Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Tuesday, October 4, 2011

ദേവകി വാര്യര്‍ - ഇടറാത്ത ഇച്ഛാശക്തി

പേര്‍ത്തും പേര്‍ത്തും വിവിധങ്ങളായ അളവുകോലുകളില്‍ കേരളത്തിന്റെ അഗ്രഗണനീയത വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് അത്തരമൊരു പ്രാഥമികതയിലേക്ക് കേരളത്തെ നയിച്ച മഹാ•ാരായ നേതാക്കളുടെ ചരിത്രമുള്‍ക്കൊള്ളാനുള്ള ബാധ്യത കൂടിയുണ്ടെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ചോരയും നീരും വറ്റിച്ചും ജീവിതം തന്നെ ഉദാഹരിച്ചും നമ്മെ നയിച്ച നേതാക്കളോട് തോള്‍ ചേര്‍ന്ന് നിന്ന അത്തരം പ്രഥമഗണനീയരായ വനിതാസാരഥികളില്‍ പ്രമുഖയാണ് ദേവകി വാര്യര്‍.

വലിയ രീതിയില്‍ സവര്‍ണ്ണമുദ്രകള്‍ കൊടികുത്തിവാണ കാലത്ത് 1920ലാണ് പള്ളത്ത് രാമന്‍ നമ്പൂതിരിയുടെയും ആര്യാപള്ളത്തിന്റെയും മൂത്ത മകളായി ദേവകി ജനിച്ചത്. എല്ലാ അര്‍ത്ഥത്തിലും പുരോഗമന ആശയങ്ങളിലും പ്രവൃത്തികളിലും ഊന്നി നിന്നിരുന്ന പള്ളത്ത് കുടുംബത്തിന്റെ ചിന്താധാരകള്‍ കുഞ്ഞുദേവകിയിലും വിളവെടുത്തതില്‍ അത്ഭുതമേതുമില്ല. അമ്മ ആര്യാപള്ളം തന്റെ സമരവീര്യവും പുരോഗമന ചിന്താരീതിയും സ്വന്തം കുടുംബത്തിലും പകര്‍ത്താന്‍ ബദ്ധശ്രദ്ധയായിരുന്നു. ഇതിന്റെ ബഹിസ്ഫുരണമെന്നോണം 12-ാം വയസ്സില്‍ ദേവകിയെ വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ അരുമശിഷ്യയായി വളര്‍ന്ന ദേവകി അവിടെ സേവാദള്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുകയുണ്ടായി. ലളിത ജീവിതം എന്ന ആശയം ഇക്കാലത്തായിരിക്കണം ദേവകിയിലും മുളപൊട്ടിയത്. 1938ല്‍ മെട്രിക്കുലേഷന്‍ പാസ്സായശേഷം ദേവകി നാട്ടിലേക്ക് മടങ്ങി. വാര്‍ദ്ധയില്‍ തന്നെ വിദ്യാഭ്യാസം തുടര്‍ന്നാല്‍ മകളെ തങ്ങള്‍ക്ക് തിരികെ കിട്ടില്ലെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയിരിക്കണം.

അനന്തരം മദ്രാസില്‍ ഇന്റഗ്രേറ്റഡ് മെഡിസിന് ചേര്‍ന്നു. അവിടെ സ്റുഡന്റ്സ് ഫെഡറേഷന്റെ സജീവസാന്നിദ്ധ്യമായിരുന്നു സംഘടനയിലെ ഏക പെണ്‍തരിയായ ദേവകി. തന്റെ 23-ാം വയസ്സില്‍ അവര്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. 1946ല്‍ ഡോ. പി.കെ.ആര്‍. വാര്യരുടെ ജീവിതസഖിയായി. പിന്നീട് ജീവിതാന്ത്യം വരെ നിശ്ചയിച്ചുറപ്പിച്ച പാതയിലൂടെ സുധീരം മുന്നോട്ടുപോകുന്ന സഖാവിനെയാണ് ദേവകി വാര്യരില്‍ കാണാന്‍ കഴിഞ്ഞത്. വിവാഹസമയത്തും തുടര്‍ന്നും മുന്തിയ വിലയുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അവര്‍ ഉപയോഗിച്ചിരുന്നില്ല. ചര്‍ക്കയില്‍ നൂറ്റ രണ്ടു നൂലുകള്‍ പരസ്പരം ചാര്‍ത്തിയായിരുന്നു ഡോക്ടറുടെയും ദേവകിയുടെയും വിവാഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ഡോക്ടര്‍ വാര്യര്‍ സേവനമനുഷ്ഠിച്ചിരുന്നത്. അതിനാല്‍ ദീര്‍ഘകാലം ഇരുവരുടെയും പ്രവര്‍ത്തനകേന്ദ്രം തലസ്ഥാന നഗരി തന്നെയായിരുന്നു. പുകള്‍പെറ്റ ഒരു ഭിഷഗ്വരന്റെ സഹധര്‍മ്മിണി എന്നതിലുപരി നന്നേ ചെറുപ്പത്തില്‍ തന്നെ പുരോഗമന പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടയായി അടിയുറച്ച് പ്രവര്‍ത്തിച്ച പ്രമുഖ വനിതാ സാരഥി എന്ന നിലയിലാണ് ദേവകിവാര്യര്‍ അറിയപ്പെട്ടത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ വിശിഷ്യാ സ്ത്രീകളുടെ ഉന്നമനമായിരുന്നു അവരുടെ ജീവിതലക്ഷ്യം.

1960 മുതല്‍ രണ്ടുവര്‍ഷം സകുടുംബം ലണ്ടനിലായിരുന്നിട്ടും തിരികെ നാട്ടിലെത്തിയതു മുതല്‍ ഇടവേളയില്ലാതെ അവര്‍ സാമൂഹ്യസേവനത്തില്‍ വ്യാപൃതയായി.

ഒരേ സമയം ജാതിമതമേധാവിത്വത്തിനും മുതലാളിത്ത ശക്തികള്‍ക്കും കീഴ്പെട്ടുകൊണ്ട് ഭൂരിപക്ഷത്തിനും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിനെതിരായ പോരാട്ടം സ്ത്രീവിമോചനത്തിന്റെ അവിഭാജ്യ പ്രവര്‍ത്തനമാണ് എന്ന ബോധത്തില്‍ നിന്നാണ് അമ്പതുകളിലും അറുപതുകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മഹിളാ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. 68ല്‍ രൂപമെടുത്ത കേരള മഹിളാ ഫെഡറേഷന്‍ സ്ത്രീകളുടെ അവകാശ മുദ്രാവാക്യങ്ങളും ഭരണവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. സുശീലാഗോപാലന്‍, കെ.ആര്‍. ഗൌരിയമ്മ, ദേവൂട്ടി തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം ദേവകി വാര്യരും ഫെഡറേഷന്റെ ജീവനാഡിയായിത്തീര്‍ന്നു. ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും തുടര്‍ന്ന് അഞ്ചുവര്‍ഷം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സജീവമായ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം കുടുംബസംബന്ധമായ ഉത്തരവാദിത്തങ്ങളും ഒരുമിച്ചുകൊണ്ടുപോകുന്നതിന് ദേവകിവാര്യര്‍ അനിതരസാധാരണമായ മിടുക്കുകാട്ടി.

കേരളത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഇ.എം.എസിന്റെ അനുഗ്രഹാശിസ്സുകളോടെ 1967ല്‍ തുടങ്ങിയ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഇടത്തരം ജീവനക്കാരുടെയും ഇടതുപക്ഷ പണ്ഡിതരുടെയും ആകര്‍ഷണകേന്ദ്രമായിരുന്നു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിന് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രത്യേക മികവുകാട്ടി. ഡോക്ടര്‍ കുടുംബമൊന്നാകെ സ്കൂളിന്റെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിച്ചു.

1972ല്‍ വര്‍ക്കിങ്ങ് വിമന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിലൂടെ ജീവനക്കാരുടെ ഇടയില്‍ സാമൂഹ്യ പ്രതിബദ്ധതയും പ്രവര്‍ത്തന താല്പര്യവുമുള്ള ധാരാളം വനിതകളെ സംഘടനാരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞു.

ഇതിനിടെ തെരഞ്ഞെടുപ്പു വേദികളിലും ദേവകി വാര്യര്‍ സാന്നിദ്ധ്യമറിയിക്കുകയുണ്ടായി. 1973ല്‍ പൌരമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച അവര്‍ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും വിജയിച്ച് കോര്‍പ്പറേഷനിലെ പ്രഥമ വനിതാ കൌണ്‍സിലറായി.

മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍ വിരമിച്ചശേഷമാണ് വാര്യര്‍ കുടുംബം വാടകവീടുകളിലെ താമസത്തിന് അറുതിവരുത്തി സ്വന്തമായി വീടുവെച്ചത്. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജ്ജറി വിഭാഗം തലവനായി ചുമതലയേറ്റപ്പോള്‍ വാര്യര്‍ കുടുംബത്തിന്റെ പ്രവര്‍ത്തനം കര്‍ണ്ണാടകയിലേക്കും വ്യാപിച്ചു. കര്‍ണ്ണാടക മഹിളാ ഫെഡറേഷന്റെ ആദ്യ പ്രഡിഡന്റുകൂടിയായിരുന്നു മലയാളിയായ ദേവകി വാര്യര്‍.

അടിയന്തിരാവസ്ഥയുടെ കരാളഘട്ടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ബുദ്ധിമുട്ടായിട്ടുകൂടി സ്വന്തം ഇച്ഛാശക്തിയിലൂന്നി മുന്നോട്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞു. തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

ഇടക്കാലത്ത് ഡോക്ടറുടെ സേവനം എ.കെ.ജി. ആശുപത്രിയിലായിരുന്നപ്പോള്‍ ഇരുവരുടെയും തട്ടകം കണ്ണൂരായിരുന്നു. തലസ്ഥാനത്തേക്ക് മടങ്ങിയപ്പോള്‍ വീണ്ടും അവര്‍ വര്‍ക്കിങ്ങ് വിമന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അസുഖം വന്ന് കിടപ്പിലാവും വരെ കര്‍മ്മനിരതമായിരുന്നു സഖാവ് ദേവകി വാര്യരുടെ ജീവിതം. ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് 2001ലെ ക്രിസ്മസ് ദിനത്തില്‍ സ: ദേവകി വാര്യര്‍ അന്തരിച്ചു.

രണ്ടു മക്കളാണ് വാര്യര്‍ ദമ്പതികള്‍ക്ക്. അനസൂയയും ബാബുവും. പുകള്‍പെറ്റ സിനിമാ സംവിധായകന്‍ ഷാജി എന്‍. കരുണും സഹോദരി ഷീലയുമാണ് മരുമക്കളായി ഈ കുടുംബത്തിലെത്തിയത്. ശ്രേഷ്ഠരായ മാതാപിതാക്കളുടെ വിവാഹം പോലെ തന്നെ ആര്‍ഭാടരഹിതമായിരുന്നു മക്കളുടെയും വിവാഹം.

ഒരു ജീവചരിത്രമോ ആത്മകഥയോ പോലെയല്ല തൃശൂര്‍ 'സമത' പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ നിര്‍മ്മിതി. സഖാവിനെ അടുത്തറിഞ്ഞ പല പ്രമുഖരും എഴുതിയ 29 ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. ഡോ. കെ.എന്‍. പണിക്കര്‍, സി.പി. നാരായണന്‍, ഡോ. ടി.എന്‍. സീമ തുടങ്ങി 23 പേരും മക്കളും മരുമക്കളും പിന്നെ ഡോ. പി.കെ.ആര്‍. വാര്യരും എഴുതിയ സ്മരണകളിലൂടെയാണ് ദേവകി വാര്യരുടെ 'ഇടറാത്ത ഇച്ഛാശക്തി' വെളിപ്പെടുന്നത്. സ: ദേവകി വാര്യര്‍ സ്മാരകത്തിനുവേണ്ടി പ്രസിദ്ധീകരിച്ച ഈ രാഷ്ട്രീയ ചരിത്രഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് പി. ഗോവിന്ദപ്പിള്ളയാണ്.

സന്ധ്യയ്ക്ക് സിന്ധൂരം പോലെ ദേവകി വാര്യര്‍ എഴുതിയ രണ്ടു ലേഖനങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി 1987 മുതല്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന 'സമത' ലിംഗനീതിക്കുവേണ്ടി നടത്തുന്ന പോരാട്ടത്തില്‍ സ്ത്രീപക്ഷ ശാക്തീകരണത്തിന് എന്തുകൊണ്ടും മുതല്‍ക്കൂട്ടു തന്നെയാണ് 'ഇടറാത്ത ഇച്ഛാശക്തി'.



*****


ഷീല / 09961114685 //sheelamanal@gmail.കോം, കടപ്പാട് : ബാങ്ക് വർക്കേഴ്‌സ്ഫോറം

( സമരപഥങ്ങളിലെ ധീരവനിതകള്‍ എന്ന പരമ്പരയിൽ നിന്നും)

Monday, September 5, 2011

സ്പോണ്‍സര്‍ഷിപ്പിന്റെ കാലം

ഇപ്പോള്‍ നമ്മള്‍ ധാരാളമായി കേള്‍ക്കുന്ന ഒരു പദപ്രയോഗമാണ് സ്പോണ്‍സര്‍ഷിപ്പ്. മുമ്പും ഈ പ്രയോഗം നിലവിലുണ്ടായിരുന്നെങ്കിലും തികച്ചും നിരുപദ്രവകരമായ ഒന്നായിരുന്നു അത്. അറുപതുകളില്‍ ഡല്‍ഹിയില്‍ പലയിടത്തും ചെറിയ സാഹിത്യ കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഡല്‍ഹി ലിറ്റററി വര്‍ക്കുഷാപ്പ് എന്നപേരില്‍ കൂട്ടായ്മ ഉണ്ടായിരുന്നു. നന്നായി വായിക്കുകയും എഴുതാന്‍ ആഗ്രഹിക്കുന്നവരുമായ ഏതാനും ചെറുപ്പക്കാരായിരുന്നു അതിന്റെ പിറകില്‍ . ഇത്തരം കൂട്ടായ്മകള്‍ ഇടയ്ക്കൊക്കെ സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുമായിരുന്നു. അതിനൊക്കെ പൈസ വേണ്ടേ? ചെറിയ ശമ്പളക്കാരായിരുന്നു എല്ലാവരും. മുറിയുടെ വാടക കൊടുക്കണം. ഹോട്ടലിലെയോ മെസ്സിലെയോ പറ്റു തീര്‍ക്കണം.

എല്ലാം കഴിയുമ്പോള്‍ ഒരു പായ്ക്കറ്റ് സിഗരറ്റിനുള്ള പൈസപോലും കൈയിലുണ്ടാകില്ല. അങ്ങനെയുള്ള യുവാക്കള്‍ക്ക് സാഹിത്യ പ്രവര്‍ത്തനത്തിന് ചെലവിടാന്‍ പൈസയെവിടെ? എന്തുവഴി? വഴിയുണ്ട്. ഞങ്ങളില്‍ ആരെങ്കിലും ജോലിചെയ്യുന്ന കമ്പനിയുടെ തലവനോട് ഒരു ചെറിയ സഹായം ആവശ്യപ്പെടും. അതു കിട്ടുകയും ചെയ്യും. സംഘാടകര്‍ നന്ദിസൂചകമായി സാഹിത്യ മീറ്റിംഗ് നടക്കുന്നയിടത്ത് കമ്പനിയുടെ പേരോ അല്ലെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ പേരോ ഒരു ബാനറില്‍ പ്രദര്‍ശിപ്പിക്കും. സ്മരണികയോ മാസികയോ ആണെങ്കില്‍ പ്രസിദ്ധീകരണത്തിന്റെ കവറിലോ ഉള്ളിലോ ചേര്‍ക്കും.അങ്ങനെ ധാരാളം സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലെ ഭാഷാസ്നേഹികള്‍ പതിവായി നടത്തിയിരുന്നു. ചെറിയ തുക സഹായമായി തരുന്ന കമ്പനികള്‍ തിരിച്ച് ഒന്നും ആവശ്യപ്പെടാറില്ലായിരുന്നു.ചെറിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അന്ന് നടന്നുപോന്നത് അങ്ങനെയായിരുന്നു.അതായിരുന്നു പണ്ടത്തെ സ്പോണ്‍സര്‍ഷിപ്പ് തികച്ചും നിരുപദ്രവകരമായിരുന്നു. കാലം കടന്നുപോയി.

ഒരിക്കല്‍ ഞങ്ങളുടെ സാഹിത്യ മീറ്റിംഗിനു സഹായം ആവശ്യപ്പെട്ടപ്പോള്‍ കമ്പനി മേധാവി താല്‍പര്യം കാണിച്ചില്ല. ചെറിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കേണ്ടതില്ലെന്ന് കമ്പനികള്‍ തീരുമാനിച്ചതാണ് കാരണം. വലിയ സാംസ്കാരിക സംരംഭങ്ങള്‍ക്ക് മാത്രം പിന്തുണ നല്‍കിയാല്‍ മതി എന്നായിരുന്നു തീരുമാനം. ഏതെങ്കിലും സംഘടനകള്‍ക്ക് സഹായം ലഭിക്കണമെങ്കില്‍ വിശദമായ പ്രൊജക്ട് സമര്‍പ്പിക്കണം. പിആര്‍ഒ വിഭാഗവുമായി അത് ചര്‍ച്ച ചെയ്യണം. നിര്‍ദേശങ്ങള്‍ സ്വീകരിക്കണം.തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണത്തിനു ശേഷം കോര്‍പറേറ്റ് ലോകം വളരെ സമ്പന്നമായി. ഓരോ കോര്‍പറേറ്റ് സ്ഥാപനവും സ്പോണ്‍സര്‍ഷിപ്പിനായി ലാഭത്തിന്റെ ഒരു ചെറിയ ഭാഗം നീക്കി വെക്കും. ചെറിയ ഭാഗം ചെറിയ തുകയല്ല. ഈ തുക എങ്ങോട്ടാണ് പോയത്?ഞാന്‍ തൃശൂരിലെ സാഹിത്യ അക്കാദമിയില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു പ്രശസ്ത നോവലിന്റെ നാലു ദിവസം നീണ്ടു നിന്ന അമ്പതാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. ആദ്യ ദിവസം അക്കാദമി മുറ്റത്തെ ആള്‍ക്കൂട്ടംകണ്ട് ഞാന്‍ അമ്പരന്നുപോയി. ഡല്‍ഹിയില്‍ പതിനഞ്ചു പേരുണ്ടായാല്‍ ഭാഗ്യം. ഈയിടെ ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനത്തിന്റെ ക്ഷണപത്രം കിട്ടിയപ്പോള്‍ ചെന്നുനോക്കാമെന്നു വിചാരിച്ചു. ഡല്‍ഹിയിലെ എലിറ്റ് സമൂഹത്തില്‍പെട്ട ഒരു നോവലിസ്റ്റിന്റെ ഇംഗ്ലീഷില്‍ എഴുതിയ നോവലാണ് പ്രകാശിപ്പിക്കപ്പെടുന്നത്.നക്ഷത്ര ഹോട്ടലിലായിരുന്നു പ്രകാശനച്ചടങ്ങ്. പ്രവേശന കവാടത്തില്‍ തന്നെ പരിഷ്കൃത വേഷം ധരിച്ച സുന്ദരികള്‍ സന്ദര്‍ശകരെ കാത്തുനില്‍ക്കുന്നു. വേദി പുഷ്പങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്.

ഓഡിറ്റോറിയത്തിന്റെ ഒരു വശത്ത് കോക്ടെയില്‍ ടേബിളില്‍ ഇറക്കുമതി ചെയ്ത വൈന്‍ കുപ്പികളും ഗ്ലാസുകളും കബാബുകളും ഒലീവുകളും പിസ്റ്റയും മറ്റും മറ്റും.ഞാന്‍ മനസില്‍ കണക്കുകൂട്ടി നോക്കി. ചടങ്ങിന് ചുരുങ്ങിയത് മൂന്നുലക്ഷം രൂപ ചെലവുവരും.നോവലിന്റെ ആയിരം കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. അതു മുഴുവന്‍ വിറ്റാല്‍ ഗ്രന്ഥകര്‍ത്താവിനു കിട്ടുന്ന റോയല്‍റ്റി ഏകദേശം പതിനഞ്ചായിരം രൂപയായിരിക്കും. നോവല്‍ മറിച്ചുനോക്കി.ദരിദ്രരില്ല. ആദിവാസികളില്ല. വറ്റുന്ന പുഴകളില്ല. വിഷം പരത്തുന്ന കീടനാശിനികളില്ല... വിമാനത്തില്‍ സഞ്ചരിക്കുന്ന കഥാനായികയാണ് അതിലുള്ളത്. ഭര്‍ത്താവും കുട്ടികളും ഉണ്ടെങ്കിലും അവള്‍ ഒരു വെള്ളക്കാരനുമായി കിടക്ക പങ്കിടുന്നു. വെള്ളക്കാരുമായുള്ള ശരീരഭാഷണങ്ങളാണ് നിറയെ.പതിനഞ്ചായിരം ഉറുപ്പിക റോയല്‍റ്റി പ്രതീക്ഷിക്കാവുന്ന ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് മൂന്നുലക്ഷം രൂപ ചെലവഴിക്കുന്നത് എങ്ങനെയാണ്?ചടങ്ങ് സ്പോണ്‍സര്‍ ചെയ്തത് ഒരു കോര്‍പറേറ്റ് സ്ഥാപനമാണ്.പുസ്തക പ്രകാശനങ്ങളും ഫേഷന്‍ ഷോകളും ക്രിക്കറ്റ് മേച്ചുകളും എല്ലാം ഇപ്പോള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് അതുപോലുള്ള സ്ഥാപനങ്ങളാണ്.ഇപ്പോള്‍ അഴിമതി വിരുദ്ധ സമരങ്ങള്‍ കൂടി അവര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇനി? ഗാന്ധി ജയന്തിയും സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിന പരേഡും അവര്‍ സ്പോണ്‍സര്‍ ചെയ്തേക്കാം. തെരഞ്ഞെടുപ്പുകളും നിയമസഭയിലെയും ലോക സഭയിലെയും സംവാദങ്ങളും പോലും അവര്‍ സ്പോണ്‍സര്‍ ചെയ്തേക്കാം. വൈകാതെ നമ്മുടെ ജീവിതവും അവര്‍ സ്പോണ്‍സര്‍ഷിപ്പു ചെയ്തെന്നു വരാം.അപ്പോള്‍ നമ്മള്‍ ജീവിക്കുന്നത് ആരുടെ ജീവിതമായിരിക്കും? നമ്മുടേതായിരിക്കില്ല എന്നു തീര്‍ച്ച.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി

Saturday, August 13, 2011

കീശയില്‍ ആയിരം പുസ്തകങ്ങള്‍

ലോകത്തിലും നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് എന്റെ ജാതകം. എന്റെ കുട്ടിക്കാലത്ത് മറ്റെല്ലാവരെയുംപോലെ എനിക്കും ജാതകമുണ്ടായിരുന്നു. ഓലയില്‍ എഴുത്താണികൊണ്ട് എഴുതിയതായിരുന്നു അത്. വായിക്കാന്‍ എളുപ്പമായിരുന്നില്ല. ഡല്‍ഹിയില്‍ ഞാന്‍ ദീര്‍ഘകാലം താമസിച്ചിരുന്ന അമര്‍ കോളനിയില്‍ ഒരു മലയാളി ജ്യോതിഷിയുണ്ടായിരുന്നു. ധാരാളം ആളുകള്‍ അയാളുടെ അരികില്‍ ജാതകം എഴുതിക്കാനും മറ്റും വരുമായിരുന്നു. അയാള്‍ കംപ്യൂട്ടറിലാണ് ജാതകം തയ്യാറാക്കിയത്. എന്റെ മകള്‍ക്കുവേണ്ടി ജാതകം തയ്യാറാക്കിയത് അയാളാണ്. അത് എഴുത്തോലയിലായിരുന്നില്ല. അതൊരു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ട് ആയിരുന്നു.

ഞാന്‍ പിറന്നപ്പോഴും എന്റെ മകള്‍ പിറന്നപ്പോഴും ജാതകം ഉണ്ട്. പക്ഷേ ജാതകം എഴുത്തോലയില്‍നിന്നു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടിലേക്ക് മാറിയെന്നു മാത്രം. ഇതുപോലുള്ള മാറ്റം പുസ്തക വായനയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ബാല്യകാലത്ത് പുസ്തകവായന ഏറെയും രാത്രി ചോറുണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു. അന്നു ഞങ്ങളുടെ വീട്ടില്‍ വിദ്യുച്ഛക്തി വന്നിരുന്നില്ല. ഒരു പുകയുന്ന മുട്ടവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഞാന്‍ വായിച്ചത്. മഴക്കാല രാത്രികളില്‍ മൂടിപ്പുതച്ചു കിടന്നും വായിക്കും. ഈയിടെ ഞാന്‍ ഡല്‍ഹിയിലേക്ക് ഒരു യാത്ര നടത്തി. മൂന്നര മാസത്തോളം ഞാനവിടെ താമസിച്ചു. അപ്പോള്‍ ഒരു വസ്തുത മനസ്സിലായി. ആളുകള്‍ ഇപ്പോള്‍ യാത്രകളിലാണ് കൂടുതലും വായിക്കുന്നത്. വിമാനത്താവളത്തിലും മെട്രോയിലും കാറുകളിലുമെല്ലാം ഇരുന്ന് പുസ്തകപ്രേമികള്‍ വായിക്കുന്നത് കാണാം.

ജീവിതം തിരക്കുപിടിച്ചതാണ്. ഒഴിവുസമയം അപൂര്‍വ വസ്തുവായി മാറുകയാണ്. സമയമാണ് ഇന്ന് ഏറ്റവും വിലപിടിച്ച വസ്തു. യാത്രകളില്‍ സമയം നഷ്ടപ്പെടുത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം പുസ്തക വായനയാണ്. ഞാനും അങ്ങനെതന്നെ ചെയ്യുവാന്‍ തീരുമാനിച്ചു. എംബസിയിലെ ഉദ്യോഗത്തില്‍നിന്നു പെന്‍ഷനായി പിരിയുകയും അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ എനിക്ക് ധാരാളം ഒഴിവു സമയമുണ്ട്. വീട്ടിലിരുന്ന് ധാരാളം വായിക്കാം. എങ്കിലും യാത്രകളില്‍ എന്തെങ്കിലും വായിക്കുന്നത് ഡല്‍ഹിയില്‍ ഞാന്‍ ഒരു ശീലമാക്കി മാറ്റിയിരുന്നു. ഞാന്‍ കൂടുതല്‍ വായിച്ചുകൊണ്ടിരുന്നത് നോവലുകളാണ്. ഡല്‍ഹിയിലെ എന്റെ പതിവു യാത്രകള്‍ മണ്ഡി ഹൗസ് ഏരിയയിലാണ്. അവിടെയാണ് മൂന്നു നാഷണല്‍ അക്കാദമികളും സ്ഥിതിചെയ്യുന്നത്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, പിന്നെ ലളിതകലാ അക്കാദമിയും. അതിനുപുറമെ പതിവായി പെയിന്റിങ് പ്രദര്‍ശനങ്ങള്‍ നടക്കുന്ന ത്രിവേണി ആര്‍ട് ഗ്യാലറിയും സംഗീതക്കച്ചേരികള്‍ നടക്കുന്ന കമാനി ഓഡിറ്റോറിയവും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും കഥക് കേന്ദ്രയും എല്ലാം അവിടെത്തന്നെ.

