Thursday, July 12, 2012

രക്ഷിക്കാത്ത വിശ്വാസങ്ങള്‍

ചികിത്സാരീതികളും രോഗനിര്‍ണയമാര്‍ഗങ്ങളും ഏറെ വളര്‍ന്നെങ്കിലും പല രോഗാവസ്ഥകളെപ്പറ്റിയും പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ ഏറെയാണ്. അത്തരത്തില്‍ ചില ധാരണകളെപ്പറ്റിയും അവയിലെ അപകടങ്ങളെപ്പറ്റിയുമാണ് ഈ കുറിപ്പ്.

1. പട്ടികടിച്ച് ഇഞ്ചക്ഷനെടുത്താല്‍ നാരങ്ങയോ അച്ചാറോ ജീവിതത്തില്‍ കഴിക്കരുത്.

പേപ്പട്ടിക്ക്, നാരങ്ങ ഇട്ടുകൊടുത്താല്‍ വായില്‍ വെള്ളമൂറുകയും വെള്ളം കണ്ടാല്‍ ഭയപ്പെടുന്ന പ്രതികരണം (hydrophobic reaction) കാണിക്കുകയും ചെയ്യും എന്ന നിരീക്ഷണത്തില്‍ നിന്നു വന്നതാവാം ഇത്.
                             
ഏതായാലും പേപ്പട്ടിവിഷത്തിന് ഇഞ്ചക്ഷന്‍ എടുക്കുന്നവരോ പട്ടിയുടെ കടിയേറ്റവരോ അച്ചാറും നാരങ്ങയും തൊടരുതെന്നു വിലക്കാന്‍ ഒരു അടിസ്ഥാനവുമില്ല

2. ഇരുമ്പുകൊണ്ടു മുറിഞ്ഞാല്‍ ഉടനെ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണം.

വല്ലാതെ മലിനമായ മുറിവുകള്‍ക്കാണ് ടെറ്റനസ് എടുക്കുക. ചെറിയ വൃത്തിയുള്ള മുറിവുകള്‍ക്കു (ഉദാ: ബ്ലെയ്ഡ്/കത്തി കൊണ്ടുണ്ടായ ചെറിയ മുറിവുകള്‍) ടെറ്റനസ് ഇഞ്ചക്ഷന്‍ ആവശ്യമില്ല. ആഴ്ചതോറുമോ മാസന്തോറുമോ വരുന്ന മുറിവുകള്‍ക്കൊക്കെ പോയി ടിടി എടുക്കുന്ന ആളുകളുണ്ട്. സാധാരണ കുട്ടികളുടെ ട്രിപ്പിള്‍ വാക്സിനില്‍ ടെറ്റനസ് ഇഞ്ചക്ഷനുണ്ട്. അത് മൂന്നു ഡോസ് അഞ്ചുവയസ്സിനുള്ളില്‍ത്തന്നെ കിട്ടുന്നതാണ്. പിന്നെ അഞ്ചാം വയസ്സില്‍, 10-ാം വയസ്സില്‍ ഒടുവില്‍ 15-ാം വയസ്സില്‍ (10-ാം ക്ലാസ്) ഓരോ ബൂസ്റ്റര്‍വീതവും സര്‍ക്കാര്‍കണക്കിലുണ്ട്. ഇതുകഴിഞ്ഞാല്‍ പിന്നെ 50 വയസ്സുവരെ പൂര്‍ണമായും പ്രതിരോധം നേടിക്കഴിഞ്ഞു (Fully immunized). ഇടയ്ക്കിടയ്ക്ക് ടിടി എടുക്കേണ്ട കാര്യമില്ല. ഏറ്റവും ചുരുങ്ങിയ ഇടവേള എടുത്താല്‍പോലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്താല്‍ മതി (ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിക്സ് നിര്‍ദ്ദേശം).

ക്ലോസ്ട്രിഡിയം ടെറ്റാനി (Clostridium tetani) എന്ന ബാക്ടീരിയയും ഇരുമ്പുമായി പ്രത്യേക ബന്ധമൊന്നുമില്ല. ഇരുമ്പു കൊണ്ടുമാത്രമല്ല, അപകടംപറ്റി കൈകാലുകള്‍ കീറിമുറിഞ്ഞാലോ, മണ്ണുംപൊടിയും പറ്റിയാലോ, വലിയ ശസ്ത്രക്രിയകളില്‍ (ഉദാ: പ്രസവം, വയറുകീറി ഓപ്പറേഷന്‍, എല്ലു പൊട്ടിയതു നേരേയാക്കാന്‍) ഒക്കെ ടിടി എടുക്കേണ്ടിവരും. മണ്ണിലും നമുക്കു ചുറ്റിനുമുള്ള സകല സാധനങ്ങളിലും ടെറ്റനസ് ബാസിലസ് ഉണ്ട്. അതില്‍നിന്നുള്ള ഇന്‍ഫക്ഷനും അതുകൊണ്ടുതന്നെ സര്‍വ സാധാരണമാണ്. തുരുമ്പിനും ഇരുമ്പിനും പ്രത്യേകതയൊന്നുമില്ല.

3. മുറിവുകള്‍ നനയ്ക്കരുത്.

മുറിവുകള്‍ ഉണങ്ങാന്‍ ചെറിയ നനവ് നല്ലതാണ്. നനഞ്ഞതും ഇളംചൂടുള്ളതുമായ പരിസരത്തില്‍ രക്തക്കുഴലുകള്‍ വേഗം പൊടിക്കുകയും മുറിവിനുമേല്‍ തൊലി വളര്‍ന്ന് നികന്നുവരാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നുവച്ച് സദാ വെള്ളത്തില്‍ നനച്ചുപിടിച്ചാല്‍ രോഗാണുബാധയ്ക്ക് സാധ്യത കൂടാം. വൃത്തിയുള്ള വെള്ളത്തില്‍ കഴുകിത്തുടച്ചിട്ട് അണുരഹിതമാക്കാനുള്ള മരുന്നുപുരട്ടിയോ അല്ലാതെയോ ഡ്രസ് ചെയ്തു വയ്ക്കുന്നതാണ് നല്ലത്.

4. മുള്ളോ ഇരുമ്പോ കൊണ്ടു മുറിഞ്ഞാല്‍ കുറേ രക്തം പിഴിഞ്ഞുകളയണം.

ഇങ്ങനെ പിഴിഞ്ഞുകളഞ്ഞാല്‍ പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ല. ഞെക്കിയും പിഴിഞ്ഞും മുറിവായ വലുതാക്കുന്നതിനേക്കാള്‍ നല്ലത് ഒഴുകുന്ന വെള്ളത്തില്‍ പിടിച്ച് മുറിവു കഴുകുന്നതാണ്. അണുക്കളെ നീക്കാന്‍ വെള്ളമാണ് നല്ലത്.

5. പാമ്പോ മറ്റു ജന്തുക്കളോ കടിച്ചാല്‍ മുറിവായ്ക്കു മുകളില്‍ വരിഞ്ഞുകെട്ടി രക്തയോട്ടം നിര്‍ത്തണം.

മുന്‍കാലങ്ങളില്‍ ഫസ്റ്റ്എയ്ഡ് കൊടുക്കുന്നതിനെപ്പറ്റി സാധാരണക്കാര്‍ക്ക് ക്ലാസ് കൊടുക്കുമ്പോള്‍ പാമ്പുകടിയുടെയും മറ്റും മുറിവായ്ക്കുമേല്‍ തുണികെട്ടുന്ന കാര്യം പറയാറുണ്ട്. ഇങ്ങനെ വരിഞ്ഞു മുറുക്കിക്കെട്ടുന്നതുമൂലം കൊത്തേറ്റ കൈയോ കാലോ രക്തയോട്ടമില്ലാതെ നിശ്ചേഷ്ടമായിപ്പോകുന്നതാണ് കൂടുതല്‍ വലിയ അപകടം. അതുകൊണ്ട് ഈ വരിഞ്ഞുകെട്ടല്‍ പരിപാടി നിരുത്സാഹപ്പെടുത്തേണ്ടതാണ്. വിഷം മുകളിലേക്കു കേറാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് കൊത്തു കൊണ്ട ശരീരഭാഗം അനക്കാതെവയ്ക്കുക എന്നതാണ്. പേശികള്‍ അനങ്ങുമ്പോള്‍ സിരകളിലൂടെ (veins) കൂടുതലായി രക്തം മുകളിലേക്ക് തിരികെ സഞ്ചരിക്കുകയും കയറിയ വിഷം വേഗം ഹൃദയത്തിലേക്കെത്തുകയും ചെയ്യാം. അതുകൊണ്ടാണ് കൊത്തുകൊണ്ട ഭാഗം അനക്കാതെ വയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ഇനി, കടിച്ചതിനു മുകളില്‍ കെട്ടിട്ടേതീരൂ എന്നു വാശിയാണെങ്കില്‍ മുറിവായ്ക്ക് നാലിഞ്ചു മുകളില്‍ തുണിയോ ബാന്‍ഡേജോ ഉപയോഗിച്ച് കെട്ടുക. മുറുക്കം കൂടാതിരിക്കാന്‍ ഇത്രമാത്രം ശ്രദ്ധിക്കുക: ഒരു വിരല്‍ ആ കെട്ടിനുള്ളിലൂടെ കടത്താന്‍ പറ്റണം. അത്രയും മുറുക്കമേ പാടുള്ളൂ.

6. പൊള്ളലേറ്റാല്‍ അവിടെ ടൂത്ത് പേസ്റ്റ്/മഞ്ഞള്‍ തേയ്ക്കുക.

പൊള്ളലേറ്റയിടം ധാരാളം വെള്ളം (തണുത്തതോ പച്ചവെള്ളമോ) കൊണ്ടു കഴുകുക. വൈദ്യസഹായം തേടുന്നതുവരെ ഒന്നും പുരട്ടാതിരിക്കുക. മിക്കവരും അടുക്കളയില്‍ കറിക്കിടാന്‍ വച്ച, വൃത്തിയുടെ കാര്യത്തില്‍ ഒരു ഗ്യാരന്റിയുമില്ലാത്ത മഞ്ഞപ്പൊടിയും ടൂത്ത്പേസ്റ്റും പച്ചിലച്ചാറും എണ്ണയുമൊക്കെ എടുത്ത് പൊള്ളലേറ്റിടത്ത് പുരട്ടുന്നതായി കണ്ടുവരുന്നു. അല്ലെങ്കില്‍ത്തന്നെ പൊള്ളലേറ്റയിടത്ത് അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. അതിന് അണുവിമുക്തമല്ലാത്ത ഓരോന്നൊക്കെ എടുത്ത് തേയ്ക്കുന്നത് കൂടുതല്‍ കുഴപ്പത്തിനേ ഉപകരിക്കൂ. പൊള്ളിയിടത്ത് തേന്‍ പുരട്ടുന്നത് പല നാടുകളിലും വ്യാപകമാണ്. സംസ്കരിക്കാത്ത (unprocessed) തേനില്‍ തേനീച്ചയുടെ ഉമിനീരും മറ്റും കലര്‍ന്നിരിക്കുന്നതിനാല്‍ ചെറിയതോതില്‍ അണുനാശക ശേഷിയുണ്ടെന്നു പറയാം. അതുകൊണ്ട് മുറിവായില്‍ തേന്‍ പുരട്ടലില്‍ അല്‍പ്പം ശാസ്ത്രമുണ്ട്.
                                  
എന്നാല്‍ ക്ലോസ്ട്രീഡിയം ബോട്ട്യുലൈനം എന്ന ബാക്ടീരിയത്തിന്റെ സാന്നിധ്യം തേനിനെ അപകടകാരിയാക്കാം. വീട്ടില്‍ വാങ്ങിവച്ചിരിക്കുന്ന തേനിന്റെ ശുദ്ധിയെപ്പറ്റിയൊന്നും നമുക്ക് അറിയില്ല. കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കുന്നതും ഇതുകൊണ്ടുതന്നെ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ ബര്‍ണോള്‍പോലുള്ള ക്രീം/ഓയിന്റ്മെന്റുകള്‍ ഉപയോഗിക്കാവുന്നതാണ്. സാധനം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതാണെങ്കില്‍ കാലാവധി കഴിഞ്ഞോ എന്നു നോക്കി ഉപയോഗിക്കണമെന്നുമാത്രം. രണ്ട് ആന്റിസെപ്റ്റിക് (അണുനാശിനി) കെമിക്കലുകള്‍ അടങ്ങിയതാണ് ഈ ഓയിന്റ്മെന്റ്. അമാക്രീന്‍ ഹൈഡ്രോക്ലോറൈഡ് എന്ന അമീനോ ആക്രിഡിനും തൈമോളും ആണ് അതിന്റെ പ്രധാന ഘടകങ്ങള്‍. ഇവ വളരെക്കാലമായി അണുനാശിനികളായി ഉപയോഗിക്കുന്നവയാണ്; പൊള്ളലിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്നത് സില്‍വര്‍ സള്‍ഫാ ഡയസീന്‍ ആണ്. പൊള്ളലേറ്റ തൊലി തിരിച്ചു വളരുന്നതിനെ ത്വരിതഗതിയിലാക്കാന്‍ സില്‍വര്‍ സള്‍ഫാ ഡയസീനു പറ്റും എന്ന ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റെക്കമെന്റേഷന്‍. ആശുപത്രികളില്‍ ഇതിന്റെ പല ബ്രാന്‍ഡുകളും ഉപയോഗിക്കുന്നുണ്ട്. പൊള്ളലില്‍ ബര്‍ണോളോ മറ്റ് അണുനാശിനി ക്രീമുകളോ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല.

7. കടന്നല്‍ കുത്തിയാല്‍ അവിടെ ചുണ്ണാമ്പു തേയ്ക്കുക.

വെള്ളം വലിച്ചെടുക്കാനുള്ള ശേഷി (hygroscopic action) വഴി ചുണ്ണാമ്പ് കടന്നല്‍ കുത്തിയിടത്തെ നീരു വറ്റിക്കാന്‍ സഹായിക്കും എന്നതുകൊണ്ടാവാം ഈ പൊടിക്കൈപ്പണി വ്യാപകമായത്. ചുണ്ണാമ്പ് തൊലിയില്‍ തേച്ചാല്‍ അതുമൂലംതന്നെ പൊള്ളലുണ്ടാവാന്‍ സാധ്യതയുണ്ട്. (ചിലര്‍ വെളിച്ചെണ്ണ പുരട്ടുന്നതു കണ്ടിട്ടുണ്ട്. വെളിച്ചെണ്ണ സാമാന്യം ന്യൂട്രല്‍ ആണ്. അതുകൊണ്ട് അതു പുരട്ടുന്നത് അത്ര പ്രശ്നമുള്ളതല്ല.) പക്ഷേ തൊലിപ്പുറമേ ഉള്ള പ്രതികരണം എന്താവുമെന്നറിയാതെ നീരുവച്ചിടത്ത് അതുമിതും പുരട്ടുന്നതിനേക്കാള്‍ നല്ലത് വൈദ്യസഹായം തേടുന്നതാണ്. സര്‍വസാധാരണമല്ലെങ്കിലും ചെറിയ കീടക്കടി (insect bites) പോലും കടുത്ത അലര്‍ജിക്ക് പ്രതികരണമുളവാക്കി ശ്വാസംമുട്ടലും, ദേഹം മുഴുവന്‍ നീരും ചൊറിച്ചിലും ഉണ്ടാക്കുന്ന അവസ്ഥയിലേക്കു പോകാം.

8. അപസ്മാരം വരുമ്പോള്‍ കൈയിലോ വായിലോ ഇരുമ്പ് വച്ചുകൊടുക്കുക.

സിനിമകളിലൂടെ പ്രചരിച്ചതാണോ ഈ മണ്ടത്തരം എന്നറിയില്ല. ചില വ്യാജശാസ്ത്രജ്ഞര്‍ എഴുത്തുകളിലൊക്കെ ശരീരകാന്തികത എന്ന ഇല്ലാപ്രതിഭാസവുമായി ചേര്‍ത്തുകെട്ടി ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്. ഏതായാലും ശരീരത്തിനു ചുറ്റും കാന്തവലയമില്ല. അപസ്മാരത്തിന് കാന്തികതയുമായി ബന്ധവുമില്ല. ഒരു ശരാശരി അപസ്മാര എപ്പിസോഡ് 12 മിനിറ്റിനു താഴെയേ നീണ്ടു നില്‍ക്കാറുള്ളൂ. ഇതിനിടയ്ക്ക് നിങ്ങള്‍ ഇരുമ്പല്ല, വൈഢൂര്യമോ പുഷ്യരാഗമോ കാഞ്ചീപുരം സാരിയോ രോഗിയുടെ കൈയില്‍ പിടിപ്പിച്ചാലും  ഒരുസമയം കഴിയുമ്പോള്‍ താനെ നില്‍ക്കും. അത്രയേയുള്ളൂ, ഇരുമ്പുമായുള്ള ബന്ധവും. അപസ്മാരം വന്ന് വെട്ടുന്ന രോഗിയെ ആദ്യം തറയില്‍ വീണ് തലയും കൈകാലും ഇടിച്ച് പൊട്ടാതെ ഒരു സ്ഥലത്തുതന്നെ കിടത്താനാണ് ശ്രദ്ധിക്കേണ്ടത്. ബലമായി പിടിച്ച് വെട്ടല്‍ നിര്‍ത്താനോ കൈകാലുകളെ കൂച്ചുവിലങ്ങിടാനോ ശ്രമിക്കുന്നത് രോഗിക്ക് കൂടുതല്‍ ഹാനികരമായേക്കാം.

കട്ടിലിലാണു രോഗിയെങ്കില്‍ താഴെവീഴാതെ നോക്കിയാല്‍ മതി. കൈയും കാലും കൂട്ടിപ്പിടിച്ച് അടക്കിനിര്‍ത്താന്‍ ശ്രമിക്കരുത്. അപസ്മാരമെന്നത് തലച്ചോറിലെ ഏതാനും നിമിഷങ്ങളുടെ വൈദ്യുത പ്രവര്‍ത്തനത്തിന്റെ ഫലമാണ്. അതിന് നിങ്ങള്‍ രോഗിയെ പൊതിഞ്ഞുപിടിച്ചാലൊന്നും നില്‍ക്കില്ല. അപസ്മാരം വന്ന് വെട്ടുന്നയാളുടെ വായില്‍ സ്പൂണിട്ട് നാവു കടിക്കാതെ തടയാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. സ്പൂണിലോ തടികഷണത്തിലോ ബലമായി കടിച്ച് പല്ലുപൊട്ടാനും അത് തൊണ്ടയിലേക്ക് പോകാനുമൊക്കെ സാധ്യതയേറെയാണ്. ശക്തമായ അപസ്മാരത്തില്‍ രോഗിയുടെ പേശികള്‍ വലിഞ്ഞു നില്‍ക്കുമ്പോള്‍ പലപ്പോഴും നമുക്ക് ഊഹിക്കാന്‍ കഴിയാത്ത ബലം കാണും. അപസ്മാരം വന്ന് വെട്ടിക്കൊണ്ടിരിക്കുന്ന രോഗിയെ ആശുപത്രിയിലേക്കു മാറ്റുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

*
ഡോ. സൂരജ് രാജന്‍ യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി, ക്വീന്‍ സ്ക്വയര്‍, ലണ്ടന്‍
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചികിത്സാരീതികളും രോഗനിര്‍ണയമാര്‍ഗങ്ങളും ഏറെ വളര്‍ന്നെങ്കിലും പല രോഗാവസ്ഥകളെപ്പറ്റിയും പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ ഏറെയാണ്. അത്തരത്തില്‍ ചില ധാരണകളെപ്പറ്റിയും അവയിലെ അപകടങ്ങളെപ്പറ്റിയുമാണ് ഈ കുറിപ്പ്.