Tuesday, July 10, 2012

കേരളത്തിലെ പൊലീസ് രാജ്

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയാണ് സിപിഐ എം. കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ക്കുപോലും അതില്‍ തര്‍ക്കമുണ്ടാകില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധ ഫെഡറേഷനുണ്ടാക്കി സകല സങ്കുചിതശക്തികളെയും കൂട്ടിയടുപ്പിച്ചിട്ടും സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാന്‍ കഴിയാത്തത് പാര്‍ടിയുടെ അചഞ്ചലമായ ജനപിന്തുണകൊണ്ടാണ്. കേരള നിയമസഭയില്‍ ഏറ്റവുമധികം അംഗങ്ങളുള്ളത് ഭരണം നയിക്കുന്ന കോണ്‍ഗ്രസിനല്ല, പ്രതിപക്ഷത്തിരിക്കുന്ന സിപിഐ എമ്മിനാണ്. അലംഘനീയമായ പൊരുത്തവും സ്നേഹവുംകൊണ്ടാണ് യുഡിഎഫ് നിലനില്‍ക്കുന്നത് എന്ന് പമ്പരവിഡ്ഢികള്‍ക്കും പറയാനാകില്ല. ഒന്ന് കൈഞൊടിച്ചാല്‍, ഇറങ്ങിവരാന്‍ തയ്യാറുള്ള അനേകരുണ്ട് ആ മുന്നണിയില്‍. കുതിരക്കച്ചവടവും ജനാധിപത്യധ്വംസനവും നടത്തി അധികാരം പിടിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ല എന്ന ഒറ്റ ഉറപ്പിലാണ്, പരസ്പരം കൊത്തിക്കീറുന്ന വിരുദ്ധശക്തികളുടെ കൂട്ടായ്മയായിട്ടും യുഡിഎഫിന് ഭരണം തുടരാന്‍ കഴിയുന്നത് എന്നതാണ് പച്ചപ്പരമാര്‍ഥം. ആ സൗകര്യം ഇന്ന് യുഡിഎഫ് ഉപയോഗിക്കുന്നത് അരുതാത്ത വഴിയിലൂടെ സഞ്ചരിക്കാനാണ്. കോഴിക്കോട് ജില്ലയിലെ സിപിഐ എമ്മിന്റെ പ്രധാന നേതാവായ പി മോഹനന്‍ മാസ്റ്ററോട്, വടകര പൊലീസ് ക്യാമ്പില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞത്, ഒരാളെ കൊന്ന് വിലങ്ങാട് കാട്ടില്‍തള്ളിയ അനുഭവമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മൊഴി നല്‍കിയില്ലെങ്കില്‍ മോഹനന്‍ മാസ്റ്ററെ കൊന്ന് തള്ളുമെന്ന്. അതിനുമുമ്പ് മുഴക്കിയ ഭീഷണി, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളുടെ പേര് പറഞ്ഞില്ലെങ്കില്‍ മോഹനന്‍ മാസ്റ്ററുടെ ഭാര്യയും കുറ്റ്യാടി എംഎല്‍എയുമായ കെ കെ ലതികയെ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കുമെന്നാണ്.

പൊലീസ് മുറത്തില്‍കയറി കൊത്തുകയാണ്. കണ്ണൂരില്‍ ഒരാളെ പിടിച്ചുകൊണ്ടുപോയി, മലദ്വാരത്തില്‍ കമ്പി കുത്തിക്കയറ്റിയാണ് ഒരു പൊലീസ് മാന്യന്‍ ജന്മോദ്ദേശ്യം സാധിച്ചത്. ആ നരാധമനോട്, അതാവര്‍ത്തിക്കുമോ എന്ന് ചോദിച്ചതിന് സിപിഐ എം നേതാവ് എം വി ജയരാജനെതിരെ കേസെടുത്തു. വടകര പൊലീസ് ക്യാമ്പിലും വയനാട്ടിലെ രഹസ്യകേന്ദ്രത്തിലും അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന മൂന്നാംമുറയാണ് അരങ്ങേറുന്നത്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടു. ആ കൊലപാതകത്തെ സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ളതെന്ന് വിശേഷിപ്പിച്ചത് സംസ്ഥാനത്തെ പൊലീസ് മേധാവിയാണ്്. അതാകട്ടെ, അന്വേഷണം നയിച്ച ഉദ്യോഗസ്ഥരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും. എന്നാല്‍, ആ പൊലീസ് നിഗമനം നിഷേധിക്കാനും അട്ടിമറിക്കാനുമാണ് ആഭ്യന്തരമന്ത്രി തയ്യാറായത്. കൊല്ലപ്പെട്ടത് സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ആളായതുകൊണ്ടും സിപിഐ എമ്മുമായി ചന്ദ്രശേഖരന് വിരോധം നിലനിന്നിരുന്നു എന്നതുകൊണ്ടും കൊലക്കുറ്റം പാര്‍ടിക്കുമുകളില്‍ കെട്ടിവച്ച്, മാര്‍ക്സിസ്റ്റ് വേട്ടയ്ക്കിറങ്ങാനാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. പൊലീസിലെ യുഡിഎഫ് സേവകരും ഏതാനും മാധ്യമക്കാരും ചേര്‍ന്ന് ഐക്യമുന്നണിയുണ്ടാക്കി സിപിഐ എം വേട്ട തുടങ്ങുകയായിരുന്നു. കേസന്വേഷണത്തിന്റെ മുഖ്യചുമതലക്കാരിലൊരാളായ ഡിവൈഎസ്പിയുടെ ഫോണില്‍നിന്നും തിരിച്ചും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വലതുപക്ഷ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളിലേക്ക് മൂവായിരത്തിലേറെ വിളിയുണ്ടായി എന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. യുഡിഎഫ് യജമാനന്മാര്‍ക്കുവേണ്ടി പൊലീസ് ഭൃത്യര്‍ ഇറ്റിച്ചുകൊടുക്കുന്ന നുണനുറുങ്ങുകളാണ് ഇന്നാട്ടിലെ കൊടികെട്ടിയ മാധ്യമങ്ങള്‍ സ്വന്തം കണ്ടെത്തലുകളായി വായനക്കാര്‍ക്കുമുന്നില്‍ വിളമ്പുന്നത്. തങ്ങള്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കില്ലെന്ന് കോടതിമുമ്പാകെ സത്യംചെയ്ത അതേ പൊലീസാണ്, മാധ്യമക്കാര്‍ക്ക് ഒളിവും മറയുമില്ലാതെ നിരന്തരം നുണകള്‍ എത്തിക്കുന്നത്. അതേ പൊലീസാണ് മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ലീഗ് എംഎല്‍എയെ താങ്ങി നടക്കുന്നത്. അവര്‍തന്നെയാണ്, കുപ്രസിദ്ധ ക്രിമിനല്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കേസുകളില്‍നിന്ന് ഒഴിവാക്കിയെടുക്കാന്‍ ദാസ്യവേല ചെയ്യുന്നത്.

ഒരുഭാഗത്ത് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു; തോക്കുകൊണ്ടും ഗ്രനേഡുകൊണ്ടും ആക്രമിക്കുന്നു; ജനകീയസമരങ്ങളെ അടിച്ചൊതുക്കുന്നു. മറുവശത്ത്, പട്ടാപ്പകല്‍ സ്കൂള്‍വിദ്യാര്‍ഥിനിയെ നഗരമധ്യത്തില്‍ തട്ടിക്കൊണ്ടുപോകുന്നതിനടക്കം അരങ്ങൊരുക്കി ക്രമസമാധാനത്തകര്‍ച്ചയിലേക്ക് നാടിനെ നയിക്കുന്നു. കവര്‍ച്ചക്കാരും കുറ്റവാളികളും പൊലീസ് നിഷ്ക്രിയത്വത്തിന്റെ മറവില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥികളെ ശത്രുസൈന്യത്തെപ്പോലെ നേരിട്ട പൊലീസിനും അതിന് പ്രേരിപ്പിച്ച യുഡിഎഫ് രാഷ്ട്രീയത്തിനും പിന്തുണ നല്‍കി നുണപ്രചാരണങ്ങളുടെ കുത്തൊഴുക്കു സൃഷ്ടിച്ച വലതുപക്ഷ മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പുഫലം. മലപ്പുറത്തുനിന്നുള്ള ഒരു എക്സിക്യൂട്ടീവ് സ്ഥാനമൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും എസ്എഫ്ഐയാണ് വിജയിച്ചത്. ജനങ്ങളില്‍ നിലനില്‍ക്കുന്ന പൊതുവികാരമാണ്, വിദ്യാര്‍ഥികളുടെ ഈ വിധിതീര്‍പ്പില്‍ തെളിഞ്ഞത്. യുഡിഎഫും പൊലീസും മാധ്യമങ്ങളും കൂട്ടത്തോടെ നിരന്തരം ആക്രമണമഴിച്ചുവിട്ടിട്ടും ഇടതുപക്ഷ- പുരോഗമന ശക്തികളുടെ പിന്തുണയില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് ഇതില്‍പ്പരം എന്ത് തെളിവുവേണം? മര്‍ദകവീരന്മാരായ പൊലീസുകാരെ ഇറക്കി സിപിഐ എം നേതാക്കളെ അടിച്ചും കേസില്‍ കുരുക്കിയും നശിപ്പിക്കാം എന്ന വ്യാമോഹം ഇന്നും വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ-മാധ്യമ വങ്കത്തത്തെ ഓര്‍ത്ത് സഹതപിക്കാനേ തോന്നുന്നുള്ളൂ. ഇതിനേക്കാള്‍ വലിയ മര്‍ദകവീരന്മാരെ അഭിമുഖീകരിച്ചും വേണ്ടരീതിയില്‍ നേരിട്ടുമുള്ള പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്ന് മറന്നുപോകുന്നവരെ ഓര്‍ത്ത് ഹാ! കഷ്ടമെന്നേ പ്രതികരിക്കാനാകൂ.

കൃഷ്ണപിള്ളയും എ കെ ജിയും കെ പി ആര്‍ ഗോപാലനും എ വി കുഞ്ഞമ്പുവും കേളുഎട്ടനുമൊക്കെ ജീവിച്ച നാടാണിത്. അവരൊന്നും ഒരു മര്‍ദനത്തിനുമുന്നിലും തളരുകയോ മര്‍ദകവീരന്മാരോട് സന്ധിയാവുകയോ ചെയ്തിട്ടില്ല. പൊലീസ് വേഷമിട്ട വളര്‍ത്തുമൃഗങ്ങളുടെ ഭീഷണിക്കു വഴങ്ങി തലകുമ്പിടുന്ന പാരമ്പര്യമല്ല ഏത് കൊടിയ പീഡനത്തിലും കമ്യൂണിസ്റ്റുകാര്‍ കാട്ടിയത്. സിപിഐ എം നിയമത്തെ നിഷേധിക്കുന്ന പാര്‍ടിയല്ല; നിയമലംഘനം കണ്ടുനില്‍ക്കുന്ന പാര്‍ടിയുമല്ല. കൊല്ലുമെന്നും തുറുങ്കിലടയ്ക്കുമെന്നും പേടിപ്പിച്ചോ നുണക്കഥകളില്‍ മുക്കിയോ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏതെങ്കിലും നേതാവിനെ നശിപ്പിച്ചുകളയാം എന്ന് ഏതെങ്കിലും പൊലീസുകാരന്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് പാര്‍ക്കാനുള്ള ഇടം വിഡ്ഢികളുടെ സ്വര്‍ഗംമാത്രമാണ്. അതുതന്നെയാണ് ആ പൊലീസ് കോടാലികളെ ഉപയോഗിക്കുന്ന ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍- മുല്ലപ്പള്ളി പ്രഭൃതികള്‍ക്ക് അനുയോജ്യമായ വാസസ്ഥലവും. നിയമം, അധികാരം എന്നെല്ലാമുള്ളത് തോന്നിയപോലെ എടുത്ത് ചുഴറ്റാനുള്ള ആയുധമല്ല എന്ന പ്രാഥമികബോധം മനസ്സിലുണ്ടാകുന്നത് എല്ലാവര്‍ക്കും നല്ലത്.

*
ദേശാഭിമാനി മുഖപ്രസംഗം 11 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയാണ് സിപിഐ എം. കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ക്കുപോലും അതില്‍ തര്‍ക്കമുണ്ടാകില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധ ഫെഡറേഷനുണ്ടാക്കി സകല സങ്കുചിതശക്തികളെയും കൂട്ടിയടുപ്പിച്ചിട്ടും സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാന്‍ കഴിയാത്തത് പാര്‍ടിയുടെ അചഞ്ചലമായ ജനപിന്തുണകൊണ്ടാണ്.