Tuesday, July 17, 2012

"എഡിറ്റോറിയല്‍ ആക്ടിവിസ"ത്തിന്റെ കാണാപ്പുറങ്ങള്‍

ഒരുകാലത്ത് ജുഡീഷ്യല്‍ ആക്ടിവിസമായിരുന്നു മാധ്യമചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതെങ്കില്‍, ഇപ്പോള്‍ ആ സ്ഥാനത്തേക്ക് എഡിറ്റോറിയല്‍ ആക്ടിവിസം കടന്നുവന്നിരിക്കുന്നു. നിയമവും ഭരണഘടനയും അനുശാസിക്കുന്ന തത്വങ്ങള്‍ക്കും നിബന്ധനകള്‍ക്കും അപ്പുറം കടന്ന് സാമൂഹ്യസംഭവ വികാസങ്ങളില്‍ ന്യായാധിപന്മാര്‍ ഇടപെടുകയും മനോനിഷ്ഠപ്രകാരം വിധി കല്‍പ്പിക്കുകയും ചെയ്യുന്ന സമീപനം ശക്തിപ്പെട്ടപ്പോഴാണ് ജുഡീഷ്യല്‍ ആക്ടിവിസത്തെപ്പറ്റി പരാതികളും ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. ജനാധിപത്യ സംവിധാനത്തിന്റെ കുറ്റമറ്റ നിലനില്‍പിനും അന്തസിനും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലുകള്‍ ഭൂഷണമല്ലെന്ന ചിന്തയാണ് ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളില്‍നിന്നുയര്‍ന്നത്. ജുഡീഷ്യല്‍ ആക്ടിവിസം എത്രത്തോളം പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ, അത്രത്തോളമോ അതിനേക്കാളേറെയോ കുഴപ്പം പിടിച്ചതാണ് എഡിറ്റോറിയല്‍ ആക്ടിവിസം. എന്താണ് കാരണം?

ജുഡീഷ്യറിയിലടക്കം ജനാധിപത്യ സംവിധാനത്തിന്റെ ഏത് മേഖലയിലും ഉണ്ടാകുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ കണ്ടെത്താനും അത് ചൂണ്ടിക്കാണിച്ച് പരിഹാരമുണ്ടാക്കാനും ചുമതലയുള്ളവരാണ് പത്രപ്രവര്‍ത്തകര്‍. അവര്‍ ജാതീയമോ മതപരമോ രാഷ്ട്രീയമോ ആയ താല്‍പര്യങ്ങള്‍ക്ക് വശംവദരായി സാമൂഹ്യ ജീവിത പ്രശ്നങ്ങളില്‍ ഇടപെട്ടു തുടങ്ങിയാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കും. സമീപകാലത്ത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏറെയും കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കാണുമ്പോഴാണ് ഇത്തരത്തില്‍ ചിന്തിക്കേണ്ടി വരുന്നത്. ഏത് സംഭവത്തിന്റെയും ന്യായാന്യായങ്ങളോ, അവയില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ വ്യക്തിപരവും സാമൂഹ്യവുമായ അസ്തിത്വമോ ഒന്നും പരിഗണിക്കാതെ എന്തും ചോദിക്കുകയും എങ്ങനെയും പ്രവര്‍ത്തിക്കുകയും എന്തും എഴുതുകയും ചാനലില്‍ വിളിച്ചുപറയുകയും ചെയ്യുന്ന സമകാലീന മാധ്യമ പ്രവര്‍ത്തനത്തിന്റെ സഹതാപാര്‍ഹമായ ചിത്രമാണ് ഏതാനും ദിവസംമുമ്പ് സിപിഐ (എം) നേതാവ് എം എം മണി തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ സമയത്ത് ചാനലുകളില്‍ ദൃശ്യമായത്. യുദ്ധസന്നാഹ സമാനമായ പൊലീസ് നിര. ചാനല്‍ ക്യാമറകളുടെയും മാധ്യമ ലേഖകരുടെയും പട വേറെ. മണിക്ക് ഹാജരാകാന്‍ നല്‍കിയ സമയം രാവിലെ 10 മണിയാണ്. അഞ്ചുമിനിട്ട് മാത്രം ശേഷിക്കേ, എഡിറ്റോറിയല്‍ ആസ്ഥാനത്തുനിന്ന് ഒരു വാര്‍ത്താ അവതാരകയുടെ അക്ഷമനിറഞ്ഞ സ്വരം! ""ഇനിയും മണിയെ പ്രതീക്ഷിക്കേണ്ടതുണ്ടോ? അയാള്‍ ഒളിവില്‍തന്നെയാണോ? എങ്കില്‍ ഒളിത്താവളം കണ്ടെത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്യാന്‍ തന്നെയാണോ പൊലീസ് നീക്കം". ഇതിനായി എന്തൊക്കെ സംവിധാനങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുള്ളത്? ....."" ചോദ്യശരങ്ങള്‍ക്ക് ലേഖകന്റെ തത്സമയ മറുപടി: ""അവ്യക്തത നിലനില്‍ക്കുകയാണ്. മിക്കവാറും എത്താതിരിക്കാനും സാധ്യതയുണ്ട്. ഇങ്ങോട്ട് പുറപ്പെട്ടതായി ഒരു സൂചനയും ഇപ്പോള്‍ ലഭ്യമല്ല!""ഈ വാചകം പൂര്‍ത്തിയാക്കുംമുമ്പ് പൊലീസ് മാധ്യമപടകള്‍ക്ക് ഇടയില്‍ എം എം മണി കാറില്‍ വന്നിറങ്ങുന്നു!

സമയം: രാവിലെ 09.56. ജില്ലാ സെക്രട്ടറി കൂടിയായ കെ കെ ജയചന്ദ്രന്‍ എംഎല്‍എയും എസ് രാജേന്ദ്രന്‍ എംഎല്‍എയും മണിയോടൊപ്പമുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘ തലവന്‍ എസ്പി പി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം മണിയെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. മണി അകത്തേക്ക് കയറുംമുമ്പ് ചാനലുകാരുടെ ചോദ്യം: ""നിങ്ങള്‍ എവിടെയായിരുന്നു? ഞങ്ങള്‍ പലതവണ വിളിച്ചു. ഫോണ്‍ എടുത്തില്ലല്ലോ! എവിടെയാണ് ഒളിവില്‍ പോയത്?"" ധിക്കാരംനിറഞ്ഞ സ്വരത്തിലായിരുന്നു ചോദ്യം. ""ഞാന്‍ വീട്ടിലുണ്ടായിരുന്നു. പ്രത്യേകിച്ച് എങ്ങോട്ടും പോകേണ്ട ആവശ്യമില്ല..."" മണിയുടെ മറുപടി. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മണി അകത്തേക്ക് കയറി. പിന്നീട് അസ്വസ്ഥരായ മാധ്യമലേഖകര്‍ കെ കെ ജയചന്ദ്രന്‍ എംഎല്‍എയോട് തട്ടിക്കയറുന്ന സ്വരത്തില്‍ സംസാരിക്കുന്നു! ""അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാന്‍ രേഖാമൂലം കത്ത് കൊടുത്തുവിട്ടു. അപ്പോള്‍ ഹാജരായി""- ജയചന്ദ്രന്റെ മറുപടി. ലേഖകര്‍: ""രണ്ടുദിവസം മുമ്പല്ലേ കത്ത് കൊടുത്തു വിട്ടത്. ഈ ദിവസം എവിടെയായിരുന്നു?"" ജയചന്ദ്രന്‍: വീട്ടിലുണ്ടായിരുന്നതായാണ് മനസ്സിലാക്കുന്നത്. നിങ്ങള്‍ക്ക് നോക്കാമായിരുന്നില്ലേ? ""അറസ്റ്റ്ചെയ്താല്‍ നിങ്ങള്‍ എന്തുചെയ്യും? പ്രതികരണം ഉണ്ടാകുമോ?"" ""പാര്‍ടി ജില്ലാകമ്മിറ്റിയില്‍ ഞാനും നിങ്ങളും (മാധ്യമപ്രവര്‍ത്തകര്‍) ഇല്ലേ? നിങ്ങളല്ലേ വാര്‍ത്ത കൊടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നിങ്ങള്‍ക്ക് തെറ്റാന്‍ വഴിയില്ലല്ലോ?"" ജയചന്ദ്രന്‍ ശാന്തനായിത്തന്നെ പറയുന്നു. പരിഹാസ്യരായിട്ടും ലേഖകര്‍ വിടുന്നില്ല. സുപ്രീംകോടതിയില്‍ പോകുന്നു എന്നുപറഞ്ഞാല്‍ പത്തുദിവസത്തേക്ക്, ചോദ്യംചെയ്യല്‍ മാറ്റിവെയ്ക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? സുപ്രീംകോടതി എന്തുപറയുന്നു എന്നും പൊലീസ് ശ്രദ്ധിക്കേണ്ടതായിരുന്നു. പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് എം എം മണിയെ ഒരു വില്ലനാക്കി അവതരിപ്പിക്കുന്നു. ""ഒളിവില്‍ പോകുന്നു"" എന്ന വാക്കിന്റെ അര്‍ഥംപോലും ഇവര്‍ക്കറിയില്ല. ജയചന്ദ്രന്‍ അവിടെ പറഞ്ഞതിന്റെ ചുരുക്കം.

അറസ്റ്റുചെയ്താല്‍ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തില്‍ തൂങ്ങി നിന്നപ്പോള്‍, അറസ്റ്റുചെയ്താലല്ലേ അതേപ്പറ്റി ആലോചിക്കേണ്ടതുള്ളു എന്ന് വ്യക്തമായി പറഞ്ഞു. എന്നാല്‍ ഇതിനെ ചാനലുകള്‍ വ്യാഖ്യാനിച്ചത് ഇങ്ങനെ: ""എന്തുണ്ടാകുമെന്ന് പറയാനാവില്ല"" (മനോരമ) ""എന്തുണ്ടാകുമെന്ന് അറസ്റ്റുചെയ്യുമ്പോള്‍ അറിയാം"" (ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍). എം എം മണി ഇന്ത്യന്‍ പൗരനാണ്. ഭരണഘടന അനുശാസിക്കുന്ന നിയമ വ്യവസ്ഥയ്ക്കുള്ളില്‍നിന്ന് നീതി നേടാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. അത് പൊലീസ് നിഷേധിക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലും കോടതിയില്‍ ഹാജരാക്കലും നിയമാനുസരണമാകണം. മുപ്പതു വര്‍ഷം മുമ്പുള്ള ഒരു സംഭവത്തിന്റെപേരില്‍, കോടതിയില്‍ അവസാന തീര്‍പ്പ് കല്‍പിച്ച കേസിന്റെപേരില്‍ ഈ പേക്കൂത്തിന് നിയമസാധുത നല്‍കുന്നില്ല. കൊടും കുറ്റവാളിക്കുപോലും ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരമുള്ള നടപടിക്രമങ്ങളുടെ സംരക്ഷണമുണ്ട്. ആ സംരക്ഷണം ഉറപ്പാക്കാന്‍ നിലകൊള്ളേണ്ട ഭരണകൂടം രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു! പൊലീസ് കാട്ടിയ തിടുക്കവും അതിരുകടന്ന അതിക്രമങ്ങളും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവയാണ്. ജനാധിപത്യവ്യവസ്ഥയും പൗരാവകാശവും പരിരക്ഷിക്കാന്‍ ബാധ്യതയുള്ള മാധ്യമങ്ങള്‍, ഇന്ന് ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാംതൂണ് (ഫോര്‍ത്ത് എസ്റ്റേറ്റ്) അല്ലാതായിരിക്കുന്നു!

സാമ്രാജ്യത്വത്തിനും, മത-വര്‍ഗ്ഗീയ-തീവ്രവാദ ശക്തികള്‍ക്കും എതിരെ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ തിരുവിതാംകൂറില്‍ ദിവാന്‍ രാമസ്വാമിഅയ്യരുടെ "അഞ്ചുരൂപ പൊലീസി"ന്റെ സ്ഥാനത്തേക്ക് തരം താഴേണ്ട ഒറ്റുകാരായല്ല മാധ്യമ പ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടത്; മാധ്യമങ്ങളും. റൂപര്‍ട്ട് മര്‍ഡോക്കിനെപ്പോലെ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുത്ത കോര്‍പ്പറേറ്റുകളാണ് ഇന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അവരുടെ സാമ്രാജ്യത്വ പ്രീണനയങ്ങളും സാമ്പത്തിക രാഷ്ട്രീയ നയങ്ങളും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാകുന്നു. കോര്‍പ്പറേറ്റ് ദാസ്യവേല ചെയ്യുന്ന മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശമാണ്. ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തമാണ് അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിലൂടെ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും നവോത്ഥാന-ജനകീയ മുന്നേറ്റങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട ചരിത്രം, ഇവിടത്തെ ദേശീയ മാധ്യമങ്ങളില്‍ പലതിനുമുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ ഭീകര മര്‍ദ്ദനവും തടവുശിക്ഷയും ഏറ്റുവാങ്ങിയിട്ടും തൂലിക പടവാളാക്കി ജനകീയ പോരാട്ടങ്ങളില്‍ നിലയുറപ്പിച്ച സ്വദേശാഭിമാനികളുടെ മണ്ണ് ഇവിടെയാണ്. അക്കാലത്തും പട്ടും വളയും വാങ്ങാന്‍ വെമ്പല്‍കാട്ടുന്നവരുടെയും, ദാസ്യവൃത്തിക്കാരായ കൊട്ടാരം സേവകരുടെയും മുന്നില്‍ അരയില്‍ മുണ്ടുകെട്ടി എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ കുമ്പിട്ടു സ്വീകരിച്ചവരും കുറവല്ലായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഇവിടെ വന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴടക്കി; നാട്ടുരാജ്യങ്ങളെയും. രാജാക്കന്മാരെയും ദിവാന്മാരെയും വരുതിയില്‍ നിറത്തി. അങ്ങനെ ബ്രിട്ടന്റെ നുകം പേറിയത് ഇരുന്നൂറു വര്‍ഷം.

രാജ്യം സ്വതന്ത്രമാക്കാന്‍ നടത്തിയ ജനകീയ പോരാട്ടങ്ങള്‍ നൂറ്റമ്പതോളം വര്‍ഷം. ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ പുലര്‍വെട്ടം. അറുപത്തഞ്ചാണ്ടു പിന്നിട്ടു. രാജ്യം വീണ്ടും അടിമത്ത സമാനമായ സാഹചര്യങ്ങളിലേക്ക് വഴുതിക്കൊണ്ടിരിക്കുന്നു. ഈ വിപത്ത് ഭരണവര്‍ഗ്ഗം അറിയാഞ്ഞിട്ടല്ല. സാമ്രാജ്യത്വ-കുത്തകകള്‍ കയ്യാളുന്ന കോര്‍പ്പറേറ്റ് കമ്പനികളും വ്യവസായ സാമ്രാജ്യങ്ങളും ഭരണാധികാരം കയ്യാളുന്നവര്‍ക്കുകൂടിയുള്ളതാണ്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ വ്യവസായ സാമ്രാജ്യവും അക്കൂട്ടത്തില്‍പെടും. എഡിറ്റോറിയല്‍ ആക്ടിവിസത്തിന്റെ കാണാപ്പുറങ്ങള്‍ അവിടെയാണ്. അത് തിരിച്ചറിയാനുള്ള കാഴ്ചപ്പാടാണ് ഇവിടത്തെ ജനസമൂഹത്തിനാകെ ഉണ്ടാകേണ്ടത്.

*
പി വി പങ്കജാക്ഷന്‍ ചിന്ത 20 ജൂലൈ 2012

No comments: