Friday, January 24, 2014

കോര്‍പറേറ്റുകള്‍ക്ക് പച്ചപ്പരവതാനി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസം കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അണിയറനീക്കങ്ങള്‍ മറനീക്കി പുറത്തുവരികയാണ്. എണ്ണായിരത്തോളം മികവുള്ള വിദ്യാലയങ്ങളും അവിടെയുള്ള 39 ലക്ഷത്തോളം വിദ്യാര്‍ഥികളും ഇവരുടെ കടന്നുവരവിന് തടസ്സമായി ഇപ്പോഴും നില്‍ക്കുന്നു. പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയും അക്കാദമിക രംഗത്തെ മികവുകള്‍ തകര്‍ത്തും പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹത്തിനുള്ള വിശ്വാസ്യത ഇല്ലാതാക്കിമാത്രമേ തങ്ങളുടെ ലക്ഷ്യം സാധ്യമാകൂ എന്ന തിരിച്ചറിവാണ് പാഠ്യപദ്ധതിയെ (കെസിഎഫ്-2007) മരവിപ്പിച്ച് ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളെപ്പോലും അത്യന്തം പ്രതിലോമകരമാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കോര്‍പറേറ്റ് സ്കൂളുകളെ പച്ചപ്പരവതാനി വിരിച്ച് സ്വാഗതംചെയ്തിട്ടും, സ്കൂളുകള്‍ ആരംഭിക്കുന്ന പരസ്യം നല്‍കിയിട്ടും കേരളീയമനസ്സ് അവരുടെ വരവിനെ സഹര്‍ഷം സ്വാഗതംചെയ്യാതിരിക്കുന്നത് യുഡിഎഫ് വൃത്തങ്ങളെ തെല്ലൊന്നുമല്ല അലട്ടുന്നത്.

പൊതുവിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന വെളിച്ചം തല്ലിക്കെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റൊരു കാരണവും കാണുന്നില്ല. അക്കാദമിക മികവുകളുടെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കേണ്ട എസ്സിഇആര്‍ടി, പ്രോജക്ടുകളായ എസ്എസ്എ, ഐടി@സ്കൂള്‍ എന്നീ സ്ഥാപനങ്ങളെ നാഥനില്ലാക്കളരിയാക്കുകയും കഴിവുള്ളവരെ മുഴുവന്‍ തിരിച്ചയച്ച്് അക്കാദമിക രംഗത്തെക്കുറിച്ച് ധാരണയില്ലാത്തവരുടെ സ്ഥലംമാറ്റത്തിനുള്ള താവളമാക്കുകയും ചെയ്തു. മികവും യോഗ്യതയും അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനവുംകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്ത ഡയറ്റ് ലക്ചറര്‍മാരെയും സ്ഥാപനങ്ങളെത്തന്നെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ബോധപൂര്‍വംതന്നെയാണ്. അല്ലെങ്കില്‍ 43 പേരെ പിരിച്ചുവിടാനുള്ള ഭ്രാന്തന്‍ നടപടി ഇവര്‍ സ്വീകരിക്കുമായിരുന്നോ? കഴിവുള്ള ഡയറക്ടറെ പിരിച്ചുവിട്ട് പ്രോജക്ടിന്റെ പ്രത്യേകകള്‍ നഷ്ടപ്പെടുത്തിയ ഐടി@സ്കൂളും എസ്എസ്എയും യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യമാണ് വിളംബരം ചെയ്യുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രതിഭകളില്ല എന്നും രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമുള്ളതും മികവിന്റെ കേന്ദ്രങ്ങളുമായ സിബിഎസ്ഇ സ്കൂളുകളെ നിബന്ധനകള്‍ ഏര്‍പ്പെടുത്തി തടയുന്ന നടപടി ശരിയല്ലെന്നും വിധിച്ച ജഡ്ജിയെത്തന്നെ പുതിയ ശമ്പളക്കമീഷന്റെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചതും യാദൃച്ഛികമല്ല. 25 ശതമാനം കുട്ടികളുടെ പഠനച്ചെലവ് (കുട്ടിയൊന്നിന് പ്രതിമാസം 500 മുതല്‍ 1000 വരെ) സര്‍ക്കാര്‍ വഹിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തുന്ന വാഹനജാഥയും സിബിഎസ്ഇ മാനേജര്‍മാരുടെ സമ്മേളനവും കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനംചെയ്തത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിബിഎസ്ഇ സ്കൂളുകളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയും സോണല്‍ ഓഫീസിനുപകരം കേരളത്തിന് സ്വന്തമായി സിബിഎസ്ഇ കേന്ദ്രംതന്നെ തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചതും പൊതുവിദ്യാലയങ്ങളുടെ മരണമണി മുഴുങ്ങുന്നതിന് ആക്കം കൂട്ടാനാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബോംബെയില്‍ ഉള്‍പ്പെടെ മൂന്നു സ്ഥലത്താണ് അധ്യാപകരുടെ പരിശീലനകേന്ദ്രങ്ങള്‍ നിലവിലുള്ളത്. കൊച്ചിയിലും സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകരുടെ പരിശീലനകേന്ദ്രം (ഇന്‍സര്‍വീസ് കോഴ്സ്) ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് മന്ത്രി ശശിതരൂര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ ഭാരിച്ച വിദ്യാഭ്യാസച്ചെലവാണ്. അവിടെയുള്ള പബ്ലിക് സ്കൂളുകളില്‍ അധികവും വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. ഒന്നാംതരം പ്രവേശനത്തിനുപോലും ലക്ഷങ്ങള്‍ കൊടുക്കേണ്ടിവരുന്നതും പതിനായിരവും പതിനയ്യായിരവും വരെ പ്രതിമാസഫീസ് നല്‍കേണ്ടിവരുന്നതും എത്ര ഭയാനകമാണ്. പകരം പൊതുവിദ്യാലയങ്ങളില്ലാത്തതിനാല്‍ മറ്റൊരു പോംവഴിയുമില്ലാത്ത ദുഃസ്ഥിതിയിലാണ് അവിടെയുള്ള ഇടത്തരക്കാര്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇല്ലാതായാല്‍ ഇതുതന്നെയാകും, ഒരുപക്ഷേ ഇതിനപ്പുറമായിരിക്കും കേരളത്തിലെ അവസ്ഥ. കുട്ടികളുടെ വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടാന്‍ എന്തും കടപ്പെടുത്താനും എന്തു വിലകൊടുക്കാനും തയ്യാറാകുന്നവരാണ് മലയാളികള്‍. ഇതു തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ യുഡിഎഫ് സര്‍ക്കാരിനോട് തങ്ങള്‍ക്കനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് വേഗം കൂട്ടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി പൊതുവിദ്യാഭ്യാസ സംവിധാനത്തെതന്നെ ദുര്‍ബലപ്പെടുത്തുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിമുതല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍വരെയുള്ള, നൂറുകണക്കിന് സ്ഥാനങ്ങള്‍ നാഥനില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. വസ്ത്രധാരണത്തില്‍പോലും വിവേചനം പാടില്ല എന്ന ചിന്തയില്‍നിന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നടപ്പാക്കാനുള്ള തീരുമാനം ഉണ്ടായത്. ഓരോ സ്കൂളും തനത് വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തിയാണ് യൂണിഫോം നടപ്പാക്കിയത്. എത്ര പെട്ടെന്നാണ് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിച്ച് കേന്ദ്രീകൃതമായ 11 പാറ്റേണുകളിലേക്ക് പന്ത്രണ്ടായിരത്തോളം സ്കൂളുകളിലെ കുട്ടികളും യൂണിഫോം മാറ്റണം എന്ന് അക്കാദമികവര്‍ഷം തീരാറായപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഫത്ലാല്‍ ഉള്‍പ്പെടെയുള്ള ഏഴ് കുത്തക തുണിക്കമ്പനികള്‍ക്കുവേണ്ടി തീരുമാനമെടുത്തതിന്റെ പിന്നില്‍ കോര്‍പറേറ്റ് താല്‍പ്പര്യമല്ലാതെ മറ്റെന്താണുള്ളത്. എല്ലാ അംഗീകൃത അധ്യാപകസംഘടനകളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും പിടിവാശിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സ്കൂളുകളിലെ ബിപിഎല്‍, എസ്സി- എസ്ടി കുട്ടികളും എല്ലാ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളും വേറിട്ട വസ്ത്രം ധരിക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് മന്ത്രി. യൂണിഫോം നടപ്പാക്കിയതിന്റെ എല്ലാ നന്മകളും ഇതിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചു. കമ്പനികളില്‍നിന്ന് കോടികള്‍ കമീഷന്‍ വാങ്ങിയെന്ന വസ്തുത പുറത്തായിട്ടും ഉളുപ്പില്ലാതെ ജനങ്ങളെ അഭിമുഖീകരിക്കുന്നവരായി ഭരണക്കാര്‍ മാറി. കേരളത്തിന് എക്കാലത്തും അഭിമാനിക്കാന്‍ വക നല്‍കി റാഞ്ചിയില്‍ സ്വര്‍ണം വാരിക്കൂട്ടിയ കായികപ്രതിഭകള്‍ക്ക് യാത്രാസൗകര്യംപോലും തരപ്പെടുത്താത്ത വിദ്യാഭ്യാസവകുപ്പും ഇതറിഞ്ഞിട്ടും പ്രതികരിക്കാത്ത മന്ത്രിയും നാടിനുണ്ടാക്കിയ നാണക്കേട് എത്രവലുതാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ആരുമില്ലെന്നു വരുത്തുകയും സംവിധാനങ്ങളെത്തന്നെ ദുര്‍ബലപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ മേഖലയിലും കോര്‍പറേറ്റുവല്‍ക്കരണം അതിവേഗത്തിലാക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. ഹയര്‍സെക്കന്‍ഡറി നിലവില്‍ വന്നതോടെ എസ്എസ്എല്‍സി പാസാകുന്ന മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ കഴിയുന്ന സ്ഥിതിവന്നു. അതിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാനുള്ള വഴികളാണ് പുതിയ സ്വയംഭരണ കേന്ദ്രങ്ങളുടെ പ്രഖ്യാപനത്തിലൂടെയും റൂസ യിലൂടെയും സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പഠിക്കാനുള്ള കുട്ടികളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ എടുത്തുകളഞ്ഞു. സാമൂഹ്യനീതിയിലധിഷ്ഠിതമായ പ്രവേശന നടപടികളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇല്ലാതാക്കും. സ്വാശ്രയ കേന്ദ്രങ്ങള്‍ക്കും സ്വയംഭരണപദവി നല്‍കുന്നതിന്റെ ലക്ഷ്യം ഇതുതന്നെയാണ്. തുടക്കത്തില്‍ സര്‍വകലാശാലകളുടെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുക, തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ സാമൂഹ്യ നിയന്ത്രണങ്ങളില്‍നിന്ന് മാനേജ്മെന്റുകളെ മോചിപ്പിക്കുക, ഇതിലൂടെ സര്‍വകലാശാലകളും സ്ഥാപനങ്ങളും നടത്താന്‍ കോര്‍പറേറ്റുകള്‍ക്ക് കളമൊരുക്കുക. ചുരുക്കത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ ഓരോന്നായി ഈ സര്‍ക്കാര്‍ എടുത്തുകളയുകയാണ്. വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും കോര്‍പറേറ്റ് വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് വിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികളും. ഒരിക്കലും കേരളത്തില്‍ ഇതനുവദിച്ചുകൂടാ.

*
Deshabhimani

No comments: