Monday, March 14, 2011

KSRTCക്ക് ഡബിള്‍ ബെല്‍

വെള്ളാനയെന്നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഓമനപ്പേര്. ചെലവാക്കുന്ന ഓരോ പൈസയും വെള്ളത്തില്‍വരച്ച വരപോലെ. അതൊക്കെ പഴങ്കഥ. കോര്‍പറേഷന്‍ ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍. പ്രതിദിനം ശരാശരി 15.20 ലക്ഷം കിലോമീറ്റര്‍ സഞ്ചാരം. 36 ലക്ഷത്തോളം യാത്രക്കാരെ ദിവസവും ലക്ഷ്യത്തിലെത്തിച്ച് കോര്‍പറേഷന്‍ നടത്തുന്ന ജനകീയയാത്രയ്ക്ക് അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നല്‍കിയ സഹായത്തിന്റെ ഗ്രീന്‍സിഗ്നലിന് സമാനതകളില്ല.

അഞ്ചുവര്‍ഷംമുമ്പ് സംസ്ഥാനത്തെ പൊതുമേഖലാ ട്രാന്‍സ്പോര്‍ട് സര്‍വീസ് ആകെ ഗതാഗതത്തിന്റെ 13 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്നത്് 27 ശതമാനം. ഈ കാലയളവില്‍ നിരത്തിലിറക്കിയ പുതിയ ബസുകളുടെ എണ്ണം 2651. പുതുതായി 1188 ഷെഡ്യൂള്‍. മലബാര്‍മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാന്‍ 351 സര്‍വീസ്. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍ആര്‍യുഎം) പദ്ധതിയില്‍നിന്ന് 46 എസി വോള്‍വോ ബസും 62 നോണ്‍ എസി ബസും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍. 50 തിരു-കൊച്ചി സര്‍വീസുകള്‍ എറണാകുളത്ത്. ഇന്ധന ക്ഷമത 2005ല്‍ 3.84 കിലോമീറ്ററായിരുന്നത് ഇന്ന് 4.27.

ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും കൊടുത്തുതീര്‍ക്കാന്‍ ടിക്കറ്റ് വരുമാനവും സര്‍ക്കാര്‍സഹായവും ചേര്‍ന്നാലും തികയാത്ത അവസ്ഥയായിരുന്നു മുമ്പ്. സ്ഥിതിമാറി. 2006ല്‍ പ്രതിദിനവരുമാനം 2.27 കോടിയായിരുന്നത് ഇന്ന് 3.72 കോടിയാണ്. കോര്‍പറേഷനെ സ്വയംപര്യാപ്തമാക്കുന്നതിനായി ടിക്കറ്റിതര വരുമാനം കൂട്ടുകയെന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി അന്തര്‍ദേശീയനിലവാരമുള്ള ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സുകള്‍ തുറക്കുകയാണ് കോര്‍പറേഷന്‍. അങ്കമാലി, കോഴിക്കോട്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഇവ.

1989 മുതലുള്ള കുടിശ്ശിക അപ്പീലുകളില്‍ തീര്‍പ്പുണ്ടാക്കിയതും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ്. 2006 മേയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കാനുണ്ടായിരുന്നത് 133.29 കോടി. 125 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അടച്ചു. കോര്‍പറേഷന്റെ 1070.6 കോടി രൂപയുടെ കടം സംസ്ഥാനസര്‍ക്കാര്‍ എഴുതിത്തള്ളി. ഇതില്‍ 250.38 കോടി രൂപ ഇക്വിറ്റി ഷെയറാക്കി. 2006 ഏപ്രില്‍ മുതല്‍ 508.88 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വായ്പയായും ക്യാപ്പിറ്റലായും ധനസഹായം നല്‍കി.

ഈ സര്‍ക്കാര്‍ നിലവില്‍വന്നശേഷം പുതുതായി നിയമനം ലഭിച്ചവര്‍ 19,783. ഇന്ധനക്ഷമത മെച്ചപ്പെടുത്തിയും മെച്ചപ്പെട്ട സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിയും ജീവനക്കാരുടെ കാര്യക്ഷമത 15 മുതല്‍ð20 ശതമാനംവരെ വര്‍ധിപ്പിച്ചും പ്രതിമാസച്ചെലവില്‍ ചുരുക്കിയത് 5.5 കോടി രൂപ. യുഡിഎഫ് ഭരണകാലത്ത് ഒരു ബസിന്റെ ബോഡി നിര്‍മാണത്തിന് 5,29,000 രൂപ ചെലവഴിച്ചിരുന്നെങ്കില്‍ ഇന്ന് കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പുകളില്‍ ബോഡിനിര്‍മിച്ച് പുറത്തിറക്കുന്നതിന് ചെലവ് 4,25,106 രൂപ മാത്രം. ഓപ്പണ്‍ ടെന്‍ഡര്‍വഴിയാണ് ബസ് വാങ്ങുന്നത്.
കെഎസ്ആര്‍ടിസി ഉള്‍പ്പെടുന്ന അപകടങ്ങളുടെ നിരക്കും ഏറെ കുറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി എല്ലാ യൂണിറ്റിലും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ നടപ്പാക്കി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യവും ഇന്നുണ്ട്. മാന്യമായ പെരുമാറ്റവും യാത്രാസൌഹൃദ അന്തരീക്ഷവും ഒരുക്കി യാത്രതുടരുന്ന കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ നല്‍കിയ ഗ്രീന്‍സിഗ്നലിന് ഡബിള്‍ ബെല്‍ നല്‍കുകയാണ് യാത്രക്കാര്‍.

കുരുക്കഴിക്കാന്‍ കിടയറ്റ പ്രവര്‍ത്തനം

സങ്കീര്‍ണമായ ഗതാഗതമേഖലയിലെ പ്രശ്നങ്ങളെ പൂര്‍ണാര്‍ഥത്തില്‍ കാണാനും നടപടിയെടുക്കാനും കഴിഞ്ഞതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഈ മേഖലയിലെ ശ്രദ്ധേയമായ സംഗതിയെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പന്‍. കാല്‍ നൂറ്റാണ്ടിനിടയില്‍ ഇത്തരത്തില്‍ ഗതാഗതമേഖലയിലെ പ്രശ്നങ്ങളെ സമീപിക്കുന്നത് ഇതാദ്യമാണ്.

എറണാകുളത്തെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം പ്രകടമാകുന്നത്. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും എറണാകുളത്തിന്റെ ശാപമാണ്. ഇതിന് അല്‍പ്പമെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ ഇടപെടലുണ്ടായത് ആശാവഹമാണ്. സ്വകാര്യബസുകളുടെ മത്സരയോട്ടവും അനുബന്ധപ്രശ്നങ്ങളുമാണ് എറണാകുളം നഗരത്തിലെ ഗതാഗതരംഗത്തെ കുഴപ്പങ്ങളുടെ അടിസ്ഥാന കാരണം. നഗരത്തിലെ ട്രാന്‍സ്പോര്‍ട്ടിങ് സംവിധാനം പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് മാത്രം നീക്കിവച്ചതാണ് ഇതിനുകാരണം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി മന്ത്രി ജോസ് തെറ്റയില്‍ സജീവമായ ഇടപെടല്‍ നടത്തി. തിരുകൊച്ചി ട്രാന്‍സ്പോര്‍ട്ട് ഇതിന്റെ ഫലമാണ്.

പൊതുവില്‍ കെഎസ്ആര്‍ടിസി കുടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചതും ആശാവഹമാണ്. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാനുള്ള ഈ ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. സത്യസന്ധനായ മന്ത്രിയെന്ന നിലയില്‍ നേരത്തെ മാത്യു ടി തോമസ് ആവിഷ്കരിച്ച നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാനും ജോസ് തെറ്റയിലിന് സാധിച്ചിട്ടുണ്ട്.

ജലഗതാഗതത്തില്‍ പുതിയ കാല്‍വയ്പ്

ജലഗതാഗത വകുപ്പില്‍ പുതിയ കാല്‍വയ്പുകളാണ് അഞ്ചുവര്‍ഷകാലയളവില്‍ ഉണ്ടായത്. 2006ല്‍ സര്‍വീസ് നടത്തിയിരുന്നത് 40 ബോട്ടുകളായിരുന്നു. ഇന്ന് അത് 52 ആണ്. 14 വര്‍ഷമായി മുടങ്ങിക്കിടന്ന കൊല്ലം- ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ആലപ്പുഴ പോഞ്ഞിക്കരയില്‍ ആധുനിക സ്ളിപ് വേ നിര്‍മിക്കുന്നതിന് രണ്ടുകോടിയുടെ ഭരണാനുമതി ലഭിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ പുതുതായി 30 ബോട്ടുകളാണ് നീറ്റിലിറക്കിയത്. ബോട്ട് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 50 ലക്ഷം രൂപ ചെലവില്‍ ലൈഫ് ജാക്കറ്റുകള്‍ വാങ്ങി. കൊല്ലത്ത് പുതിയ ബോട്ടുജെട്ടിയും വൈക്കത്ത് കോണ്‍ക്രീറ്റ് ജെട്ടിയും ഈ കാലയളവില്‍ പൂര്‍ത്തിയായി.

തല ഉയര്‍ത്തി ആര്‍ടി ഓഫീസുകള്‍

'എച്ച് എടുത്താലും എല്‍ എടുത്താലും' ഇടനിലക്കാരന്റെ കൈനീട്ടമെത്തിയില്ലെങ്കില്‍ ലൈസന്‍സില്ലായിരുന്നു. വാഹന നികുതിയോ ഫീസോ അടയ്ക്കാന്‍ ഓഫീസില്‍ കയറണമെങ്കില്‍ ഇടനിലക്കാര്‍ കനിയണം. അഴിമതിയുടെ കൂടാരമായിരുന്ന ആര്‍ടി ഓഫീസുകളിലെ അത്ഭുതപ്പെടുത്തുന്ന മാറ്റത്തിന് സാക്ഷ്യം സേവനം ലഭ്യമാകുന്നതില്‍ മാത്രമല്ല, വരുമാനത്തിലും പ്രകടമായി.

2006-07ല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ആകെ വരുമാനം 700.30 കോടി രൂപ. 2007-08ല്‍ 851.63, 2008-09ല്‍ 916.67, 2009-10ല്‍ 1094.50 കോടിയും. നാലുവര്‍ഷത്തിനുള്ളില്‍ വരുമാനവര്‍ധന 400 കോടിയോളം. ഇടനിലക്കാരെ ഒഴിവാക്കാനുള്ള പരിഷ്കാരങ്ങളും വരുമാന ചോര്‍ച്ച തടയാനുള്ള ശക്തമായ നടപടിയുമാണ് കാരണം. വകുപ്പിന് സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ചു. ഇതിലൂടെ എല്ലാ സേവനങ്ങളും, നികുതിയും ഫീസും, ആവശ്യമായ രേഖയും, നടപടി പൂര്‍ത്തീകരണത്തിനുള്ള സമയവും സംബന്ധിച്ച വിവരം ലഭ്യമാണ്. സേവനവിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കല്‍, ഫീസും വാഹന നികുതിയും ഓണ്‍ലൈനിലൂടെ ഒടുക്കാന്‍ സൌകര്യം തുടങ്ങിയ മാറ്റങ്ങള്‍ക്കും വകുപ്പ് സാക്ഷ്യമാകുന്നു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വെള്ളാനയെന്നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഓമനപ്പേര്. ചെലവാക്കുന്ന ഓരോ പൈസയും വെള്ളത്തില്‍വരച്ച വരപോലെ. അതൊക്കെ പഴങ്കഥ. കോര്‍പറേഷന്‍ ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍. പ്രതിദിനം ശരാശരി 15.20 ലക്ഷം കിലോമീറ്റര്‍ സഞ്ചാരം. 36 ലക്ഷത്തോളം യാത്രക്കാരെ ദിവസവും ലക്ഷ്യത്തിലെത്തിച്ച് കോര്‍പറേഷന്‍ നടത്തുന്ന ജനകീയയാത്രയ്ക്ക് അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നല്‍കിയ സഹായത്തിന്റെ ഗ്രീന്‍സിഗ്നലിന് സമാനതകളില്ല.