Monday, October 22, 2012

കിറ്റെക്സ് നാടുവിടുന്നു; സര്‍ക്കാര്‍ വീണ വായിക്കുന്നു

കേരളത്തിലേക്ക് സ്വദേശത്തു നിന്നും വിദേശത്ത് നിന്നും നിക്ഷേപമെത്തിക്കാന്‍ 25 കോടിയിലേറെ മുടക്കി ആര്‍ഭാടപൂര്‍വം കൊണ്ടാടപ്പെട്ട എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പാണ് വ്യവസായ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കിഴക്കമ്പലം കിറ്റെക്സ് ഗാര്‍മെന്റ്സ് കമ്പനി കേരളത്തില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. കേരളം നിക്ഷേപക സൗഹാര്‍ദ്ദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പതിവ് വായ്ത്താരി മുഴക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ ഉല്‍പാദന മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം ഇവിടെ തുടര്‍ നിക്ഷേപത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരില്‍നിന്നും ലഭിച്ച തിക്താനുഭവങ്ങളാണ് വികസന പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കിയതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് പറയുന്നു.

കോണ്‍ഗ്രസ് എ വിഭാഗം നേതാവും എംഎല്‍എയുമായ ബെന്നി ബെഹനാന്റെയും കിഴക്കമ്പലം പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെയും തുടര്‍ച്ചയായ പകവീട്ടല്‍ നടപടികളാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 250 കോടി രൂപയുടെ തുടര്‍നിക്ഷേപം ചൈന, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. കിറ്റെക്സ് കമ്പനിയുടെ പിന്മാറ്റപ്രഖ്യാപനം പെട്ടെന്നൊരു സുപ്രഭാതത്തില്‍ കൈക്കൊണ്ടതല്ലെന്ന് കമ്പനിയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. വ്യക്തമായ രാഷ്ട്രീയ പകപോക്കലോടെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വം ഈ കമ്പനിയെ നേരിട്ടിട്ടുള്ളത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമ്പോഴൊക്കെ കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുക എന്നിവയും പതിവാണ്. ഓരോ തവണ യുഡിഎഫ് അധികാരത്തിലെത്തുമ്പോഴും നേരത്തെ സൂചിപ്പിച്ച നേതാവിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം ആക്രമണങ്ങളും നാശനഷ്ടങ്ങളും തൊഴില്‍ നഷ്ടവും സൃഷ്ടിക്കുന്നതും പതിവാണ്. 2001-ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ദിവസം ആഘോഷിച്ചത് കമ്പനിക്കെതിരെ ആസൂത്രിതമായ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ്.

വടിയും വാളുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നൂറോളം പേരാണ് അന്ന് കമ്പനി ആക്രമിച്ചത്. കമ്പനിയുടെയും ലേഡീസ് ഹോസ്റ്റലിന്റെയും അഞ്ഞൂറോളം ചില്ലുകള്‍ തകര്‍ത്തതായി എംഡി സാബു പറയുന്നു. കമ്പനിക്കകത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് തീയിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കമ്പനി നടത്തിക്കൊണ്ടു പോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയാണ് കമ്പനി നിലനിര്‍ത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തനത്തിന് ഒരു തടസ്സവുമുണ്ടായില്ല. എല്‍ഡിഎഫിന്റെ പഞ്ചായത്ത് ഭരണസമിതിയാകട്ടെ കൃത്യമായി ലൈസന്‍സ് പുതുക്കി നല്‍കി. നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കി. എല്‍ഡിഎഫ് പോയി സംസ്ഥാനത്തും പഞ്ചായത്തിലും വീണ്ടും യുഡിഎഫ് എത്തിയതോടെ പഴയ വേട്ടയാടല്‍ പുനരാരംഭിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ബോധ്യപ്പെടുത്താന്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലും വിദേശങ്ങളിലും റോഡ്ഷോകള്‍ക്കും ഇതര പ്രചരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ പക്ഷെ സ്വദേശി കമ്പനിയായ കിറ്റെക്സിന്റെ വിലാപം കേട്ടതായി നടിക്കുന്നില്ല. അഥവാ മുഖ്യമന്ത്രിയുടെ തന്നെ ഗ്രൂപ്പുകാരനായ നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി ഇത്തരം അക്രമങ്ങള്‍ക്കെതിരെ കണ്ണടക്കുന്നു. കമ്പനിക്കെതിരായി ഓരോ തവണയും ഉണ്ടായിട്ടുള്ള ആക്രമങ്ങള്‍ എണ്ണമിട്ട് നിരത്തിയ പരിദേവനം മുഖ്യമന്ത്രിയുടെ കൈകളിലെത്തിയിട്ട് നാല് മാസത്തോളം തികയുന്നു. ഇതിന് മുമ്പായി കമ്പനിയുടെ പ്രതിനിധി പലതവണ നേരിട്ടും ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്.

കൊടിയ ദുരിതത്തിന്റെ സാഹചര്യത്തില്‍ "സര്‍ക്കാരില്‍നിന്നോ കലക്ടര്‍ മുഖേനയോ, പഞ്ചായത്ത് മുഖേനയോ കമ്പനി അടച്ചു പൂട്ടുവാന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ എല്ലാ ബാധ്യതകളും തീര്‍ത്ത് ഈ രാജ്യം തന്നെ വിട്ടു പോകുവാന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ്" ഏറ്റവും ഒടുവില്‍ 2012 ജൂണ്‍ മാസം ആറിന് നല്‍കിയ നിവേദനത്തില്‍ കമ്പനി എംഡി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയത്. "അതിവേഗം ബഹുദൂര"മെന്ന വിശേഷണത്താല്‍ വാഴ്ത്തപ്പെടുന്ന സര്‍ക്കാരില്‍നിന്നും ഇന്നോളം നടപടിയൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് തുടര്‍ നിക്ഷേപം കേരളത്തില്‍ നടത്തില്ലെന്ന് വ്യക്തമാക്കാന്‍ കിറ്റെക്സ് അധികൃതര്‍ തയ്യാറായത്. 2001-ലെ യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കമ്പനിയുടെ ലൈസന്‍സ് തടഞ്ഞുവച്ചു. ഓരോ വര്‍ഷവും ലൈസന്‍സിനുള്ള അപേക്ഷ യഥാസമയം കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് അനുവദിക്കുകയോ കാരണം കാട്ടി നിഷേധിക്കുവാനോ തയ്യാറാകണം. എന്നാല്‍ അപേക്ഷ സ്വീകരിക്കുകയല്ലാതെ തുടര്‍നടപടികള്‍ പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളാറില്ല. തുടര്‍ന്നെത്തിയ എല്‍ഡിഎഫ് ഭരണസമിതിയാണ് മുഴുവന്‍ ലൈസന്‍സുകളും പുതുക്കി നല്‍കിയത്. 2010-ല്‍ യുഡിഎഫ് പഞ്ചായത്തില്‍ വീണ്ടും ഭരണത്തിലെത്തിയതോടെ വീണ്ടും ലൈസന്‍സ് തടഞ്ഞുവച്ചു. "ഏകജാലകം, ദ്രുതവേഗം" എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ഭരണാധികാരികള്‍ വീരവാദം മുഴക്കുന്ന നാട്ടില്‍ ഒരു ഗേറ്റ് സ്ഥാപിക്കാനുള്ള അനുമതിക്ക് പോലും കമ്പനിയുടെ കാത്തിരിപ്പിന് 11 മാസക്കാലം പിന്നിടുന്നു. പുറത്തുനിന്നും കിഴക്കമ്പലം പ്രദേശത്ത് എത്തുന്നവരില്‍ കമ്പനിയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാനും ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനി പ്രതിദിനം 14 ലക്ഷം ലിറ്റര്‍ വെള്ളം ഊറ്റുന്നതായും മലിനീകരണം നടത്തുന്നതായുമാണ് ഇവരുടെ ആരോപണം. എന്നാല്‍ ഇതൊരു കോളക്കമ്പനിയോ കുടിവെള്ള കമ്പനിയോ അല്ലെന്നാണ് കമ്പനി അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് മറുപടി പറയാനുള്ളത്. കമ്പനി ഉപയോഗിക്കുന്ന ജലം 99 ശതമാനവും പരിപാലിച്ച് പുറംതള്ളുകയാണ് ചെയ്യുന്നത്. കൃഷിക്കും മറ്റും ഇത് ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മലിനീകരണം സംബന്ധിച്ച് കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍ മാന്‍ കെ സജീവനും വ്യക്തമാക്കുന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളില്‍ മാലിന്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നാണ് ഇദ്ദേഹം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ നാലിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സ്ഥലം സന്ദര്‍ശിച്ചും പ്രദേശവാസികളുമായും കമ്പനി പ്രതിനിധികളുമായും ചര്‍ച്ച നടത്തിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്പനിയുടെ വസ്ത്ര നിര്‍മാണ യൂണിറ്റില്‍നിന്നും രാസപദാര്‍ഥങ്ങള്‍ പുറംതള്ളുന്നില്ലെന്നും ബ്ലീച്ചിങ്, ഡൈയിങ് പ്ലാന്റുകളില്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നുണ്ടെന്നും പുറംതളളുന്ന ജലത്തില്‍ ബോര്‍ഡ് നിശ്ചയിച്ച അളവില്‍ മാത്രമാണ് രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപത്തെ കനാലിലെയും തോട്ടിലെയും ജലം പരിശോധനയ്ക്ക് വിധേയമാക്കിയതായും ജലം മലിനമല്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിക്കെതിരായ ദുരാരോപണത്തിന്റെ യഥാര്‍ഥ വസ്തുത പുറത്താകുന്നത്. ചില വ്യക്തികളുടെ വൈരാഗ്യബുദ്ധിപോലും ഇതിന് പിന്നിലുണ്ട്. നേരത്തെ പരാമര്‍ശിക്കപ്പെട്ട എംഎല്‍എയുടെ വൈരനിര്യാതന ബുദ്ധിയാണ് ഇതില്‍ ഏറെ പ്രസക്തമെന്ന് കമ്പനി എംഡി സാബു പറയുന്നു. ""തങ്ങളുടെ ഗ്രൂപ്പ് സ്ഥാപനമായ അന്ന അലൂമിനിയം കമ്പനിയില്‍ 1978-ല്‍ യൂണിയന്‍ രൂപീകരിക്കാന്‍ ബെന്നി ബെഹനാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. അന്ന് മുതല്‍ കമ്പനിയെ തകര്‍ക്കാന്‍ വൈരാഗ്യബുദ്ധിയോടെയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെയും കൂട്ടുപിടിച്ച് കമ്പനിക്കെതിരായ തുടര്‍ച്ചയായ ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മാലിന്യ പരിപാലനത്തില്‍ രാജ്യാന്തര നിലവാരത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്-""സാബു വ്യക്തമാക്കുന്നു.

ഏറെ കഷ്ടതകള്‍ അനുഭവിച്ച് 1968-ല്‍ അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപിച്ച യശഃശരീരനായ എം സി ജേക്കബ് കേരളത്തിലെ വ്യവസായ ലോകത്തെ അതുല്യ പ്രതിഭകളില്‍ ഒരാളാണെങ്കില്‍ അദ്ദേഹത്തെ വേട്ടയാടാനും വധിക്കാനുമുള്ള ശ്രമം പോലും കിഴക്കമ്പലത്ത് ഉണ്ടായിട്ടുണ്ട്. 97-ലാണ് അദ്ദേഹം വധശ്രമത്തെ അതിജീവിച്ചത്. ഈ കേസില്‍ പ്രതിയായിരുന്നയാള്‍ നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭാരവാഹിയാണ്. ഇവരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ പഞ്ചായത്ത് ലൈസന്‍സ് തടഞ്ഞുവച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ എം സി ജേക്കബിന്റെ ചരമവാര്‍ഷിക ദിനാചരണം ഹര്‍ത്താല്‍ നടത്തി ഇക്കൂട്ടര്‍ അലങ്കോലപ്പെടുത്തി. കേരളത്തിന്റെ വ്യവസായ മേഖലക്ക് സമഗ്ര സംഭാവന നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആദ്യമായി നേടിയ ആളെയാണ് മരണശേഷവും ഇത്തരത്തില്‍ അവഹേളിച്ചത്. പഞ്ചായത്തിലെ ഇതര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ചതുരശ്ര മീറ്ററിന് പരമാവധി 15 രൂപയാണ് പഞ്ചായത്ത് നികുതിയായി ഈടാക്കുന്നതെങ്കില്‍ കിറ്റെക്സിന് ഇത് 60 രൂപയാണ്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി പഞ്ചായത്തിന് നികുതിയായി നല്‍കിയത് 60 ലക്ഷം രൂപയാണ്. ആദായനികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് 21 കോടി രൂപയും അടച്ചു. ഉല്‍പാദക മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ സ്ഥാപനമെന്ന ബഹുമതിയുള്ള കിറ്റെക്സ് ഗാര്‍മെന്റ്സില്‍ 8000 തൊഴിലാളികളാണുള്ളത്. അന്ന ഗ്രൂപ്പിന്റെ ഇതര സ്ഥാപനങ്ങളിലും ആയിരങ്ങള്‍ തൊഴില്‍ എടുക്കുന്നു. കേരളത്തിന്റെ ഇതര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം കിഴക്കമ്പലം പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഒട്ടേറെ പേര്‍ക്ക് കമ്പനി തൊഴില്‍ ഒരുക്കുന്നു. ദിനവും 12 വാഹനങ്ങളിലാണ് അടുത്ത പഞ്ചായത്തുകളില്‍നിന്നും മറ്റും തൊഴിലാളികളെ എത്തിക്കുന്നത്. കുറെപ്പേര്‍ക്ക് കമ്പനി താമസ സൗകര്യവും ഒരുക്കുന്നു. പ്രതിദിനം 28,000 പ്ലെയിറ്റ് ഭക്ഷണവും കമ്പനി തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കുന്നു.

വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ കിറ്റെക്സിന്റെ കാര്യത്തില്‍ ചില പഞ്ചായത്ത് ഭരണസമിതി വരുമ്പോള്‍ മാത്രമാണ് ഇത്തരം പരാതികള്‍ ശക്തിയാര്‍ജിക്കുന്നതും പ്രതികാര നടപടി കൈക്കൊള്ളുന്നതുമെന്നതാണ് സംശയാസ്പദം. കമ്പനി അധികൃതര്‍ തന്നെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചിട്ടും പ്രശ്നം പരിഹരിക്കുന്നതിനുള്ള ഊര്‍ജിതശ്രമം സര്‍ക്കാരില്‍നിന്നുണ്ടായില്ല. ഏറ്റവും ഒടുവില്‍ മന്ത്രി കെ ബാബു ഇടപെട്ട് എറണാകുളം ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീതിനെ പ്രശ്നം പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നാട്ടിലെ പ്രശസ്തമായ വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നയത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. സ്വദേശി വ്യവസായത്തെ നാടുകടത്തല്‍ സര്‍ക്കാരിന്റെ നയമാണോ എന്ന് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനി സന്ദര്‍ശിച്ച് പ്രശ്നം വിലയിരുത്താന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തയ്യാറായി. ഇതു സംബന്ധിച്ച് അന്വേഷണ സമിതി രൂപീകരിക്കണമെന്നും സമിതിയില്‍ സര്‍ക്കാരിന്റെ മച്ചമ്പിമാര്‍ മാത്രം പോരെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വ്യവസായ സമൂഹവും കമ്പനിയുടെ പിന്മാറ്റത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് കിറ്റെക്സ് കമ്പനിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വ്യവസായ സംരംഭകരുടെ ആഗോള സംഘടനയായ "ടൈ"യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി വ്യക്തമാക്കിയത്. കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കിറ്റെക്സ് ഉന്നയിച്ചിട്ടുള്ള വിഷയം നിസ്സാരമായി കാണാനാകില്ല. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായ സ്ഥാപനം പൂട്ടിപ്പോകേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ഒരു ഭാഗത്ത് എമര്‍ജിങ് കേരളപോലുള്ള നിക്ഷേപകസംഗമങ്ങളിലൂടെ വിദേശ സംരംഭകരെ വരെ ആകര്‍ഷിക്കാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ തനത് സ്ഥാപനം ഇവിടം വിടുന്നത് വിദേശ നിക്ഷേപകര്‍ ഇങ്ങോട്ട് വരുന്നത് ഇല്ലാതാക്കും.

നിലവിലുള്ള നിക്ഷേപകരില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടേ ഇവിടെ വ്യവസായ സംരംഭത്തിന് നിക്ഷേപകര്‍ തയ്യാറാകൂ. ഈ സാഹചര്യത്തില്‍ കിറ്റെക്സ് ഉന്നയിച്ചിടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോണ്‍ പൂങ്കുടി ആവശ്യപ്പെട്ടു. കേരളം നിക്ഷേപക സൗഹാര്‍ദ്ദമാണെന്ന് സര്‍ക്കാരും വാണിജ്യ വ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്സ് കമ്പനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ഇത്തരമൊരു അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായ ഇ എസ് ജോസ് വ്യക്തമാക്കുന്നു. കിറ്റെക്സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജും പറഞ്ഞു.

ഇത്രയേറെ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടും പ്രശ്നത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്താതെ തന്റെ ഗ്രൂപ്പുകാരനായ എംഎല്‍എയെ പിന്തുണയ്ക്കാനാണ് ആദ്യം മുഖ്യമന്ത്രി തയ്യാറായത്. വ്യവസായ മന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. ഒടുവില്‍ ഈ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന ഘട്ടത്തിലാണ് മന്ത്രി കെ ബാബുവിനെ ചര്‍ച്ചയ്ക്കായെങ്കിലും നിയോഗിച്ചത്. 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ കയറ്റുമതി അധിഷ്ഠിത യൂണിറ്റായ കിറ്റെക്സ് ഗാര്‍മെന്റ്സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഏതാണ്ട് 550 കോടി രൂപയുടെ വിദേശ നാണ്യമാണ് രാജ്യത്തിന് നേടിക്കൊടുത്തത്. കൊച്ചി തുറമുഖം വഴി ഏറ്റവുമധികം ചരക്ക് കയറ്റുമതി ചെയ്യുന്നതും കിറ്റെക്സാണ്. പ്രധാനമായും കുട്ടികളുടെ വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് ഈ മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമാണുള്ളത്.

അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍നിന്നുള്ള സോഷ്യല്‍ ഓഡിറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരമായ പ്ലാറ്റിനം ഗ്രേഡ് ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏക ഫാക്ടറിയാണ് കിറ്റെക്സിന്റേത്. അമേരിക്കയിലെ കുട്ടികളുടെ ഉടുപ്പുകള്‍ വിപണനം നടത്തുന്ന ഏറ്റവും വലിയ കമ്പനിയായ ടോയ്സാറസ്സില്‍ നിന്നും 28 രാജ്യങ്ങളില്‍ വച്ച ഏറ്റവും മികച്ച ഉല്‍പാദകനുള്ള അവാര്‍ഡും ഈ വര്‍ഷം കമ്പനിക്ക് ലഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പത്ത് നിക്ഷേപകരില്‍ ഒരാളായി കിറ്റെക്സിനെ ധനം മാഗസിനും തെരഞ്ഞെടുത്തിരുന്നു. തുടര്‍ നിക്ഷേപ പദ്ധതിയിലൂടെ പുതുതായി 4000 പേര്‍ക്ക് കൂടി തൊഴില്‍ അവസരമൊരുക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള ബാങ്ക് വായ്പ പാസ്സാവുകയും മെഷിനറികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തുകഴിഞ്ഞിരുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ അഞ്ച് വര്‍ഷം കൊണ്ട് കമ്പനിയുടെ വിദേശനാണ്യ സമ്പാദനം 1500 കോടി ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തുടര്‍ച്ചയായുള്ള പീഡനമാണ് കമ്പനിയെ കൂടുമാറ്റാന്‍ നിര്‍ബന്ധിക്കുന്നത്.

വ്യവസായ നിക്ഷേപത്തിന്റെ പേരില്‍ കേരളത്തിലെ മണ്ണും പ്രകൃതിയും വിദേശ, സ്വദേശ മൂലധന ശക്തികള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും തീറെഴുതാന്‍ കൊണ്ടു പിടിച്ച ശ്രമം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെയാണ് തദ്ദേശീയമായ ഒരു വ്യവസായ സ്ഥാപനത്തിന് നിലനില്‍പ്പിനായി മുറവിളി ഉയര്‍ത്തേണ്ടി വന്നിട്ടുള്ളത്. കിറ്റെക്സിന്റെ പ്രശ്നം പരിഹരിക്കാതെ എത്ര റോഡ് ഷോയും എമര്‍ജിങ് കേരളയും നടത്തിയാലും കേരളത്തില്‍ നിക്ഷേപമിറക്കുന്ന കാര്യത്തില്‍ ഏത് കൊടികുത്തിയ വ്യവസായിയും ഒന്നു മടിക്കും.

*
ഷഫീഖ് അമരാവതി ദേശാഭിമാനി 21 ഒക്ടോബര്‍ 2012

No comments: