'ദി ലാന്‍ഡ് ഓഫ് സാരി, സാധൂസ് ആന്‍ഡ് ഹിജഡാസ്'.
ഭാരതത്തിന്റെ ഉള്ളും ഉടലും അറിയാന്‍ മോഹിക്കുന്ന സഞ്ചാരികള്‍ക്കായ് വിദേശത്ത് തയാറാക്കപ്പെട്ട ട്രാവലോഗുകളിലൊന്നിന്റെ പുറംചട്ടയില്‍ ഇന്ത്യയെ പരിചയപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സന്ന്യാസിമാര്‍ക്കും ഹിജഡകള്‍ക്കുമൊപ്പം ഈ നാടിന്റെ ആത്മരഹസ്യമായി സാരിയെ പ്രതിഷ്ഠിക്കുന്നതിലൂടെ യാത്രാനുഭൂതിയുടെ കച്ചവടക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഈ തലക്കെട്ടിലെന്നപോലെ ഉള്ളിലുള്ളതെല്ലാം വായിച്ചറിയാന്‍ ക്ഷണിക്കുന്ന ഒരു പരസ്യമുഖമുണ്ട് സാരിക്കും.
പുരുഷവസ്ത്രങ്ങള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും പാകിസ്ഥാനും ബംഗ്ളാദേശുംപോലെയുള്ള അയല്‍രാജ്യങ്ങളിലും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സാരിയുടുക്കുന്നവരുണ്ട്. പൈജാമയും ജുബ്ബയും, മുണ്ടും ഷര്‍ടും, പാന്റും കോട്ടും ഒരേ തരത്തില്‍ പരിഗണിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ ദേശീയവസ്ത്രമായി സാരി അവരോധിക്കപ്പെടുന്നു. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍, സ്ത്രീയുടെ താല്പര്യം തന്നെയാണോ അവളെ സാരിയുടുപ്പിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്‍മുമ്പില്‍ മൂന്നു തരക്കാരെ കാണാം. ഇഷ്ടംകൊണ്ടും ശീലംകൊണ്ടും സാരിയുടുക്കുന്നവര്‍, സാമൂഹിക നിബന്ധനകള്‍ സാരിയുടുപ്പിക്കുന്നവര്‍, ഇഷ്ടത്തിനും വസ്ത്രത്തിനുമിടയില്‍നിന്ന് സാരിയെ മാറ്റി നിര്‍ത്തിയവര്‍.
സാരിയെന്നല്ല, ഏതൊരു വസ്ത്രവും സാമൂഹ്യബോധത്തിന്റെ ഉല്പന്നമാണ്. സമൂഹം നിഷ്കര്‍ഷിക്കുന്ന അതിര്‍വരമ്പുകള്‍ അവ സ്വീകരിക്കുന്നു. എന്നാല്‍ വ്യക്ത്യധിഷ്ഠിതമായ തെരഞ്ഞെടുപ്പുകള്‍ക്കും സ്വയം പാകപ്പെടുത്തലിനും ഇടംനല്‍കുന്നില്ലെങ്കില്‍ ഇത്തരം നിഷ്കര്‍ഷകള്‍ പരിപോഷിക്കപ്പെടില്ലെന്നുറപ്പ്. ഉടയാടകളില്‍ കാലങ്ങള്‍കൊണ്ട് വന്നുചേര്‍ന്നിരിക്കുന്ന പരിഷ്കാരങ്ങള്‍ മനുഷ്യന്‍സംസ്കരിക്കപ്പെടുന്നു എന്നതിനോട് ഒത്തുനീങ്ങുന്നവതന്നെയാണ്.
മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന കീഴാള സ്ത്രീകള്‍ക്ക് അതിനാവുംവിധം മേലാളബോധത്തെ പരുവപ്പെടുത്താന്‍ സമരംചെയ്ത നാടാണ് കേരളം. കാര്‍ഷികവൃത്തിക്ക് സൌകര്യപ്രദമായവിധം മുണ്ടും മേല്‍വസ്ത്രവും മാത്രം ധരിച്ചിരുന്ന ഇവിടുത്തെ ആണും പെണ്ണും ആധുനിക കേരളത്തിലെ ഔദ്യോഗിക, സാംസ്കാരിക മേഖലകളിലേക്ക് പരിഷ്കൃത വേഷങ്ങളില്‍ കടന്നുവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. അവരുടെ വേഷങ്ങള്‍ കേരളത്തനിമയെയല്ല, പുത്തന്‍ സാമൂഹിക ബോധത്തെയായിരുന്നു പ്രതിനിധീകരിച്ചത്. അന്നും ഇന്നും എന്നും അതിലെ ശ്ളീലാശ്ളീലങ്ങള്‍ നിര്‍ണയിച്ചിരുന്നത് പുരുഷന്റെ കണ്ണുകളാണ്.
മറയ്ക്കാത്ത മാറിന്റെ സൌന്ദര്യം അധികാരലഹരിയോടൊപ്പം ആസ്വദിച്ചിരുന്നവര്‍ക്കായിരുന്നു മാറ് മറയ്ക്കാത്ത വസ്ത്രരീതി നിലനില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നത്. അതിലെ അശ്ളീലവും അവഹേളനവും തിരിച്ചറിഞ്ഞവരുടെ പോരാട്ടമാണ് മാറ്റത്തിന് വഴിവെച്ചത്. ശരീരം മുഴുവന്‍ മറയ്ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, പരിഷ്കൃത സമൂഹത്തിന്റെ അംഗീകാരം നേടിയ, പാവനതയും കുലീനതയും അവകാശപ്പെടുന്ന സാരി കേരളീയ പുരുഷന്‍ സ്ത്രീയുടെ ഏറ്റവും സ്വീകാര്യമായ വസ്ത്രമായി കാണുന്നുവെങ്കില്‍ അതിന് പിന്നില്‍ ആ പഴയ കണ്ണുകള്‍ തന്നെയാണ്.
സാരി നിര്‍ബന്ധിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ മറികടക്കാന്‍ , ആ വസ്ത്രം അഭിലഷണീയമായി തോന്നാത്തവര്‍ വഴി കണ്ടെത്തുന്നുണ്ട്. എന്നാല്‍ സാരിയില്‍നിന്ന് ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ശാഠ്യംപിടിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമൂഹത്തിന് ഏറ്റവും എളുപ്പത്തില്‍ ആധിപത്യം പുലര്‍ത്താവുന്നത് സ്ത്രൈണതാല്പര്യങ്ങള്‍ക്ക് മുകളിലാണെന്നതിന് ഗുരുക്കന്മാര്‍ തന്നെ കുട്ടികളുടെ മുമ്പില്‍ തെളിവുകളാവുന്നു. ഒപ്പം, താന്‍ കാണുന്ന ഏതൊരു മുതിര്‍ന്ന സ്ത്രീയും അത് അമ്മയോ, സഹോദരിയോ, സുഹൃത്തോ , സഹപ്രവര്‍ത്തകയോ ആരുമാവട്ടെ- അണിയേണ്ടുന്ന ഏറ്റവും മാന്യമായ വസ്ത്രം സാരിയാവണമെന്ന ചിന്ത വിദ്യാര്‍ഥികളുടെ അബോധമനസ്സിലേക്ക്പോലും കടത്തിവിടുന്നു.
ക്ളാസ് മുറികള്‍ കളിപ്പാട്ടംപോലെ കിലുങ്ങുന്ന കാലമാണിത്. അധ്യാപകരുടെ സജീവ ഇടപെടലുകള്‍ അത്യാവശ്യം. ക്ളാസില്‍ ഇരുന്നും എഴുന്നേറ്റും ചൂരല്‍ വീശിയിരുന്ന 'മാഷ്' മറവിയിലേക്ക് വിരമിച്ചു. പുത്തന്‍ പാഠ്യക്രമത്തിലെ അധ്യാപകന്‍ നല്ല ചങ്ങാതിയും സഹപാഠിയുമാണ്. ചാടിയും ഓടിയും വരെ വിദ്യാര്‍ഥികളോടൊത്തുചേരേണ്ട അധ്യാപികമാരില്‍ എത്രപേര്‍ തങ്ങളുടെ ശിഷ്യരുടെ കൂടെയാവുമ്പോള്‍ ഏറ്റവും ഉത്തമമായ വസ്ത്രം സാരിയാണെന്ന് കരുതുന്നുണ്ടാവും? അധികം പേരുണ്ടാവില്ലെന്ന് മാത്രമല്ല, സാരിയുടെ അസൌകര്യത്തെക്കുറിച്ച് ഉള്ളിലെങ്കിലും പരാതിപ്പെടുന്നവരാണ് ഭൂരിപക്ഷവും. പുതിയ രീതിയില്‍ പഠിപ്പിച്ച് വിദ്യാര്‍ഥികളിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ അധ്യാപികമാര്‍ പുറകിലായിപ്പോകുന്നു എന്ന പരാതിക്ക് പിന്നിലെ പ്രതി ചിലപ്പോഴെങ്കിലും സാരിയാണ്. ബ്ളാക്ക്ബോര്‍ഡും ചോക്കും അധ്യാപന ഉപാധികളായിരുന്ന കാലത്തുപോലും സാരി സൃഷ്ടിച്ചിരുന്ന അസൌകര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. 'ആണ്‍കുട്ടി'യില്‍നിന്ന് 'ആണി'ലേക്ക് മുതിരുന്ന ഉയര്‍ന്ന ക്ളാസുകാര്‍ക്ക് മുന്നില്‍ ബോര്‍ഡിലേക്ക് കൈയുയര്‍ത്തുമ്പോള്‍ സാരി അനാവൃതമാക്കുന്ന ശരീരഭാഗങ്ങളെ സാരിത്തലപ്പുകൊണ്ട് എങ്ങനെ പൊതിഞ്ഞു പിടിക്കണമെന്നതിലായിരിക്കും മിക്ക അധ്യാപികമാരുടെയും ശ്രദ്ധ. ഗുരു സ്വയം പരിമിതപ്പെടുന്ന അവസ്ഥ.
ചുരിദാറും ജീന്‍സും ടോപ്പും മിഡിയും മറ്റ് വസ്ത്ര ആഘോഷങ്ങളും സ്വന്തമാക്കുന്ന പെണ്‍കൌമാരങ്ങളെ സാരി ശീലിപ്പിച്ചെടുക്കാന്‍ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളുകള്‍ ഡ്രസ് കോഡിന്റെ തടവറ പണിയുന്നു. സമൂഹം ആഗ്രഹിക്കുന്ന ലിംഗവിവേചനത്തിന് ഇതിലൂടെ കൂട്ടുനില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പുരുഷാഭിരുചികളുടെ ശരി ശീലമാക്കിയവര്‍ പ്രതിഷേധിക്കാതിരിക്കുമ്പോഴും തിരിച്ചറിവിലൂടെ തിരുത്തി, സൌകര്യവും അന്തസ്സുമുള്ള മറ്റു വേഷങ്ങളണിഞ്ഞ് സ്വന്തം ശരീരത്തെ ശകാരിക്കേണ്ടി വരാതെ ശിഷ്യര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ പലരും തയാറാകുന്നുണ്ട്. കൂടുതല്‍ ആര്‍ജവത്തോടെ മുന്നിലെത്തുന്ന അധ്യാപികമാരെ കുട്ടികള്‍ ഗുരുവായിത്തന്നെ കാണും.
അധ്യാപികമാര്‍ മാത്രമല്ല, വീട്ടുകാരിയായും ജോലിക്കാരിയായും രൂപാന്തരം പ്രാപിക്കേണ്ടിവരുന്ന ഏതൊരു സ്ത്രീയും പറയും സാരി അപഹരിക്കുന്ന തീവിലയുള്ള സമയത്തെക്കുറിച്ച്. കാഴ്ചക്കാരന്റെ കണ്ണില്‍ തോറ്റുപോകാത്തവിധം സാരിയുടുക്കാന്‍ അല്പം സമയം മാറ്റിവെച്ചേ പറ്റൂ.
അടുക്കളയില്‍നിന്ന് വൈകിമാത്രം മോചനം നേടി കിടക്കയിലെത്തി അതിരാവിലെ എഴുന്നേറ്റ് വീണ്ടും ജോലിത്തിരക്കും ഓഫീസിലേക്കുള്ള യാത്രയും ക്രമീകരിക്കേണ്ടിവരുമ്പോള്‍ നിമിഷങ്ങള്‍ക്ക് ആയിരം കാലാണ്. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും യോജിക്കുന്ന കോട്ടണ്‍സാരികള്‍ ഇസ്തിരിയിട്ട് ഭംഗിയായി ഉടുത്തൊരുങ്ങുമ്പോഴേക്കും നഷ്ടപ്പെട്ട ഒരു ബസ്സോ ഓഫീസിലെ വൈകിയെത്തലോ ഓര്‍മയിലുണ്ടാകും പലര്‍ക്കും. സാരിയാണ് ഉടുത്തിരിക്കുന്നത് എന്ന് മറന്ന് നടന്നാലുള്ള അബദ്ധങ്ങള്‍ വേറെയും. ബസ്സിലേക്കുള്ള ചവിട്ടുപടികള്‍ സ്ത്രീകളുടെ സൌകര്യത്തിനനുസരിച്ച് ക്രമീകരിച്ചിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ കാല്‍ ഉയര്‍ത്തിവെച്ച് കയറുമ്പോള്‍ സാരിയില്‍ ചവിട്ടിവീഴുന്നത് അത്ര അപൂര്‍വമല്ല. ഇറങ്ങുമ്പോള്‍ സാരിത്തലപ്പില്‍ മറ്റുള്ളവര്‍ ചവിട്ടി വലിഞ്ഞും അപകടങ്ങള്‍ ഉണ്ടായേക്കാം. മോട്ടോര്‍ സൈക്കിളുകളില്‍ യാത്രചെയ്യുന്നവരും പലപ്പോഴും സാരിക്കിരയാവാറുണ്ട്. സാരി ചക്രത്തിനിടയില്‍ കുടുങ്ങി വാഹനമപ്പാടെ മറിഞ്ഞും, സഞ്ചരിക്കുന്ന ആള്‍ തെറിച്ചുവീണും ഉണ്ടായ അപകടങ്ങള്‍ ഏറെയെന്ന് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ധൂര്‍ത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിക്കുന്ന നമ്മുടെ വിവാഹക്കമ്പോളങ്ങളില്‍ സാരിയും വില്ലനാണ്. ജീവിതത്തിലൊരിക്കല്‍പോലും സാരിയുടുത്തിട്ടില്ലാത്തവരും വിവാഹദിനത്തിലും അനുബന്ധച്ചടങ്ങളുകളിലും അതിന് നിര്‍ബന്ധിതരാകുന്നു. വിവാഹത്തിനുവേണ്ടിമാത്രം വാങ്ങുന്ന രണ്ടോ മൂന്നോ സാരികള്‍ക്കുവേണ്ടി ഒരു മലയാളി ചെലവഴിക്കുന്നത് ഏറ്റവും കുറഞ്ഞത് 25,000 രൂപയോളമാണ്. ഒരുപക്ഷേ പിന്നീടൊരു ആവശ്യത്തിനും എടുക്കാത്ത ഒരു വസ്തുവിനുവേണ്ടിയാണ് ഇത്രയും സംഖ്യ നീക്കിവെക്കുന്നത്. സാധാരണയായി സാരിയുടുക്കുന്നവര്‍പോലും പിന്നീട് അമിതാലങ്കാരങ്ങളുള്ള വിവാഹസാരിയുടുക്കുക പതിവില്ല. സ്ത്രീയെ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ച് കാണാനിഷ്ടപ്പെടുന്ന കണ്ണാണ് രക്ഷിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹം സ്വര്‍ണത്തിലെന്നപോലെ സാരിയിലും കുടുക്കിയിടുന്നത്.
നിത്യപരിചയംകൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ സാരിയുടുക്കുന്നവരുണ്ടാവാം. എന്നാല്‍ കെട്ടോ കുടുക്കോ ഇല്ലാത്ത ഈ തുണി ശരീരത്തിലുറപ്പിച്ചുനിര്‍ത്താന്‍ പ്രയാസം. ഭംഗിയായി ഞൊറിയിട്ടുടുത്താല്‍ കാണുന്നവന് പ്രിയംതന്നെ. എന്നാല്‍ സാരി ഉറപ്പിച്ചുനിര്‍ത്താനായി ആവശ്യത്തിലധികം മുറുക്കിയുടുക്കുന്ന അടിപ്പാവാട ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. അമിതമുറുക്കമുള്ള അടിവസ്ത്രങ്ങള്‍ രക്തഓട്ടംപോലും തടസ്സപ്പെടുത്തുന്നുവെന്ന് വിദഗ്ദര്‍ പറയുമ്പോഴും സാരിക്ക് അടിത്തറ പണിയാന്‍ വയറിന് കുറുകെ ഒരു കയര്‍പോലെ പാവാട കെട്ടിമുറുക്കുന്നു ഇവിടുത്തെ സ്ത്രീകള്‍. ഗര്‍ഭകാലത്ത് നിറവയറിന് മുകളിലാണ് സാരി മുറുകുന്നത്. ഇതിനെല്ലാം പുറമെ, എന്തുചെയ്യുമ്പോഴും പകുതി ശ്രദ്ധ സാരിക്ക് കൊടുക്കാതെ വയ്യെന്ന അവസ്ഥ. ശരീരവടിവുകള്‍ അതേപോലെ പ്രദര്‍ശിപ്പിക്കുന്ന ബ്ളൌസ് സാരിയണിയുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല.
എന്നാല്‍ സന്തോഷത്തോട സാരി തെരഞ്ഞെടുക്കുന്നവരെ ഒരുതരത്തിലും നിരുത്സാഹപ്പെടുത്തേണ്ടതില്ല. കാരണം അത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്.
ഭൂരിപക്ഷംപേര്‍ ഈ വസ്ത്രമാണ് തങ്ങള്‍ക്ക് ഏറ്റവും ചേരുന്നതെന്ന് മനസ്സുകൊണ്ട് ഉറപ്പിക്കുമ്പോള്‍, അതിന്റെ സാധ്യതകളും സൌകര്യങ്ങളും തിരിച്ചറിയുമ്പോള്‍ സാരി സ്വന്തം മികവ് തെളിയിക്കുകതന്നെയാണ്. എങ്കിലും നമ്മുടെ വസ്ത്ര സംസ്കാരം പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ഏറ്റവും വിപ്ളവകരമായ ഒരു മുന്നേറ്റമാകുന്നത് ഈ സാഹചര്യത്തിലാണ്. ചുരിദാര്‍ മാത്രം ധരിക്കുന്നവര്‍ക്കെല്ലാം അമ്പലത്തില്‍ പോകാന്‍ അനുവാദമില്ലാതിരുന്നതാണ് ഇവിടെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. ചുരിദാര്‍ എന്ന വസ്ത്രം സ്വന്തം ഇഷ്ടത്തിന് തെരഞ്ഞെടുത്ത ചിലര്‍ക്കെങ്കിലും അവര്‍ ആഗ്രഹിക്കുന്നവിധം ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു ഇതുവരെ. ഇതിന് മാറ്റംവരികയാണ് ഈ നടപടിയിലൂടെ.
സമൂഹത്തിന്റെ മറ്റേതു മേഖലയിലും പുരുഷവസ്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമാകാതിരിക്കുമ്പോള്‍ ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില്‍ മുണ്ടുമാത്രമുടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഷര്‍ട്ട് പോലും അനുവദനീയമല്ല. അര്‍ധനഗ്നനായി വേണം ക്ഷേത്രദര്‍ശനം. ഉത്തരേന്ത്യയിലും മറ്റും പൈജാമയും ജുബ്ബയും ധരിച്ച് ക്ഷേത്രത്തില്‍ കടക്കുന്നതിന് വിരോധമില്ല. പാന്റിനും പൈജാമക്കും ആരാധനയുടെ കാര്യത്തില്‍ ഇത്ര വലിയ പ്രാദേശിക വിലക്കിന്റെ ആവശ്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ളൌസും, മിഡി, ചുരിദാര്‍ പാന്റിന് മുകളില്‍ മുണ്ട് ചുറ്റിയത് (സൌകര്യബുദ്ധിയായി കേരളീയര്‍ കണ്ടുപിടിച്ച പ്രത്യേക വേഷം) തുടങ്ങിയവയും അമ്പലവസ്ത്രങ്ങളായി അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാലും സാരിയിലൊതുങ്ങിയ അച്ചടക്കത്തിന് തന്നെയാണ് മുന്‍ഗണന. മിക്ക അമ്പലങ്ങളിലും ഇപ്പോഴും ചുരിദാറിന് പ്രവേശനമില്ല.
പുറംലോകത്തിന് മുന്നില്‍ സ്ത്രീയുടെ പേരിന് പുറകെ തൂങ്ങുന്ന വാനിറ്റിബാഗിന്റെ ഭാരം സാരിയുടെ സംഭാവനയാണ്. സാരി ഉണ്ടാക്കുന്ന സ്വാഭാവികമായ അസ്വാതന്ത്ര്യത്തെ മറികടക്കാനാണ് വാനിറ്റിബാഗ്.
പുരുഷവസ്ത്രങ്ങള്‍ക്കും സ്ത്രീകളുടെ തന്നെ മറ്റ് പല വസ്ത്രങ്ങള്‍ക്കും സ്വന്തമായ കീശയുടെ സൌകര്യം സാരി അനുവദിക്കുന്നില്ല. അടിച്ചേല്‍പ്പിക്കപ്പെട്ട സ്ത്രൈണതയെ മറികടന്ന് സാരിക്ക് അങ്ങനെയൊന്ന് ആലോചിക്കാനേ വയ്യ! ബസ് ചാര്‍ജിനുള്ള പണം മാത്രം കൈയില്‍കരുതി യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ ഒരു ചെറിയ മണിപ്പേഴ്സ് ബ്ളൌസിനുള്ളില്‍ തിരുകിവെക്കുന്നു. എല്ലാ അര്‍ഥത്തിലും അനാരോഗ്യകരമായ ഈ ശീലത്തിന് അവരെ പ്രേരിപ്പിക്കുന്നത് സാരിയാണ്. പ്ളാസ്റ്റിക്കോ റെക്സിനോ കൊണ്ടുണ്ടാക്കിയ പേഴ്സ്, ദീര്‍ഘകാല ഉപയോഗത്തിന്റെ അഴുക്കോടുകൂടി ഏറ്റവും ലോലമായ ചര്‍മത്തില്‍ വെക്കേണ്ടിവരുന്നത് ഹാനികരം തന്നെയാണ്. സമൂഹത്തിന്റെ അശ്ളീലക്കണ്ണുകള്‍ക്ക് മുമ്പില്‍വേണം പേഴ്സ് അവിടെ വെക്കാനും എടുക്കാനും. തിരക്കേറിയ ബസ്സില്‍ തൂങ്ങി സാരിയൊതുക്കിപ്പിടിച്ച് നില്‍ക്കേണ്ടിവരുന്ന വാനിറ്റി ബാഗില്ലാത്തവര്‍ക്ക് വേറെന്ത് വഴി?
ശരീരവടിവുകള്‍ ഏറ്റവും പ്രകടമാക്കുന്ന വസ്ത്രമാണ് സാരി. അതുകൊണ്ടുതന്നെ ഫാഷന്‍ഭ്രമക്കാര്‍ക്ക് സാരി ഇന്നും പഥ്യമാണ്. എന്നാല്‍ നിത്യ വസ്ത്രധാരണ സംസ്കാരത്തിന്റെ ഭാഗമായി ഈ ഭ്രമത്തെ കാണാനാവില്ല. വിലയേറിയ തുണിയില്‍ ചെലവേറിയ അലങ്കാരങ്ങള്‍ തുന്നിപ്പിടിപ്പിച്ച് അതിലും മുന്തിയ ആഭരണങ്ങളുമണിഞ്ഞ് സ്വയം ഒരു പ്രദര്‍ശനവസ്തുവാകുന്നവര്‍ സാരിയിലൂടെ സൃഷ്ടിക്കാവുന്ന ഉപഭോഗസംസ്കൃതിയുടെ മോഡലുകള്‍ ആവുകയാണ്. ഫാഷന്‍ ഡിസൈനിങ് രംഗം പുതിയ പുതിയ വസ്ത്രമാതൃകകള്‍ അവതരിപ്പിക്കുമ്പോഴും സാരിയെ കൈവിടാതിരിക്കുന്നതിന് പിന്നിലെ കാരണം ഈ അഞ്ചരമീറ്റര്‍ തുണിയില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആഡംബരസാധ്യതകള്‍ തന്നെ. റാംപില്‍ സാരിയണിഞ്ഞെത്തുന്ന മോഡലുകള്‍ക്ക് തന്നെയാണ് പുരുഷകാഴ്ചക്കാര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയെന്ന് ഫാഷന്‍ലോകം സാക്ഷ്യപ്പെടുത്തുന്നു.
ഏറ്റവും കുറഞ്ഞ വിലയ്ക്കും ലഭ്യമാകുമെന്ന ഒരു കാരണത്തില്‍ വസ്ത്രമെന്ന പ്രാഥമികാവശ്യത്തിന്റെ കണക്കില്‍ സാരിയെ അംഗീകരിക്കാമെങ്കില്‍ അതിനോട് വിയോജിക്കാവുന്ന ഘടകങ്ങളില്‍ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പലതുമുണ്ട്. സാരി ഒരു കുറ്റവാളി ആണെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. സാരിയുടെ കലാത്മകത തിരിച്ചറിഞ്ഞ് അത് ഭംഗിയായി അണിയുന്നവര്‍ വസ്ത്രസൌന്ദര്യത്തിന്റെ മാന്യമായ മാതൃകകളാവുന്നുവെന്നതിനെ നിഷേധിക്കുന്നതിലര്‍ഥമില്ല. വസ്ത്രധാരണത്തില്‍ സമൂഹം സ്വയം അഭിരമിക്കുന്നുണ്ട്. പാരസ്പര്യമുള്ള സൌന്ദര്യാസ്വാദനത്തില്‍ സാരിയുടെ ഒളിവുംതെളിവും നിര്‍ദോഷമായ പങ്ക് വഹിക്കുന്നുമുണ്ട്.
പുരുഷവസ്ത്രങ്ങളുടെ കാര്യത്തില്‍ സ്ത്രീകള്‍ നടത്തുന്ന ആസ്വാദനങ്ങളും അഭിപ്രായപ്രകടനങ്ങളും ഇതേ രീതിയില്‍ത്തന്നെ സ്വീകാര്യമാണ്. എന്നാല്‍ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നതിനെക്കുറിച്ച് ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ക്കപ്പുറത്ത് പുറമെനിന്നു നിബന്ധനകള്‍ വെക്കുമ്പോഴാണ് ഈ ആസ്വാദനം അശ്ളീലമാകുന്നതും സാരിയുടെ സൌന്ദര്യംപോലും അസ്വാതന്ത്ര്യവും അസൌകര്യവുമാകുന്നതും. അടക്കവുമൊതുക്കവുമുള്ള സ്ത്രീ എന്ന സങ്കല്പത്തെയാണ് സാരിചുറ്റിച്ച് പുരുഷന്‍ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. വില്‍ക്കല്‍ വാങ്ങലുകളുടെ ഇന്നത്തെ സമൂഹം അതിനുപകരിക്കുന്ന വിധത്തില്‍ ആഡംബരസാരിയണിയിച്ച് സേവന-സാധന വിപണനവേദിയില്‍ അവളെ സെയില്‍സ് ഗേളാക്കുന്നു. കേരളീയത കച്ചവടച്ചരക്കാവുന്ന സാംസ്കാരിക മണ്ഡലത്തിലും സാരിക്ക് പഴമയുടെ ഗന്ധവും പുതുമയുടെ പ്രൌഢിയും ചാര്‍ത്തിക്കിട്ടുന്നു.
സ്ത്രീമനസ്സിന്റെ സ്വാതന്ത്ര്യത്തെ തുറന്നിടാനുള്ള ആകാശം അന്യവത്കരിക്കുന്ന ഒരു വസ്ത്രമായി സാരിയെ മാറ്റിയെടുക്കാന്‍ ഉപഭോഗസംസ്കൃതിക്കായിട്ടുണ്ട്. അടയാളപ്പെടുത്തപ്പെട്ട അസ്വാതന്ത്ര്യങ്ങളുണ്ടാവുമ്പോഴും അതില്‍ ആഹ്ളാദിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമൂഹത്തിനും സദുദ്ദേശ്യങ്ങളുണ്ടായിരിക്കില്ലെന്നുറപ്പ്.
(രജി ആര്‍ നായര്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം)