Saturday, May 10, 2014

ആഹാ, ഇരക്കരച്ചില്‍

പ്ലസ് വണ്‍ പഠിപ്പിനിടയ്ക്ക്
എന്നെ ഗര്‍ഭിണിയാക്കീട്ട്
ദുഷ്ടാ നീ കടന്നുകളഞ്ഞത്
തുറന്നെഴുതണോ
എന്ന് തലകറങ്ങുകയാണ് ഞാന്‍ .

എഴുതിയിട്ട് എന്തിനെന്ന്,
ആരെ കാണിക്കാനെന്ന്,
ഫെയ്സ്ബുക്കിലിട്ട് സ്വയം നാറാനോ എന്ന്...?
നാടുവിട്ട് നീയിപ്പോള്‍
ഏതിരുട്ടിലാണെടാ സ്റ്റുപ്പിഡ്.
സാമൂഹ്യപുസ്തകത്തിലെ
ക്വിറ്റിന്ത്യാ പേജ് മറയാക്കി
എന്റെ മൊബൈലില്‍ നിന്റെ ഡാറ്റാ കാര്‍ഡ് കയറ്റി
നാം കണ്ട തകര്‍പ്പന്‍ കൂട്ട മാനഭംഗം.
ഓളുടെ കരച്ചിലൊച്ചയില്‍നിന്ന് നെനക്ക് കിട്ടിയ ആവേശത്തിന്
എന്റെ തകര്‍പ്പന്‍ പിന്തുണ.
തുലാവര്‍ഷമഴയില്‍ സയന്‍സ് കുട്ടികള്‍
പ്രാക്ടിക്കലിന് ഒഴിഞ്ഞ മറ്റൊരു ക്ലാസ് മുറിയില്‍ നമ്മുടെ ആദ്യചേക്ക.
ക്ലിപ്പുകളിലെ സുഗന്ധോഷ്മള സായൂജ്യങ്ങളല്ല
ഉടലുകളുടെ മിന്നല്‍പ്പിണരുകള്‍ എന്ന് ഞാന്‍ പഠിച്ച ദിവസം.
നിന്റെ വായ്നാറ്റം. ആ പ്രദേശത്തെ നികൃഷ്ടഗന്ധം.
എന്നിട്ടും വിവശമാവാത്ത ആവേശത്തിന് താഴ്ത്താനാവാത്ത
ആദിമസര്‍ഗാത്മകതയുടെ കൊടിപ്പടം.
ഇന്ന് പതിനഞ്ചുവയസ്സുള്ള അടിവയറ്റില്‍
എന്റേം നിന്റേം സംഗമഭാരം.
പീഡിപ്പിക്കപ്പെടുന്നവളുടെ തനിച്ചിത്രം കണ്ട്
ശാകുന്തളം കളിച്ച ഞാന്‍.
ഫെയ്സ്ബുക്കിലെ മെസ്സേജ് താഴ്വാരത്തില്‍
കറങ്ങുംതലയോടെ ഇതൊക്കെ ടൈപ്പ് ചെയ്യുകയാണ്.
പോസ്റ്റ് ചെയ്യാനല്ല.
എഴുതിക്കഴിഞ്ഞ് ഡിലീറ്റ് ചെയ്യാന്‍.
വയറ്റിലെ കനം ഡിലീറ്റ് ചെയ്യാനുള്ള വിദ്യകള്‍ എനക്കറിയില്ല.
അമ്മയോട് അച്ഛനോട് അനുജനോട് പറയാനാവില്ല.
ചിലപ്പോള്‍ ഇതെഴുതിക്കൊണ്ടിരിക്കെ
ഈയെഴുത്ത് അബോര്‍ട്ട് ചെയ്യുംമുമ്പേ ഞാന്‍ വീണ് ചത്തേക്കാം.
ആത്മഹത്യക്ക് കേസെടുക്കാന്‍ വരുന്ന പൊലീസ് ഇത് വായിച്ചേക്കാം.
അപ്പോള്‍ അവരിലൂടെ ലോകം നമ്മെ കുറ്റപ്പെടുത്തുമോ.
മാനഭംഗം കണ്ട് രസംപിടിച്ച് ഇണചേര്‍ന്ന് ഗര്‍ഭിണിയായവള്‍ എന്ന്.
അതോ, അത്രമേല്‍ ഭാവനാദരിദ്രരാകയാല്‍
അവരും നമ്മള്‍ ഒന്നുകണ്ട് മറ്റൊന്നു ചെയ്തത് സങ്കല്പിച്ച് സ്വയംരസിക്കുമോ.
പട്ടീടെ മോനേ,
കിടുക്കത്തില്‍ നീ പറഞ്ഞത് ലഹരിയോടെ ഓര്‍ക്കുന്നു,
ചാവുമ്പോളും.
പീഡിപ്പിക്കപ്പെടുമ്പോള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന്.
ഇരക്കരച്ചിലില്‍നിന്ന് നമ്മള്‍ക്ക് കിട്ടുന്ന ശ്രേഷ്ഠഭാഷാനന്ദം മാത്രമാണെന്ന്.
ബിച്ച്, അയാം ഡയിങ്...!

*
എം എസ് ബനേഷ് ദേശാഭിമാനി വാരിക

No comments: