Thursday, May 8, 2014

വിദ്യാഭ്യാസ അവകാശനിയമവും കോടതിവിധിയും

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചും മാതൃഭാഷാ പഠനം സംബന്ധിച്ചും സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. അതുപോലെ മാതൃഭാഷാ പഠനം നിര്‍ബന്ധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ല എന്നും വിധിന്യായം പുറപ്പെടുവിച്ചു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ് ഈ വിധിന്യായങ്ങള്‍. ഇതുസംബന്ധിച്ച് വിശദവും ആഴത്തിലുള്ളതുമായ ജനകീയ സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ വസ്തുതകള്‍ കോടതിക്കു മുമ്പില്‍ കൊണ്ടുവന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം. എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍തന്നെ ഉയര്‍ന്ന ആവശ്യമാണ്. ഭരണകൂടങ്ങളുടെ ഇഛാശക്തിയില്ലായ്മ മൂലം സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ആവശ്യം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുനിഷ്ഠ സാഹചര്യമാണ് 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ നിര്‍ബന്ധിതമാക്കിയത്. ഇതുപ്രകാരം ആറുമുതല്‍ പതിനാലു വയസ്സുവരെയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. കുട്ടികളുടെ വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയായി മാറി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ 25 ശതമാനം സീറ്റുകളില്‍ തൊട്ടടുത്ത പ്രദേശത്തെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. പഠിക്കാന്‍ അയല്‍പക്കങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്ലാത്ത പ്രദേശങ്ങളില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരുന്നു ഈ വ്യവസ്ഥ. സ്വാഭാവികമായും വരേണ്യ സ്കൂളുകളിലെ മാനേജര്‍മാര്‍ ഈ വ്യവസ്ഥയെ ചോദ്യംചെയ്തു. ഈ തര്‍ക്കമാണ് ഇത്തരം ഒരു വിധിയിലേക്ക് എത്തിച്ചേരാന്‍ ഇടവരുത്തുന്നത്. ഈ വിധി ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിക്കുക. സ്കൂള്‍ പ്രവേശനത്തിനുള്ള സൗകര്യങ്ങള്‍ കുറഞ്ഞ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദുര്‍ബല വിഭാഗക്കാരായ ഒട്ടേറെ കുട്ടികളുടെ പഠനത്തെ ഇത് ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, സമഭാവന, പാരസ്പര്യം എന്നിവയൊക്കെ അനുഭവങ്ങളിലൂടെ സ്വായത്തമാക്കാനുള്ള പൊതുഇടങ്ങളാവണം സ്കൂളുകള്‍. നാട്ടിലെ വിവിധ വിഭാഗം കുട്ടികള്‍- അവര്‍ വ്യത്യസ്ത മതസ്ഥരാവാം, വ്യത്യസ്ത വിശ്വാസ പ്രമാണങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാകാം, വ്യത്യസ്ത സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരാകാം- ഒരുമിച്ചുചേര്‍ന്ന് ജീവിച്ചു പഠിക്കുമ്പോഴാണ് നേരത്തെ സൂചിപ്പിച്ച മൂല്യബോധമുണ്ടാവുക. അതിന് ഉത്തമ ഉദാഹരണമാണ് നമ്മുടെ കേരളം. ഇന്ത്യയില്‍ പലയിടങ്ങളില്‍ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയ ചിന്താധാര ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാനുള്ള സ്വാതന്ത്ര്യത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗം നടത്തുന്ന ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തിയുണ്ട്. നൂറ്റാണ്ടുകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുടുംബങ്ങളില്‍നിന്ന് എത്തുന്ന ഒന്നാം തലമുറ കുട്ടികള്‍ സ്കൂളുകളില്‍ തുടര്‍ന്ന് പഠിക്കണമെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന സാംസ്കാരിക അന്തരീക്ഷം ഉണ്ടാവണം. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള നയങ്ങളും പരിപാടികളും അനിവാര്യമാണ്. എന്നാല്‍, കേരളത്തിലെ സ്ഥിതി തികച്ചും വിഭിന്നമാണ്. നവോത്ഥാന മുന്നേറ്റങ്ങളും ഇടതുപക്ഷ മുന്നേറ്റങ്ങളും സാമുദായിക സംഘടനകളും വ്യക്തികളും ഒക്കെ നടത്തിയ വിവിധങ്ങളായ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായുള്ള സാമൂഹിക പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തിനായി മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും കേരള ചരിത്രത്തിന്റെ ഭാഗമാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപരിഷ്കരണംപോലുള്ള ജനപക്ഷ പരിപാടികള്‍ സമൂഹത്തിന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും മാറ്റിമറിച്ചു. ഇതിന്റെ പ്രതിഫലനം വിദ്യാഭ്യാസരംഗത്താണ് കൂടുതല്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാരിനൊപ്പം എയ്ഡഡ് വിദ്യാലയങ്ങളും അതില്‍തന്നെ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് വിദ്യാലയങ്ങളും നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് കേരളത്തില്‍ ഭൂരിപക്ഷം എയ്ഡഡ് വിദ്യാലയങ്ങളും ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിലുള്ളതാണ്. അണ്‍എയ്ഡഡ് മേഖലയിലും ന്യൂനപക്ഷ മാനേജ്മെന്റുകള്‍ സജീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം ഓരോ പ്രദേശത്തിന്റെയും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തി വേണം നടപ്പാക്കേണ്ടത്. കേരളത്തില്‍ എല്ലാ കുട്ടികള്‍ക്കും പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി പൊതു വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയിലായാലും എയ്ഡഡ് മേഖലയിലായാലും നിലവിലുണ്ട്. ആവാസഘടനയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അപൂര്‍വം ചിലയിടങ്ങളില്‍ സ്കൂളുകള്‍ ആവശ്യമായി വന്നേക്കാം. ശാസ്ത്രീയമായ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇതു ചെയ്യാവുന്നതേയുള്ളൂ. ഇതിനായുള്ള ശ്രമം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതുമാണ്.

ദേശീയതലത്തില്‍ 25 ശതമാനം സീറ്റ് പ്രൈവറ്റ്-അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണംചെയ്യണമെന്നത് പ്രസക്തമാവുമെങ്കില്‍ കേരളത്തിലത് തികച്ചും അപ്രസക്തമാണ്. ഇവിടെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം പല കാരണങ്ങളാല്‍ കുറഞ്ഞുവരികയാണ്. അതുകൊണ്ട് പൊതുവിദ്യാലയങ്ങളുടെ ഗുണത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലാവശ്യം. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കൃത്യമായ ആസൂത്രണത്തോടെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ തോതില്‍ വിജയിച്ചത് കേരളീയ സമൂഹം കണ്ടറിഞ്ഞതാണ്. അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളാണ് തിരുത്തപ്പെടേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 25 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതിനായി നീക്കിവയ്ക്കുന്ന ഏതൊരു തുകയും കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കേണ്ടത്. ശാസ്ത്രീയമായ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ ആവശ്യമാണ് എന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ ന്യൂനപക്ഷ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. ദേശീയ അടിസ്ഥാനത്തിലും ഈ വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്ത് ഒരു പ്രദേശത്തെ എല്ലാ കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികമായ ഉത്തരവാദിത്തമാണെന്നും അതില്‍ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്തണം. ഇതിന് നേതൃത്വം എടുക്കേണ്ടത് സര്‍ക്കാരുകളാണ്.

ഇതുപോലെ അതിനിര്‍ണായകമാണ് പഠന മാധ്യമം സംബന്ധിച്ച വിധിയും. മാതൃഭാഷയിലുള്ള പഠനമാണ് കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും അറിവുനേടല്‍ പ്രക്രിയയെ സുഗമമാക്കുന്നതും എന്നത് ലോകമെമ്പാടും അംഗീകരിച്ച വിദ്യാഭ്യാസ സമീപനമാണ്. കുട്ടിയുടെ പരിചിതമായ ലോകത്തില്‍നിന്നാണ് മാതൃഭാഷയിലൂടെ അനന്തമായ ലോകത്തെ കാണാനും വ്യാഖ്യാനിക്കാനും ഏറെ എളുപ്പം. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളിലൊന്നുംതന്നെ ഒരുവിധ തര്‍ക്കങ്ങളുമില്ല. അധ്യാപകര്‍ക്ക് പഠന അനുഭവങ്ങള്‍ പ്രദാനംചെയ്യാനും അറിവിന്റെ നിര്‍മിതിക്കായി കുട്ടിയെ സജ്ജമാക്കാനും മാതൃഭാഷ ഏറെ സഹായകമാണ്. കുട്ടിയും രക്ഷിതാവുമാണ് പഠന മാധ്യമം തെരഞ്ഞെടുക്കേണ്ടത് എന്ന സുപ്രീംകോടതി വിധി ഒട്ടേറെ വിദ്യാഭ്യാസ പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട്. അഞ്ചു വയസ്സായ ഒരു കുട്ടിക്ക് പഠനമാധ്യമം ഏതു വേണമെന്ന് നിര്‍ണയിക്കാനുള്ള മാനസിക കഴിവ് ഉണ്ടാകുമോ? അന്തിമമായി രക്ഷിതാവല്ലേ, ഇതു തീരുമാനിക്കുക. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗ ചിന്താധാര ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ല ഭാഷ, അതൊരു നാടിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകംകൂടിയാണ്. അഥവാ സംസ്കാരം തന്നെയാണ്. ഈ തനത് സംസ്കാരത്തെ ദുരഭിമാനത്തിന്റെ ഭാഗമായോ മൂഢവിശ്വാസത്തിന്റെ ഭാഗമായോ തള്ളിക്കളയാനുള്ള അവസരമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാതൃഭാഷ മാധ്യമമായിരിക്കുന്നത് ഉന്മൂലനംചെയ്യപ്പെടുന്നതിലേക്ക് ഈ വിധി നയിക്കാം. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക് കൂടുതല്‍ വിനാശകരമായ ഭീഷണി ഉയര്‍ത്തുകയാണ് സുപ്രീംകോടതി വിധി. ഇതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.

ഈ വിധികള്‍ ഉളവാക്കുന്ന സങ്കീര്‍ണതകള്‍ ജനകീയ സംവാദങ്ങള്‍ക്ക് വിധേയമാക്കണം. ഭരണകൂടം കൈക്കൊള്ളുന്ന ഇരട്ടത്താപ്പ് ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടണം. ആവശ്യമെങ്കില്‍ സുപ്രീംകോടതിയുടെ കൂടുതല്‍ വിപുലമായ ഭരണഘടനാ ബെഞ്ചിന്റെ മുമ്പില്‍ ഈ വിധികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം. പുതിയ പാര്‍ലമെന്റുതന്നെ ഇക്കാര്യങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും ചര്‍ച്ചചെയ്ത് പോംവഴി കണ്ടെത്തുന്നതും ആലോചിക്കാവുന്നതാണ്.

*
എം എ ബേബി ദേശാഭിമാനി

No comments: