Thursday, October 25, 2012

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: പിണറായി

ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന, ഭരണഘടനാവിരുദ്ധമായ ദേവസ്വം ഓര്‍ഡിനന്‍സില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്ക് കളമൊരുക്കുന്നതും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഓര്‍ഡിനന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. നിയമഭേദഗതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ പ്രതിപക്ഷം കാണുന്ന കാര്യം എല്‍ഡിഎഫ് ആലോചിച്ച് തീരുമാനിക്കും.

ദേവസ്വം ബോര്‍ഡിലേക്ക് എസ്സി, എസ്ടി വിഭാഗത്തില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശത്തിന് നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ഈശ്വരവിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കണമെന്ന നിയമഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍. ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ സംവരണം വേണ്ടെന്നുവച്ചു. ജീവനക്കാരെ പിഎസ്സി മുഖേന തെരഞ്ഞെടുക്കാനുള്ള നിയമഭേദഗതിയും റദ്ദാക്കുന്നു. ഇതെല്ലാം തെറ്റായ നടപടികളാണ്. ഭരണഘടനയുടെ 188-ാം വകുപ്പുപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയെടുത്തോ നിയമസഭാംഗമാകാം. ഭരണഘടന നല്‍കിയ ഈ അവകാശത്തെ മറ്റൊരു നിയമംവഴി ഭേദഗതിചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.

1999ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരായ നടപടിയാണിത്. വോട്ടുചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസിയാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തണമെന്നില്ലെന്നാണ് അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് വിധി. എന്നാല്‍, ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരവിശ്വാസികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി, വഖഫ് കമ്മിറ്റി തുടങ്ങിയവയിലേക്കെല്ലാമുള്ള പ്രതിനിധികളെ നിയമസഭാംഗങ്ങള്‍ കൂട്ടായി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊന്നും കാണാത്ത മട്ടില്‍ ഹിന്ദുമതവിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈശ്വരവിശ്വാസിയായാല്‍ മാത്രമേ ഹിന്ദുവാകൂ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. "ചാര്‍വാക" സിദ്ധാന്തക്കാരടക്കം നിരീശ്വരവാദികളായ വിഭാഗങ്ങളെ പുരാതനകാലംമുതല്‍ ഹിന്ദുമതത്തില്‍ കാണാം. ഇതൊന്നും മനസ്സിലാക്കാതെയും ഭരണഘടനയെ മാനിക്കാതെയും ഹൈക്കോടതി വിധി മറികടന്നും തെറ്റായ ഒരു നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിന് ആരാണ് ഉപദേശം നല്‍കിയത്? രാഷ്ട്രീയലാഭത്തിനായി നിയമത്തെയും ആശയസംഹിതയെയും തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പിണറായി ഓര്‍മിപ്പിച്ചു. ക്ഷേത്രത്തില്‍ പോകുന്നവരില്‍ മഹാഭൂരിപക്ഷം സ്ത്രീകളാണ്. അതു പരിഗണിച്ചാണ് ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.

വിവിധ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്ന കാലഘട്ടത്തിലുള്ള സ്ത്രീ പ്രാതിനിധ്യംപോലും വേണ്ടെന്നുവച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണ്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വംബോര്‍ഡുകളിലേക്കുള്ള ഭരണവിഭാഗം ജീവനക്കാരുടെ നിയമനങ്ങള്‍ പിഎസ്സിക്കുവിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇനി പിഎസ്സിക്ക് നിയമന നടപടികളിലേക്ക് കടന്നാല്‍ മതി. ഈ ഘട്ടത്തിലാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊണ്ടുവരുന്നത്. ഇത് ദുരുദ്ദേശപരമാണ്. യോഗ്യരായ അഭ്യസ്തവിദ്യര്‍ക്ക് മിടുക്കിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ നിയമനം കിട്ടുന്നതിനെ അട്ടിമറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും അതിശക്തമായ പ്രതിഷേധം ഉയരണം. ഓര്‍ഡിനന്‍സില്‍നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

No comments: