Tuesday, July 24, 2012

ചന്ദ്രശേഖരന്‍ വധവും എഴുത്തുകാരുടെ പ്രതികരണങ്ങളും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിലെ കലാകാരിലും എഴുത്തുകാരിലും ബുദ്ധിജീവികളിലും വലിയ പ്രതിഷേധം ഉണ്ടാക്കി. ആ കൊലപാതകത്തിന്റെ പൈശാചികതയും ജനാധിപത്യ വിരുദ്ധതയുമാവാം ഒരു കാരണം. അതോടൊപ്പം തന്നെ സിപിഐഎമ്മിനെതിരായി ഒരു പൊതുബോധം സൃഷ്ടിക്കുന്നതിനു വിരുദ്ധന്മാര്‍ നടത്തിയ സംഘടിതമായ ശ്രമവും ഇതിെന്‍റ പിന്നിലുണ്ട്. അതല്ലെങ്കില്‍ ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലപാതകം എന്തുകൊണ്ടു കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു പൊതുവികാരം ഉയര്‍ത്തിയില്ല എന്നത് വിശദീകരിക്കാനാവില്ല. മിടുക്കനായ ഈ വിദ്യാര്‍ത്ഥി, അച്ഛനമ്മമാരുടെ ഏകമകന്‍, ചെയ്ത തെറ്റോ? തമിഴ് വംശജര്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് അന്വേഷിക്കാന്‍ കൂട്ടുകാരുമായി പോയി. തിരിച്ചു വരവേ കോണ്‍ഗ്രസുകാര്‍ പതിയിരുന്നു കൊന്നു. രണ്ടു കൊലപാതകങ്ങളോടുമുള്ള പ്രതികരണങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ ടി പി വധത്തില്‍ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള സംഘടിത ഇടപെടല്‍ ബോധ്യമാകും. ഒരു മാസത്തിലേറെക്കാലം മാതൃഭൂമി, മനോരമ പത്രങ്ങളുടെ ഒന്നാം പേജില്‍ ഒന്നാം വാര്‍ത്തയായും ടിവി ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ് ആയും ഈ കൊലപാതകത്തെ നിലനിറുത്താന്‍ അവര്‍ക്കു കഴിഞ്ഞു. ചന്ദ്രശേഖരന്റെ വധത്തെ കേരളത്തിലെ നന്ദിഗ്രാമാക്കുകയായിരുന്നു അവരുടെ ആഗ്രഹം. ഇടതുപക്ഷ ആശയങ്ങളോടു യോജിപ്പുള്ള എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ കൊലപാതകത്തില്‍ തങ്ങളുടെ അമര്‍ഷവും ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. എന്നാല്‍ യുഡിഎഫും ഉമ്മന്‍ചാണ്ടിയും എഴുതിയ തിരക്കഥയ്ക്കനുസരിച്ച് വേഷം കെട്ടാന്‍ അവര്‍ തയ്യാറായില്ല. ചന്ദ്രശേഖരന്‍ വധത്തെ എതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്താല്‍ മാത്രം പോര, യുഡിഎഫും പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് വിരുദ്ധരും കല്‍പ്പിക്കുന്നപ്രകാരം സിപിഐഎമ്മിനെതിരെ ഉറഞ്ഞുതുളളുകകൂടി ചെയ്യണമെന്നായിരുന്നു നിര്‍ബന്ധം. കൊലപാതക വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ സിപിഐഎമ്മിനെതിരെ ആര്‍ത്തലച്ച വിദ്വേഷപ്രചാരണം ഏറ്റെടുക്കാന്‍ മടിച്ച എഴുത്തുകാരും കലാകാരന്മാരുമൊക്കെ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.

എഴുത്തുകാര്‍ അപ്പക്കഷണങ്ങള്‍ക്കു പിന്നാലെയോ?

എഴുത്തുകാര്‍ പ്രതികരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി, കെപിസിസി പ്രസിഡണ്ട്, എം പി വീരേന്ദ്രകുമാര്‍, പിസി ജോര്‍ജ് തുടങ്ങിയവര്‍ ആരോപണമുയര്‍ത്തിയതിനു പിന്നാലെ എഴുത്തുകാരുടെ സിപിഐഎം വിരുദ്ധ ഘോഷയാത്രക്ക് ചെണ്ട കൊട്ടി മുന്നില്‍ നിന്നതു സി ആര്‍ പരമേശ്വരനാണ്.

എഴുത്തുകാരോട് അദ്ദേഹം ഫേസ്ബുക്കില്‍ തുടങ്ങിയ പുലഭ്യം മാതൃഭൂമി പത്രത്തിലെ ലേഖനത്തിലേക്കു നീട്ടി (മാതൃഭൂമി, മെയ് 25). ""വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല"" എന്ന അരുണ്‍ ഷൂരിയുടെ വാക്കുകള്‍ ഉദ്ധരിച്ചിട്ടാണ് ലേഖനം തുടങ്ങുന്നത്. (സംഘപരിവാറിനുവേണ്ടി എഴുത്തുകാരെ ഭീഷണിപ്പെടുത്താന്‍ ഷൂരി ഉപയോഗിച്ച വാക്കുകളും വാദവും തന്നെ പരമേശ്വര്‍ജി ഉപയോഗിച്ചതു നന്നായി. കാര്യങ്ങള്‍ക്ക് അത്രയെങ്കിലും വ്യക്തതയുണ്ടല്ലോ.) പരമേശ്വരന്‍ പറയുന്നു: ഒ.എന്‍.വി. മൗനത്തിനു കാരണമായി സുദീര്‍ഘമായി കവിധര്‍മം പഠിപ്പിച്ചതിലെ കള്ളത്തരം മലയാളികള്‍ മനസ്സിലാക്കിയില്ലെന്നാണോ കരുതിയിരിക്കുന്നത്?; ദുരധികാരത്തെ വെല്ലുവിളിച്ചു തീയിലൂടെ നടന്ന ആണുങ്ങള്‍ വേറെ ഭാഷകളില്‍, എഴുതിയതിനെ അനുകരിച്ചാണ് സച്ചിദാനന്ദന്‍ മിമിക്രി കലാകാരന്മാരെ പോലെ ""കവിത നിരര്‍ഥകമാണ്"", ""നമ്മള്‍ തോറ്റു"" എന്നൊക്കെ സംസ്കൃതം തട്ടിവിടുന്നത്. ""ചെയ്തത് മാര്‍ക്സിസ്റ്റുകാരാണെങ്കില്‍..."",""മാര്‍ക്സിസ്റ്റുകാര്‍ ചെയ്യുമെന്ന് എനിക്കും തോന്നുന്നില്ല..."", ""അവരാണെങ്കില്‍ തന്നെ നേതൃത്വം അറിയാതെയായിരിക്കും ചെയ്തിരിക്കുക"", എന്നിങ്ങനെ ഒരേസമയം ആശ്വസിക്കുകയും പരിഭ്രാന്തികൊള്ളുകയും ചെയ്യുന്ന സച്ചിദാനന്ദനെ കാണുന്നില്ലേ? അതാണ് യഥാര്‍ഥ സച്ചിദാനന്ദന്‍. ഈ പൊടിപടലങ്ങള്‍ ഒന്നടങ്ങിയാല്‍, ഗ്രാംഷി അനുസ്മരണത്തിനും പു.ക.സ. സമ്മേളനത്തിനും അന്‍പതോളം വരുന്ന അവാര്‍ഡ്ദാന സ്വീകാര റാക്കറ്റിലേക്കും പഴയ പോലെ തിരിച്ചുകയറാന്‍ ഉതകുന്ന സുരക്ഷാസജ്ജീകരണമുള്ള ഭാഷ കണ്ടെത്തുക, ഇത് പോലുള്ള അവസരങ്ങളില്‍ സച്ചിദാനന്ദന് പോലും എളുപ്പമല്ല.എന്തൊരു കുടിലഭാഷണം! മലയാളത്തിലെ മറ്റ് എഴുത്തുകാരെ അമാന്യമായ ഭാഷണത്തിലൂടെ ഭീഷണിപ്പെടുത്തുകയാണു പരമേശ്വരന്‍. അക്കാദമി അംഗത്വം, പുരസ്കാരം തുടങ്ങിയവയ്ക്കു വേണ്ടിയാണ് എഴുത്തുകാര്‍ മിണ്ടാതിരിക്കുന്നത് എന്ന ബാലിശ വാദമുയര്‍ത്തുന്നവരോടു വര്‍ത്തമാനം പറയുന്നതിലര്‍ത്ഥമില്ല. എന്നാലും ഒന്നുരണ്ടു കാര്യങ്ങള്‍ പറയാതെ വയ്യ.

കഴിഞ്ഞ ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കാലത്തു സാംസ്കാരിക വകുപ്പിന്റെ ചെലവു നാലു മടങ്ങു വര്‍ദ്ധിച്ചു. സര്‍ഗാത്മകതയ്ക്ക് അംഗീകാരം നല്കുന്ന സമീപനം സര്‍ക്കാര്‍ എടുത്തു. സഖാവ് എം എ ബേബിയുടെ സജീവമായ താല്പര്യമാണ് ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അത് പരമേശ്വരനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ഗ്ളാനി ഉണ്ടാക്കിയെങ്കില്‍ ഞങ്ങള്‍ നിസ്സഹായരാണ്. പരമേശ്വരന്‍ ഇതിന്റെ തുടര്‍ച്ചയായി പറയുന്നു, 2006 മുതല്‍ ആരംഭിച്ച ഇടതുഭരണം ബുദ്ധിജീവി പ്രീണനത്തിന്റെ കാര്യത്തില്‍ ഒരു വഴിത്തിരിവ് ആയിരുന്നു. അന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധരും വിമര്‍ശകരുമായിരുന്ന മുതിര്‍ന്ന സാഹിത്യകാരന്മാരും സാഹിത്യകാരികളുമൊക്കെ ഇക്കുറി കരടിപ്പിടിയിലൊതുങ്ങി വഴങ്ങി. ഭരണകൂടവും പാര്‍ട്ടിയും വിചാരിച്ചാല്‍ നല്‍കാനാവുന്ന വലിയ പുരസ്കാരങ്ങള്‍ എല്ലാവര്‍ക്കും നല്‍കി. സ്ഥാപനങ്ങള്‍ നടത്തുന്ന എഴുത്തുകാര്‍ക്ക് സുരക്ഷിതത്വവും സാമ്പത്തികസുരക്ഷിതത്വവും നല്‍കി.

എന്താണു പരമേശ്വരന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. പുരസ്കാരങ്ങളുടെയും മറ്റും കാര്യത്തില്‍ പാര്‍ടി സഹയാത്രികരെ മാത്രം പരിഗണിച്ചാല്‍ അതാവും പരമേശ്വര്‍ജിക്ക് പ്രശ്നം. എല്ലാവരെയും ഒരുപോലെ കണ്ടാല്‍ അതും പ്രശ്നം. അപ്പോള്‍ പിന്നെ പരിഹാരം ഉണ്ടാക്കേണ്ടത് ഞങ്ങളല്ല. തിരൂരിലെ തുഞ്ചന്‍ സ്മാരകത്തിന് ധനസഹായം ചെയ്തത് അതിന്റെ തലപ്പത്ത് എം ടി വാസുദേവന്‍ നായര്‍ ആയതുകൊണ്ടല്ല. മലബാറിലെ പ്രധാനപ്പെട്ട ഒരു മതേതര സാംസ്കാരിക സ്ഥാപനമാണത്. അത് സാമ്പത്തിക പരാധീനത മൂലം തകരരുത് എന്നാഗ്രഹിച്ചതു കൊണ്ടാണ്. അഭയയ്ക്കു ധനസഹായം നല്‍കാന്‍ സുഗതകുമാരിയാണത് നയിക്കുന്നത് എന്നത് ഒരു അയോഗ്യത അല്ല. ഞാന്‍ നേരിട്ട് അഭയയില്‍ പോയി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടാണ് അതു ചെയ്തത്. അവരുടെ കാലശേഷവും തുടരേണ്ട പ്രവര്‍ത്തനമാണത്. പരമേശ്വരന്റെ വിതണ്ഡവാദങ്ങള്‍

എത്രമാത്രം വ്യക്തി വിദ്വേഷത്തിലൂന്നിയതും ഇടുങ്ങിയ മനഃസ്ഥിതിയുടെ ജല്പനങ്ങളുമാണെന്നതിനുള്ള ഉദാഹരണമാണ് അദ്ദേഹം പറയുന്ന ഈ വാക്കുകള്‍, ഐസക്കിന്റെയും ബേബിയുടെയും സുഹൃത്തായ റൂബിന്‍ ഡിക്രൂസ് അവിഹിതമായി ഒരു ഉദ്യോഗം കരസ്ഥമാക്കിയതും അതില്‍ സ്ഥിരപ്പെടാന്‍ ശ്രമിച്ചതും നമ്മുടെ മുന്നണി സംവിധാനത്തിലെ സ്വജനപക്ഷപാതചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം. എന്നാല്‍, അദ്ദേഹം പുതിയ സര്‍ക്കാറിനാല്‍ യഥാസമയം പുറത്താക്കപ്പെട്ടപ്പോള്‍ പ്രതിഷേധ പ്രസ്താവന പുറപ്പെടുവിക്കാന്‍ ഒ.എന്‍.വി.യും സച്ചിദാനന്ദനും ചുള്ളിക്കാടും തെല്ലിടപോലും സമയം എടുത്തില്ല എന്നതാണ് ഇവിടെ പ്രസക്തം. നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ വളരെ പ്രാഗത്ഭ്യത്തോടെ പ്രവര്‍ത്തിച്ചു വന്ന ഒരാളെ ഒരു വ്യക്തി ആയി കാണാന്‍ പോലും പരമേശ്വര്‍ജിയുടെ മേധാവിത്വബോധം അനുവദിക്കുന്നില്ല. റൂബിന്‍ ഡിക്രൂസിന്റെ ഏക ഐഡന്‍റിറ്റി ബേബിയുടെയും ഐസക്കിന്റെയും സുഹൃത്ത് എന്നതാണ്. അദ്ദേഹം അഞ്ചു വര്‍ഷം ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണാനും പരമേശ്വരനാവുന്നില്ല. പക്ഷേ, അതു കണ്ടിട്ടാണ്, മറ്റൊരു ബാഹ്യപ്രേരണയും ഇല്ലാതെ കേരളത്തിലെ എഴുത്തുകാരെല്ലാം റൂബിന്‍ ഡിക്രൂസിന്റെ നിയമ വിരുദ്ധമായ പിരിച്ചുവിടലിനെ എതിര്‍ത്തത്. എഴുത്തുകാര്‍, സര്‍ക്കാരിനും പാര്‍ടിക്കും നല്കാവുന്ന സൗജന്യങ്ങള്‍ക്കായി കാത്തുകെട്ടിക്കിടക്കുന്നവരാണെന്ന പരമേശ്വരന്റെ അഭിപ്രായം, ഇതൊന്നും കിട്ടാത്തതിന്റെ, എഴുത്തുകാരനെന്ന നിലയില്‍ അംഗീകരിക്കപ്പെടാത്തതിന്റെ നൈരാശ്യത്തില്‍ നിന്നുണ്ടായതാണെന്നു മാത്രമേ എനിക്കു പറയാനുള്ളു.

പരമേശ്വരന്റെ ആക്ഷേപത്തിന് മറുപടിയായി കവി സച്ചിദാനന്ദന്‍ ഇങ്ങനെ എഴുതി: ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ ഗ്രൂപ്പോ പ്രതികരിക്കുന്നതുപോലെയാണ് എഴുത്തുകാര്‍ ഇത്തരം അവസ്ഥകളോട് പ്രതികരിക്കേണ്ടതെന്ന് ഞാന്‍ അന്നും ഇന്നും കരുതുന്നില്ല - അതാണ് അത്തരക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് അറിയാമെങ്കിലും. ഒരു ഭയപ്പാടുമില്ലാതെ പുരോഗമന നിലപാട്, കക്ഷിരാഷ്ട്രീയം നോക്കാതെ സച്ചിദാനന്ദന്‍ ഇവിടെ എടുക്കുന്നു. എവിടെയെങ്കിലും ഭയംമൂലം എന്തെങ്കിലും പറയുകയോ പറയാതിരിക്കുകയോ ചെയ്ത അനുഭവം ഇന്നോളം ഇല്ല എന്നു സച്ചിദാനന്ദന്‍ വിശദീകരിക്കുന്നു.""മുപ്പതു വര്‍ഷങ്ങളെങ്കിലുമായി ഞാന്‍ ഇടതുപക്ഷത്തിന്റെ തെറ്റുകളെയും പാളിച്ചകളെയും നിരന്തരം വിമര്‍ശിച്ചു പോന്നിട്ടുണ്ട്. എന്നാല്‍, അതെല്ലാം പരമേശ്വരനെപ്പോലെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന് നിര്‍ബന്ധിക്കരുത്"". അതോടൊപ്പം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കിയ മുന്നേറ്റങ്ങളുടെ നേരെ കണ്ണടയ്ക്കാനും അദ്ദേഹം വിസമ്മതിക്കുന്നു. ""കേരളത്തിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും മാനുഷികമായ അന്തസ്സ് ഉയര്‍ത്തുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ സംഭാവനകളെയും ഒരു വസ്തുനിഷ്ഠ ചരിത്രത്തിനും അവഗണിക്കാനാവില്ല"". ടിപി ചന്ദ്രശേഖരന്റെ വധത്തെ അദ്ദേഹം കാണുന്നതിങ്ങനെയാണ് -""ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ സംഭവം കൂടുതല്‍ ആഴത്തിലുള്ള ഒരു ആസുരതയുടെ പ്രകടനം ആണ്. ഒരു രാഷ്ട്രീയ വൈരനിര്യാതനം എന്നതിലുപരി, നമ്മുടെ രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണം, നമ്മുടെ നവോത്ഥാനമൂല്യങ്ങളുടെ അപചയം, നവോത്ഥാനത്തെക്കുറിച്ചുതന്നെയുള്ള നമ്മുടെ വ്യവഹാരങ്ങളുടെ മൗനങ്ങളും പിഴവുകളും, സ്ത്രീകളും ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള നമ്മുടെ ദുര്‍ബല ജനവിഭാഗങ്ങളോടുള്ള മനുഷ്യത്വരഹിതമായ സമീപനം, അയല്‍പക്കം എന്ന സങ്കല്പത്തിന്റെ നഷ്ടം, മാധ്യമങ്ങളുടെ അപചയം, ഇടതുപക്ഷത്തിന്റെ മൂല്യനഷ്ടം ഇങ്ങനെ കൂടുതല്‍ ആഴത്തിലുള്ള സാംസ്കാരികവും നൈതികവുമായ സമസ്യകളുടെ ഒരു രക്തപങ്കിലമായ പ്രകാശനം എന്ന നിലയ്ക്കുകൂടി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കാണുന്നതിലൂടെ മാത്രമേ ഈ ഭീകരാവസ്ഥയ്ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളെങ്കിലും നമുക്ക് ആരംഭിക്കാന്‍ കഴിയൂ"". ഇത് വലതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ഒരവസരമാക്കരുതെന്നും അദ്ദേഹം പറയുന്നു. ;""പകരം ഇത് കുറെ എഴുത്തുകാരെ ചെളിവാരിയെറിയാനും സ്വന്തം അപകര്‍ഷതാബോധങ്ങള്‍ക്കും അസൂയകള്‍ക്കും ആവിഷ്കാരം നല്‍കാനും വലതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുമുള്ള ഒരു സുവര്‍ണാവസരമായിട്ടാണ് നാം ഉപയോഗിക്കുന്നതെങ്കില്‍, ആ മാനസികാവസ്ഥ, ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരുടെ മാനസികാവസ്ഥയേക്കാള്‍ അല്പംപോലും ഉയര്‍ന്നതല്ലെന്നു പറയേണ്ടിവരും"". തന്റേതായ രാഷ്ട്രീയവീക്ഷണവും കേരളത്തിന്റെ വര്‍ത്തമാനത്തേയും ഭാവിയേയും കുറിച്ച് കരുതലുമുള്ള സച്ചിദാനന്ദനെപ്പോലുള്ളവരുടെ വാക്കുകള്‍ കൂടി പരമേശ്വരന്റെ വാക്കുകള്‍ക്ക് കാതു കൊടുക്കുന്നവര്‍ ശ്രദ്ധിക്കേതാണ്.

ആര്, ആരെ ഭയക്കണം?

എഴുത്തുകാരെ സിപിഐഎമ്മിനെതിരെ രംഗത്തിറക്കാന്‍ കാര്യമായ പ്രേരണയും ഭീഷണിയുമാണുണ്ടായത്. വന്ദ്യയായ മഹാശ്വേതാ ദേവി ചോദിച്ചത് കേരളത്തിലെ എഴുത്തുകാര്‍ എന്തിനാണു ഭയക്കുന്നത് എന്നാണ്. ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ സാംസ്കാരിക നായകര്‍ മൌനമായിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഐ എം നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ടുവരുന്ന ഫാസിസ്റ്റ് പ്രവണത അപകടകരം എന്ന് ആനന്ദ്, ബി.ആര്‍.പി. ഭാസ്കര്‍, സക്കറിയ, എം.ജി.എസ്. നാരായണന്‍, കെ. വേണു, സാറാജോസഫ്, എം. ഗംഗാധരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സി.ആര്‍. പരമേശ്വരന്‍, കല്പറ്റ നാരായണന്‍, സിവിക് ചന്ദ്രന്‍, ടി.പി. രാജീവന്‍, എം.എന്‍. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂര്‍, എന്‍.എം. പിയേഴ്സണ്‍, ഇ. കരുണാകരന്‍, എം.ജി. ശശി, അന്‍വര്‍ അലി, സി.ജെ. ജോര്‍ജ്, എം. കമറുദ്ദീന്‍ എന്നിവരുടെ പ്രസ്താവന. മലയാളത്തിലെ എഴുത്തുകാര്‍ക്ക് വാ തുറക്കാന്‍ പേടിയും മടിയുമാണെന്ന് സക്കറിയ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിണങ്ങിയാലോ എന്ന് പല എഴുത്തുകാര്‍ക്കും ഭയമുണ്ടെന്ന് സക്കറിയ പറഞ്ഞു. ജ്ഞാനപീഠം നേടിയവര്‍ക്ക് ജ്ഞാനമില്ല പീഠമേ ഉള്ളൂ എന്നായിരുന്നു ഒഎന്‍വിയേയും എംടിയേയും ചൂണ്ടി എം പി വീരേന്ദ്രകുമാര്‍ വക ആക്ഷേപം. ഇതിനോടൊക്കെ എന്തായിരുന്നു മലയാളത്തിലെ എഴുത്തുകാരുടെ പ്രതികരണം? പ്രൊഫ.ഒ.എന്‍.വി. കുറുപ്പ്: ""എവിടെയെങ്കിലും ഒരു കൊല നടന്നാല്‍ അവിടെ ചെന്ന് വാദിക്കോ പ്രതിക്കോ വേണ്ടി സാക്ഷി പറയുന്നവരുടെ കൂട്ടത്തില്‍ കവിയെ കാണരുത്. ഒരു സ്ത്രീ വിധവയായാല്‍ അതില്‍ ദുഖിക്കാത്ത കവിയായി എന്നെയോ സുഗതകുമാരിയെയോ കാണുന്നവര്‍, കവികളെ തെറ്റിദ്ധരിക്കാന്‍ മാത്രം പഠിച്ചവരും കക്ഷിരാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ചവരുമാണ്"". ടി പത്മനാഭന്‍: ""എഴുത്തുകാരന്‍ എന്തിനും ഏതിനും പ്രതികരിക്കണം എന്നു പറയുന്നതും എഴുത്തുകാരന്‍ പ്രതികരണത്തൊഴിലാളിയാകണം എന്നു പറയുന്നതും ശരിയായ രീതിയല്ല. സുഗതകുമാരി: ""എഴുത്തുകാര്‍ എല്ലാ സാമൂഹ്യവിഷയങ്ങളിലും ഇടപെട്ട് സംസാരിക്കണം എന്ന് നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. എഴുത്തുകാരുടെ ആത്യന്തികമായ കര്‍ത്തവ്യം സര്‍ഗ്ഗാത്മകരചനകളിലേര്‍പ്പെടുക എന്നതാണ്. സാഹിത്യകാരന്മാര്‍ സ്വതന്ത്രരാണ്. ഒരു ജീവിതം മുഴുവന്‍ എഴുത്തിനായി മാറ്റിവെച്ചവരെ നിന്ദിക്കരുത്. സാംസ്കാരിക നായകര്‍ പ്രതികരിച്ചത് കൊണ്ടു മാത്രം സമൂഹത്തിലെ തെറ്റുകള്‍ ഇല്ലാതാകുന്നില്ല. ഭരണാധികാരികളാണ് കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരേണ്ടത്"". എം മുകുന്ദന്‍: ""ഈ കൊലപാതകത്തെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണാന്‍ കഴിയില്ല. രാഷ്ട്രീയത്തിലുമുപരി മനുഷ്യസ്നേഹമാണ് വേണ്ടത്"". സച്ചിദാനന്ദന്‍: ""ആത്മാഭിമാനമുള്ള ഒരു എഴുത്തുകാരനും ഭയംമൂലം ഒന്നിലും പ്രതികരിക്കാതിരിക്കില്ല"". എംടി വാസുദേവന്‍ നായരും എഴുത്തുകാരുടെ ഈ സിപിഐ എം വിരുദ്ധതയില്‍ കൂടാന്‍ വിസമ്മതിച്ചു. ""പ്രതികരിക്കാന്‍ എനിക്കു ഭയമാണ്"" എന്നു പറഞ്ഞ് ഈ കൂട്ടത്തെ പരിഹസിക്കുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചെയ്തത്.

കേരളത്തിലെ എഴുത്തുകാര്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടോ? എല്ലായിടത്തുമെന്നപോലെ കേരളത്തിലും എന്നും എഴുത്തുകാര്‍ എല്ലാ സര്‍വാധികാരത്തെയും അനീതിയേയും ചോദ്യം ചെയ്തു. ഭയം ആയിരുന്നില്ല അവരെ ഭരിച്ച വികാരം. ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ മുതല്‍ ബ്രാഹ്മണ്യ മേധാവിത്വത്തെ ചോദ്യം ചെയ്ത എഴുത്തുകാര്‍ ആരെയെങ്കിലും ഭയന്നിരുന്നോ? കുമാരനാശാന് ജാതിക്കോയ്മയെ തെല്ലെങ്കിലും പേടിയുണ്ടായിരുന്നോ? ""വിത്തനാഥന്റെ ബേബിക്ക് പാലും നിര്‍ദ്ധനച്ചെറുക്കനുമിനീരും ഈശ്വര കല്പിതമെങ്കിലാ ഈശ്വരനെ ചവിട്ടുക"" എന്നു പാടിയ ചങ്ങമ്പുഴയ്ക്ക് ആരെയായിരുന്നു പേടി? ഇതൊക്കെയല്ലേ നമ്മുടെ എഴുത്തിന്റെ പാരമ്പര്യം നിര്‍ണയിച്ചത്? പള്ളിയെ ചോദ്യം ചെയ്തു കഥയെഴുതിയതിന് തല്ലു വാങ്ങിയ പൊന്‍കുന്നം വര്‍ക്കി, തെമ്മാടിക്കുഴിയിലടക്കപ്പെട്ട എം പി പോള്‍, കോളേജില്‍ പീഡിപ്പിക്കപ്പെട്ട ജോസഫ് മുണ്ടശ്ശേരി... ക്രിസ്തീയ സഭയാല്‍ മാത്രം പീഡിപ്പിക്കപ്പെട്ടവരുടെ തന്നെ ഒരു നീണ്ടനിര എഴുത്തുകാര്‍ കേരളത്തിന്റെ പുരോഗമന പാരമ്പര്യത്തിലുണ്ട്. അവരാരും സഭയുടെ വലിയ അധികാരത്തെ ഭയപ്പെട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണാധികാരം അതിനേക്കാളും എത്രയോ ലഘുവാണ്. ഈ പാരമ്പര്യത്തില്‍ നിന്നാണ് ഇഎംഎസും കെ ദാമോദരനും ഒക്കെ അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി നിരയും പൊട്ടിമുളച്ചത്. എഴുത്തുകാരുന്നയിക്കുന്ന എതിരഭിപ്രായം മറ്റേതൊരു കക്ഷിയെക്കാളും എത്രയോ ഏറെ സിപിഐഎമ്മിനെ ബാധിക്കുന്നു. സര്‍ക്കാരുകളെയും മന്ത്രിമാരെയും എതിര്‍ക്കാന്‍ സുഗതകുമാരിക്ക് ഭയമുണ്ടായിരുന്നോ? അന്നും ഇന്നും? സുകുമാര്‍ അഴീക്കോട് സര്‍വശക്തനായ കരുണാകരനെ ചോദ്യങ്ങള്‍ കൊണ്ടു നിവൃത്തികെടുത്തിയില്ലേ? ആര്‍ എസ്എസ്സിനെ പേടിക്കാതെ പ്രഭാഷണപരമ്പര നടത്തിയില്ലേ? സക്കറിയ ആര്‍ എസ്എസ്സിനെയും ഇപ്പോള്‍ സിപിഐഎമ്മിനെയും നിശിതമായി ആക്രമിക്കുന്നില്ലേ? എം ടി വാസുദേവന്‍ നായരും ടി പദ്മനാഭനും ആരെയെങ്കിലും ഭയപ്പെടുന്നവരോ ആരുടെയെങ്കിലും ഔദാര്യത്തിനു കാത്തിരിക്കുന്നവരോ ആണോ? സച്ചിദാനന്ദന്‍ അടിയന്തരാവസ്ഥയെ എഴുത്തുകൊണ്ട് നേരിട്ടില്ലേ?

അടിയന്തരാവസ്ഥക്കാലത്ത് ജോലി പോയിട്ടും അറസ്റ്റു ചെയ്യപ്പെട്ടിട്ടും അഭിപ്രായം മാറ്റാത്ത ബി രാജീവന് എം എ ബേബിയെ ഭയമാണെന്നാണോ? അതേ അടിയന്തരാവസ്ഥ നീന്തിക്കടന്നതല്ലേ, ബാലചന്ദ്രന്‍ ചുള്ളിക്കാടും? എന്തിനു പുതു തലമുറയിലെ എഴുത്തുകാരി കെ ആര്‍ മീര, പിണറായി വിജയനെ ആക്രമിച്ചു ലേഖനം എഴുതാന്‍ മടിയില്ലെന്നു തെളിയിച്ചില്ലേ? അതും സിപിഐഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍? ഇവര്‍ക്കാര്‍ക്കും സി ആര്‍ പരമേശ്വരനോളം നട്ടെല്ല് ഇല്ലന്നാണോ? സിപിഐഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ എംഎന്‍ വിജയന്‍ എന്ന എഴുത്തുകാരന്‍ നടത്തിയ ഇടപെടലുകള്‍, മറ്റൊരു രാഷ്ട്രീയ കക്ഷിയിലാണെങ്കില്‍ പരിഗണന അര്‍ഹിക്കുന്നതാവുമായിരുന്നോ? എം എന്‍ വിജയന്‍ ഭയന്നോ? സിപിഐഎം ഭയന്നോ? എഴുത്തുകാരുടെ അഭിപ്രായത്തെ ഒരിക്കലും സിപിഐഎം അവഗണിച്ചിട്ടില്ല. മറിച്ച് അവരുടെ അഭിപ്രായം സൂക്ഷ്മാര്‍ത്ഥത്തില്‍ വിശകലനം ചെയ്ത് വിമര്‍ശനവിധേയമായി പരിശോധിക്കാന്‍ സിപിഐഎം എക്കാലത്തും തയ്യാറായിട്ടുണ്ട്. എതിര്‍രാഷ്ട്രീയപക്ഷത്തു നില്‍ക്കുന്നവരുടെ വിമര്‍ശനങ്ങളെക്കാള്‍ പരിഗണന എഴുത്തുകാരുടെ വിമര്‍ശനങ്ങള്‍ക്കു സിപിഐഎം നല്‍കുന്നുണ്ട്.

രാഷ്ട്രീയരംഗത്ത് വസ്തുതാവിരുദ്ധമായ വിമര്‍ശനങ്ങള്‍ സര്‍വസാധാരണമാണ്. അതുകൊണ്ടുതന്നെ പല വാചാടോപങ്ങളും പലപ്പോഴും അവഗണിക്കാറാണ് പതിവ്. എന്നാല്‍ ആ സ്വരത്തില്‍ സംസാരിക്കുന്ന എഴുത്തുകാരോട് രൂക്ഷമായ സംവാദങ്ങള്‍ക്ക് സിപിഐഎം തയ്യാറായിട്ടുണ്ട്. സാംസ്ക്കാരികമണ്ഡലത്തില്‍ എഴുത്തുകാര്‍ക്കുളള സ്ഥാനം അറിയുന്നതുകൊണ്ടാണ് അടിസ്ഥാനരഹിതമായ അവരുടെ വിമര്‍ശനങ്ങള്‍ക്കു പോലും കാതുകൊടുക്കാനും മറുപടി പറയാനും സിപിഐഎം തയ്യാറാകുന്നത്. എഴുത്തുകാരുടെ പ്രതികരണങ്ങളുടെ നിലയും വിലയും പ്രാധാന്യവും അംഗീകരിക്കുന്നതുകൊണ്ടാണിത്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എഴുത്തുകാര്‍ അപ്പക്കഷണങ്ങള്‍ക്കു പിന്നാലെയോ?

എഴുത്തുകാര്‍ പ്രതികരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി, കെപിസിസി പ്രസിഡണ്ട്, എം പി വീരേന്ദ്രകുമാര്‍, പിസി ജോര്‍ജ് തുടങ്ങിയവര്‍ ആരോപണമുയര്‍ത്തിയതിനു പിന്നാലെ എഴുത്തുകാരുടെ സിപിഐഎം വിരുദ്ധ ഘോഷയാത്രക്ക് ചെണ്ട കൊട്ടി മുന്നില്‍ നിന്നതു സി ആര്‍ പരമേശ്വരനാണ്.

എഴുത്തുകാരോട് അദ്ദേഹം ഫേസ്ബുക്കില്‍ തുടങ്ങിയ പുലഭ്യം മാതൃഭൂമി പത്രത്തിലെ ലേഖനത്തിലേക്കു നീട്ടി (മാതൃഭൂമി, മെയ് 25). ""വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല"" എന്ന അരുണ്‍ ഷൂരിയുടെ വാക്കുകള്‍ ഉദ്ധരിച്ചിട്ടാണ് ലേഖനം തുടങ്ങുന്നത്. (സംഘപരിവാറിനുവേണ്ടി എഴുത്തുകാരെ ഭീഷണിപ്പെടുത്താന്‍ ഷൂരി ഉപയോഗിച്ച വാക്കുകളും വാദവും തന്നെ പരമേശ്വര്‍ജി ഉപയോഗിച്ചതു നന്നായി. കാര്യങ്ങള്‍ക്ക് അത്രയെങ്കിലും വ്യക്തതയുണ്ടല്ലോ.)