Sunday, March 20, 2011

കാട് കാത്തു

ആഗോളതാപനത്തിന്റെ വെല്ലുവിളിക്ക് മുന്നില്‍ ജൈവവൈവിധ്യത്തിന്റെ കലവറയായ കാടുകളുടെ ജീവല്‍പ്രാധാന്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ വനംമന്ത്രി ബിനോയ്വിശ്വത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. വനസംരക്ഷണരംഗത്ത് അചഞ്ചലവും സുധീരവുമായ കാലഘട്ടമാണ് പിന്നിട്ടത്. ആഗോളതാപനം-മരമാണ് മറുപടി എന്ന മുദ്രാവാക്യം ഉയര്‍ത്തി നടപ്പാക്കിയ എന്റെമരം, നമ്മുടെമരം, ഹരിതതീരം, വഴിയോരതണല്‍, ഹരിതകേരളം പദ്ധതികളിലൂടെ 1.87 കോടി മരങ്ങളാണ് കേരളത്തില്‍ നട്ടുപിടിപ്പിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും വനങ്ങള്‍ കുറയുമ്പോള്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ നിക്ഷിപ്ത വനവിസ്തൃതി വര്‍ധിച്ച അപൂര്‍വതയാണ് ദൃശ്യമായത്.

വാളയാര്‍ ചന്ദനമോഷണക്കേസ് സിബിഐയെ ഏല്‍പ്പിച്ചത് വനംമാഫിയക്കുളള ശക്തമായ താക്കീതായിരുന്നു. കഞ്ചാവ്-ചന്ദന മാഫിയകളെ പിടിച്ചുകെട്ടി സംഘടിത കഞ്ചാവ് കൃഷി അവസാനിപ്പിച്ചു. മുമ്പ് ദിനംപ്രതി ശരാശരി 8.42 ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നത് ഇന്ന് 0.14 ആയി കുറഞ്ഞു. ദക്ഷിണേന്ത്യന്‍ വനംമന്ത്രിമാരുടെ പൊതുവേദിക്ക് രൂപം നല്‍കിയതും കേരളമാണ്. കൈയേറ്റം തടയാനും വനഭൂമി അന്യാധീനപ്പെടുന്നത് തടയാനും ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാന വനനയത്തിന് രൂപം നല്‍കിയതും ഈ കാലഘട്ടത്തില്‍. പ്ളാന്റേഷന്‍ ലോബികളുടെ അട്ടിമറികള്‍ അതിജീവിച്ച്, ഒന്നര നൂറ്റാണ്ടായി 1.50 രൂപ മുതല്‍ 5 രൂപ വരെയായിരുന്ന സ്വകാര്യകമ്പനികളുടെ പാട്ടത്തുക പൊതുമേഖലയിലേതിനു സമാനമായി 1250 രൂപയാക്കി പരിഷ്കരിച്ചു. കേരള ഹൈക്കോടതിയില്‍ ഗ്രീന്‍ബഞ്ച് യാഥാര്‍ഥ്യമായതും ശ്രദ്ധേയം.

കടലുണ്ടി-വളളിക്കുന്ന് പ്രദേശത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചു. ലോകപ്രശസ്തമായ സൈലന്റ്വാലി ദേശീയോദ്യാനത്തോടനുബന്ധിച്ച് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി നീലക്കുറിഞ്ഞി സാങ്ച്വറി നിലവില്‍ വന്നു. മലയാറ്റൂര്‍ വനം ഡിവിഷനിലെ കപ്രിക്കാട്ട് അഭയാരണ്യം പുനരധിവാസകേന്ദ്രം പൂര്‍ത്തിയാകുന്നു. കൊച്ചിയിലെ മംഗളവനം പക്ഷിസങ്കേതത്തില്‍ പ്രകൃതി പഠനകേന്ദ്രം തുടങ്ങി. പറമ്പിക്കുളം കടുവസങ്കേതം യാഥാര്‍ഥ്യമായതും സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനു തെളിവായി. ഇന്ത്യയില്‍ ആദ്യമായി കാവുകളുടെയും കണ്ടല്‍ വനങ്ങളുടെയും സംരക്ഷണത്തിന് സമഗ്രപദ്ധതി ഏര്‍പ്പെടുത്തിയതും നാട്ടാനകളുടെ പുനരധിവാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കോട്ടൂരില്‍ കേന്ദ്രം തുടങ്ങിയതും ഈ കാലയളവില്‍.

കാട്ടുതേന്‍, മറയൂര്‍ ശര്‍ക്കര, മറ്റ് ചെറുകിട വിഭവങ്ങള്‍, ആദിവാസി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇടനിലക്കാരെ ഒഴിവാക്കി വനവികാസ് ഏജന്‍സികള്‍ ന്യായവിലയ്ക്ക് വിപണിയില്‍ എത്തിച്ചു. ശബരീജലം’ കുടിവെളളവിപണനം സമാനതകളില്ലാത്ത സംരംഭമാണ്. വനവിഭവങ്ങളുടെ വിപണനത്തിന് വനശ്രീ എന്നപേരില്‍ വനവികാസ ഏജന്‍സികളുടെ അപെക്സ് ബോഡി രൂപീകരിക്കാന്‍ നടപടികളാരംഭിച്ചു.

എല്ലാവര്‍ക്കും വീട് ഇവിടെ യാഥാര്‍ഥ്യം

സംസ്ഥാനത്ത് ഭവന രഹിതരായി ആരും അവശേഷിക്കരുതെന്ന എല്‍ഡിഎഫിന്റെ കാഴ്ചപ്പാട് സാക്ഷാല്‍ക്കാരത്തിലെത്തുകയാണ്. ഭവനനിര്‍മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും ആശ്വാസത്തിന്റെ കൈത്തരിയായി. വായ്പ എഴുതിത്തള്ളി ആധാരം തിരികെ നല്‍കുന്ന പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് സാന്ത്വനമായി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ ബോര്‍ഡ് മുഖേന നടപ്പാക്കിയ 12 പദ്ധതിയുലും ജില്ലാ ഭരണകൂടം വഴി നടപ്പാക്കിയ മൂന്നുപദ്ധതിയിലും ഉള്‍പെട്ട ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തള്ളി. 41,500 പേര്‍ക്ക് 183 കോടി രൂപയുടെ ആനുകൂല്യം ഇതുവഴി ലഭിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ചതുവഴി 34,000 പേര്‍ക്കും ആശ്വാസം ലഭിച്ചു.


സംസ്ഥാനത്ത് സുനാമി ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള സ്ഥാപനങ്ങളില്‍ ആദ്യം വീട് നിര്‍മിച്ചുനല്‍കിയത് ഭവനനിര്‍മാണ ബോര്‍ഡാണ്. സുരക്ഷാഭവനപദ്ധതി പ്രകാരം വീടുനിര്‍മിക്കുന്നതിനു നല്‍കിയിരുന്ന സഹായം 9,000 രൂപയില്‍ നിന്ന് 25,000 രൂപയായി വര്‍ധിപ്പിച്ചു. പട്ടികജാതി വകുപ്പിന്റെ ഭവനനിര്‍മാണപദ്ധതി ബോര്‍ഡ് ഏറ്റെടുത്തു. വയനാട്ടിലെ പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ആവിഷ്കരിച്ച പ്രാക്തന ഗോത്രവര്‍ഗ ഭവനനിര്‍മാണ പദ്ധതിപ്രകാരം നിര്‍മിച്ച വീടുകള്‍ പട്ടികവര്‍ഗ വകുപ്പിന് കൈമാറിയതും നേട്ടമായി.

ഭവനനിര്‍മാണത്തിന് പുതിയ പ്ളോട്ടുകള്‍ വികസിപ്പിച്ചു നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. നഗരാതിര്‍ത്തിക്കു പുറത്ത് താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നഗരാതിര്‍ത്തിയില്‍ താമസിക്കുന്നതിനായി ഇന്നൊവേറ്റീവ് ഹൌസിങ് സ്കീം (അത്താണി) നടപ്പാക്കി വരുന്നു. 10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനം മാത്രം നടത്തിവന്ന സംസ്ഥാന നിര്‍മിതികേന്ദ്രം ഇപ്പോള്‍ 70 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.

നിര്‍മിതികേന്ദ്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 11-ാം പഞ്ചവത്സരപദ്ധതിയില്‍ 22 കോടി രൂപയുടെ വിഹിതം ലഭ്യമാക്കി. കലവറ എന്നപേരില്‍ കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വില്‍പ്പനകേന്ദ്രം അനേകായിരങ്ങള്‍ക്ക് അനുഗ്രഹമായി. ലാറി ബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഹബിറ്റാറ്റ് സ്റഡീസ് എന്ന സ്ഥാപനം ആരംഭിക്കാനുള്ള തീരുമാനവും ശ്രദ്ധേയം.

ആറളത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള 361 വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള 2557 വീടിന്റെ നിര്‍മാണം സംസ്ഥാന ഭവനനിര്‍മാണബോര്‍ഡും സംസ്ഥാന നിര്‍മിതികേന്ദ്രവും സംയുക്തമായി ഏറ്റെടുത്തു.

നെഞ്ചില്‍ തീയില്ലാതെ

കൊല്ലം: 'കാലവര്‍ഷം എത്തുമ്പോള്‍ നെഞ്ചില്‍ തീയായിരുന്നു. ഏതുനിമിഷവും വീട് പൊളിഞ്ഞു വീണേക്കാം. അപകടം മുമ്പില്‍ കണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. ഇപ്പോള്‍ ഭയപ്പാടുമാറി. കുടുംബം സുരക്ഷിതരാണെന്ന് മനസ്സുപറയുന്നു. എല്ലാത്തിനും കാരണം ഇടതുസര്‍ക്കാരാണ്'- ഉമ്മന്നൂര്‍ അമ്പലക്കര ലക്ഷംവീട് കോളനിയില്‍ സാവിത്രിക്ക് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല.

കോളനിയിലെ താമസക്കാരായ തുളസി, മുരളി, ചന്ദ്രിക തുടങ്ങിയവര്‍ക്കെല്ലാം പറയാനുള്ളത് സമാന അനുഭവം. ഇരട്ടവീട്ടില്‍ സാവിത്രിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ശശി ഇത്രയും നല്ല വീട്ടില്‍ തന്റെ കുടുംബത്തിന് ഒറ്റയ്ക്ക് കഴിയാനാകുമെന്ന് പ്രതീക്ഷിച്ചതല്ല. എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ ഗുണഭോക്താക്കളില്‍ ശശിക്കൊപ്പം സംതൃപ്തരുടെ പട്ടിക നീളുന്നു.

1972ല്‍ ആരംഭിച്ച ലക്ഷംവീട് പദ്ധതി 2008ല്‍ എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതിയായി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. പൊതുവിഭാഗത്തിന് 75,000 രൂപയും പട്ടികജാതി വിഭാഗത്തിന് ഒരുലക്ഷവും പട്ടികവര്‍ഗത്തിന് ഒന്നേകാല്‍ ലക്ഷവും ഗ്രാന്‍ഡ് നല്‍കി. സര്‍വേപ്രകാരം 17,500 ഗുണഭോക്താക്കളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 10,419 പേര്‍ക്ക് ഇതിനകം വീട് അനുവദിച്ചു. 6608 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. 4567 വീട് പൂര്‍ത്തിയായി. പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വീട് പുനര്‍നിര്‍മിച്ചത് കൊല്ലം ജില്ലയിലാണ്. ലക്ഷംവീട് കോളനികളില്‍ നേരത്തെ ഉണ്ടായിരുന്ന ഇരട്ടവീടുകളെല്ലാം പദ്ധതിയുടെ ഭാഗമായി ഒറ്റവീടായി. ഉമ്മന്നൂര്‍ അമ്പലക്കര കോളനിയിലെ 26 വീടും നവീകരിച്ചു.
(ജയന്‍ ഇടയ്ക്കാട്)

കാടിന്റെ മക്കള്‍ക്ക് സംരക്ഷണം

ആദിവാസികളുടെ ഉന്നമനത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം വനംവകുപ്പ് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃക. വയനാട് നോര്‍ത്ത് ഫോറസ്റ് ഡിവിഷനിലെ പേര്യാ റേഞ്ചില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. വനങ്ങളിലും സമീപത്തും താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചു. പട്ടികവര്‍ഗ കോളനികളുടെ വൈദ്യുതീകരണത്തിന് ആവശ്യമായ വനഭൂമി വനസംരക്ഷണനിയമപ്രകാരം ലഭ്യമാക്കി. ജലക്ഷാമം രൂക്ഷമായ ആദിവാസി കോളനികളില്‍ കുടിവെള്ളം എത്തിക്കാനും നടപടിയായി.

വന്യജീവികളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിനുളള സഹായധനം 50,000 രൂപയില്‍നിന്ന് മൂന്നുലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. കൃഷിനാശം നേരിടുന്നവര്‍ക്ക് 50,000 രൂപയാണ് ധനസഹായം. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപ നല്‍കുന്ന പദ്ധതി ഇന്ത്യയിലാദ്യമായി നടപ്പായതും ഈ കാലഘട്ടത്തിലാണ്.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളതാപനത്തിന്റെ വെല്ലുവിളിക്ക് മുന്നില്‍ ജൈവവൈവിധ്യത്തിന്റെ കലവറയായ കാടുകളുടെ ജീവല്‍പ്രാധാന്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ വനംമന്ത്രി ബിനോയ്വിശ്വത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. വനസംരക്ഷണരംഗത്ത് അചഞ്ചലവും സുധീരവുമായ കാലഘട്ടമാണ് പിന്നിട്ടത്. ആഗോളതാപനം-മരമാണ് മറുപടി എന്ന മുദ്രാവാക്യം ഉയര്‍ത്തി നടപ്പാക്കിയ എന്റെമരം, നമ്മുടെമരം, ഹരിതതീരം, വഴിയോരതണല്‍, ഹരിതകേരളം പദ്ധതികളിലൂടെ 1.87 കോടി മരങ്ങളാണ് കേരളത്തില്‍ നട്ടുപിടിപ്പിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും വനങ്ങള്‍ കുറയുമ്പോള്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ നിക്ഷിപ്ത വനവിസ്തൃതി വര്‍ധിച്ച അപൂര്‍വതയാണ് ദൃശ്യമായത്.