Sunday, July 8, 2012

ദൈവത്തിന്റെ നാട്ടിലെ 'നരക' ജീവിതങ്ങള്‍

രാജ്യം പുരോഗതിയുടെ നെറുകയിലെന്ന് ഭരണകൂടം അഭിമാനിക്കുമ്പോഴാണ് ഒരു ജനത മൃഗതുല്യരായി നമുക്കിടയില്‍ പുഴക്കളെപ്പോലെ  ജീവിതം തള്ളിനീക്കുന്നത്. അന്യസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് മൂക്ക് പൊത്താതെ ആര്‍ക്കും ഇപ്പോള്‍ കടന്നുചെല്ലാനാവില്ല. മലിനജലവും മാലിന്യവും നിറഞ്ഞ് കുമിഞ്ഞുകിടക്കുന്നിടത്താണ് തൊഴിലാളികള്‍ക്ക് വാസസ്ഥലം കരാറുകാര്‍ ഒരുക്കിക്കൊടുക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്ന പെരുമ്പാവൂരിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ഇവിടെ ഫാക്ടറിവളപ്പുകളില്‍തന്നെയാണ് താമസസ്ഥലം. ടിന്‍ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ചുകെട്ടിയാണ് തൊഴിലാളികള്‍ക്ക് കരാറുകാര്‍ താമസിക്കാനായി  ഷെഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. ടിന്‍ഷീറ്റുകള്‍ നിരനിരയായി കുത്തിമറച്ച് വലിയ ഷെഡുകള്‍ ഇവിടെ നിരവധിയുണ്ട്. സംസ്ഥാനത്ത് എവിടെ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടോ അവിടെയെല്ലാം ഇതേരീതിയാണുള്ളത്. കേരളത്തിലൊരിടത്തും മെച്ചപ്പെട്ട രീതിയില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നില്ല. ഇടിഞ്ഞുപൊളിയാറായ ജീര്‍ണിച്ച കെട്ടിടങ്ങളും തൊഴിലാളികള്‍ക്ക് താമസിക്കാനായി കരാറുകാര്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ അപകടവീടുകളിലെ താമസത്തിനും തൊഴിലാളികളില്‍നിന്നും വന്‍തുകകളാണ് വാടകയിനത്തില്‍ തൊഴിലുടമകള്‍ ഈടാക്കുന്നത്.

2007-ല്‍ എറണാകുളം നഗരമധ്യത്തില്‍ ജീര്‍ണിച്ച കെട്ടിടം തകര്‍ന്നുവീണ് നാല് അന്യസംസ്ഥാനത്തൊഴിലാളികളാണ് മരിച്ചത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്ന ഉടമകളുടെ വീടുകളിലേക്ക് മൃതദേഹവും വഹിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് ചെറിയൊരു നഷ്ടപരിഹാരതുക നല്‍കി കരാറുകാരെ സര്‍ക്കാര്‍ രക്ഷിച്ചത്. പെരുമ്പാവൂരില്‍ തൊഴിലാളികളുടെ  ചില  താവളങ്ങളില്‍ രണ്ടായിരത്തിലധികംപേര്‍ ഒരുമിച്ച് താമസിക്കുന്നുണ്ട്് താല്‍ക്കാലികമായി നിര്‍മിച്ചിട്ടുള്ള ഈ ഷെഡുകളില്‍ ഒരാള്‍ക്കുമാത്രം കഷ്ടിച്ച് കടന്നുവരാനുള്ള വഴികള്‍മാത്രമാണുള്ളത്. നിരനിരയായുള്ള മുറികളില്‍ നിന്നുതിരിയാന്‍പോലും ഇടമില്ല. പലകയും ചാക്കും പ്ലാസ്റ്റിക് ഷീറ്റും നിലത്ത് വിരിച്ചാണ് തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ഇവര്‍ വിനോദത്തിനും വിശ്രമത്തിനും സമയംകിട്ടാത്തതും ഇവരെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് പലപ്പോഴും കൊണ്ടെത്തിക്കുന്നത്. പാചകവും ആഹാരംകഴിക്കലും ഉറക്കവുമൊക്കെ ഈ ഒറ്റമുറികളില്‍തന്നെയാണ്. ഇത്തരം ഷെഡുകളില്‍ ശുദ്ധമായ കുടിവെള്ളംപോലും ഇവര്‍ക്ക് കിട്ടാക്കനിയാണ്. താമസക്കാരുടെ എണ്ണംനോക്കിയുള്ള കക്കൂസുകളോ കുളിമുറികളോ ഒന്നുംതന്നെയില്ല.

എറണാകുളം എടയാറിലുള്ള എല്ല്-തുകല്‍ സംസ്‌കരണ യൂണിറ്റുകളിലെ തൊഴിലാളികളുടെ ജീവിതം മനസ്സ് മരവിപ്പിക്കുന്നതാണ്. ചെറിയ ചെറിയ യൂണിറ്റുകളായതിനാല്‍ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രത്യേകം ഷെഡുകളൊന്നും ഇവിടെയില്ല. യൂണിറ്റിന്റെ ഗോഡൗണ്‍പോലുള്ള എല്ലുകളും തുകലുകളും കൂട്ടിയിട്ടിരിക്കുന്ന മുറികളിലാണ് ഇവരുടെ താമസവും. ദിവസങ്ങളോളം പഴക്കമുള്ള എല്ലുകളും തുകലുകളും ദുഷിച്ചുനാറുന്ന രൂക്ഷഗന്ധത്തിന് നടുവിലാണ് തൊഴിലാളികളുടെ ഉറക്കം.

രൂക്ഷഗന്ധം ഒഴിവാക്കാനായി രാസവസ്തുക്കള്‍ എല്ലുകളിലും തുകലുകളിലും തളിക്കുന്നതിലൂടെയുള്ള അതിരൂക്ഷമായ ഗന്ധവും ഇവിടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ കിടക്കുന്ന തൊഴിലാളികളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ പുഴുക്കളുടേതിന് തുല്യമാണ്. പുഴുക്കളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ആഹാരംകഴിക്കുന്ന തൊഴിലാളികളുടെ കാഴ്ച മനഃസാക്ഷിയുള്ളവരുടെ മനസ് മരവിപ്പിക്കുന്ന കാഴ്ചയാണ്. ചില കരാറുകാര്‍ അപൂര്‍വമായി നല്ല താമസസ്ഥലങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരുക്കിനല്‍കുന്നതും ചിലയിടങ്ങളിലെങ്കിലും നമുക്ക് കാണാനാവും.

II

രോഗങ്ങളും മരണവും തുടര്‍ക്കഥയാവുന്നു   

അന്യസംസ്ഥാനത്തൊഴിലാളികള്‍ പുഴുക്കളെപോലെ നരകിക്കുമ്പോഴാണ് അവര്‍ മാരകരോഗങ്ങള്‍ വഹിക്കുന്നവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുദ്രകുത്തുന്നത്. സംസ്ഥാനത്ത് ഗുരുതര പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നത് ഈ തൊഴിലാളികളെന്നാണ് പലപ്പോഴും ആരോഗ്യവകുപ്പ് വാദിക്കുന്നത്. എന്നാല്‍ ഈ ജനതയുടെ ജീവിതത്തിലേക്ക് ഒന്നെത്തിനോക്കാന്‍പോലും അധികൃതരൊന്നും തയ്യാറല്ല. ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും തൊഴിലാളികള്‍ക്കിടയില്‍ നടത്തുന്ന പരിശോധനകളും മെഡിക്കല്‍ ക്യാമ്പുകളും വെറും പ്രഹസനങ്ങള്‍ മാത്രമാണ്. തൊഴിലാളികളുടെ താമസസ്ഥലത്ത് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരച്ചുകയറി അവരുടെ പാത്രങ്ങളും വസ്ത്രങ്ങളും നാലുവഴിക്കായി വലിച്ചെറിഞ്ഞ് പരിശോധന നടത്തുമെന്നല്ലാതെ ഒരു പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. ആരോഗ്യവകുപ്പ് ലക്ഷങ്ങള്‍ ചിലവിട്ട് തൊഴിലാളികള്‍ക്കായി നടത്തുന്ന  മെഡിക്കല്‍ ക്യാമ്പും വെറുതെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യകള്‍ മാത്രമാണ്. ക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ മാത്രമാണ് നടത്തുന്നത്. രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകളോ മറ്റ് സംവിധാനങ്ങളോ ഒന്നുമുണ്ടാകാറില്ല. വിറ്റാമിന്‍ ഗുളികകളും ചില വിലകുറഞ്ഞ മരുന്നുകളുമാണ് ആരോഗ്യവകുപ്പധികൃതര്‍ ക്യാമ്പുകളില്‍ വിതരണംചെയ്യുന്നത്. വിദഗ്ധചികിത്‌സ വേണ്ട മാരകരോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനുള്ള യാതൊരു നടപടികളും ക്യാമ്പുകളില്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇവര്‍ക്കായി തുടര്‍ചികിത്‌സകളും ഉണ്ടാകുന്നില്ല. ഗുരുതരരോഗങ്ങളുമായെത്തുന്നവരെ 'വെറുതെ പുലിവാല്‍ പിടിക്കേണ്ട' എന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കുന്നതായും ആരോപണം ശക്തമാണ്.

മിക്ക മാരകരോഗങ്ങളും അന്യസംസ്ഥാനത്തൊഴിലാളികള്‍വഴി വരുന്നതാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ)പോലുള്ള സംഘടനകള്‍ കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ഇത്തരം പഠനങ്ങളൊക്കെ വലിയ മാധ്യമവാര്‍ത്തകളാകുമെങ്കിലും തൊഴിലാളികളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ശ്രമംപോലും ഇത്തരം പഠിതാക്കള്‍ നടത്താറില്ല. പെരുമ്പാവൂരില്‍ കഴിഞ്ഞവര്‍ഷം 3500ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. മലേറിയയും ഇവിടെ വ്യാപകമായി പടര്‍ന്നിരുന്നു. ഇതിനിടെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അനൗദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് അന്യസംസ്ഥാനത്തൊഴിലാളികളില്‍ 9110 പേരെ ഇതുവരെ എയ്ഡ്‌സ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതില്‍ 22 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി. തൊഴിലാളികള്‍ കൂടുതലുള്ള എറണാകുളത്ത് 2373 പേരില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരില്‍ മാത്രമാണ് എച്ച്‌ഐവി കണ്ടിട്ടുള്ളത്. കോഴിക്കോട് 2100 പേരില്‍ നടത്തിയ പരിശോധനയില്‍ 11 പേര്‍ക്ക് എയ്ഡ്‌സ് ബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനകം എറണാകുളത്ത് 25 പേരില്‍ മലേറിയ കണ്ടെത്തിയതില്‍ 13 പേരും അന്യസംസ്ഥാനത്തൊഴിലാളികളാണ്. ഇതിനുപുറമെ മന്ത്, ക്ഷയം, കുഷ്ഠം, ഡെങ്കിപനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് തുടങ്ങിയ പകര്‍ച്ചവ്യാധികളും ഈ തൊഴിലാളികള്‍ക്കിടയില്‍ പടരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ രോഗം പകരുന്ന സാഹചര്യത്തെക്കുറിച്ച് വകുപ്പ് മൗനം തുടരുകയാണ്. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരിതമകറ്റാന്‍ ഒരൊറ്റ വഴിയേയുള്ളൂ. അതിന് സര്‍ക്കാര്‍ കനിയനം. ഉദ്യോഗസ്ഥര്‍ മാടമ്പിത്തം വെടിയണം.

ഇതിനിടെ കോടികള്‍ വിദേശ ഫണ്ട് പറ്റി 'നല്ലപിള്ള' ചമയുന്ന ചില സ്വകാര്യ ഏജന്‍സികളുടെ പഠനങ്ങള്‍ വിലയിരുത്തി അന്യസംസ്ഥാനത്തൊഴിലാളികളുടെ കുത്തഴിഞ്ഞ ലൈംഗികജീവിതവും ലഹരിപദാര്‍ഥങ്ങളുടെ അമിത ഉപയോഗവുമാണ് തൊഴിലാളികളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്ന് മുഖ്യധാരാമാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത് നല്ല മാധ്യമധര്‍മമായി കാണാനാവില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷനെ അപേക്ഷിച്ച് കുറഞ്ഞതോതില്‍ മാത്രമാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് സ്ത്രീകള്‍ ഇവിടെയെത്തുന്നത്.

ഒരേ പങ്കാളിയുമായി ഒന്നിലേറെപേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും സ്വവര്‍ഗലൈംഗികത വര്‍ധിപ്പിച്ചതും തൊഴിലാളികളില്‍ എയ്ഡ്‌സ്‌പോലുള്ള മാരകരോഗങ്ങള്‍ക്കിടയാക്കിയെന്ന മുന്‍ധാരണയോടുകൂടിയുള്ള മാധ്യമറിപ്പോര്‍ട്ടുകളും ശരിയല്ല. യുക്തിക്കും വസ്തുതയ്ക്കും നിരക്കാത്തവിധത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുന്ന  മാധ്യമങ്ങള്‍ അന്യസംസ്ഥാനത്തൊഴിലാളികളും മനുഷ്യരാണെന്നെങ്കിലും അറിയാന്‍ മനസുവെയ്ക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

III

നിയമങ്ങള്‍ ഏറെ; ഫലം വട്ടപൂജ്യം   

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ സംരക്ഷണത്തിനായി നിലവിലുണ്ട്. പക്ഷേ എന്തുകൊണ്ടോ അവയൊന്നും തൊഴിലാളികളിലേക്ക് എത്തുന്നില്ല.  പദ്ധതികള്‍ പലതും പ്രഖ്യാപനത്തിലൊതുങ്ങുമ്പോള്‍ ഉദ്യോഗസ്ഥരുടെ 'അത്യുത്‌സാഹംമൂലം' എല്ലാം കുടം കമഴ്ത്തി വെള്ളമൊഴിക്കുംപോലെയാവുന്നു. സംസ്ഥാനസര്‍ക്കാര്‍ 2010 മെയ് ഒന്നിന് പ്രാബല്യത്തില്‍ കൊണ്ടുവന്ന ക്ഷേമനിധി അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ്. എന്നാല്‍ പതിമൂന്ന് ലക്ഷത്തിലധികം തൊഴിലാളികളുണ്ടെന്ന് കണക്കാക്കുന്ന കേരളത്തില്‍ ഇതുവരെ രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതിയിലെ അംഗങ്ങളായത് വെറും 25388 പേര്‍ മാത്രമാണ്.
 ഒരു തൊഴിലാളി പ്രതിവര്‍ഷം 30 രൂപ അടച്ചാല്‍ അവര്‍ക്ക് ഗുണഫലം ലഭിക്കുംവിധമാണ് പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്. ചികിത്‌സാ സഹായം, മൂന്ന്‌വര്‍ഷത്തിനുശേഷമുള്ള വിരമിക്കല്‍ ആനുകൂല്യം, മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായം, കുട്ടികളുടെ പഠനത്തിനുള്ള സഹായം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്. നിര്‍മാണരംഗത്തെ സെസും സര്‍ക്കാരിന്റെ വിഹിതവും ചേര്‍ന്നതാണ് ക്ഷേമനിധി രൂപപ്പെടുത്തിയിട്ടുള്ളത്. അപകടമരണത്തിന് അരലക്ഷം രൂപയും സ്വാഭാവിക മരണത്തിന് 15000 രൂപയും നഷ്ടപരിഹാരം ലഭിക്കുംവിധമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

ക്ഷേമനിധിയില്‍ അംഗമായവരുടെ ലഭ്യമായ കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം (1810), കൊല്ലം (599), പത്തനംതിട്ട (2037), ആലപ്പുഴ (1686), കോട്ടയം (1632), ഇടുക്കി(639), എറണാകുളം (5136), തൃശുര്‍ (1971), പാലക്കാട് (1780), മലപ്പുറം (973), കോഴിക്കോട് (1449), വയനാട് (863), കണ്ണൂര്‍(3169), കാസര്‍കോഡ് (1637) . ഇതിനിടെ തദ്ദേശീയരായ തൊഴിലാളികള്‍ക്കും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കും ഒരുപോലെ ബാധകമാവുന്ന ഏഴ് തൊഴില്‍നിയമങ്ങളും നിലവിലുണ്ട്. മിനിമം വേജസ് ആക്ട്, കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, ഈക്വല്‍ റമ്യൂണറേഷന്‍ ആക്ട്, ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട്, പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, ഫാക്ടറീസ് ആക്ട് എന്നീ തൊഴില്‍നിയമങ്ങളും തൊഴിലാളികളുടെ ക്ഷേമത്തിനായി നിലവിലുണ്ട്. പക്ഷേ ഇവയൊന്നും കാര്യക്ഷമമായി നടക്കുന്നില്ല. ഇതുകൂടാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കു മാത്രമായി ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രേന്‍സ് വര്‍ക്‌സ് മെന്‍ (റഗുലേഷന്‍ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്ടും നിലവിലുണ്ട്.

ഈ നിയമം അനുശാസിക്കുംവിധം അഞ്ചിലേറെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളും ലൈസന്‍സുള്ള കരാറുകാരും ഈ നിയമപരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് വേതനവിവരങ്ങളും മറ്റും അടങ്ങിയ പാസ്ബുക്കും നല്‍കുമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പക്ഷേ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. നിയമങ്ങളില്‍ ഏതെങ്കിലുമൊന്ന് തൊഴിലുടമകള്‍ പാലിച്ചിരുന്നെങ്കില്‍  തൊഴിലാളികള്‍ക്ക് ഇവിടം സ്വര്‍ഗമായേനേ. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും അറിയാതെയാണ് തൊഴിലാളികള്‍ നമ്മുടെ തൊഴില്‍മേഖലകളില്‍ രാവും പകലും പണിയെടുക്കുന്നത്.

ഒരു രോഗംവന്നാല്‍പോലും ചികിത്‌സതേടാതെ സ്വയം ചികിത്‌സയില്‍ അഭയംതേടുകയാണ് അവര്‍. കേരളത്തില്‍നിന്ന് വിദേശത്തേക്ക്  തൊഴില്‍ തേടി പോകുമ്പോള്‍ നമുക്ക് പാസ്‌പോര്‍ട്ടും വിസയും കൈവശമുണ്ടാവും. പക്ഷേ ഈ തൊഴിലാളികള്‍ ജീവിച്ചിരിക്കുന്നതിന്റെ  രേഖയായി ഒരു 'കടാലസ്'പോലും കൈകളിലില്ലാതെയാണ് നമുക്കുചുറ്റും അലഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു തൊഴിലാളിസംഘടനകളും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍  താല്‍പര്യം കാട്ടുന്നില്ല.

അഞ്ച് തൊഴിലാളികളുണ്ടെങ്കില്‍ നാല് സംഘടനകള്‍ രൂപീകരിക്കുന്ന യൂണിയനുകള്‍ ശക്തമായ കേരളത്തിലാണ് ലക്ഷക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികളുള്ളത്. ഏതെങ്കിലുമൊരു തൊഴില്‍സംഘടന ഇവരുടെ കാര്യങ്ങള്‍ ഏറ്റെടുത്തുപ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഒരു പരിധിവരെയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഈ തൊഴിലാളികള്‍  വോട്ട്ബാങ്ക് അല്ലെങ്കിലും അവര്‍ മനുഷ്യരാണെന്ന പരിഗണനയെങ്കിലും ട്രേഡ്‌യൂണിയനുകള്‍ കാണിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
(അവസാനിക്കുന്നില്ല)

*
പി ആര്‍ സുമേരന്‍ ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യം പുരോഗതിയുടെ നെറുകയിലെന്ന് ഭരണകൂടം അഭിമാനിക്കുമ്പോഴാണ് ഒരു ജനത മൃഗതുല്യരായി നമുക്കിടയില്‍ പുഴക്കളെപ്പോലെ ജീവിതം തള്ളിനീക്കുന്നത്. അന്യസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് മൂക്ക് പൊത്താതെ ആര്‍ക്കും ഇപ്പോള്‍ കടന്നുചെല്ലാനാവില്ല. മലിനജലവും മാലിന്യവും നിറഞ്ഞ് കുമിഞ്ഞുകിടക്കുന്നിടത്താണ് തൊഴിലാളികള്‍ക്ക് വാസസ്ഥലം കരാറുകാര്‍ ഒരുക്കിക്കൊടുക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്ന പെരുമ്പാവൂരിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ഇവിടെ ഫാക്ടറിവളപ്പുകളില്‍തന്നെയാണ് താമസസ്ഥലം. ടിന്‍ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ചുകെട്ടിയാണ് തൊഴിലാളികള്‍ക്ക് കരാറുകാര്‍ താമസിക്കാനായി ഷെഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. ടിന്‍ഷീറ്റുകള്‍ നിരനിരയായി കുത്തിമറച്ച് വലിയ ഷെഡുകള്‍ ഇവിടെ നിരവധിയുണ്ട്. സംസ്ഥാനത്ത് എവിടെ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടോ അവിടെയെല്ലാം ഇതേരീതിയാണുള്ളത്. കേരളത്തിലൊരിടത്തും മെച്ചപ്പെട്ട രീതിയില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നില്ല. ഇടിഞ്ഞുപൊളിയാറായ ജീര്‍ണിച്ച കെട്ടിടങ്ങളും തൊഴിലാളികള്‍ക്ക് താമസിക്കാനായി കരാറുകാര്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ അപകടവീടുകളിലെ താമസത്തിനും തൊഴിലാളികളില്‍നിന്നും വന്‍തുകകളാണ് വാടകയിനത്തില്‍ തൊഴിലുടമകള്‍ ഈടാക്കുന്നത്.