Saturday, March 26, 2011

പ്രതിഭയും വിപ്ലവവീര്യവും സമന്വയിപ്പിച്ച ജി ജനാര്‍ദ്ദനക്കുറുപ്പ്

ജി ജനാര്‍ദ്ദനക്കുറുപ്പിനെ ഒരു തലമുറ ഓര്‍ക്കുന്നത് കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ വലിയ വീട്ടില്‍ കേശവന്‍ നായരെന്ന ഉഗ്രപ്രതാപിയായ ജന്മിയാണ്. കോടതിമുറികളില്‍ നിയമത്തിന്റെ തലനാരിഴ കീറിവാദിക്കുന്ന പ്രഗത്ഭനായ അഭിഭാഷകനെയാണ് പുതിയ തലമുറയ്ക്ക് പരിചയം. എന്നാല്‍ അതിനൊക്കെ മുന്‍പ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ത്യജിക്കാന്‍ തയ്യാറായ ഒരു സമരധീരനെന്ന നിലയിലും അദ്ദേഹത്തെ ഓര്‍ക്കുന്ന പഴയ തലമുറയിലെ ചിലരെങ്കിലും ഇന്നുണ്ടാകാം.
ജി ജനാര്‍ദ്ദനക്കുറുപ്പിന്റെ ജീവിതം തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന ഏടുകൂടിയാണ്. ചുറ്റിലും നടക്കുന്ന അനീതിയെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരിക്കലും അദ്ദേഹത്തിന് ആയില്ല. 17കാരനായ ജനാര്‍ദ്ദനക്കുറുപ്പ് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടുന്നത് തികച്ചും യാദൃശ്ചികമായാണ്. വീടിന് സമീപമുള്ള ക്ഷേത്രനടയില്‍ ഒരു സംഘം കോണ്‍ഗ്രസുകാര്‍ യോഗം ചേരാന്‍ നടത്തിയ ശ്രമത്തെ സിപിയുടെ ശിങ്കിടികളായ കുറേ നായര്‍പ്രമാണിമാര്‍ തടഞ്ഞതുകണ്ടപ്പോള്‍ അതിനെ കായികമായി പോലും നേരിടാന്‍ ആ 17കാരന് ഒരു മടിയുമുണ്ടായില്ല. സ്വാതന്ത്ര്യസമരത്തോടുള്ള ഇഷ്ടമൊന്നുംകൊണ്ടല്ല, തന്നെ പഠിപ്പിച്ച എംജി കോശിസാറും കൂട്ടരുമാണ് യോഗം നടത്താന്‍ വന്ന കോണ്‍ഗ്രസുകാര്‍ എന്നതുതന്നെ. അവരെ അപമാനിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് ക്ഷമിക്കാനായില്ല. അങ്ങനെയാണ് ആ യോഗത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. അവിടെ നിന്ന് അങ്ങോട്ട് കോണ്‍ഗ്രസ് യോഗങ്ങളിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. 'വരിക വരിക സഹജരേ സഹനസമരസമയമായി' എന്ന് ഈണത്തില്‍ ജാഥയുടെ മുന്നില്‍ നിന്നും അദ്ദേഹം പാടുന്നത് കാണികളില്‍ ആവേശം പകര്‍ന്നു. കോണ്‍ഗ്രസ് യോഗങ്ങളില്‍ അദ്ദേഹം ഒരു അവശ്യഘടകമായി മാറി.

തിരുവനന്തപുരം നായര്‍ഹോസ്റ്റലില്‍ താമസിച്ചുകൊണ്ട് ഇന്റര്‍മീഡിയേറ്റിന് പഠിക്കുന്ന കാലം. തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി ചങ്ങമ്പുഴയുടെ 'ചാരിതാര്‍ത്ഥന്‍ ഞാന്‍' എന്ന കവിത ഉച്ചത്തില്‍ പാടുമ്പോള്‍ വാതിലിന് സമീപം മെലിഞ്ഞുനീണ്ട ഒരു സീനിയര്‍ വിദ്യാര്‍ഥി പ്രത്യക്ഷപ്പെട്ടു. 'അനിയാ അത് ആരുടെ കവിതയാണ്' ആഗതന്റെ ചോദ്യം. 'അയ്യോ അത് അറിയില്ലേ, ചങ്ങമ്പുഴയുടേതാ' മറുപടി. 'ചങ്ങമ്പുഴയെ കണ്ടിട്ടുണ്ടോ' വീണ്ടും ആഗതന്‍. 'ഇല്ല' എന്ന് മറുപടി. 'എന്നാല്‍ കണ്ടോളൂ, ഇതാ ചങ്ങമ്പുഴ'. ചങ്ങമ്പുഴയുമായുള്ള സമാഗമത്തെപ്പറ്റി ജനാര്‍ദ്ദനക്കുറുപ്പ് പറഞ്ഞതങ്ങനെയാണ്. അതിനുേശഷം അവരൊരുമിച്ച് ഒരു മുറിയിലായി താമസം. അധികം ദിവസം കഴിയുന്നതിന് മുമ്പ് ജനാര്‍ദ്ദനക്കുറുപ്പിന് ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നു. ഒരു മുസ്ലിമായ തന്റെ കൂട്ടുകാരനെ ഹോസ്റ്റലില്‍ കയറ്റി ചായ സല്‍ക്കാരം നടത്തിയെന്നതാണ് കുറ്റം. ക്ഷമപറഞ്ഞാല്‍ ഹോസ്റ്റലില്‍ തുടര്‍ന്ന് താമസിക്കാമെന്നായി വാര്‍ഡന്‍. അദ്ദേഹത്തിന്റെ അഭിമാനബോധം അതിന് അനുദിച്ചില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. കോഷന്‍ഡിപ്പോസിറ്റും വാങ്ങി അപ്പോഴേ അദ്ദേഹം സ്ഥലംവിട്ടു.

1942കാലം. പൊന്നറയുടെ ശിഷ്യനായ ജനാര്‍ദ്ദനക്കുറുപ്പ് പൊലീസിന്റെ നോട്ടപ്പുള്ളി. യൂത്ത്‌ലീഗിന്റെ സജീവപ്രവര്‍ത്തകനായി മാറിയ അദ്ദേഹം ശക്തമായ വിദ്യാര്‍ഥിപ്രസ്ഥാനം കെട്ടിപ്പടുത്തു. അന്ന് ജനാര്‍ദ്ദനക്കുറുപ്പിനെയും ശശാങ്കനെയും (പിന്നീട് എസ്എന്‍ കോളജില്‍ നിന്ന് റിട്ടയര്‍ ചെയ്ത അധ്യാപകന്‍) പൊലീസ് ക്ലാസ്മുറിയില്‍ നിന്നാണ് പിടിച്ചുകൊണ്ടുപോയത്. അന്ന് ഐജി അബ്ദുല്‍ കരീം നേരിട്ട് പാളയം സ്റ്റേഷനിലെത്തി സമരങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന മറുപടി കിട്ടിയപ്പോള്‍ ഭക്തിവിലാസത്തില്‍പ്പോയി സിപിയെ കാണാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു പൊലീസുകാരനെ കൂട്ടി ഭക്തിവിലാസത്തേക്ക് അയയ്ക്കുകയും ചെയ്തു. സര്‍ സിപിയും ധാരാളം ഉപദേശിച്ചു. രാജ്യത്തിനുേവണ്ടി പൊരുതിമരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞപ്പോള്‍ 'ഈ കുട്ടിക്ക് ചൂട് വളരെ കൂടുതലാണ്. അയാളെ നല്ല തണുപ്പുള്ള സ്ഥലത്ത് വിശ്രമിക്കുവാന്‍ സൗകര്യം നല്‍കണം. പിന്നെ അയാള്‍ക്ക് ധാരാളം ഐസ്‌ക്രീം നല്‍കി തണുപ്പിക്കുകയും വേണം' അതായിരുന്നു സിപിയുടെ മറുപടി. ഉടന്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്ത് വര്‍ക്കല സ്റ്റേഷനിലേക്ക് കൊണ്ടുേപായി. സ്റ്റേഷനിലെ ദുരിതജീവിതം സഹികെട്ട് മിനിമം സൗകര്യങ്ങള്‍ക്കുവേണ്ടി മരണം വരെ ഉപവാസം ആരംഭിച്ചു. ഗത്യന്തരമില്ലാതെ പൊലീസിന് ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവന്നു. തുടര്‍ന്ന് നാല് മാസക്കാലം നെടുമങ്ങാട് ലോക്കപ്പില്‍ കഴിഞ്ഞു.

കെ ബാലകൃഷ്ണനും മാരാരിത്തോട്ടത്ത് രാഘവന്‍പിള്ളയും മധുരയില്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. അവിടെയും സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തീര്‍ന്ന അദ്ദേഹം നിരവധി യോഗങ്ങളില്‍ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ നടത്തി ജനശ്രദ്ധ ആകര്‍ഷിച്ചു. പ്രസംഗകലയില്‍ കെ ബാലകൃഷ്ണനും ജി ജനാര്‍ദ്ദനക്കുറുപ്പും അസാമാന്യ പാടവമാണ് പ്രദര്‍ശിപ്പിച്ചത്. തങ്ങള്‍ ഒരു ഞെട്ടില്‍ പൂത്ത കുസുമങ്ങളാണെന്നാണ് ജനാര്‍ദ്ദനക്കുറുപ്പ് പറയാറുള്ളത്. പ്രസംഗകലയിലും അഭിനയകലയിലും ഇരുവരും ശോഭിച്ചിരുന്നു. എക്കണോമിക്‌സില്‍ ഒന്നാംക്ലാസില്‍ ഒന്നാംറാങ്കോടുകൂടിയാണ് ജനാര്‍ദ്ദനക്കുറുപ്പ് വിജയിച്ചത്.

പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്ത സഖാക്കളെ അതി ക്രൂരമായി പൊലീസ് മര്‍ദ്ദിക്കുന്നത് നാട്ടിലെമ്പാടും കടുത്ത പ്രതിഷേധം ഉളവാക്കി. ടി വി തോമസും എംഎന്‍ ഗോവിന്ദന്‍നായരും അന്ന് ജയിലിലാണ്. അവരെ കാണാന്‍ ജനാര്‍ദ്ദനക്കുറുപ്പ് എത്തി. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അവരെ കണ്ടത്. അന്ന് ടി വി തോമസ് പറഞ്ഞ വാചകം ജനാര്‍ദ്ദനക്കുറുപ്പ് ഓര്‍മ്മിച്ചു. 'ഞങ്ങള്‍ക്കെന്നും തല്ലാണ്. ഇവിടെ നിന്ന് ഞങ്ങള്‍ രക്ഷപെടില്ല. വിപ്ലവത്തിന്റെ കടമ നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ നിര്‍വഹിക്കണം. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് 'സിപി അധികനാള്‍ ജീവിച്ചിരിക്കില്ല. നിങ്ങള്‍ സുരക്ഷിതരായി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും വരും'. ആ വാചകം വെറുതെ പറഞ്ഞതല്ല. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് സിപിയെ വെട്ടാന്‍ തയ്യാറെടുക്കുന്ന കെസിഎസ് മണിയായിരുന്നു. സിപിയെ വധിക്കാന്‍ വിപുലമായ ആലോചനകളാണ് അന്ന് നടന്നത്. ശ്രീകണ്ഠന്‍നായരും ജനാര്‍ദ്ദനക്കുറുപ്പും കുമ്പളത്ത് ശങ്കുപ്പിള്ളയുമെല്ലാം അതില്‍ പങ്കാളികളായിരുന്നു. ആയുധം വാങ്ങാന്‍ മണിയുമൊത്ത് ജനാര്‍ദ്ദനക്കുറുപ്പ് തമിഴ്‌നാട്ടില്‍ പോയെങ്കിലും പരിചയമില്ലാത്തവര്‍ക്ക് തോക്ക് നല്‍കാന്‍ അവിടുത്തെ ആയുധവ്യാപാരി തയ്യാറാകാത്തതിനാല്‍ നിരാശയോടെ മടങ്ങിവരേണ്ടിവന്നു. പിന്നീടാണ് വെട്ടുകത്തി ഒരുക്കിയത്. സിപിയെ മണി വെട്ടുന്ന സമയത്ത് ജനാര്‍ദ്ദനക്കുറുപ്പ് മധുരയില്‍ മാത്യുതരകന്റെ വസതിയിലായിരുന്നു. സംഭവത്തിനുശേഷം പാലക്കാട്ട് വച്ച് മണിയുമായി അദ്ദേഹം സന്ധിച്ചു.

പില്‍ക്കാലത്ത് കെഎസ്പിയില്‍ നിന്ന് രാജിവച്ച് മദ്രാസ് ലാ കോളജില്‍ ഉപരിപഠനത്തിനുപോയി. ജയില്‍ ചാടി വന്ന എം എന്‍ മദ്രാസിലെത്തി. എം എന്‍നുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. എമ്മെനുമായി 15 മിനിട്ട് സംസാരിച്ചാല്‍ ആരും കമ്മ്യൂണിസ്റ്റാകുമെന്നാണ് ജനാര്‍ദ്ദനക്കുറുപ്പ് അതേപ്പറ്റി പറഞ്ഞത്. എം എന്‍ന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് മദ്രാസില്‍ നിന്ന് എറണാകുളം ലാ കോളജിലേക്ക് പ്രവേശനം വാങ്ങി. അവിടെവച്ചാണ് രാജഗോപാലന്‍നായരുമായി പരിചയപ്പെടുന്നത്. ഇരുവരും ചേര്‍ന്ന് 'പൊരുതുന്ന കൊറിയ' എന്ന നിഴല്‍നാടകം അവതരിപ്പിച്ചത് കോളജില്‍ ഏറെ ചര്‍ച്ചാവിഷയമായി. പുനലൂര്‍ രാജഗോപാലന്‍നായരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കെഎസ് ജോര്‍ജ്ജുമായി പരിചയപ്പെടുന്നത്. അതിനുശേഷം ഒരു കലാസമിതി രൂപീകരിക്കണമെന്ന ഉത്ക്കടമായ ആഗ്രഹത്തിനൊടുവില്‍ തിരുവനന്തപുരത്ത് സിപി സത്രത്തിലിരുന്ന് കെപിഎസിക്ക് രൂപം നല്‍കി. സുപ്രസിദ്ധ അഭിഭാഷകനായ കെഎസ് രാജാമണിയുടെ സഹായവുമുണ്ടായി. അന്നത്തെ കോണ്‍ഗ്രസ് തൊഴില്‍മന്ത്രി കുഞ്ഞുരാമന്റെ സാമ്പത്തിക സഹായവും അനുഗ്രഹമായി. തുടര്‍ന്ന് എന്റെ മകനാണ് ശരിയെന്ന നാടകത്തിന് രൂപം നല്‍കി. ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍നായരും സുലോചനയും നാടകത്തില്‍ അഭിനയിച്ചു. തോപ്പില്‍ഭാസി ഒളിവിലിരുന്നുകൊണ്ടെഴുതിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം അത്യാവശ്യം മാറ്റങ്ങളോടുകൂടി രംഗത്ത് അവതരിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. അന്ന് മധ്യകേരളത്തില്‍ നടന്നിരുന്ന കര്‍ഷകതൊഴിലാളികളുടെയും മറ്റ് തൊഴിലാളികളുടെയും വര്‍ഗസമരത്തിന്റെ ചൂടും, അവരും ജന്മിമുതലാളിമാരും ഏറ്റുമുട്ടുന്ന സംഘട്ടനവും ആ നാടകത്തെ ജനഹൃദയങ്ങളില്‍ ആവേശം കൊള്ളിച്ചു. ഭാസിയുടെ അനുമതിയോടെ അത് സംഗീതനാടകമാക്കി മാറ്റാന്‍ അവര്‍ തീരുമാനിച്ചു. പുതിയ രംഗങ്ങള്‍ കൂടി എഴുതിയുണ്ടാക്കി. പ്രേമഗാനങ്ങളും യുഗ്മഗാനങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചു. 'പൊന്നരിവാളും.... പൂത്തമരക്കൊമ്പും...., നേരംേപായി..., വെള്ളാരംകുന്നിലെ എന്നീ ഗാനങ്ങള്‍ കെഎസ് ജോര്‍ജ്ജിന്റെയും സുലോചനയുടെയും കണ്ഠത്തില്‍ നിന്ന് ഉതിര്‍ന്നപ്പോള്‍ അതിന് പുതിയൊരു രൂപവും ഭാവവുമുണ്ടായി. ചവറയില്‍ 1952 ഡിസംബര്‍ ആറിന് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ചരിത്രപ്രസിദ്ധ നാടകം ചവറ സുദര്‍ശന ടാക്കീസില്‍ അരങ്ങേറി. അതൊരു ജൈത്രയാത്രയായിരുന്നു. നിരോധനങ്ങള്‍, എതിരാളികളുടെ അക്രമങ്ങള്‍, ദുഷ്പ്രചരണങ്ങള്‍ എല്ലാത്തിനെയും നേരിട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘശക്തിയുടെ ഉണര്‍ത്തുപാട്ടായി ആ നാടകം മുന്നേറി.

ചവറയില്‍ മധുസൂദനന്‍പിള്ള എന്ന മാടമ്പിയുടെ അക്രമം കൊടികുത്തി വാഴുന്ന കാലം. കമ്മ്യൂണിസ്റ്റുകാരായ ചെറുപ്പക്കാര്‍ അതിനെ ചെറുക്കാന്‍ മുന്നോട്ടുവന്നു. കെപിഎസിയുടെ കണ്‍വീനറായിരുന്ന കോടാകുളങ്ങര വാസുപിള്ള അതിന്റെ മുന്നിലുണ്ടായിരുന്നു. 1953ല്‍ ഒരു രാത്രിയില്‍ മധുസൂദനന്‍പിള്ള വെട്ടേറ്റ് മരിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ ആ കേസ് ഊര്‍ജ്ജിതമായി നടന്നു. അതിനെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറെ പാടുപെട്ടു. കെപിഎസിയിലെ കേശവന്‍പോറ്റിസാറിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി തന്നെ കേസ് നടത്തി. ജി ജനാര്‍ദ്ദനക്കുറുപ്പും ആ കേസില്‍ പ്രതിയാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.

നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് ജനാര്‍ദ്ദനക്കുറുപ്പ് കടന്നുവന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ക്രൂരമായ ആക്രമണത്തിന് അദ്ദേഹം വിധേയനായി. പില്‍ക്കാലത്ത് അദ്ദേഹം കെപിഎസി വിട്ടു. അഭിഭാഷകവൃത്തിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്തായിരുന്നു. 1970ല്‍ എന്‍ ശ്രീകണ്ഠന്‍നായര്‍ക്കെതിരെ കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകനെന്ന് അദ്ദേഹം പേരെടുത്തു. കൊല്ലത്ത് നിന്ന് താമസം എറണാകുളത്തേക്ക് മാറ്റുകയും ചെയ്തു. 500ല്‍പ്പരം കൊലപാതകകേസുകള്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഗവണ്‍മെന്റ് പ്ലീഡറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതകാലം മുഴുവന്‍ പുരോഗമന പ്രസ്ഥാനത്തിന്റെ വളര്‍ച്ച സ്വപ്നംകണ്ട ആ സ്‌നേഹഗായകന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത അത്ര വേഗം നികത്താനാവില്ല.

*
പി എസ് സുരേഷ് കടപ്പാട്: ജനയുഗം ദിനപത്രം 26 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജി ജനാര്‍ദ്ദനക്കുറുപ്പിനെ ഒരു തലമുറ ഓര്‍ക്കുന്നത് കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ വലിയ വീട്ടില്‍ കേശവന്‍ നായരെന്ന ഉഗ്രപ്രതാപിയായ ജന്മിയാണ്. കോടതിമുറികളില്‍ നിയമത്തിന്റെ തലനാരിഴ കീറിവാദിക്കുന്ന പ്രഗത്ഭനായ അഭിഭാഷകനെയാണ് പുതിയ തലമുറയ്ക്ക് പരിചയം. എന്നാല്‍ അതിനൊക്കെ മുന്‍പ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ത്യജിക്കാന്‍ തയ്യാറായ ഒരു സമരധീരനെന്ന നിലയിലും അദ്ദേഹത്തെ ഓര്‍ക്കുന്ന പഴയ തലമുറയിലെ ചിലരെങ്കിലും ഇന്നുണ്ടാകാം.

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.