Thursday, July 19, 2012

മാധ്യമങ്ങളും പൊതുബോധവും

പുസ്തകശേഖരത്തില്‍നിന്നും "സമ്മതനിര്‍മാണം" വീണ്ടും വായിക്കാന്‍ എടുത്തു. എന്റെ കൈയില്‍ നോം ചോംസ്കിയുടെ കൈയൊപ്പോടെയുള്ള ഒരു കോപ്പിയുണ്ട്. എറണാകുളം മഹാരാജാസില്‍ പണ്ട് ചോംസ്കി വന്നപ്പോള്‍ അദ്ദേഹം കൈയൊപ്പിട്ട് നല്‍കിയതാണ്. എഡ്വേര്‍ഡ് ഹെര്‍മനും നോം ചോംസ്കിയും ചേര്‍ന്നെഴുതിയ സമ്മതനിര്‍മാണം എന്ന പുസ്തകം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധുനിക സമൂഹത്തില്‍ പ്രചാരണരീതികളിലൂടെ എങ്ങനെയാണ് സമ്മതങ്ങള്‍ നിര്‍മിച്ചെടുക്കുന്നതെന്ന് ഉദാഹരണസഹിതം വിശദീകരിക്കുകയാണ് ഹെര്‍മനും ചോംസ്കിയും ഈ പുസ്തകത്തില്‍. വാര്‍ത്തകള്‍ നിരവധി അരിപ്പകളിലൂടെ കടന്നാണ് വരുന്നത്. ഒരു സംഭവം വാര്‍ത്തയാകുന്നത് അതിന്റെ കേവലമായ പ്രാധാന്യത്തില്‍നിന്നല്ല. അരിപ്പകള്‍ എങ്ങനെ കടന്നുവരുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട അരിപ്പയാണ് കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ചോംസ്കി വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട ചില താരതമ്യങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. പൊതുബോധ നിര്‍മാണം എന്ന ലേഖനത്തിലും മറ്റും ഞാന്‍ തന്നെ അതില്‍ ചിലത് ഉദ്ധരിച്ചിട്ടുണ്ട്. എങ്കിലും ഇന്നത്തെ കാലത്ത് അതില്‍ ഒന്നെങ്കിലും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പോളണ്ടില്‍ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ നിര്‍മാണം നടന്നിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തെ അട്ടിമറിക്കുന്നതിനായി ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ച സംഘടനയാണ് ലേ വലേസ നേതൃത്വം നല്‍കിയ സോളിഡാരിറ്റി. അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പുരോഹിതന്‍ ജെര്‍സി പോപ്പിലോസ്കോ അവിടത്തെ രഹസ്യപൊലീസിനാല്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയവരെ വളരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. അതിവേഗത്തിലാണ് കേസിന്റെ നടപടികള്‍ തീര്‍ത്തത്. എന്നാല്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ ഈ സംഭവത്തെ വല്ലാതെ പര്‍വതീകരിച്ച് അവതരിപ്പിച്ചു. ലോകത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ രക്തസാക്ഷിയെന്ന മട്ടിലായിരുന്നു ലോകമാധ്യമങ്ങള്‍ ഇദ്ദേഹത്തെ വാഴ്ത്തിയതെന്ന് ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്. കൊലപാതകരീതിയെക്കുറിച്ചും മറ്റുമുള്ള അവതരണങ്ങള്‍ വായനക്കാരില്‍ വല്ലാത്ത വൈകാരികാവേശം സൃഷ്ടിക്കുന്ന രൂപത്തിലാണ് അവതരിപ്പിച്ചത്.

ന്യൂയോര്‍ക്ക് ടൈംസ് ഇതുസംബന്ധിച്ച് പത്ത് ഒന്നാംപേജ് വാര്‍ത്തകള്‍ നല്‍കി. മൂന്ന് എഡിറ്റോറിയലുകള്‍ എഴുതി. ഇതു കൂടാതെ വ്യത്യസ്തമായ 78 വാര്‍ത്തകള്‍ നല്‍കി. ടൈം വാരികയും ന്യൂസ് വീക്കും പതിനാറു ലേഖനങ്ങളാണ് നല്‍കിയത്. അന്നത്തെ പ്രധാന ന്യൂസ് ചാനലായ സിബിസി ന്യൂസ് 23 വൈകുന്നേര പരിപാടികള്‍ ഉള്‍പ്പെടെ 46 വാര്‍ത്തകള്‍ നല്‍കി. ഇവയിലൊന്നും യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്ത വിവരങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അവിടത്തെ ഭരണാധികാരികളും പാര്‍ടി നേതാക്കളുമാണ് യഥാര്‍ഥ കൊലപാതകികള്‍ എന്നു സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. പുരോഹിതന്മാരെപോലും ജീവിക്കാന്‍ അനുവദിക്കാത്ത ഭീകരതയുടേയും ജനാധിപത്യ വിരുദ്ധതയുടേയും പ്രതീകമാണ് കമ്യൂണിസ്റ്റ് പാര്‍ടിയെന്ന് സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. ഇതാണ് എക്കാലത്തും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതി.
 
ഏതാണ്ട് ഇതേ കാലയളവില്‍ എല്‍സാല്‍വഡോറില്‍ അമേരിക്കന്‍ പാവസര്‍ക്കാരിന്റെ ശക്തനായ വിമര്‍ശകനായിരുന്ന ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റോമറോ കൊല്ലപ്പെട്ടു. സര്‍ക്കാരിന്റെ പിന്തുണക്കാരായ സായുധസംഘമാണ് കൊലപാതകം നടത്തിയത്. ആ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആര്‍ച്ച് ബിഷപ്പിനെ കൊന്നവരെ കണ്ടെത്തുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയത് കേവലം 16 വാര്‍ത്തകളാണ്. പോളണ്ടിലെ പുരോഹിതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മൂന്നു എഡിറ്റോറിയല്‍ എഴുതിയവര്‍ ആര്‍ച്ച് ബിഷപ്പ് കൊല്ലപ്പെട്ടപ്പോള്‍ ഒരെണ്ണംപോലും എഴുതാന്‍ തയ്യാറായില്ല. പൊപ്പിലോസ്കോയുടെ കൊലപാതകത്തെ നിരന്തരം വിവരിച്ച് വൈകാരികമാനം നല്‍കിയവര്‍ റെമേറെയുടെ കൊലപാതകത്തെ വരണ്ടഭാഷയില്‍ രണ്ടും മൂന്നും വരികളില്‍ ഒതുക്കി. ടൈമിലും ന്യൂസ് വീക്കിലും ആര്‍ച്ച് ബിഷപ്പിന്റെ കൊലപാതകം വാര്‍ത്തകളുടെ ചുരുക്കത്തില്‍ ഒതുക്കി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്ന പുരോഹിതന്റെ കൊലപാതകം പര്‍വതീകരിച്ചവര്‍ അമേരിക്കന്‍ പാവസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച ആര്‍ച്ച് ബിഷപ്പിന്റെ കൊലപാതകത്തെ മുക്കിക്കളഞ്ഞു. ഇങ്ങനെയാണ് മാധ്യമം പൊതുബോധത്തെ സമര്‍ഥമായി നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ സമകാലിക സംഭവങ്ങളുടെ മാധ്യമ അവതരണത്തെ ഇതുമായി കൂട്ടിവച്ച് വായിച്ചാല്‍ അമ്പരപ്പിക്കുന്ന പല സാമ്യങ്ങളും കാണാന്‍കഴിയും. ചന്ദ്രശേഖരന്റെ കൊലപാതകത്തെ പോപ്പിലേസ്കോയെപ്പോലെ അവതരിപ്പിച്ചവര്‍ കുനിയില്‍ ഇരട്ടക്കൊലപാതകത്തെ കണ്ടില്ലെന്നു നടിക്കുന്നു. കൊലപാതകത്തിന് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്ത, എഫ്ഐആറില്‍ പേരുള്ള എംഎല്‍എ സുരക്ഷിതനായി ഇരിക്കുമ്പോള്‍ മറുവശത്ത് ഒരു പാര്‍ടിയെത്തന്നെ തകര്‍ക്കാന്‍ കഴിയുമോയെന്ന വ്യാമോഹത്താല്‍ നിയന്ത്രിക്കുന്ന അന്വേഷണം പൊടിപൊടിക്കുന്നു.

ഒരു തരത്തിലുള്ള മര്യാദകളും പാലിക്കാതെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിന്റെ ചില ഉദാഹരണങ്ങള്‍ ഈ കോളത്തില്‍ ഇതിനു മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. പി മോഹനനെ അറസ്റ്റ് ചെയ്ത രീതി പൊതുവെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അത് പൊതുബോധമായി വളരാതിരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതെങ്ങനെയാണെന്നറിയാന്‍ പിറ്റേ ദിവസത്തെ മനോരമ നോക്കിയാല്‍ മതി. നേതാക്കളുടെ സംരക്ഷണ വലയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് മോഹനനെന്ന മട്ടിലാണ് അവതരണം. എം ദാസന്‍ അനുസ്മരണം കഴിഞ്ഞ് രണ്ടു വാഹനത്തിലായി പാര്‍ടി നേതാക്കള്‍ മടങ്ങുന്നു. അതില്‍ ഒരു വാഹനത്തിലാണ് മോഹനന്‍ മാസ്റ്റര്‍ ഇരുന്നത്. അതു മനേരാമക്ക് സംരക്ഷണവലയമാണ്. ഒരു കാറില്‍ ഇരുവശത്തും ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി മുഹമ്മദ് റിയാസിനെയും മെഹബൂബിനെയും ഇരുത്തിയെന്നും പിന്നില്‍ അകമ്പടിയായി ജില്ലാസെക്രട്ടറിയുടെ കാറുണ്ടായിരുന്നു എന്നുമാണ് മനോരമ വാര്‍ത്ത. എങ്ങനെയാണ് ഒരു സംഭവത്തെ വളച്ചൊടിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അവതരിപ്പിക്കേണ്ടതെന്ന് മനോരമക്ക് അറിയാം. പക്ഷേ, ഇത് അല്‍പ്പം കടന്നുപോയി.

പെട്രോളിന്റെ വില വര്‍ധനയും പടര്‍ന്നുപിടിക്കുന്ന പനിയും ഒളിപ്പിച്ചുവയ്ക്കാന്‍ കൂടി നിര്‍മിത കഥകള്‍ സഹായകരമായിരുന്നുവെന്നും ഇക്കാലം കാണിച്ചുതന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് പ്രശ്നത്തില്‍ മന്ത്രി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മില്‍നടന്ന തര്‍ക്കവും അനുബന്ധ സംഭവങ്ങളും. ഇതു നടന്നതിന്റെ പിറ്റേദിവസത്തെ മനോരമയുടെ ഒന്നാംപേജില്‍ ഇങ്ങനെയൊരു വാര്‍ത്തയേയില്ല. മാതൃഭൂമിയില്‍ പോലും ലീഡായിരുന്നു. പക്ഷേ മനോരമ അത് അപഹാസ്യമാകുംവിധം മറച്ചുകളഞ്ഞു. എന്നാല്‍, പിറ്റേദിവസം മുഖ്യമന്ത്രി വിശദീകരിച്ചതോടെ ജോര്‍ജ്- ഗണേശ് തര്‍ക്കം ഒച്ചപ്പാടില്ലാതെ അവസാനിച്ചെന്ന് വലിയ തലക്കെട്ടില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു. ജനം ഇതു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ പി സി ജോര്‍ജ് ഗണേശിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ജനം എല്ലാം പെട്ടെന്ന് മറന്നുകൊള്ളുമെന്ന അഹങ്കാരത്തില്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ നിര്‍മിക്കുന്നത്. സമൂഹത്തില്‍ പൊതുഅഭിപ്രായം രൂപം കൊള്ളുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്നവര്‍ കാണാതെ പോകുന്നത് ഇതൊക്കെയാണ്.

*
പി രാജീവ് ദേശാഭിമാനി 19 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുസ്തകശേഖരത്തില്‍നിന്നും "സമ്മതനിര്‍മാണം" വീണ്ടും വായിക്കാന്‍ എടുത്തു. എന്റെ കൈയില്‍ നോം ചോംസ്കിയുടെ കൈയൊപ്പോടെയുള്ള ഒരു കോപ്പിയുണ്ട്. എറണാകുളം മഹാരാജാസില്‍ പണ്ട് ചോംസ്കി വന്നപ്പോള്‍ അദ്ദേഹം കൈയൊപ്പിട്ട് നല്‍കിയതാണ്. എഡ്വേര്‍ഡ് ഹെര്‍മനും നോം ചോംസ്കിയും ചേര്‍ന്നെഴുതിയ സമ്മതനിര്‍മാണം എന്ന പുസ്തകം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധുനിക സമൂഹത്തില്‍ പ്രചാരണരീതികളിലൂടെ എങ്ങനെയാണ് സമ്മതങ്ങള്‍ നിര്‍മിച്ചെടുക്കുന്നതെന്ന് ഉദാഹരണസഹിതം വിശദീകരിക്കുകയാണ് ഹെര്‍മനും ചോംസ്കിയും ഈ പുസ്തകത്തില്‍. വാര്‍ത്തകള്‍ നിരവധി അരിപ്പകളിലൂടെ കടന്നാണ് വരുന്നത്. ഒരു സംഭവം വാര്‍ത്തയാകുന്നത് അതിന്റെ കേവലമായ പ്രാധാന്യത്തില്‍നിന്നല്ല. അരിപ്പകള്‍ എങ്ങനെ കടന്നുവരുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട അരിപ്പയാണ് കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ചോംസ്കി വ്യക്തമാക്കുന്നു.