Saturday, October 6, 2012

വെറുതെവിടരുത് ഈ കൊള്ളക്കാരെ

എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീ സുസ്ഥിര മിഷന്‍ രൂപീകരിച്ചപ്പോള്‍ത്തന്നെ ഉയര്‍ന്നുവന്ന ആശങ്ക ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. ഹസ്സന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കില്‍ അത് മാത്രമല്ല, സാമ്പത്തിക നേട്ടം ഉണ്ടാക്കലും പൊതുമുതല്‍ കൊള്ളയടിക്കലുമാണ് യഥാര്‍ഥ ലക്ഷ്യമെന്ന് അനുദിനം വ്യക്തമാകുന്നു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പേരില്‍ പതിനാല് കോടിയിലേറെ രൂപ സംസ്ഥാന കൃഷി, മൃഗ സംരക്ഷണ വകുപ്പുകള്‍ ജനശ്രീക്ക് നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ഓരോന്നായി പുറത്തുവന്നത്. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടന്ന നഗ്നമായ രാഷ്ട്രീയ അഴിമതിയാണിത്. ജനശ്രീമിഷന് 14 കോടി രൂപ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പുചുമതല ലഭിക്കാതായപ്പോഴാണ് ജനശ്രീ മറ്റു ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രതിവര്‍ഷം 50 കോടിയോളം രൂപ ലഭിക്കുമായിരുന്ന എന്‍ആര്‍എല്‍എം പദ്ധതിയുടെ നടത്തിപ്പിന് നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫും പി ടി തോമസ് എംപിയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, എന്‍ആര്‍എല്‍എം ഫണ്ട് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ പേരില്‍ പി ടി തോമസ് എംപിയുടെ ശുപാര്‍ശക്കത്തോടെ നിവേദനം നല്‍കി. ഈ നീക്കത്തിനു പിന്നിലും ഉമ്മന്‍ചാണ്ടിയും കെ സി ജോസഫുമായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 14 കോടി രൂപ തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി 27 കോടി രൂപയുടെ അഞ്ച് പ്രോജക്ടുകളാണ് ജനശ്രീ മിഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് പദ്ധതിക്ക് ജനശ്രീ പറഞ്ഞ തുക പൂര്‍ണമായും അനുവദിച്ച് കൃഷിവകുപ്പ് റെക്കോഡിട്ടു. മറ്റ് മൂന്നു പദ്ധതിക്കും തോന്നിയപോലെയും പണം അനുവദിച്ചു. ഈ അഞ്ച് പദ്ധതികളില്‍ ഒന്നുപോലും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് പ്രയോജനപ്പെടുന്നതല്ല. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. ഈ ഫണ്ട് സംബന്ധിച്ച വിവാദം കത്തിനില്‍ക്കെയാണ് ജനശ്രീ മിഷന്‍ എം എം ഹസ്സന്റെ സ്വകാര്യ സ്വത്തെന്ന റിസര്‍വ് ബാങ്ക് രേഖ പുറത്തുവന്നത്.

2006ല്‍ രൂപീകരിച്ച ജനശ്രീ മിഷന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ 2010ലാണ് ജനശ്രീ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് രൂപീകരിച്ചത്. 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തു. റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കമ്പനിക്ക് ഏഴ് ഓഹരി ഉടമകളാണുള്ളത്. ഏഴുപേര്‍ക്കും കൂടിയുള്ള 20 ലക്ഷം ഓഹരിയില്‍ 19,94,000 ഓഹരിയും ഹസ്സനാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഓഹരി ഉടമകളായ മറ്റ് ആറുപേരും കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആണ്. എന്നാല്‍, ഇവര്‍ക്കെല്ലാംകൂടി ആകെയുള്ളത് വെറും 6,000 ഓഹരിമാത്രം. 19.94 ലക്ഷം ഓഹരിക്കായി ഹസ്സന്‍ മുടക്കിയത് 1,99,40,000 രൂപ. മറ്റ് ആറ് ഓഹരി ഉടമകള്‍കൂടി 10,000 രൂപവീതം വെറും 60,000 രൂപ മാത്രം. ഈ ഓഹരി ഉടമകളില്‍ രണ്ടാമനായ ബാലചന്ദ്രന്‍ ഭാരത് സേവക് സമാജ് എന്ന സംഘടന രൂപീകരിച്ചുനടത്തിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനകം വിവാദങ്ങളില്‍ കുടുങ്ങിയ ആളാണ്. ഹസ്സന്റെയും തമ്പാനൂര്‍ രവിയുടെയും ലതിക സുഭാഷിന്റെയും ഉള്‍പ്പെടെ മുഴുവന്‍ ഓഹരി ഉടമകളുടെയും തൊഴില്‍ കച്ചവടമാണെന്നാണ് രേഖയിലുള്ളത്. ജനശ്രീയുടെ മറവില്‍ ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് എം എം ഹസ്സന്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയെയും കബളിപ്പിച്ചു. കേന്ദ്ര കമ്പനി നിയമപ്രകാരം സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചതും ഓഹരി കൈമാറ്റനിയമം ലംഘിച്ചതും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക വഞ്ചനാ കുറ്റങ്ങള്‍ക്ക് ഹസ്സനെതിരെ അധികൃതര്‍ക്ക് കേസെടുക്കേണ്ടിവരും. ഹസ്സന്‍ മുഴക്കിയ വെല്ലുവിളിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍, പുറത്തുവന്ന തെളിവുകള്‍ അംഗീകരിച്ച് നിയമത്തിന് വിധേയമാകണം. ശിക്ഷ നീതിന്യായകോടതി വിധിക്കും. കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത രേഖകളില്‍ കമ്പനിയുടെ 20 ലക്ഷം ഓഹരിയില്‍ 19.94 ലക്ഷം ഓഹരി ഹസ്സന് ഉണ്ടെന്നു പറയുന്നു.

അതായത് രണ്ടുകോടി രൂപയുടെ ഓഹരിയില്‍ 1.994 കോടി മൂല്യം വരുന്ന ഓഹരിയും ഹസ്സന്. ആകെ ഓഹരിയുടെ 99.7 ശതമാനം വരും ഇത്. എന്നാല്‍, തനിക്ക് 50,000 രൂപയുടെ ഓഹരിമാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് 19.94 ലക്ഷം ഓഹരികളുണ്ടെന്നു കാണിച്ച് റിസര്‍വ് ബാങ്കില്‍ കള്ള"സത്യ"വാങ്മൂലം നല്‍കിയെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ഇപ്പോള്‍ തന്റെ പേരിലുണ്ടെന്ന് അവകാശപ്പെടുന്ന 5000 ഓഹരി കഴിച്ച് ബാക്കി 19.89 ലക്ഷം ഓഹരിയും വിറ്റെന്ന് സമ്മതിക്കേണ്ടിവരും. 1.989 കോടി രൂപ മൂല്യമുള്ള ഈ ഓഹരി വില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ അത് ധനകാര്യ വഞ്ചനാകുറ്റമാണ്. ഹസ്സന്‍ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ ആ തുക എന്തുചെയ്തെന്നും വ്യക്തമാക്കേണ്ടിവരും. വിറ്റതിന്റെ രേഖകള്‍ കേന്ദ്ര ആദായനികുതി വകുപ്പിനും സമര്‍പ്പിക്കണം. അതുമുണ്ടായില്ല. ഇതനുസരിച്ചുള്ള വരുമാനികുതിയും അടയ്ക്കണം. അത് ചെയ്യാത്തതും കടുത്ത സാമ്പത്തിക കുറ്റമാണ്.

ഓഹരികള്‍ ഇപ്പോഴും ഹസ്സന്റെ കൈയിലാണെങ്കിലും പ്രശ്നം തീരുന്നില്ല. അതും ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്രയും ഭീമമായ തുക കൈയില്‍ വയ്ക്കുമ്പോള്‍ വരുമാനസ്രോതസ്സ് വ്യക്തമാക്കണം. ഹസ്സന്‍ അതും ചെയ്തിട്ടില്ല. മാത്രമല്ല, ലക്ഷക്കണക്കിന് ജനശ്രീ അംഗങ്ങളെ വഞ്ചിച്ചതിന് വഞ്ചനാ കേസിലും പ്രതി ചേര്‍ക്കേണ്ടിവരും. ഇതോടൊപ്പം കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കിയും ഹസ്സന്‍ ലാഭംകൊയ്യുന്നുണ്ട്. ജനശ്രീ മൈക്രോ ഫിന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇടപാട് സ്ഥാപനംമാത്രമാണെന്നും ഹസ്സന്‍ ഒപ്പിട്ട് വിവിധ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 2010ല്‍ രൂപീകരിച്ച കമ്പനി 2011ലാണ് ഇടപാടുകള്‍ തുടങ്ങിയതെന്നും കമ്പനി പൂര്‍ണ അര്‍ഥത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണെന്നും കത്തില്‍ സമ്മതിക്കുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്നാല്‍ ചിട്ടിക്കമ്പനി-ബ്ലേഡ് കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വെറും പണമിടപാട് സ്ഥാപനമെന്ന് വ്യക്തം. സംസ്ഥാനത്ത് ബ്ലേഡ് കമ്പനികള്‍ സ്വന്തം നിലയില്‍ പണം സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുകയാണെങ്കില്‍, ഹസ്സനും സംഘവും പൊതുമുതല്‍ വളഞ്ഞ വഴിയിലൂടെ സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുകയാണ്.

സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉന്നയിക്കുന്ന ഓരോ ന്യായവാദങ്ങളും പൊളിയുകയാണ്. ഈ ഉത്തരവ് പിന്‍വലിക്കുന്നതിന് പുറമെ ജനശ്രീക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഓരോന്നിനെ കുറിച്ചും അന്വേഷണം നടത്തണം. കേന്ദ്ര ഏജന്‍സികളെപ്പോലും കബളിപ്പിച്ച കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണം. കേന്ദ്രമന്ത്രി എ കെ ആന്റണിയാണ് ജനശ്രീ മിഷന്റെ രക്ഷാധികാരി. ഇത് ആന്റണിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ജനശ്രീക്ക് പാര്‍ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് കൈയൊഴിയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കഴിയില്ല.

*
പി കെ ശ്രീമതി ദേശാഭിമാനി 06 ഒക്ടോബര്‍ 2012

No comments: