Tuesday, January 21, 2014

അടിമത്തപരമായ വിധേയത്വം

നമ്മുടെ നയതന്ത്രജ്ഞയോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് അമേരിക്ക- ഇന്ത്യാ ബന്ധത്തില്‍ ഉണ്ടായ അകല്‍ച്ച വലിയ ചര്‍ച്ചാവിഷയമായി. എത്രയോ മുമ്പുതന്നെ ഇന്ത്യ സ്വീകരിക്കേണ്ടിയിരുന്ന "പകരത്തിനുപകരം" എന്ന രീതിയിലുള്ള പ്രതികരണത്തിന് ഇന്ത്യ തയ്യാറാവുകയും പരസ്പരമനുവദിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ ആനുകൂല്യങ്ങള്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. ഓരോ സംഭവത്തിനുപിന്നിലും, അതിലേക്ക് എത്തിച്ചേരുന്ന സംഭവങ്ങളുടെ ഒരു പ്രക്രിയതന്നെയുണ്ട്. അതിനാല്‍ ഈ പ്രക്രിയകള്‍ മനസിലാക്കുകയും അവ തിരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങളെ അവയുടെ തലത്തില്‍വച്ചുമാത്രം ഒരിക്കലും കൈകാര്യംചെയ്യാന്‍ കഴിയില്ല.

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വാര്‍ത്താസമ്മേളനത്തെ (അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസ്താവനയായാണ് അതിനെ പലരും വീക്ഷിക്കുന്നത്) കാണേണ്ടത്. ഇന്ത്യയുടെ വിധേയത്വത്തെക്കുറിച്ച് അമേരിക്ക എങ്ങനെയാണ് കാണുന്നത് എന്നതു സംബന്ധിച്ച സൂചന ആ വാര്‍ത്താസമ്മേളനത്തില്‍ കാണാം. 2005ലെ ഇന്ത്യ- അമേരിക്ക ആണവകരാര്‍ ആയിരുന്നു തന്റെ ഭരണകാലത്തെ ഏറ്റവും പ്രധാന സംഭവം എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എന്നാല്‍, അതില്‍പിന്നീട് ഒരൊറ്റ യൂണിറ്റ് ആണവ വൈദ്യുതിപോലും അധികമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവച്ചു. അമേരിക്കന്‍ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ആണവ വൈദ്യുതിനിലയത്തില്‍ അപകടമോ പ്രവര്‍ത്തനക്കുഴപ്പമോ ഉണ്ടായാല്‍ വൈദ്യുതനിലയദാതാവിനെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിനായി, പാര്‍ലമെന്റ് പാസാക്കിയ സിവിലിയന്‍ ആണവ ബാധ്യതാനിയമത്തില്‍ സര്‍ക്കാര്‍ വെള്ളംചേര്‍ത്തു. എന്നിട്ടും ഒരൊറ്റ ആണവ പവര്‍പ്ലാന്റും ഇവിടെ സ്ഥാപിക്കപ്പെട്ടില്ല. ഈ വിഷയം പൊതുമിനിമം പരിപാടിയുടെ (ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണ നല്‍കുന്നതിന്റെ അടിസ്ഥാനം ഈ മിനിമം പരിപാടിയായിരുന്നു) ലംഘനമായിരുന്നതിനാല്‍ ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഈ കരാര്‍ ആണവസഹകരണത്തിനപ്പുറം പോകുന്നുവെന്നും ഇന്ത്യയെ അത് അമേരിക്കയുടെ സാമന്ത സഖ്യകക്ഷിയാക്കി ചുരുക്കുന്നുവെന്നും ഇടതുപക്ഷം മുന്നറിയിപ്പ് നല്‍കി. ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അത് പ്രകടമാവുകയുംചെയ്തു. അമേരിക്ക ഏകപക്ഷീയമായി കെട്ടിയേല്‍പ്പിച്ച ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍നിന്നുള്ള ഇന്ത്യയുടെ ക്രൂഡ്ഓയില്‍ ഇറക്കുമതി വലിയ അളവില്‍ കുറഞ്ഞു; 2010-11 ല്‍ ദിനംപ്രതി 3,71,520 ബാരല്‍ ആയിരുന്നത് 2012-13ല്‍ 2,67,100 ബാരലായി. അന്താരാഷ്ട്ര വിപണിയിലേതിനേക്കാള്‍ വളരെയേറെ കുറവായിരുന്നു ഇറാനില്‍നിന്നുള്ള ഇറക്കുമതിച്ചെലവ് എന്നതും ഇന്ത്യ രൂപയില്‍ വില നല്‍കിയാല്‍ മതി (അഥവാ അപ്പപ്പോഴത്തെ സ്ഥിതിക്ക് യോജിച്ച നാണയത്തില്‍) എന്ന വസ്തുതയും നിലനില്‍ക്കുമ്പോഴാണ് ഇതുണ്ടായത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ, നിര്‍വ്യാപനത്തിനും അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുമുള്ള മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സ്റ്റീഫന്‍ ജി റേഡ്മേക്കര്‍, 2007 ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു:

ഇന്ത്യയുടെ സമീപനത്തില്‍ വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതിന് 2005 ജൂലൈയിലെ ആണവക്കരാര്‍ സഹായകമായി. ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ രേഖപ്പെടുത്തിയ രണ്ട് വോട്ടുകള്‍ ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. ഈ വോട്ടുകള്‍ രേഖപ്പെടുത്തിയത് നിര്‍ബന്ധത്തിന്‍കീഴിലാണ് എന്ന് അംഗീകരിക്കുന്ന ആദ്യത്തെ വ്യക്തി ഞാനാണ് എന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

നമ്മുടെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ വമ്പിച്ച അളവില്‍ ചെലവ് ലാഭിക്കാന്‍ കഴിയുമായിരുന്നതും വൈദ്യുതോല്‍പ്പാദനക്ഷമത വലിയ അളവില്‍ വികസിപ്പിക്കാന്‍ സഹായകവുമായ പദ്ധതിയായിരുന്നു ഇന്തോ- ഇറാന്‍ ഗ്യാസ് പൈപ്പ് ലൈന്‍. ആ പദ്ധതി നടപ്പാകാതിരുന്നത്, അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ കീഴ്പ്പെടുന്നുവെന്ന് വീണ്ടും വെളിപ്പെടുത്തി. പാകിസ്ഥാന്റെ ഭൂവിഭാഗങ്ങളിലൂടെ വരുന്ന പൈപ്പ് ലൈനിന്റെ സുരക്ഷിതത്വത്തിലുള്ള ആശങ്കയും ഗ്യാസിന് ഉയര്‍ന്ന വില ഇറാന്‍ ആവശ്യപ്പെടുന്നുവെന്നതുമാണ്, ഈ പദ്ധതിയില്‍നിന്ന് പിന്മാറുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് കാരണമായി എടുത്തുകാട്ടിയത്. എന്നാല്‍, ഇന്നിപ്പോള്‍ ആഭ്യന്തരമായി ഗ്യാസ് വാങ്ങുന്നതിന് റിലയന്‍സിന് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞനിരക്കാണ് ഇന്ത്യ ഇറാന് വാഗ്ദാനംചെയ്തത് എന്ന കാര്യം അധികമാര്‍ക്കും അറിയില്ല. അതിന്റെ ഫലമായി ഇന്ത്യക്ക് ലഭിക്കുമായിരുന്ന വളരെ വലിയ സാമ്പത്തികലാഭവും ഇന്ധനലാഭവും നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. എന്നുതന്നെയല്ല, വില ഇന്ത്യന്‍ രൂപയില്‍ കൊടുത്താല്‍ മതിയായിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ നാം ആ അവസരവും കളഞ്ഞുകുളിച്ചു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ നിയമവിരുദ്ധമായ രഹസ്യനിരീക്ഷണത്തെ സ്നോഡന്‍ തുറന്നുകാണിച്ചിട്ടുണ്ട്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു മുന്നിലുള്ള ഇന്ത്യയുടെ അടിമത്തപരമായ വിധേയത്വം ഇക്കാര്യത്തിലും വ്യക്തമാകുന്നുണ്ട്. അമേരിക്കയുടെ പരമ്പരാഗത- ദീര്‍ഘകാല സഖ്യകക്ഷികളായ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയുടെ പ്രതിഷേധം നിശബ്ദമായ രീതിയിലായിരുന്നു; രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നതായിരുന്നു. സ്വതന്ത്രരാഷ്ട്രങ്ങളുടെ പരമാധികാരത്തെയും ജനങ്ങളുടെ മൗലികമായ സ്വാതന്ത്ര്യങ്ങളെയും ഇത്ര ഹീനമായി ലംഘിക്കുന്ന, അമേരിക്കയുടെ കടന്നാക്രമണപരമായ രഹസ്യവിവരശേഖരണത്തെ, ഫ്രഞ്ച് പ്രസിഡന്റ് ശക്തിയായി അപലപിച്ചു. ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി "കടുത്ത നെറികേട്" എന്ന് അതിനെ വിശേഷിപ്പിച്ച് അവജ്ഞ രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ഒന്നും ഭാവിയില്‍ സംഭവിക്കില്ല എന്ന് ഫ്രഞ്ച് പ്രസിഡന്റിനെയും ജര്‍മന്‍ ചാന്‍സലറെയും ഫോണില്‍വിളിച്ച്, മാപ്പ് അപേക്ഷിച്ച് ഉറപ്പുനല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ബന്ധിതനായി. രഹസ്യ നിരീക്ഷണത്തില്‍ പ്രതിഷേധിച്ച്, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ്, അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം മാറ്റിവച്ചു. മെക്സിക്കോയോടും ബ്രസീലിനോടും അമേരിക്കന്‍ ഭരണകൂടത്തിന് മാപ്പുപറയേണ്ടിവന്നു.

നിയമവിരുദ്ധവും അധാര്‍മികവുമായ അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ അന്താരാഷ്ട്ര പ്രതികരണം ഉയര്‍ന്നുവന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് എന്താണ് ചെയ്തത്? ടെലിഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റ് ഉപയോഗവും ചോര്‍ത്തുന്ന കാര്യത്തില്‍ അമേരിക്കയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുതന്നെ ഇന്ത്യയും ഉണ്ട് എന്ന റിപ്പോര്‍ട്ടും വന്നു. ഇതൊക്കെയുണ്ടായിട്ടും ഇന്ത്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞത്, അത്തരം അസ്വീകാര്യമായ അതിക്രമിച്ചു കടക്കല്‍, ഒളിഞ്ഞുനോട്ടം അല്ലെന്നാണ്. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ഇത് സൂക്ഷ്മപരിശോധനയും യഥാര്‍ഥ സന്ദേശങ്ങള്‍ മനസിലാക്കലുമല്ല. അത് ഫോണ്‍കോളുകളുടെ രീതിയുടെ കംപ്യൂട്ടര്‍പഠനം മാത്രമാണ്; കംപ്യൂട്ടര്‍ വിശകലനം മാത്രമാണ്. അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ത്യ നടത്തിയ, ഹീനമായ സാഷ്ടാംഗ നമസ്കാരവും വിധേയത്വവും ആണ്, ഇന്ത്യയുടെ കൈപിടിച്ചു വളയ്ക്കുന്നതിനു മാത്രമല്ല, ഇന്ത്യ തങ്ങള്‍ക്ക് അധീനമാണെന്ന് കരുതുന്നതിനും അമേരിക്കയ്ക്ക് ധൈര്യം നല്‍കിയത്.

ആശ്രിതരാജ്യമായ ഇന്ത്യയെ, എത്രത്തോളം അങ്ങനെ കരുതാനാകും എന്ന് വിലയിരുത്തുന്നതിനുള്ള അവസരമായാണ്, ഇപ്പോഴത്തെ നയതന്ത്രപരമായ അകല്‍ച്ചയെ അമേരിക്ക ഉപയോഗപ്പെടുത്തുന്നത് എന്നാണ് പൊതുവില്‍ കരുതുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞ വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുന്നു എന്ന് പറയപ്പെടുന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഏറെക്കാലമായി അംഗീകരിക്കപ്പെടാതെ കിടക്കുന്ന ഐഎല്‍ഒ കരാര്‍ അടിയന്തരമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഒരിക്കല്‍ക്കൂടി നാം ശ്രദ്ധതിരിക്കേണ്ടതുണ്ട്. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം പാര്‍ലമെന്റിനുമുന്നില്‍ ഇരിക്കുകയാണ്. അത് വേണ്ടത്ര ശക്തിപ്പെടുത്തി, ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ പാസാക്കണം. ഇന്ത്യയിലെ കോടതിയില്‍, നമ്മുടെ നിയമപ്രക്രിയ അനുസരിച്ച് ഒരു കേസ് പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, തങ്ങളുടെ പ്രാദേശിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നു പറയുന്ന അമേരിക്കയുടെ വാദം നിലനില്‍ക്കുന്നതല്ല. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ മറവില്‍ ഈ തൊഴിലാളിയുടെ കുടുംബത്തെ അമേരിക്ക ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്.

തങ്ങളുടെ നിയമവിരുദ്ധമായ സൈനിക ഇടപെടലുകളിലൂടെ ലോകത്തെമ്പാടും പൈശാചികമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന അമേരിക്ക, മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനാണ് തങ്ങളെന്ന് സ്വയംനടിക്കുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ ഇപ്പോഴത്തെ ഈ അകല്‍ച്ചയില്‍, പരസ്പരമുള്ള നയതന്ത്രപരമായ, പകരത്തിനുപകരം എന്ന നിലയ്ക്കുള്ള പ്രതികരണത്തില്‍മാത്രം ഒതുങ്ങിനിന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിയില്ല. ഇന്ത്യ അതിന്റെ വിദേശനയ ദിശാബോധം തിരുത്തേണ്ടതുണ്ട്. മറ്റെല്ലാ രാജ്യങ്ങളുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം വളര്‍ത്തിക്കൊണ്ടുവരുന്ന അവസരത്തില്‍ത്തന്നെ, ഒരു സ്വതന്ത്ര വിദേശനയം അനുവര്‍ത്തിക്കുന്നതില്‍ ഇന്ത്യ തനതായ, അഭിമാനകരമായ നിലപാട് പുനഃസ്ഥാപിക്കേണ്ടതുണ്ട്.

*
സീതാറാം യെച്ചൂരി ദേശാഭിമാനി

No comments: