Saturday, January 25, 2014

ജനദ്രോഹത്തിന്റെ മാനിഫെസ്റ്റോ

ലോക്സഭാതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ജനപ്രിയപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അമിതോത്സാഹം കാട്ടിയിട്ടും ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ ഒന്നും നല്‍കുന്നതല്ല ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. വിലക്കയറ്റം സങ്കല്‍പ്പാതീതമാംവിധം മൂര്‍ച്ഛിപ്പിക്കുന്നതും ജനജീവിതം കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമാണത്. ജനങ്ങളില്‍നിന്ന് 1556.35 കോടി രൂപ അധികമായി പിടിച്ചെടുക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. 7131.69 കോടി രൂപയുടെ റവന്യൂകമ്മിയും 14388 കോടി ധനകമ്മിയും ധനമന്ത്രി രേഖപ്പെടുത്തുന്നു. പാവപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍നിന്നുപോലും 25 കോടി രൂപ കൈക്കലാക്കാനുള്ള നിര്‍ദേശം ബജറ്റിന്റെ ജനവിരുദ്ധസമീപനത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. പുതിയ ഓട്ടോറിക്ഷകള്‍ക്കുള്ള ലംപ്സം ടാക്സ് പഴയവയ്ക്കുകൂടി ബാധകമാക്കിയാണ് ഈ കൊള്ള.

തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞവര്‍ഷം 186 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയത്. പ്രത്യേക സഹായമായി 100 കോടിയും നല്‍കി. അന്ന് ആ തുക കുറഞ്ഞുപോയി എന്ന ആക്ഷേപമാണ് ശക്തമായി ഉയര്‍ന്നത്. എന്നാല്‍, ഇത്തവണ കെഎസ്ആര്‍ടിസിക്ക് ആകെ വകയിരുത്തിയത് 150 കോടി രൂപ. ഇത് പൊതുമേഖലയെ പടിപടിയായി തകര്‍ക്കുക, സേവനമേഖലയില്‍നിന്ന് പിന്മാറുക എന്ന നയത്തിന്റെ ഭാഗമാണ്. ഇതുതന്നെയാണ് ഈ ബജറ്റിന്റെ പൊതുസമീപനവും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ പരിപാടികളില്ല. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശേഷിയുമില്ല. നികുതിപിരിവ് സംവിധാനം തകരാറിലാണ്. എല്‍ഡിഎഫ് ഭരിച്ച കാലത്ത് നികുതിസമാഹരണം കുറ്റമറ്റതാക്കുന്നതില്‍ വലിയ തോതില്‍ മുന്നേറ്റമുണ്ടാക്കിയതാണ്. ആ രംഗത്ത് കടുത്ത അനാസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ധനമന്ത്രി ബജറ്റില്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തിനുള്ള നികുതിവിഹിതം 32ല്‍നിന്ന് 50 ശതമാനമാക്കണമെന്നും സൂചകങ്ങളില്‍ മാറ്റംവരുത്തണമെന്നും 14-ാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടതാണ്. തനതുനികുതി വരുമാനസമാഹരണത്തിലെ വീഴ്ചയും കേന്ദ്രത്തിന്റെ നിസ്സഹകരണവുമാണ് റവന്യൂവരുമാനത്തില്‍ കുറവുണ്ടാക്കുന്നത്. അതുകൊണ്ടാണ് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശേഷിയില്ലാതാകുന്നത്. 2013-14ലെ ബജറ്റില്‍ സപ്ലൈകോയ്ക്ക് 100 കോടിയാണ് നീക്കിവച്ചത്. ഇത്തവണ സപ്ലൈകോയുടെ വിഹിതം 65 കോടിമാത്രമാണ്. കണ്‍സ്യൂമര്‍ഫെഡിന് 11 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടുംചേര്‍ത്ത് 76 കോടി. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 24 കോടി രൂപയുടെ കുറവ്. വിലക്കയറ്റം എക്കാലത്തെയും റെക്കോഡ് ഭേദിക്കുന്ന ഘട്ടത്തിലാണ് ഈ വെട്ടിക്കുറവെന്നത് ഫലത്തില്‍ വിപണിയിലേക്ക് സര്‍ക്കാര്‍ നോക്കുന്നതേയില്ല എന്ന നിലയാണുണ്ടാക്കുന്നത്.

കാര്‍ഷികമേഖലയില്‍ ചില ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ച് കൈയടി നേടാന്‍ ശ്രമിച്ച ധനമന്ത്രി കൃഷിയുടെ സമഗ്രമായ വികസനത്തെയും നിലനില്‍പ്പിനെയുംകുറിച്ച് മൗനംപാലിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ കണക്കെടുത്താല്‍ കേരളത്തില്‍ നെല്‍കൃഷിചെയ്യുന്ന ഭൂമിയുടെ അളവില്‍മാത്രം 11,000 ഹെക്ടറിന്റെ കുറവാണുണ്ടായത്. കൃഷിഭൂമി ചുരുങ്ങിച്ചുരുങ്ങിവരുമ്പോള്‍ അത് തടയാന്‍ മാര്‍ഗങ്ങള്‍ ആരായാതെ എങ്ങനെ കാര്‍ഷികാഭിവൃദ്ധി സാധ്യമാകും? ക്ഷേമപെന്‍ഷനുകളില്‍ നാമമാത്രമായ വര്‍ധനവരുത്തിയതിലും സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയില്ല. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് ആനുപാതികമായ വര്‍ധന ഒന്നിലുമില്ല. മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തോട് മാണി പുറംതിരിഞ്ഞ് നില്‍ക്കുന്നു.

ദീര്‍ഘകാലവികസനത്തിന് അടിത്തറപാകുന്നതും അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതുമായ ദ്വിമുഖ സമീപനമാണ് ഏതു ബജറ്റിലും ഉണ്ടാകേണ്ടത്. ഇവിടെ ആ രണ്ടു രംഗത്തും ഗൗരവമായ നിര്‍ദേശങ്ങളോ ശ്രദ്ധയോ ഇല്ല. കേരളം ഇന്നു നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനുള്ള സമീപനമാണ് ഈ ബജറ്റിന്റേത് എന്നു പറഞ്ഞത് അതിശയോക്തിയാകില്ല. പാര്‍പ്പിടപദ്ധതികളടക്കം സ്തംഭിക്കുകയാണ്. ചലനമറ്റുകിടക്കുന്ന നിര്‍മാണമേഖലയ്ക്ക് വീണ്ടും പ്രഹരമേല്‍ക്കുകയാണ്. വിപണിയില്‍ ഇടപെടാനോ പൊതുവിതരണം ശക്തിപ്പെടുത്താനോ തയ്യാറാകാത്ത സര്‍ക്കാര്‍, വിപണിയിലെ വിലക്കയറ്റം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള പുത്തന്‍ നികുതികള്‍കൂടി ചുമത്തുമ്പോള്‍ ജനജീവിതത്തില്‍ അതുണ്ടാക്കുന്ന ആഘാതം വിവരണാതീതമാകും. സംസ്ഥാനത്ത് ഇരുപത്തഞ്ച് ലക്ഷത്തോളം കുടുംബങ്ങളുടെ ആശ്രയമായ പരമ്പരാഗതവ്യവസായത്തോട് ബജറ്റ് പരിപൂര്‍ണ അവഗണനയാണ് കാണിക്കുന്നത്.

പൊതുമേഖലാവ്യവസായങ്ങളോടും അതേ സമീപനംതന്നെ. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സമഗ്രനിര്‍ദേശങ്ങളില്ല. സിമ്പോസിയവും സെമിനാറും നടത്തി തൊഴിലില്ലായ്മ പരിഹരിക്കാമെന്ന മിഥ്യാബോധമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ പല കണക്കുകളും വസ്തുതയുമായി ബന്ധമില്ലാത്തതാണെന്നും പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ധനമന്ത്രി അവതരിപ്പിച്ചതല്ല യഥാര്‍ഥ കമ്മി. ജനപ്രിയപ്രഖ്യാപനങ്ങള്‍ ഒട്ടുമിക്കതും പ്രായോഗികമാക്കാന്‍ കഴിയുന്നതുമല്ല. നവലിബറല്‍ നയങ്ങളെ വാരിപ്പുണരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പതിവ് അഭ്യാസമെന്നോര്‍ത്ത് അവഗണിക്കാനാകാത്ത വിധം ദ്രോഹനടപടികള്‍ ഈ ബജറ്റ് അടിച്ചേല്‍പ്പിക്കുന്നുണ്ട്. ഓട്ടോ ടാക്സി പണിമുടക്കായും തൊഴിലാളി സംഘടനകളുടെ പ്രതിഷേധമായും ഉയരുന്ന ശബ്ദം ഈ ബജറ്റിന്റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതാണ്. വരുംനാളുകളില്‍ ആ പ്രതിഷേധം ആളിപ്പടരുകതന്നെ ചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: