Wednesday, January 29, 2014

തിരിച്ചടിത്തുടര്‍ച്ചയില്‍ വലതുപക്ഷം

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന് രണ്ടു തിരിച്ചടികളാണ് തുടര്‍ദിവസങ്ങളിലുണ്ടായത്. ഒന്നാമത്തേത്, ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) സംസ്ഥാന സമ്മേളനം യുഡിഎഫ് ബന്ധം ഉപേക്ഷിക്കാന്‍ എടുത്ത തീരുമാനമാണ്. രണ്ടാമത്തേത്, കണ്ണൂര്‍ ജില്ലയിലെ ബിജെപി- ആര്‍എസ്എസ് പാളയത്തില്‍നിന്ന് പ്രബലവിഭാഗം വര്‍ഗീയബന്ധം വിച്ഛേദിച്ച് ഇടതുപക്ഷത്തേക്ക് കടന്നെത്തിയതാണ്. വ്യത്യസ്ത തലങ്ങളിലുള്ളതും ഭിന്നമാനങ്ങളുള്ളതുമെങ്കിലും ഈ രണ്ടു സംഭവങ്ങളും നല്‍കുന്ന പൊതുവായ ഒരു സന്ദേശമുണ്ട്. വലതുപക്ഷ രാഷ്ട്രീയം ഒറ്റപ്പെടുന്നു എന്നതാണത്. അതോടൊപ്പം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത് ഇടതുപക്ഷത്തേക്കാണ് എന്നതുമാണ്.

യുഡിഎഫ് വിടാനുള്ള രാഷ്ട്രീയപ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് ജെഎസ്എസ് സമ്മേളനം അംഗീകരിച്ചത്. തങ്ങള്‍ ഇതുവരെനിന്ന യുഡിഎഫ് അഴിമതിമുന്നണിയായി മാറിയെന്ന് ആ പാര്‍ടി തുറന്നുപറഞ്ഞു. വിലക്കയറ്റം, സ്ത്രീപീഡനം, മാഫിയ അഴിഞ്ഞാട്ടം എന്നിവയാല്‍ ജനം പൊറുതിമുട്ടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധനയങ്ങള്‍ മുറുകെപ്പിടിക്കുന്നു. ഇത്തരമൊരു മുന്നണിയില്‍ ഇനിയും തുടരുന്നത് അപമാനമെന്നാണ് ജെഎസ്എസ് പ്രഖ്യാപിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയവും ഭരണവും ഏതളവില്‍ ദുഷിച്ചെന്ന് വ്യക്തമാക്കാന്‍ ഈ പ്രമേയം ധാരാളം. ആ മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പതിനാലില്‍ പതിമൂന്ന് ജില്ലാ കമ്മിറ്റികളും യുഡിഎഫില്‍നിന്ന് പുറത്തുപോകണം എന്നാവശ്യപ്പെട്ടിട്ട് ഏറെ നാളായില്ല. സിഎംപിയില്‍ ഉടലെടുത്ത ഭിന്നതയിലും യുഡിഫിനോടുള്ള അതൃപ്തി പ്രതിഫലിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണെങ്കില്‍, അധികാരം എന്ന മിനിമം പരിപടിയില്‍ ഒതുങ്ങുന്ന സഹകരണമേ കോണ്‍ഗ്രസുമായി പുലര്‍ത്തുന്നുള്ളൂ. അഴിമതിയില്‍ അഭിരമിക്കുന്ന ഭരണമുന്നണി സംവിധാനത്തിന് വന്ന അനിവാര്യമായ ദുര്യോഗമാണ് യുഡിഎഫിന്റേത്. ആ മുന്നണിയുടെ കെട്ടുപൊട്ടിച്ച് ആദ്യം പുറത്തുപോകുന്നത് കേരളത്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന, സുദീര്‍ഘമായ രാഷ്ട്രീയാനുഭവമുള്ള കെ ആര്‍ ഗൗരിയമ്മയാണ് എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഏതെങ്കിലും കൊതിക്കെറുവുകൊണ്ടല്ല, അഴിമതിയുടെയും ജനവിരുദ്ധനയങ്ങളുടെയും പ്രശ്നമുയര്‍ത്തിയാണ് ജെഎസ്എസിന്റെ തീരുമാനം. ആ രാഷ്ട്രീയ പ്രമേയം ഉയര്‍ത്തുന്ന അത്തരം വിഷയങ്ങളില്‍ തീര്‍ച്ചയായും യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം വരേണ്ടതുണ്ട്. കേരളം തട്ടിപ്പുകാരുടെ നാടായിമാറി എന്ന് ആഭ്യന്തരമന്ത്രിക്കുതന്നെ നിയമസഭയില്‍ വിളിച്ചുപറയേണ്ടിവന്ന അവസ്ഥയ്ക്ക് ആരാണുത്തരവാദി? തട്ടിപ്പുകാരെയും കുറ്റവാളികളെയും ഉള്‍ക്കൊള്ളുന്നതാണ് യുഡിഎഫ് സംവിധാനം എന്നത് ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ട വസ്തുതയാണ്. കലഹിച്ചുനില്‍ക്കുന്ന ഒരു നേതാവിന് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കിയതുകൊണ്ട് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രശ്നങ്ങളാകെ അവസാനിച്ചു എന്ന് മേനിനടിച്ചവരും ജെഎസ്എസ് പ്രമേയം ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് പ്രതികരിക്കേണ്ടതുണ്ട്. സിഎംപിയെ ഒറ്റപ്പാര്‍ടിയായി ഏച്ചുകെട്ടി നിര്‍ത്താനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും അത് സംഭവിക്കാനുള്ള സാധ്യത വിരളമാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നഗ്രൂപ്പുകളെ നിലനിര്‍ത്തുന്നതുപോലെ ഇരു സിഎംപിയെയും പിടിച്ചുനിര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചേക്കാം. എന്നാല്‍, അവരില്‍നിന്നുയര്‍ന്ന എതിര്‍പ്പും വിമര്‍ശവും യുഡിഎഫ് സംവിധാനത്തിനും ഭരണത്തിലെ കൊള്ളരുതായ്മകള്‍ക്കും എതിരാണ് എന്നത് മറച്ചുവയ്ക്കാന്‍ കഴിയില്ല. എല്ലാം ചേര്‍ത്തുവച്ചാല്‍ യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണെന്നു കാണാം. കേരളം കണ്ട ഏറ്റവും പരിഹാസ്യനായ മുഖ്യമന്ത്രിയുടെ തണലില്‍ അത് തളര്‍ച്ചയുടെയും തകര്‍ച്ചയുടെയും നിമിഷങ്ങളെണ്ണുകയാണ്. വലതുപക്ഷ രാഷ്ട്രീയം നേരിടുന്ന പൊതു അവസ്ഥയാണിത്. ജാതി- മത- സങ്കുചിത താല്‍പ്പര്യങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയക്കൂട്ടുകള്‍ക്ക് ഇങ്ങനെയേ സംഭവിക്കൂ. ഒട്ടും വ്യത്യസ്തമല്ല, ബിജെപിയുടെ സ്ഥിതി. ഒറ്റയടിക്ക് 2000 പ്രവര്‍ത്തകര്‍ ബിജെപിയെയും അതിന്റെ ഫാസിസ്റ്റ് നയങ്ങളെയും ഉപേക്ഷിച്ച് സിപിഐ എമ്മിനോട് സഹകരിക്കാന്‍ തീരുമാനിച്ചതാണ് കണ്ണൂരില്‍ കണ്ടത്. ഇത് കണ്ണൂരിലെമാത്രം കാഴ്ചയല്ല. ഈയിടെ പത്തനംതിട്ട ജില്ലയിലും ബിജെപിയില്‍നിന്ന് കൂട്ടരാജിയുണ്ടായി. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ പടയോട്ടം നടത്തുന്നു എന്ന് സംഘപരിവാര്‍ അഹങ്കരിക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ്, ഇവിടെ കാവിക്കൊടി ഉപേക്ഷിക്കപ്പെടുന്നത്. ഇതിനുപിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല. ബിജെപിയും കോണ്‍ഗ്രസും വിശ്വസിക്കാന്‍ കൊള്ളാത്ത ശക്തികളാണ്; ജനവിരുദ്ധ രാഷ്ട്രീയമാണ് അവരുടേത് എന്ന തിരിച്ചറിവിന്റെ ഫലമാണത്. ഇന്നലെവരെ ശത്രുപക്ഷത്തുനിര്‍ത്തിയിരുന്ന സിപിഐ എമ്മിനോടൊപ്പമാണ് തങ്ങള്‍ ഇനി എന്ന് കണ്ണൂരില്‍ ബിജെപി വിട്ടവര്‍ വ്യക്തമാക്കുമ്പോള്‍ അതിനെ പരിഹസിക്കുന്നവരുണ്ട്. ഒരുകൂട്ടം പ്രവര്‍ത്തകര്‍ ഒന്നിച്ച് ഈ തീരുമാനത്തിലെത്തിയതിനെ "ലയനം" എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ബിജെപി വിടുന്നവര്‍ വലതുപക്ഷത്തുതന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരെയാകെ നൈരാശ്യത്തിലെത്തിക്കുന്നതാണ്, വിഘടിതവിഭാഗം നേതൃത്വം വ്യക്തമാക്കിയ രാഷ്ട്രീയനിലപാടുകള്‍. വര്‍ഗീയതയെയും മോഡിസത്തെയും തള്ളിപ്പറയാനും മതനിരപേക്ഷതയുടെ പ്രാധാന്യത്തിന് അടിവരയിടാനും അവര്‍ തയ്യാറായിരിക്കുന്നു; സിപിഐ എമ്മിന്റെ എളിയ പ്രവര്‍ത്തകരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. സംഘപരിവാറിന്റെ തകര്‍ച്ചയുടെ സൂചനയാണിത്. ഒരുഭാഗത്ത് യുഡിഎഫും മറുഭാഗത്ത് ബിജെപിയും തകരുമ്പോള്‍, ഇടതുപക്ഷമാണ് ആശ്രയം എന്ന തിരിച്ചറിവിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകളെ നയിക്കുന്ന സംഭവ വികാസങ്ങളാണിത്. അതില്‍ വിറളിപൂണ്ട് വര്‍ഗീയ പ്രചാരണത്തിനും ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനുമുള്ള നെറികെട്ട നീക്കങ്ങള്‍ യുഡിഎഫില്‍നിന്നുണ്ടായിട്ടുണ്ട്. ഫാസിസ്റ്റ് സ്വഭാവത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമഴിച്ചുവിടുന്ന സംഘപരിവാറിന് ഏല്‍ക്കുന്ന ഏത് ക്ഷതവും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള കരുത്തായി മാറും എന്ന് പരപ്രേരണയില്ലാതെ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കും എന്നോര്‍ത്താല്‍ അത്തരം ശ്രമങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: