Monday, March 21, 2011

ലിബിയയില്‍ ഇറാഖ് മാതൃകയോ?

കോളനിവാഴ്ചയില്‍നിന്ന് 1951ലാണ് ലിബിയ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും ലിബിയയില്‍നിന്ന് വിട്ടുപോയത്. ആഫ്രിക്കയില്‍ വലുപ്പംകൊണ്ട് നാലാമതുനില്‍ക്കുന്ന എണ്ണസമ്പന്നമായ ലിബിയ കൊളോണിയല്‍ ശക്തികള്‍ക്ക് എന്നും പ്രലോഭനമാണ്. ഇപ്പോള്‍, ലിബിയയെ ആക്രമിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ പഴയ കോളനിക്കോയ്മക്കാരായ ബ്രിട്ടനും ഫ്രാന്‍സുമാണ്-നാറ്റോയുടെ ലേബലില്‍. ലിബിയന്‍ ജനതയ്ക്കുനേരെ നാറ്റോ താവളത്തില്‍നിന്ന് മിസൈലുകള്‍ തുരുതുരെ തൊടുക്കപ്പെടുന്നു. വിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തുന്നു. ഇറാഖിനെ തകര്‍ത്ത് ആ രാജ്യത്തിന്റെ പ്രസിഡന്റിനെ വധിച്ച അമേരിക്കന്‍ ക്രൌര്യം ആവര്‍ത്തിക്കപ്പെടുകയാണ്. നാറ്റോയുടെ ആദ്യദിന ആക്രമണത്തില്‍തന്നെ നാല്‍പ്പത്തെട്ട് ലിബിയക്കാര്‍ മരണമടഞ്ഞതായാണ് വാര്‍ത്ത.

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച രാഷ്ട്രമാണ് ലിബിയ. ആ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. ഗദ്ദാഫിഭരണത്തിനെതിരായ ജനവികാരം ശക്തമായി ഉയരുകയും ടുണീഷ്യയിലും ഈജിപ്തിലുമെന്നപോലെ അത് ഭരണമാറ്റത്തില്‍ എത്തുകയും ചെയ്യേണ്ടതിന് പകരം, അമേരിക്ക ലിബിയയുടെ പരമാധികാരത്തിനുമേല്‍ ഇടപെടുന്നത് സമൃദ്ധമായ എണ്ണപ്പാടങ്ങള്‍ ലാക്കാക്കിയാണെന്നതില്‍ സംശയമില്ല. ടുണീഷ്യന്‍ പ്രസിഡന്റിന് അഭയം നല്‍കിയത് അമേരിക്കയുടെ സഖ്യകക്ഷിയായ സൌദി അറേബ്യയാണ്. ബഹ്റൈനില്‍ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിട്ടതും അതേ സൌദി അറേബ്യതന്നെ. പിന്നെങ്ങനെ, ലിബിയയില്‍മാത്രം ഇത്തരമൊരു നിലപാടെടുക്കുന്നു എന്ന അന്വേഷണത്തില്‍ അമേരിക്കയുടെ എല്ലാം തികഞ്ഞ ഇരട്ടത്താപ്പും ലജ്ജാശൂന്യമായ എണ്ണപ്രണയവുമാണ് വ്യക്തമാവുക.

ലിബിയക്കെതിരായ യുഎന്‍ രക്ഷാസമിതി പ്രമേയം ആ രാജ്യത്തെ ജനതയുടെ കൂട്ടക്കൊലപാതകത്തിലേക്ക് നയിക്കുന്നത് മാനവികതയുടെ ചെറുതരിയെങ്കിലും മനസ്സില്‍ അവശേഷിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവില്ല. ലിബിയയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ വാക്കുകള്‍ അന്താരാഷ്ട്രസമൂഹം മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. ലിബിയയിലേക്ക് സേനയെ അയക്കില്ലെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. ലിബിയന്‍ ജനതയ്ക്കു നേരെയുള്ള ആക്രമണം തടയാന്‍ സേനയെ ഉപയോഗിക്കണമെന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിട്ടപ്പോള്‍ ഇന്ത്യയോടൊപ്പം വിട്ടുനിന്ന രാജ്യമാണ് ജര്‍മനി. അത്തരമൊരു മുന്‍കൈ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. ഗദ്ദാഫിയുടെ ഭരണത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിച്ചപ്പോള്‍ പട്ടാളത്തെ ഉപയോഗിച്ച് അതിനെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒട്ടും സ്വാഗതാര്‍ഹമല്ലതന്നെ. ജനങ്ങള്‍ ആവശ്യപ്പെടുന്നത് ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്യവുമാണ്. അവരെ വെടിവച്ച് കൊന്ന് അധികാരം കാത്തുസൂക്ഷിക്കാമെന്ന ഗദ്ദാഫിയുടെ നയംപോലെ അപകടകരമാണ്, ലിബിയയിലെ ജനങ്ങളെ ആക്രമിച്ച് ആ രാജ്യത്തിനുമേല്‍ അധിനിവേശത്തിന്റെ വലയിടാനുള്ള നാറ്റോ നിലപാടും.

കലക്കവെള്ളത്തില്‍നിന്ന് മീന്‍പിടിക്കാനുള്ളതാണ് അമേരിക്കയുടെയും നാറ്റോ സൈനികസഖ്യത്തിന്റെയും നീക്കം. ഇറാഖിലേതെന്നപോലെ അപകടകരവും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതുമാണ് ഈ അവസ്ഥ. അമേരിക്കന്‍ അടിമത്തത്തേക്കാള്‍ നല്ലത് ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണമാണ് എന്ന തീരുമാനത്തിലേക്കാണ് അതിലൂടെ ലിബിയന്‍ ജനത എത്തിച്ചേരുക. ലിബിയന്‍ പ്രക്ഷോഭത്തിന്റെ അന്ത്യം കുറിക്കുന്നതായി അത് മാറിയേക്കും. ലിബിയയിലൂടെ അവശേഷിക്കുന്ന അറബ് ലോകത്തെയും അവയുടെ എണ്ണസമ്പാദ്യത്തെയും വാരിപ്പിടിക്കാനുള്ള ഈ നീക്കത്തിനെതിരെ ലോകവ്യാപകമായ പ്രതിഷേധമുയരേണ്ടതുണ്ട്.

ലിബിയന്‍പ്രശ്നത്തില്‍ ഇന്ത്യയിലെ യുപിഎ സര്‍ക്കാര്‍ എടുക്കുന്ന സമീപനം അങ്ങേയറ്റം നിരുത്തരവാദപരമാണെന്നതും എടുത്തുപറയേണ്ടതുണ്ട്. ആ രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ സ്ഥിതി ആശങ്കാജനകമാണ്. സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ എല്ലാം മറന്ന് രംഗത്തിറങ്ങേണ്ട കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ ഒന്നും ചെയ്യാതെ മിഴിച്ചുനില്‍ക്കുന്നു. കുവൈത്ത് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അന്നത്തെ ദേശീയ മുന്നണി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക്, ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കുനേരെ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നത് സ്വാഭാവികംമാത്രം. യുപിഎ സര്‍ക്കാരിന്റെ എല്ലാ രംഗത്തെയും നയം ഇതുതന്നെയാണെന്ന് ബഹ്റൈനില്‍നിന്നുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി തെളിയിക്കുന്നു. സകലതും ഉപേക്ഷിച്ച് പ്രതീക്ഷയറ്റ് ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവരെ എയര്‍ഇന്ത്യ കൊള്ളയടിക്കുകയാണ്. ഞായറാഴ്ചമുതല്‍ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. 6500 രൂപയായിരുന്നത് 14000 വരെയാക്കി. ഒരാഴ്ചയ്ക്കിടെ ബഹ്റൈനില്‍നിന്ന് ഏതാണ്ട് 5000ല്‍ അധികം മലയാളികളാണ് മടങ്ങിയത് എന്നുകണക്കാക്കുമ്പോള്‍, പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണ് എയര്‍ ഇന്ത്യ എന്ന് വ്യക്തമാകും. പാകിസ്ഥാനും ബംഗ്ളാദേശുമടക്കമുള്ള രാജ്യങ്ങള്‍ സൌജന്യ നിരക്കില്‍ തങ്ങളുടെ പൌരന്‍മാരെ തിരിച്ചുകൊണ്ടുവരുമ്പോഴാണ് ഇതെന്നോര്‍ക്കണം. വ്യോമയാനത്തിന്റെയും വിദേശ കാര്യത്തിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍നിന്നുണ്ട്. അവര്‍ക്ക് ഒന്നിലും താല്‍പ്പര്യമില്ല-വാചകമടിയിലൊഴികെ.

ഇന്ത്യാ ഗവണ്‍മെന്റിന് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ലിബിയയിലെ സാമ്രാജ്യത്വ ഇടപെടലിനെതിരെ ഉറച്ച നിലപാടെടുക്കുന്നതിനൊപ്പം പ്രക്ഷോഭം നടക്കുന്ന എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഫലവത്തായ ഇടപെടല്‍ ഉണ്ടാകണം. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ നിരപരാധികളായ നമ്മുടെ സഹോദരങ്ങള്‍ കൊടുക്കേണ്ടിവരുന്ന വില ചെറുതാകില്ല. ലിബിയയിലെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ലോകത്തിന്റെ എണ്ണസ്രോതസ്സുകളാകെ സാമ്രാജ്യത്വ നിയന്ത്രണത്തിലാവുന്ന അവസ്ഥയാണുണ്ടാവുക. അതിന്റെ പ്രത്യാഘാതവും നിസ്സാരമാകില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 21 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോളനിവാഴ്ചയില്‍നിന്ന് 1951ലാണ് ലിബിയ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും ലിബിയയില്‍നിന്ന് വിട്ടുപോയത്. ആഫ്രിക്കയില്‍ വലുപ്പംകൊണ്ട് നാലാമതുനില്‍ക്കുന്ന എണ്ണസമ്പന്നമായ ലിബിയ കൊളോണിയല്‍ ശക്തികള്‍ക്ക് എന്നും പ്രലോഭനമാണ്. ഇപ്പോള്‍, ലിബിയയെ ആക്രമിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ പഴയ കോളനിക്കോയ്മക്കാരായ ബ്രിട്ടനും ഫ്രാന്‍സുമാണ്-നാറ്റോയുടെ ലേബലില്‍. ലിബിയന്‍ ജനതയ്ക്കുനേരെ നാറ്റോ താവളത്തില്‍നിന്ന് മിസൈലുകള്‍ തുരുതുരെ തൊടുക്കപ്പെടുന്നു. വിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തുന്നു. ഇറാഖിനെ തകര്‍ത്ത് ആ രാജ്യത്തിന്റെ പ്രസിഡന്റിനെ വധിച്ച അമേരിക്കന്‍ ക്രൌര്യം ആവര്‍ത്തിക്കപ്പെടുകയാണ്. നാറ്റോയുടെ ആദ്യദിന ആക്രമണത്തില്‍തന്നെ നാല്‍പ്പത്തെട്ട് ലിബിയക്കാര്‍ മരണമടഞ്ഞതായാണ് വാര്‍ത്ത.