Showing posts with label കുടുംബശ്രീ. Show all posts
Showing posts with label കുടുംബശ്രീ. Show all posts

Saturday, June 22, 2013

ദരിദ്രര്‍ക്ക് സഹായം സഹ. ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക് പഠനം

കേരളത്തിലെ ദരിദ്രരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സാമ്പത്തി കാവശ്യങ്ങള്‍ക്ക് വാണിജ്യബാങ്കുകളെയല്ല, സ്വയംസഹായസംഘ (എസ്എച്ച്ജി)ങ്ങളെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പഠനം. ഭൂരിപക്ഷം പേര്‍ക്കും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്ന് പഠനം കണ്ടെത്തുന്നു. ദരിദ്രര്‍ക്ക് ആവശ്യമായ രീതിയില്‍ വായ്പ ലഭ്യമാക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളാണ് ഏറെ സഹായിക്കുന്നതെന്നും അടുത്തിടെ നടത്തിയ പഠനം പറയുന്നു.

സഹകരണബാങ്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് എറണാകുളം ജില്ലയിലായിരുന്നു പഠനം. ഇതിനായി കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്തും നഗരത്തിലെ ചേരികളിലുമായുള്ള 107 ദരിദ്രകുടുംബങ്ങളില്‍നിന്ന് അവരുടെ ഒരുമാസത്തെ വരവുചെലവ് കണക്ക് ദിനംപ്രതി ശേഖരിച്ചു.

പഠനവിധേയമാക്കിയ മാസക്കാലത്ത് പഠനവിധേയരായവരില്‍ അഞ്ചില്‍ നാലുപേരും വായ്പയെടുത്തിട്ടുണ്ട്. 17 ശതമാനം പേരേ സ്വയംസഹായ സംഘങ്ങളിലും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്തിട്ടുള്ളൂവെങ്കിലും ആകെ വായ്പയുടെ 28 ശതമാനം ഈ സ്ഥാപനങ്ങളില്‍നിന്നാണ്. ഇതിലേറെയും കുടുംബശ്രീ എസ്എച്ച്ജികളുമാണ്. വായ്പയുടെ നാലിലൊന്ന് സ്വകാര്യ പണമിടപാടുകാരില്‍നിന്നാണ്. രണ്ടുശതമാനം പേരേ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തിട്ടുള്ളൂ. പക്ഷേ ഈ വായ്പാതുക മൊത്തം വായ്പയുടെ നാലിലൊന്നുവരും (25 ശതമാനം).

പഠനം നടന്ന ഒരുമാസ കാലയളവില്‍ പഠനവിധേയരായവരാരും ഒരിക്കല്‍പ്പോലും വാണിജ്യബാങ്കുകളില്‍നിന്ന് വായ്പയെടുക്കുകയോ അവിടെ പണം നിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിന് വിധേയരാക്കിയ കുടുംബങ്ങളില്‍ നാലില്‍ മൂന്നുഭാഗവും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ്. ആവശ്യമുള്ള സമയത്ത് കടം നല്‍കുന്ന കാര്യത്തില്‍ വാണിജ്യബാങ്കുകളുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. സ്വര്‍ണപ്പണയത്തിന് ബാങ്കുകളില്‍ പലിശ കുറവാണ്. എന്നാല്‍ കൂടുതല്‍ പലിശയുള്ള സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയാണ് പാവപ്പെട്ടവര്‍ സമീപിക്കുന്നത്. പലിശ മാത്രമല്ല ഇതിനു കാരണമെന്ന് ഇതു വ്യക്തമാക്കുന്നു.

പെട്ടെന്ന് കിട്ടുക എന്നതും സമയത്ത് കിട്ടുക എന്നതുമാണ് കൂടുതല്‍ പ്രധാനം. ഇക്കാര്യത്തില്‍ സഹകരണസ്ഥാപനങ്ങളും സ്വകാര്യ പണമിടപാടുകാരും വാണിജ്യബാങ്കുകളെക്കാള്‍ ഭേദമാണ്. ബാങ്കുകളുടെ വായ്പാപദ്ധതികള്‍ ദരിദ്രരുടെ വിഭിന്നങ്ങളായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉതകുന്നവിധത്തില്‍ പുനഃക്രമീകരിക്കണം. ഉത്സവകാല വായ്പകളും ചെറുകിട വായ്പകളും ഓവര്‍ഡ്രാഫ്റ്റും ലഭ്യമാക്കണം. ഈ രംഗത്ത് സഹകരണസ്ഥാപനങ്ങളാണ് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി ഭാരവാഹികള്‍ സ്വന്തം ഗ്രാമത്തില്‍നിന്നുള്ളവരായതിനാല്‍ ഇവരെ കൂടുതല്‍ പരിചയം ഉണ്ടാകും. ഇത് ഇത്തരം സ്ഥാപനങ്ങളെ ദരിദ്രര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ടാകാം.

ബാങ്കുകളുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ അയവുള്ളതും ലളിതവും ആക്കുകയും വേണം. പാവങ്ങളെ സ്വന്തം പണമിടപാടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സമയം കുറയ്ക്കണം. ദരിദ്രരെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള ബാങ്കുകളുടെ പരിശ്രമത്തില്‍ പ്രാദേശികമായി വേരുകളുള്ള പ്രാഥമിക സഹകരണസംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തണം- പഠനം നിര്‍ദേശിക്കുന്നു.

കുടുംബശ്രീക്കും വലിയ പങ്ക്

കൊച്ചി: ദരിദ്രര്‍ക്ക് പണം കടം നല്‍കുന്ന കാര്യത്തിലും അവരുടെ അധികപണം സൂക്ഷിക്കുന്നതിലും സ്വയംസഹായസംഘങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിസര്‍വ്ബാങ്ക് പഠനം. കുടുംബശ്രീ എസ്എച്ച്ജികള്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും വാണിജ്യബാങ്കുകള്‍ അവരുമായി ബന്ധമുണ്ടാക്കിയാല്‍ കൂടുതല്‍ സഹായകമാകുമെന്നും പഠനം പറയുന്നു.ചെലവു കുറയ്ക്കാനും കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കുടുംബശ്രീ മിഷന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്താനായിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം പ്രാദേശിക ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചുമാണ്. 37 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ രണ്ടുലക്ഷം കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ എന്‍ആര്‍എല്‍എം (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍) പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പും കുടുംബശ്രീവഴിയാണ്. പഠനവിധേയമാക്കിയവരില്‍ 17 ശതമാനം പേരും സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരാണ്.

*
ദേശാഭിമാനി

Saturday, October 13, 2012

യാതനകളിലൂടെ വളര്‍ന്ന മഹാപ്രസ്ഥാനം

"ഷേക്സ്പിയര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി വെനീസിലെ കച്ചവടക്കാരന്റെ രണ്ടാംഭാഗം എഴുതുമായിരുന്നു; അത് ഇന്ത്യയിലെ ആധുനിക കൊള്ളക്കാരായ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെക്കുറിച്ചായിരിക്കും" എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ ദേവീന്ദര്‍ ശര്‍മ പ്രതികരിച്ചിരുന്നു. എളുപ്പത്തില്‍ പണമുണ്ടാക്കാം. വായ്പ ഒരു പ്രശ്നമേയല്ല എന്നൊക്കെ പ്രലോഭനങ്ങള്‍ മുന്നോട്ടുവച്ച് ലക്ഷക്കണക്കായ ദരിദ്രരെ ആത്മഹത്യാമുനമ്പിലേക്ക് നയിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നൂറും നൂറ്റമ്പതും ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനെന്നപേരില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൈക്രോഫിനാന്‍സ് ബില്ലിലാകട്ടെ പലിശയ്ക്ക് പരിധി തീരുമാനിക്കാന്‍ തയ്യാറായിട്ടില്ല. വാസ്തവത്തില്‍ ക്ഷേമപദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ഇത്തരം സ്വകാര്യപണമിടപാടുകാരുടെ കൈയിലേക്ക് ദരിദ്രരെ തള്ളിവിടുകയും ചെയ്യുന്നതിന് നിയമസാധുത നല്‍കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ ആധുനിക ഷൈലോക്കുമാരുടെ നിരയിലേക്ക് കേരളത്തിന്റെ സംഭാവനയാണ് ജനശ്രീ.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ മൈക്രോഫിനാന്‍സ് കെണിയിലകപ്പെട്ട് സ്ത്രീകള്‍ ആത്മഹത്യയില്‍ അഭയംപ്രാപിച്ചപ്പോള്‍ കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പരിപൂര്‍ണപിന്തുണയോടെ ജനകീയപ്രസ്ഥാനമായി മാറുകയായിരുന്നു കുടുംബശ്രീ. എന്നാല്‍, എം എം ഹസ്സന്റെ പേരില്‍ ഭൂരിപക്ഷ ഓഹരികളുള്ള ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തെ കുടുംബശ്രീക്ക് ബദലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന സമീപകാല പ്രവര്‍ത്തനങ്ങള്‍ മൈക്രോഫിനാന്‍സ് കൊള്ളയുടെ ഭീഷണി കേരളത്തിലേക്കും വ്യാപിക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1041 കോടി രൂപ നിക്ഷേപവും 4591 കോടി രൂപ ആഭ്യന്തരവായ്പയും 970 കോടി രൂപ ബാങ്ക് ലിങ്കേജും 26 കോടി രൂപയുടെ മാച്ചിങ് ഗ്രാന്റും പിന്നെ കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും കൈമുതലായ കുടുംബശ്രീ ഒരു ചക്കരക്കുടമെന്ന് കരുതി ഹസ്സനും കൂട്ടരും മോഹിക്കേണ്ട. കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് പത്ത് മന്ത്രിമാരെ അണിനിരത്തിയ ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയിലെ സഹോദരിമാരുടെ അനുഭവസാക്ഷ്യങ്ങള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നുവായിച്ചുനോക്കൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രസ്ഥാനത്തെ ഇത്തരത്തില്‍ വളര്‍ത്തുന്നതിനുപിന്നില്‍ ലക്ഷക്കണക്കായ സ്ത്രീകള്‍ അനുഭവിച്ച യാതനകള്‍. 2006ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീമിഷന്‍ രൂപീകരിച്ച ഘട്ടത്തില്‍തന്നെ, സ്ത്രീകളുടെ ഐക്യത്തെ ശിഥിലമാക്കുകയും സര്‍ക്കാര്‍പദ്ധതിയായ കുടുംബശ്രീയെ ദുര്‍ബലമാക്കുകയും ചെയ്യുന്നതിന്റെ അധാര്‍മികത സംബന്ധിച്ച വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാമുദായിക സംഘടനകളടക്കം നേതൃത്വം നല്‍കുന്ന നിരവധി സ്വയംസഹായസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പുറപ്പെട്ടിരിക്കുന്ന ജനശ്രീക്കെതിരെ എന്തിനാണ് രോഷംകൊള്ളുന്നത് എന്ന ന്യായവാദം ഉയര്‍ത്തിയാണ് ഈ പ്രതിഷേധങ്ങളെ ഹസ്സനും കൂട്ടരും നേരിട്ടത്. എന്നാല്‍, കഴിഞ്ഞ നാളുകളിലെ ജനശ്രീയുടെ പ്രവര്‍ത്തനം വിശേഷിച്ച്, 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള നടപടികള്‍, ലക്ഷക്കണക്കായുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ ആശങ്കകളെ ഉറപ്പിച്ച സാഹചര്യത്തിലാണ് കുടുംബശ്രീ സംരക്ഷണവേദി എന്ന പിന്തുണാ സംവിധാനത്തിന് രൂപം നല്‍കാനും പ്രത്യക്ഷസമരത്തിലേക്കിറങ്ങാനും കുടുംബശ്രീ എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ തീരുമാനിച്ചത്. അങ്ങനെയാണ് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ആയിരക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ അണിനിരക്കുന്ന ഐതിഹാസിക സമരത്തിന് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം വേദിയായത്.

എന്തുകൊണ്ട് പ്രത്യക്ഷസമരം? ജനശ്രീ മിഷനെ ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തി 14.36 കോടി രൂപ നല്‍കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി അമ്പരപ്പും ആശങ്കയും ഉളവാക്കുന്നതാണ്. കേന്ദ്രപദ്ധതിയുടെ ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും മറികടന്നാണ് ജനശ്രീ മിഷന്റെ തട്ടിക്കൂട്ടിയ അഞ്ച് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. കാര്‍ഷിക- മൃഗസംരക്ഷണമേഖലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകളും സഹകരണസ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഫണ്ടിനായുള്ള നിര്‍ദേശങ്ങളും പദ്ധതികളും ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനസമിതി പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങള്‍വഴി നടപ്പാക്കണമെന്നാണ്. എന്നാല്‍, കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അവഗണിച്ചാണ് ഈ രംഗത്ത് പറയത്തക്ക ഒരു മുന്‍പരിചയവുമില്ലാത്ത ജനശ്രീക്ക് ഫണ്ട് അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയില്‍ അരലക്ഷത്തോളം (49500) സംഘങ്ങള്‍ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 47000 ഹെക്ടര്‍ ഭൂമിയില്‍ 2.62 ലക്ഷം സ്ത്രീകള്‍ കുടുംബശ്രീയുടെ ഭാഗമായി കൃഷിചെയ്യുന്നുണ്ട്. ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീക്ക് നല്‍കിയ പദ്ധതിവിഹിതമുള്‍പ്പെടെയുള്ള വിപുലമായ പ്രോത്സാഹനമാണ് കാര്‍ഷികരംഗത്ത് ഓരോ ജില്ലയും കേന്ദ്രീകരിച്ച് "സമഗ്ര"പോലുള്ള മാതൃകാപദ്ധതികള്‍ നടപ്പാക്കാന്‍ കുടുംബശ്രീയെ പ്രാപ്തമാക്കിയത്.

ഉത്സവകാലങ്ങളില്‍ 10-12 കോടി രൂപയുടെ ലാഭംവരെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയടക്കം വില്‍പ്പനയിലൂടെ കുടുംബശ്രീ സംഘങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. എന്നാല്‍, സംഘകൃഷിക്കായി ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കിയ ഒരു ശതമാനം പലിശയുടെ വായ്പാപദ്ധതിയെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്ന അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരെ അന്യായമായി പറഞ്ഞുവിട്ട് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിച്ച യുഡിഎഫ് സര്‍ക്കാര്‍ ജനശ്രീക്ക് 14.36 കോടി രൂപ നല്‍കുകമാത്രമല്ല, അത് നടപ്പാക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരിക്കുന്നു! 2006ല്‍ ജനശ്രീയുടെ ഉദ്ഘാടനവേളയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞത് ജനശ്രീ, കുടുംബശ്രീക്ക് എതിരല്ല എന്നാണ്. എന്നാല്‍, ജനശ്രീ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും കുടുംബശ്രീയെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ചതായാണ് അനുഭവം. യുഡിഎഫിന്റെ 2001-2006 ഭരണകാലത്ത് കുടുംബശ്രീയുടെ ഉദ്യോഗസ്ഥരായിരുന്നവരെയും കുടുംബശ്രീയുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയുമാണ് ജനശ്രീ രൂപീകരിക്കാന്‍ വിവിധ ജില്ലകളില്‍ ചുമതല നല്‍കിയത്. പല പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സജീവപ്രവര്‍ത്തകരെത്തന്നെ ജനശ്രീയുടെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കിയത് സൃഷ്ടിച്ച ആശയക്കുഴപ്പം ചെറുതല്ല.

രാഷ്ട്രീയസ്വാധീനവും സമ്മര്‍ദവും സാമ്പത്തിക പ്രലോഭനങ്ങളുംകൊണ്ട് പാവപ്പെട്ട സ്ത്രീകളെ ജനശ്രീയില്‍ അംഗങ്ങളാക്കുന്ന തന്ത്രമാണ് ഹസ്സനും കൂട്ടരും സ്വീകരിച്ചത്. ഇപ്പോള്‍ ജനശ്രീക്കെതിരായി ഉയര്‍ന്നുവന്ന രോഷം തണുപ്പിക്കാന്‍ ചില കൊമേഴ്സ്യല്‍ ബാങ്കുകളെ സ്വാധീനിച്ച് ഒരുപാധിയും കൂടാതെ 50000 രൂപ വായ്പ വിതരണംചെയ്യുകയാണ് ജനശ്രീ. അധികാരമുണ്ടെങ്കില്‍ ആരെയും പേടിക്കേണ്ട എന്ന ധാര്‍ഷ്ട്യമാണ് ഇത്തരം വഴിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹസ്സനടക്കമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യം നല്‍കുന്നത്. കുടുംബശ്രീയെ ഇടതുപക്ഷസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുറവിളി കൂട്ടിയ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വകാര്യസംഘടനയായ ജനശ്രീക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനംതന്നെ ദുരുപയോഗംചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്.

2012 മെയ്- ജൂണ്‍ മാസങ്ങളില്‍ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റുമാര്‍ക്ക് ജനശ്രീ മിഷനുവേണ്ടി പ്രോജക്ടുകളും മറ്റും തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്തുവച്ച് നടക്കുകയുണ്ടായി. ഇതിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. ഈ പരിശീലനങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവ് നല്‍കിയത് സംസ്ഥാന ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും. ഈ പരിശീലനത്തിന്റെ രണ്ടാംഘട്ടമായി ജനശ്രീയുടെ വിവിധ പ്രോജക്ടുകള്‍ ഈ ഉദ്യോഗസ്ഥര്‍ മുഖേന നടപ്പാക്കിവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആസൂത്രണബോര്‍ഡിലെ ഒരംഗത്തിന് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട് എന്നാണറിയുന്നത്! 12-ാം പഞ്ചവത്സരപദ്ധതിയുടെ പണികള്‍ മാറ്റിവച്ചും ജനശ്രീക്കുവേണ്ടി അധ്വാനിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍! കെപിസിസി പ്രസിഡന്റ് അവകാശപ്പെടുന്നതുപോലെ ജനശ്രീയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെങ്കില്‍ സര്‍ക്കാരിന്റെ പണവും ഔദ്യോഗിക സംവിധാനവും അനധികൃതമായി ജനശ്രീപോലൊരു സ്വകാര്യ സംഘടനയ്ക്ക് നല്‍കുന്നതിനെ സംബന്ധിച്ച് എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പറയാനുള്ളതെന്നറിയാന്‍ നാട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടാകും.

*
ഡോ. ടി എന്‍ സീമ ചിന്ത വാരിക 12 ഒക്ടോബര്‍ 2012

ഇത് ധര്‍മ്മസമരം

കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരായ സഹോദരിമാര്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റിന് മുന്നില്‍ സഹന സമരത്തിലാണ്. ഈ സമര മുന്നേറ്റത്തിന് കേരളത്തിലെ സ്ത്രീ മനസ്സുകളുടെയാകെ മാനസികവും ധാര്‍മികവുമായ പിന്തുണയാണുള്ളത്. കാരണം ഈ സമരം ഈ നാട്ടിലെ ഓരോ സ്ത്രീയുടേയും സമരമാണ്. അവരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും തടയിടുന്ന നടപടികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. സര്‍വംസഹയായി സ്ത്രീകള്‍ വീട്ടിലിരിക്കുമെന്ന ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന് കടുത്ത ഭാഷയിലുള്ള മറുപടിയാണ് ഈ സമരത്തിലൂടെ നമ്മുടെ സഹോദരിമാര്‍ നല്‍കുന്നത്. എന്തിന് വേണ്ടിയാണ് ഈ സമരം? ഇത് സര്‍ക്കാറിനെതിരെയോ അതല്ലെങ്കില്‍ ഏതെങ്കിലും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരെയോ ഉള്ളതാണോ?.

നമ്മുടെ ഭരണാധികാരികളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് അനിവാര്യമായിരിക്കുന്നു. എന്തുകൊണ്ട് കുടുംബശ്രീയെ തകര്‍ക്കുന്നുവെന്ന് പറയുന്നു? എന്തുകൊണ്ട് സ്വകാര്യ സംരംഭത്തിന് വഴിവിട്ട് ധനസാഹയം നല്‍കുന്നുവെന്ന് നാം പറയുന്നു?. ഒരു വ്യാഴവട്ടം മുമ്പാണ് കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് വിത്തുപാകുന്നത്. ഒന്നര പതിറ്റാണ്ടിനിടയില്‍ ഈ പ്രസ്ഥാനം വളര്‍ന്ന് പന്തലിച്ച് കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ ശാക്തീകരണത്തിന് വഴിമരുന്നിട്ടു. കുടുംബശ്രീ സ്വയം സഹായക സംരംഭങ്ങള്‍ നാടെങ്ങും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ത്രീ മുന്നേറ്റത്തിന് പിന്നില്‍ പോലും കുടുംബശ്രീയുടെ വിജയഗാഥകള്‍ കൂടിയുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് കുടുംബശ്രീയെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലക ശക്തിയായി വളര്‍ത്തിയെടുത്തു. 2006ലെ സംസ്ഥാന ബജറ്റില്‍ 100 കോടി രൂപയാണ് കുടുംബശ്രീക്ക് വേണ്ടി നീക്കിവെച്ചത്. കുടുംബശ്രീയുടെ ഈ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും ചില കേന്ദ്രങ്ങളെ എന്തുകൊണ്ടോ വിറളി പിടിപ്പിച്ചു. സ്ത്രീകളെ എന്നും അടുക്കളയില്‍ കുരുക്കിയിടാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്ക് കുടുംബശ്രീ തലവേദനയായിരുന്നു. ഈ പ്രതിലോമ ശക്തികളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അത് കുടുംബശ്രീയുടെ കടയ്ക്കലുള്ള കത്തിവെപ്പും തുടങ്ങി. പുരോഗമനപരമായ ഒട്ടേറെ നടപടികള്‍ക്ക് തുരങ്കം വെച്ച ഈ സര്‍ക്കാര്‍ കുടുംബശ്രീക്ക് നേരെ തിരിഞ്ഞതും അല്‍ഭുതമായി തോന്നുന്നില്ലെങ്കിലും ഇത് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല.

എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീ സുസ്ഥിര മിഷന്‍ എന്ന സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ ഉയര്‍ന്നുവന്ന ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. എന്നാല്‍ ഹസ്സന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് നേരത്തെ കരുതിത് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീ സുസ്ഥിര മിഷന്‍ എന്ന സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ ഉയര്‍ന്നുവന്ന ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. എന്നാല്‍ ഹസ്സന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കില്‍ അത് മാത്രമല്ല, സാമ്പത്തിക നേട്ടം ഉണ്ടാക്കലും പൊതുമുതല്‍ കൊള്ളയടിക്കലുമാണ് ഹസ്സന്റെ ലക്ഷ്യമെന്ന് ഇപ്പോള്‍ അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പേരില്‍ പതിനാല് കോടിയിലേറെ രൂപ സംസ്ഥാന കൃഷി മൃഗ സംരക്ഷണ വകുപ്പുകള്‍ ജനശ്രീക്ക് നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടന്ന നഗ്നമായ രാഷ്ട്രീയ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനശ്രീമിഷന് 14 കോടി രൂപ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പു ചുമതല ലഭിക്കാതായപ്പോഴാണ് ജനശ്രീ മറ്റു ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. പ്രതിവര്‍ഷം 50 കോടിയോളം രൂപ ലഭിക്കുമായിരുന്ന എന്‍ആര്‍എല്‍എം പദ്ധതിയുടെ നടത്തിപ്പിന് നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫും പി ടി തോമസ് എംപിയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെയായിരുന്നു നിയോഗിച്ചിരുന്നത്. എന്നാല്‍, എന്‍ആര്‍എല്‍എം ഫണ്ട് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ പേരില്‍ പി ടി തോമസ് എംപിയുടെ ശുപാര്‍ശക്കത്തോടെ നിവേദനം നല്‍കുകയായിയിരുന്നു. ഈ നീക്കത്തിനു പിന്നിലും ഉമ്മന്‍ചാണ്ടിയും കെ സി ജോസഫുമായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 14 കോടിരൂപ തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി 27 കോടി രൂപയുടെ അഞ്ച് പ്രോജക്ടുകളാണ് ജനശ്രീ മിഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് പദ്ധതിക്ക് ജനശ്രീ പറഞ്ഞ തുക പൂര്‍ണമായും അനുവദിച്ച് കൃഷിവകുപ്പ് റെക്കോഡിട്ടു. മറ്റ് മൂന്നു പദ്ധതിക്കും തോന്നിയപോലെയും പണം അനുവദിച്ചു. ഈ അഞ്ച് പദ്ധതികളില്‍ ഒന്നുപോലും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് പ്രയോജനപ്പെടുന്നതല്ല.

ജനശ്രീ മിഷന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ഫണ്ട് അനുവദിച്ചതിലൂടെ പ്രതിക്കൂട്ടിലാകുന്നത് കൃഷിമന്ത്രി കെ പി മോഹനും കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത ബിശ്വാസുമാണ്. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്.

ഈ ഫണ്ട് സംബന്ധിച്ച വിവാദം കത്തിനില്‍ക്കെയാണ് ജനശ്രീ മിഷന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സ്വത്തെന്ന റിസര്‍വ് ബാങ്ക് രേഖ പുറത്ത് വന്നത്. 2006ല്‍ രൂപീകരിച്ച ജനശ്രീ മിഷന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ 2010ലാണ് ജനശ്രീ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് രൂപീകരിച്ചത്. 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തു. റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കമ്പനിക്ക് ഏഴ് ഓഹരി ഉടമകളാണുള്ളത്. ഏഴുപേര്‍ക്കും കൂടിയുള്ള 20 ലക്ഷം ഓഹരിയില്‍ 19,94,000 ഓഹരിയും ഹസ്സനാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഓഹരി ഉടമകളായ മറ്റ് ആറുപേരും കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആണ്. എന്നാല്‍, ഇവര്‍ക്കെല്ലാം കൂടി ആകെയുള്ളത് വെറും 6,000 ഓഹരി മാത്രം. ഓരോരുത്തര്‍ക്കും 1000 ഓഹരി വീതം. 19.94 ലക്ഷം ഓഹരിക്കായി ഹസ്സന്‍ മുടക്കിയത് 1,99,40,000 രൂപ. മറ്റ് ആറ് ഓഹരി ഉടമകള്‍ കൂടി 10,000 രൂപ വീതം വെറും 60,000 രൂപ മാത്രം. ഈ ഓഹരി ഉടമകളില്‍ രണ്ടാമനായ ബാലചന്ദ്രന്‍ ഭാരത് സേവക് സമാജ് എന്ന സംഘടന രൂപീകരിച്ചുനടത്തിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനകം വിവാദങ്ങളില്‍ കുടുങ്ങിയ ആളാണ്. കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷും തമ്പാനൂര്‍ രവിയും പി പി മോഹനന്‍, ടി എം രാഘവന്‍, ആര്‍ പ്രഭ എന്നിവരുമാണ് മറ്റ് ഓഹരി ഉടമകള്‍. ഹസ്സന്റെയും തമ്പാനൂര്‍ രവിയുടെയും ലതിക സുഭാഷിന്റെയും ഉള്‍പ്പെടെ മുഴുവന്‍ ഓഹരി ഉടമകളുടെയും തൊഴില്‍ കച്ചവടമാണെന്നാണ് രേഖയിലുള്ളത്.

1956ലെ കമ്പനി ആക്ട് പ്രകാരം കേരള-ലക്ഷദ്വീപ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രജിസ്ട്രേഷന്‍ നടത്തിയപ്പോഴും ഇതേ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ജനശ്രീയുടെ മറവില്‍ ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയെയും കബളിപ്പിച്ചു. കേന്ദ്ര കമ്പനി നിയമപ്രകാരം സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചതും ഓഹരി കൈമാറ്റനിയമം ലംഘിച്ചതും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക വഞ്ചനാ കുറ്റങ്ങള്‍ നടത്തിയതിന് ഹസ്സനെതിരെ അധികൃതര്‍ക്ക് കേസെടുക്കേണ്ടിവരും. കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളില്‍ കമ്പനിയുടെ 20 ലക്ഷം ഓഹരിയില്‍ 19.94 ലക്ഷം ഓഹരി ഹസ്സന് ഉണ്ടെന്ന് പറയുന്നു. അതായത് രണ്ടുകോടി രൂപയുടെ ഓഹരിയില്‍ 1.994 കോടി മൂല്യം വരുന്ന ഓഹരിയും ഹസ്സന്. ആകെ ഓഹരിയുടെ 99.7 ശതമാനം വരും ഇത്. എന്നാല്‍, തനിക്ക് 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് 19.94 ലക്ഷം ഓഹരികളുണ്ടെന്നു കാണിച്ച് റിസര്‍വ് ബാങ്കില്‍ കള്ള"സത്യ"വാങ്മൂലം നല്‍കിയെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ഇപ്പോള്‍ തന്റെ പേരിലുണ്ടെന്ന് അവകാശപ്പെടുന്ന 5000 ഓഹരി കഴിച്ച് ബാക്കി 19.89 ലക്ഷം ഓഹരിയും വിറ്റെന്ന് സമ്മതിക്കേണ്ടിവരും. 1.989 കോടി രൂപ മൂല്യമുള്ള ഈ ഓഹരി വില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ അത് ധനകാര്യ വഞ്ചനാകുറ്റമാണ്. ഹസ്സന്‍ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ ആ തുക എന്തുചെയ്തെന്നും വ്യക്തമാക്കേണ്ടിവരും. വിറ്റതിന്റെ രേഖകള്‍ കേന്ദ്ര ആദായനികുതി വകുപ്പിനും സമര്‍പ്പിക്കണം. അതുമുണ്ടായില്ല. ഇതനുസരിച്ചുള്ള വരുമാനികുതിയും അടയ്ക്കണം. അത് ചെയ്യാത്തതും കടുത്ത സാമ്പത്തിക കുറ്റമാണ്. ഓഹരികള്‍ ഇപ്പോഴും ഹസ്സന്റെ കൈയിലാണെങ്കിലും പ്രശ്നം തീരുന്നില്ല. അതും ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്രയും ഭീമമായ തുക കൈയില്‍ വയ്ക്കുമ്പോള്‍ വരുമാനസ്രോതസ്സ് വ്യക്തമാക്കണം. ഹസ്സന്‍ അതും ചെയ്തിട്ടില്ല. മാത്രമല്ല, ലക്ഷക്കണക്കിന് ജനശ്രീ അംഗങ്ങളെ വഞ്ചിച്ചതിന് വഞ്ചനാ കേസിലും പ്രതി ചേര്‍ക്കേണ്ടിവരും.

ബാങ്കിങ് ഇതര പണമിടപാടുകള്‍ നടത്തുന്നതിന് റിസര്‍വ് ബാങ്കില്‍ "ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ്" എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധ സ്ഥാപനമാണ് ഇതെന്ന വിവരവും ഹസ്സന്‍ മറച്ചുപിടിച്ചു. ജനശ്രീ 2006ലാണ് രൂപീകരിച്ചതെങ്കിലും അതിന്റെ പ്രവര്‍ത്തനം സുതാര്യവും വിശ്വാസ്യതയുമുള്ളതാക്കാന്‍ 2010ല്‍ ജനശ്രീ മൈക്രോ ഫിന്‍ കമ്പനി രൂപീകരിച്ചെന്നാണ് ഹസ്സന്‍ പ്രചരിപ്പിച്ചത്. വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും വ്യക്തികള്‍ക്കും അയച്ച കത്തുകളിലും രേഖകളിലും ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന് കത്തയച്ചപ്പോള്‍ ഇക്കാര്യം ബോധപൂര്‍വം മറച്ചുവച്ചു. പൂര്‍ണമായും ഒരു ധനസ്ഥാപനമാണ് ഇതെന്ന് മാത്രമാണ് റിസര്‍വ് ബാങ്കിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയ നിബന്ധനയും ലംഘിക്കപ്പെട്ടു. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934ലെ ചാപ്റ്റര്‍ ബി അനുസരിച്ചുള്ള നിബന്ധന പാലിക്കണമെന്നാണ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ നിബന്ധന. ഇപ്രകാരം പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ച്-എ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, ജനശ്രീ മിഷനും മൈക്രോഫിനും വ്യാപകമായി നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ സഹാറ ഗ്രൂപ്പിന്റെ നിക്ഷേപക്കേസിലെ സുപ്രീംകോടതി വിധി ജനശ്രീ ഓഹരി തട്ടിപ്പിനും ബാധകമാകും. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് പിരിച്ചെടുത്ത മുഴുവന്‍ ഓഹരികളും കോടതി വിധി പ്രകാരം, ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും. അങ്ങനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ കേന്ദ്ര ഓഹരി കൈമാറ്റ സമിതിയായ സെബിക്ക് ജനശ്രീയുടെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യാം.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന കമ്പനികള്‍ നിക്ഷേപവും ഓഹരിയും ഉള്‍പ്പെടെ പിരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ആഗസ്ത് 24നാണ് സഹാറ കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. സെബിയുടെ അറിവോ സമ്മതമോ ഇല്ലാതെ സഹാറ ഗ്രൂപ്പിനു കീഴിലുള്ള സഹാറ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും ഭീമമായ തുക പിരിച്ചെന്നാണ് കേസ്. തുക പിരിച്ചെടുത്തതിനെതിരെ സെബിയെടുത്ത നടപടിയെ ചോദ്യംചെയ്താണ് സഹാറ ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിപ്പിച്ചത്. സഹാറയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി, പിരിച്ചെടുത്ത 17,400 കോടി രൂപയും 15 ശതമാനം പലിശ സഹിതം 23 ദശലക്ഷം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. തങ്ങള്‍ പണം പിരിച്ചെടുത്തത് ബോണ്ട് ആയിട്ടാണെന്നും കടപത്രം അല്ലെന്നും അതിനാല്‍ ഇത് കമ്പനി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സഹാറ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. കമ്പനിയുടെ ആകെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം 1000 കോടി മാത്രമാണെന്നും അതേക്കാള്‍ വന്‍ തുക പിരിച്ചെന്നുമാണ് സെബി കണ്ടെത്തിയത്. ഈ വാദവും സുപ്രീംകോടതി ശരിവച്ചു. ജനശ്രീ മിഷന്‍ പണമിടപാട് നടത്തുന്നതിന് രൂപീകരിച്ച ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡും സെബിയുടെ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് സഹാറ മാതൃകയില്‍ പണം സമാഹരിച്ചതിനാല്‍ സുപ്രീംകോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ ജനശ്രീക്കും ബാധകമാണ്.

ജനശ്രീ മൈക്രോഫിനിന്റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം രണ്ടു കോടിയാണ്. അംഗീകൃത മൂലധനം അഞ്ചു കോടിയായും നിജപ്പെടുത്തി. എന്നാല്‍, പത്ത് കോടി രൂപ പിരിക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എം എം ഹസ്സന്‍ രേഖാമൂലം പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ജനശ്രീ മൈക്രോഫിനിന്റെ ഒറ്റ ഓഹരിക്കുപോലും നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു. ഈ ഓഹരി ജനശ്രീ പ്രവര്‍ത്തകരില്‍നിന്ന് പിരിച്ചെടുത്തതാണെങ്കില്‍ അത് ഹസ്സനും സംഘവും തിരിച്ചു നല്‍കേണ്ടി വരും. അതല്ല, ഹസ്സന്റെ സ്വകാര്യ സ്വത്താണെങ്കില്‍ വരുമാന സ്രോതസ്സും വ്യക്തമാക്കണം. ഹസ്സന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഓഹരികളുമായി ബന്ധപ്പെട്ട പണമിടപാടുകളും ഇതോടെ നിയമക്കുരുക്കില്‍പ്പെടുകയാണ്. കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം ഒരു രൂപ കൂട്ടണമെങ്കില്‍പോലും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍, ജനശ്രീ മൈക്രോഫിന് ഇങ്ങനെ ഓഹരി മൂലധനം കൂട്ടാന്‍ അനുമതി കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നതിനുപോലും സ്ഥിരീകരണമില്ല.

ഇതോടൊപ്പം കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കിയും ഹസ്സന്‍ ലാഭം കൊയ്യുന്നുണ്ട്. ജനശ്രീ മൈക്രോ ഫിന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇടപാട് സ്ഥാപനംമാത്രമാണെന്നും ഹസ്സന്‍ ഒപ്പിട്ട് വിവിധ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 2010ല്‍ രൂപീകരിച്ച കമ്പനി 2011ലാണ് ഇടപാടുകള്‍ തുടങ്ങിയതെന്നും കമ്പനി പൂര്‍ണ അര്‍ഥത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണെന്നും കത്തില്‍ സമ്മതിക്കുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്നാല്‍ ചിട്ടിക്കമ്പനി-ബ്ലേഡ് കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വെറും പണമിടപാട് സ്ഥാപനമെന്ന് വ്യക്തം. സംസ്ഥാനത്ത് ബ്ലേഡ് കമ്പനികള്‍ സ്വന്തം നിലയില്‍ പണം സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുകയാണെങ്കില്‍, ഹസ്സനും സംഘവും പൊതുമുതല്‍ വളഞ്ഞ വഴിയിലൂടെ സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുകയാണ്. നാല് ശതമാനത്തില്‍ താഴെമാത്രം പലിശയ്ക്ക് സബ്സിഡി ഉള്‍പ്പെടെ തട്ടിയെടുത്ത് പണം സമാഹരിക്കുകയും അവ വന്‍ പലിശയ്ക്ക് ലാഭംകൊയ്യുകയുമാണ് ലക്ഷ്യം.

ഇതിനും പുറമെയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്ന വിവാദം. ജനശ്രീയ്ക്ക് ബിനാമി പണമിടപാട് നടത്താന്‍ ഇന്ദിരാഗാന്ധിയുടെ പേരിലും ഹസ്സനും സംഘവും തട്ടിപ്പ് കമ്പനിയുണ്ടാക്കിയിരിക്കുകയാണ്. പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ജനശ്രീയുടെ അതേ വിലാസത്തില്‍ വ്യാജ കമ്പനി രൂപീകരിച്ചത്. ഈ കമ്പനിക്ക് പിന്നീട് ജനശ്രീയെ വിഴുങ്ങാനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി രണ്ട് കമ്പനികളും രഹസ്യ കരാറില്‍ ഒപ്പിട്ടു. ജനശ്രീ സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന 100 കോടി രൂപയുടെ വായ്പയ്ക്ക് ഈട് നില്‍ക്കാനെന്ന പേരില്‍ രണ്ട് പേരെ ബിനാമി ട്രസ്റ്റികളാക്കിയാണ് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചത്. ജനശ്രീ മൈക്രോഫിന്‍ കമ്പനിയുടെ 2011 ജൂണ്‍ 3ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് 100 കോടിയില്‍ കവിയാത്ത തുക കടമായി വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീട് 2011 ഡിസംബര്‍ 11ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതില്‍ മൂന്ന് കോടി രൂപ കടപ്പത്രം വഴി സമാഹരിക്കാന്‍ തീരുമാനിച്ചു. ഈ കടപത്രത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുമെന്ന് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പരസ്പരമുണ്ടാക്കിയ കരാറില്‍ പറയുന്നു. ഇത്തരം കടപ്പത്രത്തിന് ട്രസ്റ്റിയായി നില്‍ക്കുന്ന കമ്പനി ആദ്യ കമ്പനിയെക്കാള്‍ ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ളതും കൂടുതല്‍ ഓഹരി മൂലധനമുള്ളതും സര്‍വോപരി ഏവരുടേയും അംഗീകാരമുള്ളതുമായിരിക്കണം. എന്നാല്‍ പ്രിയദര്‍ശനി കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് തന്നെ 2011 ജൂണ്‍ 29ന് മാത്രമാണ്. അതായത് 100 കോടിയില്‍ കവിയാത്ത തുക കടംവാങ്ങാന്‍ ജനശ്രീ തീരുമാനിച്ച് 26 ദിവസത്തിന് ശേഷം. കൂടാതെ കടപത്രം നല്‍കുന്ന ജനശ്രീ മൈക്രോഫിന്‍ കമ്പനി രൂപീകരിച്ച് 15 മാസം കഴിഞ്ഞ ശേഷവും. ഒരു വ്യാജ കമ്പനിയെ ജാമ്യക്കാരാക്കുന്നതിലെ തട്ടിപ്പുമാണ് ഇതോടെ പുറത്തുവരുന്നത്. ഒരു വര്‍ഷം പോലും പ്രവൃത്തി പരിചയം ഇല്ലാത്ത ഈ കമ്പനിയെ കടപ്പത്രത്തിന്റെ ട്രസ്റ്റി ആക്കിയത് തട്ടിപ്പ് ലക്ഷ്യമിട്ടാണ്. പ്രിയദര്‍ശിനി കമ്പനിയില്‍ രണ്ട് ട്രസ്റ്റികള്‍ക്കും പത്ത് രൂപയുടെ 5000 വീതം ഓഹരികളാണുള്ളത്. ഒരാള്‍ക്ക് 50,000 രൂപ തോതില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനം. വെറും ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനം മാത്രമുള്ള കമ്പനിയാണ് മൂന്ന് കോടി രൂപയുടെ കടപ്പത്രത്തിന് ഈട് നില്‍ക്കുന്നതെന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. കടപ്പത്ര ഉടമകള്‍ക്ക് 11 മുതല്‍ 13 ശതമാനം വരെ പലിശ നല്‍കുമെന്ന് പ്രിയദര്‍ശിനിയും ജനശ്രീയും തമ്മിലുണ്ടാക്കിയ കരാറില്‍ പറയുന്നു. ഒരു വര്‍ഷത്തേക്ക് 11 ശതമാനവും രണ്ട് വര്‍ഷത്തേക്ക് 12 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 13 ശതമാനവുമാണ് നിശ്ചയിച്ച പലിശ.

കടപ്പത്രത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്ന് കരാറില്‍ പറയുന്നു. ഇത് ബിനാമി ഇടപാടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. കടപ്പത്രം നല്‍കുന്ന ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ കാശ് തിരിച്ചുനല്‍കുന്നതില്‍ ജനശ്രീ വീഴ്ച വരുത്തിയാല്‍ അത് നല്‍കേണ്ടത് ഈ കമ്പനിയാണെന്ന് രണ്ട് കമ്പനികളും തമ്മിലുണ്ടാക്കിയ കരാറില്‍ പറയുന്നു. ഇതിന് പകരമായി ജനശ്രീയുടെ ആസ്തികള്‍ ഈ കമ്പനിയുടെ കയ്യിലാകും. ഹസ്സനും കൂട്ടരും അവകാശപ്പെടുന്നത് ലക്ഷക്കണക്കിന് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘമാണ് ജനശ്രീയെന്നാണ്. എന്നാല്‍ ഈ സംഘത്ത ഹസ്സന്‍ രൂപീകരിച്ച പ്രിയദര്‍ശിനി കമ്പനിക്ക് വിഴുങ്ങാനുള്ള കരാറാണ് കടപത്രത്തിന്റെ പേരിലുണ്ടാക്കിയത്.

സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉന്നയിക്കുന്ന ഓരോ ന്യായവാദങ്ങളും ഇതോടെ പൊളിയുകയാണ്. ഈ ഉത്തരവ് പിന്‍വലിക്കുന്നതിന് പുറമെ ജനശ്രീക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോരോന്നിനെ കുറിച്ചും അന്വേഷണം നടത്തണം. കേന്ദ്ര ഏജന്‍സികളെ പോലും കബളിപ്പിച്ച കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനെ പാര്‍ടിയില്‍ നിന്നും പുറത്താക്കണം. കേന്ദ്ര മന്ത്രി എ കെ ആന്റണിയെയാണ് ജനശ്രീ മിഷന്റെ രക്ഷാധികാരിയാക്കിവെച്ചിരിക്കുന്നത്. ഇത് ആന്റണിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ജനശ്രീക്ക് പാര്‍ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കഴിയില്ല. അവരുടെ സമുന്നതയായ നേതാവ് ഇന്ദിരാഗാന്ധിയുടെ പേര് പോലും ദുരുപയോഗം ചെയ്തതിന് ചെന്നിത്തല മറുപടി പറയണം.

*
പി കെ ശ്രീമതി ടീച്ചര്‍ ചിന്ത വാരിക 12 ഒക്ടോബര്‍ 2012

Wednesday, October 10, 2012

കുടുംബശ്രീ സമരം സര്‍ക്കാരിന് നല്ല പാഠം

ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യവുമായി 1998 മെയ് 17ന് ഇ കെ നായനാര്‍ സര്‍ക്കാരാണ് കുടുംബശ്രീ പദ്ധതി കേരളത്തില്‍ ആവിഷ്കരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജാതിമത- രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങളുടെ പങ്കാളിത്തം കുടുംബശ്രീ ഉറപ്പാക്കി. 38 ലക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അടയാളമായി കുടുംബശ്രീ മാറി. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഈ പ്രസ്ഥാനം ഏറ്റെടുത്തു. അതുവഴി സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും സ്വതന്ത്രമായി നില്‍ക്കാനും ഭരണതലങ്ങളില്‍ മുന്നേറാനും സാഹചര്യമുണ്ടായി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ മുന്നേറുന്നു. 1041 കോടി രൂപ നിക്ഷേപവും 4591 കോടി രൂപ ആഭ്യന്തരവായ്പയും 970 കോടി രൂപ ബാങ്ക് ലിങ്കേജും 26 കോടി രൂപയുടെ മാച്ചിങ് ഗ്രാന്റും കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും കുടുംബശ്രീക്ക് കൈമുതല്‍. സമൂഹത്തിന്റെ താഴേത്തട്ടിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങള്‍. അബലകളെന്നും ചപലകളെന്നുമൊക്കെ വിളിച്ച് പലരും അധിക്ഷേപിച്ച് അഗണ്യകോടിയില്‍ തള്ളിയ പാവപ്പെട്ട സ്ത്രീകള്‍ സ്വന്തമായ കഴിവും കരുത്തും പ്രകടിപ്പിച്ച് യഥാര്‍ഥ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാണ് തലസ്ഥാന നഗരമായ അനന്തപുരിക്ക് കാണിച്ചുകൊടുത്തത്. കേരളത്തിന്റെ വെളിച്ചമായി മാറിയ ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ ശ്രമിക്കുന്നത്. ഫണ്ട് നിഷേധത്തിലൂടെയും അവഗണനയിലൂടെയും ബദല്‍ തട്ടിപ്പ് കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കിയും കുടുംബശ്രീയെ ചരമഗതിയിലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കത്തിനെതിരായ പ്രതിഷേധത്തിന്റെ ആളിക്കത്തലാണ് ആവേശോജ്വലമായ സമരമുന്നേറ്റമായി തലസ്ഥാന നഗരിയില്‍ എട്ടുനാള്‍ ദൃശ്യമായത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അതീവരഹസ്യമായി കോണ്‍ഗ്രസിന്റെ കറക്കുകമ്പനിയായ "ജനശ്രീ മിഷനു" കൈമാറാനുള്ള നീക്കം കുടുംബശ്രീ പ്രവര്‍ത്തകരെമാത്രമല്ല പൊതുസമൂഹത്തെയാകെ ഞെട്ടിച്ചു. കുടുംബശ്രീയെ സംരക്ഷിക്കണമെന്ന വികാരം കേരളത്തിലെ ഓരോ ഭവനങ്ങളിലുമുയര്‍ന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിനാണ് കുടുംബശ്രീ സമരം ആരംഭിച്ചത്. രാപ്പകല്‍ഭേദമില്ലാതെ സമരസേനാനികള്‍ സംസ്ഥാനഭരണത്തിന്റെ സിരാകേന്ദ്രമായ സര്‍ക്കാര്‍ കാര്യാലയത്തിനു മുമ്പില്‍ മുദ്രാവാക്യം മുഴക്കിയും പടപ്പാട്ടുപാടിയും നൃത്തംചവിട്ടിയും സമരത്തില്‍ പങ്കാളികളായി. രാത്രിസമയത്ത് ആയിരക്കണക്കിന് കുടുംബശ്രീ അംഗങ്ങള്‍ റോഡില്‍ കിടന്നുറങ്ങി. തിരുവനന്തപുരം നഗരിയെ ബാധിച്ച ഡെങ്കിപ്പനിയും കോളറയും പോരാളികളെ ഭയപ്പെടുത്തിയില്ല. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യമായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മനസ്സില്‍ നിറയെ. വിജയംകണ്ടേ സമരം തീരൂ എന്നവര്‍ വിളിച്ചുപറഞ്ഞു. ഓരോ ദിവസവും കടന്നുപോയപ്പോള്‍ നിരാശയല്ല, ദൃഢനിശ്ചയമാണ് അവരുടെ മുഖത്ത് പ്രതിഫലിച്ചത്. ദിവസംകഴിയുന്തോറും സമരവളന്റിയര്‍മാരുടെ എണ്ണം കൂടിവന്നു. വര്‍ഗ-ബഹുജനസംഘടനാ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി രാവുംപകലും ആവേശപൂര്‍വം സമരസേനാനികളെ അഭിവാദ്യംചെയ്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ബഹുജനസംഘടനാ നേതാക്കളും രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരും അവരെ അഭിവാദ്യംചെയ്ത് പ്രോത്സാഹിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സമരത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സമരം കാണെക്കാണെ അതുല്യമായ ബഹുജന മുന്നേറ്റമായി ഉയരുകയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരം വിജയിപ്പിക്കാന്‍ ഭക്ഷണം തയ്യാറാക്കിയും വിഭവങ്ങള്‍ ശേഖരിച്ചും അവശ്യ സൗകര്യങ്ങളൊരുക്കിയും സമരവളന്റിയര്‍മാര്‍ക്ക് കാവലിരുന്നും അര്‍പ്പണമനോഭാവത്തോടെ ആദ്യാവസാനം അധ്വാനിച്ചു. സ്ത്രീകളുടെ സമരം സ്വയം കെട്ടടങ്ങുമെന്ന് കണക്കുകൂട്ടി നിസ്സംഗത നടിച്ച് കാഴ്ചക്കാരായി നോക്കിനിന്ന ഭരണാധികാരികള്‍ തികച്ചും നിരാശരായി. സമരത്തിന്റെ ഏഴാംനാളിലാണ് ഒത്തുതീര്‍പ്പ് സംഭാഷണം ആരംഭിച്ചത്. എട്ടാം ദിവസം ഒത്തുതീര്‍പ്പായി. കുടുംബശ്രീ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കതും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു.

സഹനസമരത്തിന്റെയും സംഘശക്തിയുടെയും ബഹുജനപിന്തുണയുടെയും കരുത്താണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സാഹചര്യം ഒരുക്കിയത്. ജനകീയ സമരങ്ങളെയും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളെയും അവഗണിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള പാഠവുംകൂടിയാണ് ഈ സമരത്തിന്റെ വിജയം. അവഗണനയുടെയും അവഹേളനത്തിന്റെയും പുച്ഛത്തിന്റെയും കല്ലേറാണ് അത്തരം മാധ്യമങ്ങളില്‍നിന്ന് ഈ സമരത്തിന് ലഭിച്ചത്. തങ്ങള്‍ നിശ്ചയിക്കുന്നതാണ് വാര്‍ത്ത; അതാണ് ജനങ്ങള്‍ ഏറ്റെടുക്കുക എന്ന മാധ്യമ അഹന്ത ഈ സമരത്തില്‍ ഒരിക്കല്‍കൂടി തിരുത്തപ്പെട്ടു. അത്തരം മാധ്യമങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ആവശ്യങ്ങളും അതുസംബന്ധിച്ച വാര്‍ത്തകളും തമസ്കരിച്ചിട്ടും; തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ അനേകമനേകം വേദികള്‍ ഒരുക്കിയിട്ടും സമരം തളരുകയല്ല കരുത്താര്‍ജിക്കുകയാണുണ്ടായത്.

തിരുവനന്തപുരം നഗരത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം സ്ത്രീകള്‍ പങ്കാളികളായ, രാപ്പകല്‍ തുടര്‍ച്ചയായി സമരരംഗത്തുറച്ചുനിന്ന ഒരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. അതിമഹത്തായ ഈ സമരത്തില്‍ ക്ലേശപൂര്‍വം അണിനിരന്ന സമരസേനാനികളെയും സഹായിച്ചവരെയും പ്രോത്സാഹനം നല്‍കിയവരെയും ഞങ്ങള്‍ അനുമോദിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഖ്യാപിച്ച സമര സമാപനവേദിയില്‍, ആ ഉറപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലംഘിക്കപ്പെട്ടാല്‍ പതിന്മടങ്ങ് കരുത്തോടെ തങ്ങള്‍ തിരിച്ചെത്തും എന്ന പ്രഖ്യാപനമാണ് ആയിരക്കണക്കിന് കണ്ഠങ്ങളില്‍നിന്നുയര്‍ന്നത്. ജനവഞ്ചക സര്‍ക്കാരിനും ജനവിരുദ്ധ നയങ്ങളുടെ സംരക്ഷകര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 10 ഒക്ടോബര്‍ 2012

Tuesday, October 2, 2012

അതിജീവനപോരാട്ടം

രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനമായ ചൊവ്വാഴ്ച ആയിരക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ അണിനിരക്കുന്ന ഐതിഹാസിക സമരത്തിന് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം വേദിയാവുകയാണ്. ജാതിമത-രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ അമ്പതുശതമാനത്തിലധികം കുടുംബങ്ങള്‍ പങ്കാളികളായ കുടുംബശ്രീയെ അവഗണിച്ച്, കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ജനശ്രീ മൈക്രോഫിനാന്‍സിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതിനെതിരെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം. കേന്ദ്രസര്‍ക്കാര്‍പദ്ധതിയായ രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഒരു മാര്‍ഗനിര്‍ദേശവും പാലിക്കാതെ ജനശ്രീക്ക് 14.36 കോടി രൂപ നല്‍കിയ യുഡിഎഫ് സര്‍ക്കാരിന്റെ സ്വജനപക്ഷപാതിത്വത്തിനും അഴിമതിക്കുമെതിരെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നത്.

ജനശ്രീക്ക് അനധികൃതമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച ഉത്തരവ് പിന്‍വലിക്കുന്നതുവരെ ഭരണസിരാകേന്ദ്രം സ്തംഭിപ്പിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കും. 2006ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീമിഷന്‍ രൂപീകരിച്ച ഘട്ടത്തില്‍തന്നെ, സ്ത്രീകളുടെ ഐക്യത്തെ ശിഥിലമാക്കുകയും സര്‍ക്കാര്‍പദ്ധതിയായ കുടുംബശ്രീയെ ദുര്‍ബലമാക്കുകയും ചെയ്യുന്നതിന്റെ അധാര്‍മികത സംബന്ധിച്ച വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാമുദായിക സംഘടനകളടക്കം നേതൃത്വം നല്‍കുന്ന നിരവധി സ്വയംസഹായസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പുറപ്പെട്ടിരിക്കുന്ന ജനശ്രീക്കെതിരെ എന്തിനാണ് രോഷംകൊള്ളുന്നത് എന്ന ന്യായവാദം ഉയര്‍ത്തിയാണ് ഈ പ്രതിഷേധങ്ങളെ ഹസ്സനും കൂട്ടരും നേരിട്ടത്. എന്നാല്‍, കഴിഞ്ഞ നാളുകളിലെ ജനശ്രീയുടെ പ്രവര്‍ത്തനം വിശേഷിച്ച്, 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള നടപടികള്‍, ലക്ഷക്കണക്കായുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ ആശങ്കകളെ ഉറപ്പിച്ച സാഹചര്യത്തിലാണ് കുടുംബശ്രീ സംരക്ഷണവേദി എന്ന പിന്തുണാ സംവിധാനത്തിന് രൂപം നല്‍കാനും പ്രത്യക്ഷസമരത്തിലേക്കിറങ്ങാനും കുടുംബശ്രീ എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ തീരുമാനിച്ചത്. കുടുംബശ്രീ പ്രസ്ഥാനത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രോത്സാഹനം നല്‍കിയ ഇടതുപക്ഷജനാധിപത്യ മുന്നണി സമരരംഗത്തും സ്ത്രീകള്‍ക്ക് പിന്തുണയായുണ്ട് എന്നത് ആവേശകരമാണ്.

എന്തുകൊണ്ട് പ്രത്യക്ഷസമരം?

ജനശ്രീ മിഷനെ ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തി 14.36 കോടി രൂപ നല്‍കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി അമ്പരപ്പും ആശങ്കയും ഉളവാക്കുന്നതാണ്. കേന്ദ്രപദ്ധതിയുടെ ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും മറികടന്നാണ് ജനശ്രീ മിഷന്റെ തട്ടിക്കൂട്ടിയ അഞ്ച് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. കാര്‍ഷിക- മൃഗസംരക്ഷണമേഖലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകളും സഹകരണസ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഫണ്ടിനായുള്ള നിര്‍ദേശങ്ങളും പദ്ധതികളും ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനസമിതി പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങള്‍വഴി നടപ്പാക്കണമെന്നാണ്. എന്നാല്‍, കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അവഗണിച്ചാണ് ഈ രംഗത്ത് പറയത്തക്ക ഒരു മുന്‍പരിചയവുമില്ലാത്ത ജനശ്രീക്ക് ഫണ്ട് അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയില്‍ അരലക്ഷത്തോളം (49500) സംഘങ്ങള്‍ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 47000 ഹെക്ടര്‍ ഭൂമിയില്‍ 2.62 ലക്ഷം സ്ത്രീകള്‍ കുടുംബശ്രീയുടെ ഭാഗമായി കൃഷിചെയ്യുന്നുണ്ട്. ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീക്ക് നല്‍കിയ പദ്ധതിവിഹിതമുള്‍പ്പെടെയുള്ള വിപുലമായ പ്രോത്സാഹനമാണ് കാര്‍ഷികരംഗത്ത് ഓരോ ജില്ലയും കേന്ദ്രീകരിച്ച് "സമഗ്ര"പോലുള്ള മാതൃകാപദ്ധതികള്‍ നടപ്പാക്കാന്‍ കുടുംബശ്രീയെ പ്രാപ്തമാക്കിയത്. ഉത്സവകാലങ്ങളില്‍ 10-12 കോടി രൂപയുടെ ലാഭംവരെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയടക്കം വില്‍പ്പനയിലൂടെ കുടുംബശ്രീ സംഘങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. എന്നാല്‍, സംഘകൃഷിക്കായി ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കിയ ഒരു ശതമാനം പലിശയുടെ വായ്പാപദ്ധതിയെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്ന അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരെ അന്യായമായി പറഞ്ഞുവിട്ട് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിച്ച യുഡിഎഫ് സര്‍ക്കാര്‍ ജനശ്രീക്ക് 14.36 കോടി രൂപ നല്‍കുകമാത്രമല്ല, അത് നടപ്പാക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരിക്കുന്നു!

2006ല്‍ ജനശ്രീയുടെ ഉദ്ഘാടനവേളയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞത് ജനശ്രീ, കുടുംബശ്രീക്ക് എതിരല്ല എന്നാണ്. എന്നാല്‍, ജനശ്രീ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും കുടുംബശ്രീയെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ചതായാണ് അനുഭവം. യുഡിഎഫിന്റെ 2001-2006 ഭരണകാലത്ത് കുടുംബശ്രീയുടെ ഉദ്യോഗസ്ഥരായിരുന്നവരെയും കുടുംബശ്രീയുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയുമാണ് ജനശ്രീ രൂപീകരിക്കാന്‍ വിവിധ ജില്ലകളില്‍ ചുമതല നല്‍കിയത്. പല പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സജീവപ്രവര്‍ത്തകരെത്തന്നെ ജനശ്രീയുടെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കിയത് സൃഷ്ടിച്ച ആശയക്കുഴപ്പം ചെറുതല്ല. രാഷ്ട്രീയസ്വാധീനവും സമ്മര്‍ദവും സാമ്പത്തിക പ്രലോഭനങ്ങളുംകൊണ്ട് പാവപ്പെട്ട സ്ത്രീകളെ ജനശ്രീയില്‍ അംഗങ്ങളാക്കുന്ന തന്ത്രമാണ് ഹസ്സനും കൂട്ടരും സ്വീകരിച്ചത്. ഇപ്പോള്‍ ജനശ്രീക്കെതിരായി ഉയര്‍ന്നുവന്ന രോഷം തണുപ്പിക്കാന്‍ ചില കൊമേഴ്സ്യല്‍ ബാങ്കുകളെ സ്വാധീനിച്ച് ഒരുപാധിയും കൂടാതെ 50000 രൂപ വായ്പ വിതരണംചെയ്യുകയാണ് ജനശ്രീ. അധികാരമുണ്ടെങ്കില്‍ ആരെയും പേടിക്കേണ്ട എന്ന ധാര്‍ഷ്ട്യമാണ് ഇത്തരം വഴിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹസ്സനടക്കമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യം നല്‍കുന്നത്.

കുടുംബശ്രീയെ ഇടതുപക്ഷസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുറവിളി കൂട്ടിയ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വകാര്യസംഘടനയായ ജനശ്രീക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനംതന്നെ ദുരുപയോഗംചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്. 2012 മെയ്- ജൂണ്‍ മാസങ്ങളില്‍ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റുമാര്‍ക്ക് ജനശ്രീ മിഷനുവേണ്ടി പ്രോജക്ടുകളും മറ്റും തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്തുവച്ച് നടക്കുകയുണ്ടായി. ഇതിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. ഈ പരിശീലനങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവ് നല്‍കിയത് സംസ്ഥാന ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും. ഈ പരിശീലനത്തിന്റെ രണ്ടാംഘട്ടമായി ജനശ്രീയുടെ വിവിധ പ്രോജക്ടുകള്‍ ഈ ഉദ്യോഗസ്ഥര്‍ മുഖേന നടപ്പാക്കിവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആസൂത്രണബോര്‍ഡിലെ ഒരംഗത്തിന് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട് എന്നാണറിയുന്നത്! 12-ാം പഞ്ചവത്സരപദ്ധതിയുടെ പണികള്‍ മാറ്റിവച്ചും ജനശ്രീക്കുവേണ്ടി അധ്വാനിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍! കെപിസിസി പ്രസിഡന്റ് അവകാശപ്പെടുന്നതുപോലെ ജനശ്രീയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെങ്കില്‍ സര്‍ക്കാരിന്റെ പണവും ഔദ്യോഗിക സംവിധാനവും അനധികൃതമായി ജനശ്രീപോലൊരു സ്വകാര്യ സംഘടനയ്ക്ക് നല്‍കുന്നതിനെ സംബന്ധിച്ച് എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പറയാനുള്ളതെന്നറിയാന്‍ നാട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടാകും. "ഷേക്സ്പിയര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി വെനീസിലെ കച്ചവടക്കാരന്റെ രണ്ടാംഭാഗം എഴുതുമായിരുന്നു; അത് ഇന്ത്യയിലെ ആധുനിക കൊള്ളക്കാരായ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെക്കുറിച്ചായിരിക്കും" എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ ദേവീന്ദര്‍ ശര്‍മ പ്രതികരിച്ചിരുന്നു. എളുപ്പത്തില്‍ പണമുണ്ടാക്കാം. വായ്പ ഒരു പ്രശ്നമേയല്ല എന്നൊക്കെ പ്രലോഭനങ്ങള്‍ മുന്നോട്ടുവച്ച് ലക്ഷക്കണക്കായ ദരിദ്രരെ ആത്മഹത്യാമുനമ്പിലേക്ക് നയിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നൂറും നൂറ്റമ്പതും ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനെന്നപേരില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൈക്രോഫിനാന്‍സ് ബില്ലിലാകട്ടെ പലിശയ്ക്ക് പരിധി തീരുമാനിക്കാന്‍ തയ്യാറായിട്ടില്ല. വാസ്തവത്തില്‍ ക്ഷേമപദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ഇത്തരം സ്വകാര്യപണമിടപാടുകാരുടെ കൈയിലേക്ക് ദരിദ്രരെ തള്ളിവിടുകയും ചെയ്യുന്നതിന് നിയമസാധുത നല്‍കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ ആധുനിക ഷൈലോക്കുമാരുടെ നിരയിലേക്ക് കേരളത്തിന്റെ സംഭാവനയാണ് ജനശ്രീ.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ മൈക്രോഫിനാന്‍സ് കെണിയിലകപ്പെട്ട് സ്ത്രീകള്‍ ആത്മഹത്യയില്‍ അഭയംപ്രാപിച്ചപ്പോള്‍ കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പരിപൂര്‍ണപിന്തുണയോടെ ജനകീയപ്രസ്ഥാനമായി മാറുകയായിരുന്നു കുടുംബശ്രീ. എന്നാല്‍, എം എം ഹസ്സന്റെ പേരില്‍ ഭൂരിപക്ഷ ഓഹരികളുള്ള ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തെ കുടുംബശ്രീക്ക് ബദലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന സമീപകാല പ്രവര്‍ത്തനങ്ങള്‍ മൈക്രോഫിനാന്‍സ് കൊള്ളയുടെ ഭീഷണി കേരളത്തിലേക്കും വ്യാപിക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ മറികടക്കാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഓഹരിമൂലധനം സമാഹരിക്കാനും ജനശ്രീമിഷന്‍ നടത്തുന്ന വഴിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കണം.

1041 കോടി രൂപ നിക്ഷേപവും 4591 കോടി രൂപ ആഭ്യന്തരവായ്പയും 970 കോടി രൂപ ബാങ്ക് ലിങ്കേജും 26 കോടി രൂപയുടെ മാച്ചിങ് ഗ്രാന്റും പിന്നെ കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും കൈമുതലായ കുടുംബശ്രീ ഒരു ചക്കരക്കുടമെന്ന് കരുതി ഹസ്സനും കൂട്ടരും മോഹിക്കേണ്ട. കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് പത്ത് മന്ത്രിമാരെ അണിനിരത്തിയ ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയിലെ സഹോദരിമാരുടെ അനുഭവസാക്ഷ്യങ്ങള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നുവായിച്ചുനോക്കൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രസ്ഥാനത്തെ ഇത്തരത്തില്‍ വളര്‍ത്തുന്നതിനുപിന്നില്‍ ലക്ഷക്കണക്കായ സ്ത്രീകള്‍ അനുഭവിച്ച യാതനകള്‍. 38 ലക്ഷം വരുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അടയാളമായ കുടുംബശ്രീയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് കേരളജനതയുടെ പിന്തുണ അഭ്യര്‍ഥിക്കുന്നു.

*
ഡോ. ടി എന്‍ സീമ (കുടുംബശ്രീ സംരക്ഷണവേദി ജനറല്‍ കണ്‍വീനറാണ് ലേഖിക)

Thursday, March 1, 2012

കുടുംബശ്രീക്കെതിരായ നീക്കം അക്ഷന്തവ്യമായ സാമൂഹ്യ അപരാധം

ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവിലിഹുഡ് മിഷന്‍ - എന്‍ ആര്‍ എല്‍ എം) പദ്ധതി നടത്തിപ്പ് 'ജനശ്രീ മിഷന്‍' പോലെയുള്ള സ്വയംസഹായ സംഘങ്ങളെ ഏല്‍പ്പിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ സി ജോസഫ്. കുടുംബശ്രീക്ക് ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യത്തിനുള്ള ഇത്തരം പദ്ധതി ഏറ്റെടുക്കാന്‍ മതിയായ ശേഷിയില്ലെന്നു കണ്ടെത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്‍ ആര്‍ എല്‍ എം പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നിര്‍വഹണശേഷിയോ മനുഷ്യവിഭവ പിന്തുണയോ കുടുംബശ്രീക്ക് ഇല്ലെന്നാണ് ആരോപണം. കുടുംബശ്രീയുടെ കീഴ്ത്തട്ടിലുള്ള വ്യാപ്തി അംഗീകരിക്കുമ്പോള്‍ തന്നെ പദ്ധതി നടത്തിപ്പിന് അതുമാത്രം ഒരു യോഗ്യതയല്ലെന്നും അദ്ദേഹം പറയുന്നു. പദ്ധതി നടത്തിപ്പിന് ജനശ്രീക്കും എസ് എന്‍ ഡി പി യോഗം സ്വയംസഹായ സംഘത്തിനുമുള്ള യോഗ്യതകള്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തന്റെ ആശയങ്ങള്‍ക്ക് കരുത്തു പകരാന്‍ ചൈനീസ് വിപ്ലവത്തിലെ വിഖ്യാതമായ 'നൂറുപൂക്കള്‍ വിരിയട്ടെ' എന്ന ആശയവും സൗകര്യാര്‍ഥം എടുത്തു പ്രയോഗിക്കാന്‍ മന്ത്രി കെ സി ജോസഫ് വിസ്മരിച്ചില്ല. ആകെ പരിശോധിച്ചാല്‍ മന്ത്രിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യവും സമുദായ പ്രീണന നയവും പകല്‍ വെളിച്ചം പോലെ മറനീക്കി പുറത്തുവരുന്നത് കാണാം.

കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണജയന്തി സ്വരോസ്ഗാര്‍ യോജനയുടെ പരിഷ്‌കരിച്ച പതിപ്പാണ് എന്‍ ആര്‍ എല്‍ എം പദ്ധതി. ഇത്തരത്തില്‍ ഒരു പരിഷ്‌കരണത്തിനു പ്രചോദനമായതു തന്നെ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളാണ്. എല്‍ ഡി എഫ് ഗവണ്‍മെന്റ് പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ ചുമതല കുടുംബശ്രീക്കു നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. മറിച്ചുള്ള മന്ത്രി കെ സി ജോസഫിന്റെ വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണ്, വസ്തുതകള്‍ക്കു നിരക്കുന്നതല്ല. 1998 ല്‍ അന്നത്തെ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ കുടുംബശ്രീ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ-കുടുംബ ശാക്തീകരണ സംരംഭമാണ്. 37 ലക്ഷത്തില്‍പരം അംഗങ്ങളുള്ള കുടുംബശ്രീ സംസ്ഥാനത്തെ അമ്പതുശതമാനത്തിലേറെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നായി മാറിക്കഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക സമൂഹങ്ങളെ കര്‍മ്മ നിരതരാക്കുന്നതില്‍ കുടുംബശ്രീ നിര്‍ണായക പങ്കാണ് നിര്‍വഹിച്ചുവരുന്നത്. അതുവഴി സമൂഹത്തില്‍ ഇല്ലായ്മകള്‍ നേരിടുന്ന സ്ത്രീകളേയും കുടുംബങ്ങളേയും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാക്കാനും കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നു നല്‍കാനും കുടുംബശ്രീ പ്രവര്‍ത്തനം വഴി കഴിഞ്ഞിട്ടുണ്ട്. കുടുംബങ്ങള്‍ക്കും സമൂഹത്തിനും മാറ്റത്തിന്റെ വഴിതുറന്ന ഒരു സാമൂഹ്യ പ്രസ്ഥാനത്തെയാണ് സുപ്രധാനമായ ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യത്തിന്റെ നിര്‍വഹണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മന്ത്രി കെ സി ജോസഫും യു ഡി എഫും ശ്രമിക്കുന്നത്.

ഗ്രാമവികസന മന്ത്രി കെ സി ജോസഫിന്റെ മനസിലിരിപ്പ് എന്താണെന്ന് അദ്ദേഹം കൊച്ചിയില്‍ നല്‍കിയ അഭിമുഖത്തില്‍ ഭംഗ്യന്തരേണ വ്യക്തമാക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ മുന്‍കയ്യിലും തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രവര്‍ത്തന മികവു തെളിയിച്ച കുടുംബശ്രീയ്ക്കു പകരം നഗ്നമായ രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപം നല്‍കിയതും കോണ്‍ഗ്രസിന്റെ ഒരു പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരുന്നതുമായ ജനശ്രീയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് നീക്കം. എന്‍ ആര്‍ എല്‍ എം പോലെ കേന്ദ്രഫണ്ട് യഥേഷ്ടം ലഭിക്കുന്നതും അടിസ്ഥാന ജനവിഭാഗങ്ങളെ പ്രത്യേകിച്ചും സ്ത്രീകളെ ലക്ഷ്യം വച്ചുമുള്ള പദ്ധതി സ്വന്തം പാര്‍ട്ടിയുടെ വോട്ട് ബാങ്ക് - സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുമാണ് കെ സി ജോസഫും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. കുടുംബശ്രീക്കു പകരംവെക്കാന്‍ എടുത്തുകാട്ടുന്ന മറ്റൊരു സംഘടന എസ് എന്‍ ഡി പി യോഗത്തിന്റെ സ്വയംസഹായ സംഘമാണ്. ഇവിടെയും വോട്ടുബാങ്കും സമുദായ പ്രീണനനയവും തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീക്ക് ഇല്ലെന്ന് മന്ത്രി കെ സി ജോസഫ് ആരോപിക്കുന്ന കാര്യനിര്‍വഹണശേഷിയും മനുഷ്യവിഭവ പിന്തുണയും മേല്‍പറഞ്ഞ രണ്ടു സംഘടനകള്‍ക്കും ഉണ്ടെന്ന് കാര്യകാരണസഹിതം തെളിയിക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും മന്ത്രി എന്ന നിലയില്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതു ചെയ്യാതെ ഒരു പക്ഷെ നവോഥാന പ്രസ്ഥാനവും ഭൂപരിഷ്‌കരണവും പൊതുവിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മുന്നേറ്റവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിനു തുടക്കം കുറിച്ച കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അക്ഷന്തവ്യമായ സാമൂഹ്യാപരാധമായി ചരിത്രം രേഖപ്പെടുത്തും.

യു ഡി എഫ് അധികാരത്തിലേറി പിന്നിട്ടുകഴിഞ്ഞ ഒമ്പതുമാസങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം സംസ്ഥാനത്തിനു നല്‍കിയ ജനാഭിമുഖ്യമുള്ള എല്ലാ നയപരിപാടികളെയും സാമൂഹ്യ-ഭരണസംവിധാനങ്ങളെയും തകര്‍ക്കാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. ജനജീവിതത്തിലും ഭരണസംവിധാനത്തിലെ എല്ലാ രംഗങ്ങളിലും ഈ നിഷേധാത്മകമായ തിരിച്ചുപോക്ക് പ്രകടമാണ്. ആ പരമ്പരയിലെ ഏറ്റവും പുതിയ ശ്രമമാണ് കുടുംബശ്രീക്കെതിരെ മന്ത്രിയും യു ഡി എഫും നടത്തുന്ന അട്ടിമറി ശ്രമം. ഇതിനെ ശക്തിയുക്തം എതിര്‍ത്തുപരാജയപ്പെടുത്തിയേ മതിയാവൂ.

*
ജനയുഗം മുഖപ്രസംഗം 01 മാര്‍ച്ച് 2012

Monday, October 10, 2011

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും കുടുംബശ്രീയും

സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ലക്ഷ്യമാക്കി അവരുടെ സമ്പാദ്യഗ്രൂപ്പ് രൂപീകരിക്കുക എന്ന ആശയം ആഗോളതലത്തില്‍ മുന്നോട്ടുവച്ചത് 1995-ല്‍ ബീജിംഗില്‍ ചേര്‍ന്ന വനിതാശാക്തീകരണ ഉച്ചകോടിയില്‍ ലോകബാങ്ക് പ്രസിഡന്റ് ജെയിംസ് വോള്‍ഫെന്‍സണ്‍ (James Wolfenson) ആയിരുന്നു. അതിന് മുമ്പുതന്നെ 2006-ല്‍ നോബല്‍ സമ്മാനം നേടിയ, മൈക്രോഫിനാന്‍സിംഗിനായി ബംഗ്ളാദേശ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ച മുഹമ്മദ് യുനൂസ് സ്ത്രീകളുടെ ദാരിദ്ര്യ ദൂരീകരണത്തിനും സാമ്പത്തിക ലഭ്യതയ്ക്കുമായി അവരെ സംഘങ്ങളായി സംഘടിപ്പിച്ച് നിക്ഷേപ സമാഹരണവും വായ്പാ വിതരണവും സാധ്യമാക്കിയിരുന്നു. 1997-ല്‍ ലോകബാങ്ക് മൈക്രോഫിനാന്‍സ് രീതി നടപ്പാക്കുന്നതിന്റെ ഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വാഷിംഗ്ടണില്‍ സിറ്റിഗ്രൂപ്പ്, മാസ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് ബാങ്ക് എന്നിവയുടെ പിന്തുണയോടെ മറ്റൊരു ഉച്ചകോടി വിളിച്ചു ചേര്‍ക്കുകയുണ്ടായി. 2002-ല്‍ ചേര്‍ന്ന 'ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫിനാന്‍സിംഗ് ഫോര്‍ ഡവലപ്മെന്റി'ലാണ് സൂക്ഷ്മതല സമ്പദ്‌വിതരണവും (മൈക്രോ ഫിനാന്‍സ്) സൂക്ഷ്മതല വായ്പയും (മൈക്രോ ക്രെഡിറ്റ്) സാമൂഹ്യ സാമ്പത്തിക വികസനത്തിനുള്ള ഉപകരണമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടന 2005 'മൈക്രോ ഫിനാന്‍സ് വര്‍ഷ'മായി പ്രഖ്യാപിക്കുകയും ഈ രംഗത്ത് വിശേഷിച്ചും അവികസിത വികസ്വര രാജ്യങ്ങളില്‍ ഒട്ടേറെ മുന്നേറ്റമുണ്ടാവുകയും ചെയ്തു. ഇന്ത്യയില്‍ 1996-ല്‍ തന്നെ, റിസര്‍വ് ബാങ്ക് ശ്രീ. എസ്.കെ. കാലിയ ചെയര്‍മാനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശപ്രകാരം സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും, വായ്പ നല്‍കുന്നതിനുമുള്ള മാര്‍ഗരേഖ പുറത്തിറക്കുകയുണ്ടായി.

വളര്‍ച്ചയുടെ പടവുകള്‍


സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ തങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്കുള്ള ഒരു മാര്‍ഗമായിക്കണ്ട് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐ) ആദ്യം മുതല്‍ തന്നെ ഇതില്‍ തത്പരരായിരുന്നു. ഇവര്‍ക്ക് 50 ബില്യണ്‍ ഡോളറിലധികം ആസ്തി ഇന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യവും ഇവരെ വലുതായൊന്നും ബാധിച്ചിരുന്നില്ല. ഈ മേഖലയില്‍ വായ്പ നല്‍കി വളരുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ മൂവായിരത്തോളം വരും. ആഗസ്റ് 2010-ലെ കണക്കനുസരിച്ച് ഇവര്‍ 20,000 കോടിയിലധികം രൂപ 28 ദശലക്ഷം വായ്പക്കാര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇവരുടെ മൂലധനത്തില്‍നിന്നുള്ള വരുമാനം 2008-ല്‍ 5.1 ശതമാനമായിരുന്നത് 2009-ല്‍ 18.3% ആയി വര്‍ധിച്ചു. 30 മുതല്‍ 60 ശതമാനം വരെയാണ് ഇവര്‍ പലിശ ഈടാക്കിയിരുന്നത്. 200 ബില്യണ്‍ യു.എസ്. ഡോളറിനു സമാനമായ തുക ഈ സ്ഥാപനങ്ങളില്‍ 2010-ല്‍ തന്നെ ഇക്വിറ്റിയായി വിദേശരാജ്യങ്ങളില്‍നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിങ്കപ്പൂരിലെ ടീംലീസ്, ലോകബാങ്ക്, അവരുടെതന്നെ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വികസിത രാജ്യങ്ങളിലെ മറ്റുചില സ്ഥാപനങ്ങള്‍ ഇവയൊക്കെ എം.എഫ്.ഐ. വഴി മുതലിറക്കി ലാഭം കൊയ്യുന്നു.

എസ്.കെ.എസും സ്ത്രീകളുടെ ആത്മഹത്യയും

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ എസ്.കെ.എസ്.ഫിനാന്‍സിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. പലരും ആദ്യം കടന്നുവരുന്നത് ഗവൺ‌മെന്റിതര സന്നദ്ധസംഘടനയായാണ്. (എന്‍.ജി.ഒ.) ഇന്ത്യയില്‍ വികസനത്തിന്റെ ഒരുഭാഗം എന്‍.ജി.ഒ.കളെ ഏല്‍പ്പിക്കുക സര്‍ക്കാര്‍ നയവുമാണ്. നല്ല സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ചില എന്‍.ജി.ഒ.കളെ വിസ്മരിക്കുന്നില്ല. എന്നാല്‍ പലരും സേവനത്തിന്റെ മുഖാവരണമണിഞ്ഞ, പക്ഷേ ലാഭം മാത്രം ലക്ഷ്യമാക്കുന്ന സ്ഥാപനമായാണ് ഇവയെ കൊണ്ടു നടക്കുന്നത്. സ്വയം കൃഷി സംഘം (എസ്.കെ.എസ്.) എന്ന പേരിലുള്ള എന്‍.ജി.ഒ.ആയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. തുടര്‍ന്ന് ചുരുങ്ങിയകാലം കൊണ്ട് വളര്‍ന്ന് നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായി റീ രജിസ്റര്‍ ചെയ്തു. ഒടുവില്‍ അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മാറി. സര്‍ക്കാരും, സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) മാര്‍ക്കറ്റില്‍നിന്നു മൂലധനം സ്വരൂപിക്കാന്‍ ഷെയറിറക്കാനും അനുവദിച്ചു. വലിയ ഡിമാന്റായിരുന്നു എസ്.കെ.എസ്.ഷെയറിന് കഴിഞ്ഞ വര്‍ഷം. ഒടുവില്‍ ആന്ധ്രാപ്രദേശില്‍ 57 പേര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നതോടെയാണ് ഈ സ്ഥാപനം കൂടുതല്‍ ശ്രദ്ധാകേന്ദ്രമായത്. ഇവരില്‍ 30 പേര്‍ സ്ത്രീകളായിരുന്നു. 17 പേര്‍ എസ്.കെ.എസില്‍ നിന്നു വായ്പയെടുത്തവരായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ക്ക് പല സ്ഥാപനങ്ങളും വായ്പ കൊടുക്കാന്‍ മത്സരിക്കുകയും പല സ്ത്രീകളും കിട്ടാവുന്നിടത്തൊക്കെ വായ്പയെടുക്കുകയും ചെയ്തു. തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ സ്ഥാപനങ്ങള്‍ ഗുണ്ടകളെയും മറ്റും വിട്ടു വിരട്ടാന്‍ തുടങ്ങി. കടക്കെണിയില്‍പെട്ട് പലരും ആത്മഹത്യചെയ്തതോടെ ഈ സ്ഥാപനങ്ങളുടെ ചൂഷണത്തിനു മൂക്കുകയറിടാന്‍ ആന്ധ്രപ്രദേശ് ഗവണ്മെന്റ് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ആദ്യം കേന്ദ്ര ധനകാര്യവകുപ്പ് അധികാരികള്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഒരു ഉപസമിതിയെ നിയമിക്കുകയും, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പരമാവധി പലിശ നിരക്കിനും തിരിച്ചടവിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്ന എസ്.കെ.എസിന്റെ ഷെയര്‍ വിലയിടിഞ്ഞു. അവരുടെ ലാഭം കുറഞ്ഞു. വിരട്ടി പിരിക്കല്‍ പാടില്ലെന്നും വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്ത് കാലാവധി നീട്ടി നല്‍കി തിരിച്ചടവ് സുഗമമാക്കണമെന്നും നിര്‍ദ്ദേശം വന്നു. ഒരു ഗ്രൂപ്പ്/അംഗം പല വായ്പകള്‍ എടുക്കുന്നതിന് ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി.

സര്‍ക്കാരുകളുടെ ഒത്താശ

വാസ്തവത്തില്‍ ഈ സ്ഥാപനങ്ങളെ കയറൂരി വിടുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മാറിമാറി വന്ന ആന്ധ്രാ സര്‍ക്കാരുകള്‍ തന്നെയായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് കേരളമൊഴിച്ചുള്ള മൂന്നു തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളും ഏറെ ആശ്രയിക്കുന്നത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും, എന്‍.ജി.ഒ.കളെയുമാണ്. 1999-ല്‍ ചന്ദ്രബാബു നായിഡു, തെലുങ്കുദേശം പാര്‍ട്ടിക്കനുകൂലമായ വികാരമുണ്ടാക്കിയതും, രാജശേഖരറെഡ്ഡി അധികാരം പിടിച്ചതും, നിലനിറുത്തിയതും വനിതാ സംഘങ്ങള്‍ക്കും അംഗങ്ങള്‍ക്കും ഇവരെ ഉപയോഗിച്ച് യഥേഷ്ടം വായ്പ ലഭ്യമാക്കിക്കൊണ്ടാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. 10000 കോടിയിലധികം രൂപ നാലുശതമാനം പലിശയുള്ള ഡി.ആര്‍.ഐ.വായ്പയായി നല്‍കാന്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത് രാജശേഖര റെഡ്ഡിയാണ്. അങ്ങനെ ചില നല്ല കാര്യങ്ങളും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്.

ചില കണക്കുകള്‍

നബാര്‍ഡിന്റെ മൈക്രോ ഫിനാന്‍സ് റിപ്പോര്‍ട്ട് 2009 അനുസരിച്ച് അവര്‍ 581 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായി 3732 കോടി രൂപ 2008-09-ല്‍ മാത്രം വായ്പ നല്‍കിയിട്ടുണ്ട്. 1915 എം.എഫ്.ഐ.കള്‍ക്കായി മാര്‍ച്ച് 2009 വരെ 5009 കോടി രൂപയാണ് നബാര്‍ഡ് നല്‍കിയ വായ്പ. പാവപ്പെട്ടവര്‍ക്ക് ഗ്രാമ-നഗര പ്രദേശങ്ങളില്‍ വായ്പ നല്‍കാനാണിത്. ബാങ്കുകള്‍ക്കും നബാര്‍ഡ് പുനര്‍ വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അത് വലിയ പലിശക്കാണ് നല്‍കിയിരുന്നതെന്നു കാണാം. 'സ്വയം സഹായസംഘ-ബാങ്ക് ബന്ധിത പരിപാടി'യനുസരിച്ച് 2009 വരെ ഇന്ത്യയില്‍ 61.21ലക്ഷത്തിലധികം നിക്ഷേപബന്ധിത സ്വയംസഹായ സംഘങ്ങളും 42.24 ലക്ഷത്തിലധികം വായ്പാബന്ധിത സംഘങ്ങളുമുണ്ട്. അങ്ങനെ 8.6 കോടി പാവപ്പെട്ടവര്‍ ഈ പദ്ധതിയിന്‍ കീഴില്‍ വന്നിട്ടുണ്ട്. ഈ സംഘങ്ങളുടെ നിക്ഷേപം 5545.62 കോടിയും, വായ്പാ നീക്കിയിരിപ്പ് 22679.85 കോടി രൂപയുമാണ്.

കേരളം-കുടുംബശ്രീ മോഡല്‍

കേരളത്തില്‍ ആദ്യം ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ചില സന്നദ്ധ സംഘടനകള്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ബാങ്കുകളിലൂടെ മൈക്രോ ഫിനാന്‍സ് ലഭ്യമാക്കിയത്. അത് സ്ത്രീശാക്തീകരണത്തിനു കുറെയൊക്കെ ഉപയുക്തമായി. സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭയ്ക്കു താഴെ അയല്‍ക്കൂട്ടങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചു. പരിഷത്തുതന്നെ 'സമത' അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ബാങ്കുകളില്‍ ബന്ധപ്പെടുത്തി സമ്പാദ്യ-ആഭ്യന്തര വായ്പാതുകകളുടെ 3-4 ഇരട്ടി ലിങ്കേജു വായ്പ ലഭ്യമാക്കി, ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. എന്നാല്‍ ലോകബാങ്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കണ്ടെത്തിയ മൈക്രോഫിനാന്‍സ് മോഡലും, സന്നദ്ധ സംഘടനാ-എം.എഫ്.ഐ. രീതിയുമല്ല ഇവിടെ നടപ്പാക്കിയത്. കുടുംബശ്രീ മിഷന്റെ രൂപീകരണം സ്വയം സഹായസംഘങ്ങളെ സ്ഥാപനവത്കരിച്ചു. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തിലുള്ള സി.ഡി.എസ്. സംവിധാനം, ജില്ലാമിഷന്‍, സി.ഡി.എസ്. ക്ളസ്റര്‍, അക്കൌണ്ടന്റുമാരുടെ നിയമനം, പഞ്ചായത്ത്-ജില്ലാതല മോണിറ്ററിംഗ്, കുറഞ്ഞ പലിശക്കു വായ്പ ലഭ്യമാക്കാനുള്ള ബാങ്കുകളുമായുള്ള എം.ഒ.യു, സംഘങ്ങളിലെ അംഗങ്ങള്‍ ഏറ്റെടുക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍, അതിനായുള്ള സംരംഭ വായ്പകള്‍, ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ 3 മാസത്തിലൊരിക്കല്‍ ചേരുന്ന ബ്ളോക്ക് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റികളില്‍ സി.ഡി.എസ്. ഭാരവാഹികള്‍ക്ക് ബാങ്കുകളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാനുള്ള അവസരം, നിരന്തര പരിശീലനം, സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിശ്രമങ്ങളും ഇവയൊക്കെ നമ്മുടെ സ്വയംസഹായ സംഘങ്ങളെ ശക്തമാക്കി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുപകരം വാണിജ്യ-സഹകരണബാങ്കുകളാണ് സംഘങ്ങള്‍ക്കു വായ്പ നല്‍കുന്നത്. തിരിച്ചടവ് 95 ശതമാനത്തോളമാണ്. ബാങ്കുകളും അവരുടെ പ്രമുഖ വായ്പാ സ്ഥാനമായി സംഘങ്ങളെ കാണുന്നു. ബാങ്കുകള്‍കൂടി പങ്കെടുക്കുന്ന ഗ്രേഡിംഗ് സംവിധാനവും തിരിച്ചടവിനുള്ള ഗ്രൂപ്പ് സമ്മര്‍ദ്ദവുമെല്ലാം ഇവിടെ സാര്‍ത്ഥകമായിട്ടുണ്ട്.

സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷമായി നല്‍കിയ കൈത്താങ്ങാണ് ഏറെ ശ്രദ്ധേയം. മറ്റു സംസ്ഥാനങ്ങളില്‍ കാണാനാവാത്ത രീതിയില്‍ ലിങ്കേജ്-സംരംഭ വായ്പകള്‍ക്ക് സബ്സിഡിയും, മാര്‍ജിന്‍ മണി ഗ്രാന്റും ലഭ്യമാക്കി സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതം നീക്കിവച്ചു. ത്രിതല പഞ്ചായത്തുകളില്‍ പലതും സംഘങ്ങള്‍ക്ക് സബ്സിഡി ലഭ്യമാക്കി. പല പരാധീനതകളും ചൂണ്ടിക്കാട്ടാമെങ്കിലും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തിനു വിട്ടുകൊടുക്കാതെ കേരളത്തിലെ 'സ്വയംസഹായ സംഘത്തിലൂടെയുള്ള സ്ത്രീശാക്തീകരണ-ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍' ബാങ്കുകളുടെ സഹകരണത്തോടെ സാര്‍ത്ഥകമായി നടപ്പാക്കാന്‍ കഴിഞ്ഞത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവേണ്ടതാണ്. വീടു നിര്‍മിക്കാനായി സംഘാംഗങ്ങള്‍ എടുത്ത 'ഭവനശ്രീ' വായ്പകള്‍ ആകെ കുടുംബശ്രീമിഷനെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഈടുവച്ച പ്രമാണം തിരിച്ചു നല്‍കിക്കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തില്‍ ഇച്ഛാശക്തി പ്രകടമാക്കിയത്.

അവര്‍ ഇവിടെയും വ(ള)രുന്നു?

ഇങ്ങനെയൊക്കെ കുടുംബശ്രീ പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോഴും സന്നദ്ധ സംഘടനകളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഇവിടെ സജീവമായി വരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. പക്ഷേ മറ്റു സംസ്ഥാനങ്ങളെപ്പോലെ വ്യാപകമാകാന്‍ കഴിയുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജാതിമതാടിസ്ഥാനത്തിലുള്ള സംഘരൂപീകരണം, അത്തരം സംഘടനകളുടെ സ്വയംസഹായസംഘവിഭാഗ പ്രവര്‍ത്തനം, ജനശ്രീ അടക്കമുള്ള മറ്റു സന്നദ്ധസംഘടനകളുടെ സംസ്ഥാനതല സ്ത്രീശാക്തീകരണ പരിപാടികള്‍, അന്യസംസ്ഥാനങ്ങളിലും കേരളത്തിലുമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചുവടുറപ്പിക്കാനും, വായ്പ വ്യാപിപ്പിക്കാനുമുള്ള പരിപാടികള്‍ ഇവയൊക്കെ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. നബാര്‍ഡിന്റെ 'ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്' സംവിധാനത്തിന്‍ കീഴില്‍ ചെറുസംഘങ്ങളും വ്യാപകമായി രൂപീകരിക്കപ്പെട്ടു വരുന്നു. സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ (ഫിനാൻഷ്യൽ ഇൻ‌ൿളൂഷൻ) പരിപാടികളുടെ ഭാഗമായി 'പൂജ്യം' ബാലന്‍സ് അക്കൌണ്ടു തുടങ്ങാനും, ചെറുവായ്പ ലഭ്യമാക്കാനുമുള്ള പരിപാടികള്‍ ബാങ്കുകള്‍ നടപ്പാക്കിവരുന്നുണ്ട്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഒപ്പം കുടുംബശ്രീക്കു വെട്ടിക്കുറച്ച ബഡ്ജറ്റ് വിഹിതം തിരിച്ചുനല്‍കണം. കേരളത്തിലെ കുടുംബശ്രീ മാതൃക ഇതര സംസ്ഥാനങ്ങളിലേക്കു പകര്‍ത്തുകയാണ് അവിടത്തെ എം.എഫ്.ഐ കടന്നുകയറ്റവും, ആത്മഹത്യയും കുറയ്ക്കാന്‍ ചെയ്യേണ്ടത്. അല്ലാതെ അവിടെ അഴിഞ്ഞാടിയവര്‍ക്ക് ഇവിടെ യഥേഷ്ടം വിഹരിക്കാന്‍ അവസരമൊരുക്കലല്ല.

സ്വയം സഹായസംഘങ്ങള്‍ക്കു വായ്പ നല്‍കി ലാഭമുണ്ടാക്കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ന് മത്സരിക്കുകയാണ്. ആന്ധ്രാപ്രദേശിലേയും മറ്റും ദുരന്തം നാം കണ്ടു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായി നല്ല വായ്‌പയും വീടിനുള്ള വായ്പയും കുറഞ്ഞ പശ്ചാത്തലത്തില്‍ പഞ്ചായത്തു മുനിസിപ്പല്‍ പ്രദേശങ്ങളിലെ ബാങ്കുകള്‍ പലതും മുന്‍ഗണനാ വായ്പാ ലക്ഷ്യം തികയ്ക്കുന്നത് കുടുംബശ്രീക്കും, മറ്റു സ്വയം സഹായസംഘങ്ങള്‍ക്കും വായ്പ നല്‍കിക്കൊണ്ടാണ്. 'കിട്ടാക്കട ഭീഷണി' കുറഞ്ഞ വായ്പയാണ് സ്വയം സഹായസംഘ വായ്പകള്‍. സന്നദ്ധ സംഘടനകള്‍ക്ക് ബാങ്കുകള്‍ നേരിട്ടും വായ്പ നല്‍കുന്നുണ്ട്. അവര്‍ ഉള്ളതും ഇല്ലാത്തതുമായ സംഘങ്ങള്‍ക്കു പുനര്‍ വായ്പ നല്‍കുകയും, ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന മതസംഘടനകളും ഉണ്ട്.

ബഹുസംഘാംഗത്വം

ഒരു സംഘത്തിലേ അംഗമാകാവൂ എന്നും അതുവഴിയേ വായ്പ എടുക്കാവൂ എന്നുമുണ്ടെങ്കിലും പലേടത്തും അതു പാലിക്കുന്നില്ല. ബാങ്കുകള്‍ക്ക് ഇവ പരിശോധിക്കാനും കഴിയില്ല. മൈക്രോക്രെഡിറ്റ് ശാഖകള്‍ പല ബാങ്കുകളും തുടങ്ങിയിട്ടുണ്ട്. അവര്‍ ഏതു പ്രദേശത്തും വായ്പ നല്‍കും. തദ്ഫലമായി ബഹുവായ്പാ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബശ്രീ അംഗത്വവും, ബാങ്കു പാസുബുക്കും കാണിച്ചാല്‍ വായ്പ നല്‍കുന്ന ചില സന്നദ്ധസംഘടനകളുണ്ട്. ഒരാളെ പല സംഘങ്ങളില്‍ അംഗമാക്കുന്നത് മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണ്. ആന്ധ്രയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കപ്പെടാം. മുന്‍ സര്‍ക്കാര്‍ ഇതു നിയന്ത്രിക്കുന്നതിനു ചില നടപടികള്‍ ആലോചിച്ചിരുന്നു. അത് കൂട്ടായി ചര്‍ച്ച ചെയ്തു നടപ്പാക്കി 'ഒരാള്‍ക്ക് ഒരു സംഘം-അത് കുടുംബശ്രീ', അതില്‍ തല്പരരല്ലാത്തവര്‍ക്കു മറ്റു സംഘം തേടാം എന്നാകണം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനുശേഷം ഭരണ സമിതി മാറിയപ്പോള്‍ ജനശ്രീ പോലുള്ളവയിലെ അംഗങ്ങളെ 'കുടംബശ്രീ'യാക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്. കാരണം അവിടെ സബ്സിഡിയും പലിശക്കുറവുമില്ല, ഇവിടെ അതുണ്ടുതാനും.

വകുപ്പുകള്‍ നോക്കി നില്‍ക്കുന്നു?

മറ്റൊരു പ്രധാനപ്രശ്നം 'കുടംബശ്രീ' പ്രവര്‍ത്തനങ്ങളുമായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ബന്ധപ്പെടുത്താത്തതാണ്. 'സമഗ്ര' വാഴകൃഷി പഞ്ചായത്തില്‍ നടക്കുമ്പോള്‍ ശാസ്ത്രീയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട കൃഷി ഓഫീസര്‍ക്ക് യാതൊരു ബന്ധവുമില്ല. വിളിക്കാത്തതാണോ പുറംതിരിഞ്ഞു നില്‍ക്കുന്നതാണോ എന്നറിയില്ല. എന്തായാലും വിള വര്‍ധനയുണ്ടാകുമ്പോള്‍ കൃഷിവകുപ്പിന്റെ സ്റാറ്റിസ്റിക്സില്‍ അതു നേട്ടമായെണ്ണും എന്നതില്‍ തര്‍ക്കമില്ല. മൃഗ സംരക്ഷണ ഡയറി-മില്‍മാ വകുപ്പുകളുടെ കാര്യം അതിലും രസകരമാണ്. മന്ത്രി ഒന്നായാലും മൂന്നായാലും ഇവരെ ഒരുമിച്ചിരുത്തി കേരളത്തിലെ 'ധവള വിപ്ളവം' സാധിത പ്രായമാക്കാമെന്ന് ആരും ചിന്തിക്കേണ്ട. 'ക്ഷീരശ്രീ' പദ്ധതി ഫലപ്രദമാകാതെ പോയതും ഈ വിഭാഗീയതകൊണ്ടുതന്നെ. തൊഴിലുറപ്പു പദ്ധതിയുമായി സഹകരിക്കുന്ന പ്രധാന വിഭാഗം 'കുടുംബശ്രീ'യാണ്. പല വകുപ്പുകളെയും ഇതുമായി ബന്ധിപ്പിക്കാനാവും. അതിനുള്ള സാധ്യത ആരായേണ്ടതാണ്.

വായ്പകള്‍ പലതരം

പലതരം ലോണുകളാണ് സ്വയം സഹായസംഘങ്ങള്‍ക്കു നല്‍കുന്നത്. ഗ്രൂപ്പ് രൂപീകരിച്ചശേഷം ബാങ്ക് അക്കൌണ്ട് തുടങ്ങുക, ആറുമാസം കഴിയുമ്പോള്‍ ഗ്രേഡിംഗ് നടത്തുക, ലിങ്കേജ് വായ്പ എടുക്കുക, ഗ്രൂപ്പിലെ അംഗങ്ങളോ, ഏതാനും ഗ്രൂപ്പികളിലെ അംഗങ്ങളോ (4 മുതല്‍ 10 വരെ) ചേര്‍ന്ന് കൂട്ടുബാധ്യതാ സംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) തുടങ്ങി തൊഴില്‍ സംരംഭം തീരുമാനിച്ച് അതിന് പ്രത്യേക വായ്പയെടുത്ത് സംരംഭമാരംഭിച്ച് വിജയകരമായി നടത്തുക, വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ സംരംഭങ്ങള്‍ക്കായി വായ്പ എടുക്കുക ഇവയൊക്കെയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു കൂടുതല്‍ ഫലപ്രദവും വരുമാന വര്‍ധനവിനുതകുന്നതുമാകണം.

എം.ഒ.യു.വിന്റെ പ്രശ്നങ്ങള്‍

ബാങ്കുകള്‍ വഴി പദ്ധതികള്‍ നടപ്പാക്കുന്നതിന് എളുപ്പമാര്‍ഗം ആ പദ്ധതി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിക്കുകയാണ്. അങ്ങനെയായാല്‍ ജില്ലാതല ലീഡ് ബാങ്കുകള്‍ വഴി വിവിധ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കി നടപ്പാക്കാനാവും.

എന്നാല്‍ കുടുംബശ്രീമിഷന്‍ ഓരോരോ ബാങ്കുകളുമായി എം.ഒ.യു. ഒപ്പിട്ട് നടപ്പാക്കാനാണു ശ്രമിക്കുന്നത്. പല ബാങ്കിനും സംസ്ഥാനത്തിനു പുറത്തുള്ള കേന്ദ്ര ഓഫീസുകളുടെയും, ഡയറക്ടര്‍ ബോര്‍ഡിന്റേയും അംഗീകാരം ലഭ്യമാക്കി എം.ഒ.യു ഒപ്പിടാന്‍ പല തടസ്സങ്ങളുമുണ്ടാകുന്നു. റിസര്‍വ് ബാങ്ക് പലിശനിരക്കു കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളുണ്ട്. അതുമൂലം ചില ബാങ്കുകള്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുന്നു. ചിലര്‍ക്കു കഴിയുന്നില്ല. ഗ്രൂപ്പ് അക്കൌണ്ടുകള്‍ പല ബാങ്കിലാണ്.

ചില ബാങ്കുകള്‍ മാത്രം നടപ്പാക്കുന്നത് സംഘങ്ങള്‍ക്ക് പ്രശ്നമാകുന്നു. അനുവദിച്ച തുക മുഴുവന്‍ എടുക്കാത്ത സംഘങ്ങളുണ്ടാകും. ഇതൊക്കെ പരിഗണിച്ച് ബാങ്ക് വായ്പാ പദ്ധതികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ 'ബാങ്കബിള്‍' ആയ പദ്ധതികളാവിഷ്കരിക്കാന്‍ കുടുംബശ്രീ ശ്രദ്ധിക്കേണ്ടതുണ്ട്.

മേളകളുടെ സാധ്യത

ഗ്രേഡിംഗ്, ലിങ്കേജ്, ജെ.എല്‍.ജി. വായ്പ ഇവ യഥാസമയം നടപ്പാക്കാന്‍ ജില്ലാമിഷനും, ലീഡ്ബാങ്കും, ബാങ്കുകളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. ബ്ളോക്ക് ലവല്‍ ബാങ്കേഴ്സ് സമിതിയോഗം, ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയോഗം ഇവയൊക്കെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാനുമുള്ള വേദിയാക്കണം. ഇടയ്ക്കിടെ ഗ്രേഡിംഗ് മാസാചരണം, ലിങ്കേജ്-ജെ.എല്‍.ജി. വായ്പാമേള, റിക്കവറി മേള ഇവയൊക്കെ സംഘടിപ്പിച്ചാല്‍ താമസമൊഴിവാക്കി വേഗത്തില്‍ വായ്പ ലഭ്യമാക്കാനും തിരിച്ചടവു സുഗമമാക്കാനുമാകും.

സ്വയം സഹായ സംഘങ്ങളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം എന്നത് ലോകബാങ്ക് പദ്ധതിയാണെന്നും അതു തള്ളിക്കളയണമെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ ദാരിദ്ര്യം കുറയ്ക്കല്‍ ഗുണഭോക്താവിനെയും സന്നദ്ധസംഘടനകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്നോട്ടു വലിയുന്ന നയങ്ങളും നിലനില്‍ക്കുന്നു. കഴിഞ്ഞ 10-15 വര്‍ഷത്തെ അനുഭവം ഏറെ ഗുണപരവും ഒപ്പം പ്രതിലോമകരവുമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ കുടുംബശ്രീ മാതൃക ജനകീയതലവും ഔദ്യോഗികതലവും കൂട്ടിച്ചേര്‍ത്ത് വികസന വകുപ്പുകളുമായുള്ള ബന്ധം ദൃഢമാക്കി സമഗ്ര പദ്ധതിയായി വികസിപ്പിച്ചുകൊണ്ട്, ഇന്നുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്, ആഗോളവത്കരണ ബദല്‍ വികസന മാതൃകയായി വളര്‍ത്തിയെടുക്കുകയാണ് നാം ചെയ്യേണ്ടത്.ഇീൌൃല്യ: ടമമവൃേമഴമവേശ, ടലുലോയലൃ 2011


*****


ആർ. ഗിരീഷ് കുമാർ, കടപ്പാട്: ശാസ്‌ത്രഗതി, സെപ്റ്റംബർ 2011

Monday, March 28, 2011

സ്ത്രീകളുടെ കരുത്തില്‍ 'സഹ്യ' കുതിക്കുന്നു

'സഹ്യ'യിലാകെ തിരക്കാണ്. കുറച്ചുപേര്‍ വറുക്കലും പൊരിക്കലുമായി ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്നു. വേറൊരുകൂട്ടര്‍ അത് പായ്ക്കുചെയ്യുന്നു. മറ്റൊരു കൂട്ടര്‍ പേപ്പര്‍ബാഗ്, കൂടകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ്. തയ്യല്‍ പരിശീലനകേന്ദ്രവും തയ്യല്‍ യൂണിറ്റും എല്ലാം സജീവമാണ്.

18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ സഹ്യയുടെ സഹയാത്രികരാണ്. ആയൂരിലെ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ഒരു കുടക്കീഴില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കൂടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് ഏവര്‍ക്കും മാതൃകയാവുകയാണ് ഈ വനിതകള്‍. കൂട്ടായ്മയുടെ കരുത്തിലൂടെ വിജയം കൊയ്ത് നാടിനാകെ ഇവര്‍ മാതൃക കാട്ടുകയാണ്. 'സഹ്യ' ഇവരുടെ ഉപജീവനത്തിനുള്ള വേദി മാത്രമല്ല പരസ്പരം സുഖവും ദുഃഖവും സൗഹൃദവും പങ്കുവയ്ക്കാനുള്ള അവസരം കൂടിയാണ്. ആയൂര്‍ പഞ്ചായത്തില്‍ സഹ്യയുടെ ആറ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ നൂറോളം പ്രവര്‍ത്തകരാണുള്ളത്. അടൂര്‍ ടൗണ്‍, വാളകം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം രണ്ടായിരം രൂപയും അതിന് മുകളിലും തുക ഓരോ സ്ത്രീകളുടെയും കൈകളിലെത്താറുണ്ട്.

2010 ജനുവരിയില്‍ നെടുമ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ച അപ്പാരല്‍ പാര്‍ക്കും കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയാണ്. ടീഷര്‍ട്ട്, നൈറ്റി, നൈറ്റ് ഡ്രസ്, സ്‌കൂള്‍ യൂണിഫോം, പാന്റ്‌സ് തുടങ്ങിയവ ഓര്‍ഡര്‍ അനുസരിച്ച് തയ്‌ച്ചെടുക്കുകയാണ് ഇവിടത്തെ സ്ത്രീതൊഴിലാളികള്‍. കുടുംബശ്രീകളില്‍ നിന്നുള്ള 50 സ്ത്രീകള്‍ക്ക് നിത്യതൊഴിലും 150 ഓളം പേര്‍ക്ക് അനുബന്ധ തൊഴിലും ഇത് നല്‍കുന്നു. 'സമഗ്ര' എന്ന കൂട്ടായ്മയുടെ പേരിലാണ് യൂണിറ്റ് അറിയപ്പെടുന്നത്. 71.44 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തില്‍ 32 മെഷീനുകളാണ് ആകെ ഉള്ളത്.

കിന്‍ഫ്ര, റീച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂര്‍ എന്നീ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസൈനിംഗിലും ഗ്രേഡിംഗിലും രണ്ടുമാസത്തെ പരിശീലനം നല്‍കി. ഉല്‍പ്പാദനത്തില്‍ നിന്ന് ഒരു മാസം രണ്ട് ലക്ഷം രൂപയിലധികം വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനെ നയിക്കുന്നത്. വനിതകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും മറ്റുമായി പ്രത്യേക മാനേജ്‌മെന്റ് കമ്മിറ്റിയും ഉണ്ട്. വളരെ വലിയ വ്യാപാര ശൃംഖലയാണ് ഇപ്പോള്‍ സമഗ്രയെ തേടിയെത്തുന്നത്. ഇച്ഛാശക്തിയുള്ള മനസ്സും സഹായസന്നദ്ധതയുമായി സര്‍ക്കാരും ഉണ്ടെങ്കില്‍ എല്ലാം നേടിയെടുക്കാമെന്നാണ് ഈ സ്ത്രീകളുടെ പക്ഷം.

ശുദ്ധമായ പശുവിന്‍ പാല്‍ കുപ്പിയിലാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വീടുകളിലെത്തിക്കുന്ന പദ്ധതിയ്ക്കും ജില്ലയില്‍ തുടക്കമായിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തില്‍ വിജയം കണ്ട നേച്ചര്‍ ഫ്രഷ് പാലുല്‍പ്പാദന പദ്ധതിയുടെ ചുവടുപിടിച്ചാണ് ശാസ്താംകോട്ടയിലും ഇത് തുടങ്ങിയിരിക്കുന്നത്. ശാസ്ത്രീയമായി കറന്നെടുക്കുന്ന പശുവിന്‍ പാല്‍ ചില്ലുകുപ്പികളില്‍ ശേഖരിച്ച് സീല്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വീടുകളിലെത്തിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
ഇതിനായി ശാസ്ത്രീയമായി തൊഴുത്ത് നിര്‍മിച്ച് കറവപ്പശുക്കളെ നല്‍കി. ഈ കുടുംബങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാലാണ് കുപ്പികളിലാക്കി വാഹനങ്ങളില്‍ വീടുകളിലെത്തി മാര്‍ക്കറ്റ് ചെയ്യുന്നത്. പാല്‍ വിതരണത്തിന് ഇരു ചക്രവാഹനങ്ങളും വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. കുടുംബശ്രീയും പഞ്ചായത്തും കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പാക്കിയത്.
കൂടാതെ പോഷകാഹാര ഉല്‍പ്പന്നങ്ങളുടെ കുടുംബശ്രീ കൂട്ടായ്മയായ ന്യൂട്രിമിക്‌സ് യൂണിറ്റുകളും വിജയപാതയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ അംഗന്‍വാടികള്‍ വഴിയാണ് ഇവര്‍ വിറ്റഴിക്കുന്നത്.

കരകൗശല ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളും സ്ത്രീകളുടെ കരവിരുതില്‍ വിരിയുന്നുണ്ട്. വൈക്കോലില്‍ തീര്‍ക്കുന്ന കലാരൂപങ്ങളും, തഴയില്‍ തീര്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ഏത് വിദേശവിപണിയും കീഴടക്കുന്നതാണ്. കടലാസ്, കയര്‍, മുള, ചകിരിനാര്, ഉണങ്ങിയപുല്ല്, പൂക്കള്‍, വിത്തുകള്‍, ചൂരല്‍ തുടങ്ങിയ എന്തും സ്ത്രീകളുടെ കലാചാതുരിക്ക് മിഴിവേകുന്നുണ്ട്.

പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങള്‍ പാഴായി പോകാതെ പലതരം സ്വാദൂറും വിഭവങ്ങളാക്കി വിണിയിലെത്തിക്കാനും കുടംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്നും ഈ കൂട്ടായ്മകള്‍ സമൂഹത്തിന് കാട്ടിത്തരുന്നുണ്ട്. കുടുംബശ്രീ മാസചന്തകള്‍, ആഴ്ച്ച ചന്തകള്‍, മറ്റ് പ്രാദേശിക വിപണികള്‍ എന്നിവയിലൂടെയാണ് ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

800 കുടുംബശ്രീ വനിതകള്‍ ഉള്‍ക്കൊള്ളുന്ന 70 കുടുംബശ്രീ ഐ ടി ഗ്രൂപ്പുകളുടെ കൂട്ടായ്മ, മാനേജ്‌മെന്റ് മുതല്‍ വിപണനം വരെയുള്ള ഘടകങ്ങള്‍ക്ക് സ്വയം നിയന്ത്രിത പ്രൊഫഷണല്‍ സംവിധാനം, സ്ത്രീ പദവി സ്വയം പഠന പരിപാടിക്കും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിനുമായി ശ്രീശക്തി വെബ്‌പോര്‍ട്ടല്‍, ഒന്‍പത് കുടുംബശ്രീ ഗാര്‍മെന്റ് മേക്കിംഗ് കോമണ്‍ഫസിലിറ്റി സെന്ററുകളുടെ കൂട്ടായ്മ, കുടുംബശ്രീ തുണി ഉല്‍പ്പന്നങ്ങള്‍ 'കാദംബരി' എന്ന പൊതു ബ്രാന്റില്‍, ആധുനികവും നവീനവുമായ ഉല്‍പ്പാദന- വിതരണശ്യംഖലകളും ലൈന്‍ അസംബ്ലിയൂണിറ്റുകളും, സാമൂഹ്യസംഘടനാ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള 13 കുടുംബശ്രീ പരിശീലന ഗ്രൂപ്പുകള്‍ക്ക് അക്രഡിറ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങളും കൂടി നിലവില്‍ വരുന്നതോടെ കുടുംബശ്രീ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കത്തക്ക സ്ഥിതിയിലേക്ക് വളരും.

ചെറിയ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീകള്‍ക്ക് നേടാനായത് വലിയ നേട്ടങ്ങളാണ്. ഗ്രാമങ്ങള്‍ തോറും സമൃദ്ധിയുടെ പച്ചപ്പാണ് കുടുംബശ്രീകള്‍ നേടിത്തന്നത്.

*
കടപ്പാട്: ജനയുഗം ദിനപത്രം 27 മാര്‍ച്ച് 2011

Sunday, March 13, 2011

'ജാംസ്' ഒരു ബ്രാന്‍ഡാണ്

'ജാംസ്' ഒരു ബ്രാന്‍ഡാണ്. ബഹുരാഷ്ട്രകുത്തകകള്‍ വിപണി കീഴടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിജയകരമായി മുന്നേറുന്ന ഒരു പ്രാദേശിക ബ്രാന്‍ഡ്! ഈ ബ്രാന്‍ഡിന്റെ പിന്നിലെ കഥ തേടിച്ചെന്നാല്‍ നമ്മള്‍ എത്തുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍. ഒരു ഓടിട്ട കൊച്ചുകെട്ടിടം. അതിനുള്ളില്‍ ഒമ്പത് സ്ത്രീകള്‍ ഒറ്റമനസ്സോടെ ജോലിചെയ്യുന്നു. ചിലര്‍ പൊടിക്കുന്നു, മറ്റുചിലര്‍ വറക്കുന്നു, വേറെ ചിലര്‍ പായ്ക്കുചെയ്യുന്നു. അങ്ങനെ ജാംസ് ധാന്യ മാവുകള്‍ തയ്യാറാകുന്നു. സാധാരണ ധാന്യമാവുകളില്‍നിന്ന് ജാംസ് വ്യത്യസ്തമാകുന്നത് അവര്‍ തങ്ങളുടെ ഭാവനയില്‍ കുതിര്‍ത്തെടുക്കുന്ന ചില നവീന ഉല്‍പ്പന്നങ്ങളിലൂടെയാണ്. ജാംസ് പ്രാതല്‍കിറ്റാണ് അതില്‍ പ്രധാനം. പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി, ഉപ്പുമാവ് റവ എന്നിങ്ങനെ നാലുതരം പൊടികള്‍ ആകര്‍ഷകമായ ചെറുബാഗില്‍. ഒരു ചെറുകുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള പ്രതല്‍വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഇത് ധാരാളം. പഴംപൊരി മിക്സും ബജിധൂളുംപോലെയുള്ള പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ ജാംസ് പ്രിയങ്കരമാകുന്നു. ജാംസിന് ഇന്ന് സ്വന്തമായി ഒരു പിക്കപ്വാനും ഉണ്ട്. സംഘത്തിന്റെ സെക്രട്ടറിയായ സിസിലിക്കുള്‍പ്പെടെ വണ്ടി ഓടിക്കാനും അറിയാം. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം അങ്ങനെ എളുപ്പത്തിലാക്കിമാറ്റാനും ഈ ഒമ്പതംഗസംഘത്തിന് കഴിയുന്നു.
കുടുംബശ്രീയുടെ പതിനായിരക്കണക്കിനു സംരംഭങ്ങളിലൊന്നാണ് 'ജാംസ്'. മാറുന്ന കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറായ പുത്തന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി കുടുംബശ്രീ ഇന്ന് മാറിയിരിക്കുന്നു. അച്ചാറും പപ്പടവുംപോലും വ്യത്യസ്തമായി ഉല്‍പ്പാദിപ്പിക്കാനും വിപണിയിലെ മത്സരത്തില്‍ ഒരിഞ്ച് പിന്നോട്ടുപോകാതിരിക്കാന്‍ പായ്ക്കിങ് ആകര്‍ഷകമാക്കിയും കുടുംബശ്രീ വനിതകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നു. പൊതുവിപണിയില്‍ കുടുംബശ്രീതന്നെ ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. അതിന്റെ സ്വീകാര്യത ഇന്ന് നിരവധി സാധാരണ കുടുംബങ്ങളുടെ കുടുംബജറ്റില്‍ അനുകൂലമായ ചലനം സൃഷ്ടിച്ചിരിക്കുന്നു. മാസം ശരാശരി അയ്യായിരം രൂപ ഉണ്ടാക്കാന്‍ കുടുംബശ്രീ സംരംഭകര്‍ക്കാകുന്നുണ്ട്. പരമ്പരാഗതമായി സ്വയംസഹായ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുവന്നിരുന്ന പലഹാരങ്ങളും അച്ചാറുകളും ഇന്നില്ലാതായി എന്നല്ല. പക്ഷേ, കോട്ടയം ജില്ലയിലെ മുത്തുക്കുടയും പനംപാനിയും പാലക്കാട്ടെ 'സൃഷ്ടി' എന്ന ബ്രാന്‍ഡിലുള്ള മുളഘടികാരവും വയനാട്ടിലെ 'സ്പാരോ' കറിക്കൂട്ടുകളും മാറി ചിന്തിച്ചുകൊണ്ട് വിജയപാതയില്‍ എത്തിയവയാണ്.

കോഴിക്കോട് നല്ലളം ചെറുവത്തൂര്‍ ഗ്രാമത്തിലെ നിര്‍മാല്യം കുടുംബശ്രീയുടെ ഒരു മാതൃകായൂണിറ്റാണെന്നുപറയാം. ഒരു ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്. അതീവ മനോഹരമായ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാരും ഏറെ. വിപണനം ഒരു പ്രശ്നമായി ഇവര്‍ കരുതുന്നതേയില്ല. സ്വര്‍ണവില കുതിച്ചുപൊങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാനും നിര്‍മാല്യത്തിനു കഴിയുന്നു.

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തില്‍ 'ഗൃഹശ്രീ' എന്ന സംരംഭം ശ്രദ്ധേയമാകുന്നത് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഡയബറ്റിക് ഫുഡ് മൂലമാണ്. പ്രമേഹരോഗികള്‍ക്കായി ഇവര്‍ 18 കൂട്ടം ചേര്‍ത്തുണ്ടാക്കുന്ന ധാന്യമാവ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ഗംഭീരം. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഡയബറ്റിക് ലഡുവും ഇവര്‍ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നു. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഗൃഹശ്രീയെത്തേടി അന്യജില്ലകളില്‍നിന്ന് നിരവധിപേര്‍ എത്തുന്നു.

പ്രാദേശികമായി ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം വിഭവങ്ങള്‍ പാഴായി പോകാതിരിക്കാന്‍ കുടുംബശ്രീ സംരംഭകര്‍ ശ്രദ്ധിക്കുന്നുണ്ട്. വയനാട്ടിലെ പനമരം പഞ്ചായത്തിലെ വൈഷ്ണവി അത്തരമൊരു സംഘമാണ്. 65 തരം ചക്കവിഭവങ്ങള്‍ ഉണ്ടാക്കാന്‍ 'വൈഷ്ണവി'യുടെ അംഗങ്ങള്‍ക്കറിയാം. ചക്ക ധാരാളമായി കിട്ടുന്ന മാസങ്ങളില്‍ വ്യത്യസ്തവിഭവങ്ങള്‍ ഉണ്ടാക്കി ഇവര്‍ സൂക്ഷിക്കുന്നു. ഈ പാചകവിധികളൊന്നും ആധുനികമാണെന്നുപറയാനാകില്ല. പരമ്പരാഗതമായി നമ്മുടെ മുത്തശ്ശിമാര്‍ക്ക് അറിയാവുന്നതും ഇന്ന് പുത്തന്‍തലമുറയ്ക്ക് അറിയാത്തതുമായ 'റസിപ്പി'കളാണ് ഇവ. ആ അര്‍ഥത്തില്‍ നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാതരായ സൂക്ഷിപ്പുകാരികള്‍കൂടിയായി ഈ സ്ത്രീകള്‍ മാറിയിരിക്കുന്നു. വൈഷ്ണവിയുടെ പ്രശസ്തമായ ചക്കപപ്പടം ഇത്തരത്തില്‍ മുത്തശ്ശിമാരില്‍നിന്ന് കൈമാറിക്കിട്ടിയ അറിവാണ്. കോട്ടയത്തെ നീണ്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീക്കാര്‍ ഉണ്ടാക്കുന്ന പനംപാനിയും ഒരു പാരമ്പര്യവിഭവമാണ്. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത പനംപാനിയെക്കുറിച്ച് പലര്‍ക്കും അറിയില്ല. പനംകള്ളില്‍നിന്ന് നീണ്ട പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന തേനിനു സമാനമായ പാനി മധ്യതിരുവിതാംകൂറിലെ പഴയകാല സദ്യകളില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നുപോലും!

പഞ്ചായത്തുകളുടെ പ്രാദേശിക സാമ്പത്തിക വികസന പരിപാടികള്‍ക്ക് ആക്കംകൂട്ടാനും സ്ത്രീകളുടെ കൊച്ചുസംരംഭങ്ങള്‍ക്കാകുന്നുണ്ട്. ഒരു കുടക്കീഴില്‍ നിരവധി സംരംഭങ്ങള്‍ എന്ന ആശയമാണ് കൊല്ലത്തെ 'സഹ്യ' പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നൂറോളം സംരംഭകര്‍ക്ക് ഒത്തുകൂടാനും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും പഞ്ചായത്ത് നല്‍കിയ കൂറ്റന്‍കെട്ടിടം സഹായകരമായിരിക്കുന്നു. ഒരു സംഘം കുടയുണ്ടാക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ നോട്ടുബുക്കും പേപ്പര്‍ബാഗും ഉണ്ടാക്കുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും 'സഹ്യ'യിലുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന തയ്യല്‍യൂണിറ്റും ഒരു കൂരയ്ക്കുതാഴെത്തന്നെയുണ്ട്.

കരകൌശലവസ്തുക്കള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി നൂറിലേറെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ അയല്‍ക്കൂട്ട സഹോദരിമാര്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. കടലാസ്, മുള, കയര്‍, ചകിരിനാര്, ഉണങ്ങിയ പുല്ല്, പൂക്കള്‍, വിത്തുകള്‍, തഴ, ചൂരല്‍ തുടങ്ങി എന്തും സ്ത്രീകളുടെ കരവിരുതും ഭാവനയ്ക്കും വഴങ്ങുന്നു. പ്ളാസ്റിക്കിനെതിരെ കേരളം ചിന്തിക്കുമ്പോള്‍ പോംവഴിയായി മുന്നില്‍നില്‍ക്കുന്നത് കുടുംബശ്രീ വനിതകളുടെ കരുത്തുതന്നെയാണ്.

ഒറ്റയ്ക്ക് വീടിനുപുറത്തിറങ്ങാന്‍ മടിച്ചിരുന്ന സ്ത്രീകള്‍ ഇന്ന് തങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനായി മുഖ്യധാരയിലേക്കുവരാന്‍ തയ്യാറാകുന്നു. അസംസ്കൃത വസ്തുക്കള്‍ ലാഭകരമായി ലഭിക്കുമെങ്കില്‍ എത്ര ദൂരെയും അവര്‍ യാത്രചെയ്യുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിപണനവേളകളില്‍ ഇവര്‍ പങ്കെടുക്കുന്നു. ബീജിങ്ങില്‍ നടന്ന അന്താരാഷ്ട്ര വിപണനമേളയില്‍ എറണാകുളം ജില്ലയിലെ ഷൈജയും മേരിയും പങ്കെടുത്തുവെന്നത് നിസ്സാരമായി കാണാനാകില്ല. അമ്പതിലേറെ വ്യത്യസ്തയിനം അച്ചാറുകള്‍ (ഈര്‍ക്കില്‍ ഉള്‍പ്പെടെ) ഉണ്ടാക്കുന്ന മിജയും ബ്രഹ്മികൂട്ടും പായസവും ഉണ്ടാക്കുന്ന ബിന്ദുവും മുടിയെണ്ണയുടെ വിദഗ്ധയായ ഹീരയും വിവിധതരം കഞ്ഞി വില്‍ക്കുന്ന ജയന്തിയും വൈയ്ക്കോലില്‍ അപൂര്‍വകലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന വാസന്തിയും കുടുംബശ്രീയുടെ അഭിമാനങ്ങളാണ്. നന്നായി അധ്വാനിക്കുകയും തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുകയും ചെയ്യുന്ന ഈ സ്ത്രീകള്‍ കുടുംബശ്രീയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ യത്നിക്കുന്നു. സ്ത്രീകൂട്ടായ്മയുടെ കരുത്തോടെ ഇവര്‍ മുന്നേറുന്നു, ശാക്തീകരണത്തിന്റെ പാതയില്‍.

അക്ഷരത്തെ പുണര്‍ന്ന്

ജെസി തോമസും ഒരു സംരംഭകയാണ്. പക്ഷേ, ജെസി വിപണിയില്‍ എത്തിക്കുന്നത് അച്ചാറും പപ്പടവും ഒന്നുമല്ല. സ്വന്തമായെഴുതിയ നോവലും കഥകളുമാണ്. തൃശൂര്‍ കോര്‍പറേഷന്‍ എസ്ജിഎസ്ആര്‍വൈ പദ്ധതി പ്രകാരം നല്‍കിയ വായ്പ ഉപയോഗിച്ചാണ് ജെസി ആദ്യപുസ്തകം അച്ചടിച്ചത്. താനെഴുതി അച്ചടിച്ച പുസ്തകം തോള്‍സഞ്ചിയില്‍ കൊണ്ടുനടന്നുവില്‍ക്കുന്നു. കുടുംബശ്രീയുടെ മാസച്ചന്തകളില്‍ ജെസിയുടെ പുസ്തകങ്ങളും ഇടംനേടാറുണ്ട്.

ഒമ്പതാംക്ളാസില്‍ പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതയായ ജെസി ആദ്യകഥ എഴുതിയത് 13 വയസ്സിലാണെങ്കിലും പുസ്തകമിറക്കിയത് 45-ാം വയസ്സിലാണ്. ഇപ്പോള്‍ ആറ് പുസ്തകം ജെസി എഴുതി. കുട്ടികള്‍ക്കുള്ള കഥകളും ഇതില്‍ ഉള്‍പ്പെടുന്നു.—

*
ആര്‍ പാര്‍വതീദേവി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Friday, December 17, 2010

ചെറുവായ്പകളുടെ പേരില്‍ വന്‍ കൊള്ളകള്‍

"ഷേക്സ്പിയര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി 'വെനീസിലെ കച്ചവടക്കാര'ന്റെ രണ്ടാം ഭാഗം എഴുതുമായിരുന്നു''.

ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ആധുനിക ഷൈലോക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ ദേവീന്ദര്‍ശര്‍മ്മ നടത്തിയ പ്രതികരണമാണിത്. ദരിദ്രരെ സഹായിക്കാനെന്നപേരില്‍ സ്വയം സഹായസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ചെറുവായ്പകളിലൂടെ കോടികളുടെ ലാഭം കൊയ്യുകയും ഓഹരിക്കമ്പോളത്തില്‍ വന്‍ പ്രിയം നേടുകയും ചെയ്യുന്ന ഇന്ത്യന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ അത്യാര്‍ത്തിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളുടെ ഒരു മാതൃക മാത്രമാണ് ദേവീന്ദര്‍ ശര്‍മയുടെ പ്രതികരണം.

ഈ വിഷയം ഇപ്പോള്‍ സജീവചര്‍ച്ചയ്ക്ക് വിധേയമാകുന്നതിനുള്ള പ്രധാന പ്രേരണ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 14ന് അംഗീകരിച്ച, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ്. സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തില്‍നിന്നും സ്വയംസഹായ സംഘങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന ആമുഖത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ ഓര്‍ഡിനന്‍സ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ അടിയന്തിരമായി സംസ്ഥാന ജില്ലാ-പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നു. രജിസ്ട്രേഷന്‍ ലഭിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയതിനുശേഷം മാത്രം പ്രവര്‍ത്തനമാരംഭിക്കണമെന്നും ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നു. ഒന്നിലധികം സ്വയംസഹായ സംഘങ്ങളില്‍ ഒരേസമയത്ത് അംഗത്വം നേടുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍ഡിനന്‍സ് പ്രസ്താവിക്കുന്നു. സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയ്ക്ക് ജാമ്യം നിര്‍ബന്ധിക്കുന്നതും മുതലിനേക്കാള്‍ കൂടുതല്‍ പലിശ ഈടാക്കുന്നതും ഓര്‍ഡിനന്‍സ് നിരോധിച്ചിട്ടുണ്ട്. ഇത്തരം ഒരു ഓര്‍ഡിനന്‍സ് ഇറക്കുന്നതിലേക്ക് ആന്ധ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ജനരോഷമാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി അവിടെ ഉയര്‍ന്നത്. കഴിഞ്ഞ നാലഞ്ചുമാസത്തിനിടയില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് മുപ്പതു സ്ത്രീകളാണ് ആത്മഹത്യചെയ്തത്. തിരിച്ചടവ് കുടിശ്ശിക വരുത്തിയതിന്റെ ഭാഗമായി കടുത്ത ശാരീരികവും മാനസികവുമായ പീഡനവും അപമാനവും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നേരിടേണ്ടിവന്നതാണ് ഈ ആത്മഹത്യകള്‍ക്കു പ്രേരണയായത് എന്നതാണ് ജനരോഷത്തിന് കാരണം. 36 ശതമാനംതൊട്ട് 100 ശതമാനംവരെ പലിശ ഈടാക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ വായ്പയ്ക്കായി ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സ്വയം സഹായ സംഘങ്ങളും സ്ത്രീകളുമാണ് ആന്ധ്രയിലുള്ളത്. ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ തിരിച്ചടവിനായി ചെലുത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങളും ചൂഷണ സമ്പ്രദായങ്ങളും 2005-06ല്‍തന്നെ ആന്ധ്രയില്‍ വിമര്‍ശനവിധേയമായിരുന്നു. അന്ന് കൃഷ്ണ ജില്ലയില്‍ മാത്രം പത്തു സ്ത്രീകളാണ് വായ്പ തിരിച്ചടയ്ക്കാനാവാതെ അപമാനിക്കപ്പെട്ട് ആത്മഹത്യചെയ്തത്. അതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പലിശ കുറയ്ക്കുമെന്നും മറ്റും തീരുമാനമറിയിക്കുകയും ചെയ്തെങ്കിലും സര്‍ക്കാരിന്റെതന്നെ അറിവോടെ ചൂഷണം പൂര്‍വ്വാധികം ശക്തമായി തുടരുകയാണ് ചെയ്തത്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ മൂന്നിലൊന്നും കേന്ദ്രീകരിച്ചിരിക്കുന്ന ആന്ധ്രയില്‍ ഈ ചൂഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ രൂക്ഷമാണ്. ആത്മഹത്യാ പരമ്പര സൃഷ്ടിച്ച ജനരോഷത്തോടൊപ്പം തെലുങ്കാന പ്രശ്നവും കോണ്‍ഗ്രസിലെ ആഭ്യന്തര കലാപവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച രാഷ്ട്രീയഅനിശ്ചിതത്വവും സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതില്‍നിന്ന് താല്‍കാലികമായെങ്കിലും രക്ഷപ്പെടുന്നതിനും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനുമുള്ള ശ്രമമെന്ന നിലയിലാണ് സര്‍ക്കാര്‍ വളരെ പെട്ടെന്നുതന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

എന്നാല്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണം തടയുന്നതിനുള്ള നടപടികളെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെന്ന് കരുതുന്നെങ്കില്‍ തെറ്റി. ആന്ധ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളില്‍നിന്നും കമ്പോളവക്താക്കളില്‍നിന്നും ഓഹരി നിക്ഷേപകരില്‍നിന്നുമൊക്കെ ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഷേധക്കാരുടെ വേവലാതി ബോധ്യപ്പെടണമെങ്കില്‍ ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 2500 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഇരുപതെണ്ണം വന്‍കിട നിക്ഷേപകരുള്ള, ഓഹരിക്കമ്പോളത്തില്‍ സജീവ സാന്നിദ്ധ്യമുള്ള സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ്രംഗത്തെ ഭീമനായ എസ് കെ എസ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സ്പന്ദന സ്ഫൂട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബന്ധന്‍, ഷെയര്‍, ബാസിക്സ്, അസ്മിത തുടങ്ങിയ ഇരുപതോളം ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കോടികളുടെ ലാഭമാണ് സ്വയംസഹായസംഘങ്ങള്‍ക്ക് നല്‍കിയ വായ്പയിലൂടെ നേടിയത്. ഈ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ ഉത്സാഹംകാണിച്ചതിന്റെ ഫലമായി എസ്കെഎസിന്റെ ഓഹരിവില കഴിഞ്ഞവര്‍ഷം ആയിരത്തി ഇരുന്നൂറുവരെയായി ഉയര്‍ന്നിരുന്നു. എസ്കെഎസ് തങ്ങളുടെ ഉദ്യോഗസ്ഥരെ ഓഹരിക്കമ്പോളത്തില്‍ പങ്കാളികളാകാന്‍ അനുവദിച്ചതിനെത്തുടര്‍ന്ന് അവരില്‍ കുറഞ്ഞത് ഇരുപതുപേരെങ്കിലും കോടീശ്വരന്മാരായി മാറിയിട്ടുണ്ടത്രെ. ഓഹരിക്കമ്പോളത്തില്‍ വിശ്വാസത്തോടെ നിക്ഷേപിക്കുന്നതിനും സ്വയം തൊഴില്‍ എന്ന നിലയിലും എല്ലാം ലാഭകരമായി ചെയ്യാനാകുന്നതും അനുദിനം വളര്‍ന്നുപന്തലിക്കുന്നതുമായ വ്യവസായമേഖലയാണ് മൈക്രോഫിനാന്‍സ് എന്നത് ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഒരു പരസ്യവാചകമാണ്. വിദേശക്കമ്പനികളടക്കം കണ്ണുവെച്ചിരിക്കുന്ന ഈ മേഖലയെ ആന്ധ്രയിലെ സംഭവവികാസങ്ങള്‍ തളര്‍ത്തുമെന്ന വേവലാതിയാണ് വ്യവസായ ലോകത്തിനുള്ളത്. ആത്മഹത്യകളെത്തുടര്‍ന്ന് ആരും വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാകാതെയുള്ള പ്രതിരോധവും ധനകാര്യ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കുനേരെയുള്ള ശാരീരികാക്രമണങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണവും എല്ലാം മൈക്രോഫിനാന്‍സ് വ്യവസായത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന പരാതിയാണ് ഒരുഭാഗത്തുയരുന്നത്.

ആന്ധ്രദുരന്തത്തിലെ പ്രധാന വില്ലന്‍ സൂക്ഷ്മവായ്പകള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്ന കൊള്ളപ്പലിശയാണ്. ദരിദ്രര്‍ക്ക് വായ്പ നല്‍കുന്നതുവഴി വലിയ സാമൂഹ്യസേവനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന അവകാശവാദമാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ത്താറുള്ളത്. എന്നാല്‍ റിസര്‍വ്ബാങ്ക് നിരക്കുപ്രകാരമുള്ള 9 മുതല്‍ 12.5 ശതമാനംവരെ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ അതിന്റെ നാലോ അഞ്ചോ അതിലധികമോ ഇരട്ടി പലിശയ്ക്കാണ് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത്. ഈ പലിശനിരക്കിലെ വ്യത്യാസത്തിലൂടെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളലാഭം കൊയ്യുന്നത്. പഴയ ഹുണ്ടികപ്പലിശക്കാരില്‍നിന്നും ബ്ളേഡുപലിശക്കാരില്‍നിന്നും ദരിദ്രരെ തങ്ങള്‍ രക്ഷിക്കുന്നു എന്നാണ് ഇവരുടെ ഭാവം. 60 മുതല്‍ 100 ശതമാനംവരെ കഴുത്തറുപ്പന്‍ പലിശ ഹുണ്ടികക്കാര്‍ക്ക് കൊടുക്കേണ്ടിവന്ന പഴയ സാഹചര്യത്തില്‍നിന്നും മെച്ചമല്ലേ 36 ശതമാനമോ 40 ശതമാനം വരെയോ ആയാലും എന്നാണ് വാദം. പഴയ ഹുണ്ടികക്കാരന്‍ സ്വന്തം പണമാണ് മുതല്‍മുടക്കുന്നതെങ്കില്‍ പുതിയ മൈക്രോഫിനാന്‍സ് മുതലാളിമാര്‍ക്ക് പണംമുടക്കിലും ഒരു റിസ്കുമില്ല. കാരണം അത് ബാങ്കുകളില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുക്കുന്ന വായ്പയാണ്. വായ്പയുടെ തിരിച്ചടവിനായി ഗ്രാമങ്ങളിലടക്കം ജീവനക്കാരുള്ള വന്‍ ഓഫീസ് സംവിധാനമാണ് എസ് കെ എസ് പോലുള്ള ധനകാര്യ സ്ഥാനപങ്ങള്‍ക്കുള്ളത്. ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പരസ്യമായി അപമാനിച്ചും ജപ്തിചെയ്തുമൊക്കെ തങ്ങളുടെ തിരിച്ചടവ് ഉറപ്പാക്കുക എന്നതാണ് ഇവരുടെ ഒരു പൊതുരീതി.

ആന്ധ്രയില്‍ സംഭവിച്ചത് ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും നടക്കുന്ന മൈക്രോ ഫിനാന്‍സ് കൊള്ളയുടെ സ്വാഭാവിക പരിണാമം മാത്രമാണ്. ആരാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍? ഇന്ത്യയില്‍ സൂക്ഷ്മതല വായ്പകള്‍ കൂടുതലായി ആശ്രയിക്കുന്നവര്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ്. ഒന്ന്, ഗ്രാമങ്ങളിലെ ഭൂരഹിത കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും. ഇവരില്‍ നല്ല പങ്കും സീസണലായിട്ടുള്ള പണികളെ ആശ്രയിക്കുന്നവരാണ്. പണിയില്ലാത്ത നാളുകളില്‍ വീട്ടുചെലവിനും ചികിത്സയ്ക്കും മറ്റ് താല്‍ക്കാലിക ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കുമാണ് ഇക്കൂട്ടര്‍ വായ്പയെടുക്കുന്നത്. ദാരിദ്ര്യരേഖയ്ക്കുതാഴെ ജീവിക്കുന്ന ഇവര്‍ക്ക് വലിയ പലിശയോടെ വായ്പ തിരിച്ചടയ്ക്കുകയെന്നത് ദുഷ്കരമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ വായ്പയില്ലാതെ അവര്‍ക്ക് ജീവിക്കാനുമാകില്ല.

രണ്ടാമത്തെ കൂട്ടര്‍ ചെറുകിട-നാമമാത്രക്കാരും പരമ്പരാഗതമേഖലയില്‍ പണിയെടുക്കുന്നവരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. പട്ടണങ്ങളിലെ ചെറിയ കച്ചവടക്കാരും വഴിവാണിഭക്കാരും എല്ലാം ഇതില്‍പെടും. തൊഴില്‍ മെച്ചപ്പെടുത്താനും ജീവിതച്ചെലവുകള്‍ക്കും മറ്റുമായിട്ടാണ് ഇവര്‍ വായ്പയെടുക്കുന്നത്. നവ ഉദാരവത്കരണനയങ്ങളും കമ്പോളമത്സരവും ഇത്തരം മേഖലകളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വായ്പകള്‍ കടക്കെണിയിലേക്കാണ് ഇവരെയും നയിക്കുന്നത്. ഇവരിലും നല്ല പങ്ക് ദാരിദ്ര്യരേഖയ്ക്കുതാഴെത്തന്നെയാണ്.

മൂന്നാമത്തെ കൂട്ടര്‍ ദാരിദ്ര്യരേഖയ്ക്കു തൊട്ടുമുകളിലുള്ള ചെറുകിട-ഇടത്തരം കൃഷിക്കാരും കച്ചവടക്കാരും ചെറുകിട ഉല്‍പാദകരുമൊക്കെയാണ്. സര്‍ക്കാരിന്റെ നയങ്ങളെയും കമ്പോളത്തിന്റെ ഗതിവിഗതികളെയും ആശ്രയിച്ചുനില്‍ക്കുന്ന ഇവരുടെ ഉപജീവനവും അനുദിനം ഭീഷണിനേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന പലിശയ്ക്കുള്ള വായ്പ എന്നാല്‍ ദാരിദ്ര്യത്തിലേക്കുള്ള വഴിയായിട്ടാണ് മാറുന്നത്.

ആദ്യത്തെ രണ്ടു വിഭാഗത്തിലും ഭൂരിപക്ഷവും സ്ത്രീകളാണ,് മൈക്രോഫിനാന്‍സ് വായ്പകളുടെ ഗുണഭോക്താക്കളായി വരുന്നത്. വീട്ടാവശ്യങ്ങള്‍ക്കും ഉപജീവനത്തിനും മറ്റുമായി വായ്പകളെ ആശ്രയിക്കുന്ന സ്ത്രീകളില്‍ നല്ലപങ്കും കൂലിപ്പണിക്കാരോ കര്‍ഷകത്തൊഴിലാളികളോ ഒക്കെയാണ്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴിച്ച് മറ്റ് ഒരു സംസ്ഥാനത്തും അറുപതുരൂപയില്‍ കൂടുതല്‍ മിനിമംകൂലി പുരുഷനുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ സ്ത്രീതൊഴിലാളികളുടെ കൂലി ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവരോ പണിയില്ലാത്തവരോ ആയ ദരിദ്രരായ സ്ത്രീകളാണ് സൂക്ഷ്മ വായ്പകളുടെ പ്രധാന ഗുണഭോക്താക്കള്‍. ഇന്ത്യയിലെ ഗ്രാമീണ-നഗര-മേഖലകളില്‍ ജീവിക്കുന്ന സ്ത്രീകളില്‍ 76 ശതമാനവും എളുപ്പം ലഭിക്കാവുന്ന വായ്പകളെ വലിയതോതില്‍ ആശ്രയിക്കാന്‍ തയ്യാറാവുന്നു എന്നതാണ് ധനകാര്യസ്ഥാപനങ്ങളെ ആവേശംകൊള്ളിക്കുന്നത്. ഒരേ സമയത്ത് പല സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാനും സ്ത്രീകള്‍ തയ്യാറാകുന്നു എന്നതും വ്യവസായത്തിന് അനുകൂലമായ സാഹചര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 42 ശതമാനംപേര്‍ക്ക് ഇപ്പോഴും ബാങ്കുകളുടെ സേവനം ലഭ്യമല്ല എന്ന സാഹചര്യത്തെ തങ്ങള്‍ക്കനുകൂലമായിട്ടാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്. ദാരിദ്യ്രവും ഇല്ലായ്മയുടെ ഗതികേടുമാണ് ദരിദ്രരെ വായ്പകളിലേക്കും കടക്കെണികളിലേക്കും തള്ളിവിടുന്നത് എന്ന യാഥാര്‍ത്ഥ്യം എല്ലാവരും കണ്ടില്ലെന്നു നടിക്കുകയാണ്.

ദേശസാല്‍കൃത ബാങ്കുകളടക്കമുള്ള ഇന്ത്യയിലെ വിപുലമായ ബാങ്കിംഗ് ശൃംഖല സാമൂഹ്യമേഖലാ വായ്പകളില്‍നിന്ന് പിന്മാറുന്ന നിരുത്തരവാദപരമായ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ മറുപടിപറയേണ്ടതുണ്ട്. വന്‍ വ്യവസായികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയും കടം എഴുതിത്തള്ളലും അനുവദിക്കുകയും ധനികര്‍ക്കും ഇടത്തരക്കാര്‍ക്കും വീടിനും വാഹനത്തിനുമൊക്കെ 6-8 ശതമാനം പലിശയ്ക്ക് വായ്പ പുറകെ നടന്നു കൊടുക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ദേശസാല്‍കൃത ബാങ്കുകള്‍ ദരിദ്രര്‍ക്കുള്ള ചെറുവായ്പകള്‍ ഒരു ബാധ്യതയായിട്ടാണ് കാണുന്നത്. ദരിദ്രരെ ശാക്തീകരിക്കാന്‍ 36 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുവെന്നത് എത്ര അപഹാസ്യമാണ്.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വവും വിശ്വാസ്യതയും ഒരു പരിശോധനയ്ക്കും വിധേയമാക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും തയ്യാറാകാത്തത്? ആന്ധ്ര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ്ബാങ്ക് ബോര്‍ഡ് മെമ്പറായിട്ടുള്ള വൈ.എച്ച് വലേഗാം അധ്യക്ഷനായിട്ടുള്ള ഒരു സബ്കമ്മിറ്റി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍തനങ്ങള്‍ പഠിക്കാന്‍ ഇപ്പോള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന പലിശനിരക്ക്, തിരിച്ചടവിനായി സ്വീകരിക്കുന്ന ഭീഷണിയും സമ്മര്‍ദ്ദതന്ത്രങ്ങളും, ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലെ അംഗത്വം ഇതൊക്കെ ഈ കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമാകും എന്നാണ് കരുതപ്പെടുന്നത്.

ആന്ധ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സ്വയംസഹായസംഘങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കുത്തക അടിച്ചേല്‍പിക്കുന്നതിനാണ് എന്നാണ് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രതികരണം. എന്നാല്‍ ആന്ധ്രയ്ക്കു പുറകെ ബിജെപി ഭരിക്കുന്ന കര്‍ണാടകയും ഒറീസയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന് രൂപംകൊടുക്കാനുള്ള പരിശ്രമത്തിലാണ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരുന്നകാലത്ത് ലോകബാങ്ക് സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട സ്വയംസഹായസംഘങ്ങള്‍ ഇന്ന് പന്ത്രണ്ടു ലക്ഷത്തിലധികമുണ്ട്. എന്നാല്‍ ഇആര്‍പി എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പരസ്പരം ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ ശൃംഖലയിലെ സംഘങ്ങളെയും അംഗങ്ങളെയും തങ്ങളുടെ ഗുണഭോക്താക്കളാക്കി മാറ്റുകയെന്ന എളുപ്പവഴിയാണ് എസ് കെ എസ് അടക്കമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ചെയ്തത്. ദരിദ്രരെ സഹായിക്കുകയും ശാക്തീകരിക്കുകയുമാണ് ലക്ഷ്യമെങ്കില്‍ സ്വയംസഹായസംഘങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അതിന് നേതൃത്വംകൊടുക്കകയല്ലേ ചെയ്യേണ്ടത്? എത്രയോ പിന്നോക്ക സംസ്ഥാനങ്ങളും പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. പാവപ്പെട്ട സ്ത്രീകളെ സംഘടിപ്പിക്കലോ സാമൂഹ്യസേവനമോ ഒന്നുമല്ല, തങ്ങളുടെ വായ്പാ വ്യവസായത്തിന് വളക്കൂറുള്ള പ്രദേശം കണ്ടെത്തുകയാണ് എല്ലാ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെയും ലക്ഷ്യം.

ആന്ധ്രയില്‍ ഉണ്ടായ മുപ്പതിലധികം ആത്മഹത്യകള്‍ കടക്കെണിമൂലമോ ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദംമൂലമോ അല്ല, കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദാരിദ്യ്രവും കൊണ്ടാണെന്ന ഒരു വാദവും ഉയരുന്നുണ്ട്. ആ വാദത്തിലും കഴമ്പുണ്ട്. കാരണം തൊഴിലുറപ്പു പദ്ധതിയില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും പണിലഭിക്കുകയോ ചെയ്ത പണിയുടെ കൂലി കിട്ടുകയോ ചെയ്യാത്ത ലക്ഷക്കണക്കിനുപേര്‍ ആന്ധ്രയിലുണ്ടത്രെ. കര്‍ഷക ആത്മഹത്യ ഏറെ നടന്ന, ഇപ്പോഴും നടക്കുന്ന ഒരു സംസ്ഥാനമാണിത്. വമ്പിച്ച വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിനോ അല്ല, അധികാരക്കസേര സംരക്ഷിക്കുന്നതില്‍ വ്യാപൃതമായിരിക്കുന്ന കോണ്‍ഗ്രസ് ഭരണമാണവിടെ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പട്ടിണിയും തൊഴിലില്ലായ്മയും രോഗങ്ങളും എല്ലാം ചേര്‍ന്നാണ് കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. 2005-06ലെ ആത്മഹത്യകള്‍ക്കുശേഷം പലിശനിരക്ക് കുറയ്ക്കുമെന്ന വാക്ക് ലംഘിച്ചുകൊണ്ട് പാവപ്പെട്ടവരെ കൊള്ളയടിച്ച ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നേടിയ വളര്‍ച്ച ദരിദ്രരുടെ നിവൃത്തികേടിന്റെ പ്രതിഫലനമാണ്. 2005ല്‍ 1.72 ലക്ഷമുണ്ടായിരുന്ന എസ് കെ എസിന്റെ ഗുണഭോക്താക്കള്‍ 2009 ആയപ്പോഴേക്കും 5.7 ലക്ഷം ആയിട്ടാണ് വര്‍ദ്ധിച്ചത്. സ്പന്ദനം, ഷെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ കാലയളവില്‍ ലക്ഷക്കണക്കിന് ഗുണഭോക്താക്കളെയാണ് ലഭിച്ചത്. ദാരിദ്ര്യത്തില്‍ ഒരു വയ്ക്കോല്‍തുരുമ്പെന്ന നിലയില്‍ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച ലക്ഷക്കണക്കിന് സ്ത്രീകളാണ് വായ്പാ വ്യവസായത്തിന്റെ ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ആന്ധ്ര ഓര്‍ഡിനന്‍സിന്റെ പ്രധാന ദൌര്‍ബല്യം പലിശനിരക്ക് സംബന്ധിച്ച 'കര്‍ശന'മായ നിയന്ത്രണം കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം ഇതിലില്ല എന്നതാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് സ്വയംസഹായ സംഘങ്ങള്‍ക്ക് ബാങ്കു നല്‍കുന്ന വായ്പയ്ക്കുള്ള പലിശ 4 ശതമാനത്തില്‍ കൂടരുതെന്ന നിര്‍ബന്ധത്തില്‍ സബ്സിഡി നല്‍കുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ 9 ശതമാനത്തിന് ബാങ്ക് സ്വയംസഹായസംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് സര്‍ക്കാര്‍ 5 ശതമാനം വായ്പ നല്‍കി, 4 ശതമാനം പലിശയ്ക്കാണ് കുടുംബശ്രീ സംഘങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായിട്ടും ബാങ്കുകളുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ സഹകരണം ലഭിക്കാത്തത് വായ്പകളുടെ ലഭ്യതയില്‍ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

മൈക്രോഫിനാന്‍സ് കൊള്ളയോടുള്ള യുപിഎ സര്‍ക്കാരിന്റെ നിലപാടാണ് ഏറ്റവും ആശങ്കാജനകമായിട്ടുള്ളത്. ആന്ധ്ര ഓര്‍ഡിനന്‍സിനെക്കുറിച്ച് പരാതിപറഞ്ഞ മൈക്രോഫിനാന്‍സ് വ്യവസായികള്‍ക്ക് കേന്ദ്ര ധനമന്ത്രി പ്രണാബ്മുഖര്‍ജി നല്‍കിയ ഉറപ്പ് ഈ വ്യവസായത്തെ സംരക്ഷിക്കും എന്നാണ്. ആത്മഹത്യാ പരമ്പരയ്ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിനും പുറകെ എസ്കെഎസ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി ഇടിഞ്ഞതും കളക്ഷന്‍ കുറഞ്ഞതും തങ്ങള്‍ ഗൌരവത്തോടെയാണ് കാണുന്നത് എന്ന പ്രതികരണമാണത്രെ ധനമന്ത്രി നടത്തിയത്. എന്നാല്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുന്ന ദരിദ്രര്‍ക്ക് ധനമന്ത്രിയോട് നേരിട്ട് പരാതിപറയാനാവില്ലല്ലോ. അവര്‍ക്കായി ഒരു സാന്ത്വനവാക്കും ധനമന്ത്രി പറഞ്ഞുമില്ല. 2007ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിയ മൈക്രോഫിനാന്‍സ് ബില്ല് മൈക്രോഫിനാന്‍സ് വ്യവസായത്തെ സഹായിക്കല്‍ മാത്രമാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നതാണ്. വായ്പയുടെപേരില്‍ നടക്കുന്ന കൊള്ള തടയുന്നതിനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോ പലിശയ്ക്ക് പരിധി നിശ്ചയിക്കുന്നതിനോ ഫലപ്രദമായ ഒരു നിര്‍ദ്ദേശവും മൈക്രോഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നു. 2009ല്‍ പാര്‍ലമെന്റ് പിരിഞ്ഞതോടെ ആ ബില്ല് ലാപ്സായിക്കഴിഞ്ഞു.

മൂന്നാംലോക രാജ്യങ്ങളിലെ ദാരിദ്ര്യവും ദരിദ്രരും അപാര സാദ്ധ്യതകളുള്ള കമ്പോളമാണെന്ന തിരിച്ചറിവില്‍ വിദേശമൂലധനമടക്കമൊഴുകുന്ന ഒരു വ്യവസായമാണിന്ന് മൈക്രോഫിനാന്‍സ്. അമേരിക്കയില്‍ ഭവന വായ്പാരംഗത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച പ്രൈം വായ്പകള്‍പോലെ വായ്പകള്‍ക്കുമേല്‍ വായ്പകൊണ്ടു തീര്‍ക്കുന്ന മൈക്രോഫിനാന്‍സ് വായ്പാ സൌധവും ചെറിയ ആഘാതത്തില്‍തന്നെ തകരാവുന്നതാണെന്ന് ആന്ധ്രയിലെ അനുഭവം ബോധ്യപ്പെടുത്തുന്നു. ബംഗ്ളാദേശ് ഗ്രാമീണ്‍ ബാങ്ക് മാതൃകയടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതരത്തില്‍ കമ്പോളത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ കടുത്ത ആര്‍ത്തി ഇന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മൊറോക്കോ, ബോസ്നിയ, നിക്കരഗ്വേ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മൈക്രോഫിനാന്‍സ് വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെയുള്ള ദരിദ്രരുടെ ദുരിതങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. ജനങ്ങളുടെ നിവൃത്തികേടുകളെ വ്യവസായകൊള്ളയ്ക്ക് വളമാക്കാന്‍ പൂര്‍ണ്ണ അനുവാദം നല്‍കുന്ന ഭരണാധികാരികള്‍തന്നെയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദികള്‍. ദരിദ്രര്‍ക്ക് വായ്പനല്‍കുമ്പോള്‍ അത് അവരെ സഹായിക്കുന്നതായിരിക്കണം എന്ന് ഉറപ്പുവരുത്തുന്നതരത്തില്‍ വായ്പാ വ്യവസായരംഗത്ത് സര്‍ക്കാരുകളുടെ നിയന്ത്രണം ഉണ്ടാകണം. ആന്ധ്രയിലെ ആത്മഹത്യകളുടെ തിരിച്ചറിവിലെങ്കിലും ഇന്ത്യയിലെ മൈക്രോഫിനാന്‍സ് കൊള്ളകളെ നിയന്ത്രിക്കാനും പലിശനിരക്കില്‍ 4 ശതമാനം എന്ന് പരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ബാങ്കുകളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ഇടപെടലും റിസര്‍വ്വ്ബാങ്ക് ചെയ്യേണ്ടതുണ്ട്.

കേരളത്തില്‍ മൈക്രോഫിനാന്‍സ് എന്ന ചക്കരക്കുടത്തില്‍ കയ്യിട്ടുനില്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു എന്നത് ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് കാണേണ്ടത്. സ്ത്രീ ശാക്തീകരണമെന്നാല്‍ വായ്പ നല്‍കലാണ് എന്ന ന്യായത്തില്‍ പാവപ്പെട്ട സ്ത്രീകളെ വായ്പ കാണിച്ച് പ്രലോഭിപ്പിക്കുകയും കടക്കെണിയില്‍ തള്ളിവീഴ്ത്തുകയും ചെയ്യുന്ന വായ്പാ വ്യവസായം കേരളത്തിലും ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരേസമയം ഒന്നിലധികം വായ്പകള്‍ പല സ്രോതസില്‍നിന്ന് എടുക്കുന്നതിന്റെ ഭാഗമായുള്ള കടക്കെണിയില്‍ പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. സ്ത്രീകളെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും പ്രാദേശിക വികസനത്തില്‍ മുഖ്യ പ്രവര്‍ത്തകരായി മാറ്റുകയും ചെയ്യുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള കുടുംബശ്രീയുടെ സാന്നിദ്ധ്യവും ഇടതുസര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുമാണ് മറ്റ് സംസ്ഥാനങ്ങളിലെപ്പോലെയുള്ള വായ്പാ കൊള്ളയെ കേരളത്തില്‍ പ്രതിരോധിച്ചുനിര്‍ത്തുന്നത്. 38 ലക്ഷത്തിലധികം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള, മതേതര ജനാധിപത്യ സംവിധാനമായിട്ടുള്ള കുടുംബശ്രീയെ തകര്‍ത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സാമുദായിക സ്വാര്‍ത്ഥ നേട്ടങ്ങള്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യം കൂടി കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ചില മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുണ്ട് എന്നത് ഗൌരവത്തോടെ കാണേണ്ടതുണ്ട്. കൊള്ളപ്പലിശയ്ക്ക് വായ്പ ലഭ്യമാക്കലല്ല പാവപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടതെന്നും, മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും വരുമാനവും ഉറപ്പാക്കിക്കൊണ്ട് ജീവിതം നയിക്കുന്നതിനാവശ്യമായ സമഗ്രമായ പിന്തുണയാണ് പ്രധാനമെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമുള്ള പാഠമാണ് രാജ്യത്തിനാകെ കേരളം നല്‍കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന സംവിധാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട. എം എം ഹസന്‍ നേതൃത്വം കൊടുക്കുന്ന ജനശ്രീ സ്വപ്നങ്ങളുടെ ലക്ഷ്യം പലതാണ് എന്നോര്‍ക്കണം. കുടുംബശ്രീയെ രാഷ്ട്രീയ വിമുക്തമാക്കും എന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അതിനര്‍ത്ഥം ലക്ഷക്കണക്കിന് സ്ത്രീകളുടെ കൂട്ടായ്മകളെ കമ്പോളത്തിന് വിട്ടുകൊടുക്കും എന്നുതന്നെയാണ്. മൈക്രോഫിനാന്‍സ് ചക്കരക്കുടംതന്നെയാണ് എന്ന ആഗോളസത്യം ഹസനും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ട്. ജാഗ്രത

*
ഡോ. ടി എന്‍ സീമ ചിന്ത 17 ഡിസംബര്‍ 2010

Saturday, November 20, 2010

മാറുന്ന തൊഴില്‍ രംഗങ്ങളും സ്ത്രീകളും

സാമൂഹ്യ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന മുഖ്യ ഘടകമായ ഉല്‍പാദനരംഗത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. തൊഴില്‍ രീതികള്‍ ഓരോ കാലഘട്ടത്തിലും മാറിവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ തൊഴില്‍ രംഗത്ത് എല്ലാ കാലഘട്ടങ്ങളിലും ഏതെങ്കിലും രീതിയില്‍ ചൂഷണമനുഭവിക്കുന്നവരാണ്. കുറഞ്ഞ കൂലി, തുല്യവേതനത്തിന്റെയും മിനിമം വേജസിന്റെയും അഭാവം, സ്ഥിരമായി തൊഴിലില്ലാതിരിക്കുക എന്നിങ്ങനെ പല പ്രശ്നങ്ങളും സ്ത്രീകളെ ബാധിക്കാറുണ്ട്. വളരെ പ്രകടമായി കാണാന്‍ കഴിയുന്നില്ലെങ്കിലും, ആഗോളവല്‍ക്കരണത്തിന്റെ ആരംഭകാലത്തുണ്ടായിരുന്നതില്‍നിന്നും മോശമായ രീതിയിലേക്കാണ് തൊഴില്‍ രംഗവും തൊഴില്‍ രംഗത്തുള്ള സ്ത്രീകളുടെ പ്രശ്നവും മാറിക്കൊണ്ടിരിക്കുന്നത്.

സ്ത്രീകളുടെ അധ്വാനത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെതന്നെ പഴക്കമുണ്ട്. ലിംഗപരമായ തൊഴില്‍ വിഭജനത്തെക്കുറിച്ചും സ്ത്രീകളുടെ ഇരട്ട അധ്വാനത്തെക്കുറിച്ചും സ്ത്രീകള്‍ തൊഴിലാളികളായി മാറേണ്ട ആവശ്യകതയെക്കുറിച്ചും ഏംഗല്‍സിന്റെ കാലത്തുതന്നെ വിശദാംശങ്ങളും പരിഹാരങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വൈദഗ്ധ്യം കൂടുതലുള്ള തൊഴിലുകള്‍ എന്നും പുരുഷത്തൊഴിലാളികളുടെ കുത്തകതന്നെയായിരുന്നു. വൈദഗ്ധ്യം കുറഞ്ഞ തൊഴില്‍ സ്ത്രീകളുടെ കൂലി കുറയ്ക്കാനുള്ള ഉപാധിയായി മാറുകയും ചെയ്തു. അതുപോലെതന്നെ കുടുംബം പോറ്റുന്നവരായി (breadwinner) പുരുഷന്മാരെ കണ്ടിരുന്നതും, സ്ത്രീയുടെ അധ്വാനത്തെ രണ്ടാംകിടയായി കാണാനും, അവളുടെ വരുമാനത്തെ അധിക വരുമാനമായി (subsidiary income) കാണാനും പ്രേരിപ്പിച്ചിരുന്നു. സ്ത്രീകളുടെ തൊഴില്‍രംഗം ആത്യന്തികമായി കാര്‍ഷികരംഗംതന്നെയായിരുന്നു. 1987-88ലെ കണക്കുകളില്‍പോലും ഇന്ത്യയില്‍ 73.4% പുരുഷന്മാരും 78.2% സ്ത്രീകളും കാര്‍ഷികരംഗം, മത്സ്യബന്ധനം എന്നിവയില്‍ തൊഴിലെടുത്തിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍വേക്ഷണ (Sep.1990. Result of the fourth quintessential suvrey on employment and unemployment) കേരളത്തിലിത് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. കേരളത്തില്‍ 50.8% പുരുഷന്മാരും 50.7% സ്ത്രീകളുമാണ് കാര്‍ഷികരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിലും കുറവുവരുന്നതായി കാണാം. കാര്‍ഷികവൃത്തിയിലുണ്ടായിരുന്ന പലരും, മറ്റു പണികള്‍ അന്വേഷിച്ചുപോയതാണ് കാരണം. സ്ഥിരമായ തൊഴില്‍ ലഭ്യതയുടെ പ്രശ്നവും, തൊഴില്‍ ദിനങ്ങളുടെ കുറവും, കാരണം സ്ത്രീകള്‍ നിര്‍മ്മാണത്തൊഴിലിലേക്കും, സ്വയം തൊഴിലിനുമൊക്കെയായി മാറിയിരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജന്മി വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് മുതലാളിത്തം വളര്‍ന്നപ്പോള്‍ കുറെയധികം പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് അത് വികസിച്ചത്. ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനത്തില്‍ത്തന്നെ തൊഴിലിന്റെ തോതും തൊഴില്‍ദിനങ്ങളുടെ വര്‍ദ്ധനവുമാണ് എടുത്തുപറഞ്ഞിരുന്നത്. മുതലാളിത്തത്തിന്റെ ആദ്യഘട്ടങ്ങളില്‍ നാമതു കാണുകയും ചെയ്തു. ഫാക്ടറികള്‍ ആരംഭിച്ചു. അവിദഗ്ധരായ തൊഴിലാളികള്‍ക്ക് ധാരാളം സാധ്യതകളൊരുക്കി. പരമ്പരാഗത വ്യവസായത്തിലെ വൈദഗ്ധ്യം മാത്രം കൈമുതലായിരുന്ന സ്ത്രീകള്‍ക്ക് ഫാക്ടറികളിലെ യന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. യന്ത്രങ്ങളില്‍ പണിയെടുക്കുന്ന സാങ്കേതികവിദ്യ കൈവന്ന സ്ത്രീകളായി പലരും മാറി. തീര്‍ച്ചയായും അത് അവരുടെ കുടുംബത്തിനകത്തും സമൂഹത്തിലുമുള്ള പദവിയില്‍ പ്രതിഫലിച്ചു.

ഈ പദവി മാറ്റം ലിംഗപരമായ തൊഴില്‍ വിഭജനത്തില്‍ മാറ്റങ്ങളുണ്ടാക്കിയില്ല. മാത്രമല്ല, മുതലാളിത്തത്തിന്റെ പുതിയ തൊഴില്‍ നയത്തിലേക്ക് സ്ത്രീകള്‍ മാറ്റപ്പെട്ടു. ജന്മി-നാടുവാഴി കാലഘട്ടത്തിലെ കീഴ് വഴക്കത്തിന്റെ പേരില്‍ സമയവും സ്ഥലവുമൊന്നും കണക്കാക്കാതെ, പ്രകൃതിയുടെ സമയത്തിനു പാകപ്പെടുത്തിയ അധ്വാനസമയം, ഫാക്ടറി സൈറണിലേക്കും, രജിസ്റ്ററിലെ ഒപ്പിടലിലേക്കും ശമ്പളം പറ്റലിലേക്കുമായി മാറി. മുതലാളി ഒരുക്കിവെച്ച കെണിയില്‍ സ്ത്രീകളെ അകപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. ഫാക്ടറി പണിയിലേക്കു വന്നപ്പോഴും സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തിനു കുറവുണ്ടായില്ല. ശിശുപരിപാലനത്തിനും, പാചകത്തിനും മറ്റ് ഗാര്‍ഹിക അധ്വാനത്തിനും കൂലി കണക്കാക്കണമെന്ന വാദത്തെ, തന്ത്രപരമായി മുതലാളി ഒഴിവാക്കുകയും, ഇവ ഭരണകൂടത്തിന്റെ ചുമതലയാണ് എന്നത് പാടേ വിസ്മരിക്കുകയും ഇവ 'സ്ത്രീകളുടെ പണിയാണ്' എന്ന് അടിവരയിട്ടു പറയുകയും ചെയ്യുന്ന പുത്തന്‍ മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മുതലാളിത്തം മറന്നില്ല. അടുത്ത ഘട്ടത്തില്‍ സംഭവിച്ചതുമതുതന്നെയായിരുന്നു. ഗാര്‍ഹികജോലികഴിഞ്ഞുള്ള ഒഴിവുസമയങ്ങള്‍ക്ക് പറ്റുന്ന തൊഴിലിലേക്ക് സ്ത്രീകളെ തന്ത്രപൂര്‍വ്വം മാറ്റുകയായിരുന്നു. ചില പ്രത്യേക തൊഴിലുകളില്‍ സ്ത്രീകളെ നിയമിക്കാത്തതിനു കാരണമായിപ്പറഞ്ഞത് പ്രസവം, ശിശുപരിപാലനം എന്നിവയായിരുന്നു. സ്ത്രീകളുടേത് ഒഴിവുസമയപ്രവര്‍ത്തനമായതിനാല്‍ മുതലാളിത്തം മൂന്ന് രീതിയില്‍ നേട്ടമുണ്ടാക്കി.

1. കുറഞ്ഞ കൂലി കൊടുത്താല്‍ മതി

2. ആവശ്യമുള്ളപ്പോള്‍ മാത്രം വിളിച്ച് തൊഴില്‍ കൊടുക്കുക. ആവശ്യം കഴിഞ്ഞാല്‍ പിരിച്ചുവിടുക. (Reserve Army)

3. സ്ത്രീകളുടെ വീട്ടുജോലിക്കു ഹാനിവരാതെ, വീട്ടിലിരുന്നു ചെയ്യുന്ന തൊഴിലായതിനാല്‍ കരാറടിസ്ഥാനത്തില്‍ പീസ്റേറ്റില്‍ തൊഴില്‍ നല്‍കുക. (Contract labour and piece rate) ഇതുകൊണ്ടുള്ള ലാഭം തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ സ്ത്രീകള്‍സംഘടിക്കില്ല. ശക്തരാകില്ല, അവകാശങ്ങള്‍ ഉന്നയിക്കില്ല. മറ്റൊന്ന് സ്വന്തം വീട്ടിലിരുന്ന് ചെയ്യുന്ന പ്രവൃത്തി ആയതിനാല്‍ മുതലാളിക്ക് കെട്ടിടവാടകയോ, ഇലക്ട്രിസിറ്റിചാര്‍ജോ, കുടിവെള്ളം, ബാത്ത് റൂം എന്നീ ആത്യാവശ്യ ഘടകങ്ങളോ ബാധ്യതയായി ഏറ്റെടുക്കേണ്ടതില്ല.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പണിയുള്ള സമയത്തുമാത്രം തൊഴില്‍ ലഭിക്കുന്നതിനാല്‍ രണ്ടും മൂന്നും തരത്തിലുള്ള പണികളില്‍ വ്യാപൃതരാവുകയും, ഓടിനടന്ന് രണ്ടറ്റവും മുട്ടിക്കാനുള്ള തത്രപ്പാടിലകപ്പെടുകയും ചെയ്തു. മുതലാളിത്തം വളര്‍ന്നു വികസിച്ചതോടെ, മുതലാളിത്ത ആശയങ്ങളും മൂര്‍ത്തരൂപം കൈക്കൊണ്ടതായി എഴുപതുകളുടെ അവസാനത്തോടെ നമുക്ക് കാണാന്‍ കഴിഞ്ഞു. സ്ത്രീകളുടെ ഗാര്‍ഹിക ജോലി ലഘൂകരിക്കുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളിലൂടെ ഉപഭോഗം വളര്‍ത്തിക്കൊണ്ടായിരുന്നു മുതലാളിത്തത്തിന്റെ വളര്‍ച്ച. അരവുയന്ത്രങ്ങള്‍ അലക്കു യന്ത്രങ്ങള്‍, പകുതി വേവിച്ച് പാചകം എളുപ്പമാക്കിയ ടിന്‍ഫുഡുകള്‍, ഇന്‍സ്റ്റന്റ് ഫുഡുകള്‍ എന്നിവ സ്ത്രീകളുടെ ഗാര്‍ഹികജോലിയുടെ ഭാരം കുറയ്ക്കുന്നതാണെന്ന് അവകാശപ്പെട്ടുവെങ്കിലും, ഇതുകൊണ്ട് വളര്‍ന്നത് ഏതാനും കുത്തകകമ്പനികളായിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഉപഭോഗസംസ്കാരം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുതലാളിത്തം വിജയിക്കുകയും ചെയ്തു.

രണ്ടാമത്തെ ഘട്ടത്തിലെ തൊഴില്‍ വളര്‍ച്ച സേവന മേഖലയുടെ വികാസമായിരുന്നു. വിദ്യാഭ്യാസം വളര്‍ന്നു വികസിച്ചിരുന്ന ഇന്ത്യയില്‍ സേവനമേഖല കേന്ദ്രീകരിച്ച് വളര്‍ച്ച എളുപ്പമായിരുന്നു. സ്ത്രീകളുടെ തൊഴില്‍ സേന രണ്ടാമത്തെ ഘട്ടത്തിലും വളര്‍ന്നു. ഇവിടെയും ലിംഗപരമായ തൊഴില്‍ വിഭജനം നിലനിര്‍ത്തിയിരുന്നു. റിസപ്ഷനിസ്റ്റ്, ടൈപ്പിസ്റ്റ്, എയര്‍ഹോസ്റ്റസ്, നഴ്സ്, അധ്യാപിക, ശിശുകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വീട്ടുജോലിക്കാര്‍, ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ള സേവനത്തിന്റേ (Service) തു മാത്രമല്ലാതെ care industry എന്ന രീതിയില്‍ത്തന്നെ സ്ത്രീകളെ നിയമിക്കാനുള്ള തന്ത്രവും മെനഞ്ഞെടുത്തു. ഈ തൊഴില്‍ രംഗങ്ങളുടെ പ്രത്യേകത, വൈദഗ്ധ്യം ആവശ്യമില്ലാത്ത, മടുപ്പിക്കുന്ന, ഒട്ടും ഉല്‍പാദനപരമല്ലാത്ത തൊഴിലുകളായിരുന്നു എന്നതാണ്. ആഗോളവല്‍കരണത്തിന്റെ തുടക്കത്തോടെ, സൌന്ദര്യം, ആകാരം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മോഡലിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സെയില്‍സ്ഗേള്‍സ്, എന്നിങ്ങനെ തികച്ചും കച്ചവട സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മേഖലകള്‍ വളര്‍ന്നുവന്നു. തൊഴിലും ശമ്പളവും സൃഷ്ടിക്കപ്പെട്ടു എന്നതില്‍ക്കവിഞ്ഞ് സ്ത്രീകളുടെ സാമൂഹ്യാവസ്ഥയെ മാറ്റിയെടുക്കാനോ, "മാനിക്കപ്പെടുന്ന സ്ത്രീത്വ''ത്തെ വളര്‍ത്തിയെടുക്കാനോ, മുതലാളിത്തം ശ്രമിച്ചിട്ടില്ല എന്നു മാത്രമല്ല, ഇത്തരം കാര്യങ്ങള്‍, അവരുടെ പരിഗണനയ്ക്കുപോലും പാത്രമായില്ല എന്നതാണ് സത്യം.

വിവിര സാങ്കേതികവിദ്യയുടെ വികാസത്തോടെ, സ്ഥിതിഗതികള്‍ മാറുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്. വിവിര സാങ്കേതികവിദ്യയുടെ വളര്‍ച്ച വളരെയധികം സ്വാഗതാര്‍ഹമാണ്. അത് മുന്നോട്ടുവെച്ചിട്ടുള്ള സാധ്യതകള്‍ അനവധിയാണ് എന്നതില്‍ സംശയമില്ല. ശാസ്ത്ര പുരോഗതിയുടെ അങ്ങേഅറ്റത്തെത്തുവാന്‍ സഹായിച്ചു എന്നതും വളരെ ശ്ളാഘനീയമാണ്.

1. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

2. വിദ്യാഭ്യാസവും തൊഴിലും പുതിയ മേഖലകള്‍ കണ്ടെത്തി.

3. നവീന തൊഴില്‍ രൂപങ്ങള്‍ സാധ്യമായി.

4. ആഗോളതലത്തില്‍ തൊഴില്‍ നേടാനും തൊഴില്‍ പഠിക്കാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചു.

5. തൊഴിലന്വേഷിച്ചുകൊണ്ടുള്ള പലായനം സര്‍വ്വസാധാരണമായി.

6. പുതിയ തൊഴില്‍ സമയങ്ങളും സംസ്കാരവും നിലവില്‍വന്നു.

7. തൊഴില്‍ സാഹചര്യങ്ങള്‍ മാറി എന്നിങ്ങനെ പല മാറ്റങ്ങളും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഇവിടെയും ലിംഗപരമായ തൊഴില്‍ വിഭജനത്തില്‍നിന്ന് വിവരസാങ്കേതികവിദ്യയും വിമുക്തമായില്ല.

ആദ്യഘട്ടത്തില്‍ ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഐ ടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഇലക്ട്രോണിക് അസംബ്ളിംഗ് പണി നടത്തിയിരുന്നു. (സ്വസ്ഥിമിട്ടര്‍ Science, Technology and Development). കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതികവിദ്യ പുരോഗതി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് വിവരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിവരങ്ങള്‍ വിശ്ളേഷണം ചെയ്യുന്നതിലും കൂടുതല്‍ സാങ്കേതികവിദ്യ ആവശ്യമായി വന്നു. ഇത് രണ്ടാം ഘട്ടത്തിലെ വളര്‍ച്ചയായിരുന്നു. വ്യാപകമായി ഐടിയുടെ പ്രയോഗങ്ങള്‍ നടപ്പില്‍ വരികയും സര്‍വ്വസാധാരണമായി ഐ ടി, എല്ലാ തൊഴിലിടങ്ങളിലും ഉപയോഗിച്ചുതുടങ്ങുകയും ചെയ്തതോടെ, വൈദഗ്ധ്യമാവശ്യമുള്ള, അസംബ്ളിംഗ്, സിസ്റ്റം അനാലിസിസ്, ഹാര്‍ഡ്‌വെയര്‍ മാനേജ്മെന്റ്പോലുള്ള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം കുറയുകയും ചെയ്തതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനര്‍ത്ഥം ഐടി മേഖലകളില്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നില്ല എന്നല്ല. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് ഇവയൊക്കെ സാങ്കേതിക ജ്ഞാനമാവശ്യമായ രംഗങ്ങളാണ്. ഇവിടെ ഭൂരിഭാഗവും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുന്ന (Data entry) തൊഴില്‍ മാത്രമാണ് സ്ത്രീകള്‍ ചെയ്യുന്നത്. വെസ്റ്റ്ഇന്‍ഡീസും, ഫിലിപ്പൈന്‍സുമാണ് തുടക്കത്തില്‍ ഈ രംഗത്തിന് നേതൃത്വം കൊടുത്തിരുന്നതെങ്കിലും, പിന്നീട്, ചൈന, ഇന്ത്യ, സിംഗപ്പൂര്‍, വിയറ്റ്നാം എന്നിങ്ങനെ വികസിച്ച് ഉഗാണ്ട, ഘാനവരെ ഇപ്പോള്‍ ഇത്തരം തൊഴിലുകളില്‍ സ്ത്രീകള്‍ വ്യാപകമായി വ്യാപരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ഫിനാന്‍സ് എന്നീ സേവനമേഖലകളില്‍ ഏറ്റവും കുറഞ്ഞ തസ്തികകളിലും വൈദഗ്ധ്യം തീരെ ആവശ്യമില്ലാത്ത മേഖലകളിലുമാണ് സ്ത്രീകള്‍ നിയമിക്കപ്പെടുന്നത്. ബാങ്കില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 74% ക്ളാര്‍ക്കുമാരാണ്, അവരില്‍ 12% പേര്‍ മാത്രമേ data processing ല്‍ പണിയെടുക്കുന്നുള്ളു. മറ്റുള്ളവര്‍ data entry മാത്രമാണ് ചെയ്യുന്നത്. (ബാങ്കിംഗില്‍ 10% മാത്രമേ സ്ത്രീകള്‍ ആഫീസര്‍മാരായുള്ളു)

വ്യവസായ വിപ്ളവകാലത്തുണ്ടായിരുന്ന nimble finger (മെലിഞ്ഞ ലോലമായ വിരലുകളുള്ളവള്‍) എന്ന് സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ആശയം ഒട്ടും മാറാതെ വിവര സാങ്കേതികവിദ്യയുടെ കാലത്തും തുടരുന്നു. മാത്രമല്ല, 'ടൈപ്പിംഗ്' അറിയാമെന്നതുകൊണ്ടുതന്നെ data entry യില്‍ സ്ത്രീകളെ വ്യാപകമായി നിയമിക്കുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥിതി, കമ്പോളവും വിപണിയും മാത്രമല്ല, ആഗോളതലത്തിലെത്തിക്കുന്നത്; തൊഴിലും കൂടിയാണ്. പലപ്പോഴുമായി വികസിത രാജ്യങ്ങളില്‍നിന്ന് വികസ്വര രാജ്യങ്ങളിലേക്കും മൂന്നാംലോക രാഷ്ട്രങ്ങളിലേക്കും ഈ തൊഴില്‍രംഗം പറിച്ചുനടപ്പെടുന്നു. കാരണം, വികസിത രാജ്യങ്ങളില്‍ കൊടുക്കുന്ന കൂലിയുടെ 1/6 അല്ലെങ്കില്‍ 1/12 ഭാഗംവരെ കൊടുത്താല്‍ മതിയാകും. ഈ വ്യത്യാസം അറിയാന്‍ മറ്റൊരു കണക്ക് സഹായകമാകും. ഡാറ്റാഎന്‍ട്രിക്ക് മണിക്കൂറില്‍ 4-6വരെ ഡോളറുകള്‍ ഫിലിപ്പൈന്‍സില്‍ കൊടുക്കേണ്ടിവരുമ്പോള്‍ ജമൈക്കയില്‍ മണിക്കൂറിന് ഒരു ഡോളര്‍ കൊടുത്താല്‍ മതിയാവും. മറ്റൊരുദാഹരണം, ഇന്ത്യയില്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ 3000 ഡോളര്‍വരെ കൊടുത്താല്‍ മതി; എന്നാല്‍ അമേരിക്കയില്‍ ഇതേ പണി ചെയ്യുന്നവര്‍ക്ക് 45,000 ഡോളര്‍ കൊടുക്കേണ്ടി വരുമെന്നതുകൊണ്ടുതന്നെ ആ ജോലി പൂര്‍ണ്ണമായും ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് മാറ്റുന്നു. ഇന്ത്യയില്‍ പ്രൊഫഷണല്‍ രംഗത്തുള്ള സ്ത്രീകളില്‍ 20% പേര്‍ മാത്രമാണ് സോഫ്റ്റ്വെയറില്‍ തൊഴിലെടുക്കുന്നത്. ടെലി-വര്‍ക്കിംഗും ടെലി-കമ്പ്യൂട്ടിംഗും പൂര്‍ണ്ണമായും ഔട്ട്സോഴ്സ് ചെയ്യപ്പെടുകയാണ്.

ഈയിടെ ഒബാമ മുന്നോട്ടുവെച്ചിരിക്കുന്ന ഒരു പ്രഖ്യാപനം ഔട്ട്സോഴ്സിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നാണ്. ഒഹിയോ സ്റ്റേറ്റില്‍ ഔട്ട്സോഴ്സിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടുകഴിഞ്ഞു. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ തൊഴിലില്ലായ്മയുടെ പ്രത്യേകത, കേരളത്തില്‍ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയാണെന്നതാണ്. ഏകദേശം 62% പെണ്‍കുട്ടികള്‍ ബിരുദാനന്തരബിരുദം നേടുന്ന കേരളത്തില്‍, പുതിയ വിഷയങ്ങളായ മറൈന്‍ ബയോളജി, അസ്ട്രോ-ഫിസിക്സ്, ജിയോ-ഫിസിക്സ് എന്നിങ്ങനെയുള്ള പുതിയ മേഖലകളിലും പെണ്‍കുട്ടികളാണ് മികച്ചുനില്‍ക്കുന്നത്. അതേസമയം തൊഴില്‍പരമായി അവര്‍ പിന്നിലാണ്. കേരളത്തില്‍ വീട്ടമ്മമാര്‍ വര്‍ധിച്ചുവരുന്നു. കുറഞ്ഞകൂലിയും വൈദഗ്ധ്യം തീരെ ആവശ്യമില്ലാത്തതുമായ തൊഴില്‍ രംഗങ്ങളിലാണവര്‍ അടിഞ്ഞുകൂടുന്നത്. (കേരളം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു? കെഎസ്എസ്പി പഠനം).

തൊഴിലന്വേഷിച്ചുള്ള പലായനത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിന്റേതായ പുതിയ മേഖലകള്‍ തേടിക്കൊണ്ട്, കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ധനലക്ഷ്മി സീതാറാംഗ്രൂപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോയമ്പത്തൂര്‍ ശാഖയില്‍ മാത്രം 75% കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്ന വസ്തുത കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. ഇതുമാതിരി എത്രയോ സ്ഥാപനങ്ങള്‍ കേരളത്തിനുപുറത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളെ മാത്രം ആശ്രയിച്ച് വളരുന്നുണ്ട്.

അതേസമയം, ലോകത്തില്‍ത്തന്നെ മറ്റൊരിടത്തും സംഭവിക്കാത്തതും, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുഖമുദ്രയുമായിരുന്ന വിദ്യാഭ്യാസ പ്രചാരണത്തിനുവേണ്ടിയുള്ള യാചനായാത്ര നടന്നത് കേരളത്തിലാണ് അതിനെ പുറംകൈകൊണ്ട് തൂത്തുമാറ്റിക്കൊണ്ട്, നവോത്ഥാന കാലഘട്ടത്തിലുയര്‍ന്ന മൂല്യങ്ങള്‍ക്ക് യാതൊരുവിലയും കല്‍പിക്കാതെ, "അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമില്ലാ'ത്തതും 'പത്താംതരം വരെ പഠിച്ചിരുന്നാല്‍ മതി' മറ്റ് യോഗ്യതകളൊന്നുംതന്നെ ഗണിക്കുന്നതല്ല-ശമ്പളം 5000-10,000 വരെ താമസസൌകര്യം, ഭക്ഷണം സൌജന്യം' എന്നിങ്ങനെയുള്ള പുതിയ പരസ്യങ്ങള്‍ തീര്‍ച്ചയായും വളര്‍ച്ചയുടെ ലക്ഷണമല്ല. പ്രത്യേകിച്ച് കേരളംപോലെ വിദ്യാസമ്പന്നരുള്ള ഒരു സംസ്ഥാനത്തില്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ കൂണ്‍പോലെ വരുകയും അവയിലെല്ലാംതന്നെ വരേണ്യവര്‍ഗം ഇടംപിടിക്കുകയും ചെയ്തിരിക്കുന്ന സമയത്ത്, ഇത്തരം പരസ്യങ്ങള്‍ വിളംബരംചെയ്യുന്ന 'വാക് ഇന്‍' ഇന്റര്‍വ്യു പോകുന്ന പെണ്‍കുട്ടികള്‍ ദരിദ്ര കുടുംബത്തിലുള്ള വരായിരിക്കുമെന്നതില്‍ സംശയമില്ല. കോള്‍സെന്റുകളിലെ ജോലി ഒരു വരുമാനമാര്‍ഗ്ഗമെന്നതില്‍ കവിഞ്ഞ് തൊഴിലായി അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയമാണ്. പെണ്‍കുട്ടികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഉല്‍പന്നം, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഉപഭോക്താവിനെക്കൊണ്ട്, സംസാരിച്ച് പ്രേരിപ്പിച്ച് വാങ്ങിപ്പിക്കുക എന്ന ദൌത്യം വളരെ യാന്ത്രികമായി നടക്കുകയാണ്. സംസാരശേഷികൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കേള്‍ക്കേണ്ടിവരുന്നത് അര്‍ത്ഥംപോലുമറിയാത്ത പുളിച്ച തെറിയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന 'നാലക്ഷര' വാക്കുകള്‍ നിര്‍ലോഭം കേള്‍ക്കേണ്ടിവരുന്ന ഈ കുട്ടികള്‍ പറയുന്നത്-

"ആദ്യമൊക്കെ ചീത്തവിളി കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുമായിരുന്നു. തേവിടിശ്ശി എന്നുവരെയുള്ള വിളികള്‍ രാവിലെതന്നെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ശീലമായിപ്പോയി. മറ്റു ചിലരുണ്ട്. "നിന്റെ ശബ്ദം മധുരമായിരിക്കുന്നു. നീയും സുന്ദരിയാണോ? നിന്റെ ശരീരവടിവും അളവുകളും ഒന്നു പറഞ്ഞുതരുമോ എന്ന് ശൃംഗരിക്കുന്നവര്‍. പക്ഷേ അവരോടും ചിരിക്കുകയല്ലാതെ, ദേഷ്യപ്പെടുകയോ, മറുത്ത് സംസാരിക്കുകയോ ചെയ്യരുതെന്നാണ് 'ബോസ്' പറഞ്ഞിരിക്കുന്നത്. പിന്നെയെന്താ കൈനിറച്ചും ശമ്പളം കിട്ടുന്നുണ്ട്. അതുകൊണ്ട് ഇതൊക്കെ കേള്‍ക്കാന്‍ തയ്യാറാവുന്നു'' കോള്‍സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ബിരുദാനന്തര ബിരുദധാരിയായ ഒരു പെണ്‍കുട്ടി പറഞ്ഞതാണ്.

ആത്മാഭിമാനവും, അധ്വാനവും, അറിവും വിദ്യാഭ്യാസവും മുഴുവന്‍ അടിയറവെയ്ക്കേണ്ടിവരുന്നത് ഈ "കൈനിറയെ' കിട്ടുന്ന ശമ്പളത്തിനുവേണ്ടി മാത്രമെന്നു പറയുമ്പോള്‍ പണം എന്നത് എത്രമാത്രം 'Fetish' ആയിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നു. എന്നു മാത്രമല്ല, മാര്‍ക്സ് പറഞ്ഞ വാക്കുകള്‍ എത്ര അര്‍ത്ഥവത്താകുന്നു എന്നും നാം ഏത് രീതിയില്‍ ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും ചര്‍ച്ചചെയ്യേണ്ടതുമാണ്. ആഗോളവല്‍ക്കരണത്തിന്റെ തുല്യത സൃഷ്ടിക്കുന്ന രഹസ്യം വ്യക്തമായി മനസ്സിലാക്കാന്‍ മാറിവരുന്ന തൊഴില്‍ രംഗം മാത്രം നിരീക്ഷിച്ചാല്‍ മതിയാകും. ഉപഭോഗസംസ്കാരം വളര്‍ത്തിയെടുക്കുന്ന കൂറ്റന്‍ ഷോപ്പിംഗ് സെന്ററുകള്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ 'മാളുകളില്‍' തൊഴിലെടുക്കുന്ന സെയില്‍സ് ഗേള്‍സ്, പെട്രോള്‍ ബങ്കില്‍ പണിയെടുക്കുന്ന സ്ത്രീകള്‍, പീസ് റേറ്റില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന തുന്നല്‍ തൊഴിലാളികള്‍, പത്തും പതിനഞ്ചും നിലയുള്ള മാള്യകള്‍ വൃത്തിയാക്കുന്ന സ്വീപ്പര്‍ തസ്തികയിലുള്ള സ്ത്രീകള്‍, കുടുംബഘടനയില്‍ മാറ്റംവന്നതിന്റെ ഭാഗമായി, പ്രായമായവരേയും രോഗികളെയും ശുശ്രൂഷിക്കുന്ന 'ഹോംനഴ്സുമാര്‍' എന്നിങ്ങനെ പുതിയ രീതിയിലുള്ള അസംഘടിതമേഖല വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്രഷേയും, മുലപ്പാല്‍കൊടുക്കാനുള്ള ഫീഡിംഗ് സെന്ററുകളും, വിശ്രമമുറിയും ആവശ്യപ്പെട്ട് സമരംനടത്തിയിരുന്ന തൊഴിലാളി സ്ത്രീകളില്‍നിന്ന് വ്യത്യസ്തമായി, നേരെചൊവ്വേ ഇരുന്നാഹാരംകഴിക്കാനുള്ള സംവിധാനമോ, ബാത്ത്റൂം സംവിധാനമോ ഇവര്‍ക്ക് ഇല്ല. കൂറ്റന്‍ ഷോപ്പിംഗ് കോംപ്ളക്സില്‍ തൊഴിലെടുക്കുന്നവരില്‍ 70% ലധികം പെണ്‍കുട്ടികളാണെങ്കിലും, ബാത്ത്റൂമുകള്‍ ഇല്ല, തുണിമാറ്റാനോ, വിശ്രമിക്കാനോ ഉള്ള മുറികള്‍ ഇല്ല. (ആ മുറി വാടകയ്ക്ക് കൊടുത്താല്‍ ലാഭമാണെന്നതിനാല്‍ ഒരു ഫ്ളോറില്‍ ഒരു ബാത്ത്റൂം എന്ന സംവിധാനംപോലുമില്ല. അധ്വാനത്തിന്റെ തോതും സമയവും നോക്കുമ്പോള്‍ കുറഞ്ഞ കൂലിക്ക് അധ്വാനം വില്‍ക്കുന്നവരാണ് പകുതിയിലധികം പെണ്‍കുട്ടികളും. കരാറടിസ്ഥാനത്തില്‍ സുരക്ഷിതത്വമില്ലാത്ത തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പലരും കുടുംബംപോറ്റുന്നവരാണ്, മുഖ്യ വരുമാനക്കാരിയാണ്.

പരമ്പരാഗത തൊഴിലിലും കുടില്‍ വ്യവസായത്തിലുമേര്‍പ്പെട്ടിരുന്ന/ട്ടിട്ടുള്ള അസംഘടിത മേഖലയല്ല, ഈ പുതിയ അസംഘടിത മേഖല. വിദ്യാഭ്യാസം ലഭിച്ച 'പെണ്‍കുട്ടികളാണ് ഇന്നത്തെ അസംഘടിത മേഖലയില്‍. സൌന്ദര്യവും സംസാരശേഷിയും മാത്രമാണ് തൊഴിലിന് ആവശ്യമായ ഉപാധികള്‍. അറിവിന്റെ ലോകം തമസ്കരിക്കപ്പെടുന്നു എന്നു മാത്രമല്ല, സംഘടിക്കാനുള്ള കഴിവോ, മാനസികാവസ്ഥയോ സൃഷ്ടിക്കപ്പെടുന്നില്ല, അതിനുള്ള രാഷ്ട്രീയബോധമോ, എന്തിനധികം, സാമൂഹ്യബോധംപോലുമില്ലാതെ "കൈനിറയെ ലഭിക്കുന്ന കാശുമായി' ദിവസങ്ങള്‍ തള്ളിനീക്കുന്ന ശബ്ദമില്ലാത്ത, കലഹിക്കാത്ത, സമരങ്ങളില്ലാതെ, സമരസപ്പെട്ടുപോകുന്ന തൊഴിലാളികളായി ഇവരെ മാറ്റിയെടുക്കുന്നതില്‍ മുതലാളിത്തം വിജയിച്ചിരിക്കുന്നു എന്നു മാത്രമല്ല, പുതിയ ഒരു തൊഴില്‍ സംസ്കാരം സൃഷ്ടിക്കാനും ശ്രമിച്ച് വിജയിച്ചിരിക്കുകയാണ്. ഈ പുതിയ തൊഴില്‍ സംസ്കാരത്തില്‍ കായികാധ്വാനവും, വിയര്‍പ്പും, ഉല്‍പാദനവും സൃഷ്ടിപരതയും എല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആഗോളതലത്തില്‍ നടക്കുന്ന മറ്റൊരു പ്രക്രിയ കായികാധ്വാനം മാത്രം മുതല്‍ കൂട്ടായിട്ടുള്ള സ്ത്രീകളുടെ (പുരുഷന്മാരുടെയും) തൊഴിലന്വേഷിച്ചുകൊണ്ടുള്ള പലായനമാണ്. കുട്ടികളെ നാട്ടില്‍, ബന്ധുക്കളുടെ രക്ഷാകര്‍തൃത്വത്തില്‍ വിട്ട്, ഭാഷയും ഊരും പേരുമറിയാത്ത നാടുകളില്‍ ചേക്കേറി, തൊഴില്‍ സമ്പാദിക്കുന്ന 'അന്യസംസ്ഥാന തൊഴിലാളികള്‍' കേരളം നിറഞ്ഞുകവിയുകയാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെന്നല്ല, ആഗോളതലത്തില്‍ തന്നെ അന്യരാജ്യ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. സ്ത്രീകള്‍ വീടുമാറി പാര്‍ക്കുന്നത് കുടിയേറുന്നത് മുന്‍പ് വിവാഹശേഷം മാത്രമായിരുന്നു. പക്ഷേ, കഴിഞ്ഞ 10-20 വര്‍ഷങ്ങളായി സ്ത്രീകളുടെ തൊഴില്‍ കുടിയേറ്റങ്ങളും വര്‍ധിച്ചുവരുന്നു (Labour migration) കിട്ടുന്ന എന്ത് ചില്ലിക്കാശിനും, എന്തധ്വാനവും ചെയ്യുവാന്‍ തയ്യാറായി, 'പരക്കംപാഞ്ഞു 'നടക്കുന്ന' ദരിദ്രരെ സൃഷ്ടിക്കുവാന്‍ മാത്രമേ ആഗോളവല്‍ക്കരണത്തിന് കഴിഞ്ഞുള്ളു എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരുവശത്ത് ഉപഭോഗസംസ്കാരം വളര്‍ത്തി, മധ്യവര്‍ഗ്ഗത്തെ ഉപരിവര്‍ഗ്ഗത്തിന്റെ ജീവിതശൈലിയിലേക്ക് കാപട്യത്തോടെ, പൊള്ളയായി ഉയര്‍ത്തുവാനുള്ള ശ്രമം. അതേസമയം, പാടത്തും, വരമ്പിലും ഗോതമ്പ് വയലുകളിലും പണിയെടുത്ത് കുടുംബസമേതം ദരിദ്രരായി കഴിഞ്ഞിരുന്നവര്‍ കുടുംബവും നാടും വീടും, ഉറ്റവരെയും ഉടയവരെയും വിട്ട്, തൊഴിലന്വേഷിച്ച് ഇരുപത് നില കെട്ടിടത്തിന്റെ വാര്‍പ്പുപണിയും കല്ലെടുക്കുന്ന പണിയും ചെയ്യാന്‍ തയ്യാറായിവരുന്നു. കാര്‍ഷികരംഗത്ത് സൃഷ്ടിച്ച മുരടിപ്പ്, അന്യസംസ്ഥാന/അന്യരാജ്യത്തൊഴിലാളികളെ ആഗോളതലത്തില്‍ നെട്ടോട്ടം ഓടക്കാന്‍ മാത്രമാണ് സഹായിച്ചിട്ടുള്ളത്. ആഗോളവല്‍ക്കരണം സൃഷ്ടിച്ച തൊഴില്‍രംഗത്തെ മാറ്റങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: കാര്‍ഷികവൃത്തി നഷ്ടപ്പെട്ട, അക്ഷരാഭ്യാസം കുറഞ്ഞ, പലായനംചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍-ഒരുവശത്ത്. മറ്റൊരുവശത്ത്, അഭ്യസ്തവിദ്യരായിട്ടും, ആര്‍ക്കോവേണ്ടി, എന്തിനോവേണ്ടി പണിയെടുക്കുന്ന സ്ത്രീകള്‍-ഇവരുടെ കൂടെത്തന്നെ, വൈദഗ്ധ്യം ആവശ്യമില്ലാത്ത, മടുപ്പിക്കുന്ന, കരാറടിസ്ഥാനത്തില്‍ കുറഞ്ഞ കൂലിക്കു തൊഴിലെടുക്കുന്ന അക്ഷരാഭ്യാസമുള്ള തൊഴിലാളിസ്ത്രീകള്‍. വിദ്യാഭ്യാസവും ശമ്പളവും ഒക്കെയുണ്ടായിട്ടും, തൊഴില്‍ സൃഷ്ടിക്കുന്ന ആത്മവിശ്വാസമോ, ശാക്തീകരണമോ, അംഗീകാരമോ ലഭിക്കാതെ, താഴ്ന്ന തസ്തികയില്‍ത്തന്നെ പണിയെടുക്കുന്ന സേവന മേഖലയിലെ തൊഴിലാളി സ്ത്രീകള്‍.

അസംഘടിതവും സംഘടിതവുമായി തൊഴില്‍രംഗം വളരെ സജീവമാക്കാന്‍ ആഗോളവല്‍ക്കരണത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എങ്കിലും, തൊഴില്‍ നേടിത്തരുന്ന അംഗീകാരവും ശാക്തീകരണവും എത്രമാത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്?

കേരളത്തില്‍ത്തന്നെ ശാക്തീകരണത്തിന്റെയും ആത്മവിശ്വാസം വളര്‍ത്തിയെടുത്തതിന്റെയും ഉദാഹരണങ്ങളും മാതൃകകളുമുണ്ട്. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവും ഉല്‍പാദനരംഗത്തെ ഇടപെടലും ശക്തമായി നടപ്പാക്കാന്‍ രാഷ്ട്രീയ ഇഛാശക്തി കഴിഞ്ഞ നാലു വര്‍ഷങ്ങളായി നാം കാണുന്നുണ്ട്. വെറും പണമിടപാട് മാത്രം നടത്തിയിരുന്ന (അതും ഭര്‍ത്താവിന്റെ പോക്കറ്റില്‍നിന്ന് പൈസയെടുത്ത്) കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദകരും വിതരണക്കാരുമായി മാറുകയും പുതിയ മേഖലകള്‍ തേടിപ്പിടിക്കുകയും പുരുഷന്മാരുടെ കുത്തകയായിരുന്ന തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുകയും ചെയ്ത് വിജയഗാഥ രചിക്കകുകയാണ്.

കൃഷി ലാഭകരമല്ലാതിരുന്ന കേരളത്തില്‍ ലാഭകരമായി കൃഷിചെയ്ത് മാതൃകകാണിച്ചിരിക്കുകയാണ് കുടുംബശ്രീ.

നൂറോ, ഇരുന്നൂറോ ഹെക്ടറിലല്ല, 27,270 ഹെക്ടറിലായി കൃഷിനടത്തുകയാണിവര്‍. 'സമഗ്ര' എന്ന പദ്ധതിയിലൂടെ മാത്രം, 57,275 സ്ത്രീകള്‍ പണിയെടുക്കുന്നു.

നേന്ത്രവാഴ (തിരുവനന്തപുരം) 12,000

നിവേദ്യം (തൃശൂര്‍) 15,000

ക്ഷീരസാഗരം -ഇടുക്കി) 245

നെടുമ്പനി അപ്പാരല്‍ (കൊല്ലം) 50

മധുരം (പത്തനംതിട്ട) 10,000

അലങ്കാരമത്സ്യം 1,000

തിരുമധുരം (എറണാകുളം) 12,500

കൊണ്ടാട്ടം 480

ആടുഗ്രാമം (കണ്ണൂര്‍) 5,000

ചെരുപ്പ് നിര്‍മ്മാണം (കോഴിക്കോട്) 1,000

(കുടുംബശ്രീ വെബ്സൈറ്റില്‍നിന്നെടുത്തത്.)

'സമഗ്ര' പദ്ധതി വിളിച്ചുപറയുന്നത്, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് കൃഷി, കൃഷിയുമായി ബന്ധപ്പെട്ടയ്ക്കാണ് കൂടുതലായി സ്ത്രീകള്‍ എത്തുന്നത് എന്നതാണ്. മണ്ണും മഹിളയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു എന്നു മാത്രമല്ല, തൊഴില്‍ സംസ്കാരം നിലനിര്‍ത്താനും ഇവര്‍ സഹായിക്കുന്നു.

കുടുംബശ്രീയുടെ വളര്‍ച്ചയുടെ ഒരുദാഹരണം മാത്രമാണിത്. മന്ത്രിമാരും നേതാക്കന്മാരും വരുമ്പോള്‍ താലമെടുത്തിരുന്ന സ്ത്രീകള്‍, തെങ്ങില്‍കയറി തേങ്ങയിടാന്‍ മാത്രം 'വളര്‍ച്ച' പ്രാപിച്ചിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.

ഇതുകൂടാതെ, ആശ്രയ, ഐ ടി എന്നിങ്ങനെ പുതിയ മേഖലകള്‍ കയ്യടക്കുകയാണ് കുടുംബശ്രീ. ആദിവാസി മേഖലകളില്‍വരെ, 24,741 പുതിയ അയല്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ആദിവാസി മേഖലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് തുടക്കംകുറിക്കുകയാണ് കുടുംബശ്രീ. തീര്‍ച്ചയായും, അടുത്ത കാനേഷുമാരി കണക്കുകളില്‍ കുടുംബശ്രീയുടെ അധ്വാനം അടയാളപ്പെടുത്തുവാന്‍ മാത്രമല്ല, സ്ത്രീ തൊഴില്‍ പങ്കാളിത്തത്തില്‍ വമ്പിച്ച മാറ്റം സൃഷ്ടിക്കുവാനും ഇതുകൊണ്ട് കഴിയുന്നതാണ്.

അതുപോലെതന്നെ കേന്ദ്രഗവണ്‍മെന്റിന്റെ പ്രോജക്ടാണെങ്കിലും, ഒരു പദ്ധതി എത്ര ശുഷ്കാന്തിയോടും താല്‍പര്യത്തോടുംകൂടി നടത്തുന്നു എന്നതനുസരിച്ചാണ് പദ്ധതിയുടെ വിജയം മനസ്സിലാക്കേണ്ടത്. അത് എവിടെ, എങ്ങനെ നടത്തുന്നു എന്നതിന് ഏറെ പ്രസക്തിയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രോജക്ടായതുകൊണ്ട് കാര്യമില്ല. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതി വിജയകരമായി മുന്നേറുന്നത്. മിനിമംകൂലിക്കുവേണ്ടിയുള്ള സമരങ്ങള്‍ നടന്ന മണ്ണില്‍, മിനിമം കൂലികൊടുത്തുകൊണ്ട്, നൂറുദിവസം തികച്ചുകൊണ്ട് തൊഴിലുറപ്പു പദ്ധതി മുന്നേറുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ മിനിമം കൂലി 160 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യവും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ പിന്‍ബലമില്ലാതെ, പഞ്ചായത്തുകളുടെ സഹകരണമില്ലാതെ ഈ പദ്ധതി വിജയിക്കുകയില്ല, എന്നത് മറ്റു സംസ്ഥാനങ്ങളില്‍ എത്രമാത്രം പരാജയമാണ് തൊഴിലുറപ്പ് പദ്ധതി എന്നത് വ്യക്തമാക്കുന്നു. ഇതിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍തന്നെ അതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

1. വീട്ടുജോലിക്ക്/കൃഷിപ്പണിക്ക് സ്ത്രീകളെ ലഭിക്കുന്നില്ല.

2. സ്ത്രീകള്‍ 'ചുമ്മാ വാചകമടിച്ചു' വൈകിട്ടാവുമ്പോള്‍ 125 രൂപയും വാങ്ങിപ്പോകുന്നു.

9,55,976 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസം പണികൊടുക്കാന്‍ കേരളത്തില്‍ കഴിഞ്ഞിട്ടുണ്ട്. അവരുടെ ആവശ്യങ്ങളും അവകാശങ്ങളുമുന്നയിക്കാന്‍ സംഘടിത രൂപം കൈക്കൊള്ളുവാനുള്ള (സിഐടിയുവിന്റെ നേതൃത്വത്തില്‍) ശ്രമവും നടന്നിട്ടുണ്ട്.

ഗ്രീവന്‍സ് കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍-ആഡിറ്റ് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍, M & E കോ-ഓര്‍ഡിനേറ്റര്‍, രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഫിനാന്‍സ് മാനേജര്‍ എന്നിങ്ങനെ എല്ലാ തസ്തികകളിലും നിയമനം നടത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ് എന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ വെബ്സൈറ്റുതന്നെ പറയുന്നു.

ആക്ടില്‍ സൂചിപ്പിച്ചതില്‍നിന്ന് ഒരുപടി ഉയര്‍ന്ന് നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ഇവര്‍ തയ്യാറാവുന്നുണ്ട്. ഇതിന്റെ വിജയസാധ്യത മനസ്സിലാക്കി, നഗരപ്രദേശങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കാനായി, ധനമന്തി, ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്. ഇവയൊക്കെ കാണിക്കുന്നത്, പദ്ധതി ആരുടേതെന്നല്ല, പകരം എത്ര വിജയകരമായി നടപ്പാക്കുന്നു എന്നതാണ് പ്രധാനം.

സ്ത്രീകള്‍ 'ചുമ്മാ വാചകമടിച്ചു' പൈസയുണ്ടാക്കുന്നതിലൂടെ മറ്റൊരു പ്രക്രിയ നടക്കുന്നത് വിമര്‍ശകര്‍ കാണുന്നില്ല. സ്ത്രീകളുടെ കൂട്ടായ്മ സൃഷ്ടിക്കപ്പെടുകയാണ്. 10-12 അംഗങ്ങള്‍ വരെയുള്ള സ്ത്രീകള്‍ പ്രായഭേദമെന്യെ പണിയെടുക്കാന്‍ വരുമ്പോള്‍ അന്യോന്യം സഹായിച്ചുകൊണ്ട്, ഒരു കൂട്ടായ്മ സൃഷ്ടിക്കപ്പെടുകയും, അധ്വാനം ആനന്ദമാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയ നടക്കുന്നുണ്ട്. അത് കാണാതിരുന്നുകൂട.

പദ്ധതിയുടെ ചട്ടക്കൂട്ടില്‍, നിയമാവലിയില്‍ പല അപാകതകളുമുണ്ട്.

1. മിനിമം വേജ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

2. നിര്‍വചിക്കപ്പെട്ടിട്ടുള്ള തൊഴിലുകളില്‍ മാറ്റംവരേണ്ടതുണ്ട്.

3. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് ട്രെയിനിംഗ് നല്‍കേണ്ടതുണ്ട്.

4. ചെയ്യുന്ന പണി ഉല്‍പാദനപരവും ക്രിയാത്മകവുമാകേണ്ടതുണ്ട്.

അതുപോലെതന്നെ നടത്തിപ്പില്‍, ആക്ടില്‍ പറയുന്ന രീതിയില്‍, കുട്ടികളെ നോക്കാനും, മുലയൂട്ടാനുമുള്ള സംവിധാനങ്ങളുണ്ടാവണം, ബാത്ത്റൂം, വിശ്രമമുറി എന്നിവയ്ക്കുള്ള സൌകര്യങ്ങളുണ്ടാവണം.

ഇത്തരം പോരായ്മകള്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെടുമ്പോഴും ഇത് വിജയകരമായി മുന്നേറുന്നതുകൊണ്ടാണ് അങ്ങനെ ആവശ്യപ്പെടാന്‍ കഴിയുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ വന്ന സ്ത്രീകളും കാനേഷുമാരി കണക്കില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. ഈ തൊഴിലും വരുമാനവും നല്‍കുന്ന അംഗീകാരം, ആത്മവിശ്വാസമായി അവളില്‍ വളര്‍ന്നുവരുന്നുണ്ട്. കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരിലും, തൊഴിലുറപ്പില്‍ പ്രവര്‍ത്തിക്കുന്നവരിലും ഒരുതരം തൊഴിലാളിബോധം (Labour Consciousness) സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 'കൈനിറയെ സമ്പാദിക്കുന്ന' പുത്തന്‍ അസംഘടിതമേഖലകളില്‍ ഇതു കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ ബോധം, തീര്‍ച്ചയായും ചോദ്യങ്ങള്‍ ചോദിക്കാനും, അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പെണ്‍കരുത്ത് സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

മൂന്നാംലോക രാഷ്ട്രങ്ങളിലെ പാവപ്പെട്ട തൊഴിലാളികളെയും സ്ത്രീകളെയും ചൂഷണംചെയ്ത് വികസിക്കുന്ന നവലിബറലിസം അവകാശപ്പെടുന്നത്, "തുല്യത സൃഷ്ടിക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു. തുല്യത എന്നത് വിജയിക്കാനുള്ള/ഉയര്‍ന്നുവരാനുള്ള തുല്യസാധ്യതയായിരിക്കണം'' എന്നാണെങ്കിലും, ഈ വ്യാഖ്യാനം തുല്യതയെ അംഗീകരിക്കുമ്പോള്‍തന്നെ വ്യക്തികളെ തുല്യരല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. മറിച്ച് കേരളം മുന്നോട്ടുവെയ്ക്കുന്ന മാതൃകകള്‍ വ്യക്തികളെ തുല്യരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നതാണ് അതിന്റെ സവിശേഷത.

*
ഡോ. ടി കെ ആനന്ദി കടപ്പാട്: ചിന്ത വാരിക