ചൂട് കുറവുള്ള ദിവസങ്ങളില്‍ ഞാന്‍ അവിടെയൊക്കെ ഒന്നു കറങ്ങിനടന്ന് അവസാനം സാഹിത്യ അക്കാദമിയിലെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാസികയുടെ പത്രാധിപരും ഇംഗ്ലീഷ് കവിയുമായ എ ജെ തോമസിന്റെ ഓഫീസില്‍ അല്പം സമയം ചെലവഴിക്കും. തോമസ് തന്റെ ഓഫീസില്‍ സ്വയം ചായ ഉണ്ടാക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു വച്ചിട്ടുണ്ട്. വെള്ളം തിളപ്പിക്കുവാനുള്ള ഇലക്ട്രിക് കെറ്റിലും ടീ ബാഗുകളും ചെറുനാരങ്ങയും തയ്യാര്‍ . അങ്ങനെ അവിടെയിരുന്ന് ഒരു ലെമണ്‍ ചായ കുടിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങും. ഞാന്‍ താമസിക്കുന്ന ദ്വാരകയില്‍നിന്ന് മണ്ഡി ഹൗസ് ഏരിയയിലേക്ക് മെട്രോയില്‍ പോകാം. ഇരുപത്തിരണ്ടാമത്തെ സ്റ്റോപ്പായ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷന്‍ സാഹിത്യ അക്കാദമിയുടെ തൊട്ടു മുമ്പിലാണ്. പുറത്ത് നാല്‍പ്പത്തിമൂന്നു ഡിഗ്രി ചൂട് തിളയ്ക്കുമ്പോള്‍ മെട്രോവിനുള്ളില്‍ എയര്‍കണ്ടീഷന്റെ കുളിരാണ്. അതിലിരുന്ന് ഒരു നോവല്‍ വായിക്കുവാന്‍ എന്തു സുഖം! പണ്ട് മഴ പെയ്യുന്ന രാവുകളില്‍ മൂടിപ്പുതച്ചു കിടന്നു വായിച്ചിരുന്ന അതേ സുഖം. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ മെട്രോയിലിരുന്ന് വായിക്കാനായി എന്നും ഞാന്‍ ഇരുപത്തിയെട്ട് നോവലുകള്‍ കൂടെ കൊണ്ടുപോകും. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും തുടങ്ങി ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള വരെ ഈ പുസ്തകശേഖരത്തില്‍ പെടുന്നു. എല്ലാം വലിയ പുസ്തകങ്ങളാണ്. പക്ഷേ ഇത്രയും പുസ്തകങ്ങള്‍ ചുമന്നുകൊണ്ടു പോകുവാന്‍ എനിക്ക് ഒരു പ്രയാസവുമില്ല. എനിക്കതൊക്കെ എന്റെ പാന്റ്സിന്റെ കീശയിലിട്ടു നടക്കാനേയുള്ളൂ. ലിറ്ററാറ്റി എന്നു പേരുള്ള എന്റെ ഇ-ബുക്ക് റീഡറിലാണ് ഈ ഇരുപത്തിയെട്ടു പുസ്തകങ്ങളും ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഇ-റീഡറില്‍ ഇത്രയും പുസ്തകങ്ങളേയുള്ളൂ. പക്ഷേ അതിലേക്ക് ആയിരം പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയും. അതിനുള്ള സ്ഥലമുണ്ട് ഒരു കൊച്ചു കഥാസമാഹാരത്തിന്റെ വലുപ്പം മാത്രമുള്ള ഈ ഇ-റീഡറില്‍ .

ക്രമേണ ഞാനതില്‍ കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. വൈകാതെ ഞാന്‍ ഡല്‍ഹിയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്നു മെട്രോവില്‍ കയറി സാഹിത്യ അക്കാദമിയിലേക്കു പോകുന്നത് ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ടുകൊണ്ടായിരിക്കും. ഇത് ഫാന്റസിയല്ല. യാഥാര്‍ഥ്യമാണ്. പുസ്തക വായനയുടെ പുതിയ പരിണിതിയാണ് ഇത്. പാശ്ചാത്യ നാടുകളില്‍ ഇ-ബുക്ക് റീഡറുകളുടെ ഉപയോഗം വ്യാപകമാകുകയാണ്. അവിടെ ഏതു പുസ്തകങ്ങളും ഇങ്ങനെ ഇ-റീഡറില്‍ ഡൗണ്‍ ലോഡ് ചെയ്ത് വായിക്കാം. അത് വായനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്. ഒരു പുസ്തകത്തിന് നൊബേല്‍ സമ്മാനമോ ബുക്കര്‍ പ്രൈസോ ലഭിക്കുമ്പോള്‍ അതുടനെ വായിക്കുവാന്‍ പുസ്തകപ്രേമികള്‍ ആഗ്രഹിക്കും. ഇതുപോലുള്ള പുരസ്കാരങ്ങള്‍ കിട്ടുന്ന ഒരു പുസ്തകത്തിന് ഇരുപതോ ഇരുപത്തിയഞ്ചോ ഡോളര്‍ വിലയുണ്ടാകും. എന്നാല്‍ അതേ പുസ്തകം ഇ-റീഡറിലേക്ക ഡൗണ്‍ലോഡ് ചെയ്യാന്‍ മൂന്നോ നാലോ ഡോളര്‍ മതിയാകും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വേറെയുമുണ്ട്. വായിക്കുവാന്‍ വെളിച്ചത്തിന്റെ ആവശ്യം പോലുമില്ല. കൂരിരുട്ടില്‍ ഇരുന്നും ഇ-റീഡറില്‍ വായിക്കാന്‍ കഴിയും. നൈറ്റ് മൂഡില്‍ ഇട്ടാല്‍ മതി. കൂടാതെ നമുക്ക് ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ള വലുപ്പത്തില്‍ തിരഞ്ഞെടുത്ത് വായിക്കാം. നമ്മള്‍ വായിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനങ്ങളും കൂടി നമുക്ക് വായിക്കാന്‍ കിട്ടും. നമ്മള്‍ വായിക്കുന്ന പുസ്തകം ഇതിനുമുമ്പ് വായിച്ചിട്ടുള്ളവരുമായി ആശയവിനിമയം ചെയ്യുവാനും സാധിക്കും.

അങ്ങനെ വായനയുടെ രീതി മാറുകയാണ്. ഇത് ന്യൂയോര്‍ക്കിലോ പാരീസിലോ മാത്രം നടക്കുന്ന കാര്യമല്ല. നമ്മുടെ മലയാളത്തിലും ഇത് സാധ്യമായിവരികയാണ്. ആഫ്രിക്കയിലോ അമേരിക്കയിലോ ഉള്ള നിങ്ങള്‍ക്ക് എന്റെ "പ്രവാസം" വായിക്കണമെങ്കില്‍ പുസ്തകം തേടിപ്പോകുകയോ നാട്ടില്‍നിന്നു എഴുതിവരുത്തുകയോ ചെയ്യേണ്ട ആവശ്യം ഇനി വരില്ല. ഡിസി ബുക്സിന്റെ ഇ-പുസ്തക സംവിധാനത്തില്‍ നിന്നു നിമിഷങ്ങള്‍കൊണ്ട് അത് ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഇ-റീഡറില്‍ സൂക്ഷിക്കാന്‍ കഴിയും. അതിനു ചെലവ് നൂറോ നൂറ്റിപ്പത്തോ രൂപ മാത്രമാണ്. അഥവാ പുസ്തകം ഈ ചെറിയ തുക ചെലവാക്കി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഡിസി ബുക്സിന്റെ ഇ-ലൈബ്രറിയില്‍ മെമ്പറായാല്‍ മതി. ഒരു ചെറിയ തുക കൊടുത്തു വരിക്കാരനായാല്‍ മാസം മൂന്നു പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാം. മൂന്നാഴ്ച കഴിഞ്ഞാല്‍ ആ പുസ്തകങ്ങള്‍ നിങ്ങളുടെ ഇ-റീഡറില്‍നിന്നു മാഞ്ഞുപോകും.

പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും പിറകിലല്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? നമ്മുടെ ഇടയില്‍ ധാരാളം ദോഷൈകദൃക്കുകളുണ്ട്. എല്ലാറ്റിനെയും മുന്‍വിധിയോടെയാണ് അവര്‍ കാണുക. എല്ലാറ്റിനെയും എതിര്‍ക്കും. ഇ-ബുക്കുകളെക്കൊണ്ടും ഇ-ബുക്ക് റീഡറുകളെക്കൊണ്ടും നമുക്കെന്തു പ്രയോജനം എന്ന് അവര്‍ ചോദിക്കും. ഉണ്ട്, പ്രയോജനം ഉണ്ട്. ഒരു നല്ല പുസ്തകം പുറത്തിറങ്ങിയാല്‍ വിദേശത്തുള്ള ലക്ഷക്കണക്കിനു മലയാളികള്‍ അത് ഡൗണ്‍ലോഡ് ചെയ്തു സ്വന്തമാക്കിയെന്നു വരാം. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഐഫോണുമെല്ലാം നമ്മുടെ നാട്ടിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് വിദേശത്തെ മലയാളികള്‍ മാത്രമല്ല കേരളത്തിലെ മലയാളികളും ധാരാളമായി ഇ-പുസ്തകങ്ങള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എഴുത്തുകാരന് തന്റെ പുസ്തകം ഇറങ്ങി ദിവസങ്ങള്‍ക്കകം ദശലക്ഷം വായനക്കാര്‍ ഉണ്ടാകും. ഇനി ഒരു സ്വകാര്യം പറയാം. ആരും കേള്‍ക്കേണ്ട. ഡിസി ബുക്സ് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് തരുന്നത് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണ്. പക്ഷേ അവര്‍ അതേ പുസ്തകത്തിന്റെ ഇ-ബുക് പതിപ്പിനു എഴുത്തുകാര്‍ക്ക് നല്‍കുന്നത് ഇരുപത്തിയഞ്ച് ശതമാനം റോയല്‍റ്റിയായിരിക്കും. കാരണം ഇ-ബുക്കിന്റെ നിര്‍മാണച്ചെലവ് വളരെ കുറവാണ്. കടലാസും അച്ചടിയും ഒന്നും വേണ്ടല്ലോ.

ചുരുക്കിപ്പറയട്ടെ, ഇ-ബുക്ക് റീഡര്‍ പ്രചാരത്തില്‍ വരുമ്പോള്‍ എഴുത്തുകാര്‍ക്ക് ദശലക്ഷം വായനക്കാരുണ്ടാകും. എഴുത്തുകാരുടെ തലയിലെ വര നേരെയാണെങ്കില്‍ വന്‍ തുക റോയല്‍റ്റിയായി ലഭിക്കുകയും ചെയ്യും. എന്നെ ആകര്‍ഷിക്കുന്നത് അതു മാത്രമല്ല. എന്റെ ഇ-ബുക്ക് റീഡറില്‍ വൈകാതെ ആയിരം പുസ്തകങ്ങള്‍ ഞാന്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരിക്കും. ഡല്‍ഹിയില്‍ മെട്രോവില്‍ യാത്ര ചെയ്യുമ്പോഴും മയ്യഴിയില്‍ വൈകുന്നേരം പുഴക്കരയില്‍ കാറ്റുകൊണ്ടിരിക്കുമ്പോഴും ഈ മുഴുവന്‍ പുസ്തകങ്ങളും എന്റെ കൈയിലുണ്ടാകും. ഞാന്‍ എല്ലായിടത്തും ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ട് കൂടെ കൊണ്ടുപോകും. പുഴക്കരയിലിരുന്ന് എനിക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കും. ഏതു പേജില്‍ നിന്നും എവിടെ വച്ചും വായിച്ചു തുടങ്ങാം. വായിച്ചു നിര്‍ത്താം. പുസ്തകം അച്ചടിക്കുവാന്‍ ആവശ്യമായ കടലാസുണ്ടാക്കുന്നത് മരം വെട്ടിയാണ്. ഒരു പുസ്തകം ധാരാളം പേര്‍ വാങ്ങുകയും വായിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ മരങ്ങള്‍ കൊല ചെയ്യപ്പെടുന്നു. ഓരോ പുസ്തകവും കൈയിലെടുക്കുമ്പോള്‍ കൊലചെയ്യപ്പെട്ട മരങ്ങളുടെ നിശ്ശബ്ദ നിലവിളി നമ്മള്‍ കേള്‍ക്കുന്നില്ലേ? ഇ-റീഡര്‍ കൈയിലെടുക്കുമ്പോള്‍ അങ്ങനെയൊരു നിലവിളി ആര്‍ക്കും കേള്‍ക്കേണ്ടിവരില്ല. കാരണം ഇ-റീഡര്‍ നിര്‍മിക്കുവാന്‍ ഒരു തുണ്ടു കടലാസുപോലും ആവശ്യമില്ല. ഒരു മരച്ചില്ല പോലും നാം നശിപ്പിക്കുന്നില്ല. അതൊരു സാന്ത്വനമാണ്.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Wednesday, July 6, 2011

മരണത്തെ മറികടന്ന മഹാന്‍

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റിന്‍ ലാര്‍സന്‍ എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവചരിത്രം വായിച്ചത്. ഇതിനകം എത്ര ജീവചരിത്രങ്ങള്‍ ഹോക്കിങ്ങിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ടാകും? തന്റെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയതൊന്നും താന്‍ വായിച്ചിട്ടില്ലെന്ന് ഹോക്കിങ് ഒരിക്കല്‍ പറയുകയുണ്ടായി. ക്രിസ്റ്റിന്‍ ലാര്‍സനും ഒരു ഭൗതിക ശാസ്ത്രജ്ഞനാണെന്ന പ്രത്യേകതയാണ് ജൈകോ ബുക്സ് പുറത്തിറക്കിയ പുസ്തകത്തിനുള്ളത്. സമയത്തിന്റെ സംക്ഷിപ്ത ചരിത്രത്തിന്റെ വായനയില്‍നിന്നാണ് വിദ്യാര്‍ഥി ജീവിതകാലത്ത് ഹോക്കിങ് പരിചിതമാകുന്നത്. 64 ഭാഷകളിലേക്കാണ് ആ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ പ്രധാന സ്ഥാനമാണ് ഇന്നും ആ പുസ്തകത്തിനുള്ളത്.

അടുത്തിടെ പുറത്തിറങ്ങിയ ഗ്രാന്‍ഡ് ഡിസൈനെ ക്കുറിച്ച് ഈ കോളത്തില്‍തന്നെ പരാമര്‍ശിച്ചിരുന്നു. ദേശാഭിമാനി വാരിക ഗ്രാന്‍ഡ് ഡിസൈനെ ആഴത്തില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. സ്റ്റീഫന്‍ ഹോക്കിങ് അത്ഭുതപ്പെടുത്തുന്ന മനുഷ്യജീവിതത്തിന്റെ പേരാണ്. 1963ല്‍ വൈദ്യശാസ്ത്രം രണ്ടു വര്‍ഷം മാത്രം പരമാവധി ആയുസ് വിധിച്ച വ്യക്തിയാണ് ഇന്നും നിരന്തരം നവീകരിക്കുന്ന ചിന്തയുടെ നിലയ്ക്കാത്ത പ്രവാഹത്തിലും പ്രകാശനത്തിലും നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയായിരിക്കും ജീവിതത്തെ ഇങ്ങനെ അദ്ദേഹം മാറ്റിയെടുത്തത്? ഈ അന്വേഷണത്തോടെയാണ് ഞാന്‍ പുസ്തകത്തെ സമീപിച്ചത്. ഓരോ വായനക്കും ഓരോ ലക്ഷ്യമുണ്ടാകാം. ഹോക്കിങ്ങിന്റെ ശാസ്ത്രജീവിതം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പരിമിതികളെ വെല്ലുവിളിക്കുകയും അതിജീവിക്കുകയും അതുവഴി സ്വയം ഒരു മാതൃകയാവുകയും ചെയ്തതും ചരിത്രത്തിന്റെ ഭാഗമാണ്. 1942ല്‍ ജനിച്ച ഹോക്കിങ്ങിന്റെ 63 വരെയുള്ള ഇരുപത്തൊന്നു വര്‍ഷത്തെ ജീവിതം സാധാരണമായിരുന്നു. മഹാനായ ഒരു ജീനിയസിന്റെ വെള്ളിവെളിച്ചം ഇടയ്ക്കിടെ പ്രകടിപ്പിക്കുമായിരുന്നുവെന്നു മാത്രം. മറ്റു വിദ്യാര്‍ഥികള്‍ മാസങ്ങളോളം എടുത്തു പൂര്‍ത്തീകരിക്കുന്ന വൈഷമ്യമേറിയ പാഠ്യഭാഗങ്ങളെല്ലാം അസാധാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഹോക്കിങ്ങിനു കഴിഞ്ഞിരുന്നു. ഓക്സ്ഫഡിലെ ജീവിതകാലത്ത് കോളേജിന്റെ അഭിമാനമായ വഞ്ചിതുഴയല്‍ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്നു അദ്ദേഹം. അസാധാരണമായ കരുത്തോടെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനായി മണിക്കൂറുകള്‍ നീളുന്ന പരിശീലനത്തില്‍ ഒരു മടിയുംകൂടാതെ അദ്ദേഹം ഏര്‍പ്പെടുമായിരുന്നു.

ഇടയ്ക്കിടെയുള്ള അസ്വാഭാവിക വീഴ്ചകളില്‍നിന്നാണ് വൈദ്യപരിശോധനകള്‍ക്ക് വിധേയമാകുന്നത്. 1963ല്‍ വൈദ്യശാസ്ത്രം വിധിയെഴുതി; അപൂര്‍വങ്ങളില്‍ അപൂര്‍വവും ചികിത്സ കണ്ടെത്തിയിട്ടില്ലാത്തതുമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്നറിയപ്പെടുന്ന എഎല്‍എസ് രോഗത്തിന്റെ പിടിയിലാണ് ഹോക്കിങ്. മരണത്തിലേക്ക് അധികം ദൂരമില്ല. പരമാവധി രണ്ടു വര്‍ഷത്തെ ആയുസ് മാത്രം. മസിലുകള്‍ ഒന്നിനുപുറകെ ഒന്നായി ദുര്‍ബലമാവുകയാണ്. നടക്കാന്‍ പ്രയാസമാകും. സംസാരിക്കുന്നതുപോയിട്ട് ശ്വസിക്കുന്നതുപോലും കഠിനമായ സമരമായിത്തീരുന്ന അതിദാരുണമായ അവസ്ഥ. ഹൃദയത്തിലേയും ആമാശയത്തിലേയും പോലെ സ്വയം പ്രവര്‍ത്തിക്കുന്ന മസിലുകള്‍ ഒഴികെ ബാക്കിയെല്ലാം പതുക്കെ പതുക്കെ നിശ്ചലതയിലേക്ക് വീഴും. എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്ന ആകുലതകളില്‍ ജീവിതത്തിന്റെ അടയുന്ന വാതിലിനെ ഞെട്ടുന്ന സ്വപ്നങ്ങളില്‍ കണ്ട് ഹോക്കിങ് മരണത്തിന്റെ വഴിയിലേക്ക് നടന്നു. പക്ഷേ. തൊട്ടടുത്ത കിടക്കയില്‍ കിടന്ന രക്താര്‍ബുദം ബാധിച്ച ഒരു കുട്ടി മരിക്കുന്നതുകണ്ട ഹോക്കിങ് തനിക്കായി വിധിച്ച രണ്ടു വര്‍ഷത്തിനു നന്ദി പറഞ്ഞു. എന്തായാലും മരിക്കും, അതിനുമുമ്പ് മനുഷ്യനു ഗുണപ്പെടുന്ന എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ജീവിതത്തിന്റെ വഴി ഹോക്കിങ് തിരിച്ചുവിട്ടു.

ജാന്‍ വൈല്‍ഡിനു ഹോക്കിങ്ങിനെ നേരത്തേ പരിചയമുണ്ടായിരുന്നു. അത് പ്രണയത്തിലേക്ക് വിരിയുന്നതിന്റെ അടുത്തെത്തിയപ്പോഴാണ് ഹോക്കിങ് രോഗബാധിതനാകുന്നത്. രണ്ടു വര്‍ഷം മാത്രം ജീവിതം വിധിക്കപ്പെട്ട, അതും മരണത്തിലേക്കുള്ള വഴി കഠിനമായ സഹനത്തിന്റേതായ ഒരാളെ എങ്ങനെയാണ് പ്രണയിക്കുന്നത്? പ്രണയത്തിനും ജീവിതത്തിനും പലപ്പോഴും സാധാരണ നിയമങ്ങള്‍ ബാധകമായി എന്നുവരില്ല. അടുത്തകാലത്തൊന്നും മരിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന, നല്ല ആരോഗ്യവാനായ ഒരാള്‍ പെട്ടെന്ന് മരിച്ചെന്നു വരില്ലേ? അപ്പോള്‍ ആരുടെ ജീവിതത്തിനാണ് ഉറപ്പുള്ള ദൂരമുള്ളതെന്ന ചോദ്യം സ്വയം ചോദിച്ച ജാന്‍ ഒടുവില്‍ ഹോക്കിങ്ങിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അന്ന് അവര്‍ ബിരുദ വിദ്യാര്‍ഥിയാണ്. കോളേജിലെ നിയമമനുസരിച്ച് ബിരുദവിദ്യാര്‍ഥികള്‍ക്ക് വിവാഹം കഴിക്കാന്‍ അവകാശമില്ല. എന്നാല്‍ , ബിരുദം നേടുന്നതിനു കാത്തുനിന്നാല്‍ ഒരുപക്ഷേ പ്രിയപ്പെട്ടവന്‍ മരണപ്പെട്ടെന്നുവരും. കഥകളില്‍ മാത്രം ഒരുപക്ഷേ കാണുന്ന അസംഭവ്യമെന്നു കരുതാവുന്ന സന്ദര്‍ഭം. വിവാഹത്തിനുശേഷം പുറത്തു താമസിക്കാമെന്ന കരാറില്‍ കോളേജില്‍നിന്ന് പ്രത്യേകാനുമതി വാങ്ങി ജാന്‍ ഹോക്കിങ്ങിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതത്തിന്റെ പീഡനകാലത്ത് ഒന്നിച്ചുനിന്ന് പൊരുതാമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ഇരുവരും വിവാഹിതരായി.

ജാന്‍ കടന്നുവന്നതോടെ ജീവിതത്തിനു അതിനുമുമ്പില്ലാത്ത അര്‍ഥങ്ങളുണ്ടായെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും ഹോക്കിങ് പറഞ്ഞു. ഈ ജീവിതത്തില്‍ അവര്‍ക്ക് മൂന്നു കുട്ടികളുമുണ്ടായി. ഓരോ ദിവസം ചെല്ലുംതോറും മോശമാകുന്ന ശരീരാവസ്ഥ വകവെയ്ക്കാതെ ഹോക്കിങ് തന്റെ ഗവേഷണത്തിനായി ജീവിതം സമര്‍പ്പിച്ചു. നടക്കാന്‍ വയ്യാതായതോടെ വീല്‍ചെയറിലായി സഞ്ചാരം. സംസാരിക്കാന്‍ കഴിയാതെയായതോടെ കംപ്യൂട്ടറിനെ ആശ്രയിച്ചു. പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുമായി ഹോക്കിങ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. തന്റെ ശാരീരിക പ്രശ്നങ്ങള്‍ വകവയ്ക്കാതെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹം സഞ്ചരിച്ചു. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍കൊണ്ട് അമ്പരപ്പിച്ചു. ബഹുമതികള്‍ ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തെ തേടിയെത്തി. സാമാധാനത്തിനുള്ള നോബല്‍ സമ്മാനം മഹാത്മാഗാന്ധിക്ക് കൊടുക്കാത്തവര്‍ ശാസ്ത്രത്തിനു ഈ മഹാപ്രതിഭയെയും പരിഗണിച്ചില്ല! വത്തിക്കാനില്‍വച്ച് പോപ്പിന്റെ കൈയില്‍നിന്ന്ബഹുമതി ഏറ്റു വാങ്ങിയതിനെക്കുറിച്ച് ഹോക്കിങ്ഓര്‍ക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന് ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്ന് പോപ്പ് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. വത്തിക്കാനില്‍ നടന്ന പ്രബന്ധത്തില്‍ പ്രപഞ്ചത്തിന് ആദിയും അന്ത്യവുമില്ലെന്നും അതുകൊണ്ട് സ്രഷ്്ടാവിന് ഇവിടെ സ്ഥാനമില്ലെന്നും താന്‍ പറഞ്ഞത് പോപ്പ് കേട്ടിരുന്നെങ്കില്‍ എന്തായിരിക്കും പ്രതികരണമെന്ന് സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്ന് സ്റ്റീഫന്‍ നര്‍മത്തോടെ പറയുന്നു.

ഇസ്രായേലില്‍ വച്ച് ദൈവവിശ്വാസിയാണോയെന്ന് പത്രപ്രവര്‍ത്തകര്‍ ഹോക്കിങ്ങിനോട് ചോദിച്ചു. താന്‍ വിശ്വാസിയല്ലെന്നും പ്രപഞ്ചത്തില്‍ ദൈവത്തിനു സ്ഥാനമില്ലെന്നും ഹോക്കിങ്സ് തുറന്നടിച്ചു. വിശ്വാസിയായ ജാനിനെ അത് വേദനിപ്പിച്ചു. എന്നാല്‍ , അതിനുമുമ്പുതന്നെ ജാന്‍ മറ്റൊരു പ്രണയത്തിലേക്ക് വീണിരുന്നു. തങ്ങളുടെ കുടുംബസുഹൃത്തായ ജോനാഥനുമായ അടുപ്പം പ്രണയത്തിലേക്ക് പതുക്കെ പതുക്കെ വഴിമാറുകയായിരുന്നു. എന്നാല്‍ , സ്റ്റീഫന്റെ അവസ്ഥയും മക്കളുടെ കാര്യവും മനസ്സില്‍ നിറഞ്ഞുനിന്നതുകൊണ്ട് ഇരുവരും പരസ്പരം അകലം പാലിച്ചു. ഇതിനിടയില്‍ സ്റ്റീഫന്റെ അസുഖം മൂര്‍ഛിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമായി അബോധാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ജീവിതം. ജീവന്‍സഹായ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ ഡോക്ടര്‍മാര്‍ ജാനിന്റെ സമ്മതം തേടി. എന്നാല്‍ , ഹോക്കിങ്ങിന്റെ അസാധാരണമായ ആത്മധൈര്യത്തെക്കുറിച്ച് നല്ല ധാരണയുള്ള ജാന്‍ അതിനു സമ്മതിച്ചില്ല.

അവര്‍ പ്രതീക്ഷിച്ചതുപോലെ മരണത്തിന്റെ കിടക്കയില്‍നിന്ന് ജീവിതത്തിന്റെ പുതിയ സമരത്തിലേക്ക് ഹോക്കിങ് തിരിച്ചുവന്നു. ഈ വരവോടെ അവശേഷിച്ച നേരിയ ശബ്ദവും നഷ്ടമായി. പരിശീലനം കിട്ടിയ നേഴ്സുമാരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ആവശ്യമായ അവസ്ഥയിലായി കാര്യങ്ങള്‍ . ജാന്‍ അകലുന്നതോടെ തന്റെ നേഴ്സായ എലിനുമായി ഹോക്കിങ്സ് അടുക്കുന്നു. 1995ന്റെ ഗ്രീഷ്മത്തില്‍ ഹോക്കിങ്ങും ജാനും ഔദ്യോഗികമായി വിവാഹമോചിതരായി. അതേ വര്‍ഷം സ്റ്റീഫന്‍ എലിനെ വിവാഹം കഴിച്ചു. 1965ല്‍ ജാന്‍ ഹോക്കിങ്ങിനെ വിവാഹം കഴിക്കുമ്പോള്‍ പരമാവധി രണ്ടുവര്‍ഷത്തെ ദാമ്പത്യം മാത്രമാണ് മുമ്പില്‍ കണ്ടിരുന്നത്്. വിവാഹമോചനം സ്ഥിരം കാഴ്ചയായ നാട്ടില്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഠിനപര്‍വം താണ്ടി ജാന്‍ ഹോക്കിങ്ങിനെ കൊണ്ടുനടന്നു. തന്റെ ജീവിതത്തിന്റെ വെളിച്ചമായി ജാനിനെ സ്റ്റീഫനും കണ്ടു. വേര്‍പിരിയലിന്റെ മാനസികാവസ്ഥയിലേക്ക് ദാമ്പത്യത്തിന്റെ കാല്‍നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും അവര്‍ എത്തിയിരുന്നു. പുതിയ ജീവിതവും ഹോക്കിങ്ങിനെ മാറ്റിമറിച്ചില്ല. പുതിയ കണ്ടെത്തലുകള്‍കൊണ്ട് അദ്ദേഹം നമ്മളെ വീണ്ടും വീണ്ടും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ ഓരോ ചലനവും സമരമായി മാറിയ മനുഷ്യന്റെ ചിന്തയുടെ പ്രവാഹത്തിന്റെ ആഴവും ആത്മവിശ്വാസത്തിന്റെ കരുത്തും ഏതൊരാളെയും അത്ഭുതപ്പെടുത്തും.


*****


പി രാജീവ്

Saturday, April 23, 2011

പുസ്തകങ്ങള്‍ വഴിവിളക്കുകള്‍

1996 മുതലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിച്ച് തുടങ്ങിയത്. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും കൂടിയാണിന്ന്. മഹാനായ ആ എഴുത്തുകാരനെ ആദരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ ശക്തി തിരിച്ചറിയുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്തണം.

അന്തര്‍ദേശീയ പുസ്തകസംഘടനയാണ് പുസ്തകദിനം എന്ന ആശയം അവതരിപ്പിച്ചത്. ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്. "ദൈവമാകാന്‍ എളുപ്പമാണ്. മനുഷ്യനാവാനാണ് പ്രയാസം"" എന്ന് പ്രൊഫ. എം കെ സാനു തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യനാവുന്നതിന് നിരന്തര പ്രയത്നവും പോരാട്ടവും ആവശ്യമാണ്. ഇതിന് പുസ്തകങ്ങള്‍ സഹായിക്കും.

എഴുത്തുകാരെ "മനുഷ്യാത്മാവിന്റെ എന്‍ജിനിയര്‍മാര്‍"" എന്ന് ലെനിന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ക്കാണ് എഴുത്തുകാര്‍ അക്ഷരഭാഷ്യം ചമയ്ക്കുന്നത്. അവ വായിച്ചും ചിന്തിച്ചും മനസ്സില്‍ വേദനകളും ഉല്‍ക്കണ്ഠകളും ഉടലെടുക്കണം. മാറ്റത്തിന് തിരിതെളിക്കുന്നത് ഈ വികാരങ്ങളാണ്. "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്"" എന്ന നാടകം വി ടി ഭട്ടതിരിപ്പാടിന്റെ വിപ്ലവ പ്രവര്‍ത്തനമായിരുന്നു. കേരളീയ ജീവിതത്തിലെ സാമൂഹ്യപരിഷ്കരണങ്ങളെല്ലാം വിപ്ലവങ്ങളാണ്. ഇതിനുള്ള ആയുധങ്ങളാണ് പുസ്തകങ്ങള്‍.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇത്തിരിനേരം വായനയില്‍ ഏര്‍പ്പെടുക എന്നതാണ് ഈ ദിനം നല്‍കുന്ന സന്ദേശം.

കേരളം ലോകത്തിന് നല്‍കിയ സംഭാവനയാണ് ഗ്രന്ഥശാല പ്രസ്ഥാനം. ജീവിതത്തിന്റെ ഇടവഴികളിലെല്ലാം ഗ്രന്ഥശാലകള്‍ പ്രതികരിക്കുന്നു. മനുഷ്യഹൃദയത്തിലേക്കാണ് അവ പ്രകാശം പ്രസരിപ്പിക്കുന്നത്. പുറത്തെ ഇരുട്ടകറ്റാന്‍ വിളക്ക് കൊളുത്തിയാല്‍ മതിയാകും. എന്നാല്‍, മനസ്സിലെ ഇരുട്ടകറ്റാന്‍ അക്ഷരംതന്നെ വേണമെന്നാണ് എന്‍ വി കൃഷ്ണവാര്യര്‍ പാടിയത്.

വായനയെന്നാല്‍ പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍ത്തുവയ്ക്കുന്ന പ്രക്രിയയല്ല. പുസ്തകം തുറന്നുവിടുന്ന ആശയങ്ങള്‍ക്ക് സാമൂഹ്യജീവിതത്തില്‍ പ്രായോഗികത കൈക്കൊള്ളാനുള്ള പ്രേരണ ചെലുത്തലാണ്. വായന വഴി സാധാരണക്കാരുടെ ഭാഷയ്ക്കും സംസ്കാരത്തിനും തെളിച്ചം ലഭിക്കുന്നു. അവന്റെ ജീവിതത്തെ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഓരോ പുതിയ പുസ്തകവും നവീനമായ സംസ്കൃതി ഉല്‍പ്പാദിപ്പിക്കുന്നു. മനുഷ്യന്‍ യുക്തിബോധമുള്ള മൃഗം മാത്രമല്ല ചിന്താശേഷിയുമുള്ളവനുമാകുന്നു. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാംസ്കാരികാന്തരീക്ഷം നിലനിര്‍ത്താന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. അക്ഷരംചൊല്ലിയും അക്കങ്ങള്‍കൂട്ടിയും വികസിച്ച നമ്മുടെ വിജ്ഞാനലോകം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വായന അത്യന്താപേക്ഷിതമാണ്.


*****


പയ്യന്നൂര്‍ കുഞ്ഞിരാമന്‍

Friday, March 4, 2011

കണക്കിന്റെ ചരിത്രപഥം

ഗണിതശാസ്‌ത്രത്തിന്റെ ഉത്ഭവംമുതല്‍ ആധുനിക കാലഘട്ടംവരെയുള്ള വളര്‍ച്ചയുടെ ചിത്രം തരുന്ന രണ്ട് പുസ്‌തകങ്ങളാണ് ഡോ. എം ജാതവേദന്‍ എഴുതിയ 'ഗണിതശാസ്‌ത്രം ശാസ്‌ത്രങ്ങളുടെ റാണി', 'സമകാലിക ഗണിതശാസ്‌ത്രം ബീജഗണിതം മുതല്‍' എന്നിവ. ചിന്ത പബ്ളിഷേഴ്സ് ആണ് രണ്ടും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഗണിതശാസ്‌ത്ര ചരിത്രം മലയാളത്തില്‍ വളരെ കുറവാണ്. ഗണിതശാസ്‌ത്രം ശാസ്‌ത്രങ്ങളുടെ റാണി എന്ന പുസ്‌തകം ഗണിതശാസ്‌ത്രം എങ്ങനെ ശാസ്‌ത്രങ്ങളുടെ റാണിയായെന്ന് സമര്‍ഥിക്കുന്ന ചരിത്രാധിഷ്ഠിത രചനയാണ്. ഗണിതശാസ്‌ത്രത്തിന്റെ ജനനംമുതല്‍ ആധുനിക ഗണിതശാസ്‌ത്രത്തിന്റെ ഇന്നത്തെ നിലവരെ പുസ്‌തകത്തില്‍ വിവരിക്കുന്നു. ഗണിതശാസ്‌ത്രത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വളര്‍ച്ചയും ഗണിതശാസ്‌ത്രം മറ്റു ശാസ്‌ത്രങ്ങള്‍ക്കും പൊതുവെ സമൂഹത്തിനും നല്‍കിയ സംഭാവനകളും പ്രതിപാദിച്ചിരിക്കുന്നു.

മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ഗണിതശാസ്‌ത്രം ഉപയോഗിച്ചുവരുന്നുണ്ട്. ആദിമമനുഷ്യര്‍ സംഖ്യകള്‍ ഉപയോഗിച്ചു. പിന്നീടവര്‍ ജ്യാമിതിയെ വികസിപ്പിച്ചു. ഇതിനുമുകളിലാണ് ജ്യോതിശാസ്‌ത്രം കെട്ടിപ്പടുത്തിട്ടുള്ളത്. ഏറെക്കാലം ഗണിതശാസ്‌ത്രമെന്നത് ജ്യോതിശാസ്‌ത്രത്തില്‍മാത്രമേ ഉപയോഗിച്ചിട്ടുണ്ടായിരുന്നുള്ളൂ. പക്ഷേ, ആധുനിക കാലഘട്ടത്തില്‍ ഭൌതികശാസ്‌ത്രത്തിലേക്കും രസതന്ത്രത്തിലേക്കും വ്യാപിച്ചു. യുദ്ധത്തില്‍പോലും ഉപയോഗിക്കാന്‍ സാധിക്കുന്ന ശാഖകള്‍ ഗണിതശാസ്‌ത്രത്തില്‍നിന്ന് ജന്മമെടുത്തു. ഗണിതശാസ്‌ത്രത്തിന് പുരാതന ഗ്രീസ് നല്‍കിയ സംഭാവനയും 17-ാം നൂറ്റാണ്ടിനുശേഷം യൂറോപ്പില്‍ ഗണിതശാസ്‌ത്രത്തിനുണ്ടായ വളര്‍ച്ചയും വിവരിച്ചിരിക്കുന്നു. സംഖ്യകളുടെ ചരിത്രവും വളര്‍ച്ചയും പ്രത്യേകം അവതരിപ്പിക്കുകയും അങ്കഗണിതവും ജ്യാമിതിയും ബന്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയുംചെയ്യുന്നു.

ഈ കൃതി തീര്‍ച്ചയായും ശാസ്‌ത്രത്തെ ഇഷ്ടപ്പെടുന്ന എല്ലാവരെയും ഉദ്ദേശിച്ചുകൊണ്ട് രചിച്ചതാണെന്ന് വ്യക്തം. എല്ലാവര്‍ക്കും മനസിലാകുന്ന രീതിയിലുള്ള നിര്‍വചനമാണ് ഇതിലുള്ളത്. എല്ലാ ഗണിതശാസ്‌ത്രപദങ്ങള്‍ക്കും തുല്യമായ മലയാളപദം ഉപയോഗിക്കാന്‍ ലേഖകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

സമകാലിക ഗണിതശാസ്‌ത്രം ബീജഗണിതം മുതല്‍ എന്ന പുസ്‌തകത്തെ 'ഗണിതശാസ്‌ത്രം ശാസ്‌ത്രങ്ങളുടെ റാണി' എന്ന പുസ്‌തകത്തിന്റെ രണ്ടാംഭാഗമായി വേണം കാണേണ്ടത്. ഇവിടെ ഗണിതശാസ്‌ത്രത്തിലെ ചില പ്രധാന ശാഖകളെക്കുറിച്ചും ഭാരതീയ ഗണിതം, കേരളത്തിന്റെ സംഭാവനകള്‍ എന്നിവയെക്കുറിച്ചും പറയുന്നു. കൂടാതെ ആധുനിക ഗണിതശാസ്‌ത്രത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഈ പുസ്‌തകത്തില്‍ പറയുന്നു.

ബീജഗണിതം മുതലുള്ള ഗണിതശാസ്‌ത്രചരിത്രമാണ് ഇവിടെ വിവരിക്കുന്നത്. എന്താണ് ബീജഗണിതമെന്നും. ഗ്രീസ്, ഭാരതം, അറേബ്യ, മെസേപ്പോട്ടേമിയ, ചൈന എന്നിവിടങ്ങളില്‍ പല കാലങ്ങളിലായി വളര്‍ന്നുവന്ന ഈ ഗണിതശാസ്‌ത്രശാഖ അവസാനം യൂറോപ്പില്‍ എങ്ങനെ വികാസം പ്രാപിച്ചുവെന്ന് വിശദീകരിക്കുന്നു. സംഖ്യകളും ചിഹ്നങ്ങളുമാണ് ബീജഗണിതത്തില്‍ ഭാരതീയ സംഭാവനയായി കാണാവുന്നത്. ആര്യഭട്ടനും ബ്രഹ്മഗുപ്തനും ഭാസ്കരനും ബീജഗണിതത്തില്‍ പല സംഭാവനകളും നല്‍കിയിട്ടുണ്ട്. അല്‍ ഖൊരാസ്മിയും ഒമര്‍ഖയ്യാമുമാണ് ബീജഗണിതത്തില്‍ സംഭാവനചെയ്ത അറബി ഗണിതശാസ്‌ത്രജ്ഞര്‍. ഗ്രീക്ക്, ഭാരതീയ ഗണിതശാസ്‌ത്രകൃതികളെ അറബിയിലേക്കും പേര്‍ഷ്യനിലേക്കും തര്‍ജമചെയ്ത് പിന്നീട് യൂറോപ്പിലേക്ക് വ്യാപിപ്പിച്ചത് അറബികളാണ്. ആദ്യകാലത്ത് യൂറോപ്പിലുണ്ടായിരുന്ന ഗണിതശാസ്‌ത്രജ്ഞര്‍ ഫിബോനാച്ചിയും ഫാങ്കോവിയറ്റയുമായിരുന്നു. വിയറ്റയെ യൂറോപ്പിലെ ബീജഗണിതത്തിന്റെ തുടക്കക്കാരനായി കാണാവുന്നതാണെന്ന് ലേഖകര്‍ സമര്‍ഥിക്കുന്നു.

ക്ഷേത്രം എന്ന ബീജിയ ഘടനയെപ്പറ്റിയും അതിന്റെ പ്രത്യേകതകളെപ്പറ്റിയും പുസ്‌തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രസിദ്ധമായ ടോട്ടോക്രോണ്‍ പ്രശ്നത്തിന്റെ ഉത്തരമാണ് ആബേലിന്റെ വലിയ സംഭാവന. സ്‌ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ആധുനിക ബീജഗണിതത്തില്‍ സംഭാവന നല്‍കിയ ഗണിതശാസ്‌ത്രജ്ഞയാണ് എത്തിനോയ്ഥര്‍. ക്രോണിക്കര്‍ എന്ന ഗണിതശാസ്‌ത്രജ്ഞന്‍ ഒരു അബീജിയ സംഖ്യയെന്ന് തെളിയിച്ചത് അംഗീകരിച്ചില്ല. ഇത്തരം അഭിപ്രായങ്ങള്‍ ഗണിതശാസ്‌ത്രത്തിന്റെ ചരിത്രത്തിന്റെ എതിര്‍ദിശയിലുള്ള പ്രയാണമായി കണക്കാക്കപ്പെടുന്നു. ഋണസംഖ്യകള്‍ (നെഗറ്റീവ് നമ്പര്‍)ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്.

പ്രാചീനകേരളത്തില്‍നിന്ന് ഒരുപാട് ഗണിതശാസ്‌ത്രജ്ഞര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നീലകണ്ഠസോമയാജി, ജ്യേഷ്ഠദേവന്‍, പുതുമന സോമയാജി, ശങ്കരവര്‍മന്‍, സംഗമഗ്രാമ മാധവന്‍, അച്ച്യുതപിഷാരടി, ദാമോദരന്‍ എന്നിവരാണ് ഇവരില്‍ പ്രമുഖര്‍ ഇവരില്‍ പലരുടെ കണ്ടുപിടുത്തങ്ങളും യൂറോപ്പില്‍ സമാനപഠനങ്ങള്‍ നടന്ന കാലങ്ങളിലോ അതിനുമുമ്പോ ഉണ്ടായവയാണ്. നീലകണ്ന്റെ തന്ത്രസംഗ്രഹം, ജ്യേഷ്ഠദേവന്റെ യുക്തിഭാഷ, പുതുമന സോമയാജിയുടെ കരണപദ്ധതി, ശങ്കരവര്‍മ്മന്റെ സദ്രത്നമാല, പുതുമന സോമയാജിയുടെ തന്നെ ദൃഗ്ഗണിതം എന്നിവ അക്കാലത്ത് രചിക്കപ്പെട്ട ഗണിതശാസ്‌ത്ര ഗ്രന്ഥങ്ങളാണ്.

ഗണിതശാസ്‌ത്രത്തിന്റെ അടിത്തറയായിട്ടാണ് തര്‍ക്കശാസ്‌ത്രത്തെ കാണേണ്ടത്. ആധുനിക തര്‍ക്കശാസ്‌ത്രത്തിന് സംഭാവനകള്‍ നല്‍കിയ ഗണിതശാസ്‌ത്രജ്ഞനാണ് ജോര്‍ജ് ബൂള്‍. ബൂളിന്റെ തര്‍ക്കശാസ്‌ത്രത്തിലൂന്നിയ ബൂളിയന്‍ ബീജഗണിതമാണ് ഇന്നത്തെ ഇലക്ട്രോണിക്സിന്റെയും കംപ്യൂട്ടറുകളുടെയും അടിത്തറ.

ഗണിതശാസ്‌ത്രം ശാസ്‌ത്രങ്ങളുടെ റാണി
‘സമകാലിക ഗണിതശാസ്‌ത്രം ബീജഗണിതം മുതല്‍’
ചിന്ത പബ്ളിഷേഴ്സ്.


*****


പ്രൊഫ. പി കെ പ്രിയദര്‍ശന്‍, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

ശാസ്‌ത്രവും സംസ്‌കാര ചരിത്രവും

സംസ്‌കാരചരിത്രത്തെ കലയുടെയും തത്വചിന്തയുടെയും ആശയാവലികളുടെയും ചരിത്രമായല്ലാതെ, സാങ്കേതികവിദ്യയുടെയും ശാസ്‌ത്രത്തിന്റെയും ചരിത്രമായി മനസിലാക്കാന്‍ മലയാള വായനാസമൂഹം വളരെയൊന്നും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്‌കാരചരിത്രങ്ങളുടെ അനുബന്ധങ്ങളോ അടിക്കുറിപ്പുകളോ ആയി ശാസ്‌ത്രവികാസത്തിന്റെയും സാങ്കേതികവിദ്യാവിപ്ളവങ്ങളുടെയും ചരിത്രം പരാമര്‍ശിക്കപ്പെടുന്നതിനപ്പുറം സംസ്‌കാരചരിത്രത്തിന്റെ പ്രഥമപരിഗണനാവിഷയമായി അവ അവതരിപ്പിക്കപ്പെടാറുമില്ല. അങ്ങനെ വന്നാലാകട്ടെ, അത് ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുംമാത്രം ചരിത്രമായി ചുരുങ്ങിപ്പോകുകയും ചെയ്യും. അത്തരം ശാസ്‌ത്ര-സാങ്കേതികവിദ്യാചരിത്രങ്ങളില്‍ കലയും ആശയാവലികളും മനുഷ്യാനുഭവങ്ങളുടെ ഇതരലോകങ്ങളും അപ്രസക്തമായ സ്വകാര്യകാര്യങ്ങളാണ്. ഇങ്ങനെ ആധുനികതയുടെ ദ്വന്ദ്വവാദസമീപനം ജന്മം നല്‍കിയ സംസ്‌കാരം/ശാസ്‌ത്ര-സാങ്കേതികവിദ്യ എന്ന വിഭജനത്തെ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടാണ് മലയാളത്തില്‍ ശാസ്‌ത്രചരിത്രവും സാംസ്‌കാരികചരിത്രവും ഏറിയപങ്കും എഴുതപ്പെട്ടത്. 'സംസ്‌കാരം സമഗ്രജീവിതരീതിയാണ് ' എന്ന റെയ്‌മണ്ട് വില്യംസിന്റെ ആശയമൊക്കെ പലപാട് ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും അത് പ്രയോഗപഥത്തിലെത്തിയതിന് കാര്യമായ തെളിവൊന്നും നമുക്കില്ല.

കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വൈജ്ഞാനിക വിപ്ളവം: ഒരു സാംസ്‌കാരികചരിത്രം' എന്ന പി ജിയുടെ ബൃഹദ്ഗ്രന്ഥത്തിന്റെ മൌലികപ്രാധാന്യം അത് വിജ്ഞാനചരിത്രത്തെ സാമൂഹ്യരാഷ്‌ട്രീയബന്ധങ്ങളുടെയും സമൂഹപരിണാമത്തെ നിര്‍ണയിച്ച സാങ്കേതികവിദ്യാപരിവര്‍ത്തനങ്ങളുടെയും മതം അടക്കമുള്ള ഇതരസാമൂഹ്യസ്ഥാപനങ്ങളുടെയും ചരിത്രത്തോട് ചേര്‍ത്തുവച്ച് വിശകലനംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതാണ്. ഒറ്റയൊറ്റയായ അറിവുമേഖലകളായി ചിതറിക്കിടക്കുന്ന ഒട്ടനവധി ലോകങ്ങളെ വിപുലമായ ഒരു ബന്ധവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിനിര്‍ത്തി വിശകലനംചെയ്യാനാണ് പി ജി മുതിരുന്നത്. അങ്ങനെ, പതിനാലാം ശതകത്തോടെ യൂറോപ്പില്‍ തുടക്കം കുറിക്കപ്പെട്ടതായി പരിഗണിക്കപ്പെടുന്ന നവോത്ഥാനത്തിന്റെയും പിന്നാലെ അരങ്ങേറിയ വൈജ്ഞാനികവിപ്ളവത്തിന്റെയും ചരിത്രം നാനാവിധത്തിലുള്ള ജീവിതവ്യവഹാരങ്ങളുടെ ആകത്തുകയായി ഈ കൃതിയില്‍ അവതരിപ്പിക്കപ്പെടുന്നു. പി ജി തന്നെ പറയുന്നതുപോലെ ജെ ഡി ബര്‍ണലിന്റെയും വില്‍ഡ്യൂറന്റിന്റേതുമടക്കം നിരവധി പൂര്‍വമാതൃകകള്‍ ഇംഗ്ളീഷിലും മറ്റും ഉണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടൊക്കെ പുതിയതാണ്. എന്നുമാത്രമല്ല ആറേഴുപതിറ്റാണ്ടുകാലത്തെ വായനയിലൂടെ താന്‍ നേടിയ വിവരങ്ങള്‍ സന്ദര്‍ഭോചിതമായി വിളക്കിച്ചേര്‍ത്തുക്കൊണ്ട് പി ജി നടത്തുന്ന ചരിത്രാഖ്യാനം ഈ പുസ്‌തകത്തിന്റെ വായനയെ എത്രയോ പ്രയോജനപ്രദവും രസനീയവുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

മലയാളം ഒരു ഭാഷയെന്നനിലയില്‍ ഇന്ന് നേരിടുന്ന വലിയൊരു പരാധീനതയെ മറികടക്കാനുള്ള ധീരമായ ശ്രമമെന്നനിലയിലും ഈ ഗ്രന്ഥം ഭാഷാഭിമാനികളായ എല്ലാ മലയാളികളുടെയും ആദരവ് അര്‍ഹിക്കുന്നുണ്ട്. മലയാളത്തെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ പരമപ്രാധാന്യമര്‍ഹിക്കുന്ന ഒരുകാര്യം അതിനെ ഒരു വിജ്ഞാനഭാഷയായി വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. എല്ലാത്തരം വിജ്ഞാനവും നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാഷയായി മലയാളം മാറണം. ഭാഷാകൌടല്യവും യുക്തിഭാഷയും മറ്റും ഉടലെടുത്ത ഒരു ഭാഷയില്‍ ഇന്ന് വിജ്ഞാനം എത്രയോ പരിമിതമാണ്. തത്വചിന്തയുടെയും സാമൂഹ്യശാസ്‌ത്രവിജ്ഞാനത്തിന്റെയും നിയമത്തിന്റെയും ശാസ്‌ത്രചിന്തയുടെയുമെല്ലാം സൂക്ഷ്‌മലോകങ്ങള്‍ മലയാളത്തിന് കൂടുതല്‍ കൂടുതല്‍ അപരിചിതമാകുകയാണ്. (തലശേരി രേഖകള്‍ തെളിവുതരുന്നതുപോലെ, അത്യന്തം കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന്റെ ഉപാധിയായി മലയാളം പ്രവര്‍ത്തിച്ചതിന്റെ ചരിത്രം ഭാഷയിലുണ്ടെങ്കിലും പില്‍ക്കാലത്ത് മലയാളം ഭരണനിര്‍വഹണത്തിന്റെ മേഖലയ്‌ക്കും പുറത്തായി). ഈ പരാധീനതയെ മറികടക്കാനുള്ള ഏറ്റവും വലിയ ശ്രമം നടക്കേണ്ടത് മലയാളത്തെ ഒരു വിജ്ഞാനഭാഷയെന്നനിലയില്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള സംരംഭങ്ങള്‍ വഴിയാണ്. സാഹിത്യകേന്ദ്രീകൃതമായി മാത്രം നിലനില്‍ക്കുന്നതിലൂടെയല്ല, മറിച്ച്, മനുഷ്യജീവിതത്തിന്റെ സമസ്‌തവിതാനങ്ങളെയും അതിന്റെ സൂക്ഷ്‌മസ്ഥൂല സന്ദര്‍ഭങ്ങളെയും അഭിസംബോധനചെയ്യാന്‍ കെല്‍പ്പും കാമ്പുമുള്ളതായി മലയാളത്തെ പണിതെടുക്കുന്നതിലൂടെയാണ്, മലയാളത്തിന്റെ അതിജീവനം അര്‍ഥപൂര്‍ണമായി സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് കഴിയുക. ഈ ദിശയിലുള്ള നിര്‍ണായകമായ ചുവടുവയ്പായും പി ജിയുടെ ഗ്രന്ഥം പരിഗണിക്കപ്പെടണം. ഒന്നാം വൈജ്ഞാനികവിപ്ളവത്തിന്റെയും അതിന് പശ്ചാത്തലമൊരുക്കിയ ചരിത്ര പ്രക്രിയകളുടെയും ഇത്രയും സമഗ്രവും ബഹുതലസ്പര്‍ശിയുമായ വിവരണം മലയാളത്തില്‍ ഇതുവരേയ്‌ക്കും ഉണ്ടായിട്ടില്ല. ഇന്നത്തെ സ്ഥിതി മുന്‍നിര്‍ത്തി പറഞ്ഞാല്‍ ഇനിയങ്ങോട്ട് ഉടനെയൊന്നും ഇത്തരമൊന്ന് ഉണ്ടാകാനിടയുമില്ല. ആ നിലയില്‍ നമ്മുടെ ഭാഷയുടെ ചരിത്രത്തിലും ഈ ഗ്രന്ഥം അനന്യമായ സ്ഥാനം കൈയാളിയിരിക്കുന്നു.

ആറ് ഭാഗങ്ങളില്‍ നാല്‍പ്പത്തിരണ്ട് അധ്യായങ്ങളായാണ് പി ജി തന്റെ രചനാസംരംഭങ്ങളില്‍ ഏറ്റവും മികവുറ്റതായി (magnum opus) പരിഗണിക്കുന്ന ഈ കൃതി സംവിധാനംചെയ്തിരിക്കുന്നത്. ഒന്നാം വൈജ്ഞാനികവിപ്ളവത്തിന്റെയും അതിന്റെ പശ്ചാത്തലത്തിന്റെയും വിവരണവും വിശകലനവും എന്നതിനോടൊപ്പം ശാസ്‌ത്രം, ശാസ്‌ത്രവും സംസ്‌കാരസ്വരൂപവും തമ്മിലുള്ള വിനിമയങ്ങള്‍, ശാസ്‌ത്രീയതയുടെ പരാധീനതകള്‍, ശാസ്‌ത്രവിമര്‍ശനം, അതിന്റെ മറപറ്റി ഉയര്‍ന്നുവന്ന കപടശാസ്‌ത്രങ്ങള്‍, കാള്‍പോപ്പര്‍, തോമസ് കൂണ്‍, പോള്‍ഫെയറാബാന്റ് തുടങ്ങിയ ശാസ്‌ത്രചിന്തകരുടെ വീക്ഷണഗതികള്‍ എന്നിങ്ങനെ ഒട്ടനവധി പ്രമേയങ്ങളിലേക്ക് പരന്നുപടരുന്ന ആഖ്യാനക്രമമാണ് പി ജി ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതുവഴി ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തോടൊപ്പം, ശാസ്‌ത്രവിജ്ഞാനത്തെയും ഇതരജ്ഞാനരൂപങ്ങളുമായി അതിനുള്ള ബന്ധത്തെയുംകുറിച്ചുണ്ടായ വിമര്‍ശവിചാരങ്ങളുടെ ചരിത്രമായും ഈ ഗ്രന്ഥം മാറിത്തീര്‍ന്നിട്ടുണ്ട്.

പ്രാരംഭം എന്ന ശീര്‍ഷകത്തിലുള്ള ഒന്നാംഭാഗത്തിലെ ആറ് അധ്യായങ്ങളില്‍ ഈ ഗ്രന്ഥത്തില്‍ താന്‍ പിന്‍പറ്റുന്ന സൈദ്ധാന്തിക സമീക്ഷയുടെയും അതിലുള്‍പ്പെട്ട പരികല്‍പ്പനകളുടെയും വിശകലനത്തിനാണ് പി ജി തുനിയുന്നത്. സംസ്‌കാരം, വിജ്ഞാനം തുടങ്ങിയ നാം അതിപരിചിതമെന്ന് കരുതിപ്പോരുന്ന പദങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെല്ലാനും പ്രകൃതിശാസ്‌ത്രവും ധര്‍മശാസ്‌ത്രവും തമ്മിലുള്ള ബന്ധവും അകലവും വിശദമായി പ്രതിപാദിക്കാനും ശാസ്‌ത്രവികാസത്തില്‍ ഭാവനാത്മകതയ്‌ക്കുള്ള പങ്ക് വ്യക്തമാക്കാനും പി ജി ഇവിടെ ശ്രമിച്ചിരിക്കുന്നു. രണ്ടാംഭാഗത്തിലെ നാല് അധ്യായങ്ങള്‍ യൂറോകേന്ദ്രവാദത്തിന്റെ വിശകലനവും വിമര്‍ശവുമാണ്. നവോത്ഥാനം, വൈജ്ഞാനികവിപ്ളവം തുടങ്ങിയ പരികല്‍പ്പനകളും അവയെ മുന്‍നിര്‍ത്തി പടുത്തുയര്‍ത്തപ്പെട്ട വിജ്ഞാനചരിത്രവും അടിസ്ഥാനപരമായി യൂറോ കേന്ദ്രവാദത്തിന്റെ സാംസ്‌കാരിക-വൈജ്ഞാനിക ന്യായവാദമാണെന്ന സമകാലികവിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഈ അധ്യായങ്ങളിലെ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. മാര്‍ട്ടിന്‍ ബെര്‍ണലും ജോസഫ് നിഥാമും സമീര്‍ അമിനും മുതല്‍ ജെ എം ബ്ളൌട്ടും ജോണ്‍ ഗോബ്‌സണും മലയാളിയായ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫുംവരെയുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന യൂറോകേന്ദ്രവാദത്തിനെതിരായ വിമര്‍ശാലോചനകളെയും ആശയരൂപങ്ങളെയും സമര്‍ഥമായി സംഗ്രഹിക്കുകയാണ് രണ്ടാംഭാഗത്തിലെ നാല് അധ്യായങ്ങളിലൂടെ പി ജി ചെയ്യുന്നത്. പിന്നാലെ വരുന്ന അഞ്ചുഭാഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ആശയപ്രപഞ്ചത്തിന്റെ വിമര്‍ശംകൂടിയായി പലപ്പോഴും ഈ ഭാഗങ്ങള്‍ മാറിത്തീരുന്നുണ്ട് എന്നത് വിജ്ഞാനചരിത്രത്തിന്റെതന്നെ വൈരുധ്യാത്മകമാനത്തെ സ്വയമറിയാതെതന്നെ, പുറത്തുകൊണ്ടുവരുന്നു.

മൂന്നും നാലും ഭാഗങ്ങളില്‍ ആധുനിക ശാസ്‌ത്രവിപ്ളവത്തിന്റെ പൂര്‍വരംഗം എന്നു വിശേഷിപ്പിക്കാവുന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും ചരിത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. മൂന്നാംഭാഗത്തിലെ അഞ്ച് അധ്യായത്തില്‍ പടിഞ്ഞാറന്‍ നവോത്ഥാനചരിത്രത്തിലെ കുലീനഘട്ടത്തെയും ജനകീയഘട്ടത്തെയും വേര്‍തിരിച്ച് വിലയിരുത്തിക്കൊണ്ട്, നവോത്ഥാന പ്രക്രിയയുടെ ഉള്ളടരുകളിലെ വൈരുധ്യങ്ങളിലേക്ക് പി ജി വഴിതുറന്നിടുന്നുണ്ട്. അതോടൊപ്പം മാക്യവെല്ലിയും തോമസ് മൂറും ഇറാസ്‌മയും മുതല്‍ ഡാവിഞ്ചിയും റാഫേലും മൈക്കലാഞ്ചലോയും ഡ്യൂറ്റും ഉള്‍പ്പെടെയുള്ള നവോത്ഥാനപ്രതിഭകളുടെ ജീവിതചരിത്രവും ഈ അധ്യായങ്ങളില്‍ അനാവരണംചെയ്യപ്പെടുന്നു. മതനവീകരണം എന്ന ശീര്‍ഷകത്തിന് കീഴിലുള്ള നാലാംഭാഗത്തിലെ എട്ട് അധ്യായങ്ങള്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ വന്‍പിളര്‍പ്പിലേക്ക് വഴിതുറന്നിട്ട ചരിത്രപ്രക്രിയകളുടെയും അതുളവാക്കിയ വമ്പന്‍ പരിവര്‍ത്തനങ്ങളുടെയും ഈ മഹാസംഭവത്തില്‍ നായകരും പ്രതിനായകരുമായി പങ്കുചേര്‍ന്നവരെയുംകുറിച്ചുള്ള വിശദമായ ചര്‍ച്ചയാണ്. സാധാരണയായി സഭാചരിത്രത്തിന്റെമാത്രം ഭാഗമായി പരിഗണിക്കാറുള്ള നിരവധി പ്രമേയങ്ങളുടെ പിന്നാമ്പുറത്തെ സാമൂഹ്യവും രാഷ്‌ടീയവുമായ അടിയൊഴുക്കുകള്‍ അനാവരണം ചെയ്തുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ മുന്നേറുന്നത്. ലൂഥറെയും കാല്‍വിനെയും ലൊയോളയെയും മറ്റുംപോലെ ഇത്തരം ചര്‍ച്ചകളിലൂടെ സാമാന്യവായനക്കാര്‍ക്ക് പരിചിതരായവര്‍ മാത്രമല്ല സാവറനോളയെയും ജോണ്‍ഹുഡിനെയും സ്വിംഗ്ളിയെയുംപോലെ പൊതുചര്‍ച്ചകളില്‍ ഏറെയൊന്നും പ്രസിദ്ധിനേടാതെപോയവരെയും, അവരുടെ വിജ്ഞാനത്തെയും സഹനത്തെയും എല്ലാം പി ജി വിശദാംശങ്ങള്‍വരെ ഇതള്‍വിടര്‍ത്തി പ്രതിപാദിച്ചിരിക്കുന്നു. സഭാചരിത്രത്തില്‍ നിഷ്‌ണാതരായവര്‍ക്കുപോലും ശ്രദ്ധാപൂര്‍വം വായിച്ചുപഠിക്കാന്‍വേണ്ട വക ഈ അധ്യായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അവസാനത്തെ മൂന്നുഭാഗങ്ങളില്‍ യഥാക്രമം കോപ്പര്‍നിക്കസ്, ഗലീലിയോ, ന്യൂട്ടണ്‍ എന്നിവരിലൂടെ വെളിപ്പെട്ടുവന്ന വിജ്ഞാനവിപ്ളവത്തെ, പൂര്‍വസൂരികളോടും പൂര്‍വസന്ദര്‍ഭങ്ങളോടും ബന്ധപ്പെടുത്തി പരിശോധിക്കുകയാണ് പി ജി ചെയ്യുന്നത്. ഒരു മഹാമനീഷിയുടെ പേരില്‍ അറിയപ്പെടാനിടവന്നാലും വിജ്ഞാനവികാസം ഒറ്റയാന്‍ പ്രതിഭകളുടെ ദിവ്യവൈഭവങ്ങളിലൂടെ ഉരുത്തിരിയുന്നതല്ലെന്ന അടിസ്ഥാനകാഴ്ചപ്പാടാണ് പി ജി ഇവിടെയും ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് കോപ്പര്‍നിക്കന്‍ യുഗം എന്നുവിശേഷിപ്പിക്കപ്പെടുമ്പോഴും വെസാലിയൂസിനെയും പാരാ സെസല്‍സിനെയുംപോലുള്ള ജീവശാസ്‌ത്രപ്രതിഭകളും, ടൈക്കോബ്രാഹെയും കെപ്ളറും കാമ്പനെല്ലയും ഉള്‍പ്പെടെയുള്ള ജ്യോതിശാസ്‌ത്രജ്ഞരും ആ യുഗസന്ധിയുടെ നിര്‍മിതിയില്‍ പങ്കുചേരുന്നതെങ്ങനെയെന്ന വിശദമായ പരിശോധന ഇവിടെയുണ്ട്. അതുപോലെ ഗലീലിയന്‍ കുതിച്ചുചാട്ടത്തിന്റെ മുന്നിലും പിന്നിലും അണിനിരന്ന വിജ്ഞാനവിപ്ളവങ്ങളുടെയും വൈജ്ഞാനിക വിച്ഛേദങ്ങളുടെയും സ്വാധീനവും ആറാംഭാഗത്തിലെ എട്ട് അധ്യായങ്ങളില്‍ വിശദമായി പരിശോധിക്കപ്പെടുന്നുണ്ട്. കാര്‍ട്ടിഷ്യന്‍ ദ്വന്ദ്വവാദവും ബെക്കോണിയന്‍ രീതിപദ്ധതിയും ആധുനികശാസ്‌ത്രദര്‍ശനത്തിന്റെ അന്തര്‍ധാരകളായി നിലകൊള്ളുന്നതും, സ്പിനോസയും തോമസ് ഹോബ്‌സും ഉള്‍പ്പെടെയുള്ളവരുടെ ചിന്താജീവിതത്തിന്റെ സാമൂഹികമാനവും മുതല്‍ കര്‍ഷകകലാപങ്ങളും രാഷ്‌ട്രീയവിമോചന വിപ്ളവങ്ങളുംവരെ ഈ പ്രക്രിയയില്‍ ഇഴചേര്‍ന്നുകിടക്കുന്നതിന്റെ വിവരണംവരെ ഈ അധ്യായങ്ങളിലുണ്ട്. അവസാനഭാഗത്തെ അഞ്ച് അധ്യായങ്ങള്‍ ഒന്നാം വൈജ്ഞാനികവിപ്ളവത്തിന്റെ പരിസമാപ്തി മുഹൂര്‍ത്തമായി പരിഗണിക്കാവുന്ന ന്യൂട്ടോണിയന്‍ പ്രപഞ്ചകല്‍പ്പനയുടെ അവതരണവും അതിലേക്ക് വഴിതുറന്നിട്ട വിവിധ ധാരകളുടെ വിശകലനവുമാണ്. ശാസ്‌ത്രത്തിന്റെ സത്യാത്മകതയെക്കുറിച്ച് ആധുനികാനന്തരചിന്തയുടെ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളോട് തനിക്കുള്ള പ്രതികരണം അവസാന അധ്യായത്തില്‍ രേഖപ്പെടുത്തിക്കൊണ്ടാണ്, ആധുനികശാസ്‌ത്രത്തിന്റെ സാംസ്‌കാരികചരിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ബൃഹദ്ഗ്രന്ഥം പി ജി ഉപസംഹരിക്കുന്നത്.

ഇങ്ങനെ വിപുലവും (ക്രൌണ്‍ സൈസില്‍ അറുനൂറിലധികം പുറങ്ങളുള്ള ഈ ഗ്രന്ഥം മലയാളത്തെ സംബന്ധിച്ചിടത്തോളം വലിയ പുസ്‌തകംതന്നെയാണ്; ഇംഗ്ളീഷില്‍ ഇത് ഒരു അസാധാരണ കാര്യമല്ലെങ്കിലും) സമഗ്രവും സര്‍വതലസ്പര്‍ശിയുമായ നിലയില്‍ വൈജ്ഞാനിക വിപ്ളവത്തിന്റെ ചരിത്രം രേഖപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍തന്നെ, ഈ ഗ്രന്ഥം ചില ചോദ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നുണ്ട്. അതിലൊന്ന് പ്രമേയപരവും മറ്റൊന്ന് രീതിശാസ്‌ത്രപരവുമാണ്. നവോത്ഥാനം, വൈജ്ഞാനികവിപ്ളവം തുടങ്ങിയ പരികല്‍പ്പനകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള വിജ്ഞാനചരിത്ര വിമര്‍ശം, അടിസ്ഥാനപരമായ വിജ്ഞാനചരിത്രത്തെ യൂറോ കേന്ദ്രിതമായി പടുത്തുയര്‍ത്തുന്നതിലേക്കാണ് ചെന്നുചേരുന്നത് എന്ന വിമര്‍ശം ഇപ്പോള്‍ പ്രബലമാണ്. പി ജി തന്നെ ഈ വിമര്‍ശത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍, അതിനുശേഷവും ഈ ഗ്രന്ഥം മേല്‍പ്പറഞ്ഞ ധാരണകളെത്തന്നെയല്ലേ പിന്തുടരുന്നത് എന്ന ചോദ്യം സംഗതമാണ്. യൂറോ കേന്ദ്രവാദത്തിന്റെ വിമര്‍ശവും നവോത്ഥാന-വൈജ്ഞാനികവിപ്ളവ ചരിത്രവും തമ്മില്‍ ഏതളവുവരെ ഒത്തുപോകും എന്ന ചോദ്യമാണിവിടെ ഉയരുന്നത്. അറിവ് നിസംഗമായ ജ്ഞാനരൂപമായി നിലകൊള്ളുകയല്ല സജീവമായ പ്രത്യയശാസ്‌ത്രസാമഗ്രിയായി പ്രവര്‍ത്തിക്കുകയാണെന്ന് വരുമ്പോള്‍, ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനസമീക്ഷ ചില പുനരാലോചനകളിലേക്ക് നമ്മെ നയിക്കുകതന്നെ ചെയ്യും. അറിവധികാരം എന്നത് അറിവ് കൈയാളുന്നവര്‍ക്ക് കൈവരുന്ന ആധികാരികതയ്‌ക്കപ്പുറം അറിവുരൂപങ്ങളില്‍തന്നെ നിലീനമായ ആധികാരികവും ആധിപത്യവാസനകളുമാണ്. വിജ്ഞാനം അതില്‍ത്തന്നെ അധികാരബദ്ധമാണെന്നുവരുമ്പോള്‍, വൈജ്ഞാനികചരിത്ര വിചാരങ്ങള്‍ക്ക് അതിനെ അഭിസംബോധന ചെയ്യാതിരിക്കാനാവില്ലല്ലോ.

രണ്ടാമതൊരു പ്രശ്നമുള്ളത് പിജിയുടെ ചര്‍ച്ചയും വിശകലനവും, ചിലയിടങ്ങളിലെങ്കിലും, ഏറിയ അളവില്‍ വ്യക്തികേന്ദ്രിതമായിത്തീരുന്നുവെന്നതാണ്. ആമുഖത്തില്‍ പി ജി തന്നെ സൂചിപ്പിക്കുന്നതുപോലെ, ഓരോ അധ്യായത്തെയും സ്വതന്ത്രവായനയ്‌ക്ക് ഉപയുക്തമായവിധം ആസൂത്രണം ചെയ്തതിന്റെകൂടി ഫലമാകാം ഇത്. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ അധ്യായങ്ങളില്‍ ഉടനീളവും മറ്റുചില ഭാഗങ്ങളില്‍ ചുരുങ്ങിയ അളവിലും ഈ പ്രശ്നം കടന്നുവരുന്നുണ്ട്. മലയാളഭാഷയിലെ ഏറ്റവും മികച്ച ധൈഷണിക ജീവചരിത്രകാരനായ പി ജിയുടെ, ആ വഴിയിലൂടെയുള്ള സഞ്ചാരങ്ങള്‍ അദ്ദേഹത്തിന്റെ ചരിത്രവിചാരങ്ങളെ ചിലപ്പോഴൊക്കെ കീഴ്പ്പെടുത്തുന്നതിന്റെ തെളിവുകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വലിയൊരു പ്രശ്നമായി പരിഗണിക്കേണ്ടതല്ലെങ്കിലും രീതിശാസ്‌ത്രപരമായി അത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.

ഇത്തരം സൂക്ഷ്‌മപ്രശ്നങ്ങള്‍, പക്ഷേ, ഈ കൃതിയുടെ മൌലികപ്രാധാന്യത്തെ ഏതെങ്കിലും നിലയില്‍ ലഘൂകരിക്കുന്നില്ല എന്ന കാര്യം എടുത്തുപറയുകതന്നെ വേണം. സംസ്‌കാരചരിത്രം എന്ന ആശയത്തിനും ശാസ്‌ത്രചരിത്രം എന്ന ജനുസ്സിനും മലയാളഭാഷയിലുണ്ടായ മികച്ച ആവിഷ്കാരമാതൃകയായി ഇനിയങ്ങോട്ട് ഈ ബൃഹദ്ഗ്രന്ഥം പരിഗണിക്കപ്പെടുകതന്നെ ചെയ്യും. വിജ്ഞാനതൃഷ്ണയും ഇച്ഛാശക്തിയും ശാരീരികമായ പരാധീനതകളെയും മറ്റുള്ള നാനാതരം വൈഷമ്യങ്ങളെയും മറികടന്ന്, ബൌദ്ധികതയുടെ കൊടിപ്പടം ഉയര്‍ത്തിക്കെട്ടുന്നതിന്റെ ഈ ചിത്രം കേരളീയരുടെതന്നെ സൌഭാഗ്യങ്ങളിലൊന്നാണ്. അതിനിയും ഏറെക്കാലം ഉയര്‍ന്നുപാറണമെന്നല്ലാതെ മറ്റെന്താണ് നാം ആഗ്രഹിക്കുക.

പിന്‍കുറിപ്പ്: അച്ചടിപ്പിഴവുകളും വാക്യഘടനയിലെ തകരാറുകളും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവയുടെ വിതരണത്തിലുമുള്ള പിഴവുകളുമെല്ലാം വായനയെ അലോസരപ്പെടുത്തുംവിധം മുഴച്ചുനില്‍ക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ മനീഷികളിലൊരാളോടുള്ള അനാദരവായാണ് എഡിറ്റിങ്ങിലെ അനവധാനത അനുഭവപ്പെട്ടത്. നിശ്ചയമായും അത് ഒഴിവാക്കേണ്ടതായിരുന്നു.

*****


സുനില്‍ പി ഇളയിടം, ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, January 2, 2011

പീഢനവും ലൈംഗികതയുമല്ലാതെ സ്‌ത്രീയെന്തെഴുതും ?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം തീരുന്നു. മാനവരാശിയുടെ പകുതിയിലധികം വരുന്ന സ്‌ത്രീകള്‍ എന്തു പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരുന്നു. ഈ വര്‍ഷം കേരളത്തില്‍ 50ശതമാനം സ്‌ത്രീകള്‍ പൊതുഭരണത്തില്‍ അധികാരത്തില്‍ വന്നു. മുമ്പൊന്നും സംഭവിക്കാത്ത വലിയ മാറ്റമാണിത്്. ഞങ്ങളും ഇവിടെയുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിന്റെ പോരായ്‌മകളൊക്കെ ഇനിയും പരിഹരിക്കാം.

കാലം നീണ്ടുപരന്നുകിടക്കുന്നു. എന്തായാലും ആദ്യപടി സംഭവിച്ചു. ഉന്തിത്തള്ളിമാറ്റിയ ഇടത്തില്‍ അവള്‍ കയറിയിരുന്നു. ഭൂമിയില്‍ കമിഴ്ന്നു കിടന്നു കാണുന്നതിനേക്കാള്‍ വ്യത്യസ്‌തമായിരിക്കും ഇരിപ്പിടത്തില്‍ നിവര്‍ന്നിരുന്നുകൊണ്ടുള്ള അവളുടെ കാഴ്‌ച. ആ കാഴ്‌ചകളെ അവളിനിയും പറയാനിരിക്കുന്നതേയുള്ളൂ. ഇതുവരെ അവള്‍ വിളിച്ചുപറഞ്ഞതെല്ലാം ഇരിപ്പിടത്തില്‍നിന്ന് ഉന്തിത്തള്ളി താഴെയിട്ടപ്പോള്‍, മണ്ണില്‍ മൂക്കുംകുത്തി വീണപ്പോള്‍, ആ വേദനയിലും അപമാനത്തിലും തലയുയര്‍ത്താതെ കണ്ണിന്റെ ഇത്തിരിവെട്ടത്തില്‍ കണ്ട കാഴ്‌ചകളായിരുന്നു. അത്രമാത്രം അതു സത്യസന്ധവുമാണ്. ആദ്യമൊന്നും ഈ പറച്ചിലിനെ ലോകം അനുവദിച്ചില്ല. അതുവെറും തേങ്ങലായ് ഒതുക്കി. പിന്നെയാണ് ഞരങ്ങിയും വിങ്ങിയും പറഞ്ഞുതുടങ്ങിയത്. ആ പറച്ചിലിലെ വേദന പുരുഷന് ഇഷ്‌ടപ്പെട്ടു. ഇരയുടെ വേദന കണ്ട് രസിക്കുന്ന വേട്ടക്കാരനെപ്പോലെ അവനത് ആഘോഷിച്ചു.

ഫെമിനിസമെന്നും പെണ്ണെഴുത്തെന്നും മാര്‍ജിനിട്ട് അതിനെ മാറ്റിനിര്‍ത്തി, വികലാംഗര്‍ക്ക് നല്‍കുന്ന പരിഗണനപോലെ അതിനെയും പരിഗണിച്ചു. എലിക്ക് പ്രാണസഞ്ചാരം പൂച്ചയ്‌ക്ക് കളിവിളയാട്ടം എന്നൊരു ചൊല്ലുണ്ടല്ലോ? കുറേനേരം പൂച്ചയുടെ ഔദാര്യത്തില്‍ ഈ കളിതുടര്‍ന്നപ്പോള്‍ എലി ആ കളിയില്‍ ഒരു സുഖം കണ്ടെത്തി. നമ്മുടെ സ്‌ത്രീകളുടെ മുഖ്യധാര എഴുത്തും ഇതുപോലെയാണ്. ഒരു സ്‌ത്രീയുടെ രചനകള്‍ മുഖ്യധാര മാധ്യമങ്ങളില്‍ വരണമെങ്കില്‍, അത് ആഘോഷിക്കപ്പെടണമെങ്കില്‍ അവള്‍ ഈ ഇരയുടെ വിലാപം നടത്തിക്കൊണ്ടിരിക്കണം. ഒരു സ്‌ത്രീക്ക് എഴുത്തുകാരിയായി സമൂഹത്തിന്റെ, അംഗീകാരം കിട്ടണമെങ്കില്‍ ഒന്നുകില്‍ പീഡനത്തെക്കുറിച്ച് അല്ലെങ്കില്‍ ലൈംഗികതയെപ്പറ്റി പറയണം. ഇതു രണ്ടുംകൂടി ഒരുമിച്ചായാല്‍ ഏറെ ഗുണകരം. അങ്ങനെ പറയുകയും എഴുതുകയും ചെയ്യുന്ന ഒരു എഴുത്തുകാരിക്ക് മാത്രമേ എഴുത്തിലൊരു സാന്നിധ്യമായി നിലനില്‍പ്പുള്ളൂ. ഇങ്ങനെ എഴുതുന്ന ഒരുവള്‍ പ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കും പ്രിയപ്പെട്ടവളാണ്. അതാണ് എഴുത്തിലേക്ക് കടക്കാന്‍ സ്‌ത്രീക്കുള്ള വിശാലമായ വാതില്‍.

സമീപകാലങ്ങളിലായി മലയാള പ്രസിദ്ധീകരണരംഗത്ത് ആഘോഷിക്കപ്പെട്ടതും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടതും സ്‌ത്രീകളുടെ ഇത്തരം രചനകളാണല്ലോ. ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയും കന്യാസ്‌ത്രീയുടെ പീഡനകഥകളും കോളേജധ്യാപികയുടെ രതികാവ്യതര്‍ജമയും ഒക്കെയാണല്ലോ പ്രസാധകര്‍ക്ക് ഏറ്റവും അധികം ലാഭം ഉണ്ടാക്കിക്കൊടുത്ത പുസ്‌തകങ്ങള്‍.

ആനുകാലികങ്ങളില്‍ സ്വന്തം രചനകളുമായി ധാരാളം സ്‌ത്രീകള്‍ പ്രത്യക്ഷപ്പെട്ട വര്‍ഷംകൂടിയാണ് കടന്നുപോയത്. ചെറുതും വലുതുമായ പ്രസാധകരില്‍നിന്ന് പുതിയ എഴുത്തുകാരികളുടേതടക്കം അത്ര കുറവല്ലാത്ത പുസ്‌തകങ്ങളും പുറത്തുവന്നു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച സ്‌ത്രീ എഴുത്തുകാരികളുടെ സംഗമത്തില്‍ പുതിയതും മുമ്പ് എഴുതിക്കൊണ്ടിരുന്നവരുമായ കുറേ എഴുത്തുകാരികള്‍ വന്നുചേര്‍ന്നിരുന്നു. അതില്‍ പലരും സ്വന്തമായി പുസ്‌തകം പ്രസാധനം ചെയ്‌തവരാണ്. സ്വന്തമായി ബ്ളോഗുകള്‍ ഉള്ളവരും തൊഴിലില്‍നിന്നു വിരമിച്ചവരും പുതിയ പെണ്‍കുട്ടികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ച ഇരയുടെയും വേട്ടക്കാരന്റെയും ദ്വന്ദ്വത്തില്‍ ഒതുങ്ങി നിന്നു.

വീടിനുപുറത്തും തൊഴിലിടങ്ങളിലും തങ്ങള്‍ക്കാവശ്യമുള്ളിടത്തോളം പുരുഷസുഹൃത്തുക്കളുള്ളവരും വീട്ടില്‍ ഭര്‍ത്താവിന്റെയോ അച്‌ഛന്റെയോ സഹോദരന്റെയോ എല്ലാ പിന്തുണയും ലഭിക്കുന്നവരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ കൂടാതെ മധ്യവര്‍ഗജീവിതം ജീവിക്കുന്നവരുമാണ് നമ്മുടെ സ്‌ത്രീ എഴുത്തുകാരില്‍ വലിയൊരു വിഭാഗം. എന്നാലും ഇവരും ഇരയുടെ വിലാപംതന്നെ മുഴക്കിക്കൊണ്ടിരിക്കും. കാരണം മാര്‍ക്കറ്റാണ് പ്രധാനം. എന്നാല്‍, സത്യസന്ധമായി ഇതു പറയേണ്ടവര്‍ ഇനിയും പറയാന്‍ തുടങ്ങിയിട്ടില്ല. അവരുടെ ആത്മകഥകളാണ് മലയാളത്തില്‍ സ്‌ത്രീയുടെ ശക്തമായ സാന്നിധ്യമായി ഇനിയും വരാനിരിക്കുന്നത്. ഒരു അമ്മവഴിചരിത്രം അതിന്റെ ഊര്‍ജം ഇനിയും മലയാള സാഹിത്യത്തില്‍ രൂപപ്പെടേണ്ടതുണ്ട്. മാധവിക്കുട്ടിയും സാറാജോസഫും അതിനൊരു വഴിതുറന്നുതന്നു. ആ ധാരയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന രചനകളൊന്നും പോയവര്‍ഷം നമുക്കു ലഭ്യമായിട്ടില്ല.

ആരെങ്കിലും വ്യത്യസ്‌തമായി ലോകത്തെ കാണുകയും അത് തങ്ങളുടെ എഴുത്തിലൂടെ അവതരിപ്പിക്കുകയും ചെയ്‌താല്‍തന്നെ അത്തരം രചനകളൊന്നും പ്രധാന പ്രസാധകരില്‍നിന്ന് പുറത്തുവരുന്നതും അസാധ്യം. വേനല്‍ക്കാലത്ത് മധുരനാരങ്ങ വിറ്റഴിയുംപോലെ’ വിറ്റഴിയേണ്ട പുസ്‌തകമാണ് അവര്‍ക്കാവശ്യം.

പലപ്പോഴും ഒരു എഴുത്തുകാരി പുറത്തുവരിക ഭര്‍ത്താവ് പ്രശസ്‌തനാണെങ്കില്‍ അയാളുടെ മരണശേഷം അയാളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുമായിട്ടായിരിക്കും. റോസി തോമസിനെപ്പോലെ ആന്തരികമായി കരുത്തുള്ള ഒരു എഴുത്തുകാരിയെപ്പോലും (അവരുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഡിസംബര്‍ 16) ഓര്‍മിക്കുന്നത് 'ഇവന്‍ എന്റെ പ്രിയ സി ജെ'" എന്ന ഓര്‍മപ്പുസ്‌തകത്തിന്റെ പേരിലാണ്. എല്ലാ പത്രമാസികകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും സ്‌ത്രീകള്‍ക്കുമാത്രമായി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതില്‍ ഏതെങ്കിലും രംഗത്ത് പ്രശസ്‌തിയിലേക്ക് എത്തിയ സ്‌ത്രീയെ അവതരിപ്പിക്കുമ്പോള്‍ അവസാനം ചോദിക്കുന്ന ചോദ്യം ഇങ്ങനെയായിരിക്കും. അതാണ് പ്രധാനം. നിങ്ങളുടെ വളര്‍ച്ചയില്‍ കുടുംബം എങ്ങനെ സഹായിക്കുന്നു/നിങ്ങള്‍ ഇത്രസമയം വീട്ടില്‍നിന്നു മാറിനില്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെയും ഭര്‍ത്താവിന്റെയും കാര്യം ആരു നോക്കും?/ഏതു തരത്തിലും നിറത്തിലുമുള്ള വസ്‌ത്രമാണ് ധരിക്കാനിഷ്‌ടം. ഇങ്ങനെ പോകും. ഇതേ ചോദ്യം ഒരിക്കലും ഒരു പുരുഷനെ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ ചോദിച്ചുകേട്ടിട്ടില്ല.

ഇതിന്റെ അര്‍ഥം ഇതാണ്. സമൂഹം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്‌ത്രീയുടെ ഇടം വീടും അവസ്ഥ ഇരയുടേതുമാണ്. അവളതു ലംഘിക്കുന്നുണ്ടോ എന്ന് ഓര്‍മപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. വേട്ടക്കാരന്റെയും ഇരയുടെയും റോളില്‍നിന്ന് എന്നാണോ സ്‌ത്രീക്കും പുരുഷനും പുറത്തുകടക്കാന്‍ കഴിയുക അപ്പോള്‍ മാത്രമേ സ്‌ത്രീയുടെ യഥാര്‍ഥ സത്തയിലൂന്നിയ രചനകള്‍ പുറത്തുവരികയുള്ളൂ.

നമ്മുടെ ഏറ്റവും പുതിയ എഴുത്തുകാരികള്‍ എഴുത്തിനെ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. അക്കാദമിയില്‍ നടന്ന സ്‌ത്രീകളുടെ സംഗമത്തില്‍ ഇന്ദുമേനോന്‍ പറഞ്ഞു. 'ഞാന്‍ കഥകളെഴുതുന്നത് എന്റെ അമ്മ കുഞ്ഞിനെ നോക്കുകയും അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ടും രാത്രി ഭര്‍ത്താവ് എന്നെ ഇരുന്ന് എഴുതാന്‍ അനുവദിക്കുന്നതുകൊണ്ടുമാണ്.'

" ഗൌരവപൂര്‍വം മലയാള ചെറുകഥയില്‍ ഇടപെടുന്ന എഴുത്തുകാരിപോലും എഴുത്തിനെ കാണുന്നത് മറ്റുള്ളവരുടെ ഔദാര്യത്തില്‍ നടക്കുന്ന, ജീവിതവുമായി ബന്ധമില്ലാത്ത, എഴുതാന്‍വേണ്ടി മാത്രമുള്ള ഒന്ന് എന്നാണ്. സ്‌ത്രീക്ക് എല്ലാ ജോലിയും കഴിഞ്ഞ് അല്‍പ്പസമയമേ എഴുതാന്‍ കിട്ടുന്നുള്ളൂ അതുകൊണ്ട് അവളുടെ എഴുത്തിനെ ആ പരിമിതിയോടെ കാണണം" എന്നാണ് കവിതാരംഗത്ത് സജീവസാന്നിധ്യമായ ബിന്ദുകൃഷ്ണന്‍ ഒരു ലേഖനത്തില്‍ എഴുതിയത്. പുതിയ എഴുത്തുകാരികളുടെ കൂട്ടത്തിലെ രോഷ്നിസ്വപ്ന ഒരഭിമുഖത്തില്‍ പറയുന്നത് തന്റെ അച്‌ഛനും ഭര്‍ത്താവും ഇത്രയധികം കൂടെനില്‍ക്കുന്നതുകൊണ്ടാണ് എഴുതാന്‍ കഴിയുന്നത് എന്നാണ്."

ഈ വര്‍ഷം വായനയില്‍ ശ്രദ്ധേയമായ ചില സ്‌ത്രീ രചനകള്‍ ഇവയൊക്കെയായിരുന്നു. ദയാബായ്- പച്ചവിരല്‍, പി ഗീത - പെണ്‍കാലങ്ങള്‍, സജിത മഠത്തില്‍- മലയാള നാടകസ്‌ത്രീചരിത്രം, ജെ ദേവിക- കുലസ്‌ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, കെ ആര്‍ ഗൌരിയമ്മ- ആത്മകഥ എന്നിവയാണ്. വ്യത്യസ്‌തങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ പുസ്‌തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്.


*****


ഡോ. റോസി തമ്പി, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

Wednesday, October 13, 2010

വീണ്ടുമൊരു പൊളിച്ചെഴുത്ത്

കോമാളിയ്ക്കറിയാമോ കോടതിവിധി

ഒരുഗതിയും പരഗതിയുമില്ലാതെ തിരഞ്ഞെടുപ്പുഗോദയില്‍ കിടന്നു പരുങ്ങുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാന്‍ മനോരമ പെടുന്നപാട് ചില്ലറയൊന്നുമല്ല. ലോട്ടറി കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധം സിംഗ്‍വി വന്ന് ഇടിച്ചിട്ടു. അക്കാലമൊന്ന് അതിജീവിക്കാന്‍ ചാണ്ടിയും രമേശും സതീശും തോമസുമൊക്കെ വിളിച്ച ഈശ്വരന്മാരില്ല, നോറ്റ നോമ്പുകളോ പോയ ദേവാലയങ്ങളോ എണ്ണാവതുമല്ല. സിംഗ്‍വിയെ കോണ്‍ഗ്രസ് മണിയറയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചതോടെ ജനം എല്ലാം മറന്നുവെന്നും കളി ഒന്നേന്ന് തുടങ്ങിയെന്നുമാണ് അച്ചായന്‍ പത്രം ഭാവിക്കുന്നത്. പക്ഷേ സിംഗ്‍‍വി ഇംപാക്ട് അങ്ങനെയങ്ങ് വിട്ടുപോകുന്നുമില്ല.

സംശയമുണ്ടെങ്കില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച എഡിറ്റ് പേജില്‍ മനോരമ പ്രസിദ്ധീകരിച്ച കോട്ടയില്‍ കുടുങ്ങിയ എലിക്കുഞ്ഞന്‍സ് എന്ന ആക്ഷേപഹാസ്യ അപഹാസ്യം വായിക്കുക. ഫലിതം എന്ന വ്യാജേനെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച് മാലോകരെ ചിരിപ്പിക്കാന്‍ വിമതന്‍ എന്ന ദേഹം അത്യദ്ധ്വാനം ചെയ്യുന്നുവെങ്കിലും ആക്ഷേപഹാസ്യക്കാരന്റെ തൊലിക്കട്ടി കണ്ടാണ് നാട്ടുകാര്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നത്.

ഫലിത ബിന്ദുക്കള്‍ "കാണ്ഡം കാണ്ഡമായി" വായിച്ചാലും....

രാവണന്‍കോട്ടയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കുന്ന ചിന്നനെലിയെ ബാലപ്രസിദ്ധീകരണങ്ങളില്‍ കണ്ടിട്ടില്ലേ? ചിന്നനെലിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്നായിരിക്കും വായനക്കാര്‍ക്കുള്ള നിര്‍ദേശം. എലിക്കുഞ്ഞനെ സഹായിക്കാന്‍ വിമതന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, അതീവബുദ്ധിശാലികളായ വായനക്കാര്‍ ഏറെയുള്ളതുകൊണ്ട് എലിക്കുഞ്ഞന്‍ വീടെത്താതെ പോവില്ലെന്നു സമാശ്വസിച്ചു പിന്‍വാങ്ങാറാണു പതിവ്.

ബാലജനസഖ്യം വഴി അച്ചായന്‍ പത്രം ഊതിപ്പെരുപ്പിച്ച് വലുതാക്കിയ ഉമ്മന്‍ചാണ്ടിയാണ് പെരുവഴിയില്‍ കിടന്ന് മൂക്കു ചീറ്റുന്നത്. പറയാന്‍ ഒരു വിഷയമില്ല. വിക്കിയും മൂളിയും തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിക്കുന്നതൊന്നും ഏശുന്നില്ല. മനോരമയും മാതൃഭൂമിയും ജാക്കി വെച്ച് പൊക്കിയിട്ടും ചാണ്ടിക്കുഞ്ഞിന്റെ നമ്പരുകളൊന്നും ഏല്‍ക്കുന്നുമില്ല. മാമ്മന്‍ മാത്യു മുതല്‍ വിമതന്‍ വരെയും വീരേന്ദ്രകുമാരന്‍ മുതല്‍ ഇന്ദ്രന്‍ വരെയും ആഞ്ഞു പിടിക്കുന്നത് ഒറ്റലക്ഷ്യത്തോടെ.. ഈ പാവം എലിക്കുഞ്ഞനെ കരകയറ്റിയേ പറ്റൂ. പക്ഷേ ഫലമെന്ത്... ചാണ്ടി രക്ഷപെടുന്നുമില്ല, മൂക്കൊലിപ്പ് ഒടുങ്ങുന്നുമില്ല.

വിമതന്‍ പറയുന്നു....
സിങ്വി സാര്‍ വന്നു മൂന്നു ദിവസം പഞ്ചനക്ഷത്രത്തില്‍ കുളിച്ചുണ്ടും കുടിച്ചുണ്ടും താമസിച്ചു മടങ്ങിയതോടെ ഐസക് മന്ത്രി രാവണന്‍കോട്ടയില്‍നിന്നു തടി സലാമത്താക്കിയെന്നു തോന്നിയതാണ്. പക്ഷേ, എന്തു ചെയ്യാം? കോട്ടവാതില്‍ കഷ്ടിച്ചു കടന്നപ്പോള്‍ അതാ, മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന ഒരു കിടങ്ങ്!

രാവണന്‍കോട്ട പണിഞ്ഞ് ഐസക്കിനെ അതിലുളളില്‍ തളയ്ക്കാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയത് മനോരമയാണ്. ലാവലിന്‍ കേസില്‍ കളളക്കഥകള്‍ ചമച്ച പരിചയമുളള ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ അപവാദപ്രതിഭകള്‍ക്കായിരുന്നു കൊട്ടേഷന്‍. പേജായ പേജൊക്കെ ലോട്ടറിക്കളളങ്ങളാല്‍ പൂത്തുലഞ്ഞു...പല നിറങ്ങളില്‍ പല വലിപ്പത്തില്‍ ഗംഭീരതലക്കെട്ടുകള്‍. നുണയില്‍ മുങ്ങിയ പരമ്പരകള്‍... ഐസക് കുടുങ്ങിയത് തന്നെന്ന് മാമ്മുക്കുട്ടിച്ചായന്‍ ഉറപ്പിച്ചു. പത്രം കെട്ടിയ മനക്കോട്ടയുടെ സ്കെച്ചും പ്ലാനും വിമതന്‍ വരച്ചിട്ടു.

അതായത് .... രാവണന്‍ കോട്ട കെട്ടുന്നത് മനോരമ, കോട്ടവാതില്‍ കഷ്ടിച്ച് കടന്നുവെന്ന് വിധിക്കുന്നത് മനോരമ. കിടങ്ങ് കിടക്കുന്നുവെന്ന് മനോരമ. അത് കണ്ട് ഐസക്ക് വാ പൊളിക്കുന്നുവെന്ന് മനോരമ.. ചുരുക്കത്തില്‍ ആണ്ടിയുടെ അടിയെക്കുറിച്ച് ആണ്ടി വക മഹാകാവ്യം. കാവ്യത്തിന് അവാര്‍ഡ് പ്രഖ്യാപിക്കുന്നതും നിരൂപണം എഴുതുന്നതും സാക്ഷാല്‍ ആണ്ടി...

ഇനിയാണ് ആണ്ടിയുടെ നിഷ്പക്ഷന്‍ കളി...

കോട്ടയില്‍നിന്നു രക്ഷപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അത്ര ഭാഗ്യവാന്‍മാരൊന്നുമല്ല. മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കളെക്കുറിച്ചു കേള്‍ക്കുന്നില്ലെന്നതു വലിയ ആശ്വാസമാണ്. എന്നാല്‍, കഥയുടെ പരിണാമഗുപ്തി എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാതെയാണു ലോട്ടറി നാടകം പുരോഗമിക്കുന്നത് എന്നതുകൊണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിനു വരുത്തിവച്ച ചീത്തപ്പേര് നാട്ടുകാര്‍ ഒരുവിധം മറന്നുവരുമ്പോഴായിരുന്നു സിങ്വി സാറിന്റെ എഴുന്നള്ളത്ത്. കുറച്ചുനാളത്തേക്കു വാ തുറക്കേണ്ടെന്നു സാറിനോടു നിര്‍ദേശിച്ചതുകൊണ്ടു തല്‍ക്കാലം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമെന്ന നില വന്നിട്ടുണ്ടെന്ന് ആശ്വസിക്കാം.

മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കന്മാരെക്കുറിച്ച് കേള്‍ക്കുന്നില്ലെന്നത് വലിയ ആശ്വസമാണ് പോലും. ആര്‍ക്ക്... മാര്‍ട്ടിന്‍ കോടതി കയറുമ്പോഴൊക്കെ രക്ഷിക്കാന്‍ ഓടിയെത്തുന്നത് ചിദംബരത്തിന്റെ പെമ്പിളേം തൃപ്പുത്രനുമാണെന്ന് ഇന്നേവരെ വിമതന്റെ പത്രം എഴുതിയിട്ടില്ല. അത് മറച്ചു വെച്ച് മനോരമ കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ പറയുന്ന "ആശ്വാസം". മാര്‍ട്ടിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയെടുക്കാത്തത് ചിദംബരത്തിന്‍റെ വകുപ്പ്. വിഎസ് അയച്ച അന്വേഷണ റിപ്പോര്‍ട്ട് മുക്കിയത് മന്‍മോഹന്‍ സിംഗ്. ലോട്ടറി മാഫിയയ്ക്കെതിരെ നിവേദനങ്ങളും പരാതികളും പ്രവഹിക്കുമ്പോള്‍ ഭൂട്ടാനിലേയ്ക്ക് നോക്കി ഏമ്പക്കം വിട്ടവര്‍ മനമോഹന്‍, ശിവരാജ് പാട്ടീല്‍, ചിദംബരം മുതല്‍പേര്‍.

ചുരുക്കത്തില്‍ "കേരളത്തെ കുത്തിപ്പൊളിച്ച് കൊളളയടിച്ച് വാ മകനേ" എന്ന് സാന്റിയാഗോ മാര്‍ട്ടിന്‍റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് അയച്ചത് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിലെ കൊടികെട്ടിയ വീരന്മാരും. മാര്‍ട്ടിന് ആവശ്യം വരുമ്പോഴൊക്കെ അനുകൂലമായ രേഖകളും കത്തുകളും ചമയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഊണും ഉറക്കവും കളഞ്ഞ് കാത്തിരിക്കുന്നു. ഇതൊന്നും ഇന്നേവരെ മനോരമ പുറത്തുപറഞ്ഞിട്ടില്ല. ജി വിനോദും സഞ്ജയ് ചന്ദ്രശേഖറും നടത്തിയ ലോട്ടറി വേട്ടയില്‍ ചിദംബരത്തിന്‍റെയും ശിവരാജ് പാട്ടിലീന്റെയും കഥകളില്ല. അപ്പോള്‍ പിന്നെ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമല്ലോ.

മാത്രവുമല്ല മണികുമാര്‍ സുബ്ബയെന്നൊരുത്തന്‍ കോണ്‍ഗ്രസിന് ചീത്തപ്പേര് വരുത്തിവെച്ചുപോലും. ച്ചാല്‍... സല്‍പ്പേരിന്റെ പാലാഴിയില്‍ അതുവരെ നീന്തിത്തുടിക്കുകയായിരുന്നു കോണ്‍ഗ്രസ്. സുബ്ബ വന്നതോടെ സംഗതി ചീത്തപ്പേരായി. സുബ്ബ പാര്‍ലമെന്‍റിലേയ്ക്ക് മത്സരിച്ചത് 1998ല്‍. സോണിയ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അതേവര്‍ഷം. സോണിയയ്ക്കൊപ്പം സുബ്ബയ്ക്കും വെച്ചടി കേറ്റമായിരുന്നു. മൂവട്ടം എം പി. ആസാം പിസിസി ട്രഷറര്‍. സുബ്ബയ്ക്കൊപ്പം ചീത്തപ്പേരും വളര്‍ന്നു. കൊലപാതകക്കേസില്‍ നേപ്പാളിലെ ജയിലിലായിരുന്നത്രേ വാസം. ജയില്‍ ചാടിയ സുബ്ബ ആസാം അസംബ്ലയില്‍ എംഎല്‍എ ആയി പൊങ്ങി. പാര്‍ട്ടി കോണ്‍ഗ്രസ്, ചിഹ്നം കൈപ്പത്തി.

പൗരത്വം സംബന്ധിച്ച് സിബിഐ കേസ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പലവിധം ലോട്ടറിക്കേസുകള്‍. സുബ്ബ മഹാ സംഭവമായി. മഹാസംഭവത്തെ എംപിയാക്കി കോണ്‍ഗ്രസ് ആദരിച്ചു. സുബ്ബയുടെ വീരകൃത്യങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയത് സാക്ഷാല്‍ പ്രണബ് മുഖര്‍ജി. ഒടുവിലിപ്പോള്‍ ബലാത്സംഗക്കേസില്‍ പ്രതിയായി സുബ്ബ ഒളിവില്‍.
പക്ഷേ, ദോഷം പറയരുത്. ഈ വിവരങ്ങളൊന്നും മനോരമയുടെ ലോട്ടറി പരമ്പരയില്‍ ഇല്ല. സുബ്ബയെക്കുറിച്ച് മാതൃഭൂമിയും മിണ്ടിയില്ല. ഇവരാരും മിണ്ടാതിരുന്നിട്ടും കോണ്‍ഗ്രസിന് എങ്ങനെ ചീത്തപ്പേരുണ്ടായി എന്നാണ് അത്ഭുതം. ..

കുറച്ചുനാളത്തേയ്ക്ക് വാ തുറക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിംഗ്‍വി സാറിനോട് നിര്‍ദ്ദേശിച്ചുപോലും. തുറന്ന വായില്‍ നിന്ന് തെറിച്ചുവീണത് ഒന്നാന്തരം വാദങ്ങളായിരുന്നുവെന്ന് വിമതന്‍ മിണ്ടുന്നില്ല. പ്രതിദിനം 24 നറുക്കെടുപ്പ് നടത്താന്‍ സാന്‍റിയാഗോ മാര്‍ട്ടിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനുളള ന്യായമോ കേന്ദ്രലോട്ടറി ചട്ടത്തില്‍ അങ്ങനെ പറയുന്നുണ്ടത്രേ. ചട്ടമുണ്ടാക്കിയതാര്... ചിദംബരം...

മാര്‍ട്ടിന് യഥേഷ്ടം കൊള്ളനടത്താന്‍ വേണ്ടി ചിദംബരം ചട്ടമുണ്ടാക്കുന്നു. ആ ചട്ടം പാലിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിക്കുന്നു. എന്നിട്ടും മനോരമ രാവണന്‍കോട്ട കെട്ടുന്നത് ഐസക്കിനെ കുടുക്കാന്‍. കിടങ്ങ് കുഴിക്കുന്നത് ഐസക്കിനെ വീഴ്ത്താന്‍.

സിം‍ഗ്‍വിയ്ക്ക് വക്കാലത്തും വക്കീല്‍ഫീസും നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തിന്നാനും കുടിക്കാനും കിടക്കാനും പണമൊഴുക്കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തനിക്ക് വക്കാലത്ത് തന്നത് ഭൂട്ടാന്‍ സര്‍ക്കാരാണെന്ന സിം‍ഗ്‍വിയുടെ വാദത്തിന് നേരത്തോടുനേരം പോലും ആയുസുണ്ടായില്ല. എന്നിട്ടും മാര്‍ട്ടിന്റെ വക്കാലത്ത് ഭൂട്ടാന്‍റേതായത് എങ്ങനെയാണ് അന്വേഷിക്കാന്‍ മനോരമയിലെ പത്രപ്പുലികള്‍ പരക്കം പാഞ്ഞില്ല.

മനോരമക്കാര്‍ എന്തന്വേഷിക്കണമെന്നും എന്തെഴുതണമെന്നും ഉമ്മന്‍ചാണ്ടി നിശ്ചയിക്കും. മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ടെന്ന പരസ്യവാചകത്തിലെ അദൃശ്യനായ കര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ മനസിലുളളതേ മനോരമയില്‍ അച്ചടിക്കപ്പെടൂ. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും, സതീശന്‍ വ്യാഖ്യാനിക്കും. ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ തൂലികാനാമങ്ങള്‍ വഴി പുറംലോകം വായിക്കും.

ഇവരൊക്കെ എഴുതിക്കൂട്ടിയത് കൊണ്ട് തോമസ് ഐസക് രാവണന്‍ കോട്ടയില്‍ കുടുങ്ങിപ്പോയെന്ന് വിമതന്‍ നിരീക്ഷിക്കും. നാട്ടുകാര്‍ അവരുടെ പാടുനോക്കി പോവും.

ഐസക്കിനെ വീഴ്ത്താന്‍ മനോരമ കുഴിച്ച കിടങ്ങ് ഇതായിരുന്നു.

കോയമ്പത്തൂരിലെ മാര്‍ട്ടിന്‍സാറിന്റെ മേഘത്തെ തള്ളിപ്പറഞ്ഞു കിടങ്ങു താണ്ടാമെന്നു കരുതിയപ്പോള്‍ അതാ വരുന്നു അടുത്ത ശകുനംമുടക്കി. മേഘത്തിന്റെ കയ്യില്‍നിന്ന് എന്തിനു 30 മാസം കാശു വാങ്ങിയെന്നായി അടുത്ത ചോദ്യം.

ഈ ചോദ്യം ചോദിച്ചവന്‍ ജി. വിനോദ്. ചോദ്യം ചോദിക്കാനേ പുളളിക്കറിയൂ. ഉത്തരം തേടാന്‍ കോടതിവിധികളൊന്നും വായിച്ച് മനസിലാക്കാനുളള കപ്പാക്കുറ്റിയില്ലാതായിപ്പോയി. സംശയനിവാരണം നടത്താന്‍ ആകെയുളള അത്താണി വിഡി സതീശനും. ഐസക് മേഘയുടെ കയ്യില്‍ നിന്ന് നികുതി വാങ്ങാന്‍ വിസമ്മതിച്ചെന്നും അവര്‍ കോടതിയില്‍ പോയെന്നും കോടതി മേഘയ്ക്ക് അനുകൂലമായി കേസ് വിധിച്ചെന്നും തെളിവായി സ്വീകരിച്ച് ഉമ്മന്‍ചാണ്ടി നല്‍കിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്നും അക്കാര്യം വെടിപ്പോടെ കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജി വിനോദിനറിയില്ല. സതീശനൊട്ട് പറഞ്ഞുകൊടുത്തുമില്ല. അതുകൊണ്ട് ടിയാന്‍ ഒരു തറവേല ചെയ്തു.

താന്‍ ചോദിച്ചത് ഒരു മഹാചോദ്യമാണെന്നും ആ ചോദ്യം കണ്ട് തോമസ് ഐസക്ക് പകച്ചു പനിച്ചു വിറച്ചുകിടക്കുകയാണെന്നും വേറേ പേരില്‍ മനോരമയില്‍ തന്നെ എഴുതിവെച്ചു...

ആണ്ടിയുടെ അടിയെക്കുറിച്ച് സാക്ഷാല്‍ ആണ്ടി രചിക്കുന്ന മഹാകാവ്യങ്ങള്‍ ഇനിയും തുടരും...

*

പൊളിച്ചെഴുത്ത് ബ്ലോഗിലെ കോമാളിയ്ക്കറിയാമോ കോടതിവിധി എന്ന പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണം.

Monday, September 27, 2010

കഥയിലെ സംവാദസ്ഥലങ്ങള്‍

മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളാണ് ആനന്ദ്. കഴിഞ്ഞനാലു പതിറ്റാണ്ടായി മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നോവലിസ്‌റ്റ് എന്ന നിലയിലുള്ള പ്രശസ്‌തിയുടെ പ്രഭാപ്രസരത്തില്‍ ആനന്ദിലെ ചെറുകഥാകൃത്ത് മറഞ്ഞു നില്‍ക്കുന്നതുപോലെയുണ്ട്. ആസ്വാദകലോകത്തിന്റെ പൊതുബോധത്തില്‍ ചെറുകഥാകൃത്തായ ആനന്ദ് വേണ്ടത്ര അടയാളപ്പെട്ടുവോ എന്നും സംശയമുണ്ട്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറുകഥ എന്ന ഗണത്തില്‍പ്പെടുത്തി ആനന്ദ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള രചനകളില്‍ ഏറെയും ആ സാഹിത്യഗണത്തെക്കുറിച്ച് മലയാളത്തില്‍ പുലരുന്ന സാമാന്യധാരണയ്‌ക്ക് അത്ര ഇണങ്ങിയവയുമല്ല. ഏകാഗ്രവും ഭാവാത്മകവുമായ, ലിറിക്കല്‍ സ്‌പര്‍ശമുള്ള കഥാസങ്കല്‍പത്തില്‍നിന്ന് അകലെയാണ് അവയിലേറെയും. ചിലതൊക്കെ സാങ്കേതികാര്‍ഥത്തില്‍ ചെറുകഥ എന്നു വിളിക്കാന്‍ കഴിയാത്തതും നോവലെറ്റിന്റെ ദൈര്‍ഘ്യം പുലര്‍ത്തുന്നതുമാണ്. ചില രചനകളിലാകട്ടെ പ്രബന്ധാത്മകതയാണ് മുന്നിട്ടുനില്‍ക്കുന്നത്.

ചെറുകഥകളെഴുതി അംഗീകാരം നേടിയവര്‍ നോവല്‍ രംഗത്തേക്ക് ചുവടുവയ്‌ക്കുന്നതാണ് മലയാളത്തില്‍ കണ്ടുവരുന്ന പൊതുരീതി. ഇതിന് അപവാദമായി എടുത്തു പറയാവുന്ന എഴുത്തുകാര്‍ വളരെക്കുറച്ചേയുള്ളൂ. അതിനാല്‍ നമ്മുടെ മിക്ക നോവല്‍ രചയിതാക്കളും അവരുടെ ആദ്യനോവലുമായി കടന്നുവരുമ്പോള്‍ സഹൃദയലോകത്തിന് അപരിചിതര്‍ ആയിരിക്കുകയില്ല. ഇതില്‍നിന്ന് വ്യത്യസ്‌തമായിരുന്നു ആനന്ദ് എന്ന നോവലിസ്‌റ്റിന്റെ രംഗപ്രവേശം. 'ആള്‍ക്കൂട്ടം' 1970ല്‍ പുറത്തുവരുമ്പോള്‍ ആനന്ദ് മലയാസാഹിത്യരംഗത്ത് പുതുമുഖം ആയിരുന്നു. രണ്ടുകൊല്ലത്തിനുശേഷം 'മരണസര്‍ട്ടിഫിക്കറ്റ് ' എന്ന നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാണ് ആനന്ദിന്റെ ചില കഥകള്‍ ആദ്യമായി ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അവ 1960കളുടെ തുടക്കത്തില്‍ത്തന്നെ എഴുതപ്പെട്ട കഥകളായിരുന്നുവെന്നും എം. ഗോവിന്ദന്റെ താല്‍പര്യമാണ് ആള്‍ക്കൂട്ടത്തിന്റെ പ്രസാധനത്തിലെന്നവണ്ണം കഥകളുടെ പ്രസിദ്ധീകരണത്തിനും പ്രേരണയായിത്തീര്‍ന്നതെന്നും 'ആനന്ദിന്റെ കഥകള്‍' എന്ന സമാഹാരത്തിന്റെ അവതരണലേഖനത്തില്‍ കെ.സി. നാരായണന്‍ വെളിപ്പെടുത്തുന്നുണ്ട്. ആ നിലയിലാണ് ആ പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുള്ള കഥകളുടെ രചനാകാലം രേഖപ്പെടുത്തിയിട്ടുള്ളതും.

അവയില്‍ ആദ്യത്തേത് 1960ല്‍ എഴുതിയതായി കാണുന്ന 'പൂജ്യം' എന്ന രചനയാണ്. ആശയപ്രധാനമായ ആഖ്യാനമായി ചെറുകഥയെ മാറ്റിയ ആനന്ദിന്റെ രീതി ആ രചനയില്‍ത്തന്നെ രൂപപ്പെടുന്നു. കഥയിലെ ആഖ്യാതാവ് ഗുജറാത്തിലെ കത്തിയവാറില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് പരിചയപ്പെട്ടിരുന്ന ഒരു സാധാരണ മനുഷ്യനാണ് ജാനിബാപ്പ. ഹിമാലയത്തിന്റെ താഴ്വരയില്‍ കിടക്കുന്ന നഗരത്തിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ആഖ്യാതാവിനെ ഒരു സ്‌നേഹിതന്‍ ജാനിബാപ്പയുടെ മരണവിവരം ഒരു കത്തിലൂടെ അറിയിക്കുന്നു. ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനും എണ്ണപര്യവേഷകനുമായ ആഖ്യാതാവില്‍ ആ കത്ത് ഉണര്‍ത്തിയ ഓര്‍മകളെ തുടര്‍ന്നുണ്ടാകുന്ന ചിന്തകളാണ് കഥയുടെ ഉള്ളടക്കം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മരിച്ചു മണ്ണടിഞ്ഞ സസ്യജന്തുജാലങ്ങളും - മനുഷ്യരും - ഒക്കെയാണല്ലോ താനിപ്പോള്‍ കണ്ടെത്തുന്ന എണ്ണയുടെ മൂലഘടകങ്ങള്‍ എന്നയാള്‍ ആലോചിക്കുന്നു. "ലക്ഷക്കണക്കിനു കൊല്ലങ്ങള്‍ക്കു മുന്‍പും നിലനിന്നിരുന്ന കോടാനുകോടി ചെറുജീവികള്‍ ഭൂഗര്‍ഭത്തില്‍ ആയിരക്കണക്കിനു മീറ്റര്‍ താഴെ ശ്വാസംമുട്ടി കിടന്നതിനുശേഷം ഇപ്പോഴാണ് എണ്ണയുടെയും ഗ്യാസിന്റെയും യാഥാര്‍ഥ്യത്തില്‍ക്കൂടി തങ്ങളുടെ മരണത്തെയും അസ്‌തിത്വത്തെയും വെളിവാക്കുന്നത്. ജെങ്കീസ്‌ഖാനും ഹിറ്റ്ലറും വിട്ടേച്ചുപോയ അസ്ഥിക്കഷണങ്ങുടെ കൂമ്പാരത്തില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ചുമന്ന പട്ടികള്‍ തങ്ങള്‍ക്കു ജീവനുണ്ടായിരുന്നു എന്നു വിളിച്ചു പറയുന്നു. ഇതാ, ജാനിബാപ്പയും കണ്‍ഫര്‍മേറ്ററി ടെസ്‌റ്റും പാസ്സായി താന്‍ ജീവനുള്ള ഒരു വസ്‌തുവായിരുന്നു എന്നു തെളിയിച്ചിരിക്കുന്നു.''

ഈ ആദ്യകഥയില്‍ത്തന്നെ ആനന്ദ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അവബോധവും കാഴ്‌ചപ്പാടും വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥയെക്കുറിച്ചും പ്രകൃതിയിലെ ജീവജാലങ്ങളും അനന്തമായ നൈരന്തര്യത്തിലെ ഒരു കണ്ണിമാത്രമാണ് അവന്‍/അവള്‍ എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും ഈ കഥ ഓര്‍മിപ്പിക്കുന്നു. പ്രാക്‌ ചരിത്രത്തിനുമപ്പുറം നീണ്ടു കിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പായി അത് മാറുന്നു.
ചരിത്രവും മനുഷ്യാവസ്ഥയും തമ്മിലുള്ള ബന്ധത്തെ ആനന്ദ് പേര്‍ത്തും പേര്‍ത്തും ആവിഷ്‌കരിക്കുന്നുണ്ട്. അവിടെയും അടിസ്ഥാന സമസ്യ മനുഷ്യന്റെ സ്വത്വവും സ്വാതന്ത്യവും എന്നതുതന്നെ. വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനത്തിലൂടെയാണ് ആനന്ദ് ഇത് നിര്‍ധരിക്കുന്നത്. എഴുപതുകളില്‍ എഴുതിയ കഥകളില്‍ അന്നത്തെ സവിശേഷമായ രാഷ്‌ട്രീയാവസ്ഥയുടെ വിങ്ങുന്ന പ്രേരണകൊണ്ടാവാം ഇത് അസ്വാസ്ഥ്യജനകമാംവിധം വളരുന്നുണ്ട്. അവ ചരിത്രത്തിന്റെ ക്രൂരയാഥാര്‍ഥ്യങ്ങളെ കൂടുതല്‍ നിശിതമായി അവതരിപ്പിക്കുന്നവയായിത്തീര്‍ന്നു. ജനാധിപത്യത്തിന്റെ പ്രഛന്നമായ മൂടുപടത്തിനുള്ളില്‍ ദംഷ്‌ട്രകള്‍ വെളിപ്പെടുത്തിത്തുടങ്ങിയ ഏകാധിപത്യം സൃഷ്‌ടിച്ച സംഘര്‍ഷത്തിന്റെ കാലമായിരുന്നു അത്. അടിയന്തരാവസ്ഥാപ്രഖ്യാപനത്തോടെ അത് എല്ലാ ആവരണങ്ങളും അഴിച്ചുകളഞ്ഞ് നഗ്നതാണ്ഡവമാടി. ആ കാലത്തിന്റെ ഭരണകൂടസ്വഭാവത്തെ ഒട്ടൊക്കെ അന്യാപദേശമട്ടില്‍ ആഖ്യാനം ചെയ്യുന്ന ഒരു രചനയാണ് 'ബാദ്ഷാനാ'. കൊള്ളക്കാരനായിത്തുടങ്ങി ക്രമേണ ഭരണാധികാരിയായിത്തീരുന്നവനാണ് ബാദ്ഷാ. ഭരണം തന്നെ ഒരു കൊള്ളയാക്കി മാറ്റുന്ന വര്‍ഗത്തിന്റെ പ്രതിനിധിയാണയാള്‍. ജനങ്ങള്‍ തന്നെയാണ് തന്റെ ശത്രുക്കള്‍ എന്നാണയാളുടെ മനോഭാവം. അത് ആ വര്‍ഗത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെയാകുന്നു. ആ യാഥാര്‍ഥ്യത്തെ അതീവ മൂര്‍ച്ചയോടും പൌരുഷ്യത്തോടും അവതരിപ്പിക്കുന്ന ഈ കഥ ഏകാധിപത്യത്തിന്റെ മനഃശാസ്‌ത്രത്തിലേക്കും ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്. 'കുഴി', 'കൊടുമുടി' എന്നീ കഥകളുടെ അന്തര്‍ധാരയും ആ രാഷ്‌ട്രീയാവസ്ഥയോടുള്ള പ്രതികരണാമെന്ന നിലയില്‍ രൂപപ്പെട്ടിട്ടുള്ളതാണ്.

എണ്‍പതുകള്‍ മുതല്‍ ആനന്ദ് എഴുതിയ കഥകളില്‍ ഏറെയും സമൂഹത്തിലെ സാധാരണ മനുഷ്യരെ വെറും ഇരയാക്കി മാറ്റുന്ന നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വ്യത്യസ്‌തമായ മുഖങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. എന്താണ് നീതി? യഥാര്‍ഥത്തില്‍ നമ്മുടേതുപോലെയുള്ള ഒരു വ്യവസ്ഥയില്‍ നീതി ലഭിക്കുന്നുണ്ടോ? എന്തുകൊണ്ട് ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു? ഏത് അധികാരവ്യവസ്ഥയും എന്തുകൊണ്ട് ജനങ്ങളെ ഇരയായിക്കാണുന്നു; നീതി തേടുന്നവനെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു? ഇത്തരത്തിലുള്ള നൈതിക സമസ്യകളെയും അവ സൃഷ്‌ടിക്കുന്ന ഉല്‍ക്കണ്‌ഠകളെയും പ്രമേയമാക്കുന്ന രചനകളാണ് 'ആറാമത്തെ വിരല്‍', 'ഹരജി' തുടങ്ങിയ ചെറുകഥകള്‍.

കോടതിവ്യവഹാരം എന്ന രാവണന്‍ കോട്ടയിലേക്കു കടക്കുന്ന, ആ വ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചൊന്നുമറിഞ്ഞുകൂടാത്ത ഒരു വൃദ്ധന്റെയും കുട്ടിയുടെയും ചലനങ്ങളെ പിന്തുടരുന്ന ആഖ്യാനമെന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുള്ള കഥയാണ് 'ഹരജി'. ജമീന്ദാര്‍ തട്ടിയെടുത്ത കിടപ്പാടത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഹരജി കൊടുക്കാനെത്തുന്ന വൃദ്ധന്റെ ദൈന്യവും അനിവാര്യമായി അതിനുണ്ടാകാനിടയുള്ള നിഷ്‌ഫലതയും ആ വ്യവസ്ഥയ്‌ക്കുള്ളില്‍ പെട്ടുകഴിഞ്ഞാല്‍ ഉണ്ടാക്കാവുന്ന നിസ്സഹായതയും ഒക്കെ ആ കഥയില്‍ വ്യഞ്ജിക്കുന്നുണ്ട്. കഥാന്ത്യത്തില്‍ ആ അവസ്ഥയുടെ അവ്യവസ്ഥിതത്വം കഥാകൃത്ത് ഇങ്ങനെ വരച്ചിടുന്നു: "ഏതായാലും നടന്നുപോകുന്ന ആ വൃദ്ധന്റെയും കുട്ടിയുടെയും മുന്‍പിലെ വഴി അറ്റമില്ലാതെ വഴി മാത്രമായി കിടന്നു. അവര്‍ അതിലൂടെ നടന്നുകൊണ്ടിരുന്നു. നൂറ്റാണ്ടുകളും കാലഘട്ടങ്ങളും കടന്നുപോകുമ്പോള്‍ ഉയരുകയും വീണ്ടും അമരുകയും ചെയ്യുന്ന പൊടി ആ വഴിയില്‍ അവരെ വിഴുങ്ങി.

ചക്രവര്‍ത്തിമാര്‍ പണ്ട് ഉയര്‍ത്തിക്കെട്ടിയ ലേല ഗൃഹങ്ങളില്‍ വാങ്ങലുകാര്‍ തമ്മില്‍ പൊരുതിയപ്പോള്‍ ഇപ്പോള്‍ നേതാക്കള്‍ തുറന്നിട്ട ബസാറുകളില്‍ വില്‍പനക്കാര്‍ തമ്മില്‍ മല്‍സരിച്ചു എന്നുമാത്രം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള പ്രയാണം ഹരജിക്കാര്‍ക്കു മോചനമായില്ല. വ്യവസ്ഥിതികളും തത്വശാസ്‌ത്രങ്ങളും ഘനീഭവിച്ചുണ്ടായ ആലയങ്ങളൊന്നും തന്നെ, സങ്കേതങ്ങളാകാതെ, സത്രങ്ങള്‍ മാത്രമായി, ഇത്തിരി ആശ്വാസമോ പ്രാധാന്യമോ മാത്രം നല്‍കി ഈ വഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഹരജിയുടെ യാത്ര തുടരുന്നു. അമരുന്ന പൊടിയില്‍നിന്ന് വീണ്ടും ഉയരുന്നപൊടിയിലേക്ക്, ഉയരുന്നപൊടിയില്‍ നിന്ന്...''

എണ്‍പതുകള്‍ക്കുശേഷം ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ക്രൂരമുഖം ആയിത്തീര്‍ന്ന, പീഡാകരവും ആസുരവുമായ സംഘടിത മതരാഷ്‌ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ആനന്ദിന്റെ ആ കാലയളവിലെ പല കഥകളിലും പ്രമേയമായിത്തീരുന്നത്. അവിടെയും ഇരയായിത്തീരുന്ന സാധാരണക്കാരന്റെ ദൈന്യവും ഭീതിയും സംത്രാസവുമാണ് ആവിഷ്‌കൃതമാകുന്നത്. 'കബാഡി', 'തൃശങ്കു' തുടങ്ങി പല കഥകളിലും ഇതാണ് കാണുന്നത്. പീഡനത്തിന്റെ അശാന്തി പകരുന്ന ചരിത്രത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ഒരന്വേഷണമായി മാറുന്ന കഥയാണ് 'നാലാമത്തെ ആണി' എന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള രചന.

ആനന്ദിന്റെ കഥകളില്‍ പില്‍ക്കാലത്ത് കൂടുതല്‍ മൂര്‍ത്തത കൈവരിക്കുന്ന ഒരു പ്രമേയമാണ് ഹിംസയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ത്തമാനചരിത്രത്തില്‍ കൂടുതല്‍ തീക്ഷ്‌ണത കൈവരിക്കുന്ന ഹിംസയുടെ ബഹുമുഖത്വത്തിനു നേരെയുള്ള ധൈഷണിക പ്രതിരോധം ആനന്ദിന്റെ പല ചെറുകഥകളിലുമുണ്ട്. അതിന്റെ അപരഭാഗമായി ഇരയുടെ വേദനയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും കഥകളില്‍ പ്രകടമാണ്.

ഇവയിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ ആന്തരസ്ഥലികളെ വിശകലനം ചെയ്യുകയാണ് ആനന്ദ്. ചരിത്രത്തിന്റെ അനുഭവരാശികളെ ആ വിശകലനത്തിനുള്ള ഉപാധിയായി പലപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സമകാലിക യാഥാര്‍ഥ്യത്തെയും അതിന്റെ കുരിശില്‍ പിടയുന്ന മനുഷ്യരെയും അവതരിപ്പിക്കുന്നവയാണ് ആനന്ദിന്റെ കഥകളില്‍ ഏറെയും. എന്നാല്‍ 1960കളില്‍ അദ്ദേഹം എഴുതിയ കഥകളില്‍ പലതിലും (അവ പ്രസിദ്ധീകരിക്കപ്പെട്ടത് എഴുപതുകളുടെ ആദ്യപകുതിയിലാണ്) അക്കാലത്ത് മലയാള കഥാസാഹിത്യത്തില്‍ മെല്ലെ രൂപപ്പെട്ടുവന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ചില പ്രമേയങ്ങളാണുള്ളത്. ആധുനികതാ പ്രസ്ഥാനത്തില്‍പ്പെട്ട പല രചനകളിലും കാണുന്ന അന്യവല്‍ക്കരണത്തിന്റെയും അസ്‌തിത്വവ്യഥയുടെയും ശൂന്യതാബോധത്തിന്റെയും അനുഭവങ്ങളെ ചിത്രീകരിക്കുന്ന കഥകള്‍ അക്കൂട്ടത്തിലുണ്ട്. 'വാടകവീട് ', 'വിഗ്രഹം', 'ഭ്രമണപഥം' തുടങ്ങിയ കഥകളുടെ അന്തര്‍ധാരയായി ഈ രീതിയിലുള്ള ആശയധാരയില്‍ ഊന്നിയുള്ള അനുഭവാവിഷ്‌കാരം കാണാനാകും. ആ നിലയില്‍ മലയാള ചെറുകഥയില്‍ അക്കാലത്ത് രൂപപ്പെട്ടുവന്ന പ്രസ്‌തുത ഭാവധാരകളുടെ ആദ്യപ്രതിനിധികളില്‍ ചിലതായി ആ കഥകളെ വേണമെങ്കില്‍ അടയാളപ്പെടുത്താം.

മലയാളത്തിലെ കഥാസാഹിത്യം ഗണനീയമായ നിലയില്‍ അതിന്റെ സ്ഥലരാശികളെ കേരളത്തിനു പുറത്തേക്കാനയിച്ചത് 1950 കളോടെയാണ്. കേളത്തിനു പുറത്തുള്ള സ്ഥലപശ്ചാത്തലത്തിലേക്ക് മലയാള കഥയെ അക്കാലത്ത് ആനയിച്ചത് കോവിലന്‍, പാറപ്പുറത്ത്, നന്തനാര്‍ തുടങ്ങിയ പട്ടാളക്കഥാകൃത്തുകളായിരുന്നു. അവയിലെ സ്ഥലരാശികളൊക്കെ എവിടെയായാലും ഒരേസ്വഭാവം പുലര്‍ത്തുന്ന പട്ടാളത്താവളങ്ങളായിരുന്നു. എന്നാല്‍ ആധുനികതാപ്രസ്ഥാനത്തിന്റെ ഘട്ടത്തിലാണ് വ്യത്യസ്‌തമായ ഒരു തലത്തില്‍ കേരളേതരമായ ഭൂപ്രദേശങ്ങള്‍ നമ്മുടെ കഥാസാഹിത്യത്തിന്റെ സ്ഥലമാനം എന്ന നിലയില്‍ പ്രാധാന്യം നേടുന്നത്. അക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ആനന്ദിന്റെ രചനകള്‍ക്കുള്ളത്. വ്യത്യസ്‌തമായ നിലയില്‍ ഇന്ത്യയുടെ ഭൂപ്രകൃതിയെ അടയാളപ്പെടുത്താനും കേരളീയമായ പ്രകൃതിസാന്നിധ്യത്തിനപ്പുറമുള്ള ജീവിതത്തിലൂടെ മര്‍ത്ത്യാവസ്ഥയുടെ ചില മുഖങ്ങളെ മൂര്‍ത്തീകരിക്കാനും അദ്ദേഹം ആദ്യം മുതലേ ശ്രമിച്ചുപോന്നു. ആദ്യകാല കഥകളില്‍പ്പെടുന്ന 'പൂജ്യം' എന്ന കഥയുടെ സ്ഥലപശ്ചാത്തലം ഗുജറാത്തും ഹിമാലയപ്രാന്തവും ആണ്. 'വാടകവീട്' എന്ന കഥയുടെ പശ്ചാത്തലം ബംഗാള്‍ ആണ്. 'വിഗ്രഹം' ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മറ്റുകഥകള്‍ ഏതാണ്ടെല്ലാം തന്നെ ഉത്തരേന്ത്യന്‍ സ്ഥലവിശാലതയുടെ ചില കോണുകളെ പശ്ചാത്തലമാക്കുന്നു. അങ്ങനെ മലയാളകഥാസാഹിത്യത്തിന് ഒരു പാന്‍ - ഇന്ത്യന്‍ സ്വഭാവം നല്‍കാന്‍ ആനന്ദിനുകഴിഞ്ഞു.

ആനന്ദിന്റെ ചെറുകഥകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത് അവയുടെ പ്രമേയപരമായ സംവാദാത്മകതെ ആധാരമാക്കിയാണ്. എന്നാല്‍ ആ കഥകളോരോന്നും സവിശേഷമായ രചനാരീതി പിന്തുടരുന്നവയായിരുന്നു. മലയാള ചെറുകഥയ്‌ക്ക് അപരിചിതമായിരുന്ന പ്രബന്ധാത്മകതയുടെ സങ്കേതമാണ് ആനന്ദിന്റെ ആദ്യകാലത്തെ ചെറുകഥകളില്‍ കണ്ടുവന്നിരുന്നത്. സംവാദാത്മകമായ തുറന്ന ഘടനയാണ് അത്തരം ചെറുകഥകള്‍ മിക്കതിനും ഉണ്ടായിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത്, കുറെക്കൂടി സാന്ദ്രവും സൂക്ഷ്‌മവുമായ ശില്‍പങ്ങള്‍ കഥയില്‍ വാര്‍ത്തെടുക്കുന്നുണ്ട് ആനന്ദ്. സമീപവര്‍ഷങ്ങളില്‍ കവിതയിലേക്കുകൂടിക്കടന്ന ആനന്ദിന്റെ വാങ്മയ രചനകളുടെ ഘടനാപരിണാമത്തിന്റെ ഭാഗമായിട്ടുകൂടിയാവാം ആ മാറ്റം ഉണ്ടായിട്ടുള്ളത്. കല്ലുകള്‍, കാട്, അവശിഷ്‌ടങ്ങള്‍ തുടങ്ങിയ ചെറുകഥകള്‍ പലതും ഈ പരിണാമത്തിന്റെ സൂചകങ്ങളായ ഭാവാത്മക ലഘുരചനകളാണ്, രൂപതലത്തില്‍. അന്തരീക്ഷ പ്രധാനവും നേര്‍ത്ത ലിറിക്കല്‍ സ്വഭാവം അന്തര്‍ധാരയായി പുലരുന്നതുമായ അത്തരം കഥകള്‍, മറ്റൊരു തലത്തില്‍ നോക്കുമ്പോള്‍, തന്റെ സര്‍ഗാവിഷ്‌കാരത്തിന് മണ്ണില്‍ ചെറുശില്‍പങ്ങള്‍ ചെയ്യുന്ന ആനന്ദിന്റെ ശില്‍പദക്ഷതയുടെ വേറിട്ട മുഖമായി കാണാം.

വാസ്‌തവത്തില്‍, ആനന്ദിന്റെ നോവലുകളും ചെറുകഥകളും ഇതര രചനകളും എല്ലാം ചേരുന്ന ഒരുആശയമണ്ഡലമുണ്ട്. അതിന്റെ പല ഘട്ടങ്ങളെയും പല പ്രകാരങ്ങളെയുമാണ് ആ രചനകള്‍ ഓരോന്നും പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ചിലപ്പോള്‍ ഒരു കഥയായി വന്ന പ്രമേയം അവിടെ നില്‍ക്കാതെ വികസിത രൂപത്തില്‍ പ്രബന്ധമോ നോവലോ ആയി പിന്നീട് രൂപപ്പെട്ടു എന്നുവരാം. അവയെല്ലാം തന്നെ ആനന്ദ് എന്ന ചിന്താജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രതികരണങ്ങളുടെ ഓരോ പ്രകാരത്തിലുള്ള ആവിഷ്‌കാരങ്ങളാണ്. എങ്കിലും മലയാള ചെറുകഥയുടെ പൊതു ഭൂമികയില്‍ അവ വ്യതിരിക്തനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

*****

ഡോ. കെ. എസ്. രവികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍


നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍

നാലു പതിറ്റാണ്ടിലധികം പിന്നിട്ട ആനന്ദിന്റെ രചനാജീവിതം വലിയൊരള വോളം സൂക്ഷ്‌മവിചാരത്തിന്റെ ആഴക്കാഴ്‌ചകള്‍ കൊണ്ട് അടയാളപ്പെട്ടവയാണ്. സംസ്‌കാരത്തെയും ചരിത്രത്തെയും അധികാരത്തെയും സംബന്ധിച്ചുള്ള വലിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ് ആനന്ദ് എപ്പോഴും. നമ്മുടെ മറ്റുള്ള എഴുത്തുകാരാരും ഇങ്ങനെ ചോദിച്ചിട്ടില്ല എന്നല്ല. പക്ഷേ അവരുടേതുപോലുള്ള ഉത്തരങ്ങളിലല്ല ആനന്ദ് ചെന്നെത്തിയത്. ഉത്തരം മാറുന്നത് ചോദ്യത്തിന്റെ തോതും തരവും മാറിയതുകൊണ്ടാണുതാനും. ജേര്‍ണലിസ്‌റ്റിക് യുക്തിവാദത്തിന്റെ ലളിതസമ വാക്യങ്ങളില്‍ ചെന്നു വീഴാതിരിക്കാനും ചാരുരൂപിയായ ഭാഷകൊണ്ട് മനം മയക്കാതിരിക്കാനും (മനം മയങ്ങാതിരിക്കാനും) ആനന്ദ് നിരന്തരം ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് രൂപകങ്ങളുടെ പടയോട്ടങ്ങളില്‍ സ്വന്തം കാല്‍പനികഭാവുകത്വത്തെ പൊതിഞ്ഞുകെട്ടിയ മലയാളത്തിലെ 'ആധുനിക ചിന്തകരി' ലൊരാളായി ആനന്ദ് അവസാനിക്കുന്നില്ല. മനുഷ്യാവസ്ഥയുടെ ചരിത്രപരമായ ഉള്ളടക്കത്തെ തിരഞ്ഞുപോകുകയാണ് തന്റെ സര്‍ഗജീവിതത്തിന്റെ അര്‍ഥമെന്നും അത് പരസ്‌പരം പൊരുതുന്ന ഒരുപാട് ബലങ്ങളുടെ മേഖലയിലേക്കാണ് തന്നെ നയിക്കുന്നതെന്നും ആനന്ദ് തിരിച്ചറിഞ്ഞിട്ടുണ്ട്. എഴുത്തിന്റെ ഓരോ പടവിലും ഈ ബലങ്ങളില്‍ ചിലതിനെ പരമാവധി അഴിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. 'ആള്‍ക്കൂട്ടം' മുതലുള്ള ആനന്ദിന്റെ രചനകള്‍ അത്തരം അഴിച്ചു പണികളാണ്.

മനുഷ്യാവസ്ഥ ജൈവമനുഷ്യനില്‍

വിധിതീര്‍പ്പുകളേക്കാറെ വിമര്‍ശനസ്വരമാണ് ആനന്ദിന്റെ 'ജൈവമനുഷ്യന്‍' എന്ന ഗ്രന്ഥത്തിലുള്ളത്. പൊതുവേ പറഞ്ഞാല്‍ ആധുനികത (modernity) യുടെ ദൃഢനിശ്ചയങ്ങളെ ഒന്നൊന്നായി സംശയിക്കുന്ന ഒരു വിചാരപരിസരമാണ് ഈ കൃതിയുടെ അടിസ്ഥാനസ്വരം. ശാസ്‌ത്രം, സാങ്കേതികവിദ്യ, യുക്തി, ദേശരാഷ്‌ട്രം, ചരിത്രപുരോഗതി എന്നിങ്ങനെ വ്യാവസായിക നാഗരികതയുടെയും പ്രബുദ്ധതായുഗത്തിന്റെയും ഉല്‍പന്നങ്ങളായ ആശയവ്യവസ്ഥകളെയും അവ
യുടെ ആവിഷ്‌കാര രൂപങ്ങളെയും വിവിധ വിതാനങ്ങളില്‍ ചോദ്യം ചെയ്യുന്ന പ്രബന്ധങ്ങളാണ് ഈ കൃതിയിലുള്ളത്. പ്രബുദ്ധതായുഗത്തിന്റെ സംഭാവനകളായ ഇത്തരം ആശയാവലികളെ വിചാരണയ്‌ക്കെടുക്കുന്നതിന് ആനന്ദ് അടിസ്ഥാനമായി സ്വീകരിക്കുന്നത് നീതി എന്ന സങ്കല്‍പത്തെയാണ്. ആനന്ദിന്റെ ചിന്താജീവിതത്തെയപ്പാടെ നിര്‍ണയിച്ചുപോരുന്ന പ്രമേയമാണിത്. നീതി നഷ്‌ടാപ്പെട്ട ഒരു ജനതയ്‌ക്ക് കാലവും നഷ്‌ടപ്പെടുന്നു എന്ന് ആനന്ദ് മറ്റൊരിടത്ത് നിരീക്ഷിക്കുന്നുമുണ്ട്. ചരിത്രത്തെയും അതിന്റെ അവസ്ഥാന്തരങ്ങളെയും സാര്‍ഥകമാക്കുന്ന അടിസ്ഥാന പ്രമേയമെന്ന നിലയില്‍ നീതിയുടെ സഞ്ചാര പഥങ്ങളെയും ഏറ്റിറക്കങ്ങളെയും കണ്ടെടുക്കാനാണ് ആനന്ദ് ശ്രമിക്കുന്നത്. ചരിത്രത്തിന്റെ നീതിപഥങ്ങള്‍ അദ്ദേഹത്തിന്റെ ഭാവബദ്ധതയുടെ താക്കോല്‍വാചകമായിരിക്കുന്നു. മാനുഷികത, സര്‍ഗാത്മകത, സ്വാതന്ത്ര്യം, ആവിഷ്‌കാരം - ഇവയെയെല്ലാം സാര്‍ഥകമാക്കുന്ന കേവലമൂല്യം.

നീതിശാസ്‌ത്രത്തിന്റെ ചരിത്രബദ്ധതയെക്കുറിച്ചെഴുതുന്ന വേളയില്‍ ആനന്ദ് നീതിബോധത്തിന്റെ വിഫലീകരണത്തിന് കാരണമായി ഒരു വസ്‌തുത ചൂണ്ടിക്കാണിക്കുന്നുണ്ട്. ചരിത്രത്തിന്റെ വിവിധ അടരുകളില്‍ നീതിബോധം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത് മൂല്യബോധത്തിലെ വിപ്ളവമെന്ന നിലയിലല്ല; മറിച്ച് അന്നന്നത്തെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളുടെ സന്തതികളെന്ന നിലയ്‌ക്കോ നിര്‍ണായകവര്‍ഗത്തിന്റെ തത്ത്വശാസ്‌ത്രമെന്ന നിലയ്‌ക്കോ ആയിരുന്നുവെന്ന് ആനന്ദ് എഴുതുന്നു. വിഫലവും വികലവുമായ നീതിശാസ്‌ത്രത്തിന്റെയും രാഷ്‌ട്രതന്ത്രത്തിന്റെയും ഹേതു ഇതാണ്. ഇങ്ങനെ ഒരു ഭൌതികാവസ്ഥയുടെ പ്രകരണനിഷ്‌ഠതയ്‌ക്കു പുറത്തുള്ള കേവലനീതിയെയാണ് വികലീകരിക്കപ്പെടാത്തതും വിഫലീകരിക്കപ്പെടാത്തുമായ നീതിയായി ആനന്ദ് പരിഗണിക്കുന്നത്. ഇത്തരമൊരു നീതിസങ്കല്‍പത്തെ മുന്‍നിറുത്തി മനുഷ്യാവസ്ഥയെ വിശദീകരിക്കാനാണ് ആനന്ദിന്റെ ശ്രമം. വര്‍ഗഘടന ഉളവാക്കുന്ന നീതിശാസ്‌ത്രം, അതില്‍നിന്നു പിറക്കുന്ന രാഷ്‌ട്രതന്ത്രം, ഇവയുടെ സംശ്ളേഷണം വഴി രൂപപ്പെടുന്ന മൂല്യബോധം, അതിനാല്‍ രചിക്കപ്പെടുന്ന സംസ്‌കാരം എന്ന നിലയില്‍ ഇക്കാലമത്രയും നിലനിന്ന ക്രമത്തിനു പകരം മൂല്യബോധത്തില്‍നിന്നും പിറവികൊള്ളുന്ന നീതിശാസ്‌ത്രം,s അത് ജന്മംനല്‍കുന്ന രാഷ്‌ട്രതന്ത്രം, നീതിശാസ്‌ത്രത്താല്‍ നിര്‍മീതമായ വര്‍ഗഘടന ഇങ്ങനെയൊരു ക്രമം ഭാവിയിലുളവായേക്കാം എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇവിടെ ആദികാരണമായി അവതരിപ്പിക്കപ്പെടുന്ന സംസ്‌കാരവും മുന്‍പ് ചൂണ്ടിക്കാണിച്ച നീതിബോധത്തെപ്പോലെ ഒരു കേവലസത്തയാണ്. ആശയങ്ങള്‍ക്ക് ചരിത്രസൃഷ്‌ടി യില്‍ വലിയ ഒരു പങ്ക് വഹിക്കാനാകും എന്ന വസ്‌തുത മാര്‍ക്‌സിയന്‍ ചിന്താഗതിയില്‍ അന്തര്‍ഭൂതമാണെന്ന് ഈയൊരു നിഗമനത്തിന്റെ സാധൂകരണമെന്ന നിലയില്‍ ആനന്ദ് എഴുതുന്നുണ്ട്. പ്രകരണങ്ങള്‍ക്കു പുറത്ത്, ചരിത്രനിര്‍മിതിയുടെ ആദികാരണമാകാവുന്ന ഒരാശയത്തെ മാര്‍ക്‌സിസം അംഗീകരിച്ചു കൊടുക്കുമെന്ന് ആനന്ദ് പ്രതീക്ഷിക്കുന്നു എന്നാണിതിനര്‍ഥം. വാസ്‌തവത്തില്‍ ഇവിടെയെല്ലാം ആധുനികത ദൃഢീകരിച്ചെടുത്ത ദ്വന്ദാത്മകയുക്തിയെ പിന്‍പറ്റുകയാണ് ആനന്ദ് ചെയ്യുന്നത്.ആശയം/ഭൌതികം, ചിന്ത/പ്രവൃത്തി, സത്ത/ആവിഷ്‌കാരം, നീതിബോധം/നീതിശാസ്‌ത്രം എന്നിങ്ങനെ തുടരുന്ന വിപരീതങ്ങളുടെ ഒരു പരമ്പരയാണ് ആനന്ദിന്റെ വിചാരലോകത്തെ നിര്‍ണയിക്കുന്നത്. ഒരു ഉദ്ബുദ്ധകലാപത്തില്‍നിന്ന് ഉളവാകുന്നതും വര്‍ഗഘടനയുടെ താല്‍പര്യങ്ങളെയപ്പാടെ മറികടക്കുന്ന നീതിബോധത്തിന് കാരണഭൂതമാകുന്നതുമായ സംസ്‌കാരമെന്ന ശുദ്ധസത്ത ഇങ്ങനെയൊരു വിചാരത്തിന്റെ താവഴിയില്‍ പിറന്നതാണ്. കളങ്കസ്‌പര്‍ശമില്ലാത്ത ഈയൊരു ആദികാരണത്തെ കണ്ടെടുക്കാനും വിശദീകരിക്കാനുമാണ് 'ജൈവമനുഷ്യന്‍' പണിപ്പെടുന്നത്. പുതിയ ഭാഷയില്‍ നീതി ആനന്ദിന്റെ ചിന്തയില്‍ 'സാന്നിധ്യത്തിന്റെ അതിഭൌതികമായി' നിലനില്‍ക്കുന്നു എന്ന് പറയാം.

നൈതികമായി നിര്‍ണയിക്കപ്പെടേണ്ട ഒരു കേവലസത്തയായി മനുഷ്യനെ വിലയിരുത്തുകയും അത്തരമൊരു മനുഷ്യന്റെ നോട്ടക്കോണിലൂടെ ചരിത്രത്തിന്റെ വ്യത്യസ്‌ത അടരുകളെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു നിലപാടാണ് 'ജൈവമനുഷ്യ'നെ നിര്‍ണയിക്കുന്നത്. ഈ നൈതികതയുടെ മാനദണ്ഡങ്ങള്‍ ആനന്ദ് കണ്ടെത്തുന്നത് ആധുനികം എന്നു വിളിക്കാവുന്ന ഒരു ചരിത്രസന്ദര്‍ഭത്തിനകത്തുനിന്നാണു താനും. ഇങ്ങനെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആനന്ദിന്റെ വിലയിരുത്തലുകള്‍ ആധുനികത ജന്മം നല്‍കിയ ഒരു കാഴ്‌ചവട്ടത്തിനുള്ളില്‍ അരങ്ങേറുന്ന ഒന്നായിത്തീരുന്നു. പക്ഷേ ആധുനികത എന്ന ചരിത്രാനുഭവത്തിന്റെ ഇങ്ങേത്തലപ്പുവരെ - ആധുനികതാവാദവും പിന്നീട് ആധുനികാനന്തര വിചാരങ്ങളുമായുള്ള മുഖാമുഖവും വരെ - പിന്നിട്ടുപോന്നതിനാല്‍ ആധുനികതയുടെ ദൃഢനിശ്ചയങ്ങളെക്കാള്‍ പിന്നാലെയെത്തിയ സംശയങ്ങളെയാണ് അദ്ദേഹം കൂടുതല്‍ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഒരു ഉഭയാവസ്ഥയുടെ അടയാളങ്ങളാണ് 'ജൈവമനുഷ്യനി'ലെ വിമര്‍ശന സ്വരങ്ങള്‍. ആധുനിതയുടെ ജ്ഞാനസമുച്ചയത്തിനു ള്ളില്‍ (paradigm) തന്നെ നിന്നുകൊണ്ട് ആധുനികതയുടെ പ്രതിസന്ധികളിലേക്ക് നോക്കുകയാണ് ആനന്ദ്. തന്നെത്താന്‍ നോക്കുന്ന ഈയൊരു നോട്ടപ്പാടാണ്, ആധുനികതയുടെ ആത്മവിമര്‍ശനം എന്ന നിലയാണ്, അതിഭൌതികതയുടെ എല്ലാ പരിമതികള്‍ക്കുമപ്പുറം 'ജൈവമനുഷ്യ'ന് സവിശേഷ മായ ഒരു വിമോചകമൂല്യം നല്‍കുന്നത്.

മനുഷ്യനെ അവനെക്കാള്‍ വിശാലമായ ഒന്നിന്റെ ഒരംശമായി പരിഗണിച്ചുകൊണ്ടേ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സാര്‍ഥകമായ ചര്‍ച്ചകള്‍ സാധ്യമാകൂ എന്ന് ആനന്ദ് 'ജൈവമനുഷ്യ'ന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. ചരിത്രത്തെ സംസ്‌കാരത്തിലേക്ക് വെട്ടിച്ചുരുക്കുന്ന മനുഷ്യകേന്ദ്രിതസമീപനവും (anthropocentrism) ഹ്യൂമനിസം എന്ന മാനവികതത്ത്വശാസ്‌ത്രവും മനുഷ്യനെ കൂടുതല്‍ കൂടുതലായി മനുഷ്യനാല്‍ മാത്രം നിറയ്‌ക്കാന്‍ ശ്രമിച്ചതിലെ വൈരുധ്യങ്ങളിലേക്ക് ആനന്ദ് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഇവിടെ പരഗണിക്കപ്പെടാതെ പോകുന്ന വസ്‌തുത നിറയ്‌ക്കപ്പെട്ട മനുഷ്യനും നിറയ്‌ക്കപ്പെടാന്‍ ഉപയോഗിക്കപ്പെട്ട മനുഷ്യനും കേവലസത്തകളല്ല എന്നതാണ്. മാനവവാദത്തിന്റെ വ്യവഹാരസന്ദര്‍ഭത്തിനു പുറത്തു നില്‍ക്കുന്ന കേവലമനുഷ്യനെക്കുറിച്ച് സംസാരിക്കുന്നതിലൂടെ മാനവവാദത്തിലുള്‍ച്ചേര്‍ന്നുകിടക്കുന്ന വംശീയ, പുരുഷാധികാര, പ്രകൃതിചൂഷക ഘടകങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. ആനന്ദിന്റെ ചിന്തയില്‍ ചരിത്രമുക്തനായ ഇത്തരമൊരു കേവലമനുഷ്യന് നായകപദവിയുണ്ട്. 'ജൈവമനുഷ്യന്‍' എന്ന് വിളിക്കുമ്പോഴും അത് ചരിത്രേതരമായി തന്നെയാണ് തുടരുന്നത്. പ്രകൃതിയുടെ സര്‍വാര്‍ഥങ്ങളും സംഭരിക്കപ്പെട്ട, പ്രകൃതിയെ അറിയുന്ന, പ്രകൃതിയില്‍ സ്വയമറിയുന്ന ഒരതീതനായകന്‍ ഇവിടെ ഭാവന ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യനാല്‍ മാത്രം നിറയ്‌ക്കപ്പെടാത്ത, പ്രകൃതിയാലും വിശാലപ്രപഞ്ചത്താലും നിറയ്‌ക്കപ്പെട്ട ഈ ജൈവമനുഷ്യന്‍ നവോത്ഥാനാനന്തര പാശ്ചാത്യജീവിതത്തില്‍ ഉയിരെടുത്ത നിരവധി ദാര്‍ശനികധാരണകളെ സംഗ്രഹിക്കുന്ന ജ്ഞാന ബിംബംതന്നെയാണ്. ആധുനികതയുടെ ഒരതീത ബിംബം.

പരിണാമം ജീവിതത്തിലൂടെ സാധിച്ചതെന്ത് എന്ന് ആരായുന്ന വേളയില്‍ ആനന്ദ് ഈ പ്രശ്‌നത്തില്‍ വീണ്ടും വന്നുമുട്ടുന്നുണ്ട്. പ്രാകൃതികമായ ആദിചലനത്തെ ലക്ഷ്യോന്മുഖമാക്കുകയാണ് പരിണാമത്തിന്റെ സാരം എന്നദ്ദേഹം വിശദീകരിക്കുന്നു. പ്രാകൃതികമായ ആദിചലനം എന്ന പരികല്‍പന അതിഭൌതികമായ ഒരു സാന്നിധ്യത്തെ സ്വയം ഏറ്റെടുക്കുന്ന ഒന്നാണ്. ജന്തുജാലങ്ങളുടെ പടവുകള്‍ കടന്ന് മനുഷ്യനെന്ന ഇനത്തില്‍ ബോധത്തെ നടുന്ന, സ്വന്തം കൃത്യങ്ങളിലൊന്നിനെ മനുഷ്യനിലേക്ക് പകരുന്ന, ഈ ആദിചലനം പരിണാമത്തിലൂടെ സ്വയം പ്രകാശിക്കുന്ന കേവല ചൈതന്യം (absolute spirit) തന്നെയാണ്. ലക്ഷ്യോന്മുഖപ്രയാണം എന്ന ആനന്ദിന്റെ വിശദീകരണം ഇക്കാര്യം കൂടുതല്‍ നന്നായി വെളിപ്പെടുത്തുന്നുമുണ്ട്. ഹെഗേലിയന്‍ ചരിത്രദര്‍ശനത്തിന്റെ താവഴിയില്‍ പിറന്ന (ആധുനിക ദേശ-രാഷ്‌ട്രത്തില്‍ പൂര്‍ണത കൈവന്നതായി ഹെഗല്‍ സ്വയം കരുതിയ) ലക്ഷ്യോന്മുഖപ്രയാണത്തിന്റെ ലക്ഷ്യസ്ഥാനം മാറിയതുകൊണ്ടുമാത്രം അതിലുള്‍ച്ചേര്‍ന്ന അതിഭൌതികതയെ നിരസിക്കാനാവില്ല. പ്രബുദ്ധതായുഗത്തിന്റെ നിര്‍മിതിയായ മനുഷ്യമഹത്വകല്‍പനകളോട് പ്രത്യക്ഷത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ തന്നെ പ്രബുദ്ധതായുഗത്തിന്റെ മനുഷ്യമഹത്വ കല്‍പനകളും സൈദ്ധാന്തിക നിഗമനങ്ങളും ആനന്ദിന്റെ ചിന്താലോകത്തിലേക്ക് പിന്‍വാതിലിലൂടെ മടങ്ങിയെത്തുന്നു എന്നാണിതിനര്‍ഥം.

പ്രകൃതിയുടെ ചില അംശങ്ങളെ പ്രകൃതിയില്‍ നിന്നും അന്യവല്‍ക്കരിക്കുകയാണ് ജീവിതം എന്ന നിഗമനം മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന സുപ്രധാന നിരീക്ഷണമായി തുടര്‍ന്ന് ഒരു സന്ദര്‍ഭത്തില്‍ ആനന്ദ് അവതരിപ്പിക്കുന്നു. പ്രകൃതിയില്‍നിന്നും അടര്‍ന്ന് ജീവിയായും സമൂഹത്തില്‍നിന്നും അടര്‍ന്ന് വ്യക്തിയായും മാറുന്ന മനുഷ്യന്‍ വീണ്ടും സമൂഹത്തേയും പ്രകൃതിയേയും കണ്ടെടുക്കുന്നതിലൂടെയാണ് മാനുഷികമായ ക്രിയാമണ്ഡലം രൂപപ്പെടുന്നതെന്നും ആനന്ദ് അഭിപ്രായപ്പെടുന്നു. പ്രകൃതി/മനുഷ്യന്‍, വ്യക്തി/സമൂഹം എന്നിങ്ങനെ വിപരീതങ്ങളായി പിളര്‍ക്കപ്പെട്ട സാകല്യങ്ങളാണ് ഈ ചിന്തയുടെ കേന്ദ്രം. ഇതാകട്ടെ പ്രബുദ്ധതായുഗത്തിന്റെ വിപരീത ദ്വന്ദ്വകല്‍പനയിലൂടെ ഉരുത്തിരിഞ്ഞ വിചാരഗതിയാണുതാനും. മനുഷ്യാവസ്ഥയില്‍ ഒഴിവാക്കാനാവാത്തവിധം അന്യവല്‍ക്കരണം സംഭൃതമായിരിക്കുന്നു എന്ന നിരീക്ഷണത്തിലേക്ക് ആനന്ദ് ചെന്നെത്തുന്നതും ഇങ്ങനെയാണ്. പ്രകൃതിയില്‍നിന്ന് വേര്‍പെട്ട് ജീവികളായി രൂപാന്തരപ്പെടുമ്പോഴും, സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വ്യക്തികളായി ഉരുത്തിരിയുമ്പോഴും മനുഷ്യന്‍ അനിവാര്യമായ വിധത്തില്‍ അന്യവല്‍ക്കരണത്തിന് വിധേയമാകുന്നതായി ആനന്ദ് വിശദീകരിക്കുന്നുണ്ട്. ഈ അന്യവല്‍ക്കരണമാണ് പ്രകൃതിയെ വീണ്ടെടുക്കുന്ന പുനഃസംയോഗത്തിലേക്ക് മനുഷ്യനെ ആനയിക്കുന്നതും അസ്‌തിത്വത്തെ അര്‍ഥപൂര്‍ണമാക്കുന്നതും. ശാരീരികാസ്‌തിത്വത്തിന് ശ്വാസോച്‌ഛ്വാസം അനിവാര്യ മായിരിക്കുന്നതുപോലെ ബോധതലത്തിലെ അസ്‌തിത്വത്തിന് അന്യവല്‍ക്കരണം അനിവാര്യ മായിരിക്കുന്നതായി ആനന്ദ് കണ്ടെത്തുന്നു. അന്യവല്‍ക്കരണത്തിന് ഇവിടെ കൈവരുന്ന ചരിത്രേതരമായ സ്വയംസമ്പൂര്‍ണ്ണത അതിനെ ഒരു കേവലസത്തയാക്കി മാറ്റുന്നു (അന്യവല്‍ക്കരണം മുതലാളിത്തം പോലെ ഏതെങ്കിലുമൊരു ചരിത്ര സന്ദര്‍ഭത്തോട് ബന്ധപ്പെടുത്തി മാത്രം വിശദീകരിക്കപ്പെടേണ്ടതല്ല എന്ന് ആനന്ദ് മറ്റൊരിടത്ത് നിരീക്ഷിക്കുന്നുമുണ്ട് ).

ഇങ്ങനെ ആധുനികമനുഷ്യന്റെ അന്യതാബോധത്തെ സംസ്‌കാരത്തിലുടനീളം വേരോട്ടമുള്ള, സംസ്‌കാരത്തിന്റെ ആദികാരണമായിരിക്കുന്ന ഒന്നായി ആനന്ദ് പരിഗണിക്കുന്നു. ഇവിടെ നാം ചില സവിശേഷ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. മനുഷ്യാവസ്ഥ എന്നാല്‍ അന്യവല്‍ക്കരണത്തിന്റെ അവസ്ഥ കൂടിയാണെന്നുള്ള ആനന്ദിന്റെ നിഗമനം മനുഷ്യേച്‌ഛയെ ചരിത്രത്തിന്റെ നായകപദവിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്‌തമാണ്. ഏകാകിയും ഒറ്റപ്പെട്ടവനുമായ മനുഷ്യന്‍ തന്റെ സൃഷ്‌ടിയിലൂടെ സമൂഹത്തോടും പ്രകൃതിയോടും സംവദിച്ചുകൊണ്ടാണ് അന്യവല്‍ക്കരണത്തെ മറികടക്കുന്നത്. സൃഷ്‌ടി എന്ന സംയോഗാത്മക ക്രിയയിലൂടെ രൂപപ്പെടുന്ന സംസ്‌കൃതിയിലാണ് മാനുഷികമായ അന്യവല്‍ക്കരണം മറികടക്കപ്പെടുന്നത്. ഈ സൃഷ്‌ടിയാകട്ടെ അന്യവല്‍ക്കരണത്തിലൂടെ കൈവന്ന ബോധത്തിന്റെ ഉല്‍പന്നവുമാണ്. അന്യവല്‍ക്കരണം മൂലം കൈവന്ന ബോധത്തിലൂടെ അന്യവല്‍ക്കരണത്തെ മറികടക്കുന്ന ഈ പ്രക്രിയയുടെ കേന്ദ്രം ആനന്ദ് പലവട്ടം കയ്യൊഴിയാന്‍ ശ്രമിച്ച 'മഹാമനുഷ്യന്‍' തന്നെയാണ്. ഇതുപോലെ, ആനന്ദിന്റെ ചിന്തയില്‍ മനുഷ്യാവസ്ഥയിലെ ശാശ്വതമുദ്രയായി ഇടംനേടുന്ന അന്യവല്‍ക്കരണം പ്രകൃതിയേയും സമൂഹത്തേയും 'മടങ്ങിയെത്തേണ്ട വീടുകളാക്കി' ത്തീര്‍ക്കുന്നുമുണ്ട്. പ്രകൃതി, സമൂഹം, വ്യക്തി എന്നിവയെയെല്ലാം പരസ്‌പരം വേറിട്ടുനില്‍ക്കുന്നവയായി പരിഗണിക്കാതെ ഇത്തരം ഒരു മടങ്ങിവരല്‍ സാധ്യമാകില്ല. വാസ്‌തവത്തില്‍ ഇത് ചരിത്രത്തിന്റെ ബലതന്ത്രങ്ങളെയപ്പാടെ പശ്ചാത്തല ചിത്രങ്ങളായിക്കാണുന്ന പഴയ യാന്ത്രികഭൌതികത്തിലെ ആശയാവലിയാണെന്നു കാണാന്‍ ഏറെ പ്രയാസമൊന്നുമില്ല. ചരിത്രനിരപേക്ഷമായ അന്യവല്‍ക്കരണവും ചരിത്രത്തിന്റെ പ്രകരണനിഷ്‌ഠതയുടെ പശ്ചാത്തലവല്‍ക്കരണവും ഒത്തുചേരുന്ന - അതിഭൌതികവും യാന്ത്രികഭൌതികവും കൈകോര്‍ക്കുന്ന - ഒരു വിചാരപരിസരമാണിവിടെ രൂപപ്പെടുന്നത്.

ആധുനികത എന്ന ചരിത്ര/ഭൌതിക സന്ദര്‍ഭത്തില്‍ ഉള്ളടങ്ങിയ പ്രതിസന്ധികളെ അതിന്റെ പ്രകരണത്തിനപ്പുറത്തേക്ക് വലിച്ചുനീട്ടുകയും ആധുനികതയുടെ യുക്തിവിചാരത്തിനകത്തു വച്ചുതന്നെ അതിന് പരിഹാരം നിര്‍ദേശിക്കാനൊരുങ്ങുകയും ചെയ്യുന്നതിലെ വൈരുധ്യമാണ് ഒരേസമയം മാനവവാദത്തിന്റെയും സത്താവാദത്തിന്റെയും പ്രച്‌ഛന്നരൂപങ്ങളിലേക്ക് ആനന്ദിനെ നയിക്കുന്നത്. പ്രകൃതിയില്‍നിന്നുള്ള വേറിട്ടുമാറലാണ് മനുഷ്യാവസ്ഥയിലേക്കുള്ള ആദ്യപടി എന്ന നിഗമനത്തിന്റെ തുടര്‍ച്ചയായി ഉല്‍പാദനത്തെ അടിസ്ഥാനമാക്കി ജീവിക്കാന്‍ തുടങ്ങുന്നതോടെയാണ് മനുഷ്യന്റെ സ്വാധീനതാനാശം ആരംഭിക്കുന്നതെന്ന നിഗമനവും ഈ കൃതി മുന്നോട്ടുവയ്‌ക്കുന്നു. ഉല്‍പാദകനായ മനുഷ്യന്‍ അന്യവല്‍ക്കരിക്കപ്പെട്ടവനാകുന്നു. ഇവിടെ നിന്ന് ഉല്‍പാദനത്തിലൂടെ മനുഷ്യന്‍ സ്വാതന്ത്ര്യം കൈവരിക്കുന്നു എന്ന വിപരീത നിഗമനത്തിലേക്കും ആനന്ദ് പിന്നാലെ എത്തിച്ചേരുന്നുണ്ട്. ഈ വിപരീത നിലകളെ സയുക്തികമാക്കാന്‍ കഴിയുക അന്യവല്‍ക്കരണത്തിലൂടെ കൈവരുന്ന സ്വാതന്ത്ര്യം മനുഷ്യനെ ഉല്‍പാദകനാക്കുകയും അത് പ്രാഥമികമായ അന്യവല്‍ക്കരണത്തെ മറികടക്കുന്ന സംയോഗാത്മകക്രിയയായിത്തീരുകയും ചെയ്യുന്നു എന്ന വിശദീകരണത്തിലൂടെ മാത്രമാണ്. പക്ഷേ, ഈ സംയോഗാത്മകക്രിയയും അന്യവല്‍ക്കരണത്തിലൂടെ കൈവരുന്ന സ്വാതന്ത്ര്യത്തി ന്റെ ഫലം എന്ന നിലയില്‍ അന്യവല്‍ക്കരണത്തിന്റെ മുദ്ര പതിഞ്ഞതാണ്.

ഉല്‍പാദനം പ്രാഥമികമായി സ്വാധീനതാനാശമാണെന്ന് പരിഗണിക്കുന്നതോടെ ഏതു വിധത്തിലുള്ള ഉല്‍പാദനത്തിനും സ്വാധീനതയുടെ വീണ്ടെടുക്കലിലേക്ക് വഴിതുറക്കാനാവില്ലെന്നു വരും. ഉല്‍പാദന പ്രക്രിയയിലുള്‍ച്ചേര്‍ന്ന വൈരുധ്യത്തെ - കീഴ്പ്പെടലിന്റേതും അതിജീവിക്കലിന്റേതുമായ നിലകളെ - പരിഗണിക്കാത്തതിനാലാണ്, അത് സ്വാധീനതാനാശമാണെന്ന, കാല്‍പനികത പല രൂപങ്ങളില്‍ ആവര്‍ത്തിച്ച ശുദ്ധിനാശത്തെ അനുസ്‌മരിപ്പിക്കുന്ന, ഒരു നിലപാടിലേക്ക് ആനന്ദിന് എത്തിപ്പെടേണ്ടിവരുന്നത്.

ആനന്ദിന്റെ ചിന്തയില്‍ ഉല്‍പാദന പ്രക്രിയ തന്നെയാണ് അന്യവല്‍ക്കരണത്തിനും സ്വാധീനതാനാശത്തിനും കാരണമാകുന്നത്. സംയോഗാത്മകക്രിയ ഉല്‍പാദനപ്രക്രിയയിലുള്‍ച്ചേര്‍ന്ന അന്യവല്‍ക്കരണത്തേയും സ്വാധീനതാനാശത്തേയും എങ്ങനെ മറികടക്കും എന്നതിന് 'ജൈവമനുഷ്യന്‍' ഉത്തരം തരുന്നില്ല. ഉല്‍പാദനപ്രക്രിയയെ ഏകാത്മകമായി മനസ്സിലാക്കുന്നതാണ് ആനന്ദിനെ ഈ വിഷമവൃത്തത്തിലേക്ക് നയിക്കുന്നത്. പ്രകൃതിയില്‍നിന്ന് വേറിട്ടുമാറുകയല്ല, പ്രകൃതിയുടെ തുടര്‍ച്ചയായി ഭിന്നരൂപങ്ങളില്‍ തുടരുകയാണ് ഉല്‍പാദനപ്രക്രിയയുടെ കാതല്‍ എന്ന് കാണാതിരിക്കുന്നതു മൂലം വേറിട്ടുമാറലിനെ കേവലമായി പരിഗണിക്കാന്‍ ആനന്ദ് നിര്‍ബന്ധിതനാകുന്നു. വേറിട്ടുമാറിയ ഈ അവസ്ഥ പുനഃസംയോഗം ആവശ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. പക്ഷേ വേറിട്ടുമാറലിന് വഴിവച്ച അതേ പ്രക്രിയ മാത്രമേ പുനഃസംയോഗത്തിനും വഴിതുറക്കാന്‍ കെല്‍പുള്ളതായി അവശേഷിക്കുന്നുള്ളൂ. വാസ്‌തവത്തില്‍ ഉല്‍പാദനം, അന്യവല്‍ക്കരണം എന്നിവയെ ചരിത്രേതരമായ കേവലതയായി (ahistorical absolute) പരിഗണിക്കുന്നതാണ് ആനന്ദിനെ പ്രതിസന്ധിയിലാക്കുന്നത്. അതോടെ അസ്‌തിത്വത്തിന്റെ അന്തിമവിധിയെക്കുറിച്ച് സംസാരിക്കാന്‍ ആനന്ദ് നിര്‍ബന്ധിതനാകുന്നു. അങ്ങനെയാണ് മനുഷ്യാവസ്ഥ ശാശ്വതമായ ഒരു 'ഉദ്വിഗ്നത'യില്‍ ആണ്ടുപോകുന്നതായി വിലയിരുത്തപ്പെടുന്നത്. അന്യവല്‍ക്കരണം എന്ന ആദിഹേതുവില്‍നിന്നും പിറവികൊള്ളുന്നു എന്നതിനാല്‍ 'ശൂന്യതയുടെയും നാശത്തിന്റെയും ഇടയില്‍ വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട വിചിത്രാവസ്ഥ'യായി മാനുഷികാസ്‌തിത്വത്തെ മനസ്സിലാക്കാന്‍ ആനന്ദ് പ്രേരിപ്പിക്കപ്പെടുന്നു. ഒട്ടുവളരെ സംശയങ്ങളോടെ തന്നെയാണെങ്കിലും, ആനന്ദിന്റെ അന്വേഷണങ്ങള്‍, അദ്ദേഹത്തെ ആധുനികതയുടെ ജ്ഞാനസമുച്ചയത്തിലേക്കു തന്നെ മടക്കിക്കൊണ്ടു പോകുന്നു. മനുഷ്യനിലെ അതിഭൌതികസത്ത അവിടെ പല രൂപങ്ങളില്‍ അവശേഷിക്കുന്നു; കേവല നീതിയായി, പ്രാകൃതികമായ ആദിചലനമായി, മനുഷ്യാസ്‌തിത്വത്തെ നിര്‍ണയിക്കുന്ന അന്യവല്‍ക്കരണമായി, സ്വാതന്ത്ര്യേച്‌ഛ യായി, സംയോഗാത്മകക്രിയയായി അതവിടെയുണ്ട്. എങ്ങനെയൊക്കെ കുടഞ്ഞെറിഞ്ഞിട്ടും പിന്നെയും പിറകെയെത്തുന്ന ആദിഭൂതം.

ചരിത്രം എന്ന ഏകാങ്കനാടകം

സത്താവാദപരമായ ഈയൊരു സമീപനം തന്നെയാണ് ആനന്ദിന്റെ ചരിത്രാന്വേഷണങ്ങളുടേയും അടിത്തറ. ഭൂതകാലത്തിലരങ്ങേറിയ സംവാദങ്ങളെ അവയെ നിര്‍ണയിച്ച ബഹുമുഖമായ ബലതന്ത്രങ്ങള്‍ക്കകത്തുവച്ചല്ലാതെ നീതി, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള കേവലസങ്കല്‍പങ്ങളോട് ചേര്‍ത്തുവച്ച് പരിശോധിക്കാനും അര്‍ഥനിര്‍ണയം നടത്താനും അദ്ദേഹം ശ്രമിക്കുന്നത് ഇതിനാലാണ്. പ്രബുദ്ധതായുഗത്തിന്റെ ജ്ഞാനസമുച്ചയത്തില്‍ പിറവിയെടുത്തവ തന്നെയാണ് ഈ സങ്കല്‍പനങ്ങളോരോന്നും. ഇവയെ ചരിത്രത്തിലുടനീളം വേരോടിപ്പടര്‍ന്നുനില്‍ക്കുന്ന ഏകശിലാത്മകമായ പ്രേരണകളായി പരിഗണിക്കുക വഴി സ്വന്തം ചരിത്രാനുഭവത്തിന്റെ അര്‍ഥമണ്ഡലത്തെ മുഴുവന്‍ മനുഷ്യരാശിയിലേക്കും വ്യാപിപ്പിക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഇത് ആധുനികതയിലെ 'വിശ്വമാന'വന്റെ പുനരവതാരം തന്നെയാണ്. ('ബൂര്‍ഷ്വാസി സ്വന്തം മാതൃകയില്‍ ലോകത്തെ സൃഷ്‌ടിക്കുന്നു'വെന്ന് പറയപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.) വാസ്‌തവത്തില്‍ ഏതൊരു ചരിത്രാനുഭവവും അതിസങ്കീര്‍ണമായ എത്രയോ ബലങ്ങളുടെയും വിഭിന്നപ്രേരണകളുടെയും ആവര്‍ത്തനക്ഷമമല്ലാത്ത കൂടിക്കലരല്‍ വഴിയാണ് രൂപപ്പെടുന്നത്. ഒരേ പേരുകൊണ്ട് അഭിസംബോധന ചെയ്യപ്പെടുമ്പോഴും, ഈ ഓരോ ചരിത്രസന്ദര്‍ഭവും ഉള്‍ക്കൊള്ളുന്ന നീതി, സ്വാതന്ത്ര്യം തുടങ്ങിയ പരികല്‍പനകളുടെ പൊരുള്‍ പരസ്‌പരഭിന്നമായിരിക്കും. ഈ ഭിന്നസന്ദര്‍ഭങ്ങളെ ചേര്‍ത്തുവയ്‌ക്കാന്‍ നമ്മെ സഹായിക്കുന്ന ഏറ്റവും മികച്ച ഏകകമായി പരിഗണിക്കാവുന്നത് ഉല്‍പാദനസംവിധാനത്തെ നിര്‍ണയിക്കുന്ന ഭൌതികാസ്‌പദങ്ങളുടെ സ്വഭാവവും സ്വരൂപവും തന്നെയാണ്. പക്ഷേ, ഇവപോലും സമൂഹരൂപവല്‍ക്കരണത്തിന്റെ വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ (ഉല്‍പാദനബന്ധങ്ങള്‍ എന്ന നിലയില്‍ സദൃശ്യത പുലര്‍ത്തുമ്പോള്‍ തന്നെ) പുലര്‍ത്തുന്ന വൈജാത്യങ്ങള്‍ക്ക് ചരിത്രാന്വേഷണത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. (ഇന്ത്യന്‍ ഫ്യൂഡലിസത്തെ ക്കുറിച്ചുള്ള സമകാലികസംവാദം ഇവിടെ പ്രസക്ത മാണെന്നു തോന്നുന്നു.

ആദിമധ്യ കാലം (early medieval period) മുതലുള്ള ഉത്തരഭാരത ജീവിതത്തെ സംബന്ധിച്ച് ഭൌതികവാദപരമായ പൊതുനിഗമനങ്ങള്‍ പങ്കുവയ്‌ക്കുന്നവര്‍ തന്നെ ഫ്യൂഡലിസം ഇന്ത്യയിലുണ്ടെന്നും ഇല്ലെന്നും വാദിക്കുന്ന വിധത്തില്‍ വേറിട്ടുനില്‍ക്കുന്നത് നമുക്കവിടെ കാണാം.) ചരിത്രനിര്‍മിതിയിലുള്‍ച്ചേര്‍ന്ന ഭൌതികാസ്‌പദങ്ങളേക്കാള്‍ എത്രയോ ഏറിയ തോതില്‍ അമൂര്‍ത്തവും പ്രത്യയശാസ്‌ത്രഭരിതവും പ്രകരണനിഷ്‌ഠവുമാണ് നീതി, സ്വാതന്ത്ര്യം തുടങ്ങിയ ഏകകങ്ങള്‍. ഇരുമ്പിന്റെ ഉപയോഗം ഒരു സംസ്‌കൃതിയിലുളവാക്കിയ പരിവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നതുപോലെയല്ല ആ ജനതയുടെ നീതിബോധം അവരുടെ സമൂഹഘടനയെ നിര്‍ണയിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നത് (കല്ലും ചെമ്പും ഇരുമ്പും കൃഷിയും ഉല്‍പാദന രീതികളും ഉല്‍പാദന ഉപാധികളും എല്ലാം ഭാഷാപ്രശ്‌നങ്ങളാണെന്ന് കരുതുന്ന ഒരുതരം ഉത്തരാധുനിക ചരിത്രചിന്തയില്‍ ഇത് അത്ര പ്രസക്തമാവില്ല! ചരിത്ര പ്രശ്‌നങ്ങളെയപ്പാടെ ആഖ്യാനത്തിന്റെ പാഠപരതയിലേക്ക് ചുരുക്കിക്കെട്ടുന്ന ഒരാളായി, പക്ഷേ ആനന്ദ് മാറിത്തീര്‍ന്നിട്ടില്ല). ഉല്‍പാദനരീതി ഉള്‍പ്പെടെയുള്ള ഏതെങ്കിലുമൊരു ഏകകത്തെ മാത്രം മുന്‍നിറുത്തുന്ന യാന്ത്രികമായ ചരിത്രവിചാരങ്ങള്‍ ചരിത്രത്തെ അതിഭൌതികമായ വിശദീകരണങ്ങളില്‍ കൊണ്ടുചെന്നു തളയ്‌ക്കും എന്നിരിക്കെ ചരിത്രേതരമായ നീതി, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളെ കേന്ദ്രമാക്കുന്ന ചരിത്രചിന്ത അന്തിമമായി അതിനെ ഒരേകാങ്കനാടകമാക്കിത്തീര്‍ക്കും. പഴയ ഒരു തലക്കെട്ട് കടമെടുത്താല്‍ ചരിത്രം അവിടെ 'അതേ കഥയുടെ പുനരാഖ്യാനം' മാത്രമായി അവസാനിക്കും. ആനന്ദിന്റെ ചരിത്രവിചാരം ഇങ്ങനെയൊരു പതനത്തിലേക്ക് എത്തിപ്പെടുന്നുണ്ട്.

മധ്യേഷ്യയില്‍നിന്നും സിന്ധുഗംഗാതടത്തിലേക്ക് ആര്യന്മാരെ നയിച്ചത് സ്വാതന്ത്ര്യത്തോടുള്ള അവരുടെ അമിതമായ ആവേശമായിരുന്നു എന്ന് ആനന്ദ് എഴുതുന്നു. ഗംഗാതടങ്ങളിലെ ജീവിതവും കാര്‍ഷികവൃത്തിയും ഈ സ്വാതന്ത്ര്യാവേശത്തെ മയപ്പെടുത്താനും സാര്‍ഥകമാക്കാനും അവര്‍ക്കവസരം നല്‍കി. ഒരിക്കലും കെട്ടടങ്ങാതെ ഇടയ്‌ക്കിടെ പിന്‍വാങ്ങി നില്‍ക്കുക മാത്രം ചെയ്യുന്ന ഈ സ്വാതന്ത്ര്യമോഹം പലായനങ്ങളും കീഴടങ്ങലുകളും അഭയം തേടലുകളും കൊണ്ട് മുദ്രകുത്തപ്പെട്ട ചരിത്രത്തിന്റെ പിന്നാമ്പുറത്ത് എപ്പോഴുമുണ്ടായിരുന്നതായും ആനന്ദ് കരുതുന്നുണ്ട്. ചരിത്രം ഈ സ്വാതന്ത്ര്യേച്‌ഛയുടെ ഇതള്‍വിരിയലാണ്. (ഉല്‍പാദനപ്രക്രിയയില്‍ ഉടലെടുക്കുന്ന വൈരുധ്യങ്ങള്‍ സൃഷ്‌ടിക്കുന്ന അസ്വാതന്ത്ര്യമാണ് വര്‍ഗസമരങ്ങള്‍ക്ക് വഴിതുറക്കുന്നതെന്നും ആ അര്‍ഥത്തില്‍ വര്‍ഗസമരം തന്നെയും മാനുഷികമായ സ്വാതന്ത്ര്യേച്‌ഛയുടെ ആവിഷ്‌കാരമാണെന്നും ആനന്ദ് തുടര്‍ന്നു പറയുന്നുണ്ട്.) ഇവിടെ ചരിത്രാനുഭവങ്ങള്‍ ഒരു ഏകാത്മകാനുഭൂതിയുടെ ചരടില്‍ കോര്‍ക്കപ്പെട്ട, അതിഭൌതികമായ ഒരു നൈരന്തര്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

ചരിത്രാനുഭവങ്ങള്‍ അവയുടെ ബഹുമുഖപ്രേരണകളില്‍നിന്നും പ്രഭവങ്ങളില്‍നിന്നും വിടുതിനേടി ആധുനികതയുടെ യുക്തിവിചാരത്തിന്റെ മണ്ഡലത്തിലെ ഒരു കേന്ദ്രപ്രശ്‌നമായി - അത് നീതിയോ, സ്വാതന്ത്ര്യമോ, വ്യക്തിയുടെ സ്വയംനിര്‍ണയക്ഷമതയോ, ആത്മസാക്ഷാത്ക്കാരമോ ആകാം - ഒതുങ്ങിക്കൂടുന്നു. ഈ വെട്ടിച്ചുരുക്കലിലൂടെ കൈവരുന്ന സമഗ്രതാബോധമാണ് സഹസ്രാബ്‌ദങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവുമുള്ള സംഭവങ്ങളെ മുന്‍നിറുത്തിക്കൊണ്ട് മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന പൊതുവിധികള്‍ പ്രസ്‌താവിക്കാന്‍ ആനന്ദിനെ പ്രാപ്‌തനാക്കുന്നത്. ചരിത്രം ഒരു ദാര്‍ശനിക പ്രമേയമായി സംഗ്രഹിക്കപ്പെടുന്നതോടെ ചരിത്രാനുഭവങ്ങളുടെ പ്രകരണനിഷ്‌ഠതയും ബഹുമുഖത്വവും ഇവിടെ ഉപേക്ഷിക്കപ്പെടുന്നു. (ചരിത്രദര്‍ശനവും (Philosophy of History) ചരിത്രസിദ്ധാന്തവും (Theory of History) തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന വേളയില്‍ അലക്സ് കാലിനിക്കോസ് ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ട്.) ഇത് ചരിത്രത്തെ ചരിത്രേതരമായി പരിഗണിക്കുന്നതില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു. അതിഭൌതികമായ ആശയാവലികള്‍ക്കകത്ത് ചരിത്രത്തിന്റെ അന്തിമാര്‍ഥം തിരയുന്ന ചരിത്രദര്‍ശനങ്ങള്‍ക്ക് ആധുനികത ജന്മം നല്‍കിയതും ഇങ്ങനെയാണ്.

ചരിത്രാനുഭവങ്ങളെ ഏകാത്മക യോഗമാക്കിത്തീര്‍ക്കുന്ന ആധുനികപ്രവണതയ്‌ക്ക് 'ജൈവമനുഷ്യ' നില്‍ എത്രയും ഉദാഹരണങ്ങളുണ്ട്. മഗധന്‍ രാഷ്‌ട്രതന്ത്രത്തിന്റെ തുടര്‍ച്ചയില്‍ ഗുപ്‌തകാലത്തെ പ്രതിഷ്‌ഠിക്കുമ്പോഴും ഇസ്ളാമികകാലം നഗരവല്‍ക്കരണത്തിനു പുറത്ത് ഗ്രാമീണസമ്പദ്ഘടനയായി തന്നെ തുടര്‍ന്നുപോന്നതായി വിവരിക്കുമ്പോഴും (ഇതൊക്കെ ചരിത്രവസ്‌തുതകള്‍ എന്ന നിലയില്‍ പ്രാഥമികാര്‍ഥത്തില്‍ തന്നെ നിരസിക്കപ്പെടാവുന്ന നിഗമനങ്ങളാണ്) മധ്യേഷ്യന്‍ ആക്രമണങ്ങളെ കൊളോണിയലിസത്തിന്റെ മുന്നോടികളായി ഗണിക്കുമ്പോഴും (ആദ്യം മുസ്ളീം ആക്രമണകര്‍ത്താക്കള്‍, പിന്നെ യൂറോപ്യന്‍ കൊളോണിയലിസ്‌റ്റുകള്‍. ആരായാലും തങ്ങള്‍ അധീശശക്തികളാണെന്ന ബോധം അവര്‍ ഒരിക്കലും മനസ്സില്‍നിന്ന് കളഞ്ഞില്ല എന്ന് ആനന്ദ്) മഗധയുടേയും സ്‌റ്റേറ്റ് കാപ്പിറ്റലിസത്തിന്റേയും സ്വഭാവഘടന ഒന്നാണെന്ന് നിരീക്ഷിക്കുമ്പോഴും (മഗധന്‍ ഘട്ടത്തെ തുടര്‍ന്നുണ്ടായ മധ്യകാല നഗരവല്‍ക്കരണത്തിനും വ്യവസായയുഗത്തിനും ആധുനികമായ നഗരവല്‍ക്കരണത്തോടും വ്യവസായ യുഗത്തോടുമുള്ള സാദൃശ്യം ആനന്ദിന്റെ പരിഗണനയിലുണ്ട്) ബൌദ്ധസംസ്‌കാരം കൂടി ഉള്‍പ്പെടുന്ന ഹൈന്ദവ സംസ്‌കാരം എന്ന വിശദീകരണത്തിന് തുനിയുമ്പോഴും നഗരവല്‍ക്കരണത്തിന്റെ ചാക്രികാവര്‍ത്തനങ്ങള്‍ എന്ന സങ്കല്‍പം മുന്നോട്ടുവയ്‌ക്കുമ്പോഴുമെല്ലാം ഈ ഏകാത്മകദര്‍ശനമാണ് ആനന്ദിന്റെ ചരിത്രചിന്തയെ നിര്‍ണയിക്കുന്നത്. (ഇതുപോലെ എണ്ണിയെടുക്കാവുന്ന ഉദാഹരണങ്ങള്‍ ഇനിയും എത്രവേണമെങ്കിലും 'ജൈവമനുഷ്യനി'ല്‍ ഉണ്ടുതാനും.)

ചരിത്രാനുഭവങ്ങളുടെ സൂക്ഷ്‌മസന്ദര്‍ഭത്തെ മനസ്സിലാക്കുന്നതിലെ പരിമിതികള്‍ എന്ന നിലയില്‍ ചുരുക്കിക്കാണാവുന്ന കാര്യമല്ല ഇത്. കാരണം ഈ പ്രമേയങ്ങളെ മുന്‍നിറുത്തിയാണ് ആനന്ദ് ചരിത്രത്തിന്റെ പൊരുള്‍ തിരയുന്നത്. സ്ഥിതിയെ ഗതിയാക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം സ്ഥിതിയുടെ ഏകാത്മക സ്വരൂപത്തില്‍ നിന്നുമാണ് സമാഹരിക്കപ്പെടുന്നത് എന്നുവരുമ്പോള്‍ സ്ഥിതിവിവരത്തിലെ (വിവരണത്തിലെ) പരിഗണനകള്‍ എന്തെന്ന ചോദ്യം പരമപ്രധാനമാവുന്നു. സ്ഥിതിയുടെ ഏകാത്മക സംയോഗത്തില്‍നിന്നും ചരിത്രത്തെ അര്‍ഥനിര്‍ണയം ചെയ്യുന്ന ഒരു സമീപനരീതിയെ വിശകലനം ചെയ്യാന്‍ മുതിരുമ്പോള്‍ സ്ഥിതിയുടെ സ്വരൂപത്തെ അഴിച്ചു നോക്കേണ്ടതും അടുത്തുനിന്നു നോക്കേണ്ടതും അനിവാര്യമായിത്തീരുന്നു എന്നര്‍ഥം.

ചരിത്രം ഒരു ദാര്‍ശനികപ്രമേയമായത് ആധുനികതയുടെ ജ്ഞാനസമുച്ചയത്തിനുള്ളിലാണ്. പ്രബുദ്ധതായുഗം ചരിത്രത്തിന്റെ സുദീര്‍ഘപ്രയാണത്തിന്റെ പരമപദമായി സ്വയം കാണുകയായിരുന്നു. ഇത്തരമൊരു കാഴ്‌ച സാധ്യമാകണമെങ്കില്‍ ചരിത്രത്തെ അതിന്റെ ദൈനംദിനാവസ്ഥയില്‍ (everydayness) നിന്ന് പിഴുതെടുക്കപ്പെട്ടതും ഗഹനമായ അര്‍ഥത്താല്‍ നിറയ്‌ക്കപ്പെട്ടതുമായ ഒന്നായി മനസ്സിലാക്കിയേ തീരൂ. എങ്കില്‍ മാത്രമേ ഈ അര്‍ഥഗഹനയുടെ നിറവേറല്‍ എന്നനിലയില്‍ സ്വയം കണ്ടെത്താന്‍ കഴിയൂ. ആനന്ദിന്റെ ചരിത്രചിന്ത, നിരന്തരമായി ചരിത്രാനുഭവങ്ങളില്‍നിന്ന് അതിന്റെ ദൈനംദിനത്വത്തെ ചേറ്റിക്കൊഴിച്ചുകളയുന്നത് ഇത്തരം ചില ശാശ്വതാര്‍ഥ ങ്ങളിലേക്ക് എത്തിപ്പെടാന്‍ വേണ്ടിയാണ്. സ്ഥിതിയെ അഴിച്ചെടുത്ത് അതില്‍നിന്നും പെറുക്കിയെടുക്കുന്ന അതീതപ്രമേയങ്ങളെ മുന്‍നിറുത്തി ഗതിയെ വിശദീകരിക്കാനൊരുങ്ങുക വഴി ശാശ്വതസ്ഥിതിയാണ് ഗതി എന്ന് ധരിക്കാനാവുന്നു. ഇത്തരം സമീപനങ്ങളുടെ വിപരീതം എന്ന നിലയില്‍, പ്രകരണനിഷ്‌ഠമായ ചരിത്രാന്വേഷണത്തിന്റെ ഏറ്റവും മികച്ച ഉപാധിയായിരിക്കുന്നു എന്നതാണ്, ഉല്‍പാദന സംവിധാനത്തെ മുന്‍നിറുത്തിയുള്ള പഠനരീതിയുടെ മികവ്. പ്രകരണാതീതമായ കേവലമൂല്യങ്ങളില്‍ സന്നിഹിതമായിരിക്കുന്ന ചരിത്രത്തെയാണ് ആനന്ദ് തിരയുന്നത്. സ്ഥിതിഭേദങ്ങളെ അസാധുവാക്കുന്ന ഒന്നായി ഗതിയെ പരിഗണിക്കുന്ന ഈയൊരു ചരിത്രസമീപനമാണ് നാനാത്വത്തിലെ ഏകത്വമായി ദേശ-രാഷ്‌ട്രം ഉള്‍പ്പെടെ പലതിനും സാധൂകരണമാകുന്നത്. അവിടെ ചരിത്രം പലപ്പോഴായി പലര്‍ ചേര്‍ന്ന് ആടിത്തീര്‍ത്ത 'പലമ'യല്ല ഒരേയൊരാള്‍ (ഒരു ജൈവമനുഷ്യന്‍) ഒറ്റയ്‌ക്ക് ആടിത്തീര്‍ത്ത 'ഒരുമ'യാണ്. ഒരു ഏകാംഗ നടനം/ഏകാങ്ക നാടകം.

'ജൈവമനുഷ്യ'ന്റെ അവസാന അധ്യായത്തില്‍ ആനന്ദ് ഗുഹകളും കോട്ടകളും മുന്‍നിറുത്തിയുള്ള ഒരു രൂപകാത്മകവിചാരത്തിന് മുതിരുന്നുണ്ട്. ഒരര്‍ഥത്തില്‍ ചരിത്രത്തെക്കുറിച്ചുള്ള ആലോചനകളില്‍ താന്‍ കൈക്കൊണ്ട സൈദ്ധാന്തികസമീപനത്തിന് ആനന്ദ് നല്‍കുന്ന ഏറ്റവും ഫലപ്രദമായ ആവിഷ്‌കാരം കൂടിയാണത്. വ്യക്തിസത്തയുടെ സ്വാതന്ത്ര്യസമ്പത്ത് ക്രിയാത്മകമായ പ്രവൃത്തികളിലൂടെ ഒഴുകി സമൂഹത്തിലും പ്രകൃതിയിലും ലയിച്ചുചേരുന്നതാണ് ഗുഹകളുടെ നിര്‍മാണതത്വം എന്നദ്ദേഹം എഴുതുന്നു. എന്നാല്‍ ഭയവും ആശങ്കയും മനുഷ്യമനസ്സിനെ ഇടുങ്ങിയ വഴികളിലൂടെ നയിച്ച് സുരക്ഷ എന്ന് തോന്നുന്ന ബന്ധനത്തിലെത്തിക്കുന്നതാണ് കോട്ടകളെന്നും ആനന്ദ് വിവരിക്കുന്നു. ഇത്തരം രൂപകാത്മകവിചാരങ്ങള്‍ ചരിത്രചിന്തയില്‍ അസാധാരണമല്ല. ആധുനിക ചരിത്രദര്‍ശനങ്ങള്‍ വികസിച്ചത് ഇത്തരം രൂപകങ്ങളെ മുന്‍നിറുത്തിയാണു താനും. പക്ഷേ ആ ചരിത്രദര്‍ശനങ്ങള്‍ ഒട്ടേറെ പരിമിതികള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. അവ പൊതുവായി പങ്കുപറ്റുന്ന അത്തരം പരിമിതികള്‍ ആനന്ദിന്റെ ചരിത്രാന്വേഷണങ്ങളേയും നിയന്ത്രിക്കുന്നതു കാണാം.

സാമാന്യമായി പറഞ്ഞാല്‍ ചരിത്രാനുഭവങ്ങള്‍ക്ക് പ്രകരണങ്ങള്‍ക്ക് പുറത്ത് സാമാന്യാര്‍ഥം കല്‍പിക്കാനുള്ള ശ്രമങ്ങളാണ് ആധുനികത നടത്തിപ്പോന്നത്. പ്രകരണം പരമാവധി അവിടെ ഒരു പശ്ചാത്തലമായിരുന്നു; ഉള്ളടക്കമായിരുന്നില്ല. (ആധുനിക കലാചരിത്ര ചിന്തകന്മാര്‍ ഗുഹാചിത്രം എന്നെഴുതുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ഗുഹാരൂപങ്ങള്‍ക്ക് കൈവരുന്ന ചിത്രാത്മ കത്വം ആധുനികമായ ഒരു ജ്ഞാനസമുച്ചയത്തി നകത്ത് അതിനു കൈവന്ന സവിശേഷാര്‍ഥമാണ്. ഈ സവിശേഷാര്‍ഥത്തെ ശാശ്വതവല്‍ക്കരിക്കുകയും തുടര്‍ന്ന് ഗുഹാചിത്രത്തില്‍നിന്ന് ആധുനിക ചിത്രത്തിലേക്ക് ഒരു നേര്‍വഴി വരയ്‌ക്കുകയും അത് കലാചരിത്രമായിത്തീരുകയുമാണ് ചെയ്യുന്നത്.) ഗുഹകളും കോട്ടകളും ചരിത്രത്തിലെ മനുഷ്യാവസ്ഥയെ വ്യാഖ്യാനിക്കുന്ന രൂപകങ്ങളായിത്തീരുമ്പോള്‍ ആവര്‍ത്തിക്കുന്നതും ഇതുതന്നെയാണ്. ചരിത്രകാരന്മാര്‍ തന്റെ താരതമ്യത്തെ അനുവദിച്ചു തരാനിടയില്ല എന്നു പറഞ്ഞുകൊണ്ടാണ് ആനന്ദ് ഈ രൂപകാത്മകവിചാരം അവതരിപ്പിക്കുന്നത്. വാസ്‌തവത്തില്‍ ആധുനിക ചരിത്രദര്‍ശനത്തില്‍ മുഴുവന്‍ ഇത്തരമൊരു രൂപകാത്മകതയുണ്ട്. ആനന്ദ് കണ്ടെത്തുന്ന 'വ്യക്തിസത്തയിലെ സ്വാതന്ത്ര്യ സമ്പത്ത്' എന്ന അതിഭൌതികമൂല്യം തന്നെയാണ് അവിടെയും ഭിന്നരൂപങ്ങളില്‍ നിലനിന്നിരുന്നത്. ചരിത്രമെന്നത് ഈ സത്തയുടെ ഏറിയും കുറഞ്ഞുമുള്ള ആവിഷ്‌കാരമായി വീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിന് സാമാന്യാര്‍ഥങ്ങള്‍ നല്‍കിയത് ഈ സത്താ സങ്കല്‍പമാണ്. അറിയപ്പെട്ടും അറിയപ്പെടാതെയും അത് നമ്മുടെ ചരിത്രാവബോധത്തെ ഇപ്പോഴും നിര്‍ണയിച്ചുകൊണ്ടേയിരിക്കുന്നു. 'ജൈവമനുഷ്യനി'ലും, അത് സ്വന്തം ജീവിതം ജീവിച്ചുതീര്‍ക്കുന്നു.

******

സുനില്‍ പി. ഇളയിടം, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി,കാലടി, എറണാകുളം കടപ്പാട് :ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