Friday, October 5, 2012

ഒരു യുഗത്തിന്റെ അന്ത്യം

വിഖ്യാത ചരിത്രകാരനായ എറിക് ഹോബ്സ്ബാം നമ്മെ വിട്ടുപോയതോടെ ധിഷണാവിലാസമുള്ള ചിന്തയുടെ യുഗത്തിനുകൂടിയാണ് തിരശ്ശീല വീണത്. ലോകമുടനീളമുള്ള ചരിത്രകാരന്മാരും ബുദ്ധിജീവികളും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായി ദുഃഖിക്കുന്നതും അതുകൊണ്ടാണ്. ഹോബ്സ്ബാമിന്റെ ആദ്യകാലരചനകള്‍ പലതും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രഹസ്യസംഘടനകളെയും ചെറു വിപ്ലവ കൂട്ടായ്മകളെയും പരിചയപ്പെടുത്തുന്നതായിരുന്നു. ബ്രിട്ടനിലെ "ക്യാപ്റ്റന്‍ സ്വിങ്ങും" ഫ്രാന്‍സിലെയും ഇറ്റലിയിലെയും ചിതറിക്കിടക്കുന്ന ചെറുസംഘങ്ങളും ഹോബ്സ്ബാമിന്റെ രചനകളിലൂടെ വെളിച്ചംകണ്ടു. ആദിമ വിപ്ലവകാരികളായിട്ടാണ് അദ്ദേഹം ഈ സംഘങ്ങളെ വിലയിരുത്തിയത്. തുടര്‍ന്ന് സാമ്പത്തികചരിത്രത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തൊഴിലാളിവര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഹോബ്സ്ബാം വ്യവസായവല്‍ക്കരണവും സാമ്രാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പങ്ങളും അദ്ദേഹം പഠനവിധേയമാക്കി.

എന്നാല്‍, ആധുനിക യൂറോപ്പിന്റെ ചരിത്രത്തെക്കുറിച്ച് രചിച്ച ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ ആധികാരികസൃഷ്ടികള്‍. "ദി ഏജ് ഓഫ് റെവലൂഷന്‍", "ഏജ് ഓഫ് ക്യാപിറ്റല്‍", "ഏജ് ഓഫ് എമ്പയര്‍", "ഏജ് ഓഫ് എക്സ്ട്രീംസ്" എന്നീ നാല് വോള്യങ്ങള്‍ 1789 മുതല്‍ 20-ാംനൂറ്റാണ്ടിന്റെ അവസാനംവരെയുള്ള യൂറോപ്പിന്റെ വികാസപരിണാമങ്ങള്‍ സവിസ്തരം ചര്‍ച്ചചെയ്തു. ആധുനിക ലോകക്രമത്തെ സ്വാധീനിച്ച ആശയങ്ങളുടെയും പ്രവൃത്തികളുടെയും ചരിത്രംകൂടിയായി ഹോബ്സ്ബാമിന്റെ ഈ രചനകള്‍. ഭാവി ചരിത്രവിശകലനത്തിന്റെ ഉത്തമമാതൃകകളായ ഈ ചരിത്രരചനകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന സംഭവപരമ്പരകളെ മനസ്സിലാക്കുന്നതിനും കൃത്യമായി വിലയിരുത്തുന്നതിനും സഹായകമായ അടിത്തറയൊരുക്കി.

മുതലാളിത്തവും ആധുനികതയും ഈ ലോകത്തുണ്ടാക്കിയ സമൂലമായ മാറ്റങ്ങള്‍ എന്താണെന്നും അതിലുപരിയായി അവയുണ്ടാക്കിയ സാമൂഹ്യ- സാമ്പത്തിക സംഘട്ടനങ്ങള്‍ എന്തൊക്കെയാണെന്നും ഹോബ്സ്ബാം ഈ പുസ്തകങ്ങളില്‍ വിശദീകരിച്ചു. ഹോബ്സ്ബാമും സുഹൃത്തുക്കളും കേംബ്രിജ് സര്‍വകലാശാല കേന്ദ്രീകരിച്ച് ചരിത്രപഠനത്തിലെ പുതിയ വഴികള്‍ കണ്ടെത്തുന്ന ചെറുസംഘം രൂപീകരിച്ചു. ബ്രിട്ടന്റെ ഗതകാലചരിത്രത്തെ പഠിക്കാന്‍ അവര്‍ മാര്‍ക്സിസത്തെ ഫലപ്രദമായി ഉപയോഗിച്ചു. മുന്‍കാലങ്ങളിലെ ചരിത്രരചനാരീതികളില്‍നിന്നുള്ള വിച്ഛേദമായിരുന്നു ഇത്. ചരിത്രാന്വേഷണവും സാമ്പത്തിക വിശകലനവും ബ്രിട്ടീഷ് ചരിത്രപഠനത്തിന്റെ മുഖമുദ്രയാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. മാര്‍ക്സിസ്റ്റുകളല്ലാത്ത ചരിത്രകാരന്മാര്‍പോലും പിന്നീട് ചരിത്രരചനയില്‍ ഈ സമ്പ്രദായമാണ് അവലംബിച്ചത്. ഈ രീതിയില്‍ ലോകമുടനീളമുള്ള ചരിത്രകാരന്മാരെ സ്വാധീനിച്ചതിനുശേഷമാണ് ഹോബ്സ്ബാം വിടവാങ്ങിയത്.

*
റോമില ഥാപ്പര്‍, ദേശാഭിമാനി 05 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...