Thursday, March 31, 2011

ദേശീയ പ്രാധാന്യമുള്ള വിധിയെഴുത്ത്

കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദേശീയതലത്തിലും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അഴിമതിയിലും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ജനവിരുദ്ധനയങ്ങളിലും മുങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ജനവിധി.

പാചകവാതകവില കുത്തനെ ഉയര്‍ത്താന്‍ പോകുന്നുവെന്ന ഒടുവിലത്തെ വാര്‍ത്ത സാധാരണക്കാരുടെ മനസ്സില്‍ ഇടത്തീ പോലെയാണ് പതിച്ചത്. ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ ഇപ്പോഴത്തെ വില 345 രൂപ. പാചകവാതകത്തിനു നല്‍കുന്ന സബ്സിഡി പിന്‍വലിക്കണമെന്നാണ് ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ആവശ്യപ്പെട്ടത്. ശുപാര്‍ശ നടപ്പാക്കിയാല്‍ ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില 650
രൂപയായി ഉയരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വില വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനമുണ്ടാകും.

ഇനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ ചില നടപടികള്‍ ഓര്‍ക്കുക. ഒരുതവണ പെട്രോളിന്റെ വില കൂട്ടി. വില കുറച്ചേ തീരൂ എന്ന് ഇടതുപക്ഷം ശക്തമായി ആവശ്യപ്പെട്ടു. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു കേന്ദ്രഭരണം. ഗത്യന്തരമില്ലാതെ മന്‍മോഹന്‍സിങ് വിലകുറച്ചു. കൂടുതല്‍ സീറ്റുകളോടെ മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നപ്പോള്‍ എന്താണ് സംഭവിച്ചത്? ഒരുവര്‍ഷത്തിനുള്ളില്‍തന്നെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പത്തു രൂപയിലധികം വര്‍ധനയല്ലേ വരുത്തിയത്? പാവങ്ങളുടെ വെളിച്ചമായ മണ്ണെണ്ണയുടെ വിലയും ഇവര്‍ വര്‍ധിപ്പിച്ചില്ലേ?

കുറച്ചുകാലം മുമ്പുവരെ പെട്രോളിന്റെ വില നിശ്ചയിച്ചിരുന്നത് കേന്ദ്രസര്‍ക്കാരായിരുന്നു. ഇപ്പോഴോ? റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കുത്തക കമ്പനികള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളിലും ശ്രീലങ്കയും പാകിസ്ഥാനും ബംഗ്ളാദേശും ഉള്‍പ്പെടെയുള്ള അവികസിത രാജ്യങ്ങളിലും എണ്ണയ്ക്ക് ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ വിലയാണ്. എന്നിട്ടും എണ്ണവില ഉയരുന്നത് എന്തോ വലിയ നേട്ടമാണെന്ന ഭാവമാണ് മന്‍മോഹന്‍സിങ്ങിനും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെല്ലാം.

സബ്സിഡി നല്‍കാന്‍ പണമില്ലാത്തതു കൊണ്ടാണത്രേ എണ്ണവില ഉയരുന്നത്. എന്താണ് യാഥാര്‍ഥ്യം? 2010-2011ലെ കേന്ദ്ര ബജറ്റെടുക്കാം. കുത്തകകളെ സഹായിക്കുന്നതിനായി കോര്‍പറേറ്റ് നികുതിയിനത്തില്‍ 88,263 കോടി രൂപയുടെ ഇളവു നല്‍കി. കുത്തക കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി എക്സൈസ് തീരുവയിനത്തില്‍ 1,98,291 കോടി രൂപയുടെയും കസ്റംസ് തീരുവയിനത്തില്‍ 1,74,418 കോടി രൂപയുടെയും ഇളവാണ് നല്‍കിയത്. എല്ലാമടക്കം 4,60,972 കോടി രൂപയുടെ ഇളവുകള്‍ കഴിഞ്ഞ ബജറ്റിലൂടെ മാത്രം മന്‍മോഹന്‍ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് നല്‍കി. ഇനി 2005 മുതല്‍ 2011 വരെയുള്ള കണക്കെടുക്കാം. ഇക്കാലയളവില്‍ വിവിധ നടപടിയിലൂടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയത് 21,25,023 കോടി രൂപയുടെ ഇളവും ആനുകൂല്യങ്ങളുമാണ്. ശതകോടീശ്വരന്മാര്‍ക്ക് നല്‍കുന്നതിനു പകരം ഈ തുക ഇന്ത്യയിലെ പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും എന്നെന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയുമായിരുന്നു. കോടീശ്വരന്മാര്‍ക്കു വേണ്ടി നയരൂപീകരണം നടത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ എണ്ണയ്ക്ക് സബ്സിഡി നല്‍കാന്‍ പണമില്ലെന്നു പറയുന്നത്.

ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പദ്ധതികളായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും ആദിവാസി വനാവകാശനിയമവും. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ചുരുക്കം ചില സംസ്ഥാനത്തു മാത്രമാണ് പദ്ധതി നന്നായി നടക്കുന്നത്. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ തെല്ലും താല്‍പ്പര്യമില്ല. പട്ടിണി മാറ്റാന്‍ കേന്ദ്രം കൊണ്ടുവരുമെന്നു പറയുന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഇപ്പോഴും ജലരേഖയാണ്. കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകില്ലെന്നതു തന്നെ കാരണം.

അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. അഴിമതി നടന്നിട്ടില്ലെന്ന വാദം മന്‍മോഹന്‍സിങ്ങിനു പോലുമില്ല. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ കാലത്ത് ഇങ്ങനെ പലതും നടക്കുമെന്നാണ് മന്‍മോഹന്‍സിങ്ങിന്റെ വിശദീകരണം. സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിന് 1,76,645 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു പറഞ്ഞത് ഇടതുപക്ഷമല്ല. മന്‍മോഹന്‍സിങ് തന്നെ നിയോഗിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. സബ്സിഡികള്‍ക്കായി 1,11,276 കോടി രൂപ നീക്കിവയ്ക്കുന്ന സര്‍ക്കാര്‍ അഴിമതി നടത്തുന്നതിനും കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി നഷ്ടപ്പെടുത്തിയത് 1,76,645 കോടി രൂപയാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇപ്പോള്‍ തിഹാര്‍ ജയിലിലുള്ള മുന്‍ ടെലികോം മന്ത്രി എ രാജയും പങ്കെടുത്ത 2003 ഒക്ടോബര്‍ 31ലെ കേന്ദ്ര മന്ത്രിസഭായോഗമായിരുന്നു സ്പെക്ട്രം ഇടപാടു സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കു തന്നെയാണ്. രാജ്യത്തിനു രണ്ടുലക്ഷം കോടി രൂപ നഷ്ടമുണ്ടാകുമായിരുന്ന എസ് ബാന്‍ഡ് ഇടപാടു നടന്നത് പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശമന്ത്രാലയത്തിലാണ്. ഇടപാട് മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതു കൊണ്ടുമാത്രമാണ് സ്പെക്ട്രത്തെ കടത്തിവെട്ടുന്ന ഈ കുംഭകോണം നടക്കാതെ പോയത്.

8000 കോടി രൂപയുടെ നഷ്ടമുണ്ടായ കോമൺവെല്‍ത്ത് അഴിമതി, കാര്‍ഗില്‍ വീരന്മാരുടെ പേരില്‍ നടന്ന ആദര്‍ശ് ഫ്ളാറ്റ് അഴിമതി എന്നിങ്ങനെയുള്ള വന്‍ അഴിമതികള്‍ക്ക് പിറകിലെല്ലാം പ്രമുഖരായ കോൺ‌ഗ്രസ് നേതാക്കളാണ്. അഴിമതിക്കേസ് പ്രതിയെ സെന്‍ട്രല്‍ വിജിലന്‍സ് കമീഷണറായി നിയമിച്ച സര്‍ക്കാരാണ് ഇത്. സിവിസിയെ നീക്കംചെയ്യാന്‍ അവസാനം സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു. 1992ല്‍ ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തിലൂടെ രാജ്യത്തുണ്ടായ നഷ്ടം 5000 കോടി. ഏറ്റവും ഒടുവിലത്തെ സ്പെക്ട്രം അഴിമതിയിലൂടെ ഉണ്ടായ നഷ്ടം 1,76,645 കോടി രൂപ. 1992 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടന്ന വിവിധ അഴിമതിയിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം 7,34,581 കോടി രൂപ. ഈ തുക ഇന്ത്യയുടെ ദേശീയ ഉല്‍പ്പാദനത്തിന്റെ പത്തിരട്ടിയിലുമധികമാണ്. ഈ തുക താഴെത്തട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ നമ്മള്‍ എവിടെ എത്തുമായിരുന്നു?

ഇവിടെയാണ് ഇടതുപക്ഷ ബദല്‍ നയങ്ങളുടെ പ്രസക്തി. ക്രമസമാധാനപാലനം, പൊതുവിതരണസമ്പ്രദായം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഊര്‍ജം, അധികാരവികേന്ദ്രീകരണം, പൊതുമേഖലാ വ്യവസായ വികസനം തുടങ്ങിയ മേഖലയിലെല്ലാം കേരളത്തെ മാതൃകയാക്കണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പറയുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരങ്ങളിലെ ഭൂരിഭാഗവും ഏറ്റുവാങ്ങിയത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരായിരുന്നു. എന്തിനേറെ, സോണിയഗാന്ധിയെ നേരില്‍ക്കണ്ട് കേരളത്തിന് ഇനിയും അവാര്‍ഡുകള്‍ നല്‍കിയാല്‍ സംസ്ഥാനത്ത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് കേരളത്തില്‍നിന്നുള്ള കോൺ‌ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടതില്‍ വരെ എത്തി കാര്യങ്ങള്‍.

ഒരേസമയം കേന്ദ്രനയങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ബദല്‍നയങ്ങള്‍ നടപ്പാക്കി വന്‍വിജയം കൈവരിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായുമായിരിക്കണം ഈ തെരഞ്ഞെടുപ്പിലെ ജനവിധി.


*****


പ്രഭാവർമ്മ, കടപ്പാട് : ദേശാഭിമാനി

ഊഞ്ഞാല്‍മനസ്സില്‍നിന്ന് ദൃഢമനസ്സിലേക്ക്

കേരള രാഷ്ട്രീയഹൃദയം ഊഞ്ഞാല്‍ മനസ്സാകുമോ ദൃഢമനസ്സാകുമോ? നിയമസഭാ മത്സരാര്‍ഥികളുടെ അവസാന പട്ടികയായതോടെ ഈ ചോദ്യത്തിന് കനമേറി. ഉത്തരത്തിന് ഫലപ്രഖ്യാപനംവരെ കാത്തിരിക്കേണ്ടവിധം പോരാട്ട വീറിലാണ് സംസ്ഥാനം. പക്ഷേ, ഇതിനകമുള്ള അടിയൊഴുക്കുകള്‍ നല്‍കുന്ന സൂചന ഊഞ്ഞാലാട്ടത്തില്‍നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായി ദൃഢമനസ്സിലേക്ക് നാട് മാറുമെന്നാണ്. ഒരു തവണ മുന്നോട്ടെങ്കില്‍ അടുത്ത തവണ പിന്നോട്ട് എന്ന ഊഞ്ഞല്‍ രീതിയിലായിരുന്നു സംസ്ഥാനത്ത് പൊതുവില്‍ ഭരണമാറ്റം. അതിന് അറുതി വരുത്തി പുതിയ ചരിത്രം രചിക്കാന്‍ എല്‍ഡിഎഫിന് അനുകൂലമായി കളമൊരുങ്ങുകയാണ്.

കമ്യൂണിസ്റുകാര്‍ക്ക് ഭരിക്കാന്‍ അറിയില്ലെന്നായിരുന്നു 2000 വരെ യുഡിഎഫുകാര്‍ ഘോഷിച്ചത്. എന്നാല്‍ 1996-2001 ലെ നായനാര്‍ സര്‍ക്കാര്‍ ആ അന്ധവിശ്വാസം കാറ്റില്‍ പറത്തി. ഇപ്പോള്‍ വി എസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി. മാത്രമല്ല തുടര്‍ഭരണത്തിനുള്ള അന്തരീക്ഷവും ഒരുക്കി. ഭരണം ഇടതുപക്ഷക്കാരെ ഏല്‍പ്പിക്കുന്നതാണ് സംസ്ഥാനത്തിന് നല്ലതെന്ന ചിന്ത വളര്‍ന്നുവെന്നതിന് തെളിവാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട് നല്‍കുന്ന വികാരനിര്‍ഭരമായ വരവേല്‍പ്പ്. അതേസമയം യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തണുപ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തമ്മില്‍ മാത്രമല്ല, രണ്ട് നയങ്ങളുടെ ഏറ്റുമുട്ടലുമാണ് ഈ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് ജയിച്ചാല്‍ കേരളം വളരും, യുഡിഎഫ് ജയിച്ചാല്‍ കേരളം തകരും-എന്ന തിരിച്ചറിവിലേക്ക് വോട്ടര്‍മാരെ എത്തിക്കുന്ന പുത്തന്‍ രാഷ്ട്രീയകോളിളക്കങ്ങളാണ് യുഡിഎഫ് ചേരിയില്‍നിന്ന് അടിക്കടിയുണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയ വിവരങ്ങള്‍ യുഡിഎഫ് പിടിച്ചുനിന്ന വിശ്വാസ്യതയുടെ അവസാനത്തെ കച്ചിത്തുരുമ്പിനെയും ഇല്ലാതാക്കി.

പാമൊലിന്‍ കേസില്‍ പ്രതിപ്പട്ടികയുടെ തുമ്പത്ത് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഖദര്‍വസ്ത്രത്തില്‍ 256 കോടി രൂപയുടെ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുടെ ദുര്‍ഗന്ധം പരത്തുന്ന കറയുണ്ടെന്ന് രാപ്പാര്‍ത്ത ചങ്ങാതി ചൂണ്ടിക്കാട്ടിയിരിക്കയാണ്. അതുപോലെ കോൺ‌ഗ്രസില്‍ പേമെന്റ് സീറ്റുണ്ടെന്നും കോൺ‌ഗ്രസ് നേതാവായ മുന്‍മന്ത്രി വെളിപ്പെടുത്തി. ഇതെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പേ കോൺ‌ഗ്രസും യുഡിഎഫും തോല്‍ക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കയാണ്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം, കുഞ്ഞാലിക്കുട്ടി കേസ്, റൌഫ് കേസ്, മുനീര്‍ കേസ്, ടി എം ജേക്കബ് കേസ്, അടൂര്‍ പ്രകാശ് കേസ്, സീറ്റ് പങ്കിടല്‍-സ്ഥാനാര്‍ഥിപ്പട്ടിക കലഹം-ഇങ്ങനെ യുഡിഎഫില്‍ ഉരുള്‍പൊട്ടലും അണപൊട്ടലും ഒന്നിന് പുറകെയൊന്നായി സംഭവിക്കുമ്പോള്‍ ജനങ്ങള്‍ യുഡിഎഫിനെ പരിഹസിക്കുകയാണ്. ഇതിന്റെ സംഭ്രാന്തിയകറ്റാന്‍ രാമചന്ദ്രന് എതിരെ കെപിസിസി വിശദീകരണനോട്ടീസയച്ച് അച്ചടക്കത്തിന്റെ വാള്‍ വീശിയിട്ടുണ്ട്. മറുവശത്ത് പുതിയ വെളിപ്പെടുത്തലുകള്‍ ഭയന്ന് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തുന്നു.

യുഡിഎഫിനെ ചൂഴ്ന്ന അഗാധമായ പ്രതിസന്ധി മുറിച്ചു കടക്കുകയെന്ന ഉദ്ദേശ്യത്തോടെ എല്‍ഡിഎഫിനെതിരെ മാധ്യമ സഹായത്തോടെ കള്ളക്കഥ പരത്തുന്നത് പതിവാക്കി. ഇതിന്റെ ഭാഗമാണ് മന്ത്രി സി ദിവാകരന്‍ വോട്ടറെയും സിപിഐ എം നേതാവ് പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകനെയും കൈയേറ്റം ചെയ്തെന്ന നട്ടാല്‍കുരുക്കാത്ത നുണ. പക്ഷേ, ഇത്തരം കള്ളപ്രചാരണങ്ങള്‍കൊണ്ടൊന്നും യുഡിഎഫിന് എതിരായ ജനരോഷത്തെ തടുക്കാന്‍ കഴിയില്ല. വോട്ടെടുപ്പിന് 12 ദിവസം ശേഷിക്കെ, ദേശീയ നേതാക്കളുടെയടക്കം പര്യടനം തുടങ്ങി. എല്‍ഡിഎഫിന് വേണ്ടി എ ബി ബര്‍ദന്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സഞ്ചരിച്ചു. പ്രകാശ് കാരാട്ട്, പിണറായി, എസ് രാമചന്ദ്രന്‍പിള്ള എന്നിവരടക്കമുള്ള നേതാക്കളുടെ പര്യടനം വെള്ളിയാഴ്ച മുതലാണ്. യുഡിഎഫ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് എ കെ ആന്റണി ബുധനാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. ഇനി വോട്ടെടുപ്പ് കഴിഞ്ഞേ ഡല്‍ഹിക്കുള്ളു.


*****


ആര്‍ എസ് ബാബു, കടപ്പാട്:ദേശാഭിമാനി

ഉമ്മന്‍ചാണ്ടിക്ക് മറുപടിയുണ്ടോ?

വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, ഭരണമുണ്ടായിരുന്ന നാളുകളില്‍ അതെന്തിനു വേണ്ടിയാണ് വിനിയോഗിച്ചത് എന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്താണെന്നും എങ്ങനെയാണെന്നും എന്തിനുള്ളതാണെന്നുമുള്ളതിന് യുഡിഎഫിലെ നേതാക്കള്‍തന്നെ നിത്യേന ജനങ്ങള്‍ക്കുമുമ്പില്‍ തെളിവുനിരത്തുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത് കോഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലുകളാണ്.

മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടി കളമൊരുക്കിയതിനെക്കുറിച്ചാണ് കെ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. 226 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. അതിനെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയതെന്നുകൂടി രാമചന്ദ്രന്‍ വിശദീകരിക്കുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം, കെ കെ രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ്; കോൺഗ്രസിന്റെ നേതൃനിരയിലുള്ള ആളാണ്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ഉള്ളറകളെക്കുറിച്ച് നല്ല പിടിപാടുള്ള വ്യക്തിയാണ്. എതിര്‍പക്ഷത്തുനിന്ന് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നാല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറയും ഉമ്മന്‍ചാണ്ടിയും കൂട്ടരും. എന്നാല്‍, സ്വന്തം പക്ഷത്തുനിന്നുതന്നെ, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ; സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന ആളില്‍നിന്നുതന്നെ ആരോപണം ഉയരുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്തുപറയും?

ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ല എന്നുപറഞ്ഞ് എത്ര നാള്‍ അദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കാനാകും. ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് എങ്ങനെ സ്വയം ന്യായീകരിക്കാനാകും? ഉമ്മന്‍ചാണ്ടിയില്‍നിന്ന് വസ്തുതാവിവരങ്ങളടങ്ങിയ കൃത്യമായ മറുപടിക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയില്‍നിന്നുതന്നെ പരസ്യമായി അഴിമതിആരോപണം നേരിടുന്ന വ്യക്തിക്ക് മുന്നണിയെ നയിക്കാന്‍ ധാര്‍മികമായി എന്ത് രാഷ്ട്രീയ അവകാശമാണുള്ളത് എന്നത് ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുകയാണ് രാഷ്ട്രീയകേരളം.

പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുകയായിട്ടും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വ്യക്തിയാണ് ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോള്‍ നേരിടുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുള്ള വാഗ്ധോരണിക്ക് കുറവില്ലാത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിശദീകരിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നതിനുപിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍.

ടൈറ്റാനിയം കമ്പനിക്ക് 100 കോടിയുടെ മുതല്‍മുടക്കാണുള്ളത്. ഇതിന്മേലാണ് 256 കോടി രൂപയുടെ തട്ടിപ്പുപദ്ധതി അടിച്ചേല്‍പ്പിച്ച് അഴിമതി നടത്താന്‍ നോക്കിയത്. കമ്പനിയുടെ മാലിന്യപ്രശ്നങ്ങള്‍ മുപ്പതു കോടി രൂപയ്ക്ക് പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കെ ഇതേ കാര്യത്തിന് എൺപത് കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയത് എന്തിന് എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. 100 കോടിയുടെമാത്രം മുതല്‍മുടക്കുള്ള പദ്ധതിക്കുമേല്‍ 256 കോടിയുടെ അധികച്ചെലവ് അടിച്ചേല്‍പ്പിച്ചാല്‍ അത് കമ്പനിക്ക് താങ്ങാനാവില്ല എന്ന് സ്വാഭാവികമായും വിലയിരുത്തപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് ഗൂഢാലോചന നടത്തി പുറത്താക്കിയതെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.

രാമചന്ദ്രനെ മന്ത്രിസഭയില്‍നിന്ന് നീക്കിയതിനുശേഷം ഉമ്മന്‍ചാണ്ടി ആ പദ്ധതി നടപ്പാക്കിയെടുത്തു എന്നുകൂടി അറിയുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞത് വിശ്വാസയോഗ്യമാണെന്ന് വരുന്നു; ആരോപണം തെളിവോടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ആസ്തിയുടെ രണ്ടര ഇരട്ടിവരുന്ന അധികച്ചെലവ് പദ്ധതി കമ്പനിക്ക് നഷ്ടമേ ഉണ്ടാക്കൂ എന്ന വിലയിരുത്തല്‍ പിന്നീട് തെളിയുകയുംചെയ്തു. അഞ്ച് കോടി രൂപയുടെ ബാങ്ക് ഗാരന്റി കണ്ടുകെട്ടുന്ന അവസ്ഥ സൃഷ്ടിച്ചുകൊണ്ട് അധികച്ചെലവ് പദ്ധതി പൊളിഞ്ഞു. ഇതെല്ലാം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്നു.

രാമചന്ദ്രന്റെ വിശ്വാസ്യത എത്രയെന്നതല്ല, ആരോപണത്തിന് അക്കമിട്ട് മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ വല്ലതുമുണ്ടോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. 'അസംബന്ധം' എന്ന ഒറ്റ വാക്കുകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല, മന്ത്രിസഭയിലെ പഴയ സഹപ്രവര്‍ത്തകന്റെ ആരോപണം. എന്തായാലും ഗൌരവാവഹമായ അന്വേഷണം ഈ കാര്യത്തില്‍ കൂടിയേ തീരൂ. പക്ഷേ, ജീര്‍ണിച്ചുകഴിഞ്ഞ കോൺഗ്രസില്‍ പാര്‍ടിതലത്തില്‍പോലും അത്തരമൊരു നീക്കമുണ്ടാകുമെന്ന് തലയ്ക്ക് വെളിവുള്ള ആരും കരുതുന്നില്ല. പകരം, കോൺഗ്രസിന് സംഭവിക്കുക, ആരോപണമുന്നയിച്ച രാമചന്ദ്രനെതിരെ നടപടി എടുക്കലാകും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയില്‍നിന്ന് ആ വഴിക്കുള്ള സൂചനകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു.

യുഡിഎഫ് ഭരണം എങ്ങനെയായിരുന്നുവെന്നത് ജനങ്ങളെ അതിന്റെ നേതാക്കള്‍തന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഘടകകക്ഷികളില്‍ ഒന്നിന്റെ നേതാവായ ടി എം ജേക്കബ് മുമ്പ് നിയമസഭയില്‍ പറഞ്ഞത് സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നയാള്‍ എന്നാണ്. സൈന്‍ബോര്‍ഡ് അഴിമതിയില്‍ 500 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ജേക്കബ്ബിന്റെ ആരോപണം സഭാരേഖകളില്‍ കിടപ്പുണ്ട്. സ്മാര്‍ട്ട്സിറ്റി, സുനാമി ഫണ്ട്, ലോട്ടറി, ചന്ദനം, മദ്യം, സിവില്‍ സപ്ളൈസ്, വൈദ്യുതി, പട്ടയം, ഭൂമിതട്ടിപ്പ് തുടങ്ങി എന്തെല്ലാം വിഷയങ്ങള്‍ മുന്‍നിര്‍ത്തി ടി എം ജേക്കബ്ബും മറ്റും ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും സഭാതലത്തില്‍ തുറന്നുകാട്ടിയിരിക്കുന്നു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മന്ത്രിസഭാംഗമായിരുന്ന ടി എച്ച് മുസ്തഫതന്നെ തുറന്നുകാട്ടിയിരിക്കുന്നു. ടി എം ജേക്കബ്ബും ടി എച്ച് മുസ്തഫയുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്.

ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുവന്നപ്പോള്‍ അദ്ദേഹത്തെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് പിള്ള മത്സരിക്കുന്നത് രാഷ്ട്രീയമായി യുഡിഎഫിന് വന്‍ തിരിച്ചടി ഉണ്ടാക്കുമെന്നതിനാലാണ്. അതല്ലാതെ രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയൊന്നുമല്ല. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് ഉമ്മന്‍ചാണ്ടി നടത്തുന്ന വാചകമടി വെറും രാഷ്ട്രീയ കസര്‍ത്തുകള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. അതല്ലെങ്കില്‍, സ്വന്തം മന്ത്രിസഭയിലെ അംഗത്തില്‍നിന്നുതന്നെ അഴിമതി ആരോപണം നേരിട്ടിട്ടും, പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്വേഷണം നേരിടുകയായിരുന്നിട്ടും ഒഴിഞ്ഞുനില്‍ക്കാമെന്ന് കരുതാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലല്ലോ. അതാണ് ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികതയും രാഷ്ട്രീയവും.


*****


കടപ്പാട് :ദേശാഭിമാനി

Wednesday, March 30, 2011

പുതിയ പെന്‍ഷന്‍ ബില്‍ ഗ്രാറ്റുവിറ്റിയും ഇല്ലാതാക്കും

കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ജീവനക്കാരുടെ നിലവിലുള്ള പ്രൊവിഡന്റ് ഫണ്ടിനു പുറമെ ഗ്രാറ്റുവിറ്റിയും ഇല്ലാതാക്കും. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാസെക്രട്ടറി എസ് എസ് അനില്‍ നല്‍കിയ അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.

പാര്‍ലമെന്റിന്റെ ഇരുസഭയിലും അവതരിപ്പിച്ച പെന്‍ഷന്‍ബില്‍ നിയമമാകുന്നതോടെ വിരമിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും. നിലവില്‍, ജീവനക്കാര്‍ക്ക് സേവനകാലയളവനുസരിച്ച് വിരമിക്കുമ്പോള്‍ ഒരുതുക ഗ്രാറ്റുവിറ്റിയായി ലഭിക്കുമെങ്കില്‍ പുതിയ പെന്‍ഷന്‍പദ്ധതിയില്‍ ഇത് ഇല്ലാതാകും. ഒപ്പം ജനറല്‍ പ്രൊവിഡന്റ് ഫണ്ടും ഇല്ലാതാകുമെന്ന് പിഎഫ്ആര്‍ഡിഎ വെളിപ്പെടുത്തി. നിലവില്‍, ശമ്പളത്തിന്റെ 50 ശതമാനത്തോളം തുക പെന്‍ഷനായി ലഭിക്കുമെങ്കില്‍ പുതിയ പദ്ധതി പ്രകാരം ഈ തുക കിട്ടുമെന്ന് പറയാനാകില്ല. ഡിഎ മാനദണ്ഡമാക്കി പെന്‍ഷനിലുണ്ടാകുന്ന വര്‍ധനവും ആഘോഷ അലവന്‍സും നിഷേധിക്കപ്പെടും. പെന്‍ഷന്‍ കമ്യൂട്ട് ചെയ്യുന്നതിനുള്ള അവസരവും ഇല്ലാതാകും. പിഎഫില്‍നിന്ന് വായ്പയും എടുക്കാനാകില്ല.

വിരമിക്കുന്ന ജീവനക്കാരന്റെ അവസാന മാസത്തെ ശമ്പളത്തുകയില്‍നിന്ന് എച്ച്ആര്‍എയും ഇതര ചെറുആനുകൂല്യങ്ങളും ഒഴിവാക്കിയ തുകയെ പ്രവൃത്തിദിനങ്ങളായ 26 കൊണ്ട് ഹരിച്ചശേഷം ഈ തുകയെ 15 കൊണ്ടും സേവനവര്‍ഷംകൊണ്ടും ഗുണിച്ചാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. അതായത്, 10,000 രൂപ ശമ്പളമുള്ളയാള്‍ക്ക് ഒരുവര്‍ഷത്തേക്ക് 5760 രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും. ഇയാള്‍ക്ക് 20 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ 1,15,200 രൂപയാണ് ഗ്രാറ്റുവിറ്റി. ഇതാണ് പുതിയ പെന്‍ഷന്‍പദ്ധതിപ്രകാരം ഇല്ലാതാകുന്നത്. പുറമെ നിലവിലുള്ള പ്രൊവിഡന്റ് ഫണ്ടുകളും ഇല്ലാതാകും.

പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ദോഷം. പകരം ജീവനക്കാരില്‍നിന്ന് പെന്‍ഷന്‍ഫണ്ട് ശേഖരിച്ചാകും പെന്‍ഷന്‍വിതരണം. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വിഭിന്നമായി പെന്‍ഷന്‍ഫണ്ടിലേക്ക് സ്വീകരിക്കുന്ന തുകയുടെ 60 ശതമാനം മാത്രമേ വിരമിക്കുന്ന വേളയില്‍ തിരിച്ചുനല്‍കൂ. ബാക്കി തുക കടപ്പത്രത്തിലോ, ഓഹരിവിപണിയിലോ നിക്ഷേപിച്ച് ഇതില്‍നിന്നു ലഭിക്കുന്ന വരുമാനമാകും പെന്‍ഷനായി നല്‍കുക. ഓഹരിവിപണി തളര്‍ന്നാല്‍ പെന്‍ഷനും കുറയും. ഈ മേഖലയില്‍ വിദേശപങ്കാളിത്തത്തിനും അവസരമൊരുക്കും. ഇടതുപക്ഷം ഭരിക്കുന്ന കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളൊഴികെ 2004 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പെന്‍ഷന്‍പദ്ധതി നടപ്പാക്കും. തൊഴിലാളിവിരുദ്ധമായതിനാലാണ് ഇടതുസര്‍ക്കാരുകള്‍ പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍, പാര്‍ലമെന്റില്‍ ബില്‍ പാസാക്കി ഇത് രാജ്യമാകെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ സംഘടനകളുടെ പ്രതിഷേധം വ്യാപകമാണ്.

*
ഷഫീഖ് അമരാവതി ദേശാഭിമാനി ദിനപത്രം 30 മാര്‍ച്ച് 2011

ചാനൽ ചാവേർ

വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുകയും അത് പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങള്‍ ഒന്നും കിട്ടാതിരിക്കെ, സ്വയമൊരു വാര്‍ത്തയാകാന്‍ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ തയ്യാറായിരിക്കുന്നു. നാവില്‍ ബോംബ് വച്ചുകെട്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഇയാളുടെ ചാവേര്‍ പ്രവര്‍ത്തനം ഇത് ആദ്യമല്ല. റൌഫിനുമുന്നില്‍ പുലിയായി ചാടുകയും കുഞ്ഞാലിക്കുട്ടിക്കുമുന്നില്‍ പൂച്ചയായി ചുരുങ്ങുകയും മാര്‍ക്സിസ്റ്വിരുദ്ധര്‍ക്കുവേണ്ടി മയിലായി ആടുകയും ചെയ്യുന്ന ഈ ചാനല്‍കുഞ്ഞിന് പണ്ട് മലപ്പുറത്തുനിന്ന് ചികിത്സ കിട്ടിയതാണ്. ഇത്തവണത്തെ പ്രകടനത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു തിരക്കഥ കൂടിയുണ്ട്. എല്ലാ ചാനലുകളും എല്ലാ മണ്ഡലത്തിലും പല പേരിലായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും വാക്കേറ്റവും രോഷപ്രകടനവും ഒക്കെ ഉണ്ടായി. എന്നാല്‍, കണ്ണൂരില്‍ മാത്രമെന്തേ അവതാരകന്‍ സ്വയം വാര്‍ത്തയായി. അവിടെയാണ് ഷാജഹാനെ കണ്ണൂരില്‍ അയച്ച് വാര്‍ത്ത സൃഷ്ടിച്ചതിനുപിന്നിലെ ഗൂഢാലോചന.

കണ്ണൂരില്‍ ഏഷ്യാനെറ്റ് പോര്‍ക്കളം പരിപാടി സാധാരണ നിലയില്‍ത്തന്നെയാണ് മുന്നോട്ടുനീങ്ങിയത്. വ്യത്യസ്ത അഭിപ്രായക്കാര്‍ക്ക് വാദമുഖങ്ങള്‍ നിരത്തുന്നതിന് അവിടെ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒട്ടനവധി കാര്യങ്ങള്‍ക്കൊപ്പം പി ശശി പ്രശ്നവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ മറുപടിയും നല്‍കി. അവിടെയെന്നും ഇല്ലാതിരുന്ന പ്രകോപനം ക്ഷണിച്ചുവരുത്തിയത് അവതാരകനായിരുന്നു. ഇവിടെ നടന്ന ചര്‍ച്ചകളെന്തായാലും കണ്ണൂര്‍ ജില്ലയില്‍ ജനവിധി നിര്‍ണയിക്കുക പി ശശി പ്രശ്നവും കണ്ടല്‍ക്കാടുമായിരിക്കുമെന്ന ഷാജഹാന്റെ ഉപസംഹാരമാണ് ജനങ്ങള്‍ ചോദ്യംചെയ്തത്. അത് തന്റെ അവകാശമാണെന്ന ധിക്കാരവും സഹിച്ചു ജനങ്ങള്‍. അതും കടന്ന് ലേഖകന്‍ മെക്കിട്ടുകയറാന്‍ ചെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഉന്തുംതള്ളും പിടിവലിയുമൊക്കെ ഏഷ്യാനെറ്റ് ദൃശ്യങ്ങളില്‍ കാണാം. അതിനപ്പുറം, തന്നെ പി ജയരാജന്‍ മര്‍ദിച്ചെന്ന് ഷാജഹാന്‍ പറഞ്ഞപ്പോള്‍, ജനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പി ജയരാജന്‍ വിശദീകരിച്ചത്. ഷാജഹാന്റെ പരാതി പ്രകാരം ജയരാജനും 30 പേര്‍ക്കുമെതിരെ പൊലീസ് കേസുമെടുത്തു. 'കൈയില്ലാത്ത ഞാന്‍ എങ്ങനെ മര്‍ദിക്കാന്‍' എന്ന ജയരാജന്റെ ചോദ്യം ഏഷ്യാനെറ്റ് അവഗണിച്ചെങ്കിലും ജനങ്ങള്‍ക്ക് അവഗണിക്കാനാകില്ല. അതാണല്ലോ സത്യം.

ജയരാജന്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നപേരില്‍ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന ഫോണ്‍സംഭാഷണത്തിലാണ് മാധ്യമധാര്‍മികതയുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്. യുഡിഎഫില്‍നിന്ന് പണംവാങ്ങി അവര്‍ക്കുവേണ്ടി പക്ഷപാതം കാട്ടുന്നുവെന്ന കുറ്റാരോപണത്തിന് വിധേയനാണ് ഷാജഹാന്‍. ഒടുവിലത്തെ കുഞ്ഞാലിക്കുട്ടി വിവാദത്തിലും മറ്റനേകം സന്ദര്‍ഭങ്ങളിലും ഇദ്ദേഹം തുറന്നുകാട്ടപ്പെട്ടിട്ടുണ്ടെന്ന് പറയുന്നത് സഹപത്രപ്രവര്‍ത്തകര്‍ തന്നെയാണ്. ഇങ്ങനെയൊരാളെ കയറൂരി പുറത്തുവിട്ടിട്ട് മാധ്യമസ്വാതന്ത്ര്യമെന്നൊക്കെ വലിയവായില്‍ നിലവിളിച്ചാല്‍ ജനം പേടിച്ചുപോകുമെന്ന് കരുതുന്നവര്‍ ഒരുകാര്യം മനസ്സിലാക്കണം- സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുമാത്രമുള്ളതല്ല. ഷാജഹാനെ മര്‍ദിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റ് മാധ്യമങ്ങളും കള്ളക്കളി തന്നെയാണ് നടത്തുന്നത്. പോര്‍ക്കളം പരിപാടിക്കിടയില്‍ പി ശശിയെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴാണ് തല്ലിയത് എന്നൊക്കെ എഴുതിയവര്‍ ഏഷ്യാനെറ്റിന്റെ തിരക്കഥ അറിഞ്ഞുതന്നെ ആട്ടം കണ്ടവരാണ്. പരിപാടി കഴിഞ്ഞശേഷം കാട്ടിയ ധിക്കാരമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്ന സത്യത്തെ മറച്ചുവയ്ക്കുന്നതും മാധ്യമസ്വാതന്ത്ര്യമാണോ?

എന്തിന്റെ പേരിലായാലും ഒരു മാധ്യമപ്രവര്‍ത്തകന്‍ കൈയേറ്റത്തിനിരയാകുന്നത് നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ടവരുടെപേരില്‍ നിയമനടപടികളും സ്വീകരിച്ചുകഴിഞ്ഞു. ആവശ്യത്തിന് പ്രതിഷേധവുമായി.പ്രതിഷേധിക്കാന്‍ ഓര്‍ക്കാതെ പോയ ചില സത്യങ്ങളുണ്ട്. കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ വീട്ടില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാനെ കെട്ടിയിട്ടാണ് മര്‍ദിച്ചത്. കോഴിക്കോട് മുക്കത്ത് മൂന്ന് പത്രക്കാര്‍ക്കാണ് ലീഗുകാരുടെ തല്ല് കിട്ടിയത്. അതിനൊന്നുമില്ലാത്ത വികാരം ഷാജഹാന്റെ കാര്യത്തിലുണ്ടാകുന്നത് അതും ഇടതുപക്ഷത്തിനുനേരെ ഓങ്ങാം എന്നതുകൊണ്ടുമാത്രം.


*****


ദേശാഭിമാനി

കലയും പരോക്ഷ യാഥാര്‍ഥ്യവും: തായാട്ടിന്റെ വിമര്‍ശന സമീക്ഷ

ഒന്ന്

മലയാളത്തിലെ ഇടതുപക്ഷ വിമര്‍ശനത്തിലെ ബലിഷ്ഠസ്വരങ്ങളിലൊന്നായിരുന്നു തായാട്ട് ശങ്കരന്‍. സുവ്യക്തമായ നിലപാടുകള്‍ക്കുമേല്‍ തന്റെ വിമര്‍ശനവിചാരം പടുത്തുയര്‍ത്താനും എതിര്‍നിലപാടുകളോട് ധീരമായി ഏറ്റുമുട്ടാനും അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. 'ശൂന്യപാത്രങ്ങള്‍ എറിഞ്ഞുടച്ച നിരൂപകനായി' വിവരിക്കപ്പെടാന്‍ പാകത്തില്‍ തന്റെ കാലത്തെ ശബ്ദഘോഷങ്ങളോട് അദ്ദേഹം കലഹിച്ചു. വലിയ അലോസരങ്ങള്‍ക്കും എതിര്‍വാദങ്ങള്‍ക്കും വഴിതുറക്കാന്‍ തായാട്ടിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ആരെയും സ്പര്‍ശിക്കാതെ കടന്നുപോകാന്‍ അദ്ദേഹം അനുവദിച്ചില്ല. ആശാന്‍ കവിതകള്‍ ആസ്വദിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ചായാലും ആധുനികതാവാദ പ്രസ്ഥാനത്തെക്കുറിച്ചായാലും തായാട്ടിന്റെ ഇടപെടലുകള്‍ മലയാളത്തിന്റെ ചിന്താജീവിതത്തില്‍ ഒരുപാട് ഇളക്കങ്ങളുണ്ടാക്കി. ശബ്ദമുഖരിതമായി സ്വയം ജീവിച്ചതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. മറിച്ച് ഉയര്‍ന്ന അറിവിന്റെയും അടിയുറച്ച കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തില്‍ എഴുതിയതുകൊണ്ടാണ്. ഇടതുപക്ഷ വിമര്‍ശനത്തിലെ ബലിഷ്ഠസ്വരം എന്നതിന്റെ അര്‍ഥവും അതാണ്.

1924ല്‍ ജനിച്ച് 1985ല്‍ അന്തരിച്ച ആളായിരുന്നു തായാട്ട്. ഈ കാലയളവിനെ ആവേശം കൊള്ളിക്കുകയും തീപിടിപ്പിക്കുകയും ചെയ്ത ജീവിതാദര്‍ശങ്ങളും ആശയപ്രരൂപങ്ങളും തായാട്ടിന്റെ ചിന്താ മണ്ഡലത്തിലും പ്രബലസാന്നിധ്യങ്ങളായിരുന്നു. ഗാന്ധിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും ആശയങ്ങളും ജീവിതാദര്‍ശങ്ങളും പല അനുപാതങ്ങളില്‍ തായാട്ട് ഉള്‍ക്കൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ചിന്താജീവിതത്തെ ആഴത്തില്‍ പരിണാമവിധേയമാക്കുകയും ചെയ്തു. ഒരൊറ്റ വടിവില്‍, അരനൂറ്റാണ്ടുകാലം, ജീവിതത്തെയും സാഹിത്യത്തെയുംകുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയല്ല തായാട്ട് ചെയ്തത്. മാറുന്ന ജീവിതമഹാപ്രവാഹം തന്നെയും തിരുത്തുന്നതിന് അദ്ദേഹം എതിരുനിന്നില്ല. പുതിയ അറിവുകളിലേക്ക് നിരന്തരം നടന്നെത്തിക്കൊണ്ടിരുന്നതുകൊണ്ട്, മാറുന്ന ജീവിതമെന്നതുപോലെ മാറിക്കൊണ്ടേയിരിക്കുന്ന വിജ്ഞാന ചക്രവാളവും തായാട്ടിന്റെ ബൌദ്ധികതയുടെ ആധാരതത്വമായി. താന്‍ പറയുന്നത് തന്റെ തോന്നലുകളായാല്‍ പോരെന്നും ചരിത്രത്തിന്റെയും അറിവിന്റെയും പ്രമാണഭദ്രമായ അടിസ്ഥാനത്തില്‍ തന്റെ തോന്നലുകളെ ഉറപ്പിക്കണമെന്നും തായാട്ട് നിര്‍ബന്ധം പുലര്‍ത്തിപ്പോന്നു. തുടക്കത്തില്‍ പറഞ്ഞ ബലിഷ്ഠതയുടെ ആധാരവും മറ്റൊന്നല്ല.

ഈ വിജ്ഞാന താല്‍പ്പര്യം തായാട്ടിന്റെ രചനാജീവിതത്തില്‍ തെളിഞ്ഞുകാണാം. സാഹിത്യവിമര്‍ശകനായാണ് അറിയപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ താല്‍പ്പര്യകേന്ദ്രം അതു മാത്രമായിരുന്നില്ല. ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ വികാസപരിണാമങ്ങളും ഭാരതീയ നവോത്ഥാനത്തിന്റെ ആന്തരസ്വരൂപവും നൂറ്റാണ്ടുകളിലൂടെ അരങ്ങേറിയ വിദ്യാഭ്യാസ പരിവര്‍ത്തനങ്ങളുമെല്ലാം തായാട്ടിന്റെ അന്വേഷണവിഷയങ്ങളായി. ഈ ആരായലുകള്‍ നല്‍കിയ വെളിച്ചങ്ങള്‍ അദ്ദേഹത്തിന്റെ വിമര്‍ശനജീവിതത്തിലേക്ക് തുടരുകയും ചെയ്തു. അതുകൊണ്ട് ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖയില്‍നിന്ന് ആശാന്‍കവിതയിലും വള്ളത്തോള്‍കവിതയിലും തെഴുത്ത് പടരുന്ന നവോത്ഥാന ഊര്‍ജത്തിലേക്ക് തായാട്ടിന്റെ നോട്ടങ്ങള്‍ എളുപ്പം ചെന്നെത്തി. ഒരര്‍ഥത്തില്‍ താന്‍ ജീവിച്ച കാലത്തിന്റെ ക്രമംതന്നെ ഇതായിരുന്നു എന്നും പറയാം. ഒറ്റയായ ജീവിതസത്യങ്ങളെക്കുറിച്ച് പാടാനല്ല, ജീവിതം എന്ന സാകല്യത്തെക്കുറിച്ച് പാടാനും പറയാനുമാണ് തായാട്ടിന്റെ കാലവും പൊതുവെ പണിപ്പെട്ടിരുന്നത്. പക്ഷേ, ഈ സാകല്യാവസ്ഥയെ വിശദീകരിക്കേണ്ടതെങ്ങനെ എന്നതില്‍ ഒട്ടുവളരെ അന്തരങ്ങളുണ്ടായിരുന്നു. തായാട്ട്, മുകളില്‍ പറഞ്ഞതുപോലെ, സമൂഹ പരിണാമത്തിന്റെ ബൌദ്ധിക/സ്ഥാപന ചരിത്രത്തെ മുന്‍നിര്‍ത്തിയാണ്, നവോത്ഥാനത്തെയും ജനാധിപത്യത്തെയും വിദ്യാഭ്യാസപ്രക്രിയകളെയും മറ്റും മുന്‍നിര്‍ത്തിയാണ്, സമൂഹം എന്ന ബന്ധവ്യവസ്ഥയെ മനസ്സിലാക്കിയത്. ഈ തിരിച്ചറിവുകളുടെ ബലത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ചുള്ള മൂല്യവിചാരത്തിലേക്ക് നിരന്തരം കടന്നുപൊയ്ക്കൊണ്ടിരുന്നു.

രണ്ട്

തായാട്ടിന്റെ വിമര്‍ശനരീതി സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനം ആണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 1970 കളില്‍ പക്വദശയിലെത്തിയ ഈ സമീപനരീതി തായാട്ടിന്റെ രചനാജീവിതത്തിന്റെ തുടക്കം മുതല്‍ക്കേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായി പി ജി തായാട്ടിന്റെ കൃതികള്‍ക്കെഴുതിയ അവതാരികയില്‍ പറയുന്നു. ചരിത്രവിജ്ഞാനം മുതല്‍ വ്യക്തിത്വാപഗ്രഥനംവരെയുള്ള വിവിധ മേഖലകളിലെ അറിവുകളെ തന്റെ വിമര്‍ശനരചനകളില്‍ വിനിയോഗിച്ചതിന്റെ ഫലമായാണ് ഈ സ്വഭാവം തായാട്ടിന്റെ വിമര്‍ശനങ്ങള്‍ക്ക് കൈവന്നതെന്നും വിശദീകരണമുണ്ടായിട്ടുണ്ട്. ഏത് നിലയിലായാലും മലയാളത്തിന്റെ സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനത്തിന്റെ ഉച്ചസ്വരമായാണ് തായാട്ട് മനസ്സിലാക്കപ്പെട്ടുവരുന്നത്.

സാഹിത്യവും സമൂഹവും (literature and society) എന്ന ദ്വന്ദ്വത്തിലധിഷ്ഠിതമാണ് സാമൂഹ്യ ശാസ്ത്രാധിഷ്ഠിത വിമര്‍ശനം. സാഹിത്യം സാമൂഹികയാഥാര്‍ഥ്യങ്ങളുടെ അവതരണമാകാന്‍ പാകത്തില്‍ (അത് പ്രതിഫലനപരമോ പ്രതിനിധാനപരമോ ആകാം) സമൂഹവും സാഹിത്യവും അവിടെ വേര്‍തിരിഞ്ഞ് നില്‍ക്കുന്നുണ്ട്. സാഹിത്യത്താല്‍ പ്രതിനിധാനം ചെയ്യപ്പെടേണ്ട യാഥാര്‍ഥ്യമാണ് സമൂഹം എന്ന കല്‍പ്പനയാണതിന്റെ ആരൂഢം. അതുവഴി സാഹിത്യത്തിന്റെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡമായി സാഹിത്യേതരമായ സമൂഹജീവിതയാഥാര്‍ഥ്യം ഉയര്‍ന്നുവരുന്നു. സാഹിത്യവും അത് ജന്മം നല്‍കുന്ന ആശയാനുഭൂതിലോകവും മിക്കവാറും ഒരനുബന്ധ ലോകമായിത്തീരുന്നു എന്നതാണ് ഈ വീക്ഷണത്തിന്റെ പരാധീനതയായി പറയാറുള്ളത്. ആശയങ്ങളുടെയും അനുഭൂതികളുടെയും ഭൌതികതയെ മാനിക്കാത്ത, അവയെ ഭൌതികയാഥാര്‍ഥ്യത്തിന്റെ അനുബന്ധമേഖല മാത്രമായി പരിഗണിക്കുന്ന, ആധുനിക ലോകബോധത്തിന്റെ ഉല്‍പ്പന്നമായി ഈ വീക്ഷണം ഇപ്പോള്‍ മനസ്സിലാക്കിവരുന്നുണ്ട്. ജനങ്ങള്‍ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ഒരാശയം അതില്‍ത്തന്നെ ഭൌതികശക്തിയായിത്തീരുമെന്ന മാര്‍ക്സിന്റെ നിരീക്ഷണം സാമൂഹ്യശാസ്ത്രവിമര്‍ശനത്തെ രൂപപ്പെടുത്തിയ ആധുനികവിചാര മാതൃകയുടെ (modern paradigm) വിമര്‍ശനം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.

തായാട്ടിന്റെ വിമര്‍ശനം സാമൂഹ്യശാസ്ത്രാധിഷ്ഠിതമാണ് എന്ന് പറയുമ്പോള്‍ അതിന് ഇത്തരം എതിര്‍വിചാരങ്ങളെക്കൂടി ഉള്‍ക്കൊള്ളാതെ ഇനിയങ്ങോട്ട് നിലനില്‍ക്കാനാവില്ല. നിശ്ചയമായും, ചരിത്രത്തിന്റെ ഒരു സവിശേഷസന്ദര്‍ഭം ജന്മം നല്‍കിയ വീക്ഷണസ്ഥാനം എന്ന നിലയില്‍ സാമൂഹ്യശാസ്ത്രാധിഷ്ഠിത വീക്ഷണത്തിന് നിര്‍ണായകപ്രാധാന്യമുണ്ട്. കലയും സാഹിത്യവും ഉള്‍പ്പെടെയുള്ള അനുഭൂതിലോകങ്ങള്‍ ചരിത്രേതരവും സമൂഹനിരപേക്ഷവുമാണെന്ന് വാദിക്കപ്പെട്ട ഒരു കാലയളവില്‍ അനുഭൂതിയുടെ ചരിത്രപരതയെയും സാമൂഹികതയെയും പറഞ്ഞുറപ്പിക്കാനുള്ള വലിയ ശ്രമങ്ങളായിരുന്നു സാമൂഹ്യശാസ്ത്രവിമര്‍ശനം നടത്തിയത്. ആ നിലയില്‍ അവയുടെ ചരിത്രപരമായ സാധുത ആദരണീയവുമാണ്. എന്നാല്‍ കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ആധുനികമായ ധാരണാമണ്ഡലത്തെ തന്നെയാണ് സാമൂഹ്യശാസ്ത്രവിമര്‍ശനവും, വിപരീതനിലയിലാണെങ്കിലും, ഉയര്‍ത്തിപ്പിടിച്ചത് എന്ന വസ്തുത നാം കാണാതെ പൊയ്ക്കൂട. സംസ്കാരത്തെ ഉപരിഘടനയിലെ അനുബന്ധലോകം മാത്രമായി പരിഗണിക്കുന്നതിനെതിരെ എംഗല്‍സ് നടത്തിയ വിമശനത്തെ ഓര്‍മിച്ചാല്‍, സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനം മാര്‍ക്സിസ്റ്റ് വിമര്‍ശനരീതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേഖലയാണെന്ന് വ്യക്തമാവും.

തായാട്ടിന്റെ വിമര്‍ശനവിചാരങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന് സാമൂഹ്യശാസ്ത്രാധിഷ്ഠിതമായ വീക്ഷണമാണെന്ന് വ്യക്തമാണ്. സി വി രാമന്‍പിള്ള മുതല്‍ ആധുനികതാ പ്രസ്ഥാനം വരെയുള്ള സാഹിത്യസന്ദര്‍ഭങ്ങളോട് തായാട്ട് നടത്തിയ പ്രതികരണങ്ങള്‍ ഇതിന് തെളിവ് തരും. ഇത് തായാട്ടിന്റെ മാത്രം പ്രശ്നവുമല്ല. മലയാളത്തിലെ മാര്‍ക്സിസ്റ്റ് വിമര്‍ശനം ചിലപ്പോഴൊക്കെ വൈരുധ്യാത്മക വിചിന്തനത്തിന് പകരം സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനത്തിലേക്ക് നീങ്ങിപ്പോയിട്ടുണ്ട്. ജീവല്‍സാഹിത്യത്തിന്റെയും പുരോഗമനസാഹിത്യത്തിന്റെയും ചില സന്ദര്‍ഭങ്ങളില്‍ അത് കാണാനാവും. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികതയെ പ്രമേയതലത്തില്‍ മാത്രം കണ്ടെടുക്കാന്‍ ശ്രമിക്കുകയും അനുഭൂതിയായും രൂപമായും ഉടല്‍പൂണ്ടുവരുന്ന സാമൂഹികതയെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമീപനവിശേഷം മലയാളത്തിലെ ഇടതുപക്ഷവിമര്‍ശനത്തെ നിര്‍ണയിച്ചുപോന്നിട്ടുണ്ട്. ചങ്ങമ്പുഴയെക്കുറിച്ചുള്ള ഇ എം എസ്സിന്റെ വിലയിരുത്തലില്‍ അദ്ദേഹം ഈ പരിമിതിയെ ഭേദിച്ചുപോന്നിട്ടുണ്ട്. എങ്കിലുംനമ്മുടെ ഇടതുപക്ഷ വിമര്‍ശനാവബോധത്തെ ഈ സാമൂഹികശാസ്ത്രവാദം എപ്പോഴെങ്കിലും പൂര്‍ണമായി കൈവിടുകയുണ്ടായില്ല എന്നുവേണം പറയാന്‍. തായാട്ടിനെ സംബന്ധിച്ചും ഇത് ശരിയാണ്.

എന്നാല്‍ ഈ ഒരൊറ്റ വഴിയിലൂടെയല്ല തായാട്ട് നടന്നത്. ചരിത്രത്തിന്റെ പ്രയാണവേഗം ആരെയും ഒരാളായി മാത്രം ജീവിക്കാന്‍ അനുവദിക്കാത്തതുകൊണ്ട്, ചിന്താക്രമങ്ങളുടെയും വിചാരമാതൃകകളുടെയും കലര്‍പ്പുകളായാണ് വലിയ എഴുത്തുകള്‍ പലപ്പോഴും നിലനില്‍ക്കുക. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന കുട്ടികൃഷ്ണമാരാരെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു സങ്കീര്‍ണത തായാട്ടില്‍ കാണാം. മാരാരുടെ സാഹിത്യസമീപനം എന്ന പ്രബന്ധത്തില്‍ തായാട്ട് എഴുതുന്നു:"ജീവിതവ്യാപാരങ്ങളുടെ പിന്നില്‍ അവയ്ക്ക് പ്രേരകമായി വര്‍ത്തിക്കുന്ന ശക്തിവിശേഷത്തെ വികസിപ്പിക്കാനും ആ വ്യാപാരങ്ങള്‍ക്ക് ആവശ്യമായ നിയന്ത്രണം നല്‍കാനുമുള്ള കഴിവാണ് മാരാരുടെ കണ്ണില്‍ സാഹിത്യത്തിന്റെ മഹത്വം. അതിന് ജനങ്ങളോടൊപ്പം ചിന്തിക്കുകയെന്ന വിലകുറഞ്ഞ മുദ്രാവാക്യത്തെ പുച്ഛിച്ചുതള്ളുവാന്‍ അദ്ദേഹം സാഹിത്യകാരന്മാരെ ആഹ്വാനം ചെയ്യുന്നു. പകരം ജനങ്ങളെ തന്റെ കൂടെ ചിന്തിപ്പിക്കുവാന്‍ സാഹിത്യകാരന്മാര്‍ക്ക് കഴിവുണ്ടാകണമെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. ഇത് സാധ്യമാകാത്തിടത്ത് കല കലയ്ക്കുവേണ്ടിയായിത്തീരുന്നു; സാധിക്കുമ്പോഴാകട്ടെ കല ജീവിതത്തിനുവേണ്ടിയായിത്തീരുന്നു. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ജീവിതത്തിനുവേണ്ടിയാവണം-ആയേ തീരൂ-സാഹിത്യമെന്ന സിദ്ധാന്തത്തിന് ഈ യുഗത്തില്‍ കൈരളിക്ക് ലഭിച്ച കാവല്‍ഭടനാണ് കുട്ടിക്കൃഷ്ണമാരാര്‍. ജീവിതത്തെയും അതിനെ രൂപപ്പെടുത്തിയെടുക്കുന്ന ഘടകങ്ങളെയുംകുറിച്ച് മാരാരുടെ നിലപാട് അംഗീകരിക്കാത്തവര്‍ ഉണ്ടായേക്കാം. മൌലികപ്രശ്നത്തില്‍ യോജിപ്പുണ്ടെങ്കില്‍, പിന്നെ, വിശദാംശങ്ങള്‍ അത്ര പ്രധാനമല്ലല്ലോ.''

പുരോഗമനസാഹിത്യത്തിന്റെ ഏറ്റവുംവലിയ എതിരാളിയായിരുന്ന മാരാരുടെ വിമര്‍ശനാദര്‍ശത്തില്‍ പുരോഗമനസാഹിത്യത്തിന്റെ സാഹിത്യദര്‍ശനം-കല ജീവിതത്തിനുവേണ്ടിയെന്ന വീക്ഷണം-ഉള്ളടങ്ങിയിട്ടുണ്ടെന്നും മാരാരും പുരോഗമനസാഹിത്യ പ്രസ്ഥാനവും തമ്മില്‍ മൌലികപ്രശ്നങ്ങളില്‍ യോജിപ്പുണ്ട് എന്നും തായാട്ട് പറയുന്നതിന്റെ അര്‍ഥമെന്താണ്? സാമൂഹ്യശാസ്ത്രവാദപരമായ നിലപാടിലേക്ക് തായാട്ട് എത്തിച്ചേരുന്നതിന് മുമ്പുള്ളതാണ് ഈ അഭിപ്രായം എന്ന ഒരു വിശദീകരണം ഇതേക്കുറിച്ചുണ്ട്. (മാരാരെക്കുറിച്ചുള്ള മറ്റൊരു പ്രബന്ധത്തില്‍- 'മാരാരും പുരോഗമനസാഹിത്യപ്രസ്ഥാനവും' എന്ന പ്രബന്ധം-ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കാതെ മാരാരെ നിശിതമായി വിമര്‍ശിക്കാനാണ് തായാട്ട് മുതിരുന്നത്). ഒട്ടൊക്കെ അത് ശരിയുമാണ്. എന്നാല്‍ തായാട്ടിന്റെ അത്രയൊന്നും പക്വമല്ലാത്ത സാഹിത്യാവബോധത്തിന്റെ ഉല്‍പ്പന്നം എന്നതിനപ്പുറം ഈ വാദഗതിക്ക് വല്ല സാധുതയുമുണ്ടോ? ഇടതുപക്ഷപരമായ വിമര്‍ശനവിചാരത്തിന് ഇപ്പോള്‍ സ്വീകാര്യമായ വല്ലതും അതില്‍ കണ്ടെത്താനാവുമോ?

സാഹിത്യത്തിന്റെയും കലയുടെയും ചരിത്രപരതയെ സൂക്ഷ്മാര്‍ഥത്തില്‍ അഭിസംബോധനചെയ്യുന്ന ഒരു നിരീക്ഷണം ഇവിടെ തായാട്ട് അവതരിപ്പിക്കുന്നുണ്ട്. പ്രത്യക്ഷ പ്രായങ്ങളായ യാഥാര്‍ഥ്യങ്ങള്‍ക്ക് പിന്നില്‍ എണ്ണമറ്റ പരോക്ഷ യാഥാര്‍ഥ്യങ്ങള്‍ അടുക്കടുക്കായി കിടക്കുന്നു. പ്രത്യക്ഷ യാഥാര്‍ഥ്യവുമായി പലപ്പോഴും പൊരുത്തമില്ലാതെ കിടക്കുന്ന അത്തരം പരോക്ഷയാഥാര്‍ഥ്യങ്ങളാണ് സാഹിത്യത്തിന്റെ പ്രതിപാദ്യം. ജീവിതത്തിന്റെ ഈ സൂക്ഷ്മഭാവങ്ങളാണ് സാഹിത്യത്തിന്റെ ഇതിവൃത്തം. അത് നിത്യസമ്പന്നമാണ്. ഈ സൂക്ഷ്മലോകത്തെ ആവിഷ്കരിക്കാനുള്ള ഉപാധി മാത്രമാണ് സ്ഥൂലാംശം. സാഹിത്യം പ്രതിപാദനമല്ല പ്രതിപാദ്യമാണ് എന്ന് മാരാര്‍ പറയുന്നതിനര്‍ഥം ഈ സൂക്ഷ്മാംശത്തെ, പരോക്ഷയാഥാര്‍ഥ്യത്തെ, പ്രതിപാദിക്കലാണ്. സ്ഥൂലാംശത്തെ ആവിഷ്കരിക്കുന്നതില്‍ തൃപ്തരാകാതെ, സൂക്ഷ്മാംശത്തിലേക്ക്, പരോക്ഷ യാഥാര്‍ഥ്യത്തിലേക്ക്, നീങ്ങുകയാണ് സാഹിത്യരചയിതാക്കള്‍ ചെയ്യേണ്ടത്. ഇതിവൃത്തത്തെ മുന്‍നിര്‍ത്തി സാഹിത്യമൂല്യം നിര്‍ണയിക്കുന്ന പുരോഗമനസാഹിത്യക്കാരും വര്‍ണപദച്ഛന്ദസുകളുടെ ആവര്‍ത്തനം മുന്‍നിര്‍ത്തി കലാമൂല്യം വിലയിരുത്തുന്ന സ്വച്ഛകലാവാദികളും സൂക്ഷ്മാംശങ്ങളെ മുന്‍നിര്‍ത്തി പരോക്ഷ യാഥാര്‍ഥ്യത്തെ ആവിഷ്കരിക്കുന്നതാണ് കലയുടെ ദൌത്യം എന്ന വസ്തുത കാണാതെ പോവുകയാണെന്ന് മാരാര്‍ വിലയിരുത്തുന്നു. ഇതാണ് മാരാരെക്കുറിച്ച് തയാട്ട് നടത്തുന്ന നിരീക്ഷണത്തിന്റെ സാരം.

ഭൌതിക പ്രത്യക്ഷങ്ങള്‍ക്കപ്പുറത്തുള്ള പരോക്ഷ യാഥാര്‍ഥ്യമാണ് കലയുടെ ലോകം എന്ന മാരാരുടെ വാദത്തിന്റെ സാധുതയാണ് തായാട്ട് അംഗീകരിക്കാനും വിശദീകരിക്കാനുംശ്രമിച്ചത്. പരോക്ഷ യാഥാര്‍ഥ്യം മാരാരെ സംബന്ധിച്ചിടത്തോളം കേവലം ഒട്ടൊക്കെ അതിഭൌതികവുമായ ധര്‍മബോധമാണ്. അതുകൊണ്ടുതന്നെ മാരാരുടെ കലാദര്‍ശനം ആശയവാദപരമായ നിലപാടിലേക്ക് എത്തിപ്പെടുകയും ചെയ്യും. 'സാഹിത്യവിദ്യ'യില്‍ നിന്നും'ശരണാഗതി'യിലേക്ക് ഒരു വഴി ആദ്യമേ തുറന്നുകിടപ്പുണ്ട് എന്നര്‍ഥം. എന്നാല്‍ പരോക്ഷയാഥാര്‍ഥ്യം എന്ന പ്രശ്നം കലയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. ഭൌതികവാദപരമായ നിലപാടിലൂടെ മനസ്സിലാക്കിയാല്‍ ഈ പരോക്ഷ യാഥാര്‍ഥ്യമാണ് ചരിത്രം. ഫ്രഡറിക് ജയിംസണ്‍ രാഷ്ട്രീയ അബോധം എന്ന് വിശേഷിപ്പിക്കുന്നത് പാഠരൂപങ്ങളില്‍ പരോക്ഷയാഥാര്‍ഥ്യമായി സന്നിഹിതമായിരിക്കുന്ന ചരിത്രത്തെയാണ്. ലകാനിയന്‍ യാഥാര്‍ഥ്യക്രമം (Real order) പോലെ അവ്യാകൃതവും അനിര്‍വചനീയവും അപ്രമേയവുമായ ചരിത്രമാണ് കലയിലെ പരോക്ഷയാഥാര്‍ഥ്യം. ഈ പരോക്ഷ യാഥാര്‍ഥ്യത്തിന്റെ പ്രകാശനമാണ് കല. കല അനുഭവമായിത്തീരുന്നത് അത് ആഴത്തില്‍ ചരിത്രപരമായിരിക്കുന്നതിനാലാണ്. ചരിത്രത്തിന്റെ സങ്കീര്‍ണമായ ബന്ധരൂപങ്ങളാണ് കലാനുഭൂതിയുടെ ആകരം. ഈ ആഴമേറിയ ചരിത്രാനുഭവത്തെ പ്രകാശിപ്പിക്കുന്നിന് പകരം, പ്രമേയ പ്രത്യക്ഷതകളിലേക്ക് അവയെ പരാവര്‍ത്തനം ചെയ്യുമ്പോഴാണ് കല അനുഭവശൂന്യമായിത്തീരുന്നത്. അതായത് ചരിത്രപരതയുടെ ആഴംകൊണ്ടാണ് കല അനുഭൂതിദായകമാവുന്നത്. ചരിത്രനിരപേക്ഷവും സമൂഹനിരപേക്ഷവും ആകുമ്പോള്‍ കല അനുഭവ ശൂന്യവും അനുഭൂതിരഹിതവുമായ അലങ്കാരമായിത്തീരുകയാണ് ചെയ്യുന്നത്. പരോക്ഷ യാഥാര്‍ഥ്യമായ ചരിത്രത്തിന്റെ (ഇത് ചരിത്രവിജ്ഞാനത്തിലെ വസ്തുതാവിവരണമോ വ്യാഖ്യാനങ്ങളോ അല്ലെന്ന് എടുത്തുപറയണം) സൂക്ഷ്മസ്ഥാനമാണ് കലയും സാഹിത്യവും. കലയുടെയും സാഹിത്യത്തിന്റെയും പ്രതിപാദ്യവും അതുതന്നെ.

ഇങ്ങനെ, പ്രത്യക്ഷ യാഥാര്‍ഥ്യത്തിനും പ്രമേയമണ്ഡലത്തിനും അപ്പുറത്ത് നിലകൊള്ളുന്ന ചരിത്രം എന്ന വിപുലരാശിയെ അഭിസംബോധന ചെയ്യാനുള്ള കഴിവിലാണ് സാഹിത്യം അതിന്റെ സ്വകീയത നിലനിര്‍ത്തുന്നത് എന്ന ഒരു നിലപാടിന്റെ ബീജരൂപം തന്റെ മാരാര്‍ വിമര്‍ശനത്തോടൊപ്പം തായാട്ട് അവതരിപ്പിക്കുന്നുണ്ട്. പില്‍ക്കാലത്തെ സംഘര്‍ഷഭരിതമായ സംവാദസന്ദര്‍ഭങ്ങളില്‍ ഈ നിലപാട് അദ്ദേഹം വേണ്ടത്ര പിന്‍തുടരുകയോ, വികസിപ്പിക്കുകയോ ചെയ്തതായി കാണുന്നില്ല. സാമൂഹ്യശാസ്ത്രാധിഷ്ഠിതമായ വിമര്‍ശനസമീപനത്തെ മറികടന്നുപോകാന്‍ കെല്‍പ്പുള്ള ഈ കാഴ്ചപ്പാട് ഇന്ന് പല നിലകളില്‍ പ്രസക്തമാണ്. കലയെയും സാഹിത്യത്തെയും അവയുടെ അനുഭവലോകത്തെയും ചരിത്രവല്‍ക്കരിക്കാനും അപ്പോള്‍ത്തന്നെ സാമൂഹ്യശാസ്ത്രവാദപരമായ പ്രമേയപ്രത്യക്ഷതകളായി അതിനെ ചുരുക്കിക്കാണാതിരിക്കാനും ഈ നിലപാട് നമ്മെ പ്രാപ്തരാക്കും. തായാട്ടിന്റെ വിമര്‍ശനത്തിന്റെ സാധ്യതകളിലൊന്ന് ഇതുതന്നെയാണ്.


*****


സുനില്‍ പി ഇളയിടം, കടപ്പാട്: ദേശാഭിമാനി വാരിക

Tuesday, March 29, 2011

കയ്യൂര്‍: സമരവീര്യത്തിന്റെ അണയാത്ത ദീപശിഖ

കയ്യൂര്‍ സഖാക്കള്‍ നമ്മെവിട്ടുപിരിഞ്ഞിട്ട് ഇന്ന് 68 വര്‍ഷം തികഞ്ഞു. മീനമാസത്തിലെഈ നാളുകളില്‍ തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ച് ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം, അവരുടെധീരതയില്‍ പുളകമണിയുകയാകാം. സഖാക്കള്‍ മഠത്തില്‍ അപ്പു,കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍.കയ്യൂരിന്റെ പൊന്നോമനമക്കള്‍.

നാടുവാഴിത്തത്തിനുംസാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ് പാര്‍ടിയും നടത്തിയ ധീരമായ സമരങ്ങളുടെചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെയാണ്കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്.
1934 മുതല്‍കര്‍ഷകപ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റ് സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു. ഒരുദിവസം ഹോസ്ദുര്‍ഗ് ആര്‍ഐകയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ക്കണ്ട് വഴിമാറിപോകേണ്ടിവന്നു. ഒരു ഫോറസ്റ് ഓഫീസറെ കയ്യൂരില്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കൃഷിക്കാര്‍ കയ്യൂരില്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടുചെയ്തു.

ഈഅവസരത്തില്‍ത്തന്നെയാണ് കര്‍ഷകസംഘം യോഗംചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കിയത്.കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥ പോകുന്നതിന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി. 1941 മാര്‍ച്ച് 26ന് രാവിലെ ചിലപൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പിവെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയപരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.

ഈ സംഭവത്തെത്തുടര്‍ന്ന് മാര്‍ച്ച് 26ന് രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരില്‍ അരയാക്കടവിലുള്ളഅപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടിവി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്ചെയ്തു. മര്‍ദനവാര്‍ത്തയും അറസ്റുംകേട്ട് കയ്യൂര്‍ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റിലും പ്രതിഷേധിച്ച്പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു.പ്രകടനം കയ്യൂര്‍ കൂക്കോട്ടുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നിരുന്നു. മൂക്കറ്റംമദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെപ്രകോപനങ്ങള്‍ സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെവികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍നിര്‍ബന്ധിതനായി. കുറേ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത്ക്ളായിക്കോട്ടുനിന്നു പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.

ഈ സംഭവത്തെത്തുടര്‍ന്ന് കയ്യൂരിലുംപരിസരപ്രദേശത്തും ഭീകരമായ പൊലീസ്മര്‍ദനമാണ് നടന്നത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റുകാരെമര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ചെയ്തു. ഇ കെ നായനാര്‍,വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതിയാക്കി കേസ് രജിസ്റര്‍ചെയ്തു. ഒളിവില്‍ പോയ നായനാരെപിടികൂടാന്‍ സാധിച്ചില്ല. കേസ് ഒരുവര്‍ഷത്തിലേറെ മംഗലാപുരം സെഷന്‍സ് കോടതിയില്‍ നടന്നു. തെളിവുകള്‍ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും. അഞ്ച് സഖാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെ പേര്‍ക്ക് മൂന്നുകൊല്ലവും തടവുശിക്ഷയും വിധിച്ചു. മറ്റുള്ളവരുടെ റിമാന്‍ഡുകാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ മൈനര്‍ ആയതിനാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി ജീവപര്യന്തംശിക്ഷിച്ചു. കയ്യൂര്‍ സഖാക്കളുടെ ജീവന്‍രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ളണ്ടില്‍പ്രിവി കൌണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29ന് രാവിലെഅഞ്ചുമണിക്ക് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വംതൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെനേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍മുദ്രാവാക്യങ്ങള്‍ മുഴക്കി. "ഇങ്ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ,ജന്മിത്വം തകരട്ടെ, സഖാക്കളേ മുന്നോട്ട്...''

കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ്68 വര്‍ഷത്തിനിടയില്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെട്ടു. കേരളത്തിലെയും ഇന്ത്യയിലെയുംകര്‍ഷകപ്രസ്ഥാനവും വിപ്ളവപ്രസ്ഥാനവും അവര്‍ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ പേറി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂര്‍രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്നു കൂടുതല്‍ കരുത്തുംശക്തിയും കൈവരിച്ചിരിക്കുകയാണ്.ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും സ്വാധീനം വര്‍ധിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍നിന്ന് കെട്ടുകെട്ടിയെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണവര്‍ഗം ഇപ്പോഴും സാമ്രാജ്യത്വത്തിന് അടിയറവച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച സമ്രാജ്യത്വപ്രീണന നയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ സീമകളും ലംഘിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയനിലപാടുകള്‍പോലും അമേരിക്കന്‍ തീട്ടൂരമനുസരിച്ചാണെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ആരൊക്കെ മന്ത്രിയാകണമെന്നും ആര്‍ക്ക് ഏതു വകുപ്പുനല്‍കണമെന്നും നിശ്ചയിക്കുന്നത് അമേരിക്കയാണ്. പെട്രോളിയം മന്ത്രിസ്ഥാനത്തുനിന്ന് മണിശങ്കര്‍ അയ്യരെ നീക്കിയത് അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് അസന്ദിഗ്ധമായി വെളിപ്പെട്ടു. 2ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികളിലൂടെ മുഖം നഷ്ടപ്പെട്ട സര്‍ക്കാരിനെ ഈ വെളിപ്പെടുത്തലുകള്‍ തീര്‍ത്തും അപഹാസ്യരാക്കി. ദിവസങ്ങളോളം പാര്‍ലമെന്റ് ഇളകിമറിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടന്നു. എന്നാല്‍, അമേരിക്കന്‍ പ്രീണനനയം തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിനുപുറമെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വാശിയോടെ നടപ്പാക്കുകയാണ്.

സാമ്രാജ്യത്വ അധിനിവേശത്തിനും കേന്ദ്രസര്‍ക്കാരിന്റെ രാജ്യദ്രോഹ- ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വന്‍തോതില്‍ ജനങ്ങളെ അണിനിരത്തേണ്ട സന്ദര്‍ഭമാണിത്. കേരളത്തില്‍ അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ നടുവിലാണ് നാം കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിക്കുന്നത്. കേരളത്തെ സമസ്ത മേഖലയിലും പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകണം. യുഡിഎഫിന്റെ ഇരുണ്ടകാലഘട്ടത്തിലേക്ക് ഇനിയൊരിക്കലും നാടിനെ തള്ളിവിട്ടുകൂടാ. അതിനായുള്ള കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യൂര്‍ സഖാക്കളുടെ ധീരസ്മരണ കരുത്തും ആവേശവും പകരും.

*
പി കരുണാകരന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 29 മാര്‍ച്ച് 2011

പെന്‍ഷന്‍കാരുടെ കഞ്ഞിയില്‍ പാറ്റ

ബി ജെ പിയുടെ സഹായത്തോടുകൂടി കഴിഞ്ഞ ദിവസം യു പി എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച 'പങ്കാളിത്ത പെന്‍ഷന്‍ ബില്ല്' വളരെ അപകടകരമായ ഒരു ഭാവിയാണ് വൃദ്ധജനങ്ങളുടെ മുന്നില്‍ തുറക്കുന്നത്. നമ്മുടെ നാട്ടില്‍ സാമൂഹ്യസുരക്ഷയ്ക്കുള്ള ഉറപ്പായ ഉപാധി പെന്‍ഷനാണല്ലോ. അത് സ്ഥിരജോലിയുള്ള ചെറിയൊരു വിഭാഗത്തിനു മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് നമ്മുടെ പ്രശ്‌നം. കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് പെന്‍ഷന്‍ വ്യാപിപ്പിച്ച് സാമൂഹ്യസുരക്ഷാവല വിസ്തൃതമാക്കുക എന്നതായിരിക്കണമല്ലോ സദ്ഭരണത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിനു പകരം പെന്‍ഷന്‍ നല്‍കുക എന്ന ബാധ്യതയില്‍ നിന്നും തൊഴില്‍ ദാതാക്കളെ മോചിതരാക്കാനും അതുംകൂടി ഊഹ നിക്ഷേപക്കാരുടെ വിഹാരരംഗമാക്കാനുമുള്ള പുറപ്പാടിലാണ് യു പി എ സര്‍ക്കാര്‍. അതിനു കൂട്ടുനില്‍ക്കുന്നതിലൂടെ ഉദാരവത്ക്കരണ-സ്വകാര്യവത്കരണ അജണ്ടയുടെ കാര്യത്തില്‍ തങ്ങള്‍ തമ്മില്‍ കാതലായ യാതൊരു വ്യത്യാസവും ഇല്ലെന്ന് ഭാ. ജ. പ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

സ്ഥിരം ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ ജോലികളും പുറം കരാറുകാരെ ഏല്‍പ്പിക്കുക, സ്ഥിര ജോലിക്കാര്‍ക്കു കൊടുക്കുന്ന ദീര്‍ഘകാല സുരക്ഷകള്‍ ഒഴിവാക്കി ഉയര്‍ന്ന ഹ്രസ്വകാല ആനുകൂല്യങ്ങള്‍ നല്‍കുക മുതലായ നയങ്ങള്‍ സ്വകാര്യമേഖല കുറച്ചുകാലമായി നടപ്പാക്കിപ്പോരുകയാണ്. തങ്ങള്‍ക്കു മത്സരിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇങ്ങനെയൊക്കെയാണ് അവരുടെ മത്സരക്ഷമത പുലര്‍ത്തുന്നത്, അതുകൊണ്ട് തങ്ങള്‍ക്കും ഇങ്ങനെയൊക്കെ ചെയ്‌തെങ്കിലേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന അവരുടെ വാദത്തില്‍ കഴമ്പില്ലാതില്ല. അതുകൊണ്ടുതന്നെയാണ് പെന്‍ഷനുപകരം കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് എന്ന സ്‌കീമിന് സാമൂഹ്യമായ അംഗീകാരം നേടാന്‍ കഴിഞ്ഞതും. പിരിഞ്ഞുപോകുന്ന സമയത്തു കിട്ടുന്ന തുക തൊഴിലാളിക്കു യുക്തമെന്നു തോന്നുന്ന വിധത്തില്‍ ചെലവാക്കാം. വേണമെങ്കില്‍ ബാങ്കിലോ എല്‍ ഐ സിയിലോ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലോ നിക്ഷേപിക്കാം. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം, അവകാശം.

അതേസമയം ഒരു മാതൃകാ തൊഴില്‍ ദാതാവ് എന്ന നിലയില്‍ സര്‍ക്കാരുകള്‍ സ്വന്തം തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ടും പെന്‍ഷന്‍ സ്‌കീമും വെവ്വേറെ നടപ്പാക്കിയിരുന്നു. പക്ഷേ പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ സ്വന്തം നിക്ഷേപമേ കാണൂ. തൊഴില്‍ ദാതാവിന്റെ വിഹിതം കാണില്ല. വയസ്സെത്തുമ്പോള്‍ സ്വന്തം പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പലിശസഹിതം തിരികെക്കിട്ടും. പെന്‍ഷന്‍ വേറെ. സര്‍ക്കാര്‍ പെന്‍ഷനുള്ള മറ്റൊരു ഗുണം കാലാകാലങ്ങളിലുള്ള വിലക്കയറ്റത്തിന് ആശ്വാസമായി പെന്‍ഷന്‍കാര്‍ക്കും ഡി എയും ഭാഗ്യമുണ്ടെങ്കില്‍ ഇടയ്ക്കിടെ പെന്‍ഷന്‍ പരിഷ്‌കരണവും കിട്ടും എന്നതാണ്. ഈ സൗകര്യങ്ങളൊന്നും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഇല്ലാ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അവര്‍ക്കും വയസ്സാകുകയോ വയ്യാതാകുകയോ ചെയ്താല്‍, ഒരു മിനിമം പെന്‍ഷന്‍ കൊടുക്കാനുള്ള വഴി എന്താണ് എന്നാണ് ക്ഷേമതത്പരരായ സര്‍ക്കാരുകള്‍ ആലോചിച്ചുവന്നിട്ടുള്ളത്.

ഇതില്‍ നിന്നു വിപരീതമായി സ്വന്തം തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നാണ് യു പി എ സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിന്റെ ആദ്യപടിയായി 2004 മുതല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇല്ലാ എന്ന് പ്രഖ്യാപിച്ചു നടപ്പാക്കിക്കഴിഞ്ഞു. അവര്‍ക്ക് ഇപ്പോള്‍ 'കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഫണ്ട്' ആണുള്ളത്. സേവനകാലം മുഴുവന്‍ അതതുകാലത്തെ ശമ്പളത്തിന്റെ പത്ത് ശതമാനം നിര്‍ബന്ധമായും സ്വന്തം പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് നല്‍കണം. ദോഷം പറയരുതല്ലോ. തുല്യ തുക തൊഴില്‍ ദാതാവായ സര്‍ക്കാരും നല്‍കും. റിട്ടയര്‍മെന്റ് സമയത്ത് സ്വന്തം നിക്ഷേപത്തിന്റെ 60 ശതമാനം തുകയായി കിട്ടും. ബാക്കി തുകയില്‍ നിന്ന് മാസാമാസം പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കും. (മരിക്കുമ്പോള്‍ ബാക്കി നിക്ഷേപത്തുക അവകാശികള്‍ക്ക് കിട്ടുമോ? അറിയില്ല) ഏതായാലും ഈ സ്‌കീം നടപ്പാക്കിത്തുടങ്ങിക്കഴിഞ്ഞു. ഇതു വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനായി ഒരു സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്.

ചില്ലറ തുകയൊന്നുമല്ല ഈ വിധത്തില്‍ സമാഹരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഇത് പ്രതിവര്‍ഷം 8000 കോടി രൂപ കവിയും എന്നാണ് കണക്ക്. ഓരോ വര്‍ഷവും പുതിയ തൊഴിലാളികള്‍ ചേരുകയും നിലവിലുള്ളവരുടെ ശമ്പളം വര്‍ധിക്കുകയും ചെയ്യുന്നതോടെ നമ്മള്‍ക്കിപ്പോള്‍ സുപരിചിതമായിക്കഴിഞ്ഞ 'ലക്ഷം കോടികള്‍' എന്ന തലത്തിലേയ്ക്ക് പെന്‍ഷന്‍ ഫണ്ട് ഉയരും എന്നതുറപ്പാണ്. പോരെങ്കില്‍ 2009 മുതല്‍ സര്‍ക്കാര്‍ ജോലിക്കാരല്ലാത്തവര്‍ക്കും കൂടി പങ്കാളികളാകാവുന്ന നാഷണല്‍ പെന്‍ഷന്‍ സ്‌കീമും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

ഈ ശ്രമങ്ങളൊക്കെ എല്ലാ കുടുംബങ്ങളെയും ഏതെങ്കിലും തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ~ഒരു സമ്പൂര്‍ണ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായിരുന്നെങ്കില്‍ അതു തീര്‍ച്ചയായും അഭിനന്ദനീയമാകുമായിരുന്നു. പക്ഷേ അതല്ല ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന ''പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അഥോറിറ്റി'' ബില്ലിന്റെ ലക്ഷ്യം എന്നു വ്യക്തമാണ്. എന്തെന്നാല്‍ അതിലെ സുപ്രധാനമായ ഒരു ഘടകം പെന്‍ഷന്‍ ഫണ്ടിന്റെ ഒരു ഭാഗം സ്വകാര്യ ഓഹരി വിപണനരംഗത്തു നിക്ഷേപിക്കാന്‍ അനുമതി നല്‍കുക എന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടു മുഴുവനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും എല്‍ ഐ സിയിലും ആണ് നിക്ഷേപിക്കുന്നത്. ഇങ്ങനെ സഹസ്രകോടിക്കണക്കിനു രൂപ ഈ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്നത് സ്വകാര്യമേഖലയ്ക്ക് സഹിക്കുന്നില്ല എന്നിടത്താണ് ഇത്തരമൊരു ബില്ലിന്റെ മൂല്യം.

കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഇതേ നിയമം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ഭരണത്തിനു പിന്തുണ നല്‍കിയ ഇടതുകക്ഷികളുടെ രൂക്ഷമായ എതിര്‍പ്പു മൂലം അതു നടന്നില്ല. ഇപ്പോഴാമാതിരി പ്രശ്‌നങ്ങളൊന്നുമില്ലല്ലോ മാത്രവുമല്ല അവതരണവേളയില്‍ തെളിഞ്ഞതുമാതിരി മുഖ്യ പ്രതിപക്ഷമായ ബി ജെ പിയുടെയും ഉള്ളിലിരിപ്പ് വ്യത്യസ്തവുമല്ല. (ഇരു കൂട്ടരും മാറിമാറി അമേരിക്കന്‍ എംബസിയില്‍ ചെന്ന് ഹാജര്‍ വയ്ക്കുകയും ഉദാരവത്ക്കരണ നയങ്ങളോടു തങ്ങള്‍ക്കുള്ള കൂറ് പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണെന്നാണല്ലോ 'വിക്കിലീക്‌സ്' കാണിക്കുന്നത്.)

പെന്‍ഷന്‍ ഫണ്ട് സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് തുറന്നുകൊടുത്താലെന്താ കുഴപ്പം എന്നു ചോദിക്കുന്നവരുണ്ട് എന്നതാണത്ഭുതം. 2008 ലെ ആഗോളവിപണി തകര്‍ച്ചയില്‍ എത്രയെത്ര ബാങ്കുകളും മ്യൂച്വല്‍ ഫണ്ടുകാരും പെന്‍ഷന്‍ ഫണ്ടുകാരും ആണ് തകര്‍ന്നത്? ഓഹരി വിപണിയില്‍ ഇത്തരം തകര്‍ച്ചകള്‍ സ്വാഭാവികം എന്നല്ല അനിവാര്യം തന്നെയാണ്. ഓഹരി വിലകളിലെ ചാഞ്ചാട്ടമാണല്ലോ നിക്ഷേപകരുടെ ലാഭം. ലാഭമുണ്ടാക്കുന്ന കമ്പനികള്‍ ആണ്ടോടാണ്ട് പ്രഖ്യാപിക്കുന്ന ഡിവിഡണ്ട്, മോഹവിലയ്ക്കു വാങ്ങുന്ന ഷെയറുകളുടെ മുടക്കുമുതലിന്റെ എത്രയോ ചെറിയ ശതമാനമല്ലേ വരൂ. അപ്പോള്‍ ഓഹരി വിലകളിലെ ചാഞ്ചാട്ടത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഒരുതരം ചൂതുകളി മാത്രമാണ് അത് എന്ന് വരുന്നു. ഇതില്‍ കുറേ പേര്‍ക്ക് ലാഭം ഉണ്ടാകും തീര്‍ച്ചയായും. പക്ഷേ അത് വേറെ ആരുടെയൊെക്കയോ നഷ്ടം മാത്രമാണ്. അല്ലാതെ ഓഹരിവിപണി സ്വയം സമ്പത്ത് ഉണ്ടാക്കുന്നില്ലല്ലോ. ഇടയ്ക്കിടെ 'ക്രാഷ്' ഉണ്ടാകുമ്പോള്‍ ഒട്ടുമിക്ക പേരുടെയും കൈ പൊള്ളുകയും ചെയ്യും. അതിനു പിന്നിലുള്ള വമ്പന്‍ സ്രാവുകള്‍ അപ്പോഴും രക്ഷപ്പെടുകയും ചെയ്യും.

ഇത്തരം ചൂതാട്ടത്തിലാണോ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ സുരക്ഷയ്ക്കായുള്ള പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കേണ്ടത്? അമേരിക്കയിലെ വാള്‍സ്ട്രീറ്റ് തകര്‍ന്നപ്പോള്‍ എത്രയെത്ര കുടുംബങ്ങളാണ് പാപ്പാരായത്. വൃദ്ധജനങ്ങളുടെ മാസവരുമാനമാണ് ചുരുങ്ങിപ്പോയത്? അതിനു പകരം വരുമാനം കുറച്ചു കുറഞ്ഞാലും അതു ഉറപ്പുള്ള സര്‍ക്കാര്‍ ബോണ്ടുകളിലും എല്‍ ഐ സിപോലുള്ള സുസ്ഥാപിത സംവിധാനങ്ങളിലും അല്ലേ നിക്ഷേപിക്കേണ്ടത്? അവിടെ ചെല്ലുന്ന പണം നാടിന്റെ വികസനത്തിനു തന്നെ ഉപയോഗിക്കപ്പെടും എന്ന അധികസംതൃപ്തിയും ചെറുതല്ലല്ലോ.

പക്ഷേ ദൗര്‍ഭൗഗ്യവശാല്‍ ഇത്തരം ചിന്തകളൊന്നുമല്ല നമ്മുടെ കേന്ദ്രഭരണക്കാരെ നയിക്കുന്നത്. സ്വകാര്യമേഖലയെ എങ്ങനെ സഹായിക്കാം? പണം എവിടെ മുടക്കേണ്ടൂ എന്നറിയാതെ ഉഴറുന്ന സ്വകാര്യനിക്ഷേപകര്‍ക്ക് പുതിയ പുതിയ മേഖലകള്‍ എങ്ങനെ തുറന്നു കൊടുക്കാം? ദേശീ സ്രാവുകളുടെ പിന്നാലെ ഊഴം കാത്തു കിടക്കുന്ന വിദേശി തിമിംഗലങ്ങള്‍ക്ക് എങ്ങനെ വഴി സുഗമമാക്കാം? ഇതൊക്കെയാണവരുടെ വ്യാകുലതകള്‍. (അല്ലെങ്കില്‍ അടുത്ത തവണ അമേരിക്കന്‍ അംബാസിഡരുടെ മുമ്പില്‍ റിപ്പോര്‍ട്ടിങ്ങിനു ചെല്ലുമ്പോള്‍ എന്തു പറയും).

ഡല്‍ഹിയില്‍ ഇതൊക്കെ നടക്കുമ്പോള്‍ കേരളം വളരെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുകയാണല്ലോ. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പത്രമുത്തശ്ശിമാര്‍ക്കൊന്നും ഇതൊരു വിഷയമായിട്ടില്ല. അവര്‍ തിരഞ്ഞെടുപ്പ് മസാലകളുടെ ആഘോഷത്തിലാണ്. പക്ഷേ വോട്ടിനായി നമ്മെ സമീപിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് നമുക്കു ചോദിക്കാം: പെന്‍ഷന്‍കാരുടെ കഞ്ഞിയില്‍ പാറ്റയിടുന്ന ഈ ബില്ലിനെപ്പറ്റി നിങ്ങളുടെ പാര്‍ട്ടിയുടെ നയം എന്താണ്? അതു തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

ഇതു മാത്രമല്ല. ഇങ്ങനത്തെ നൂറു നൂറു ചോദ്യങ്ങള്‍ നാം കരുതിവയ്‌ക്കേണ്ടതുണ്ട്.

*
ആര്‍ വി ജി മേനോന്‍

എ കെ ജി-പോരാട്ടത്തിന്റെ കനല്‍ വഴികള്‍


(ഒന്ന്)


അടിയന്തരാവസ്ഥയുടെ അബോധത്തില്‍നിന്ന് രാജ്യം പതുക്കെ ഉണര്‍ന്നുതുടങ്ങുകയും ഏകാധിപതികളുടെ പതനം തുടങ്ങുകയും ചെയ്ത ദിവസങ്ങളില്‍ എ കെ ജി അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ഖിലാഫത്തിലൂടെ ദേശീയസമരത്തിന്റെ ഭാഗമായിത്തീര്‍ന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എ കെ ജി എന്ന ത്രയാക്ഷരിയായി, സഹ്യനും വിന്ധ്യനും പലപ്പോഴും ഹിമവാനുമപ്പുറം വളര്‍ന്നതിന്റെ കഥ ഒരു വാക്കില്‍ സംഗ്രഹിക്കാനാവും: കമിറ്റ്മെന്റ്. ഷാജി എന്‍ കരുണ്‍ തന്റെ സിനിമയിലൂടെ പ്രക്ഷേപിക്കുന്നതും ഇതാണ്. ആ സിനിമയുടെ ശീര്‍ഷകം എ കെ ജി യുടെ ജീവിതത്തെ രണ്ടു പദങ്ങളില്‍ വിവരിക്കാന്‍ ശ്രമിക്കുന്നുണ്ട്-അതിജീവനത്തിന്റെ കനല്‍വഴികള്‍. പക്ഷേ, അതിലെ അതിജീവനം എന്നപദം എത്രമാത്രം ശരിയാണെന്ന് എനിക്കറിഞ്ഞുകൂടാ. അതൊരു ഭാഷാശാസ്ത്രപ്രഹേളികയായി അവശേഷിക്കട്ടെയെന്ന് തീരുമാനിക്കാനാണെനിക്കിഷ്ടം. കാരണം എ കെ ജി അതിജീവനസമരങ്ങള്‍ നടത്തിയതായി ഞാന്‍ കരുതുന്നില്ല.

എഴുപത്തിമൂന്ന് വര്‍ഷത്തെ സാര്‍ഥകമായ ആ ജീവിതത്തിന്റെ ഓരോ നിമിഷവും താന്‍ തിളങ്ങി ജീവിക്കുന്നതിന്റെ നക്ഷത്രബിന്ദുവായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിജീവനം ആവശ്യമായ അശരണജന്മമമായിരുന്നില്ല എ കെ ജി യുടേത്, അദ്ദേഹം വിമോചനം നല്കാനാഗ്രഹിച്ച പണിയാളന്മാരുടേത്. എന്തിന്, ഇന്ത്യന്‍ കോഫി ഹൌസ് പോലും അതിജീവനത്തിന്റെ ആയുധമായിരുന്നില്ല. ബ്രിട്ടീഷ് കമ്പനിയുടമകള്‍ പൂട്ടിയിട്ട കോഫീ ഹൌസുകള്‍ പുനര്‍ജീവിപ്പിക്കുകമാത്രമല്ല സഖാവ് എ കെ ജി ചെയ്തത്. പോരാട്ടത്തിന്റെ വഴിയിലൂടെ പുതിയൊരു ജീവനസംഗീതം സൃഷ്ടിക്കാന്‍ കഴിയുമെന്ന്, തൊഴിലെടുക്കുന്ന മനുഷ്യര്‍ക്ക് കഴിയുമെന്ന് ഇന്ത്യയെയാകമാനം ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ കോഫീഹൌസും ഒരു സമരമായിരുന്നു എ കെ ജി ക്ക്.

(രണ്ട്)

1904 ഒക്ടോബര്‍ ഒന്നിന് ഭൂജാതനാവുകയും ഐതിഹാസികസമരങ്ങളുടെ നേതൃ-ജേതൃ പദവിയില്‍ കര്‍മജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ നിര്യാതനാവുകയുംചെയ്തു. അദ്ധ്യാപകനായിരിക്കെ 1927ലാണ് എ കെ ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നത്. സ്വദേശിപ്രസ്ഥാനത്തിലും ഖാദിപ്രചാരണത്തിലും ഹരിജനോദ്ധാരണപ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിപ്രവര്‍ത്തിച്ചു. അതിനിടയിലാണ് ഉപ്പുസത്യഗ്രഹമാരംഭിച്ചത്. പയ്യന്നൂരിലേക്ക് കെ കേളപ്പന്റെ നേതൃത്വത്തില്‍ പ്രയാണം ചെയ്യുന്ന കാല്‍നടയാത്രയ്ക്ക് ചൊവ്വയില്‍ എ കെ ജി ഒരു സ്വീകരണമൊരുക്കി. ഈ കാല്‍നടജാഥ എ കെ ജി യെ ആവേശഭരിതനാക്കി. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആത്മകഥയില്‍ എ കെ ജി എഴുതുന്നു: 'ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. രണ്ടു ചിന്താധാരകള്‍ എന്നില്‍ പരസ്പരം ഏറ്റുമുട്ടി. എല്ലാം വിട്ടെറിഞ്ഞ് സമരത്തില്‍ പങ്കെടുക്കണമെന്ന് മനസ്സാക്ഷി എന്നോട് ആവശ്യപ്പെട്ടു. ഇതിനര്‍ഥം പ്രിയപ്പെട്ടവരില്‍നിന്നെല്ലാം വേര്‍പെടണമെന്നും പിതാവിന്റെ അസന്തുഷ്ടിക്ക് പാത്രമാവണമെന്നുമായിരുന്നു. അമ്മയും കുടുംബവും കഷ്ടപ്പെടേണ്ടിവരും, അവര്‍ക്ക് സുഖഭോഗങ്ങളൊന്നും പിന്നെയുണ്ടാവില്ല. ഒരുപക്ഷേ, അവര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും, മുഷിഞ്ഞ പെരുമാറ്റത്തിനു പാത്രമാവും. എനിക്ക് തൊഴില്‍ നഷ്ടമാവും. പലവിധ വൈഷമ്യങ്ങള്‍ക്കും വിധേയനാവും. മറിച്ച്, അടിച്ചമര്‍ത്തലിനും ആത്മനാശത്തിനും കൊള്ളയ്ക്കും കൊള്ളിവയ്പിനും കൊലയ്ക്കും വിധേയരായ ഒരു ജനതയുടെ മോചനത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന്റെ ചാരിതാര്‍ഥ്യം എനിക്കുണ്ടാവും. ഞാന്‍ ഭാരതമാതാവിന്റെ അഭിമാനപുത്രനായിത്തീരും, ഒടുവില്‍ എ കെ ജി യിലെ പോരാളി വിജയം വരിച്ചു. ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് 1930ല്‍ അദ്ദേഹം ആദ്യമായി അറസ്റ് വരിച്ചു. കണ്ണൂര്‍ ജയിലില്‍ അദ്ദേഹം തടവിലായി.

(മൂന്ന്)

ജയിലിലാണ് എ കെ ജി രാഷ്ട്രീയവും ദാര്‍ശനികവുമായ വിമോചനത്തിന് വിധേയനാവുന്നത്. വലിയൊരു ഭാവാന്തരമായിരുന്നു അത്. സത്യഗ്രഹിയില്‍നിന്ന് വിപ്ളവകാരിയിലേക്കുള്ള പരിവര്‍ത്തനം ജയിലിലാണ് സംഭവിച്ചത്. രണ്ടുവര്‍ഷത്തെ ജയില്‍വാസം അദ്ദേഹത്തെ സമ്പൂര്‍ണമായ സമഷ്ടിചിന്തയിലേക്ക് വളര്‍ത്തി. ജയിലാണ് എ കെ ജി യെ രൂപപ്പെടുത്തിയത്. തൊഴിലുപേക്ഷിക്കാനും മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തകനാവാനും എ കെ ജി തീരുമാനിച്ചു. സ്വദേശിപ്രസ്ഥാനത്തിന് എ കെ ജി യിലൂടെ സവിശേഷമായ ഒരുണര്‍വുണ്ടായി. ഇന്ത്യ എന്നും സ്വതന്ത്രയാണ്, എന്തിന് നാം ബ്രിട്ടീഷ് വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് വീട് വീടാന്തരം കയറിയിറങ്ങി പ്രചാരവേല നടത്തുന്നതിനുള്ള സ്ക്വാഡുകള്‍ അദ്ദേഹം രൂപീകരിച്ചു. വിശപ്പറിയാതെ ദാഹമറിയാതെ മൈലുകള്‍ നടന്നുള്ള പ്രചാരണപരിപാടിയായിരുന്നു അത്. അഭൂതപൂര്‍വമായ ഒരു സംഘാടന രീതിയായിരുന്നു അത്.

തടവുകള്‍ക്ക് പിറകെ തടവുകള്‍ എ കെ ജി യുടെ ജീവിതത്തിലെ സാധാരണ സംഭവമായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍തോതിലുള്ള ബ്രിട്ടീഷ് വിരുദ്ധവികാരം ജനങ്ങളില്‍ അണപൊട്ടിയൊഴുകി. ഈ ബഹുജനമുന്നേറ്റത്തിന് കാരണക്കാരനെന്ന നിലയില്‍ 1939ല്‍ എ കെ ജി വീണ്ടും തടവിലായി. പിന്നീട് കോണ്‍ഗ്രസ്സ് സര്‍ക്കാറും സ്വതന്ത്രഭാരത സര്‍ക്കാറും എ കെ ജി യെ പലതവണ ജയിലില്‍ പാര്‍പ്പിച്ചു

(നാല്)

ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി 1932ല്‍ എ കെ ജി യും ജയില്‍ മോചിതനായി. ജയിലില്‍ ലഭിച്ച നവബോധത്തിന്റെയും നിരന്തരമായ പ്രായോഗിക പ്രവര്‍ത്തനത്തിന്റെയും വെളിച്ചത്തില്‍ എ കെ ജി കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിണമിച്ചത്. ഈ കാലയളവിലാണ് പട്ടിണി ജാഥനടന്നത്. എ കെ ജിയുടെ നേതൃത്വത്തില്‍ മലബാറിലെ ജനങ്ങളുടെ നേതാക്കള്‍ 750 മൈല്‍ കാല്‍നടയായി മദിരാശിയിലേക്ക് മാര്‍ച്ച് ചെയ്തു. ഐതിഹാസികമായൊരു സംഭവമായിരുന്നു ഇത്. കെ പി ആറും സി എച്ചും ഉള്‍പ്പെടെ പിന്നീട് കേരളത്തിന്റെ സിരാപടലങ്ങളില്‍ കത്തിക്കയറിയ നേതാക്കളധികവും ഈ ജാഥയില്‍ പങ്കെടുത്തു.

എ കെ ജി ജനങ്ങളോട് സംസാരിക്കുമ്പോള്‍ അവരിലൊരാളായി മാറി. അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രസംഗശൈലി രൂപപ്പെട്ടത് ഈ മഹായാത്രകളിലൂടെയാണ്. സ്നേഹത്തിന്റെ നനുപ്പും സമരചൈതന്യത്തിന്റെ ചൂടും കലര്‍ന്ന പ്രസംഗങ്ങള്‍ ജനങ്ങളില്‍ ആവേശംപടര്‍ത്തി. കത്തിക്കയറുന്ന ഭാഷയോ ജാഡയോ എ കെ ജിയുടെ പ്രസംഗത്തിനുണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഉപ്പ് ആ പ്രസംഗങ്ങള്‍ക്ക് സ്വതഃസിദ്ധമായ ഒരു ലാവണ്യമേകി. ഇതേ പ്രസംഗശൈലിയാണ് പിന്നീട് പാര്‍ലമെന്റിലും ജനസഞ്ചയങ്ങളിലും എ കെ ജി ഉപയോഗിച്ചത്. മലബാറിലുടനീളം ജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതില്‍ ഈ ജാഥ നിര്‍ണായകമായ പങ്ക് വഹിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭത്തിന് പിന്തുണയായി എ കെ ജി മലബാര്‍ ജാഥനയിച്ചതും ഈ കാലയളവിലാണ്.

ഏത് ഘട്ടത്തിലും ജനങ്ങളോടൊപ്പംചേര്‍ന്നാണ് എ കെ ജി തന്റെ സമരപരിപാടികള്‍ നടത്തിയിരുന്നത്. ജയിലിന് പുറത്തുവന്നതോടെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വെള്ളത്തില്‍ മീനെന്നപോലെ ഊളിയിട്ടു. ദൂരഗ്രാമങ്ങലിലേക്ക് യാത്രകള്‍ ചെയ്തു. മദ്യശാലകളും തവെര്‍ണകളും പിക്കറ്റ് ചെയ്തു. വിദേശവസ്ത്രശാലകള്‍ക്കുമുന്നില്‍ കുത്തിയിരിപ്പു നടത്തി. കഠിനജീവിതത്തിന്റെ നാളുകളായിരുന്നു അവ. ജനങ്ങളുടെ ചെറുചെറുയോഗങ്ങളില്‍ പ്രസംഗിച്ചു. ഗ്രാമങ്ങളില്‍ ചെന്ന് അവിടെ ദേശീയപതാക നാട്ടി അവരോടൊപ്പം കഴിയുമ്പോള്‍ എ കെ ജി സ്വയം മറന്നു. മാറാന്‍ വസ്ത്രമില്ലാത്തതിനാല്‍ ദിവസങ്ങളോളം തുടര്‍ച്ചയായി ഉടുക്കുന്ന തുണിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. സമ്പന്നരായ ആളുകള്‍ അവരെ കളിയാക്കി. പക്ഷേ ആ ദുര്‍ഗന്ധം രാജ്യത്തിന്റെ പാരതന്ത്ര്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും നാറ്റമായിരുന്നുവെന്നാണ് ആത്മകഥയില്‍ എ കെ ജി എഴുതുന്നത്. ഇതിനെന്താണ് പോംവഴി? കോണ്‍ഗ്രസ്സ് ഒരു ബഹുജനപ്രസ്ഥാനമാവണം, ജനങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സഖാക്കളായി കാണണം. അതുവരെ കഷ്ടപ്പെടാതെ നിവൃത്തിയില്ല.

( അഞ്ച്)

അസംതൃപ്തനായ എ കെ ജിക്ക് ആശ്വാസമായി അനുഭവപ്പെട്ട ഒരു സംഭവം ക്ഷേത്രപ്രവേശന പ്രമേയം കോണ്‍ഗ്രസ് അംഗീകരിച്ചതാണ്. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് കെ കേളപ്പന്റെ നേതൃത്വത്തില്‍ പ്രമേയമംഗീകരിച്ചത്. എല്ലാമനുഷ്യരും തുല്യരാണെങ്കില്‍ എന്തുകൊണ്ട് ഹരിജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല? യാഥാസ്ഥിതികന്മാര്‍ പലരീതിയില്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ കേളപ്പനേയും എ കെ ജി യേയും ഉപദേശിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്ത് ക്ഷേത്രത്തിനടുത്തുള്ള പാതയില്‍ എ കെ ജി യും ഹരിജനങ്ങളും പ്രവേശിച്ചു. യാഥാസ്ഥിതിക ജനക്കൂട്ടം എ കെ ജി യെ ആക്രമിച്ചു. ബോധം നഷ്ടമാവുന്നതുവരെ ആക്രമണം തുടര്‍ന്നു. കണ്ടോത്ത് നടന്ന ആക്രമണം ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പ്രേരണയായി. മാത്രമല്ല കണ്ടോത്ത് ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനാവകാശമുണ്ടെന്ന് ജില്ലാഭരണാധികാരികള്‍ ബോർഡ് വച്ചു. പിന്നീടദ്ദേഹം ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു.

കണ്ണൂര്‍ മുതല്‍ ഗുരുവായൂര്‍വരെ അദ്ദേഹം സന്നദ്ധഭടന്മാരോടൊത്ത് കാല്‍നടയായി യാത്രചെയ്തു; നൂറുകണക്കിന് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു; ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഹരിജനങ്ങള്‍ വന്‍തോതില്‍ ദേശീയപ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ടു. ഗുരുവായൂര്‍സത്യഗ്രഹം അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റി.

(ആറ്)

എപ്പോഴും എവിടെയും ജനങ്ങള്‍ക്കൊപ്പമായിരുന്നു എ കെ ജി. അമരാവതിയിലായാലും കോടതിമുറിയിലായാലും പാര്‍ലമെന്റിലായാലും എ കെ ജി പോരാളിയായിരുന്നു. ഹിപ്പികളോടൊപ്പം നൃത്തം വയ്ക്കാനും ബീറ്റിലുകള്‍ നവസ്വാതന്ത്ര്യഗാതാക്കളാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല. സ്വാതന്ത്ര്യം എന്നാല്‍ സ്വാതന്ത്ര്യത്തില്‍ കുറച്ചൊന്നുമല്ല എ കെ ജി ക്ക്. നാലാള്‍ കൂടിനില്ക്കുന്നിടത്ത് എ കെ ഗോപാലന്‍ ഇറങ്ങിച്ചെല്ലും എന്ന് ബൂര്‍ഷ്വാ പത്രങ്ങള്‍ പറഞ്ഞത് ഒരു ബഹുമതിയായി അദ്ദേഹം സ്വീകരിച്ചു. ചിലപ്പോള്‍ അദ്ദേഹം നിയമങ്ങള്‍ മറന്നു. നിയമമാണോ ജനങ്ങളാണോ എന്ന പ്രശ്നം വരുമ്പോള്‍ ജനകീയാവശ്യത്തിന് നിയമം മാറ്റിയെഴുതേണ്ടതാണെന്ന് അദ്ദേഹം ലോകസഭയില്‍ കൊടുങ്കാറ്റായി പ്രതിധ്വനിച്ചു. അവിടെ അദ്ദേഹം മോണ്ടസ്ക്യൂവിനെയല്ല ഉദ്ധരിച്ചത്. സാധാരണമനുഷ്യരെയാണ്. ജവഹര്‍ലാല്‍ നെഹ്റു അതിന്റെ മാനുഷികമായ ഊഷ്മളതയെ പുകഴ്ത്തി. ഭാഷാപാരാവാരമായ ഹിരണ്‍ മുഖര്‍ജി എങ്ങിനെ മനുഷ്യന്റെ ഭാഷയില്‍ എവിടെയും പ്രസംഗിക്കാമെന്ന് മനസ്സിലാക്കി. എ കെ ജി ഇംഗ്ളീഷ് പണ്ഡിതനായിരുന്നില്ല. ജനജീവിതത്തിന്റെ അറിവുകളാണ് എ കെ ജി യുടെ അറിവ്. ജനങ്ങളാണദ്ദേഹത്തിന്റെ സര്‍വകലാശാല.

അമരാവതിയിലെ കര്‍ഷകര്‍ കമ്യൂണിസ്റുകാരായിരുന്നില്ല. അവര്‍ കിസാന്‍ സഭയില്‍ സംഘടിച്ചിരുന്നില്ല. അവരെ സംഘടിപ്പിച്ചിരുന്നത് വടക്കനച്ചനായിരുന്നു. കമ്യൂണിസ്റ് വിരുദ്ധമുന്നണിയുടെ നേതാവും വക്താവുമായ വടക്കനച്ചന്‍, വിമോചനസമരത്തിന്റെ പുണ്യവാളന്‍. സമരം ദയനീയമായ പതനത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ് ഒരുപ്രവാചകന്റെ പരിവേഷവുമായി എ കെ ജി അവിടെ ചെന്ന് ഉപവാസസമരം ആരംഭിക്കുന്നത്. അമരാവതി ഒരിതിഹാസമാവുന്നത് എ കെ ജി യുടെ ഇടപെടലോടെയാണ്.

(ഏഴ്)

വെല്ലൂര്‍ ജയിലിലെ തടവിനിടെയാണ് ഗാന്ധിയന്‍ സമരമാര്‍ഗങ്ങളില്‍ സഖാവിന് വിശ്വാസം നഷ്ടമാവുന്നത്. വെല്ലൂരിലെ ആദ്യദിവസം തന്നെ അദ്ദേഹം ജയിലിലെ വര്‍ഗീകരണത്തിനെതിരെ പ്രതികരിച്ചു. സുഖഭോഗസമൃദ്ധമായ എ ക്ളാസ്, ദുരിതപൂര്‍ണമായ ബി ക്ളാസ്. അതെന്ത് ന്യായമാണ്? എ കെ ജി പൊട്ടിത്തെറിച്ചു.

അഹിംസാസമരംവഴി യഥാര്‍ഥമോചനം അസാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. രണ്ടരകൊല്ലം ത്യാഗപൂര്‍വം നടത്തിയ സിവില്‍ നിയമലംഘനപ്രസ്ഥാനം എങ്ങിനെ പരാജയപ്പെട്ടു? ധീരമായിരുന്നു ആ സമരം, ബുദ്ധിപൂര്‍വകമായിരുന്നു. എന്നിട്ടും എന്തേ അത് പരാജയപ്പെട്ടു? സമരക്കാര്‍ ജയില്‍ വരിക്കാനും എന്ത് ത്യാഗം സഹിക്കാനും സന്നദ്ധരായിരുന്നു. പക്ഷേ, ധനനഷ്ടം വരുന്ന ഒരു സമരത്തിനും അവര്‍ തയ്യാറായിരുന്നില്ല. സ്വത്ത് കണ്ടുകെട്ടിപ്പോവുക, ദുസ്സഹമായ പിഴശിക്ഷവരിക- ഇവയൊന്നും ധനികരായ സമരക്കാര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. ആത്മകഥയില്‍ എ കെ ജി എഴുതുന്നു.' എന്നാല്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും പണം കൂമ്പാരിക്കാനോ നഷ്ടപ്പെടാനോ വകയില്ലാത്ത സാധാരണ ജനങ്ങളാണ്. അവരാണ് സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികള്‍. അവരുടെ ഏക സമ്പത്ത് സ്വന്തം ശരീരമാണ്. അവര്‍ക്കൊന്നും നഷ്ടമാവാനില്ല. അതിനാല്‍ ഏതുതരത്തിലുള്ള ത്യാഗത്തിനും അവര്‍ തയ്യാറായിരിക്കും. ദൈനംദിന ജീവിത ദുരിതങ്ങളുടെ ഒരു നിസാര ശതമാനംപോലും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ സഹിക്കേണ്ടിവരുന്നില്ല. പിന്നെന്തുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്? '

ഇങ്ങനെയാലോചിക്കുന്നവര്‍ ചേര്‍ന്നാണ് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിരൂപീകരിച്ചത്. ദേശീയപ്രസ്ഥാനത്തില്‍ എന്തുകൊണ്ട് തൊഴിലാളികളും കൃഷിക്കാരും പങ്കെടുക്കുന്നില്ല? ഇതായിരുന്നു എ കെ ജി യുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അലട്ടിയ പ്രശ്നം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. വ്യാവസായികതൊഴിലാളികളേയും കൃഷിക്കാരെയും ഏറെക്കുറെ ഒരു ബാധയേറ്റതുപോലുള്ള ആവേശത്തില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ എ കെ ജി മുഴുകി. ഇതിന് തിരുവിതാംകൂറില്‍നിന്ന് വന്ന കൃഷ്ണപിള്ളയുടെ പിന്തുണലഭിച്ചു. എല്ലാ മേഖലകളിലേയും തൊഴിലാളികളെ എ കെ ജി സംഘടിപ്പിച്ചു. കൃഷിക്കാരുടെ കൂട്ടായ്മകള്‍ ക്രമേണ സംഘടനാരൂപം കൈവരിച്ചു. തൊഴിലാളിസമരങ്ങളുണ്ടാവാന്‍ തുടങ്ങി. സമരരംഗങ്ങളിലേക്ക് എ കെ ജി പറന്നെത്തുമായിരുന്നു. ഒരുസമരം കഴിയുമ്പോള്‍ വേറൊരുസമരം, സമരങ്ങളിലൂടെ എ കെ ജി യുടെ ജീവിതം ഒഴുകി. സമരവളണ്ടിയര്‍മാരുടെ ക്ഷേമമന്വേഷിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും കരിങ്കാലികളെ തടഞ്ഞും എ കെ ജി പോര്‍ക്കളങ്ങളിലെ സജീവ സാന്നിധ്യമായിത്തീര്‍ന്നു.

എന്താണ് തൊഴിലാളിയുടെ സവിശേഷത? തൊഴിലാണ് സമ്പത്ത് നിര്‍ിക്കുന്നത്. സമ്പത്തിന്റെ ഉടമകളും ധനിക കൃഷിക്കാരും ജന്മിമാരുമെല്ലാം ദേശീയസമരത്തിലുണ്ട്. ദേശീയസ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മാത്രമായായാല്‍ ശരിയായ സ്വാതന്ത്ര്യ മുദ്രാവാക്യമാവില്ലെന്ന് എ കെ ജി അറിഞ്ഞു. ആ അറിവില്‍ ഒരു വിപ്ളവകാരി വിളക്കിയെടുക്കപ്പെട്ടു. പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും പിരിച്ചുവിടലിനുംഎതിരെയും കൂലിക്കൂടുതലിനും കൃഷിഭൂമിക്കും വേണ്ടിയും തൊഴിലാളി കര്‍ഷക സമരങ്ങള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ സ്വാതന്ത്ര്യസമരമാവൂ എന്ന് എ കെ ജി ക്ക് മനസ്സിലായി.

അങ്ങനെയാണ് പട്ടണിജാഥയുണ്ടായത്. നാലാമതും എ കെ ജി തടവിലായി. നാലാം ജയില്‍ വാസം തിരുച്ചിറപ്പള്ളിയിലായിരുന്നു. ജയില്‍ ശിക്ഷകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മലയാളികളായ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സിലോണും സിംഗപ്പൂരും മലയയും ബര്‍മയും സന്ദര്‍ശിച്ചു. തിരിച്ചുവരുമ്പോഴേക്ക് വാര്‍ധാകോണ്‍ഗ്രസ് സമ്മേളനം തുടങ്ങാറായിരുന്നു. നൈരാശ്യജനകമായ ആ സമ്മേളനം എ കെ ജി യെ പാടെ മാറ്റി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നോതാക്കള്‍ ഗാന്ധിശിഷ്യരായി തുടര്‍ന്നു. എ കെ ജി യെ പോലുള്ളവര്‍, ഇ എം എസ്സും കൃഷ്ണപിള്ളയുമുള്‍പ്പെടെ കമ്യൂണിസ്റായി. മലബാറില്‍ വാറണ്ടുണ്ടായിരുന്നതിനാല്‍ പ്രവര്‍ത്തനരംഗം അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കുമാറ്റി. ദക്ഷിണ റെയില്‍വേ തൊഴിലാളികള്‍ക്കിടയിലാണ് അന്നത്തെ പ്രവര്‍ത്തനം. അണ്ടര്‍ഗ്രൌണ്ട് പ്രവര്‍ത്തനം തികച്ചും പുത്തനായ അനുഭവങ്ങള്‍ എ കെ ജി ക്ക് സമ്മാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം തടവിലായി. വെല്ലൂര്‍ ജയിലില്‍ നിന്നാണ് ഐതിഹാസികമായ ജയില്‍ ചാടല്‍ നടന്നത്. മലകളും പുഴകളും കടന്ന്, ചതുപരപ്പുകളിലൂടെ നടന്ന്, വെയിലില്‍ വെന്തും മഴയില്‍ മാഴ്കിയും അദ്ദേഹവും സഹപ്രവര്‍ത്തകരും കേരളത്തിലെത്തി. എന്നാല്‍ കേരളത്തിലെ സ്ഥിതി ആപത്കരമായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി ഉത്തരേന്ത്യയിലേക്ക് നിയോഗിച്ചു.

1946ലെ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം മലബാറില്‍ തിരിച്ചെത്തി. കോഴിക്കോട് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന എ കെ ജി ആ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും! 1951 മുതല്‍ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ലോകസഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു.

(എട്ട്)

സ്വാതന്ത്ര്യ ലബ്ധിയുടെ ദിവസം എ കെ ജി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. എ കെ ജി യുടെ ആത്മകഥയുടെ പേര്: In The Cause Of my People. 'ജനങ്ങള്‍ക്ക് വേണ്ടി'. അതില്‍ എഴുതുകയാണ്:

1947 ആഗസ്ത് 14ന് ഞാന്‍ ഭീമാകാരമായ കണ്ണൂര്‍ ജയിലില്‍ ഏകാന്ത തടവിലായിരുന്നു. വേറെ ഡെറ്റിന്യൂ തടവുകാര്‍ ആരുമുണ്ടായിരുന്നില്ല. സൂര്യോദയത്തിനുശേഷം നടക്കാനിരിക്കുന്ന ആഘോഷം കാത്തിരിക്കുകയായിരുന്നു രാജ്യം മുഴുവനും. അവരിലെത്രയോ പേര്‍ വര്‍ഷങ്ങളായി ഇത് കാത്തുകൊണ്ടിരിക്കുകയായിരുന്നു. അതിനായി അവര്‍ പോരാടിയിരുന്നു, അവരുടേതായ എല്ലാം ഇതിനായി പരിത്യജിച്ചിരുന്നു. എനിക്ക് സന്തോഷവും ദു:ഖവുമുണ്ടായി. എന്റെ യുവത്വം മുഴുവന്‍ ഞാന്‍ പരിത്യജിച്ചത് ഏതൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നുവോ, ഇപ്പോഴും ഞാന്‍ തടവില്‍ കഴിയുന്നത് എന്തിനു വേണ്ടിയാണോ, ആ ലക്ഷ്യം സമാഗതമായിരിക്കുന്നു; അതാണ് എന്റെ സന്തോഷം. പക്ഷേ, ഞാനിപ്പോഴും തടവുകാരനാണ്. എന്നെ തടവിലിട്ടിരിക്കുന്നത് ഇന്ത്യക്കാരാണ്, കോണ്‍ഗ്രസ് ഗവണ്‍മെന്റാണ്, ബ്രിട്ടീഷുകാരല്ല. 1927 മുതലുള്ള സംഭവങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഞാന്‍ വഹിച്ച പങ്കില്‍ എനിക്കഭിമാനം തോന്നി. കേരളത്തിലെ കോണ്‍ഗ്രസിന്റെ സെക്രട്ടറിയായിരുന്ന ഒരാള്‍, കുറച്ചുകാലം അതിന്റെ പ്രസിഡന്റായിരുന്ന ഒരുമനുഷ്യന്‍ ദീര്‍ഘകാലത്ത എഐസിസി മെമ്പര്‍ ആഗസ്ത് 15 ആഘോഷിച്ചത് ജയിലില്‍.

പക്ഷേ, അദ്ദേഹം സ്വാതന്ത്ര്യം തടവറയില്‍ ആഘോഷിച്ചു. ജയില്‍ വളപ്പിലുടനീളം നടന്നു. പക്ഷികളോടും മഴത്തുള്ളികളോടും സ്വാതന്ത്ര്യമെന്തെന്നറിയാമോ എന്ന് ചോദിച്ചു. തുമ്പികള്‍ സ്വതന്ത്രരായി പാറി. ശലഭങ്ങള്‍ പൂവുകളില്‍ തേന്‍ നുകരുന്നതും ഇളം കാറ്റ് വീശുന്നതും അദ്ദേഹം കണ്ടില്ല. ത്രിവര്‍ണപതാകയുമായി അദ്ദേഹം ജയിലില്‍ നടന്നു. ജയില്‍ക്കെട്ടിടത്തിനുമുകളില്‍ അദ്ദേഹം കയറി. എല്ലാതടവുകാരും സമ്മേളിച്ചു, സീതാറാം യെച്ചൂരി എഴുതുകയാണ്. ' എ കെ ജി അവരോട് സംസാരിച്ചു, സ്വാതന്ത്ര്യത്തിന്റെ അര്‍ഥത്തെ പറ്റി. ജീവിതത്തിലുടനീളം യൌവനത്തിന്റേതായ ഈ ആവേശം അദ്ദേഹം നിലനിര്‍ത്തി. എപ്പോഴും എവിടെയും ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം പോരാടി.

(ഒമ്പത്)

വിദ്യാര്‍ഥിപ്രവര്‍ത്തകനെന്നനിലയിലാണ് ഞാന്‍ എ കെ ജി യുമായി നേരിട്ട് ബന്ധപ്പെടുന്നത്. സദാ മന്ദഹസിക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. സുന്ദരന്‍. സുശീലയുമൊത്തുള്ള നില്പും നടപ്പും എല്ലാം ഞങ്ങള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു. ഇടയ്ക്കൊരുപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നു എനിക്ക്, നിലമ്പൂരില്‍. എ കെ ജി യും ഇ എം എസ്സുമെല്ലാം പ്രസംഗത്തിനും നേതൃത്വം നല്കുന്നതിനുമായി വന്നു. ചെട്ടിയങ്ങാടിയിലെ സി പി ചന്ദ്രന്റെ വീട്ടില്‍ സുശീലയുമൊത്താണ് എ കെ ജി കഴിഞ്ഞത്. അപ്പോഴേക്കും പലവിധ രോഗങ്ങളുടെ അടിമയായിക്കഴിഞ്ഞിരുന്നു സഖാവ്. സുഖസൌകര്യങ്ങളെല്ലാം ഇന്നത്തേതിനെ അപേക്ഷിച്ച് വളരെ വളരെ കുറവായിരുന്നുവെങ്കിലും അതുപോലും അതിസൌകര്യമാണെന്ന് എ കെ ജി കരുതി.

പിന്നീട് സര്‍ക്കാറില്‍ ഒരു ജോലി തരപ്പെട്ടപ്പോള്‍ ഒരു റെനിഗേഡാവാന്‍ മടിയൊന്നുമുണ്ടാവാത്ത ഞാന്‍ ചിറ്റൂരിലാണ് എ കെ ജി യെ അവസാനമായി കാണുന്നത്. മൌനത്തില്‍ പൊതിഞ്ഞ നിസ്സഹായതയില്‍ ഞാന്‍ ആ മഹാസന്നിധിയില്‍ നില്ക്കുമ്പോള്‍ അദ്ദേഹം പറയുകയായിരുന്നു: വിപ്ളവത്തിനു കേഡര്‍മാര്‍വേണം, ഉള്ളവര്‍ ജോലിനേടി സുഖജീവിതത്തിലേക്ക് പോവുമ്പോള്‍ എന്താ പറയുക? ഒന്നും പറയാനാവാതെ ഞാന്‍ അന്നും ഇന്നും നില്ക്കുകയാണ്.


*****


അശോകൻ, കടപ്പാട് : ദേശാഭിമാനി വാരിക

കണ്ണൂരിലേത് കാലേറ്റമോ?

പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

ഷാജഹാനെ മറ്റൊരെങ്കിലും തല്ലിയോ ഇല്ലയോ എന്ന കാര്യമാണ് പിന്നത്തേത്. ചിലപ്പോള്‍ തല്ലും ഒരു ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്.

ജയരാജന്‍ ഫോണില്‍ വിളിച്ചത് റെക്കോഡ് ചെയ്ത് ഷാജഹാന്‍ കേള്‍പ്പിച്ചത് നന്നായി. കോണ്‍ഗ്രസില്‍നിന്ന് പണം വാങ്ങിയല്ലേ ഇതുപോലെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ്ചോദ്യം. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്ത് സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയോടെ ജയരാജന്‍ പറയുന്നത് ഷാജഹാന്റെ രാഷ്ട്രീയക്കളിയെക്കുറിച്ചാണ്. അതിന് മറുപടിപറയാതെ, പണംവാങിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ, നിങ്ങള്‍ എന്നെ തല്ലിയില്ലേ എന്ന് ലേഖകന്റെ മറുചോദ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്ര്യമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ഷാജഹാനെ 'കയ്യേറ്റം'ചെയ്തു എന്ന വാര്‍ത്ത വന്നയുടനെ രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിയാണ്. 'അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്നാണദ്ദേഹം പറഞ്ഞത്. അഭിപ്രായ സ്വാതന്ത്രന്ത്ര്യം സംരക്ഷിക്കാന്‍ ഇതേ കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.

പൊതുജനങ്ങളെ വിളിച്ചുകൂട്ടി പരസ്പരം തല്ലിക്കുന്ന പരിപാടിയാണ് പേര്‍ക്കളം പോലുള്ളത്. ആരോഗ്യപരവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രശ്നങ്ങളല്ല അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്്. പോര്‍വിളികളും അധിഷേപവുമാണ് നടക്കുന്നത്. ട്രെയിന്‍ ചെയ്ത ആളുകളെ തയാറാക്കിനിര്‍ത്തി നാടകമാടിക്കുന്ന ഏര്‍പ്പാടുമാണത്. ഷാജഹാനെപ്പോലെ പക്വതയും വിവേകവുമില്ലാത്ത മുരത്ത രാഷ്ട്രീയവും അതിന്റെ ഭാഗമായ വിരോധവും ചിലരോടുള്ള വിധേയത്വവും തലയില്‍കയറിയവര്‍ (അവരുടെ നിലപാടുകള്‍ പരസ്യവുമാണ്) ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരാവുകയും അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവില്ല എന്നുറപ്പിക്കാനാവില്ല. അങ്ങനെ പ്രകോപിതരായവരെ സമാശ്വസിപ്പിക്കുയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പി ജയരാജനെ ഒരു തല്ലുകാരനാക്കാനാണ് ഷാജഹാന്‍ ശ്രമിച്ചുകാണുന്നത്.

ഏതായാലും കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം. ഇത്രയും സമര്‍ത്ഥനായ ഷാജഹാന് ചവിട്ടി എന്നോ കാലേറ്റം ചെയ്തു എന്നോ പറയാമായിരുന്നു.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.


*****


പി.എം. മനോജ്

Monday, March 28, 2011

വൈലോപ്പിള്ളിയും ചങ്ങമ്പുഴയും ചൊല്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍

കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും പ്രാചീന കാലത്തോളം പഴക്കമുണ്ട്. കൃഷിപ്പാട്ടുകളിലധികവും ദൃശ്യാവിഷ്‌ക്കാരത്തിന് അനുയോജ്യമാണ്. വയലിനും വരമ്പിനും അപ്പുറത്തുള്ള വീട്ടുമുറ്റത്തും വെളിമ്പ്രദേശത്തും ഇവ അരങ്ങേറിയിരുന്നു. നിങ്ങളുടെ നാട്ടിലെല്ലാം എന്തു പണിയാടോ എന്ന പാട്ട് അഭിനയ സാധ്യതയുള്ളതും രസാവഹവുമാണ്. ചക്കീയെന്നൊരു ചെമ്പരുന്ത് എന്നപാട്ടും ശരീരഭാഷ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാക്കുന്നതാണ്.

അസംബന്ധ കവിതയ്ക്ക് ഉദാഹരണമായി പറയാവുന്ന വെള്ളാരം നാട്ടില്‍ വെളുത്തേടത്തുവീട്ടില്‍ എന്ന പാട്ടും അഭിനയത്തിന് ഇടം നല്‍കുന്നതാണ്. ഇങ്ങനെ നിരവധി പാട്ടുകളാല്‍ സമൃദ്ധമാണ് നമ്മുടെ അമ്മ മലയാളം.

മലയാള കവിതയ്ക്ക് ജനശ്രദ്ധക്കുറവു സംഭവിച്ച എഴുപതുകളുടെ ആദ്യപാദത്തില്‍ കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും ഒഴിവാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായി. ഡോ. അയ്യപ്പപ്പണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരുടെ ശ്രദ്ധയിലാണ് കവിയരങ്ങ് എന്ന ആശയം പുഷ്പിച്ചുവന്നത്. ഡോ. അയ്യപ്പപ്പണിക്കരും അടൂര്‍ ഗോപാലകൃഷ്ണനും അടങ്ങുന്ന കൂട്ടായ്മയില്‍ നിന്ന് ചൊല്‍ക്കാഴ്ച എന്ന ആശയവും വികസിച്ചുവന്നു.

വര്‍ണ വിളക്കുകളുടെ സാന്നിധ്യത്തില്‍ കണ്ണും ചെവിയും മനസ്സും തുറന്നിരിക്കുന്ന ജനങ്ങളുടെ മുന്നില്‍ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ജി അരവിന്ദന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയാണ് ആദ്യം ശ്രദ്ധേയമായത്. തൊപ്പിയണിഞ്ഞ കുഞ്ഞുണ്ണി മാസ്റ്ററെയാണ് അരവിന്ദന്‍ വേദിയിലിരുത്തി കവിതചൊല്ലിച്ചത്.

നെടുമുടിവേണു, ഭരത്‌ഗോപി, ഭരത് മുരളി തുടങ്ങിയവര്‍ സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും കടമ്മനിട്ട രാമകൃഷ്ണന്റേയും കവിതകള്‍ അസാധാരണ ഭാവതീവ്രതയോടെ രംഗത്ത് അവതരിപ്പിച്ചു. കൂട്ടപ്പന്റേയും ചിറ്റപ്പന്റേയും സംഭാഷണരീതിയില്‍ ജി കുമാരപിള്ള രചിച്ച കവിതയും അക്കാലത്തെ അരങ്ങിലെ ചൊല്‍ക്കാഴ്ചയില്‍ പൊലിമ നേടി. എം കെ ഗോപാലകൃഷ്ണന്‍, എം ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നടന ചാതുരി ചൊല്‍ക്കാഴ്ചയെ ഉന്നതങ്ങളിലെത്തിച്ചു.

വിളക്കെല്ലാം കെടുത്തിയ വേദികയില്‍ എരിയുന്ന പന്തവുമായി ഉടുപ്പിടാതെ കടന്നുവന്ന് കിരാതവൃത്തം ചൊല്ലിയ കടമ്മനിട്ട രാമകൃഷ്ണന്‍ മലയാള കവിതയിലെ പൈങ്കിളി നിദ്രയ്ക്ക് തീകൊടുക്കുക തന്നെ ചെയ്തു.

പാലക്കാടു വിക്‌ടോറിയ കോളജും കായംകുളം എം എസ് എം കോളജും അടക്കം കേരളത്തിലെ പലകലാലയ വേദികളിലും പ്രഫ അലിയാരിന്റെയും മറ്റും നേതൃത്വത്തില്‍ ചൊല്‍ക്കാഴ്ച അരങ്ങേറി. കൊല്ലം ഫാത്തിമ കോളജിന്റെ അരങ്ങില്‍ തലേക്കെട്ടുമായി കടന്നുവന്ന് മുതുവേലിപ്പാച്ചന്റെ മകന്‍ പെറ്റ റോസിലിക്ക് മുതുവാന്‍കുളങ്ങര നിന്നൊരു മണവാളന്‍ വന്നേ എന്നുനീട്ടി ചൊല്ലിയ ഡോ. അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചയ്ക്ക് പുതിയ ഉണര്‍വു നല്‍കി. ഡി വിനയചന്ദ്രന്റെ കോലങ്ങളും ചൊല്‍ക്കാഴ്ച വേദികളില്‍ നല്ല അനുഭവമായി. ഇടക്കാലത്തുണ്ടായ കാവ്യഅവതരണ തളര്‍ച്ചയെ കോഴിക്കോട്ട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ കീഴാളന്‍, ചാര്‍വ്വാകന്‍ എന്നീ കവിതകളുടെ ചൊല്‍ക്കാഴ്ചയിലൂടെ അതിലംഘിച്ചിരുന്നു.

ചൊല്‍ക്കാഴ്ചയെന്നാല്‍ കവിതയുടെ നൃത്താവിഷ്‌ക്കാരമോ നാടകാവിഷ്‌ക്കാരമോ അല്ല. അത് പല ഘടകങ്ങള്‍ ചേര്‍ന്ന ഒരു സൗന്ദര്യ സങ്കേതമാണ്. കൊല്‍ക്കത്ത മലയാളികളവതരിപ്പിച്ച പൂതപ്പാട്ട് ഈ അര്‍ഥത്തില്‍ മികച്ച അനുഭവമായിരുന്നു.

വൈലോപ്പിള്ളിയുടേയും ചങ്ങമ്പുഴയുടേയും നൂറാം പിറന്നാളാഘോഷിക്കുന്ന ഇക്കാലത്ത് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ചൊല്‍ക്കാഴ്ച മത്സരം സംഘടിപ്പിക്കുകയുണ്ടായി. കോളജു തലത്തിലായിരുന്നു മത്സരം. പങ്കെടുത്ത എല്ലാ സംഘങ്ങള്‍ക്കും അവതരണച്ചെലവിനായി രണ്ടായിരം രൂപവീതം സംഘാടകര്‍ നല്‍കി. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തിയ സംഘങ്ങള്‍ക്ക് പതിനയ്യായിരം, പതിനായിരം, ഏഴായിരം എന്നീ രൂപാ ക്രമത്തിലായിരുന്നു സമ്മാനം. മഹാകവി വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തും പന്തങ്ങളും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിലേയ്ക്ക് ചുവടുവയ്ക്കുന്ന ഒരു ജനതയെ ചൊല്‍ക്കാഴ്ചയുടെ സൗന്ദര്യ പഥങ്ങളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ആ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് കഴിഞ്ഞു. മഹാകവി ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയും ആ പൂമാലയും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘം രണ്ടാം സ്ഥാനത്തും ചങ്ങമ്പുഴയുടെ തന്നെ പച്ച എന്ന കവിതയെ പച്ചകെടാതെ അവതരിപ്പിച്ച സംഘം മൂന്നാം സ്ഥാനത്തുമെത്തി. വൈലോപ്പിള്ളിയുടെ മാമ്പഴം, പടയാളികള്‍ എന്നീ കവിതകളും രംഗത്ത് അവതരിപ്പിക്കപ്പെട്ടു.

കവിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇനിയും അവലംബിക്കാവുന്ന ഒരു മാര്‍ഗമാണ് ചൊല്‍ക്കാഴ്ചയെന്ന് ഈ മത്സരവേദി തെളിയിച്ചു.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം

സ്ത്രീകളുടെ കരുത്തില്‍ 'സഹ്യ' കുതിക്കുന്നു

'സഹ്യ'യിലാകെ തിരക്കാണ്. കുറച്ചുപേര്‍ വറുക്കലും പൊരിക്കലുമായി ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്നു. വേറൊരുകൂട്ടര്‍ അത് പായ്ക്കുചെയ്യുന്നു. മറ്റൊരു കൂട്ടര്‍ പേപ്പര്‍ബാഗ്, കൂടകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ്. തയ്യല്‍ പരിശീലനകേന്ദ്രവും തയ്യല്‍ യൂണിറ്റും എല്ലാം സജീവമാണ്.

18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ സഹ്യയുടെ സഹയാത്രികരാണ്. ആയൂരിലെ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ഒരു കുടക്കീഴില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കൂടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് ഏവര്‍ക്കും മാതൃകയാവുകയാണ് ഈ വനിതകള്‍. കൂട്ടായ്മയുടെ കരുത്തിലൂടെ വിജയം കൊയ്ത് നാടിനാകെ ഇവര്‍ മാതൃക കാട്ടുകയാണ്. 'സഹ്യ' ഇവരുടെ ഉപജീവനത്തിനുള്ള വേദി മാത്രമല്ല പരസ്പരം സുഖവും ദുഃഖവും സൗഹൃദവും പങ്കുവയ്ക്കാനുള്ള അവസരം കൂടിയാണ്. ആയൂര്‍ പഞ്ചായത്തില്‍ സഹ്യയുടെ ആറ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ നൂറോളം പ്രവര്‍ത്തകരാണുള്ളത്. അടൂര്‍ ടൗണ്‍, വാളകം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം രണ്ടായിരം രൂപയും അതിന് മുകളിലും തുക ഓരോ സ്ത്രീകളുടെയും കൈകളിലെത്താറുണ്ട്.

2010 ജനുവരിയില്‍ നെടുമ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ച അപ്പാരല്‍ പാര്‍ക്കും കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയാണ്. ടീഷര്‍ട്ട്, നൈറ്റി, നൈറ്റ് ഡ്രസ്, സ്‌കൂള്‍ യൂണിഫോം, പാന്റ്‌സ് തുടങ്ങിയവ ഓര്‍ഡര്‍ അനുസരിച്ച് തയ്‌ച്ചെടുക്കുകയാണ് ഇവിടത്തെ സ്ത്രീതൊഴിലാളികള്‍. കുടുംബശ്രീകളില്‍ നിന്നുള്ള 50 സ്ത്രീകള്‍ക്ക് നിത്യതൊഴിലും 150 ഓളം പേര്‍ക്ക് അനുബന്ധ തൊഴിലും ഇത് നല്‍കുന്നു. 'സമഗ്ര' എന്ന കൂട്ടായ്മയുടെ പേരിലാണ് യൂണിറ്റ് അറിയപ്പെടുന്നത്. 71.44 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തില്‍ 32 മെഷീനുകളാണ് ആകെ ഉള്ളത്.

കിന്‍ഫ്ര, റീച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂര്‍ എന്നീ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസൈനിംഗിലും ഗ്രേഡിംഗിലും രണ്ടുമാസത്തെ പരിശീലനം നല്‍കി. ഉല്‍പ്പാദനത്തില്‍ നിന്ന് ഒരു മാസം രണ്ട് ലക്ഷം രൂപയിലധികം വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനെ നയിക്കുന്നത്. വനിതകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും മറ്റുമായി പ്രത്യേക മാനേജ്‌മെന്റ് കമ്മിറ്റിയും ഉണ്ട്. വളരെ വലിയ വ്യാപാര ശൃംഖലയാണ് ഇപ്പോള്‍ സമഗ്രയെ തേടിയെത്തുന്നത്. ഇച്ഛാശക്തിയുള്ള മനസ്സും സഹായസന്നദ്ധതയുമായി സര്‍ക്കാരും ഉണ്ടെങ്കില്‍ എല്ലാം നേടിയെടുക്കാമെന്നാണ് ഈ സ്ത്രീകളുടെ പക്ഷം.

ശുദ്ധമായ പശുവിന്‍ പാല്‍ കുപ്പിയിലാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വീടുകളിലെത്തിക്കുന്ന പദ്ധതിയ്ക്കും ജില്ലയില്‍ തുടക്കമായിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തില്‍ വിജയം കണ്ട നേച്ചര്‍ ഫ്രഷ് പാലുല്‍പ്പാദന പദ്ധതിയുടെ ചുവടുപിടിച്ചാണ് ശാസ്താംകോട്ടയിലും ഇത് തുടങ്ങിയിരിക്കുന്നത്. ശാസ്ത്രീയമായി കറന്നെടുക്കുന്ന പശുവിന്‍ പാല്‍ ചില്ലുകുപ്പികളില്‍ ശേഖരിച്ച് സീല്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വീടുകളിലെത്തിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
ഇതിനായി ശാസ്ത്രീയമായി തൊഴുത്ത് നിര്‍മിച്ച് കറവപ്പശുക്കളെ നല്‍കി. ഈ കുടുംബങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാലാണ് കുപ്പികളിലാക്കി വാഹനങ്ങളില്‍ വീടുകളിലെത്തി മാര്‍ക്കറ്റ് ചെയ്യുന്നത്. പാല്‍ വിതരണത്തിന് ഇരു ചക്രവാഹനങ്ങളും വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. കുടുംബശ്രീയും പഞ്ചായത്തും കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പാക്കിയത്.
കൂടാതെ പോഷകാഹാര ഉല്‍പ്പന്നങ്ങളുടെ കുടുംബശ്രീ കൂട്ടായ്മയായ ന്യൂട്രിമിക്‌സ് യൂണിറ്റുകളും വിജയപാതയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ അംഗന്‍വാടികള്‍ വഴിയാണ് ഇവര്‍ വിറ്റഴിക്കുന്നത്.

കരകൗശല ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളും സ്ത്രീകളുടെ കരവിരുതില്‍ വിരിയുന്നുണ്ട്. വൈക്കോലില്‍ തീര്‍ക്കുന്ന കലാരൂപങ്ങളും, തഴയില്‍ തീര്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ഏത് വിദേശവിപണിയും കീഴടക്കുന്നതാണ്. കടലാസ്, കയര്‍, മുള, ചകിരിനാര്, ഉണങ്ങിയപുല്ല്, പൂക്കള്‍, വിത്തുകള്‍, ചൂരല്‍ തുടങ്ങിയ എന്തും സ്ത്രീകളുടെ കലാചാതുരിക്ക് മിഴിവേകുന്നുണ്ട്.

പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങള്‍ പാഴായി പോകാതെ പലതരം സ്വാദൂറും വിഭവങ്ങളാക്കി വിണിയിലെത്തിക്കാനും കുടംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്നും ഈ കൂട്ടായ്മകള്‍ സമൂഹത്തിന് കാട്ടിത്തരുന്നുണ്ട്. കുടുംബശ്രീ മാസചന്തകള്‍, ആഴ്ച്ച ചന്തകള്‍, മറ്റ് പ്രാദേശിക വിപണികള്‍ എന്നിവയിലൂടെയാണ് ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

800 കുടുംബശ്രീ വനിതകള്‍ ഉള്‍ക്കൊള്ളുന്ന 70 കുടുംബശ്രീ ഐ ടി ഗ്രൂപ്പുകളുടെ കൂട്ടായ്മ, മാനേജ്‌മെന്റ് മുതല്‍ വിപണനം വരെയുള്ള ഘടകങ്ങള്‍ക്ക് സ്വയം നിയന്ത്രിത പ്രൊഫഷണല്‍ സംവിധാനം, സ്ത്രീ പദവി സ്വയം പഠന പരിപാടിക്കും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിനുമായി ശ്രീശക്തി വെബ്‌പോര്‍ട്ടല്‍, ഒന്‍പത് കുടുംബശ്രീ ഗാര്‍മെന്റ് മേക്കിംഗ് കോമണ്‍ഫസിലിറ്റി സെന്ററുകളുടെ കൂട്ടായ്മ, കുടുംബശ്രീ തുണി ഉല്‍പ്പന്നങ്ങള്‍ 'കാദംബരി' എന്ന പൊതു ബ്രാന്റില്‍, ആധുനികവും നവീനവുമായ ഉല്‍പ്പാദന- വിതരണശ്യംഖലകളും ലൈന്‍ അസംബ്ലിയൂണിറ്റുകളും, സാമൂഹ്യസംഘടനാ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള 13 കുടുംബശ്രീ പരിശീലന ഗ്രൂപ്പുകള്‍ക്ക് അക്രഡിറ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങളും കൂടി നിലവില്‍ വരുന്നതോടെ കുടുംബശ്രീ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കത്തക്ക സ്ഥിതിയിലേക്ക് വളരും.

ചെറിയ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീകള്‍ക്ക് നേടാനായത് വലിയ നേട്ടങ്ങളാണ്. ഗ്രാമങ്ങള്‍ തോറും സമൃദ്ധിയുടെ പച്ചപ്പാണ് കുടുംബശ്രീകള്‍ നേടിത്തന്നത്.

*
കടപ്പാട്: ജനയുഗം ദിനപത്രം 27 മാര്‍ച്ച് 2011

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം യുഎസ് കമ്പനികള്‍ക്കുവേണ്ടി

പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണം ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനം എഐജി അടക്കമുള്ള പാശ്ചാത്യ കമ്പനികളെ സഹായിക്കാന്‍. ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍പണം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കാനാണ് ബില്ലില്‍ ശുപാര്‍ശചെയ്യുന്നത്. ഇന്ത്യ സന്ദര്‍ശിച്ചുവരുന്ന അമേരിക്കന്‍ വ്യവസായി വാറന്‍ബഫറ്റും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ഇന്‍ഷുറന്‍സ് രംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളസാമ്പത്തികപ്രതിസന്ധി ഉലച്ച എഐജി നിലനില്‍പ്പിനായി അമേരിക്കന്‍ കേന്ദ്രബാങ്കില്‍ നിന്ന് കടമെടുത്തത് 4000 കോടി ഡോളറാണ്. അവര്‍ക്ക് ഇന്ത്യയില്‍ ടാറ്റയുമായി ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് സംരംഭമുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിന്റെ പ്രത്യേകത ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും 10 ശതമാനം സര്‍വീസില്‍ കയറുന്നതുമുതല്‍ പെന്‍ഷന്‍ഫണ്ടിലേക്ക് പോകുമെന്നതാണ്. തുല്യമായ തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നല്‍കും. 2004ന് ശേഷം സര്‍വീസില്‍ കയറിയ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പണം ഇപ്പോള്‍ത്തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുന്നുണ്ട്. വര്‍ഷം 8000 കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടും. ഈ തുകയത്രയും സ്വകാര്യ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ പണം എസ്ബിഐയിലും എല്‍ഐസിയിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ബില്‍ പാസാകുന്നതോടെ ഈ തുക സ്വകാര്യ പെന്‍ഷന്‍ഫണ്ടുകളിലേക്ക് പോകും. ജീവനക്കാര്‍ പിരിയുമ്പോള്‍ അവരുടെ നിക്ഷേപത്തിന്റെ 60 ശതമാനം തിരിച്ചുനല്‍കുമെങ്കിലും ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനിയിലാണ് നിക്ഷേപിക്കുക. ഈ ഇന്‍ഷുറന്‍സ് കമ്പനികളാണ് പെന്‍ഷന്‍ നല്‍കുക.

എന്നാല്‍, 2008ല്‍ ഉണ്ടായതുപോലെയുള്ള സാമ്പത്തികപ്രതിസന്ധി വന്നാല്‍ ഇത്തരം ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും പാപ്പരാകാന്‍ ഇടയുണ്ട്. അതോടെ പെന്‍ഷന്‍ വിതരണം അവതാളത്തിലാകും. രണ്ടാമതായി, പെന്‍ഷന്‍കാര്‍ക്ക് വിലക്കയറ്റത്തിനും മറ്റും ആനുപാതികമായി ഡിഎ ലഭിക്കുന്ന നിലവിലെ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാകും. 2004ന് ശേഷം ചേരുന്ന കേന്ദ്രജീവനക്കാരെ നിര്‍ബന്ധപൂര്‍വം ഈ പുതിയ പെന്‍ഷന്‍പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍, എല്ലാ സംസ്ഥാന സര്‍ക്കാരുകളും പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല. 16 സംസ്ഥാനങ്ങള്‍ മാത്രമാണ് അംഗീകരിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഈ പെന്‍ഷന്‍ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ചാലേ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. അമേരിക്കയും കോണ്‍ഗ്രസും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ എല്ലാ അടവും പയറ്റുന്നതും ഇതുകൊണ്ട് തന്നെ.

ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈ ബില്‍ തിരക്കിട്ട് ലോക്സഭയില്‍ അവതരിപ്പിച്ചത്. തീവ്ര ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രണബ് മുഖര്‍ജി കൂടെ നില്‍ക്കുമോ എന്ന് അമേരിക്ക പ്രകടിപ്പിച്ച സംശയം പുറത്തുവന്ന സാഹചര്യത്തില്‍ (വിക്കിലീക്സ് വെളിപ്പെടുത്തല്‍) തന്റെ കൂറ് തെളിയിക്കാനും മുഖര്‍ജി ഈ അവസരം ഉപയോഗിക്കുകയാണ്.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി 28 മാര്‍ച്ച് 2011

Sunday, March 27, 2011

ഭരണതുടര്‍ച്ച ഉറപ്പായി: വിഎസ് അച്യുതാനന്ദന്‍

സംസ്ഥാനത്തെങ്ങും ശക്തമായ ഭരണാനുകൂലവികാരമാണ് കാണുന്നതെന്നും ഇത് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഭരണവിരുദ്ധവികാരം പ്രകടമാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് ഭരിക്കുന്ന മുന്നണിയുടെ വിജയസാധ്യത ഇല്ലാതാക്കിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, ഇത്തവണ ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നുമാത്രമല്ല, ഭരണത്തിന് അനുകൂലമായ വികാരമാണ് ദൃശ്യമാകുന്നത്. ചരിത്രം തിരുത്തിയെഴുതി എല്‍ഡിഎഫിനെ വീണ്ടും തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങളും നാടെങ്ങും കാണാം. പകുതിയിലേറെ ജില്ലകളില്‍ തെരഞ്ഞെടുപ്പുപര്യടനം പൂര്‍ത്തിയാക്കിയ തനിക്ക് പ്രചാരണരംഗത്ത് കാണാന്‍ കഴിഞ്ഞത് ഇത്തരമൊരു ആവേശതരംഗമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

ഭരണാനുകൂലവികാരത്തിന് ആധാരമായി എന്തൊക്കെയാണ് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന- ക്ഷേമപ്രവര്‍ത്തനങ്ങളും ഇതിന് വെളിച്ചമായി നിലകൊള്ളുന്ന ജനപക്ഷനിലപാടുമാണ് ഏറ്റവും പ്രധാനം. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ളം, ഐടി, ടൂറിസം തുടങ്ങിയ എല്ലാ മേഖലയിലും അഭൂതപൂര്‍വമായ വികസനമുന്നേറ്റമാണ് അഞ്ചുവര്‍ഷത്തിനിടയില്‍ ഉണ്ടായത്. ഇത് ജനജീവിതത്തിലും പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് ദേശീയതലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പന്ത്രണ്ടോളം അവാര്‍ഡ്.

പിറന്നുവീഴുന്ന ഓരോ കുട്ടിക്കും 10,000 രൂപയുടെ സ്ഥിരനിക്ഷേപം, ക്ഷേമപെന്‍ഷനുകള്‍ നാലിരട്ടികണ്ട് വര്‍ധിപ്പിച്ചത്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ജനജീവിതം അടിമുടി പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതികളാണ്. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ആളുകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി പുതിയൊരു കേരളാമോഡല്‍തന്നെ സൃഷ്ടിക്കാന്‍ പോന്നതാണ്. ഇത്രയേറെ ജനോപകാരപ്രദമായ പദ്ധതിയെ പക്ഷേ, ദുഷ്ടലാക്കോടെ കണ്ട് പാവപ്പെട്ടവരുടെ റേഷനരിയില്‍ മണ്ണുവാരിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

എന്നാല്‍, ഇതൊക്കെ പോകുന്ന പോക്കില്‍ നടത്തുന്ന കാപട്യങ്ങളാണെന്നാണല്ലോ പ്രതിപക്ഷം ആക്ഷേപിക്കുന്നത്.

അങ്ങനെ ആക്ഷേപമുള്ള പ്രതിപക്ഷം എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു ചാന്‍സുകൂടി നല്‍കി ഇത് കാപട്യമാണോ എന്ന് തെളിയിക്കാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്.

എല്‍ഡിഎഫ് രണ്ടു രൂപയ്ക്ക് അരി നല്‍കുമ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നാണല്ലോ യുഡിഎഫ് പ്രകടനപത്രിക പറയുന്നത്. ഇത് എല്‍ഡിഎഫിന് തിരിച്ചടിയാകില്ലേ.

അങ്ങനെയൊരു പ്രശ്നമേ ഉദിക്കുന്നില്ല. കാരണം യുഡിഎഫിന്റേത് വഞ്ചനയും കാപട്യവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു രൂപയ്ക്ക് അരി എന്ന പ്രഖ്യാപനം ഇതേവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ജാള്യം മറച്ചുവച്ച് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നു പറയുന്ന യുഡിഎഫിന്റെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി പദ്ധതി പ്രഖ്യാപിച്ചത് അതിനാവശ്യമായ പണം നീക്കിവച്ചിട്ടാണ്. ഇതിനൊക്കെ സഹായമായവിധം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും ട്രഷറി പൂട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വര്‍ത്തമാനകാല രാഷ്ട്രീയപ്രശ്നങ്ങള്‍ ഏതുതരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്.

രാഷ്ട്രീയ സംഭവവികാസങ്ങളാകെ എല്‍ഡിഎഫിന് അനുകൂലമാണെന്നതാണ് മറ്റൊരു സവിശേഷത. രാജ്യം ഇതേവരെ കണ്ടിട്ടില്ലാത്ത കൊടിയ അഴിമതിയുടെ കേന്ദ്രമായി യുപിഎ സര്‍ക്കാര്‍ മാറി. 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതി, രണ്ടുലക്ഷം കോടിയുടെ എസ് ബാന്‍ഡ് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി എന്നിങ്ങനെ അഴിമതിയുടെ പട്ടിക നീളുകയാണ്. രൂക്ഷമായ വിലക്കയറ്റം, അടിക്കടിയുള്ള ഇന്ധനവില വര്‍ധന, ഇപ്പോള്‍ പാചകവാതകവില ഇരട്ടിയാക്കാനുള്ള നീക്കം തുടങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും യുഡിഎഫിനെതിരായ ജനവികാരമാണ് ഉയര്‍ത്തുന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥിതിയെപ്പറ്റി എന്താണ് പറയാനുള്ളത്.

ഇവിടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥിതി അതി ദയനീയമല്ലേ. യുഡിഎഫിന്റെ ഒരു നേതാവ് അഴിമതി നടത്തിയതിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അവശേഷിച്ച നേതാക്കള്‍ പലരും അഴിമതിക്കേസുകളില്‍പ്പെട്ട് എപ്പോഴാണ് ജയിലിലേക്ക് പോകേണ്ടിവരിക എന്ന ഭീതിയില്‍ കഴിയുകയാണ്. ഇതിനുപുറമെയാണ് മുന്നണിയിലെ വിവിധ ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലും സീറ്റിനെച്ചൊല്ലിയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും ഇപ്പോഴും വിട്ടുമാറാത്ത കലഹങ്ങള്‍. മാണിയും ഗൌരിയമ്മയും എം വി രാഘവനും വീരേന്ദ്രകുമാറുമൊക്കെ നാണക്കേടും അവഹേളനവും സഹിച്ച് കഴിയുകയാണ്.

എന്നിട്ടും സര്‍ക്കാരിനെതിരെയും എല്‍ഡിഎഫിനെതിരെയും യുഡിഎഫ് നിരവധി ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ.

എല്ലാതരത്തിലും തകര്‍ന്ന് ദയനീയ നിലയിലായ യുഡിഎഫ് വല്ലാത്ത അങ്കലാപ്പിലാണ്. ജനങ്ങളെ നേരിടാന്‍തന്നെ അവര്‍ വിഷമിക്കുകയാണ്. ഇതിന്റെ ഫലമായുള്ള അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ അവര്‍ക്കെതിരെതന്നെ ഇപ്പോള്‍ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷനേതാക്കളോട് വി എസ് വ്യക്തിപരമായ പ്രതികാരം ചെയ്യുകയാണെന്നാണല്ലോ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നത്.

അതൊക്കെ ശുദ്ധ അസംബന്ധമാണ്. അഴിമതിക്കെതിരായ പോരാട്ടംമാത്രമാണ് ഞാന്‍ നടത്തുന്നത്.


*****


അഭിമുഖം നടത്തിയത് : കെ വി സുധാകരൻ

സിന്ധുജോയിയും സ്‌ത്രീകളെ പരിഗണിക്കുന്ന കോൺ‌ഗ്രസും

സ്ത്രീകളെ 'അവഗണിക്കുന്ന' പാര്‍ടിയെ വിട്ട് സ്ത്രീകളെ 'പരിഗണിക്കുന്ന' പാര്‍ടിയില്‍ ചെന്നുനിന്ന് സിന്ധുജോയി പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകളെ 'പരിഗണിച്ച' വിധങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കോണ്‍ഗ്രസ് നല്‍കിയ ആ 'പരിഗണന'യുടെ ഇരകളാണ് പാലക്കാട്ടെ സിറാജുന്നീസ എന്ന ബാലികമുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നയ്ന സാഹ്‌നി വരെയുള്ളവര്‍. സിറാജുന്നീസയെ കോണ്‍ഗ്രസ് ഭരണം വെടിവച്ചുകൊല്ലുകയായിരുന്നുവെങ്കില്‍ നയ്ന സാഹ്നിയെ കോണ്‍ഗ്രസ് നേതാവ് വെട്ടിയരിഞ്ഞ് തണ്ടൂരി അടുപ്പിലിട്ടുചുടുകയായിരുന്നു.

സിറാജുന്നീസ രാഷ്ട്രീയം എന്തെന്ന് അറിയാത്ത നിഷ്കളങ്ക ബാലിക. നയ്ന സാഹ്നി അതായിരുന്നില്ല. എംഎല്‍എയോ മന്ത്രിയോ ആകാമെന്ന് മോഹിച്ച് കോണ്‍ഗ്രസിലെത്തിയവര്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് അവര്‍ ഉയര്‍ന്നു. അപ്പോഴാണ് ആത്യന്തികമായ ആ പരിഗണന വന്നത്. അരിഞ്ഞുകഷണങ്ങളാക്കി തീയിലിട്ട് ചുട്ടു!

1984ലെ ഡല്‍ഹി കലാപഘട്ടത്തിലാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കുന്ന 'പരിഗണന'യുടെ മറ്റൊരു മുഖം കണ്ടത്. ആയിരക്കണക്കിന് സ്ത്രീകളെ വിധവകളാക്കിയെന്നത് പോകട്ടെ, നൂറുകണക്കിന് സ്ത്രീകളെ പെട്രോളൊഴിച്ച് പച്ചജീവനോടെ തീയിട്ടുകൊന്നു! ആ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തോന്നിയപ്പോള്‍, ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണം സിബിഐയെക്കൊണ്ട് കോടതിയില്‍ പറയിച്ചു: 'ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം'.

ആദിവാസിയായ സി കെ ജാനുവാണ് കോണ്‍ഗ്രസ് ഭരണത്തില്‍ കാര്യമായ പരിഗണന കിട്ടിയ മറ്റൊരു വനിതാനേതാവ്. മുത്തങ്ങ വെടിവയ്പുഘട്ടത്തില്‍ അതിനിഷ്‌ഠൂരമായാണ് കോണ്‍ഗ്രസ് ഭരണത്തിന്റെ പൊലീസ് അവരെ അടിച്ചുതകര്‍ത്തത്. അവരുടെ ചതഞ്ഞുവീര്‍ത്ത് നീരുകെട്ടിയ മുഖം അവര്‍ മറന്നു. പക്ഷേ അന്ന്, 'പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ' എന്ന് അന്നത്തെ കോണ്‍ഗ്രസ് ഭരണത്തോട് പറഞ്ഞ കേരളത്തിലെ സ്ത്രീസമൂഹം അതു മറന്നിട്ടില്ല. ജാനു ഇന്ന് സിന്ധുവിനെപ്പോലെ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി ഭാഗ്യാന്വേഷണം നടത്തുന്നുവെന്നത് വേറെ കാര്യം!

സിന്ധുജോയി ഇന്ന് അഭയം കാണുന്നത് ഉമ്മന്‍ചാണ്ടിയിലാണ്. ഈ ഉമ്മന്‍ചാണ്ടി സ്ത്രീക്ക് നല്‍കിയ പരിഗണനയും ഓര്‍മിക്കേണ്ടതുണ്ട്. കിളിരൂരിലെ പെണ്‍കുട്ടി അതിഗുരുതരാവസ്ഥ നേരിടുകയാണെന്നും ജീവന്‍ രക്ഷിക്കാനായി അടിയന്തരമായി വിദഗ്ധചികിത്സാ സൌകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും വനിതാകമീഷന്‍ അധ്യക്ഷതന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. കത്ത് കിട്ടിയ ഉടന്‍ ഉമ്മന്‍ചാണ്ടി ചെയ്തത്, കാര്യമായ ഒരു ചികിത്സാ സൌകര്യവുമില്ലാത്ത ഒരു സ്വകാര്യ നേഴ്സിങ് ഹോമിലേക്ക് ആ കുട്ടിയെ മാറ്റുകയാണ്. 36 ഡിപ്പാര്‍ട്മെന്റുകളുള്ള ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൂന്ന് ഡിപ്പാര്‍ട്മെന്റ് തികച്ചില്ലാത്ത ഒരു 'ഡിസ്പെന്‍സറി'യിലേക്ക്!

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് വിദഗ്ധചികിത്സ വേണമെന്നുവന്നാല്‍ ആ വ്യക്തിയെ 'അപ്പോളോ'യിലേക്കോ 'എസ്കോര്‍ട്സി'ലേക്കോ ഒക്കെ മാറ്റുമെന്നാണ് ആളുകള്‍ കരുതുക. നിലവിലുള്ള ചികിത്സാസംവിധാനംപോലും ഇല്ലാത്ത ഒരിടത്തേക്ക്, അതും കേസിലെ പ്രതികള്‍ക്ക് നേരിട്ട് സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തിലേക്ക് മാറ്റുക എന്നുപറഞ്ഞാല്‍ എന്താണര്‍ഥം? എന്താകും അതിനുപിന്നിലെ ഉദ്ദേശ്യം?

ആ ഉദ്ദേശ്യംതന്നെ നടന്നു. രക്തത്തില്‍ ചെമ്പിന്റെ അംശം സംശയകരമായ സാഹചര്യത്തില്‍ കൂടി. ആ കുട്ടി മരിച്ചു. വിദഗ്ധചികിത്സ കൊടുത്തില്ലെങ്കില്‍ മരിക്കുമെന്ന് വ്യക്തമായിട്ടും നിലവിലുള്ള ചികിത്സാസൌകര്യംപോലും കുറയ്ക്കുകയെന്നുവന്നാല്‍ അത് മനഃപൂര്‍വമല്ലാത്ത കൊലപാതകത്തിന് കേസെടുക്കേണ്ട കുറ്റകൃത്യമാണ്. എന്തിനത് ചെയ്തെന്ന് സിന്ധുജോയി ഇപ്പോഴുള്ള സൌഹൃദംവച്ച് ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നത് നന്നായിരിക്കും.

ഇതുമാത്രം ചോദിച്ചാല്‍ പോരാ. കിളിരൂര്‍ പെണ്‍കുട്ടിയുടെ കേസ് ഡയറിയിലെ മൂന്നുപേജ് അദ്ദേഹത്തിന്റെ പൊലീസാണ് നീക്കം ചെയ്തത്. ഈ പ്രശ്‌നം കോടതിയില്‍ ഉയര്‍ന്നുവന്നിരുന്നു. തന്റെ ഭരണത്തിന്‍കീഴിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്തിനത് ചെയ്തുവെന്നത് ഉമ്മന്‍ചാണ്ടിക്കറിയാന്‍ വിഷമമില്ലല്ലോ. അഥവാ, ഉമ്മന്‍ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ പൊലീസ് ഇത്ര പ്രധാനപ്പെട്ട ഒരു കേസിന്റെ കേസ് ഡയറിയില്‍നിന്ന് പേജുകള്‍ നീക്കംചെയ്യില്ലല്ലോ. ശാരിയുടെ മാതാപിതാക്കളോട് നീതിചെയ്യലായിരുന്നോ അത്? ഇതുകൂടി ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നതുകൊള്ളാം. ചോദിക്കുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടിയും യുഡിഎഫും സ്ത്രീക്ക് നല്‍കുന്ന പരിഗണന ഇതായിരുന്നുവെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്താല്‍ കൊള്ളാം.

കിളിരൂര്‍സംഭവം എല്‍ഡിഎഫ് ഭരണത്തിലായിരുന്നുവെന്നും കേസിലെ പ്രതികളെ രക്ഷിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുവെന്നുമൊക്കെയായിരുന്നല്ലോ യുഡിഎഫ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ആ സംഭവം കോണ്‍ഗ്രസ് ഭരണത്തിലായിരുന്നുവെന്നും കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയുടെ പൊലീസായിരുന്നുവെന്നും അവര്‍ക്ക് രക്ഷിക്കാനുണ്ടായിരുന്നത് പ്രതികളുടെ കോണ്‍ഗ്രസ് ബന്ധമായിരുന്നുവെന്നും ഓര്‍ക്കുക!

യുഡിഎഫ് ഭരണം സ്ത്രീക്ക് നല്‍കിയ 'പരിഗണന'യുടെ മറ്റൊരു ചിത്രമാണ് റജീനയില്‍ തെളിഞ്ഞത്. ഒരു കൈക്കുഞ്ഞുമായി തെരുവിലൂടെ ആ പെണ്‍കുട്ടി അലഞ്ഞുനടന്നതിന്റെ ദയനീയമായ ചിത്രം മലയാളിയുടെ മനസ്സില്‍നിന്ന് മായുമോ? ആ പെണ്‍കുട്ടിയുടെ കണ്ണീരൊപ്പാനല്ല, മറിച്ച് അവരെ പീഡിപ്പിച്ചവരെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അന്ന് ശ്രമിച്ചത്; ഇന്ന് ശ്രമിക്കുന്നതും. ഇതാണ് കോണ്‍ഗ്രസും യുഡിഎഫും സ്ത്രീക്ക് നല്‍കിയ പരിഗണന എന്നത് സിന്ധുജോയി കാണുന്നില്ലെങ്കിലും കേരളം കാണുന്നുണ്ട്- ഒരു പൊള്ളുന്ന കനല്‍ച്ചിത്രംപോലെ!

കോണ്‍ഗ്രസ് ഭരണം സ്ത്രീക്ക് നല്‍കിയ 'പരിഗണന'യുടെ മറ്റൊരു പ്രതീകമാണ് കൈക്കോഴ കൊടുത്ത് പഠനം തുടരാനാകാതെ വന്നതിനാല്‍ ആത്മഹത്യചെയ്യേണ്ടിവന്ന രജനി എസ് ആനന്ദ് എന്നത് സിന്ധുജോയിയെ ആരും പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, മത്സരിക്കാന്‍ നിയമസഭാ സീറ്റ് കിട്ടുന്നില്ലെന്ന് വന്നപ്പോള്‍ എത്ര പെട്ടെന്ന് മറന്നു സിന്ധുജോയി, രജനി എസ് ആനന്ദിന്റെ ദീനദീനമായ ആ മുഖം!

സ്ത്രീക്ക് പരിഗണന നല്‍കുന്നതെന്ന് സിന്ധുജോയി പറയുന്ന അതേപ്രസ്ഥാനമാണ് വികലാംഗയാണെന്നും പണം സംഭരിക്കാനുള്ള ശേഷിയില്ലെന്നും പറഞ്ഞ് ഇതേഘട്ടത്തില്‍ ജയ ഡാളിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് വെട്ടിനീക്കിയത്. ഇതേകോണ്‍ഗ്രസ് തന്നെയാണ്, ആന്ധ്രപ്രദേശില്‍നിന്നുള്ള കോടീശ്വരിയായ രേണുക ചൌധരിയെ തെലുങ്കുദേശത്തില്‍നിന്ന് കാലുമാറ്റിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എംപിയാക്കിക്കൊണ്ടിരിക്കുന്നതും.

സ്ത്രീകളോട് മാന്യമായി പെരുമാറുന്നുവെന്ന് സിന്ധുജോയി ഒരു തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ തിരിച്ചറിഞ്ഞ കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള യഥാര്‍ഥ മനോഭാവവും സംസ്കാരവും തിരിച്ചറിയണമെങ്കില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിയിട്ടുള്ള പഴയ മുദ്രാവാക്യങ്ങളിലേക്കൊന്ന് കണ്ണോടിക്കണം.

'ഗൌരിച്ചോത്തിയെ വേളി കഴിച്ചൊരു
റൌഡിത്തോമ്മാ സൂക്ഷിച്ചോ''

എന്നതായിരുന്നു വിമോചനസമരകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്.

'നാടുഭരിക്കാനറിയില്ലെങ്കില്‍
ചകിരി പിരിക്കൂ ഗൌരിച്ചോത്തീ'

എന്ന നികൃഷ്ടമായ മുദ്രാവാക്യംവരെ ഗൌരിയമ്മയെപ്പോലുള്ള ഒരാള്‍ക്കെതിരെ ഉയര്‍ത്താന്‍ മടികാട്ടിയിട്ടില്ലാത്ത രാഷ്ട്രീയപാര്‍ടിയാണത്. സ്ത്രീയോട് എന്തൊരു ബഹുമാനം!

വികലാംഗത്വം വന്നുപോയ ഒരു സ്ത്രീയെ അതിന്റെ പേരില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ആട്ടിപ്പായിച്ചതില്‍ അത്ഭുതപ്പെടാനില്ല. മുടന്തുണ്ടായിരുന്ന കെ സി ജോര്‍ജിനും വിക്കുണ്ടായിരുന്ന ഇ എം എസിനും എതിരെ

'വിക്കാ, ഞൊണ്ടീ, ചാത്താ, നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം!'

എന്നു പണ്ട് മുദ്രാവാക്യം മുഴക്കിയവരാണിവര്‍.

'പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും'

എന്നു മുദ്രാവാക്യം മുഴക്കിനടന്ന രാഷ്ട്രീയതമ്പ്രാക്കളുടെ ഒപ്പംചെന്നുനില്‍ക്കുന്ന സിന്ധുജോയി മറ്റൊന്നുകൂടി അറിയണം. നൂറുകണക്കിനാളുകള്‍ രക്തസാക്ഷിത്വം വരിച്ചും ആയിരങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായും കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് സിപിഐ എം. അത് ഏതെങ്കിലും വ്യക്തിയെ എംഎല്‍എയാക്കി 'ഉയര്‍ത്തുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. ഇളംപ്രായത്തില്‍തന്നെ നിയമസഭയിലേക്കും ലോകസഭയിലേക്കുമൊക്കെ പാര്‍ടി തന്നെ മത്സരിപ്പിച്ചപ്പോള്‍ സിന്ധുജോയി കരുതിപ്പോയിരിക്കും; ഇത് തന്നെ എംഎല്‍എയാക്കാന്‍വേണ്ടി രൂപംകൊണ്ട പ്രസ്ഥാനമാണെന്ന് !


*****


പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി

ഡോ. പി കെ ആർ വാര്യർ വിടവാങ്ങി

ജനകീയ ആരോഗ്യരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പി കെ ആർ വാര്യർ ഇനി ഓർമ.ശനിയാഴ്ച ( 2011 മാർച്ച് 26)പകൽ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ആരോഗ്യസംരക്ഷണത്തിനുള്ള സേവകരാണ് ഡോക്ടർമാരെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പാവങ്ങളുടെ ഡോക്ടർ എന്ന് അറിയപ്പെട്ട പ്രഗത്ഭ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ പി കെ ആർ വാര്യർ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ശനിയാഴ്ച വൈകിട്ട് സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനംചെയ്തു. സംസ്കാരച്ചടങ്ങ് ഒഴിവാക്കി.ആദ്യകാല സാമൂഹ്യപരിഷ്കർത്താവ് ആര്യ പള്ളത്തിന്റെ മകളും മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതയായ ദേവകി വാര്യരാണ് ഭാര്യ. മക്കൾ: ഡി കൃഷ്ണവാര്യർ (ബാബു, റിട്ട. ഇആർ ആൻഡ് ഡിസി), അനസൂയ. മരുമക്കൾ: ചലച്ചിത്രസംവിധായകൻ ഷാജി എൻ കരുൺ, ഷീല (റിട്ട. ഉദ്യോഗസ്ഥ, എസ്‌യുടി ഹോസ്പിറ്റൽ, തിരുവനന്തപുരം).

1921 ആഗസ്ത് 13നാണ് ഡോ. വാര്യർ ജനിച്ചത്. പിതാവ് ഡോ. പി കെ വാര്യർ മദിരാശി സംസ്ഥാന ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 1940-46ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് ബിരുദം. തുടർന്ന് സർജറിയിൽ ബിരുദാനന്തരബിരുദത്തിന് മൂന്നുതവണ മദ്രാസ് സർവകലാശാലയിൽ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്‌റ്റുകാരനായതിനാൽ നിരസിച്ചു.

1946ൽ മദ്രാസ് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗത്തിൽ ഡെമോൺസ്ട്രേറ്ററായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ് പാർടിയുമായുള്ള ബന്ധത്തിന്റെപേരിൽ 1952ൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പ്രതിഷേധത്തെ തുടർന്ന് രണ്ടുവർഷത്തിനുശേഷം തിരിച്ചെടുത്തു. പിന്നീട് ഫോർട്ട്കൊച്ചിയിൽ മെഡിക്കൽ ഓഫീസറായി. 1960ൽ ഇംഗ്ളണ്ടിലെ എഡിൻബറോയിലെ ന്യൂഫീൽഡ് കോളേജിൽനിന്ന് തൊറാസിക് സർജറിയിൽ എഫ്ആർസിഎസും നേടി.

1962ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസറായി നിയമിതനായി. ബിരുദ, ബിരുദാനന്തരബിരുദ സർജറി കോഴ്സുകളിൽ അധ്യാപകൻ എന്ന നിലയിൽ വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാണ്. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെ വിവിധ സർവകലാശാലകളിൽ പരീക്ഷാനടത്തിപ്പിന്റെ ചുമതല വഹിച്ചു. അൽപ്പകാലം മിനിക്കോയിലും ജോലിചെയ്തു. മൂന്ന് ദശാബ്ദക്കാലത്തെ സർവീസിനുശേഷം 1977ലാണ് വിരമിച്ചത്. തുടർന്ന് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ സർജറി വിഭാഗം പ്രൊഫസർ, കണ്ണൂർ എ കെ ജി ആശുപത്രിയിൽ സർജിക്കൽ കൺസൾട്ടന്റ് എന്നീ ചുമതലകളും വഹിച്ചു. വർക്കല എസ്എൻ മിഷൻ ആശുപത്രി, ഒറ്റപ്പാലം സെമാൾക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. 1990ൽ ആതുരസേവന രംഗത്തുനിന്ന് പൂർണമായും പിന്മാറി.

ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ഒരു സർജന്റെ ഓർമക്കുറിപ്പുകൾ, അനുഭവങ്ങൾ അനുഭാവങ്ങൾ, വിഗ്രഹത്തിലെ തകർച്ച (കഥാസമാഹാരം) തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.

ആ കണ്ണുകൾ‍ ഇനിയൊരു സുമനസ്സിന്

വർ‍ഷങ്ങൾ‍ക്കുമുമ്പുള്ള ഓപ്പറേഷന്‍ തിയറ്റർ‍. നൂലുകൾ‍ കോർ‍ത്ത സൂചിയുമായി മിടിക്കുന്ന ഹൃദയത്തെ സമീപിക്കുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍. ആ കണ്ണുകളിലെ തിളക്കം ഒരു ജീവന്റെ തിളക്കമാണ്. മിന്നിമറയുന്ന ചിന്തയെ കൈയുമായി കൂട്ടിയോജിപ്പിച്ച് ലക്ഷ്യത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർ‍ത്തിച്ചിരുന്ന ദീപ്‌തമായ കണ്ണുകൾ‍ ഇനിയൊരു സുമനസ്സിന് കാഴ്ചയേകും. കേരളത്തിന്റെ ജനകീയ ഡോക്ടർ‍ പി കെ ആർ‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക.

തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏൽപ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ‍മാർ‍ അദ്ദേഹത്തിന്റെ കണ്ണുകൾ‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കിൽ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നിൽ കുടുംബാംഗങ്ങൾ‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവർ‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അർ‍പ്പിക്കാനെത്തുന്നവർ‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിർ‍ദേശവും പാലിക്കപ്പെട്ടു.

ആരുടെയും മുന്നിൽ മുട്ടുമടക്കിയിട്ടില്ലാത്ത ഈ ജനകീയന്‍ ഒരിക്കൽ തന്റെ വിദ്യാർ‍ഥികളുടെ മുന്നിൽ അടിയറവ് പറഞ്ഞു. സൈക്കിൾ‍ ചവിട്ടി മെഡിക്കൽ കോളേജിലേക്ക് എത്തുന്ന പ്രൊഫസറെ കാണുമ്പോൾ‍ പല ശിഷ്യർ‍ക്കും ചൂളലായിരുന്നു. കാരണം അവരിൽ മിക്കവരും എത്തിയിരുന്നത് കാറിലായിരുന്നു. അവരുടെ നിരന്തര പ്രതിഷേധത്തിന്റെ ഫലമായി കോളേജിലേക്കുള്ള സൈക്കളിലെ വരവ് ഡോക്ടർ‍ ഒഴിവാക്കി.

തിരുവനന്തപുരവുമായുള്ള ഡോക്ടറുടെ ബന്ധം തുടങ്ങുന്നതെങ്ങനെയെന്ന് ദേശാഭിമാനി വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓർ‍മക്കുറിപ്പുകളിൽ (പിന്നീട് സാഹിത്യ പ്രവർ‍ത്തക സഹകരണ സംഘം 'ഒരു സർ‍ജ്ജന്റെ ഓർ‍മ്മക്കുറിപ്പുകൾ‍' എന്ന പേരിൽ പുസ്തകമാക്കി) വിവരിക്കുന്നു. 1962 ഡിസംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്യൂട്ടറായാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. അക്കാലത്ത് പേട്ടയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു. 1990ൽ വഴുതക്കാട് ഉദാരശിരോമണി റോഡിൽ പിറവിയിൽ താമസം തുടങ്ങി.

'ഹൃദയമില്ലാത്ത' ഹൃദയനാഥൻ

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഹൃദയ ഡോക്ടർ സ്വന്തം ജീവിതം കൊണ്ടും സമൂഹത്തെ ചിലത് പഠിപ്പിച്ചു. ലാളിത്യം എന്നത് പറയാൻ മാത്രമുള്ളതല്ലെന്ന് നമുക്ക് കാണിച്ചു തന്നു ഈ ആതുരസേവകൻ. ഈ 'ഹൃദയ' ഡോക്ടർ ഹൃദയമില്ലാത്തവനാണെന്നും ആളുകൾ പറഞ്ഞു. ഇങ്ങനെ പറഞ്ഞിരുന്നത് രണ്ട് കൂട്ടർ മാത്രമാണ്. ഇതിലൊരു കൂട്ടർ അദ്ദേഹത്തിന്റെ കൈകൊണ്ട് ഹൃദയം സുഖപ്പെട്ടവരോ അവരുടെ ബന്ധുക്കളോ ആയിരുന്നു. ഇവരിൽ പലരെയും ഡോക്ടർ കൈകാര്യം ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന് കാഠിന്യം കൂടുതലായിരുന്നു. പലർക്കും അടി തന്നെ കിട്ടി. ഹൃദയതാളം നേരെയാക്കിയതിന് നിർബന്ധമായി പ്രതിഫലം കീശയിൽ വെച്ചുകൊടുത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇങ്ങനെ അടികിട്ടിയവർ സന്തോഷത്തോടെ കണ്ണീർപൊഴിച്ചു. രോഗം മാറ്റാൻ രോഗികൾ പ്രതിഫലം തരേണ്ടെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ചെയ്യുന്ന സേവനത്തിന് സർക്കാർ പ്രതിഫലം നൽകുന്നുണ്ട്. ജോലിക്ക് തക്ക പ്രതിഫലം തന്നിൽലെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്നും അദ്ദേഹം രോഗികളോടു പറയുമായിരുന്നു.

ഹൃദയമില്ലാത്ത ഡോക്ടറെന്ന് രണ്ടാമത് അദ്ദേഹത്തെ വിശേഷിപ്പിച്ചത് വൈദ്യസമൂഹം തന്നെയാണ്. അവർ അങ്ങനെ പറഞ്ഞതിന് കാരണവും മറ്റൊന്നായിരുന്നില്ല. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സഹപ്രവർത്തകർക്ക് രുചിച്ചില്ല. പ്രതിഫലം നൽകിയതിന് രോഗിയുടെ ബന്ധുക്കളെ അടിച്ചവൻ, ബന്ധുക്കളെപോലും വീട്ടിൽ ചികിത്സിക്കാത്തവൻ.... പന്നിയമ്പള്ളി കൃഷ്ണരാഘവ വാരിയർ എന്ന കാർഡിയോ തൊറാസിക്ക് സർജൻ ഒരു സത്യമായിരുന്നു.

എഴുപതുകളിൽ തിരുവനന്തപുരത്തെ പത്രപ്രവർത്തകർ മെഡിക്കൽ കോളേജിൽ ഒരു കാഴ്ച എപ്പോഴും പ്രതീക്ഷിച്ചു. ഡോ. പി കെ ആർ വാര്യർ ആശുപത്രിയിലേക്ക് സ്വന്തം കാറിൽ വരുന്നത് കാണണം. ഇതായിരുന്നു അവർ ആഗ്രഹിച്ച കാഴ്ച. അങ്ങനെ വരികയാണെങ്കിൽ അതീവമൂല്യമുള്ള ഒരു ന്യൂസ് ഫോട്ടോ ആയിരിക്കുമത്. എന്നാൽ അത്തരമൊരു ഫോട്ടോ ആർക്കും എടുക്കാനായില്ല. അതൊരു സങ്കൽപചിത്രം മാത്രമായി. കാരണം സർക്കാർ സർവീസിനിടക്ക് അദ്ദേഹം കാർ വാങ്ങിയതേയില്ല. അന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഈ 'ഹൃദയ' ഡോക്ടർ ജോലിക്ക് വന്നത് സൈക്കിളിലായിരുന്നു. കുമാരപുരത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് ചിലപ്പോൾ നടന്നും അദ്ദേഹം ജോലിക്കെത്തി. സർവീസിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ പണം കൊണ്ടാണ് ഡോ. വാര്യർ സ്വന്തമായി വീടും കാറും വാങ്ങിയത്. അതുവരെ വാടക വീടുകളിലായിരുന്നു ഇന്ത്യയാകെ അറിയപ്പെടുന്ന വാര്യർ ഡോക്ടറുടെ താമസം.

പിതാവിന്റെ വഴിയിൽ

'അപ്പു ഇപ്പോൾ പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളിൽ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോൾ ഡോ. പി കെ ആർ വാര്യർക്ക് അദ്ദേഹത്തിന്റെ അച്ഛൻ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാൻ എക്കാലവും പുലർത്തിപ്പോന്ന ധാർമികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആർ വാര്യർ കാത്തുസുക്ഷിച്ച വാക്കുകൾ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സർജന്മാരിൽ ഒരാളായ അദ്ദേഹത്തിന് ജീവിതത്തിൽ മാർഗദർശനം നൽകിയത് ഈ വാക്കുകളും പിതാവിന്റെ ആദർശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തിൽ കൂടുതൽ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സർക്കാർ ആശുപത്രികളിൽ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സർക്കാർ സർവീസിൽ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി.

സഹോദരി ജാനകിയോടൊപ്പമാണ് വാര്യർ ചെറുപ്പത്തിൽ കോൺഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കൽ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്‌റ്റുകാരനെ ഉണർത്തിയത്. പിൽക്കാലത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാർഥി ഫെഡറേഷൻ ഓഫീസിലായിരുന്നു മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളിൽ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാർഥി ഫെഡറേഷനിൽ സഹപ്രവർത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്.

പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തിൽ മുഴുവൻ താൻ വിശ്വസിച്ചുപോന്ന തത്വസംഹിതകൾ അനുസരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ദർശിക്കാൻ കേരളത്തിന് കഴിഞ്ഞു. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കൾക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേർക്കാതിരുന്നതും അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു.

വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേർപതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യർ. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയർന്ന അവർ വൈദ്യവിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവർ തിരുവനന്തപുരം കോർപറേഷൻ കൌൺസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തിൽ നിന്നും അവർ നിയമസഭയിലേക്കും മൽസരിച്ചു. വാര്യർ ഡോക്ടർ മണിപ്പാലിൽ പ്രവർത്തിക്കുമ്പോൾ ദേവകി വാര്യർ മഹിളാപ്രസ്ഥാനത്തിന്റെ കർണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു.


വേറിട്ടൊരു ഡോക്ടർ

വാക്കുകൾക്ക് വരച്ചെടുക്കാനാകാത്ത പ്രതിഭാസമായിരുന്നു വാര്യർ ഡോക്ടർ. ആതുരസേവനം പണമുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമായി കാണുന്ന സമകാലിക ജീവിതത്തിൽ നിന്നും ഡോ. വാര്യർ മാറിനടന്നു. തന്റേതായ തന്റേടത്തോടെ. വിശ്വസിച്ച പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്നും അണുകിട വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. കമ്യൂണിസത്തിലുള്ള വിശ്വാസം ഭാവിപോലും അനിശ്ചിതത്വത്തിലാക്കുമെന്ന സ്ഥിതി വന്നിട്ടും മറ്റൊന്ന് ചിന്തിക്കാനുണ്ടായില്ല. ശരി മാത്രം ചിന്തിക്കാനും ശരിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാനും ജീവിതകാലം മുഴുവൻ ധൈര്യം നൽകിയത് കർക്കശമായ ഈ നിലപാടുകളായിരുന്നു.

മദിരാശി സംസ്ഥാന ആരോഗ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡോ. പി കെ വാര്യർക്ക് ഇടക്കിടെ സ്ഥലം മാറ്റം ഉണ്ടായിരുന്നതിനാൽ പല സ്ഥലങ്ങളിലുമായാണ് കുടുംബം താമസിച്ചത്. വീട്ടിൽ ട്യൂഷൻ മാസ്‌റ്റ്റെ വെച്ചാണ് വാര്യർക്കും സഹോദരങ്ങൾക്കും ആദ്യകാലത്ത് വിദ്യാഭ്യാസം നൽകിയത്. പി എൻ എന്ന പേരായിരുന്നു ട്യൂഷൻ മാസ്‌റ്റർക്ക്. പി എൻ എന്നറിയപ്പെട്ട പി നാരായണൻ നായർ പിന്നീട് കെപിസിസി സെക്രട്ടറി, മാതൃഭൂമി പത്രാധിപർ, ദേശാഭിമാനി പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ എം എസും എ കെ ജി യും ഒക്കെ രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നൽകിയെങ്കിലും പി എൻ ആണ് വാര്യരുടെയും സഹോദങ്ങുടെയും മനസ്സിൽ രാഷ്ട്രീയത്തിന്റെ വിത്തുപാകിയത്.

ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ സഹോദരി ജാനകിയോടൊപ്പം കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതാണ് ജീവിതത്തിലെ ആദ്യ രാഷ്ട്രീയപ്രവർത്തനം. 1936 ലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊതുയോഗമായിരുന്നു അത്. കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ കോൺഗ്രസ് അംഗമായി. 17-ആം വയസ്സിൽ കോട്ടക്കൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. അന്ന് വാര്യരെയും കൂട്ടി സമ്മേളനത്തിനു പോയ സഹോദരി ജാനകി പിന്നീട് ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു.

മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുന്നതിനിടെയാണ് വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി വാര്യർ ബന്ധപ്പെടുന്നത്. മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥി ഫെഡറേഷന്റെ നേതൃസ്ഥാനത്തേക്കുയർന്ന അദ്ദേഹം 1944ൽ മദിരാശി കമ്യൂണിസ്‌റ്റ് പാർടിയിൽ അംഗമായി. 1942ൽ ബംഗാൾ യുദ്ധത്തിന്റെ ഫലമായി ക്ഷാമവും രോഗങ്ങളും പടർന്നുപിടിച്ചു. ഇതിനെ പ്രതിരോധിക്കാൻ വൈദ്യവിദ്യാർഥികളുടെ സംഘം യാത്രതിരിച്ചു. പാർടി നിർദ്ദേശപ്രകാരം സംഘത്തിന് നേതൃത്വം നൽകിയത് പി കെ ആർ വാര്യരായിരുന്നു. 1945ൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വസൂരി പടർന്നുപിടിച്ചപ്പോൾ മദിരാശിയിൽ നിന്നെത്തിയ സംഘത്തിലും വാര്യർ അംഗമായിരുന്നു.

1943ൽ മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്ക് ആവശ്യമായ സൌകര്യങ്ങൾക്ക് വേണ്ടി വിദ്യാർഥി ഫെഡറേഷൻ നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകി. ഹോസ്‌റ്റൽ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 22 കാളവണ്ടികൾ പങ്കെടുത്ത ഘോഷയാത്രയാണ് വാര്യരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തത്. പുതിയ രീതിയിലെ സമരമുറ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ഉതകുന്നതായിരുന്നു. സൌത്ത് ഇന്ത്യൻ റെയിൽവെ തൊഴിലാളികൾ അക്കാലത്ത് നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ നൽകി പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 1945ൽ ആദ്യമായി മദിരാശി വിദ്യാർഥി ഫെഡറേഷൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പി കെ ആർ വാര്യരായിരുന്നു സ്ഥാനാർഥി. 1946 ജൂൺ 24ന് സഹപ്രവർത്തക ദേവകി പള്ളവുമായുള്ള വിവാഹം നടന്നു.

മദ്രാസ് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗം ട്യൂട്ടറായി 1946 ജൂലായ് 17 നാണ് പികെ ആർ വാര്യരുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1947ൽ ദൽഹിയിൽ ചേർന്ന എഐഎസ്എഫ് ദേശീയസമ്മേളനത്തിൽ പ്രതിനിധിയായി. കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്നതിനിടെ 1952ൽ പിരിച്ചു വിടപ്പെട്ടു. സി രാജഗോപാലാചാരി മുഖ്യമന്ത്രി ആയതിനെത്തുടർന്ന് കമ്യൂണിസ്‌റ്റുകാരെ ഒന്നടങ്കം സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. പി കെ ആർ വാര്യരടക്കം എട്ടുപേരെയാണ് മദിരാശി സംസ്ഥാനത്ത് ഇക്കാരണത്താൽ പിരിച്ചു വിട്ടത്. ശക്തമായ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് 54 ൽ തിരിച്ചെടുത്തു.

ഫോർട് കൊച്ചി ആശുപത്രിയിൽ കുറേക്കാലം ആർഎംഒ ആയി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് നാടകപ്രവർത്തനങ്ങളിലും സജീവമായി. 1959ൽ ഇംഗ്ളണ്ടിൽ തൊറാസിക് സർജറി പരിശീലനത്തിന് പോകാനുള്ള അപേക്ഷ സർക്കാർ അംഗീകരിച്ചു. ഇംഗ്ളണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് 1960ൽ എഫ്ആർസിഎസ് കരസ്ഥമാക്കി. ഇംഗ്ളണ്ടിലെ പഠനത്തിനിടെ ബ്രിട്ടിഷ് കമ്യൂണിസ്‌റ്റ് പാർടിയിലും അംഗത്വം നേടി. 1964ൽ ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടി പിളർന്നപ്പോൾ പാർടി അംഗമല്ലെങ്കിലും സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. 1948-51 കാലത്ത് നഷ്ടപ്പെട്ട പാർടി കാർഡ് തിരിച്ചു കിട്ടിയിരുന്നില്ല. സർക്കാർ സർവീസിലായതിനാൽ മെമ്പർഷിപ്പും പുതുക്കിയിരുന്നില്ല. ഇക്കാലത്ത് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ പ്രവർത്തക സമിതിയിലും മുഖ്യ സംഘാടകനായും പ്രവർത്തിച്ചു.

1969ൽ ഇ എം എസിനെ ചികിൽസക്കായി ബർലിനിൽ അയച്ചപ്പോൾ പാർടി നിർദ്ദേശപ്രകാരം വാര്യരും അനുഗമിച്ചു. മൂന്നു പതിറ്റാണ്ടു കാലത്തെ സർക്കാർ ആശുപത്രികളിലെ ആതുരസേവനത്തിനുശേഷം 1977 ഏപ്രിൽ 30 ന് വിരമിച്ചു. പിന്നീട് മണിപ്പാലിലും കണ്ണൂർ എ കെ ജി ആശുപത്രിയിലും പ്രവർത്തിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം കുറച്ചുകാലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമിരേറ്റഡ് പ്രൊഫസർ ആയി പ്രവർത്തിച്ചു. പത്താം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 1978 ൽ ജലന്ധറിൽ ചേർന്ന പാർടി കോൺഗ്രസിലും വാര്യരും ദേവകിയും പ്രതിനിധികളായിരുന്നു. 11-ആം പാർടി കോഗ്രസിന്റെ ഭാഗമായുള്ള കർണാടക സംസ്ഥാന സമ്മേളനത്തിലും ഇരുവരും പ്രതിനിധികളായിരുന്നു. മണിപ്പാലിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്.

കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ ഉറച്ചുനിന്ന ജനകീയ ഡോക്ടർ: പിണറായി

കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ അടിയുറച്ച് ജീവിതാന്ത്യംവരെ പ്രവർത്തിച്ച ആതുരസേവകനായിരുന്നു ഡോ. പി കെ ആർ വാര്യരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അനുസ്മരിച്ചു. വൈദ്യവൃത്തിയെ എങ്ങനെ മാനവികമുഖമുള്ളതാക്കാമെന്ന് ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ഡോ. വാര്യർ ചെയ്തത്. ഒരേസമയം മികച്ച ഡോക്ടറായും മികച്ച രാഷ്ട്രീയപ്രവർത്തകനായും സമൂഹത്തെ സേവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമൂല്യമായ സാന്നിധ്യത്തെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പുരോഗമനപ്രസ്ഥാനത്തിന് നഷ്ടമാകുന്നത്.

സ്കൂൾ, കോളേജ് വിദ്യാർഥിയായിരിക്കെ കോൺഗ്രസ് പ്രവർത്തനം തുടങ്ങിയ ഡോ. വാര്യർ 1940കളിൽ മദിരാശിയിൽ വൈദ്യപഠനം നടത്തുന്ന കാലത്താണ് സജീവമായി രാഷ്ട്രീയപ്രവർത്തനത്തിൽ ഇടപെടുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ ഡോ. വാര്യർ, വിദ്യാർഥി ഫെഡറേഷന്റെയും കമ്യൂണിസ്‌റ്റ് പാർടിയുടെയും മുഖ്യസംഘാടകനും നേതാവുമായി മാറി. 1942ൽ ക്ഷാമകാലത്ത് പടർന്നുപിടിച്ച പകർച്ചവ്യാധി പ്രതിരോധിക്കാനായി ബംഗാളിലേക്ക് പുറപ്പെട്ട വൈദ്യവിദ്യാർഥികളുടെ സംഘത്തിന്റെ തലവനായിരുന്നു ഡോ. വാര്യർ. 1945ൽ കണ്ണൂരിൽ വസൂരി പടർന്നപ്പോഴും അദ്ദേഹത്തിന്റെ നേതൃത്വത്തിലെത്തിയ വൈദ്യസംഘമായിരുന്നു പ്രതിരോധപ്രവർത്തനത്തിന് ചുക്കാൻപിടിച്ചത്.

മദിരാശിയിൽ അക്കാലത്ത് നടന്ന തൊഴിലാളിസമരങ്ങൾക്ക് വിദ്യാർഥികളെ സംഘടിപ്പിച്ച് പിന്തുണ നൽകി. കമ്യൂണിസ്‌റ്റ് ബന്ധം തന്റെ വ്യക്തിജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ആപൽക്കരമായി മാറിയ കാലത്തും പ്രത്യയശാസ്ത്രദാർഢ്യം കൈവിടാതെ അദ്ദേഹം മാതൃക കാണിച്ചു. കേരളത്തിലെ ഔദ്യോഗികജീവിതം പൂർണമായും പാവങ്ങൾക്കുവേണ്ടി സമർപ്പിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചടികളെ സമചിത്തതയോടെ നേരിട്ട് അന്ത്യംവരെ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച വാര്യരുടെ ജീവിതം ഏവർക്കും മാതൃകയാണെന്ന് പിണറായി അനുസ്മരിച്ചു.