റി പഠിച്ച് റിപ്പോര്‍ടു നല്‍കി.

XVI. കേന്ദ്ര കൃഷിവകുപ്പിന്റെ സംഘങ്ങള്‍

2001ലും 2002ലും ഡോ. ദ്യുബെയുടെയും ഡോ. മായിയുടെയും നേതൃത്വത്തില്‍ രണ്ടു സംഘങ്ങള്‍, പ്ളാന്റേഷന്‍ പ്രദേശം സന്ദര്‍ശിക്കുകയോ, ബന്ധപ്പെട്ട പ്രധാനപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയോ ചെയ്യാതെ, പ്ളാന്റേഷന്‍ പ്രദേശത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളും എന്‍ഡോസള്‍ഫാനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് പറയാന്‍ കഴിയുകയില്ല എന്നു കാണിച്ച് കേന്ദ്ര ഗവണ്‍മെന്റിലേക്ക് റിപ്പോര്‍ടുകള്‍ അയച്ചു. ഫിപ്പാറ്റിന്റെ നിഗമനങ്ങളെയാണ് പ്രധാനമായും ഇവര്‍ ആശ്രയിച്ചത്.

XVII. ദ്യുബെ കമ്മിറ്റി (2004)

ഇന്ത്യാ ഗവണ്‍മെന്റിന്റെ കൃഷിവകുപ്പ് ഒ പി ദ്യുബെ ചെയര്‍മാനായി ഒരു വിദഗ്ധസംഘത്തെ അതുവരെ വന്ന എല്ലാ റിപ്പോര്‍ടുകളും വിശകലനംചെയ്ത് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ചു. ഈ സംഘം പദ്രെഗ്രാമത്തിലും മറ്റിടങ്ങളിലും കാണുന്ന രോഗങ്ങളും എന്‍ഡോസള്‍ഫാന്‍ തളിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന നിഗമനത്തിലെത്തി എന്ന് ചെയര്‍മാന്‍ ദ്യുബെ യോഗമിനുട്ട്സില്‍ എഴുതി. എങ്കിലും പി സി കെയുടെ തോട്ടങ്ങള്‍ അടക്കം എല്ലായിടത്തും കീടനാശിനികള്‍ വായുമാര്‍ഗം തളിക്കുന്നത് നിരോധിക്കണമെന്നും മിനുട്സില്‍ എഴുതി. മിനുട്സ് പുറത്തുവന്നപ്പോള്‍ തങ്ങളുടെ വ്യത്യസ്താഭിപ്രായങ്ങള്‍ മിനുട്സില്‍ ഉള്‍പ്പെടുത്തിയില്ല എന്നും തങ്ങള്‍ മിനുട്സില്‍ ഒപ്പിട്ടില്ലെന്നും കമ്മിറ്റി അംഗങ്ങളായിരുന്ന ഡോ. ബ്രജേന്ദ്രസിങ്, ഡോ. എ ദിവാന്‍, ഡോ. വൈ കെ ഗുപ്ത, കമ്മിറ്റി സെക്രട്ടറി ആയിരുന്ന ഡോ. സന്ധ്യകുല്‍ക്കര്‍ണി എന്നിവര്‍ വിയോജനക്കുറിപ്പയച്ചു. എന്നാല്‍ ഈ കുറിപ്പുകള്‍ മിനുട്സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയില്ല; അനുബന്ധമായി മാത്രം ചേര്‍ത്തു. ഈ റിപ്പോര്‍ടാണ് കേന്ദ്ര കൃഷിവകുപ്പ് ആധികാരിക റിപ്പോര്‍ടായി ആശ്രയിക്കുന്നത് എന്നറിയുന്നു.

XVIII. കേരള ഗവണ്‍മെന്റ് പഠനം (2010)

2010ല്‍ എന്‍ഡോസള്‍ഫാന്‍ വിവാദം ശക്തിപ്രാപിച്ചപ്പോള്‍ കേരള ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് ജില്ലാ ഭരണകൂടവും സ്റ്റേറ്റ് ആരോഗ്യ വകുപ്പും സംയുക്തമായി ഡോ. ഡിക്രൂസിന്റെ നേതൃത്വത്തില്‍ ആരോഗ്യസര്‍വെ നടത്തി. ഈ സര്‍വേയില്‍ 2200ഓളം പേര്‍ ഗുരുതരമായ രോഗം ബാധിച്ചവരാണെന്നും, ഇതില്‍ പത്തുവയസ്സിനു താഴെയുള്ള കുട്ടികളും പെടുമെന്നും കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയതിനുശേഷമുണ്ടായ കുട്ടികള്‍ക്കും രോഗമുണ്ടെന്നത് ദൂഷ്യഫലങ്ങള്‍ തലമുറകളിലേക്ക് പരക്കാന്‍ സാധ്യതയുണ്ടെന്ന് കാണിക്കുന്നു.

എന്തുകൊണ്ട് കാസര്‍കോട്ട് പ്രശ്നങ്ങള്‍ രൂക്ഷമായി?

മഹാരാഷ്ട്രയില്‍ പരുത്തിക്കൃഷിക്കും, തമിഴ്നാട്ടില്‍ പച്ചക്കറിക്കൃഷിക്കും ആന്ധ്രപ്രദേശില്‍ പുകയിലക്കൃഷിക്കും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പച്ചക്കറിക്കും ഇതുപയോഗിക്കുന്നതായി റിപ്പോര്‍ടുകളുണ്ട്. കേരളത്തില്‍ നെല്ലിനും തെങ്ങിനുമടക്കം പല കൃഷികള്‍ക്കും ഇതുപയോഗിക്കുന്നു എന്നതിന് കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ 'അഭികാമ്യമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളി'ല്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെട്ടത് സാക്ഷ്യപത്രമായി എടുക്കാം. കര്‍ണാടകത്തിലെ ചില ഗ്രാമങ്ങളില്‍നിന്നും, പുതുശ്ശേരി സ്റ്റേറ്റില്‍നിന്നും മറ്റും എന്‍ഡോസള്‍ഫാന്‍മൂലം രോഗങ്ങള്‍ കാണുന്നതായി ചില റിപ്പോര്‍ടുകള്‍ കാണുന്നു. എന്നാല്‍ പതിനൊന്ന് പഞ്ചായത്തുകളടങ്ങുന്ന വലിയൊരു പ്രദേശത്ത് കഴിഞ്ഞ 25ലധികം കൊല്ലങ്ങളായി ഗുരുതരമായ രോഗങ്ങള്‍ ഒട്ടനവധി പേര്‍ക്കുണ്ടാകുന്നു എന്ന് റിപ്പോര്‍ട് ചെയ്യപ്പെടുന്നതും, അന്വേഷണത്തില്‍ ബോധ്യപ്പെടുന്നതും കാസര്‍കോട്ടു മാത്രമാണ്. ഇതിനെന്താണ് കാരണം? ഒരു കാരണം കാസര്‍കോട്ടുണ്ടായതുപോലെ രോഗങ്ങളെപ്പറ്റി അറിഞ്ഞ് അന്വേഷണങ്ങള്‍ സ്വന്തംനിലക്കു നടത്തി പൊതുജനങ്ങളെയും അധികാരികളെയും അറിയിക്കുവാന്‍ മറ്റു സ്ഥലങ്ങളില്‍ ശ്രീപദ്രെയെയും, മോഹന്‍കുമാറിനെയുംപോലെ പ്രതിബദ്ധതയുള്ളവര്‍ ഉണ്ടായില്ല എന്നതാകാം. എന്നാല്‍ പ്രധാന കാരണം കാസര്‍കോട് ജില്ലയിലെ പ്രശ്നബാധിത തോട്ടപ്രദേശങ്ങള്‍ കീടനാശിനികള്‍ വായുമാര്‍ഗം തളിക്കാന്‍ അനുയോജ്യമല്ല എന്നതും, അവിടെ കീടനാശിനി തളിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ വേണ്ടവിധം ഗൌരവമായി എടുത്തില്ല എന്നതുമാണ്. ഇക്കാര്യത്തില്‍ താഴെ കാണിക്കുന്നവിധം പി സി കെ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.

I) ഭൂമിയുടെ കിടപ്പ്

ചെറിയ കുന്നുകള്‍ നിറഞ്ഞ കാസര്‍കോടിന്റെ ഇടനാട്ടിലാണ് പി സി കെ തോട്ടങ്ങള്‍. മൂന്നു മീറ്ററിലധികം ഉയരത്തില്‍നിന്ന് കീടനാശിനി തളിക്കരുതെന്നാണ് നിയമം. കൂടുതല്‍ ഉയരത്തില്‍നിന്ന് തളിച്ചാല്‍ കീടനാശിനി അധികം സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും, ഉദ്ദിഷ്ടസ്ഥലത്തിനു പുറത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. കേന്ദ്ര ഇന്‍സെക്റ്റിസൈഡ് ബോര്‍ഡും, ദേശീയ കശുവണ്ടി ഗവേഷണ കേന്ദ്രവും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. അച്യുതന്‍ കമ്മിറ്റിക്ക് തെളിവു നല്‍കുന്നതിന്റെ ഭാഗമായി നിര്‍മാതാക്കളുടെ അസോസിയേഷനും ഇതു വ്യക്തമാക്കിയിട്ടുണ്ട്.2 11 മീറ്റര്‍ ഉയരം വരെ ഹെലികോപ്ടര്‍ പറന്നിരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ശ്രീകുമാര്‍, അച്യുതന്‍ കമ്മിറ്റി മുമ്പാകെ തെളിവു നല്‍കിയിട്ടുണ്ട്. പല പഞ്ചായത്തു പ്രതിനിധികളും ഇത് ശരിവെക്കുന്നു. മൂന്നു മീറ്ററിലും ഉയരത്തില്‍ പറക്കുന്നുണ്ടോ എന്ന് മോണിട്ടര്‍ ചെയ്യുന്നത് അപ്രായോഗികമാണെന്ന് പി സി കെ പ്രതിനിധിയും പ്രസ്തുത കമ്മിറ്റിയോട് സമ്മതിച്ചിട്ടുണ്ട്.

II) കാസര്‍കോട്ടെ തോട്ടങ്ങള്‍ ചെറിയ പോക്കറ്റുകളായി സ്ഥിതി ചെയ്യുന്നതിനാല്‍ ഹെലിക്കോപ്ടറുകള്‍ വളഞ്ഞുപറക്കുമ്പോള്‍ പരിധിവിടാനിടയുണ്ട്.

III) നിരവധി നീര്‍ച്ചാലുകളും കുളങ്ങളും കിണറുകളും ഉള്ള പ്രശ്നപ്രദേശത്ത് എത്ര ശ്രമിച്ചാലും അവയെല്ലാം മൂടുക എന്നത് പ്രയാസമാണ്. 4000 ല്‍ അധികം കിണറുകളും 1600 ല്‍ അധികം വീടുകളും തോട്ടങ്ങളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി ഉണ്ട് എന്ന് പി സി കെയുടെ കണക്കുകള്‍ തന്നെ വെളിവാക്കുന്നു. കിണറുകള്‍ മൂടാന്‍ തെങ്ങോലയും പ്ളാസ്റ്റിക്ഷീറ്റുമാണ് പൊതുജനങ്ങള്‍ക്ക് കൊടുക്കുന്നത്. ശരിയായി മൂടി എന്നുറപ്പുവരുത്തേണ്ടത് പി സി കെയുടെ ചുമതലയാണെന്ന് കീടനാശിനി തളിക്കാന്‍ അനുവാദം നല്‍കുന്ന ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, അത്തരം ഉറപ്പുവരുത്താന്‍ പി സി കെ ശ്രദ്ധിച്ചിട്ടില്ല. തങ്ങള്‍ക്ക് ഇതിനുവേണ്ട സാങ്കേതികസ്റ്റാഫ് ഇല്ല എന്ന ന്യായമാണ് പി സി കെ അച്യുതന്‍ കമ്മിറ്റി മുമ്പാകെ വെച്ചത്. കുളങ്ങളും നീര്‍ച്ചാലുകളും മൂടുക എന്നത് അപ്രായോഗികമാണെന്നും പി സി കെ സമ്മതിച്ചിട്ടുണ്ട്. കുറ്റകരമായ കൃത്യവിലോപമാണ് ഇതെല്ലാം.

IV) തുടര്‍ച്ചയായ ഉപയോഗം

ഒരു കീടനാശിനിയും തുടര്‍ച്ചയായി ഉപയോഗിക്കരുത്. ഇടയ്ക്ക് കീടനാശിനിക്ക് അവധി (Pesticide holiday) കൊടുക്കുകയോ മറ്റൊരു കീടനാശിനി ഉപയോഗിക്കുകയോ വേണം. ദേശീയ കശുവണ്ടി ഗവേഷണ കേന്ദ്രം ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഒരേ കീടനാശിനി തുടര്‍ച്ചയായി 20 വര്‍ഷത്തിലധികംകാലം ഉപയോഗിച്ചു എന്ന ചോദ്യത്തിന് മറ്റു കീടനാശിനികള്‍ കൂടുതല്‍ വിലപിടിച്ചവയായതിനാല്‍ അവ ഉപയോഗിക്കുന്നത് പി സി കെക്ക് നഷ്ടമുണ്ടാക്കുമെന്നും, കീടനാശിനിക്ക് അവധി കൊടുത്താല്‍ ഉത്പാദനം കുറയുമെന്നും ആയിരുന്നു മറുപടി. എന്നാല്‍ ഉത്പാദനത്തെപ്പറ്റി ശരിയായ കണക്കുകളൊന്നും കൈയിലില്ല എന്നും പറഞ്ഞു.

V) കീടനാശിനി തളിക്കുമ്പോള്‍ പല മുന്‍കരുതലുകളും എടുക്കണം

.കിണര്‍, കുളം മുതലായവ മൂടണം.

.ജനങ്ങള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പ് കൊടുക്കണം.

.അടുത്ത പ്രദേശത്തെ ജനങ്ങളെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കണം.

.കാറ്റുള്ളപ്പോള്‍ അടിക്കരുത്.

കീടനാശിനിപ്രയോഗം അതിരാവിലെയും വൈകുന്നേരവുമേ പാടുള്ളൂ.

.കീടനാശിനി കലക്കുന്നവര്‍ മുഖംമൂടിയും കൈയുറകളും ധരിക്കണം.

ഇവ കര്‍ശനമായി പാലിക്കാന്‍ പി സി കെ ശ്രദ്ധിച്ചിട്ടില്ലെന്ന് പഞ്ചായത്തധികാരികളും നാട്ടുകാരും തെളിവു നല്‍കിയിട്ടുണ്ട്. കീടനാശിനി തളിക്കല്‍ ഹെലികോപ്ടര്‍ ഏജന്‍സികളെ ഏല്പിച്ച് ചുമതലയില്‍ നിന്നൊഴിയുകയാണ് പി സി കെ ചെയ്തത്.

കീടനാശിനി നിര്‍മാതാക്കള്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയുവാന്‍ സാധിക്കുകയില്ല. കാസര്‍കോട്ടെ തോട്ടംപ്രദേശം എന്‍ഡോസള്‍ഫാന്‍ ആകാശത്തുനിന്ന് തളിക്കുവാന്‍ അനുയോജ്യമല്ല എന്ന് അവര്‍ അച്യുതന്‍ കമ്മിറ്റിമുമ്പാകെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും അവിടെ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് കച്ചവടതാല്പര്യം ഒന്നുകൊണ്ടുമാത്രമല്ലേ?

പി സി കെയുടെ അലംഭാവവും, ഭൂമിയുടെ നിമ്നോന്നതാവസ്ഥയും, ആര്‍ദ്രതയുമാണ് കാസര്‍കോട് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.

ഇപ്പോഴത്തെ സ്ഥിതി

ലോകമെമ്പാടും നടത്തിയ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്സ് പുനരവലോകന കമ്മിറ്റി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2011 മേയില്‍ കൂടുന്ന സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ഈ ശുപാര്‍ശയെപ്പറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. എന്‍ഡോസള്‍ഫാന്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിക്കുവാനുള്ള തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയടക്കം 166 രാഷ്ട്രങ്ങള്‍ സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ അംഗമാണ്. അമേരിക്ക, കനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ആസ്ത്രേലിയ, ഫിലിപ്പൈന്‍സ്, ആഫ്രിക്കയിലെ പല രാഷ്ട്രങ്ങള്‍ തുടങ്ങി 66 രാജ്യങ്ങള്‍ ഇതിനകം ഇതു നിരോധിച്ചുകഴിഞ്ഞു. ഇതിന്റെ പേറ്റന്റിന്റെ ഉടമകളായ ബെയേഴ്സ് എന്ന കമ്പനി അമേരിക്കയില്‍ ഇതിന്റെ ഉത്പാദനം നിര്‍ത്തി. കേരളത്തില്‍ എന്‍ഡോസള്‍ഫാനെതിരായ നിരോധനം നിലനില്‍ക്കുന്നു.

ഇന്ത്യയിലാണ് എന്‍ഡോസള്‍ഫാന്റെ ഉത്പാദനത്തിന്റെ മുഖ്യപങ്കും നടക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് (ലി) എന്ന പൊതുസ്ഥാപനം, ഗുജറാത്തിലെ എക്സല്‍ ഇന്‍ഡസ്ട്രീസ്, തമിഴ്നാട്ടിലെ കോറമാണ്ടള്‍ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ഫാക്ടറികളിലാണ് ഇപ്പോള്‍ ഉത്പാദനം നടക്കുന്നത്. ഉത്പാദനത്തിന്റെ വലിയൊരു ഭാഗം കയറ്റിഅയക്കുന്നു.

നിഗമനങ്ങള്‍

മേല്‍ വിവരിച്ച ചര്‍ച്ചയില്‍നിന്നും ഉരുത്തിരിയുന്ന നിഗമനങ്ങള്‍ താഴെ പറയുന്നവയാണ്.

I) എന്‍ഡോസള്‍ഫാന്‍ പോപ്സ് ഗണത്തില്‍പ്പെടുത്തപ്പെടേണ്ടതും, അതിന്റെ ഉത്പാദനവും ഉപയോഗവും മനുഷ്യര്‍ക്കും, മറ്റു നിരവധി ജന്തുക്കള്‍ക്കും വിനാശകരവും, വെള്ളം, മണ്ണ് എന്നിവയെ ദുഷിപ്പിക്കുന്നതും ആണ്.

II) മേല്‍പ്പറഞ്ഞ തീരുമാനം എടുക്കുവാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമില്ല.

III) കാസര്‍കോട്ടടക്കം എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സൌകര്യങ്ങളും മറ്റു ആവശ്യമായ സഹായങ്ങളും ലഭ്യമാക്കണം.

IV) ഉപയോഗത്തിലിരിക്കുന്ന മറ്റു കീടനാശിനികളെക്കുറിച്ച് വിശദമായ പുനരവലോകനം നടത്തണം.

V) രാസ കീടനാശിനികളുടെ ഉത്പാദനത്തിലും വിതരണത്തിലും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം.

ഇനിയെന്ത്

ഇപ്പോള്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിവാദം ഒരു നിമിത്തമായി എടുത്ത് രാസകീടനാശിനികളെയും രാസവളങ്ങളെയും മാത്രമല്ല മൂലധനതാല്പര്യങ്ങള്‍ക്കനുസരിച്ച് വികസിക്കുന്ന ആധുനിക കൃഷിവ്യവസാത്തെയുംപ്പറ്റി വിശദവും, ആഴത്തിലുള്ളതും ആയ പഠനങ്ങള്‍ക്ക് ആരംഭം കുറിക്കണം. ഭക്ഷ്യോത്പാദനത്തില്‍ ക്രമാനുഗതമായ വര്‍ധന നിലനിര്‍ത്തുന്നതോടൊപ്പംതന്നെ എല്ലാ ജീവജാലങ്ങളുടെയും വെള്ളം, മണ്ണ്, വായു തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളുടെ സുസ്ഥിരമായ നിലനില്പ് ലക്ഷ്യംവെച്ചായിരിക്കണം പഠനങ്ങള്‍. ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തില്‍ അത്യന്തം അപകടകാരികളായ രാസ കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉത്പാദനവും ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കാനും, ആവശ്യമെങ്കില്‍ തടയാനും കഴിയണം. അതോടുകൂടി കാര്‍ഷികോത്പാദനം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ജൈവകീടനാശിനികളും ജൈവവളങ്ങളും വളര്‍ത്തി എടുക്കുവാനും ശ്രദ്ധിക്കണം. മറഞ്ഞുപോയ പല പരമ്പരാഗത കൃഷിരീതികളും പഠിച്ച് വിലയിരുത്തി സ്വീകാര്യമായവ നടപ്പിലാക്കണം. രാസകീടനാശിനികളെയും രാസവളങ്ങളെയും, പ്രത്യേകിച്ച് അവയുടെ ഉപയോഗക്രമങ്ങളെയും അപകടസാധ്യതകളെയും എടുക്കേണ്ട മുന്‍കരുതലുകളെയുംപറ്റി, വിതരണക്കാരെയും ഉപയോക്താക്കളെയും ബോധവാന്മാരാക്കണം.

ഉടന്‍തന്നെ താഴെ സൂചിപ്പിക്കുന്ന നിയന്ത്രണങ്ങള്‍ നിയമംമൂലം നിര്‍ബന്ധിതമാക്കുവാന്‍ പാര്‍ലമെന്റില്‍ അടുത്തുതന്നെ അവതരിപ്പിക്കപ്പെടുന്ന 'കീടനാശിനി പരിപാലന ബില്ലി'ല്‍ വ്യവസ്ഥ ചെയ്യാന്‍ നടപടികള്‍ എടുക്കണം.

I) രാസകീടനാശിനികളും രാസവളങ്ങളും ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് വ്യവസ്ഥ ചെയ്യുക (ഭോപാല്‍ ദുരന്തം ഓര്‍ക്കുക).

II) മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കൊടുക്കുന്ന മരുന്നുകള്‍ (നേരിട്ട് കൌണ്ടര്‍ വില്പന നടത്തുവാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളവ ഒഴികെ) ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പ് പ്രകാരമേ വില്‍ക്കുവാന്‍ പാടുള്ളൂ എന്ന് നിയന്ത്രണമുണ്ട്. കൂടാതെ, അവ വില്‍ക്കുന്നതിന് മരുന്നുകടകളില്‍ ഫാര്‍മസിസ്റ്റ് ഉണ്ടായിരിക്കണമെന്നും നിയമമുണ്ട്. ഒരാള്‍ക്ക് മരുന്നു തെറ്റിനല്‍കിയാല്‍ അയാള്‍ക്കു മാത്രമേ അപകടമുള്ളൂ. എന്നാല്‍ രാസകീടനാശിനികളും രാസവളങ്ങളും തെറ്റായ വിധത്തില്‍ ഉപയോഗിച്ചാല്‍ പരിസ്ഥിതിയെയും സമൂഹത്തെയും ആകെ ബാധിക്കും. ചില അവസ്ഥകളില്‍ അപകടം തലമുറകളെ ബാധിക്കും. അതിനാല്‍ ഇവയുടെ വില്‍പന നിയന്ത്രിക്കേണ്ടത്, മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉള്ള മരുന്നുവില്പനയേക്കാളും ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല. അതുകൊണ്ട് രാസകീടനാശിനികളും രാസവളങ്ങളും കൃഷിശാസ്ത്രത്തിലോ, രസതന്ത്രത്തിലോ, കീടശാസ്ത്രത്തിലോ ബിരുദമുള്ള ഒരു വിദഗ്ധന്റെ കുറിപ്പ് പ്രകാരമേ വില്‍ക്കാന്‍ പാടുള്ളൂ എന്നും, അവ വില്‍ക്കുന്ന കടകളില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ളോമയെങ്കിലും നേടിയിട്ടുള്ള ഒരു വില്പനക്കാരന്‍ ഉണ്ടായിരിക്കണം എന്നും നിബന്ധന ഏര്‍പ്പെടുത്തണം.

III). രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും പാക്കറ്റുകളുടെ കൂടെ അവയില്‍ അടങ്ങിയിട്ടുള്ള ഘടകവസ്തുക്കളുടെ വിവരണവും, അളവും, ഉപയോഗക്രമവും, ദോഷഫലങ്ങളും , അപകടങ്ങളുണ്ടായാല്‍ എടുക്കേണ്ട ആദ്യ സഹായവിധികളും വിവരിക്കുന്ന ലഘുലേഖകള്‍ ഉണ്ടായിരിക്കണം.

IV). ഉത്പാദകര്‍ രാസവസ്തുക്കളെക്കുറിച്ച് വിതരണക്കാരെയും, സംഭരണക്കാരെയും ബോധവാന്മാരാക്കുന്നതിന് ക്ളാസുകള്‍ സംഘടിപ്പിക്കണം.

V). ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍, എതിര്‍ജീവികള്‍ എന്നിവയെപ്പറ്റി പഠിച്ച് അനുയോജ്യമായവ പ്രോത്സാഹിപ്പിക്കണം.

VI). പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് ഉപനിയമങ്ങളുണ്ടാക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക് അധികാരം നല്‍കണം.

ഉപസംഹാരം

കാലാവസ്ഥാ വ്യതിയാനം, കൃഷിഭൂമിയുടെ ശോഷണം, ജനസംഖ്യാ വര്‍ധന എന്നിവമൂലം ലോകം ഒരു വലിയ ഭക്ഷ്യപ്രതിസന്ധി നേരിടാന്‍ പോകുകയാണെന്ന് ലോക ഭക്ഷ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇത് തരണം ചെയ്യാന്‍ കൃഷിസമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇപ്പോള്‍ തുടര്‍ന്നുവരുന്ന ഊര്‍ജിത കൃഷിവ്യവസായനയം കൂടുതല്‍ രാസവളങ്ങളും കൂടുതല്‍ കീടനാശിനികളും, വെള്ളവും, ഊര്‍ജവും ഉപയോഗിക്കുവാനാണ് ഉപദേശിക്കുന്നത്. ഇത് ആത്മഹത്യാപരമാണ്. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം ക്രമേണ കുറച്ച് കൂടുതല്‍ സുസ്ഥിരമായ ജൈവമാര്‍ഗങ്ങള്‍ സ്വീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തണം. എന്‍ഡോസള്‍ഫാനെപ്പറ്റി ഇപ്പോള്‍ നടക്കുന്ന വിവാദം എന്‍ഡോസള്‍ഫാന്‍ നിരോധനത്തോടുകൂടി, അവസാനിപ്പിക്കരുത്. മേല്‍പ്പറഞ്ഞ തരത്തില്‍ കൃഷിപരിപാലനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി വികസിപ്പിക്കുവാന്‍ ഈ വിവാദം കാരണമാകണം.

*
ഡോ. എ അച്യുതന്‍ കടപ്പാട്: ദേശാഭിമാനി വാരിക 09 ജനുവരി 2011

Monday, November 29, 2010

പ്ലാന്റേഷന്‍ കോര്‍പ്പറേഷനും എന്‍ഡോസള്‍ഫാനും

നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്? തിരുവനന്തപുരത്തുനിന്നും ഒരാള്‍ അയച്ച കത്തിലെ വാചകമാണിത്. പ്രചരണങ്ങളില്‍ കുടുങ്ങി ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ടെലിഫോണ്‍വഴി പ്രതികരിക്കുന്നവരുമുണ്ട്.

നിങ്ങള്‍ നെല്ലിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുവഴി വൈക്കോലില്‍ വിഷാംശം കലരുന്നു. അത് ഭക്ഷിക്കുന്ന പശു ചുരത്തുന്ന പാലിലും എന്‍ഡോസള്‍ഫാന്റെ അംശം ഉണ്ടാകുമെന്നത് മറക്കരുത്. കത്ത് ഇങ്ങനെ തീരുന്നു. തേയിലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്റെ അംശം ചായയിലും എത്തുന്നതായി മറ്റൊരു വാര്‍ത്ത. പാലക്കാട്ടെ മുതലമടയില്‍ മാങ്ങാക്കൃഷിയിലും ഇത് ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിക്കൃഷിയിലും എന്‍ഡോസള്‍ഫാന്‍ തന്നെ പ്രധാന കീടനാശിനി.

തെറ്റിദ്ധരിക്കപ്പെട്ട ചിലര്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണെന്ന് വിശ്വസിക്കുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഇടുക്കിയിലോ മുതലമടയിലോ വയനാട്ടിലോ എസ്റ്റേറ്റുകളില്ല. കോര്‍പ്പറേഷന്‍ നെല്‍ക്കൃഷിയോ പച്ചക്കറിക്കൃഷിയോ ചെയ്യുന്നില്ല. കോര്‍പ്പറേഷന് തേയിലത്തോട്ടങ്ങളില്ല. പാലക്കാട് മാവിന്‍തോട്ടങ്ങളുമില്ല. ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട ചിലരും ചോദ്യങ്ങള്‍ ചോദിച്ചു. അവരോടും പറയേണ്ടി വന്നു കോര്‍പ്പറേഷന് ഏലത്തോട്ടങ്ങളില്ല എന്ന്.

കാസര്‍കോട്ടെ കശുമാവ് തോട്ടങ്ങളില്‍ കീടബാധയുണ്ടായതിനെത്തുടര്‍ന്ന് കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും നിര്‍ദേശപ്രകാരം 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു. ഇതേ ഹെലികോപ്ടറാണ് അന്ന് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആറളം ഫാമിലും എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്തത്. ഇത് ഉദ്പാദിപ്പിച്ചതാകട്ടെ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ എച്ച് ഐ എല്‍ ആണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ 23-12-2000 ല്‍ കോര്‍പ്പറേഷന്‍ സ്‌പേയിംഗ് നിര്‍ത്തിവെച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.

കോര്‍പ്പറേഷനെ ന്യായീകരിക്കുവാനല്ല ഇത്രയും വസ്തുകള്‍ നിരത്തിയത്. മാരകവിഷം ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. കോര്‍പ്പറേഷന്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി ഒരു ചാനല്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. കൃഷിയ്ക്ക് ആവശ്യമായതെല്ലാം വാങ്ങുന്നത് സംബന്ധിച്ച ടെന്റര്‍ അംഗീകരിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്. അതില്‍ റബര്‍ ബോര്‍ഡ്, കൃഷിവകുപ്പ്, ധനകാര്യവകുപ്പ് പ്രതിനിധികളും അംഗങ്ങളാണ്.

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ രഹസ്യമായി ആര്‍ക്കും കീടനാശിനികള്‍ വാങ്ങി ഉപയോഗിക്കുവാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉദ്യോഗസ്ഥരോ തൊഴിലാളികളോ കയ്യില്‍ നിന്നും പണം മുടക്കി കീടനാശിനി വാങ്ങുമെന്നത് ചിന്തിക്കുവാന്‍ കഴിയാത്ത കാര്യവുമാണ്.

മാത്രവുമല്ല എസ്റ്റേറ്റുകളില്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ജീവനക്കാര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ദിവസേന വിവരാവകാശ നിയമപ്രകാരം ഒട്ടനേകം പേര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. 2000 നുശേഷം നിരവധി പഠന സംഘങ്ങളും പരിസ്ഥിതി സംഘടനകളും മാധ്യമ പ്രവര്‍ത്തകരും എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചു. വര്‍ഷത്തില്‍ ഒന്നിലധികം തവണ സര്‍ക്കാര്‍ തന്നെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ റിവ്യൂ ചെയ്യുന്നുണ്ട്.

ഇതിനെയെല്ലാം മറി കടന്ന് നിരോധിക്കപ്പെട്ട കീടനാശിനി ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഉപയോഗിക്കുവാന്‍ കഴിയില്ല എന്നറിഞ്ഞു കൊണ്ട്തന്നെയാണ് ചിലര്‍ പ്രചരണം നടത്തുന്നത്.

എന്‍ഡോസള്‍ഫാനെ സംബന്ധിച്ച് മുന്‍കാലത്ത് സര്‍ക്കാരിലും ബോര്‍ഡിന്റെ തലപ്പത്തും ഉണ്ടായിരുന്നവര്‍ പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിച്ച നിലവിലുള്ള ബോര്‍ഡ്, സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ലേഖകന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാകുന്നതിനുമുമ്പും അതിനുശേഷവും ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. വിമര്‍ശകര്‍ മുന്‍കാല ബോര്‍ഡുകളുടെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ സമീപനം നിലവിലുള്ള ബോര്‍ഡ് സ്വീകരിച്ചത് അറിയാത്തവരല്ല.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായതുകൊണ്ടുതന്നെ സ്വതന്ത്രമായ പ്രഖ്യാപനങ്ങള്‍ നടത്തുവാനും കഴിയില്ല. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനൊപ്പം കോര്‍പ്പറേഷന്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നത്. കാലതാമസമുണ്ടാകുന്നതിനെ ന്യായീകരിക്കുകയല്ല, വസ്തുതകള്‍ ചൂണ്ടിക്കാണിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ രാജ്യത്താകെ നിരോധിക്കണം. 23 ലധികം പേരുകളില്‍ രാജ്യത്ത് ഇത് വില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനം ഉല്‍പ്പാദിപ്പിച്ച ഇപ്പോഴും നിരോധിക്കാത്ത കീടനാശിനി പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിശാസ്ത്രജ്ഞരുടേയും വകുപ്പിന്റേയും ശുപാര്‍ശപ്രകാരം തളിക്കുകയാണ് ചെയ്തത്. പ്രശ്‌നത്തെ ലഘൂകരിക്കുന്നില്ല.

രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ ഇനിയും ദുരന്തങ്ങള്‍ സൃഷ്ടിക്കാം. പക്ഷേ അത് ഉപയോഗിക്കുന്നവരെ കുരിശിലേറ്റുകയും ഉദ്പാദകരെ വാഴ്ത്തുകയും ചെയ്താല്‍ എന്താകും ഫലം. 2000 നുശേഷം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നില്ല. കീടനാശിനികള്‍ കശുമാവ് നഴ്‌സറികളില്‍ ഉപയോഗിക്കുന്നതുപോലും നിര്‍ത്തിവെച്ച് ജൈവകൃഷിയാക്കി രൂപാന്തരപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ കോര്‍പ്പറേഷന്റെ എസ്റ്റേറ്റുകളിലാണ് 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്.

കോര്‍പ്പറേഷന്റെ കൃഷി റബര്‍, കശുഅണ്ടി, ഓയില്‍പാം എന്നിവയാണ്. നെല്‍കൃഷി, ഏലം, തേയില, പച്ചക്കറി എന്നിവയൊന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നവയല്ല. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയരുന്ന കേന്ദ്രങ്ങളില്‍ കോര്‍പ്പറേഷന് എസ്റ്റേറ്റുകളുമില്ല.

*
ടി ജെ ആഞ്ചലോസ് കടപ്പാട്: ജനയുഗം ദിനപത്രം 29-11-2010

Sunday, November 21, 2010

'അദ്ദേഹം' തന്നെ 'ഇദ്ദേഹം'

വാഗ്ദാനം ചെയ്യപ്പെട്ട 'മാന്യദേഹം' ഇതാ വരുന്നു! എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായോ എന്ന് അന്വേഷിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വിദഗ്ദ്ധനെ അയക്കുന്നതാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി കെ വി തോമസ് അദ്ദേഹം ആരെന്നും വെളിപ്പെടുത്തി: കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സി ഡി മായി. നമുക്ക് സുപരിചിതമാണ് ഈ പേര്. 2004 സെപ്തംബറില്‍ ഇതേ പ്രശ്‌നം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര കൃഷിമന്ത്രാലയം ഇങ്ങോട്ടയച്ചത് ഇദ്ദേഹത്തെയായിരുന്നു. അപ്പോള്‍ മായി അഗ്രിക്കള്‍ച്ചര്‍ കമ്മിഷണറായിരുന്നു. ഇപ്പോള്‍ പദവികളുടെ പരിവേഷം കൂടിയിട്ടുണ്ട്. കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മാത്രമല്ല, കാര്‍ഷിക ശാസ്ത്രഗവേഷണ ബ്യൂറോയുടെയും ചെയര്‍മാനാണ്. 2004 ജൂലൈ 7 ന് ലോക്‌സഭയില്‍ കൃഷിമന്ത്രി ശരത്പവാര്‍ പി കരുണാകരന്‍ എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍, ഒ പി ദുബെയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്നു

''പഡ്രെവില്ലേജിലെ പി സി കെയുടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എങ്കിലും മറ്റൊരു പഠനം മറിച്ചൊരു നിഗമനത്തിലെത്തിയിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്ന സ്ഥിതിക്ക് പുതിയൊരു പഠനം ആവശ്യമായി വന്നിരിക്കുന്നു!'' അതുപ്രകാരം നിയുക്തനായ സി ഡി മായി 2004 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു-കൃത്യം നാലാം മാസത്തില്‍.
പഡ്രെ ഗ്രാമത്തിലെ ആരോഗ്യപ്രശ്‌നങ്ങളും എന്‍ഡോസള്‍ഫാന്‍ പ്രയോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗവും അനുവദനീയമാണ്. 1968 ലെ കീടനാശിനി നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തുടരാവുന്നതാണ്. ഒ പി ദുബെയുടെ റിപ്പോര്‍ട്ടിന്റെ ശരിപകര്‍പ്പ് തന്നെ! അതുകൊണ്ടാണ് സമരസമിതി റിപ്പോര്‍ട്ട് കത്തിച്ചുകൊണ്ട് പ്രകടനം നടത്തിയത്.

അതേ സി ഡി മായിയാണ് വീണ്ടും വരുന്നത്. കൃഷിവകുപ്പാണ് അദ്ദേഹത്തെ അയയ്ക്കുന്നതെങ്കില്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മറ്റൊരു സംഘത്തെ അയയ്ക്കുന്നുണ്ട്. വേണമെങ്കില്‍, കേരളത്തില്‍നിന്നുള്ള ഒരാളെയും സംഘത്തില്‍ ഉള്‍പ്പെടുത്താം-മന്ത്രി ജയറാം രമേശ് ഔദാര്യം കാണിക്കുന്നു. സി ഡി മായിയുടെ സംഘത്തിലും ഉണ്ടായിരുന്നു കേരളത്തില്‍ നിന്നുള്ള ഒരാള്‍-കൃഷിവകുപ്പ് ഡയറക്ടര്‍ ജ്യോതിലാല്‍. മായി കമ്മിഷന്റെ രണ്ടാമത്തെ യോഗത്തില്‍ (2004 നവംബര്‍ 5) ദുബെയുടെയും എന്‍ ഐ ഒ എച്ചിന്റെയും റിപ്പോര്‍ട്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. രണ്ട് റിപ്പോര്‍ട്ടുകളും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്ന് പറഞ്ഞ അംഗങ്ങള്‍ ഒരു കാര്യത്തില്‍ യോജിപ്പിലെത്തി. എന്‍ഡോസള്‍ഫാന്‍ കാന്‍സറിന് കാരണമാകും; ജനിതക വൈകല്യങ്ങള്‍ക്കും (കാര്‍സിനോജെനിക്, ജെനോടോക്‌സിക്ക്). പക്ഷേ, അന്തിമ റിപ്പോര്‍ട്ട് നല്‍കിയത് എന്‍ഡോസള്‍ഫാന്‍ ആകാശത്തു നിന്നുപോലും തളിക്കാന്‍ വിരോധമില്ല; പഡ്രെയിലെ അപൂര്‍വരോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്!

ഡോ. മായി പ്രമാണമാക്കുന്ന ദുബെ കമ്മിഷനും ഇതുപോലൊരു കഥയുണ്ട്. കമ്മിഷന്റെ മെമ്പര്‍ സെക്രട്ടറി ഡോ സന്ധ്യാകുല ശ്രേഷ്ഠ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ തറപ്പിച്ചു പറഞ്ഞു: ''എന്‍ഡോസള്‍ഫാന്‍ തന്നെ രോഗങ്ങള്‍ക്ക് കാരണം. മറ്റൊരു സാധ്യതയും കാണുന്നില്ല.'' പക്ഷേ, അന്തിമ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്.

ഡോ. മായിയുടെ പുതിയ ചില ബന്ധങ്ങള്‍: ജനിതക വ്യതിയാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസസ് ഫോര്‍ ദി അക്വിസിഷന്‍ ഓഫ് അഗ്രിബയോടെക് ആപ്ലിക്കേഷന്‍സ് ബോര്‍ഡംഗമാണ് അദ്ദേഹം. മോണ്‍സെന്റോ, ബായെര്‍, ഡ്യൂപോണ്ട് കമ്പനികളുടെ പ്രതിനിധികളാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനിയാണ് ബായെര്‍. വിജയ് മല്യയായിരുന്നു ദുബെ കമ്മിഷന്റെ കാലത്ത് ബായെര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍. എന്‍ഡോസള്‍ഫാന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തെഴുതിച്ചത് മല്യയായിരുന്നു. ഈ കത്ത് ദുബെയുടെ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൃഷിവകുപ്പ് സഹമന്ത്രി ഡോ മായിയെ വീണ്ടും ഇങ്ങോട്ടയയ്ക്കുമ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് വെറുതെയിരിക്കുമോ? അദ്ദേഹവും അയയ്ക്കുന്നു ഒരു പഠനസംഘത്തെ കേരളത്തിലേയ്ക്ക്! വേണമെന്നുണ്ടെങ്കില്‍ ഒരു കേരളീയനെയും സംഘത്തില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദുബെയുടെ സംഘത്തിലുണ്ടായിരുന്നല്ലോ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ സി സുന്ദരേശന്‍ നായര്‍.

മറ്റൊരു പ്രശ്‌നം: കൃഷി മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും പഠന സമിതികള്‍ സമവായത്തിലെത്തിയില്ലെങ്കിലോ? നേരത്തെ സംഭവിച്ചതെന്തെന്ന് നമുക്കറിയാം. ഡോ പി കെ ശിവരാമന്റെയും ഡോ ഹബീബൂള്ള സെയിദിന്റെയും (എന്‍ ഐ ഒ എച്ച്) നിഗമനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ദുബെയുടെ ''കണ്ടെത്തല്‍'' എന്ന് പറഞ്ഞിട്ടില്ലേ 2004 ല്‍ സി ഡി മായിയെ പറഞ്ഞയച്ചത് പുതിയൊരു പഠന നിയോഗവുമായിട്ട്.

അതുപോലെ ഇനിയും സംഭവിച്ചുകൂടാ എന്നില്ലല്ലോ! വീണ്ടും അയയ്ക്കാം മറ്റൊരു കമ്മിഷനെ! അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ്, നിര്‍മാണവും വ്യാപാരവും നിര്‍ബാധം തുടരട്ടെ!

*
നാരായണന്‍ പേരിയ കടപ്പാട്: ജനയുഗം

Wednesday, November 17, 2010

കൊടുംവിഷം ഇനി വേണ്ട

1950 ലാണ് അമേരിക്കയില്‍ എന്‍ഡോസള്‍ഫാനെന്ന ശക്തമായ കീടനാശിനി കണ്ടുപിടിച്ചത്. 2002ല്‍ അമേരിക്കയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഭക്ഷ്യസാധനങ്ങളിലും വെള്ളത്തിലും വായുവിലും വിഷാംശങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. മാത്രമല്ല സാര്‍വദേശീയമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2007 മുതല്‍ സാര്‍വദേശീയ സമൂഹം എന്‍ഡോസള്‍ഫാന്‍ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെയും രാസവസ്‌തുക്കളുടെയും പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ശക്തമായി. ഈ സന്ദര്‍ഭത്തില്‍ പടിപടിയായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് കനഡ പ്രഖ്യാപിച്ചു. അമേരിക്ക സ്വന്തം മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നിരോധിക്കുകയും കയറ്റുമതി തുടരുകയുംചെയ്‌തു.

2008ല്‍ നാച്ച്വറല്‍ റിസോഴ്‌സ് ഡിഫന്‍സ് കൌൺസിലും ഓര്‍ഗാനിക് കൺസ്യൂമേഴ്‌സ് അസോസിയേഷനും വിവിധ കര്‍ഷക സംഘടനകളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. 2008ല്‍ ശാസ്‌ത്രകാരന്മാര്‍ സംയുക്തമായി നിരോധന ആവശ്യം മുന്നോട്ടുവച്ചു. ജൂലൈയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് സംഘടനകളും ചേര്‍ന്ന് 2002ലെ ഇപിഎ തീരുമാനത്തിനെതിരെ കേസ് ഫയല്‍ ചെയ്‌തു. ഒക്‌ടോബറില്‍ സ്‌റ്റോക്ക് ഹോം കൺവന്‍ഷന്റെ റിവ്യൂകമ്മിറ്റി, നിരോധിക്കപ്പെടേണ്ട കീടനാശിനികളില്‍ എന്‍ഡോസള്‍ഫാനെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍, ഇന്ത്യ ഇതിനെതിരായ സമീപനമാണ് സ്വീകരിച്ചത്. 2009ല്‍ ന്യൂസിലന്‍ഡ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. 2008 ജൂണില്‍ ഫിലിപ്പീന്‍സില്‍ താല്‍ക്കാലികമായി നിരോധിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുംചെയ്‌തു.

എന്‍ഡോസള്‍ഫാന്‍ ഗൌരവമായ പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നാണെന്ന് സ്‌റ്റോക്ക് ഹോം കൺവന്‍ഷന്റെ റിവ്യൂ കമ്മിറ്റി അംഗീകരിച്ചു. സാര്‍വദേശീയമായി തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതാണെന്ന് അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ പരുത്തി, ഉരുളക്കിഴങ്ങ്, തക്കാളി, ആപ്പിള്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് ഇപിഎ(പരിസ്ഥിതി സംരക്ഷണ ഏജന്‍സി) ചൂണ്ടിക്കാണിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യഞരമ്പുകളെ ക്ഷീണിപ്പിക്കുകയും ക്രമേണ ശ്വാസസംബന്ധമായ അസുഖം, ഛര്‍ദി, അവയവങ്ങളെ ക്ഷീണിപ്പിക്കല്‍, വയറ്റിളക്കം, ബോധക്ഷയം തുടങ്ങിയവയ്‌ക്കൊക്കെ കാരണമാണെന്ന് ശാസ്‌ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങളില്‍ ബുദ്ധിമാന്ദ്യവും വിവിധ അവയവങ്ങളുടെ വൈകല്യവും പ്രകടമാണ്. പ്ളാന്റേഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് ചര്‍മ സംബന്ധമായ രോഗങ്ങളും കണ്ടുവരുന്നു. ചെറിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചാലും ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തില്‍ കടന്നാലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു.

എന്‍ഡോസള്‍ഫാന്റെ ഫലത്തെക്കുറിച്ച് മനുഷ്യരിലും മൃഗങ്ങളിലും ചെടികളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലം ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യരുടെ ഉല്‍പ്പാദനശേഷിയെ ബാധിക്കും. ക്യാന്‍സര്‍, ടിബി പോലുള്ള രോഗങ്ങളിലേക്ക് ക്രമേണ ഇത് എത്തിച്ചേരും. കാസര്‍കോട്ട് എന്‍ഐഒഎച്ച് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും അല്ലാത്ത പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍, എന്‍ഡോസള്‍ഫാന്‍തന്നെയാണ് അസാധാരണ രോഗങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2007ല്‍ കാലിഫോര്‍ണിയയിലെ പബ്ളിക് ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങള്‍ക്കടുത്ത് ജീവിക്കുന്ന സ്‌ത്രീകളില്‍ ആദ്യത്തെ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ ഗര്‍ഭധാരണം അലസിപ്പോകുന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ക്യാന്‍സറിന് വഴിതെളിക്കുമെന്ന് പഠനം പറയുന്നില്ലെങ്കിലും ബ്രെസ്‌റ്റ് ക്യാന്‍സര്‍ ശക്തിപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

എന്‍ഡോസള്‍ഫാന്‍ ഏറെ സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും വളരെ ദൂരത്തില്‍ സഞ്ചരിക്കുകയുംചെയ്യുന്ന സവിശേഷ കീടനാശിനിയാണ്. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും എന്‍ഡോസള്‍ഫാന്‍ ഡോളും ഒരേപോലെ ഈ പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. ഇവയ്‌ക്ക് ഒന്‍പതുമാസം മുതല്‍ ആറുവര്‍ഷംവരെ നാശമില്ലാതെ നിലനില്‍ക്കാനുള്ള കഴിവുണ്ടെന്നാണ് ഇപിഎയുടെ പഠനങ്ങള്‍ പറയുന്നത്. 2008ല്‍ അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ അമേരിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ കണ്ട വസ്‌തുത ഞെട്ടിപ്പിക്കുന്നതാണ്. വായു, വെള്ളം, ചെടികള്‍, മത്സ്യം എന്നിവയിലെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പാര്‍ക്കുകള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍നിന്ന് വളരെ ദൂരത്തിലാണ്. 2009ല്‍ സ്‌റ്റോക്ക് ഹോം കൺവന്‍ഷനിലെ ശാസ്‌ത്രകാരന്മാരുടെ വിദഗ്ധസംഘം ചൂണ്ടിക്കാണിച്ചത് "വളരെ ദൂരത്തില്‍ സഞ്ചരിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ മനുഷ്യരുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതുവഴി ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ സാര്‍വദേശീയമായും നടപടി ആവശ്യമാണ്.'' എന്നാണ്.

ഇന്ത്യയിലെ ഉല്‍പ്പാദനം

ലോകത്തില്‍ ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. എക്‌സല്‍ ക്രോപ്പ് കേര്‍, എച്ച്ഐഎല്‍, കൊറോമണ്ടല്‍ ഫെർട്ടിലൈസര്‍ എന്നീ മൂന്ന് പ്രധാനകമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് ഉപയോഗത്തിന് 4500 ടണ്ണും കയറ്റി അയക്കുന്നതിന് 4000 ടണ്ണും ഉല്‍പ്പാദിപ്പിക്കുന്നു. കാസര്‍കോട്ടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളില്‍ അസാധാരണ രോഗങ്ങള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ആദ്യം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും കമ്പനിയുടെ നിര്‍ബന്ധത്തിന്റെയും കോടതി നടപടികളുടെയും ഭാഗമായി ഈ നിരോധനം വലിയൊരളവില്‍ അസാധുവാക്കപ്പെട്ടു.

നിയന്ത്രണനടപടികള്‍

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളും ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന മറ്റു നടപടികളും നിയന്ത്രിക്കുന്നതിനുവേണ്ടി 1998 ലാണ് ഐക്യരാഷ്‌ട്ര പാരിസ്ഥിതിക പരിപാടിയുടെ ഭാഗമായി പഠനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2001 മേയില്‍ സ്വീഡനിലെ സ്‌റ്റോക്ക് ഹോമില്‍ പ്രത്യേക കൺവന്‍ഷന്‍ ചേര്‍ന്നു. ഇതാണ് കൺവന്‍ഷന്‍ ഓൺ പെര്‍സിസ്‌റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് അഥവാ പോപ്പ് എന്ന് അറിയപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഫിലിപ്പീന്‍സിലെയും ജനീവയിലെയും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നിരോധിക്കപ്പെട്ട രാസവസ്‌തുക്കളുടെ കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ചര്‍ച്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് 1998ല്‍ കാസര്‍കോട് പെരിയയില്‍ കശുമാവിന്‍തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ലീലാകുമാരിയമ്മ എന്ന സര്‍ക്കാരുദ്യോഗസ്ഥ കോടതിയില്‍ എത്തിയത്. തണല്‍പോലുള്ള സംഘടനകള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. പോപ്പ് കൺവന്‍ഷന്റെ റിവ്യൂ കമ്മിറ്റി ഓരോ വര്‍ഷവും എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് റിവ്യൂ നടത്തിവന്നിരുന്നു. നിരോധിക്കേണ്ട ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തേണ്ട രാസവസ്‌തുവാണ് എന്‍ഡോസള്‍ഫാനെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 2008ലും 2009ലും നടന്ന യോഗങ്ങളിലും കാര്‍ബണിക രാസ വിഷയങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു.
ജനീവയില്‍ നടന്ന ആറാമത് സ്‌റ്റോക്ക് ഹോം കൺവന്‍ഷനില്‍ 29 അംഗങ്ങളാണ് പങ്കെടുത്തത്. 2010 ഒക്‌ടോബര്‍ 10 മുതല്‍ 15 വരെ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ മൂന്നു രാസവസ്‌തുക്കളെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ആദ്യം മുതല്‍ ഇന്ത്യയും കമ്പനി പ്രതിനിധികളും എന്‍ഡോസള്‍ഫാനെ രക്ഷിക്കാനുള്ള വാദഗതികളാണ് ഉയര്‍ത്തിയത്. ജപ്പാന്‍, കനഡ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച കാര്യം സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും ഇന്ത്യയ്‌ക്ക് മാറ്റം ഉണ്ടായില്ല. കാസര്‍കോട്ട് 12 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കിയ മാരക രോഗങ്ങളെ സംബന്ധിച്ച് സാര്‍വദേശീയ രംഗത്തെ പഠനങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടും ഇന്ത്യയുടെ പ്രതിനിധി എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുമ്പോള്‍, ഇവരുടെ മുമ്പില്‍ മാനുഷിക പരിഗണനയ്‌ക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാണ്.

71 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്, എല്ലാ സ്ഥലങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവന്നതുകൊണ്ടു മാത്രമല്ല; ശാസ്‌ത്രകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ വിഷയം തുടര്‍ച്ചയായി ഉയര്‍ത്തിയതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തിന്റെ പാരിസ്ഥിതിക സംരക്ഷണവും മനുഷ്യന്റെ ആരോഗ്യസംരക്ഷണവും മുന്‍നിര്‍ത്തിയാണ് അതത് ഗവൺമെന്റുകള്‍ നിരോധിച്ചത്. നിരോധിക്കുന്നതിനാവശ്യമായ എല്ലാ തെളിവും പഠനങ്ങളുടെ ഭാഗമായി നമ്മുടെ മുമ്പിലുണ്ട്.
കേരള സര്‍ക്കാര്‍ നിയമിച്ച അച്ചുതന്‍ കമീഷന്റെയും ശിവരാമന്‍ കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ കാരണം ഉണ്ടായിട്ടുള്ള അസാധാരണ രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നാച്വറല്‍ ഇന്‍സ്‌റ്റിസ്‌റ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് നടത്തിയ പഠനം അതീവ പ്രാധാന്യമുള്ളതാണ്. അവര്‍ മണ്ണ്, വായു, വെള്ളം, ചെടികള്‍, രക്തം, അമ്മയുടെ മുലപ്പാല്‍ തുടങ്ങി വിശദമായ പരിശോധന നടത്തി കണ്ടെത്തിയ വസ്‌തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കാസര്‍കോടിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്ന അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ദുബെകമീഷനിലെ എട്ട് അംഗങ്ങളില്‍ അഞ്ചുപേരും എന്‍ഡോസള്‍ഫാനെതിരെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കമീഷനിലെ എന്‍ഡോസള്‍ഫാന്‍ പ്രതിനിധികളായ രണ്ട് അംഗങ്ങളും ദുബെയുമാണ് എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ കാര്‍ഷിക വിദഗ്ധനായ ഡോ. ദുബെ കാസര്‍കോട് സിപിസിആര്‍ഐയില്‍ ഡയറക്‌ടറായിരുന്ന സമയത്താണ് കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ നിര്‍ദേശം നല്‍കിയത്. അദ്ദേഹംതന്നെയാണ് ഇത് സംബന്ധിച്ച് പഠിച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയത് എന്ന കാര്യം യാദൃച്‌ഛികമാകാം. എന്നാല്‍, അദ്ദേഹത്തിന്റെ കമ്മിറ്റിയിലെ പാരിസ്ഥിതിക ആരോഗ്യ സാമൂഹ്യരംഗത്തെ പ്രഗത്ഭര്‍ ആരും എന്‍ഡോസള്‍ഫാനെ അനുകൂലിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഈ കമ്മിറ്റി രോഗബാധിത പ്രദേശങ്ങളിൽ പോയിട്ടില്ലെന്നുള്ള വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്.

പിന്നീട് നിയമിച്ച ഡോ. മിയ കമീഷനാകട്ടെ കൊച്ചിക്ക് അപ്പുറം പോയി പരിശോധന നടത്തിയില്ല, ദുബെയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്‌തത്. യഥാര്‍ഥത്തില്‍ എന്‍ഐഒഎച്ചിന്റെ റിപ്പോര്‍ട്ട് ഗവമെന്റിന് മുമ്പില്‍ എത്തിയിട്ടില്ല, പകരം ദുബെയുടെ റിപ്പോര്‍ട്ട് ഭൂരിപക്ഷ വ്യത്യസ്‌ത അഭിപ്രായമുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചു. കാസര്‍കോട്ട് വളര്‍ന്നുവന്ന ശക്തമായ ബഹുജന പ്രഷോഭത്തിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. 2004 മുതല്‍ തുടര്‍ച്ചയായി ഈ വിഷയം പാര്‍ലമെന്റില്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. വളര്‍ന്നുവരുന്ന ബഹുജന പ്രഷോഭത്തിന്റെകൂടി ഭാഗമായി എന്‍ഡോസള്‍ഫാന്‍ താല്‍ക്കാലികമായി നിരോധിക്കുന്ന കാര്യം ശരദ് പവാര്‍ കത്തിലൂടെ അറിയിച്ചിരുന്നു.

2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴും പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴും ഈ വിഷയങ്ങള്‍ കാസര്‍കോട്ടെ എല്ലാ രാഷ്‌ട്രീയ പാര്‍ടി പ്രതിനിധികളും അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കാര്യമായി അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് അയ്യായിരത്തോളം അളുകളുടെ പ്രതിഷേധ പ്രകടനം കാസര്‍കോട്ട് നടന്നു. എല്ലാ മേഖലയിലുംപെട്ട ആളുകള്‍ അതില്‍ പങ്കെടുത്തു. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി മരണപ്പെട്ട ഓരോ കുടുംബത്തിനും 50000 രൂപ നല്‍കി. രോഗം ബാധിച്ച ആളുകള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ച് അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കി. സൌജന്യ ചികിത്സ ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ കാരണം ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആളുകള്‍ ഉണ്ടായി എന്നുള്ളത് ഇന്ത്യക്കുതന്നെ മാതൃകയാണ്.

ഇനിയും പഠനവും പരിശോധനയുമായി വരുന്നത് സാങ്കേതികത്വംകൊണ്ടാണെങ്കില്‍ പൊറുക്കാം. എന്നാല്‍, രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് കണ്ണ് കാണില്ല; ചെവി കേള്‍ക്കില്ല. പ്രായമുള്ളവര്‍ക്ക് വിവിധ രോഗങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയില്ല. പഠനം നിഷേധിക്കപ്പെട്ട കുട്ടികള്‍, ഭാവിജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണാന്‍പോലും കഴിയാത്ത സഹോദരിമാര്‍, ദേഹത്തിലെ വൈകൃതം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ ഇവരെ നോക്കി ഇനിയും പഠനം വേണമെന്ന് പറയുന്നവര്‍ ഉറക്കം നടിക്കുന്നവരാണ്.
കാസര്‍കോട്ട് മാത്രമല്ല, ഇടുക്കിയിലും പാലക്കാട്ടും കര്‍ണാടകത്തിന്റെ ചിലഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്‌ക്കുന്നു. ഇവിടെ വേണ്ടത് ഈ മാരകമായ കീടനാശിനിയെ നിരോധിക്കലാണ്. തുടര്‍ച്ചയായി രോഗങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സയ്‌ക്കാവശ്യമായ സൌകര്യങ്ങള്‍ ഈ പന്ത്രണ്ട് വില്ലേജുകള്‍ക്ക് നടുവില്‍ സ്ഥാപിക്കലാണ്. എല്ലാം സൌകര്യങ്ങളോടുംകൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതുപോലെ മരിച്ച അളുകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായവും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക് ആശ്വാസ നടപടികളുമാണ്. ഇത് പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.


*****

പി കരുണാകരന്‍ എംപി, കടപ്പാട് : ദേശാഭിമാനി