Monday, January 6, 2014

ഹൃദയത്തില്‍ പൂത്ത ബന്ധം

കോഴിക്കോട് ആകാശവാണിയുടെ തട്ടകത്തില്‍നിന്ന് വളര്‍ന്നു വന്ന ഗായകനും സംഗീത സംവിധായകനുമായിരുന്നു കെ പി ഉദയഭാനു. പാലക്കാട്ടുകാരനായ ഉദയഭാനുവിന്റെ കോഴിക്കോട്ടേക്കുള്ള താമസമാറ്റമായിരുന്നു ആകാശവാണിയില്‍ എത്തിച്ചതും അറിയുന്ന പാട്ടുകാരനാക്കിയതും. 1956 ലായിരുന്നു അത്.

/പതിനേഴാം വയസില്‍ സ്റ്റാഫ് ആര്‍ടിസ്റ്റായിട്ടായിരുന്നു നിയമനം. കോഴിക്കോട്ടെ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അന്ന് ആകാശവാണിയില്‍ ഉണ്ടായിരുന്നു. അക്കിത്തം, കെ രാഘവന്‍, പി ഭാസ്കരന്‍, എന്‍ എന്‍ കക്കാട്, ഉറൂബ്, ശാന്ത പി നായര്‍, തിക്കോടിയന്‍, കെ എ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍. ഇവരോടെല്ലാം ബന്ധമുണ്ടാക്കാന്‍ ഉദയഭാനുവിന് കഴിഞ്ഞു. ആകാശവാണിയിലെ 19 വര്‍ഷത്തെ സൗഹൃദാന്തരീക്ഷമാണ് ഉദയഭാനുവിനെ സൃഷ്ടിച്ചതെന്ന് മഹാകവി അക്കിത്തം പറയുകയുണ്ടായി. ഉദയഭാനു അനൗണ്‍സറായാണ് ജോലിയില്‍ പ്രവേശിച്ചത്. മികച്ച ഗായകനായതിനാല്‍ പാടുകയും ചെയ്തിരുന്നു. നല്ല നടനായിരുന്നതിനാല്‍ തിക്കോടിയന്റെ ആവശ്യപ്രകാരം അഭിനയിക്കുകയുമുണ്ടായി. ഉറൂബിന്റെ സ്പോക്കണ്‍ വേഡ് വിഭാഗത്തിലും പരിപാടി അവതരിപ്പിച്ചു.

ആകാശവാണിയിലെ ജീവിതത്തിനിടയിലാണ് അദ്ദേഹം ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. കേരളത്തിലെ നിലയങ്ങളിലെല്ലാം പ്രവര്‍ത്തിക്കുമ്പോഴും ഗായകന്‍ എന്ന നിലയ്ക്ക് ഉദയഭാനു എല്ലാ പാട്ടുകളിലെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുത്തു. ഒരിക്കല്‍ ഉദയഭാനു റെക്കോഡിങ്ങ് മെഷീന്‍ തൂക്കി ബസ്സില്‍ തൃശൂരില്‍ പോയി. പ്രധാനമന്ത്രിയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്ത് പാതിരായ്ക്ക് തീവണ്ടിയില്‍ക്കയറി പ്രഭാതത്തില്‍ കോഴിക്കോടെത്തിയ ഉടനെ ഓഫീസില്‍ പോയി റിക്കോര്‍ഡ് ഏല്‍പ്പിച്ചേ വിശ്രമിച്ചുള്ളൂ. തിരുവനന്തപുരം നിലയത്തിലും ഉദയഭാനു ജോലി ചെയ്തു. പി പത്മരാജന്‍, എം ജി രാധാകൃഷ്ണന്‍, വീരരാഘവന്‍ എന്നിവര്‍ക്കൊപ്പം ഉദയഭാനു എന്ന ഗായകനെയും വ്യക്തിയെയും ഒരിക്കലും മറക്കാനാവില്ല.

