Monday, May 5, 2014

ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു

യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന്റെ ജന്മദിനമാണ് മെയ് അഞ്ച്. ജര്‍മനിയിലെ ട്രിയര്‍ നഗരം. അംബര ചുംബികളായ മാടമ്പി കൊട്ടാരങ്ങളും സന്യാസി മഠങ്ങളും ആശ്രമങ്ങളും തൊട്ടൊരുമ്മി നിന്ന മനോഹരമായ ആ നഗരം മെത്രാപൊലീത്തയുടെ ആസ്ഥാനം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ ആ നഗരത്തിലാണ് 1818 മെയ് അഞ്ചിന് മാര്‍ക്സ് ജനിച്ചത്. ലോകത്ത് ജനവാസമുള്ള ആറ് വന്‍കരകളിലെയും ജനങ്ങള്‍ ഇന്നും സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് ആ മഹാമനീഷിയുടെ ചിന്താധാരകളെക്കുറിച്ചാണ്. മാര്‍ക്സിന്റെ മാതാപിതാക്കള്‍ ദാരിദ്ര്യം പൊതുവേ അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലൂടെയാണ് മാര്‍ക്സ് വളര്‍ന്നുവന്നത്.

23ാമത്തെ വയസ്സില്‍ ചരിത്രത്തിലും തത്വശാസ്ത്രത്തിലും മാര്‍ക്സ് ബിരുദം നേടി. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. പത്രപ്രവര്‍ത്തന മേഖലയില്‍ വ്യാപൃതനായി. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ആദ്യ ലേഖന പരമ്പര. ""ജീവിക്കുകയും എഴുതുകയും ചെയ്യണമെങ്കില്‍ എഴുത്തുകാരന് അഷ്ടിക്കുള്ള വക കിട്ടണമെന്നത് ശരിതന്നെ. എന്നാല്‍ അഷ്ടിക്കുള്ള വകയുണ്ടാക്കാന്‍ മാത്രം ജീവിക്കുകയും എഴുതുകയും ചെയ്യുകയെന്ന നിലവരരുത്. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യം വ്യാപാരത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. തന്റെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരുപാധിയായി പത്രപ്രവര്‍ത്തനത്തെ തരംതാഴ്ത്തുന്നവരുടെ അസ്തിത്വംതന്നെ അയാള്‍ക്കൊരു ശിക്ഷയാണ്."" മാര്‍ക്സിന്റെ കാഴ്ചപ്പാടായിരുന്നു അത്.

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ഗലീലിയോ സമര്‍ഥിച്ചു. ജീവപ്രപഞ്ചത്തിന്റെ വികാസ നിയമങ്ങള്‍ ഡാര്‍വിനും കണ്ടുപിടിച്ചെങ്കില്‍ മാനവചരിത്രത്തിന്റെ വികാസ നിയമങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കിയത് മാര്‍ക്സായിരുന്നു. മാനവരാശിക്ക് വെള്ളവും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാണ് ആദ്യം ലഭ്യമാവേണ്ടതെന്നും മതം, ശാസ്ത്രം, കല, തുടങ്ങിയവ പിന്നീട് മതിയെന്നും മാര്‍ക്സ് തിരിച്ചറിഞ്ഞു. 1847ല്‍ കൊളോണ്‍ കേന്ദ്രീകൃതമായി രൂപീകൃതമായ കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍വചിക്കുന്ന ഒരു രേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതനുസരിച്ചാണ് 1848ല്‍ മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിച്ചത്. ലോകചരിത്രം തിരുത്തിയ ആ ഗ്രന്ഥത്തിന് 166 വയസ് തികയുന്നു. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 150ല്‍പരം ഭാഷകളില്‍ ഇന്ന് മാനിഫെസ്റ്റോ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ വന്‍കരകളിലുമിന്ന് കമ്യൂണിസ്റ്റുകാരുണ്ട്. ലോകമെമ്പാടുമുള്ള ജനകോടികളുടെ വിശ്വാസ പ്രമാണം ഇന്ന് മാര്‍ക്സിസമാണ്. മുതലാളിത്തത്തില്‍നിന്നും സോഷ്യലിസത്തിലേക്കും അതില്‍നിന്ന് ശാസ്ത്രീയ സോഷ്യലിസം അഥവാ കമ്യൂണിസത്തിലേക്കും പോയ്ക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ വികാസപരിണാമ ചരിത്രത്തെ വരച്ച് കാണിച്ച ദീര്‍ഘദര്‍ശിയാണ് മാര്‍ക്സ്. അദ്ദേഹത്തിന്റെ കൃതികള്‍ തൊഴിലാളി വര്‍ഗത്തിനും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും എക്കാലവും സുഗമമായ ജീവിത പന്ഥാവ് വെട്ടിത്തെളിക്കാനുള്ള പ്രത്യയശാസ്ത്രമാണ്; സമരായുധമാണ്.

അതിനാലാണ് മാര്‍ക്സിന്റെ നാമധേയം അനശ്വരമാവുന്നത്. മാര്‍ക്സിന്റെ ജീവിതം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ""നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എന്റെ ജോലിക്ക് സാമൂഹ്യമായ ചില പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഭംഗം വരുത്തുന്നു. അങ്ങനെ ഒട്ടേറെ സമയം നഷ്ടപ്പെടുന്നു. ഇന്ന് ഉദാഹരണത്തിന് അറവുകാരന്‍ ഞങ്ങള്‍ക്ക് ഇറച്ചി തരുന്നത് നിര്‍ത്തി. ശനിയാഴ്ചയാകുമ്പേഴേക്കും കടലാസിന്റെ സ്റ്റോക്ക് തീരും. നിങ്ങള്‍ക്കറിയാമല്ലോ എന്റെ എല്ലാ സ്വത്തുക്കളും ഞാന്‍ വിപ്ലവസമരത്തിനായി ത്യജിച്ചു. എനിക്കതില്‍ സങ്കടമേതുമില്ല. എന്റെ ജീവിതം ഒരിക്കല്‍കൂടി ആദ്യം മുതല്‍ തുടങ്ങണമെങ്കില്‍ ഞാന്‍ ഇതുതന്നെ ചെയ്യും"". ഈ കുറിപ്പെഴുതിയ ഘട്ടത്തിലാണ് മൂലധനത്തിന്റെ ഒന്നാംവാള്യം പുറത്തിറങ്ങിയത്. മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്ത് 19വര്‍ഷം കഴിഞ്ഞപ്പോഴാണ് ലോകചരിത്രത്തിന്റെ വഴിതിരുത്തിയ മനുഷ്യ സമൂഹത്തിന്റെ വികാസ നിയമങ്ങളായി അവയുടെ ആധാരശിലയായി "മൂലധനത്തെ" വിലയിരുത്തുന്നത്.

ആഡംസ്മിത്തും ആല്‍ഫ്രഡ് മാര്‍ഷലും കെയിന്‍സും ആവിഷ്കരിച്ച സാമ്പത്തിക ശാസ്ത്രത്തിന് പ്രതിസന്ധികളെ അതിജീവിക്കാനായില്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ "മൂലധനം" വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുകയാണ് സാമ്പത്തിക സൈദ്ധാന്തികര്‍. എന്തുകൊണ്ടെന്നാല്‍ മുതലാളിത്തം ഒരു പ്രതിസന്ധി മറികടക്കുമ്പോള്‍ വേറൊന്ന് മുന്നില്‍ വന്നുനില്‍ക്കും. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുടെ ഘോഷയാത്രകളുടെ വരവാണെന്ന് ലോകജനത കണ്ടുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ പാദമുദ്രകളെ ഭൗതികവാദത്തിന്റെ നിയമമനുസരിച്ചാണ് മാര്‍ക്സ് വിശകലനംചെയ്തത്. പ്രകൃതി, ആശയം, സാമൂഹ്യവ്യവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളിലെ വിരുദ്ധ ശക്തികള്‍ ഏറ്റുമുട്ടുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഐക്യമാണ് അവയുടെ നിലനില്‍പ്പിനടിസ്ഥാനം. ഏറ്റുമുട്ടലുകളിലൂടെ നിലവിലുള്ളതില്‍നിന്നും പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. മാര്‍ക്സ് ആവിഷ്കരിച്ച ഈ നിയമമാണ് മനുഷ്യന്റെ ജീവിത പുരോഗതിക്ക് നിദാനമായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗദര്‍ശനം നല്‍കുന്നത്.

1917ലെ ഐതിഹാസികമായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തൊഴിലാളി വര്‍ഗത്തിന്റെ ഭരണകൂടവും നവലോക ക്രമത്തിന് നാന്ദികുറിച്ചു. സോഷ്യലിസത്തിന്റെ വിജയപതാക ലോകത്തിലെ പല വന്‍കരകളിലും ഉയര്‍ന്നുപൊങ്ങി. സോഷ്യലിസം സാമൂഹ്യശാസ്ത്രമാണ്. അതിന്റെ പ്രയോഗത്തിന് വീഴ്ച പറ്റിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. ആ വഴികളിലൂടെ സഞ്ചരിച്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ തകര്‍ന്നു. മാര്‍ക്സിസം മരിച്ചെന്ന പ്രചാരണം അന്നുമുതല്‍ തുടങ്ങിയതാണ്. ഫ്രാന്‍സിസ് ഫുക്കുയാമയും ജോര്‍ജ് വാഷിങ്ടണും മാര്‍ക്സിസത്തിന് ചരമക്കുറിപ്പെഴുതി. എന്നാല്‍ ഇന്നും സോഷ്യലിസത്തിന്റെ പാതയില്‍ ചലിക്കുന്ന ജനകീയ ചൈന, വിയറ്റ്നാം, വടക്കന്‍ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ ലോക തൊഴിലാളി വര്‍ഗത്തിനും ജനങ്ങള്‍ക്കാകെയും പ്രതീക്ഷയുടെ പുതുനാമ്പുകളാണ് മുളപ്പിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാം സഹസ്രാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്തകനാരെന്ന് ബിബിസി അഭിപ്രായവോട്ടെടുപ്പ് നടത്തിയപ്പോള്‍ ലോകത്തിന്റെ ചരിത്രത്തിലിടംനേടിയ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് ഒന്നാംസ്ഥാനത്തെത്തിയത് കാറല്‍ മാര്‍ക്സാണ്.

""ശവകുടീരത്തി നീയുറങ്ങുമ്പോഴും ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു"" എന്ന ഓ എന്‍ വിയുടെ വരികള്‍ നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണം. 1883 മാര്‍ച്ച് 14ന് മാര്‍ക്സ് ലോകത്തോട് വിടപറഞ്ഞു. ലണ്ടനിലെ ഹൈഗേറ്റ് സി മെട്രിയില്‍ മാര്‍ച്ച് 17ന് അടക്കംചെയ്തു. ആ മനുഷ്യസ്നേഹിയുടെ ഓര്‍മകള്‍ക്ക് മരണമില്ല. ""നമ്മുടെ ആനന്ദം ജനകോടികളുടെ സ്വത്താണ്. നമ്മുടെ കര്‍മങ്ങള്‍ അനശ്വരമായി പ്രവര്‍ത്തിച്ചുകൊണ്ട് നെടുനാള്‍ ജീവിക്കുന്നു. നമ്മുടെ ചിതാഭസ്മത്തിന് ശ്രേഷ്ഠരായ മനുഷ്യരുടെ ചുടുകണ്ണീര്‍ സദാ നവേകുന്നു"" മാര്‍ക്സിന്റെ ഈ വാക്കുകള്‍ മനുഷ്യവിമോചന പോരാളികളെ എന്നും ആവേശഭരിതമാക്കുന്നു. "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം." എന്ന മുദ്രാവാക്യം ലോകത്തെല്ലായിടത്തും ആഞ്ഞടിക്കുന്ന പുതിയകാലം മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെ പ്രസക്തിയാണ് വിളംബരം ചെയ്യുന്നത്.

*
എം സുരേന്ദ്രന്‍ deshabhimani 05-05-2014

No comments: