Tuesday, July 31, 2012

സായാഹ്നത്തിലെ അഭ്രശോഭ

മഞ്ചേരിയില്‍ നാടകം കളിക്കുമ്പോള്‍ വേദിയിലേക്ക് വെടിയുതിര്‍ത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷേ, നാടകാഭിനയം മതിയാക്കിയില്ല. മറ്റൊരിടത്ത്, റിഹേഴ്സലിനിടയില്‍ ഒരാള്‍ കയറിവന്ന് ചെകിട്ടത്തടിച്ചു. ഇടതുചെവിക്ക് ക്ഷതം സംഭവിച്ചു. കല്യാശേരിയില്‍ നാടകം കളിക്കുന്നതിനിടയില്‍ വേദിയിലേക്ക് ജാഥയായി വന്ന് ഒരുസംഘം ആക്രോശിച്ചു: ""മുസ്ലിം സ്ത്രീ നാടകത്തിലേക്കല്ല, നരകത്തിലേക്കാണ്."" എന്നിട്ടും പിന്മാറ്റത്തെ കുറിച്ച് ആലോചിച്ചില്ല. നാടകം, അവിടെ നിന്ന് സിനിമ. മലയാളത്തിന്റെ പ്രിയനടിയായി. അമ്മയായി... ദുരന്ത കഥാപാത്രങ്ങളായി... ഒക്കെ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

ഇത് നിലമ്പൂര്‍ ആയിഷ. മലയാളിക്ക് ആ പേര് പരിചിതമായിട്ട് അരനൂറ്റാണ്ടിലേറെയായി. സഹനവും സമരവും കെട്ടിപ്പടുത്ത ഒരു കലാജീവിതമാണത്. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.

മികച്ച രണ്ടാമത്തെ നടിക്കുള്ള ഈവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആയിഷയെയാണ് തേടിയെത്തിയത്. അഭ്രപാളിയിലെ മികവിനുള്ള അംഗീകാരത്തില്‍ സന്തോഷം പ്രഭപരത്തുമ്പോഴും തീജ്വാലകള്‍ മുറിച്ചുകടന്ന കാലത്തിന്റെ ആവേശം അവരുടെ കണ്ണുകളിലുണ്ട്.

സത്യനും നസീറുമെല്ലാം അരങ്ങു വാണ കാലം മുതല്‍ സിനിമാരംഗത്ത് ഉണ്ടായിട്ടും ആയിഷക്ക് ഏറെ വൈകിയാണ് ഈ രംഗത്ത് ഒരംഗീകാരം ലഭിക്കുന്നത്.

അവാര്‍ഡ് വൈകിയില്ലേയെന്ന ചോദ്യം കേട്ടപ്പോള്‍ ദശാബ്ധങ്ങള്‍ക്കു മുമ്പ് നടന്‍ സത്യന്‍ പറഞ്ഞ വാക്കുകളാണ് ആയിഷ ഓര്‍ത്തത്: ""കുട്ടി ഇവിടെ നില്‍ക്കണ്ട ആളല്ല, ഇനീം ഉയരണം."" മഹാനടന്മാര്‍ അന്നേ അഭിനയ മികവിനെ തിരിച്ചറിഞ്ഞിരുന്നു. ""അതൊക്കെ തന്നെ വലിയ അംഗീകാരമല്ലേ. ആ വാക്കുകള്‍ ചെറിയ കരുത്തല്ല നല്‍കിയത്"".
സമുദായഭ്രഷ്ടിനെ അവര്‍ കാറ്റില്‍ പറത്തിയ കാലത്തെക്കുറിച്ച് പറയുമ്പോള്‍ വാക്കുകളില്‍ ആവേശം കിനിഞ്ഞു: ""ഹാര്‍മോണിയപ്പെട്ടിയും തലയിലേറ്റി ഇന്‍ക്വിലാബ് വിളിച്ചുനടന്നാണ് പലപ്പോഴും നാടകവേദിയിലേക്ക് പോയത്. അടുപ്പില്‍ തീയെരിയാതെയും പട്ടിണിയിലായും പല ദിവസങ്ങളിലും നാടകം കളിച്ചു.""

നാടകരംഗത്തേക്ക് കടന്നുവന്ന ആദ്യത്തെ മുസ്ലിം സ്ത്രിയാണ് ആയിഷ. സമുദായത്തില്‍ നിന്ന് അത്രയേറെ എതിര്‍പ്പും നേരിടേണ്ടിവന്നു. ""ഒരിക്കല്‍ നാടകത്തിന്റെ ഡയലോഗുകള്‍ പറയുന്നതിനിടയില്‍ വേദിയിലേക്ക് ഒരു കല്ല് ചീറിവന്നു. കല്ലേറില്‍ ചുണ്ടു പൊട്ടി. ആദ്യമൊന്നു പതറിയെങ്കിലും ചോര പൊടിയുന്ന ചുണ്ടുകളുമായി ഡയലോഗ് തുടര്‍ന്നു.""
""പിന്നീട് പലരും പറഞ്ഞു, നാടകം ഇസ്ലാമിന് ചേര്‍ന്നതല്ല. ഇതൊന്നും പാടില്ല. നിഷിദ്ധമാണ്. എന്നൊക്കെ."" വിലക്കുകളേറുമ്പോഴും നിശ്ചയദാര്‍ഢ്യവുമായി ആയിഷ വളര്‍ന്നു. അരങ്ങില്‍ നിന്ന് അരങ്ങിലേക്ക്. കല്ലേറില്‍ കൂസാത്ത ആയിഷയെ കൊല്ലാനായി പിന്നത്തെ ശ്രമം.

""ബന്ധുക്കള്‍ പോലും അകലം പാലിച്ചു. സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. കേരളത്തില്‍ മറ്റൊരു നടിക്കും ഇത്രയേറെ പീഡനങ്ങളുണ്ടായിട്ടില്ല. നാടകത്തിനുവേണ്ടി മരിക്കുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നുകരുതി. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംരക്ഷണത്തിലാണ് പിന്നീട് നാടകം കളിച്ചത്. ആ പാര്‍ടിയിലുളള വിശ്വാസം തന്നെയാണ് ആയിഷക്ക് ഇന്നും കരുത്ത്. മരണം വരെയും ആ പാര്‍ടിയില്‍ തുടരണം. ജീവിതത്തിെന്‍റ സായാഹനത്തിലും ആയിഷ പറയുന്നു."

" 1953ല്‍ "ജജ് നല്ല മനുസനാകാന്‍ നോക്ക്" എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നിലമ്പൂര്‍ യുവജന കലാസമിതിക്കുവേണ്ടിയാണ് എത്രയോ കാലം നാടകം കളിച്ചത്്. എസ്എല്‍ പുരം സാദാനദന്‍ അവാര്‍ഡ്, മികച്ച നടിക്ക് രണ്ടുതവണ സംഗീതനാടക അക്കാദമി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, രാമു കര്യാട്ട് അവാര്‍ഡ് തുടങ്ങി അരങ്ങിലെ മികവിന് എത്രയോ പുരസ്കാരം തേടിയെത്തി. അതിനിടയില്‍ 19 വര്‍ഷം പ്രവാസജീവിതത്തിലുമായി. പക്ഷേ, സമ്പാദ്യം ഒന്നും തന്നെയില്ലായിരുന്നു.
മലയാളത്തിലെ ആദ്യ കളര്‍ചിത്രമായ "കണ്ടംബെച്ച കോട്ടി"ലൂടെയാണ് ആയിഷ സിനിമാരംഗത്തെത്തുന്നത്. പിന്നെ "കുട്ടിക്കുപ്പായ"ത്തില്‍ ഏഷണിക്കാരിയായ പോത്തച്ചി, "കുപ്പിവള"യില്‍ പത്തിരി ആമിന, കാട്ടുപൂക്കളില്‍ ക്ഷയരോഗി, കാവ്യമേളയില്‍ ചായക്കടക്കാരി... തുടങ്ങി ആദ്യകാലത്ത് ഒട്ടേറെ സിനിമയില്‍ ആയിഷ അഭിനയിച്ചു. പ്രവാസജീവിതത്തിനുശേഷം "അമ്മക്കിളിക്കൂട്" എന്ന ചിത്രത്തിലൂടെ വീണ്ടും മടങ്ങിയെത്തി.

സിദ്ദീഖ് സംവിധാനം ചെയ്ത "ഊമക്കുയില്‍ പാടുമ്പോള്‍" എന്ന ചിത്രത്തിലെ വല്യുമ്മയാണ് സിനിമാരംഗത്ത് ആദ്യമായി നിലമ്പൂര്‍ ആയിഷയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. കലയും സാഹിത്യവും ഇഷ്ടപ്പെടുന്ന ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. അവളെ അതിന് വിലക്കുന്ന മാതാപിതാക്കള്‍. ആ വിലക്കിനെ മറികടന്ന് അവള്‍ക്ക് പ്രചോദനമേകുന്ന വല്യുമ്മ. ആ വല്യുമ്മയുടെ വേഷമാണ് നിലമ്പൂര്‍ ആയിഷ ചെയ്തത്. ജീവിതം പോലെ തന്നെ പുരോഗമനചിന്തകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് അംഗീകാരം കിട്ടിയപ്പോള്‍ ഇരട്ടിമധുരം

തന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സിനിമാ ലോകത്തുനിന്നുള്ള ആദരവുകളെ ആയിഷ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു.""വിപ്ലവത്തിലൂടെ നടന്നുവന്ന നായിക, എന്നാണ് ഒരിക്കല്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. മറ്റൊരിക്കല്‍ സുരേഷ്ഗോപി ഓടിവന്നുപറഞ്ഞു: കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്ന്.""- ആയിഷ അഭിമാനപൂര്‍വം ഓര്‍ക്കുന്നു. താരസംഘടനയായ "അമ്മ" നല്‍കുന്ന കൈനീട്ടമാണ് നിലമ്പൂര്‍ ആയിഷക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനം. എല്ലാ മാസവും 4,000 രൂപ ഇതിലൂടെ ലഭിക്കുമെന്ന് ആയിഷ നന്ദിയോടെ പറയുന്നു. അഭിനയത്തില്‍ നിന്ന് കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാതിരുന്ന നിലമ്പൂര്‍ ആയിഷയ്ക്ക് പാര്‍ടിയാണ് വീട് വച്ചുനല്‍കിയത്.

ത്യാഗത്തിന്റെ, സഹനത്തിന്റെ ഈ സ്ത്രീരൂപം ഒരു ജനതയ്ക്ക് മാത്രമല്ല, വരുംതലമുറയ്ക്കു കൂടിയാണ് മാതൃകയാകുന്നത്. ""ശരിക്കും ഒരു ത്രില്ല് തോന്നുന്നു""-അവാര്‍ഡിനെക്കുറിച്ച് ആയിഷ വീണ്ടും പറഞ്ഞു.

*
എ പി സജിഷ ദേശാഭിമാനി

തീന്‍മേശ ഭരിക്കാന്‍ ഇതാ പുതിയ നിയമം

ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമം (Food safety and Standards Act 2006) ഇന്ത്യയില്‍ നിലവില്‍വന്നിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2011 ആഗസ്ത് അഞ്ചിനാണ് നിയമം പ്രാബല്യത്തിലായത്. ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയുംചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിയമപ്രകാരം രജിസ്ട്രേഷനുള്ള സമയം 2012 ആഗസ്ത് അഞ്ചിന് അവസാനിക്കും. (ഈ സമയപരിധി ആറുമാസത്തേക്കു കൂടി നീട്ടി  ജൂലൈ 27 നു ഉത്തരവായിട്ടുണ്ട്) ഇതോടെ നിയമം പൂര്‍ണരൂപത്തില്‍ നടപ്പാകും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഇതുവരെ പല നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഇവയ്ക്കെല്ലാം പകരമാണ് ഈ നിയമം. ഭക്ഷ്യവസ്തുക്കള്‍ക്ക് ശാസ്ത്രീയമായി നിലവാരം നിര്‍ണയിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.

ഉല്‍പ്പാദന, സംഭരണ, വിതരണ രംഗങ്ങളിലും കര്‍ശന നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പാദനംമുതല്‍ ഉപഭോക്താവിന്റെ കൈയില്‍ ഉല്‍പ്പന്നം എത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിയമത്തിലും അനുബന്ധ ചട്ടങ്ങളിലുമായുണ്ട്. ഭക്ഷ്യസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയുംചെയ്യുന്ന എല്ലാസ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുകയാണ് നിയമത്തിന്റെ ആദ്യലക്ഷ്യം. രാജ്യത്താകെ അഞ്ചരക്കോടിപേര്‍ ഈ രംഗത്തുണ്ടെന്നാണ് കണക്ക്. ഭക്ഷ്യവ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പ്പാദകര്‍ക്കും വിതരണക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധിതമാകും. ഇതിനുള്ള സമയപരിധിയാണ് ആഗസ്ത് അഞ്ചിന് അവസാനിക്കുന്നത്. ലൈസന്‍സോ രജിസ്ട്രേഷനോ നേടാതെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെവരും. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും രജിസ്ട്രേഷന്‍ ചുമതലയുള്ള ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. രജിസ്ട്രേഷനുള്ള അപേക്ഷ പൂരിപ്പിച്ച് ഇവര്‍ക്കാണ് നല്‍കേണ്ടത്. http://foodsafety.kerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്ന് മലയാളത്തിലുള്ള അപേക്ഷാഫോറം ലഭിക്കും (http://foodsafety.kerala.gov.in/docs/pdf/malayalamform-16-07-2012.pdf)

വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധിതമാവുന്നത്. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തിനു മുകളിലാണെങ്കില്‍ ലൈസന്‍സ് വേണം. 2000 രൂപയാണ് ലൈസന്‍സ് ഫീസ്. ചെറുകിടക്കാര്‍ക്ക് രജിസ്ട്രേഷന്‍ മതി. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്നത് ആറുമാസംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. രജിസ്ട്രേഷന്‍ ഇല്ലാത്ത ചെറുകിടകച്ചവടക്കാര്‍ ഒരുലക്ഷം രൂപ പിഴ നല്‍കേണ്ടിവരും. രജിസ്ട്രേഷന്‍ പുര്‍ത്തിയാകുമ്പോള്‍ രാജ്യമെമ്പാടുമായി 14 അക്കമുള്ള ഏകീകൃത രജിസ്ടേഷന്‍നമ്പര്‍ ഉണ്ടാകും. ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇനി ഈ ലൈസന്‍സ് പോരാ. ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്കുകടകള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയവ വില്‍ക്കുന്നവര്‍, ശീതള പാനീയങ്ങളും മറ്റും നിര്‍മിക്കുന്നവര്‍, തട്ടുകടകള്‍, മറ്റ് ചെറുകിട തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം രജിസ്ട്രേഷന്‍ വേണം. സൈക്കിളില്‍ പാല്‍ കൊണ്ടുനടക്കുന്നവര്‍പോലും രജിസ്റ്റര്‍ചെയ്തിരിക്കണം. ലൈസന്‍സിന്റെ പകര്‍പ്പും ഭക്ഷ്യസുരക്ഷാ കമീഷണറുടെ ടോള്‍ഫ്രീ നമ്പറും എല്ലാ സഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ജൂണ്‍വരെ കേരളത്തില്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങളുടെ എണ്ണം 8964 ആണ്. 21,049 ചെറുകിടസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുമുണ്ട്. നിയമമനുസരിച്ച് നിശ്ചയിക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് പിഴയും തടവും നല്‍കുന്ന വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.

കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം തടവുംവരെയാണ് ശിക്ഷ. ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാന്‍ സംസ്ഥാന ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫീസറും അപ്പീലുകള്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ റാങ്കില്‍പ്പെട്ട ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രിബ്യൂണലും ഉണ്ടാകും. കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതികളും പ്രത്യേകം പ്രോസിക്യൂട്ടര്‍മാരും നിലവില്‍വരും. നിയമ നടപടികള്‍ സ്വീകരിക്കുംമുമ്പ് സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കള്‍ക്കുതന്നെ ഭക്ഷണ സാമ്പിള്‍ എടുത്ത് ലാബില്‍ പരിശോധിച്ചശേഷം പരാതി നല്‍കാനാകും. ഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI )ക്കാണ് ഈ നിയമം രാജ്യത്താകെ നടപ്പാക്കാനുള്ള ചുമതല. അതോറിറ്റിക്ക് ചെയര്‍മാനുണ്ട്. കെ ചന്ദ്രമൗലിയാണ് ഇപ്പോള്‍ ഈ തസ്തികയില്‍. സംസ്ഥാനങ്ങളില്‍ ഫുഡ് സേഫ്റ്റി കമീഷണര്‍മാരാണ് മുഖ്യ ചുമതലക്കാര്‍. കേരളത്തില്‍ ബിജു പ്രഭാകറാണ് ഈ ചുമതലയില്‍.

ഇതു കൂടി വായിക്കുക:  എണ്ണയും വെള്ളവും വിളമ്പുകാരും നിയമപരിധിയില്‍

നിയമപ്രകാരം ഹോട്ടലുകള്‍ പാലിക്കേണ്ട 30 ശുചിത്വ നിബന്ധനകള്‍ സംബന്ധിച്ച് സംസ്ഥാന ഫുഡ് സേഫ്റ്റി കമീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഇവിടെ വായിക്കാം.

അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഈ സര്‍ക്കുലറില്‍ വായിക്കാം.

ഇല്ലാതായത് ഈ നിയമങ്ങള്‍

ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമം നിലവില്‍വന്നതോടെ നിലവിലുള്ള ഏഴ് നിയമങ്ങളാണ് ഇല്ലാതായത്. 1954ല്‍ രൂപപ്പെട്ട മായംചേര്‍ക്കല്‍ നിരോധനിയമ മാണ് (Prevention of Food Adulteration Act, 1954) ഇതില്‍ ഏറ്റവും പ്രധാനം.

പഴവര്‍ഗ ഉല്‍പ്പന്ന ഉത്തരവ് (Fruit Products Order, 1955), മാംസ ഭക്ഷ്യോല്‍പ്പന്ന ഉത്തരവ് ( Meat Food Products Order, 1973), സസ്യ എണ്ണ ഉല്‍പ്പന്ന (നിയന്ത്രണ) ഉത്തരവ് (Vegetable Oil Products (Control) Order, 1947) ഭക്ഷ്യ എണ്ണ പാക്കേജിങ് (നിയന്ത്രണ) ഉത്തരവ് (Edible Oils Packaging (Regulation) Order 1988), ലായകം ഉപയോഗിച്ചു വേര്‍തിരിക്കുന്ന എണ്ണയും ഉപോല്‍പ്പന്നങ്ങളും സംബന്ധിച്ച നിയമം (Solvent Extracted Oil, De-oiled Meal and Edible Flour (Control) Order, 1967), പാലും പാലുല്‍പ്പന്നങ്ങളും സംബന്ധിച്ച ഉത്തരവ് ( Milk and Milk Products Order, 1992) എന്നിവയാണ് ഇല്ലാതായ മറ്റു നിയമങ്ങള്‍.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി
email:advocatekrdeepa@gmail.com

പെന്‍ഷന്‍ ഔദാര്യമല്ല; അവകാശമാണ്

""പെന്‍ഷന്‍, ഒരാള്‍ ചെയ്തുതീര്‍ത്ത ആത്മാര്‍ഥമായ സേവനത്തിനുള്ള പ്രതിഫലമാണ്. എന്നാല്‍, അതിലുപരിയായി അത് സാമ്പത്തികസുരക്ഷാ വാഗ്ദാനമാണ്. പ്രായമാവുകയും തൊഴിലെടുക്കാന്‍ ശേഷിയില്ലാതാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട സാമൂഹിക- സാമ്പത്തിക നീതിയുടെ സാക്ഷാല്‍ക്കാരമാണത്. പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. പെന്‍ഷന്‍ ഒരവകാശമാണ്. സര്‍ക്കാര്‍തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാറ്റാവുന്നതല്ല ഈ അവകാശം. അത് തൊഴിലുടമയുടെ സൗജന്യമോ ഔദാര്യമോ അല്ല. നല്‍കപ്പെട്ട സേവനത്തിനുള്ള മാറ്റിവച്ച വിഹിതമാണത്.""

മുപ്പതുവര്‍ഷംമുമ്പ് സുപ്രീംകോടതി പ്രസ്താവിച്ച വിധിയിലെ സുപ്രധാന വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. നകാര കേസ് എന്ന പ്രസ്തുത കേസിലെ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസുമാരായ വൈ ബി ചന്ദ്രചൂഡ്, ഡി ദേശായി, ഒ ചിന്നപ്പറെഡ്ഡി, നൂറുല്‍ ഇസ്ലാം, വി ഡി തുല്‍സാപുകര്‍ എന്നിവരടങ്ങിയ ഭരണഘടനാബെഞ്ചാണ്. ബ്രിട്ടീഷ് ഭരണകാലംമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സാമൂഹ്യസുരക്ഷാ സംവിധാനമാണ് പെന്‍ഷന്‍. ഈ "അവകാശ"ത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് പെന്‍ഷന്‍ കേവലം "ഔദാര്യ"മാക്കി മാറ്റുകയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ ഭരണാധികാരികള്‍.

പുതിയ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ വിഹിതം സര്‍ക്കാരും (തൊഴിലുടമ) അടയ്ക്കണം. ഈ തുക രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന വിദേശ ബഹുരാഷ്ട്രകുത്തകകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്ന പെന്‍ഷന്‍ഫണ്ടുകളില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ തുക ഷെയര്‍മാര്‍ക്കറ്റിലും മറ്റും നിക്ഷേപിക്കും. ഷെയര്‍മാര്‍ക്കറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് തുക കുറയുകയോ കൂടുകയോ ചെയ്യാം. റിട്ടയര്‍ ചെയ്യുമ്പോള്‍ ജീവനക്കാരന്റെ പേരില്‍ മൊത്തം ഫണ്ടിലുള്ള തുകയുടെ 60 ശതമാനം തിരിച്ചുനല്‍കും. ബാക്കി 40 ശതമാനം ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കും. ഈ തുകയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും പെന്‍ഷന്‍ നല്‍കുക.

ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ 20 (എഫ്) വകുപ്പുപ്രകാരം പുതിയ പെന്‍ഷന്‍ പദ്ധതിക്ക് ഒരുവിധ സര്‍ക്കാര്‍ ഗ്യാരന്റിയും ഉണ്ടായിരിക്കില്ല. ഫണ്ടില്‍ ചേരുന്നവര്‍ "ഓപ്റ്റ്" ചെയ്യുന്ന പദ്ധതിയുടെ കമ്പോളാധിഷ്ഠിത ഗ്യാരന്റിമാത്രമേ പുതിയ നിയമം ഉറപ്പുനല്‍കുന്നുള്ളൂ. ഷെയര്‍മാര്‍ക്കറ്റ് തകര്‍ച്ചയുടെയോ സാമ്പത്തികമാന്ദ്യത്തിന്റെയോ ഫലമായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ പെന്‍ഷന്‍ഫണ്ട് പൊളിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കാനുള്ള ഒരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല.

പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്മാറണമെന്നും എല്ലാം കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് (ആഗോള മൂലധനശക്തികളുടെ ദയാദാക്ഷിണ്യത്തിന്) വിട്ടുകൊടുക്കണമെന്നുമുള്ള ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായാണ് ലോകത്തിലെ മുതലാളിത്ത രാജ്യങ്ങളിലും ഇന്ത്യയിലും പെന്‍ഷന്‍ പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. 2001 സെപ്തംബറില്‍ ഇന്ത്യയില്‍ പെന്‍ഷന്‍ പരിഷ്കാരം ആവശ്യപ്പെടുന്ന ഐഎംഎഫ് പഠനം പുറത്തുവന്നു. "IMF work paper on pension Reforms in India" എന്നായിരുന്നു അവരുടെ രേഖയുടെ പേരുതന്നെ. ആഗോള മൂലധനവ്യവസ്ഥയ്ക്കുവേണ്ടിയുള്ള അടിയന്തര സാമ്പത്തിക- സാമൂഹ്യ നടപടികളാണ് പെന്‍ഷന്‍ പരിഷ്കരണമെന്ന് ഐഎംഎഫ് രേഖ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് എന്‍ഡിഎ ഭരണകാലത്ത് "ഭട്ടാചാര്യ കമ്മിറ്റി"യെ നിയമിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയെന്ന വ്യാജേനയാണ് ഐഎംഎഫിന്റെ ഏതു നിര്‍ദേശവും ശിരസ്സാവഹിക്കുന്ന കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ പുതിയ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്‍ഡിഎ ഭരണം മാറി യുപിഎ ഭരണത്തിലും ഇതേനയംതന്നെ തുടര്‍ന്നു. ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത പെന്‍ഷന്‍ ഒറ്റയടിക്ക് അവകാശമല്ലാതായി മാറുന്നു എന്നതാണ്. പെന്‍ഷന്‍ഫണ്ടുകള്‍ പൊളിഞ്ഞാല്‍ ഗതകാലസമ്പാദ്യം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നതും മിനിമം പെന്‍ഷന്‍ ലഭിക്കുമെന്ന ഗ്യാരന്റിപോലും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതും വിലവര്‍ധനയ്ക്കനുസരിച്ച് പെന്‍ഷന് ക്ഷാമബത്ത കിട്ടുന്ന സമ്പ്രദായം ഇല്ലാതാകുമെന്നതും പെന്‍ഷണര്‍ മരിച്ചാല്‍ "ഫാമിലി പെന്‍ഷന്‍" ലഭിക്കില്ല എന്നതും ജിപിഎഫ് നിര്‍ത്തലാക്കുമെന്നതും പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ കേവലം ഭാഗ്യക്കുറിയാക്കുന്നു. പെന്‍ഷന്‍ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരിക്കമ്പോളവും ചേര്‍ന്ന് ജീവനക്കാരുടെയും തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും നെഞ്ചുപിളര്‍ന്ന് ചോര കുടിക്കും.

*
എം കൃഷ്ണന്‍ (നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് അഖിലേന്ത്യാ സെക്രട്ടറി ജനറലാണ് ലേഖകന്‍)


ദേശാഭിമാനി 31 ജൂലൈ 2012

കൂരിരുട്ടും ഇരുട്ടടിയും

വൈദ്യുതി നിരക്കുവര്‍ധന മുഴുവന്‍ കേരളീയരും ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈദ്യുതിബോര്‍ഡിന്റെ ചരിത്രത്തില്‍ ഇത്രയും ഭീമമായ നിരക്കുവര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 1676.84 കോടി രൂപയുടെ അധികഭാരം. ഒരു കോടിയിലധികം വരുന്ന വൈദ്യുതി ഉപയോക്താക്കളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള മാധ്യമ പ്രതികരണം രണ്ടുദിവസത്തെ റിപ്പോര്‍ട്ടുകളിലൊതുക്കി. ചാനലുകള്‍ ഒരു ദിവസത്തെ ചര്‍ച്ചയില്‍ സായുജ്യമടഞ്ഞു.

വിലക്കയറ്റത്തിന്റെ എരിതീയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത്രയും ഭീമമായ വൈദ്യുതി നിരക്കുവര്‍ധന താങ്ങാവുന്നതല്ല. നിരക്ക് ഭീമമായി വര്‍ധിപ്പിച്ചതിനു പിന്നാലെ പവര്‍കട്ടും ലോഡ്ഷെഡിങ്ങും വരുമെന്ന വാര്‍ത്ത ജനങ്ങളെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന പരുവത്തിലാക്കി. സാധാരണ ഗതിയില്‍ രൂക്ഷമായ വൈദ്യുതിക്ഷാമം ഏപ്രില്‍- മെയ് മാസങ്ങളിലാണുണ്ടാവാറ്. യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. ജലവൈദ്യുതി ഉല്‍പ്പാദനം കുറച്ചു; കാരണം ഡാമുകളുടെ സംഭരണശേഷിയുടെ 16 ശതമാനം വെള്ളംമാത്രമേയുള്ളൂ. ഈ ഗുരുതര സ്ഥിതിവിശേഷത്തിന് കാരണം മറ്റാരുമല്ല. ക്ഷാമകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കേണ്ട വെള്ളം ദുരുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കി മറിച്ചുവിറ്റു. അത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയെത്തുടര്‍ന്നാണെന്ന് കള്ളം പറഞ്ഞു. യഥാര്‍ഥത്തില്‍ മുല്ലപ്പെരിയാര്‍പ്രശ്നം ഉയര്‍ന്നുവരുംമുമ്പ് ഇടുക്കിയിലെ വെള്ളം ദുരുപയോഗംചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പ്രതിദിനം ആറ് കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നീരൊഴുക്കുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 2.8 കോടി യൂണിറ്റിന്റെ വെള്ളംമാത്രം. കായംകുളം താപനിലയത്തിന്റെ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ 91-96 നേക്കാള്‍ രൂക്ഷമായ വൈദ്യുതിക്ഷാമത്തിലേക്ക് സംസ്ഥാനം നീങ്ങേണ്ടിവരും. കൂടുതല്‍ കേന്ദ്രവൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ കേന്ദ്രവിഹിതം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇപ്പോള്‍ അനുവദിക്കുന്നത് സര്‍വകാല റെക്കോഡാണെന്നും ഇനിയും വര്‍ധിപ്പിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതുമാത്രമായി. മലയാള മനോരമപോലും കുറ്റം സര്‍ക്കാരിന്റേതാണെന്ന് വിലയിരുത്തി.

ഒരു കോടി അഞ്ചുലക്ഷം ഉപയോക്താക്കളാണ് കേരളത്തില്‍ വൈദ്യുതി ഉപയാഗിക്കുന്നത്. മുഴുവന്‍ വൈദ്യുതി ഉപയോക്താക്കള്‍ക്കും ചാര്‍ജ് വര്‍ധന ബാധകമാണ്. ശരാശരി 41 ശതമാനം വര്‍ധന. ചില വിഭാഗങ്ങള്‍ക്ക് മൂന്നിരട്ടി വര്‍ധന. 2012 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെ ഒഴിവാക്കുന്ന മര്യാദപോലും ഉണ്ടായില്ല. 85 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളും വര്‍ധിപ്പിച്ച ബില്‍തുക നല്‍കണം. 150 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 28 ലക്ഷം വരുന്ന സാധാരണ കുടുംബങ്ങളെയും ഒഴിവാക്കിയില്ല. ബിപിഎല്‍ വിഭാഗത്തെപ്പോലും പരിഗണിച്ചില്ല. 100 രൂപ അടയ്ക്കുന്നവര്‍ക്ക് ഇനി 170 രൂപ അടയ്ക്കേണ്ടിവരും. 35 പൈസ മുതല്‍ രണ്ടു രൂപ 20 പൈസ വരെയാണ് വിവിധ സ്ലാബുകളിലെ ഗാര്‍ഹിക ഉപയോക്താക്കള്‍ നല്‍കേണ്ടിവരുന്ന വര്‍ധന. ഇതിന്റെ ഫലമായി ഒരു ഇടത്തരം കുടുംബം പ്രതിമാസം 120 രൂപ അധികം നല്‍കേണ്ടിവരും. ത്രീഫെയ്സ് കണക്ഷനുള്ളവര്‍ക്ക് 60 രൂപയും സിംഗിള്‍ ഫെയ്സുകാര്‍ക്ക് 20 രൂപയും ഫിക്സഡ് ചാര്‍ജ് മറ്റൊരു ഭാരം.

വ്യവസായങ്ങള്‍ക്ക് ഭീമമായ അധികബാധ്യത ഉണ്ടാവും. യൂണിറ്റൊന്നിന് 1.20 രൂപയുടെ വര്‍ധന. താരിഫ് വര്‍ധനയ്ക്കു പുറമെ ഡിമാന്‍ഡ് ചാര്‍ജും വര്‍ധിപ്പിച്ചു. കേരളത്തിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനം പ്രതിവര്‍ഷം ഏഴു കോടി രൂപ ലാഭമുണ്ടാക്കുമ്പോള്‍ 20 കോടി രൂപയാണ് വൈദ്യുതിച്ചെലവിലൂടെമാത്രം അധികം ചെലവഴിക്കേണ്ടിവരുന്നത്. ഫലത്തില്‍ ആ വ്യവസായ സ്ഥാപനം 13 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാരിനെ വ്യവസായങ്ങളുടെ അന്തകരായി വ്യവസായലോകം കാണും. വ്യവസായികള്‍ ആഗസ്ത് 10ന് വ്യവസായബന്ദ് പ്രഖ്യാപിച്ചത് സന്തോഷത്തോടെയല്ല, നിവൃത്തിയില്ലാത്തതുകൊണ്ടാണ്.

തെരുവുവിളക്കിന് നിരക്കു വര്‍ധന മൂന്നിരട്ടിയാണ്. 90 െപൈസയില്‍നിന്ന് 2.75 രൂപയായാണ് വര്‍ധന. ഇത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം അവതാളത്തിലാക്കും. കാര്‍ഷിക വൈദ്യുതിനിരക്കും ഏതാണ്ട് മൂന്നിരട്ടി വര്‍ധിപ്പിച്ചു; നിലവിലുള്ള 65 പൈസ 1.50 രൂപയാക്കി. അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ബധിര- മൂകര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള സ്കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ നിരക്കും കൂട്ടി. ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും കനത്ത നിരക്കു വര്‍ധനയാണ്. 24,000 ഗാര്‍ഹിക ഉപയോക്താക്കള്‍ 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. എല്ലാ യൂണിറ്റിനും 6.50 രൂപ ഇക്കൂട്ടര്‍ അടയ്ക്കേണ്ടിവരും. രാത്രി 10 രൂപയാകും. 2013 ജനുവരി മുതല്‍ ടിഒഡി മീറ്റര്‍ സ്ഥാപിച്ച് രാവും പകലും പ്രത്യേകം പ്രത്യേകം വൈദ്യുതി ഉപഭോഗം തിട്ടപ്പെടുത്തും.

ഇതിനു മുമ്പ് 2002ല്‍ യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നു വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇപ്പോഴുണ്ടായതുപോലൊരു പ്രതിസന്ധി 2008-09ല്‍ നേരിടേണ്ടിവന്നു. നിരക്ക് വര്‍ധിപ്പിക്കാതെ ഊര്‍ജ സംരക്ഷണം, പ്രസരണ നഷ്ടം കുറക്കല്‍, കുടിശ്ശിക പിരിച്ചെടുക്കല്‍, പാഴ്ച്ചെലവ് ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള ഫലപ്രദമായ നടപടികളിലൂടെ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞു. മികച്ച മാനേജ്മെന്റ് വൈദഗ്ധ്യം പ്രകടിപ്പിച്ചും ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചും വൈദ്യുതി ഉല്‍പ്പാദനത്തിന് മുന്തിയ പരിഗണന നല്‍കിയും പ്രസരണ- വിതരണ ശൃംഖല ശക്തിപ്പെടുത്തിയും അഞ്ചുവര്‍ഷം ഭരിച്ചു. യുഡിഎഫിന്റെ നിയമസഭാ സാമാജികര്‍പോലും അന്നത്തെ വൈദ്യുതിമേഖലയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. പ്രസരണനഷ്ടം 24.6 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. പ്രസരണനഷ്ടം കുറയ്ക്കുന്നതില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത് കേരളമാണ്. സിസ്റ്റം ഇംപ്രൂവ്മെന്റ് പദ്ധതിക്കായി 2000 കോടി ചെലവഴിച്ചു. കെഎസ്ഇബി രൂപംകൊണ്ടതിനുശേഷം എല്‍ഡിഎഫിന്റെ കാലത്ത് റെക്കോഡ് വികസനമാണ് പ്രസരണമേഖലയില്‍ നടന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഇത്തരം പദ്ധതികള്‍ എല്ലാം ഉപേക്ഷിച്ചു. അത് പുതിയ പ്രതിസന്ധിക്കിടയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ വൈദ്യുതിക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന വേനല്‍ക്കാലത്തേക്ക് യൂണിറ്റിന് അഞ്ചു രൂപ നിരക്കില്‍ പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. യുഡിഎഫ് ആ കരാര്‍ റദ്ദാക്കി. പിന്നീടാകട്ടെ യൂണിറ്റിന് 12 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ടിയും വന്നു. ചുരുക്കത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രണ വൈകല്യമാണ് ഇപ്പോഴുണ്ടായ ഗുരുതര പ്രതിസന്ധിക്ക് കരണം.
നിയമസഭയെ നോക്കുകുത്തിയാക്കി

സഭ പിരിഞ്ഞ ഉടനെയാണ് ഇപ്പോഴത്തെ വൈദ്യുതി നിരക്കുവര്‍ധന പ്രഖ്യാപിച്ചത്. ഇത് ജനാധിപത്യ വ്യവസ്ഥയെ അപമാനിക്കലാണ്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ വല്ല സബ്സിഡിയും പ്രഖ്യാപിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. സബ്സിഡി നല്‍കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

91-96 കാലം യുഡിഎഫ് ഭരിക്കുമ്പോള്‍ 100 ശതമാനം പവര്‍കട്ടും ആറ് മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചു. വൈദ്യുതി ഉല്‍പ്പാദനം കേരളത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായി. എല്ലാ സ്രോതസ്സും ഉപയോഗിച്ചു. 1089 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിച്ചു. വൈദ്യുതി കമ്മിയില്‍നിന്ന് കേരളം കരകയറി. മന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ നടപടികളെയും ജനങ്ങളും മാധ്യമങ്ങളും പിന്തുണച്ചു. വൈദ്യുതി ഉല്‍പ്പാദന കാര്യത്തില്‍ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ച സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ വിശേഷിപ്പിച്ചു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും പിന്‍വലിച്ചു. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് കേവലം 266 മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിച്ചത്. 2006- 11ലെ എല്‍ഡിഎഫ് സര്‍ക്കാരാവട്ടെ 1208 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും 3800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുംചെയ്തു. എന്നാല്‍, യുഡിഎഫ് തുടര്‍നടപടികള്‍ സ്വകരിച്ചില്ല.

വൈദ്യുതി ഉല്‍പ്പാദനവും പ്രസരണനഷ്ടം കുറയ്ക്കലും സംസ്ഥാനത്ത് ഏറ്റവും പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണവും വൈദ്യുതി ഉല്‍പ്പാദനവും രണ്ടും പരിഗണിക്കണം. യാന്ത്രിക പരിസ്ഥിതിവാദം കേരളത്തിന് സഹായകരമല്ല. പുരോഗതിക്ക് അടിസ്ഥാനം വൈദ്യുതിയാണ്. അതിന് ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വേണം. ഭാവനാപൂര്‍ണവും സംസ്ഥാനത്തിന് അനുയോജ്യവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. എല്‍ഡിഎഫ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. യുഡിഎഫ് അവ പൂര്‍ത്തീകരിക്കണം. താപവൈദ്യുതി, സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി എന്നിങ്ങനെ വിവിധ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകണം. അടിയന്തരമായും യുഡിഎഫ് ആവിഷ്കരിക്കേണ്ടത് ഒരു സമഗ്ര വൈദ്യുതി വികസന നയമാണ്. അല്ലാതെ ജനങ്ങളെ കൊള്ളയടിക്കുകയല്ല.

2013 മാര്‍ച്ച് 31 വരെയുള്ള നിരക്കുവര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വേനല്‍ക്കാലം അഥവാ മഴക്കാലം കഴിഞ്ഞാല്‍ ഉടനെ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തേണ്ടിവരില്ല എന്നുറപ്പിച്ച് പറയാന്‍ സര്‍ക്കാരിനു കഴിയുമോ? ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധനയില്‍ തീരുന്നതല്ല കാര്യങ്ങള്‍. യുഡിഎഫ് വന്നതോടെ കേന്ദ്രവിഹിതം വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ ആവശ്യകത നിറവേറ്റാനാവുന്നില്ല. ഒന്നുകില്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും; അല്ലെങ്കില്‍ കൂടിയ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങല്‍. ഒരുമാസംകൂടി കഴിഞ്ഞാല്‍ കേരളത്തിന്റെ സ്ഥിതി ഇതായിരിക്കും. അപ്പോഴും സര്‍ച്ചാര്‍ജിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നയം തന്നെയായിരിക്കുമോ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുക? അങ്ങനെ വന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 1676 കോടിയുടെ നിരക്കുവര്‍ധനയ്ക്കു പുറമെ 1200 കോടിയുടെ അധിക ബാധ്യതകൂടി ജനങ്ങളുടെ തലയില്‍ വരും.

*
എം വി ജയരാജന്‍ ദേശാഭിമാനി 30 ജൂലൈ 2012

രാഷ്ട്രീയസ്വാതന്ത്ര്യം നിഹനിക്കുന്ന ഫോണ്‍ചോര്‍ത്തല്‍

എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് വെളിപ്പെടുത്താനാവില്ല എന്ന നിയമസഭാതലത്തിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നുവെന്നതിന്റെ സ്ഥിരീകരണമാണ്. രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നില്ലെങ്കില്‍ അതുപറയാന്‍ ഒരു വിഷമവുമുണ്ടാകേണ്ട കാര്യമില്ല. ചോര്‍ത്തുന്നുണ്ടെങ്കിലേ "വെളിപ്പെടുത്താനാവില്ല" എന്ന മറുപടി നല്‍കേണ്ടതുള്ളൂ. ഇതറിയാന്‍ വിശേഷബുദ്ധിയുടെ ആവശ്യമില്ല. ചോര്‍ത്തുന്നുണ്ട് എന്ന് വ്യക്തമായി മറുപടി നല്‍കാനുള്ള ആഭ്യന്തരമന്ത്രിയുടെ ആര്‍ജവമില്ലായ്മ അവിടെ നില്‍ക്കട്ടെ. എന്നാല്‍, അതിനപ്പുറം സ്വതന്ത്രമായ, ജനാധിപത്യപരമായ പൊതുപ്രവര്‍ത്തനം അസാധ്യമാക്കുന്ന അമിതാധികാര നടപടിയാണ് ഈ ഫോണ്‍ചോര്‍ത്തല്‍ എന്ന ഗൗരവതരമായ പ്രശ്നത്തിലേക്ക് നാടിന്റെ മനസ്സ് ഉണരേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ് ആഭ്യന്തരമന്ത്രിയുടെ നടപടി. വ്യക്തിസ്വാതന്ത്ര്യമെന്നത് സ്വകാര്യതയ്ക്കുള്ള അവകാശംകൂടി ഉള്‍പ്പെട്ടതാണ്. അതിന്മേലുള്ള കടന്നുകയറ്റമാണ് ഫോണ്‍ചോര്‍ത്തല്‍. അതിനപ്പുറം നിര്‍ഭയവും സ്വതന്ത്രവുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള പൊതുപ്രവര്‍ത്തകരുടെ അവകാശത്തെക്കൂടി ഇത് ഹനിക്കുന്നു. ആ നിലയ്ക്ക് ജനാധിപത്യാവകാശങ്ങളുടെ ധ്വംസനംകൂടിയാണിത്. ഇത് ചെയ്യാന്‍ ആഭ്യന്തരമന്ത്രിക്കോ സംസ്ഥാനസര്‍ക്കാരിനോ ഒരുവിധ അവകാശവുമില്ല.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) v/s യൂണിയന്‍ ഓഫ് ഇന്ത്യ എന്ന വിഖ്യാതമായ ഫോണ്‍ടാപ്പിങ് കേസില്‍ സുപ്രീംകോടതി വിധിപ്രസ്താവത്തിനിടെ ഇക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയതാണ് വ്യക്തിയുടെ സ്വകാര്യതാസംരക്ഷണ അവകാശം. ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന ഈ സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ഗുരുതരമായ കടന്നാക്രമണമാണ് ഫോണ്‍ചോര്‍ത്തല്‍ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. "വെളിപ്പെടുത്താനാവില്ല" എന്ന മറുപടിയിലൂടെ ആഭ്യന്തരമന്ത്രിചെയ്തത് സുപ്രീംകോടതി വിലക്കിയ കുറ്റകൃത്യം താനും തന്റെ സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ സ്ഥിരീകരിക്കലാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന് ഫോണ്‍ചോര്‍ത്തല്‍ ആവശ്യമായി വരാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. ആ സാഹചര്യങ്ങള്‍ സുപ്രീംകോടതി ജഡ്ജിമാര്‍ എണ്ണമിട്ട് പറഞ്ഞിട്ടുമുണ്ട്.

ഒന്ന്: ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും നേര്‍ക്ക് ഭീഷണി ഉയര്‍ന്നാല്‍.

രണ്ട്: രാഷ്ട്ര സുരക്ഷിതത്വം അപകടപ്പെടുന്നുവെന്നുവന്നാല്‍.

മൂന്ന്: സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുവന്നാല്‍.

നാല്: പൊതുസമൂഹത്തിന്റെ സുരക്ഷ ഭീഷണിയിലായാല്‍.

അഞ്ച്: കുറ്റകൃത്യത്തിന് സമൂഹത്തെയാകെ പ്രേരിപ്പിക്കുന്ന നീക്കങ്ങളുണ്ടാകുന്നുവെന്നുവന്നാല്‍.

ഈ അഞ്ച് സാഹചര്യങ്ങളില്‍ മാത്രമേ ഫോണ്‍ചോര്‍ത്താന്‍ പാടുള്ളൂ. അതും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചുകൊണ്ട്, ആ വഴിയിലൂടെയേ പാടുള്ളൂ.

ഇവിടെ കേരളത്തിലെ എംഎല്‍എമാരും രാഷ്ട്രീയനേതാക്കളും രാഷ്ട്രത്തിന്റെ പരമാധികാരത്തിനോ സുഹൃദ്രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനോ അതുപോലെ കോടതി പറഞ്ഞ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ആപത്തുണ്ടാക്കുന്ന തരത്തില്‍ ഭീഷണി ഉയര്‍ത്തിയോ? ഉയര്‍ത്തിയെന്ന് ആഭ്യന്തരമന്ത്രിപോലും പറയില്ല. പിന്നെന്തിന് ഫോണ്‍ ചോര്‍ത്തുന്നു? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അത് മന്ത്രിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും രാഷ്ട്രീയ ഉപയോഗത്തിനുവേണ്ടി എന്നതാണ്. പക്ഷേ, അങ്ങനെ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. സുപ്രീംകോടതിക്കുപോലും ചില ഉപാധികള്‍ ഇക്കാര്യത്തില്‍ അംഗീകരിക്കേണ്ടിവന്നത് ഇതുസംബന്ധിച്ച മൗലിക നിയമം 1885ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതായതുകൊണ്ടാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കളുടെ നീക്കങ്ങളറിയാന്‍ നിയമത്തിലുണ്ടാക്കിയ പഴുതുകള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷവും മാറാതെ നിലനില്‍ക്കുന്നു. ആ പഴുതുകള്‍ ഇല്ലാതാക്കുന്ന ഭേദഗതികള്‍ വരുത്താനോ, ദുരുപയോഗം തടയുംവിധം ചട്ടങ്ങളുണ്ടാക്കി നിയമം നിര്‍മിക്കാനോ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ്, സുപ്രീംകോടതിക്ക് ചില ഉപാധികള്‍ അംഗീകരിക്കേണ്ടിവന്നത്. എന്നാല്‍, ആ ഉപാധികള്‍പോലും സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനത്തെ അസാധ്യമാക്കുന്ന തിരുവഞ്ചൂരിന്റെ ജനാധിപത്യവിരുദ്ധനീക്കത്തിന് ന്യായീകരണമാകുന്നില്ല.

നിയമസഭാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകന്‍ നിയമസഭാ സ്പീക്കറാണ്. എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് വന്നാല്‍ അവര്‍ക്ക് സ്വതന്ത്രമായ നിയമസഭാപ്രവര്‍ത്തനം അസാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു എന്നാണര്‍ഥം, നിയമസഭാ അലക്ഷ്യമാണത്. ഇത്തരമൊരു അവസ്ഥയുണ്ടാകുമ്പോള്‍ സഭയുടെ അവകാശസംരക്ഷണത്തിനായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്ത് നടപടിയാണെടുക്കുന്നത് എന്നതറിയാന്‍ ജനാധിപത്യ കേരളത്തിന് താല്‍പ്പര്യമുണ്ട്. സ്വമേധയാ അദ്ദേഹം നടപടിയുമായി നീങ്ങേണ്ട ഘട്ടമാണിത്.

1988ല്‍ കര്‍ണാടകത്തില്‍ രാമകൃഷ്ണ ഹെഗ്ഡെ സര്‍ക്കാര്‍ പ്രതിപക്ഷാംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം നിയമസഭാതലത്തിലുയര്‍ന്നു. അതേത്തുടര്‍ന്ന് ഹെഗ്ഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. എസ് ആര്‍ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായത് അതേത്തുടര്‍ന്നാണ്. ഫോണ്‍ചോര്‍ത്തല്‍ വിവാദങ്ങള്‍ ഇതുപോലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയത്തിലുളവാക്കിയ അനുഭവം ഇന്ത്യയിലുണ്ട്. നിയമസഭാംഗങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വതന്ത്ര- നിഷ്പക്ഷ- നിര്‍ഭയ പൊതുപ്രവര്‍ത്തനത്തെ അസാധ്യമാക്കുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അത്തരം അനുഭവങ്ങള്‍ ഓര്‍ക്കുന്നത് നന്നാകും.

