Tuesday, March 22, 2011

ജലസമ്പത്ത് സംരക്ഷിക്കണം

ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിഞ്ഞ മൂന്നു ദശകമായി ചര്‍ച്ചയും പഠനവും നടന്നതിന്റെ അടിസ്ഥാനത്തില്‍ ജലശാസ്ത്രം എന്ന ശാഖതന്നെ ഉദയംചെയ്തിട്ടുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള വാണിജ്യവിഭവമായി ജലത്തെ ഉപയോഗിക്കുന്ന ചിന്താധാരയും ഒരുഭാഗത്ത് ഉയര്‍ന്നുവന്നു. ലോകമെമ്പാടുമുള്ള ധന, മൂലധന ശക്തികള്‍ ജലമേഖലയില്‍ കടന്നുകൂടാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട് എന്ന യാഥാര്‍ഥ്യവും നമുക്ക് മുന്നിലുണ്ട്. ജലത്തെ ജീവലായിനി, ഔഷധം, രോഗവാഹ, ഭീകരരൂപി എന്നിങ്ങനെ നാലായി തിരിക്കാം. ഭൂമിയുടെ അടിസ്ഥാന സ്രോതസ്സ് 'ജലചക്രം' എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ഇത് പ്രകൃതിദത്തമായ വളരെ ബൃഹത്തായ ശുദ്ധീകരണ പ്രക്രിയയാണ്. കേരളത്തില്‍മാത്രം വര്‍ഷം ഏകദേശം 120 ഘന കിലോമീറ്റര്‍ ജലം മഴയായി ലഭിക്കുന്നുണ്ട്. മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലെ അറകളിലും ജലം കിനിഞ്ഞിറങ്ങി സംരക്ഷിക്കപ്പെടുന്നു. ഇങ്ങനെ ബന്ധിത ജലശേഖരവും ബന്ധിതമല്ലാത്ത ജലശേഖരവും രൂപപ്പെടുന്നു. ജലവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ജലത്തിന്റെ അപര്യാപ്തത, മലിനീകരണം, വെള്ളപ്പൊക്കം എന്നിവയാണ്. ഈ മൂന്നു പ്രശ്നവും പരിഹരിക്കാന്‍ ശാസ്ത്രീയമായ ജലമാനേജ്മെന്റ് സംവിധാനം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. കേരള ജലനയത്തില്‍ വിഭാവനംചെയ്തതുപോലെ നീര്‍ത്തടാധിഷ്ഠിത ആസൂത്രണ പ്രക്രിയയിലൂടെ ഇത് സാധ്യമാകും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിത പ്രവര്‍ത്തനം നിയമവിധേയമായി നടപ്പാക്കണം. ദീര്‍ഘകാല ആസൂത്രണം ഈ രംഗത്ത് അനിവാര്യമാണ്. മണല്‍ഘനനം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് നീര്‍ത്തടങ്ങള്‍ സമ്പുഷ്ടമാക്കണം. വികേന്ദ്രീകൃത സ്വഭാവത്തില്‍ ജലമാനേജ്മെന്റ് സംവിധാനം ഉണ്ടാക്കണം. ഏത് ആവശ്യത്തിന് ഉപയോഗിച്ചാലും ഉപയോഗിക്കുന്നവര്‍ നീര്‍ത്തടങ്ങളിലേക്കുള്ള റീച്ചാര്‍ജിന്റെ ഉത്തരവാദിത്തവും ഏല്‍ക്കണം. ഫലപ്രദമായ മാലിന്യ സംസ്കരണരീതിയിലൂടെ ജലം മലിനീകരിക്കപ്പെടുന്നത് തടയാവുന്നതാണ്.

ജലവിഭവരംഗത്ത് വാണിജ്യതാല്‍പ്പര്യത്തോടെ കടന്നെത്തുന്ന വന്‍കിട കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതാണ് 2002ലെ കേന്ദ്ര ജലനയം. നിയന്ത്രണങ്ങള്‍ നാമമാത്രമാക്കുകയും കമ്പനികള്‍ക്ക് ജലചൂഷണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതിയില്‍നിന്ന് ഇത് മനസ്സിലാക്കാന്‍ കഴിയും.

ജലവിഭവ വിനിയോഗത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ഗാര്‍ഹിക ആവശ്യത്തിനാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തുന്നത് പ്രധാനമായും കിണറുകളില്‍നിന്നാണ്. ലോകത്ത് കിണര്‍ സാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏകദേശം 50 ലക്ഷം കിണര്‍ കേരളത്തിലുണ്ട്. നഗരങ്ങളില്‍ പൈപ്പുവഴിയാണ് ജലം വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളമെത്തിക്കുക കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ കിണറുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ജലവിതരണരംഗത്ത് ഏറ്റവും പ്രധാനപ്പെട്ടത് കിണറുകളാണെന്നു മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്തിയാല്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. കിണറും കുളവും സംരക്ഷിക്കാനായി ഇവയുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളില്‍ കൊണ്ടൂര്‍ മാപ്പിങ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ടര്‍ഫിങ്, പീച്ചിങ് ഉള്‍പ്പെടെയുള്ള മണ്ണ്, ജലസംരക്ഷണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും കഴിയും.

പൈപ്പുവഴി ശുദ്ധജലവിതരണം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കേരള വാട്ടര്‍ അതോറിറ്റി. 1984ലാണ് അതോറിറ്റിനിലവില്‍ വന്നത്. ഈ പൊതുമേഖലാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം മാതൃകാപരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ജലവിതരണം നടത്തുന്നത്. എന്നാല്‍, കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളമെത്തിക്കുന്നു. സാമ്പത്തിക പരാധീനതമൂലം ഗ്രാമീണ ശുദ്ധജലപദ്ധതി ഫലപ്രദമല്ലാതായിത്തീരുകയും പുതിയവ ഏറ്റെടുത്ത് നടത്താന്‍ കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ലോകബാങ്കിന്റെ സഹായത്തോടെ ജലനിധി പദ്ധതി തുടങ്ങിയത്. ഇതുകൂടാതെ വാട്ടര്‍ അതോറിറ്റിയുടെ സ്വജല്‍ധാര എന്ന പദ്ധതിയും നടത്തുന്നുണ്ട്. ഈ പദ്ധതികളുടെ പരിപാലന-നിര്‍വഹണം ജനകീയ കമ്മിറ്റികളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഭരണഘടനാപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പെങ്കിലും ഇത് കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന അപകടകരമായ സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ഭരണഘടനാപരമായി നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പുനഃക്രമീകരിക്കേണ്ടതുണ്ട്.

ലോക ജലദിന ചര്‍ച്ചകളില്‍ ജലസമ്പത്തിന്റെ വാണിജ്യവല്‍ക്കരണനയത്തെയും ഇതിന് ബദലായ പൊതുപരിപാലനത്തെയും അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകളുണ്ടാകണം. ജലസമ്പത്ത് വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭം കൊയ്യാനെത്തുന്ന വന്‍കിടക്കാരെ ചെറുത്തുനിന്ന് നമ്മുടെ ജലസമ്പത്ത് സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഈ ജലദിനത്തില്‍ പ്രതിജ്ഞചെയ്യാം.

*
ജെ ശശാങ്കന്‍ (കെഡബ്ള്യുഎഇയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
കടപ്പാട്: ദേശാഭിമാനി ദിനപത്രം 22 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോക ജലദിന ചര്‍ച്ചകളില്‍ ജലസമ്പത്തിന്റെ വാണിജ്യവല്‍ക്കരണനയത്തെയും ഇതിന് ബദലായ പൊതുപരിപാലനത്തെയും അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകളുണ്ടാകണം. ജലസമ്പത്ത് വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭം കൊയ്യാനെത്തുന്ന വന്‍കിടക്കാരെ ചെറുത്തുനിന്ന് നമ്മുടെ ജലസമ്പത്ത് സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഈ ജലദിനത്തില്‍ പ്രതിജ്ഞചെയ്യാം.