Monday, July 16, 2012

ജനവിരുദ്ധമായ പരിഷ്കാരങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നു

ഇന്ത്യയുടെ, പ്രത്യേകിച്ച് ഇന്ത്യാ ഗവണ്‍മെന്‍റിെന്‍റ, സാമ്പത്തിക സ്ഥിതി അടുത്ത കാലത്തായി മോശമാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. രൂപയുടെ കൈമാറ്റവില കഴിഞ്ഞ കുറെ മാസങ്ങളായി മുമ്പില്ലാതിരുന്ന വിധം വേഗത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മുപ്പതുവര്‍ഷംമുമ്പ് ഒരു ഡോളറിനു ആറ് - എട്ടു രൂപ ആയിരുന്നതാണ് ഇപ്പോള്‍ 54.56 രൂപയായി കുറഞ്ഞത്. ഗവണ്‍മെന്‍റ് പഠിച്ച പണികളൊക്കെ പയറ്റിയിട്ടും വില നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍, രൂപയുടെ വില നിയന്ത്രിക്കാനുള്ള അധികാരവും ബാധ്യതയുമൊക്കെ മന്‍മോഹന്‍സിങ് ഗവണ്‍മെന്‍റ് ആഗോളവല്‍ക്കരണത്തിനുമുമ്പില്‍ സമര്‍പ്പിച്ചതാണല്ലോ. രൂപയുടെ കൈമാറ്റവില കുറഞ്ഞതു മാത്രമല്ല പ്രശ്നം. അവശ്യസാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. 2009 മുതല്‍ക്കാണ് ഈ തോതില്‍ അത് വര്‍ധിച്ചത്. നിയന്ത്രിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ശ്രമിച്ചത് വില ഉയര്‍ത്തി നിര്‍ത്താനായിരുന്നോ എന്നു ചോദിക്കുന്നവരുണ്ട്.

ദുസ്തര്‍ക്കത്തിനു ചോദിക്കുന്നതല്ല. വിലകള്‍ വര്‍ധിപ്പിച്ച് ഉപഭോക്താക്കളായ ജനസാമാന്യത്തെ കൊള്ളയടിക്കുക എന്നത് ചൂഷണത്തിെന്‍റ മറ്റൊരു രൂപമായി മുതലാളിത്തം കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ ആഗോളതലത്തില്‍ വികസിപ്പിച്ചെടുത്ത അടവാണ്. മുതലാളിത്തം അത് പയറ്റുന്നതുകൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്‍റ് വിലകള്‍ കുറയ്ക്കാന്‍ ശ്രമിച്ചിട്ടും - അല്ലെങ്കില്‍ കുറയ്ക്കുന്നു എന്നു ഭാവിച്ചിട്ടും - കുറയാത്തത് എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. വില വര്‍ധനയെക്കാള്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ സൂചകമായിരിക്കുന്നത് ഉല്‍പാദനമേഖലയിലെ ഇടിവാണ്. കാര്‍ഷികോല്‍പാദനവര്‍ധനയുടെ തോത് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കുറവാണ്. എന്നാല്‍, വ്യവസായ മേഖലയുടെ, വിശേഷിച്ച് നിര്‍മാണ മേഖലയുടെ, വളര്‍ച്ചാതോത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താരതമ്യേന ഉയര്‍ന്നതായിരുന്നു. സേവന മേഖലയിലാണെങ്കില്‍ വളര്‍ച്ച തുടര്‍ച്ചയായി വര്‍ധിച്ചുവരികയായിരുന്നു. ഈ മേഖലകളിലെ വളര്‍ച്ചയായിരുന്നു 21-ാം നൂറ്റാണ്ടിെന്‍റ ആദ്യദശകത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാതോതിനെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ത്തിയത്. ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ വ്യാഖ്യാനിച്ചത്, വിദേശ കുത്തകകള്‍ ശക്തിയായി സമര്‍ഥിച്ചത്, ഈ വളര്‍ച്ചക്ക് നിദാനം ആഗോളവല്‍ക്കരണമാണെന്നായിരുന്നു. എന്നാല്‍, വിദേശി - സ്വദേശി കുത്തകകള്‍ക്കും മറ്റും ഉദാരമായ ആനുകൂല്യങ്ങളും നികുതി ഇളവുകളും മറ്റും നല്‍കിയ തൊഴിച്ചാല്‍, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ പൊതുമേഖലയായി തുടരുകയായിരുന്നു. അത് അങ്ങനെ ആയിരുന്നതുകൊണ്ടാണ് 2008ലെ ആഗോള പ്രതിസന്ധിയില്‍ ലോകത്തിലെ എണ്ണപ്പെട്ട പല ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തകര്‍ന്നപ്പോള്‍ ഇന്ത്യയിലെ ഇത്തരം സ്ഥാപനങ്ങളെ പ്രതിസന്ധി കാര്യമായി ബാധിക്കാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വര്‍ധിച്ച തോതില്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് ഗവണ്‍മെന്‍റ്. എന്തിനുവേണ്ടിയാണ് അത് ചെയ്യുന്നത്? ഗവണ്‍മെന്‍റിനു വികസനച്ചെലവിനും മറ്റും ആവശ്യമായ വിഭവം കണ്ടെത്താനാണ് എന്നാണ് പറയുന്നത്. വിത്തെടുത്തു കുത്തുന്നതിനു സമാനമായ നടപടിയാണ് ഇത്.

എന്തുകൊണ്ടാണ് വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 7 - 9 ശതമാനം ആയിരുന്ന വര്‍ഷങ്ങളെ തുടര്‍ന്ന്, ചെലവിനു വക കണ്ടെത്താന്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കേണ്ട ഗതികേട് സര്‍ക്കാരിനു ഉണ്ടായത്? സ്വാഭാവികമായി ഉയര്‍ന്നുവരാറുള്ള ചോദ്യമാണിത്. അവിടെയാണ് ആഗോളവല്‍ക്കരണനയങ്ങള്‍ സൃഷ്ടിക്കുന്ന വിപത്ത് കിടക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ കൂടുതല്‍ വേഗത്തിലുള്ള വളര്‍ച്ച മൂലം ഉണ്ടാക്കപ്പെടുന്ന പുതിയ സമ്പത്തിെന്‍റമേല്‍ മുമ്പുണ്ടായിരുന്ന തോതുകളില്‍ തന്നെ നികുതി ചുമത്തി ശേഖരിച്ചിരുന്നെങ്കില്‍ സര്‍ക്കാരിെന്‍റ വരുമാനം ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ ലക്ഷം കോടി രൂപ കൂടുതലാകുമായിരുന്നു. അത് ചെയ്യുന്നതിനുപകരം വന്‍കിടക്കാരുടെ മേലുള്ള നികുതി കുത്തനെ വെട്ടിക്കുറയ്ക്കുകയാണ് കഴിഞ്ഞ ആറു വര്‍ഷമായി യുപിഎ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റിലുംകൂടി കൊടുത്ത ആനുകൂല്യങ്ങളും ഇളവുകളും കണക്കിലെടുത്താല്‍ ആറുവര്‍ഷം കൊണ്ട് 26 ലക്ഷം കോടി രൂപയുടെ മൊത്തം നേട്ടമാണ് വിദേശി - സ്വദേശി വന്‍കിടക്കാര്‍ക്കായി യുപിഎ സര്‍ക്കാര്‍ ചെയ്തുകൊടുത്തത്. ഇങ്ങനെ ആനുകൂല്യങ്ങള്‍ നല്‍കിയവയില്‍ വഴിവിട്ടു ചെയ്തവയാണ് 2 ജി സ്പെക്ട്രം, എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി മുതലായവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ലക്ഷക്കണക്കിനു കോടി രൂപയുടെ ആനുകൂല്യം. അവ മേല്‍പറഞ്ഞ 26 ലക്ഷം കോടി രൂപക്ക് പുറമെയാണ്. ഇത്രയും ആനുകൂല്യം വഴി വലിയ സമ്പത്ത് സമാഹരിച്ചവര്‍ അതില്‍ ഗണ്യമായ ഭാഗം ഇവിടെ മൂലധനമായി നിക്ഷേപിക്കുന്നതിനു തയ്യാറുണ്ടോ?

ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതിലും ഏറെ ഉയര്‍ന്നതാകേണ്ടിയിരുന്നു. റിലയന്‍സ്, ടാറ്റ, ബിര്‍ള തുടങ്ങിയ പല കുത്തകകളും മറ്റ് രാജ്യങ്ങളില്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ വാങ്ങിയും പുതിയവ ആരംഭിച്ചും തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനു ശ്രമിക്കുന്നതായാണ് കാണപ്പെടുന്നത്. ഇന്ത്യനും വിദേശികളുമായ പല കുത്തക സ്ഥാപനങ്ങളും കൂട്ടുകൂടി തങ്ങളുടെ മല്‍സരശേഷി വര്‍ധിപ്പിക്കുന്നതിനു ശ്രമിക്കുന്നു. അവര്‍ക്ക് സ്വന്തം രാജ്യത്തിെന്‍റ, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിെന്‍റ വികസനം, അതുവഴി ജനങ്ങളുടെ ജീവിത നിലവാരത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച എന്നിവ ഉദ്ദിഷ്ട ലക്ഷ്യങ്ങളേയല്ല. സ്വന്തം ലാഭം, സ്വന്തം ചൂഷണശേഷിയും സ്വാധീനശക്തിയും എന്നിങ്ങനെയുള്ളവ വിപുലപ്പെടുത്താനാണ് അവയുടെ ശ്രമം. പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ - ചില്ലറ വില്‍പന രംഗത്ത് മള്‍ട്ടിബ്രാന്‍ഡ് സ്ഥാപനങ്ങള്‍ നടത്തുന്നതിനു വിദേശ മുതല്‍മുടക്ക് അനുവദിക്കല്‍ തുടങ്ങിയവ - ഉടനടി നടപ്പാക്കാന്‍ അനുമതി ഇനി ഒട്ടും വൈകാതെ നല്‍കണം എന്നാണ് അവയുടെ ഡിമാന്‍ഡ്. അങ്ങനെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ കര്‍മനിരതനാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ധൃതി കൂട്ടുന്നു. അതോടൊപ്പം വിദേശ കമ്പനികള്‍ വളഞ്ഞവഴിയില്‍ ഇവിടെ നിക്ഷേപിച്ച മൂലധനത്തിനു ലഭിച്ച ലാഭത്തില്‍ നിശ്ചിത ശതമാനം നികുതിയായി സര്‍ക്കാരില്‍ മുതല്‍കൂട്ടണം എന്ന നിയമവ്യവസ്ഥ മുതലാളിമാര്‍ക്ക് അനുകൂലമായി തിരുത്തുന്നതിനും പ്രധാനമന്ത്രി വാദിക്കുന്നു. പ്രണബ് മുഖര്‍ജി ധനമന്ത്രി ആയിരുന്നപ്പോള്‍ അനുവദിച്ചുകൊടുക്കാത്ത കാര്യമാണ് ഇത്. പ്രധാനമന്ത്രിയുടെ ഇംഗിതം നടപ്പാക്കി 2 ജി സ്പെക്ട്രം അഴിമതിയില്‍ തെന്‍റ പേരു കൂടി വലിച്ചിഴയ്ക്കാന്‍ അനുവദിക്കാതിരിക്കാനാണ്, ശരത്പവാര്‍ ആ പ്രശ്നം കൈകാര്യം ചെയ്യുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയായി തന്നെ പ്രധാനമന്ത്രി നിയോഗിച്ചെങ്കിലും രാജിവെച്ചത്.

1991ല്‍ ഇന്ത്യ സാമ്രാജ്യശക്തികള്‍ ഉദ്ദേശിച്ച തരത്തില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാതിരുന്നപ്പോഴാണ് ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് എന്നൊക്കെ പറഞ്ഞ് രൂപയുടെ മൂല്യശോഷണവും ജനങ്ങള്‍ക്ക് ദ്രോഹകരമായ സാമ്പത്തിക പരിഷ്കാരങ്ങളും നടപ്പാക്കാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെട്ടത്. അതിനു വഴങ്ങിയാണ് പി വി നരസിംഹറാവു സര്‍ക്കാര്‍ ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്. അത് ജനങ്ങള്‍ക്ക് എണ്ണിയാല്‍ ഒടുങ്ങാത്ത പ്രയാസങ്ങള്‍ ഉണ്ടാക്കി. ഇപ്പോഴും സമാനമായ സ്ഥിതി ഉണ്ടായിരിക്കയാണ്. ചില്ലറ വ്യാപാരരംഗത്ത് വിദേശ മൂലധനം അനുവദിക്കല്‍, വോഡാഫോണിനു അനുകൂലമായ സുപ്രീംകോടതി വിധി രാജ്യത്തിനു ദോഷകരമായതിനാല്‍ അതിനെതിരെ റിവിഷന്‍ ഹര്‍ജി ഗവണ്‍മെന്‍റ് കൊടുക്കുന്നത് തടയല്‍ മുതലായ നടപടികള്‍ വേണമെന്നാണ് കുത്തകകളുടെ ആവശ്യം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അതിനു പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. ചില്ലറ വ്യാപാരരംഗം കുത്തകകള്‍ക്ക് വിട്ടുകൊടുത്താല്‍ ഉണ്ടാകുന്ന ഫലം കോടിക്കണക്കിനാളുകളുടെ നിലനില്‍പിനെ അത് വഴിയാധാരമാക്കുമെന്നതാണ്. വിലക്കയററം അതുപോലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ വലിയ ജീവിത ദുരിതങ്ങളിലേക്ക് വലിച്ചെറിഞ്ഞിരിക്കയാണ്.

ഫുഡ് കോര്‍പ്പറേഷന്റെ കയ്യില്‍ സാധാരണ സൂക്ഷിക്കേണ്ട ഭക്ഷ്യധാന്യശേഖരത്തിെന്‍റ മൂന്നിരട്ടിയില്‍ അധികമുണ്ട്. അതില്‍ വലിയ ഭാഗം സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ കേടുവന്ന് നശിക്കുകയാണ്. എന്നിട്ടും, കുറഞ്ഞ വിലയ്ക്കു ധാന്യം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനല്ല, എത്ര നഷ്ടമുണ്ടായാലും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. സമ്പദ്വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്നതിന് വേണ്ടത് ഒരുവശത്ത് ഉല്‍പന്നങ്ങളുടെ കെട്ടിക്കിടപ്പ് തടയുകയാണ്. മറുവശത്ത് ഉല്‍പാദനം നടത്തുന്നതിനു ഇടത്തരം - ചെറുകിട ഉല്‍പാദകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ്. സാധനങ്ങളുടെ കെട്ടിക്കിടപ്പ് അവസാനിപ്പിക്കാന്‍ സഹായകമായ തരത്തില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുക ഇതില്‍ പ്രധാനമാണ്. ഗവണ്‍മെന്‍റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുകയും അത് ജനങ്ങളിലേക്ക് എത്തിച്ചേരുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പതിവില്ലാത്ത ആവേശത്തോടെ ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്തശേഷം സ്വീകരിക്കുന്ന നടപടികള്‍, നിര്‍ഭാഗ്യവശാല്‍, ഇതിനു സഹായകരമല്ല. കുത്തകപ്രീണനം മാത്രമാണ് അദ്ദേഹം തെന്‍റ സ്വന്തം അജണ്ടയായി ഏറ്റെടുത്തിരിക്കുന്നത്.

*
സി പി നാരായണന്‍ ചിന്ത വാരിക 13 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയുടെ, പ്രത്യേകിച്ച് ഇന്ത്യാ ഗവണ്‍മെന്‍റിെന്‍റ, സാമ്പത്തിക സ്ഥിതി അടുത്ത കാലത്തായി മോശമാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. രൂപയുടെ കൈമാറ്റവില കഴിഞ്ഞ കുറെ മാസങ്ങളായി മുമ്പില്ലാതിരുന്ന വിധം വേഗത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മുപ്പതുവര്‍ഷംമുമ്പ് ഒരു ഡോളറിനു ആറ് - എട്ടു രൂപ ആയിരുന്നതാണ് ഇപ്പോള്‍ 54.56 രൂപയായി കുറഞ്ഞത്. ഗവണ്‍മെന്‍റ് പഠിച്ച പണികളൊക്കെ പയറ്റിയിട്ടും വില നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍, രൂപയുടെ വില നിയന്ത്രിക്കാനുള്ള അധികാരവും ബാധ്യതയുമൊക്കെ മന്‍മോഹന്‍സിങ് ഗവണ്‍മെന്‍റ് ആഗോളവല്‍ക്കരണത്തിനുമുമ്പില്‍ സമര്‍പ്പിച്ചതാണല്ലോ. രൂപയുടെ കൈമാറ്റവില കുറഞ്ഞതു മാത്രമല്ല പ്രശ്നം. അവശ്യസാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. 2009 മുതല്‍ക്കാണ് ഈ തോതില്‍ അത് വര്‍ധിച്ചത്. നിയന്ത്രിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ശ്രമിച്ചത് വില ഉയര്‍ത്തി നിര്‍ത്താനായിരുന്നോ എന്നു ചോദിക്കുന്നവരുണ്ട്.