Thursday, May 22, 2014

സമരോജ്വല ജീവിതം

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും അതിന്റെ മൂല്യങ്ങളെയും പുതിയ കാലവും അതിന്റെ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കിയിരുന്ന അതിശക്തമായ ഒരു കണ്ണിയാണ് ആര്‍ ഉമാനാഥിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കേരളത്തില്‍ ജനിച്ച് തമിഴ്നാട്ടില്‍ തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുത്ത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയര്‍ന്ന ഉമാനാഥിന്റെ ജീവിതം ത്യാഗപൂര്‍ണമായ യാതനാനുഭവങ്ങളുടെയും അത്യുജ്വലമായ സമരപരമ്പരകളുടെയും സമുന്നതമായ സിദ്ധാന്തപഠനങ്ങളുടെയും സമ്പൂര്‍ണമായ അര്‍പ്പണബോധത്തോടെയുള്ള പ്രായോഗിക വിപ്ലവപ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ്.

പ്രതികൂല സാഹചര്യങ്ങളെയൊക്കെ കഠിനപരിശ്രമങ്ങളിലൂടെ അനുകൂലമാക്കി മാറ്റിയെടുത്തുകൊണ്ട് മുന്നേറുന്നതായിരുന്നു ആ ജീവിതം. ജനിച്ച നാട്ടില്‍നിന്ന് അകന്ന് മറ്റൊരു നാട്ടില്‍പോയി പ്രവര്‍ത്തിക്കുക, അറിയാത്ത ആ ഭാഷ വഴക്കിയെടുത്ത് ആ നാട്ടുകാരെ സംഘടിപ്പിക്കുക, ആ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വിശ്വാസം ആര്‍ജിക്കുക, ആറേഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞ് പ്രസ്ഥാനം കെട്ടിപ്പടുക്കുക, ആ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു പതിറ്റാണ്ട് ജയിലില്‍ കഴിയുക... പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന പാതകളിലൂടെയാണ് ഉമാനാഥ് കടന്നുവന്നത്.

വിദ്യാര്‍ഥിജീവിതകാലത്തുതന്നെ വ്യക്തിതാല്‍പ്പര്യങ്ങളെയാകെ പൊതുവായ സാമൂഹിക താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്ന പ്രവര്‍ത്തനശൈലിയായിരുന്നു ഉമാനാഥ് സ്വീകരിച്ചത്. കാസര്‍കോട്ടുകാരനായ ആര്‍ ഉമാനാഥ റാവു ഇന്റര്‍മീഡിയറ്റ് പരീക്ഷ പ്രശസ്തമായ നിലയില്‍ പാസായശേഷം ഉപരിപഠനത്തിനായാണ് അണ്ണാമലൈ സര്‍വകലാശാലയിലേക്ക് പോയത്. അവിടത്തെ ചടുലമായ സാംസ്കാരികാന്തരീക്ഷം, ദേശീയ സ്വാതന്ത്ര്യസമര സന്ദേശത്തിന്റെ അലയൊലികള്‍, ജനങ്ങളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍, സ്വാതന്ത്ര്യമോ ജനാധിപത്യാവകാശങ്ങളോ ഇല്ലാതെ കഴിയേണ്ടിവരുന്ന ജനതയുടെ വൈഷമ്യങ്ങള്‍ ഒക്കെ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

കെ മുത്തയ്യയെപ്പോലുള്ള നേതാക്കളുമായുള്ള നിരന്തര സമ്പര്‍ക്കങ്ങള്‍ മനുഷ്യോചിതമായ ഒരു സാമൂഹ്യാവസ്ഥ സാധ്യമാക്കാവുന്നതാണെന്ന സ്വപ്നത്തിന്റെ വിത്തുകള്‍ ആ മനസ്സില്‍ മുളപ്പിച്ചു. ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഉന്നത വിദ്യാഭ്യാസവും അതിലൂടെ അക്കാലത്ത് കൈവരാവുന്ന സ്ഥാനമാനങ്ങളും അതുള്‍ക്കൊള്ളുന്ന സ്വകാര്യ ജീവിതസൗകര്യങ്ങളും ഒക്കെ ഉപേക്ഷിച്ച് ക്യാമ്പസ് ജീവിതഘട്ടത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പടിപടിയായി നീങ്ങി അദ്ദേഹം. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച മദിരാശി ഗൂഢാലോചനക്കേസില്‍, അക്കാലത്ത് ഒളിവില്‍ നടന്ന് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉമാനാഥും പ്രതിയായി. പി രാമമൂര്‍ത്തിയടക്കമുള്ള സമുന്നത നേതാക്കള്‍ക്കൊപ്പം അറസ്റ്റിലായി; രണ്ടരവര്‍ഷത്തേക്ക് ജയിലിലുമായി. ജയിലില്‍നിന്ന് പുറത്തുവന്നത് കൂടുതല്‍ ദൃഢമായ പ്രത്യയശാസ്ത്രബോധ്യവും ഉരുക്കിന്റെ ഉറപ്പുള്ള സംഘടനാബോധവുമായാണ്.

കോയമ്പത്തൂരടക്കമുള്ള മേഖലകളില്‍ ആഹാരമോ കഴിയാന്‍ ഇടമോ ഇല്ലാതെ കഷ്ടതയനുഭവിച്ച് തൊഴിലാളികളെ സംഘടിപ്പിച്ചു. ട്രേഡ് യൂണിയന്‍ ശക്തിപ്പെടുത്തിയും നീങ്ങി ഉമാനാഥ്. പിന്നീടങ്ങോട്ട് അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. റെയില്‍വേ തൊഴിലാളികളെയും സിമന്റ്, ടെക്സ്റ്റൈല്‍, ബീഡി തൊഴിലാളികളെയും ഒക്കെ അവകാശബോധമുള്ളവരാക്കി സംഘടിപ്പിച്ചു; അവരുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കമ്യൂണിസ്റ്റ് പാര്‍ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവില്‍ കഴിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുന്നതിനിടയില്‍ കണ്ടുമുട്ടിയ പാപ്പയെയാണ് ഉമാനാഥ് ജീവിതസഖിയായി തെരഞ്ഞെടുത്തത്. പാപ്പയടക്കം ആ കുടുബമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും പ്രചാരകരുമായി. പാപ്പ ദേശീയതലത്തില്‍തന്നെ ഉയര്‍ന്നുവന്ന നേതാവായെങ്കില്‍ യു വാസുകി അടക്കമുള്ള മക്കള്‍ അച്ഛനമ്മമാരുടെ പാത തന്നെ പിന്തുടരുന്നതാണ് ജനങ്ങള്‍ കണ്ടത്. വാസുകി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായി. ഉമാനാഥിന്റെ കുടുംബം കൃത്യമായും ഒരു പാര്‍ടി കുടുംബമായി.

സിഐടിയുവിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഉമാനാഥ് പില്‍ക്കാലത്ത് അതിന്റെ ദേശീയ നേതൃനിരയിലേക്കുയര്‍ന്നു. സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗത്വത്തിലേക്കു വളര്‍ന്നു. കഴിഞ്ഞ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസില്‍വച്ച് അനാരോഗ്യം കാരണം പിബിയില്‍നിന്ന് ഒഴിഞ്ഞുവെങ്കിലും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. 1962ലും 67ലുമായി രണ്ടുവട്ടം തമിഴ്നാട്ടിലെ പുതുക്കോട്ടെ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ ഉമാനാഥ് ദേശീയ സാര്‍വദേശീയ പ്രശ്നങ്ങളും തൊഴിലാളിവര്‍ഗത്തെ ബാധിക്കുന്ന സവിശേഷ വിഷയങ്ങളും അപഗ്രഥിച്ചു നടത്തിയ പ്രസംഗങ്ങള്‍ അവതരണംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരുടെ നിരയില്‍ ഉമാനാഥ് അങ്ങനെ സ്ഥാനമുറപ്പിച്ചു. നാഗപട്ടണം മണ്ഡലത്തില്‍നിന്ന് രണ്ടുവട്ടം തമിഴ്നാട് നിയമസഭയിലേക്കും വിജയിച്ചെത്തി ഉമാനാഥ്.

ഏഴു പതിറ്റാണ്ടു നീണ്ട പാര്‍ടിജീവിതത്തിനുടമയാണ് ഉമാനാഥ്. ഏതാണ്ടു തുടക്കംതൊട്ടുതന്നെ പാര്‍ടി അംഗം. ഓരോ ഘട്ടത്തിലും പാര്‍ടി നേരിട്ട വെല്ലുവിളികളെ ദൃഢമായ പ്രത്യയശാസ്ത്ര അടിത്തറയിലുറച്ചു നിന്നുകൊണ്ട് സൈദ്ധാന്തികതലത്തിലും സമരോന്മുഖമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രായോഗികതലത്തിലും നേരിട്ടു ഉമാനാഥ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള ബ്രിട്ടീഷ് ഭരണത്തിന്റെ തടവറയിലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള അടിയന്തരാവസ്ഥ ഘട്ടത്തിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ തടവറയിലും അദ്ദേഹം കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പും സ്വാതന്ത്ര്യലബ്ധിക്കുശേഷവും ചില ഘട്ടങ്ങളിലും ഒളിവില്‍ കഴിഞ്ഞ് അദ്ദേഹം പ്രവര്‍ത്തിച്ചു. മനുഷ്യര്‍ക്കാകെ മനുഷ്യോചിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുള്ള അചഞ്ചലമായ പോരാട്ടങ്ങള്‍ക്കായി അര്‍പ്പിക്കപ്പെട്ട സമരധീരമായ ജീവിതമാണ് ഉമാനാഥിന്റേത്. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ വേണ്ട മാര്‍ഗനിര്‍ദേശക ശക്തിയായി അദ്ദേഹത്തിന്റെ ഉജ്വലമായ സ്മരണ നിലനില്‍ക്കും; തീര്‍ച്ച!
*
deshabhimani editorial

No comments: