Wednesday, March 30, 2011

കലയും പരോക്ഷ യാഥാര്‍ഥ്യവും: തായാട്ടിന്റെ വിമര്‍ശന സമീക്ഷ

ഒന്ന്

മലയാളത്തിലെ ഇടതുപക്ഷ വിമര്‍ശനത്തിലെ ബലിഷ്ഠസ്വരങ്ങളിലൊന്നായിരുന്നു തായാട്ട് ശങ്കരന്‍. സുവ്യക്തമായ നിലപാടുകള്‍ക്കുമേല്‍ തന്റെ വിമര്‍ശനവിചാരം പടുത്തുയര്‍ത്താനും എതിര്‍നിലപാടുകളോട് ധീരമായി ഏറ്റുമുട്ടാനും അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. 'ശൂന്യപാത്രങ്ങള്‍ എറിഞ്ഞുടച്ച നിരൂപകനായി' വിവരിക്കപ്പെടാന്‍ പാകത്തില്‍ തന്റെ കാലത്തെ ശബ്ദഘോഷങ്ങളോട് അദ്ദേഹം കലഹിച്ചു. വലിയ അലോസരങ്ങള്‍ക്കും എതിര്‍വാദങ്ങള്‍ക്കും വഴിതുറക്കാന്‍ തായാട്ടിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ആരെയും സ്പര്‍ശിക്കാതെ കടന്നുപോകാന്‍ അദ്ദേഹം അനുവദിച്ചില്ല. ആശാന്‍ കവിതകള്‍ ആസ്വദിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ചായാലും ആധുനികതാവാദ പ്രസ്ഥാനത്തെക്കുറിച്ചായാലും തായാട്ടിന്റെ ഇടപെടലുകള്‍ മലയാളത്തിന്റെ ചിന്താജീവിതത്തില്‍ ഒരുപാട് ഇളക്കങ്ങളുണ്ടാക്കി. ശബ്ദമുഖരിതമായി സ്വയം ജീവിച്ചതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. മറിച്ച് ഉയര്‍ന്ന അറിവിന്റെയും അടിയുറച്ച കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തില്‍ എഴുതിയതുകൊണ്ടാണ്. ഇടതുപക്ഷ വിമര്‍ശനത്തിലെ ബലിഷ്ഠസ്വരം എന്നതിന്റെ അര്‍ഥവും അതാണ്.

1924ല്‍ ജനിച്ച് 1985ല്‍ അന്തരിച്ച ആളായിരുന്നു തായാട്ട്. ഈ കാലയളവിനെ ആവേശം കൊള്ളിക്കുകയും തീപിടിപ്പിക്കുകയും ചെയ്ത ജീവിതാദര്‍ശങ്ങളും ആശയപ്രരൂപങ്ങളും തായാട്ടിന്റെ ചിന്താ മണ്ഡലത്തിലും പ്രബലസാന്നിധ്യങ്ങളായിരുന്നു. ഗാന്ധിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും ആശയങ്ങളും ജീവിതാദര്‍ശങ്ങളും പല അനുപാതങ്ങളില്‍ തായാട്ട് ഉള്‍ക്കൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ചിന്താജീവിതത്തെ ആഴത്തില്‍ പരിണാമവിധേയമാക്കുകയും ചെയ്തു. ഒരൊറ്റ വടിവില്‍, അരനൂറ്റാണ്ടുകാലം, ജീവിതത്തെയും സാഹിത്യത്തെയുംകുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയല്ല തായാട്ട് ചെയ്തത്. മാറുന്ന ജീവിതമഹാപ്രവാഹം തന്നെയും തിരുത്തുന്നതിന് അദ്ദേഹം എതിരുനിന്നില്ല. പുതിയ അറിവുകളിലേക്ക് നിരന്തരം നടന്നെത്തിക്കൊണ്ടിരുന്നതുകൊണ്ട്, മാറുന്ന ജീവിതമെന്നതുപോലെ മാറിക്കൊണ്ടേയിരിക്കുന്ന വിജ്ഞാന ചക്രവാളവും തായാട്ടിന്റെ ബൌദ്ധികതയുടെ ആധാരതത്വമായി. താന്‍ പറയുന്നത് തന്റെ തോന്നലുകളായാല്‍ പോരെന്നും ചരിത്രത്തിന്റെയും അറിവിന്റെയും പ്രമാണഭദ്രമായ അടിസ്ഥാനത്തില്‍ തന്റെ തോന്നലുകളെ ഉറപ്പിക്കണമെന്നും തായാട്ട് നിര്‍ബന്ധം പുലര്‍ത്തിപ്പോന്നു. തുടക്കത്തില്‍ പറഞ്ഞ ബലിഷ്ഠതയുടെ ആധാരവും മറ്റൊന്നല്ല.

ഈ വിജ്ഞാന താല്‍പ്പര്യം തായാട്ടിന്റെ രചനാജീവിതത്തില്‍ തെളിഞ്ഞുകാണാം. സാഹിത്യവിമര്‍ശകനായാണ് അറിയപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ താല്‍പ്പര്യകേന്ദ്രം അതു മാത്രമായിരുന്നില്ല. ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ വികാസപരിണാമങ്ങളും ഭാരതീയ നവോത്ഥാനത്തിന്റെ ആന്തരസ്വരൂപവും നൂറ്റാണ്ടുകളിലൂടെ അരങ്ങേറിയ വിദ്യാഭ്യാസ പരിവര്‍ത്തനങ്ങളുമെല്ലാം തായാട്ടിന്റെ അന്വേഷണവിഷയങ്ങളായി. ഈ ആരായലുകള്‍ നല്‍കിയ വെളിച്ചങ്ങള്‍ അദ്ദേഹത്തിന്റെ വിമര്‍ശനജീവിതത്തിലേക്ക് തുടരുകയും ചെയ്തു. അതുകൊണ്ട് ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖയില്‍നിന്ന് ആശാന്‍കവിതയിലും വള്ളത്തോള്‍കവിതയിലും തെഴുത്ത് പടരുന്ന നവോത്ഥാന ഊര്‍ജത്തിലേക്ക് തായാട്ടിന്റെ നോട്ടങ്ങള്‍ എളുപ്പം ചെന്നെത്തി. ഒരര്‍ഥത്തില്‍ താന്‍ ജീവിച്ച കാലത്തിന്റെ ക്രമംതന്നെ ഇതായിരുന്നു എന്നും പറയാം. ഒറ്റയായ ജീവിതസത്യങ്ങളെക്കുറിച്ച് പാടാനല്ല, ജീവിതം എന്ന സാകല്യത്തെക്കുറിച്ച് പാടാനും പറയാനുമാണ് തായാട്ടിന്റെ കാലവും പൊതുവെ പണിപ്പെട്ടിരുന്നത്. പക്ഷേ, ഈ സാകല്യാവസ്ഥയെ വിശദീകരിക്കേണ്ടതെങ്ങനെ എന്നതില്‍ ഒട്ടുവളരെ അന്തരങ്ങളുണ്ടായിരുന്നു. തായാട്ട്, മുകളില്‍ പറഞ്ഞതുപോലെ, സമൂഹ പരിണാമത്തിന്റെ ബൌദ്ധിക/സ്ഥാപന ചരിത്രത്തെ മുന്‍നിര്‍ത്തിയാണ്, നവോത്ഥാനത്തെയും ജനാധിപത്യത്തെയും വിദ്യാഭ്യാസപ്രക്രിയകളെയും മറ്റും മുന്‍നിര്‍ത്തിയാണ്, സമൂഹം എന്ന ബന്ധവ്യവസ്ഥയെ മനസ്സിലാക്കിയത്. ഈ തിരിച്ചറിവുകളുടെ ബലത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ചുള്ള മൂല്യവിചാരത്തിലേക്ക് നിരന്തരം കടന്നുപൊയ്ക്കൊണ്ടിരുന്നു.

രണ്ട്

തായാട്ടിന്റെ വിമര്‍ശനരീതി സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനം ആണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 1970 കളില്‍ പക്വദശയിലെത്തിയ ഈ സമീപനരീതി തായാട്ടിന്റെ രചനാജീവിതത്തിന്റെ തുടക്കം മുതല്‍ക്കേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായി പി ജി തായാട്ടിന്റെ കൃതികള്‍ക്കെഴുതിയ അവതാരികയില്‍ പറയുന്നു. ചരിത്രവിജ്ഞാനം മുതല്‍ വ്യക്തിത്വാപഗ്രഥനംവരെയുള്ള വിവിധ മേഖലകളിലെ അറിവുകളെ തന്റെ വിമര്‍ശനരചനകളില്‍ വിനിയോഗിച്ചതിന്റെ ഫലമായാണ് ഈ സ്വഭാവം തായാട്ടിന്റെ വിമര്‍ശനങ്ങള്‍ക്ക് കൈവന്നതെന്നും വിശദീകരണമുണ്ടായിട്ടുണ്ട്. ഏത് നിലയിലായാലും മലയാളത്തിന്റെ സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനത്തിന്റെ ഉച്ചസ്വരമായാണ് തായാട്ട് മനസ്സിലാക്കപ്പെട്ടുവരുന്നത്.

സാഹിത്യവും സമൂഹവും (literature and society) എന്ന ദ്വന്ദ്വത്തിലധിഷ്ഠിതമാണ് സാമൂഹ്യ ശാസ്ത്രാധിഷ്ഠിത വിമര്‍ശനം. സാഹിത്യം സാമൂഹികയാഥാര്‍ഥ്യങ്ങളുടെ അവതരണമാകാന്‍ പാകത്തില്‍ (അത് പ്രതിഫലനപരമോ പ്രതിനിധാനപരമോ ആകാം) സമൂഹവും സാഹിത്യവും അവിടെ വേര്‍തിരിഞ്ഞ് നില്‍ക്കുന്നുണ്ട്. സാഹിത്യത്താല്‍ പ്രതിനിധാനം ചെയ്യപ്പെടേണ്ട യാഥാര്‍ഥ്യമാണ് സമൂഹം എന്ന കല്‍പ്പനയാണതിന്റെ ആരൂഢം. അതുവഴി സാഹിത്യത്തിന്റെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡമായി സാഹിത്യേതരമായ സമൂഹജീവിതയാഥാര്‍ഥ്യം ഉയര്‍ന്നുവരുന്നു. സാഹിത്യവും അത് ജന്മം നല്‍കുന്ന ആശയാനുഭൂതിലോകവും മിക്കവാറും ഒരനുബന്ധ ലോകമായിത്തീരുന്നു എന്നതാണ് ഈ വീക്ഷണത്തിന്റെ പരാധീനതയായി പറയാറുള്ളത്. ആശയങ്ങളുടെയും അനുഭൂതികളുടെയും ഭൌതികതയെ മാനിക്കാത്ത, അവയെ ഭൌതികയാഥാര്‍ഥ്യത്തിന്റെ അനുബന്ധമേഖല മാത്രമായി പരിഗണിക്കുന്ന, ആധുനിക ലോകബോധത്തിന്റെ ഉല്‍പ്പന്നമായി ഈ വീക്ഷണം ഇപ്പോള്‍ മനസ്സിലാക്കിവരുന്നുണ്ട്. ജനങ്ങള്‍ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ഒരാശയം അതില്‍ത്തന്നെ ഭൌതികശക്തിയായിത്തീരുമെന്ന മാര്‍ക്സിന്റെ നിരീക്ഷണം സാമൂഹ്യശാസ്ത്രവിമര്‍ശനത്തെ രൂപപ്പെടുത്തിയ ആധുനികവിചാര മാതൃകയുടെ (modern paradigm) വിമര്‍ശനം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.

തായാട്ടിന്റെ വിമര്‍ശനം സാമൂഹ്യശാസ്ത്രാധിഷ്ഠിതമാണ് എന്ന് പറയുമ്പോള്‍ അതിന് ഇത്തരം എതിര്‍വിചാരങ്ങളെക്കൂടി ഉള്‍ക്കൊള്ളാതെ ഇനിയങ്ങോട്ട് നിലനില്‍ക്കാനാവില്ല. നിശ്ചയമായും, ചരിത്രത്തിന്റെ ഒരു സവിശേഷസന്ദര്‍ഭം ജന്മം നല്‍കിയ വീക്ഷണസ്ഥാനം എന്ന നിലയില്‍ സാമൂഹ്യശാസ്ത്രാധിഷ്ഠിത വീക്ഷണത്തിന് നിര്‍ണായകപ്രാധാന്യമുണ്ട്. കലയും സാഹിത്യവും ഉള്‍പ്പെടെയുള്ള അനുഭൂതിലോകങ്ങള്‍ ചരിത്രേതരവും സമൂഹനിരപേക്ഷവുമാണെന്ന് വാദിക്കപ്പെട്ട ഒരു കാലയളവില്‍ അനുഭൂതിയുടെ ചരിത്രപരതയെയും സാമൂഹികതയെയും പറഞ്ഞുറപ്പിക്കാനുള്ള വലിയ ശ്രമങ്ങളായിരുന്നു സാമൂഹ്യശാസ്ത്രവിമര്‍ശനം നടത്തിയത്. ആ നിലയില്‍ അവയുടെ ചരിത്രപരമായ സാധുത ആദരണീയവുമാണ്. എന്നാല്‍ കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ആധുനികമായ ധാരണാമണ്ഡലത്തെ തന്നെയാണ് സാമൂഹ്യശാസ്ത്രവിമര്‍ശനവും, വിപരീതനിലയിലാണെങ്കിലും, ഉയര്‍ത്തിപ്പിടിച്ചത് എന്ന വസ്തുത നാം കാണാതെ പൊയ്ക്കൂട. സംസ്കാരത്തെ ഉപരിഘടനയിലെ അനുബന്ധലോകം മാത്രമായി പരിഗണിക്കുന്നതിനെതിരെ എംഗല്‍സ് നടത്തിയ വിമശനത്തെ ഓര്‍മിച്ചാല്‍, സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനം മാര്‍ക്സിസ്റ്റ് വിമര്‍ശനരീതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേഖലയാണെന്ന് വ്യക്തമാവും.

തായാട്ടിന്റെ വിമര്‍ശനവിചാരങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന് സാമൂഹ്യശാസ്ത്രാധിഷ്ഠിതമായ വീക്ഷണമാണെന്ന് വ്യക്തമാണ്. സി വി രാമന്‍പിള്ള മുതല്‍ ആധുനികതാ പ്രസ്ഥാനം വരെയുള്ള സാഹിത്യസന്ദര്‍ഭങ്ങളോട് തായാട്ട് നടത്തിയ പ്രതികരണങ്ങള്‍ ഇതിന് തെളിവ് തരും. ഇത് തായാട്ടിന്റെ മാത്രം പ്രശ്നവുമല്ല. മലയാളത്തിലെ മാര്‍ക്സിസ്റ്റ് വിമര്‍ശനം ചിലപ്പോഴൊക്കെ വൈരുധ്യാത്മക വിചിന്തനത്തിന് പകരം സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമര്‍ശനത്തിലേക്ക് നീങ്ങിപ്പോയിട്ടുണ്ട്. ജീവല്‍സാഹിത്യത്തിന്റെയും പുരോഗമനസാഹിത്യത്തിന്റെയും ചില സന്ദര്‍ഭങ്ങളില്‍ അത് കാണാനാവും. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികതയെ പ്രമേയതലത്തില്‍ മാത്രം കണ്ടെടുക്കാന്‍ ശ്രമിക്കുകയും അനുഭൂതിയായും രൂപമായും ഉടല്‍പൂണ്ടുവരുന്ന സാമൂഹികതയെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമീപനവിശേഷം മലയാളത്തിലെ ഇടതുപക്ഷവിമര്‍ശനത്തെ നിര്‍ണയിച്ചുപോന്നിട്ടുണ്ട്. ചങ്ങമ്പുഴയെക്കുറിച്ചുള്ള ഇ എം എസ്സിന്റെ വിലയിരുത്തലില്‍ അദ്ദേഹം ഈ പരിമിതിയെ ഭേദിച്ചുപോന്നിട്ടുണ്ട്. എങ്കിലുംനമ്മുടെ ഇടതുപക്ഷ വിമര്‍ശനാവബോധത്തെ ഈ സാമൂഹികശാസ്ത്രവാദം എപ്പോഴെങ്കിലും പൂര്‍ണമായി കൈവിടുകയുണ്ടായില്ല എന്നുവേണം പറയാന്‍. തായാട്ടിനെ സംബന്ധിച്ചും ഇത് ശരിയാണ്.

എന്നാല്‍ ഈ ഒരൊറ്റ വഴിയിലൂടെയല്ല തായാട്ട് നടന്നത്. ചരിത്രത്തിന്റെ പ്രയാണവേഗം ആരെയും ഒരാളായി മാത്രം ജീവിക്കാന്‍ അനുവദിക്കാത്തതുകൊണ്ട്, ചിന്താക്രമങ്ങളുടെയും വിചാരമാതൃകകളുടെയും കലര്‍പ്പുകളായാണ് വലിയ എഴുത്തുകള്‍ പലപ്പോഴും നിലനില്‍ക്കുക. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന കുട്ടികൃഷ്ണമാരാരെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു സങ്കീര്‍ണത തായാട്ടില്‍ കാണാം. മാരാരുടെ സാഹിത്യസമീപനം എന്ന പ്രബന്ധത്തില്‍ തായാട്ട് എഴുതുന്നു:"ജീവിതവ്യാപാരങ്ങളുടെ പിന്നില്‍ അവയ്ക്ക് പ്രേരകമായി വര്‍ത്തിക്കുന്ന ശക്തിവിശേഷത്തെ വികസിപ്പിക്കാനും ആ വ്യാപാരങ്ങള്‍ക്ക് ആവശ്യമായ നിയന്ത്രണം നല്‍കാനുമുള്ള കഴിവാണ് മാരാരുടെ കണ്ണില്‍ സാഹിത്യത്തിന്റെ മഹത്വം. അതിന് ജനങ്ങളോടൊപ്പം ചിന്തിക്കുകയെന്ന വിലകുറഞ്ഞ മുദ്രാവാക്യത്തെ പുച്ഛിച്ചുതള്ളുവാന്‍ അദ്ദേഹം സാഹിത്യകാരന്മാരെ ആഹ്വാനം ചെയ്യുന്നു. പകരം ജനങ്ങളെ തന്റെ കൂടെ ചിന്തിപ്പിക്കുവാന്‍ സാഹിത്യകാരന്മാര്‍ക്ക് കഴിവുണ്ടാകണമെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. ഇത് സാധ്യമാകാത്തിടത്ത് കല കലയ്ക്കുവേണ്ടിയായിത്തീരുന്നു; സാധിക്കുമ്പോഴാകട്ടെ കല ജീവിതത്തിനുവേണ്ടിയായിത്തീരുന്നു. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ജീവിതത്തിനുവേണ്ടിയാവണം-ആയേ തീരൂ-സാഹിത്യമെന്ന സിദ്ധാന്തത്തിന് ഈ യുഗത്തില്‍ കൈരളിക്ക് ലഭിച്ച കാവല്‍ഭടനാണ് കുട്ടിക്കൃഷ്ണമാരാര്‍. ജീവിതത്തെയും അതിനെ രൂപപ്പെടുത്തിയെടുക്കുന്ന ഘടകങ്ങളെയുംകുറിച്ച് മാരാരുടെ നിലപാട് അംഗീകരിക്കാത്തവര്‍ ഉണ്ടായേക്കാം. മൌലികപ്രശ്നത്തില്‍ യോജിപ്പുണ്ടെങ്കില്‍, പിന്നെ, വിശദാംശങ്ങള്‍ അത്ര പ്രധാനമല്ലല്ലോ.''

പുരോഗമനസാഹിത്യത്തിന്റെ ഏറ്റവുംവലിയ എതിരാളിയായിരുന്ന മാരാരുടെ വിമര്‍ശനാദര്‍ശത്തില്‍ പുരോഗമനസാഹിത്യത്തിന്റെ സാഹിത്യദര്‍ശനം-കല ജീവിതത്തിനുവേണ്ടിയെന്ന വീക്ഷണം-ഉള്ളടങ്ങിയിട്ടുണ്ടെന്നും മാരാരും പുരോഗമനസാഹിത്യ പ്രസ്ഥാനവും തമ്മില്‍ മൌലികപ്രശ്നങ്ങളില്‍ യോജിപ്പുണ്ട് എന്നും തായാട്ട് പറയുന്നതിന്റെ അര്‍ഥമെന്താണ്? സാമൂഹ്യശാസ്ത്രവാദപരമായ നിലപാടിലേക്ക് തായാട്ട് എത്തിച്ചേരുന്നതിന് മുമ്പുള്ളതാണ് ഈ അഭിപ്രായം എന്ന ഒരു വിശദീകരണം ഇതേക്കുറിച്ചുണ്ട്. (മാരാരെക്കുറിച്ചുള്ള മറ്റൊരു പ്രബന്ധത്തില്‍- 'മാരാരും പുരോഗമനസാഹിത്യപ്രസ്ഥാനവും' എന്ന പ്രബന്ധം-ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കാതെ മാരാരെ നിശിതമായി വിമര്‍ശിക്കാനാണ് തായാട്ട് മുതിരുന്നത്). ഒട്ടൊക്കെ അത് ശരിയുമാണ്. എന്നാല്‍ തായാട്ടിന്റെ അത്രയൊന്നും പക്വമല്ലാത്ത സാഹിത്യാവബോധത്തിന്റെ ഉല്‍പ്പന്നം എന്നതിനപ്പുറം ഈ വാദഗതിക്ക് വല്ല സാധുതയുമുണ്ടോ? ഇടതുപക്ഷപരമായ വിമര്‍ശനവിചാരത്തിന് ഇപ്പോള്‍ സ്വീകാര്യമായ വല്ലതും അതില്‍ കണ്ടെത്താനാവുമോ?

സാഹിത്യത്തിന്റെയും കലയുടെയും ചരിത്രപരതയെ സൂക്ഷ്മാര്‍ഥത്തില്‍ അഭിസംബോധനചെയ്യുന്ന ഒരു നിരീക്ഷണം ഇവിടെ തായാട്ട് അവതരിപ്പിക്കുന്നുണ്ട്. പ്രത്യക്ഷ പ്രായങ്ങളായ യാഥാര്‍ഥ്യങ്ങള്‍ക്ക് പിന്നില്‍ എണ്ണമറ്റ പരോക്ഷ യാഥാര്‍ഥ്യങ്ങള്‍ അടുക്കടുക്കായി കിടക്കുന്നു. പ്രത്യക്ഷ യാഥാര്‍ഥ്യവുമായി പലപ്പോഴും പൊരുത്തമില്ലാതെ കിടക്കുന്ന അത്തരം പരോക്ഷയാഥാര്‍ഥ്യങ്ങളാണ് സാഹിത്യത്തിന്റെ പ്രതിപാദ്യം. ജീവിതത്തിന്റെ ഈ സൂക്ഷ്മഭാവങ്ങളാണ് സാഹിത്യത്തിന്റെ ഇതിവൃത്തം. അത് നിത്യസമ്പന്നമാണ്. ഈ സൂക്ഷ്മലോകത്തെ ആവിഷ്കരിക്കാനുള്ള ഉപാധി മാത്രമാണ് സ്ഥൂലാംശം. സാഹിത്യം പ്രതിപാദനമല്ല പ്രതിപാദ്യമാണ് എന്ന് മാരാര്‍ പറയുന്നതിനര്‍ഥം ഈ സൂക്ഷ്മാംശത്തെ, പരോക്ഷയാഥാര്‍ഥ്യത്തെ, പ്രതിപാദിക്കലാണ്. സ്ഥൂലാംശത്തെ ആവിഷ്കരിക്കുന്നതില്‍ തൃപ്തരാകാതെ, സൂക്ഷ്മാംശത്തിലേക്ക്, പരോക്ഷ യാഥാര്‍ഥ്യത്തിലേക്ക്, നീങ്ങുകയാണ് സാഹിത്യരചയിതാക്കള്‍ ചെയ്യേണ്ടത്. ഇതിവൃത്തത്തെ മുന്‍നിര്‍ത്തി സാഹിത്യമൂല്യം നിര്‍ണയിക്കുന്ന പുരോഗമനസാഹിത്യക്കാരും വര്‍ണപദച്ഛന്ദസുകളുടെ ആവര്‍ത്തനം മുന്‍നിര്‍ത്തി കലാമൂല്യം വിലയിരുത്തുന്ന സ്വച്ഛകലാവാദികളും സൂക്ഷ്മാംശങ്ങളെ മുന്‍നിര്‍ത്തി പരോക്ഷ യാഥാര്‍ഥ്യത്തെ ആവിഷ്കരിക്കുന്നതാണ് കലയുടെ ദൌത്യം എന്ന വസ്തുത കാണാതെ പോവുകയാണെന്ന് മാരാര്‍ വിലയിരുത്തുന്നു. ഇതാണ് മാരാരെക്കുറിച്ച് തയാട്ട് നടത്തുന്ന നിരീക്ഷണത്തിന്റെ സാരം.

ഭൌതിക പ്രത്യക്ഷങ്ങള്‍ക്കപ്പുറത്തുള്ള പരോക്ഷ യാഥാര്‍ഥ്യമാണ് കലയുടെ ലോകം എന്ന മാരാരുടെ വാദത്തിന്റെ സാധുതയാണ് തായാട്ട് അംഗീകരിക്കാനും വിശദീകരിക്കാനുംശ്രമിച്ചത്. പരോക്ഷ യാഥാര്‍ഥ്യം മാരാരെ സംബന്ധിച്ചിടത്തോളം കേവലം ഒട്ടൊക്കെ അതിഭൌതികവുമായ ധര്‍മബോധമാണ്. അതുകൊണ്ടുതന്നെ മാരാരുടെ കലാദര്‍ശനം ആശയവാദപരമായ നിലപാടിലേക്ക് എത്തിപ്പെടുകയും ചെയ്യും. 'സാഹിത്യവിദ്യ'യില്‍ നിന്നും'ശരണാഗതി'യിലേക്ക് ഒരു വഴി ആദ്യമേ തുറന്നുകിടപ്പുണ്ട് എന്നര്‍ഥം. എന്നാല്‍ പരോക്ഷയാഥാര്‍ഥ്യം എന്ന പ്രശ്നം കലയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. ഭൌതികവാദപരമായ നിലപാടിലൂടെ മനസ്സിലാക്കിയാല്‍ ഈ പരോക്ഷ യാഥാര്‍ഥ്യമാണ് ചരിത്രം. ഫ്രഡറിക് ജയിംസണ്‍ രാഷ്ട്രീയ അബോധം എന്ന് വിശേഷിപ്പിക്കുന്നത് പാഠരൂപങ്ങളില്‍ പരോക്ഷയാഥാര്‍ഥ്യമായി സന്നിഹിതമായിരിക്കുന്ന ചരിത്രത്തെയാണ്. ലകാനിയന്‍ യാഥാര്‍ഥ്യക്രമം (Real order) പോലെ അവ്യാകൃതവും അനിര്‍വചനീയവും അപ്രമേയവുമായ ചരിത്രമാണ് കലയിലെ പരോക്ഷയാഥാര്‍ഥ്യം. ഈ പരോക്ഷ യാഥാര്‍ഥ്യത്തിന്റെ പ്രകാശനമാണ് കല. കല അനുഭവമായിത്തീരുന്നത് അത് ആഴത്തില്‍ ചരിത്രപരമായിരിക്കുന്നതിനാലാണ്. ചരിത്രത്തിന്റെ സങ്കീര്‍ണമായ ബന്ധരൂപങ്ങളാണ് കലാനുഭൂതിയുടെ ആകരം. ഈ ആഴമേറിയ ചരിത്രാനുഭവത്തെ പ്രകാശിപ്പിക്കുന്നിന് പകരം, പ്രമേയ പ്രത്യക്ഷതകളിലേക്ക് അവയെ പരാവര്‍ത്തനം ചെയ്യുമ്പോഴാണ് കല അനുഭവശൂന്യമായിത്തീരുന്നത്. അതായത് ചരിത്രപരതയുടെ ആഴംകൊണ്ടാണ് കല അനുഭൂതിദായകമാവുന്നത്. ചരിത്രനിരപേക്ഷവും സമൂഹനിരപേക്ഷവും ആകുമ്പോള്‍ കല അനുഭവ ശൂന്യവും അനുഭൂതിരഹിതവുമായ അലങ്കാരമായിത്തീരുകയാണ് ചെയ്യുന്നത്. പരോക്ഷ യാഥാര്‍ഥ്യമായ ചരിത്രത്തിന്റെ (ഇത് ചരിത്രവിജ്ഞാനത്തിലെ വസ്തുതാവിവരണമോ വ്യാഖ്യാനങ്ങളോ അല്ലെന്ന് എടുത്തുപറയണം) സൂക്ഷ്മസ്ഥാനമാണ് കലയും സാഹിത്യവും. കലയുടെയും സാഹിത്യത്തിന്റെയും പ്രതിപാദ്യവും അതുതന്നെ.

ഇങ്ങനെ, പ്രത്യക്ഷ യാഥാര്‍ഥ്യത്തിനും പ്രമേയമണ്ഡലത്തിനും അപ്പുറത്ത് നിലകൊള്ളുന്ന ചരിത്രം എന്ന വിപുലരാശിയെ അഭിസംബോധന ചെയ്യാനുള്ള കഴിവിലാണ് സാഹിത്യം അതിന്റെ സ്വകീയത നിലനിര്‍ത്തുന്നത് എന്ന ഒരു നിലപാടിന്റെ ബീജരൂപം തന്റെ മാരാര്‍ വിമര്‍ശനത്തോടൊപ്പം തായാട്ട് അവതരിപ്പിക്കുന്നുണ്ട്. പില്‍ക്കാലത്തെ സംഘര്‍ഷഭരിതമായ സംവാദസന്ദര്‍ഭങ്ങളില്‍ ഈ നിലപാട് അദ്ദേഹം വേണ്ടത്ര പിന്‍തുടരുകയോ, വികസിപ്പിക്കുകയോ ചെയ്തതായി കാണുന്നില്ല. സാമൂഹ്യശാസ്ത്രാധിഷ്ഠിതമായ വിമര്‍ശനസമീപനത്തെ മറികടന്നുപോകാന്‍ കെല്‍പ്പുള്ള ഈ കാഴ്ചപ്പാട് ഇന്ന് പല നിലകളില്‍ പ്രസക്തമാണ്. കലയെയും സാഹിത്യത്തെയും അവയുടെ അനുഭവലോകത്തെയും ചരിത്രവല്‍ക്കരിക്കാനും അപ്പോള്‍ത്തന്നെ സാമൂഹ്യശാസ്ത്രവാദപരമായ പ്രമേയപ്രത്യക്ഷതകളായി അതിനെ ചുരുക്കിക്കാണാതിരിക്കാനും ഈ നിലപാട് നമ്മെ പ്രാപ്തരാക്കും. തായാട്ടിന്റെ വിമര്‍ശനത്തിന്റെ സാധ്യതകളിലൊന്ന് ഇതുതന്നെയാണ്.


*****


സുനില്‍ പി ഇളയിടം, കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാളത്തിലെ ഇടതുപക്ഷ വിമര്‍ശനത്തിലെ ബലിഷ്ഠസ്വരങ്ങളിലൊന്നായിരുന്നു തായാട്ട് ശങ്കരന്‍. സുവ്യക്തമായ നിലപാടുകള്‍ക്കുമേല്‍ തന്റെ വിമര്‍ശനവിചാരം പടുത്തുയര്‍ത്താനും എതിര്‍നിലപാടുകളോട് ധീരമായി ഏറ്റുമുട്ടാനും അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. 'ശൂന്യപാത്രങ്ങള്‍ എറിഞ്ഞുടച്ച നിരൂപകനായി' വിവരിക്കപ്പെടാന്‍ പാകത്തില്‍ തന്റെ കാലത്തെ ശബ്ദഘോഷങ്ങളോട് അദ്ദേഹം കലഹിച്ചു. വലിയ അലോസരങ്ങള്‍ക്കും എതിര്‍വാദങ്ങള്‍ക്കും വഴിതുറക്കാന്‍ തായാട്ടിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ആരെയും സ്പര്‍ശിക്കാതെ കടന്നുപോകാന്‍ അദ്ദേഹം അനുവദിച്ചില്ല. ആശാന്‍ കവിതകള്‍ ആസ്വദിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ചായാലും ആധുനികതാവാദ പ്രസ്ഥാനത്തെക്കുറിച്ചായാലും തായാട്ടിന്റെ ഇടപെടലുകള്‍ മലയാളത്തിന്റെ ചിന്താജീവിതത്തില്‍ ഒരുപാട് ഇളക്കങ്ങളുണ്ടാക്കി. ശബ്ദമുഖരിതമായി സ്വയം ജീവിച്ചതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. മറിച്ച് ഉയര്‍ന്ന അറിവിന്റെയും അടിയുറച്ച കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തില്‍ എഴുതിയതുകൊണ്ടാണ്. ഇടതുപക്ഷ വിമര്‍ശനത്തിലെ ബലിഷ്ഠസ്വരം എന്നതിന്റെ അര്‍ഥവും അതാണ്.