Tuesday, January 14, 2014

പെട്രോളിയം കൊള്ളയുടെ പിന്നാമ്പുറം

കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലാണ് യുപിഎ നേതൃത്വം പല ഭരണനടപടികളും കൈക്കൊള്ളുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ പാചകവാതകവില ഇത്രയും ഭീമമായി വര്‍ധിപ്പിക്കാന്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ തുനിയുമോ? നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പരാജയഗര്‍ത്തത്തില്‍നിന്ന് ഇനി കരകയറാനാവില്ലെന്ന് മറ്റാരേക്കാളും നന്നായറിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. അധികാരത്തിലിരിക്കുവോളം കഴിയാവുന്നത്ര അംബാനി സേവ (കോര്‍പറേറ്റ് സേവ) നടത്തുക, അതുവഴി ശിഷ്ടകാലം കഴിഞ്ഞുകൂടാനുള്ള വക ഒപ്പിക്കുക. ഇതിലപ്പുറം മറ്റൊരു ലക്ഷ്യവും ഇപ്പോള്‍ ഭരണനേതൃത്വത്തിനില്ല.

ആധാറിന്റെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെല്ലാം തൊള്ളതൊടാതെ വിഴുങ്ങി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ കേരളത്തിലെ എല്‍പിജി ഉപയോക്താക്കളോട് മറുപടി പറയേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നതുപോലെ, ഗ്യാസ് സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നത് അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയാനല്ല, മറിച്ച് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിനാണ്.

ലക്ഷ്യം സബ്സിഡി അട്ടിമറിക്കല്‍

ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലനിര്‍ണയ രീതി സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് 2013 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍, ഡോ. കിരിത് എസ് പരീഖിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഒരു വര്‍ഷത്തിനകം ഡീസല്‍ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കണമെന്നും ഡീസലിന്റെയും വിലനിര്‍ണയ അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കണമെന്നും ഈ സമിതിയാണ് നിര്‍ദേശിച്ചത്. ഡീസല്‍ വില ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ച പരീഖ് സമിതി ഡീസല്‍ സബ്സിഡി തല്‍ക്കാലം ആറുരൂപയായി നിജപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മാസാമാസം വില വര്‍ധിപ്പിച്ച് ഒരുവര്‍ഷത്തിനകം സബ്സിഡി സമ്പൂര്‍ണമായി ഇല്ലാതാക്കണമെന്ന സമിതിയുടെ ഉപദേശമാണ് കേന്ദ്രസര്‍ക്കാര്‍ ശിരസ്സാവഹിച്ച് നടപ്പാക്കുന്നത്. പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ നാല് നിര്‍ദേശങ്ങളാണ് സമിതി നല്‍കിയത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍നിന്ന് ആറായി ചുരുക്കണമെന്നാണ് ഒന്നാമത്തെ നിര്‍ദേശം. ഒപ്പം സബ്സിഡി ആനുകൂല്യം നേരിട്ട് നല്‍കുന്ന പദ്ധതി, ഒഴിവാക്കല്‍ മാനദണ്ഡപ്രകാരം (എക്സ്ക്ലൂഷന്‍ ക്രൈറ്റീരിയ) തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുക. ഈ നിലയില്‍ സബ്സിഡി ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഒരു വര്‍ഷത്തിനകം വെട്ടിക്കുറയ്ക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. പാചകവാത സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 250 രൂപ വര്‍ധിപ്പിക്കണമെന്നും ബാക്കിവരുന്ന സബ്സിഡി, അടിക്കടി വില വര്‍ധിപ്പിച്ച് പൂര്‍ണമായും ഇല്ലാതാക്കണമെന്നും ശുപാര്‍ശചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കമ്പോള വിലയ്ക്കനുസൃതമായി വില നിശ്ചയിക്കുന്ന നിലവിലെ രീതി തുടരണമെന്നതാണ് നാലാമത്തെ നിര്‍ദേശം.

പരീഖ് കമ്മിറ്റി നിര്‍ദേശാനുസരണം പാചകവാതക സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് എല്‍പിജി സബ്സിഡി ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സമിതി നിര്‍ദേശിച്ചപ്രകാരം 250 രൂപ സിലിണ്ടറൊന്നിന് വര്‍ധിപ്പിച്ചു. നേരത്തെതന്നെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷം ഒന്‍പതാക്കി വെട്ടിച്ചുരുക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രമാണ് അത് ആറാക്കി ഇപ്പോള്‍ കുറയ്ക്കാത്തത്. സബ്സിഡി സിലിണ്ടറുകള്‍ക്ക് വിലവര്‍ധന ബാധകമാക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഇതേ കാരണത്തിലാണ്. അന്താരാഷ്ട്ര കമ്പോളത്തിനനുസരിച്ച് വില നിര്‍ണയിക്കപ്പെടുന്ന പാചകവാതക സിലിണ്ടറുകളുടെ വില പുതിയ തീരുമാനത്തോടെ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കും. സബ്സിഡി സിലിണ്ടര്‍ ചുരുക്കം കുടുംബങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണ് അടുത്ത ഘട്ടം. തുടര്‍ന്ന് സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നഷ്ടക്കണക്കിലെ പൊള്ളത്തരം

എണ്ണക്കമ്പനികളെ നഷ്ടത്തില്‍നിന്ന് രക്ഷിക്കാനാണത്രെ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു "ത്യാഗം" നടത്തുന്നത്. എണ്ണക്കമ്പനികള്‍ ഭീമമായ അണ്ടര്‍ റിക്കവറി ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത്രെ. അതുവഴി എണ്ണക്കമ്പനികള്‍ക്ക് വന്‍തോതിലുള്ള നഷ്ടമുണ്ടാകുന്നു എന്നാണ് പ്രചാരണം. കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന അണ്ടര്‍ റിക്കവറി ബാധ്യതയും യഥാര്‍ഥ നഷ്ടവും തമ്മില്‍ ബന്ധമില്ല. രാജ്യത്തെ എണ്ണക്കമ്പനികളൊന്നും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ തയ്യാറാക്കിയ കണക്കുപ്രകാരം 2012-13ല്‍ രാജ്യത്തെ എണ്ണക്കമ്പനികളുടെ അണ്ടര്‍ റിക്കവറി 1,61,029 കോടി രൂപയാണ്. എന്നാല്‍, 2012-13ല്‍ കേന്ദ്രസര്‍ക്കാര്‍ കണക്കുപ്രകാരം ഒഎന്‍ജിസിയുടെ ലാഭം 20,926 കോടിയാണ്. ഐഒസിയുടെ ലാഭം (2011-12ലെ) 3954.62 കോടിയില്‍ നിന്ന് 2012-13ല്‍ 5005.17 കോടിയായി വര്‍ധിച്ചു. ബിപിസിഎല്ലിന്റെ ലാഭം 1311.27 കോടിയില്‍നിന്ന് 2642.9 കോടിയായി. ഓയില്‍ ഇന്ത്യ, സിപിസിഎല്‍, എആര്‍പിഎല്‍ തുടങ്ങി എല്ലാ എണ്ണക്കമ്പനികളും വന്‍ ലാഭമുണ്ടാക്കുന്നവയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഡിവിഡന്റും നികുതിയുമുള്‍പ്പെടെ നല്‍കിയശേഷമുള്ള എണ്ണക്കമ്പനികളുടെ അറ്റാദായമാണ് ഇത്.

ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളല്ല, ക്രൂഡോയില്‍ (അസംസ്കൃത എണ്ണ) ആണ് ഇറക്കുമതിചെയ്യുന്നത്. ക്രൂഡോയില്‍ എണ്ണക്കമ്പനികളുടെ റിഫൈനറികളില്‍ സംസ്കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്തുകയാണ്. അന്താരാഷ്ട്ര കമ്പോളത്തെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ ഉല്‍പ്പാദനച്ചെലവാണ് ഇന്ത്യയിലുള്ളത്. അസംസ്കൃത പദാര്‍ഥങ്ങളുടെ വിലയും ഉല്‍പ്പാദനച്ചെലവും ലാഭവും കണക്കാക്കി വില നിര്‍ണയിക്കുന്നതിന് പകരം അന്താരാഷ്ട്ര വില നിശ്ചയിക്കുന്നത് ആരെ സഹായിക്കാനാണെന്ന് വ്യക്തം. ഈ വിധം ഊതിവീര്‍പ്പിച്ച വിലയാണ് 2010 ജൂണില്‍ വിലനിയന്ത്രണം ഒഴിവാക്കിയതോടെ എണ്ണക്കമ്പനികള്‍ പെട്രോളിന് ഈടാക്കുന്നത്. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും ഈ വിധമാണ് നിര്‍ണയിക്കുന്നതെങ്കിലും വിലനിയന്ത്രണം നിലവിലുള്ളതിനാല്‍ ഉയര്‍ന്ന വില ഈടാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിക്കുന്നില്ല. അത്തരത്തില്‍ ഈടാക്കാന്‍ സാധിക്കാതെ വരുന്ന അധിക തുകയാണ് യഥാര്‍ഥത്തില്‍ അണ്ടര്‍ റിക്കവറി ബാധ്യത. ഇത് യഥാര്‍ഥ നഷ്ടമല്ല. ഭീമമായ ഈ അണ്ടര്‍ റിക്കവറി സംഖ്യ ഈടാക്കാതെതന്നെ എണ്ണക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നതിലൂടെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പ്രചരിപ്പിക്കുന്ന അനുമാന നഷ്ടത്തിന്റെ കണക്ക് പൊള്ളയാണെന്ന് വ്യക്തമാകും. രാജ്യത്തിനാവശ്യമായ ക്രൂഡോയില്‍ പൂര്‍ണമായും ഇറക്കുമതിചെയ്യുന്നതല്ല. ആവശ്യത്തിന്റെ 77ശതമാനമാണ് ഇറക്കുമതിചെയ്യുന്നത്. 2011-12ല്‍ അഞ്ചു മില്യന്‍ ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്തപ്പോള്‍ 9.5 മില്യന്‍ ടണ്‍ ഇവിടെ ഉല്‍പ്പാദിപ്പിച്ചു. രാജ്യത്തിനാവശ്യമുള്ള എല്‍പിജിയുടെ സിംഹഭാഗവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതാണ്. എന്നിട്ടും ഇതിന് അന്താരാഷ്ട്ര കമ്പോളത്തിലെ വില നിശ്ചയിക്കുന്നത് പകല്‍ക്കൊള്ളയാണ്.

പെട്രോളിയം മേഖലയ്ക്ക് നല്‍കുന്ന സബ്സിഡിയെ സംബന്ധിച്ച് വാചാലമാകുന്ന ഇക്കൂട്ടര്‍ ഉപയോക്താക്കളില്‍ നിന്നീടാക്കുന്ന ഭീമമായ നികുതിയെപ്പറ്റി മിണ്ടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ നല്ലൊരുപങ്ക് പെട്രോളിയം മേഖലയില്‍നിന്നാണ്. എക്സൈസ്-കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍മാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1,04,943 കോടി രൂപയാണ് പെട്രോളിയം മേഖലയില്‍നിന്ന് പിരിച്ചെടുത്തത്. വില്‍പ്പന നികുതി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചെടുത്തതാവട്ടെ 1,11,355 കോടിയും. റോയല്‍റ്റി, സെസ് ഇനങ്ങളിലായി കഴിഞ്ഞ വര്‍ഷം പിരിച്ചെടുത്ത 33,974 കോടി രൂപയ്ക്കു പുറമെയാണിത്. പെട്രോളിയം മേഖലയ്ക്കാകെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഈ മേഖലയില്‍നിന്നുള്ള നികുതി വരുമാനത്തിന്റെ മൂന്നിലൊന്നുപോലും വരില്ലെന്നതാണ് യാഥാര്‍ഥ്യം.

കോര്‍പറേറ്റ് പാദസേവ

പെട്രോളിയം വില അന്താരാഷ്ട്ര കമ്പോള വിലയ്ക്കനുസൃതമാകുന്നതോടെ അതിന്റെ ഏറ്റവും വലിയ ഗുണഫലം ലഭിക്കുക റിലയന്‍സിനാണ്. ആഭ്യന്തരമായി ഖനനം ചെയ്തെടുക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വില ലഭിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. വിലനിയന്ത്രണവും സബ്സിഡിയും ഇല്ലാതാകുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികളോട് നന്നായി മത്സരിക്കാന്‍ ഇക്കൂട്ടര്‍ക്കാവും. സബ്സിഡി പണം നേരിട്ടുനല്‍കുന്ന പദ്ധതിയോടെ പൊതുമേഖലാ കമ്പനികള്‍ക്കു മാത്രം നല്‍കിയിരുന്ന സബ്സിഡി ആനുകൂല്യം സ്വകാര്യ കമ്പനികള്‍ക്കും ലഭ്യമാകും. ദേശസാല്‍ക്കരണത്തിനുശേഷം പെട്രോളിയം ശുദ്ധീകരണ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിച്ചിരുന്നില്ല. ഉദാരവല്‍ക്കരണത്തോടെ ഈ മേഖലയിലും സ്വകാര്യ കമ്പനികള്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ഈ മേഖലയില്‍നിന്ന് 2012-13ല്‍ റിലയന്‍സിന് ലഭിച്ച ലാഭം 2399.98 കോടി രൂപയാണ്.

പെട്രോളിയം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഗൂഢപദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ റിലയന്‍സും എസ്സാറും ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളാണെന്ന് വ്യക്തം. എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം നല്‍കി പെട്രോളിയം മേഖലയെയാകെ ഇക്കൂട്ടരുടെ കൈകളിലെത്തിക്കുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഈയൊരു നയത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കുക വഴി ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഉള്ളിലിരുപ്പും പുറത്തായി. സബ്സിഡി തുകയുടെ മേല്‍പോലും അഞ്ചു ശതമാനം വാറ്റ് ചുമത്തി വിലകൂട്ടിയതിന്റെ പങ്കുപറ്റുന്ന ഇക്കൂട്ടരില്‍നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനാണ്?

*
കെ കെ രാഗേഷ് ദേശാഭിമാനി

No comments: