Friday, January 3, 2014

മുഖം മിനുക്കാന്‍ പൊറാട്ടു നാടകം

യുപിഎ സര്‍ക്കാരിന്റെ അവസാനനാളുകളായി. ജനങ്ങള്‍ അതിനെ എങ്ങനെ കാണുന്നുവെന്ന് നാലു നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിഞ്ഞു. ഇന്നത്തെ രൂപത്തില്‍ യുപിഎ വോട്ടുതേടി ചെന്നാല്‍ ജനം ചൂലെടുക്കുമെന്നതാണ് രാജ്യത്താകെയുള്ള ചിത്രം. കോണ്‍ഗ്രസിനെ തൂത്തുവാരാനുള്ള ചൂല്‍ ഡല്‍ഹിയില്‍ ആം ആദ്മിയാണ് കൈയിലെടുത്തത് എന്നതുകൊണ്ട് അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് വോട്ടുവാങ്ങിയ ആം ആദ്മി പാര്‍ടിയെ പുറത്തുനിന്ന് പിന്തുണയ്ക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ വെപ്രാളമാണ് ആ പാര്‍ടിയുടെ ഓരോ നീക്കത്തിലും. രണ്ടുവട്ടം പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിനെ കാലാവധി തീരുംമുമ്പ് മാറ്റി രാഹുല്‍ ഗാന്ധിയെ വാഴിക്കാനുള്ള നീക്കമുണ്ടെന്ന് വാര്‍ത്ത വന്നു. മന്‍മോഹന്റെ ഒന്‍പതുവര്‍ഷത്തെ നേതൃത്വം വരുത്തിയ ദോഷംതീര്‍ക്കാന്‍ ഏതാനും നാളത്തെ രാഹുല്‍ ഭരണമെന്ന ആശയം വെപ്രാളത്തിന്റെ സൃഷ്ടിയാണ്. ജീവിതത്തിന്റെ എല്ലാ തലത്തിലും കൊടിയ ആക്രമണംനടത്തി ജനങ്ങളെ പൊറുതിമുട്ടിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളും ദുര്‍മുഖവും വെറുക്കപ്പെട്ടതാണ്. പുറത്തു ചായം പൂശിയതുകൊണ്ടോ മുഖംമിനുക്കല്‍ നാടകംകൊണ്ടോ അലിയിച്ചെടുക്കാനാവുന്നതല്ല ജനരോഷം.

കേന്ദ്രത്തില്‍ മന്‍മോഹനെ മാറ്റി രാഹുലിനെ കൊണ്ടുവന്നാല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് കേരളത്തിലും അത്തരം മോഹങ്ങളില്‍ പിശുക്കു കാണിക്കേണ്ടതില്ല. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്ത മന്ത്രിയെ മാറ്റി മറ്റൊരാളെ വച്ചതിലൂടെ സര്‍ക്കാരിന്റെ മുഖച്ഛായ മെച്ചപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇവിടത്തെ ശ്രമം. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് നടത്തുന്ന യുദ്ധത്തിന്റെ ഒരു പ്രധാന പങ്കാളിത്തം ആഭ്യന്തര വകുപ്പിനുണ്ട്; അതിന്റെ മന്ത്രിക്കുമുണ്ട്. തട്ടിപ്പുകാര്‍ ഭരണത്തിന് പുറത്തുനിന്ന് നിയമത്തിന് വഴങ്ങണം എന്നാവശ്യപ്പെട്ട് സമരംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചുടച്ച പൊലീസിനെ നയിച്ച മന്ത്രി അപമാനത്താല്‍ തലകുനിച്ച് ഇറങ്ങിപ്പോകാന്‍ അര്‍ഹന്‍തന്നെ. തട്ടിപ്പുകാരെ നിയമത്തിന്റെ കണ്ണില്‍നിന്ന് മാറ്റിനിര്‍ത്താനാണ് പൊലീസ് ദുരുപയോഗിക്കപ്പെട്ടത്. നീതിപാലകരെ നീതിനിഷേധികളും നിയമവിരോധികളുമാക്കിയ ആഭ്യന്തരമന്ത്രി സ്വന്തം പാളയത്തില്‍തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതില്‍ ഒരിറ്റു കണ്ണീര്‍ എവിടെയുമുണ്ടായില്ല എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. എന്നാല്‍, ആ ഒരു മാറ്റംകൊണ്ട് യുഡിഎഫ് സംവിധാനവും ഉമ്മന്‍ചാണ്ടി ഭരണവും പാപമുക്തി നേടി എന്ന ആശ്വാസംകൊള്ളല്‍ കണ്ണടച്ചിരുട്ടാക്കല്‍മാത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പില്‍ മന്ത്രിമാര്‍വരെ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന ഗൗരവമേറിയ നിരീക്ഷണമാണ് ഏറ്റവുമൊടുവില്‍ ഹൈക്കോടതിയില്‍നിന്ന് വന്നത്. അതൊന്നും പൊലീസ് അന്വേഷിച്ചാല്‍ പോരാ എന്ന് കോടതി പറയുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ച സമീപനമാണ് അസാധുവായത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടു എന്ന് തെളിവുകള്‍ പുറത്തുവന്ന സോളാര്‍ തട്ടിപ്പുപരമ്പര പൊലീസ് അന്വേഷിച്ചാല്‍ മതി എന്നാണ് സര്‍ക്കാര്‍ ശഠിച്ചത്. ഇപ്പോള്‍ ഹൈക്കോടതി പറയുന്നത്, മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കാവുന്ന കേസ് പൊലീസിനെ ഏല്‍പ്പിക്കരുതെന്നാണ്; ഏല്‍പ്പിച്ചതുകൊണ്ട് ഫലമില്ല എന്നാണ്. അതിനര്‍ഥം, സര്‍ക്കാരിന്റെ നിലപാട് നീതിനടത്തിപ്പിന് ചേര്‍ന്നതല്ല എന്നുതന്നെ. ഇതുപോലെ കോടതിയില്‍ അപഹാസ്യമായ മറ്റൊരു സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ല. തട്ടിപ്പുകേസുകളിലെ നായിക സരിത നായര്‍ വീണ്ടും പറയുന്നത്, അവസരംവന്നാല്‍ യുഡിഎഫിലെ ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നാണ്. ഇങ്ങനെ ഓരോ ഭീഷണി വരുമ്പോഴും സരിതയുടെ തട്ടിപ്പുകേസുകള്‍ ഒന്നൊന്നായി ഒത്തുതീര്‍പ്പാക്കപ്പെടുന്നു. തട്ടിപ്പിലൂടെ സരിത ഉണ്ടാക്കിയ പണമെല്ലാം എവിടെപ്പോയി എന്ന കോടതിയുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരമില്ല. ഒരു തട്ടിപ്പുകാരിയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ ഞെട്ടിത്തരിക്കാനും തലകുമ്പിട്ട് ഇറങ്ങിപ്പോകാനും കാത്തിരിക്കുന്ന ഭരണനേതൃത്വത്തിന് മന്ത്രിസഭയിലെ വച്ചുമാറല്‍കളികൊണ്ട് എങ്ങനെയാണ് രക്ഷപ്പെടാനാവുക?

ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരൂപമാണിന്ന് യുഡിഎഫ് സര്‍ക്കാര്‍. അതിനെ നയിക്കുന്ന മുഖ്യമന്ത്രിയാകട്ടെ, ജനങ്ങളാല്‍ അങ്ങേയറ്റം വെറുക്കപ്പെട്ട നേതാവും. ആ മുഖ്യമന്ത്രിയെ ഇറക്കിവിടാനാണ് കേരളം കണ്ട ഏറ്റവും വലിയ ബഹുജനമുന്നേറ്റമുണ്ടായത്. ആ മുഖ്യമന്ത്രിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ സംസ്ഥാനത്തുടനീളം പ്രക്ഷോഭരംഗത്തിറങ്ങിയത്; അടിച്ചമര്‍ത്തലുകളെയും കള്ളക്കേസുകളെയും നേരിടുന്നത്. സമരത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായ ആവേശത്തെയും പ്രകടമായ ജനരോഷത്തെയും തല്ലിക്കെടുത്താന്‍ വ്യാജപ്രചാരണങ്ങളിലേര്‍പ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്കുപോലും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തെറ്റുകളെ ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; ഉയര്‍ന്ന ആരോപണങ്ങളും പുറത്തുവന്ന തെളിവുകളും നിഷേധിക്കാനായിട്ടില്ല.

ഭരണസ്തംഭനവും സാമ്പത്തിക പ്രതിസന്ധിയും സേവന മേഖലകളുടെ തകര്‍ച്ചയും ഇതര സംസ്ഥാനങ്ങളേക്കാള്‍ ദയനീയാവസ്ഥയിലാണ് കേരളത്തിന്റെ ജനജീവിതത്തെ എത്തിക്കുന്നത്. അതിനുത്തരവാദിത്തം ഈ സര്‍ക്കാരിനാണ്. വരുമാനത്തിന്റെയും ചെലവിന്റെയും അന്തരത്തില്‍ അമ്പരന്നു നില്‍ക്കുന്ന ജനങ്ങളോട്, "ഞങ്ങള്‍ ആഭ്യന്തര മന്ത്രിയെ മാറ്റി, പ്രതിസന്ധി തീര്‍ന്നു" എന്ന് പറയാനുള്ള വിവേകശൂന്യത യുഡിഎഫ് നേതൃത്വത്തിനാകാം- അത് ജനങ്ങളെ വിശ്വസിപ്പിക്കാം എന്ന് കരുതരുത്. ഒരു പൊറാട്ടുനാടകംകൊണ്ടും വിദഗ്ധ ചികിത്സകൊണ്ടും രക്ഷപ്പെടാന്‍ കഴിയാത്തത്ര ഗുരുതരരോഗമാണ് ആ മുന്നണിയെയും സര്‍ക്കാരിനെയും ബാധിച്ചിട്ടുള്ളത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: