Tuesday, May 13, 2014

നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമീഷന്‍

മെയ് മൂന്നിന് കൊല്‍ക്കത്തയില്‍നിന്ന് ഇറങ്ങിയ ടെലിഗ്രാഫ് ദിനപത്രത്തിന്റെ ലീഡ് വാര്‍ത്ത "ഈ കൂളിങ് ഗ്ലാസിലൂടെ വോട്ടെടുപ്പിനെ നോക്കുമ്പോള്‍ സര്‍, അത് എത്രമാത്രം സ്വതന്ത്രവും നീതിപൂര്‍വകവുമാണ്" എന്ന ചോദ്യത്തോടെയായിരുന്നു. പശ്ചിമബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ മുപ്പതിനുണ്ടായ വ്യാപകമായ ആക്രമണങ്ങളിലേക്കും കൃത്രിമത്വത്തിലേക്കും വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടാണിത്. ബോല്‍പുര്‍ മണ്ഡലത്തിലെ നാനൂരിലെ ബൂത്തില്‍ നടന്ന ക്രമക്കേടിനെക്കുറിച്ച് പോളിങ് ഉദ്യോഗസ്ഥന്റെ ദൃക്സാക്ഷിവിവരണമാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. കൂളിങ് ഗ്ലാസ് ധരിച്ച നിരവധി പേരുമായി ഒരു യുവാവ് പോളിങ് ബൂത്തിലേക്ക് വരുന്നു. കണ്ണട ധരിച്ചവരെല്ലാം അടുത്തിടെ തിമിരത്തിന് ഓപ്പറേഷന്‍ കഴിഞ്ഞവരാണെന്നും അതിനാല്‍ അവരുടെ വോട്ടുചെയ്യാന്‍ തന്നെ അനുവദിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ബൂത്തില്‍ അര്‍ധസൈനികസേനാംഗങ്ങള്‍ ഉണ്ടായിരുന്നില്ല. രണ്ട് പൊലീസുകാര്‍ മാത്രം. പോളിങ് ഉദ്യോഗസ്ഥന്‍ ഭയന്ന് ഇവരെ വോട്ടുചെയ്യാന്‍ അനുവദിച്ചു. തുടര്‍ന്ന് ഈ യുവാവുമായുള്ള സംഭാഷണത്തില്‍നിന്ന് സിപിഐ എം പോളിങ് ഏജന്റിനെ ബൂത്തില്‍ എത്തിക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ യുവാവ് വിവരിച്ചു. സിപിഐ എമ്മിന് സ്വാധീനമുള്ള ഗ്രാമത്തിലെ നാനൂറ് വോട്ടില്‍ 200 വോട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു യുവാവ് ചെയ്ത കാര്യവും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മൂന്നാംഘട്ട വോട്ടെടുപ്പ് മുതല്‍ പശ്ചിമബംഗാളില്‍ തൃണമൂലുകാര്‍ വ്യാപകമായ ക്രമക്കേടും ആക്രമണങ്ങളുമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു ഇടതുപക്ഷത്തെ എന്നും എതിര്‍ത്തുവരുന്ന "ടെലിഗ്രാഫ"് ദിനപത്രത്തിന്റെ ഈ റിപ്പോര്‍ട്ട്.

അഞ്ച് ഘട്ടമായാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ രണ്ട് ഘട്ടങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍, ഏപ്രില്‍ 30ന് നടന്ന വോട്ടെടുപ്പില്‍ 826 ബൂത്തുകള്‍ തൃണമൂലുകാര്‍ പിടിച്ചെടുത്തു. ഇതില്‍ 348 ഉം ബിര്‍ഭൂം ജില്ലയിലാണ്. ബിര്‍ഭൂം, ബോല്‍പുര്‍ മണ്ഡലങ്ങളിലാണ് സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പോളിങ് ഏജന്റുമാരെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പുറത്താക്കിയത്. മമത ബാനര്‍ജിയുടെ "നല്ല കുട്ടി"യെന്ന് പേരുകേട്ട തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലായിരുന്നു ക്രമക്കേടിന് നേതൃത്വം നല്‍കിയത്. ക്രമക്കേടിന്റെ ദൃശ്യങ്ങള്‍ ബംഗാളി ചാനലുകള്‍ കാണിച്ചു. പത്രങ്ങളും റിപ്പോര്‍ട്ടുകള്‍ നല്‍കി. എന്നാല്‍, തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാണെന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ചത്. ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു ഉള്‍പ്പെടെയുള്ളവരുടെ പരാതി നിലനില്‍ക്കെ, പോളിങ് പൂര്‍ത്തിയാകുന്നതിന് മൂന്നുമണിക്കൂര്‍മുമ്പ് സംസ്ഥാനത്തെ പ്രത്യേക നിരീക്ഷകന്‍ സുധീര്‍കുമാര്‍ രാകേഷും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ ഗുപ്തയും "വോട്ടെടുപ്പ് പൂര്‍ണമായും സ്വതന്ത്രവും നീതിപൂര്‍വകവുമാണെന്ന്" മാധ്യമങ്ങളോട് പറഞ്ഞു. ഈ സമയത്ത് ടെലിവിഷനുകളില്‍ തെരഞ്ഞെടുപ്പ് അതിക്രമങ്ങളുടെയും ക്രമക്കേടുകളുടെയും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു.

സിപിഐ എം പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ളയും സീതാറാം യെച്ചൂരിയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്തിനെ കണ്ട് ക്രമക്കേടുനടന്ന ബൂത്തുകളുടെ നമ്പരും മറ്റും കൈമാറിയിട്ടും ഒരുനടപടിയുമുണ്ടായില്ല. പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനെ പുറത്താക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും അതും കമീഷന്‍ ചെവിക്കൊണ്ടില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഭരണഘടനാസ്ഥാപനം അതിന് തയ്യാറായില്ലെന്ന് പശ്ചിമബംഗാള്‍ സംഭവം തെളിയിക്കുന്നു. ഇടതുപക്ഷം മാത്രമല്ല, കോണ്‍ഗ്രസും ബിജെപിയും സമാനമായ പരാതി നല്‍കി. ബൂത്തുകളിലെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കാനോ ക്യാമറകള്‍ സ്ഥാപിക്കാനോ കമീഷന്‍ തയ്യാറായില്ല.

കമീഷന്റെ ഈ നടപടി തൃണമൂല്‍ ഗുണ്ടകള്‍ക്ക് പ്രചോദനമായി. സംസ്ഥാനത്ത് മെയ് ഏഴിന് നടന്ന നാലാംഘട്ട വോട്ടെടുപ്പിലും വ്യാപകമായ ക്രമക്കേടും അക്രമവും നടന്നു. 301 ബൂത്തില്‍ കൃത്രിമം നടന്നു. ജംഗള്‍മഹല്‍ മേഖലയിലെ സിപിഐ എം സിറ്റിങ് സീറ്റായ ജാര്‍ഗമിലാണ് ഏറ്റവും വലിയ കൃത്രിമം നടന്നത്. സിപിഐ എം ഏജന്റുമാരെ ബലംപ്രയോഗിച്ച് പുറത്താക്കി ബൂത്തുപിടിച്ചശേഷം ഗുണ്ടകള്‍ വോട്ടുചെയ്യുന്ന സ്ഥിതിയായിരുന്നു ഭൂരിപക്ഷം ബൂത്തുകളിലും. ക്യാമറകള്‍ ഓഫാക്കിയ ശേഷമാണ്് 123 ബൂത്ത് പിടിച്ചെടുത്തത്. സിപിഐ എം സിറ്റിങ് സീറ്റായ ബിഷ്ണുപുരിലെ 97 ബൂത്തിലും മേദിനിപുരിലെ 37 ബൂത്തിലും അസന്‍സോളിലെ 69 ബൂത്തിലും കൃത്രിമം നടന്നു. സിപിഐ എം ലോക്സഭാനേതാവ് ബസുദേവ് ആചാര്യ മത്സരിക്കുന്ന ബാങ്കുറയിലും ബൂത്തുപിടിത്തമുണ്ടായി. കൃത്രിമംനടന്ന ബൂത്തുകളുടെ നമ്പരും മറ്റ് വിവരങ്ങളും കമീഷന് രേഖാമൂലം കൈമാറിയെങ്കിലും ഇതിലും നടപടിയുണ്ടായില്ല.

ഏറ്റവും കൂടുതല്‍ സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച ക്രമക്കേടും അതിക്രമങ്ങളും പരകോടിയിലെത്തി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സിപിഐ എം സ്ഥാനാര്‍ഥികള്‍പോലും ആക്രമിക്കപ്പെട്ടു. കാന്തി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി തപസ് സിന്‍ഹയെ അടക്കം ആക്രമിച്ചു. ദക്ഷിണ കൊല്‍ക്കത്ത, ഡംഡം എന്നിവിടങ്ങളിലും വ്യാപകമായ അക്രമങ്ങളുണ്ടായി. അക്രമം ഉണ്ടാകുമെന്ന് അറിഞ്ഞുതന്നെയാണ്, പ്രത്യേക നിരീക്ഷകരെ നിയമിക്കണമെന്നും ജനങ്ങളിലെ ഭയാശങ്കയകറ്റാന്‍ അര്‍ധസൈനികരുടെ ഫ്ളാഗ് മാര്‍ച്ച് നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടത്. അതൊന്നും കമീഷന്‍ ചെവിക്കൊണ്ടില്ല. അതിന്റെ അനന്തരഫലമാണ് തിങ്കളാഴ്ചയുണ്ടായ വ്യാപക ക്രമക്കേടുകള്‍. തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതതന്നെ ചോദ്യംചെയ്യുന്ന സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. ആയിരങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ പോളിങ് ബൂത്തിലെത്താനായില്ല. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍ തടയിടേണ്ട തെരഞ്ഞെടുപ്പ് കമീഷന്‍ വെറും നോക്കുകുത്തിയായി മാറി.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: