Tuesday, May 20, 2014

അരങ്ങുതകര്‍ത്താടുന്ന പെയ്ഡ് ന്യൂസ്

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ മൂവായിരം പെയ്ഡ് ന്യൂസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്. അതില്‍ 790 എണ്ണം പ്രഥമദൃഷ്ട്യാ തെളിവുള്ളതാണെന്ന് കമീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളുണ്ട്. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ചില പ്രാദേശിക കക്ഷിനേതാക്കളുടെയും പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുമുണ്ട്. പണംകൊടുത്ത് വാര്‍ത്ത നല്‍കി എന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അത്തരം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അയോഗ്യരാക്കപ്പെടുമെന്നുമാണ് കമീഷന്‍ പറയുന്നത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും "പെയ്ഡ് ന്യൂസ്" സങ്കല്‍പ്പത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രായോജകനുമായ അശോക് ചവാന്‍ സുപ്രീംകോടതിയെ സമീപിച്ച്, ഇതില്‍ തെരഞ്ഞെടുപ്പു കമീഷന്റെ ഇടപെടല്‍ വിലക്കാന്‍ ശ്രമിച്ചിരുന്നു. സുപ്രീംകോടതി ആ ഹര്‍ജി നിരസിച്ചു. തെരഞ്ഞെടുപ്പ് ചെലവു സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥാനാര്‍ഥികളെ അയോഗ്യരാക്കാന്‍ കമീഷന് അധികാരമുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍, സ്വന്തം കീര്‍ത്തിക്കും എതിരാളിയുടെ അപകീര്‍ത്തിക്കും മാധ്യമങ്ങള്‍ക്ക് പണംകൊടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന മ്ലേച്ഛമായ രീതിക്കെതിരെ മുന്നോട്ടുപോകാനുള്ള തടസ്സങ്ങള്‍ അതോടെ നീങ്ങിയില്ല.

പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പു കുറ്റമാക്കുന്ന നിയമ ഭേദഗതി വേണമെന്ന് കമീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തില്‍ പഴുതടച്ചുള്ള ഭേദഗതി വന്നാല്‍മാത്രമേ, പണംകൊണ്ട് ജനവിധി വിലയ്ക്കെടുക്കുന്ന പെയ്ഡ് ന്യൂസ് തടയാന്‍ കഴിയൂ എന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ ബാധിച്ച മഹാരോഗമായി മാറിയ പെയ്ഡ് ന്യൂസ് സമ്പ്രദായം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും താല്‍പ്പര്യപ്പെടും എന്ന് കരുതാനാകില്ല. ആ രണ്ട് പാര്‍ടികളുമാണ് മാധ്യമങ്ങളെ വിലയ്ക്കെടുത്ത് സ്വന്തം പ്രചാരണം നടത്തുന്നത് എന്നതുതന്നെ കാരണം. 2014ലെ തെരഞ്ഞെടുപ്പ് പണത്തിന്റെ മഹോത്സവമായിരുന്നു. കേവലം 31 ശതമാനം വോട്ടുമാത്രം നേടിയിട്ടും മോഡിയും ബിജെപിയും മഹാതരംഗം സൃഷ്ടിച്ചു എന്ന പ്രതീതിയുണ്ടാക്കിയതും അവിശ്വസനീയമായ കൗശലങ്ങളിലൂടെ മോഡിക്ക് അമാനുഷപരിവേഷം നല്‍കിയതും പതിനായിരം കോടിയോളം ചെലവിട്ട പ്രചാരണ പാക്കേജിന്റെ ഫലമായാണ്. ഇരുകക്ഷികളെയും നയിക്കുന്നത് വമ്പന്‍ കോര്‍പറേറ്റുകളാണ്. അവയുടെ കൈയിലാണ് മാധ്യമ ഉടമസ്ഥത. കോര്‍പറേറ്റ് മാധ്യമങ്ങള്‍ സ്വമേധയാ വാര്‍ത്ത സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ മുഖങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനു പുറമെയാണ്, കക്ഷികളും നേതാക്കളും പണംകൊടുത്ത് ഇതര മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നത്.

1959ലെ വിമോചന സമരകാലത്ത് കേരളത്തിലിറങ്ങിയ മുപ്പതു പത്രങ്ങളില്‍ ഇരുപത്താറും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു എന്ന് ഇ എം എസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും കഥ വ്യത്യസ്തമല്ല. ഇടതുപക്ഷ പാര്‍ടികളുടെ മുഖപത്രങ്ങളൊഴിച്ച്, മാധ്യമ രംഗമാകെ വലതുപക്ഷ രാഷ്ട്രീയത്തിന് സേവചെയ്യുന്നു. മൊത്തം പത്രപ്രചാരത്തിന്റെ സിംഹഭാഗവും കൈയടക്കിവച്ച രണ്ട് പ്രമുഖ പത്രങ്ങളില്‍ (അവയിലൊന്നിന്റെ തലവന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു) തെരഞ്ഞെടുപ്പുകാലത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വിശകലനംചെയ്താല്‍, വലതുപക്ഷത്തിനുവേണ്ടിയുള്ള മറയില്ലാത്ത വിടുപണിയാണ് കാണാനാവുക. പെയ്ഡ് ന്യൂസ് എളുപ്പം നിര്‍വചിച്ച് വേര്‍തിരിച്ചു കാണാവുന്ന പ്രതിഭാസമല്ല എന്നര്‍ഥം. ഈ പത്രങ്ങളുടെ തെരഞ്ഞെടുപ്പുകാലത്തെ മൊത്തം ചെലവ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ എഴുതേണ്ടിവരും. കേരളത്തില്‍ പെയ്ഡ് ന്യൂസ് ഇല്ല എന്ന ഏതാനും ശുദ്ധഗതിക്കാരുടെ വാദത്തിനുള്ള മറുപടിയാണ്, കഴിഞ്ഞ ദിവസം "ദേശാഭിമാനി" പുറത്തുവിട്ട ഒരു വാര്‍ത്ത. "ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല വാര്‍ത്ത നല്‍കുന്നതിന് പ്രതിഫലമായി മനോരമയ്ക്കും മാതൃഭൂമിക്കും മുന്‍കൂറായി പരസ്യനിരക്കിന്റെ മൂന്നിരട്ടിയിലധികം അനുവദിച്ചു" എന്ന വാര്‍ത്തയാണത്.

പബ്ലിക് റിലേഷന്‍സ് വകുപ്പ് നിശ്ചയിച്ച നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലേറെ കണക്കാക്കിയാണ് ഈ രണ്ടു പത്രങ്ങള്‍ക്ക് കൂറ്റന്‍ പരസ്യം നല്‍കിയത്. മറ്റ് മുഴുവന്‍ പത്രങ്ങള്‍ക്കും പിആര്‍ഡി നിരക്ക് കണക്കാക്കി പരസ്യം നല്‍കിയപ്പോള്‍ മനോരമയ്ക്ക് അരക്കോടിയും മാതൃഭൂമിക്ക് മുപ്പത്തഞ്ചു ലക്ഷത്തോളം രൂപയും അധികമായി നല്‍കി എന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളെ ഉദ്ധരിച്ചാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് രണ്ടു പത്രങ്ങള്‍ക്ക് കോഴ എന്നുതന്നെയാണിതിനര്‍ഥം. അങ്ങനെ വഴിവിട്ട് കാശുവാങ്ങുന്നവര്‍, യുഡിഎഫിനെ വഴിവിട്ട് സഹായിക്കാനും ബാധ്യസ്ഥരാണ്. കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് ആവര്‍ത്തിച്ച് ഈ പത്രങ്ങള്‍ എഴുതിയതിനും എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചതിനും പിന്നില്‍ പണമിടപാടുകള്‍ നടന്നു എന്ന് നിസ്സംശയം തെളിയിക്കുന്ന അനുഭവമാണിത്. സര്‍ക്കാര്‍ ഖജനാവില്‍നിന്നുപോലും പണം പ്രതിഫലംപറ്റിയാണ് ഈ മാധ്യമങ്ങള്‍ യുഡിഎഫ് സേവയും ഇടതുപക്ഷ വേട്ടയും നടത്തുന്നത്. പെയ്ഡ് ന്യൂസ് എന്ന വിപത്ത് കേരളത്തില്‍ എത്രമാത്രം വേരോടിയിട്ടുണ്ട് എന്ന അന്വേഷണത്തിലേക്കുള്ള ചൂണ്ടുവിരല്‍മാത്രമാണിത്. വലതുപക്ഷത്തില്‍നിന്ന് പ്രതിഫലം കണക്കുപറഞ്ഞു വാങ്ങി ഈ മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വളഞ്ഞിട്ടാക്രമിക്കുന്നു; കൃത്രിമമായ പൊതുബോധം സൃഷ്ടിക്കുന്നു; ജനങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ രണ്ടുകൊല്ലം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വാര്‍ത്തകളുടെ വൈപുല്യം ഞെട്ടിക്കുന്നതാണ്. സ്വതന്ത്രമായി തീരുമാനിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനാണ് പണംപറ്റി ഇവര്‍ കൂച്ചുവിലങ്ങിടുന്നത്. പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പുകാലത്തുമാത്രമുണ്ടാകുന്ന പ്രതിഭാസമല്ല എന്ന് ഈ അനുഭവത്തില്‍നിന്നുറപ്പിക്കാനാകും. തെരഞ്ഞെടുപ്പു കമീഷന്റെ ഇടപെടല്‍കൊണ്ടുമാത്രം അവസാനിപ്പിക്കാനാവുന്ന വിപത്തല്ല ഇത്. നിയമനിര്‍മാണമുണ്ടാകണം- ഒപ്പം വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും തുറന്നുകാട്ടാനുമുള്ള ഉയര്‍ന്ന മാധ്യമസാക്ഷരതയും ബോധവും സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ അന്തഃസത്തതന്നെ തകര്‍ക്കുന്ന പെയ്ഡ് ന്യൂസ് കച്ചവടത്തില്‍ കൊടുക്കുന്നവരെയും വാങ്ങുന്നവരെയും ഒരേപോലെ കുറ്റവാളികളായിക്കണ്ട് നഗ്നരാക്കേണ്ടതുണ്ട്; ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.
*
deshabhimani editorial