Sunday, March 27, 2011

ഭരണതുടര്‍ച്ച ഉറപ്പായി: വിഎസ് അച്യുതാനന്ദന്‍

സംസ്ഥാനത്തെങ്ങും ശക്തമായ ഭരണാനുകൂലവികാരമാണ് കാണുന്നതെന്നും ഇത് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഭരണവിരുദ്ധവികാരം പ്രകടമാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് ഭരിക്കുന്ന മുന്നണിയുടെ വിജയസാധ്യത ഇല്ലാതാക്കിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, ഇത്തവണ ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നുമാത്രമല്ല, ഭരണത്തിന് അനുകൂലമായ വികാരമാണ് ദൃശ്യമാകുന്നത്. ചരിത്രം തിരുത്തിയെഴുതി എല്‍ഡിഎഫിനെ വീണ്ടും തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങളും നാടെങ്ങും കാണാം. പകുതിയിലേറെ ജില്ലകളില്‍ തെരഞ്ഞെടുപ്പുപര്യടനം പൂര്‍ത്തിയാക്കിയ തനിക്ക് പ്രചാരണരംഗത്ത് കാണാന്‍ കഴിഞ്ഞത് ഇത്തരമൊരു ആവേശതരംഗമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

ഭരണാനുകൂലവികാരത്തിന് ആധാരമായി എന്തൊക്കെയാണ് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന- ക്ഷേമപ്രവര്‍ത്തനങ്ങളും ഇതിന് വെളിച്ചമായി നിലകൊള്ളുന്ന ജനപക്ഷനിലപാടുമാണ് ഏറ്റവും പ്രധാനം. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ളം, ഐടി, ടൂറിസം തുടങ്ങിയ എല്ലാ മേഖലയിലും അഭൂതപൂര്‍വമായ വികസനമുന്നേറ്റമാണ് അഞ്ചുവര്‍ഷത്തിനിടയില്‍ ഉണ്ടായത്. ഇത് ജനജീവിതത്തിലും പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് ദേശീയതലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പന്ത്രണ്ടോളം അവാര്‍ഡ്.

പിറന്നുവീഴുന്ന ഓരോ കുട്ടിക്കും 10,000 രൂപയുടെ സ്ഥിരനിക്ഷേപം, ക്ഷേമപെന്‍ഷനുകള്‍ നാലിരട്ടികണ്ട് വര്‍ധിപ്പിച്ചത്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ജനജീവിതം അടിമുടി പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതികളാണ്. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ആളുകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി പുതിയൊരു കേരളാമോഡല്‍തന്നെ സൃഷ്ടിക്കാന്‍ പോന്നതാണ്. ഇത്രയേറെ ജനോപകാരപ്രദമായ പദ്ധതിയെ പക്ഷേ, ദുഷ്ടലാക്കോടെ കണ്ട് പാവപ്പെട്ടവരുടെ റേഷനരിയില്‍ മണ്ണുവാരിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

എന്നാല്‍, ഇതൊക്കെ പോകുന്ന പോക്കില്‍ നടത്തുന്ന കാപട്യങ്ങളാണെന്നാണല്ലോ പ്രതിപക്ഷം ആക്ഷേപിക്കുന്നത്.

അങ്ങനെ ആക്ഷേപമുള്ള പ്രതിപക്ഷം എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു ചാന്‍സുകൂടി നല്‍കി ഇത് കാപട്യമാണോ എന്ന് തെളിയിക്കാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്.

എല്‍ഡിഎഫ് രണ്ടു രൂപയ്ക്ക് അരി നല്‍കുമ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നാണല്ലോ യുഡിഎഫ് പ്രകടനപത്രിക പറയുന്നത്. ഇത് എല്‍ഡിഎഫിന് തിരിച്ചടിയാകില്ലേ.

അങ്ങനെയൊരു പ്രശ്നമേ ഉദിക്കുന്നില്ല. കാരണം യുഡിഎഫിന്റേത് വഞ്ചനയും കാപട്യവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു രൂപയ്ക്ക് അരി എന്ന പ്രഖ്യാപനം ഇതേവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ജാള്യം മറച്ചുവച്ച് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നു പറയുന്ന യുഡിഎഫിന്റെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി പദ്ധതി പ്രഖ്യാപിച്ചത് അതിനാവശ്യമായ പണം നീക്കിവച്ചിട്ടാണ്. ഇതിനൊക്കെ സഹായമായവിധം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും ട്രഷറി പൂട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വര്‍ത്തമാനകാല രാഷ്ട്രീയപ്രശ്നങ്ങള്‍ ഏതുതരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്.