രാജീവ്ഗാന്ധിയുടെ വസതി നിരീക്ഷിക്കാന്‍ രണ്ട് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചു എന്നാരോപിച്ച് ഒരു കേന്ദ്രമന്ത്രിസഭയെ തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ രാജീവിന്റെ വസതിക്കടുത്ത് കാണപ്പെട്ടതുകൊണ്ട് കോണ്‍ഗ്രസിന്റെ സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമായി എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രശേഖര്‍ മന്ത്രിസഭയെ തകര്‍ത്ത അതേ പാര്‍ടിയാണ് സ്വതന്ത്രമായ ജനാധിപത്യപ്രവര്‍ത്തനത്തിനുള്ള നിയമസഭാംഗങ്ങളുടെ അവകാശത്തെ നിഹനിച്ച് ഇവിടെ ഫോണ്‍ ചോര്‍ത്തുന്നത്. ജനാധിപത്യവിരുദ്ധമായ ഈ അമിതാധികാരനീക്കം മുളയിലേ നുള്ളണം. അതിനുതക്കവിധം പൊതുസമൂഹത്തിന്റെ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 30 ജൂലൈ 2012

അസമില്‍ വേണ്ടത് രാഷ്ട്രീയപരിഹാരം

ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറു കോടി രൂപ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അസം സന്ദര്‍ശനത്തോടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന മട്ടില്‍ പിന്‍വാങ്ങിനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആപല്‍ക്കരമാണ് ഈ നിഷ്ക്രിയത്വം. രാഷ്ട്രീയമായ പ്രശ്നപരിഹാരത്തിനുള്ള മുന്‍കൈയാണ് അസമില്‍ വേണ്ടത്. എന്നാലിത് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ മനസ്സിലാക്കുന്ന മട്ടില്ല. ഒരേ കക്ഷിയാണ് ഇരുദിക്കിലും അധികാരത്തിലുള്ളതെങ്കിലും പരസ്പരം കുറ്റപ്പെടുത്തുന്നത് ശത്രുപക്ഷത്തെയെന്നവണ്ണമാണ്. ഇതിനെല്ലാമിടയില്‍ അസം കത്തിക്കാളുകയാണ്.

രാഷ്ട്രീയ നിഷ്ക്രിയത്വം അതില്‍ എണ്ണ ഒഴിക്കുകയുമാണ്. അമ്പത് ജീവന്‍ ഒടുങ്ങിക്കഴിഞ്ഞു. നാലു ലക്ഷത്തോളം പേര്‍ ജീവനുംകൊണ്ടു പലായനംചെയ്തു. 270 ദുരിതാശ്വാസക്യാമ്പുകളിലായി കുടിവെള്ളംപോലും കിട്ടാതെ രണ്ടുലക്ഷത്തോളം പേര്‍ നരകയാതനയനുഭവിക്കുന്നു. ജനം പരസ്പരം ചേരിതിരിഞ്ഞ് ശത്രുരാജ്യങ്ങളിലെ സൈന്യങ്ങളെന്നവിധം ഏറ്റുമുട്ടുന്നു. കൊക്രജാറില്‍ ആരംഭിച്ച കലാപം ചിരാഗ്, ധൂബ്രി, ബൊംഗയ്ഗോണ്‍ ജില്ലകളിലേക്ക് പടരുന്നു. ബോഡോ ഗോത്രവര്‍ഗവിഭാഗങ്ങളെയും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെയും പരസ്പരം അതിര്‍ത്തി നിശ്ചയിച്ച് വേലികെട്ടി തിരിക്കുന്നു. പട്ടാളം റോന്തുചുറ്റുന്നു. സൈനിക നടപടിയും സാമ്പത്തിക നടപടിയും കൊണ്ട് എല്ലാം തീരും എന്ന മൂഢവിശ്വാസത്തിലാണ് രാഷ്ട്രീയാനുഭവ പരിജ്ഞാനമില്ലാത്ത ഡോ. മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും. അസമില്‍ വംശീയവും വര്‍ഗീയവുമായ കലാപത്തിന്റെ തീപ്പൊരികള്‍ ഇന്നലെ ആദ്യമായി തെളിഞ്ഞതല്ല.

കലാപം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന അന്തരീക്ഷവും അതിനുള്ള സാഹചര്യങ്ങളും പതിറ്റാണ്ടുകളായി അവിടെ നിലനില്‍ക്കുന്നു. എന്നാല്‍, ഇത് മനസ്സിലാക്കി പ്രശ്നത്തിന് രാഷ്ട്രീയമായി ശാശ്വതപരിഹാരം കാണാനുള്ള ഒരു നീക്കവും കേന്ദ്രത്തിലെ മന്‍മോഹന്‍സിങ് സര്‍ക്കാരോ സംസ്ഥാനത്തെ തരുണ്‍ ഗൊഗോയ് സര്‍ക്കാരോ കൈക്കൊണ്ടില്ല. പ്രശ്നമുണ്ടായശേഷവും രാഷ്ട്രീയപരിഹാരത്തിനുള്ള ഒരു നീക്കവുമില്ല. ഉല്‍ക്കണ്ഠപ്പെടുത്തുന്ന അവസ്ഥയാണിത്. ഗോത്രവര്‍ഗവിഭാഗങ്ങള്‍ക്ക് ഇവിടെ നീതി നിഷേധിക്കപ്പെട്ട ചരിത്രമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തേ ആരംഭിച്ചതാണത്. തോട്ടം ഉടമകള്‍ക്ക് തേയിലകൃഷിചെയ്യാന്‍ ബ്രഹ്മപുത്രയുടെ വടക്കന്‍ തീരങ്ങളില്‍നിന്ന് ഗോത്രവിഭാഗങ്ങളെ ബ്രിട്ടീഷുകാര്‍ കാട്ടിലേക്ക് ആട്ടിപ്പായിച്ചു. അങ്ങനെ ഗോത്രവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ഭൂമി നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ പോയശേഷം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ വിഭാഗങ്ങളുടെ ന്യായമായ ഒരു അവകാശവും അംഗീകരിച്ചുകൊടുത്തില്ല. ഈ പ്രശ്നം ഒരു ഭാഗത്ത്. മറുവശത്താകട്ടെ, ഒരു പ്രശ്നവും പരിഹരിക്കാതിരിക്കുമ്പോഴും ബോഡോ ലിബറേഷന്‍ ടൈഗേഴ്സിന്റെ രാഷ്ട്രീയപാര്‍ടിയായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി ഭരണം നടത്തുന്നു. ഇതുമൂലം ബോഡോ വിഭാഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി നേരിടുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാഗത്ത് ഭരണസംവിധാനത്തോടുള്ള അവിശ്വാസം വര്‍ധിച്ചുവന്നു.

ബംഗ്ലാദേശില്‍നിന്ന് എത്തി ഇന്ത്യന്‍ പൗരന്മാരായ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇന്ത്യ കൊടുത്ത ഒരു വാഗ്ദാനവും നിറവേറ്റപ്പെട്ടില്ല. ദുസ്സഹസാഹചര്യങ്ങളില്‍ വലയുന്ന ആ വിഭാഗത്തിന്റെ ദൈന്യാവസ്ഥ മറുവശത്ത്. ഇങ്ങനെനോക്കിയാല്‍ ചരിത്രപരമായ കാരണങ്ങളുള്ള അസ്വസ്ഥതയാണ് അസമില്‍ നീറിനില്‍ക്കുന്നത് എന്ന് കാണാം. ഇതിന് രാഷ്ട്രീയ പരിഹാരമാണാവശ്യം. ആ വഴിക്കു നീങ്ങാതെ ദുരിതാശ്വാസത്തുക പ്രഖ്യാപിച്ച് പ്രശ്നം അവസാനിപ്പിക്കാനാകില്ല. അസമില്‍ വംശീയ സ്പര്‍ധ ആളിപ്പടര്‍ത്തിയത് അസമിലെ കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നത് ഓര്‍മിക്കണം. 1978ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 78ല്‍ 23 സീറ്റുകള്‍ നേടിയ സിപിഐ എം - സിപിഐ കക്ഷികള്‍ വൈകാതെ അവിടെ അധികാരത്തില്‍ വരുമെന്ന പ്രതീതിയുണ്ടായി. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ "അസമിനെ ബംഗാളികള്‍ ഭരിക്കും" എന്ന മുദ്രാവാക്യമുയര്‍ത്തിയും വംശീയ വിഷത്തിന്റെ തീ പടര്‍ത്തിയുമാണ് കോണ്‍ഗ്രസ് നേരിട്ടത്. അന്നുണ്ടായ വംശീയതയുടെ കനല്‍ പിന്നീട് അണഞ്ഞില്ല. എണ്‍പതുകളില്‍ പൊടുന്നനെ അസം രാഷ്ട്രീയത്തില്‍ പൊട്ടിമുളച്ചതും പിന്നീട് ഭീകരത പടര്‍ത്തിയതുമായ ഓള്‍ അസം പ്രക്ഷോഭശക്തികള്‍ ഈ ദുഷ്പ്രചാരണത്തിന്റെ സൃഷ്ടികളായിരുന്നു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ പറ്റിയെങ്കിലും കോണ്‍ഗ്രസ് ആ പ്രക്രിയയിലൂടെ അസമിനെ നയിച്ചത് വര്‍ഗീയതയുടെയും വംശീയതയുടെയും ഒടുങ്ങാത്ത കാട്ടുതീയിലേക്കാണ്. ബോഡോകള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി ബോഡോ ലിബറേഷന്‍ ടൈഗേഴ്സിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണങ്ങള്‍ പടര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പ് എന്ന നിലയ്ക്ക് ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആ കൗണ്‍സിലിന്റെ അധികാരപരിധിയില്‍ വന്നവയിലേറെയും ആകട്ടെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍. ഇരുകൂട്ടര്‍ക്കും മൈത്രിയില്‍ കഴിയാനുള്ള സാഹചര്യമല്ല, മറിച്ച് ഇരുകൂട്ടരെയും പരസ്പരം സ്പര്‍ധയിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതും പ്രശ്നം വഷളാക്കി.

വംശീയ-വര്‍ഗീയ കലാപത്തിനുള്ള അരങ്ങൊരുക്കലായി അത്. ഈ ചരിത്രപശ്ചാത്തലത്തില്‍നിന്ന് അസംപ്രശ്നത്തെ അടര്‍ത്തിമാറ്റി ക്രമസമാധാനപ്രശ്നമോ, സാമ്പത്തിക പ്രശ്നമോ ആയിക്കണ്ട് പരിഹരിക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. പ്രധാനമന്ത്രിയാകട്ടെ, ഈ വിഡ്ഢിത്തത്തിന്റെ ഇത്തിരിവട്ടത്തിനപ്പുറത്തേക്കു കണ്ണയക്കുന്നുമില്ല. അതുകൊണ്ടുതന്നെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം അപ്രാപ്യമാകുന്നു. ""പ്രശ്നം വളരെ സങ്കീര്‍ണമാണ്. സമാധാനം സ്ഥാപിതമായശേഷം ഞങ്ങള്‍ പ്രശ്നം അപഗ്രഥിക്കും"" എന്നാണ് അസമില്‍ ചെന്ന പ്രധാനമന്ത്രി പറഞ്ഞത്. ഇത്രകാലം ഈ പ്രശ്നം അപഗ്രഥിക്കണമെന്ന് തോന്നിയില്ല. ഇപ്പോള്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയെങ്കിലും അപഗ്രഥിക്കാമെന്നു തോന്നുന്നുമില്ല. രാഷ്ട്രീയ പക്വതയില്ലായ്മയുടെ വിളംബരമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളത്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ജൂലൈ 2012

താജ്‌മഹല്‍ കാണാതെ ഉടഞ്ഞ കല്ല് കാണുന്നവര്‍

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ വലിയതോതില്‍ ആഘോഷമാക്കിയിട്ടുണ്ട്. "സിപിഐ എം കുഴപ്പത്തില്‍" എന്ന തലക്കെട്ടിലെ മുഖപ്രസംഗം മുംബൈയില്‍നിന്നുള്ള ഈ ഇംഗ്ലീഷ് വാരികയുടെ വേറിട്ട അഭിപ്രായപ്രകടനം എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ വാരിക ദശകങ്ങളായി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണ്; ഇടതുപക്ഷവീക്ഷണം പല കാര്യങ്ങളിലും കൈമുതലായുമുണ്ട്. എന്നാല്‍, സമീപകാലത്തായി ഈ ഗുണം ചോര്‍ന്നുപോകുന്നില്ലേ എന്ന സന്ദേഹം ശക്തവുമാണ്. അതിന് തെളിവാണ് ഫെബ്രുവരിലക്കത്തില്‍ "സിപിഐ എം പ്രതിസന്ധിയില്‍" എന്ന തലക്കെട്ടില്‍ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി എഴുതിയ മുഖപ്രസംഗം. ഇതിന്റെ തുടര്‍ച്ചയാണ് സിപിഐ എമ്മിനെ വിമര്‍ശിക്കുന്ന ഇപ്പോഴത്തെ വിഭവം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉത്സാഹിക്കുകയാണ്.

സിപിഐ എമ്മിന്റെ പതനം ഊതിപ്പെരുപ്പിച്ച വാര്‍ത്തയല്ല, വസ്തുതയാണ് എന്ന് മുംബൈ വാരിക കണ്ടെത്തിയെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. അത് മുഖപ്രസംഗത്തിന്റെ പേരിലെ എഴുതാപ്പുറം വായനാണ്. സിപിഐ എം ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരങ്ങളിലേക്കും ശരിയായ പ്രയോഗത്തിലേക്കും നീങ്ങിയില്ലെങ്കില്‍ തകര്‍ച്ചയെ നേരിടാന്‍ കഴിയാതെവരും എന്നാണ് മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നത്. സിപിഐ എം മാര്‍ക്സിസം- ലെനിനിസം മുറുകെപിടിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ എല്ലാകാലത്തും ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരത്തെ ഉപേക്ഷിക്കുന്നില്ല. അതുപോലെ ശരിയായ പ്രയോഗത്തിനാണ് നിലകൊള്ളുന്നത്. എന്നാലും സിപിഐ എം ഉള്‍പ്പെടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൂര്‍ണമായും കുറ്റമറ്റവയാണെന്ന് അവകാശപ്പെടുന്നില്ല. അതിനാല്‍ ഇടതുപക്ഷ അനുഭാവ ചേരിയില്‍നിന്നുള്ള വിമര്‍ശങ്ങളോട് സിപിഐ എമ്മിന് അസഹിഷ്ണുത ഇല്ല. സംവാദത്തോടും ഭിന്നാഭിപ്രായത്തോടും അലര്‍ജിയുമില്ല.

പക്ഷേ, വാരികയുടെ ജൂലൈ ലക്കത്തിലെ മുഖപ്രസംഗത്തിലെ നിഗമനങ്ങള്‍ സഹിഷ്ണുതാപരമല്ല. സിപിഐ എമ്മിനെ കുടയുന്നതിന് വസ്തുനിഷ്ഠത കൈവിട്ടു. ഈ വാരിക മുമ്പു കാട്ടിയ സത്യത്തിന്റെയും വസ്തുതകളുടെയും വലക്കണ്ണികള്‍ പൊട്ടിച്ചാണ് പുതിയ വിമര്‍ശങ്ങള്‍ നിരത്തിയത്. ഇന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വര്‍ഗശത്രുക്കളും അവരുടെ ചേരിയിലെത്തിയ മുന്‍ കമ്യൂണിസ്റ്റുകളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെട്ട വിപുലമായ ശൃംഖല പൊതുവീര്യത്തില്‍ മുരളുന്നുണ്ട്. ഇത് തിരിച്ചറിയാതെ അക്കൂട്ടര്‍ സൃഷ്ടിച്ച വ്യാജലോകത്തിന്റെ സമ്മര്‍ദത്തില്‍ വാരികയും വീണിരിക്കുകയാണെന്ന് തോന്നുന്നു. കേരളകാര്യങ്ങളെപ്പറ്റിയുള്ള വിഷയത്തില്‍ മുഖപ്രസംഗക്കാരന്‍ മൊത്തിക്കുടിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ- രാഷ്ട്രീയ സഖ്യത്തിന്റെ വിഷചഷകത്തില്‍നിന്നുതന്നെയാണ്. മുഖപ്രസംഗത്തില്‍ നിരത്തുന്ന മുഖ്യന്യായങ്ങള്‍ മൂന്നാണ്. ആദ്യത്തേത്, സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായത് അഴകൊഴമ്പന്‍ തീരുമാനങ്ങളും ആസൂത്രണവുമാണെന്നും ബംഗാളിലെ തിരിച്ചടിയെപ്പറ്റിയുള്ള തിരിച്ചറിവില്ലായ്മ ഉണ്ടായെന്നും ചൈന, കൊറിയ പോലുള്ള ലോകരാഷ്ട്രങ്ങള്‍ പിന്തുടരുന്ന സോഷ്യലിസത്തെക്കുറിച്ച് പാര്‍ടി നയരേഖയില്‍ വ്യക്തതയില്ലെന്നുമാണ്.

ഏപ്രിലില്‍ കോഴിക്കോട്ട് ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ് സംഘടന- രാഷ്ട്രീയ- പ്രത്യയശാസ്ത്ര മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ ചെയ്തതാണ്. പ്രത്യയശാസ്ത്രരേഖയിലും അതിന്റെ ചര്‍ച്ചയിലും ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലെ സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ മേന്മയെയും കുറവിനെയുംപറ്റി വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. മുത്തച്ഛന്‍- അച്ഛന്‍- മകന്‍ എന്നീവിധത്തിലെ അധികാര കൈമാറ്റത്തിന്റെ ന്യൂനത ഉത്തരകൊറിയയുടെ കാര്യത്തില്‍ സംഭവിച്ചത് പരാമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം വിസ്മരിച്ചുള്ള വിമര്‍ശമാണ് വാരികയുടേത്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ സിപിഐ എമ്മിന്റെ അപചയം തുടങ്ങിയെന്നും ബംഗാളിലെ തിരിച്ചടിയുടെ തിരിച്ചറിവ് പാര്‍ടികോണ്‍ഗ്രസില്‍ ഉണ്ടായില്ല എന്നുമുള്ള വാരികയുടെ നിരീക്ഷണം അബദ്ധമാണ്. തെരഞ്ഞെടുപ്പുഫലത്തില്‍ അന്തര്‍ഭവിച്ച ഗണിതം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് ബംഗാളില്‍ ഇനി ഇടതുപക്ഷം അധികാരത്തില്‍ വരില്ലെന്ന് പറയാന്‍ കഴിയില്ല. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 41 ശതമാനം വോട്ട് (1.95 കോടി) ഇടതുമുന്നണി നേടി. എങ്കിലും, ബംഗാളില്‍ നേരിട്ട തിരിച്ചടിയുടെ നേരെ പാര്‍ടി കോണ്‍ഗ്രസ് കണ്ണടച്ചിട്ടില്ല. പാര്‍ടിക്കും ഭരണത്തിനും പറ്റിയ വീഴ്്ചകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്; വിവേചനരഹിതമായി വ്യവസായത്തിനുവേണ്ടി ഭൂമി ഏറ്റെടുത്ത പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ. ഇപ്പോള്‍ പറ്റിയ തിരിച്ചടി താല്‍ക്കാലികമാണ്. താമസിയാതെ അത് പരിഹരിച്ച് ഇടതുമുന്നണി ഒന്നാം ശക്തിയായി അവിടെ മാറും. വളവുതിരിവുകളോ കയറ്റിറക്കങ്ങളോ ഇല്ലാതെ സുഗമമായി പുരോഗമിക്കുന്ന ഒരു പ്രക്രിയയല്ല, മുതലാളിത്തത്തില്‍നിന്ന് കമ്യൂണിസത്തിലേക്കുള്ള മനുഷ്യന്റെ പരിവര്‍ത്തനം, അതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും. നിഷേധാത്മകമായ ചില വശങ്ങള്‍ വന്നെങ്കിലും 34 വര്‍ഷത്തെ ഇടതുഭരണം മൊത്തത്തില്‍ ക്രിയാത്മകമായിരുന്നു. അതുകൊണ്ടുതന്നെ മമത ബാനര്‍ജിയും കൂട്ടരും സൃഷ്ടിച്ച താല്‍ക്കാലിക പ്രതിബന്ധത്തെ മറികടന്ന് ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചുവരും. ഒരു തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാവി വിലയിരുത്തുന്നത് മാര്‍ക്സിസം- ലെനിനിസത്തിന് നിരക്കുന്നതല്ല.

രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ സിപിഐ എം പിന്തുണച്ചതിലെ അതൃപ്തിയും അക്കാര്യത്തില്‍ ജെഎന്‍യുവിലെ ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ നടത്തിയ അച്ചടക്കരാഹിത്യം ന്യായീകരിച്ചുമാണ് വാരിക രണ്ടാമത്തെ വാദമുഖം നിരത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും മോശക്കാരായിരുന്നവരില്‍ ഒരാളാണ് പി വി നരസിംഹറാവു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രസിഡന്റായി ഡോ. ശങ്കര്‍ദയാല്‍ ശര്‍മയെയും വൈസ്പ്രസിഡന്റായി കെ ആര്‍ നാരായണനെയും കോണ്‍ഗ്രസ് നിര്‍ദേശിച്ചപ്പോള്‍ സിപിഐ എമ്മും സിപിഐ ഉള്‍പ്പെടെയുള്ള മറ്റ് ഇടതുകക്ഷികളും പിന്താങ്ങിയ ചരിത്രം വാരികയുടെ മുഖപ്രസംഗകാരന്‍ മറന്നുപോയി എന്നു തോന്നുന്നു. എന്തുകൊണ്ട് ഇടതുപക്ഷം പിന്തുണച്ചുവെന്ന് അന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസ് വിശദീകരിച്ചത് ഇങ്ങനെയാണ് -

"എംപി, എംഎല്‍എ മുതലായ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പുകളോട് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിക്കൂടാ. എന്തുകൊണ്ടെന്നാല്‍, മറ്റുള്ള പദവികളില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് പദവിക്ക് അതിന്റേതായ സവിശേഷതകളുണ്ട്. സാധാരണ കാലത്ത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട പ്രസിഡന്റ്, പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതടക്കമുള്ള ഏതാനും കാര്യങ്ങളില്‍ സ്വാഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ്. അതിനാല്‍ വിവേകശാലിയും മതനിരപേക്ഷവാദിയും ഏറെക്കുറെ നിഷ്പക്ഷനുമായ ആളാണെങ്കില്‍ കുഴപ്പമില്ല. ഇങ്ങനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതുകൊണ്ട്, റാവുസര്‍ക്കാരിനെതിരെ കോടിക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്തുന്നതിനുള്ള ജോലിയില്‍നിന്നും പിന്‍വാങ്ങുന്നു എന്നര്‍ഥമില്ല".

ഇ എം എസിന്റെ ഈ അഭിപ്രായം ഇപ്പോള്‍ ഏറെ പ്രസക്തമാണ്. കോണ്‍ഗ്രസുകാര്‍ക്കിടയില്‍നിന്നുതന്നെ കടുത്ത ഇടതുപക്ഷ വിരുദ്ധനായ ഒരാള്‍ വരാതെ നോക്കുക, ബംഗാളിലെ വിശാലമായ മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യത്തില്‍ താല്‍ക്കാലികമായാണെങ്കിലും വിള്ളല്‍വരുത്തുക- ഈ രണ്ടുനേട്ടം പ്രണബിനെ പിന്തുണച്ചതിലൂടെ ഇടതുപക്ഷത്തിന് ഉണ്ടായി. ഇത് വാരികക്കാര്‍ കാണേണ്ടതായിരുന്നു. പ്രണബിനെ രാഷ്ട്രപതിയാക്കാന്‍ പിന്തുണച്ചതുകൊണ്ട് മന്‍മോഹന്‍ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം ഉപേക്ഷിക്കുന്നില്ല; മറിച്ച് ശക്തിപ്പെടുത്തുമെന്നാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിച്ച ചതുര്‍ദിന സത്യഗ്രഹസമരം തെളിയിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍വധവും വിഭാഗീയതയും കാരണം മുമ്പുതന്നെ മോശമായ സിപിഐ എമ്മിന്റെ പ്രതിച്ഛായ കേരളത്തില്‍ കൂടുതല്‍ തകര്‍ന്നുവെന്ന അഭിപ്രായവും മുഖപ്രസംഗം പ്രകടിപ്പിച്ചിട്ടുണ്ട്. 2006ല്‍ എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത് വി എസ് അച്യുതാനന്ദന്റെ ജനകീയ നിലപാട് കാരണമാണെന്നും എന്നാല്‍, അധികാരത്തില്‍ വന്നശേഷം വി എസിനെ കേരളത്തിലെ പാര്‍ടിഘടകം ഒറ്റപ്പെടുത്തിയെന്നും പിന്നീട് വി എസുമായി ഏറെ അടുപ്പമുണ്ടായിരുന്ന ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ടിക്ക് പങ്കുണ്ടെന്ന് പരസ്യമായി പറഞ്ഞ് യുവാക്കള്‍ പാര്‍ടിയില്‍നിന്ന് കൊഴിഞ്ഞുപോകുന്നുവെന്നും വാരിക ആരോപിക്കുന്നു.

ഈ വിലയിരുത്തലുകള്‍ ഒന്നിനൊന്ന് പരമാബദ്ധമാണ്. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത് അതിനുമുമ്പുള്ള യുഡിഎഫ് ഭരണത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി എല്‍ഡിഎഫിന്റെ, വിശിഷ്യാ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ബഹുജനസമരങ്ങളുടെ വേലിയേറ്റത്തിന്റെ അന്തരീക്ഷത്തിലാണ്. ആ സമരത്തില്‍ പ്രതിപക്ഷനേതാവ് വി എസിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വി എസിന്റെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്തുവെന്ന് പാര്‍ടി വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, ഒരു വ്യക്തിയുടെ മേന്മകൊണ്ടല്ല, സിപിഐ എമ്മും എല്‍ഡിഎഫും ഉയര്‍ത്തിപ്പിടിച്ച പൊതു നയസമീപനത്തിന്റെയും പോരാട്ടത്തിന്റെയും യുഡിഎഫ് ഭരണത്തിന്റെ നിഷേധാത്മക വശങ്ങളുടെയും ആകത്തുകയാണ് 2006ല്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയം. ഇത് വിസ്മരിച്ച് പ്രസ്ഥാനത്തിന് പകരം ഒരു വ്യക്തിയെ പ്രതിഷ്ഠിക്കുന്നത് ചരിത്രത്തോടുതന്നെ ചെയ്യുന്ന അനീതിയാണ്.

കേരളത്തില്‍ സിപിഐ എം അന്നുമിന്നും പ്രതിഛായ തകര്‍ച്ചയിലല്ല. ചെയ്യാത്ത കുറ്റം സിപിഐ എമ്മിനുമേല്‍ ചാരുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും കൊലപാതക രാഷ്ട്രീയത്തോടുള്ള വിരോധം ആത്മാര്‍ഥതയോടെയാണെങ്കില്‍ ആ വിരോധത്തിന്റെ കുന്തമുന തിരിക്കേണ്ടത് മറ്റ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളോടാവണം. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ 3000 സിഖുക്കാരെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ ആയിരങ്ങളെ കൊന്ന് വംശഹത്യക്ക് നേതൃത്വംനല്‍കിയത് ബിജെപി നേതാവ് നരേന്ദ്രമോഡിയാണ്. ഈ പാര്‍ടികളുടെ ചേരിയില്‍നിന്നാണ് ഒരു കൂട്ടം മാധ്യമങ്ങളും ബുദ്ധിജീവികളും, സിപിഐ എമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കിയ ഒരു കൊലപാതകത്തിന്റെ പേരില്‍ പാര്‍ടിയെ കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിക്കാന്‍ നോക്കുന്നത്. ഈ കള്ളക്കളിയെ തുറന്നുകാട്ടുകയാണ് സിപിഐ എമ്മിനോട് സ്നേഹമുള്ളവരും ഇടതുപക്ഷം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത്. കേരളത്തിലെ പാര്‍ടി തികഞ്ഞ കെട്ടുറപ്പിലാണ്. അത് ഏതാനും മാസംമുമ്പ് സമാപിച്ച പാര്‍ടിയുടെ ബ്രാഞ്ചുമുതല്‍ പാര്‍ടി കോണ്‍ഗ്രസുവരെയുള്ള സമ്മേളനങ്ങളും ചര്‍ച്ചകളും കമ്മിറ്റി തീരുമാനങ്ങളും വ്യക്തമാക്കി.

കേരളത്തിലെ സിപിഐ എമ്മില്‍ വ്യക്തികേന്ദ്രീകൃതമായ പോരൊന്നും ഇപ്പോഴില്ല. പാര്‍ടി ഏറെക്കുറെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. എന്നാല്‍, യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ കടുത്ത ആഭ്യന്തര യുദ്ധം നടക്കുന്നു. ആ മുന്നണിയിലാകട്ടെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിലും. ഇതൊന്നും കാണാതെ, സിപിഐ എമ്മില്‍ കുഴപ്പം അല്ലെങ്കില്‍ പ്രതിസന്ധി എന്ന നിരീക്ഷണം അതിശയോക്തിയാണ്. ഇന്ത്യയിലെയും കേരളത്തിലെയും സിപിഐ എമ്മിനെപ്പറ്റിയുള്ള നല്ലൊരു പങ്ക് വിമര്‍ശവും, മനോഹരമായ താജ്മഹലിനെ കാണാതെ അതിലെ പൊട്ടിയ ചില കല്ലുകള്‍മാത്രം കാണുന്നതുപോലെയാണ്. ജനങ്ങളുടെ ഞരമ്പുകളിലിപ്പോഴും കമ്യൂണിസ്റ്റ് തീ കത്തുന്നുണ്ട്. അതിനെ കെടുത്താന്‍ ആര്‍ക്കും കഴിയില്ല.

*
ആര്‍ എസ് ബാബു ദേശാഭിമാനി 31 ജൂലൈ 2012

Monday, July 30, 2012

ചെറുനെല്ലിയ്ക്ക് പറയാനുള്ളത് വഞ്ചനകളുടെ നീണ്ടകഥ

സമൂഹത്തിന് മൊത്തത്തില്‍ (അതിലെ മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും) ബാധകമായ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കുക, അവ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുക, അങ്ങനെ നിയമവാഴ്ച ഉറപ്പുവരുത്തുക എന്നതായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നയം. അതുവഴി നിലവിലുള്ള വ്യവസ്ഥയനുസരിച്ച് വ്യവസ്ഥാപിതമായ ഭരണക്രമവും ക്രമസമാധാനവാഴ്ചയും നിലവില്‍ വരുത്താന്‍ ആ ഗവണ്‍മെന്റിന് കഴിഞ്ഞു. അതിന്റെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. നാനാമേഖലകളില്‍ പ്രകടമായ ഈ നിയമവാഴ്ചയും വ്യവസ്ഥയും എല്ലാം അട്ടിമറിച്ച്, നിയമമെന്തുതന്നെയായാലും സ്ഥാപിത താല്‍പര്യക്കാരുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ്, തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ടുവരുന്നത്.

വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം, കൃഷി, ക്രമസമാധാനപാലനം തുടങ്ങിയ എല്ലാ മേഖലകളിലും സമ്പന്ന പക്ഷപാതിത്വത്തോടുകൂടിയ ഈ തകിടംമറിച്ചില്‍ വ്യക്തമായി കാണാം. അതിനുള്ള രണ്ട് ഉദാഹരണമാണ് പാട്ടക്കാലാവധി കഴിഞ്ഞതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതുമായ തോട്ടങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ തിരിച്ച് ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടക്കുന്ന അട്ടിമറികളും എസ്റ്റേറ്റുകളുടെ 5ശതമാനം മറ്റാവശ്യത്തിന്ന് ഉപയോഗിക്കാമെന്ന നിയമഭേദഗതിയും. അതിന്റെപേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടെന്ന പ്രതീതി ഉയരുന്നുണ്ടെങ്കിലും അതൊക്കെ, മുഖ്യമന്ത്രി പറഞ്ഞപോലെ, ""യുഡിഎഫിനുള്ളിലെ ആഭ്യന്തരകാര്യങ്ങള്‍."" യുഡിഎഫ് സര്‍ക്കാര്‍ വനം കൊള്ളക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുതന്നെയാണ് ഉറച്ചിരിക്കുന്നത് എന്ന്, ഏറ്റവുമൊടുവില്‍ നെല്ലിയാമ്പതിയിലെ കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിന് അവര്‍ യുഡിഎഫ് ഉപസമിതിയെ നിയമിച്ചിട്ടുള്ളതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമി ഉപ

യോഗിച്ച് കൃത്രിമങ്ങളുടെ അയ്യരുകളി നടത്തുന്ന പ്രമാണിമാരില്‍ ഭൂരിഭാഗവും കേരള കോണ്‍ഗ്രസിന്റെ സ്വന്തക്കാരാണെന്നും അവര്‍ പാട്ടത്തിനെടുത്ത ഭൂമി നിയമവിരുദ്ധമായി മറിച്ചുവിറ്റും മുറിച്ചുവിറ്റും കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കിയും കബളിപ്പിച്ചും ആള്‍ മാറാട്ടം നടത്തിയും പാട്ടഭൂമി ദുരുപയോഗം ചെയ്തും സര്‍ക്കാരിനെയും സമൂഹത്തെയാകെയും വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇതെല്ലാം നടന്നത് യുഡിഎഫ് സര്‍ക്കാരുകള്‍ നിലവിലുള്ള കാലങ്ങളിലായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഇന്ന് ഏറെ വിവാദമായിട്ടുള്ള ചെറുനെല്ലി എസ്റ്റേറ്റിലെ ഒരൊറ്റ ഉദാഹരണം എടുത്താല്‍തന്നെ യുഡിഎഫ് ഭരണകാലത്ത് നടന്നിട്ടുള്ള കൃത്രിമങ്ങളുടെ പരമ്പരകളുടെ വൈപുല്യം വ്യക്തമാകും. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ എന്ന കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവിന്റെ അടുത്ത ബന്ധുവായ എബ്രഹാം കുരുവിനാക്കുന്നേല്‍ ചെറുനെല്ലിയിലെ 70 ഓളം ഏക്കര്‍ തോട്ടം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ ഭരണങ്ങാനത്തെ എ വി ജയിംസ് എന്ന വ്യക്തിക്ക് വില്‍പന നടത്താമെന്ന് വാഗ്ദാനം നടത്തി കരാര്‍ ഉണ്ടാക്കിയത് 2001 ആഗസ്റ്റ് 13നാണ്. 14 ആളുകളുടെ പേരിലുള്ള 70 ഏക്കര്‍ തോട്ടം ജെയിംസിന് കൈമാറുന്നതിനുപകരം ഭരണങ്ങാനത്തെ ടൗണിലുള്ള ജെയിംസിന്റെ 82 സെന്റ് സ്ഥലവും കോടികള്‍ വിലമതിക്കുന്ന കെട്ടിടവും എബ്രഹാം കുരുവിനാക്കുന്നേലിന് കൈമാറാമെന്നും വ്യവസ്ഥ ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജയിംസ് ചെറുനെല്ലിയിലേക്ക് താമസം മാറ്റി. 2006 ജനുവരി ആദ്യത്തില്‍ ഭരണങ്ങാനത്തെ 82 സെന്റ് സ്ഥലത്തില്‍ പകുതി എബ്രഹാമിന്റെപേരില്‍ രജിസ്റ്റര്‍ചെയ്തുകൊടുത്തു. ഇതൊക്കെ നടക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇതിന്റെ പിന്നിലുള്ള സര്‍വ്വ കള്ളത്തരങ്ങളും നടക്കുന്നത് അതേ കാലത്തുതന്നെ.

ഭരണങ്ങാനത്തുള്ള 82 സെന്റ് സ്ഥലത്തിന്റെ പകുതി ഉറ്റ സുഹൃത്തായ കുരുവിനാക്കുന്നേല്‍ എബ്രഹാമിന് വിറ്റ്, ചെറുനെല്ലിയില്‍ 70 ഏക്കര്‍ എസ്റ്റേറ്റ് വാങ്ങാന്‍ കരാര്‍ ഉറപ്പിച്ച എ വി ജയിംസിന് പിന്നീടാണ് വഞ്ചനയുടെ ഭീകര രൂപം വ്യക്തമാകുന്നത്. ചെറുനെല്ലിയിലെ സ്ഥലം കുരുവിനാക്കുന്നേല്‍ എബ്രഹാമിന്റെ പേരിലല്ല; എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ "തൃക്കണാല്‍വട്ടം" എന്ന വില്ലേജിലെ കട്ടിയക്കാരന്‍ എബ്രഹാം എന്നയാളുടെ പേരില്‍ "പവര്‍ ഓഫ് അറ്റോര്‍ണി"യുള്ളതും അതേ വില്ലേജിലെ 14 ആളുകളുടെ പേരിലുള്ളതുമാണ് ആ ഭൂമി. കുരുവിനാക്കുന്നേല്‍ എബ്രഹാമിന് അതില്‍ യാതൊരു അവകാശവുമില്ല. "പവര്‍ ഓഫ് അറ്റോര്‍ണി"യിലെ (വില്‍പനടത്തിച്ചു കൊടുക്കുന്നതിന് വ്യവസ്ഥചെയ്യുന്ന പ്രമാണം) ഒരു സാക്ഷി മാത്രമാണയാള്‍. കൃത്രിമങ്ങളുടെ പരമ്പര അവിടെനിന്ന് തുടങ്ങുന്നു.

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ ""തൃക്കണാല്‍വട്ടം"" എന്ന ഒരു വില്ലേജ് ഇല്ല. വില്‍പനക്കരാറില്‍ പറയുന്ന 14 കൃഷിക്കാരുടെ മേല്‍വിലാസങ്ങളും കള്ളമാണ്. അതില്‍ 10 പേരെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല. ബാക്കി നാലുപേര്‍ ഉണ്ടെങ്കിലും മേല്‍വിലാസം തെറ്റാണ്. ജെയിംസിന് ""വില്‍ക്കാ""മെന്ന് കരാര്‍ ഉറപ്പിച്ച തോട്ടം യഥാര്‍ത്ഥത്തില്‍ 1980ലെ കേന്ദ്ര വനം നിയമപ്രകാരം നിക്ഷിപ്തവനമാണ്. വില്‍പന നടത്താല്‍ ആര്‍ക്കും അവകാശമില്ല. എന്നിട്ടും 1981ല്‍ അത് എബ്രഹാമിന്റെ കയ്യില്‍ വന്നു. ഈ ഭൂമി 1909ല്‍ കൊച്ചി രാജാവ് 99 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കിയ വനഭൂമിയാണ്. 1930കളില്‍ കൊച്ചിരാജാവ് ഈ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏലം, കുരുമുളക്, കാപ്പി എന്നിവ മാത്രമേ അവിടെ കൃഷിചെയ്യാവൂ. മരം മുറിച്ചുവില്‍ക്കാന്‍ പാടില്ല. റബ്ബറോ മറ്റോ വെച്ചുപിടിപ്പിക്കാന്‍ പാടില്ല, മുറിച്ചുവില്‍ക്കാന്‍ പാടില്ല, കൈമാറാന്‍ പാടില്ല, പണയംവെയ്ക്കാന്‍ പാടില്ല, പാട്ടക്കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാരിന് (കൊച്ചിരാജ്യം പോയപ്പോള്‍ കേരള സര്‍ക്കാരിന്) തിരിച്ച് ഏല്‍പിക്കണം. ഹെക്ടറിന് ഒന്നര രൂപയാണ് പാട്ടം. ഇതൊക്കെ വ്യക്തമായ നിയമങ്ങളാണ്. ഇതൊക്കെ ലംഘിച്ച് ഈ തോട്ടങ്ങള്‍ പല തവണ കൈമാറി. 1980ല്‍ കേന്ദ്ര വന സംരക്ഷണ നിയമം വന്നതില്‍പിന്നീട് 1981ല്‍പോലും കൈമാറ്റം നടന്നു. അങ്ങനെയാണ് കണയന്നൂര്‍ താലൂക്കിലെ ഇല്ലാത്ത വില്ലേജിലെ ഇല്ലാത്ത വ്യക്തികള്‍ക്ക് സ്ഥലം കൈവശം ലഭിച്ചത്. അതിനിടയില്‍ മരം മുറിച്ചുവില്‍ക്കലും റബര്‍ വെച്ചുപിടിപ്പിക്കലും റിസോര്‍ട്ടുകള്‍ പണിയലും എല്ലാം നടന്നു. കള്ളപ്രമാണമുണ്ടാക്കി സ്ഥലം പണയംവെച്ച് സ്റ്റേറ്റ്ബാങ്കില്‍നിന്ന് 29 ലക്ഷം രൂപ വായ്പയുമെടുത്തിട്ടുണ്ട്. വനം-റെവന്യു-ബാങ്ക് ഉദ്യോഗസ്ഥന്മാരെല്ലാം ഈ വഞ്ചനകള്‍ക്ക് കൂട്ടുനിന്നു. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് കുരുവിനാക്കുന്നേല്‍ എബ്രഹാം എന്ന കേരള കോണ്‍ഗ്രസ് പ്രമാണി, തന്റെ പേരിലല്ലാതെയുള്ള ചെറുനെല്ലി എസ്റ്റേറ്റിലെ 70 ഏക്കര്‍ ഭൂമി ""ഉറ്റ സുഹൃത്തായ ജെയിംസിന് ""വില്‍പന"" നടത്താമെന്ന കരാറുണ്ടാക്കിയതും ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ഭരണങ്ങാനം ടൗണിലെ 82 സെന്റ് ഭൂമിയും കെട്ടിടവും പകരം തനിക്ക് തരണമെന്ന് വ്യവസ്ഥചെയ്തതും. ജെയിംസിനു എസ്റ്റേറ്റ് കിട്ടിയില്ല; ഭരണങ്ങാനത്തെ ഭൂമിയില്‍ പകുതി അറിഞ്ഞുകൊണ്ടുതന്നെ എബ്രഹാമിന് 2006 ജനുവരി ആദ്യം തീറെഴുതികൊടുത്തു. ആ തീരാധാരത്തിന്റെ മറവില്‍ ബാക്കിയുള്ള ഭൂമിയും കെട്ടിടവും എബ്രഹാം, കള്ള പ്രമാണം ഉണ്ടാക്കി സ്വന്തമാക്കിയിരുന്നുവെന്ന് ജെയിംസ് പിന്നീടാണ് അറിയുന്നത്. എല്ലാം കൂട്ടുകാരന്‍ കുരുവിനാക്കുന്നേല്‍ തട്ടിച്ചെടുത്തു. കയ്യിലുള്ളത് പോയി; മാനത്തുള്ളത് കിട്ടിയതുമില്ല.

എല്ലാം നടന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കഥയിലെ വില്ലന്‍ കേരള കോണ്‍ഗ്രസ് നേതാവും - ആ പാര്‍ടിയുടെ കയ്യില്‍ റവന്യുവകുപ്പ് നിലനിന്ന കാലത്തും. പല കാര്യങ്ങളും മറച്ചുവെച്ചും വളച്ചൊടിച്ചും യുഡിഎഫിനെ സംരക്ഷിച്ചുകൊണ്ട് പല പത്രങ്ങളില്‍വന്ന വാര്‍ത്താ ശകലങ്ങള്‍ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ്, വളരെ വലിയ വഞ്ചനയുടെ ഈ ചെറിയ കഥ രൂപപ്പെടുത്തിയിട്ടുള്ളത്.ഇതിന്റെ യഥാര്‍ത്ഥ രൂപവും ഉപ കഥകളും വിശദീകരിക്കാന്‍ പണ്ടുള്ളവര്‍ പറഞ്ഞപോലെ, ആയിരം നാവുള്ള അനന്തനും കൂടി കഴിയില്ല. ഇതൊരു എബ്രഹാമിന്റെ കഥ. ഇങ്ങനെ നിരവധി എബ്രഹാം മാര്‍ ചെറുനെല്ലി - നെല്ലിയാമ്പതി-പറമ്പിക്കുളം മേഖലയിലുണ്ട്. കൈമാറാനോ വില്‍ക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെ, എസ്റ്റേറ്റുകള്‍ കൈമാറിയതിന്റെയും വില്‍പനടത്തിയതിന്റെയും റിസോര്‍ട്ടുകള്‍ പണിതതിന്റെയും റബ്ബര്‍ എസ്റ്റേറ്റ് വെച്ചുപിടിപ്പിച്ചതിന്റെയും പണയംവെച്ച് ബാങ്കില്‍നിന്ന് വായ്പ വാങ്ങിയതിന്റെയും (15 കോടി രൂപയോളം വരും വായ്പത്തുക. ഇല്ലാത്ത ആളുകളുടെ പേരില്‍, അനധികൃതമായി നല്‍കിയ വായ്പകളെല്ലാം വെള്ളത്തില്‍ത്തന്നെ) കടുത്ത വഞ്ചനകളുടെയും കള്ള പ്രമാണങ്ങളുടെയും നീണ്ടു നീണ്ട കഥകള്‍. അതിലൊരു ബാങ്ക്, കിട്ടാക്കടത്തിന് സ്ഥലം ജപ്തിചെയ്യാന്‍ ബോര്‍ഡ് വെച്ചപ്പോഴാണ്, സ്ഥലം വനംവകുപ്പിന്റേതാണെന്നും വായ്പയെടുത്തവന് യാതൊരു അവകാശവുമില്ലെന്നും അയാള്‍ ബാങ്കില്‍ പണയംവെച്ചത് കള്ളപ്രമാണമാണെന്നും കണ്ടെത്തിയത്. ഇതെല്ലാം വര്‍ഷങ്ങളായി നടന്നുവന്ന വഞ്ചനകളുടെ കഥ എസ്റ്റേറ്റുകളുടെ ""വില്‍പ""കളും കൈമാറ്റങ്ങളും മറ്റും തകൃതിയായി നടന്നത് യുഡിഎഫ് ഭരിക്കുമ്പോഴാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്. 1975, 1976, 1984, 1994, 2001-2006 എന്നിങ്ങനെയുള്ള കാലഘട്ടങ്ങളിലെ മറിച്ചുവില്‍പനകളും മുറിച്ചുവില്‍പനകളും അതിനു തെളിവാണ്. ജെയിംസിനെപ്പോലെ എത്രയോപേര്‍ വഞ്ചിതരായി; എബ്രഹാമിനെപ്പോലെ എത്രയോപേര്‍ വമ്പിച്ച തട്ടിപ്പുനടത്തി. ഇപ്പോള്‍ പ്രശ്നമായതെന്തുകൊണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്.

1909ല്‍ പാട്ടത്തിന് നല്‍കിയ ആകെ 280 ഏക്കര്‍ വരുന്ന ചെറുനെല്ലി എസ്റ്റേറ്റിന്റെ 99 വര്‍ഷക്കാലാവധി 2008ല്‍ അവസാനിച്ചു. വ്യവസ്ഥകളെല്ലാം ലംഘിച്ച് ഭൂമി ദുരുപയോഗം ചെയ്തതുകൊണ്ടും പാട്ട കാലാവധി കഴിഞ്ഞതുകൊണ്ടും എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇത്തരത്തില്‍ 27 എസ്റ്റേറ്റുകള്‍ നെല്ലിയാമ്പതി മേഖലയിലുണ്ട്. കോടതികളുടെ നിരന്തരമായ ഇടപെടലുകളുണ്ടായിട്ടും ആ മേഖലയിലെ 4000ത്തോളം ഏക്കര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. 6000ത്തോളം ഏക്കര്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്. അതിനിടയിലാണ് ഗവണ്‍മെന്റ് മാറിയത്. മുന്‍ എസ്റ്റേറ്റ് ഉടമകളുടെപേരില്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജിവന്നു. ഹര്‍ജിക്കാരുമായി കൂടിയാലോചിച്ചിട്ടല്ല എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന കാരണംപറഞ്ഞ്, ഏഴ് എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് 2012 ജനുവരി 13ന്ഹൈക്കോടതി സ്റ്റേചെയ്തു. പാട്ട കാലാവധി കഴിഞ്ഞതും വ്യവസ്ഥകള്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍, കൂടിയാലോചനയുടെ ആവശ്യമില്ല. 4000-ത്തോളം ഏക്കര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് അങ്ങനെ കൂടിയാലോചിച്ചിട്ടുമല്ല. ഇക്കാര്യങ്ങളൊക്കെ കോടതിയില്‍ വ്യക്തമാക്കി ഹര്‍ജിക്കാരുടെ വാദം ഖണ്ഡിക്കേണ്ട സര്‍ക്കാര്‍ വക്കീല്‍, പക്ഷേ മൗനം പാലിക്കുകയാണുണ്ടായത്.

സിപിഐ എം പ്രവര്‍ത്തകരുടെമേല്‍ നിരന്തരം കള്ളക്കേസുകള്‍ എടുപ്പിക്കുന്ന സര്‍ക്കാര്‍, ഈ സ്റ്റേയ്ക്ക് എതിരായി ഏഴുമാസമായിട്ടും അപ്പീല്‍ പോയിട്ടില്ല. എസ്റ്റേറ്റ് ഉടമകളായ ഭൂമാഫിയയുമായുള്ള യുഡിഎഫ് ബന്ധമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. യുഡിഎഫ് നിയമിച്ചിട്ടുള്ള അഡ്വക്കേറ്റ് ജനറല്‍ മുമ്പ് തോട്ടം ഉടമകളുടെ വക്കീലായിരുന്നുവെന്നും ഇപ്പോള്‍ തോട്ടം ഉടമകള്‍ക്കുവേണ്ടി കേസ് വാദിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ അംഗമായിട്ടുള്ള അഭിഭാഷകരുടെ കൂട്ടായ്മയാണെന്നും ഉള്ള വാര്‍ത്തയും വന്നിട്ടുണ്ട്. അതെന്തായാലും ഇത്തരം കേസുകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി, സര്‍ക്കാര്‍ നിരന്തരം തോറ്റുകൊടുക്കുകയാണെന്ന ആക്ഷേപം പരക്കെയുണ്ട്. ഹൈക്കോടതിപോലും ആ അര്‍ഥത്തില്‍ ഈയിടെ പരാമര്‍ശം നടത്തുകയുണ്ടായി.

വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ സീനിയറായ അഡ്വക്കേറ്റുമാരെയോ സുപ്രീംകോടതിയില്‍ വാദിക്കുന്ന പ്രഗത്ഭരായ വക്കീലന്മാരെയോ നിയോഗിക്കണം എന്ന് വനംവകുപ്പുമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ അത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. തന്റെ കീഴിലുള്ളവര്‍തന്നെ ധാരാളം മതിയെന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്. ഇത്തരം കേസുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള താല്‍പര്യം ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഇത്തരമൊരു പശ്ചാത്തലത്തില്‍വേണം ചെറുനെല്ലി എസ്റ്റേറ്റുകളുടെപേരില്‍ യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജും വനംവകുപ്പുമന്ത്രി ഗണേശും തമ്മില്‍ നടക്കുന്ന ഗ്വാഗ്വാവിളികളെ കാണാന്‍. ചെറുനെല്ലിയിലെ 280ല്‍പരം ഏക്കര്‍ എസ്റ്റേറ്റുകളില്‍ ഒന്നുമാത്രമാണ് കുരുവിനാക്കുന്നേല്‍ എബ്രഹാമിന്റേത്. (അദ്ദേഹം ജോര്‍ജിന്റെ ഉറ്റ സുഹൃത്തും അയല്‍ക്കാരനുമാണത്രേ). ബാക്കിയുള്ളവയുടെ ഉടമകളും പാല, പൂഞ്ഞാര്‍ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഇത്തരം 15 ""കൃഷിക്കാരുടെ"" നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ്, തോട്ടം ഏറ്റെടുക്കല്‍ നടപടിയെ ജോര്‍ജ്ജ് തടയാന്‍ ശ്രമിക്കുന്നത്. ആ നിവേദനത്തില്‍ ""ഒപ്പിട്ടവരി""ല്‍ 10 പേര്‍ എന്നോ മരിച്ചുപോയവരാണത്രേ. ഏഴുപേരുടേത് കള്ള മേല്‍വിലാസമാണെന്നും വാര്‍ത്തയുണ്ടായിരുന്നു.

കൃഷിക്കാരനാണെന്ന് ചീഫ് വിപ്പ് സമര്‍ഥിക്കുന്ന എബ്രഹാം കുരുവിനാക്കുന്നേലിന്റെ കഥ നാം ആദ്യം കണ്ടതാണല്ലോ. ചികഞ്ഞുചെന്നെത്തിയാല്‍ മറ്റുള്ളവര്‍ക്കും അതുപോലെയുള്ള വീരകഥകള്‍ പറയാനുണ്ടാവും. (എന്നാല്‍ നമ്മുടെ ബൂര്‍ഷ്വാ മാധ്യമങ്ങളിലെയും ചാനലുകളിലെയും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്മാര്‍ക്ക് അതിനൊന്നും സമയമില്ല. സിപിഐ (എം) നെ വേട്ടയാടാനേ സമയമുള്ളു. ഉണ്ടചോറിന് നന്ദി കാണിക്കുന്ന വര്‍ഗ്ഗംതന്നെ അവര്‍). അത്തരക്കാരെ രക്ഷിക്കാനാണ് യുഡിഎഫ് ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ നിയമംലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനും എസ്റ്റേറ്റുകള്‍ റബര്‍ എസ്റ്റേറ്റുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും മറ്റും ആക്കിയിട്ടുള്ള മാഫിയകളെ രക്ഷിക്കുന്നതിനുമുള്ള തന്ത്രമാണ് ഉപസമിതി നിയമനം.

ഫെബ്രുവരി ആദ്യത്തില്‍ രൂപീകരിക്കപ്പെട്ട ആ സമിതിയെപ്പറ്റി താന്‍ അറിഞ്ഞിട്ടേയില്ല, പത്രങ്ങളില്‍ ചെറിയ വാര്‍ത്ത കണ്ടു എന്ന് വനംവകുപ്പ് മന്ത്രി നിയമസഭയില്‍ ഈയിടെ പറയുകയുണ്ടായി. അടിയന്തിര പ്രാധാന്യമുണ്ടെന്നുപറഞ്ഞ് യുഡിഎഫ് രൂപീകരിച്ച ഈ സമിതി അടുത്ത നാള്‍വരെ, ആദ്യത്തെ യോഗംപോലും ചേര്‍ന്നിട്ടില്ല. അവര്‍ യോഗംചേര്‍ന്ന്, നെല്ലിയാമ്പതി മേഖല സന്ദര്‍ശിച്ച്, റിപ്പോര്‍ട്ടുണ്ടാക്കി എന്ന് സമര്‍പ്പിക്കുമെന്നറിയില്ല. അതെന്തായാലും ഗവണ്‍മെന്റിന്റെ നീക്കം വനം തട്ടിയെടുക്കുന്ന മാഫിയകളെ രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസിലെ അല്‍പം യുക്തിബോധമുള്ളവര്‍തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവരുടെ വനരോദനം ആര് കേള്‍ക്കാന്‍! യുഡിഎഫിലെ പ്രധാന കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പ്രമുഖരാണ് വനം തട്ടിപ്പിന്റെ പിന്നിലെന്നതിനാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുകീഴില്‍ നിയമലംഘനം നടത്തിയതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 04 ആഗസ്റ്റ് 2012

മഹാശ്വേതാ ദേവിയുടെ കത്തുകള്‍ പറഞ്ഞതെന്ത്?

സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന എഴുത്തുകാരില്‍ പ്രമുഖയാണ് മഹാശ്വേതാ ദേവി. ബംഗാളിലെയും ഝാര്‍ഖണ്ഡിലെയും ആദിവാസി മേഖലകളിലെ ഇടപെടലും ഇന്ത്യയിലെമ്പാടുമുള്ള ആദിവാസികളുടെ സംസ്കാരവും ഭാഷയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവരെ വ്യത്യസ്തയായ എഴുത്തുകാരിയാക്കുന്നുണ്ട്. തന്റെ സാഹിത്യലോകത്തില്‍ പാവങ്ങളുടെയും അശരണരുടെയും നിന്ദിതരുടെയും പീഡിതരുടെയും പക്ഷം പിടിച്ച ഒരു പുരോഗമന സാഹിത്യകാരി ആണ് മഹാശ്വേതാ ദേവിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

150 നോവലുകള്‍, 350 കഥകള്‍, നാടകങ്ങള്‍, മറ്റു രചനകള്‍ ഒക്കെ ചേരുന്ന അവരുടെ വിപുലമായ സാഹിത്യജീവിതം അതിന് തെളിവാണ്. പക്ഷേ, ഇപ്പറഞ്ഞതൊന്നും ബംഗാളിലെ രാഷ്ട്രീയപ്രശ്നങ്ങളില്‍ അവരെടുത്ത നിരുത്തരവാദപരമായ നിലപാടുകളെ വിമര്‍ശിക്കാതിരിക്കുന്നതിനുളള കാരണങ്ങളല്ല. സ്വതവേ ഇടതുപക്ഷ തീവ്രനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മഹാശ്വേതാ ദേവി നന്ദിഗ്രാമിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെ തുടര്‍ന്നാണ് സിപിഐഎമ്മിനോട് കടുത്ത ശത്രുത പുലര്‍ത്താന്‍ ആരംഭിച്ചത്. മമതാ ബാനര്‍ജിയോടൊപ്പം തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനും അവര്‍ ഇറങ്ങി. മാത്രമല്ല, ബംഗാളിലെ എഴുത്തുകാരെയും കലാകാരന്മാരെയും കലാകാരികളെയും ഇടതുപക്ഷത്തിനെതിരെ നയിക്കാനും മഹാശ്വേതാ ദേവി മുന്നിലുണ്ടായിരുന്നു. ബംഗാളിലെ മമതാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റു ബുദ്ധിജീവികള്‍ക്കൊപ്പം അവരും ഖേദിക്കുന്നുണ്ടാവും എന്നാണു ഞാന്‍ കരുതുന്നത്.

മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദര്‍ശനം

അവര്‍ ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുകയും രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. കേരളത്തില്‍ വന്ന് അവര്‍ നടത്തിയ പല അഭിപ്രായപ്രകടനങ്ങള്‍ക്കും സുകുമാര്‍ അഴീക്കോട്, എം മുകുന്ദന്‍ തുടങ്ങിയവര്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കേരളത്തിലെ എഴുത്തുകാര്‍ വേണ്ടത്ര പ്രതികരിക്കുന്നില്ല എന്ന ഖേദം ഒരിക്കല്‍ അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇവിടത്തെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും തങ്ങള്‍ക്ക് അറിയാം എന്ന ഉചിതമായ മറുപടിയാണ് കേരളത്തിലെ എഴുത്തുകാര്‍ അന്ന് അവര്‍ക്കുനല്‍കിയത്. തകഴി ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മേയ് 10ന് കേരളത്തിലെത്തിയ മഹാശ്വേതാ ദേവി 12 ന് ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിച്ചു. കോഴിക്കോട് നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയും ചെയ്തു. സിപിഐഎമ്മിനെതിരായി അതിരൂക്ഷമായ വിമര്‍ശനമാണ് ഇവിടെയൊക്കെ മഹാശ്വേതാ ദേവി നടത്തിയത്. സിപിഐഎമ്മിനെ കേരളത്തില്‍ നിന്ന് തൂത്തെറിയണമെന്നുവരെ അവര്‍ പറഞ്ഞു എന്നാണ് ഒരു പത്രം എഴുതിയത്! എത്ര മഹനീയവും ലളിതവുമായ ഒരു ആഹ്വാനം! എത്ര വലിയ എഴുത്തുകാരി പറഞ്ഞാലും ആ പ്രസ്താവനയില്‍ നിഴലിക്കുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണെന്ന് പറയാതെ വയ്യ. അവിടം കൊണ്ടും നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയപാടേ അവര്‍ പിണറായി വിജയന് ഒരു തുറന്ന കത്തയച്ചു. അതില്‍ പറയുന്നു:

"എല്ലാ തുറയിലും പെട്ടവര്‍ എന്നെവന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേയ്ക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രേ!" ഏതു തുറയില്‍ പെട്ടയാള്‍ ഓതിക്കൊടുത്തതായാലും ഈ പരാമര്‍ശനം വസ്തുതാവിരുദ്ധമാണ്. പിണറായി വിജയന്നും സിപിഐ എമ്മിനുമെതിരെ മഹാശ്വേതാദേവിയുടെ പ്രതികരണം നിര്‍മ്മിക്കാന്‍ ഒരു ഉത്സാഹക്കമ്മിറ്റി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഈ പരാമര്‍ശം. ആ കത്ത് ഇങ്ങനെ തുടര്‍ന്നു: "വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു. എന്റെ കണ്ണുകള്‍ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല";. ചുറ്റും കൂടിയ അപവാദനിര്‍മ്മാതാക്കളുടെ നുണക്കഥകള്‍ കേട്ട് മഹാശ്വേതാദേവിയുടെ ഉളളില്‍ ഭയം പൊന്തിവരുന്നതിന് സിപിഐഎമ്മിന്റെ കൈവശം ചികിത്സയൊന്നുമില്ല. നിന്ദാസ്തുതിയാണെങ്കിലും എന്റെ കണ്ണുകള്‍ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല എന്ന മഹാശ്വേതാദേവിയുടെ സമീപനത്തില്‍ യുക്തിയുണ്ട്. നിര്‍ഭാഗ്യവശാല്‍ സിപിഐഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളെ ഇതേ യുക്തിബോധത്തോടെ സമീപിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. അതിനു തയ്യാറായാല്‍ ഇന്നവര്‍ തുടരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധതയ്ക്ക് അല്‍പം ശമനമുണ്ടാകും.

പിണറായിയുടെ പ്രതികരണം

വീടു പ്രശ്നത്തില്‍ മഹാശ്വേതാദേവി മുന്നോട്ടു വെച്ച യുക്തിബോധത്തെ തികഞ്ഞ ബഹുമാനത്തോടെ തന്നെ പിണറായി വിജയനും സ്വാഗതം ചെയ്തു. മഹാശ്വേതാ ദേവിയോടുളള എല്ലാ ബഹുമാനവും നിലനിര്‍ത്തി അദ്ദേഹം അവരുടെ കത്തിനോടുള്ള വിയോജിപ്പുകള്‍ മറുപടിക്കത്തായി പ്രസിദ്ധീകരിച്ചു. അദ്ദേഹം പറഞ്ഞു: ""എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്ത കാലത്തായി ഉണ്ടായ മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാവാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും. എഴുത്തുകാര്‍ പൊതുവെ ലോലഹൃദയരാണെന്നും അവരെ വേഗത്തില്‍ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ സമൂഹത്തില്‍ വിലപ്പോകുന്നത് എഴുത്തുകാര്‍ പറയുന്നതാകയാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താല്‍പ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാവണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവര്‍ തന്നെയാണ് കണ്ണൂര്‍ ജില്ലയിലുള്ള എന്റെ വീട് രമ്യഹര്‍മ്യമാണ് എന്ന് നിങ്ങളോട് പറഞ്ഞതും എന്നു കരുതാനേ എനിക്ക് നിവൃത്തിയുള്ളൂ.

ഏതായാലും നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും....... നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല. അതു കണ്ടാല്‍ ഒരാള്‍ക്കും പാര്‍ടിയെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവു വരികയുമില്ല. കണക്കുകള്‍ അടക്കം അതുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമാണുതാനും. ഇതാണ് സത്യമെന്നനിലയ്ക്ക് ആ വീട് കാണുന്നതില്‍നിന്ന് ആരെയും വിലക്കേണ്ട കാര്യമേ ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിച്ച് നിങ്ങള്‍ പറയുന്ന മറ്റു കാര്യങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല.

കടലുകള്‍ക്കപ്പുറമുള്ള ഏതോ വിദൂരദ്വീപിലൊന്നുമല്ല, പാര്‍ടി പ്രവര്‍ത്തിക്കുന്ന ഈ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് ആ വീട് സ്ഥിതി ചെയ്യുന്നത് എന്നതെങ്കിലും ഓര്‍മ്മിച്ചാലും. സത്യം നേരില്‍ കാണാനാണ് ഞാന്‍ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. സി.പി.ഐ (എം) നെക്കുറിച്ച് നിങ്ങളെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കൂടി ഇത് സഹായകമാവും.""

സുതാര്യമായ ഈ നിലപാടിനു മുന്നില്‍ മഹാശ്വേതാ ദേവി നിരായുധയായി. താന്‍ പിണറായിയുടെ വീടിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുന്നുവെന്നും പറഞ്ഞുപോയതില്‍ ഖേദമുണ്ടെന്നും മാധ്യമങ്ങളോടു തുറന്നു പറയാന്‍ അവര്‍ തയ്യാറായി. നിലപാടുകള്‍ തകിടം മറിഞ്ഞതെങ്ങനെ? എന്നാല്‍ കഥ അവിടം കൊണ്ടു തീര്‍ന്നില്ല. മഹാശ്വേതാ ദേവിയുടെ പിന്നില്‍ ഒരുപജാപ സംഘമുണ്ട് എന്നതിന്റെ തെളിവുകള്‍ തൊട്ടുപിന്നാലെ പുറത്തുവന്നു.

പിണറായി വിജയന്റെ കത്തിനെത്തുടര്‍ന്ന് തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നു പറഞ്ഞ മഹാശ്വേതാ ദേവിയുടെ നിലപാട് മിനിട്ടുകള്‍ക്കുളളില്‍ തലകീഴായി മറിഞ്ഞു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ആക്രമിച്ചുകൊണ്ട് അവര്‍ വീണ്ടും ഒരു തുറന്ന കത്തെഴുതി. ആ കത്തില്‍ എല്ലാം പൊളിഞ്ഞു വീണു. കെ രാമചന്ദ്രന്‍ എന്നൊരാളിന്റെ ബ്ളോഗില്‍ നിന്ന് പാരഗ്രാഫുകള്‍ തന്നെ കോപ്പിയടിച്ചാണ് അവരുടെ കത്തു തയ്യാറാക്കിയിരിക്കുന്നത് എന്ന വിവരം പുറത്തുവന്നു. മഹാശ്വേതാ ദേവിയുടെ പേരില്‍ പിണറായിക്ക് മറുപടിയായി പ്രത്യക്ഷപ്പെട്ട കത്ത്, ആ ആണവവിരുദ്ധ പ്രബന്ധം കുത്തും കോമയും അക്ഷരത്തെറ്റുമടക്കം കോപ്പിയടിച്ച് സൃഷ്ടിച്ചതായിരുന്നു. ഒപ്പം, പിണറായി വിജയന്‍ കൂടംകുളം സന്ദര്‍ശിക്കുമോ എന്ന ഇടിവെട്ടു ചോദ്യവും. ഒരു കത്തോ ആണവവിരുദ്ധ പ്രബന്ധമോ സ്വന്തമായി തയ്യാറാക്കാന്‍ കഴിയാത്ത ആളല്ല മഹാശ്വേതാ ദേവി. സ്വന്തം നിലപാടിനു വേണ്ടി അവര്‍ക്കാരെയും പകര്‍ത്തി വെയ്ക്കേണ്ട ആവശ്യവുമില്ല. അപ്പോഴാണ് ഒരു ചോദ്യം പ്രസക്തമാകുന്നത്.

പിണറായിക്കുളള മറുപടിയില്‍ ആ ആണവവിരുദ്ധ മോഷണ നിലപാട് എങ്ങനെ വന്നു? അതിനൊരുത്തരമേയുളളൂ. പിണറായി വിജയനുളള മറുപടി മറ്റാരോ തയ്യാറാക്കിയതാണ്. മഹാശ്വേതാ ദേവിക്ക് സ്വന്തമെന്നു പറയാന്‍ ആ കത്തിലുണ്ടായിരുന്നത് അവരുടെ ഒപ്പു മാത്രം. മനുഷ്യന്‍ പ്രവേശിക്കാന്‍ ഭയക്കുന്ന ഡ്രാക്കുളാക്കോട്ടയാണ് പിണറായി വിജയന്റെ വീടെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചവര്‍ തന്നെയാണ് ഈ അഭ്യാസവും ചെയ്തത്. പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളിലും ഇക്കാര്യം ചര്‍ച്ചയായതോടെ മഹാശ്വേതാദേവി പിന്മാറി. സക്കറിയയുടെ പയ്യന്നൂര്‍ പകയും സിപിഐഎമ്മിന്റെ പ്രസക്തിയും മഹാശ്വേതാദേവിക്കു പറ്റിയ പറ്റില്‍ എനിക്കു സഹതാപമുണ്ട്. പക്ഷേ, സാഹിത്യകാരന്‍ സക്കറിയയുടെ നിലപാട് എന്നെ തികച്ചും അമ്പരപ്പിച്ചു.

കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രതിലോമപരമായ നിലപാടുകളെക്കുറിച്ച് ഭയലേശമന്യേ വിമര്‍ശനം തൊടുത്തുവിടുന്നയാളാണ് സക്കറിയ. കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളേക്കാളും ശക്തവും ദുഷ്ടവുമാണ് മാധ്യമങ്ങളെന്നുമൊക്കെ അതിരൂക്ഷമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു കണ്ടിട്ടുണ്ട്. ആ സക്കറിയയ്ക്ക് എങ്ങനെയാണ് മാധ്യമങ്ങളുടെ സംഘടിതമായ മസ്തിഷ്ക പ്രക്ഷാളനത്തിന് കൈയാളായി നിന്നുകൊടുക്കാനാവുക? അതോ അദ്ദേഹം സിപിഐഎമ്മിനോട് പയ്യന്നൂര്‍ പക തീര്‍ക്കുകയാണോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുകാലരതിയെക്കുറിച്ച് പയ്യന്നൂരില്‍ സക്കറിയ നടത്തിയ പരാമര്‍ശം അനുചിതമായിരുന്നു. പക്ഷേ, അവിടെയുണ്ടായ പ്രതികരണം അതിനേക്കാളേറെ അനുചിതമായിരുന്നു. വിയോജിപ്പുകള്‍ ആ യോഗത്തില്‍ തന്നെ പറയുകയോ മറ്റൊരു യോഗം വിളിച്ച് സക്കറിയയുടെ ആശയങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അതാണ് ജനാധിപത്യപരമായ പ്രതികരണശൈലി. അംഗീകരിക്കാനാവാത്ത പ്രതികരണമാണ് പയ്യന്നൂരില്‍ സക്കറിയയ്ക്കു നേരിടേണ്ടി വന്നത് എന്നത് സമ്മതിക്കുന്നു. പക്ഷേ, വിവേകശൂന്യമായ ആ പ്രവൃത്തിയാല്‍ മേല്‍കീഴ്മറിയേണ്ടതാണോ സക്കറിയയുടെ ആശയലോകം?

സിപിഐഎമ്മിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ ഏതെങ്കിലും കാലത്ത് സക്കറിയയെ ആവേശം കൊളളിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ സിപിഐഎമ്മിനുളള സ്ഥാനം അദ്ദേഹം എന്നും അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷതയുടെ അടിസ്ഥാനം ശ്രീനാരായണ പ്രസ്ഥാനം അടക്കമുളള കേരളീയ നവോത്ഥാനമാണ്. ഈ മതനിരപേക്ഷ പൈതൃകത്തെ മുന്നോട്ടു കൊണ്ടുപോയതില്‍ നിര്‍ണായകമായ പങ്ക് എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍വഹിച്ചിട്ടുണ്ട്. ഇന്നും നിര്‍വഹിക്കുന്നുമുണ്ട്. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തോടെ അദ്ദേഹത്തിന്റെ ഈ നിലപാടുകളെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ ചെറുത്തുനില്‍പില്‍ സിപിഐഎമ്മിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന സക്കറിയയെ വേറൊരിടത്തു നമുക്കു കാണാന്‍ കഴിയുന്നുണ്ട് എന്നത് സമാശ്വാസകരമാണ്. ദില്ലി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ എഴുതിയ ഒരു ലേഖനം സക്കറിയ അവസാനിപ്പിക്കുന്നത് സിപിഐഎമ്മിന്റെ ആ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ്.

സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപ്രസക്തി അറിയുന്ന സാംസ്ക്കാരിക വിമര്‍ശകന്‍ തന്നെയാണ് സക്കറിയ. പക്ഷേ, മാധ്യമങ്ങള്‍ സ്വരുക്കൂട്ടിയ ആയുധങ്ങളെടുത്ത് സിപിഐഎമ്മിനെ ആക്രമിക്കാനും അതേ സക്കറിയ മുന്നോട്ടു വരുന്നു. വിരലിലെണ്ണാവുന്ന ചിലരുടെ തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു പ്രതികരണത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരെയുള്ള പക ഇനിയും തുടരരുത് എന്നാണ് എനിക്ക് സക്കറിയയോട് അഭ്യര്‍ത്ഥിക്കാനുളളത്. പ്രഭാവര്‍മ്മയുടെ കവിതയ്ക്ക് നിരോധനം സിപിഐഎമ്മിന് ജനാധിപത്യമില്ലെന്ന് വലിയവായില്‍ കവലപ്രസംഗം നടത്തുന്നവര്‍ തികഞ്ഞ ഫാസിസ്റ്റുകളാണെന്നും ഈ വിവാദം വ്യക്തമാക്കി.

അതിന്റെ ഉത്തമോദാഹരണമാണ് സമകാലിക മലയാളം വാരിക പ്രഭാവര്‍മ്മയുടെ കവിത പാതിവഴിക്കു നിരോധിച്ചത്. ചന്ദ്രശേഖരന്‍ വധത്തെ പ്രഭാവര്‍മ്മ ന്യായീകരിച്ചു എന്ന വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ കവിതയുടെ ശിരസ് ഛേദിച്ചത്. പ്രഭാവര്‍മ്മയെന്നല്ല ആരും ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിച്ചിട്ടില്ല. ആ വധത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നവര്‍ തന്നെ, ഈ സംഭവത്തെ മുന്‍നിര്‍ത്തി സിപിഐഎമ്മിനെ വേട്ടയാടുന്നതിനെ എതിര്‍ക്കുന്നുണ്ട്. അവരിലൊരാളാണ് പ്രഭാവര്‍മ്മയും. മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചരണത്തെ തുറന്നു കാണിക്കാനുളള ജനാധിപത്യാവകാശം പ്രഭാവര്‍മ്മയ്ക്കുണ്ട്. സിപിഐഎമ്മിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം, സിപിഐഎമ്മിനെ വേട്ടയാടുന്നതിനെതിരെ നിലയുറപ്പിക്കുന്നവര്‍ക്കുമുണ്ട്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത രൂക്ഷവും ക്രൂരവുമായ വിമര്‍ശനം സിപിഐഎമ്മിനെതിരെ തൊടുത്തുവിടുന്നവരൊന്നടങ്കം പ്രഭാവര്‍മ്മ നേരിട്ട ജനാധിപത്യവിരുദ്ധതയ്ക്കു കുടപിടിക്കാനെത്തി.

തങ്ങള്‍ക്കിഷ്ടമില്ലാത്ത പ്രതികരണം നടത്തിയാല്‍ കവിത പ്രസിദ്ധീകരിക്കുകയില്ല എന്ന ധാര്‍ഷ്ട്യം മുഴങ്ങിയത് സിപിഐഎമ്മിനെതിരെ ആയിരുന്നതു കൊണ്ട് അതും വലിയ ആഘോഷമായി. ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്? ഇവയില്‍ നിന്ന് നാമെന്താണ് മനസിലാക്കേണ്ടത്? സിപിഐഎമ്മിനെതിരെയുളള പൊതുബോധം നിര്‍മ്മിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ഒരു സംഘം നമുക്കിടയിലുണ്ട്. ഔന്നത്യമുളള എഴുത്തുകാരെ തെറ്റിദ്ധരിപ്പിച്ച് അവര്‍ സിപിഐഎമ്മിനെതിരെ പ്രതികരണങ്ങള്‍ സംഘടിപ്പിക്കുന്നു. സിപിഐഎം അനുഭാവികളായ എഴുത്തുകാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിശ്ശബ്ദരാക്കാന്‍ വേറൊരു അടവ്. സിപിഐഎം വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്തില്ലെങ്കില്‍ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രയാസം നേരിടും എന്നൊരു വാരിക ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. ആ നിലപാടിന്റെ തുടര്‍ച്ചയായി വേണം സമകാലിക മലയാളം പ്രഭാവര്‍മ്മയോടു ചെയ്ത സമാനതകളില്ലാത്ത അനീതിയെ മനസിലാക്കേണ്ടത്.

പലതരം വേട്ടകളാണ് സിപിഐഎമ്മിനെതിരെ സംവിധാനം ചെയ്യപ്പെടുന്നത്. ജനകീയാസൂത്രണവിവാദകാലത്ത് എന്നെ വിദേശ ചാരനെന്ന് മുദ്രകുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൈയറപ്പുമുണ്ടായില്ല. ലാവ്ലിന്‍ വിവാദകാലത്ത് പിണറായി വിജയനെതിരെ ഇതേ മാധ്യമങ്ങള്‍ എത്രയോ ഇല്ലാക്കഥകള്‍ പടച്ചുവിട്ടു. സിപിഐഎം നേതാക്കളുടെ കുടുംബങ്ങളെപ്പോലും വെറുതേവിടുന്നില്ല. കവിയൂര്‍ കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ഒരു കോടി രൂപയുടെ പ്രലോഭനമുണ്ടായിരുന്നുവെന്ന് കോടതിയില്‍ സിബിഐ തുറന്നു പറയുന്നതും നാം കേട്ടു. തേജോവധത്തിന്റെ പതിനെട്ടടവുകളും പയറ്റി പാര്‍ടി പ്രവര്‍ത്തകരുടെ ആത്മവീര്യം നശിപ്പിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത 04 ആഗസ്റ്റ് 2012

നല്ല ഭക്ഷണം ജനങ്ങളുടെ അവകാശം

ഭക്ഷ്യ വിഷബാധയും മായംചേര്‍ക്കലും ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍നിന്ന് ഷവര്‍മകഴിച്ച് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ഏതാനുംപേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏല്‍ക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും റെയ്ഡുകള്‍ നടന്നു. റെയ്ഡിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. കേടായതും പഴകിയതുമായ ഭക്ഷണങ്ങളാണ് തീന്‍മേശയില്‍ വിളമ്പാന്‍ പാകത്തില്‍ പലയിടങ്ങളിലും തയ്യാറാക്കിവെച്ചിരുന്നത്. മണവും രുചിയും നിറവും നല്‍കുന്ന മാരകവിഷമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ചൂടാക്കി നല്‍കുന്നതോടെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പഴക്കം കഴിക്കുന്നവര്‍ അറിയില്ല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകംചെയ്യുന്ന അടുക്കളയും മറ്റും അങ്ങേയറ്റം വൃത്തിഹീനവും മലീമസവുമാണ്. ഹോട്ടല്‍ അടുക്കളകളെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്. കക്കൂസുകളിലെ മലിനജലം അടുക്കളകളിലേക്ക് ഒഴുകുന്നതിന്റെയും എലികളും മറ്റും ചീഞ്ഞുനാറി കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടവര്‍ക്ക് തലചുറ്റല്‍ വരാതിരുന്നാലേ അതിശയമുള്ളു.

പല ഹോട്ടലുകളിലും ഫ്രീസറുകളില്‍ മാസങ്ങളായി ഇരുന്ന ഇറച്ചികളും മീനുകളുമാണ് പാകംചെയ്യുന്നത്. പാകംചെയ്തുകഴിഞ്ഞ് വൃത്തിഹീനമായ പരിസരങ്ങളിലാണ് പലയിടങ്ങളിലും സൂക്ഷിക്കുന്നത്. ഏതൊരു വ്യക്തിക്കും യാത്രചെയ്യുന്ന അവസരങ്ങളില്‍ ഹോട്ടലുകളെ ആശ്രയിച്ചേ മതിയാകു. തൊഴിലിനും പഠിത്തത്തിനും മറ്റുമായി അന്യസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഹോട്ടലുകള്‍തന്നെയാണ് ശരണം. സാധനങ്ങളുടെ വിലക്കയറ്റത്തിന്റെപേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് അടിക്കടി വില കയറിക്കൊണ്ടിരിക്കയാണ്.

ഭക്ഷണത്തിനു വന്‍ വില കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ഉപഭോക്താക്കള്‍ ഭക്ഷണത്തിനൊപ്പം രോഗത്തെയും വിലയ്ക്കു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. രുചിക്കും മണത്തിനും മറ്റുമായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മാരക വിഷങ്ങളാണ്. ആന്തരികാവയവങ്ങളായ വൃക്ക, കരള്‍, കുടല്‍, ഹൃദയം, ആമാശയം ഇവയെയെല്ലാം സാരമായി ബാധിക്കുന്ന കെമിക്കലുകളാണ് മായമായി ചേര്‍ക്കുന്നത്. ഭക്ഷണശൈലീ രോഗങ്ങളെക്കുറിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഭക്ഷണശീലത്തില്‍വന്ന മാറ്റങ്ങളുടെ അപകടമാണ് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതില്‍ പ്രധാനമാണ് ഫാസ്റ്റ്ഫുഡിനോടും മറ്റുമുള്ള ആഭിമുഖ്യം. പ്രമേഹം, അള്‍സര്‍, ഹൃദ്രോഗം, കിഡ്നി സംബന്ധമായ രോഗങ്ങള്‍ എന്നിവ മലയാളികള്‍ക്കിടയില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതിനെ ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. സ്വതവേ കൊഴുപ്പുകൂടിയ ഇറച്ചികള്‍ക്കൊപ്പം മാരകങ്ങളായ രാസവസ്തുക്കള്‍കൂടി ചേര്‍ത്തുകഴിയുമ്പോഴത്തെ സ്ഥിതി അപകടകരവും പ്രവചനാതീതവുമാണ്.

ആശുപത്രികളില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്കുകള്‍തന്നെ ഇതിന്റെ പ്രത്യക്ഷ തെളിവുകള്‍. വിലകൊടുത്ത് ഭക്ഷണം കഴിക്കാനിരിക്കുന്ന ഉപഭോക്താവിന് ലഭിക്കുന്ന ഭക്ഷണം മായമില്ലാത്തതും ശുദ്ധവുമാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. നികുതികൊടുത്ത് ജനങ്ങള്‍ സര്‍ക്കാരിനെ ചുമക്കുന്നത് അതിനാണ്. എന്നാല്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പാടേ പരാജയമാണെന്നാണ് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ഫുഡ് സേഫ്റ്റി കമ്മീഷനാണ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായമില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം. അത് നിര്‍വഹിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരോ പശ്ചാത്തല സൗകര്യങ്ങളോ ഇല്ല. ഉള്ള ഉദ്യോഗസ്ഥരാകട്ടെ ജോലി ചെയ്യുന്നതില്‍ വിമുഖരുമാണ്.

ഒരു ദുരന്തം സംഭവിക്കേണ്ടിവന്നു, അവര്‍ക്ക് കുറച്ചെങ്കിലും ജോലിചെയ്യണമെന്നു തോന്നാന്‍. ഉദ്യോഗസ്ഥരുടെ ഗുണമേന്മാ പരിശോധന താഴെതട്ടിലുള്ള ഹോട്ടലുകളില്‍ മാത്രമായി ഒതുങ്ങുന്നു എന്ന പരാതിയുമുണ്ട്. വന്‍കിട ഹോട്ടലുകളില്‍ റെയ്ഡുനടത്താന്‍ അവര്‍ക്ക് ഭയമാണ്. കാരണം വന്‍കിടക്കാര്‍ക്ക് അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ എളുപ്പമാണ്. റെയ്ഡുനടത്താന്‍ ചെല്ലുന്ന ഉദ്യോഗസ്ഥരെ അകലത്തേയ്ക്ക് സ്ഥലംമാറ്റിക്കാനും അവര്‍ക്ക് കഴിയും. മറ്റ് ഭീഷണികള്‍ വേറെയും. പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മാസപ്പടി പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഫൈന്‍ അടയ്ക്കേണ്ട വലിയ തുകയുടേയും ക്രിമിനല്‍ കേസിന്റെയും പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഉദ്യോഗസ്ഥര്‍ കുറവല്ല. പറയുന്ന പണം കൊടുക്കാത്തവരെ മാത്രമെ പരിശോധിക്കുകയുള്ളു എന്നും ചെറുകിട ഹോട്ടലുടമകള്‍ പറയുന്നു. അതെന്തായാലും പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്നതിനും മാരകമായ രാസവസ്തുക്കള്‍ അവയില്‍ കലര്‍ത്തി നല്‍കുന്നതിനുമുള്ള ലൈസന്‍സ് ഹോട്ടലുകള്‍ക്ക് ലഭിച്ചിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് നല്ല ഭക്ഷണം വൃത്തിയായി നല്‍കാനുള്ള ബാധ്യത ഹോട്ടലുടമകള്‍ക്കുണ്ട്. അതോടൊപ്പം തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ഹോട്ടലുടമകള്‍ പീഡിപ്പിക്കപ്പെടുകയുമരുത്. പരിശോധന നടത്തുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും സമരത്തിലേക്കും മറ്റും നീങ്ങുന്നത് ആശാസ്യമല്ല. അത് സംഘടിത ശക്തിയെ ദുരുപയോഗം ചെയ്യുകയാണ്. പൊതുജന താല്‍പര്യത്തിന് വിരുദ്ധമായതുകൊണ്ട് ജനദ്രോഹവുമാണ്. ഹോട്ടല്‍ ഭക്ഷണത്തിന്റെ കാര്യം ഇതാണെങ്കില്‍ നമുക്ക് വിപണികളില്‍ കിട്ടുന്ന പച്ചക്കറികള്‍, പഴങ്ങള്‍, കറിപ്പൊടികള്‍, അച്ചാറുകള്‍ ഇവയുടെയൊക്ക അവസ്ഥ ഇതിലും മോശമാണ്. അന്യസംസ്ഥാനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന പച്ചക്കറികളാണ് ഇവിടെ എത്തുന്നത്. ഫ്യൂറിഡാന്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ മാരകമായ കീടനാശിനികള്‍ അടിച്ചാണ് അവയില്‍ ഭൂരിപക്ഷവും വരുന്നത്. വേഗം ചീഞ്ഞുപോവാതിരിക്കാന്‍ പഴങ്ങളിലും ചിലയിനം പച്ചക്കറികളിലും മാരകമായ വിഷാംശങ്ങള്‍ ചേര്‍ന്ന കെമിക്കലുകള്‍ ചേര്‍ക്കുന്നു.

മാങ്ങയും മറ്റും വേഗത്തില്‍ പഴുക്കുന്നതിനുപയോഗിക്കുന്നതും മാരക വിഷവസ്തുക്കളാണ്. വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളും കേടുകൂടാതെ ഇരിക്കാന്‍ മാരകമായ കീടനാശിനികള്‍തന്നെയാണ് പ്രയോഗിക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍മസാല, മട്ടന്‍മസാല ഇവയൊക്കെ പായ്ക്കറ്റുകളില്‍ കിട്ടുന്നത് വളരെ സൗകര്യപ്രദമാണെന്നാണ് പരക്കെയുള്ള ധാരണ. അത് ശരിയുമാണ്. എന്നാല്‍ ഈ പൊടികളില്‍ പലതിലും വിഷവസ്തുക്കള്‍ ചേര്‍ന്ന മായമാണ് കലര്‍ന്നിട്ടുള്ളത് എന്നതാണ് വാസ്തവം. ഇവയൊക്കെ പരിശോധിക്കാന്‍ സംവിധാനവും നിയമവുമുണ്ട്. എന്നാല്‍ അതൊന്നും കാര്യക്ഷമമല്ല എന്നതാണ് അനുഭവം. വിലകൊടുത്ത് നമ്മള്‍ കഴിക്കുന്നതും മക്കള്‍ക്ക് നല്‍കുന്നതും വിഷവസ്തുക്കളാണെന്ന അവബോധം ജനങ്ങള്‍ക്കുണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം.

മുറ്റത്തും തൊടികളിലും പച്ചക്കറി പരമാവധി കൃഷിചെയ്യുക. മുറ്റമില്ലാത്തവര്‍ക്ക് ടെറസ്സില്‍ വിജയകരമായി കൃഷിചെയ്യാം എന്നത് തെളിയിക്കപ്പെട്ടതാണ്. വെണ്ട, ചീര, പയര്‍, പച്ചമുളക്, മഞ്ഞള്‍, ഇഞ്ചി, കറിവേപ്പില, മുരിങ്ങ, ചിലിമ്പിപ്പുളി, കടച്ചക്ക, ഏത്തവാഴ ഇതൊക്കെ നമ്മുടെ നാട്ടില്‍ നന്നായി കൃഷിചെയ്യാന്‍ പറ്റുന്നതാണ്. ചെയ്യുന്നവര്‍ക്ക് ശാരീരിക വ്യായാമവും മാനസികമായ ഉല്ലാസവും ലഭിക്കുന്നതാണുതാനും. അതിനുള്ള ഇച്ഛാശക്തി വേണമെന്നു മാത്രം. തലമുറകളെത്തന്നെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സംസ്ഥാനം നേരിടുന്നത്. അതര്‍ഹിക്കുന്ന ഗൗരവത്തിലുള്ള നടപടികളാണ് ആവശ്യം. കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസപ്രകടനമായി മാത്രം റെയ്ഡുകള്‍ മാറിയാല്‍ പോര. അത് നിരന്തര പ്രക്രിയ ആകുകതന്നെ വേണം. ഒപ്പം ലൈസന്‍സ് സമ്പദായം ശക്തവും നിര്‍ബന്ധവുമാക്കണം. വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷണങ്ങള്‍ക്കെതിരെ നിരന്തരം അവധാനത പുലര്‍ത്താനും വേണ്ടസമയത്ത് പ്രതികരിക്കാനും ജനങ്ങള്‍ തയ്യാറാവുകയും വേണം.

*
ഗിരീഷ് ചേനപ്പാടി ചിന്ത 04 ആഗസ്റ്റ് 2012

കാര്‍ഷിക സര്‍വകലാശാലയിലെ അട്ടിമറി അഴിമതിയുടെ സ്വര്‍ണഖനി തേടി

''കേരളം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞ നാടുവാഴിത്തത്തില്‍ ജന്മിമാര്‍ കുടിയാന്മാരോടെന്നപോലത്തെ സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളോട് അനുവര്‍ത്തിച്ചുവരുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയ പൊറാട്ടുനാടകം അതിന്റെ അവസാനത്തെ ഉദാഹരണമാണ്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തെയും വ്യവസ്ഥകളെയും ചവിട്ടിമെതിച്ചുകൊണ്ടാണ് സര്‍വകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്തുനിന്നു പുറത്താക്കിയത്. കഴിഞ്ഞ യു ഡി എഫ് ഭരണക്കാലത്ത് നിലനിന്നിരുന്ന താല്‍ക്കാലിക ചുമതലയെന്ന ഉത്തരവാദിത്വരഹിതമായ ഭരണസംവിധാനം കാര്‍ഷിക സര്‍വകലാശാലയില്‍ തിരികെ കൊണ്ടുവരാനുള്ള യു ഡി എഫിന്റെ കുത്സിതശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഈ സംഭവത്തെ നോക്കിക്കാണാനാവൂ. നിയമപരമായി യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആരോടും കണക്കുപറയേണ്ടാത്ത ഭരണസംവിധാനം തിരികെ കൊണ്ടുവന്ന് കാര്‍ഷിക സര്‍വകലാശാലയെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും വിളഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍വകലാശാലയുടെ സുപ്രധാനമായ ഗവേഷണ വിഭാഗം, വിജ്ഞാനവ്യാപനം, ഫാക്കല്‍റ്റി ഡീന്‍മാര്‍ എന്നീ തസ്തികകളടക്കം സുപ്രധാന ഭരണനിര്‍വഹണ ചുമതലകളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ താല്‍ക്കാലികമായി നിയമിച്ച് യഥേഷ്ടം അഴിമതിയും ധൂര്‍ത്തും അവ്യവസ്ഥയും സ്ഥാപനവല്‍ക്കരിക്കുക എന്നതാണ് എക്കാലത്തും യു ഡി എഫ് ഭരണകാലത്ത് അവര്‍ പിന്തുടര്‍ന്നിരുന്ന തന്ത്രം. അതിനൊരു മാറ്റം വരുത്തുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് കഴിഞ്ഞ ഭരണസമിതി ശ്രമിച്ചതും വലിയൊരളവുവരെ വിജയിച്ചതും. അതിന്റെ ഭാഗമാണ് ഉന്നത സര്‍വകലാശാല തസ്തികകളില്‍ നിയമാനുസൃതം സുതാര്യവും പരാതികള്‍ കൂടാതെയും നടത്തിയ നിയമനങ്ങള്‍. അതിനെതിരെ ഉയര്‍ന്നുവന്ന ഏക പരാതി ഹൈക്കോടതി നിരാകരിക്കുകയും പരാതിക്കാരനോട് ചാന്‍സലര്‍കൂടിയായ ഗവര്‍ണറെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഗവര്‍ണര്‍ പരാതി ഭരണസമിതിയുടെ പരിഗണനയ്ക്ക് തിരിച്ചയച്ചു. അത് ഭരണസമിതി പരിശോധിക്കും മുമ്പാണ് ജനറല്‍ കൗണ്‍സില്‍ അജണ്ടയിലുള്‍പ്പെടുത്തി കഴിഞ്ഞ ദിവസത്തെ നാടകങ്ങള്‍ക്ക് വഴിതെളിച്ചത്.''

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടന്നതെന്നാണ് പരാതി. നിയമാനുസൃതം അപേക്ഷകള്‍ ക്ഷണിച്ച് വൈസ്ചാന്‍സ്‌ലര്‍ അധ്യക്ഷനും രാജ്യത്തെ മറ്റ് രണ്ടു കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍മാര്‍ അംഗങ്ങളുമായ സമിതി കൂടിക്കാഴ്ച നടത്തി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി ഭരണസമിതി അംഗീകരിച്ചാണ് ഒന്നര വര്‍ഷം മുമ്പ്  നിയമനം നടന്നത്. മേല്‍പ്പറഞ്ഞ നിയമനം ലഭിക്കാതെപോയ ഒരാളുടെ പരാതി ഒഴികെ മറ്റൊരു വിവാദവും ഇതു സംബന്ധിച്ച് ഉണ്ടായിരുന്നില്ല. നിയമനപ്രക്രിയയില്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അംഗമായ ഭരണസമിതിയാണ് നേതൃത്വം നല്‍കിയത്. ഹൈക്കോടതിയും ഗവര്‍ണറും നിരാകരിച്ച പരാതി യു ഡി എഫിന് ഒരു പിടിവള്ളിയായി മാറുകയായിരുന്നു. അനര്‍ഹമായ അധികാര പദവികള്‍ക്കും അഴിമതിക്കും ധൂര്‍ത്തിനും അവസരം പാര്‍ത്തിരുന്ന നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇവിടെ കൈകോര്‍ത്തു. ഇത് കേരള കാര്‍ഷിക സര്‍വകലാശാലയെ സംബന്ധിച്ചും സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങള്‍ക്ക് പൊതുവിലും അപമാനകരമായ കറുത്ത അധ്യായമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തെന്നപോലെ വീണ്ടും കാര്‍ഷിക സര്‍വകലാശാലയെ നാഥനില്ലാ കളരിയാക്കി 'വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രമാണ് യു ഡി എഫ് അവലംബിക്കുന്നത്. വര്‍ഷങ്ങളായി അര്‍ഹമായ പ്രമോഷന്‍ ലഭിക്കാത്ത നൂറുകണക്കിനു അധ്യാപകര്‍ക്ക് നിയമാനുസൃതം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അതു നല്‍കാനും ഒഴിഞ്ഞുകിടന്ന അനേകം അധ്യാപക തസ്തികകളില്‍ നിയമനം നടത്താനും സാമ്പത്തികമായി തകര്‍ന്നിരുന്ന സര്‍വകലാശാലയ്ക്ക് വലിയൊരളവ് ഭദ്രത ഉറപ്പുവരുത്താനും ജീവനക്കാരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും ആ ഭരണസമിതി നേതൃത്വം നല്‍കി. കാലാനുസൃതമായി അക്കാദമിക് രംഗത്തെ വൈവിധ്യവല്‍ക്കരിക്കാനും പുത്തന്‍ തലമുറ കോഴ്‌സുകള്‍ ആരംഭിക്കാനും തുടര്‍ച്ചയായി അക്കാദമിക് രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച കാര്‍ഷിക സര്‍വകലാശാലയായി സ്ഥാപനത്തെ മാറ്റാനും അന്ന് കഴിഞ്ഞു. ആ നേട്ടങ്ങളെയും പരിശ്രമങ്ങളുടെ തുടര്‍ച്ചയേയും അട്ടിമറിക്കാനാണ് പുതിയ ഭരണ സമിതിയും യു ഡി എഫ് ഗവണ്‍മെന്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗമടക്കം വിദ്യാഭ്യാസത്തോടുള്ള യു ഡി എഫ് സര്‍ക്കാരിന്റെയും ഘടകകക്ഷികളുടേയും കാഴ്ചപ്പാടും സമീപനവും അക്കാദമിക് വിരുദ്ധവും ജനവിരുദ്ധവും പ്രതിലോമകരവുമാണെന്നതിന് ഏറെ വിശദീകരണം ആവശ്യമില്ല. ഈ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തെ കച്ചവടമാക്കി മാറ്റുക മാത്രമല്ല അഴിമതിക്കാരുടേയും പൊതുമുതല്‍ കൊള്ളയടിക്കുന്നവരുടേയും സാമൂഹ്യ പുരോഗതിയെ തടയുന്ന നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെയും താവളമാക്കി അധപ്പതിപ്പിക്കുകയാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ അരങ്ങേറിയ ഇഷ്ടദാന പരമ്പരകളും അനേകം കോടികളുടെ കെട്ടിടനിര്‍മാണ കരാര്‍ സ്വന്തക്കാര്‍ക്കായി നിയമവിരുദ്ധമായി കൈമാറാന്‍ വെറ്ററിനറി സര്‍വകലാശാലയില്‍ നടന്ന കുത്സിത ശ്രമങ്ങളും സമീപകാല സംഭവവികാസങ്ങളാണ്. യു ഡി എഫിലെ ഘടകകക്ഷികളോരോന്നും അഴിമതിയുടെ സ്വര്‍ണഖനികള്‍ നേടിയുള്ള പരക്കംപാച്ചിലിലാണ്. മുസ്‌ലിംലീഗിന് അവയിലൊന്ന് കോഴിക്കോട് സര്‍വകലാശാലയാണെങ്കില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അത് വെറ്ററിനറി. കാര്‍ഷിക സര്‍വകലാശാലകളാണ്. കേരളത്തിലെ പൊതുസമൂഹം ഇത് തിരിച്ചറിയുന്നു. കേരളത്തിലെ കര്‍ഷകരും കാര്‍ഷികരംഗത്തെ അക്കാദമിക് സമൂഹവും ഈ വസ്തുതകള്‍  യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിദ്യാഭ്യാസരംഗം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി തകര്‍ക്കാന്‍ യു ഡി എഫ് നടത്തുന്ന അട്ടിമറികള്‍ കേരളത്തിലെ പ്രബുദ്ധ ജനസമൂഹം എതിര്‍ത്തു പരാജയപ്പെടുത്തുകതന്നെ ചെയ്യും.

*
ജനയുഗം മുഖപ്രസംഗം 30 ജൂലൈ 2012

അസം കലാപം തുറന്നുകാട്ടുന്നത് ഭരണ പരാജയം

കഴിഞ്ഞ ഒരാഴ്ചയിലധികമായി അസമില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏതൊരു ഇന്ത്യക്കാരനെയും അസ്വസ്ഥനാക്കാന്‍ പോന്നതാണ്. അസമിലെ ബോഡോലാന്റ് സ്വയംഭരണ മേഖലയില്‍ പടര്‍ന്നുപിടിച്ച കലാപത്തില്‍ ഇതിനകം 44 പേര്‍ കൊലചെയ്യപ്പെട്ടു. നാന്നൂറില്‍പരം ഗ്രാമങ്ങളിലെ നൂറുകണക്കിനു ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയായി. രണ്ടുലക്ഷത്തില്‍പരം ആളുകള്‍ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. പതിനായിരത്തിലേറെപ്പേര്‍ അയല്‍സംസ്ഥാനമായ പശ്ചിമ ബംഗാളിലേയ്ക്ക് പലായനം ചെയ്തു. കലാപം ഒരാഴ്ച പിന്നിട്ടിട്ടും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. പട്ടണ പ്രദേശങ്ങളില്‍ കലാപം നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങള്‍ ഭയത്തിന്റെ നിഴലിലാണ്. ഗ്രാമങ്ങളിലെ സ്ഥിതിഗതികളെപ്പറ്റി ഇനിയും ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. നിരവധി തവണ വംശീയ കലാപങ്ങള്‍ അരങ്ങേറിയ മേഖലയില്‍ അസ്വസ്ഥതകള്‍ പൊടുന്നനെ തല ഉയര്‍ത്തിയതല്ല. ബോഡോ ഗോത്ര ജനവിഭാഗങ്ങളും ബംഗാളി മുസ്‌ലിങ്ങളും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ്. നിസാരമായ പ്രശ്‌നങ്ങള്‍പോലും കലാപങ്ങളായി ആളിപ്പടര്‍ന്നേക്കാവുന്ന ഈ മേഖലയില്‍ ഉരുണ്ടുകൂടിയിരുന്ന അസ്വസ്ഥതകളെപ്പറ്റി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ഇരു സര്‍ക്കാരുകളുടെയും രഹസ്യാന്വേഷണ സംവിധാനവും അനുഗ്രഹീതമായ അജ്ഞതയിലായിരുന്നുവെന്നാണ് സംഭവഗതികള്‍ വ്യക്തമാക്കുന്നത്. കലാപം കത്തിപ്പടര്‍ന്നിട്ടും ഒരാഴ്ച കഴിയേണ്ടിവന്നു മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനും അസ്വസ്ഥബാധിത മേഖല സന്ദര്‍ശിക്കാന്‍. പൗരജനങ്ങള്‍ക്ക് സമാധാന ജീവിതവും ജീവിതസുരക്ഷിതത്വവും ഉറപ്പുനല്‍കേണ്ട ഭരണസംവിധാനത്തിന്റെയും ഭരണനേതൃത്വത്തിന്റെയും പരാജയമാണ് അസമിലെ സംഭവങ്ങള്‍ തുറന്നുകാട്ടുന്നത്. രാഷ്ട്രീയാധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പിന്തുടര്‍ന്നുവരുന്ന മത-വംശീയ പ്രീണനനയങ്ങളുടെയും  വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും ദുരന്തഫലമാണ് അസം സംഭവവികാസമെന്നതും അസ്വസ്ഥജനകമാണ്.

അസം താഴ്‌വരയിലേയ്ക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആരംഭത്തില്‍ തുടങ്ങിയതാണ് ബംഗാളി മുസ്‌ലിം കുടിയേറ്റം. ബ്രിട്ടീഷ് കോളനി മേധാവികളുടെ സജീവപിന്തുണയോടെയാണ് കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. അന്നത്തെ ഉത്തരപൂര്‍വ പ്രവിശ്യയിലെ പരിമിതമായ ജനസംഖ്യയും ഫലഭൂയിഷ്ടമായ ഭൂമിയും ബംഗാളി മുസ്‌ലിംങ്ങളുടെ കഠിനാധ്വാനശീലവും കുടിയേറ്റത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. കുടിയേറ്റക്കാര്‍ കാര്‍ഷികോല്‍പ്പാദനത്തില്‍ കാഴ്ചവെച്ച മികവ് കൂടുതല്‍ കുടിയേറ്റത്തിനും പ്രോത്സാഹനമായി. ഇന്ത്യാവിഭജനത്തെ തുടര്‍ന്നും ബംഗഌദേശിന്റെ ആവിര്‍ഭാവവും കുടിയേറ്റത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചു. അത് മേഖലയിലെ ജനസംഖ്യാതുലനാവസ്ഥ തകിടം മറിച്ചു. അതാണ് മേഖലയിലെ വംശീയ സംഘര്‍ഷങ്ങളുടെ മൂലകാരണം. ഭൂമിക്കുവേണ്ടിയുള്ള കലാപങ്ങള്‍ക്ക് മേഖല പലതവണ സാക്ഷ്യംവഹിച്ചു. 1971 വരെയുള്ള മുഴുവന്‍ കുടിയേറ്റക്കാരെയും ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുന്ന കരാര്‍ നിലവില്‍ വന്നുവെങ്കിലും ഭൂമിയുടെ പേരിലുള്ള പകയും വിദ്വേഷവും ഇനിയും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുവെന്നതാണ് കെട്ടടങ്ങാന്‍ മടിക്കുന്ന അസ്വസ്ഥതകളുടെ അന്തര്‍ധാര. ഭൂമിയുടെ മേലുള്ള ജനങ്ങളുടെ ആശ്രയത്വം കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് ബദല്‍ അതിജീവനമാര്‍ഗങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തിയത്. ജനജീവിതത്തിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സുരക്ഷാസേന നല്‍കുന്ന സുരക്ഷിതത്വം താല്‍ക്കാലികം മാത്രമാണെന്ന് ഇപ്പോഴത്തെ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

അസം അടങ്ങിയ ഇന്ത്യയുടെ ഉത്തര പൂര്‍വ സംസ്ഥാനങ്ങള്‍ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അവിടുത്തെ ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല. അത്തരം ഒരു രാഷ്ട്രീയ  അവബോധം അവരില്‍ സൃഷ്ടിക്കുന്നതിനുപകരം സൈനിക വിന്യാസത്തിലൂടെയും ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കു നിരക്കാത്ത ക്രൂരനിയമങ്ങളിലൂടെയും അധികാരം ഉറപ്പിക്കാമെന്ന വ്യാമോഹത്തിലാണ് കേന്ദ്രഭരണാധികാരികള്‍. ആ വിശാലമേഖലയിലെ ജനങ്ങളെ കേവലം വോട്ടുബാങ്കായി മാത്രം കണക്കാക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്. താന്‍ പ്രതിനിധീകരിക്കുന്ന അസം സംസ്ഥാനത്തിന്റെ വൈവിധ്യവും വൈരുദ്ധ്യങ്ങളും തിരിച്ചറിയാന്‍ പോലും പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതീതിയാണ് സംഭവങ്ങള്‍ വെളിവാക്കുന്നത്. പട്ടാളത്തിന്റെയും അര്‍ധസൈനികവിഭാഗങ്ങളുടെയും പൊലീസിന്റെയും സാന്നിധ്യം ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായേക്കാം. ഒരു ജനാധിപത്യ രാഷ്ട്രത്തിനുള്ളില്‍ ഒരു പ്രദേശത്തെ എക്കാലത്തേക്കും പൊലീസ് സ്റ്റേറ്റായി നിലനിര്‍ത്താനാവില്ല. അസമിലെയും ഉത്തര പൂര്‍വ്വ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള അവസരമായി ബോഡോ സ്വയംഭരണ മേഖലയിലെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ പ്രേരകമാവണം. അല്ലാതെയുള്ള താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ ദുരന്ത പരമ്പരകളിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.

*
ജനയുഗം മുഖപ്രസംഗം 28 ജൂലൈ 2012

Sunday, July 29, 2012

പാര്‍ടിഗ്രാമങ്ങള്‍: നേരും നുണയും


പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട് ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര അവസാന ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്ന്, നാല് ഭാഗങ്ങള്‍

1990കളിലാണ് വലതുപക്ഷ മാധ്യമങ്ങള്‍ കണ്ണൂരിലെ ഗ്രാമനന്മകളെ പാര്‍ടി ഗ്രാമമെന്ന പേരിട്ട് വിളിച്ചു തുടങ്ങിയത്. കണ്ണൂരിലെ ഭൂരിപക്ഷം ഗ്രാമങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം നില്‍ക്കുന്നവയാണെന്നത് സത്യം. അതിന് ചരിത്രപരമായ കാരണമുണ്ട്. 1940കളില്‍ ജന്മിത്തത്തിനും ജാതീയതയ്ക്കുമെതിരെ പാര്‍ടിയുടെ നേതൃത്വത്തില്‍ അതിശക്തമായ പോരാട്ടം നടന്ന ഗ്രാമങ്ങളാണിവ. ഒരു മണി അരിപോലും കിട്ടാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ട കുടിയാന്മാരെ സംഘടിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് മുന്നോട്ടുവന്നത്.

പത്തു സെന്റ് ഭൂമി തങ്ങള്‍ക്ക് നേടിത്തന്നതും കൂലിക്കൂടുതലിനും മറ്റ് അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പാര്‍ടിയാണെന്ന തിരിച്ചറിവിലാണ് അവര്‍ ചെങ്കൊടിയേന്തിയത്. 1946-48 കാലത്ത് കോണ്‍ഗ്രസിനുവേണ്ടി എംഎസ്പിക്കാര്‍ ഈ ഗ്രാമങ്ങളില്‍ നടത്തിയ നരനായാട്ടിന് സമാനമായി ചരിത്രത്തില്‍ മറ്റൊന്നും കാണാന്‍ കഴിയില്ല. കരിവെള്ളൂര്‍, കാവുമ്പായി, മുനയന്‍കുന്ന്, പെരളം, കോറോം, പഴശ്ശി, തില്ലങ്കേരി തുടങ്ങിയ പോരാട്ടഭൂമികളില്‍ നിരവധി കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കി. ഓരോ ഗ്രാമത്തെയും പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും ചവിട്ടി മെതിച്ചു. ഈ കിരാത ആക്രമണങ്ങളോടുള്ള ചെറുത്തുനില്‍പ്പും പ്രതികരണവുമാണ് സിപിഐ എമ്മിനോടുള്ള ഗ്രാമീണരുടെ കൂറിന് അടിസ്ഥാനം. സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കണ്ണൂരില്‍ വിശേഷിച്ച് തലശേരിയില്‍ എന്തുകൊണ്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് താലൂക്കുണ്ട്. അതില്‍ തലശേരി താലൂക്കില്‍മാത്രമാണ് സംഘര്‍ഷമുണ്ടാകാറുള്ളത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തലശേരിയോടു ചേര്‍ന്ന ഭാഗത്തും പ്രശ്നങ്ങളുണ്ടാകാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും ഗവേഷക വേഷക്കാരും വിടുവായത്തങ്ങള്‍ പലതും നിരത്തുമെങ്കിലും സംഘര്‍ഷങ്ങളുടെ മുഖ്യകാരണം ഇവിടത്തെ കാവിപുതച്ച മാഫിയാ സംസ്കാരമാണെന്നു കണ്ടെത്താന്‍ പ്രയാസമില്ല. ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശമേറ്റ തലശേരി ജഗന്നാഥക്ഷേത്ര പരിസരം. സമാധാനത്തിന്റെയും മാനവികതയുടെയും ശാദ്വലഭൂമിയായിരുന്ന ഇവിടംപോലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയത് ആര്‍എസ്എസാണ്.തലശേരിക്കടുത്ത തലായിയും ടെമ്പിള്‍ഗേറ്റും ഒരുകാലത്ത് പ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു. ആര്‍എസ്എസ് ആധിപത്യമുറപ്പിച്ചതോടെ എല്ലാം അസ്തമിച്ചു. ആരും ധൈര്യപ്പെട്ട് ഇതുവഴി നടക്കാതായി. അക്രമം, പിടിച്ചുപറി, മയക്കുമരുന്നു വ്യാപാരം, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നിങ്ങനെ ആര്‍എസ്എസ് ക്രിമിനലുകള്‍ തലശേരി മേഖലയിലാകെ അശാന്തിക്ക് വഴിമരുന്നിടുന്നു. മാഫിയാസംസ്കാരം ആര്‍എസ്എസിന് ജന്മസിദ്ധമാണ്. മറുനാടന്‍ ബീഡിമുതലാളിമാരുടെ കങ്കാണിപ്പണിയിലൂടെ, അവര്‍ക്കുവേണ്ടി നടത്തിയ മാഫിയാപ്രവര്‍ത്തനത്തിലൂടെയാണ് തലശേരിയില്‍ ആര്‍എസ്എസ് ചുവടുറപ്പിച്ചതെന്നത് ചരിത്രം. ഇതിന്റെ തുടര്‍ച്ചയായിരുന്നു 1971ലെ അതിഭയങ്കരമായ വര്‍ഗീയ ലഹള. കേരളത്തെ കിടിലംകൊള്ളിച്ച, തലശേരി താലൂക്കിനെയാകെ നക്കിത്തുടച്ചേക്കുമെന്ന് ഭയപ്പെട്ട വര്‍ഗീയാഗ്നി. ഇക്കാലത്ത് മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തിച്ചതിന്റെപേരിലാണ് സിപിഐ എം മാങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റിയംഗം യു കെ കുഞ്ഞിരാമനെ കാവിപ്പട കൊലപ്പെടുത്തിയത്. വര്‍ഗീയലഹള തടയാന്‍ സിപിഐ എം നടത്തിയ പ്രവര്‍ത്തനങ്ങളെ ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍ ശ്ലാഘിച്ചിട്ടുണ്ട്.

ദേശീയബോധമുള്ള തലശേരിയിലെ മുസ്ലിംസമുദായം ചെങ്കൊടിക്കുപിന്നില്‍ അണിനിരന്നത് കലാപകാലത്തെ അനുഭവംകൊണ്ടുകൂടിയാണ്. കലാപത്തിന്റെ ചാരത്തില്‍നിന്ന് തീപ്പൊരികള്‍ ഊതിക്കത്തിക്കാന്‍ സംഘപരിവാര്‍ തുടര്‍ന്നും ശ്രമം നടത്തി. സാമുദായിക സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന്റെ, വിശേഷിച്ച് സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമാണ് ഇതിനു പ്രതിബന്ധമെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് സിപിഐ എമ്മിനെതിരെ തിരിഞ്ഞത്. "71ല്‍ യു കെ കുഞ്ഞിരാമന്റെ കൊലപാതകത്തോടെ തുടങ്ങിയ ആര്‍എസ്എസ് അക്രമത്തില്‍ കണ്ണൂരില്‍ മാത്രം 56 പേരാണ് കൊല്ലപ്പെട്ടത്. 2011 മെയ് 21- എരുവട്ടിയിലെ അഷറഫ് വരെ നീളുന്നു ഈ പട്ടിക. കോണ്‍ഗ്രസ് എന്നും അക്രമികള്‍ക്കൊപ്പം ആര്‍എസ്എസ്, എന്‍ഡിഎഫ് അക്രമങ്ങളെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്. കൊല്ലപ്പെടുന്നവരിലേറെയും സിപിഐ എം പ്രവര്‍ത്തകരാണെന്നതാണ് അവരെ സന്തോഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരന്‍ മുതല്‍എത്രയെത്ര നിരപരാധികളുടെ ചുടുനിണത്താല്‍ പങ്കിലമാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ത്രിവര്‍ണ പതാക. ജന്മി-നാടുവാഴിത്ത ചൂഷണത്തിനെതിരെ കര്‍ഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ചെറുത്തുനില്‍പ്പുകളുടെ കാലംതൊട്ട് തുടങ്ങുന്നു കോണ്‍ഗ്രസിന്റെ അക്രമപ്പേക്കൂത്തുകള്‍. മലബാറിനെ ചുവപ്പിച്ച പോരാട്ടങ്ങളില്‍ ജന്മിമാരുടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും കിങ്കരന്മാരായാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ നിന്നത്. പിന്നീടിവര്‍ കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന, കമ്യൂണിസ്റ്റ് നേതാക്കളെ കശാപ്പുചെയ്യുന്ന കുറുവടിസേനയായി മാറി. ഈ കുറുവടി രാഷ്ട്രീയമാണ് പില്‍ക്കാല കോണ്‍ഗ്രസ് നേതൃത്വം കഠാരയിലേക്കും ബോംബിലേക്കും തോക്കിലേക്കും കാലാനുസൃതം വികസിപ്പിച്ചത.് അടിയന്തരാവസ്ഥക്കാലത്ത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയില്‍ ബോംബെറിഞ്ഞ് കൊളങ്ങരേത്ത് രാഘവനെ കൊന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കണ്ണൂര്‍ ജില്ലയില്‍ ബോംബുരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ ജില്ലയെ എന്നും സംഘര്‍ഷകേന്ദ്രമാക്കുന്നതിനുപിന്നില്‍ കോണ്‍ഗ്രസ്-ആര്‍എസ്എസ് ക്രിമിനല്‍ മാഫിയാ രാഷ്ട്രീയത്തിന്റെ സ്ഥാപിത താല്‍പര്യങ്ങളാണ്. അക്രമങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍. മാര്‍ക്സിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ഇവരെ ഒരുമിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇടതുപക്ഷത്ത് കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങള്‍ അണിനിരക്കുന്നതില്‍ അസഹിഷ്ണുത. സംഘടനാപരമായും രാഷ്ട്രീയമായും സിപിഐ എം കൂടുതല്‍ ശക്തിപ്പെടുന്നതില്‍ അസൂയ. സമാധാനപൂര്‍ണമായ രാഷ്ട്രീയ പ്രവര്‍ത്തനം സിപിഐ എമ്മിനാകും സഹായകമെന്ന് ഇക്കൂട്ടര്‍ക്ക് നന്നായറിയാം.

അതിനാല്‍, ആസൂത്രിതമായി പ്രകോപനങ്ങളും സംഘര്‍ഷങ്ങളും അക്രമപരമ്പരകളും സൃഷ്ടിക്കുക. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക- ഇതാണ് എക്കാലവും കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറുന്നത്. 1993-ല്‍, കണ്ണൂര്‍ രാഷ്ട്രീയം സംഘര്‍ഷഭരിതമായ നാളുകളില്‍ "ഇന്ത്യാ ടുഡെ" വാരികയില്‍ കണ്ണൂര്‍ ഡിസിസി-ഐ ഓഫീസിലെ ബോംബ് ശേഖരത്തെക്കുറിച്ച് സചിത്രലേഖനം വരികയുണ്ടായി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജാണ് അത് എഴുതിയത്. തങ്ങള്‍ വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും അവയില്‍ ചിലത് ആളുകളെ ഭയപ്പെടുത്താനും മറ്റു ചിലത് കൊല്ലാന്‍തന്നെയുമാണെന്നും അന്ന് ഡിസിസി സെക്രട്ടറി തുറന്നുപറഞ്ഞു. കൂട്ടായ്മയോടെ ഗ്രാമജീവിതം കണ്ണൂരിലെ സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ജീവിതം സ്വച്ഛശാന്തം.

ഇത് ജനങ്ങളുടെ അനുഭവം. സമാധാനത്തിന്റെ തുരുത്തുകളാണ് പാര്‍ടി കേന്ദ്രങ്ങളെന്ന് വ്യത്യസ്ത രാഷ്ട്രീയപാര്‍ടിയില്‍പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസായതിന്റെ പേരില്‍ പൊന്ന്യംകുണ്ടുചിറയില്‍ ജീവിക്കാന്‍ ഒരു പ്രയാസവുമുണ്ടായിട്ടില്ലെന്ന് കുണ്ടുചിറ എ കെജി ക്ലബിനടുത്ത മയൂരിയില്‍ സി പി നാണു പറഞ്ഞു. "ഞാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെപേരില്‍ ഇന്നുവരെ ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല". ദീര്‍ഘകാലം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച പ്രശാന്തിയില്‍ എം കെ കുഞ്ഞിരാമന്‍നായര്‍ക്കും നാടിനെക്കുറിച്ച് പറയാന്‍ നല്ലതുമാത്രം. രാഷ്ട്രീയത്തിന്റെപേരില്‍ ഒരിക്കലും ഒറ്റപ്പെടേണ്ടിവന്നിട്ടില്ല. നാടിന്റെ പൊതുവായ ഏതാവശ്യത്തിനും ഇവര്‍ സഹകരിക്കുന്നു. "ബിജെപിയായതിന്റെ പേരില്‍ ഒരു സഹകരണ ബാങ്കും എനിക്ക് വായ്പ നിഷേധിച്ചിട്ടില്ല. പൊന്ന്യം സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഞാന്‍ വായ്പയെടുത്തിട്ടുണ്ട്"- ബിജെപി മുന്‍ തലശേരി മണ്ഡലം പ്രസിഡന്റും ബിഎംഎസ് ജില്ലാ നേതാവുമായ എംപി ഗോപാലകൃഷ്ണന്‍ പറയുന്നു.

സ്നേഹത്തിന്റെ കലവറ

കുരീപ്പുഴ ശ്രീകുമാര്‍

കണ്ണൂര്‍ സ്നേഹവാത്സല്യങ്ങളുടെ നാടാണ്. തെയ്യങ്ങളുറഞ്ഞുതുള്ളുന്ന കളിയാട്ടവേദികളിലും കവിതകളുയരുന്ന സാംസ്കാരിക സദസ്സുകളിലുമൊക്കെയായി നിരവധിതവണ കണ്ണൂരിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും ചെന്നെത്തിയിട്ടുള്ള ആളാണ് ഞാന്‍. കവിതയെ സ്നേഹിക്കുകയും വായിക്കുകയും വരയ്ക്കുകയും ചെയ്യുന്ന കണ്ണൂരിലെ സഹൃദയര്‍ വിരുന്നുകാരനായല്ല, വീട്ടുകാരനായാണ് എന്നെ കണ്ടിരുന്നത്. കളിയാട്ടത്തിന്റെ ഭാഗമായൊരുക്കിയ സാംസ്കാരികസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ചെന്ന എന്നെ വേദിയിലിരുത്തി ഇ പി രാജഗോപാലന്‍ ഒരുവേദിയില്‍ സംസാരിച്ചത് ഓര്‍ക്കുന്നു. നിരീശ്വരവാദിയായ കുരീപ്പുഴയെപ്പോലും ക്ഷണിക്കാവുന്ന നിലയിലേക്ക് കളിയാട്ടങ്ങളുടെ സംഘാടനം വികസിച്ചിരിക്കുന്നു എന്ന്. ഡിവൈഎഫ്ഐ കോറോത്ത് ഒരുക്കിയ പൊതുശ്മശാനങ്ങള്‍ മാതൃകയാണ്. മരണത്തില്‍പോലും ജാതിചോദിക്കുന്ന നിര്‍ദയ നീതിക്കുനേരെയുള്ള യുവതയുടെ പ്രതികരണമാണത്. വാസ്തവത്തില്‍ അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടത് സര്‍ക്കാരാണ്. ജന്മിത്തത്തെ ചെറുത്ത ധീരന്മാരുടെ നാടായ കാവുമ്പായിയിലും കരിവെള്ളൂരിലും താമസിച്ചിട്ടുണ്ട്. കാവുമ്പായി സമരക്കുന്നില്‍ പോയി. സേലം ജയിലില്‍വച്ച് തുളച്ചുകയറിയ വെടിച്ചില്ലുകള്‍ ഇപ്പോഴും ശരീരത്തില്‍ കൊണ്ടുനടക്കുന്ന ഇ കെ നാരായണന്‍ നമ്പ്യാരുമായി സംസാരിച്ചു. സേലം രക്തസാക്ഷിയുടെ മകനാണ് അദ്ദേഹം. ജയിലിലെ നിലയ്ക്കാത്ത വെടിയുണ്ടകളുടെ പ്രവാഹത്തെക്കുറിച്ച് പറയുമ്പോള്‍ "പൂ പോലെ വെടിയുതിര്‍ന്നു" എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഇപ്പോഴും മനസ്സിലുണ്ട്. കണ്ണൂര്‍ ജയിലില്‍ ചെന്ന് കവിതചൊല്ലിയിട്ടുണ്ട്. ദിനേശന്‍ മൊകേരിയെപ്പോലുള്ള കവികള്‍ അന്നവിടെ തടവുകാരായി ഉണ്ടായിരുന്നു. പിണറായിയിലും തലശേരിയിലും അണ്ടലൂര്‍ കാവിലുമെല്ലാം പോയിട്ടുണ്ട്. പൊന്ന്യം ജോളി ലൈബ്രറിയിലും വെള്ളൂര്‍ ജവഹര്‍ ലൈബ്രറിയിലും ചെന്നു. സാഹിത്യകാരന്മാരുടെ ഛായാചിത്രം അലങ്കരിച്ച അവിടത്തെ "മലയാളം ചിത്രശാല" ശ്രദ്ധേയം. മാതമംഗലത്തെ "ജ്ഞാനഭാരതി" ഗ്രന്ഥാലയത്തില്‍ ആശാന്റെ "കരുണ" എത്ര ഗംഭീരമായാണ് ചുമര്‍ചിത്രമാക്കിയത്! കേരളത്തില്‍ സാഹിത്യഅവാര്‍ഡ് ഏര്‍പ്പെടുത്തിയ ഒരേയൊരു സഹകരണബാങ്ക് കതിരൂര്‍ സര്‍വീസ് സഹകരണബാങ്കായിരിക്കും. ആദ്യത്തെ വി വി കെ അവാര്‍ഡ് ഏറ്റുവാങ്ങിയത് ഞാനാണ്. ചിത്രകാരന്മാരുടെ ഗ്രാമമാണത്. കണ്ണൂരിലെ ഗ്രാമങ്ങള്‍ നല്‍കിയ സ്നേഹവും സൗഹൃദവും മറക്കാനാകാത്തതാണ്. സ്നേഹത്തിന്റെ കലവറയാണ് ഇവിടത്തെ ഗ്രാമങ്ങള്‍.

(അവസാനിച്ചു)

*
തയ്യാറാക്കിയത് : നാരായണന്‍ കാവുമ്പായി ,  പി ദിനേശന്‍ , സതീഷ് ഗോപി

സങ്കലനം : കെ എന്‍ ബാബു ചിത്രങ്ങള്‍: കെ മോഹനന്‍

Saturday, July 28, 2012

പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട് ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര 3, 4


ഒന്നാം ഭാഗം, രണ്ടാം ഭാഗം

ജീവിതങ്ങള്‍ക്ക് എന്നും കാവല്‍

സായുജ്യം മംഗല്യസ്വപ്നത്തിനും

പിണറായി ചേരിക്കലിലെ സഹജയും കൊട്ടിയൂര്‍ അമ്പായത്തോട്ടിലെ ജോര്‍ജ് കുര്യനും ഇപ്പോള്‍ സന്തുഷ്ടരാണ്. "സായൂജ്യം" പദ്ധതിയാണ് തങ്ങളെ ഒന്നിപ്പിച്ചതെന്ന് ഈ ദമ്പതികള്‍ പറഞ്ഞു. 2009 ഒക്ടോബര്‍ അഞ്ചിനാണ് ജോര്‍ജ് കുര്യന് സഹജ സഖിയായത്. പിണറായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായിക്കഴിയുന്ന സ്ത്രീകളുടെ മംഗല്യസ്വപ്നത്തിന് മിന്നുചാര്‍ത്താന്‍ പഞ്ചായത്താവിഷ്കരിച്ച പദ്ധതിയാണ് സായൂജ്യം. പലകാരണങ്ങളാല്‍ അവിവാഹിതരായി കഴിയുന്നവരുടെ രജിസ്റ്റര്‍ തയ്യാറാക്കി 2008ലാണ് പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് കല്യാണത്തിന് പദ്ധതി ഒരുക്കിയത് ആദ്യം. മദ്യാസക്തിക്കെതിരെ കേരളം ചിന്തിച്ചുതുടങ്ങുംമുമ്പേ പിണറായി ഗ്രാമം കര്‍മപഥത്തിലിറങ്ങിയിരുന്നു. "നമുക്ക് നന്മകള്‍ കാത്തുസൂക്ഷിക്കാ"മെന്ന പിണറായി ഗ്രാമത്തിന്റെ സന്ദേശം നാടെങ്ങും ചലനമുണ്ടാക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും മരണവീടുകളിലും മദ്യംവിളമ്പുന്നത് ഒഴിവാക്കാന്‍ നാട് കൈകോര്‍ത്തു. രാഷ്ട്രീയപാര്‍ടികളും അമ്പതോളം സാംസ്കാരികസമിതികളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമെല്ലാം ഈ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു.

ജീവന്‍ കാക്കും രക്തം നല്‍കി

മികച്ച സൗകര്യങ്ങളോടുകൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. ഏതു പാതിരാത്രിയും ഏതു മനുഷ്യനും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. ജീവരക്തവുമായി വിളിപ്പാടകലെ ഉണര്‍ന്നിരിക്കും ഗ്രാമയൗവനം. അശരണരായ രോഗികള്‍ക്ക് ഏതുനേരത്തും ആശ്രയിക്കാവുന്ന ഇടമാണ് പാട്യം കൊട്ടയോടി. പാട്യം ഗോപാലന്റെ സ്മാരകമായ പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ക്ലബാണ് രക്തദാനത്തിലൂടെ ജീവന് തണല്‍വിരിക്കുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ വേലിതീര്‍ക്കാതെ, ജീവന്റെ നൂല്‍പാലത്തിലൂടെ യാത്രചെയ്യുന്ന രോഗികള്‍ക്ക് ഈ ഗ്രാമം രക്തംനല്‍കി പരിചരിക്കുന്നു. രക്തദാനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് ക്ലബ്. അപൂര്‍വമായ പല രക്തഗ്രൂപ്പുകളും ലഭിക്കാതെ രോഗികളും ബന്ധുക്കളും പ്രയാസപ്പെടുന്നത് കണ്ടറിഞ്ഞ പ്രവര്‍ത്തകര്‍ 1985ലാണ് രക്തദാനസേനക്ക് തുടക്കമിട്ടത്. രക്തം ദാനംചെയ്യാന്‍ പാട്യത്തെ ചെറുപ്പക്കാര്‍ എത്താത്ത ആശുപത്രികള്‍ കേരളത്തില്‍ വിരളം. തിരുവനന്തപുരം ആര്‍സിസി മുതല്‍ മംഗളൂരു വരെയുള്ള ആശുപത്രികളില്‍ രക്തദാനത്തിന് ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. തുടക്കത്തില്‍ സ്ത്രീകളടക്കം എണ്‍പതോളം പേരായിരുന്നു രക്തദാനസേനയില്‍. ഇന്ന് നൂറുകണക്കിനാളുകള്‍ രക്തം ദാനംചെയ്യാന്‍ സദാ സന്നദ്ധരാണ്.

അവയവദാനത്തിന്റെ മഹത്വം

എരഞ്ഞോളി പഞ്ചായത്തിലെ പാറക്കെട്ട് ഗ്രാമം നേത്രദാനത്തിലാണ് മാതൃക. മരിച്ചുമണ്ണടിയുമ്പോള്‍ കണ്ണുകള്‍ മറ്റൊരാള്‍ക്ക് വെളിച്ചമേകട്ടെയെന്നാണ് പാറക്കെട്ടിന്റെ വിവേകചിന്ത. മരണാനന്തരം 22പേരുടെ കണ്ണ് ഇവിടെ ദാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശരീരദാനത്തിന്റെ മഹത്വത്തിലേക്കാണ് എരഞ്ഞോളിയുടെ യാത്ര. മരണാനന്തരം രണ്ടുപേരുടെ ശരീരം മെഡിക്കല്‍ കോളേജിന് ദാനംചെയ്തു. ശരീരദാനത്തിന് സന്നദ്ധരായി നിരവധി ജനങ്ങളുമുണ്ട്. പാറക്കെട്ട് സാംസ്കാരിക സമിതി വായനശാല ആന്‍ഡ് സി എം ബാലന്‍നമ്പ്യാര്‍ സ്മാരക ലൈബ്രറിയാണ് ഈ സദുദ്യമത്തിന് നേതൃത്വം. നേത്രദാനത്തിലോ ശരീരദാനത്തിലോ അവസാനിക്കുന്നില്ല പാറക്കെട്ടുകാരുടെ ജീവകാരുണ്യ പ്രവര്‍ത്തനം. വൃക്ക-ഹൃദയ രോഗത്തെതുടര്‍ന്ന് വലയുന്നവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിലും ഈ ഗ്രാമീണര്‍ മുന്നിലാണ്. പയ്യന്നൂര്‍ കോറോമും നേത്രദാനത്തിന്റെ വെളിച്ചത്തിലേക്കാണ് സഞ്ചരിക്കുന്നത്. 2000 പേര്‍ ദാനപത്രത്തില്‍ ഒപ്പിട്ടു. സമ്പൂര്‍ണനേത്രദാന ഗ്രാമമാണ് ലക്ഷ്യം. ജനമൈത്രി പൊലീസാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും സന്നദ്ധസംഘടനകളും ഒപ്പം നില്‍ക്കുന്നു. നിസ്വര്‍ക്കൊപ്പം നില്‍ക്കുന്ന മനസ് കമ്യൂണിസ്റ്റുകാര്‍ കാത്തുസൂക്ഷിക്കുന്നതിനാല്‍ കോറോത്ത് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കോറോം കല്ലമ്പള്ളിയില്ലത്ത് ശങ്കരന്‍ നമ്പൂതിരി(40), അമ്മ സരസ്വതി അന്തര്‍ജനം എന്നിവര്‍ക്ക് ഗ്രാമവാസികളാണ് തുണ. നട്ടെല്ല് തേഞ്ഞ് കിടപ്പിലായ ഈ യുവാവിന്റെ ചികിത്സയ്ക്കും വീട് നിര്‍മാണത്തിനും നാട് ഒന്നിച്ചുനിന്നു. പയ്യന്നൂര്‍ നഗരസഭയും ജനമൈത്രി പൊലീസും എല്ലാ സഹായങ്ങളും നല്‍കി.

വീട്ടില്‍ വൈദ്യുതിയെത്തിച്ചു.

കോറോം ഇരൂര്‍ കണക്കാഞ്ചേരി വീട്ടില്‍ ലക്ഷ്മി (47) ജന്മനാ വികലാംഗ. സഹോദരി ദേവകിയുടെ സംരക്ഷണയിലായ ഇവര്‍ നിത്യശയ്യയിലാണ്. സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് 40,000 രൂപ ഇവരുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. പ്രതിമാസ ധനസഹായവുമുണ്ട്. രോഗികളായ അമ്മയ്ക്കും മകള്‍ക്കും ചികിത്സ, അന്ധനായ ഒരാള്‍ക്ക് വീട് എന്നിങ്ങനെ കോറോം ഗ്രാമത്തില്‍ സഹാനുഭൂതിയുടെ പാഠങ്ങള്‍ക്ക് ഉദാഹരണങ്ങളേറെ.

ശ്മശാനം നിര്‍മിക്കാനും യുവാക്കള്‍

ഒരിക്കല്‍ ഉച്ചാടനം ചെയ്ത ജാതീയതയെ വീണ്ടും ഗ്രാമങ്ങളില്‍ ആനയിക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമത്തെ തടയേണ്ടത് യുവതയുടെ ദൗത്യം. പട്ടടയിലും ജാതി ചോദിക്കുന്നതിനെതിരെ മാനവ ഐക്യത്തിന്റെ സന്ദേശമായി രണ്ട് പൊതു ശ്മശാനങ്ങള്‍ ഡിവൈഎഫ്ഐ നിര്‍മിച്ചു. കോറോം ഉണ്ണിമുക്കിലും പരവന്തട്ടയിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതു ശ്മശാനങ്ങള്‍. ഇന്നവിടെ വ്യത്യസ്ത മതത്തില്‍പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നു. മാതൃകയാകേണ്ട ഈ സംരംഭത്തിലും വലതുമാധ്യമങ്ങള്‍ "ശവംതീനി" പാരമ്പര്യം ആവര്‍ത്തിച്ചു. "മരിക്കുന്നവര്‍ക്ക് പാര്‍ടി ശ്മശാ"മെന്നാണ് "കൊടികെട്ടിയ നുണ"യില്‍ പ്രചരിപ്പിച്ചത്. പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാനും റോഡുവെട്ടാനും ജനകീയ ബസ് വാങ്ങാനും അയല്‍ക്കാരനുമായുള്ള അതിര്‍ത്തിതര്‍ക്കം ന്യായമായി തീര്‍ക്കാനും ഗ്രാമങ്ങളിലെ പ്രാദേശിക നേതൃത്വത്തിന് കഴിയുന്നു. അതുകൊണ്ടാണ് ഈ പ്രദേശങ്ങളില്‍നിന്ന് വക്കീല്‍ ഓഫീസുകളിലും കോടതിയിലുമെത്തുന്നവരുടെ എണ്ണം കുറയുന്നത്.

IV

പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട്

മയ്യില്‍ തായംപൊയിലിലെ സി സുമിത്രന്‍ വൈദ്യുതി വകുപ്പില്‍ മസ്ദൂറാണ്. പത്തില്‍ തോറ്റ സുമിത്രന്‍ ചെങ്കല്‍പ്പണയിലെ കല്ലുകൊത്ത് തൊഴിലാളിയായിരുന്നു. തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി വായനശാലയിലെ കരിയര്‍ ഗൈഡന്‍സ് സെന്ററിലെ പിഎസ്സി പരിശീലനമാണ് സുമിത്രന്റെ ജീവിതം വഴിമാറ്റിയത്. അവധിദിവസങ്ങളിലും രാത്രിയും ചിട്ടയായ പരിശീലനം. മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇത് സുമിത്രന്റെ മാത്രം അനുഭവമല്ല. മയ്യിലെ മുപ്പത്തഞ്ചോളം പേരാണ് സഫ്ദര്‍ ഹാഷ്മി വായനശാലയുടെ പരിശീലനക്കൂട്ടായ്മയിലൂടെ സര്‍ക്കാര്‍ ജോലിക്കാരായത്.

കണ്ണൂരിലെ കമ്യൂണിസ്റ്റ് ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം മാനവികഐക്യം പുലരുന്ന ഇത്തരം കൂട്ടായ്മകള്‍ കാണാം. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് തലമുറകളെ ജീവിതവിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രാമങ്ങള്‍. പടിയൂര്‍ പഞ്ചായത്തിലെ ബ്ലാത്തൂര്‍ "കാക്കിപ്പട"യുടെ നാടാണ്. വഴിയോരത്തെ വീട്ടുമുറ്റങ്ങളില്‍ ഉണക്കാനിട്ട യൂണിഫോം കാണുമ്പോള്‍ എത്തിപ്പെട്ടത് പൊലീസ് ക്യാമ്പിലാണോ എന്ന് ഇവിടെയെത്തുന്നവര്‍ സംശയിക്കും. കര്‍ഷകസംഘത്തിന്റെ ചരിത്രപ്രസിദ്ധമായ അഖിലേന്ത്യാ സമ്മേളനം നടന്ന നൂറേക്കര്‍ വയലിനു ചുറ്റുമുള്ള വീടുകളില്‍നിന്ന് അറുപതോളം പേരാണ് സേനയിലെത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ മേല്‍പ്പോട്ടുള്ള പദവികളില്‍. ജന്മി- നാടുവാഴിത്തത്തിനെതിരെ പോരാടിയ തനി കമ്യൂണിസ്റ്റ് കാരണവന്മാരുടെ ഈ ഗ്രാമത്തെ കാക്കിയണിയിച്ചത് ബ്ലാത്തൂര്‍ കമ്യൂണിറ്റി റിക്രിയേഷന്‍ ക്ലബ്ബിലെ പിഎസ്സി പരീക്ഷാ പരിശീലനമാണ്. പട്ടാളക്കാരും ക്ലര്‍ക്കുമാരും എന്‍ജിനിയര്‍മാരുമൊക്കെ ഇവിടെയുണ്ടായി. തെക്കോട്ടും വടക്കോട്ടുമുള്ള ട്രെയിനുകളില്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ പോലുള്ള പ്രദേശങ്ങളിലെ അധ്യാപകരുടെ തിരക്ക് കാണാം. "മാഷേ"യെന്ന വിളി മുഴങ്ങാത്ത കംപാര്‍ട്ടുമെന്റുകളില്ല. കാരണം ഈ നാട്ടിലെ മിക്ക വീടുകളിലും ഒന്നിലധികം അധ്യാപകരുണ്ട്. സിവില്‍ സര്‍വീസ് അടക്കം ഉന്നത പദവികളിലുള്ളവരും വിദേശങ്ങളില്‍ ജോലി നേടിയവരുമെല്ലാം കമ്യൂണിസ്റ്റ് മണ്ണിന്റെ പച്ചയില്‍ വളര്‍ന്നവരാണ്.

കുഞ്ഞിമംഗലത്തെ അധ്യാപകരുടെ ഗ്രാമമെന്നും ശില്‍പികളുടെ ഗ്രാമമെന്നും വിളിക്കാറുണ്ട്. കലയും കൈത്തൊഴിലും കൈകോര്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് ഇവിടെ. ജില്ലയില്‍ ഏറ്റവുമേറെ കാവുകളും കണ്ടല്‍ക്കാടുകളുമുള്ള കുഞ്ഞിമംഗലം പരിസ്ഥിതി പരിപാലനത്തിലും മാതൃക. ചുരുങ്ങിയ കാലത്തിനുള്ളില്‍ നഗരങ്ങളെ അതിശയിക്കുന്ന വളര്‍ച്ചയാണ് കര്‍ഷക സമരങ്ങളുടെ വിളനിലമായ മലപ്പട്ടം കൈവരിച്ചത്. എഴുപതിലേറെ സര്‍ക്കാര്‍ ജീവനക്കാരുണ്ട് ഈ ചെറിയ ഗ്രാമത്തില്‍! ഡെപ്യൂട്ടി കലക്ടര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വരെ. നാടിനെ ഈ നിലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നേതൃത്വം നല്‍കുന്നത് സാംസ്കാരിക സ്ഥാപനങ്ങള്‍തന്നെ. മലപ്പട്ടം ഭഗത്സിങ് വായനശാല ഇക്കാര്യത്തില്‍ മാതൃകയാണ്. തലക്കോട് നവോദയ വായനശാലയുടെ പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ മാതൃകയാണ്. സാഫ്ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണംനേടിയ പട്ടാളക്കാരന്‍ രഘു മലപ്പട്ടത്തിന്റെ സംഭാവനയാണ്.

മണ്ണിനെ പൊന്നണിയിക്കാന്‍ നാടിന്റെ ആവശ്യകതയ്ക്കൊത്ത തൊഴില്‍ സംസ്കാരത്തിലേക്കും ചുവന്ന ഗ്രാമങ്ങള്‍ തലമുറകളെ നയിക്കുന്നു. ഏഴോം ഒന്ന്, രണ്ട് എന്നിവ കണ്ണൂര്‍ ജില്ലയിലെ കൈപ്പാടിന്റെ പെരുമ ഉയര്‍ത്തിയ നെല്ലിനങ്ങളാണ്. നെല്ലിനൊപ്പം സമഗ്രവിളകളും മൃഗപരിപാലനവുമൊക്കെ ലക്ഷ്യമിട്ട് ഇവിടെ ഭക്ഷ്യസുരക്ഷാ സേന പ്രവര്‍ത്തിക്കുന്നു. ഏഴോം, കണ്ണപുരം, പട്ടുവം, ചെറുകുന്ന് എന്നിവിടങ്ങളില്‍നിന്ന് 20 വീതം അംഗങ്ങളുമായി രൂപീകരിച്ച മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിയാണ് കൈപ്പാട് സമഗ്രവികസനപദ്ധതി എന്ന കൃഷിസ്വപ്നവുമായി രംഗത്തിറങ്ങുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. യുവതയുടെ വിയര്‍പ്പില്‍ ഹരിതാഭമായ പച്ചക്കറിപ്പാടങ്ങളൊരുക്കിയാണ് ഡിവൈഎഫ്ഐ പുതിയ വഴി തുറന്നത്. ആരാലും സംരക്ഷിക്കപ്പെടാതെ വരണ്ടുണങ്ങിക്കിടന്ന പാടങ്ങളും പറമ്പുകളുമടക്കം ഏക്കര്‍ കണക്കിന് ഭൂമിയില്‍ ചീരയും വെണ്ടയും വെള്ളരിയും കുമ്പളവും പാവയ്ക്കയും പടവലവുമൊക്കെയാണ് യുവതയുടെ ഇഛാശക്തിയില്‍ കായ്ച്ചുനില്‍ക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 20 സെന്റ് മുതല്‍ രണ്ടര ഏക്കര്‍വരെയുള്ള 102 ഏക്കര്‍ സ്ഥലത്തായി 212 പച്ചക്കറിത്തോട്ടങ്ങള്‍ യുവജനങ്ങള്‍ ഉണ്ടാക്കി.

കൃഷിയുമൊരു കല കലയിലും കൃഷിയിലും വിജയക്കതിര്‍ കൊയ്ത പ്രസ്ഥാനമാണ് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ്. കേരള നാടകവേദിയിലെ തിളങ്ങുന്ന സാന്നിധ്യവുമാണ്. പുരസ്കാരങ്ങളും ജനകീയാംഗീകാരവും നേടിയ സെന്‍ട്രല്‍ ആര്‍ട്സ് വെള്ളൂരിനെ പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് നയിച്ചു. ഇവിടെ വിളവെടുപ്പ് നാട്ടുത്സവം. "വിത്തും കൈക്കോട്ടും" എന്ന നാടകത്തിന്റെ വിജയത്തോടെ വിത്തും വിതയുമായി വയലിലിറങ്ങിയിരിക്കുകയാണ് ഈ കലാകാരന്മാര്‍. സ്വന്തമായി കുട്ടികളുടെ സിനിമയെടുത്ത പഞ്ചായത്താണ് കണ്ണപുരം. കതിരൂരിലെ പ്രധാന ജലസംഭരണിയെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ സൂര്യനാരായണ ക്ഷേത്രച്ചിറ വൃത്തിയാക്കിയെടുത്തത് ആയിരക്കണക്കിനാളുകളുടെ അധ്വാനത്തിലൂടെയാണ്. ജനകീയാസൂത്രണത്തിലൂടെയുള്ള ഈ നേട്ടത്തിന് ദേശീയ അംഗീകാരവും നേടി. മദ്യാസക്തിക്കെതിരെ കുട്ടികള്‍ ചങ്ങലതീര്‍ത്ത പുല്യോട് സി എച്ച് നഗറിന്റെ സന്ദേശം ഇന്ന് കേരളം ഏറ്റെടുക്കുന്നു. കുടുംബശ്രീയും പുരുഷ സ്വയംസഹായ സംഘങ്ങളുമെല്ലാം കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ അതുല്യ മാതൃകകളായി പ്രവര്‍ത്തിക്കുന്നു. അന്യമല്ല ഇരുണ്ട മുഖം കണ്ണൂരിലെ ഗ്രാമക്കാഴ്ചകള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത്ര പ്രത്യാശാജനകമല്ലാത്തത്. ഇവിടത്തെ ലീഗ്, ആര്‍എസ്എസ് പോക്കറ്റുകളിലൂടെ ഒന്നു നടന്നുനോക്കൂ. ഏതോ ഇരുണ്ട കാലത്തെത്തിയതുപോലെ തോന്നും. നേരത്തെ കണ്ട തളിരിട്ട ഗ്രാമജീവിതത്തിന്റെ മറുപുറം. മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗ് ആധിപത്യത്തെ ചോദ്യം ചെയ്യുന്നവര്‍ സ്വന്തം സമുദായത്തില്‍പെട്ടവരാണെങ്കിലും വെട്ടിവീഴ്ത്തപ്പെടും. പട്ടുവം വെള്ളിക്കീല്‍ മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റ് പടിഞ്ഞാറെപുരയില്‍ ബഷീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെള്ളിക്കീല്‍ കടവിനടുത്തെ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള പള്ളിയുടെ മുന്നില്‍ വെട്ടേറ്റ ബഷീര്‍ അരമണിക്കൂറോളം രക്തംവാര്‍ന്നുകിടന്നു. മൊബൈല്‍ ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മുസ്ലിം സമുദായത്തില്‍പെട്ടവരുടെ സ്ഥിതിയിതാണെങ്കില്‍ മറ്റു പാര്‍ടിയില്‍പ്പെട്ട അന്യമതസ്ഥരുടെ കാര്യം പറയേണ്ടതില്ല.

അരിയില്‍ "ലീഗ് റിപ്പബ്ലിക്" സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അവിടെ മറ്റു പാര്‍ടിയോ മതസ്ഥരോ വേണ്ട. അത് കോണ്‍ഗ്രസായാല്‍പോലും. കോണ്‍ഗ്രസ് പതാകയുയര്‍ത്തിയ ഡിസിസി പ്രസിഡന്റിന്റെ മുന്നില്‍വച്ച് ആ കൊടി കീറിയെറിഞ്ഞത് അടുത്ത കാലത്താണ്. കോണ്‍ഗ്രസിന്റെ കൊടിമരമോ ഓഫീസോ ലീഗുകാര്‍ ബാക്കിവച്ചില്ല. പത്രം വിതരണം ചെയ്യുന്നതിനിടെയാണ് പട്ടുവം അരിയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിനുറുക്കിയത്. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം ജില്ലാസെക്രട്ടറിയെയും എംഎല്‍എയെയും വധിക്കാന്‍ ശ്രമിച്ചു. ലീഗിന്റെ ഈ വിളയാട്ടമാണ് ആ പ്രദേശത്തെ സംഘര്‍ഷഭരിതമാക്കിയത്. കണ്ണൂരിന്റെ ശാന്തിയും സമാധാനവും തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നതാരാണ്? അതേക്കുറിച്ച് നാളെ...

*
തയ്യാറാക്കിയത് : നാരായണന്‍ കാവുമ്പായി ,  പി ദിനേശന്‍ , സതീഷ് ഗോപി സങ്കലനം : കെ എന്‍ ബാബു 

അവസാന ഭാഗം: പാര്‍ട്ടി ഗ്രാമങ്ങള്‍: നേരും നുണയും