Tuesday, March 22, 2011

നല്‍കിയത് ജീവജലം

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ജലവിഭവവകുപ്പിലുണ്ടായ മാറ്റം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനു തെളിവാണ്. ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് ഈ കാലയളവില്‍ നല്‍കിയത്. അതിനു തെളിവാണ് വകുപ്പിന് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍. സമുചിതമായ ജല വിനിയോഗവും ജല സംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിച്ച 2008ലെ ജലനയം മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ് അടിവരയിടുന്നത്.

ചരിത്രത്തിലാദ്യമായാണ് മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനത്തിന് ആശ്വാസകരമായ ഉത്തരവുകള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായത്. ഡാമിന്റെ സുരക്ഷാഭീഷണി കോടതിയെ ബോധ്യപ്പെടുത്തുന്നതിന് പഠനങ്ങളും നിയമസംവിധാനവും പരാമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണം. പുതിയ ഡാം നിര്‍മാണത്തിനുള്ള നടപടിയും സ്വീകരിച്ചു. ശുദ്ധജലവിതരണത്തില്‍ ചരിത്രപരമായ നേട്ടമാണ് കൈവരിച്ചത്. വിവിധ പദ്ധതികളിലൂടെ രണ്ടു കോടിയിലധികംപേര്‍ക്ക് കുടിവെള്ളമെത്തിക്കാനുതകുന്ന പദ്ധതികളാണ് അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കിയത്. 222 ചെറുകിടപദ്ധതികളും 69 വന്‍കിടപദ്ധതികളും പ്രാബല്യത്തില്‍ വരുത്തി. 823 സ്കൂള്‍ ശുദ്ധജലവിതരണ പദ്ധതികള്‍, 3399 വര്‍ഷയൂണിറ്റുകള്‍, 57 സുനാമി പുനരധിവാസപദ്ധതികള്‍ എന്നിവ പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ ചിലതുമാത്രം. ഗ്രാമീണമേഖലയിലെ ശുദ്ധജലവിതരണത്തിന് 300 കോടി രൂപയുടെ ഭരണാനുമതി നല്‍കി. വെല്ലിങ്ട കുടിവെള്ളവിതരണം, പേപ്പാറ ഡാമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. ഗുരുവായൂര്‍ ഡ്രൈനേജ് പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി. കുമരകം- തിരുവാര്‍പ്പ് കുടിവെള്ള പദ്ധതിക്ക് 24.05 കോടി രൂപയാണ് വകയിരുത്തിയത്. ജലദൌര്‍ലഭ്യമുള്ള ഗ്രാമീണമേഖലയില്‍ നബാര്‍ഡിന്റെ സഹായത്തോടെ ശുദ്ധജലമെത്തിക്കാനുള്ള പദ്ധതികളും പൂര്‍ത്തികരണത്തിലാണ്. മുടങ്ങിക്കിടന്ന 17 നഗര ശുദ്ധജലവിതരണപദ്ധതികള്‍ ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. കൊച്ചി ഹഡ്കോ ശുദ്ധജല വിതരണപദ്ധതി പൂര്‍ത്തീകരിച്ചു. ശുദ്ധജലക്ഷാമം അനുഭവിക്കുന്ന വൈപ്പിന്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട പഞ്ചായത്തുകളില്‍ അധികമായി ജലം വിതരണംചെയ്തു. മലമ്പുഴയില്‍ പുതുതായി നിര്‍മി ച്ച ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി ശുദ്ധജലവിതരണപദ്ധതി പതിനായിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്.

മുപ്പതിനായിരത്തിലധികം പേര്‍ ഗുണഭോക്താക്കളായ പൂതാടി പദ്ധതിയും ഈ കാലയളവില്‍ പൂര്‍ത്തിയായി. കൊല്ലം ആലപ്പുഴ ജില്ലയിലെ സുനാമി ബാധിത പ്രദേശങ്ങളിലെ പദ്ധതിയും ആലിപ്പാട്, ക്ളാപ്പാന, ഓച്ചിറ, കരുനാഗപ്പള്ളിയിലെ സമഗ്ര ശുദ്ധജലവിതരണപദ്ധതിയും കായംകുളം മുനിസിപ്പാലിറ്റിയിലെയും ആറാട്ടുപ്പുഴ പഞ്ചായത്തിലെയും ശുദ്ധജലവിതരണ പദ്ധതിയും പൂര്‍ത്തീകരിച്ചു. ചവറ- പന്മന പദ്ധതിയും നടപ്പാക്കി. മലബാറിന്റെ ചിരകാല സ്വപ്നമായ ചമ്രവട്ടം ജലസേചന പദ്ധതി പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 150 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഉപഭോക്താവിന്റെ പരാതി പരിഹരിക്കാന്‍ കംപ്യൂട്ടറൈസ്ഡ് പരാതി പരിഹാര സെല്‍ ആരംഭിച്ചു. ജില്ലകള്‍ തോറും സംഘടിപ്പിച്ച റവന്യൂ അദാലത്തുകള്‍ വന്‍ വിജയമായിരുന്നു. ബാങ്കുകളില്‍ വാട്ടര്‍ബില്‍ അടയ്ക്കാനുള്ള സംവിധാനമുണ്ടാക്കിയതും ഈ കാലയളവിലാണ്. ഭൂഗര്‍ഭജലം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും സമഗ്രപദ്ധതികള്‍ ആവിഷ്കരിച്ചു. ജലഗുണനിലവാര പരിശോധന ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനായി വിദ്യാര്‍ഥികളും ത്രിതലപഞ്ചായത്തുമായി ചേര്‍ന്ന് 'സുജല പദ്ധതി' നടപ്പാക്കി. കേരളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി ജനകീയ പങ്കാളിത്തത്തോടെ ജലസുരക്ഷപദ്ധതി ആരംഭിച്ചു. എല്ലാ ജില്ലയിലും ജലഗുണനിലവാരം പരിശോധിക്കാന്‍ ലാബുകള്‍ സ്ഥാപിക്കാനും കഴിഞ്ഞു. ആലുവായിലെ മരടില്‍ സ്റേറ്റ് റഫറല്‍ ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു.

പരിസ്ഥിതിയെ തൊട്ടറിഞ്ഞ ജലനയം

ജലവിനിയോഗവും ജലസംരക്ഷണവും ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ജലദൌര്‍ലഭ്യമാണെന്ന് മുന്‍കൂട്ടി കണ്ടാണ് ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്. പാരിസ്ഥിതികസംരക്ഷണവും ജലവിഭവസംരക്ഷണവും അടിയന്തിരപ്രാധാന്യമുള്ള താണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജലനയം രൂപീകരിച്ചത്. ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങള്‍ ചെറുക്കുന്നതിനുള്ള പരിപാടികളും ആവിഷ്കരിച്ചു. ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം സംരക്ഷിക്കേണ്ടത് ഓരോ പൌരന്റെയും ഉത്തരവാദിത്തമാണ്. അതിനായുള്ള നിരവധി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്.

നദീതടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍, ജല സ്രോതസ്സുകളുടെ സുസ്ഥിരത, ശുദ്ധജലത്തിന്റെ ലഭ്യത തുടങ്ങി അനവധി പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷക്കാലത്തിനിടെ നടത്തിയിട്ടുണ്ട്. 2007-08 ജലസംരക്ഷണ ബോധവല്‍ക്കരണ വര്‍ഷമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ സംഘടിപ്പിച്ച നീരറിവ് ക്വിസ് പരിപാടിയുടെ ലക്ഷ്യം ജലത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു. ഇത്തരം പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. ജലഗുണനിലവാര പരിശോധന ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സുജല. വിദ്യാര്‍ഥികളും ത്രിതല പഞ്ചായത്തുകളുമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 21 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ജലവിഭവവകുപ്പിലുണ്ടായ മാറ്റം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനു തെളിവാണ്. ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് ഈ കാലയളവില്‍ നല്‍കിയത്. അതിനു തെളിവാണ് വകുപ്പിന് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍. സമുചിതമായ ജല വിനിയോഗവും ജല സംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിച്ച 2008ലെ ജലനയം മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ് അടിവരയിടുന്നത്.