Friday, May 9, 2014

ബ്ലോഗ് കവിത എന്ന കണ്ണാടിമാളിക

ബ്ലോഗ് കവിത എന്നൊരു കാവ്യരൂപം യഥാര്‍ഥത്തില്‍ ഇല്ല. കവിത കല്ലിലെഴുതിയാലും ഓലയിലെഴുതിയാലും കടലാസ്സില്‍ എഴുതിയാലും സൈബര്‍ സ്പേസിലെഴുതിയാലും അത് കവിതയാണോ എന്നതാണ് പ്രാഥമികമായ ചോദ്യം. അതേ സമയം കൊണ്ടാടപ്പെടുന്ന ഇടങ്ങളില്‍നിന്ന് അകലംപാലിച്ച് വേറിട്ട ശബ്ദം കേള്‍പ്പിക്കാനുള്ള ബദല്‍ശ്രമങ്ങള്‍ എക്കാലത്തും നടന്നിട്ടുണ്ട്. അത് രൂപം, ഭാവം, ഭാഷ എന്നിവയിലെല്ലാം വ്യത്യസ്തമായ മാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സാമാന്യമായി നാമിതിനെ ഭാവുകത്വവ്യതിയാനം എന്ന് പറയും. അതുകൊണ്ട് ബ്ലോഗ് കവിതയെപ്പറ്റിയുള്ള ചര്‍ച്ചയില്‍ നവഭാവുകത്വം സൃഷ്ടിക്കാന്‍ ബ്ലോഗ് കവിതകള്‍ക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യമാണ് നാമുയര്‍ത്തേണ്ടത്.

അങ്ങനെ നോക്കിയാല്‍ പുതുകവിത എന്നപേരില്‍ വ്യവഹരിക്കുന്ന കവിതകള്‍ക്ക് നമ്മുടെ ആസ്വാദന ശീലങ്ങളില്‍ ചില ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന കവിതകളും. ഇന്നത്തെ നിലയില്‍ സമാന്തരപ്രസിദ്ധീകരണങ്ങളുടെ പട്ടികയില്‍ പെടുത്താവുന്നവയാണ് ബ്ലോഗ് രചനകള്‍. അതുകൊണ്ട് ബ്ലോഗ് സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സമാന്തര പ്രസിദ്ധീകരണങ്ങളുടെ രാഷ്ട്രീയമാണ് പ്രധാനമായി കടന്നുവരുന്നത്. സമാന്തരത്വം സാഹിത്യത്തില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. മണിപ്രവാളത്തോടൊപ്പം പാട്ടും സംസ്കൃതത്തോടൊപ്പം പച്ചമലയാളവും മാനകഭാഷക്കൊപ്പം അണ്ടന്റെയും അടകോടന്റെയും ഭാഷയും മലയാളത്തിന്റെ ചരിത്രത്തില്‍ സമാന്തരതകള്‍ സൃഷ്ടിച്ചു. വര്‍ഗപരമായി വിഭജിക്കപ്പെട്ട സമൂഹത്തിന്റെ വിവിധങ്ങളായ ആവിഷ്ക്കാരങ്ങളായിത്തന്നെ ഇവയെക്കാണേണ്ടിവരും.

പ്രാചീനസമൂഹങ്ങളില്‍ കല ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ഭക്ഷണത്തിലും അധ്വാനരൂപങ്ങളിലും പാര്‍പ്പിടനിര്‍മാണത്തിലും ആഭരണങ്ങളുണ്ടാക്കുന്നതിലും സൗന്ദര്യബോധത്തിന്റെ സാന്നിധ്യം നാം ഇന്നും അനുഭവിക്കുന്നുണ്ട്. പക്ഷേ ആധുനികസമൂഹത്തില്‍ അവയെ നാം കലയായി അംഗീകരിക്കുന്നില്ല എന്ന് മാത്രം. വര്‍ഗസമൂഹ രൂപീകരണത്തോടെയാണ് കല ജീവിതത്തില്‍നിന്ന് വേറിട്ട് നില്‍ക്കാനും ജീവിതത്തെ അകന്നുനിന്ന് നോക്കാനും ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഇത് വരേണ്യവിഭാഗങ്ങളില്‍ ഒതുങ്ങിനിന്നു. അധ്വാനത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട, മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഇത്തിക്കണ്ണികളായ കുലീനവര്‍ഗത്തിന് ധാരാളം ഒഴിവുവേളകള്‍ ലഭിച്ചപ്പോഴാണ് ജീവിതത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട കലയും സാഹിത്യവും പിറക്കുന്നത്. മുതലാളിത്തഘട്ടത്തില്‍ അധ്വാനത്തില്‍നിന്നുള്ള അന്യവല്‍ക്കരണം കൂടുതല്‍ വിപുലമായി.

സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം വിപുലമായ തൊഴില്‍വിഭജനത്തില്‍ കലാശിച്ചു. എണ്ണമറ്റ അധ്വാനരൂപങ്ങളെ സൃഷ്ടിച്ചു. അത് മനുഷ്യരുടെ കാലബോധത്തില്‍ പല പരിവര്‍ത്തനങ്ങളും ഉണ്ടാക്കി. വേല, വിശ്രമം, വിനോദം എന്ന് മനുഷ്യരുടെ രേഖീയ കാലസങ്കല്‍പ്പം വിഭജിക്കപ്പെട്ടു. യന്ത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന മനുഷ്യര്‍ അവരുടെ അന്യവല്‍ക്കരണത്തില്‍നിന്ന് രക്ഷനേടാന്‍ ശ്രമിച്ചത് കലയിലൂടെയും വിവിധങ്ങളായ കൂട്ടായ്മകളിലൂടെയുമായിരുന്നു. തങ്ങളുടെതന്നെ ജീവിതത്തെ പല മട്ടില്‍ നോക്കിക്കാണാന്‍ കലയും സാഹിത്യവും അവരെ പ്രേരിപ്പിച്ചു. ജീവിതത്തില്‍നിന്ന് പറിച്ചെറിയപ്പെട്ട കല ജീവിതത്തിലേക്ക് അത്യാവേശപൂര്‍വം തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തടയാന്‍ പലവിധ അധികാരസ്ഥാപനങ്ങള്‍ നടത്തുന്ന ശ്രമവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാണ് ആധുനികതയുടെ സൗന്ദര്യശാസ്ത്രം.

കല കലയ്ക്കുവേണ്ടിയാണോ ജീവിതത്തിനുവേണ്ടിയാണോ തുടങ്ങിയ ചോദ്യങ്ങളൊക്കെ ഈ സംഘര്‍ഷത്തിന്റെ ഫലമാണ്. കലാസാഹിത്യപ്രവര്‍ത്തനങ്ങളെ അന്യവല്‍ക്കരണത്തില്‍നിന്ന് വിമുക്തമാകാനുള്ള അന്വേഷണപ്രവര്‍ത്തനങ്ങളാക്കി മാറ്റിയതിന്റെ ദീര്‍ഘചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന സമൂഹമാണ് മലയാളിയുടേത്. നവോത്ഥാനം, ദേശീയപ്രസ്ഥാനം, കര്‍ഷക-തൊഴിലാളിമുന്നേറ്റങ്ങള്‍ എന്നിവയുടെയെല്ലാം സന്ദര്‍ഭങ്ങളില്‍ കലയും ജീവിതവും തമ്മിലുള്ള ബന്ധം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കടന്നുവന്നു. അന്യവല്‍കൃതമായ കലയും ജീവിതവും തമ്മിലുള്ള തര്‍ക്കം തന്നെയാണ് കലയിലെ രൂപവും ഭാവവും തമ്മിലുള്ള തര്‍ക്കമായി വളര്‍ന്നത്. മനുഷ്യന്‍-പ്രകൃതി, സ്ത്രീ-പുരുഷന്‍ എന്നിവര്‍ക്കിടയിലുള്ള ബന്ധത്തിലും ഈ അന്യവല്‍ക്കരണം നിലനിന്നു. ഇതെല്ലാംചേര്‍ന്ന് മനുഷ്യരുടെ സര്‍ഗാത്മകാവിഷ്ക്കാരങ്ങളെ സങ്കീര്‍ണമാക്കി. അന്യവല്‍ക്കരണത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നതോ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതോ ആയ കലാപ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിലുടനീളം സംവാദങ്ങള്‍ തീര്‍ത്തുകൊണ്ട് സമാന്തരമായി നീങ്ങി. അതുകൊണ്ട് സമാന്തര കലാസാഹിത്യപ്രവര്‍ത്തനങ്ങളുടെ ഉള്ളടക്കം വര്‍ഗസമൂഹത്തില്‍ വളര്‍ന്നുവരുന്ന സങ്കീര്‍ണമായ സമരങ്ങള്‍ തന്നെയാണ്. മലയാളത്തില്‍ ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരായി നടന്ന കലാപങ്ങളുടെ ജീവവായുവായിരുന്നു കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍. അന്ന് ഗൗരവമായ സാഹിത്യം ജനപ്രിയസാഹിത്യത്തില്‍നിന്ന് വേറിട്ട് നിന്നിരുന്നില്ല. എന്നാല്‍ കാലാന്തരത്തില്‍ (ജീവല്‍സാഹിത്യ പ്രസ്ഥാനത്തെത്തുടര്‍ന്ന് രംഗത്തുവന്ന ആധുനികസാഹിത്യത്തിന്റെ സന്ദര്‍ഭത്തില്‍) ഗൗരവമായ സാഹിത്യം/ ജനപ്രിയസാഹിത്യം എന്ന വേര്‍തിരിവ് പ്രകടമായി. മനുഷ്യരുടെ വിനോദവേളകളെ വിപ്ലവകരമായി പുനര്‍നിര്‍വചിക്കാനാണ് ജനകീയ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചതെങ്കില്‍ അതിനെ കമ്പോളത്തിന് കീഴ്പ്പെടുത്താനാണ് മൂലധനം ശ്രമിച്ചത്. ജനകീയകല പല കാരണങ്ങളാല്‍ തോല്‍പ്പിക്കപ്പെട്ടു. അതിന്റെ സ്ഥാനം ഒരുതരം വരേണ്യകല പിടിച്ചെടുത്തു. അതുകൊണ്ട് വരേണ്യകല/ ജനപ്രിയകല എന്ന വേര്‍തിരിവ് വിനോദവേളയെ പിടിച്ചെടുക്കാനായി മൂലധനശക്തികളും ജനകീയ ശക്തികളും പരസ്പരം നടത്തിയ ഏറ്റുമുട്ടലിന്റെ പുതിയ രൂപമായിരുന്നു. ജനപ്രിയകല കൂടുതല്‍ക്കൂടുതലായി കമ്പോളശക്തികള്‍ക്ക് കീഴ്പ്പെട്ടപ്പോള്‍ വരേണ്യകല (ആധുനിക കലയും സാഹിത്യവും അതിന്റെ വ്യാപ്തി പരിഗണിച്ചാല്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനകത്ത് ഒതുങ്ങിനിന്നു. അതിനുമുമ്പുണ്ടായിരുന്ന ജനകീയകലാപ്രസ്ഥാനത്തെ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിഭാഗങ്ങളും അവരുടെ സ്വന്തം ജീവിതത്തിന്റെ ഭാഗമായിക്കണ്ടു. എന്നാല്‍ ആധുനിക സാഹിത്യവും കലയും ഗൗരവമായ രാഷ്ട്രീയമാണ് കൈകാര്യം ചെയ്തതെങ്കിലും അതിന്റെ അതിസാങ്കേതികത്വം അതിനെ ജനങ്ങളില്‍നിന്ന് അകറ്റി. അതുകൊണ്ടാണ് വരേണ്യം എന്ന സംജ്ഞ ഇവിടെ ഉപയോഗിക്കുന്നത്. ഇതിനെ ആധുനികസാഹിത്യത്തിനെതിരെയുള്ള ഒരു ശകാരപദമായി കാണരുത്.)

മൂലധന ജീര്‍ണതയില്‍നിന്ന് പരമാവധി അകലം സൂക്ഷിക്കാന്‍ ശ്രമിച്ചു. ജനപ്രിയകല മൂലധനശക്തികളുടെ ജനവിരുദ്ധപ്രത്യയശാസ്ത്രത്തിലേക്ക് സമൂഹത്തെ ആകര്‍ഷിച്ചപ്പോള്‍ വരേണ്യകല ജനവിരുദ്ധരാഷ്ട്രീയത്തിന്റെ സൂക്ഷ്മതയിലേക്ക് അനുവാചകന്റെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് വളരെ സങ്കേതനിഷ്ഠമായിത്തീര്‍ന്നു. അതുകൊണ്ടുതന്നെ അതിന്റെ വിമര്‍ശനാത്മക സ്വഭാവത്തെ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെപോയി. ചുരുക്കത്തില്‍ ജനപ്രിയകല ജനവിരുദ്ധവും വരേണ്യകല സാങ്കേതികത്വം കൊണ്ട് ജനങ്ങള്‍ക്ക് അപ്രാപ്യവും ആയിത്തീര്‍ന്നു. ഇതുവഴി ആധുനികതയുടെ സന്ദര്‍ഭത്തില്‍ സമാന്തരധാരയായി വികസിക്കേണ്ടിയിരുന്ന കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വരേണ്യകലയായി മാറിനില്‍ക്കുകയാണ് ചെയ്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, കടമ്മനിട്ട, കെ ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ തീര്‍ത്തും രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നു. സാമാന്യജനതയുമായി സംവദിക്കണമെന്ന ആഗ്രഹം ആ കവിതകളുടെ അബോധമായിരുന്നു.

എന്നാല്‍ അവയുടെ ഭാവുകത്വപരിസരം ജനകീയമായിരുന്നില്ല. കടമ്മനിട്ട ജനകലയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചെങ്കിലും ആ കവിതകളുടെ ഭാവതലം ഏറെ ഉയര്‍ന്നതായിരുന്നു. ചുള്ളിക്കാടും കടമ്മനിട്ടയും കാവ്യാലാപനത്തെ ചൊല്‍ക്കാഴ്ചകളാക്കി മാറ്റി. തെരുവുകളില്‍നിന്ന് അവര്‍ കവിതകളാലപിച്ചു. ജനങ്ങളത് കേള്‍ക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ആ കവിതകള്‍ ഭാവപരമായി വിനിമയം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അതേ സമയം കലാലയങ്ങളിലും ബുദ്ധിജീവികളായ ചെറുപ്പക്കാരിലും അത് ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ജോണിന്റെയും രവീന്ദ്രന്റെയും പവിത്രന്റെയും മറ്റും സിനിമകള്‍ക്കും ഈ പരിമിതിയുണ്ടായിരുന്നു. വരേണ്യം/ ജനപ്രിയം എന്ന വിഭജനത്തിലൂടെ നമ്മുടെ ഭാവുകത്വം പിളര്‍ന്നുനിന്നതിന്റെ അനന്തരഫലം കൂടിയായിരുന്നു അടിയന്തരാവസ്ഥയോടുള്ള നമ്മുടെ പ്രതികരണം. സാമ്രാജ്യത്വത്തോടും ജന്മിത്തത്തോടും പോരടിച്ചതുപോലുള്ള ഒരു ജനകീയമുന്നേറ്റം അടിയന്തരാവസ്ഥക്കെതിരെ ഉണ്ടായില്ല. അത് പ്രധാനമായും കലാശാലാ ക്യാമ്പസുകളിലും ബുദ്ധിജീവികള്‍ക്കിടയിലും ഒതുങ്ങിനിന്നു. അര്‍ധഫാസിസത്തിന്റെ രാഷ്ട്രീയം ജനങ്ങളെ പഠിപ്പിക്കുക ശ്രമകരമായിരുന്നു. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥ കഴിഞ്ഞുവന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നു. പക്ഷേ ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. മലയാളിയുടെ ചിന്താലോകം പുതിയ ത്രസിപ്പുകള്‍ ഏറ്റുവാങ്ങി. സമാന്തരചിന്തകൊണ്ടും പ്രസിദ്ധീകരണങ്ങള്‍കൊണ്ടും നമ്മുടെ ഭാഷ സമൃദ്ധമായി. യെനാന്‍, സമസ്യ, തെറ്റാടി, സംക്രമണം, ലിപി, വാക്ക്, പ്രേരണ എന്ന് തുടങ്ങി പാഠഭേദം വരെ ശ്രദ്ധേയമായ നിരവധി പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ടായത് അടിയന്തരാവസ്ഥയോടുള്ള പ്രതികരണത്തിന്റെ തീക്ഷ്ണബുദ്ധികളില്‍നിന്നാണ്. ഈ സമാന്തരത മാസികാപ്രസിദ്ധീകരണത്തില്‍ ഒതുങ്ങിനിന്നില്ല. ലാറ്റിനമേരിക്കന്‍ കഥകളും കവിതകളും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത് ഇക്കാലത്താണ്. മാര്‍ക്സിസത്തിന്റെ മണ്ഡലത്തില്‍ ഗൗരവബുദ്ധികളായ പലരും സൈദ്ധാന്തികമായ അന്വേഷണങ്ങള്‍ നടത്തി. ജനകീയ അടിത്തറ വികസിപ്പിക്കാനായില്ലെങ്കിലും കല, സാഹിത്യം, തത്വചിന്ത എന്നീ മണ്ഡലങ്ങളില്‍ അതിശക്തമായ പുനരാലോചനകള്‍ ഈ ഘട്ടത്തില്‍ നടന്നു. ചുരുക്കത്തില്‍ പാട്ടുപ്രസ്ഥാനത്തിന്റെ കാലം തുടങ്ങി അടിയന്തരാവസ്ഥയുടെ ഘട്ടംവരെ മലയാളത്തിലെ സമാന്തരത്വം രാഷ്ട്രീയമായി നിര്‍വചിക്കപ്പെട്ടിരുന്നു.

എന്നാല്‍ ബ്ലോഗ് കവിതകളുടെ സാന്നിധ്യം ഇത്തരമൊരു രാഷ്ട്രീയസന്ദര്‍ഭത്തെ അടയാളപ്പെടുത്തുന്നുണ്ടോ? സൂക്ഷ്മപരിശോധനയില്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. ബ്ലോഗ്കവിതയില്‍ രാഷ്ട്രീയവിഷയങ്ങള്‍ കടന്നുവരുന്നില്ല എന്നല്ല പറഞ്ഞതിനര്‍ഥം. പ്രണയം, പരിസ്ഥിതി, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, പലതരത്തിലുള്ള ഹിംസകള്‍ എന്നിവയോടെല്ലാം ബ്ലോഗ്കവികള്‍ പ്രതികരിക്കുന്നുണ്ട്. പ്രധാനമായും പ്രവാസികളായ മലയാളികളാണ് ബ്ലോഗ്കവിതയില്‍ സജീവമായി നിലയുറപ്പിച്ചിരിക്കുന്നത്. അതില്‍ നല്ലൊരുപങ്ക് സ്ത്രീകളാണ്.

തൊഴിലിടത്തിലെയും ഗാര്‍ഹികാന്തരീക്ഷത്തിലെയും മടുപ്പില്‍നിന്നുള്ള മോചനമാണ് ബ്ലോഗ് രചനയിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളോടുള്ള ചില വൈകാരിക പ്രതികരണങ്ങളാണ് ബ്ലോഗ് കവിതകളില്‍ പലതും. ടി പി ചന്ദ്രശേഖരന്‍ കൊലപാതകം, ഡല്‍ഹി മാനഭംഗം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ആം ആദ്മി പാര്‍ടി എന്നീ വിഷയങ്ങളോട് പ്രതികരിച്ചുകൊണ്ട് ധാരാളം കുറിപ്പുകളും വിശകലനം എന്ന് തോന്നിക്കുന്ന പ്രബന്ധങ്ങളുംവരെ ബ്ലോഗില്‍ക്കാണാം. അതിനിടയില്‍ ഉള്ളടക്കത്തില്‍ വലിയ വ്യത്യാസമില്ലാതെ ചില കവിതകളും. പലപ്പോഴും വരിമുറിച്ചെഴുതുന്നു എന്നത് മാത്രമാണ് അവ കവിതയാണെന്ന് തിരിച്ചറിയാനുള്ള ഏക വഴി. രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വിഷയങ്ങള്‍ അധികരിച്ചുകൊണ്ടുള്ള കവിതകളുണ്ടെന്ന് കരുതി അവയെ രാഷ്ട്രീയകവിതകള്‍ എന്ന് വിളിക്കാനാവില്ല.

മുലകളെക്കുറിച്ചെഴുതാന്‍/ മുലകളെവിടെ/മുളക്കും മുമ്പെ അവ പറിച്ചെറിഞ്ഞില്ലേ? എന്ന വരികളില്‍ രാഷ്ട്രീയമുണ്ട്. പക്ഷേ ഈ ബ്ലോഗ് കവിതയെ രാഷ്ട്രീയകവിത എന്ന് വിളിക്കാനാവില്ല. കാരണം അതില്‍ കവിതയുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നില്ല. ഭാഷയുടെ സന്ദിഗ്ധതകളില്‍ കുഴിച്ച് യാഥാര്‍ഥ്യത്തിന്റെ മറുപുറത്തെത്താനുള്ള ശേഷിയാണ് കവിതയുടെ രാഷ്ട്രീയം. അര്‍ഥത്തിന്റെ ബഹുതലങ്ങളിലേക്ക്, സംഘര്‍ഷങ്ങളിലേക്ക്, വായനക്കാരെ കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ കവിതക്ക് അതിന്റെ രാഷ്ട്രീയ ചക്രവാളങ്ങള്‍ക്ക് തീ കൊളുത്താനാവില്ല. സമാന്തരത്വം കൊണ്ടുമാത്രം ഒരു കവിതയും രാഷ്ട്രീയകവിതയാകുന്നില്ല. മറിച്ച് രാഷ്ട്രീയത്തിലെ സമാന്തരത്വത്തെ കണ്ടെത്തുമ്പോഴാണ് അതിനെ നാം രാഷ്ട്രീയകവിതയായി തിരിച്ചറിയുന്നത്. പി പി രാമചന്ദ്രനും വീരാന്‍ കുട്ടിയും സോമന്‍ കടലൂരും ശ്രീജിത്ത് അരിയല്ലൂരും ബ്ലോഗില്‍ കവിതയെഴുതുന്നവരാണ്. പക്ഷേ അവര്‍ കവിതകൊണ്ടുതന്നെയാണ് നമ്മുടെ ഭാവുകത്വത്തെ പരിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ആവിഷ്ക്കാരത്തിന് അവര്‍ക്ക് ബ്ലോഗ് എന്ന ഒരു പുതിയ പ്രതലം കിട്ടി എന്നുമാത്രം. എന്നാല്‍ ബ്ലോഗ്കവിതകള്‍ എന്ന പേരില്‍ നാം വായിക്കുന്ന കവിതകളേറെയും കവിതയും രാഷ്ട്രീയവുമില്ലാത്ത ചില വ്യാമോഹങ്ങള്‍ മാത്രമാണ്. അവ സത്യത്തില്‍ ഒന്നിനെയും വെല്ലുവിളിക്കുന്നില്ല.

മെക്ലൂഹന്‍ പറയുന്നതുപോലെ ഒരുതരം കൂള്‍മീഡിയയായി ബ്ലോഗ് പ്രവര്‍ത്തിക്കുന്നു എന്ന് മാത്രം. നിങ്ങള്‍ക്ക് തോന്നുന്ന ചില അഭിപ്രായങ്ങള്‍ നിങ്ങള്‍ പറയുന്നു, ചില സുഹൃത്തുക്കള്‍ അതിനോട് ഉടന്‍ പ്രതികരിക്കുന്നു. പത്രാധിപര്‍ എന്ന ഒരു ശല്യം ഒഴിവായി എന്ന് മാത്രം. ചലിക്കുന്ന ചിത്രങ്ങളും ശബ്ദങ്ങളും ഫോട്ടോഗ്രാഫുകളും അകമ്പടി സേവിച്ചെത്തുന്ന ബ്ലോഗ് കവിതകളേറെയും കവിയശഃപ്രാര്‍ത്ഥികളുടെ പരിദേവനങ്ങള്‍ മാത്രമാണ്. ഒരു കാലഘട്ടത്തിന്റെ കവിത എന്ന നിലയ്ക്ക് ബ്ലോഗ് കവിതകള്‍ ഒരു രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനുള്ള പക്വത ഇനിയും നേടിയിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തെ പ്രസിദ്ധീകരണങ്ങളോട് താരതമ്യം ചെയ്യാനുള്ള ഒരു വിനിമയശേഷിയും അവ കൈവരിച്ചുകഴിഞ്ഞിട്ടില്ല.

""എണ്ണമറ്റ ബലാല്‍ക്കാരങ്ങളാല്‍ /കൊല്ലപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങളില്‍നിന്ന്/ ഒരു തണുത്ത കാറ്റ് ഇറങ്ങിവരുന്നു...""സമകാല സമൂഹത്തെ അടയാളപ്പെടുത്താന്‍ ഈ വരികള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അവയ്ക്ക് അഭിധയുടെ തലത്തില്‍നിന്ന് വ്യഞ്ജനയുടെ തലത്തിലേക്ക് ഒരു ടെയ്ക്ക്ഓഫ് നടത്താനുള്ള ശേഷിയില്ല. കാരണം അതിന് കവിതയുടെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ചീരാമനും എഴുത്തച്ഛനും ആശാനും വൈലോപ്പിള്ളിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും കെ ജി എസും ദൈനംദിനത്തിന്റെ മറുപുറം കണ്ടെത്തിയത് കവിതയിലൂടെത്തന്നെയായിരുന്നു. അതേവിധം കവിതയെ പരിചരിക്കാന്‍ ശേഷിയുള്ളവര്‍ പുതുതലമുറയില്‍ ധാരാളമുണ്ട്. പക്ഷേ ബ്ലോഗ്കവികള്‍ എന്ന നിലയിലല്ല അവര്‍ അവരുടെ അസ്തിത്വം ഉറപ്പിച്ചിട്ടുള്ളത്. "ഒരു ഫെമിനിസ്റ്റിനെ പ്രണയിക്കുമ്പോള്‍"എന്ന ശ്രീജിത്തിന്റെ കവിത ഒരു ബ്ലോഗ് കവിതയാണ്. പക്ഷേ ഈ കവിത ആഖ്യാതാവിന്റെ സ്ഥാനത്തെ സമര്‍ഥമായി ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.

നിങ്ങള്‍ക്ക് പിടിതരാത്ത ഈ ആഖ്യാനപദവി കവിതയെ സന്ദിഗ്ധമാക്കുന്നു. അതോടെ കവിത രാഷ്ട്രീയമായ മാനങ്ങള്‍ കൈവരിക്കുന്നു. ആഖ്യാനത്തിന്റെ സവിശേഷകലയാണ് മറ്റേതൊരു സാഹിത്യരൂപത്തെയും എന്നതുപോലെ കവിതയും. അത് തിരിച്ചറിയാന്‍ കഴിയാത്ത ശിശുക്കളാണ് കവിതയെക്കുറിച്ചുള്ള നേഴ്സറി ധാരണകളുമായി ബ്ലോഗില്‍ സ്വന്തം കഴിവുകേടുകളുടെ ഭാണ്ഡം തുറന്നുവച്ചിരിക്കുന്നത്. അതുകൊണ്ട് ബ്ലോഗ്കവിതകളെ ഇപ്പോഴത്തെ നിലയില്‍ സമാന്തരകവിതകളായി പരിഗണിക്കാനാവില്ല. നവമുതലാളിത്തം സൃഷ്ടിച്ചിട്ടുള്ള തൊഴില്‍രൂപങ്ങള്‍ വലിയ അളവില്‍ മനുഷ്യനില്‍ അന്യവല്‍ക്കരണം സൃഷ്ടിച്ചിട്ടുണ്ട്. ഈ അന്യവല്‍ക്കരണം അവരുടെ ആത്മാവിഷ്ക്കാരത്തെ തടയുന്നു. ഇരുപത്തിനാല് മണിക്കൂറും തൊഴിലാളിയായി ജീവിക്കേണ്ടിവരുന്ന തന്റെ അധ്വാനത്തെ ആര്‍ക്കുവേണ്ടിയാണ് താന്‍ വില്‍ക്കുന്നതെന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത ഈ പ്രവാസിമലയാളി തന്റെ ദേശകാലങ്ങളെ പുനഃസൃഷ്ടിക്കാന്‍ നടത്തുന്ന വ്യാജശ്രമങ്ങളാണ് ബ്ലോഗുകളില്‍ പലതും. മാര്‍ക്കറ്റിന് നിങ്ങളെ ആരുമാക്കിത്തീര്‍ക്കാന്‍ കഴിവുണ്ടെന്ന വ്യാമോഹം അതുല്‍പ്പാദിപ്പിച്ചുകൊണ്ടേയിരിക്കും. എഴുത്തിന്റെ സൈബര്‍സ്പേസ് അത്തരത്തിലൊരു വ്യാമോഹം കവിയശഃപ്രാര്‍ത്ഥികളില്‍ ഉണ്ടാക്കിയിട്ടുണ്ട്.

വീട്ടമ്മപദവിയും പുത്തന്‍തൊഴില്‍രൂപങ്ങളും മനുഷ്യനില്‍ സൃഷ്ടിക്കുന്ന അന്യവല്‍ക്കരണത്തിന്റെ ആഴം വെളിപ്പെടുത്തുന്നതില്‍ക്കവിഞ്ഞ രാഷ്ട്രീയധര്‍മം നിറവേറ്റാന്‍ ബ്ലോഗ് കവിതകള്‍ക്ക് ഇപ്പോഴത്തെ നിലയ്ക്ക് കഴിയുന്നില്ല. ധാരാളം പേര്‍ കവിതകളെഴുതാന്‍ തുടങ്ങിയതോടെ കവിതയുടെ മണ്ഡലത്തിലെ ഉച്ചനീചത്വം അവസാനിച്ചുവെന്നും അവിടെ ജനാധിപത്യം പുലരാന്‍ തുടങ്ങിയെന്നും മറ്റുമുള്ള വാദങ്ങള്‍ അത്ര യുക്തിസഹമാണെന്ന് തോന്നുന്നില്ല. മുക്തകങ്ങളും ശ്ലോകങ്ങളും എഴുതിയെഴുതി കൈകുഴഞ്ഞ എത്രയോ പേര്‍ മുമ്പുണ്ടായിരുന്നു. കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരെ എന്നത് എക്കാലത്തെയും മലയാളകവികളുടെ ആദര്‍ശമായിരുന്നു. പക്ഷേ അതൊന്നും കവിതയെ സമാന്തരരാഷ്ട്രീയത്തിന്റെ സവിശേഷ ഭൂഖണ്ഡമാക്കി മാറ്റിയില്ല. അതുകൊണ്ട് ഇന്നത്തെ ബ്ലോഗ്കവിതകള്‍ അധികവും സ്വന്തം പ്രതിച്ഛായകള്‍കൊണ്ടുമൂടിയ ഒരു കണ്ണാടിമാളികയാണ്. ആത്മരതിക്കപ്പുറം മറ്റെന്തെങ്കിലും ധര്‍മം നിര്‍വഹിക്കാന്‍ കഴിയുംവിധം അവ ഇനിയും വളരേണ്ടിയിരിക്കുന്നു.

*
ഡോ. അനില്‍ ചേലേമ്പ്ര ദേശാഭിമാനി വാ‍രിക

No comments: