Thursday, January 30, 2014

ബസവ പുന്നയ്യയെ ഓര്‍ക്കുമ്പോള്‍

സ. എം ബസവ പുന്നയ്യയുടെ ജന്മശതാബ്ദി നാം ആഘോഷിച്ചുവരികയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14നാണ് പരിപാടികള്‍ ആരംഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രമുഖ നേതാവായിരുന്നു ബസവ പുന്നയ്യ. ആ തലമുറയില്‍പെട്ട മറ്റ് നേതാക്കളെപ്പോലെ എം ബിയും രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമസ്തമേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കി. ആന്ധ്രപ്രദേശില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ച എം ബി തെലുങ്കാനയിലെ കര്‍ഷകര്‍ നടത്തിയ സായുധസമരത്തിന്റെ നേതാക്കളില്‍ ഒരാളുമാണ്. പിന്നീട് സിപിഐ എമ്മിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഉള്‍പാര്‍ടി സമരത്തില്‍ മികച്ച സംഭാവനകളാണ് ബസവ പുന്നയ്യ നല്‍കിയത്. സിപിഐ എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുതന്നെ ബസവ പുന്നയ്യയ്ക്കുണ്ട്.

ഉള്‍പാര്‍ടി സമരങ്ങള്‍

സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യന്‍ വിപ്ലവപാതയെക്കുറിച്ചും അതിന് സ്വീകരിക്കേണ്ട അടവുകളെയും തന്ത്രങ്ങളെയും കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ശക്തമായ ആശയസമരം രൂപപ്പെട്ടു. ഈ സമരം "ഇടതുപക്ഷ" കമ്യൂണിസ്റ്റുകാര്‍ക്ക് നിലവിലുള്ള ചട്ടക്കൂടുവിട്ട് പുറത്തുവരാന്‍ സഹായകമായി. ഈ ഉള്‍പാര്‍ടി സമരത്തിന്റെ സൃഷ്ടിയാണ് സിപിഐ എം. ഈ സമരം നടത്തിയ പ്രധാന നേതാവ് ബസവ പുന്നയ്യയാണ്. അക്കാലത്ത് പി സുന്ദരയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബി ടി രണദിവെ, പി രാമമൂര്‍ത്തി എന്നിവര്‍ പാര്‍ടിക്കകത്ത് നല്‍കിയ രേഖകള്‍ തയ്യാറാക്കുന്നതില്‍ ബസവ പുന്നയ്യയും പ്രധാന പങ്കുവഹിച്ചു. ഒരു കൂട്ടം നേതാക്കള്‍ മുന്നോട്ടുവച്ചതും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സോവിയറ്റ് യൂണിയന്‍ (സിപിഎസ്യു) പിന്തുണച്ചതുമായ വര്‍ഗസഹകരണമെന്ന നയത്തെ തള്ളിക്കൊണ്ടുള്ള നിലപാടിലേക്കെത്താന്‍ ഇത് സഹായിച്ചു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് മാര്‍ക്സിസം ലെനിനിസത്തെക്കുറിച്ചും ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തം പ്രയോഗിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കേണ്ടതുണ്ട്. ദൈര്‍ഘ്യമേറിയതും വിഷമകരവുമായ ഈ പ്രക്രിയയിലൂടെയാണ് സിപിഐ എം കടന്നുവന്നത്. ഈ ഉള്‍പാര്‍ടി സംവാദങ്ങളില്‍ ബസവ പുന്നയ്യ നല്‍കിയ സംഭാവന എടുത്തുപറയത്തക്കതാണ്. പിന്നീട് സിപിഐ എമ്മിന്റെ ലോകവീക്ഷണമായി രൂപപ്പെട്ടതും ഇതുതന്നെ.

പാര്‍ടി പരിപാടി

ദശാബ്ദം നീണ്ട ഉള്‍പാര്‍ടി സമരത്തിന്റെ ഫലമായി 1964ല്‍ സിപിഐ എമ്മും സിപിഐയും അവരുടെ പാര്‍ടി കോണ്‍ഗ്രസുകളില്‍ പ്രത്യേകം പാര്‍ടിപരിപാടി അംഗീകരിച്ചു. സിപിഐ എമ്മിന്റെ ഏഴാം പാര്‍ടി കോണ്‍ഗ്രസ് 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ നടന്നു. പാര്‍ടി കരട് പരിപാടി അന്ന് അവതരിപ്പിച്ചത് ബസവ പുന്നയ്യയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ വര്‍ഗങ്ങളുടെ വിശകലനം, വിപ്ലവഘട്ടങ്ങള്‍, രാഷ്ട്രത്തിന്റെ സ്വഭാവം, ജനകീയ ജനാധിപത്യ വിപ്ലവത്തിനായി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ട വര്‍ഗസഖ്യം എന്നിവയെല്ലാമാണ് പരിപാടിയുടെ സത്തയെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഐയില്‍നിന്ന് വ്യത്യസ്തമായി വിവിധ വിഷയങ്ങളില്‍ സിപിഐ എമ്മിനുള്ള നിലപാടും അദ്ദേഹം വിശദീകരിച്ചു. വന്‍കിട ബൂര്‍ഷ്വാസികളുടെ നേതൃത്വത്തില്‍ ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗത്തിന്റെ കൈയിലുള്ള ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും ജനകീയ ജനാധിപത്യമുന്നണിയുടെ നേതൃത്വം തൊഴിലാളിവര്‍ഗത്തിനായിരിക്കണമെന്നും ദേശീയ ബൂര്‍ഷ്വാസിയുമായി കൂട്ടായ നേതൃത്വം പാടില്ലെന്നും ബൂര്‍ഷ്വ- ഭൂപ്രഭു ഭരണകൂടം വിദേശമൂലധനവുമായി സഹകരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇടതുപക്ഷ തീവ്രവാദത്തിനെതിരെ

സിപിഐ എം രൂപീകരിച്ച് മൂന്നുവര്‍ഷത്തിനകം നക്സലിസത്തിന്റെ രൂപത്തില്‍ ഇടതുപക്ഷ തീവ്രവാദ വെല്ലുവിളിയെ പാര്‍ടിക്ക് നേരിടേണ്ടിവന്നു. നക്സലിസത്തിന്റെ പ്രധാനകേന്ദ്രം ആന്ധ്രപ്രദേശായിരുന്നു. ഇവിടത്തെ നിരവധി പാര്‍ടി നേതാക്കളും കേഡര്‍മാരും ചൈനയില്‍ സാംസ്കാരിക വിപ്ലകാലത്ത് സായുധ സമരത്തിന് ആഹ്വാനംചെയ്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി) നയങ്ങളില്‍ ആകൃഷ്ടരായി. ഈ ഇടതുപക്ഷ സാഹസികത്വത്തിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയില്‍ ബസവ പുന്നയ്യയുണ്ടായിരുന്നു. 1968ല്‍ ബര്‍ദ്വാനില്‍ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ബര്‍ദ്വാന്‍ പ്ലീനത്തില്‍ സംസാരിച്ച ബസവ പുന്നയ്യ, ആന്ധ്രയില്‍നിന്നുള്ള ഒരുവിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ച ഇടതുപക്ഷ തീവ്രവാദ സമീപനത്തെ എതിര്‍ക്കാനായിരുന്നു ഇടപെട്ടത്. ഇടതുപക്ഷ തീവ്രാദത്തിനും വലതുപക്ഷ വ്യതിയാനത്തിനുമെതിരെയുള്ള പാര്‍ടിയുടെ ആശയസമരത്തിന്റെ അടിത്തറ ബര്‍ദ്വാന്‍ പ്ലീനം അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയമായിരുന്നു. സിപിഎസ്യുവിന്റെ റിവിഷനിസത്തിനും സിപിസിയുടെ ഇടതുതീവ്രവാദത്തിനെതിരെയും ആശയസമരം നടത്തുന്ന വര്‍ധിച്ച ഉത്തരവാദിത്തം ബസവപുന്നയ്യ ഏറ്റെടുക്കുകയുണ്ടായി. സാമൂഹ്യ വൈരുധ്യങ്ങളെ തെറ്റായി മനസ്സിലാക്കി മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള സമാധാനപരമായ മത്സരം എന്ന മിഥ്യാസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും സമാധാനപരമായി സോഷ്യലിസത്തിലേക്കുള്ള മാറ്റം സാധ്യമാണെന്നുമുള്ള സിപിഎസ്യുവിന്റെ റിവിഷനിസ്റ്റ് സിദ്ധാന്തങ്ങള്‍ അരിഞ്ഞുവീഴ്ത്താനുള്ള കത്തിയായി എം ബി അദ്ദേഹത്തിന്റെ പേനയെ ഉപയോഗിച്ചു. സാംസ്കാരിക വിപ്ലവകാലത്ത് സിപിസി കൈക്കൊണ്ട പല ഇടതുപക്ഷ തീവ്രവാദ സമീപനത്തെയും എം ബി ശക്തമായി എതിര്‍ത്തു. "മൂന്ന് ലോക" സിദ്ധാന്തം, സോവിയറ്റ് യൂണിയന്‍ "സോഷ്യലിസ്റ്റ് സാമ്രാജ്യത്വ"മാണെന്ന സിദ്ധാന്തം, വിവിധ രാജ്യങ്ങളിലെ അവസ്ഥകള്‍ കണക്കിലെടുക്കാതെ ലോകമെങ്ങും സായുധസമരം നടത്താനുള്ള ഇടതുപക്ഷ സാഹസികത്വം എന്നിവയെയാണ് ബസവ പുന്നയ്യ എതിര്‍ത്തത്. സിപിഎസ്യുവിന്റെയും സിപിസിയുടെയും തെറ്റായനയങ്ങളെ എതിര്‍ക്കുമ്പോള്‍ത്തന്നെ സോവിയറ്റ്, ചൈനാവിരുദ്ധ സമീപനം സ്വീകരിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇരുരാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളാണെന്നും മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാതയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശാസ്ത്രീയ സമീപനത്തില്‍നിന്ന് വ്യതിചലിക്കുന്നതില്‍നിന്നുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും ബസവപുന്നയ്യ വ്യക്തമാക്കി.

ദേശീയപ്രശ്നത്തെക്കുറിച്ച്

പാര്‍ടിയുടെ പരിപാടി തയ്യാറാക്കുന്ന വേളയില്‍ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീടാകാമെന്ന് തീരുമാനിച്ചിരുന്നു. ബഹുദേശീയതയുള്ള ഇന്ത്യപോലുള്ള രാജ്യത്ത് ഭാഷാദേശീയതയുടെ പങ്കെന്താണ്? സ്വയംഭരണാവകാശം എന്ന ബഹുദേശീയതയുടെ അവകാശം ഇന്ത്യയില്‍ പ്രായോഗികമാണോ? 1972ല്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ടികോണ്‍ഗ്രസിലാണ് ദേശീയപ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് ഇതുസംബന്ധിച്ച പാര്‍ടി നിലപാട് കൈക്കൊണ്ടത്. "ദേശീയപ്രശ്നത്തെക്കുറിച്ചുള്ള രേഖ" ചര്‍ച്ചചെയ്ത് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പാര്‍ടി കോണ്‍ഗ്രസില്‍ ഈ രേഖ അവതരിപ്പിച്ചത് ബസവ പുന്നയ്യയായിരുന്നു. ദേശീയതയെക്കുറിച്ചും ദേശീയ പ്രശ്നങ്ങളെക്കുറിച്ചും ലെനിനിസ്റ്റ് നിലപാടിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവ് വ്യക്തമാക്കുന്നതായിരുന്നു ആ അവതരണം. വിപ്ലവപൂര്‍വ റഷ്യയില്‍നിന്ന് എത്രമാത്രം വ്യത്യസ്തമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. സാറിസ്റ്റ് റഷ്യ ദേശീയതകളുടെ തടവറയായിരുന്നെന്നും മഹത്തായ വെള്ള റഷ്യന്‍ ദേശീയതയുടെ അടിച്ചമര്‍ത്തലിന് വധേയമായിരുന്നെന്നും വിശദീകരിച്ച ബസവ പുന്നയ്യ ബഹുദേശീയതകളുള്ള ഇന്ത്യയില്‍ ഒരു ദേശീയതയെ മറ്റൊരു ദേശീയത അടിച്ചമര്‍ത്തുന്നില്ലെന്നും നിരീക്ഷിച്ചു. രണ്ടാമതായി ഇന്ത്യയിലെ ഭരണവര്‍ഗമായ ബൂര്‍ഷ്വ- ഭൂപ്രഭു വിഭാഗം വിവിധ ഭാഷാദേശീയതകള്‍ ചേര്‍ന്ന സങ്കരമാണ്. ഈ ഭരണവര്‍ഗമാണ് വിവിധ ഭാഷാദേശീയതകളില്‍പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണംചെയ്യുന്നത്. അതായത്, പൊതുവായ വര്‍ഗചൂഷണമാണ് ഇവിടെ നടക്കുന്നത്. അതിനാല്‍, വിഭജനവും വിട്ടുപോകലും ഇന്ത്യന്‍ ഭരണവര്‍ഗത്തിനും വര്‍ഗചൂഷണത്തിനും എതിരെയുള്ള രാജ്യവ്യാപക സമരത്തെ ദുര്‍ബലമാക്കും. തൊഴിലാളിവര്‍ഗ പാര്‍ടിയുടെ കടമ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗത്തിന്റെ പൊതുവായ ചൂഷണത്തിനെതിരെ എല്ലാ ദേശീയതകളിലുംപെട്ട തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും ഐക്യം കെട്ടിപ്പടുക്കലാണെന്ന് ബസവ പുന്നയ്യ വിശദീകരിച്ചു. പാര്‍ടി പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലും ദീര്‍ഘമായി നടന്ന ഉള്‍പാര്‍ടി സമരത്തിലൂടെയാണ് സിപിഐ എം വളര്‍ന്നുവന്നത്. പിന്നീട് സിപിഎസ്യുവിന്റെയും സിപിസിയുടെയും തെറ്റായ നയങ്ങള്‍ക്കെതിരെയും നിലകൊണ്ടു. മാര്‍ക്സിസം ലെനിനിസം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിച്ചതുവഴിയാണ് ഇതിന് സാധിച്ചത്. ഈ പ്രക്രിയയില്‍ ബസവ പുന്നയ്യയാണ് പാര്‍ടിയുടെ പ്രത്യയശാസ്ത്ര പോരാളി. മാര്‍ക്സിസത്തിലുള്ള അഗാധമായ അറിവും മാര്‍ക്സിസം- ലെനിനിസത്തോടുള്ള അചഞ്ചലമായ കൂറും ഇന്ത്യന്‍ വിപ്ലവത്തോട് ശരിയായ സമീപനം സ്വീകരിക്കാനായി മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ത്വരയുമാണ് ബസവ പുന്നയ്യയില്‍ കാണാനായത്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ഉയരങ്ങള്‍ കീടക്കാന്‍ നമുക്ക് കഴിയണം.

*
പ്രകാശ് കാരാട്ട്

മലയോര കര്‍ഷകരെ ഒറ്റുകൊടുക്കരുത്

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച വിജ്ഞാപനകാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് മന്ത്രിസഭയും നടത്തിപ്പോരുന്ന കള്ളക്കളി കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അപകടപ്പെടുത്തുമെന്ന നില വന്നിരിക്കുന്നു.

കള്ളക്കളി നിര്‍ത്തിവച്ച് സത്യം ജനങ്ങളോടുപറഞ്ഞ് കാര്യമായി ഇടപെടാന്‍ ഈ വൈകിയവേളയിലും ഉമ്മന്‍ചാണ്ടിയും കൂട്ടരും സന്നദ്ധരാവുന്നില്ല. അപായകരമാണ് നില. ഒരു ഉറപ്പും കിട്ടാതെ കേന്ദ്രത്തില്‍നിന്ന് ഉറപ്പുകിട്ടി എന്നുപറയുക. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന പ്രതീതി വരുത്തിവയ്ക്കുക. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി വളര്‍ന്നുവരുന്ന പ്രതിഷേധത്തെ തണുപ്പിക്കുക. ഇതാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്യുന്നത്. ജനങ്ങളുടെ രോഷവും പ്രതിഷേധവുമേറ്റ് ലോക്സഭാതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പൊള്ളരുത് എന്ന ചിന്തമാത്രമാണ് ഈ യുഡിഎഫ് നിലപാടിന് പിന്നിലുള്ളത്. അതിരൂക്ഷമായ പ്രതിഷേധത്തിലൂടെ, സമ്മര്‍ദത്തിലൂടെ ജനതാല്‍പ്പര്യങ്ങള്‍ക്കനുഗുണമായി കേന്ദ്രത്തെക്കൊണ്ട് തിരുത്തിക്കേണ്ട സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ കള്ളം പറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനരോഷത്തെ തണുപ്പിക്കാന്‍ നോക്കുന്നത് അപകടംചെയ്യും. കേരളത്തില്‍ ഒരു പ്രതിഷേധവുമില്ല എന്ന ചിന്തയോടെ ജനവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോവാന്‍ ഇത് കേന്ദ്രത്തിന് പഴുതുനല്‍കും. അവര്‍ അങ്ങനെതന്നെ പോകുന്നുവെന്നതിന് തെളിവു വേണ്ടത്രയായി. എന്നിട്ടും സംസ്ഥാനം തെറ്റിദ്ധരിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്മാറുന്ന മട്ടില്ല. ഈ ഘട്ടത്തിലുയരേണ്ട പ്രതിഷേധത്തെ തല്ലിക്കെടുത്തിയിട്ട്, പിന്നീട് വിലപിച്ചിട്ടു കാര്യമില്ല.

കേരളത്തിലെ മലയോര കര്‍ഷകരോട് ഒന്നും ഭയക്കാനില്ല എന്ന് ഇന്ന് യുഡിഎഫ് പറയുന്നത് ലോക്സഭാതെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകിട്ടണമെന്ന ഹ്രസ്വദൃഷ്ടിയുടെമാത്രം അടിസ്ഥാനത്തിലാണ്. ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മലയോര കര്‍ഷകര്‍ കൂട്ടത്തോടെ കുടിയൊഴിയേണ്ട നില വന്നുകൂടാ. അതിന് ഇന്നത്തെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകതന്നെ വേണം. അതിന് തടയിടാന്‍ നോക്കുന്നത് മലയോര കര്‍ഷകജനതയുടെ താല്‍പ്പര്യത്തിലല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ കള്ളക്കളി തിരിച്ചറിയപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച് വിജ്ഞാപനംചെയ്ത പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളുടെ കാര്യത്തില്‍ ഒരു പുനഃപരിശോധനയുമില്ല എന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് നവംബറില്‍ കേന്ദ്രം വിജ്ഞാപനമിറക്കിയപ്പോള്‍ അതിനെതിരായ ജനരോഷം തണുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് അതൊക്കെ പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന വാദത്തിലൂടെയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. എവിടെപ്പോയി ആ ഉറപ്പ്? നവംബര്‍വിജ്ഞാപനം സാധുവായി നിലനില്‍ക്കുന്നുവെന്നും സംസ്ഥാന അഭിപ്രായം തേടിയിട്ടേ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കൂ എന്നതില്‍ കഴമ്പില്ലെന്നുമാണ് ദേശീയ ഹരിത ട്രിബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന അഭിപ്രായങ്ങള്‍ നേരത്തേതന്നെ തേടിയിരുന്നുവെന്നും നവംബര്‍വിജ്ഞാപനത്തിന് ഇനി ഒരുവിധ മാറ്റവുമില്ലെന്നും കേന്ദ്രം പറയുന്നു. എന്താണിതില്‍നിന്ന് മനസിലാക്കേണ്ടത്? മുഖ്യമന്ത്രി കേരളത്തോട് പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നല്ലേ? ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം തടയാനുള്ള വിദ്യയായിരുന്നു അത് എന്നല്ലേ? നവംബറില്‍ മുഖ്യമന്ത്രി പ്രതിഷേധത്തിന് തടയിട്ടു. ആ തടയിടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ അതിശക്തമായ ജനമുന്നേറ്റം ഉണ്ടായേനേ; ഇതിനകംതന്നെ കേന്ദ്രം തെറ്റായ നിലപാട് തിരുത്തിയേനേ. ഇപ്പോള്‍ നവംബര്‍വിജ്ഞാപനത്തില്‍ അണുവിട മാറ്റമില്ല എന്ന് കേന്ദ്രം അസന്ദിഗ്ധമാംവിധം ട്രിബ്യൂണലിനെ അറിയിച്ചശേഷവും മുഖ്യമന്ത്രി പറയുന്നത്, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷമേ കേന്ദ്രം പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ്. ആരെ തെറ്റിദ്ധരിപ്പിക്കാനാണിത്? കേന്ദ്രം നിലപാടറിയിക്കേണ്ടത് ട്രിബ്യൂണലിനെയാണ്. അക്കാര്യം നടന്നുകഴിഞ്ഞു. പിന്നെയും മുഖ്യമന്ത്രി പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുംവരെ കേരളജനതയെ തെറ്റിദ്ധരിപ്പിച്ചുനിര്‍ത്താനുള്ള കപടവിദ്യയാണിത്. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം മുഖ്യമന്ത്രി പറയുന്നതരത്തിലുള്ളതാണോ എന്ന കാര്യം സംശയിക്കണം.

വനം-പരിസ്ഥിതി മന്ത്രിസ്ഥാനത്തിരുന്ന ജയന്തി നടരാജനും പിന്നീട് ആ ചുമതലയേറ്റെടുത്ത എം വീരപ്പമൊയ്ലിയും നല്‍കിയെന്നുപറയുന്ന ഉറപ്പ് സത്യത്തില്‍ ഉണ്ടായിട്ടുള്ളതാണോ എന്നത് അതിലേറെ സംശയിക്കണം; വീരപ്പമൊയ്ലിതന്നെ പരിസ്ഥിതിലോലപ്രദേശ പുനഃപരിശോധന സാധ്യമാവില്ലെന്ന് ഇടയ്ക്കൊരിക്കല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം നവംബര്‍വിജ്ഞാപനത്തിന്റെ സത്തയില്‍ ഒരു മാറ്റവും വരുത്തുന്ന തരത്തിലുള്ളതല്ല എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ഇക്കാര്യം കേന്ദ്രത്തിനുവേണ്ടി ട്രിബ്യൂണലിന് മുമ്പില്‍ ഹാജരായ നീലം റാത്തോഡ് അടക്കമുള്ള അഭിഭാഷകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനൊക്കെശേഷവും മുഖ്യമന്ത്രി പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്ന് തന്നോട് വീരപ്പമൊയ്ലി പറഞ്ഞുവെന്നാണ്. അത് സത്യമാണ്. പരിസ്ഥിതിലോല പ്രദേശകാര്യത്തില്‍ പുനര്‍നിര്‍ണയമില്ല എന്ന കേന്ദ്രനിലപാടിലാണ് മാറ്റമില്ലാത്തത്. ഇത് ട്രിബ്യൂണല്‍ മുമ്പാകെ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.

മുഖ്യമന്ത്രി കപടതന്ത്രങ്ങളിലൂടെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. അദ്ദേഹം ആഗ്രഹിക്കുംപോലെ തെറ്റിദ്ധരിപ്പിച്ച് ഈ ഘട്ടത്തില്‍ അടങ്ങിയിരുന്നാല്‍ കേരളം നാളെ വലിയ വില നല്‍കേണ്ടിവരും. 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ വിജ്ഞാപനം സ്ഥിരീകരിക്കപ്പെടും. മലയോരകര്‍ഷകര്‍ കൂട്ടത്തോടെ കുടിയിറങ്ങേണ്ടതായും വരും. ട്രിബ്യൂണല്‍ അടുത്ത വാദം കേള്‍ക്കുന്നതിനുമുമ്പായി അതിശക്തമായ സമ്മര്‍ദമുയര്‍ന്നേ പറ്റൂ. കേന്ദ്രത്തെ തിരുത്തിക്കാന്‍ അതേ വഴിയുള്ളൂ. മുഖ്യമന്ത്രിയെ ഇനിയും വിശ്വസിച്ചുകൊണ്ടിരുന്നാല്‍ ആപത്താണെന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ തെളിവാണ് ബുധനാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ഹര്‍ത്താലുകളും അവയുടെ ഗംഭീരവിജയവും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ഭയാശങ്കയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരാണ് ഭയാശങ്കയുണ്ടാക്കിയത്? വിജ്ഞാപനത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ട്രിബ്യൂണല്‍ മുമ്പാകെ അറിയിച്ച കേന്ദ്രമല്ലേ? ആ നിലപാടില്‍ ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് സങ്കുചിത രാഷ്ട്രീയംമാത്രം നോക്കിയാണെന്നത് തിരിച്ചറിയാനുള്ള പക്വതയും പരിപാകവും കേരളത്തിനുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, January 29, 2014

ഒബാമയുടെ ആണവവിമുക്ത ലോകവും ഇറാനും

ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന പ്രക്രിയയും സംവിധാനവും ഇറാന്‍ ഉപേക്ഷിച്ചതായി ജനുവരി 20ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇന്‍സ്പെക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇറാന്‍ യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗങ്ങളും യൂറോപ്യന്‍ യൂണിയനുമായി 2013 നവംബറില്‍ ജനീവയിലുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇത്. അഞ്ചുശതമാനത്തിലധികം സാന്ദ്രത ഉണ്ടാക്കുന്ന യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിവച്ചു. ജനീവാ കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ആണവായുധ സാധ്യതകള്‍ ഉപേക്ഷിച്ച ഇറാന്റെ നടപടി ആണവനിരായുധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായി പ്രശംസിക്കപ്പെട്ടു. ജനീവാ കരാറിലെ മറ്റുവ്യവസ്ഥകളും നടപ്പാക്കുന്നതോടെ ഇറാന്റെമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടും. ഇറാനെ ഒറ്റപ്പെടുത്തുകയെന്ന അമേരിക്കന്‍ നയം അവസാനിപ്പിക്കും.

1970ല്‍ ഒപ്പുവച്ച ആണവനിര്‍വ്യാപന ഉടമ്പടി (എന്‍പിടി) യനുസരിച്ചു ആണവായുധങ്ങള്‍ ഇല്ലാത്ത രാഷ്ട്രങ്ങള്‍ക്കുള്ള ബാധ്യതയാണ് ഇറാന്‍ നിറവേറ്റിയത്. എന്നാല്‍, എന്‍പിടിയിലെ ഏറ്റവും പ്രധാന അനുഛേദമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള ആണവായുധരാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല. ആറാം അനുഛേദമനുസരിച്ച് നിരായുധീകരണത്തിന് നടപടികള്‍ എടുക്കാന്‍ ആണവായുധരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇത് നിറവേറ്റാതെ, ഉടമ്പടിയെ ലംഘിച്ചുകൊണ്ട് ആണവായുധരാഷ്ട്രങ്ങള്‍ ആണവപ്പന്തയത്തില്‍ കുതിക്കുകയാണ്; ഉടമ്പടി പ്രാബല്യത്തില്‍ വന്ന് നാല്‍പ്പത്തിനാലുവര്‍ഷം പിന്നിട്ടിട്ടും. ആണവനിരായുധീകരണത്തെപ്പറ്റി ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു 2009ല്‍ അധികാരത്തില്‍ വന്നയുടന്‍ പ്രസിഡന്റ് ഒബാമ നടത്തിയ പ്രസ്താവനകള്‍. 2009 ഏപ്രില്‍ അഞ്ചിന്, തന്റെ ആദ്യത്തെ പ്രധാന വിദേശനയപ്രസംഗത്തില്‍, ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിന്റെ സമാധാനത്തോടും സുരക്ഷയോടും അമേരിക്കയ്ക്കുള്ള പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചു. ആ വര്‍ഷംതന്നെ കൂടിയ യുഎന്‍ രക്ഷാസമിതി ഉച്ചകോടിയില്‍ ഒബാമ അധ്യക്ഷത വഹിച്ചു. ആണവനിര്‍വ്യാപന ഉടമ്പടിയിലെ ആറാം അനുഛേദത്തിലെ ഉത്തരവാദിത്തം- ആണവനിരായുധീകരണത്തിനുള്ള-രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ നടന്നിട്ട് അഞ്ചുവര്‍ഷത്തോളമായി. ഇറാനുമായുള്ള ആണവ ഇടപാടില്‍ എന്‍പിടി വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയ അമേരിക്കയും കൂട്ടരും അവരുടെ കര്‍ത്തവ്യം വിസ്മരിക്കുകയാണ്.

ആണവായുധപ്പന്തയം പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്; ശീതസമരാവസാനത്തിന് ശേഷം. അമേരിക്കയും റഷ്യയും ചൈനയും എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ലാത്ത ഇസ്രയേലും ഇന്ത്യയും പാകിസ്ഥാനുമെല്ലാം ആണവപ്പന്തയത്തില്‍ പങ്കെടുക്കുന്നു. അമേരിക്കതന്നെയാണ് ഏറ്റവും മുന്നില്‍. 2009 ഏപ്രിലില്‍ പ്രാഗില്‍വച്ചാണ് ആണവായുധവിമുക്ത ലോകത്തെപ്പറ്റി ഒബാമ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയത്. അന്ന് അദ്ദേഹം പറഞ്ഞു, ""ആണവായുധവിമുക്തലോകത്തിനായി അമേരിക്ക സുവ്യക്തമായ നടപടികള്‍ സ്വീകരിക്കും. ശീതസമരകാലത്തെ ചിന്താഗതി അവസാനിപ്പിക്കാന്‍ ദേശീയ സുരക്ഷാസിദ്ധാന്തത്തില്‍ ആണവായുധത്തിനുള്ള സ്ഥാനം കുറയ്ക്കുകയും, മറ്റു രാഷ്ട്രങ്ങളോട് അത് ആവശ്യപ്പെടുകയുംചെയ്യും"". ആണവായുധ വിമുക്തലോകത്തെപ്പറ്റി ഉറപ്പുകള്‍ നല്‍കിയ ഒബാമ 2009 അവസാനിക്കുന്നതിന് മുമ്പുതന്നെ ആണവായുധശേഖരം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 2010ലെ ബജറ്റില്‍ അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ആണവായുധങ്ങള്‍ക്കു നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിഹിതം നല്‍കി. ആയുധശേഖരത്തിന് ക്ഷയം സംഭവിച്ചതുകൊണ്ടാണിതെന്ന് വൈസ്പ്രസിഡന്റ് ജോസഫ് ബൈഡന്‍ വിശദീകരിച്ചു. ""നമ്മുടെ രാജ്യത്തിന്റെയും നമ്മുടെ സഖ്യകക്ഷികളുടെയും പ്രതിരോധത്തിന് ആണവായുധങ്ങള്‍ ആവശ്യമുള്ളിടത്തോളം കാലം, നാം സുരക്ഷിതവും, ഫലപ്രദവുമായ ആണവശേഖരം നിലനിര്‍ത്തും"", ബൈഡന്‍ വ്യക്തമാക്കി. നിരായുധീകരണം അമേരിക്കയുടെ അജന്‍ഡയിലില്ലെന്ന് തീര്‍ച്ചയായി. പ്രഖ്യാപനങ്ങള്‍ തുടര്‍ന്നു. ഈ നിലപാടിനെ സ്ഥിരീകരിക്കുന്നതായിരുന്നു 2013 ജൂണില്‍ ആണവനയത്തെപ്പറ്റി ഒബാമ ബര്‍ലിനില്‍ നടത്തിയ പ്രസംഗം. യൂറോപ്പില്‍ വിന്യസിക്കുന്ന ആണവായുധങ്ങളില്‍ വീണ്ടും കുറവുവരുത്താന്‍ റഷ്യയുമായി ചേര്‍ന്ന് അമേരിക്ക തയ്യാറാണെന്ന് ഒബാമ പറഞ്ഞു. നാറ്റോയുമൊത്ത് മിസൈല്‍ പ്രതിരോധസംവിധാനമുണ്ടാക്കാനുള്ള ശ്രമം അമേരിക്ക തുടര്‍ന്നാല്‍ ഇനിയും ആണവായുധങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ തയ്യാറല്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ആണവ നിരായുധീകരണത്തിനുള്ള ലോകപൊതുജനാഭിപ്രായം ശക്തമായി വരുന്ന സന്ദര്‍ഭത്തില്‍തന്നെയാണ് അതിനെ അവഗണിച്ച്, എല്ലാ ആണവായുധരാഷ്ട്രങ്ങളും ആയുധങ്ങളുടെ ആധുനികവല്‍ക്കരണം നടത്തുകയും സുരക്ഷാസിദ്ധാന്തങ്ങളില്‍ ആണവായുധങ്ങള്‍ക്കുള്ള സ്ഥാനം തുടര്‍ന്നും ഉറപ്പാക്കുകയും ചെയ്യുന്നത്. ഈ മാസം എട്ടിനാണ് അമേരിക്കയുടെ പ്രതിരോധസെക്രട്ടറി ചക്ക് ഹേഗല്‍ അമേരിക്കയുടെ ആണവായുധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയെപ്പറ്റി അറിയിപ്പ് നല്‍കിയത്. ആയുധങ്ങളുടെ ആധുനികവല്‍ക്കരണം, പുതിയ അന്തര്‍വാഹിനികള്‍, ബോംബര്‍ വിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം അത്യന്താധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ്. യുഎസ് കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസിന്റെ 2013 ഡിസംബര്‍ അവസാനത്തെ കണക്കുകളനുസരിച്ച് ഈ പദ്ധതിക്ക് അടുത്ത ദശകത്തില്‍ 350 ബില്യന്‍ ഡോളര്‍ ചെലവാകും. അനൗദ്യോഗികകണക്കനുസരിച്ച് ചെലവ് ഇതിന്റെ മൂന്നിരട്ടിയായിരിക്കും. ലോകത്തെ പല തവണ ചുട്ടു ചാമ്പലാക്കാനുള്ള ആണവായുധശേഖരം അമേരിക്കയ്ക്കുണ്ട്; റഷ്യക്കും. അമേരിക്കയാണ് ഈ ആണവപ്പന്തയത്തിന്റെ മുമ്പില്‍. റഷ്യയും ആണവായുധങ്ങളുടെ ആധുനികവല്‍ക്കരണവും അന്തര്‍വാഹിനികളുടെയും പുതിയ തരം മിസൈലുകളുടെയും നിര്‍മാണവും നടത്തുകയാണ്. ഇന്ത്യയും പാകിസ്ഥാനും ആണവായുധ പന്തയത്തിലാണ്. രണ്ടു രാഷ്ട്രങ്ങളും കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയതരം ദീര്‍ഘദൂരമിസൈലുകള്‍ പരീക്ഷിക്കുന്നു. ഈ പംക്തികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ലോകത്തിലുള്ളതില്‍ ഏറ്റവും അപകടകരമായ ആണവപ്പന്തയമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ചൈനയും ഒട്ടും പിന്നിലല്ലെന്നു പറയാം. ചൈനയ്ക്ക് 250 ആണവായുധങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ദീര്‍ഘദൂരമിസൈലുകള്‍, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നതിലും ആണവഅന്തര്‍വാഹിനികളിലുമാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇറാന്‍ യഥാര്‍ഥത്തില്‍ ഒരു ആണവഭീഷണിയായിരുന്നില്ല. സമാധാനപരമായ ആവശ്യത്തിന് മാത്രമേ ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുകയുള്ളൂവെന്നും ആണവായുധങ്ങള്‍ ആവശ്യമില്ലെന്നും ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇറാനെ ഒരു ആണവഭീഷണിയായി ഉയര്‍ത്തിക്കാട്ടിയതിന്റെ പിന്നില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെയാണ് അമേരിക്കയുടെ ആണവകാപട്യം പ്രകടമാകുന്നത്. ഇസ്രയേലാണ് പശ്ചിമേഷ്യയിലെ ആണവഭീഷണി. ദശകങ്ങളായി ആണവായുധങ്ങള്‍ ഉള്ള ഇസ്രയേല്‍ ഇപ്പോള്‍ അവയെ ആധുനികവല്‍ക്കരിക്കുകയാണ്. ഒരിക്കലും അമേരിക്ക ആണവകാര്യത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ചിട്ടില്ല.

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ആണവായുധങ്ങള്‍ വേണമെന്ന നിലപാട് അമേരിക്ക അംഗീകരിച്ചിരിക്കുകയാണ്. 2010ലെ എന്‍പിടി പുനരവലോകന സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് പശ്ചിമേഷ്യയെ ഒരു ആണവരഹിത മേഖലയാക്കുന്നതിനുള്ള ആലോചനകള്‍ക്കായി കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ യുഎന്‍ ഒരു യോഗം ക്രമീകരിച്ചിരുന്നതാണ്. ഇതിനെ തുരങ്കംവച്ചത് ഇസ്രയേലായിരുന്നു. അമേരിക്ക ഇതിന് കൂട്ടുനിന്നു. ഇറാനുമായുള്ള ആണവഇടപാടിനെ ഇസ്രയേല്‍ ശക്തമായി എതിര്‍ക്കുന്നു. ഒരര്‍ഥത്തില്‍ ഇറാന്റെ ആണവബോംബ് ഇസ്രയേലിന്റെ പ്രചാരണത്തിന്റെ സൃഷ്ടിയാണ്. പശ്ചിമേഷ്യയിലെ കാതലായ പ്രശ്നം പലസ്തീനില്‍ ഇസ്രയേലിന്റെ അധിനിവേശമാണ്. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. ഇതില്‍ ഇസ്രയേല്‍ കുറെ വിജയിച്ചിട്ടുമുണ്ട്. എന്‍പിടിയുടെ വ്യവസ്ഥകള്‍ ഇറാന്‍ നടപ്പാക്കുകയാണ്. ആണവായുധവിമുക്തലോകത്തിന്റെ പ്രവാചകനായ ഒബാമ, ഈ കരാറിലെ വ്യവസ്ഥകളെ ലംഘിക്കുകയാണ്.

*
നൈനാന്‍ കോശി ദേശാഭിമാനി

തിരിച്ചടിത്തുടര്‍ച്ചയില്‍ വലതുപക്ഷം

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന് രണ്ടു തിരിച്ചടികളാണ് തുടര്‍ദിവസങ്ങളിലുണ്ടായത്. ഒന്നാമത്തേത്, ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) സംസ്ഥാന സമ്മേളനം യുഡിഎഫ് ബന്ധം ഉപേക്ഷിക്കാന്‍ എടുത്ത തീരുമാനമാണ്. രണ്ടാമത്തേത്, കണ്ണൂര്‍ ജില്ലയിലെ ബിജെപി- ആര്‍എസ്എസ് പാളയത്തില്‍നിന്ന് പ്രബലവിഭാഗം വര്‍ഗീയബന്ധം വിച്ഛേദിച്ച് ഇടതുപക്ഷത്തേക്ക് കടന്നെത്തിയതാണ്. വ്യത്യസ്ത തലങ്ങളിലുള്ളതും ഭിന്നമാനങ്ങളുള്ളതുമെങ്കിലും ഈ രണ്ടു സംഭവങ്ങളും നല്‍കുന്ന പൊതുവായ ഒരു സന്ദേശമുണ്ട്. വലതുപക്ഷ രാഷ്ട്രീയം ഒറ്റപ്പെടുന്നു എന്നതാണത്. അതോടൊപ്പം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത് ഇടതുപക്ഷത്തേക്കാണ് എന്നതുമാണ്.

യുഡിഎഫ് വിടാനുള്ള രാഷ്ട്രീയപ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് ജെഎസ്എസ് സമ്മേളനം അംഗീകരിച്ചത്. തങ്ങള്‍ ഇതുവരെനിന്ന യുഡിഎഫ് അഴിമതിമുന്നണിയായി മാറിയെന്ന് ആ പാര്‍ടി തുറന്നുപറഞ്ഞു. വിലക്കയറ്റം, സ്ത്രീപീഡനം, മാഫിയ അഴിഞ്ഞാട്ടം എന്നിവയാല്‍ ജനം പൊറുതിമുട്ടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധനയങ്ങള്‍ മുറുകെപ്പിടിക്കുന്നു. ഇത്തരമൊരു മുന്നണിയില്‍ ഇനിയും തുടരുന്നത് അപമാനമെന്നാണ് ജെഎസ്എസ് പ്രഖ്യാപിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയവും ഭരണവും ഏതളവില്‍ ദുഷിച്ചെന്ന് വ്യക്തമാക്കാന്‍ ഈ പ്രമേയം ധാരാളം. ആ മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പതിനാലില്‍ പതിമൂന്ന് ജില്ലാ കമ്മിറ്റികളും യുഡിഎഫില്‍നിന്ന് പുറത്തുപോകണം എന്നാവശ്യപ്പെട്ടിട്ട് ഏറെ നാളായില്ല. സിഎംപിയില്‍ ഉടലെടുത്ത ഭിന്നതയിലും യുഡിഫിനോടുള്ള അതൃപ്തി പ്രതിഫലിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണെങ്കില്‍, അധികാരം എന്ന മിനിമം പരിപടിയില്‍ ഒതുങ്ങുന്ന സഹകരണമേ കോണ്‍ഗ്രസുമായി പുലര്‍ത്തുന്നുള്ളൂ. അഴിമതിയില്‍ അഭിരമിക്കുന്ന ഭരണമുന്നണി സംവിധാനത്തിന് വന്ന അനിവാര്യമായ ദുര്യോഗമാണ് യുഡിഎഫിന്റേത്. ആ മുന്നണിയുടെ കെട്ടുപൊട്ടിച്ച് ആദ്യം പുറത്തുപോകുന്നത് കേരളത്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന, സുദീര്‍ഘമായ രാഷ്ട്രീയാനുഭവമുള്ള കെ ആര്‍ ഗൗരിയമ്മയാണ് എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഏതെങ്കിലും കൊതിക്കെറുവുകൊണ്ടല്ല, അഴിമതിയുടെയും ജനവിരുദ്ധനയങ്ങളുടെയും പ്രശ്നമുയര്‍ത്തിയാണ് ജെഎസ്എസിന്റെ തീരുമാനം. ആ രാഷ്ട്രീയ പ്രമേയം ഉയര്‍ത്തുന്ന അത്തരം വിഷയങ്ങളില്‍ തീര്‍ച്ചയായും യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം വരേണ്ടതുണ്ട്. കേരളം തട്ടിപ്പുകാരുടെ നാടായിമാറി എന്ന് ആഭ്യന്തരമന്ത്രിക്കുതന്നെ നിയമസഭയില്‍ വിളിച്ചുപറയേണ്ടിവന്ന അവസ്ഥയ്ക്ക് ആരാണുത്തരവാദി? തട്ടിപ്പുകാരെയും കുറ്റവാളികളെയും ഉള്‍ക്കൊള്ളുന്നതാണ് യുഡിഎഫ് സംവിധാനം എന്നത് ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ട വസ്തുതയാണ്. കലഹിച്ചുനില്‍ക്കുന്ന ഒരു നേതാവിന് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കിയതുകൊണ്ട് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രശ്നങ്ങളാകെ അവസാനിച്ചു എന്ന് മേനിനടിച്ചവരും ജെഎസ്എസ് പ്രമേയം ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് പ്രതികരിക്കേണ്ടതുണ്ട്. സിഎംപിയെ ഒറ്റപ്പാര്‍ടിയായി ഏച്ചുകെട്ടി നിര്‍ത്താനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും അത് സംഭവിക്കാനുള്ള സാധ്യത വിരളമാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നഗ്രൂപ്പുകളെ നിലനിര്‍ത്തുന്നതുപോലെ ഇരു സിഎംപിയെയും പിടിച്ചുനിര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചേക്കാം. എന്നാല്‍, അവരില്‍നിന്നുയര്‍ന്ന എതിര്‍പ്പും വിമര്‍ശവും യുഡിഎഫ് സംവിധാനത്തിനും ഭരണത്തിലെ കൊള്ളരുതായ്മകള്‍ക്കും എതിരാണ് എന്നത് മറച്ചുവയ്ക്കാന്‍ കഴിയില്ല. എല്ലാം ചേര്‍ത്തുവച്ചാല്‍ യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണെന്നു കാണാം. കേരളം കണ്ട ഏറ്റവും പരിഹാസ്യനായ മുഖ്യമന്ത്രിയുടെ തണലില്‍ അത് തളര്‍ച്ചയുടെയും തകര്‍ച്ചയുടെയും നിമിഷങ്ങളെണ്ണുകയാണ്. വലതുപക്ഷ രാഷ്ട്രീയം നേരിടുന്ന പൊതു അവസ്ഥയാണിത്. ജാതി- മത- സങ്കുചിത താല്‍പ്പര്യങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയക്കൂട്ടുകള്‍ക്ക് ഇങ്ങനെയേ സംഭവിക്കൂ. ഒട്ടും വ്യത്യസ്തമല്ല, ബിജെപിയുടെ സ്ഥിതി. ഒറ്റയടിക്ക് 2000 പ്രവര്‍ത്തകര്‍ ബിജെപിയെയും അതിന്റെ ഫാസിസ്റ്റ് നയങ്ങളെയും ഉപേക്ഷിച്ച് സിപിഐ എമ്മിനോട് സഹകരിക്കാന്‍ തീരുമാനിച്ചതാണ് കണ്ണൂരില്‍ കണ്ടത്. ഇത് കണ്ണൂരിലെമാത്രം കാഴ്ചയല്ല. ഈയിടെ പത്തനംതിട്ട ജില്ലയിലും ബിജെപിയില്‍നിന്ന് കൂട്ടരാജിയുണ്ടായി. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ പടയോട്ടം നടത്തുന്നു എന്ന് സംഘപരിവാര്‍ അഹങ്കരിക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ്, ഇവിടെ കാവിക്കൊടി ഉപേക്ഷിക്കപ്പെടുന്നത്. ഇതിനുപിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല. ബിജെപിയും കോണ്‍ഗ്രസും വിശ്വസിക്കാന്‍ കൊള്ളാത്ത ശക്തികളാണ്; ജനവിരുദ്ധ രാഷ്ട്രീയമാണ് അവരുടേത് എന്ന തിരിച്ചറിവിന്റെ ഫലമാണത്. ഇന്നലെവരെ ശത്രുപക്ഷത്തുനിര്‍ത്തിയിരുന്ന സിപിഐ എമ്മിനോടൊപ്പമാണ് തങ്ങള്‍ ഇനി എന്ന് കണ്ണൂരില്‍ ബിജെപി വിട്ടവര്‍ വ്യക്തമാക്കുമ്പോള്‍ അതിനെ പരിഹസിക്കുന്നവരുണ്ട്. ഒരുകൂട്ടം പ്രവര്‍ത്തകര്‍ ഒന്നിച്ച് ഈ തീരുമാനത്തിലെത്തിയതിനെ "ലയനം" എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ബിജെപി വിടുന്നവര്‍ വലതുപക്ഷത്തുതന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരെയാകെ നൈരാശ്യത്തിലെത്തിക്കുന്നതാണ്, വിഘടിതവിഭാഗം നേതൃത്വം വ്യക്തമാക്കിയ രാഷ്ട്രീയനിലപാടുകള്‍. വര്‍ഗീയതയെയും മോഡിസത്തെയും തള്ളിപ്പറയാനും മതനിരപേക്ഷതയുടെ പ്രാധാന്യത്തിന് അടിവരയിടാനും അവര്‍ തയ്യാറായിരിക്കുന്നു; സിപിഐ എമ്മിന്റെ എളിയ പ്രവര്‍ത്തകരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. സംഘപരിവാറിന്റെ തകര്‍ച്ചയുടെ സൂചനയാണിത്. ഒരുഭാഗത്ത് യുഡിഎഫും മറുഭാഗത്ത് ബിജെപിയും തകരുമ്പോള്‍, ഇടതുപക്ഷമാണ് ആശ്രയം എന്ന തിരിച്ചറിവിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകളെ നയിക്കുന്ന സംഭവ വികാസങ്ങളാണിത്. അതില്‍ വിറളിപൂണ്ട് വര്‍ഗീയ പ്രചാരണത്തിനും ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനുമുള്ള നെറികെട്ട നീക്കങ്ങള്‍ യുഡിഎഫില്‍നിന്നുണ്ടായിട്ടുണ്ട്. ഫാസിസ്റ്റ് സ്വഭാവത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമഴിച്ചുവിടുന്ന സംഘപരിവാറിന് ഏല്‍ക്കുന്ന ഏത് ക്ഷതവും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള കരുത്തായി മാറും എന്ന് പരപ്രേരണയില്ലാതെ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കും എന്നോര്‍ത്താല്‍ അത്തരം ശ്രമങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, January 28, 2014

സംഘപരിവാറിലെ ഉരുള്‍പൊട്ടല്‍

കണ്ണൂരില്‍ സംഘപരിവാറിലെ ഉരുള്‍പൊട്ടല്‍ കൊണ്ടുണ്ടായ ഒരു ഗുണം ആരും ചര്‍ച്ചചെയ്തു കാണുന്നില്ല. സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ചരിത്രത്തിലാദ്യമായി മനോരമയും മാതൃഭൂമിയും അച്ചടിച്ചു എന്നതാണാ ഗുണം. ""പഴയ ബിജെപി നേതാക്കള്‍ക്കു കൈകൊടുക്കുമ്പോള്‍ ഏഴു രക്തസാക്ഷികളുടെ ചോരക്കറകൂടിയാണ് സിപിഎം മറയ്ക്കാന്‍ ശ്രമിക്കുന്നത്."" - മനോരമ എഴുതി. മാതൃഭൂമിയുടെ വാചകങ്ങള്‍ ഇങ്ങനെ: ""പാനൂരില്‍ കൊലപാതകപരമ്പര അരങ്ങേറിയ കാലത്ത് സിപിഎമ്മിനെതിരെ കലാപമുയര്‍ത്തിയ ബിജെപി നേതാവായിരുന്നു ഒ കെ വാസു. നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഇക്കാലത്ത് പാനൂരിലും പരിസരങ്ങളിലുമായി ആര്‍എസ്എസ്- ബിജെപി അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്""

കണ്ണൂരില്‍ ആര്‍എസ്എസുകാരുടെ കൊലക്കത്തിക്കുമുന്നില്‍ ജീവന്‍ പൊലിഞ്ഞവരെയോര്‍ത്ത് മനോരമയും മാതൃഭൂമിയും മാധ്യമവും കണ്ണീരൊഴുക്കുമ്പോള്‍ അവര്‍ ഇതിനുമുമ്പ് എങ്ങനെ പെരുമാറി എന്നും നോക്കണം. സിപിഐ എം പ്രവര്‍ത്തകരുടെ കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ കൊലയാളികളെക്കുറിച്ച് സ്വന്തംനിലയില്‍ ഒരു സൂചനയും നല്‍കാതിരിക്കാന്‍ കടുത്ത ശ്രദ്ധ പുലര്‍ത്തിയിരുന്ന പത്രങ്ങളാണിവ. "പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു" എന്നാണവരുടെ സ്ഥിരം ശൈലി. സൂചന കൊണ്ടുപോലും ബിജെപി ആര്‍എസ്എസ് കൊലയാളിസംഘത്തെ നോവിക്കാതിരിക്കാന്‍ ന്യൂസ് ഡെസ്കില്‍ കാവലിരുന്നവര്‍ രക്തസാക്ഷികളെച്ചൊല്ലി നിലവിളിച്ചു തുടങ്ങിയിരിക്കുന്നു. രക്തസാക്ഷികളുടെ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും നെഞ്ചിടിപ്പും നൊമ്പരവും വിലയേറിയതാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇന്നലെവരെ സിപിഐ എമ്മിന്റെ "വ്യതിയാന"ത്തെയും "മൂല്യശോഷണത്തെയും" ആയുധമാക്കിയവര്‍ ഇന്നു ചോദിക്കുന്നു: ബിജെപി വിട്ടുവരുന്നവരെ സിപിഐ എമ്മില്‍ കയറ്റാന്‍കൊള്ളാമോ എന്ന്. മുതലക്കണ്ണീരുകൊണ്ട് ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല ഈ "ആശങ്കക്കാരുടെ" ലക്ഷ്യം. സകല കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഒ കെ വാസുവിന്റെയും ബിജെപി വിമതരുടെയും ചുമലില്‍വച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഔദ്യോഗിക നേതൃത്വത്തെ സമര്‍ഥമായി കുറ്റവിമുക്തരാക്കുകയാണവര്‍. കണ്ണൂരിലെ സംഘപരിവാര്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഒരുകാലത്ത് ആര്‍എസ്എസ് ആധിപത്യത്തിലായിരുന്ന പ്രദേശങ്ങളില്‍ കാവിക്കൊടി കാണാനില്ല. ഭിന്നത ഉടലെടുത്തത് സംഘനേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്താലാണ്. പ്രമുഖ നേതാവിനെതിരെ ലൈംഗിക ആരോപണം വരുന്നു; അതന്വേഷിച്ച കമീഷന്‍ നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നു; ആ റിപ്പോര്‍ട്ടും പ്രവര്‍ത്തകരുടെ പരാതിയും ഗൗനിക്കാതെ നേതാവിനെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകുന്നു- ഇത്രയുമാണ് പൊട്ടിത്തെറിക്ക് കാരണമായത്. ലൈംഗികാരോപണത്തിനു പുറമെ സാമ്പത്തിക അഴിമതിയും വോട്ടു കച്ചവടവുമടക്കമുള്ള ഗുരുതര പ്രശ്നങ്ങളും ഉയന്നുവന്നു.

കണ്ണൂരിലെ ബിജെപി ഓഫീസും സ്ഥലവും വിറ്റത്, മാരാര്‍ജി മന്ദിരത്തിനുവേണ്ടി ജില്ലാ പ്രസിഡന്റ് രഞ്ജിത്തും അഖിലേന്ത്യാ സെക്രട്ടറി പി കെ കൃഷ്ണദാസും ബംഗളൂരുവില്‍ പോയി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് വെളിപ്പെടുത്താത്തത്, കെ ടി ജയകൃഷ്ണന്റ പേരില്‍ വാങ്ങിയ ആംബുലന്‍സ് കാണാതായത്, കൂത്തുപറമ്പ് ഹൈസ്കൂള്‍ മാനേജ്മെന്റിനെ നയിച്ച് നടത്തിയ കൂറ്റന്‍ പണമിടപാടുകള്‍- അങ്ങനെ നിരവധി വിഷയങ്ങള്‍. സംഘപരിവാറിലാകെ അസംതൃപ്തി പുകഞ്ഞുയര്‍ന്നപ്പോള്‍ ആരോപണവിധേയര്‍ക്കൊപ്പമാണ് സംസ്ഥാന നേതൃത്വം നിലകൊണ്ടത്. അതോടെ അസംതൃപ്തര്‍ സംഘടിച്ചു-ബിജെപിക്കകത്തുതന്നെ തുടര്‍ന്ന്, "നമോ വിചാര്‍ മഞ്ച്" രൂപീകരിച്ചു. ബിജെപിയുടെ മൂന്ന് മുന്‍ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പ്രധാന നേതൃത്വം ഒന്നിച്ചണിനിരന്ന വിചാര്‍ മഞ്ച് സമാന്തര സംഘടനയായി മാറി. ആ സംഘടന ഇപ്പോഴും നിലനില്‍ക്കുന്നു. ബിജെപിയുമായും അതിന്റെ ആശയങ്ങളുമായും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന, വര്‍ഗീതയയോട് സലാംപറയാന്‍ തീരുമാനിച്ച കുറെപ്പേര്‍ മഞ്ച് വിട്ട് സിപിഐ എമ്മിന്റെ വഴിയേ സഞ്ചരിക്കാനാണ് തീരുമാനിച്ചത്. മോഡിയുടെ നയങ്ങളോടോ വര്‍ഗീയ രാഷ്ട്രീയത്തോടോ അവര്‍ യോജിക്കുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിലെ സംഘാടനത്തിന് "നമോ വിചാര്‍ മഞ്ച്" എന്ന കുടക്കീഴില്‍ എത്തേണ്ടിവന്നു എന്നതല്ലാതെ മോഡിയിസ്റ്റ് രാഷ്ട്രീയം അവരുടെ മനസ്സിനു പുറത്താണ്. ഇങ്ങനെ ആര്‍എസ്എസുമായി മാത്രമല്ല, നമോ വിചാര്‍ മഞ്ചുമായിക്കൂടി ബന്ധം അവസാനിപ്പിച്ചാണ് അവര്‍ വരുന്നത്. രണ്ട് മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടുന്ന അവശിഷ്ട നമോമഞ്ച്, ഇവരുടെ തീരുമാനത്തെ എതിര്‍ത്ത്, "സിപിഐ എം സ്റ്റാലിനിസ്റ്റ് പാര്‍ടിയാണ്" എന്ന് പരിഹസിച്ചിട്ടുമുണ്ട്. ഈ വസ്തുതകള്‍ മനസ്സിലാക്കാതെ അവരെ "മോഡിയുടെ ആളുകള്‍" എന്ന് വിശേഷിപ്പിക്കുന്നതിന്റെ അനൗചിത്യം വിസ്മയാവഹംതന്നെ.

രണ്ടോ മൂന്നോ നേതാക്കള്‍ മാത്രമല്ല രണ്ടായിരത്തിലേറെ സാധാരണ പ്രവര്‍ത്തകരാണ് കാവിക്കൊടി വിട്ട് ചുവന്ന കൊടിയേന്താന്‍ തയ്യാറാകുന്നത്. ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘശാഖകളുള്ള താലൂക്കായിരുന്നു തലശേരി. ആ താലൂക്കില്‍ ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ അടിത്തറയാണിളകുന്നത്. വരുന്നവര്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളിലാളികളും കച്ചവടക്കാരുമൊക്കെയാണ്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും അതിലുണ്ട്. അവര്‍ വര്‍ഗീയരാഷ്ട്രീയത്തോട് എക്കാലത്തേക്കുമായി വിടപറയുന്നു. മതനിരപേക്ഷതാ സമീപനത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുന്നു. ഗുജറാത്ത് വംശഹത്യയെയും അതിന്റെ കാരണക്കാരനായ നരേന്ദ്ര മോഡിയെയും അവര്‍ ശത്രുപക്ഷത്താണ് നിര്‍ത്തുന്നത്. ഇന്നലെവരെ എടുത്ത തെറ്റായ സമീപനത്തില്‍ കലവറയില്ലാതെ തിരുത്തല്‍ വരുത്തിയും പശ്ചാത്തപിച്ചും പുതിയ രാഷ്ട്രീയത്തിലേക്ക് അവര്‍ കടന്നെത്തുമ്പോള്‍ ഭയപ്പെടുന്നതും രോഷപ്പെടുന്നതും അമ്പരക്കുന്നതും വലതുപക്ഷ രാഷ്ട്രീയക്കാരാണ്. അവരുടെ നിലവിളിയുടെ ഉന്നം വ്യക്തം. അത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടിയാണ്.

തെരഞ്ഞെടുപ്പു വരികയാണ്. ആര്‍എസ്എസിന്റെ കൊലപാതകപരമ്പര അരങ്ങേറുന്ന കാലത്താണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടത്തിയത്. അക്കാലത്താണ് കുപ്രസിദ്ധമായ കോലീബി സഖ്യമുണ്ടായത്. കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടക്കഥ കെ ജി മാരാര്‍ തുറന്നെഴുതിയിട്ടും കണ്ടഭാവം നടിച്ചവരല്ല, ഈ "വികാരജീവികള്‍". ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പൊതുസ്ഥാനാര്‍ഥി എല്‍ഡിഎഫിനെതിരെ മത്സരിച്ച മണ്ഡലമാണ് വടകര. ആ സഖ്യത്തെ ആശീര്‍വദിച്ച പത്രങ്ങളാണ് മനോരമയും മാതൃഭൂമിയും. കോലീബി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. രത്നസിങ്ങിന് മാതൃഭൂമിയുമായുളള ബന്ധം രഹസ്യമല്ല. ബിജെപിയെ കോണ്‍ഗ്രസിന്റെ സ്വാഭാവിക സഖ്യകക്ഷിയായി ഉള്‍ക്കൊള്ളാന്‍ മനോരമയ്ക്കും മാതൃഭൂമിക്കും വൈഷമ്യമില്ല. ആ സഖ്യത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കേണ്ടത് അവരുടെ രാഷ്ട്രീയദൗത്യമാണ്.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശത്രുവായ കമ്യൂണിസ്റ്റുപാര്‍ടി വലതുപക്ഷ പത്രങ്ങളുടെയും ശത്രുപക്ഷത്താവുക സ്വാഭാവികം. കമ്യൂണിസ്റ്റുകാരെ വലതുപക്ഷം കൊന്നൊടുക്കുമ്പോള്‍, കൊലയാളികളുടെ പക്ഷത്താണവര്‍. കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരും ഉന്മൂലനംചെയ്യപ്പെടേണ്ടവരുമാണെന്ന വിശ്വാസമാണ് ഫാസിസ്റ്റുകളോടൊപ്പം അവര്‍ പങ്കുവയ്ക്കുന്നത്. കെ വി സുധീഷിനെപ്പോലെ ഉശിരന്മാരായ ഇടതുപക്ഷപ്രവര്‍ത്തകരും നേതാക്കളും പൈശാചികമായി കൊലചെയ്യപ്പെട്ടപ്പോള്‍ മാളത്തിലൊളിച്ചിരുന്ന മാധ്യമ അതിവൈകാരികത രക്തസാക്ഷികളുടെ ചെലവില്‍ ഇപ്പോള്‍ കൂലംകുത്തിപ്പെയ്യുകയാണ്. കണ്ണൂരിലും പരിസരപ്രദേശത്തും അതിനു ചലനമൊന്നുമുണ്ടാക്കാനാവില്ല എന്ന് അവര്‍ക്കറിയാം. ആര്‍എസ്എസിനോട് നേര്‍ക്കുനേര്‍ പോരാടി നില്‍ക്കുന്നവരിലൊന്നും ഈ അതിബുദ്ധി വിലപ്പോവുകയുമില്ല. എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടും "മാതൃഭൂമി", "പാര്‍ടി തീരുമാനത്തോട് പ്രത്യക്ഷവിയോജിപ്പു പ്രകടിപ്പിക്കുന്നവര്‍ കുറവാണ്" എന്നെഴുതേണ്ടിവന്നു. പാനൂരിലും തലശേരിയിലും ചെറുതല്ലാത്ത സ്വാധീനമുള്ളവരാണ് ബിജെപി വിമതരെന്ന് മനോരമയ്ക്കും തുറന്നു പറയേണ്ടിവന്നു. ബിജെപി വിമതരുടെ സ്വാധീനവും, സിപിഐ എമ്മിനോട് സഹകരിക്കാന്‍ അവര്‍ക്കുളള സന്നദ്ധതയോട് രക്തസാക്ഷി കുടുംബങ്ങളിലടക്കം വിയോജിപ്പില്ലാത്തതും യുഡിഎഫിന്റെ പ്രചരണവിഭാഗത്തിന് അവഗണിക്കാന്‍ കഴിയുന്നില്ല.
യുഡിഎഫിന് നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍, സംഘപരിവാര്‍ ക്യാമ്പുകള്‍ ഞെട്ടിത്തരിച്ചുനില്‍ക്കയാണ്. അണികളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് തടയാന്‍ അവര്‍ക്ക് മാര്‍ഗങ്ങളൊന്നുമില്ല. ഒന്നിച്ചു നിന്നവര്‍ പുറത്തുപോയാല്‍, രഹസ്യങ്ങളുടെ നിലവറകള്‍ തുറക്കപ്പെടുമോ; സംഘനേതൃത്വത്തിന്റെ കൊള്ളരുതായ്മകളും സമൂഹത്തോട് ചെയ്ത നെറികേടുകളും ജനങ്ങള്‍ക്കുമുന്നില്‍ തെളിവുസഹിതം പുറത്തുവരുമോ എന്ന ഭീതി അവരുടെ ഉറക്കംകെടുത്തുന്നു. എന്തു വിട്ടുവീഴ്ച ചെയ്തും അവരെ കൂടെനിര്‍ത്താന്‍ ബിജെപി നേതൃത്വം നടത്തിയ ശ്രമങ്ങള്‍ പരിപൂര്‍ണ പരാജയത്തിലാണ് കലാശിച്ചത്. ഒരു&ലരശൃര;ഘട്ടത്തില്‍ ആര്‍എസ്എസിന്റെ കൈപ്പിടിയിലായിരുന്ന ചെറുവാഞ്ചേരിപോലുള്ള ഗ്രാമങ്ങളിലും അമ്പാടിമുക്ക് പോലുള്ള പോക്കറ്റുകളിലും കാറ്റും വെളിച്ചവും കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതമാണ് ഇന്ന് ബിജെപിയെയും യുഡിഎഫിനെയും ആകുലപ്പെടുത്തുന്ന പ്രധാന പ്രശ്നം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ബിജെപി അയ്യായിരത്തിലേറെ വോട്ട് മറിച്ചുകൊടുത്തുവെന്നും അതിന് പ്രമുഖ ആര്‍എസ്എസ് നേതാവാണ് കാര്‍മികത്വം വഹിച്ചതെന്നും വെളിപ്പെടുത്തല്‍ വന്നുകഴിഞ്ഞു. വര്‍ഗീയസംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതിന്റെ വിവരങ്ങളും പുറത്തുവന്നു. ""ആ സമയത്ത് കണ്ണൂര്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയലഹളയ്ക്കുപിന്നിലും ഇത്തരം ശക്തികളാണ്. വര്‍ഗീയ ധ്രുവീകരണം നടത്തി അതില്‍നിന്ന് ലക്ഷ്യം നേടുകയായിരുന്നു ഉദ്ദേശം. വോട്ട് മറിക്കുന്നതില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ബോധപൂര്‍വം കേസില്‍പെടുത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂര്‍ നഗരത്തിലെ കടകള്‍ കൊള്ളയടിച്ചശേഷം പലരുമെത്തിയത് അമ്പാടിമുക്കിലെ വിവേകാനന്ദ സാംസ്കാരിക സമിതി ഓഫീസിലാണ്. ഇതോടെ ഞങ്ങളെല്ലാം കേസില്‍ പ്രതിയായി""-ഇതാണ്, രാജിവച്ച യുവമോര്‍ച്ച നേതാവ് ധീരജ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയത്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊല്ലാന്‍ കെ സുധാകരന്‍ തോക്കും പണവും കൊടുത്ത് അയച്ചത് കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനല്‍ പേട്ട ദിനേശനെയാണ്. ആര്‍എസ്എസിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഇന്നുവരെ സംസാരിച്ചിട്ടില്ല. ആ അവിശുദ്ധ ബന്ധത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ പുറത്തുവന്നാല്‍, യുഡിഎഫിന്റെ പൊയ്മുഖമാണ് അഴിഞ്ഞുവീഴുക. വര്‍ഗീയ ബന്ധത്തെക്കുറിച്ചുള്ള അണികളുടെ ചോദ്യങ്ങള്‍ക്ക് യുഡിഎഫ് ഘടകകക്ഷികളാണ് എണ്ണിയെണ്ണി മറുപടി പറയേണ്ടിവരിക.

ഏതെങ്കിലും ഒരുകൂട്ടര്‍ ഒരു പ്രഖ്യാപനം നടത്തി കടന്നെത്തുമ്പോള്‍, ആ നിമിഷം അംഗത്വം നല്‍കുകയും നേതൃത്വത്തിലെത്തിക്കുകയും ചെയ്യുന്ന പാര്‍ടിയല്ല സിപിഐ എം. പുതിയ അംഗത്വം നല്‍കുന്നതിന് പാര്‍ടി ഭരണഘടനയില്‍ കൃത്യമായ വ്യവസ്ഥയുണ്ട്. ""മറ്റു പാര്‍ടിയില്‍ പ്രദേശിക-ജില്ല-സംസ്ഥാന നിലവാരങ്ങളില്‍ നേതൃപദവിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് അംഗത്വം നല്‍കുന്നതിന് അതേ നിലവാരത്തിലുള്ള പ്രാദേശിക കമ്മിറ്റിയുടെ ജില്ല- സംസ്ഥാന കമ്മിറ്റിയുടേയോ അംഗീകാരത്തിനു പുറമെ തൊട്ടു മേലുള്ള കമ്മിറ്റിയുടെ അനുവാദവും ഉണ്ടായിരിക്കണം"" എന്നതാണ് വ്യവസ്ഥ. അബ്ദുള്ളക്കുട്ടിയും സെല്‍വരാജും രായ്ക്കുരാമാനം കയറിച്ചെന്നാല്‍, കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിലെത്താം എന്ന അളവുകോല്‍വച്ച് സിപിഐ എമ്മിനെ അളക്കേണ്ടതില്ല എന്നു സാരം. സിപിഐ എമ്മില്‍ ആരെങ്കിലും ചേരുന്നുണ്ടെങ്കില്‍, അത് പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ചാവും; അംഗത്വ പ്രതിജ്ഞ ഉള്‍ക്കൊണ്ടിട്ടാവും.

വര്‍ഗീയ- ഫാസിസ്റ്റ് ശക്തിയില്‍നിന്ന് വിടുതല്‍നേടി ജനാധിപത്യ മാര്‍ഗത്തിലേക്ക് വലിയൊരു വിഭാഗം ജനങ്ങള്‍ എത്തുമ്പോള്‍, മതനിരപേക്ഷ ചേരിയാണ് ശക്തിപ്പെടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഏകലക്ഷ്യം ഏറ്റെടുത്തവരാണ് അതുകണ്ട് നിലവിളിക്കുന്നത്. കേരളത്തെ ജാതി-മത സ്പര്‍ധയുടെ വിളനിലമാക്കി ജനങ്ങളെ ചേരിതിരിച്ച് വലതുപക്ഷ മേല്‍ക്കോയ്മ സ്ഥാപിക്കാനും ആ ഭിന്നതയിലും സൗകര്യത്തിലും മൂലധന താല്‍പ്പര്യങ്ങള്‍ക്ക് അഴിഞ്ഞാടാനും കളമൊരുക്കുന്ന അത്തരം ദല്ലാള്‍മാര്‍ക്കുള്ള മറുപടി കണ്ണൂരില്‍നിന്നുമാത്രമല്ല ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 160 ബിജെപി പ്രവര്‍ത്തകരാണ് രാജിവച്ച് സിപിഐ എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒഴുക്കുണ്ടാകുന്നത് ഇടതുപക്ഷത്തേക്കാണ്. മതനിരപേക്ഷത സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും കാത്തുസൂഷിക്കാനും ജീവന്‍ വെടിഞ്ഞും പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും, അത് അക്ഷരംപ്രതി തെളിയിക്കുകയുംചെയ്ത പ്രസ്ഥാനമാണ് സിപിഐ എം. ആര്‍എസ്എസ് അക്രമത്തില്‍ അംഗഭംഗംവന്ന, മരണത്തില്‍നിന്ന് അമ്പരപ്പിക്കുംവിധം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് കയറിയ പി ജയരാജന്‍ എന്ന കമ്യൂണിസ്റ്റുകാരനെ "ആര്‍എസ്എസ് സ്നേഹി" ആക്കാനും "കൊലയാളി നേതാവ്" ആയി ചിത്രീകരിക്കാനും അതിനായുള്ള ഭരണകൂടവേട്ടയ്ക്ക് വെഞ്ചാമരം വീശാനും ആവേശക്കമ്മിറ്റിയുണ്ടാക്കിയവര്‍ക്ക് സന്തോഷിക്കാനുള്ളതാവില്ല വരുംനാളുകളിലെ വാര്‍ത്തകള്‍. ആര്‍എസ്എസ് വിട്ട് പുറത്തുവരുന്നവര്‍ ശിവസേനയിലോ മറ്റോ പോയി തുലയട്ടെ; അവര്‍ക്ക് ഇടത്തോട്ടുള്ള വഴി നിഷിദ്ധമെന്ന് പറയുന്നവര്‍, അത് ആര്‍എസ്എസിനുവേണ്ടിയുള്ള കുഴലൂത്താണ് എന്ന് മനസിലാക്കാനുള്ള ചിന്താശേഷിയും വിവേകവും കേരളത്തില്‍നിന്ന് നാടുകടത്തപ്പെട്ടിട്ടില്ല എന്നോര്‍ക്കാതിരിക്കുന്നതാണ് ആശ്ചര്യം. സ്ത്രീപീഡനത്തിനെതിരെ കൊമ്പുകോര്‍ക്കുന്ന ആദര്‍ശക്കാര്‍ക്ക്, ബിജെപിയില്‍നിന്നുള്ള ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനം ആ പാര്‍ടിയുടെ ഒരു നേതാവിന്റെ സ്ത്രീപീഡനമാണെന്നുപോലും അറിയില്ലെന്നു വരുന്നത് ചുരുങ്ങിയപക്ഷം നാണക്കേടെങ്കിലുമാണ്.

*
പി എം മനോജ്

ആര്‍എസ്എസിന് ഭയം: ഒ കെ വാസു

ബിജെപിയുമായി ഭിന്നത ഉടലെടുത്തത് സംഘടനാപരമായ പ്രശ്നങ്ങളാലായിരുന്നെങ്കിലും ആശയപരമായ പ്രശ്നങ്ങളാണ് തങ്ങളെ പുതിയ രാഷ്ട്രീയവഴിയിലേക്ക് എത്തിച്ചതെന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസു. രാജ്യത്ത് മോഡിതരംഗമില്ല. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് കിട്ടിയ സീറ്റുകള്‍പോലും ആര്‍ജിക്കാനുള്ള ശേഷി ഇന്ന് ബിജെപിക്കില്ല. കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഭാവിയില്ല- ഓ കെ വാസു ദേശാഭിമാനിയോട് പറഞ്ഞു. താന്‍ ജില്ലാ പ്രസിഡന്റായിരുന്നത് 2000-03 ലാണ്. ആ മൂന്നുവര്‍ഷത്തിനു മുമ്പും പിമ്പും കണ്ണൂര്‍ജില്ലയില്‍ രാഷ്ട്രീയസംഘട്ടനങ്ങളുണ്ടായിട്ടുണ്ട് എന്ന് തനിക്കെതിരെ കുറ്റപത്രവുംകൊണ്ട് നടക്കുന്നവര്‍ ഓര്‍ക്കണം.

താന്‍ എവിടെയെങ്കിലും ആക്രമണത്തിന് നിര്‍ദേശം നല്‍കുകയോ ആസൂത്രണംചെയ്യുകയോ ചെയ്തിട്ടില്ല. താനടക്കമുള്ളവര്‍ പുറത്തുപോയാല്‍ ആര്‍എസ്എസിന്റെ പല കഥകളും പുറത്തുവരുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ""അവര്‍ ഞങ്ങളെ ഫാസിസ്റ്റ് രീതിയിലാണ് നേരിടുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് പാനൂരില്‍ ഞാനടക്കമുള്ളവര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ ആക്രമണം. ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. എതിരാളികളെ നിഷ്കരുണം ഇല്ലാതാക്കാന്‍ പരിശീലിച്ചവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഫാസിസ്റ്റ് ഭീഷണിക്കും അക്രമത്തിനും വഴങ്ങാതെ ജനപക്ഷത്തുനിന്നുകൊണ്ട് മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകും."" കേരളത്തില്‍ മതന്യൂനപക്ഷങ്ങളും മതഭൂരിപക്ഷവും തുല്യനിലയിലുള്ളവരാണ്. അവരെ തമ്മിലടിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനും നിലനില്‍ക്കാനാകില്ല. ബിജെപിയുടെ ഭാഗമായി മുമ്പ് എടുക്കാന്‍ നിര്‍ബന്ധിതമായ ചില വര്‍ഗീയസമീപനങ്ങളില്‍ പശ്ചാത്തപിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കനുകൂലമായി അഭിപ്രായം പറഞ്ഞതിന് തന്നെ ബിജെപി നേതൃത്വം "മുസ്ലിങ്ങളുടെ ആള്‍" എന്ന് വിളിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും അത്തരം അധിക്ഷേപങ്ങളുണ്ടായി.

മോഡിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ഇതാകുമായിരുന്നില്ല. പാകിസ്ഥാനും ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന "അഖണ്ഡഭാരതം" എന്ന നടക്കാത്ത സ്വപ്നവും പേറി നടക്കുന്നവരാണ് ബിജെപിക്കാര്‍. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക, അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക, ഏകീകൃത സിവില്‍കോഡ് കൊണ്ടുവരിക തുടങ്ങിയ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. വാജ്പേയി ഭരിച്ചപ്പോള്‍ അവയിലൊന്നും തൊടാന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് ഇനി അരനിമിഷം യോജിച്ചുനില്‍ക്കാനാകില്ല. ബിജെപിയില്‍ ഉള്‍പ്പാര്‍ടി ജനാധിപത്യമില്ല. സാധാരണ പ്രവര്‍ത്തകരായി സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

*
ദേശാഭിമാനി

Sunday, January 26, 2014

ഹരി പകരുന്ന കബീര്‍

ദേശാടനപ്പക്ഷികളുടെ ചിറകടിപോലെ സദസ്സിലെ ഇരമ്പം. ആര്‍ത്തുവിളികളോ ബഹളമോ ഇല്ല. കച്ചേരി കഴിഞ്ഞ് സുഹൃത്തുക്കള്‍ അഭിനന്ദിക്കുമ്പോള്‍ ഹരിനാരായണന്‍ പഴയ ആ നെയ്ത്തുതൊഴിലാളിയെയാണ് ഓര്‍ത്തത്. ഇന്ത്യന്‍ സാംസ്കാരികജീവിതത്തിന് ഊടും പാവും നല്‍കിയ കബീര്‍ദാസിനെക്കുറിച്ച് തനിക്ക് ജ്ഞാനം പകര്‍ന്നുതന്ന ആ തൊഴിലാളിയെ. ഇന്ത്യയെ അശാന്തിയുടെ കാര്‍മേഘം മൂടുമ്പോഴൊക്കെ വെളിച്ചമാകുന്ന കബീറിന്റെ ആശയങ്ങളെ പിന്തുടരാന്‍ പ്രേരിപ്പിച്ച ആ മനുഷ്യനെ.

കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളാണ് വേദി. അവിടെ രണ്ടരമണിക്കൂര്‍ നീണ്ട കച്ചേരി- "കഹേ കബീര്‍" കഴിഞ്ഞതേയുള്ളൂ. ഹരിക്കാണ് നേതൃത്വം, മൃദംഗത്തില്‍. ഹിന്ദുസ്ഥാനി- കര്‍ണാട്ടിക് ഭേദമില്ലാതെ തബല, സിത്താര്‍, വയലിന്‍, വീണ, ബാംസുരി, ഹാര്‍മോണിയം എന്നിവ. പ്രശസ്തരായ കലാകാരന്മാര്‍. കബീറിന്റെ സൃഷ്ടികള്‍ക്ക് കുമാര്‍ ഗന്ധര്‍വയടക്കമുള്ള സംഗീതജ്ഞര്‍ നല്‍കിയ സംഗീതാവിഷ്കാരങ്ങള്‍ക്ക്, നിര്‍ഗുണീഭജനുകള്‍ക്ക് താള- തന്ത്രി വാദ്യ വിവര്‍ത്തനം നല്‍കുകയായിരുന്നു ഇവര്‍.

14 വര്‍ഷംമുമ്പ് ഹരി തുടങ്ങിവച്ച പരീക്ഷണം ഒരിടവേളയ്ക്കുശേഷം ട്രാവലിങ് ആര്‍ടിസ്റ്റ്സ് കലക്ടീവിന്റെ നേതൃത്വത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദീപാവലിനാളില്‍ നടത്തിയ കച്ചേരിക്ക് ലഭിച്ച വിപുലമായ ആസ്വാദനമാണ് ജനുവരി 17ന് വീണ്ടുമൊരു പരീക്ഷണത്തിന് ഹരിയെ പ്രേരിപ്പിച്ചത്. അജ്ഞാതനായ ആ നെയ്ത്തുതൊഴിലാളി നല്‍കിയ തീപ്പൊരിയാണ് ഹരിയുടെ മനസ്സില്‍ കബീറിനെ ആളിക്കത്തിച്ചത്. 1987ല്‍ നടത്തിയ ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു അത്. പിന്നെ കബീര്‍ ജനിച്ച ബനാറസില്‍. ചക്രവര്‍ത്തിയുടെയും പുരോഹിതരുടെയും രോഷത്തിനു പാത്രമായി അനുയായികളോടൊപ്പം കബീര്‍ തിരിച്ചുപോയ മഗാഹാര്‍ ഗ്രാമത്തില്‍. കാവ്യഭംഗിയും ആശയഗാംഭീര്യവും കാലാതിവര്‍ത്തിയാക്കുന്ന കബീറിന്റെ ദോഹകളെക്കുറിച്ച്, സംഗീതത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, ദര്‍ശനങ്ങളെക്കുറിച്ചെല്ലാം വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണം, നിരന്തരസാധന. ഗാന്ധിജിയെയും വിവേകാനന്ദനെയും ടാഗോറിനെയും മുതല്‍ വൈക്കം മുഹമ്മദ് ബഷീറിനെവരെ സ്വാധീനിച്ച ആ മഹാമനീഷിയെക്കുറിച്ചാണ് ഹരിനാരായണന്‍ പഠിക്കുന്നത്.

ഇന്ത്യയുടെ ബഹുസ്വരതയെ തച്ചുടയ്ക്കാന്‍ വെമ്പിനില്‍ക്കുന്ന ഫാസിസത്തിന്റെ ബുള്‍ഡോസറിനെ ചെറുക്കാന്‍ സൗമ്യമെങ്കിലും ശക്തിയുള്ള ഒരു സാംസ്കാരികായുധമാണ് കബീറെന്ന് മനസ്സിലാക്കിയാണ് ഹരിയുടെ സംഗീതാന്വേഷണങ്ങള്‍. കോഴിക്കോട്ടെ സാംസ്കാരികപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഹരിക്ക്, വിവരണാതീതമായ ഊര്‍ജമാണ് പകരുന്നത്. ചുവരുകളില്‍ കുറുങ്കവിതകള്‍ കുറിച്ചിട്ട കൊച്ചുമുറിയിലിരുന്ന് കബീറിന്റെ സംഗീതത്തെക്കുറിച്ച് പറയുമ്പോള്‍ ഹരിയിലെ മൃദംഗവിദ്വാന്‍ കൊട്ടിക്കയറും. കബീറിന്റെ കാലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചരിത്രകാരന്റെയോ സാമൂഹ്യശാസ്ത്രജ്ഞന്റെയോ വിശകലനപടുത്വം. കബീറിയന്‍ ദോഹകളെക്കുറിച്ചാകുമ്പോള്‍ കൃതഹസ്തനായ നിരൂപകന്‍. തത്വചിന്തയെക്കുറിച്ചാകുമ്പോള്‍ ദാര്‍ശനികന്റെ ബൗദ്ധികമായ അതികായത്വം. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഓരോ അടരുകളിലുമുണ്ട് കബീര്‍.

ഗാന്ധിജിയുടെ ചര്‍ക്കയില്‍, റാം-റഹിം ദ്വന്ദത്തില്‍, ദൈ്വതാദൈ്വത ദര്‍ശനങ്ങളില്‍, സൂഫിസത്തിന്റെ കാവ്യ-സംഗീത സ്വാരസ്യങ്ങളില്‍, കവിഗുരു ടാഗോറിന്റെ സൃഷ്ടികളില്‍, രബീന്ദ്ര സംഗീതത്തില്‍, ബാവുള്‍ ഗാനങ്ങളില്‍, ഏക്താരയുടെ ഗൂഢവും സുന്ദരവുമായ ഈണങ്ങളില്‍, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗസല്‍ ഗായകരില്‍, ഇന്ത്യന്‍ ചിത്ര- ശില്‍പ്പ കലകളില്‍ എല്ലാം. ആത്മീയവും ഭൗതികവുമായ ദാര്‍ശനികാന്വേഷണങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് കബീറിന്റെ മിസ്റ്റിക് പ്രഭാവം. കബീറിന്റെ സൃഷ്ടികള്‍ക്ക് ഇന്ത്യന്‍ തത്വചിന്തയിലെന്നപോലെ സംഗീതത്തിലുമുള്ള അഗ്രഗാമിത്വം ഇന്ന് കേരളം അറിയുന്നത് ഹരിനാരായണന്‍ എന്ന മൃദംഗവിദ്വാനിലൂടെ. മായയും ബ്രഹ്മവും പരിത്യാഗവുമടക്കമുള്ള കബീറിന്റെ ഇഷ്ടവിഷയങ്ങളിലുള്ള സൃഷ്ടികള്‍ കേരള കലാമണ്ഡലത്തിലെ ഈ പഴയ വിദ്യാര്‍ഥി ആവിഷ്കരിക്കുമ്പോള്‍, അഞ്ചുനൂറ്റാണ്ടുകള്‍ക്കപ്പുറം വാരാണസിയില്‍ ജീവിച്ച ആ അവധൂതന്റെ അദൃശ്യമായ സര്‍ഗസാന്നിധ്യം അനുഭവിക്കാനാകും.

കബീറിനെ ഇതിനുമുമ്പ് പാടിയ കുമാര്‍ ഗന്ധര്‍വ, അജോയ് മുഖര്‍ജി, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് കേരളത്തില്‍നിന്ന് ഒരു പിന്‍ഗാമി. ജീവിച്ചിരിക്കുന്ന ഗായകരില്‍ ആബിദ പര്‍വീണും റാഷിദ് ഖാനും കിഷോരി അമോങ്കറും അനൂപ് ജലോട്ടയും ഹരിനാരായണന് പ്രചോദനമേകുന്നു. അജ്ഞാതരായ മാതാപിതാക്കളുടെ അനാഥനായ മകന്‍. ഒരു സന്യാസിയുടെ അനുഗ്രഹത്താല്‍ ഗര്‍ഭിണിയായ ബ്രാഹ്മണവിധവയുടെ മകനായി ജനിച്ചതാണെന്നാണ് ഐതിഹ്യം. 15-ാം നൂറ്റാണ്ടില്‍ ജനിച്ച് 16-ാം നൂറ്റാണ്ടില്‍ മരിച്ച കബീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം ഐതിഹ്യങ്ങള്‍ അനവധി. വാരാണസിയില്‍ ഗംഗാതീരത്തെ മുസ്ലിം നെയ്ത്തുകാരുടെ കുടുംബം എടുത്തുവളര്‍ത്തിയ ആ ശിശു പിന്നീട് സന്ത് കബീറായി. മിശ്രമതസ്ഥനും മതാതീതമനുഷ്യനുമായി. മുസ്ലിമായും ഹിന്ദുവായും ഇത് രണ്ടുമല്ലാതെയായും ജീവിച്ചു. ഉത്തമനായ ഗുരുവര്യനെയെന്നപോലെ ഇരുമതക്കാരും സ്നേഹിച്ചു, ആരാധിച്ചു; അത്രതന്നെ അളവില്‍ വെറുത്തു. പലവട്ടം കൊലപാതകശ്രമങ്ങള്‍. അഞ്ചുവട്ടമെങ്കിലും മര്‍ദിച്ച് ഗംഗാനദിയില്‍ കെട്ടിത്താഴ്ത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നിന്ദാസ്തുതികള്‍ക്കിടയില്‍ ഒരു ജീവിതം. ""കല്ലിനെ ആരാധിച്ചാണ് ദൈവത്തെ കണ്ടെത്തുന്നതെങ്കില്‍ ഞാന്‍ പര്‍വതത്തെ ആരാധിക്കും. ലോകത്തിന് ഭക്ഷിക്കാന്‍ ഗോതമ്പും ധാന്യങ്ങളും പൊടിക്കുന്ന വീട്ടിലെ അരകല്ലിനെ ആരാധിക്കുകയാണ് അതിലും ഭേദം"" എന്നുപറയാന്‍ ധൈര്യം കാണിച്ച കബീര്‍ പുരോഹിതരുടെ ശത്രുവായതില്‍ എന്തത്ഭുതം?

അവിശ്വാസികള്‍ക്ക് കബീര്‍ ഭൗതികവാദി. ""ദൈവം നിങ്ങളില്‍തന്നെയാണ്. ശരീരത്തില്‍ കസ്തൂരിയുള്ളതറിയാതെ അതിന്റെ ഗന്ധം തേടി അലയുന്ന കസ്തൂരിമാനിനെപ്പോലെയാണ് നിങ്ങള്‍"" എന്നുപറഞ്ഞ കബീര്‍ ആത്മീയവാദികള്‍ക്ക് സത്യാന്വേഷിയായ സന്യാസി. സംസ്കാരത്തിലെ എല്ലാതരം ആധിപത്യപ്രവണതകളെയും നിരാകരിച്ചു കബീര്‍. അതുകൊണ്ടുതന്നെ സംസ്കൃതത്തിന്റെ വരേണ്യതയെയും ഇബ്രാഹിം ലോദിയുടെ കാലത്തെ അധിനിവേശത്തിന്റെ സാംസ്കാരികപ്രതീകമായിരുന്ന ഉറുദുവിനെയും തന്റെ കാവ്യവ്യവഹാരങ്ങളില്‍നിന്ന് പുറത്താക്കി. ഇബ്രാഹിം ലോദിയുടെ കാലത്ത് 15-ാം നൂറ്റാണ്ടില്‍ നെയ്ത്തുകേന്ദ്രമായി വളര്‍ന്ന വാരാണസിയിലേക്ക് കുടിയേറിയ സമീപപ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ ഭാഷകളില്‍നിന്ന് രൂപംകൊണ്ട ലിപിയില്ലാത്ത പാഞ്ച്മേല്‍ ഭാഷയിലാണ് കബീര്‍ ദോഹകള്‍ സൃഷ്ടിച്ചത്. പ്രാദേശിക വാമൊഴികളുടെ സമ്മേളനമായിരുന്നു കബീറിന്റെ ഭാഷ. ഭോജ്പുരിയും പഞ്ചാബിയും ഒഡിയയും ഗുജറാത്തിയുമൊക്കെ പാഞ്ച്മേല്‍ വാമൊഴിയില്‍ സമ്മേളിക്കുന്നു. ഭക്തിപ്രസ്ഥാനമെന്ന ധാരയില്‍പ്പെട്ട തുക്കാറാമിനേക്കാള്‍, മീരയേക്കാളൊക്കെ കബീര്‍ ഇന്നും വായിക്കപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട്? കബീറിന്റെ സൃഷ്ടികള്‍ വായിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന അസംഖ്യം നിഘണ്ടുക്കള്‍ സൂക്ഷിച്ച ഷെല്‍ഫുകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍പ്പോലുമുണ്ട്. ഇന്ത്യ രാഷ്ട്രീയമായി ഒരു ആപല്‍ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കബീറിന്റെ പുനര്‍വായനയും കബീറിനെക്കുറിച്ചുള്ള അന്വേഷണങ്ങളും കൊണ്ട് എങ്ങനെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രതിരോധകവചം തീര്‍ക്കാനാകുമെന്നാണ് ചിന്തിക്കേണ്ടതെന്ന് ഹരി.

കബീര്‍ പറയുന്നു: ഹിന്ദു കാരുണ്യവാനാണ്/ മുസല്‍മാന് സഹാനുഭൂതിയുണ്ട്/അതവരുടെ ഹൃദയത്തിലുണ്ട്/ഹലാല്‍പ്രകാരം ഒരുവന്‍ കൊല്ലുന്നു/നരബലി നടത്തി മറ്റവനും/അഗ്നി അവരുടെ വീടുകളെ ചുട്ടെരിക്കുന്നു/അവര്‍ക്ക് ഒരൊറ്റ പാതയേ ഉള്ളൂ/സത്യഗുരു കാണിച്ചുതന്ന പാത/ശാന്തി തേടുന്നവരേ/കബീര്‍ പറയുന്നു/ രാമനെന്നോ ഖുദാ എന്നോ പറയരുത്. മനുഷ്യമനസ്സിനെ കൂടുതല്‍ പ്രബുദ്ധമാക്കാനും നിര്‍മലമാക്കാനുമാണ് കബീര്‍ ഇങ്ങനെ പറയുന്നത്. കബീര്‍ ഉയര്‍ത്തിപ്പിടിച്ചത് മതാതീത ആത്മീയത. മുസ്ലിം ദമ്പതികള്‍ വളര്‍ത്തിയ കബീറിനെ മഹന്തുക്കളാരും ശിഷ്യനാക്കിയില്ല. രാമാനന്ദന്‍ എന്ന സന്യാസിയില്‍നിന്ന് ബാലനായ കബീര്‍ ദീക്ഷ സ്വീകരിച്ചത് അദ്ദേഹം കുളിക്കാന്‍ പോകുന്ന വഴിയില്‍ കിടന്നുകൊണ്ടാണ്. അറിയാതെ കബീറിനെ ചവിട്ടിപ്പോയ ഗുരു "രാം രാം" എന്നുരുവിട്ടപ്പോള്‍ അത് ശിഷ്യനാകാനുള്ള അനുമതിയാണെന്ന് വാദിച്ച് ഗുരുവിന്റെ ഉത്തരം മുട്ടിക്കുകയാണ്. ദീക്ഷ സ്വീകരിച്ചത് അങ്ങനെ.

ഗുരുവിന്റെ ശ്രാദ്ധദിനത്തില്‍ പാല്‍ ശേഖരിക്കാന്‍ പോയ കബീര്‍, വഴിയില്‍ കണ്ട ചത്ത പശുവിന്റെ വായ്ക്കടുത്ത് ഒരുകെട്ട് പുല്ല് വച്ച് കാത്തുനിന്നു. പാല്‍ വാങ്ങാന്‍ പോയ കബീറിനെ തിരഞ്ഞെത്തിയ സന്യാസിമാരോട് കബീര്‍ ചോദിച്ചു: ""പരേതാത്മാക്കള്‍ പാല്‍ കുടിക്കുമെങ്കില്‍ ചത്ത പശു പുല്ലു തിന്നേണ്ടതല്ലേ?"" കയറ്റുപായ  കബീറിന്റെ ഇഷ്ടരൂപകം. പല വര്‍ണത്തിലുള്ള നൂലുകള്‍കൊണ്ടാണ് അതുണ്ടാക്കിയത്. ചവിട്ടിക്ക് ഒന്നും ആവശ്യമില്ല, നിങ്ങളുടെ കാലുകളിലെ മണ്ണൊഴികെ. ആര്‍ക്കും അതില്‍ ചവിട്ടാം. അത് സ്വയം പൊടി ശരീരത്തിലേറ്റുവാങ്ങി നിങ്ങളുടെ കാലുകളെ ശുദ്ധീകരിക്കുകയാണെന്ന് കബീര്‍. ഗാന്ധിജി ചര്‍ക്കയെയും ഖാദിയെയും അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമാക്കിയത് കബീറിന്റെ സ്വാധീനംകൊണ്ടാകാമെന്നു പറയുന്നത് അതുകൊണ്ടാണ്. കബീര്‍ പറയുന്നു: ഹിന്ദു അമിതമായി പൂജിച്ച് മരിച്ചുപോകുന്നു/ മുസ്ലിം സ്വയം പീഡിപ്പിച്ച് മരിക്കുന്നു/ ഒരുത്തനെ ഭസ്മമാക്കുന്നു/ മറ്റൊരുത്തനെ മറവുചെയ്യുന്നു/ പക്ഷേ രണ്ടുപേരും ദൈവത്തിലെത്തുന്നില്ല. കബീറിന്റെ തത്വചിന്ത കാലാതിവര്‍ത്തിയാകുന്നതിനു കാരണവും ഹരി പറയുന്നു.

കബീര്‍ സംസാരിച്ചത് തൊഴിലാളികളോടും കീഴാളരോടുമാണ്. തൊഴിലാളികള്‍ക്കുവേണ്ടി അതിശക്തമായ ദോഹകള്‍ സൃഷ്ടിച്ചു കബീര്‍. നാളെയും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കുമോ എന്ന ചോദ്യമുയരുന്ന ഇന്ന്, കബീറിന്റെ പുനര്‍വായന അനിവാര്യമാണെന്ന് കാരൈക്കുടി മണിയുടെയും പുതുക്കോട് എസ് കൃഷ്ണയ്യരുടെയും ശിഷ്യനായ ഹരിനാരായണന്‍ പറയുന്നു.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ഡിസംബര്‍ 2014

അകാലത്തില്‍ പൊലിഞ്ഞ മിച്ചബജറ്റ് സ്വപ്നം

1976ലാണ് കെ എം മാണി ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ ഒരു ധനമന്ത്രിക്കും മിച്ചബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഖ്യാതി 2014-15ലെങ്കിലും നേടണമെന്ന സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ പൊലിഞ്ഞത്. പകരം അദ്ദേഹത്തിനു കിട്ടിയതോ, കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച ധനമന്ത്രിയെന്ന ദുഷ്കീര്‍ത്തിയും. ഇപ്പോള്‍ത്തന്നെ അതിരൂക്ഷമായ വിലക്കയറ്റം ഈ ബജറ്റോടെ എല്ലാ സീമയും ഭേദിക്കും. 2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത്, സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂകമ്മി 3406 കോടി രൂപയായി കുറഞ്ഞെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്. യഥാര്‍ഥത്തില്‍ കമ്മി ഇത്രവരില്ല എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു.

പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ഥത്തില്‍ ബജറ്റ്് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയതുപോലുള്ള വിവാദം ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷേ, 2014-15 വഴിത്തിരിവ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. മിച്ചബജറ്റുതന്നെ.

2014-15ലേക്ക് ധനമന്ത്രി അവതരിപ്പിച്ചത് 7131 കോടി റവന്യൂകമ്മിയും 14,398 കോടി ധനകമ്മിയും വരുന്ന ബജറ്റാണ്. റവന്യൂകമ്മി സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനവും ധനകമ്മി 3.1 ശതമാനവും വരും. കെ എം മാണിയുടെ മൂന്നാം ഊഴത്തിലെ ഇതുവരെയുളള അനുഭവംവച്ച് പറഞ്ഞാല്‍ കമ്മി ഇതിലൊന്നും നില്‍ക്കുകയില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം 2014-15ല്‍ റവന്യൂ കമ്മിയേ പാടില്ല. നികുതിപിരിവ് കഴിഞ്ഞ രണ്ടുവര്‍ഷത്തെപ്പോലെയാണെങ്കില്‍ കമ്മി ഇവിടെയും നില്‍ക്കുകയില്ല. 2012-13ല്‍ സംഭവിച്ചതു നോക്കൂ. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 2012-13ല്‍ 3406 കോടി രൂപ കമ്മി വരുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ നിയമസഭയില്‍ വച്ച കണക്കുപ്രകാരം കമ്മി 9351 കോടി രൂപയായി. പ്രതീക്ഷിച്ചിരുന്ന റവന്യൂവരുമാനത്തില്‍ 4132 കോടിയുടെ കുറവ്.

അതേസമയം, റവന്യൂചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13 ഡിസംബര്‍വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനേക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍, അതിനു തുനിയാതെ കമ്മി കുറച്ചുകാണിക്കാനുളള പൊള്ളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിച്ചു. 2013-14ല്‍ ഡിസംബര്‍വരെയുളള കണക്കുപ്രകാരം നികുതിവരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ധന. ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ എത്ര കിണഞ്ഞുശ്രമിച്ചാലും ഇത് 12 ശതമാനത്തിനപ്പുറം പോകുകയില്ല. കൃത്യമായി പറഞ്ഞാല്‍ ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ടുശതമാനം മാത്രമാണ് നികുതിവര്‍ധന. എങ്കിലും റവന്യൂവരുമാനം 15 ശതമാനം ഉയരുമെന്ന് ഉദാരമായ അനുമാനം ഞാന്‍ സ്വീകരിക്കുകയാണ്. എങ്കില്‍ 2013-14ലെ പുതുക്കിയ റവന്യൂവരുമാനം 50,757 കോടി രൂപയേ വരൂ. എന്നാല്‍, ധനമന്ത്രി ഇത് 54,966 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.

നികുതിവരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയരുമെന്നും കേന്ദ്രസഹായത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നുമാണ് ധനമന്ത്രിയുടെ അനുമാനം. ഇത് ശുദ്ധ അസംബന്ധമാണ്. ഡിസംബര്‍വരെയുളള കണക്ക് പരിശോധിച്ചാല്‍ റവന്യൂചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍, ബജറ്റില്‍ ധനമന്ത്രി പ്രതീക്ഷിക്കുന്ന 61,175 കോടി രൂപതന്നെ ചെലവായി ഞാനും സ്വീകരിക്കുകയാണ്. എന്റെ കണക്കുപ്രകാരം യഥാര്‍ഥ ധനകമ്മി 10,418 കോടി രൂപയാണ്. അതായത്, സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. റവന്യൂകമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാനചെലവുകള്‍ക്കായി നീക്കിവയ്ക്കേണ്ടിവരും. അതേസമയം, റവന്യൂകമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മാണചെലവുകള്‍ക്കായി നീക്കിവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷംമുതല്‍ വലിയതോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കിവരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകുകയാണ്. ഇവര്‍ക്ക് നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്‍ കുടിശ്ശിക 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യസൃഷ്ടിക്കായി കൂടുതല്‍ തുക നീക്കിവച്ചുകൊണ്ടിരുന്ന പ്രവണതയ്ക്ക് വിരാമമിടേണ്ടിവരും.

0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പ് ബജറ്റുപ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്ഷേമപെന്‍ഷന്‍പോലുളള റവന്യൂചെലവ് കുടിശ്ശികയാണ്. 1000 രൂപ മിനിമം പെന്‍ഷന്‍ വേണമെന്നതാണ് ഡിമാന്റ്. ക്ഷേമനിധികളുടെ പെന്‍ഷനുകളില്‍ വര്‍ധന പ്രഖ്യാപിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. പാര്‍പ്പിട പദ്ധതികള്‍ക്ക് അധിക പണവും നീക്കിവച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 70,000 രൂപവച്ച് അധികധനസഹായം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതുമൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. നടപ്പുവര്‍ഷംപോലെ അടുത്ത വര്‍ഷവും ഇന്ദിരാ ആവാസ് പദ്ധതിപ്രകാരമുള്ള 55,000 വീട്ടില്‍ പത്തിലൊന്നുപോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍, ബജറ്റ് കണക്കില്‍ ഇത് പ്രതിഫലിക്കുന്നില്ല. പദ്ധതിച്ചെലവ് 14,540 കോടി രൂപയായിരുന്നത് 600 കോടിയുടെ കുറവേ പ്രതീക്ഷിക്കുന്നുളളൂ.

പ്ലാനിനു പുറത്ത് ഒട്ടേറെ പുതിയ റവന്യൂചെലവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൂടി ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ് കണക്കില്‍ നല്‍കിയിട്ടുള്ള റവന്യൂചെലവിന്റെ പുതുക്കിയ കണക്ക്. അതുകൊണ്ട് പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കേണ്ടിവരും. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്. പ്ലാനില്‍ വരാന്‍പോകുന്ന വെട്ടിക്കുറവിനെ ഇതുവഴി മറയിട്ടിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ നിക്ഷേപം യുഡിഎഫ് ഭരണകാലത്ത് ചരിത്രത്തിലേറ്റവും താഴ്ന്ന നിലയിലെത്തി.

കൃഷിയും അനുബന്ധ മേഖലകളിലെയും നിക്ഷേപം 2012-13ല്‍ വാര്‍ഷിക പദ്ധതിയുടെ 17.5 ശതമാനമായിരുന്നത് 2013-14ല്‍ 16 ശതമാനമായും കുറഞ്ഞു. ഇപ്പോഴത് 17.9 ശതമാനമായി. വാചകമടി മാറ്റിവച്ചാല്‍ കാര്‍ഷികമേഖലയുടെ വിഹിതത്തില്‍ സംസ്ഥാനപ്ലാനില്‍ വര്‍ധനയില്ല. ഉല്‍പ്പാദനമേഖലകള്‍ക്ക് 30 ശതമാനം പണം വകയിരുത്തണമെന്ന നിബന്ധന നീക്കംചെയ്തതിന്റെ ഫലമായി തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതിയില്‍ അഞ്ചുശതമാനംപോലും കൃഷിക്ക് നീക്കിവയ്ക്കുന്നില്ല. അവസാനമായി അധികവിഭവ സമാഹരണത്തെക്കുറിച്ച്. 1556 കോടിയുടെ അധികഭാരം പുതിയ ബജറ്റിലൂടെ ജനങ്ങളുടെ ചുമലില്‍ വരുന്നു. ഉടുതുണിക്കുപോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്തതന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം വര്‍ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതിഭാരം കെട്ടിവച്ചത്. ഇതിന് കേരളജനതയോട് അദ്ദേഹം കണക്ക് പറയേണ്ടി വരും.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി

ജനത്തെ മറന്ന ബജറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാചകവാതക സിലിണ്ടറിന് 250 രൂപയോളം വില ആരെങ്കിലും വര്‍ധിപ്പിക്കുമോ എന്ന സംശയം ഉയര്‍ത്തിയത് രാജ്യത്തെ കോണ്‍ഗ്രസുകാരാണ്. കെ എം മാണി തന്റെ 12-ാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാരും ഇതേ ചോദ്യമാണ് ഉയര്‍ത്തുന്നത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റ് ഈ വേളയില്‍ ആരെങ്കിലും അവതരിപ്പിക്കുമോ? ലോക്സഭാ തെരെഞ്ഞടുപ്പിന് ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ മാണിയെന്ന പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരന്‍ അവതരിപ്പിച്ച ബജറ്റ് ജനപ്രിയമല്ലെന്നു മാത്രമല്ല അവരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ്. അതുകൊണ്ടാകണം നിയമസഭയില്‍ രണ്ടരമണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിനിടയില്‍ ഭരണപക്ഷ ബെഞ്ചുകളില്‍പോലും കൈയടിയും ആവേശകരമായ പ്രതികരണങ്ങളും ഇല്ലാതിരുന്നത്.

ഭരണപക്ഷ ബെഞ്ചുകളിലെ മ്ലാനമായ മുഖം ബജറ്റിന്റെ ഉള്ളടക്കത്തിലെ ജനവിരുദ്ധതയ്ക്കുള്ള സാക്ഷ്യപത്രമായി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയോര കര്‍ഷകരില്‍നിന്നുയര്‍ന്ന പ്രതിഷേധത്തെ മറികടക്കാന്‍ കാര്‍ഷികമേഖലയ്ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാണി തയ്യാറായി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 389 പദ്ധതികളില്‍ 146 എണ്ണത്തിനുമാത്രമേ ഭരണാനുമതിപോലും ലഭിച്ചുള്ളുവെന്നതിനാല്‍ ഇവയൊക്കെ കടലാസിലൊതുങ്ങാനാണ് സാധ്യത. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ പണംനല്‍കല്‍, ഇന്‍ഷുറന്‍സ്, ഹൈടെക് ഹരിതഗ്രാമങ്ങള്‍ എന്നിവയൊന്നും യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്കും ഇതേ ഗതിയാണുണ്ടാവുക. സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം വിലക്കയറ്റമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റായതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍, ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍പോലും തയ്യാറായില്ല. പ്രസംഗത്തിന്റെ 300-ാം ഖണ്ഡികയില്‍മാത്രമാണ് സപ്ലൈകോയെക്കുറിച്ചും കണ്‍സ്യൂമര്‍ഫെഡിനെക്കുറിച്ചും പരാമര്‍ശമുള്ളത്. എന്നാല്‍, ഇക്കാര്യം അപ്രധാനമാണെന്നതുകൊണ്ടുതന്നെ ആ ഭാഗം നിയമസഭയില്‍ വായിച്ചില്ല.

വിലനിയന്ത്രണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ തുടരുമെന്ന ഒഴുക്കന്‍ പ്രസ്താവന മാത്രമാണ് ബജറ്റവതരണത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണിയില്‍നിന്നുണ്ടായത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റത്തെ നിയന്ത്രിച്ച ഇടതുപക്ഷ സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി വിപണിയില്‍നിന്ന് പിന്മാറി വിലക്കയറ്റത്തെ രൂക്ഷമാക്കുകയെന്ന നവലിബറല്‍ നയംതന്നെയാണ് ഈ ബജറ്റിന്റെ അന്തഃസത്ത. ഈ നയം ജനരോഷം ഉയര്‍ത്തുമെന്നതിനാല്‍ കുറ്റം കേന്ദ്രസര്‍ക്കാരില്‍മാത്രം ചാരി രക്ഷപ്പെടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അടവും യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന മാണി നടത്തുന്നുവെന്നുമാത്രം. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ എന്ന് പറഞ്ഞ് സംസ്ഥാനത്ത് വിലനിയന്ത്രണ സംവിധാനംതന്നെ അപ്രസക്തമാക്കുന്ന അലസതയാണ് പ്രകടമായത്. പൊതുമേഖലയെ തീര്‍ത്തും അവഗണിച്ച ബജറ്റ് പരമ്പരാഗത വ്യവസായങ്ങളെയും മറന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന നികുതിനിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. കെട്ടിട നികുതി വര്‍ധിപ്പിച്ചപ്പോള്‍തന്നെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കും നികുതി വര്‍ധിപ്പിച്ചു. പാവപ്പെട്ടവന്റെ വാഹനമായ ഓട്ടോറിക്ഷകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാക്കുമെന്നുറപ്പാണ്. സ്വന്തമായി ഒരു വാഹനമെന്ന ഇടത്തരം-മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്കാണ് മാണി ഇരുട്ടടി നല്‍കിയത്. ആഡംബരത്തിന്റെ പേരില്‍ ചുമത്തിയ ഇത്തരം നികുതികളൊക്കെ സാധാരണക്കാരന്റെ ചുമലിലാണ് വീഴുക. കേന്ദ്രത്തെ വിമര്‍ശിച്ച് കൈയടി നേടുകയെന്ന തന്ത്രവും ബജറ്റിലുണ്ട്.

സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി വന്ന ധന ഉത്തരവാദിത്ത നയം പ്രായോഗികമല്ലെന്നാണ് ആമുഖ പ്രസ്താവന. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും മറ്റും തീട്ടൂരമനുസരിച്ചുള്ള ഈ നയത്തെ എതിര്‍ക്കുന്നത് നയപരമായ വിയോജിപ്പുകൊണ്ടല്ല മറിച്ച്, സാമ്പത്തിക അരാജകത്വത്തിനുള്ള ലൈസന്‍സ് ലഭിക്കാനാണെന്ന് ബജറ്റ്് പ്രസംഗത്തിലെ തുടര്‍ന്നുള്ള വസ്തുതകള്‍ വ്യക്തമാക്കുന്നു. നികുതി ശരിയായി പിരിച്ചെടുത്ത് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പകരം കടംവാങ്ങി ചെലവ് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന് വ്യക്തം. പതിനാലാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍പോലും വായ്പയാണ് കൂടുതലായും ലഭിക്കേണ്ടത,് ഗ്രാന്റല്ലെന്നു പറഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. നികുതി പിരിച്ചെടുക്കാന്‍ ശുഷ്കാന്തി കാട്ടിയിരുന്നെങ്കില്‍ 1556 കോടി രൂപയുടെ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കേണ്ടി വരുമായിരുന്നില്ല. "സര്‍ക്കാരിന്റെ കണ്ണും മനസ്സും വാക്കും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന"് ധനമന്ത്രി അവകാശപ്പെടുമ്പോഴും അവരുടെ കീശയില്‍ കൈയിട്ടു വാരുന്ന, സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

Saturday, January 25, 2014

ജനദ്രോഹത്തിന്റെ മാനിഫെസ്റ്റോ

ലോക്സഭാതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ജനപ്രിയപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അമിതോത്സാഹം കാട്ടിയിട്ടും ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ ഒന്നും നല്‍കുന്നതല്ല ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. വിലക്കയറ്റം സങ്കല്‍പ്പാതീതമാംവിധം മൂര്‍ച്ഛിപ്പിക്കുന്നതും ജനജീവിതം കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമാണത്. ജനങ്ങളില്‍നിന്ന് 1556.35 കോടി രൂപ അധികമായി പിടിച്ചെടുക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. 7131.69 കോടി രൂപയുടെ റവന്യൂകമ്മിയും 14388 കോടി ധനകമ്മിയും ധനമന്ത്രി രേഖപ്പെടുത്തുന്നു. പാവപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍നിന്നുപോലും 25 കോടി രൂപ കൈക്കലാക്കാനുള്ള നിര്‍ദേശം ബജറ്റിന്റെ ജനവിരുദ്ധസമീപനത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. പുതിയ ഓട്ടോറിക്ഷകള്‍ക്കുള്ള ലംപ്സം ടാക്സ് പഴയവയ്ക്കുകൂടി ബാധകമാക്കിയാണ് ഈ കൊള്ള.

തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞവര്‍ഷം 186 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയത്. പ്രത്യേക സഹായമായി 100 കോടിയും നല്‍കി. അന്ന് ആ തുക കുറഞ്ഞുപോയി എന്ന ആക്ഷേപമാണ് ശക്തമായി ഉയര്‍ന്നത്. എന്നാല്‍, ഇത്തവണ കെഎസ്ആര്‍ടിസിക്ക് ആകെ വകയിരുത്തിയത് 150 കോടി രൂപ. ഇത് പൊതുമേഖലയെ പടിപടിയായി തകര്‍ക്കുക, സേവനമേഖലയില്‍നിന്ന് പിന്മാറുക എന്ന നയത്തിന്റെ ഭാഗമാണ്. ഇതുതന്നെയാണ് ഈ ബജറ്റിന്റെ പൊതുസമീപനവും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ പരിപാടികളില്ല. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശേഷിയുമില്ല. നികുതിപിരിവ് സംവിധാനം തകരാറിലാണ്. എല്‍ഡിഎഫ് ഭരിച്ച കാലത്ത് നികുതിസമാഹരണം കുറ്റമറ്റതാക്കുന്നതില്‍ വലിയ തോതില്‍ മുന്നേറ്റമുണ്ടാക്കിയതാണ്. ആ രംഗത്ത് കടുത്ത അനാസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ധനമന്ത്രി ബജറ്റില്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തിനുള്ള നികുതിവിഹിതം 32ല്‍നിന്ന് 50 ശതമാനമാക്കണമെന്നും സൂചകങ്ങളില്‍ മാറ്റംവരുത്തണമെന്നും 14-ാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടതാണ്. തനതുനികുതി വരുമാനസമാഹരണത്തിലെ വീഴ്ചയും കേന്ദ്രത്തിന്റെ നിസ്സഹകരണവുമാണ് റവന്യൂവരുമാനത്തില്‍ കുറവുണ്ടാക്കുന്നത്. അതുകൊണ്ടാണ് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശേഷിയില്ലാതാകുന്നത്. 2013-14ലെ ബജറ്റില്‍ സപ്ലൈകോയ്ക്ക് 100 കോടിയാണ് നീക്കിവച്ചത്. ഇത്തവണ സപ്ലൈകോയുടെ വിഹിതം 65 കോടിമാത്രമാണ്. കണ്‍സ്യൂമര്‍ഫെഡിന് 11 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടുംചേര്‍ത്ത് 76 കോടി. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 24 കോടി രൂപയുടെ കുറവ്. വിലക്കയറ്റം എക്കാലത്തെയും റെക്കോഡ് ഭേദിക്കുന്ന ഘട്ടത്തിലാണ് ഈ വെട്ടിക്കുറവെന്നത് ഫലത്തില്‍ വിപണിയിലേക്ക് സര്‍ക്കാര്‍ നോക്കുന്നതേയില്ല എന്ന നിലയാണുണ്ടാക്കുന്നത്.

കാര്‍ഷികമേഖലയില്‍ ചില ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ച് കൈയടി നേടാന്‍ ശ്രമിച്ച ധനമന്ത്രി കൃഷിയുടെ സമഗ്രമായ വികസനത്തെയും നിലനില്‍പ്പിനെയുംകുറിച്ച് മൗനംപാലിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ കണക്കെടുത്താല്‍ കേരളത്തില്‍ നെല്‍കൃഷിചെയ്യുന്ന ഭൂമിയുടെ അളവില്‍മാത്രം 11,000 ഹെക്ടറിന്റെ കുറവാണുണ്ടായത്. കൃഷിഭൂമി ചുരുങ്ങിച്ചുരുങ്ങിവരുമ്പോള്‍ അത് തടയാന്‍ മാര്‍ഗങ്ങള്‍ ആരായാതെ എങ്ങനെ കാര്‍ഷികാഭിവൃദ്ധി സാധ്യമാകും? ക്ഷേമപെന്‍ഷനുകളില്‍ നാമമാത്രമായ വര്‍ധനവരുത്തിയതിലും സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയില്ല. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് ആനുപാതികമായ വര്‍ധന ഒന്നിലുമില്ല. മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തോട് മാണി പുറംതിരിഞ്ഞ് നില്‍ക്കുന്നു.

ദീര്‍ഘകാലവികസനത്തിന് അടിത്തറപാകുന്നതും അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതുമായ ദ്വിമുഖ സമീപനമാണ് ഏതു ബജറ്റിലും ഉണ്ടാകേണ്ടത്. ഇവിടെ ആ രണ്ടു രംഗത്തും ഗൗരവമായ നിര്‍ദേശങ്ങളോ ശ്രദ്ധയോ ഇല്ല. കേരളം ഇന്നു നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനുള്ള സമീപനമാണ് ഈ ബജറ്റിന്റേത് എന്നു പറഞ്ഞത് അതിശയോക്തിയാകില്ല. പാര്‍പ്പിടപദ്ധതികളടക്കം സ്തംഭിക്കുകയാണ്. ചലനമറ്റുകിടക്കുന്ന നിര്‍മാണമേഖലയ്ക്ക് വീണ്ടും പ്രഹരമേല്‍ക്കുകയാണ്. വിപണിയില്‍ ഇടപെടാനോ പൊതുവിതരണം ശക്തിപ്പെടുത്താനോ തയ്യാറാകാത്ത സര്‍ക്കാര്‍, വിപണിയിലെ വിലക്കയറ്റം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള പുത്തന്‍ നികുതികള്‍കൂടി ചുമത്തുമ്പോള്‍ ജനജീവിതത്തില്‍ അതുണ്ടാക്കുന്ന ആഘാതം വിവരണാതീതമാകും. സംസ്ഥാനത്ത് ഇരുപത്തഞ്ച് ലക്ഷത്തോളം കുടുംബങ്ങളുടെ ആശ്രയമായ പരമ്പരാഗതവ്യവസായത്തോട് ബജറ്റ് പരിപൂര്‍ണ അവഗണനയാണ് കാണിക്കുന്നത്.

പൊതുമേഖലാവ്യവസായങ്ങളോടും അതേ സമീപനംതന്നെ. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സമഗ്രനിര്‍ദേശങ്ങളില്ല. സിമ്പോസിയവും സെമിനാറും നടത്തി തൊഴിലില്ലായ്മ പരിഹരിക്കാമെന്ന മിഥ്യാബോധമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ പല കണക്കുകളും വസ്തുതയുമായി ബന്ധമില്ലാത്തതാണെന്നും പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ധനമന്ത്രി അവതരിപ്പിച്ചതല്ല യഥാര്‍ഥ കമ്മി. ജനപ്രിയപ്രഖ്യാപനങ്ങള്‍ ഒട്ടുമിക്കതും പ്രായോഗികമാക്കാന്‍ കഴിയുന്നതുമല്ല. നവലിബറല്‍ നയങ്ങളെ വാരിപ്പുണരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പതിവ് അഭ്യാസമെന്നോര്‍ത്ത് അവഗണിക്കാനാകാത്ത വിധം ദ്രോഹനടപടികള്‍ ഈ ബജറ്റ് അടിച്ചേല്‍പ്പിക്കുന്നുണ്ട്. ഓട്ടോ ടാക്സി പണിമുടക്കായും തൊഴിലാളി സംഘടനകളുടെ പ്രതിഷേധമായും ഉയരുന്ന ശബ്ദം ഈ ബജറ്റിന്റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതാണ്. വരുംനാളുകളില്‍ ആ പ്രതിഷേധം ആളിപ്പടരുകതന്നെ ചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം

Friday, January 24, 2014

കോര്‍പറേറ്റുകള്‍ക്ക് പച്ചപ്പരവതാനി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസം കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അണിയറനീക്കങ്ങള്‍ മറനീക്കി പുറത്തുവരികയാണ്. എണ്ണായിരത്തോളം മികവുള്ള വിദ്യാലയങ്ങളും അവിടെയുള്ള 39 ലക്ഷത്തോളം വിദ്യാര്‍ഥികളും ഇവരുടെ കടന്നുവരവിന് തടസ്സമായി ഇപ്പോഴും നില്‍ക്കുന്നു. പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയും അക്കാദമിക രംഗത്തെ മികവുകള്‍ തകര്‍ത്തും പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹത്തിനുള്ള വിശ്വാസ്യത ഇല്ലാതാക്കിമാത്രമേ തങ്ങളുടെ ലക്ഷ്യം സാധ്യമാകൂ എന്ന തിരിച്ചറിവാണ് പാഠ്യപദ്ധതിയെ (കെസിഎഫ്-2007) മരവിപ്പിച്ച് ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളെപ്പോലും അത്യന്തം പ്രതിലോമകരമാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കോര്‍പറേറ്റ് സ്കൂളുകളെ പച്ചപ്പരവതാനി വിരിച്ച് സ്വാഗതംചെയ്തിട്ടും, സ്കൂളുകള്‍ ആരംഭിക്കുന്ന പരസ്യം നല്‍കിയിട്ടും കേരളീയമനസ്സ് അവരുടെ വരവിനെ സഹര്‍ഷം സ്വാഗതംചെയ്യാതിരിക്കുന്നത് യുഡിഎഫ് വൃത്തങ്ങളെ തെല്ലൊന്നുമല്ല അലട്ടുന്നത്.

പൊതുവിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന വെളിച്ചം തല്ലിക്കെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റൊരു കാരണവും കാണുന്നില്ല. അക്കാദമിക മികവുകളുടെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കേണ്ട എസ്സിഇആര്‍ടി, പ്രോജക്ടുകളായ എസ്എസ്എ, ഐടി@സ്കൂള്‍ എന്നീ സ്ഥാപനങ്ങളെ നാഥനില്ലാക്കളരിയാക്കുകയും കഴിവുള്ളവരെ മുഴുവന്‍ തിരിച്ചയച്ച്് അക്കാദമിക രംഗത്തെക്കുറിച്ച് ധാരണയില്ലാത്തവരുടെ സ്ഥലംമാറ്റത്തിനുള്ള താവളമാക്കുകയും ചെയ്തു. മികവും യോഗ്യതയും അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനവുംകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്ത ഡയറ്റ് ലക്ചറര്‍മാരെയും സ്ഥാപനങ്ങളെത്തന്നെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ബോധപൂര്‍വംതന്നെയാണ്. അല്ലെങ്കില്‍ 43 പേരെ പിരിച്ചുവിടാനുള്ള ഭ്രാന്തന്‍ നടപടി ഇവര്‍ സ്വീകരിക്കുമായിരുന്നോ? കഴിവുള്ള ഡയറക്ടറെ പിരിച്ചുവിട്ട് പ്രോജക്ടിന്റെ പ്രത്യേകകള്‍ നഷ്ടപ്പെടുത്തിയ ഐടി@സ്കൂളും എസ്എസ്എയും യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യമാണ് വിളംബരം ചെയ്യുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രതിഭകളില്ല എന്നും രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമുള്ളതും മികവിന്റെ കേന്ദ്രങ്ങളുമായ സിബിഎസ്ഇ സ്കൂളുകളെ നിബന്ധനകള്‍ ഏര്‍പ്പെടുത്തി തടയുന്ന നടപടി ശരിയല്ലെന്നും വിധിച്ച ജഡ്ജിയെത്തന്നെ പുതിയ ശമ്പളക്കമീഷന്റെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചതും യാദൃച്ഛികമല്ല. 25 ശതമാനം കുട്ടികളുടെ പഠനച്ചെലവ് (കുട്ടിയൊന്നിന് പ്രതിമാസം 500 മുതല്‍ 1000 വരെ) സര്‍ക്കാര്‍ വഹിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തുന്ന വാഹനജാഥയും സിബിഎസ്ഇ മാനേജര്‍മാരുടെ സമ്മേളനവും കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനംചെയ്തത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിബിഎസ്ഇ സ്കൂളുകളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയും സോണല്‍ ഓഫീസിനുപകരം കേരളത്തിന് സ്വന്തമായി സിബിഎസ്ഇ കേന്ദ്രംതന്നെ തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചതും പൊതുവിദ്യാലയങ്ങളുടെ മരണമണി മുഴുങ്ങുന്നതിന് ആക്കം കൂട്ടാനാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബോംബെയില്‍ ഉള്‍പ്പെടെ മൂന്നു സ്ഥലത്താണ് അധ്യാപകരുടെ പരിശീലനകേന്ദ്രങ്ങള്‍ നിലവിലുള്ളത്. കൊച്ചിയിലും സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകരുടെ പരിശീലനകേന്ദ്രം (ഇന്‍സര്‍വീസ് കോഴ്സ്) ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് മന്ത്രി ശശിതരൂര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ ഭാരിച്ച വിദ്യാഭ്യാസച്ചെലവാണ്. അവിടെയുള്ള പബ്ലിക് സ്കൂളുകളില്‍ അധികവും വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. ഒന്നാംതരം പ്രവേശനത്തിനുപോലും ലക്ഷങ്ങള്‍ കൊടുക്കേണ്ടിവരുന്നതും പതിനായിരവും പതിനയ്യായിരവും വരെ പ്രതിമാസഫീസ് നല്‍കേണ്ടിവരുന്നതും എത്ര ഭയാനകമാണ്. പകരം പൊതുവിദ്യാലയങ്ങളില്ലാത്തതിനാല്‍ മറ്റൊരു പോംവഴിയുമില്ലാത്ത ദുഃസ്ഥിതിയിലാണ് അവിടെയുള്ള ഇടത്തരക്കാര്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇല്ലാതായാല്‍ ഇതുതന്നെയാകും, ഒരുപക്ഷേ ഇതിനപ്പുറമായിരിക്കും കേരളത്തിലെ അവസ്ഥ. കുട്ടികളുടെ വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടാന്‍ എന്തും കടപ്പെടുത്താനും എന്തു വിലകൊടുക്കാനും തയ്യാറാകുന്നവരാണ് മലയാളികള്‍. ഇതു തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ യുഡിഎഫ് സര്‍ക്കാരിനോട് തങ്ങള്‍ക്കനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് വേഗം കൂട്ടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി പൊതുവിദ്യാഭ്യാസ സംവിധാനത്തെതന്നെ ദുര്‍ബലപ്പെടുത്തുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിമുതല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍വരെയുള്ള, നൂറുകണക്കിന് സ്ഥാനങ്ങള്‍ നാഥനില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. വസ്ത്രധാരണത്തില്‍പോലും വിവേചനം പാടില്ല എന്ന ചിന്തയില്‍നിന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നടപ്പാക്കാനുള്ള തീരുമാനം ഉണ്ടായത്. ഓരോ സ്കൂളും തനത് വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തിയാണ് യൂണിഫോം നടപ്പാക്കിയത്. എത്ര പെട്ടെന്നാണ് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിച്ച് കേന്ദ്രീകൃതമായ 11 പാറ്റേണുകളിലേക്ക് പന്ത്രണ്ടായിരത്തോളം സ്കൂളുകളിലെ കുട്ടികളും യൂണിഫോം മാറ്റണം എന്ന് അക്കാദമികവര്‍ഷം തീരാറായപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഫത്ലാല്‍ ഉള്‍പ്പെടെയുള്ള ഏഴ് കുത്തക തുണിക്കമ്പനികള്‍ക്കുവേണ്ടി തീരുമാനമെടുത്തതിന്റെ പിന്നില്‍ കോര്‍പറേറ്റ് താല്‍പ്പര്യമല്ലാതെ മറ്റെന്താണുള്ളത്. എല്ലാ അംഗീകൃത അധ്യാപകസംഘടനകളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും പിടിവാശിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സ്കൂളുകളിലെ ബിപിഎല്‍, എസ്സി- എസ്ടി കുട്ടികളും എല്ലാ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളും വേറിട്ട വസ്ത്രം ധരിക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് മന്ത്രി. യൂണിഫോം നടപ്പാക്കിയതിന്റെ എല്ലാ നന്മകളും ഇതിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചു. കമ്പനികളില്‍നിന്ന് കോടികള്‍ കമീഷന്‍ വാങ്ങിയെന്ന വസ്തുത പുറത്തായിട്ടും ഉളുപ്പില്ലാതെ ജനങ്ങളെ അഭിമുഖീകരിക്കുന്നവരായി ഭരണക്കാര്‍ മാറി. കേരളത്തിന് എക്കാലത്തും അഭിമാനിക്കാന്‍ വക നല്‍കി റാഞ്ചിയില്‍ സ്വര്‍ണം വാരിക്കൂട്ടിയ കായികപ്രതിഭകള്‍ക്ക് യാത്രാസൗകര്യംപോലും തരപ്പെടുത്താത്ത വിദ്യാഭ്യാസവകുപ്പും ഇതറിഞ്ഞിട്ടും പ്രതികരിക്കാത്ത മന്ത്രിയും നാടിനുണ്ടാക്കിയ നാണക്കേട് എത്രവലുതാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ആരുമില്ലെന്നു വരുത്തുകയും സംവിധാനങ്ങളെത്തന്നെ ദുര്‍ബലപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ മേഖലയിലും കോര്‍പറേറ്റുവല്‍ക്കരണം അതിവേഗത്തിലാക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. ഹയര്‍സെക്കന്‍ഡറി നിലവില്‍ വന്നതോടെ എസ്എസ്എല്‍സി പാസാകുന്ന മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ കഴിയുന്ന സ്ഥിതിവന്നു. അതിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാനുള്ള വഴികളാണ് പുതിയ സ്വയംഭരണ കേന്ദ്രങ്ങളുടെ പ്രഖ്യാപനത്തിലൂടെയും റൂസ യിലൂടെയും സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പഠിക്കാനുള്ള കുട്ടികളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ എടുത്തുകളഞ്ഞു. സാമൂഹ്യനീതിയിലധിഷ്ഠിതമായ പ്രവേശന നടപടികളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇല്ലാതാക്കും. സ്വാശ്രയ കേന്ദ്രങ്ങള്‍ക്കും സ്വയംഭരണപദവി നല്‍കുന്നതിന്റെ ലക്ഷ്യം ഇതുതന്നെയാണ്. തുടക്കത്തില്‍ സര്‍വകലാശാലകളുടെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുക, തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ സാമൂഹ്യ നിയന്ത്രണങ്ങളില്‍നിന്ന് മാനേജ്മെന്റുകളെ മോചിപ്പിക്കുക, ഇതിലൂടെ സര്‍വകലാശാലകളും സ്ഥാപനങ്ങളും നടത്താന്‍ കോര്‍പറേറ്റുകള്‍ക്ക് കളമൊരുക്കുക. ചുരുക്കത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ ഓരോന്നായി ഈ സര്‍ക്കാര്‍ എടുത്തുകളയുകയാണ്. വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും കോര്‍പറേറ്റ് വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് വിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികളും. ഒരിക്കലും കേരളത്തില്‍ ഇതനുവദിച്ചുകൂടാ.

*
Deshabhimani

സാമ്പത്തികരംഗം സമ്പൂര്‍ണ തകര്‍ച്ചയില്‍

അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് മുതലക്കൂപ്പുകുത്തുകയാണ് കേരളം എന്നതിന്റെ ധവളപത്രമാണ് ധനമന്ത്രി കെ എം മാണി ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനരേഖ. ഒപ്പം ജനജീവിതം ദുസ്സഹമാകുന്നതിന്റെ സാക്ഷ്യപത്രംകൂടിയാകുന്നുണ്ട് ബജറ്റിനുമുന്നോടിയായി വന്ന പോയവര്‍ഷത്തെ ഈ സാമ്പത്തികരംഗാവലോകനരേഖ. 2011-12, 2012-13 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരുന്ന ധനവിനിയോഗ ഏകീകരണലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കില്ല എന്ന് ഏറ്റുപറയുന്ന രേഖ, റവന്യൂകമ്മി 2008-09ല്‍ 3711.67 കോടിയായിരുന്നത് 2012-13ല്‍ 9351 കോടിയായി ഉയര്‍ന്നു എന്ന് വ്യക്തമാക്കുമ്പോള്‍ കേരളം എത്തിയിരിക്കുന്ന സാമ്പത്തികതലം ഏത് എന്നത് നമുക്ക് ഊഹിക്കാം.

ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്കുയര്‍ന്നു. കേരള ധന ഉത്തരവാദിത്ത ഭേദഗതിചട്ടം (2011) പ്രകാരം കടബാധ്യതാ ലക്ഷ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ പരിമിതപ്പെടുത്താനോ കമ്മി ലക്ഷ്യം നേടാനോ കഴിഞ്ഞില്ല എന്നത് സര്‍വേയില്‍നിന്നു വ്യക്തമാകുന്നുണ്ട്. തനത് നികുതി- നികുതിയിതര വരുമാനം, കേന്ദ്രവിഹിതം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നിവ ഉള്‍പ്പെട്ടതാണ് റവന്യൂവരുമാനം. 2011-12ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.06 ശതമാനമായിരുന്ന ഈ വരുമാനം 2013-14ല്‍ 12.15 ശതമാനംമാത്രം. അതിരൂക്ഷമായ ഈ വര്‍ധന പണപ്പെരുപ്പത്തിന്റെ ഭീതിദമായ പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് അധോഗതിയെത്തന്നെയാണ്. ഈ വീഴ്ചയ്ക്ക് വഴിവച്ച പ്രധാനഘടകം കേന്ദ്രവിഹിത കൈമാറ്റത്തിലുണ്ടായ കുത്തനെയുള്ള കുറവാണ്. കേന്ദ്രത്തെ വാഴ്ത്തിപ്പാടികൊണ്ടിരുന്ന് സംസ്ഥാനഭരണം അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുത്തി എന്നര്‍ഥം. എട്ടു മന്ത്രിമാര്‍ കേന്ദ്രത്തില്‍ കേരളത്തിന്റേതായുണ്ട് എന്നും കേരളവും കേന്ദ്രവും ഒരേ പാര്‍ടി ഭരിക്കുന്നതുകൊണ്ട് വലിയ ഗുണമുണ്ട് എന്നും ഒക്കെ വീമ്പടിച്ചിരുന്നത് വെറും ഭോഷ്കായിരുന്നു എന്നര്‍ഥം. നികുതിവരുമാന കാര്യത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന് ഏറ്റുപറഞ്ഞ് പിന്‍വാങ്ങിനില്‍ക്കാനേ ഈ ഘട്ടത്തില്‍ ധനമന്ത്രിക്ക് കഴിയുന്നുള്ളൂ. വല്ലാത്ത നിസ്സഹായതയാണ് അദ്ദേഹത്തിന്റേത്. കേരളത്തെ പാപ്പരീകരിക്കുന്നത് കേന്ദ്രമാണ് എന്ന് കേരളത്തോട് തുറന്നുപറയാന്‍ അദ്ദേഹം മടിക്കേണ്ടതില്ല. അദ്ദേഹം പറയുന്നില്ലെങ്കിലും സാമ്പത്തിക അവലോകനരേഖ ഇക്കാര്യം ഉറക്കെത്തന്നെ ജനങ്ങളോട് വിളിച്ചുപറയുന്നുണ്ട്. റവന്യൂ വരുമാനത്തിന്റെ ചടുലമായ വളര്‍ച്ച മൊത്തമുള്ള ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചയുടെ സൂചകമാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ തകര്‍ച്ചയെ എങ്ങനെ വേണം കാണാന്‍ എന്നത് മന്ത്രി വിശദീകരിക്കണം. റവന്യൂവരുമാനത്തിലെ കേന്ദ്രവിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നതാണ് 22.34 ശതമാനത്തിലേക്ക് ഇടിഞ്ഞത്്. കേന്ദ്ര നികുതി വിഹിതത്തിന്റെ വളര്‍ച്ചാനിരക്ക് 16.50 ശതമാനത്തില്‍നിന്ന് 14.19 ശതമാനമായി താണു. ഗ്രാന്റ് ഇന്‍ എയ്ഡും ഈ ഘട്ടത്തില്‍ ഇടിഞ്ഞു. 2011-12ല്‍ 68.86 ശതമാനമായിരുന്നത് 2012-13ല്‍ 18.54 ശതമാനമായി. സംസ്ഥാനത്തിന്റെ കടഭാരം ഉല്‍ക്കണ്ഠപ്പെടുത്തുന്ന തോതിലായിരിക്കുന്നു. 2008-09ല്‍ 63,270 കോടിയായിരുന്ന കടഭാരം ഇപ്പോള്‍ 1,03,560.84 കോടി ആയി. 2010-11ല്‍ 78,673 കോടിയായിരുന്നത് 2011-12ല്‍ 89,418 കോടിയായി. നിയന്ത്രണരഹിതമായി കടഭാരം കുത്തനെ വര്‍ധിക്കുകയാണെന്നര്‍ഥം. വായ്പകളുടെ 80 ശതമാനത്തിലേറെ കടങ്ങളുടെയും പലിശകളുടെയും തിരിച്ചടവിലേക്കാണ് പോകുന്നത് എന്നാണ് സര്‍വേയില്‍ കാണുന്നത്. കടമെടുത്ത് കടത്തിന്റെ പലിശയടയ്ക്കുന്ന പരിപാടി. ഇത് കേരളത്തെ എവിടെ കൊണ്ടെത്തിക്കും? റവന്യൂകമ്മിയിലെ വര്‍ധന മൂലധനച്ചെലവിനുള്ള സാധ്യത ഇല്ലാതാക്കുന്നതായി സര്‍വേയില്‍ കാണുന്നു. മൂലധനച്ചെലവ് വര്‍ധിക്കുന്നില്ലെങ്കില്‍ വികസനമുരടിപ്പ് ഉണ്ടാകുന്നു എന്നാണര്‍ഥം. വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന വാചകമടിയുടെ പൊള്ളത്തരമാണ് സത്യത്തില്‍ ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ധനകമീഷന്‍ അവാര്‍ഡില്‍ കേരളത്തിന് വന്‍ കുറവാണുണ്ടാകുന്നത് എന്നത് കേരളത്തിന്റെ സവിശേഷപ്രശ്നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തി അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കുന്നതില്‍ യുഡിഎഫ് ഭരണത്തിനുവന്ന വീഴ്ചയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ വീഴ്ചയ്ക്ക് ഉത്തരം പറയാനുള്ള ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. പതിനാലാം ധനകമീഷന്റെ അവാര്‍ഡിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല എന്ന നിലയാണുള്ളത്. അടുത്തിടെ കേരളം സന്ദര്‍ശിച്ച ധനകമീഷന്‍ ഇക്കാര്യം വരികള്‍ക്കിടയിലൂടെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ അന്ധകാരാവൃതമാണ് കേരളത്തിന്റെ സാമ്പത്തികഭാവി എന്ന് വേദനയോടെ സ്ഥിരീകരിക്കാം. കമീഷന്‍ കേരളത്തില്‍ വന്നപ്പോള്‍ കേരളഭരണക്കാരുടെ മുന്‍ഗണന സരിത- ബിജു- സലിംരാജ് കേസുകള്‍ ഒതുക്കിത്തീര്‍ക്കലിലായിരുന്നു. മര്യാദയ്ക്ക് ഒരുനിവേദനം തയ്യാറാക്കിക്കൊടുക്കാന്‍പോലും കേരളത്തിലെ മന്ത്രിസഭയ്ക്ക് സമയമുണ്ടായില്ല. അതിന്റെ തിക്തഫലം ഇനി അനുഭവിക്കാനിരിക്കുന്നു. മൊത്തം ദേശീയവരുമാനത്തിലെ കൃഷിവിഹിതം 1980-81ല്‍ 36.99 ശതമാനമായിരുന്നത് ഇപ്പോള്‍ 8.95 ശതമാനമായിരിക്കുന്നു എന്നതില്‍നിന്ന് കൃഷിരംഗത്തെ തകര്‍ച്ചയുടെ ചിത്രം വ്യക്തമാകുന്നുണ്ട്.

വ്യവസായരംഗത്തെ ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 2011-12 ഘട്ടത്തില്‍ 15.4 ശതമാനമായിരുന്നത് 2012-13ല്‍ 12.4 ശതമാനമായി ഇടിഞ്ഞു എന്നതില്‍നിന്ന് യുഡിഎഫ് കൊണ്ടുവന്ന "വ്യവസായവികസന"ത്തിന്റെ യഥാര്‍ഥ ചിത്രവും വ്യക്തമാകുന്നു. ജനജീവിതത്തിന്റെ നിലയോ? ഉപഭോക്തൃ വിലസൂചിക 2008ല്‍ 151 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 238 പോയിന്റില്‍ എത്തിനില്‍ക്കുന്നു. 2011ല്‍ 196 ആയിരുന്നത് 2012ല്‍ 211 ആയി ഉയര്‍ന്നു. കുത്തനെയുള്ള വിലക്കയറ്റം. ഇങ്ങനെ ഓരോന്നുമെടുത്തുനോക്കിയാല്‍ പ്രത്യാശയുടെ ഒരു കിരണംപോലും കാണാനില്ല എന്നുവരുന്നു. തകര്‍ച്ചയുടെ ഈ ചിത്രം രചിക്കലായിരുന്നു രണ്ടുവര്‍ഷമായി ഇവിടെ യുഡിഎഫ് ഭരണം ചെയ്തുകൊണ്ടിരുന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം!

*
Deshabhimani Editorial

Thursday, January 23, 2014

തകര്‍ന്നത് ഭരണകൂട ഗൂഢാലോചന

എഴുപത്താറു പേരെ പ്രതിചേര്‍ത്ത് തുടങ്ങിയ കേസ് പന്ത്രണ്ടുപേര്‍ക്ക് ശിക്ഷ വിധിക്കുന്നതിലാണ് അവസാനിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വന്ന വിധി, സിപിഐ എം എന്ന പ്രസ്ഥാനത്തിന് ചരമക്കുറിപ്പെഴുതാന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെ നൈരാശ്യത്തിലാഴ്ത്തുന്നതാണ്. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകവുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ 2012 മെയ് നാലുമുതല്‍ ഈ നിമിഷംവരെ നടത്തിയ ശ്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണ് എന്ന് പറയാതെവയ്യ. ഭരണകൂടത്തിന്റെ സകല സാധ്യതകളും അതിനായി ദുരുപയോഗിക്കപ്പെട്ടു. വലതുപക്ഷ മാധ്യമങ്ങള്‍ സ്വയം പടയണി തീര്‍ത്ത് സിപിഐ എം വേട്ടയ്ക്കിറങ്ങി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ബുധനാഴ്ച കാലത്ത് വിധി പറഞ്ഞപ്പോഴും മാധ്യമങ്ങള്‍ ആ ശ്രമത്തില്‍നിന്ന് പിന്മാറിയില്ല. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ "കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി" എന്ന തെറ്റായ വാര്‍ത്തയാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹനന്‍ കുറ്റക്കാരനായാല്‍ സിപിഐ എമ്മും കുറ്റംചെയ്തു എന്ന സിദ്ധാന്തവും നിമിഷവേഗത്തില്‍ വന്നു. എന്നാല്‍, വിധിയുടെ ആദ്യഭാഗത്തുതന്നെ, പി മോഹനനെയും സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും ജ്യോതിബാബു എന്ന പ്രവര്‍ത്തകനെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കുന്നു എന്നാണുള്ളത്. അതു പുറത്തുവന്നതോടെയാണ്, സിപിഐ എമ്മിനെ കടന്നാക്രമിക്കാനുള്ള ആയുധം വീണുകിട്ടിയെന്ന അമിതാഹ്ലാദത്തോടെ കച്ചമുറുക്കി പ്രകടനം തുടങ്ങിയ മാധ്യമങ്ങളുടെ മുഖം മ്ലാനമായത്.

ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലെ "ഗൂഢാലോചന"യും അതില്‍ പി മോഹനനും കെ കെ കൃഷ്ണനുമടക്കം "പങ്കെടുത്തു" എന്നതുമായിരുന്നു കൊലപാതകത്തെ സിപിഐ എമ്മിനുമേല്‍ വച്ചുകെട്ടാന്‍ പൊലീസ് സൃഷ്ടിച്ച ആക്ഷേപം. അത്തരമൊരു ഗൂഢാലോചനയുമില്ല, അതിലെ പങ്കാളിത്തവുമില്ല. കേസന്വേഷണം പുരോഗമിച്ച ഘട്ടത്തില്‍ പൊലീസ് തലവന്‍ പരസ്യമായി പ്രതികരിച്ചത്, അത് രാഷ്ട്രീയ കൊലപാതകമല്ല എന്നാണ്. അന്ന്, അതില്‍ രാഷ്ട്രീയം കൊണ്ടുവരാനും സിപിഐ എം നേതാക്കളെ വേട്ടയാടാനും ലജ്ജയില്ലാതെ മുന്നില്‍നിന്നത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവരുടെ സേവകരായ മാധ്യമങ്ങളുമാണ്. അന്വേഷണഘട്ടത്തിലും വിചാരണാവേളയിലും എന്തിന്, വിധി പറയാനിരിക്കെയും സങ്കല്‍പ്പ കഥകളവതരിപ്പിക്കാനും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനും മത്സരബുദ്ധിയോടെയുള്ള ഇടപെടലാണുണ്ടായത്. പാര്‍ടി ഓഫീസില്‍ ഗൂഢാലോചന നടന്നു എന്ന കഥ സൃഷ്ടിച്ചു. പി മോഹനനെ അദ്ദേഹത്തിന്റെ പത്നി കണ്ടതുപോലും മഹാപരാധമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കി. അത്തരം അഭ്യാസങ്ങളെയാകെ വൃഥാവിലാക്കിയാണ്, സിപിഐ എമ്മിന് ഈ കൊലപാതകവുമായി ഒരു ബന്ധവുമില്ല എന്ന് അസന്ദിഗ്ധമായി തെളിയിക്കുന്ന വിധി വന്നിരിക്കുന്നത്.

കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത രണ്ടുപേരെ പിടികൂടിയിട്ടില്ല. വേറെ രണ്ടുപേരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനു മുമ്പുതന്നെ തെളിവില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. കേസ് ഏതുവിധേനയും സിപിഐ എമ്മിനുമേല്‍ ചാരാനാണ്, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തത്. അവരുടെ വിചാരണ ഹൈക്കോടതി സ്റ്റേചെയ്തു. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പേരെ പിന്നീട് വെറുതെ വിട്ടു. അതില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടുന്നു. അതിനും പുറമെയാണ് ഇപ്പോള്‍ അവശേഷിച്ച മുപ്പത്താറില്‍ പന്ത്രണ്ടുപേരെമാത്രം കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇതിനര്‍ഥം അറുപത്തിനാലുപേര്‍ക്കെതിരെ ചുമത്തിയ കുറ്റം തെറ്റായിരുന്നു എന്നാണ്; നേര്‍വഴിക്കല്ലാതെ, നിയമപരമായല്ലാതെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടിക്കെതിരെ ഉപയോഗിക്കാന്‍ ഈ കൊലക്കേസിനെ ആയുധമാക്കി എന്നാണ്. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുവേണ്ടി മേല്‍ക്കോടതികളെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് നടത്തിപ്പിലെ ഭരണകക്ഷി രാഷ്ട്രീയ താല്‍പ്പര്യം, വിധിയോട് പ്രതികരിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാഷ്ട്രീയ പ്രസംഗത്തിലുള്‍പ്പെടെ തെളിഞ്ഞുനിന്നു എന്നതും വിസ്മരിക്കാനാവില്ല. ഒരു കുറ്റകൃത്യമുണ്ടായാല്‍, നെരേ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയ പകയുടെ വൃത്തികെട്ട വഴിയിലൂടെ സഞ്ചരിച്ചാല്‍ അനുഭവം എന്താകുമെന്ന് വലതുപക്ഷ ശക്തികളെയാകെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി. പൊലീസ് കെട്ടിച്ചമച്ച ചില തെളിവുകളും സാക്ഷിമൊഴികളുമെങ്കിലും പ്രതികള്‍ക്കെതിരെ ഉപയോഗിക്കാനായി എന്നാണ് പ്രോസിക്യൂട്ടറുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. തന്നെക്കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടീക്കാന്‍ പൊലീസ് ശ്രമിച്ചു എന്നും ഭാര്യയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയെന്നും പി മോഹനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ പ്രധാന നേതാവിനോട് ഇതായിരുന്നു സമീപനമെങ്കില്‍ മറ്റു പ്രതികളെയും സാക്ഷികളെയും എങ്ങനെയെല്ലാം പൊലീസ് കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന ഭീകരതയാണ് ഈ കേസിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ പ്രയോഗിച്ചത്. അത്തരം നീചകൃത്യങ്ങള്‍ക്ക് ഏതാനും മാധ്യമങ്ങള്‍ മറപിടിക്കുകയും സഹായം നല്‍കുകയുംചെയ്തു എന്നതും ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

കോടതി വിട്ടാലും "പ്രതികളെ വെട്ടി വെട്ടി കൊല്ലണം" എന്ന ആര്‍എംപിക്കാരന്റെ ജല്‍പ്പനംപോലും മടിയില്ലാതെ സംപ്രേഷണംചെയ്ത മാധ്യമങ്ങള്‍, തങ്ങള്‍ ഒന്നരക്കൊല്ലം നടത്തിയ അമിതാധ്വാനത്തിന്റെ ഫലമെന്ത് എന്ന് സ്വയം വിലയിരുത്തുമെന്നു കരുതട്ടെ. അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി വിധി പറഞ്ഞ കേസില്‍ സിബിഐയെ കൊണ്ടുവരും എന്നൊക്കെ വീണ്ടും വീണ്ടും പറയുന്നവരും, ഈ കേസുമായി ബന്ധപ്പെടുത്തി നിരന്തരം വിവാദമുയര്‍ത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതൃത്വവും ഉത്തരം പറയേണ്ടത്, അനാവശ്യമായി ഇത്രയും കാലം പീഡിപ്പിച്ച നിരപരാധികളോടാണ്; അവരുടെ കുടുംബാംഗങ്ങളോടാണ്; ആക്രമിച്ച് തകര്‍ക്കാമെന്നു കരുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണ്. തുടക്കംമുതലേ സിപിഐ എം സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്ന ഈ വിധിന്യായംകൊണ്ടെങ്കിലും നിങ്ങളുടെ കണ്ണുതുറക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ജനങ്ങളെ ഇനിയും പറ്റിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്ന് ഉറപ്പ്.

*
ദേശാഭിമാനി മുഖപ്രസംഗം

വര്‍ഗവഞ്ചകര്‍ ഓര്‍ത്തെടുക്കാന്‍

സി എച്ച് അശോകന്‍ ജയിലില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയത് ചുവന്ന കൊടിയില്‍ പുതപ്പിച്ച മൃതദേഹമായിട്ടാണ്. രോഗം മൂര്‍ച്ഛിച്ച് മരണത്തിനു കീഴടങ്ങിയില്ലെങ്കില്‍, ഇന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അശോകനും ഉണ്ടാകുമായിരുന്നു. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് 20-ാം ദിവസം, 2012 മെയ് 24നാണ് അശോകനെ പൊലീസ് അറസ്റ്റുചെയ്തത്. കൊലപാതകസമയത്ത് കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിലായിരുന്നു അശോകന്‍. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊലപാതക വിവരമറിഞ്ഞ് നാട്ടിലെത്തി. അവിടെ ആര്‍എംപി- പൊലീസ് താണ്ഡവം അരങ്ങേറുന്നു. പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി നില്‍ക്കുമ്പോഴാണ് ആ ജനനേതാവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

പിന്നെ ജയില്‍വാസം. ജാമ്യം ലഭിച്ചശേഷം എറണാകുളത്തും കോഴിക്കോട്ടുമായി, പിറന്ന നാട്ടിലും വളര്‍ന്ന വീട്ടിലും കയറാനാകാതെ ജീവിതം. ആരോഗ്യപ്രശ്നങ്ങള്‍ അശോകന് ശ്രദ്ധിക്കാനായില്ല. ഒടുവില്‍ രോഗം മൂര്‍ധന്യത്തിലെത്തിയപ്പോള്‍മാത്രം തിരിച്ചറിഞ്ഞു- പിന്നെ അതിവേഗം മരണത്തിലേക്ക്. ജീവിതത്തിന്റെ അവസാന നാളുകളിലും കള്ളക്കേസും നീതിനിഷേധവും സഹിച്ച് ഒടുവില്‍ ഒഞ്ചിയത്തിന്റെ മണ്ണിലേക്ക് അന്ത്യയാത്ര. ആ അശോകനെ അവസാനമായി കാണാന്‍ ജയിലില്‍നിന്ന് പൊലീസ് അകമ്പടിയോടെയാണ് പി മോഹനന്‍ എത്തിയത്. വികാരനിര്‍ഭരമായ വിടവാങ്ങല്‍. ഇന്ന് മോഹനനും സ്വതന്ത്രനായിരിക്കുന്നു. ഭരണകൂട- മാധ്യമ ഭീകരത ഒരാളെ കൊന്നുകളഞ്ഞെങ്കില്‍, അപരനെ ഒന്നരവര്‍ഷത്തെ ക്രൂരപീഡനത്തിനാണ് ഇരയാക്കിയത്.

2012 ജൂണ്‍ 30ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ""പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് താന്‍ ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതിയില്‍ പങ്കാളിയായതെന്ന് വെള്ളിയാഴ്ച അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ വെളിപ്പെടുത്തി. എ.ഐ.ജി. അനൂപ് കുരുവിള ജോണ്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണസംഘം പി.കെ. കുഞ്ഞനന്തന്റെ മുന്നില്‍ നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്"." പി മോഹനനെ സിനിമയിലെന്നപോലെ വാഹനത്തെ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞാണ് പൊലീസ് പിടികൂടിയത്. ആ നിമിഷംമുതല്‍ മോഹനന്‍ "കുറ്റം സമ്മതിച്ചു" എന്ന പ്രചാരണം. അതുവച്ച് സിപിഐ എം ബന്ധം സ്ഥാപിക്കാനുള്ള പരിശ്രമം.

പടയങ്കണ്ടി രവീന്ദ്രന്‍ പൊലീസിനോട്, ""സാറേ പറ്റിപ്പോയി"" എന്ന് കൈകൂപ്പി വിലപിച്ച് കുറ്റം സമ്മതിച്ചു എന്നാണ് നിഷ്പക്ഷതയുടെ കുപ്പായമിട്ട മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ആ രവീന്ദ്രനും ഇന്ന് കുറ്റവാളിയല്ല. മുതിര്‍ന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് കെ കെ കൃഷ്ണന്‍. സിപിഐ എം ഏരിയ കമ്മിറ്റി അംഗം. അദ്ദേഹത്തോട് ആര്‍എംപിക്ക് വിരോധമുണ്ടായിപ്പോയി- പൊലീസ് പ്രതിചേര്‍ത്തു. ആര്‍എംപി ചൂണ്ടിക്കാട്ടുക, മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുക, പൊലീസ് കേസില്‍പ്പെടുത്തുക- ഈ രീതിയാണരങ്ങേറിയത്. പിടികൂടിയവര്‍ക്കു നേരെയുള്ള പീഡനം സങ്കല്‍പ്പത്തിനതീതമായിരുന്നു. തറയിലിരുത്തി, വൃഷണത്തില്‍ ബൂട്ടുകൊണ്ടമര്‍ത്തി ഞെരിച്ചുകൊണ്ട് തന്റെ മുന്നിലിട്ട് നടന്ന ചോദ്യംചെയ്യല്‍ സി എച്ച് അശോകന്‍ അവസാനനാളുകളില്‍ വിവരിച്ചിരുന്നു. കണ്ടുനില്‍ക്കുന്നവരെപ്പോലും മോഹാലസ്യത്തില്‍ വീഴ്ത്തുന്ന മര്‍ദനം. പൊലീസിന്റെ തിരക്കഥയ്ക്കനുസരിച്ച് മൊഴി നല്‍കണം- ആവശ്യം അതാണ്.

അകത്ത് ക്രൂര പീഡനമരങ്ങേറുമ്പോള്‍, പുറത്ത് മാധ്യമങ്ങളിലൂടെ കുറ്റസമ്മത വാര്‍ത്തകളും പശ്ചാത്താപ മൊഴികളും പ്രചരിച്ചു. സിപിഐ എമ്മിനെമാത്രം ലക്ഷ്യമിട്ടുള്ള വാര്‍ത്തകളുടെ പിന്‍ബലത്തില്‍ 76 പ്രതികളുള്ള കേസ് രൂപംകൊണ്ടു. ഒഞ്ചിയത്തും പരിസരത്തും ഒതുങ്ങിനില്‍ക്കുന്ന കൂട്ടമാണ് ആര്‍എംപി. അവര്‍, ആ കൊച്ചുപ്രദേശത്ത് ഭീകരവാഴ്ച നടത്തി. ഒഞ്ചിയം രക്തസാക്ഷികളുടെയും ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവ് കേളു എട്ടന്റെയും സ്മാരകങ്ങള്‍ തച്ചുടയ്ക്കാനും ചെങ്കൊടിക്ക് തീകൊടുക്കാനും ആ പൊട്ടക്കിണര്‍ "വിപ്ലവകാരി" മടിച്ചുനിന്നില്ല. എല്ലാം പ്രോത്സാഹിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്നാഹങ്ങള്‍. രാജ്യം കണ്ട ഏറ്റവും വലിയ കൊലപാതകമായി ചന്ദ്രശേഖരന്‍വധത്തെ അവര്‍ മാറ്റി- സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള ഒറ്റ താല്‍പ്പര്യത്തില്‍. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമടക്കമുള്ള മഹാനേതാക്കള്‍ ഒഞ്ചിയത്ത് പതിവുകാരായി. കേസന്വേഷണം അവര്‍ നയിച്ചു. നീതിയും നിയമപാലനവും മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ഏറ്റെടുത്തു. സിപിഐ എം ക്ഷമയുടെ അതിര്‍ത്തിയില്‍ പിടിച്ചുനിന്നു. അടി വാങ്ങിയതേയുള്ളൂ- തിരിച്ചടിച്ചില്ല. ആര്‍എംപിക്കാരന്‍ പൊലീസ് സഹായത്തോടെ പാര്‍ടി ഓഫീസുകളും സ്മാരകങ്ങളും തച്ചുടച്ചപ്പോഴും കത്തിച്ചപ്പോഴും സഹിച്ചുനിന്നതേയുള്ളൂ. ഒഞ്ചിയത്തെ കിണറുകളില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇ എം എസ് ഗ്രന്ഥങ്ങളും തള്ളിക്കൊണ്ട് "യഥാര്‍ഥ വിപ്ലവപ്രവര്‍ത്തനം" ആര്‍എംപി തുടര്‍ന്നു. സി എച്ച് അശോകന്റെ ശവസംസ്കാരം കഴിഞ്ഞ് തിരിച്ചുപോയവരെ ആക്രമിച്ചപ്പോഴും അതേ നാണയത്തില്‍ മറുപടി നല്‍കാനല്ല- നാട്ടില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് സിപിഐ എം യത്നിച്ചത്. ആര്‍എംപിയുടെ പിഗ്മി നേതാക്കള്‍ മൈക്കിനുമുന്നില്‍ സമുന്നത നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴും വെല്ലുവിളിച്ചപ്പോഴും ക്ഷമതന്നെയായിരുന്നു മറുപടി. ആ ക്ഷമ ദൗര്‍ബല്യമായിക്കണ്ട്, ഒരു വൃദ്ധനെ ആവേശത്തള്ളിച്ചയിലാക്കി, സിപിഐ എമ്മിന്റെ സമുന്നത നേതാവിനെ വകവരുത്താന്‍ പറഞ്ഞുവിടുന്നിടംവരെ അഹന്ത വളര്‍ന്നു. എന്തിനും കുടപിടിച്ച മാധ്യമങ്ങളും വരുതിയില്‍നിന്ന പൊലീസും ആര്‍എംപിയുടെ രക്ഷകരായി. സിപിഐ എമ്മിനെതിരായ അക്രമങ്ങള്‍ തങ്ങളുടെ ശക്തിയാണെന്ന് തെറ്റിദ്ധരിച്ച ആര്‍എംപി, തങ്ങള്‍ വലിയൊരു രാഷ്ട്രീയ പാര്‍ടിയാണെന്നുവരെ സ്വപ്നം കാണാന്‍ തുടങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോയ മോഹനന്‍ പുറത്തെ റസ്റ്റോറന്റില്‍ ചായകുടിക്കാനെത്തിയപ്പോള്‍ ഭാര്യ കെ കെ ലതിക കാണാന്‍ ചെന്നത് ഒരുപക്ഷേ, അരീക്കോട് ഇരട്ടക്കൊലക്കേസിനേക്കാള്‍ പ്രാധാന്യം നല്‍കിയാണ് മാധ്യങ്ങള്‍ ആഘോഷിച്ചത്. എംഎല്‍എയ്ക്ക് ജയിലില്‍ ചെന്ന് ഏതു തടവുകാരനെയും കാണാമെന്നിരിക്കെ, "ഹോട്ടലിലെ സംഗമം" മനുഷ്യന്റെ യുക്തിബോധത്തെ വെല്ലുവിളിച്ച് വാര്‍ത്താപ്രാധാന്യം നേടി; വിവാദമായി. കെ കെ ലതികയ്ക്ക് ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കിയില്ല. ആ ലതിക ഇന്ന് പറയുന്നു- ""ഒന്നരക്കൊല്ലമല്ല, പാര്‍ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാനും തയ്യാറാണ്"" എന്ന്. ധീരയായ കമ്യൂണിസ്റ്റിന്റെ ആ വാക്കുകളാണ് ഇന്ന് വിപ്ലവമണ്ണിന്റെ ശബ്ദം. ഒരു കൊലക്കേസിന്റെ മറവില്‍ മഹാപ്രസ്ഥാനത്തെ നാമാവശേഷമാക്കാമെന്ന അഹന്തയ്ക്ക് ഈ വിധിയോടെ കനത്ത തിരിച്ചടിയാണേറ്റത്. അടുത്ത ഊഴം ജനങ്ങളുടേതാണ്. ഇന്നലെവരെ ആടിയ കപടനാടകങ്ങളെ പൊളിച്ചടുക്കാനുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെ അവരത് തെളിയിക്കും- അതാണ് ജയില്‍മോചിതരായ പ്രിയ സഖാക്കളെ ഹൃദയംകൊണ്ട് വരവേറ്റ് അവര്‍ പ്രഖാപിച്ചത്.

ഒന്നും മറക്കാനുള്ളതല്ല. നാടിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ധീര കമ്യൂണിസ്റ്റുകളുടെ മണ്ണാണ് ഒഞ്ചിയം. ഭരണകൂടവേട്ടയ്ക്കു മുന്നില്‍ നെഞ്ചുറപ്പോടെ മരണംവരെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച സി എച്ച് അശോകന്റെ ജന്മനാടാണത്. പ്രത്യയശാസ്ത്രസ്ഥൈര്യത്തോടെയും വര്‍ഗബോധത്തോടെയും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രസ്ഥാനത്തിന് ഒഞ്ചിയത്തിന്റെ ധീരപൈതൃകത്തിന്റെ കൊടി കൂടുതല്‍ ഉയരത്തില്‍ പാറിക്കാനുള്ള നിയോഗമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഒറ്റുകാരുടെയും വര്‍ഗവഞ്ചകരുടെയും താല്‍ക്കാലിക വിജയങ്ങളില്‍ മങ്ങിപ്പോയ ഒഞ്ചിയത്തിന്റെ ചൈതന്യത്തിന് വീണ്ടും വിപ്ലവത്തിന്റെ തിളക്കം നല്‍കാന്‍ സിപിഐ എമ്മിന് ലഭിക്കുന്ന കരുത്താണ്, പാര്‍ടി നിലപാടുകളുടെ ഈ വിജയം. ഭരണകൂടവേട്ടയില്‍ തകര്‍ക്കാനാകാത്തതാണ് സിപിഐ എം എന്ന യാഥാര്‍ഥ്യം കണ്ണുള്ളവര്‍ കാണട്ടെ.

*
പി എം മനോജ് ദേശാഭിമാനി

ഗൂഢാലോചനയുടെ രാഷ്ട്രീയം

പൊതുജീവിതത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ വര്‍ഷങ്ങളോളം പിടിച്ചുമാറ്റിനിര്‍ത്താനുള്ള ആയുധമെന്ന് ഗൂഢാലോചനാ കേസുകളെ വിശേഷിപ്പിച്ചത് പ്രൊഫ. ഹാരോള്‍ഡ് ലാസ്കിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനംപിടിച്ച മീററ്റ് ഗൂഢാലോചന കേസ് മുന്‍നിര്‍ത്തിയാണ് പ്രൊഫ. ലാസ്കി, ആ കേസിനെ സാക്സോവാന്‍സെറ്റി വിചാരണയടക്കമുള്ളവയുമായി താരതമ്യപ്പെടുത്തി ശ്രദ്ധേയമായ ഈ പരാമര്‍ശം നടത്തിയത്.

സജീവമായി സമൂഹത്തില്‍ ഇടപെടുന്ന കമ്യൂണിസ്റ്റുകാരെ സമൂഹത്തില്‍നിന്ന് ദീര്‍ഘകാലത്തേക്ക് അടര്‍ത്തിമാറ്റാനും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെതന്നെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഈ ആയുധം ഇന്ത്യയില്‍ ആദ്യമായി പ്രയോഗിച്ചത് പെഷവാര്‍ ഗൂഢാലോചന കേസിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ആ പ്രക്രിയ കാണ്‍പൂര്‍ ഗൂഢാലോചന കേസിലൂടെ, മീററ്റ് ഗൂഢാലോചന കേസിലൂടെ, ലാഹോര്‍ ഗൂഢാലോചന കേസിലൂടെ തുടര്‍ന്നുവന്നു. ആ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയാണ് ടി പി വധ ഗൂഢാലോചന കേസ്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം. ഇന്ന് യുഡിഎഫ് സര്‍ക്കാര്‍. ഇതേ വ്യത്യാസമുള്ളൂ.

ഗൂഢാലോചനാവകുപ്പ് അധികാരികള്‍ക്ക് വലിയ സൗകര്യമൊരുക്കിക്കൊടുക്കുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രതിയോഗിയിലേക്ക് കേസിനെ കൃത്രിമമായി വലിച്ചെത്തിക്കാം എന്നതാണത്. പ്രതി ഫോണ്‍ചെയ്ത ആള്‍ ആര്‍ക്കാണോ ഫോണ്‍ ചെയ്തത് അയാളിലേക്ക്. പിന്നീട് ആ ആള്‍ ഫോണ്‍ചെയ്ത ആളിലേക്ക്. ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോയി വേണമെങ്കില്‍ ഇപ്പോള്‍ ഈ ലേഖനം വായിക്കുന്ന ബഹുമാനപ്പെട്ട വായനക്കാരാ നിങ്ങളിലേക്ക് വേണമെങ്കിലും എത്തിക്കാം. ഇതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ആദ്യം കൊലക്കേസായി തുടങ്ങിയതിലേക്ക് പിന്നീട് ഗൂഢാലോചനവകുപ്പ് ചേര്‍ത്തത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിന് ഇല്ലാത്ത രാഷ്ട്രീയമാനം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ്; ചില രാഷ്ട്രീയ പ്രതിയോഗികളെ അതില്‍ കുരുക്കി പൊതുസമൂഹത്തിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ദീര്‍ഘകാലത്തേക്ക് അടര്‍ത്തിമാറ്റാനാണ്. ആ വഴിക്കാണ് സിപിഐ എം നേതാവ് പി മോഹനനിലേക്കുവരെ കേസ് എത്തിച്ചത്. പക്ഷേ, അത്തരം വഴികള്‍ നീതിന്യായപരിശോധനയെ അതിജീവിക്കില്ല. ബുധനാഴ്ചത്തെ കോടതിവിധിയില്‍ കണ്ടതും അതുതന്നെയാണ്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ പിഴുതെറിയാന്‍ ഉദ്ദേശിച്ച് അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ രൂപപ്പെടുത്തപ്പെട്ട കാണ്‍പൂര്‍ ഗൂഢാലോചന കേസ് ഇത്തരം വഴികളിലൂടെ കൊണ്ടെത്തിച്ചത് ആരിലേക്കൊക്കെയാണെന്നോ? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളായിരുന്ന മുസഫര്‍ അഹമ്മദിലേക്കും എസ് എ ഡാങ്കയിലേക്കും ഒക്കെവരെ. മീററ്റ് ഗൂഢാലോചന കേസാകട്ടെ, എസ് വി ഘാട്ടെ, പി സി ജോഷി, മുസഫര്‍ അഹമ്മദ് എന്നീ അഖിലേന്ത്യാ നേതാക്കളില്‍വരെയെത്തി. ഇവിടെയും അങ്ങനെയുള്ള ചില ഗൂഢോദ്ദേശ്യങ്ങള്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ചേര്‍ക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന് ഇല്ലാതിരുന്നില്ല. പൊളിറ്റ് ബ്യൂറോയിലേക്കുവരെ ഗൂഢാലോചനയുടെ കണ്ണി നീട്ടിക്കൊണ്ടുപോകാനുള്ള ചിലരുടെ മോഹം ചാനല്‍ചര്‍ച്ചകളിലൂടെ പുറത്തുവരാതിരുന്നുമില്ല. പക്ഷേ, അത് നടന്നില്ല. ഇത് കേരളമാണ് എന്നതുകൊണ്ടുമാത്രം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി സിപിഐ എമ്മിനെ കരിനിഴലില്‍ നിര്‍ത്താമെന്ന ചിന്തയുമുണ്ടായിരുന്നു. ജുഡീഷ്യറിയുടെ ജാഗ്രതകൊണ്ട് അതും നടന്നില്ല.

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീട്ടിക്കൊണ്ടുപോയ കുറ്റവിചാരണ മീററ്റ് ഗൂഢാലോചന കേസിലായിരുന്നു. വിചാരണതന്നെ നാലരവര്‍ഷം. തെളിവുകള്‍ 25 വാല്യം. സാക്ഷികള്‍ 320 പേര്‍. മീററ്റ് ഗൂഢാലോചന കേസിലെപ്പോലെ ഇവിടെയും കമ്യൂണിസ്റ്റുകാരെ കരിനിഴലില്‍ നിര്‍ത്തി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ തക്കവിധം കാലതാമസംവരുത്താന്‍ തീവ്രശ്രമം നടന്നു. കേസില്‍ കോടതി വിധിപറയാനിരുന്ന ഘട്ടത്തില്‍പ്പോലും സിബിഐ അന്വേഷണം എന്നും മറ്റുമുള്ള മുറവിളികള്‍ ആ വഴിക്കുള്ളതായിരുന്നു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലെ ഗൂഢാലോചന കേസുകളിലെപ്പോലെ യുഡിഎഫിനു കീഴിലെ ഗൂഢാലോചന കേസുകള്‍ വിജയിക്കുന്നില്ല. കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കേ, ഷൗഖത് ഉസ്മാനി, നളിനി ദാസ്ഗുപ്ത എന്നീ പ്രമുഖര്‍ക്കുപോലും നാലുവര്‍ഷത്തെ കഠിനതടവ് ശിക്ഷ നല്‍കപ്പെട്ടുവല്ലോ. അന്ന് കോടതി ബ്രിട്ടന്റേതായിരുന്നു. ഇന്ന് കോടതി യുഡിഎഫിന്റേതല്ല. ഗൂഢാലോചന കേസുകള്‍ ചമയ്ക്കുമ്പോള്‍ ഈ വ്യത്യാസം യുഡിഎഫ് ഓര്‍മിക്കണം. പെഷവാര്‍ ഗൂഢാലോചന കേസ് എന്നേ പറയുന്നുള്ളൂവെങ്കിലും അഞ്ച് വ്യത്യസ്ത ഗൂഢാലോചന കേസുകളുടെ സമന്വയമായിരുന്നു അത്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി പരിചയിച്ച മുജാഹിദുകളെ തകര്‍ക്കാനുള്ളതായിരുന്നു അത്. നാട്ടില്‍ തിരിച്ചുവന്ന് കമ്യൂണിസം പ്രചരിപ്പിക്കുന്നത് തടയാനുള്ളത്. ഗദ്ദര്‍ പാര്‍ടിയെ തകര്‍ത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള വഴി ഇല്ലായ്മചെയ്യാനുള്ളതായിരുന്നു ലാഹോര്‍ ഗൂഢാലോചന കേസ്. പിറവിയുടെ ഘട്ടത്തില്‍തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഞെരിച്ചമര്‍ത്താനുള്ളതായിരുന്നു കാണ്‍പൂര്‍-മീററ്റ് ഗൂഢാലോചന കേസുകള്‍. യുഡിഎഫ് സര്‍ക്കാര്‍ ആ സാമ്രാജ്യത്വ ഗൂഢനീക്കങ്ങളില്‍നിന്നാണ് പ്രചോദനമുള്‍ക്കൊള്ളുന്നത്. പക്ഷേ, ആ പ്രക്രിയയില്‍ അവര്‍ യുക്തിക്കുപോലും അവധി കൊടുക്കുന്നു. യുക്തിക്ക് അല്‍പ്പമെങ്കിലും വിലകല്‍പ്പിച്ചിരുന്നെങ്കില്‍ നൂറോളം പേരുള്‍പ്പെട്ട ഗൂഢാലോചന എന്ന സിദ്ധാന്തം അവര്‍ അവതരിപ്പിക്കുമായിരുന്നില്ലല്ലോ. ആദ്യം നൂറോളം പേരായിരുന്നു. പിന്നീടാണ് 76ലേക്ക് ചുരുങ്ങിയത്. ഇത്രയേറെ പേര്‍ ഒരിടത്തിരുന്ന് ആസൂത്രണംചെയ്താല്‍, അതെങ്ങനെ ഗൂഢാലോചനായോഗമാകും? പൊതുയോഗം എന്നല്ലേ അതിനെ പറയാനാകൂ. പ്രോസിക്യൂഷന്‍ കള്ളക്കഥ മെനയുന്ന വ്യഗ്രതയില്‍ ഈ യുക്തിയില്ലായ്മ ശ്രദ്ധിച്ചിരിക്കില്ല. നിര്‍ഭാഗ്യകരവും വ്യക്തിവിരോധത്തിന്റെ തലത്തിനപ്പുറത്ത് ഒന്നിലേക്കും എത്താത്തതുമായ ഒന്നായിരുന്നു ടി പി ചന്ദ്രശേഖരന്‍ വധം. എന്നാല്‍, അത് കേരളത്തെ ഇന്നുകാണുന്ന കേരളമാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ നടുനായകത്വമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെട്ടു.

സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, കുഞ്ഞാലി, അഴീക്കോടന്‍ രാഘവന്‍... ഇങ്ങനെ നിരവധി പ്രമുഖരായ നേതാക്കള്‍ കൊലചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയപാര്‍ടി കേരളത്തിലില്ല. എന്നിട്ടും കൊലചെയ്യപ്പെട്ട നേതാക്കളുടെ പാര്‍ടിയെ കൊലപാതകം നടത്തുന്ന പാര്‍ടിയായി ചിത്രീകരിച്ചു. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഒരു മഹാപ്രസ്ഥാനത്തെ അതിന് ഒരു പങ്കുമില്ലാത്ത ഒരു ഒറ്റപ്പെട്ട കൊലപാതകത്തിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുന്ന നിലപോലും കേരളത്തിന്റെ സാമൂഹ്യജീവിതത്തിലെ ചില മണ്ഡലങ്ങളില്‍ ഉണ്ടായി. എന്തിനായിരുന്നു സംഘടിതമായ ഈ ആക്രമണങ്ങള്‍? ആരൊക്കെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍? സിപിഐ എം ചെയ്തതല്ല ഈ കൊലപാതകം എന്നത് ജുഡീഷ്യറിതന്നെ അതിന്റെ വിധിയിലൂടെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം ഇക്കാര്യം വീണ്ടും ഒരിക്കല്‍കൂടി ആലോചിക്കേണ്ടതുണ്ട്. 1957ലെയും "67ലെയും ഭരണംകൊണ്ട് നഷ്ടംവന്ന ഭൂപ്രഭുക്കന്മാര്‍, കേരളത്തിലേക്ക് കടന്നുകയറാന്‍ വെമ്പിനില്‍ക്കുന്ന കോര്‍പറേറ്റുകള്‍, ജനാധിപത്യം സ്ഥാപിക്കപ്പെട്ടതിലൂടെ സ്ഥാനംനഷ്ടപ്പെട്ട വരേണ്യവര്‍ഗ നേതാക്കന്മാര്‍, ഭരണം ചൊല്‍പ്പടിക്കു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന സമുദായപ്രമാണിമാര്‍, ഇന്ത്യന്‍ഭരണം തങ്ങളുടെ കല്‍പ്പനപ്രകാരമാകണമെന്നു ശഠിക്കുന്ന സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാര്‍... ഇവരൊക്കെ ഇവിടത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒരുമിച്ചു. കമ്യൂണിസ്റ്റ് വിരോധം ഏക രാഷ്ട്രീയ അജന്‍ഡയാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇവരാകെ അണിനിരന്നു. ഇവര്‍ക്കു മുന്നേറാനുള്ള ആശയാന്തരീക്ഷം മൂലധനപിന്‍ബലത്തിലുള്ള ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ ഒരുക്കിക്കൊടുത്തു. സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിനെതിരെ നെഞ്ചുവിരിച്ച് പൊരുതിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സാമുദായികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ പരിമിതപ്പെട്ടുനിന്ന നവോത്ഥാനപ്രസ്ഥാനത്തെ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം നല്‍കി മുന്നോട്ടുകൊണ്ടുപോയത് ഈ പ്രസ്ഥാനമാണ്. കോണ്‍ഗ്രസുപോലും രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിതമായ ജനാധിപത്യക്രമം മതി എന്ന് സമ്മതിച്ചിടത്ത്, രാജാവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള നിരുപാധികമായ ജനാധിപത്യം വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയത് ഈ പ്രസ്ഥാനമാണ്. അമിതാധികാര സ്വേച്ഛാധിപത്യം പരിമിത ജനാധിപത്യസ്വാതന്ത്ര്യംകൂടി അപകടപ്പെടുത്താന്‍ പോകുന്നു എന്നും സാമ്പത്തിക പരമാധികാരത്തിനുനേര്‍ക്കുള്ള ആക്രമണം രാഷ്ട്രീയ പരമാധികാരത്തെക്കൂടി തകര്‍ക്കാന്‍ പോകുന്നു എന്നും വര്‍ഗീയതയുടെ ഫാസിസ്റ്റ് ഘോരാന്ധകാരം ഇന്ത്യയെ വിഴുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നു എന്നും മുന്നറിയിപ്പ് നല്‍കിയത് ഈ പ്രസ്ഥാനമാണ്. അത്തരത്തിലുള്ള ഒരു പ്രസ്ഥാനം തകര്‍ന്നു കാണണമെന്ന് വര്‍ഗീയതയുടെമുതല്‍ സാമ്രാജ്യത്വത്തിന്റെവരെ ശക്തികള്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹങ്ങളുടെ കൂട്ടായ നീക്കമാണ് വ്യക്തിവിരോധം മുന്‍നിര്‍ത്തിയുണ്ടായ ഒരു കൊലപാതകത്തെ സിപിഐ എം വിരുദ്ധ അപസ്മാരബാധയാക്കി വളര്‍ത്തിയെടുക്കാന്‍ നോക്കിയത്; അനവധി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുള്ള കേരളത്തില്‍ രാഷ്ട്രീയമേ ഇല്ലാത്ത ഒരു കൊലപാതകത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി കമ്യൂണിസ്റ്റ് വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കി ദുരുപയോഗിച്ചത്. കേരളം ഇത് തിരിച്ചറിയുകയാണ് ഇപ്പോള്‍. ചാനല്‍ചര്‍ച്ചകളിലൂടെ മാത്രം ജീവിക്കുന്ന പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരമുഖങ്ങളില്‍ ജ്വലിക്കുന്ന ഏക പ്രസ്ഥാനമാണ് ഇടതുപക്ഷം. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുയരുന്ന ഏകാന്ത ശബ്ദമാണതിന്റേത്. ആ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

*
പ്രഭാവര്‍മ ദേശാഭിമാനി

Wednesday, January 22, 2014

സംസ്ഥാന ബജറ്റ് എന്താവും സമീപനം?

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിരീക്ഷണം തള്ളിക്കളയേണ്ട. വാസ്തവമാണ് അത്. ധനമന്ത്രി കെ എം മാണി പക്ഷേ അക്കാര്യം മറ്റൊരു രീതിയിലാണ് അവതരിപ്പിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്ല; ബുദ്ധിമുട്ടുണ്ട് എന്നത്രെ അദ്ദേഹത്തിന്റെ മൃദുഭാഷ്യം. ചെലവിനേക്കാള്‍ വരുമാനം കുറവായ അവസ്ഥയെയാണ് ബുദ്ധിമുട്ടെന്നു വിശേഷിപ്പിച്ചത്. അതുതന്നെയാണല്ലോ സാമ്പത്തികപ്രതിസന്ധിയും! പ്രതിസന്ധി തരണംചെയ്യാന്‍ വരുമാനം വര്‍ധിപ്പിച്ചാല്‍ മതിയാകും. മുന്‍ ധനമന്ത്രി സ്വീകരിച്ച മാര്‍ഗം അതായിരുന്നു. ചെലവുകുറച്ചതുമില്ല; കൂട്ടിയതേയുള്ളൂ. കുറ്റം പറയരുതല്ലോ. ഇപ്പോഴത്തെ ധനമന്ത്രി ചെലവുകള്‍ കുറച്ചില്ല. 2013 നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 30991 കോടി രൂപയാണ്. റവന്യൂചെലവ് 34665 കോടി രൂപയും. 3674 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ട് ഇപ്പോള്‍ത്തന്നെ. വരുമാനത്തേക്കാള്‍ 10.6 ശതമാനം കൂടുതലാണ് ചെലവ്.

നടപ്പുസാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടതിനേക്കാള്‍ റവന്യൂ വരുമാനം കൂടുകയില്ല, റവന്യൂ ചെലവ് ഉയരുകയും ചെയ്യും എന്നത്രെ ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. അതായത്, 2013-14ല്‍ റവന്യൂ വരുമാനം 58087.87 കോടി രൂപയായിരിക്കും. റവന്യൂ ചെലവ് ലക്ഷ്യം കവിഞ്ഞ് 60327.84 കോടിയില്‍നിന്ന് 70076.34 കോടിയായി ഉയരും. 11988.47 കോടിയുടെ റവന്യൂകമ്മി!

റവന്യൂവരുമാനം സംബന്ധിച്ച് ധനമന്ത്രി പുലര്‍ത്തുന്നത് അതിരുവിട്ട ശുഭപ്രതീക്ഷയാണ്. 2011 മെയ് 18നാണല്ലോ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 2011-12 സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ച റവന്യൂവരുമാനം 39427.51 കോടി രൂപയായിരുന്നു. സമാഹരിച്ചതാകട്ടെ 38010.36 കോടി രൂപയും. അതായത്, 3.59 ശതമാനം കുറച്ച്. ഈ അനുഭവപശ്ചാത്തലവും നികുതിപിരിവില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും പരിഗണിക്കുമ്പോള്‍, 2013-14ലെ റവന്യൂവരുമാനലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ബജറ്റില്‍ നിര്‍ദേശിക്കാത്ത പലതും ഏറ്റെടുക്കേണ്ടിവരുന്നതിനാല്‍ റവന്യൂ ചെലവ് വര്‍ധിക്കുന്നു എന്ന് ധനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

2013 നവംബര്‍ 30 വരെ എട്ടുമാസം സമാഹരിച്ചത് 30154.46 കോടി രൂപയാണല്ലോ. ശേഷിക്കുന്ന നാലുമാസം മേല്‍തുകയുടെ മൂന്നിലൊന്ന് സമാഹരിക്കുമെന്നു കണക്കാക്കിയാല്‍, വര്‍ഷാവസാനം മൊത്തം റവന്യൂവരുമാനം 40205.95 കോടിയായിരിക്കും. മാര്‍ച്ചില്‍ റവന്യൂ പിരിവ് കൂടാമെങ്കിലും, റവന്യൂചെലവും പ്രസ്തുതമാസം കൂടും. ഭീമമായ റവന്യൂകമ്മിയാകും വര്‍ഷാവസാനം ഉണ്ടാവുക എന്നര്‍ഥം. സംസ്ഥാനത്തിന്റെ തനതുനികുതി-നികുതിയിതര വരുമാനവും കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും ചേര്‍ന്നതാണ് ആകെ റവന്യൂവരുമാനം. കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും കൂടുമെന്ന് ധനമന്ത്രിക്കുതന്നെയും പ്രതീക്ഷയില്ല. 2012-13ല്‍ പ്രതീക്ഷിച്ച നികുതിവിഹിതവും ഗ്രാന്റുകളും പൂര്‍ണമായും കിട്ടുമെന്നു വിശ്വസിച്ചാല്‍ (കൃത്യമായ കണക്ക് അടുത്ത ബജറ്റിനോടനുബന്ധിച്ച് ലഭിക്കുന്ന രേഖകളില്‍നിന്നേ വ്യക്തമാവൂ.) അത് ആകെ റവന്യൂവരുമാനത്തിന്റെ 26.01 ശതമാനമായിരിക്കും. 2013-14ല്‍ അത് 24.74 ശതമാനമായി കുറയും. തനതുനികുതി സമാഹരണത്തിന് എല്‍ഡിഎഫ് ആവിഷ്കരിച്ച സംവിധാനങ്ങളാകെ ദുര്‍ബലപ്പെട്ടു. നികുതി സമാഹരണത്തിലെ ഊര്‍ജസ്വലത കൈമോശം വന്നു. ചെക്പോസ്റ്റുകളിലെ പരിശോധനകളുടെ എണ്ണം കുറഞ്ഞു. വസൂലാക്കുന്ന പിഴസംഖ്യയും കുറയുന്നു. കേരളം ഉല്‍പ്പാദകസംസ്ഥാനമല്ല; ഉപഭോക്തൃസംസ്ഥാനമാണ്. നമുക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ 80 ശതമാനവും അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 60 ശതമാനം മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു വെളിയിലേക്കും കയറ്റുമതിചെയ്യുന്നു. വില്‍ക്കലും വാങ്ങലുമാണ് പ്രധാനസാമ്പത്തികപ്രവര്‍ത്തനം. ആയതിനാല്‍, തനതുനികുതി വരുമാനത്തിന്റെ 73.40 ശതമാനം ലഭിക്കുന്നത് വില്‍പ്പനനികുതി/വാറ്റ് നികുതിയില്‍ നിന്നാണ്. സ്റ്റാമ്പുകളും രജിസ്ട്രേഷനും ഇനത്തില്‍ 10.85 ശതമാനവും മദ്യനികുതിയില്‍നിന്ന് 7.23 ശതമാനവും വാഹനനികുതിയില്‍നിന്ന് 6.63 ശതമാനവും ലഭിക്കുന്നു. അനുമാനം വ്യക്തമാണ്. തനതുനികുതി വരുമാനത്തില്‍ മുക്കാല്‍ പങ്കും വില്‍പ്പനനികുതിയില്‍ നിന്നാണ്. വില്‍പ്പനനികുതി സമാഹരണത്തിലുണ്ടാകുന്ന ഏതു വീഴ്ചയും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികസ്ഥിതിയെ ദുര്‍ബലപ്പെടുത്തും. ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിക്ക് അടിസ്ഥാനവും മറ്റൊന്നല്ല. സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികപ്രതിസന്ധി എന്ന് സാരം. നികുതിപിരിവിലെ വീഴ്ചയുടെ ഒരു ഉദാഹരണം ഉദ്ധരിക്കാം. എല്‍ഡിഎഫിന്റെ അവസാനവര്‍ഷ (2010-11) ബജറ്റില്‍ ലക്ഷ്യമിട്ടത് 20884.23 കോടി രൂപയുടെ തനതുനികുതി വരുമാനമായിരുന്നു. എന്നാല്‍, 21721.69 കോടി സമാഹരിക്കാന്‍ കഴിഞ്ഞു. 4.01 ശതമാനം കൂടുതല്‍. യുഡിഎഫിന്റെ ആദ്യവര്‍ഷ (2011-12)ത്തെ (പുതുക്കിയ) ബജറ്റ് ലക്ഷ്യമിട്ടത് 26641.53 കോടിയായിരുന്നെങ്കിലും സമാഹരിച്ചത് 25718.60 കോടി രൂപ മാത്രം. 3.46 ശതമാനം കുറച്ച്. റവന്യൂകമ്മി തരണംചെയ്യാന്‍ സര്‍ക്കാരിന് കടം വാങ്ങേണ്ടിവരും. യുഡിഎഫ് ഭരണമേല്‍ക്കുമ്പോള്‍ ആകെ കടം 78673.24 കോടിയായിരുന്നു. തുടര്‍ന്ന് 24011.09 കോടി അധികമായി കടംവാങ്ങി. അങ്ങനെ 2013 നവംബറില്‍ മൊത്തം കടബാധ്യത 102684.09 കോടിയായി വളര്‍ന്നു. റവന്യൂവരുമാനത്തിലെ ഇടിവ്, കടത്തിന്റെ അളവ് ഇനിയുമുയര്‍ത്തും. ഒപ്പം ധനകമ്മിയും ഉയരും. 2011-12ലെ (പുതുക്കിയ) ബജറ്റിലെ മുഖ്യവിമര്‍ശനം, എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടത്തില്‍ മുക്കിത്താഴ്ത്തി എന്നും, 3882 കോടിയുടെ ട്രഷറിബാലന്‍സ് സംസ്ഥാനത്തിന് ബാധ്യതയാണെന്നുമായിരുന്നല്ലോ. വര്‍ധിക്കുന്ന കടബാധ്യതയുടെ പശ്ചാത്തലത്തില്‍, പ്രസ്തുതബജറ്റിന്റെ ആമുഖവും 2011 ജൂലൈയില്‍ പുറത്തിറക്കിയ ധവളപത്രവും മനസ്സിരുത്തിവായിക്കുന്നത് ധനമന്ത്രിക്ക് പല ഗുണപാഠങ്ങളും നല്‍കും. സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഫലം സര്‍ക്കാരിന്റെ ഇടപെടല്‍ശേഷി ശോഷിക്കുക എന്നതാണ്. നടപ്പുസാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടവയില്‍ ആരംഭിച്ചതോ ആരംഭിക്കാത്തതോ ആയ പദ്ധതികള്‍ പലതും വെട്ടിച്ചുരുക്കേണ്ടിവരും. പൊതുമേഖലാ സ്ഥാപനങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍, വിദ്യാഭ്യാസ- ആരോഗ്യ മേഖലകള്‍, വൈദ്യുതി എന്നിവയാകും ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുക. പശ്ചാത്തലസൗകര്യവികസനവും ദുര്‍ബലമാകും. വിലനിയന്ത്രണത്തില്‍ ഇടപെടാനും സര്‍ക്കാരിന് കഴിയാതാകും. ധനമന്ത്രിക്ക് ഏറെ പ്രിയങ്കരങ്ങളാണ് റവന്യൂ-ധനകമ്മി പരിധിക്കുള്ളില്‍ നിര്‍ത്തുക എന്നത്. ധന ഉത്തരവാദിത്തനിയമവും പതിമൂന്നാം ധനകമീഷന്റെ മാര്‍ഗരേഖയും, 2013-14ല്‍ ധനകമ്മി ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമായും അതിനടുത്ത വര്‍ഷം റവന്യൂകമ്മി പൂര്‍ണമായും ഇല്ലാതാക്കണമെന്നും നിര്‍ബന്ധിക്കുന്നു.

ലക്ഷ്യം നേടാന്‍ ഒന്നുകില്‍ റവന്യൂവരുമാനം കൂട്ടണം. അല്ലെങ്കില്‍ റവന്യൂചെലവ് ചുരുക്കണം. ഇവ രണ്ടുമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊന്നോ സംഭവിച്ചാല്‍, കടം വാങ്ങുന്നതു കുറയ്ക്കാം. ധനകമ്മി ചുരുക്കാം. ഏതുമാര്‍ഗമാകും ധനമന്ത്രി സ്വീകരിക്കുക? അതറിയാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ട. നികുതി വെട്ടിപ്പുകാരോടുള്ള സൗഹൃദവും യുഡിഎഫിന്റെ പൊതുസാമ്പത്തിക സമീപനവും പരിഗണിക്കുമ്പോള്‍, ചെലവുചുരുക്കല്‍ മാര്‍ഗമാവും സ്വീകരിക്കപ്പെടുക. സര്‍ക്കാര്‍ നിര്‍വഹിച്ചുപോരുന്ന വിവിധ ചുമതലകളില്‍ സ്വകാര്യമേഖലയ്ക്കു പങ്കാളിത്തം ഉറപ്പാക്കാന്‍ ബജറ്റില്‍ ശ്രമമുണ്ടാകും. ഇതിലായിരിക്കും വരും ബജറ്റിന്റെ ഊന്നല്‍. തെരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ ചില ഗിമ്മിക്കുകളും പ്രതീക്ഷിക്കാം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി