Saturday, October 13, 2012

യാതനകളിലൂടെ വളര്‍ന്ന മഹാപ്രസ്ഥാനം

"ഷേക്സ്പിയര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി വെനീസിലെ കച്ചവടക്കാരന്റെ രണ്ടാംഭാഗം എഴുതുമായിരുന്നു; അത് ഇന്ത്യയിലെ ആധുനിക കൊള്ളക്കാരായ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെക്കുറിച്ചായിരിക്കും" എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ ദേവീന്ദര്‍ ശര്‍മ പ്രതികരിച്ചിരുന്നു. എളുപ്പത്തില്‍ പണമുണ്ടാക്കാം. വായ്പ ഒരു പ്രശ്നമേയല്ല എന്നൊക്കെ പ്രലോഭനങ്ങള്‍ മുന്നോട്ടുവച്ച് ലക്ഷക്കണക്കായ ദരിദ്രരെ ആത്മഹത്യാമുനമ്പിലേക്ക് നയിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നൂറും നൂറ്റമ്പതും ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനെന്നപേരില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൈക്രോഫിനാന്‍സ് ബില്ലിലാകട്ടെ പലിശയ്ക്ക് പരിധി തീരുമാനിക്കാന്‍ തയ്യാറായിട്ടില്ല. വാസ്തവത്തില്‍ ക്ഷേമപദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ഇത്തരം സ്വകാര്യപണമിടപാടുകാരുടെ കൈയിലേക്ക് ദരിദ്രരെ തള്ളിവിടുകയും ചെയ്യുന്നതിന് നിയമസാധുത നല്‍കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ ആധുനിക ഷൈലോക്കുമാരുടെ നിരയിലേക്ക് കേരളത്തിന്റെ സംഭാവനയാണ് ജനശ്രീ.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ മൈക്രോഫിനാന്‍സ് കെണിയിലകപ്പെട്ട് സ്ത്രീകള്‍ ആത്മഹത്യയില്‍ അഭയംപ്രാപിച്ചപ്പോള്‍ കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പരിപൂര്‍ണപിന്തുണയോടെ ജനകീയപ്രസ്ഥാനമായി മാറുകയായിരുന്നു കുടുംബശ്രീ. എന്നാല്‍, എം എം ഹസ്സന്റെ പേരില്‍ ഭൂരിപക്ഷ ഓഹരികളുള്ള ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തെ കുടുംബശ്രീക്ക് ബദലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന സമീപകാല പ്രവര്‍ത്തനങ്ങള്‍ മൈക്രോഫിനാന്‍സ് കൊള്ളയുടെ ഭീഷണി കേരളത്തിലേക്കും വ്യാപിക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1041 കോടി രൂപ നിക്ഷേപവും 4591 കോടി രൂപ ആഭ്യന്തരവായ്പയും 970 കോടി രൂപ ബാങ്ക് ലിങ്കേജും 26 കോടി രൂപയുടെ മാച്ചിങ് ഗ്രാന്റും പിന്നെ കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും കൈമുതലായ കുടുംബശ്രീ ഒരു ചക്കരക്കുടമെന്ന് കരുതി ഹസ്സനും കൂട്ടരും മോഹിക്കേണ്ട. കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് പത്ത് മന്ത്രിമാരെ അണിനിരത്തിയ ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയിലെ സഹോദരിമാരുടെ അനുഭവസാക്ഷ്യങ്ങള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നുവായിച്ചുനോക്കൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രസ്ഥാനത്തെ ഇത്തരത്തില്‍ വളര്‍ത്തുന്നതിനുപിന്നില്‍ ലക്ഷക്കണക്കായ സ്ത്രീകള്‍ അനുഭവിച്ച യാതനകള്‍. 2006ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീമിഷന്‍ രൂപീകരിച്ച ഘട്ടത്തില്‍തന്നെ, സ്ത്രീകളുടെ ഐക്യത്തെ ശിഥിലമാക്കുകയും സര്‍ക്കാര്‍പദ്ധതിയായ കുടുംബശ്രീയെ ദുര്‍ബലമാക്കുകയും ചെയ്യുന്നതിന്റെ അധാര്‍മികത സംബന്ധിച്ച വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാമുദായിക സംഘടനകളടക്കം നേതൃത്വം നല്‍കുന്ന നിരവധി സ്വയംസഹായസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പുറപ്പെട്ടിരിക്കുന്ന ജനശ്രീക്കെതിരെ എന്തിനാണ് രോഷംകൊള്ളുന്നത് എന്ന ന്യായവാദം ഉയര്‍ത്തിയാണ് ഈ പ്രതിഷേധങ്ങളെ ഹസ്സനും കൂട്ടരും നേരിട്ടത്. എന്നാല്‍, കഴിഞ്ഞ നാളുകളിലെ ജനശ്രീയുടെ പ്രവര്‍ത്തനം വിശേഷിച്ച്, 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള നടപടികള്‍, ലക്ഷക്കണക്കായുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ ആശങ്കകളെ ഉറപ്പിച്ച സാഹചര്യത്തിലാണ് കുടുംബശ്രീ സംരക്ഷണവേദി എന്ന പിന്തുണാ സംവിധാനത്തിന് രൂപം നല്‍കാനും പ്രത്യക്ഷസമരത്തിലേക്കിറങ്ങാനും കുടുംബശ്രീ എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ തീരുമാനിച്ചത്. അങ്ങനെയാണ് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ആയിരക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ അണിനിരക്കുന്ന ഐതിഹാസിക സമരത്തിന് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം വേദിയായത്.

എന്തുകൊണ്ട് പ്രത്യക്ഷസമരം? ജനശ്രീ മിഷനെ ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തി 14.36 കോടി രൂപ നല്‍കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി അമ്പരപ്പും ആശങ്കയും ഉളവാക്കുന്നതാണ്. കേന്ദ്രപദ്ധതിയുടെ ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും മറികടന്നാണ് ജനശ്രീ മിഷന്റെ തട്ടിക്കൂട്ടിയ അഞ്ച് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. കാര്‍ഷിക- മൃഗസംരക്ഷണമേഖലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകളും സഹകരണസ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഫണ്ടിനായുള്ള നിര്‍ദേശങ്ങളും പദ്ധതികളും ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനസമിതി പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങള്‍വഴി നടപ്പാക്കണമെന്നാണ്. എന്നാല്‍, കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അവഗണിച്ചാണ് ഈ രംഗത്ത് പറയത്തക്ക ഒരു മുന്‍പരിചയവുമില്ലാത്ത ജനശ്രീക്ക് ഫണ്ട് അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയില്‍ അരലക്ഷത്തോളം (49500) സംഘങ്ങള്‍ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 47000 ഹെക്ടര്‍ ഭൂമിയില്‍ 2.62 ലക്ഷം സ്ത്രീകള്‍ കുടുംബശ്രീയുടെ ഭാഗമായി കൃഷിചെയ്യുന്നുണ്ട്. ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീക്ക് നല്‍കിയ പദ്ധതിവിഹിതമുള്‍പ്പെടെയുള്ള വിപുലമായ പ്രോത്സാഹനമാണ് കാര്‍ഷികരംഗത്ത് ഓരോ ജില്ലയും കേന്ദ്രീകരിച്ച് "സമഗ്ര"പോലുള്ള മാതൃകാപദ്ധതികള്‍ നടപ്പാക്കാന്‍ കുടുംബശ്രീയെ പ്രാപ്തമാക്കിയത്.

ഉത്സവകാലങ്ങളില്‍ 10-12 കോടി രൂപയുടെ ലാഭംവരെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയടക്കം വില്‍പ്പനയിലൂടെ കുടുംബശ്രീ സംഘങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. എന്നാല്‍, സംഘകൃഷിക്കായി ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കിയ ഒരു ശതമാനം പലിശയുടെ വായ്പാപദ്ധതിയെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്ന അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരെ അന്യായമായി പറഞ്ഞുവിട്ട് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിച്ച യുഡിഎഫ് സര്‍ക്കാര്‍ ജനശ്രീക്ക് 14.36 കോടി രൂപ നല്‍കുകമാത്രമല്ല, അത് നടപ്പാക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരിക്കുന്നു! 2006ല്‍ ജനശ്രീയുടെ ഉദ്ഘാടനവേളയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞത് ജനശ്രീ, കുടുംബശ്രീക്ക് എതിരല്ല എന്നാണ്. എന്നാല്‍, ജനശ്രീ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും കുടുംബശ്രീയെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ചതായാണ് അനുഭവം. യുഡിഎഫിന്റെ 2001-2006 ഭരണകാലത്ത് കുടുംബശ്രീയുടെ ഉദ്യോഗസ്ഥരായിരുന്നവരെയും കുടുംബശ്രീയുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയുമാണ് ജനശ്രീ രൂപീകരിക്കാന്‍ വിവിധ ജില്ലകളില്‍ ചുമതല നല്‍കിയത്. പല പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സജീവപ്രവര്‍ത്തകരെത്തന്നെ ജനശ്രീയുടെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കിയത് സൃഷ്ടിച്ച ആശയക്കുഴപ്പം ചെറുതല്ല.

രാഷ്ട്രീയസ്വാധീനവും സമ്മര്‍ദവും സാമ്പത്തിക പ്രലോഭനങ്ങളുംകൊണ്ട് പാവപ്പെട്ട സ്ത്രീകളെ ജനശ്രീയില്‍ അംഗങ്ങളാക്കുന്ന തന്ത്രമാണ് ഹസ്സനും കൂട്ടരും സ്വീകരിച്ചത്. ഇപ്പോള്‍ ജനശ്രീക്കെതിരായി ഉയര്‍ന്നുവന്ന രോഷം തണുപ്പിക്കാന്‍ ചില കൊമേഴ്സ്യല്‍ ബാങ്കുകളെ സ്വാധീനിച്ച് ഒരുപാധിയും കൂടാതെ 50000 രൂപ വായ്പ വിതരണംചെയ്യുകയാണ് ജനശ്രീ. അധികാരമുണ്ടെങ്കില്‍ ആരെയും പേടിക്കേണ്ട എന്ന ധാര്‍ഷ്ട്യമാണ് ഇത്തരം വഴിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹസ്സനടക്കമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യം നല്‍കുന്നത്. കുടുംബശ്രീയെ ഇടതുപക്ഷസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുറവിളി കൂട്ടിയ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വകാര്യസംഘടനയായ ജനശ്രീക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനംതന്നെ ദുരുപയോഗംചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്.

2012 മെയ്- ജൂണ്‍ മാസങ്ങളില്‍ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റുമാര്‍ക്ക് ജനശ്രീ മിഷനുവേണ്ടി പ്രോജക്ടുകളും മറ്റും തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്തുവച്ച് നടക്കുകയുണ്ടായി. ഇതിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. ഈ പരിശീലനങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവ് നല്‍കിയത് സംസ്ഥാന ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും. ഈ പരിശീലനത്തിന്റെ രണ്ടാംഘട്ടമായി ജനശ്രീയുടെ വിവിധ പ്രോജക്ടുകള്‍ ഈ ഉദ്യോഗസ്ഥര്‍ മുഖേന നടപ്പാക്കിവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആസൂത്രണബോര്‍ഡിലെ ഒരംഗത്തിന് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട് എന്നാണറിയുന്നത്! 12-ാം പഞ്ചവത്സരപദ്ധതിയുടെ പണികള്‍ മാറ്റിവച്ചും ജനശ്രീക്കുവേണ്ടി അധ്വാനിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍! കെപിസിസി പ്രസിഡന്റ് അവകാശപ്പെടുന്നതുപോലെ ജനശ്രീയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെങ്കില്‍ സര്‍ക്കാരിന്റെ പണവും ഔദ്യോഗിക സംവിധാനവും അനധികൃതമായി ജനശ്രീപോലൊരു സ്വകാര്യ സംഘടനയ്ക്ക് നല്‍കുന്നതിനെ സംബന്ധിച്ച് എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പറയാനുള്ളതെന്നറിയാന്‍ നാട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടാകും.

*
ഡോ. ടി എന്‍ സീമ ചിന്ത വാരിക 12 ഒക്ടോബര്‍ 2012

No comments: