Monday, March 7, 2011

നാടിനെ രക്ഷിക്കാനുള്ള പോരാട്ടം

കെട്ടഴിച്ച് പായുന്ന വിലക്കയറ്റത്തിനും ഉന്നത ഭരണതലത്തില്‍ മഹാമാരിയായി പടര്‍ന്നുപിടിച്ച അഴിമതിക്കുമെതിരെ അതിശക്തമായ പ്രക്ഷോഭമുയര്‍ത്താനുള്ള സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ ആഹ്വാനം രാജ്യത്തെ എല്ലാ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളും ഏറ്റെടുക്കേണ്ടതും എല്ലാ വിഭാഗം ജനങ്ങളും ചെവിക്കൊള്ളേണ്ടതുമാണ്. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും നീതിപീഠങ്ങളെയും കബളിപ്പിച്ചും മറികടന്നും അഴിമതിയുടെ കറുത്തകുതിരകള്‍ പായുമ്പോള്‍ പിടിച്ചുകെട്ടാന്‍ ജനശക്തി ഉണര്‍ന്നേ തീരൂ.

ഇന്ത്യാ രാജ്യത്തെ കര്‍ഷകരും ഗ്രാമീണ ദരിദ്രരുമടങ്ങുന്ന ജനകോടികളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാനും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കാനും പൊതുമേഖലാ ഓഹരിവില്‍പ്പന തടയാനും ചില്ലറവില്‍പ്പന രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാതിരിക്കാനും തൊഴിലുറപ്പു പദ്ധതിയും വനാവകാശനിയമവും ഫലപ്രദമായി നടപ്പാക്കിക്കാനും സമരത്തിനിറങ്ങാനാണ് സിപിഐ എം ആഹ്വാനം ചെയ്തിട്ടുള്ളത്. ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പിലൂടെമാത്രം നേടാനാവുന്ന ആവശ്യങ്ങളാണിവ.

കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഉല്‍പ്പന്നമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി. നവഉദാരവല്‍ക്കരണത്തിന്റെ; സാമ്രാജ്യത്വ വിധേയത്വത്തിന്റെ വക്താക്കളായി രാജ്യത്തെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയും അഴിമതിയുടെ നടത്തിപ്പുകാരാവുകയും ചെയ്യുന്ന യുപിഎ ഭരണത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും അവര്‍ കൊട്ടിഘോഷിക്കുന്നതല്ല വികസനമെന്നും ബദല്‍ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും മാതൃക ഇതാ എന്ന് തൊട്ട് ചൂണ്ടിക്കാട്ടാനുമുള്ളതാവണം വരാനിരിക്കുന്ന ജനമുന്നേറ്റം. കേരളത്തിലും പശ്ചിമ ബംഗാളിലുമടക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കേണ്ടതും ഈ ജനമുന്നേറ്റത്തിന് അനുരോധമാകേണ്ടതുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രധാനമായും രണ്ട് വലതുപക്ഷ കക്ഷികളുടെ നിയന്ത്രണത്തില്‍ നിര്‍ത്തുക എന്ന മൂലധന താല്‍പ്പര്യത്തെ തകര്‍ക്കുക പ്രധാനമാണ്. ഒന്നാം യുപിഎ സര്‍ക്കാരിനെക്കൊണ്ട് ജനപക്ഷ നയങ്ങള്‍ നടപ്പാക്കിക്കുന്നതിനും നവലിബറല്‍ നയങ്ങളെയും സാമ്രാജ്യത്വത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള തള്ളിക്കയറ്റത്തെയും ചെറുത്തുതോല്‍പ്പിക്കുന്നതിനുമാണ് ഇടതുപക്ഷം ശ്രമിച്ചിരുന്നത്. പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുന്നതിലും ബജറ്റുകള്‍ ജനപക്ഷമാക്കുന്നതിനും വനാവകാശനിയമം, തൊഴിലുറപ്പ് പദ്ധതി, വിവരാവകാശനിയമം എന്നിവ കൊണ്ടുവരുന്നതിനും പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായും പെട്രോളിയം വിലവര്‍ധനയ്ക്കെതിരെയും സാമ്രാജ്യത്വാനുകൂല വിദേശനയത്തിനെതിരെയും ഇടതുപക്ഷം നടത്തിയ ഇടപെടലുകളാണ് ഒന്നാം യുപിഎ സര്‍ക്കാരിനെ ഇന്ന് ജനങ്ങള്‍ ഓര്‍ക്കാന്‍തന്നെ കാരണം. ആ ഇടപെടലുകള്‍തന്നെയാണ് സാമ്രാജ്യത്വ ശക്തികളെയും കേന്ദ്ര ഭരണാധികാരികളെയും പ്രകോപിപ്പിച്ചതും.

ഇടതുപക്ഷത്തെ ഏതുവിധേനയും തകര്‍ക്കുക എന്ന മിനിമം പരിപാടിയുമായി വലതുപക്ഷ ശക്തികളാകെ കൈകോര്‍ത്ത് മുന്നോട്ടുപോകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അതിനായി വിഘടന-വിധ്വംസക-തീവ്രവാദ പ്രസ്ഥാനങ്ങളെപ്പോലും കൂട്ടുപിടിക്കാന്‍ അവര്‍ മടിച്ചുനില്‍ക്കുന്നില്ല. രാജ്യത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തിയും ഇടപെടല്‍ശേഷിയും ഇല്ലാതാക്കണമെങ്കില്‍ ബംഗാളിലും കേരളത്തിലുംതന്നെ ഇടതുപക്ഷത്തെ തകര്‍ക്കണം എന്നാണ് വലതുപക്ഷം കരുതുന്നത്. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടപ്പാക്കിയതും നടപ്പാക്കിവരുന്നതുമായ ജനപക്ഷ ബദല്‍ നയങ്ങളെ വലതുപക്ഷം അങ്ങേയറ്റം ഭയക്കുന്നു.

ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും തമ്മിലുള്ള താരതമ്യം ഇടതുപക്ഷത്തിന്റെ ഇടപെടല്‍ എത്രമാത്രം ഗുണപരമായ മാറ്റം വരുത്തിയിരുന്നു എന്ന് തെളിയിക്കുന്നതാണ്. 2008ല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോഴാണ് അതുവരെ തടഞ്ഞുവച്ചിരുന്ന നവലിബറല്‍ നയങ്ങള്‍ തിരക്കിട്ട് നടപ്പാക്കാന്‍ ആരംഭിച്ചതും അഴിമതി വ്യാപകമായതും അത് സങ്കല്‍പ്പാതീതമായ അവസ്ഥയിലേക്ക് വളര്‍ന്നതും. ഇന്ന് ഇന്ത്യയില്‍ അഴിമതി രാജ് ആണെന്ന് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നു. ലക്ഷം കോടികളുടെ അഴിമതി നടത്തിയ കേന്ദ്രമന്ത്രി തിഹാര്‍ ജയിലിന്റെ തറയില്‍ കിടക്കുന്നു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാനും യഥാവിധി അന്വേഷണം നടത്താനും മടിച്ചുനില്‍ക്കുന്ന യുപിഎ നേതൃത്വമാകട്ടെ, ലോക്‌സഭയില്‍ അംഗസംഖ്യ ഒപ്പിച്ചെടുക്കാന്‍ ഏത് പ്രാദേശിക-വിധ്വംസക ശക്തിയുടെയും ചെരുപ്പ് തുടച്ചുമിനുക്കാന്‍ സന്നദ്ധരായിരിക്കുന്നു.അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ഉപാധിക്ക് കീഴടങ്ങിയും പ്രലോഭനങ്ങള്‍ വാരിവിതറിയും ചെറു പ്രാദേശിക പാര്‍ടികളെ വലയിട്ടു പിടിക്കുന്ന; പ്രാദേശിക പാര്‍ടികളുടെ കണ്ണുരുട്ടലില്‍ ഭയപ്പെട്ടുപോകുന്ന കേന്ദ്രഭരണ കക്ഷിയെയാണ് ഇന്ന് രാജ്യം കാണുന്നത്. അവര്‍ക്കുമുന്നില്‍ അഴിമതിയോ പൊതുമേഖല വിറ്റ് തുലയ്ക്കലോ ജനങ്ങളുടെ കൊടിയ ദുരിതങ്ങളോ വിഷയമാകുന്നേ ഇല്ല.

കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നയങ്ങള്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദലുകളാണ്. ഈ സര്‍ക്കാരുകളെ അട്ടിമറിച്ചാലേ അത്തരം ബദല്‍ ഇല്ലാതാകൂ എന്ന ബോധ്യത്തോടെ വലതുപക്ഷം തീവ്രമായ നീക്കങ്ങള്‍ നടത്തുകയാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട് എന്നും അതാണ് ഇന്ത്യയുടെ രക്ഷയ്ക്കുള്ള ഉപാധി എന്നും തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ജനങ്ങളെ അണിനിരത്തുന്നത് സിപിഐ എം ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭത്തിന്റെ സുപ്രധാന വശമാണ്. വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീര്‍ച്ചയായും ഈ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടും. തെരഞ്ഞെടുപ്പിലെ മുഖ്യ സ്വാധീന ഘടകമാകേണ്ടതും ഇതുതന്നെ.


*****


ദേശാഭിമാനി മുഖപ്രസംഗം 07032011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നയങ്ങള്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദലുകളാണ്. ഈ സര്‍ക്കാരുകളെ അട്ടിമറിച്ചാലേ അത്തരം ബദല്‍ ഇല്ലാതാകൂ എന്ന ബോധ്യത്തോടെ വലതുപക്ഷം തീവ്രമായ നീക്കങ്ങള്‍ നടത്തുകയാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട് എന്നും അതാണ് ഇന്ത്യയുടെ രക്ഷയ്ക്കുള്ള ഉപാധി എന്നും തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ജനങ്ങളെ അണിനിരത്തുന്നത് സിപിഐ എം ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭത്തിന്റെ സുപ്രധാന വശമാണ്. വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീര്‍ച്ചയായും ഈ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടും. തെരഞ്ഞെടുപ്പിലെ മുഖ്യ സ്വാധീന ഘടകമാകേണ്ടതും ഇതുതന്നെ.