Thursday, March 10, 2011

ദൈവത്തിന്റെ നാട്, സമാധാനത്തിന്റെയും

സമാധാനപ്രേമികള്‍ നടുക്കത്തോടെമാത്രം ഓര്‍ക്കുന്ന യുഡിഎഫ് ഭരണകാലയളവില്‍നിന്ന് കേരളം ഒരുപാട് ദൂരം സഞ്ചരിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം ഏതാണെന്ന ചോദ്യത്തിന് കേരളം എന്ന് മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ക്രമസമാധാനനിലയില്‍ കേരളം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയ്ക്കാകെ മാതൃകയാണ്. അതിനു തെളിവാണ് ഈ കാലയളവില്‍ കേരള പൊലീസിനു ലഭിച്ച അംഗീകാരങ്ങളുടെ നീണ്ടനിര.

പട്ടാപ്പകല്‍പോലും തെരുവുകളില്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളെ മുംബൈ അധോലോകത്തെ അനുസ്മരിപ്പിക്കുംവിധമുള്ള പ്രദേശമാക്കിമാറ്റിയ കാലയളവില്‍നിന്നാണ് കേരളം മാറിയത്. ഭരണം അവസാനിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ നിയമം കൊണ്ടുവരാന്‍ യുഡിഎഫ് തയ്യാറായത്. എന്നാല്‍,ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ðഒരാളെപ്പോലും കസ്റഡിയിലെടുത്തില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ശക്തമായ ഗുണ്ടാനിയമം പാസാക്കി. കേരളത്തെ സമാധാനജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.

ബ്രിട്ടീഷ് ഭരണകാലത്തെ പൊലീസ് ആക്ടിന്റെ ചുവടുപിടിച്ചുള്ള കേരളാ പൊലീസ് നിയമം സമഗ്രമായി പരിഷ്കരിച്ചത് ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടമായി. പ്രതിപക്ഷ നേതാവിനെക്കൂടി ഉള്‍പ്പെടുത്തിയാണ് സ്റേറ്റ് സുരക്ഷാ കമീഷന്‍ നടപ്പില്‍ വരുത്തിയത്. പൊലീസിനെ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് പൊലീസ് കംപ്ളയിന്റ്സ് അതോറിറ്റികളും പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ കേള്‍ക്കുന്നതിന് പൊലീസ് എസ്റാബ്ളിഷ്മെന്റ് ബോര്‍ഡിനും രൂപം നല്‍കി. എല്‍ഡിഎഫ് ഭരണകാലയളവില്‍ കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 2010ല്‍ രേഖപ്പെടുത്തിയത്.

ജനമൈത്രി സുരക്ഷാ പദ്ധതി എന്ന പേരിലാരംഭിച്ച കമ്യൂണിറ്റി പൊലീസിങ് ജനങ്ങളും പൊലീസും തമ്മിലുള്ള സഹകരണം വര്‍ധിപ്പിച്ച മാതൃകാ പദ്ധതിയായി. 140ല്‍പരം സ്റേഷനുകളില്‍ നടപ്പാക്കിയ ജനമൈത്രി പൊലീസ് ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയാണ്. പൊലീസ് സ്റേഷനുകളില്‍ റിസപ്ഷന്‍ കൌണ്ടറുകള്‍ ആരംഭിച്ചതും ഈ കാലയളവിലാണ്. പൊലീസ് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും കടന്നുചെല്ലാവുന്ന ആശ്രയസ്ഥാനമായി മാറി. സ്റുഡന്റ് പൊലീസ്, ജനമൈത്രി യുവകേന്ദ്രം, പെണ്‍കുട്ടികള്‍ക്കായി ജാഗ്രതാ സമിതികള്‍, വനിതാ ഹെല്പ് ലൈന്‍ എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റി. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ ദേശീയശ്രദ്ധ നേടാന്‍ കേരളത്തിന് കഴിഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രാധാന്യം ആദ്യം തിരിച്ചറിഞ്ഞ ആദ്യ സംസ്ഥാനമാണ് കേരളം.

പ്രധാന നഗരങ്ങളില്‍ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും വേര്‍തിരിച്ചു. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനം കൂടുതല്‍ð കാര്യക്ഷമമാക്കുന്നതിന് കേസ് അന്വേഷണതിന് പ്രത്യേക വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചു. കുറ്റാന്വേഷണം ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി മുമ്പൊരുകാലത്തും ഇല്ലാത്തവിധമുള്ള ആധുനിക വല്‍ക്കരണ നടപടികളാണ് ഉണ്ടായത്. തീര സുരക്ഷയ്ക്ക് കടലോര ജാഗ്രതാ സമിതികളും തീരദേശ പൊലീസ് സ്റേഷനുകളും നിലവില്‍വന്നു. ആരാധനാലയങ്ങളില്‍ നടക്കുന്ന മോഷണം അന്വേഷിക്കുന്നതിന് ടെമ്പിള്‍ തെഫ്റ്റ് ഇന്‍വെസ്റിഗേഷന്‍ ടീം രൂപീകരിച്ചു. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഒട്ടേറെ നടപടികളാണ് ഈ കാലയളവില്‍ ആരംഭിച്ചത്.

തീവ്രവാദം ചെറുക്കാന്‍ നിതാന്ത ജാഗ്രത

ഇന്ത്യ മുഴുവന്‍ തീവ്രവാദികള്‍ സ്ഫോടന പരമ്പരകള്‍ നടത്തിയപ്പോള്‍ കേരളം സുരക്ഷിതമായി നിലനിന്നത് കേവലം ആകസ്മികതയല്ല. പൊലീസിന്റെ നിതാന്ത ജാഗ്രതയാണ് ഇതിനുകാരണം. സംസ്ഥാനത്ത് കുറേക്കാലമായി രഹസ്യമായി നടന്നുവന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കുകയും കേസുകള്‍ എടുക്കുകയും ചെയ്തു. 2006 ഓഗസ്റില്‍ ബിനാനിപുരത്ത് നടന്ന സിമി ക്യാമ്പിനെക്കുറിച്ചും, 2008 ജൂണില്‍ നടന്ന വാഗമണ്‍ ക്യാമ്പിനെക്കുറിച്ചും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വയം കേസെടുത്തു.

18 മാസം മുമ്പ് മുംബൈയില്‍ തീവ്രവാദ ആക്രമണം ഉണ്ടായിട്ടും മഹാരാഷ്ട്രയിലെ പൂനെയില്‍ തീവ്രവാദ ആക്രമണം ആവര്‍ത്തിക്കപ്പെട്ടു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് സംസ്ഥാനഭരണം കൈയ്യാളുന്ന ദില്ലിയില്‍ തുടര്‍ച്ചയായ തീവ്രവാദ ആക്രമണങ്ങളാണ്. മധ്യപ്രദേശും അസമും സ്ഫോടനങ്ങളില്‍നിന്നും മുക്തമല്ല. ഈ പശ്ചാത്തലത്തിലാണ് വിഎസ്എസ്സി, ടെക്നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, ഏഴിമല നാവിക അക്കാദമി, കൊച്ചി തുറമുഖം തുടങ്ങി ഒട്ടേറെ തന്ത്ര പ്രധാന്യ കേന്ദ്രങ്ങളുള്ള കേരളം സുരക്ഷിതമായി നിലനില്‍ക്കുന്നത്. ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ജോസഫിനെ മത തീവ്രവാദികള്‍ ആക്രമിച്ച കേസില്‍ð പൊലീസ് സ്വീകരിച്ച നടപടികള്‍ മതേതര സമൂഹം ഏറെ ശ്ളാഘിച്ചു.
എന്നാല്‍, യുഡിഎഫ് ഭരണകാലത്ത് തീവ്രവാദ സ്വഭാവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറ്റകരമായ അലംഭാവമാണ് കാട്ടിയത്. തടിയന്റവിട നസീര്‍ പ്രതിയായ നായനാര്‍ വധോദ്യമക്കേസ് എഴുതിത്തള്ളാന്‍ നടത്തിയ ശ്രമം ഇതിനുദാഹരണമാണ്. മാറാട് കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ജുഡീഷ്യല്‍ðകമീഷന്‍തന്നെ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.

പഴുതടച്ച അന്വേഷണം

കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പഴുതില്ലാത്ത അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ പ്രശംസനീയ നേട്ടങ്ങളിലൊന്ന് മാത്രം. ടോട്ടല്‍ ഫോര്‍ യു സാമ്പത്തികത്തട്ടിപ്പ് കേസ്, വര്‍ക്കല ശിവപ്രസാദിന്റെ കൊലപാതകം, പത്തനംതിട്ടയിലെ വാസുക്കുട്ടി കൊലപാതകം, ചെങ്ങന്നൂരിലെ കാരണവര്‍ വധക്കേസ്, ഇന്റര്‍നെറ്റിലൂടെ പണം തട്ടിയെടുത്ത വിവിധ കേസുകള്‍, സിബിഐ അന്വേഷണത്തിലായിരുന്ന മാളയിലെ കൊലപാതക കേസ്, ചേലമ്പ്ര- പെരിയ, പൊന്ന്യം ബാങ്ക് കവര്‍ച്ച, നിരവധി ക്ഷേത്ര കവര്‍ച്ച തുടങ്ങിയവയിലെല്ലാം ഫലപ്രദമായി അന്വേഷണം നടത്തി കുറഞ്ഞകാലയളവില്‍ തന്നെ കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കാനായി. കാരണവര്‍ വധക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ സാധിച്ചു.

വാളയാര്‍ ചെക്ക് പോസ്റുവഴി നടത്തി വന്ന അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് പിടികൂടുകയും മദ്യ- മാഫിയയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം പേരെ അറസ്റുചെയ്യുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ സ്വാധീനമുണ്ടായിരുന്ന സ്പിരിറ്റ് മാഫിയയെ ഭരണപക്ഷക്കാര്‍ സഹായിക്കുന്നതുമൂലം പൊലീസിന് തൊടാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തികത്തട്ടിപ്പു കേസില്‍ സംസ്ഥാനം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര സമഗ്ര അന്വേഷണമാണ് ടോട്ടല്‍ ഫോര്‍ യു കേസില്‍ð നടത്തിയത്.

വ്യാജ സന്യാസിമാര്‍ക്കും ആത്മീയ വ്യാപാരികള്‍ക്കുമെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് കേരള സമൂഹത്തെ രക്ഷിക്കുകയാണ് പൊലീസുചെയ്തത്. സന്തോഷ് മാധവനെതിരായ കേസ് സമയബന്ധിതമായി അന്വേഷിച്ച് കോടതിയിലെത്തിക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞു. സ്ത്രീപീഢന കേസില്‍ സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന് 16 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍അതിശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. തീവ്രവാദപ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കിയ സംഭവമായിരുന്നു അത്.

ശക്തമായ സേന

12,000 ലധികം പേരെയാണ് എല്‍ഡിഎഫ് കാലയളവില്‍ പൊലീസ് സേനയിലേക്ക് നിയമിച്ചത്. കേസന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും മുഖ്യതടസ്സമായി നിന്നത് സേനയിലെ അംഗങ്ങളുടെ കുറവാണ്. നിയമനത്തിലെ കാലതാമസം ഒഴിവാക്കാന്‍ ഒരു വര്‍ഷം ഉണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം നടപ്പാക്കി. 1000 പൊലീസുകാരടങ്ങുന്ന ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ നടപടിയെടുത്തു. ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ 200 ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കി കമാന്റോ വിങ് തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

പൊലീസ് സേനയില്‍10 ശതമാനം വനിതകളെ ഉള്‍പ്പെടുത്തി കേരളം ഇന്ത്യയ്ക്കാകെ മാതൃകയായി. എസ്ഐ മാരായി വനിതകളെ നേരിട്ടു നിയമിക്കുന്നതിന് നടപടി സ്വീകരിച്ചു. പ്രകൃതിക്ഷോഭം, ഗതാഗത നിയന്ത്രണം, ഉത്സവ/ആഘോഷ വേളകളിലെ സുരക്ഷാക്രമീകരണങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ പൊലീസിനെ സഹായിക്കുന്നതിനായി വിമുക്തഭടന്മാരില്‍നിന്നും 3000 ഹോം ഗാര്‍ഡുകളെ നിയമിച്ചു. പൊലീസ് സേനാംഗങ്ങള്‍ക്ക് കുറ്റാന്വേഷണത്തിന് കൂടുതല്‍ സമയം വിനിയോഗിക്കാനും അതുവഴി പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഏറെ സഹായകമായ നടപടിയായിരുന്നു ഇത്.

സേനാംഗങ്ങള്‍ക്കായി നിരവധി ക്ഷേമ നടപടികളാണ് ഈ കാലയളവില്‍ നടപ്പാക്കിയത്. 15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റബിള്‍മാര്‍ക്ക് ഹെഡ് കോണ്‍സ്റബിള്‍മാരായും 23 കൊല്ലം പൂര്‍ത്തിയാക്കിയ ഹെഡ് കോണ്‍സ്റബിള്‍മാര്‍ക്ക് എഎസ്ഐ മാരായും 30 കൊല്ലം പൂര്‍ത്തിയാക്കിയ എഎസ്ഐ മാര്‍ക്ക് എസ്ഐ മാരായും ഗ്രേഡ് നല്‍കി. പൊലീസ് സ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് റൈഫിള്‍ മാറ്റി റിവോള്‍വര്‍ നല്‍കി. പൊലീസുകാരുടെ ഡ്യൂട്ടി സമയം 8 മണിക്കൂര്‍ ആക്കി നിജപ്പെടുത്തി. ആരോഗ്യവകുപ്പുമായി സഹകരിച്ച് തിരുവനന്തപുരത്ത് പൊലീസ് സേനാംഗങ്ങള്‍ക്കു വേണ്ടി സ്പന്ദനം ആരോഗ്യപദ്ധതി നടപ്പാക്കി. കോണ്‍സ്റബിള്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും പുതിയ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിച്ചു. 1121 പുതിയ വാഹനങ്ങളാണ് പൊലീസിന് നല്‍കിയത്. മുന്‍സിപ്പല്‍ð ആസ്ഥാനങ്ങളിലെ പൊലീസിന്റെ വാഹനങ്ങളുടെ എണ്ണം മൂന്നായി വര്‍ധിപ്പിച്ചു.

എല്ലാ പൊലീസ് സേനാംഗങ്ങള്‍ക്കും മൊബൈല്‍ ഫോണും ഈ കാലയളവില്‍ നല്‍കി. കൊച്ചിയില്‍ ബൃഹത്തായ പൊലീസ് കോംപ്ളക്സ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കി. പുതിയ പൊലീസ് സ്റേഷനുകള്‍ ആരംഭിച്ചതുകൂടാതെ പഴയ കെട്ടിടങ്ങള്‍ നവീകരിക്കുകയുംചെയ്തു.

സംതൃപ്തമായ പൊലീസ് അന്തസ്സുമുയര്‍ന്നു

പൊലീസ് സേനയില്‍ ജീവനക്കാര്‍ മുന്നോട്ടുവച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി ഷാജി പറഞ്ഞു. ജോലിസമയം, പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയില്‍ കൃത്യമായ മാനദണ്ഡം ഈ കാലയളവില്‍ ഉണ്ടായി. ഈ മാറ്റം സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിലും പ്രകടമാണ്. ഇതിന്റെയെല്ലാം ഫലമായാണ് മികച്ച ക്രമസമാധാനപാലനത്തിനും കമ്യൂണിറ്റി പൊലീസിങ്ങിനും മറ്റുമുള്ള അന്താരാഷ്ട്ര അവാര്‍ഡുകള്‍.

തീര്‍ത്തും സംതൃപ്തമായ പൊലീസ് സേനയാണ് ഇന്നുള്ളത്. മുന്‍കാലങ്ങളില്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിക്കുകയറി ഒരു പ്രൊമോഷന്‍ പോലും ലഭിക്കാതെ കോണ്‍സ്റ്റബിളായി തന്നെയാണ് വിരമിച്ചിരുന്നത്. ഇന്ന് സ്ഥിതി അതല്ല. 15 വര്‍ഷം സര്‍വീസുള്ള ഉദ്യോഗസ്ഥന് ഹെഡ്കോണ്‍സ്റ്റബിളായും 23 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് അസിസ്റന്റ് സബ് ഇന്‍സ്പെക്ടറായും 28 വര്‍ഷം സര്‍വീസുള്ള ഉദ്യോഗസ്ഥന് എസ് ഐയായുമാണ് പ്രൊമോഷന്‍ ലഭിക്കുന്നത്. ഇതു ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനിടയാക്കി. അവരുടെ അന്തസ്സും അംഗീകാരവും വര്‍ധിച്ചു. ശമ്പളപരിഷ്കാരം സംബന്ധിച്ച് സംഘടന മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിച്ചു.

സ്ഥലംമാറ്റം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുന്നതിനും മാനദണ്ഡം ഉറപ്പാക്കുന്നതിനും കഴിഞ്ഞു. ഓരോരുത്തരുടെയും സൌകര്യത്തിനു അനുസരിച്ച് അവര്‍ക്ക് കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയുന്ന വിധത്തിലാണ് സ്ഥലംമാറ്റം.

മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തില്‍വന്ന മാറ്റവും എടുത്തുപറയേണ്ടതാണ്. അടിമ-ഉടമ ബന്ധത്തിനു തുല്യമായ സ്ഥിതിവിശേഷമായിരുന്നു മുമ്പുണ്ടായിരുന്നത്. ഇതിന് സമൂല മാറ്റം വന്നു.

ചേലമ്പ്ര ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ കാര്യക്ഷമതയുടെയും ഒത്തൊരുമയുടെയും മികച്ച ദൃഷ്ടാന്തമാണ്.
(വി ഷാജി)

അംഗീകാരങ്ങളുടെ നിറവില്‍

* ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡെ അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുവര്‍ഷം.
* കമ്യൂണിറ്റി പൊലീസിങ്ങിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിനും ഇന്റര്‍നാഷണല്‍ðഅസോസിയേഷന്‍ ഓഫ് ചീഫ് ഓഫ് പൊലീസിന്റെ അന്താരാഷ്ട്ര പുരസ്കാരം കൊച്ചി പൊലീസിന്.
* ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റേഷനായി പാലക്കാട് സൌത്ത് സ്റേഷന് പുരസ്കാരം.
*വനിതകളുടെ ക്ഷേമത്തിനായുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമന്‍ പൊലീസ് ഓഫീസേഴ്സിന്റെ അന്താരാഷ്ട്ര പുരസ്കാരം.
*ഇരിങ്ങാലക്കുട പൊലീസ് സ്റേഷന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍.
* പുതുതായി നിയമിച്ചത് 12,000 പേരെ

വിനോദ സഞ്ചാരമേഖലയില്‍ വിസ്മയ മുന്നേറ്റം

ആഗോള സാമ്പത്തികമാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളെ നേരിട്ടാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖല ഉയരങ്ങളിലേയ്ക്കു കുതിച്ചത്. ആഗോള പ്രതിസന്ധിക്കിടയിലും കേരളാ ടൂറിസത്തിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഫലപ്രദമായ മാര്‍ക്കറ്റിങ് നടപടികള്‍ മൂലമാണ്.

പതിമൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് കേരളാ ടൂറിസം തൊഴില്‍ നല്‍കുന്നത്. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ആരംഭിച്ചു. ദേശീയ നിലവാരമുള്ള ഹോസ്പിറ്റാലിറ്റി ഇന്‍സ്റിറ്റ്യൂട്ട് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു.

തിരുവനന്തപുരത്തെ കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റഡീസ്, വിവിധ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. കൊച്ചിയിലെ മറീന പദ്ധതി എടുത്തു പറയാവുന്നóനേട്ടമാണ്. തിരുവനന്തപുരത്ത് പൈതൃക മ്യൂസിയം സജ്ജീകരിച്ചു. കാസര്‍കോട് റാണിപുരം, കണ്ണൂരിലെ പൈതല്‍മല, മുഴപ്പിലങ്ങാട് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ്, പാതിരാമണല്‍ ബയോപാര്‍ക്ക്, ആക്കുളം കണ്‍വന്‍ഷന്‍ സെന്റര്‍, മലമ്പുഴ, മംഗലം, പീച്ചി, വാഴാനി, നെയ്യാര്‍ ഡാമുകളോട് ചേര്‍ന്നുള്ള പാര്‍ക്കുകള്‍ തുടങ്ങി ഒട്ടനവധി പദ്ധതികള്‍. സരോവരം ബയോപാര്‍ക്ക് പദ്ധതിയും, ബേക്കല്‍ പദ്ധതിയും നിര്‍മാണഘട്ടത്തിലാണ്. വിഴിഞ്ഞത്തും ഇരിങ്ങലിലും ക്രാഫ്റ്റ് വില്ലേജുകള്‍ നിര്‍മിച്ചു.

ചരിത്രത്തിലാദ്യമായി വരുമാനം 60 കോടി കവിഞ്ഞ് കെടിഡിസി ലാഭത്തിലായി. സംസ്ഥാനത്തെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മലയില്‍ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കി. ചെന്നൈയില്‍ 10 കോടിരൂപ ചെലവില്‍ð കെടിഡിസി ഹോട്ടല്‍ നിര്‍മാണം തുടങ്ങി. മുംബൈയില്‍ കേരളാ ഹൌസ് പ്രവര്‍ത്തനം ആരംഭിച്ചു.

മനുഷ്യ സംസ്കാരത്തെയും നാഗരികതയെയും കുറിച്ച് വെളിച്ചം വീശുന്ന പ്രദേശങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണ് മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി. തൃശ്ശൂര്‍- എറണാകുളം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന പ്രാചീന സംസ്കാരത്തിന്റെ മഹാശേഷിപ്പുകളെ വരും തലമുറയ്ക്കായി സംരക്ഷിക്കാനുള്ള ചരിത്രദൌത്യമാണിത്.

തലശ്ശേരി പൈതൃക സര്‍ക്യൂട്ടിനുരൂപം നല്‍കി. കായംകുളം ആമ്പലപ്പുഴ ടൂറിസം സര്‍ക്യൂട്ട് മധ്യ കേരളത്തിന് മുതല്‍ക്കൂട്ടാകും. 30 കേന്ദ്രങ്ങളില്‍ ബീച്ച് ടൂറിസം വികസനപദ്ധതികള്‍ നടപ്പാക്കി. വര്‍ക്കല, ചാവക്കാട് ചെറായി ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കി. മൂന്നാര്‍ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 10 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമാധാനപ്രേമികള്‍ നടുക്കത്തോടെമാത്രം ഓര്‍ക്കുന്ന യുഡിഎഫ് ഭരണകാലയളവില്‍നിന്ന് കേരളം ഒരുപാട് ദൂരം സഞ്ചരിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം ഏതാണെന്ന ചോദ്യത്തിന് കേരളം എന്ന് മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ക്രമസമാധാനനിലയില്‍ കേരളം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയ്ക്കാകെ മാതൃകയാണ്. അതിനു തെളിവാണ് ഈ കാലയളവില്‍ കേരള പൊലീസിനു ലഭിച്ച അംഗീകാരങ്ങളുടെ നീണ്ടനിര.