രാഷ്ട്രീയ സംഭവവികാസങ്ങളാകെ എല്‍ഡിഎഫിന് അനുകൂലമാണെന്നതാണ് മറ്റൊരു സവിശേഷത. രാജ്യം ഇതേവരെ കണ്ടിട്ടില്ലാത്ത കൊടിയ അഴിമതിയുടെ കേന്ദ്രമായി യുപിഎ സര്‍ക്കാര്‍ മാറി. 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതി, രണ്ടുലക്ഷം കോടിയുടെ എസ് ബാന്‍ഡ് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി എന്നിങ്ങനെ അഴിമതിയുടെ പട്ടിക നീളുകയാണ്. രൂക്ഷമായ വിലക്കയറ്റം, അടിക്കടിയുള്ള ഇന്ധനവില വര്‍ധന, ഇപ്പോള്‍ പാചകവാതകവില ഇരട്ടിയാക്കാനുള്ള നീക്കം തുടങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും യുഡിഎഫിനെതിരായ ജനവികാരമാണ് ഉയര്‍ത്തുന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥിതിയെപ്പറ്റി എന്താണ് പറയാനുള്ളത്.

ഇവിടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥിതി അതി ദയനീയമല്ലേ. യുഡിഎഫിന്റെ ഒരു നേതാവ് അഴിമതി നടത്തിയതിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അവശേഷിച്ച നേതാക്കള്‍ പലരും അഴിമതിക്കേസുകളില്‍പ്പെട്ട് എപ്പോഴാണ് ജയിലിലേക്ക് പോകേണ്ടിവരിക എന്ന ഭീതിയില്‍ കഴിയുകയാണ്. ഇതിനുപുറമെയാണ് മുന്നണിയിലെ വിവിധ ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലും സീറ്റിനെച്ചൊല്ലിയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും ഇപ്പോഴും വിട്ടുമാറാത്ത കലഹങ്ങള്‍. മാണിയും ഗൌരിയമ്മയും എം വി രാഘവനും വീരേന്ദ്രകുമാറുമൊക്കെ നാണക്കേടും അവഹേളനവും സഹിച്ച് കഴിയുകയാണ്.

എന്നിട്ടും സര്‍ക്കാരിനെതിരെയും എല്‍ഡിഎഫിനെതിരെയും യുഡിഎഫ് നിരവധി ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ.

എല്ലാതരത്തിലും തകര്‍ന്ന് ദയനീയ നിലയിലായ യുഡിഎഫ് വല്ലാത്ത അങ്കലാപ്പിലാണ്. ജനങ്ങളെ നേരിടാന്‍തന്നെ അവര്‍ വിഷമിക്കുകയാണ്. ഇതിന്റെ ഫലമായുള്ള അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ അവര്‍ക്കെതിരെതന്നെ ഇപ്പോള്‍ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷനേതാക്കളോട് വി എസ് വ്യക്തിപരമായ പ്രതികാരം ചെയ്യുകയാണെന്നാണല്ലോ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നത്.

അതൊക്കെ ശുദ്ധ അസംബന്ധമാണ്. അഴിമതിക്കെതിരായ പോരാട്ടംമാത്രമാണ് ഞാന്‍ നടത്തുന്നത്.


*****


അഭിമുഖം നടത്തിയത് : കെ വി സുധാകരൻ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തെങ്ങും ശക്തമായ ഭരണാനുകൂലവികാരമാണ് കാണുന്നതെന്നും ഇത് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഭരണവിരുദ്ധവികാരം പ്രകടമാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് ഭരിക്കുന്ന മുന്നണിയുടെ വിജയസാധ്യത ഇല്ലാതാക്കിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, ഇത്തവണ ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നുമാത്രമല്ല, ഭരണത്തിന് അനുകൂലമായ വികാരമാണ് ദൃശ്യമാകുന്നത്. ചരിത്രം തിരുത്തിയെഴുതി എല്‍ഡിഎഫിനെ വീണ്ടും തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങളും നാടെങ്ങും കാണാം. പകുതിയിലേറെ ജില്ലകളില്‍ തെരഞ്ഞെടുപ്പുപര്യടനം പൂര്‍ത്തിയാക്കിയ തനിക്ക് പ്രചാരണരംഗത്ത് കാണാന്‍ കഴിഞ്ഞത് ഇത്തരമൊരു ആവേശതരംഗമാണെന്നും അദ്ദേഹം പറഞ്ഞു.