Sunday, January 26, 2014

ജനത്തെ മറന്ന ബജറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാചകവാതക സിലിണ്ടറിന് 250 രൂപയോളം വില ആരെങ്കിലും വര്‍ധിപ്പിക്കുമോ എന്ന സംശയം ഉയര്‍ത്തിയത് രാജ്യത്തെ കോണ്‍ഗ്രസുകാരാണ്. കെ എം മാണി തന്റെ 12-ാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാരും ഇതേ ചോദ്യമാണ് ഉയര്‍ത്തുന്നത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റ് ഈ വേളയില്‍ ആരെങ്കിലും അവതരിപ്പിക്കുമോ? ലോക്സഭാ തെരെഞ്ഞടുപ്പിന് ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ മാണിയെന്ന പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരന്‍ അവതരിപ്പിച്ച ബജറ്റ് ജനപ്രിയമല്ലെന്നു മാത്രമല്ല അവരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ്. അതുകൊണ്ടാകണം നിയമസഭയില്‍ രണ്ടരമണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിനിടയില്‍ ഭരണപക്ഷ ബെഞ്ചുകളില്‍പോലും കൈയടിയും ആവേശകരമായ പ്രതികരണങ്ങളും ഇല്ലാതിരുന്നത്.

ഭരണപക്ഷ ബെഞ്ചുകളിലെ മ്ലാനമായ മുഖം ബജറ്റിന്റെ ഉള്ളടക്കത്തിലെ ജനവിരുദ്ധതയ്ക്കുള്ള സാക്ഷ്യപത്രമായി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയോര കര്‍ഷകരില്‍നിന്നുയര്‍ന്ന പ്രതിഷേധത്തെ മറികടക്കാന്‍ കാര്‍ഷികമേഖലയ്ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാണി തയ്യാറായി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 389 പദ്ധതികളില്‍ 146 എണ്ണത്തിനുമാത്രമേ ഭരണാനുമതിപോലും ലഭിച്ചുള്ളുവെന്നതിനാല്‍ ഇവയൊക്കെ കടലാസിലൊതുങ്ങാനാണ് സാധ്യത. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ പണംനല്‍കല്‍, ഇന്‍ഷുറന്‍സ്, ഹൈടെക് ഹരിതഗ്രാമങ്ങള്‍ എന്നിവയൊന്നും യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്കും ഇതേ ഗതിയാണുണ്ടാവുക. സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം വിലക്കയറ്റമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റായതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍, ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍പോലും തയ്യാറായില്ല. പ്രസംഗത്തിന്റെ 300-ാം ഖണ്ഡികയില്‍മാത്രമാണ് സപ്ലൈകോയെക്കുറിച്ചും കണ്‍സ്യൂമര്‍ഫെഡിനെക്കുറിച്ചും പരാമര്‍ശമുള്ളത്. എന്നാല്‍, ഇക്കാര്യം അപ്രധാനമാണെന്നതുകൊണ്ടുതന്നെ ആ ഭാഗം നിയമസഭയില്‍ വായിച്ചില്ല.

വിലനിയന്ത്രണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ തുടരുമെന്ന ഒഴുക്കന്‍ പ്രസ്താവന മാത്രമാണ് ബജറ്റവതരണത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണിയില്‍നിന്നുണ്ടായത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റത്തെ നിയന്ത്രിച്ച ഇടതുപക്ഷ സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി വിപണിയില്‍നിന്ന് പിന്മാറി വിലക്കയറ്റത്തെ രൂക്ഷമാക്കുകയെന്ന നവലിബറല്‍ നയംതന്നെയാണ് ഈ ബജറ്റിന്റെ അന്തഃസത്ത. ഈ നയം ജനരോഷം ഉയര്‍ത്തുമെന്നതിനാല്‍ കുറ്റം കേന്ദ്രസര്‍ക്കാരില്‍മാത്രം ചാരി രക്ഷപ്പെടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അടവും യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന മാണി നടത്തുന്നുവെന്നുമാത്രം. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ എന്ന് പറഞ്ഞ് സംസ്ഥാനത്ത് വിലനിയന്ത്രണ സംവിധാനംതന്നെ അപ്രസക്തമാക്കുന്ന അലസതയാണ് പ്രകടമായത്. പൊതുമേഖലയെ തീര്‍ത്തും അവഗണിച്ച ബജറ്റ് പരമ്പരാഗത വ്യവസായങ്ങളെയും മറന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന നികുതിനിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. കെട്ടിട നികുതി വര്‍ധിപ്പിച്ചപ്പോള്‍തന്നെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കും നികുതി വര്‍ധിപ്പിച്ചു. പാവപ്പെട്ടവന്റെ വാഹനമായ ഓട്ടോറിക്ഷകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാക്കുമെന്നുറപ്പാണ്. സ്വന്തമായി ഒരു വാഹനമെന്ന ഇടത്തരം-മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്കാണ് മാണി ഇരുട്ടടി നല്‍കിയത്. ആഡംബരത്തിന്റെ പേരില്‍ ചുമത്തിയ ഇത്തരം നികുതികളൊക്കെ സാധാരണക്കാരന്റെ ചുമലിലാണ് വീഴുക. കേന്ദ്രത്തെ വിമര്‍ശിച്ച് കൈയടി നേടുകയെന്ന തന്ത്രവും ബജറ്റിലുണ്ട്.

സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി വന്ന ധന ഉത്തരവാദിത്ത നയം പ്രായോഗികമല്ലെന്നാണ് ആമുഖ പ്രസ്താവന. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും മറ്റും തീട്ടൂരമനുസരിച്ചുള്ള ഈ നയത്തെ എതിര്‍ക്കുന്നത് നയപരമായ വിയോജിപ്പുകൊണ്ടല്ല മറിച്ച്, സാമ്പത്തിക അരാജകത്വത്തിനുള്ള ലൈസന്‍സ് ലഭിക്കാനാണെന്ന് ബജറ്റ്് പ്രസംഗത്തിലെ തുടര്‍ന്നുള്ള വസ്തുതകള്‍ വ്യക്തമാക്കുന്നു. നികുതി ശരിയായി പിരിച്ചെടുത്ത് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പകരം കടംവാങ്ങി ചെലവ് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന് വ്യക്തം. പതിനാലാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍പോലും വായ്പയാണ് കൂടുതലായും ലഭിക്കേണ്ടത,് ഗ്രാന്റല്ലെന്നു പറഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. നികുതി പിരിച്ചെടുക്കാന്‍ ശുഷ്കാന്തി കാട്ടിയിരുന്നെങ്കില്‍ 1556 കോടി രൂപയുടെ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കേണ്ടി വരുമായിരുന്നില്ല. "സര്‍ക്കാരിന്റെ കണ്ണും മനസ്സും വാക്കും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന"് ധനമന്ത്രി അവകാശപ്പെടുമ്പോഴും അവരുടെ കീശയില്‍ കൈയിട്ടു വാരുന്ന, സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: