Friday, March 18, 2011

സമൃദ്ധം സഹകരണം

കേരളീയ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് സഹകരണ മേഖല വളര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. സാധാരണക്കാരന്റെയും കര്‍ഷകന്റെയും ആശ്രയകേന്ദ്രമാണ് ഇന്ന് സഹകരണപ്രസ്ഥാനം. ആശുപത്രികള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണം, നെല്ല് സംഭരണം തുടങ്ങി നിരവധി പുതിയ മേഖലയിലേക്കും സഹകരണപ്രസ്ഥാനം മുന്നേറി. അഴിമതിയും സ്വജനപക്ഷപാതവും മുച്ചൂടും തകര്‍ത്ത അവസ്ഥയില്‍നിന്നാണ് അഞ്ചുവര്‍ഷംകൊണ്ട് സഹകരണമേഖലയെ വളര്‍ച്ചയുടെ പാതയിലെത്തിച്ചത്.

2006ല്‍ സഹകരണമന്ത്രിയായി ജി സുധാകരന്‍ ചുമതലയേറ്റടുത്തപ്പോള്‍ ആദ്യം ചെയ്യേണ്ടിവന്നത് വകുപ്പിലെ ശുദ്ധികലശമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകള്‍ അന്വേഷിക്കുന്നതിന് സഹകരണ വിജിലന്‍സ് വിഭാഗംതന്നെ രൂപീകരിച്ചു. 200 വിജിലന്‍സ് കേസിനാണ് ശുപാര്‍ശചെയ്‌തത്. പല കേസുകളും കോടതിയിലെത്തി. കൊടിയ അഴിമതികളില്‍നിന്ന് വകുപ്പിനെ രക്ഷിക്കാനായതുതന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടമായി.

സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും സഹകരണ മേഖലയിലെ വായ്‌പയും നിക്ഷേപവും വര്‍ധിച്ചു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ നിക്ഷേപം 20,287 കോടിയായിരുന്നത് ഇന്ന് 65,600 കോടി രൂപയാണ്. സഹകരണ നിക്ഷേപം കേരളീയം സംരംഭത്തിലൂടെ 14,200 കോടിയുടെ അധിക നിക്ഷേപമാണ് സമാഹരിച്ചത്. നിക്ഷേപത്തിന്റെ 90 ശതമാനവും വായ്‌പയായി സംസ്ഥാനത്തുതന്നെ വിതരണംചെയ്യുന്നു.

നബാര്‍ഡില്‍നിന്ന് സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം ഫണ്ടില്‍നിന്നുതന്നെ കാര്‍ഷികവായ്‌പക്ക് തുക കണ്ടെത്തി. ഒരു വര്‍ഷം 5000 കോടിയുടെ കാര്‍ഷികവായ്‌പയാണ് നല്‍കുന്നത്. നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും നാലു ശതമാനം പലിശ നിരക്കില്‍ വായ്‌പ നല്‍കി. രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് പലിശ രഹിത വായ്‌പ അനുവദിച്ചു. നൂറു കോടി രൂപയാണ് ഒരു വര്‍ഷം ഇങ്ങനെ വായ്‌പയായി നല്‍കുന്നത്. നിര്‍ധന യുവതികളുടെ വിവാഹത്തിനായുള്ള മംഗല്യസൂത്ര സഹകരണ സംഘം ആശ്വാസമായത് നിരവധി കുടുംബത്തിനാണ്. 4554.25 കോടിയുടെ വിദ്യാഭ്യാസവായ്‌പയും ഇ എം എസ് ഭവനപദ്ധതിക്കായി 4000 കോടി രൂപയുമാണ് സഹകരണപ്രസ്ഥാനത്തിന്റെ സംഭാവന.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സഹകരണപ്രസ്ഥാനം കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്. ആഘോഷവേളകളില്‍ വിപണിയില്‍ സജീവമായി ഇടപെട്ടു. പൊതുമാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനംവരെ വില കുറച്ച് സാധനങ്ങള്‍ നല്‍കി. ഇതുവഴി 380 കോടിയുടെ സാമ്പത്തികനേട്ടമാണ് ജനങ്ങള്‍ക്കുണ്ടായത്. സംസ്ഥാനത്തൊട്ടാകെ ഇന്ന് 800 മെഡിക്കല്‍ സ്റോറും 222 നീതി മെഡിക്കല്‍ സ്റോറുമാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായത്. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറുനഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റോറുകളും ആരംഭിച്ചു. കുട്ടനാട്ടില്‍ 'ഒഴുകുന്ന ത്രിവേണിയും' ആരംഭിച്ചു. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍മാര്‍ക്കറ്റാണിത്.

സഹകരണമേഖലയില്‍ നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടതും ഈ കാലയളവിലാണ്. കേപ്പ് (കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍) ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്ഡിസിഎം കോളേജാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് നെയ്യാര്‍ഡാമിനു സമീപമുള്ള കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കിക്‌മ എന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥാപനം ആരംഭിച്ചു. കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്ന 140 സഹകരണ ആശുപത്രിയാണ് ഈ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വായ്‌പക്കാരന്‍ വായ്‌പാ കാലാവധിക്കുള്ളില്‍ മരിച്ചാല്‍ ഒരുലക്ഷം രൂപവരെയുള്ള ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്ന പദ്ധതി മറ്റൊരു ശ്രദ്ധേയ മുന്നേറ്റമാണ്. സഹകരണരംഗത്ത് വിവിധ മേഖലയിലുള്ള ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിച്ചു.

പ്രതീക്ഷയുടെ 'സുവര്‍ണനാര് '

തകര്‍ച്ചയുടെ വക്കിലായിരുന്ന കയര്‍മേഖലയ്‌ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം പുത്തനുണര്‍വാണ് നല്‍കിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്‌ക്കും ആധുനികവല്‍ക്കരണത്തിനും സഹായമാകുന്ന നിരവധി പദ്ധതി ആവിഷ്‌കരിച്ചതിലൂടെ കയര്‍മേഖലയും തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉയര്‍ന്നു. നാലുലക്ഷത്തോളംപേര്‍ പണിയെടുക്കുന്ന ഈ മേഖല ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്.

'കേരള കയര്‍ ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാര് ' എന്ന ബ്രാന്‍ഡ് നെയിം നല്‍കി കയറുല്‍പ്പന്നങ്ങളുടെ പ്രചാരണപരിപാടി ആവിഷ്‌കരിച്ചു. 'ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പ്പന്നം' എന്ന പദ്ധതി, വില്‍പ്പന വന്‍തോതില്‍ വര്‍ധിക്കാന്‍ സഹായമായി. തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയാക്കിയ മുഴുവന്‍ പെന്‍ഷനും കൊടുത്തുതീര്‍ക്കുകയും ചെയ്‌തു. കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡുവഴിയുള്ള എല്ലാ ആനുകൂല്യവും മൂന്നിരട്ടിയിലേറെയായി ഉയര്‍ത്തി. കയര്‍ സഹകരണസംഘങ്ങളുടെ സര്‍ക്കാരിലേക്കുള്ള വായ്‌പയും പലിശയും എന്‍സിഡിസി വായ്‌പയും പൂര്‍ണമായും ഓഹരിയാക്കി മാറ്റി. സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനമൂലധനവും നല്‍കി.

കയര്‍ഫെഡിന്റെ ചുമതലയില്‍ പിവിസി ടഫ്റ്റഡ് ഫാക്‌ടറി, ഫോംമാറ്റിങ്സിന്റെ ചുമതലയില്‍ കോമ്പോസിറ്റ് ബോര്‍ഡ് ഫാക്‌ടറി, കയര്‍ കോര്‍പറേഷന്റെ ചുമതലയില്‍ ബ്ളണ്ടഡ് യാ ഫാക്‌ടറി, ഓട്ടോമാറ്റിക് ലൂം ഫാക്‌ടറി എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിനുകീഴില്‍ വൃദ്ധസദനം നിര്‍മിക്കാന്‍ ഒരുകോടി രൂപ നല്‍കി. ക്ഷേമനിധിബോര്‍ഡുവഴി 50 കോടി രൂപയിലേറെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി. കയര്‍മേഖലയിലെ എല്ലാ തൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്.

കയര്‍ കടാശ്വാസപദ്ധതിപ്രകാരം ചെറുകിട സംരംഭകര്‍ക്കും സഹകരണസംഘങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാക്കി. കയര്‍ ഉല്‍പ്പന്ന വിപണനമേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കയര്‍ ക്രയവിലസ്ഥിരത പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. ചകിരിക്ഷാമം രൂക്ഷമായപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന് ഇറക്കുമതി ചെയ്‌ത് പ്രശ്‌നം പരിഹരിച്ചു. തൊണ്ടുസംഭരണപദ്ധതിക്കായി സംഘങ്ങള്‍ രൂപീകരിക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്‌തു. എല്ലാ ഡീഫൈബറിങ് മില്ലും പ്രവര്‍ത്തനസജ്ജമാക്കുന്നതിനും നവീകരിക്കുന്നതിനും നടപടി സ്വീകരിച്ചു. പുതിയ ഡീഫൈബറിങ് മില്ലുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കി. കയര്‍രംഗത്തെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഇന്ന് കേരളത്തിലെ ശാസ്‌ത്രസാങ്കേതിക ഗവേഷണമേഖലയിലെ പ്രമുഖ സ്ഥാപനമാണ്.

ജനവിശ്വാസം നേടിയ അര്‍പ്പണബോധം

കേരളത്തില്‍ സഹകരണമേഖലയ്‌ക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നതും അതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുമ്പോള്‍മാത്രമാണെന്ന് റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറും ഗ്രന്ഥകര്‍ത്താവുമായ പന്ന്യന്നൂര്‍ ഭാസി പറയുന്നു. ആദ്യത്തെ സഹകരണനിയമം കൊണ്ടുവന്നത് ഇ എം എസ് മന്ത്രിസഭയാണ്. സഹകരണമേഖലയ്‌ക്ക് പുത്തനുണര്‍വുണ്ടാക്കാനും ജനകീയത കൈവരിക്കാനും ഈ സര്‍ക്കാരിന് സാധിച്ചു. സഹകരണമേഖലയെ ഉടച്ചുവാര്‍ക്കാന്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അതില്‍ മന്ത്രി പൂര്‍ണമായി വിജയിക്കുകയും ചെയ്‌തു.

കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യത്തെതുടര്‍ന്ന് രാജ്യമെങ്ങും വിലക്കയറ്റം രൂക്ഷമാണ്. എന്നാല്‍, കേരളം വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചു. സഹകരണസംഘങ്ങള്‍വഴിയും നീതിസ്റോറുകള്‍വഴിയും ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ നല്‍കി ജനങ്ങളെ സര്‍ക്കാര്‍ രക്ഷിച്ചു. കര്‍ഷകര്‍ക്ക് വായ്‌പ നല്‍കുന്നതില്‍ മുമ്പെന്നത്തേക്കാളും സഹകരണമേഖല മുന്നോട്ടുപോയി.

കടക്കെണിയില്‍ കുടുങ്ങി വീര്‍പ്പുമുട്ടിയ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തെ തകര്‍ച്ചയുടെ വക്കില്‍നിന്ന് ഉയര്‍ത്തിയതില്‍ ജി സുധാകരന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. കടത്തില്‍ മുങ്ങിയ സംഘത്തിന്റെ ബാധ്യതകള്‍ കൊടുത്തുതീര്‍ത്ത് പുനരുജ്ജീവിപ്പിച്ചു. ഇത് ഇടതുഭരണത്തിലെ പൊന്‍തൂവലാണ്. മുന്‍ സര്‍ക്കാര്‍ സഹകരണപ്രസ്ഥാനങ്ങളെ തഴയുകയാണ് ചെയ്‌തത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്‌ക്ക് ഈ സ്ഥിതിയാകെ മാറി.

സഹകരണസംഘങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസംവന്നിട്ടുണ്ട്. അതിനുള്ള തെളിവാണ് സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ വര്‍ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബ ബജറ്റ് താളം തെറ്റിക്കാതെ

കൊച്ചി: "നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ ത്രിവേണിയാണ് ഞങ്ങളെ സഹായിക്കുന്നത്''- എറണാകുളം ഗാന്ധിനഗറിലെ ത്രിവേണി മെഗാമാര്‍ട്ടില്‍നിന്ന് കൈനിറയെ സാധനങ്ങള്‍ നിറച്ച കിറ്റുകളുമായി ഇറങ്ങവേ മലിനീകരണ നിയന്ത്രണബോര്‍ഡ് ജീവനക്കാരായ ഷൈലയും ചിത്രയും പറഞ്ഞു.

വിലവിവര പട്ടികയില്‍ ഇടയ്‌ക്കിടെ നോക്കാതെ ധൈര്യമായിസാധനങ്ങള്‍ വാങ്ങാം. തൊട്ടാല്‍ പൊള്ളുന്ന സാധനങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനംവരെ വിലക്കിഴിവുണ്ട്, ഗുണനിലവാരവും. ആധുനിക മാളുകളിലെന്നപോലെ ഇഷ്‌ടാനുസരണം സാധനം തെരഞ്ഞെടുക്കാം എന്ന സൌകര്യവുമുണ്ട്. ചിത്രയും ഷൈലയും പറഞ്ഞു.

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ പരമാവധി വിലകുറച്ച് ജനങ്ങളിലേക്കെത്തിക്കുക എന്ന കണ്‍സ്യൂമര്‍ഫെഡിന്റെ സ്വപ്‌നം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സാക്ഷ്യപത്രമാണ് ത്രിവേണി മാര്‍ക്കറ്റുകളിലെ ഉപയോക്താക്കളുടെ ജനത്തിരക്ക്. അരിയും പച്ചക്കറികളും പരിപ്പ് വര്‍ഗങ്ങളും ഗൃഹോപകരണസാധനങ്ങളും സൌന്ദര്യവര്‍ധക വസ്‌തുക്കളും തുടങ്ങി ത്രിവേണിമാര്‍ക്കറ്റില്‍ പോയിട്ട് കിട്ടിയില്ലെന്ന പരിഭവമുണ്ടാകാത്ത രീതിയില്‍ എല്ലാമുണ്ട് ത്രിവേണി മാര്‍ട്ടുകളില്‍. ഗുണനിലവാരത്തെപ്പറ്റിയുള്ള പരാതി ഉടനടി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുന്നതും ത്രിവേണിയുടെ വിജയത്തിന് സഹായകമാകുന്നു.

ത്രിവേണി ഉച്ചഭക്ഷണപദ്ധതി പ്രകാരം സ്കൂളുകളിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സാധനങ്ങള്‍ വിതരണംചെയ്യുന്നുണ്ട്. മുക്കിലും മൂലയിലും സഞ്ചരിച്ച് വീടുകളിലേക്കാവശ്യമുള്ള സാധനങ്ങളെത്തിക്കുന്ന മൊബൈല്‍മാര്‍ക്കറ്റുകളും കുട്ടനാടിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന ഫ്ളോട്ടിങ് ത്രിവേണിയും ചരിത്രത്തിന്റെ ഭാഗമായി. എറണാകുളം ജില്ലയില്‍ മൂന്നിടത്ത് ആരംഭിച്ച ത്രിവേണി ഹോട്ടലുകള്‍ക്ക് ആരാധകരേറെയാണ്. കേരളത്തിലെ തെരഞ്ഞെടുത്ത നീതിസ്‌റ്റോറുകളില്‍ സാധനങ്ങള്‍ 20 ശതമാനം വിലക്കിഴിവില്‍ വില്‍ക്കുന്ന നന്മ പദ്ധതികൂടി നടപ്പാകുന്നതോടെ വീട്ടമ്മമാരുടെ ഹൃദയങ്ങളില്‍ ത്രിവേണിയുടെ സ്ഥാനം ഇനിയും ഉയരും

എസ് പി സിഎസിന് പുതുജീവന്‍

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ രക്ഷപ്പെടുത്താനുള്ള നിരവധി പദ്ധതിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ നടപ്പാക്കിയത്. സഹകരണ സാമൂഹികം കേരളീയം’പദ്ധതി പ്രകാരം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കുടിശ്ശിക വിതരണംചെയ്‌തു. ഒറ്റദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപയാണ് നല്‍കിയത്. പിന്നീട് 2.17 കോടി രൂപയും നല്‍കി.

2010 ഡിസംബറിനകം 500 പുസ്‌തകം പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ പൂര്‍ത്തിയാക്കി. 2010 ഡിസംബറോടെ 1000 പുസ്‌തകമാണ് പ്രസിദ്ധീകരിച്ചത്. ശബ്ദതാരാവലിപോലുള്ള ബൃഹദ് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു. എസ് പ് സിഎസില്‍ ശമ്പളകുടിശ്ശിക തീര്‍ത്തു. 23 വര്‍ഷത്തിനുശേഷം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. 2206 സഹകരണസംഘത്തില്‍ ലൈബ്രറിയായി. കോട്ടയത്ത് എസ് പി സിഎസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്‌മാരക മന്ദിരം ഒരുകോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.


******

കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളീയ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് സഹകരണ മേഖല വളര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. സാധാരണക്കാരന്റെയും കര്‍ഷകന്റെയും ആശ്രയകേന്ദ്രമാണ് ഇന്ന് സഹകരണപ്രസ്ഥാനം. ആശുപത്രികള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണം, നെല്ല് സംഭരണം തുടങ്ങി നിരവധി പുതിയ മേഖലയിലേക്കും സഹകരണപ്രസ്ഥാനം മുന്നേറി. അഴിമതിയും സ്വജനപക്ഷപാതവും മുച്ചൂടും തകര്‍ത്ത അവസ്ഥയില്‍നിന്നാണ് അഞ്ചുവര്‍ഷംകൊണ്ട് സഹകരണമേഖലയെ വളര്‍ച്ചയുടെ പാതയിലെത്തിച്ചത്.