എന്റെ സംഗീതജീവിതത്തിലെ പല നിര്‍ണായക ഘട്ടങ്ങള്‍ക്കും സാക്ഷിയായി അദ്ദേഹവുമുണ്ടായിരുന്നു. പ്രഥമ ചിത്രമായ കാല്‍പാടുകളുടെ റിക്കോര്‍ഡിങ് വേളയിലാണ് ആദ്യമായി കാണുന്നത്. മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ പാട്ടുകാരില്‍ ഒരാളായിരുന്നു. അതിന്റെ തലക്കനമൊന്നും സംസാരത്തിലുണ്ടായിരുന്നില്ല. എന്റെ ജീവിതത്തില്‍ വഴിത്തിരിവായ റോസിയിലെ "അല്ലിയാമ്പല്‍ കടവില്‍" ഉദയഭാനുവിന് പാടാന്‍വച്ചതായിരുന്നു. അദ്ദേഹത്തിന് അസുഖം മൂലം കഴിയാതെ വന്നപ്പോഴാണ് എന്നെ സമീപിക്കുന്നത്. വൈമനസ്യത്തോടെ ക്ഷണം സ്വീകരിച്ചു. ഉദയഭാനു സ്നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ പാടാതിരിക്കാനായില്ല.

പുതിയ മനുഷ്യൻ

2012ലെ തിരുവനന്തപുരം ചലച്ചിത്രോത്സവ സമയത്താണ് ഉദയഭാനുയേട്ടനെ ഒടുവില്‍ കണ്ടത്. ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍. രമേശ് ഗോപാലകൃഷ്ണന്റെ കര്‍ണാടക സംഗീതകാരന്മാര്‍, ജനപ്രിയ സംഗീതം എന്നീ പുസ്തകങ്ങളും അജിത് നമ്പൂതിരിയുടെ മേളരാഗാമൃതവും. രമേശിന്റെ പുസ്തകം പ്രകാശിപ്പിച്ചത് ഉദയഭാനു. രണ്ടും ഏറ്റുവാങ്ങിയത് ഞാന്‍. വേദിയിലേക്ക് വീല്‍ചെയറില്‍ കയറ്റുകയായിരുന്നു ഭാനുയേട്ടനെ. അതില്‍ ഇരുന്നുതന്നെയായിരുന്നു പ്രകാശനം. എന്തോ പറഞ്ഞു. ഒന്നും വ്യക്തമായില്ല. ഇത്ര അവശതയില്‍ കൊണ്ടുവന്നതെന്തിനെന്ന് രമേശിനോട് ചോദിച്ചു. അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫോണിലൂടെ ആ ആഗ്രഹം പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. വന്നപ്പോഴാണ് രമേശും സ്ഥിതി അറിയുന്നത്.

ഇത്രയും മോശമായ ഒരവസ്ഥയില്‍ പോലും പൊതുപരിപാടികളില്‍ വരാനുള്ള ഉദയഭാനുവിന്റെ താല്‍പര്യമാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. വല്ലാത്ത അവശതയിലും യുവാക്കളെപ്പോലെ പുതിയ രീതിയിലുള്ള വസ്ത്രങ്ങളാണ് ഇട്ടിരുന്നത്. നമ്മുടെ ചലച്ചിത്ര സംഗീതത്തിന്റെ തുടക്കത്തിലെ ഈ ഗായകന്‍ എപ്പോഴും പുതിയ കാലത്താണ് ജീവിച്ചത്. അദ്ദേഹത്തിന്റെ മനസ്സില്‍ ആ നാളുകള്‍ പച്ചപിടിച്ചുനിന്നിരുന്നു. അപ്പോഴും പുതിയ മനുഷ്യനായിത്തന്നെ പെരുമാറി. കോഴിക്കോട് നഗരത്തിലൂടെ ഹാഫ്ട്രൗസറുമിട്ട് അദ്ദേഹം നടന്നുപോയത് ഓര്‍മയിലുണ്ട്. കൂടെ ഞാനും. എന്നെക്കാളും എത്രയോ മുതിര്‍ന്ന മനുഷ്യന്‍. എന്റെ വേഷം കണ്ടാല്‍ പഴയ ആളാണെന്നേ പറയൂ. ഏകലവ്യന്‍ സിനിമ കാണാന്‍ പോയതാണ്. വേഷത്തിലും പെരുമാറ്റത്തിലും ഏറ്റവും ആധുനികന്‍. ഇതദ്ദേഹത്തിന്റെ സവിശേഷത. രമേശ് ഫോണില്‍ വിളിച്ചപ്പോള്‍ ഒഴിവാകാതിരുന്നതിന് മറ്റൊരു കാരണവുമുണ്ട്: ആരോടും വയ്യ എന്ന് പറയാന്‍ കഴിയില്ല അദ്ദേഹത്തിന്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ സംഗീത ജീവിതം നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കായിരിക്കണം സംവിധായകന്‍ കമല്‍ എന്നെ വിളിച്ചിട്ടുണ്ടാവുക. ഞാന്‍ പാടുകയും പറയുകയും ചെയ്തു. ആ പരിപാടിയില്‍ വന്നവരെല്ലാം അദ്ദേഹത്തിന്റെ സുഹൃദ്വലയത്തിലുള്ള പ്രായം കുറഞ്ഞവരായിരുന്നു. എല്ലാ തലമുറയുമായും അടുത്ത ബന്ധം. അധികമൊന്നും സംസാരിക്കാതെ അദ്ദേഹത്തിന് അതിന്റെ ആഴം സൂക്ഷിക്കാനുമായി. കോഴിക്കോട് വി ആര്‍ സുധീഷും മറ്റും സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പഴയ ഓര്‍മ പങ്കുവെച്ചു. എന്റെ ഹൈസ്കൂള്‍ പഠന കാലത്ത് കത്തയച്ച കഥ. മടക്കം തപാല്‍ കവര്‍ വച്ചായിരുന്നു അത്. ചെറിയ ആവശ്യം. അദ്ദേഹത്തിന്റെ കൈപ്പടയില്‍ അനുരാഗ നാടകത്തില്‍ എന്ന ഗാനം എഴുതി അയച്ചുതരണം. പാട്ടിന്റെ വരികള്‍ കിട്ടാഞ്ഞിട്ടല്ല. ആ കൈപ്പടയില്‍ വേണമെന്നതാണ് ആവശ്യം. സ്റ്റാമ്പും കവറും പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒരു കുട്ടിയോടു നിഷ്കരുണം പെരുമാറിയ അദ്ദേഹത്തോട് കുറേക്കാലം വെറുപ്പായിരുന്നു. പിന്നീട് അതെല്ലാം ഇല്ലാതായി. "അനുരാഗനാടകത്തില്‍" കേള്‍ക്കുമ്പോള്‍ കൂടുതല്‍ സ്നേഹവും തോന്നി. ഓരോ തവണയും അത് കൂടിവന്നു.

ഗാനമേളകള്‍ക്ക് പോയാല്‍ കൂടുതല്‍ പാടാന്‍ മടിയാണ് അദ്ദേഹത്തിന്. കമുകറയാണെങ്കില്‍ തിരിച്ചും. കൂടുതല്‍ പാട്ടുകള്‍ പാടിയാല്‍ പോരാ. കൈയടി കിട്ടണം. ഉദയഭാനു ഇതൊന്നും ശ്രദ്ധിക്കില്ല. വികാരഭരിതമായി വൃത്തിയായി പാടുന്നു. കൈയടിക്കാം, കൂവാം അത് നിങ്ങളുടെ ജോലി. ചില വേദിയില്‍ അവശനായിരിക്കുമ്പോള്‍ അനുരാഗ നാടകത്തിലും വെള്ളിനക്ഷത്രമേയും കാനനഛായയിലുമൊക്കെ പാടുമ്പോള്‍ ഞാന്‍ കൈകൂപ്പിയിട്ടുണ്ട്. എന്തൊരു നിറവ്! ആദ്യകാലത്ത് പാടിയതിനെക്കാള്‍ നന്നായിരിക്കുന്നു. മറ്റുള്ളവരുടെ പാട്ടുകള്‍ പാടാന്‍ അദ്ദേഹത്തിന് വിരോധമുണ്ടായില്ല. കോഴിക്കോട്ട് അബ്ദുള്‍ഖാദറിന്റെ എങ്ങനെ നീ മറക്കും കുയിലേയും മെഹ്ബൂബിന്റെ മാനെന്നും വിളിക്കില്ലയും ഓട്ടക്കണ്ണിട്ടുനോക്കും കാക്കെയുമൊക്കെ അദ്ദേഹം പാടും.

ഞാന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം. പക്വമായ പാട്ട് എന്നാണ്. ആ ആവിഷ്കരണ രീതിയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുന്നത്. മറ്റു പലരും പാടിയത് കേള്‍ക്കുമ്പോള്‍ എന്റെ ഗായകമനസ്സില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. ആ ഗാനത്തെ പൂര്‍ണമായി ആവിഷ്കരിച്ചോ എന്നൊരു സംശയം. ഉദയഭാനുവിന്റെ പാട്ടില്‍ സംഗീതം പൂര്‍ണത കൈവരിക്കുന്നു.

*
വി ടി മുരളി

ഗാനശാഖയിലെ ശോകരാഗം

പുരുഷശാരീരത്തിന്റെ പരിപൂര്‍ണതയും ഹൃദയദ്രവീകരണശക്തിയുള്ള ഭാവപൂര്‍ണിമയും ചേര്‍ന്ന ഗായകന്‍. മലയാളം എക്കാലവും ഓര്‍ക്കുന്ന ശോകഗാനങ്ങള്‍ പാടിയതാരെന്ന് ചോദിച്ചാല്‍ നമുക്ക് അതിനുത്തരം പറയാം- കെ പി ഉദയഭാനു. ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍, അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു, വെള്ളിനക്ഷത്രമേ നിന്നെ നോക്കി എന്നീ മൂന്ന് ശോകഗാനങ്ങള്‍ മതി ഉദയഭാനുവിനെ എക്കാലവും ഓര്‍ക്കാന്‍. പാടുമ്പോള്‍ തികച്ചും മറ്റൊരാളായി മാറുന്ന ആത്മസംക്രമണമാണ് അദ്ദേഹത്തിന്റെ സംഗീതത്തെ വ്യത്യസ്തമാക്കുന്നത്. മജ് നുവായും രമണനായും സ്വയം രൂപാന്തരം പ്രാപിക്കാന്‍ കഴിയുന്ന ആ മാസ്മരികതയെ സംഗീതത്തിന്റെ അളവുകോല്‍ കൊണ്ടു മാത്രം അളക്കാന്‍ പ്രയാസമാണ്.

ആയിരക്കണക്കിന് പാട്ടുകള്‍ പാടിയ ഗായകര്‍ നമുക്കുണ്ട്. ഉദയഭാനുവിന്റേതായി നമ്മുടെ സിനിമയില്‍ 200 പാട്ടുകളിലധികവം വരില്ല. അവയെല്ലാം മലയാളികള്‍ ഇന്നും മൂളുന്നവയാണ്. എം ഡി രാമനാഥന്‍പോലുള്ള മഹാ പ്രതിഭകളുടെ കീഴില്‍ ശാസ്ത്രീയമായി പഠിച്ചശേഷം ലളിതസംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ഉദയഭാനു മലയാളത്തിലെ ലളിതസംഗീതശാഖക്കും കോറസ് സംഗീതത്തിനും വലിയ സംഭാവന നല്‍കി. അസാമാന്യ പ്രതിഭയുണ്ടായിരുന്നെങ്കിലും നിഷ്കളങ്കനായ സാധാരണമനുഷ്യനായിരുന്നു ഉദയഭാനു. പരാതിയില്ലാതെ, അവഗണനയും ഒറ്റപ്പെടലും സഹിച്ച് സംഗീതസേവനം നടത്തി. വളരെ നല്ല ഗായകനായി നില്‍ക്കുമ്പോള്‍ മലയാള ചലച്ചിത്രസംഗീതത്തില്‍ നിന്ന് അകറ്റപ്പെട്ടു. കമുകറ പുരുഷോത്തമനും ഉദയഭാനുവും മലയാളസിനിമയില്‍ കേട്ട ഏറ്റവും മികച്ച പുരുഷശാരീരത്തിന്റെ ഉടമകളായിരുന്നു. ഗായകരെന്ന നിലയില്‍ ഏറ്റവും നല്ല പ്രായത്തില്‍ ഇരുവരും ഒഴിവാക്കപ്പെട്ടത് വലിയ നഷ്ടമായി.

നഷ്ടപ്പെട്ട അവസരങ്ങളെയോര്‍ത്ത് വിഷാദിക്കാതെയാണ് ഉദയഭാനു സംഗീതജീവിതം പൂര്‍ത്തിയാക്കിയത്. ഒരു ഗായകനെ സംബന്ധിച്ച് പാടാന്‍ അവസരം കിട്ടാത്തതാണ് വലിയ ദുഃഖം. അത് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. കാല്‍പ്പാടുകള്‍ സിനിമയില്‍ പാടുന്ന സമയത്താണ് യേശുദാസിനെ കെ എസ് ആന്റണി കൊണ്ടുവന്നത്. പുതിയവര്‍ക്ക് അവസരം നല്‍കുന്നതിന് സന്തോഷത്തോടെ ഉദയഭാനു വഴിയൊരുക്കി. ആ ഉദാരത അദ്ദേഹത്തിനുനേരെയുണ്ടായില്ല. ഉദയഭാനുവിനെ സിനിമാ പിന്നണിഗായകനായി കൊണ്ടുവന്നതും പല ഗാനങ്ങളും പാടിച്ചതും ശരിയായ തീരുമാനമായിരുന്നുവെന്ന് ആ ഗാനങ്ങള്‍ തെളിയിക്കുന്നുണ്ട്.

1958ല്‍ "നായരു പിടിച്ച പുലിവാല്" എന്ന സിനിമയില്‍ "എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍" പാടി പിന്നണിഗായകനായ അദ്ദേഹം എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ പാടി. പക്ഷേ 1968ല്‍ ലവ് ഇന്‍ കേരളയില്‍ "അമ്മേ മഹാകാളിയമ്മേ" പാടിയശേഷം വിളിക്കുന്നത് 2000-ാമാണ്ടിലാണ്-കണ്ണാടിക്കടവത്ത് സിനിമയില്‍. പത്തു വര്‍ഷത്തിനുശേഷം താന്തോന്നി എന്ന ചിത്രത്തില്‍ "കാറ്റുപറഞ്ഞതും" പാടാന്‍. 1968ല്‍ മലയാളസിനിമ ഉദയഭാനുവിനെ ഉപേക്ഷിക്കുമ്പോള്‍ പ്രായം 32. ഗായകന്റെ കഴിവുകള്‍ വികസിക്കുന്ന കാലം. എന്തിനായിരുന്നു പ്രതിഭാശാലിയായ ഗായകനെ യുവത്വത്തില്‍ തന്നെ വേണ്ടെന്നുവെച്ചത്? മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ശില്‍പ്പികള്‍ ഈ തെറ്റിന് ഉത്തരവാദികളാണ്. പറയാതെവയ്യ. പിന്നണിഗായകരുടെ മറ്റു സംഭാവനകള്‍ മറക്കുന്നതാണ് സമൂഹത്തിന്റെ ശീലം. 38 വര്‍ഷത്തെ ആകാശവാണിയിലെ സേവനത്തിനിടെ നിരവധി പാട്ടുകള്‍ക്ക് ഈണം നല്‍കിയും പരിപാടികള്‍ സംവിധാനം ചെയ്തും അദ്ദേഹം സജീവമായി.

1947ന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ സ്വാതന്ത്ര്യസമര കവിതകള്‍ക്കും മലയാളത്തിലെ പ്രശസ്തമായ 32 കവിതകള്‍ക്കും ഈണം നല്‍കി അവതരിപ്പിച്ച പരിപാടികളുടെ മുഖ്യശില്‍പ്പിയായിരുന്നു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ വാദ്യവൃന്ദം ഉദയഭാനുവിലെ സംഗീതകാരനെ ഉയര്‍ത്തിക്കാട്ടി. ആകാശവാണിയിലെ നിരവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 1984ല്‍ മലയാള സിനിമയുടെ സുവര്‍ണകാലത്തെ മികച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി "ഓള്‍ഡ് ഈസ് ഗോള്‍ഡ്" സംഗീതപരിപാടിക്കും തുടക്കം കുറിച്ചു. സമസ്യയിലെ "കിളി ചിലച്ചു" മതി അദ്ദേഹത്തിലെ സംഗീത സംവിധായകനെ മനസ്സിലാക്കാന്‍.

*
വി ജയിൻ

No comments: